ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഹൃദ്രോഗം ജോതിഷത്തില്‍


ഹൃദ്രോഗം ജോതിഷത്തില്‍

" ജന്‍മാന്തരകൃതം കര്‍മ്മ വ്യാധിരൂപേണ ജായതേ "
ജന്‍മാന്തരത്തില്‍ ചെയ്ത പാപങ്ങള്‍ ഈ ജന്‍മത്തില്‍ രോഗരൂപത്തില്‍ ഫലപ്പെടുന്നു. അതായത് ജന്‍മാന്തരകൃത പാപകര്‍മ്മങ്ങള്‍ , ഈ ജന്‍മത്തില്‍ ജാതകന് ഏതു തരം രോഗം നല്‍കും എന്നതാണ് ഒരോ മനുഷ്യന്റേയും ജാതകത്തിലെ ( ഗ്രഹനിലയിലെ) ഗ്രഹസ്ഥിതി സൂചിപ്പിക്കുന്നത്.

വൈദ്യ ശാസ്ത്രം രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷയങ്ങളെ സമീപിക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമാണ് ജ്യോതിഷത്തിലെ രോഗകാരണ സമീപനം. ഭാരതം ആയുര്‍വേദ ശാസ്ത്രശാഖയിലൂടെ മാത്രം മുന്‍പോട്ട് പോയിരുന്ന ഒരു രാജ്യമാണ്. ഭാരതീയരുടെ സംസ്‌കാരമായിരുന്നു ആയുര്‍വേദം. ആയുര്‍വേദത്തിലും രോഗകാരണങ്ങള്‍ ," ഗ്രഹാവേശാത് , ഗ്രഹൈ:ജന്‍മര്‍ക്ഷ പീഡനാദ് " എന്നിങ്ങനെ, രോഗങ്ങളുടെ കാരണങ്ങളില്‍ ജ്യോതിഷ വിഷയം അവതരിപ്പിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഭാരതീയ ശാസ്ത്ര ശാഖകളായ ആയൂര്‍വേദം, ജ്യോതീഷം, പൂജ, വാസ്തു വേദങ്ങള്‍ എല്ലാം തന്നെ ഒന്നിനോടൊന്ന് ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് തര്‍ക്കമില്ല. ഇന്ന് ഹൃദ്രോഗം എന്ന് പറയുന്നത് സര്‍വ്വ സാധാരണമായിരിക്കുന്നു. ഏതെങ്കിലും തരത്തിലുളള, ഹൃദയരോഗങ്ങള്‍ ഭൂരിപക്ഷം ആളുകളിലും ഇന്നുണ്ട്. അതിനനുയോജിച്ച ഭക്ഷണ രീതികളാണ് നാം ഇന്ന് അറിഞ്ഞുകൊണ്ട് തന്നെ സ്വീകരിക്കുന്നതും. ആധുനിക വൈദ്യശാസ്ത്ര ചികിത്സാ മാര്‍ഗ്ഗങ്ങളിലൂടെ ധാരാളം പേര്‍ രക്ഷപ്പെടുന്നുണ്ടെങ്കിലും അതു പോലെ തന്നെ മരിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഗൗരവമായ ഒരു പ്രത്യേകത, രോഗം വരുമ്പോള്‍ മാത്രമാണ് രോഗി അതറിയുന്നത്. എന്നാല്‍ ജ്യോതിഷം അതിനുമുന്‍പേ രോഗവിവരം ഗ്രഹനിലയിലൂടെ സൂചിപ്പിക്കുന്നു എന്നുളളതാണ്. ഇങ്ങനെ മുന്‍കൂട്ടി അറിയുന്നത് എങ്ങനെ ചിന്തിച്ചാലും നല്ലതു തന്നെയല്ലെ.

ജ്യോതിഷത്തില്‍ , ഹൃദയരോഗ സാധ്യതയില്‍ ചിങ്ങം രാശിയും, സൂര്യനും, 4, 5 ഭാവങ്ങളും പ്രധാനമായ പങ്കുവഹിക്കുന്നു. സൂര്യനെ ഹൃദയകാരകനായാണ് ജ്യോതിഷത്തില്‍ കണക്കാക്കുന്നത്. സൂര്യന് പാപയോഗങ്ങളൊ 6,8,12 ഭാവങ്ങളുമായൊ, ബന്ധം വന്നാല്‍ , അതിനനുസരിച്ചുളള ദശാപഹാരങ്ങളില്‍ ഹൃദ്രോഗ ബാധ വരാം. മോശ ദശയും, ഗോചരാല്‍ ദോഷ സമയവും (7 1/2 ശനി, കണ്ടകശ്ശനി) ആണെങ്കില്‍ മരണ സാധ്യത കൂടുന്നു. ചിങ്ങം രാശിയ്ക്ക് പാപബന്ധം വന്നാലും, 6,8,12 ഭാവാധിപന്‍മാരുമായി ബന്ധം വന്നാലും ആ ദശാപഹാരങ്ങളില്‍ പ്രസ്തുത രോഗ സാധ്യത ഉണ്ടാകും. ജാതക ഭാവ ചിന്തയില്‍ 5 ആം ഭാവം ജാതകന്റെ ഹൃദയമായി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ, ആ ഭാവത്തിനും, ഭാവാധിപനും പാപ സംബന്ധമുണ്ടായാല്‍ ഹൃദ്രോഗം ഉണ്ടാകും.

4 ആം ഭാവത്തിനെ നെഞ്ചായി കണക്കാക്കുന്നു. ആ ഭാവത്തിന് പാപസംബന്ധമുണ്ടായാലും, പ്രത്യേകിച്ച്, കീറുക, മുറിക്കുക എന്നിവയുടെ കാരകത്വമുളള ചൊവ്വ, രാഹു എന്നിവരുമായി ബന്ധമുണ്ടായാല്‍ , നെഞ്ച് തുറന്ന് ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും. അഞ്ചാം ഭാവാധിപന്റെയോ, ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയോ, 4 ആം ഭാവാധിപന്റെയോ, 4 ആം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെയോ ദശാപഹാരങ്ങളില്‍ ഹൃദ്രോഗ സാധ്യത കൂടുതലാവും.

സൂചക ഗ്രഹയോഗങ്ങള്‍

  1. 4 ആം ഭാവാധിപതി 8 - ല്‍ നില്‍ക്കുക, അല്ലെങ്കില്‍ 8 ആം ഭാവാധിപതിയുമായി ചേരുക.
  2. പാപഗ്രഹം 4-ല്‍ നില്‍ക്കുക, അല്ലെങ്കില്‍ 4 ആം ഭാവാധിപതിയുമായി ചേരുക.
  3. ഗുരു, കുജന്‍, രവി - ഇവര്‍ 8 -ല്‍ നില്‍ക്കുക.
  4. 8 -ലും 4 -ലും പാപ ഗ്രഹങ്ങള്‍ നില്‍ക്കുക.
  5. ശനി - 4 ല്‍ നില്‍ക്കുക.
  6. കുംഭത്തില്‍ രവി നില്‍ക്കുക.
  7. 4 -ല്‍ നില്‍ക്കുന്ന രാഹുവിനെ നീചനായ ലഗ്നാധിപന്‍ വീക്ഷിക്കുക.
  8. സൂര്യന്‍ വൃശ്ചിക രാശിയില്‍ പാപഗ്രഹങ്ങളുമായി യോഗം ചെയ്യുക.
  9. 6 ആം ഭാവാധിപതിയായി സൂര്യന്‍ പാപയോഗത്തില്‍ നില്‍ക്കുക. ശുഭഗ്രഹങ്ങള്‍ 12 ,6 ല്‍ നില്‍ക്കുക.

 

ജ്യോതിഷം ചിന്താപ്രധാനവും, അനുഭവ പ്രധാനവും ആണ്. ശാസ്ത്രമെന്നതിനേക്കാള്‍ , ദര്‍ശനത്തോടാണ് കൂടതല്‍ അടുപ്പം. ഭാരതീയ ശാസ്ത്രങ്ങള്‍ എല്ലാം തന്നെ ദര്‍ശനാധിഷ്ഠിതമാണ്. ഭരണഘടനാപരമായി ഒരു ഭാരതീയനാകുക എന്നതിനൊപ്പം ഭാരതീയ ശാസ്ത്രങ്ങള്‍ക്ക് പ്രചാരം നല്‍കുക എന്നതും ഒരു ഭാരതീയന്റെ കടമയാകണം

രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com

The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories