ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മിഥുനം രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും


മിഥുനം രാശിക്കാരും പ്രായോഗിക പരിഹാരങ്ങളും

രാശിചക്രത്തിലെ മൂന്നാം രാശിയും പുരുഷരാശിയുമായ മിഥുനത്തിന്റെ അധിപതിയായി ബുധനെയാണ് ആചാര്യന്മാര്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. ഗ്രീക്കുകാര്‍ ദൈവത്തിന്റെ ദൂതനായി സങ്കല്‍പ്പിച്ചാണ് ബുധനെ ആരാധിക്കുന്നത്. റോമാക്കാര്‍ അപ്പോളോ എന്ന നാമത്തില്‍ യാത്ര, വ്യവസായം, മോഷണം എന്നിവയുടെ ദേവതയായി ആരാധിക്കുന്നതും ബുധനെത്തന്നെയാണ്. ഭാരതീയ ജ്യോതിഷത്തില്‍ വിദ്യ, ബുദ്ധി, ചൈതന്യം, ബന്ധുക്കള്‍ , ഗണിതം, ശാസ്ത്രം, തൊഴില്‍ , ഭൂമി, മേധാശക്തി, പാണ്ഡിത്യം, വാക്ചാതുര്യം, അമ്മാവന്‍ , അനന്തിരവന്‍ എന്നിവയുടെ കാരകനായി ബുധനെ സങ്കല്‍പ്പിച്ചിരിക്കുന്നു. ബുധന്റെ രാശിയായ മിഥുനത്തിന്റെ രാശി സ്വരൂപം ഗദാധാരിയായ പുരുഷനും വീണാധാരിയായ സ്ത്രീയും കൂടി ദമ്പതിരൂപത്തില്‍ നില്‍ക്കുന്നതായാണ്.

പുരാണങ്ങളില്‍ രാശിനാഥനായ ബുധനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഗുരുപത്‌നിയായ താരാദേവിയില്‍ ശിഷ്യനായ ചന്ദ്രനുണ്ടായ അവിഹിത സന്തതിയാണ് ബുധന്‍ . അതിനാല്‍ ബുധന്‍ പൊതുവേ ഒറ്റപ്പെട്ടവനായി മാറി. അത് വൈരാഗ്യത്തിന് കാരണമായി. അതുകൊണ്ട് തന്നെ ബുധന്‍ വിദ്യ സ്വയം അഭ്യസിച്ചതായിട്ടാണ് വയ്പ്പ്. ബുധന്‍ ബുദ്ധിമാനായിത്തീര്‍ന്നു. ജ്യോതിഷത്തില്‍ ബുധനെക്കൊണ്ട് ബുദ്ധിയേയും വിദ്യയേയും ചിന്തിക്കുന്നുണ്ട്. മൂന്നാം രാശിയായ മിഥുനത്തിന് ധൈര്യം, വീര്യം, ദുര്‍ബുദ്ധി/സദ്ബുദ്ധി എന്നിവയാണ് പ്രധാനമായും വീതിച്ചു കൊടുത്തിട്ടുള്ളത്. ഇവയെല്ലാം വൈരാഗ്യമുള്ള ബുധന് യോജിച്ചവയാണ്. ഒരിടത്തും തല കുനിയ്ക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ പരമാവധി അറിവ് സ്വയം നേടുന്നതിന് ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍ . കൂടാതെ ലോകത്ത് ഓരോ മണിക്കൂറിലും നടക്കുന്ന സംഭവങ്ങളും ഇവര്‍ മനസ്സിലാക്കിയിരിക്കും. ആധുനികതയില്‍ അമിത വിശ്വാസവും കമ്പോളത്തില്‍ പുതുതായിറങ്ങുന്ന ഗാഡ്ജറ്റുകളെ സ്വന്തമാക്കുന്നതിനും വലിയ വിരുതാണ്.

 

മിഥുനം രാശിക്കാരുടെ സ്വഭാവവും അതിലെ പ്രായോഗിക പരിഹാരങ്ങളും.

രാശിക്കും രാശിനാഥനും ബലമുണ്ടെങ്കില്‍ ഈ രാശിക്കാര്‍ വിനയവും പാണ്ഡിത്യവും കൂടിയവരായിരിക്കും. ഇവരുടെ മേധാശക്തി , മറ്റുള്ളവരെ നയിക്കുവാനുള്ള കഴിവ് എന്നിവ എടുത്തു പറയേണ്ടതാണ്. മിഥുനം വായു രാശിയായതിനാല്‍ നര്‍മ്മരസത്തോടെ മറ്റുള്ളവര്‍ക്ക് ഇഷ്ഠപ്പെടുന്ന രീതിയില്‍ സംസാരിക്കാനുള്ള ഇവരുടെ കഴിവ് ഇവര്‍ക്ക് ആരാധകരെ നേടിക്കൊടുക്കും. ഇവര്‍ പറയുന്നതു കേട്ട് ചിരിക്കാന്‍ വേണ്ടിയോ, അല്ലെങ്കില്‍ ഇവരില്‍ നിന്നും അറിവ് കിട്ടുന്നതിനു വേണ്ടിയോ എപ്പോഴും ഇവരുടെ ചുറ്റിനും സ്‌നേഹിതരുടെയോ, ബന്ധുക്കളുടെയോ ആരാധകരുടെയോ വിദ്ധ്യര്‍ത്ഥികളുടെയോ ഒരു പട തന്നെയുണ്ടാകും. സംഗീതം, ലളിതകലകള്‍ , എന്നിവയില്‍ താല്‍പര്യമുള്ള ഇക്കൂട്ടര്‍ വലിയ പ്രാസംഗികരും സാഹിത്യകാരായും തിളങ്ങാറുണ്ട്. സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ബന്ധുക്കളെയും സ്നേഹിതരെയും സഹായിക്കുന്നതിലും ഇവര്‍ മുന്നിലാണ്. ഇഷ്ഠവാക്കുകളെ മാത്രം സംസാരിക്കുന്ന ഇവര്‍ നല്ല കേള്‍വിക്കാരും, ദൈവഭക്തരും, കുടുംബസനേഹികളുമാണ്. ജീവിതാവസാനം വരെ പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇവര്‍ പല മേഖലകളിലും പാണ്ഡിത്യം നേടും. ലാഭേശ്ച കൂടാതെ ഉപകാരസ്മരണ വച്ചു പുലര്‍ത്തുന്ന ഇവര്‍ക്ക് ഭാഗ്യവും കൂടും. ലൈഗീംക കാര്യങ്ങളിലും ഇവര്‍ മിടുക്കരാണ്. വേറൊരു പ്രത്യേകത ഇവരുടെ ദാനശീലമാണ്. വളരെ ചിന്തിച്ചു മാത്രം തീരുമാനങ്ങള്‍ എടുക്കുകയാല്‍ പരാജയം സംഭവിക്കാറില്ല. പുതിയ കാര്യങ്ങളെ മനസ്സിലാക്കാനുള്ള ജിജ്ഞാസയും ഓര്‍മ്മശക്തിയും പ്രായോഗിക ബുദ്ധിയും സ്വന്തമായ അഭിപ്രായങ്ങളും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കുവാനും ഇക്കൂട്ടര്‍ക്ക് കഴിവുണ്ട്.

ഇനി രാശിക്കും ബുധനും ബലമില്ലാത്ത അവസ്ഥയും പാപബന്ധവും വന്നാലോ കാര്യങ്ങള്‍ നേരേ 180 ഡിഗ്രി തിരിയും. ഇവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളോ സ്‌നേഹിതരോ നിങ്ങളുടെ നര്‍മ്മസംസാരത്തില്‍ താത്പര്യം കാണിക്കുകയും, അടുത്തു കൂടുകയും ചെയ്യും. എന്നിട്ട് നിങ്ങളെ പ്രശംസിച്ച് നിങ്ങളെക്കൊണ്ട് പറയിക്കുന്നതോ മറ്റുള്ളവരുടെ കുറ്റവും, അവസാനം നിങ്ങള്‍ അപവാദത്തില്‍പെടുകയും ശത്രുക്കളെ സൃഷ്ഠിക്കുകയും ചെയ്യും. അതുകൊണ്ട് അത്തരം കെണിയില്‍ വീഴാതിരിക്കുവാന്‍ ശ്രമിക്കണം. നിങ്ങളുടെ സംസാരരീതി അഥവാ തുറന്നടിച്ച സംസാരം ബന്ധു വിരോധത്തിലോ സ്നേഹിതരില്‍ നിന്നും അകലാനോ ആകാത്ത രീതിയില്‍ ആകണം. തമാശ പറഞ്ഞാലും പരിഹസിക്കയാണെന്നു തെറ്റിധരിക്കപ്പെടുകയും നിങ്ങള്‍ ഒറ്റപ്പെടുകയും ചെയ്യും. എതിര്‍ ലിംഗക്കാരുമായുള്ള ബന്ധം അതിരു വിടാതിരിക്കുവാന്‍ ശ്രമിക്കണം. അനുയോജ്യമായ ബന്ധങ്ങളേ ആകാവൂ. ലൈഗീംക കാര്യങ്ങള്‍ സമയവും കാലവും നോക്കി മാത്രമേ പാടുള്ളൂ. ആഹാര കാര്യത്തിലും മിതത്വം പാലിക്കണം. ആരോഗ്യത്തിന് അത് അത്യാവശ്യമാണല്ലോ. മനസ്സിന് ഉറപ്പുണ്ടാകണം. അതിന് പ്രാര്‍ത്ഥനയോ, യോഗയോ പരിശീലിക്കണം. മോഷണശ്രമങ്ങള്‍ക്ക് അറിയാതെ പോലും കൂട്ടു നില്‍ക്കരുത്. ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാല്‍ അത് നിശ്ചയദാര്‍ഡ്യത്തോടെ ചെയ്തു തീര്‍ക്കണം. പകുതി വച്ച് നിറുത്തരുത്. ലഹരി വസ്തുക്കള്‍ , ചൂതുകളി എന്നിവയില്‍പ്പെടാതെ നിന്നാലേ ജീവിതം വിജയിക്കയുള്ളൂ.

സ്ത്രീകള്‍ മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം കുടുംബ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം നാവ് കൊണ്ട് ശത്രുക്കളെ സൃഷ്ഠിക്കരുത്. പ്രധാന തീരുമാനങ്ങള്‍ എല്ലാ വശത്തേക്കുറിച്ചും ആലോചിച്ചശേഷം മാത്രം എടുക്കുക. പിന്നീട് മാറ്റാന്‍ ഇടയുണ്ടാവരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും ചെവി കൊടുക്കുക അല്ലാതെ അവയെ അവഗണിക്കരുത്. വലിയ കാര്യങ്ങളെപ്പറ്റി ചെറിയ കാര്യങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. സ്വാര്‍ത്ഥത പാടില്ല. തനിക്ക് ലാഭകരമല്ലാത്ത കാര്യമായതുകൊണ്ട് പൊതുവായ കാര്യങ്ങള്‍ക്ക് ഇറങ്ങാതിരിക്കരുത്. നിസ്സാരകാര്യങ്ങള്‍ക്ക് ക്ഷോഭിക്കരുത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തന്റെ നിയന്ത്രണത്തില്‍ വരണമെന്ന നിര്‍ബ്ബന്ധം പാടില്ല. ഒരു കാര്യത്തിനെപ്പറ്റി പരിമിത അറിവ് മാത്രം വച്ചു കൊണ്ട് ആരേയും ഉപദേശിക്കരുത്.

ഇവരുടെ തൊഴിലിനെക്കുറിച്ച് ആചാര്യന്മാര്‍ പറയുന്നത് രാശിയുടെ പ്രത്യേകത കണക്കിലെടുത്തിട്ടാണ്. മിഥുനത്തിന് പുരുഷരാശി, വായുരാശി, ആകാശരാശി, ഉഭയരാശി, ദൈവത്തിന്റെ ദൂതനായ ബുധന്റെ രാശി എന്നീ പ്രത്യേകതകളുണ്ട്. അതുകൊണ്ട് തൊഴില്‍ , ദൂത് അല്ലെങ്കില്‍ സന്ദേശം (കമ്മ്യൂണിക്കേഷന്‍സ്) സംസാരം, എഴുത്ത്, യാത്രകള്‍ , ആകാശം എന്നിവയുമായി ബന്ധപ്പെടണമെന്നാണ്. അതിനാല്‍ ഇവര്‍ക്ക് ചേര്‍ന്ന തൊഴില്‍ കമ്മ്യൂണിക്കേഷന്‍സ്, അദ്ധ്യാപനം, ടെലികമ്മ്യൂണിക്കേഷന്‍സ്, ഇന്‍ജിനീയറിങ്, കണക്കുമായി ബന്ധപ്പെട്ടവ, ആഡിറ്റര്‍ , സാഹിത്യകാരമ്മാര്‍ , പുസ്തക പ്രസാദകര്‍ , വക്കീലമ്മാര്‍ , സെയില്‍സ് റെപ്രസെന്‍േററ്റിവ്‌സ്, ഉപദേഷകര്‍ , പൈലറ്റുമാര്‍ , ജ്യോതിഷി തുടങ്ങിയവയാണ്. കൂടുതലായി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി, അദ്ധ്യാപനം എന്നീ രംഗത്ത് ശോഭിക്കുന്നതായി കണ്ടുവരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിനെക്കാലും ഇക്കൂട്ടര്‍ ഇഷ്ഠപ്പെടുന്നത് ബിസിനസ്സ് ആണ്. കൂടുതല്‍ പേരും ഒന്നില്‍ കൂടുതല്‍ രംഗങ്ങളില്‍ ശോഭിക്കാറുണ്ട്.

ഇനി മിഥുനം രാശിക്കാരുടെ രോഗങ്ങളെപ്പറ്റി ആചാര്യന്മാര്‍ എന്താണ് പറയുന്നത് എന്ന് നോക്കാം. രാശിചക്രത്തിലെ മൂന്നാം ഭാവംപ്രതിനിധാനം ചെയ്യുന്നത് കാലപുരുഷന്റെ ചെവികള്‍ ,കഴുത്ത്, തോള്‍ , കൈകള്‍ എന്നിവയാണ്. അതുകൊണ്ട് ഈ ഭാഗങ്ങളില്‍ അസുഖം വരാന്‍ സാധ്യതയുണ്ട്. കൂടാതെ ബുധനുമായി ബന്ധപ്പെട്ട രോഗങ്ങളായ ശ്വാസവലിവ്, ചുമ, ന്യൂമോണിയ, ശ്വാസനാളരോഗങ്ങള്‍ , ആസ്തമ, ക്ഷയം, കൈകള്‍ സ്തംഭിക്കുക, മോശമായ ചിന്തകള്‍ , നാഡീബലക്ഷയം, തൊലിപ്പുറത്തുള്ള രോഗങ്ങള്‍ , തടി കൂടുക, മാനസികവിഭ്രാന്തി, കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ എന്നീ രോഗങ്ങള്‍ ദശാകാലമാറ്റമനുസരിച്ച് വരാന്‍ സാധ്യതയുണ്ട്.

ഇവര്‍ക്ക് ബുധന്‍ , ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാപഹാര കാലങ്ങള്‍ പൊതുവേ ശോഭനമായിരിക്കും. മിഥുനം രാശിക്കാര്‍ ശുഭഫലപ്രാപ്തിക്കായി വിഷ്ണൂ , ശ്രീകൃഷ്ണന്‍ എന്നീ ദേവതകളെ ഭജിക്കുകയും, പച്ചപ്പട്ട്, ചെറുപയര്‍ , മരതകം, കര്‍പ്പൂരം, പിത്തള എന്നിവ ദാനം ചെയ്യുന്നതും നന്ന് . രത്‌നങ്ങളായ മരതകം, പെരിഡോട്ട്, ജേഡ്, വജ്രം, ഓപ്പല്‍ , എന്നിവ ധരിക്കുന്നതും നന്ന് .

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories