



പൊരുത്തം
പൊരുത്തം എന്ന വാക്കിന്റെ അര്‍ഥം യോജിപ്പ് എന്നാണ്. അഥവാ ആനുകൂല്യം എന്നും പറയാം. പുരുഷനും സ്ത്രീയ്ക്കും പരസ്പരം യോജിക്കാന്‍ കഴിയുമോ എന്ന് ജാതകതിലൂടെ വീക്ഷിക്കുക എന്നര്‍ത്ഥം. ഭാവിയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമോ, അവര്‍ക്ക് പുത്ര ഭാഗ്യം ഉണ്ടാവുമോ എന്നൊക്കെ കണ്ടുപിടിക്കുന്നതാണ് പൊരുത്തം പരിശോധന. വിവാഹത്തില്‍ മാത്രം അല്ല , ജീവിത യാത്രയില്‍ ഏതെങ്കിലും രംഗത്ത് രണ്ടു പേര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നെങ്കില്‍ അവിടെല്ലാം പൊരുത്ത നിയമങ്ങള്‍ യോജിപ്പിക്കവുന്നതാണ്.
പ്രധാനമായും പത്തു പൊരുത്തങ്ങള്‍ ആണ് നോക്കാറുള്ളത്. വ്യത്യസ്തമായ രണ്ടു ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുമ്പോള്‍ മൂന്നാമതൊരു ഗുണമാണ് പ്രകടം ആവുന്നത്. ഭര്‍ത്താവിന്റെ സുഖ ദുഃഖങ്ങള്‍ ഭാര്യയുടെയും , അങ്ങനെതന്നെ തിരിച്ചും. പൊരുത്തം ഇല്ലാത്ത രണ്ടു ജാതകങ്ങള്‍ യോജിപ്പിക്കുന്നത് പാപം മാത്രമല്ല , രണ്ടു ജീവിതങ്ങള്‍ പാഴാക്കുക കൂടിയാണ്. ജീവിതത്തില്‍ നമുക്ക് പല ബന്ധങ്ങളും ഉണ്ടാവുമെങ്കിലും , അവയില്‍ ഏറ്റവും പ്രധാനം വിവാഹ ബന്ധം ആണ്. ദാമ്പത്യം എന്നത് ജീവന്‍റെ തുടര്‍ച്ചയെ നിലനിര്‍ത്താനായി പ്രകൃതി നല്‍കുന്ന പ്രേരണയുടെ പരിണിത ഫലം ആണ്. പലപ്പോഴും പൊരുത്തം നോക്കാതെ തന്നെ വിവാഹം നടക്കാറുണ്ട്. പക്ഷെ മുന്‍കൂട്ടി പൊരുത്തം നോക്കിയില്ല എന്നതൊഴിച്ചാല്‍ , പൊരുത്തം ഇല്ലാത്തവ പിരിയുകയും ഉള്ളവ യോജിച്ചു പോവുകയും ചെയ്യുന്നു.
പൊരുത്തം നോക്കിയിട്ടും പിരിയുന്നു എങ്കില്‍ അത് പൊരുത്തം നോക്കിയത്തിലെ കുഴപ്പമോ, പൊരുത്തം നോക്കാന്‍ കൊണ്ട് വന്ന ജാതകങ്ങളുടെ പിഴവോ ആയിരിക്കും. പൊരുത്തം നോക്കണ്ട എന്ന് പറയുന്നവര്‍ ഒരു കാര്യം മനസ്സിലാക്കണം. എത്ര പരിചയമാണ് എന്ന് പറഞ്ഞാലും, മനുഷ്യന്‍ തുറന്നു പറയാത്ത പലകാര്യങ്ങളും ഉണ്ട്. രഹസ്യരോഗങ്ങള്‍ , പാരമ്പര്യ രോഗങ്ങള്‍ , നപുംസകത്വം , രഹസ്യബന്ധങ്ങള്‍, ലഹരിപ്രിയം എന്നിവ അവയ്ക്ക് ഉദാഹരണങ്ങളാണ്. എന്നാല്‍ ജാതകതിലൂടെ ഒരാളുടെ മുന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരുത്തമനായ ജ്യോതിഷന് മനസ്സിലാക്കാവുന്നതാണ്. ഇന്ന് പലപ്പോഴും പൊരുത്തം നോക്കുന്നത് ശരിയാകാതെ വരുന്നുണ്ട്. കാരണം ഇപ്പോള്‍ പൊരുത്തം നോക്കുന്നത് വെറും നക്ഷത്ര പൊരുത്തവും , പാപസാമ്യ ചിന്തയും ആയി ചുരുങ്ങി എന്നതാണ്. ഏക നക്ഷത്ര വിഷയം തന്നെ എടുത്താല്‍ പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം ഇവ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ല. കാരണം ആയുര്‍ ദോഷമോ, വിരഹമോ ആവും ഫലം. ഏറ്റവും കുറഞ്ഞത് രാശി പൊരുത്തം, രാശി അധിപ പൊരുത്തം, രജ്ജു പൊരുത്തം എങ്കിലും വേണം. എല്ലാ പൊരുത്തവും ഉണ്ടെങ്കിലും രജ്ജു പൊരുത്തം ഇല്ലെങ്കില്‍ ചേര്‍ക്കാതിരിക്കുന്നതാണ് ഉത്തമം .
ഒരിക്കലും നിസ്സാരമായി കാണേണ്ടുന്ന കാര്യമല്ല പൊരുത്തം. പലര്‍ക്കും പലതും പറയാം. പക്ഷെ ജീവിതം നമ്മുടെതാണ്. ഒരിക്കല്‍ കയ് വിട്ടാല്‍ പിന്നെയത് തിരിച്ചു പിടിക്കുക ബുദ്ധിമുട്ടായിരിക്കും. പൊരുത്ത കാര്യങ്ങളെ പറ്റി ഒരുപാട് അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, ആചാര്യന്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണം. ശേഷം ഇവര്‍ തമ്മില്‍ ചേരുമോ എന്ന് ഒന്ന് കവിടി വെച്ചുകൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും എന്നാണ് ജ്യോതിഷ മതം. ആരും ആരും പൂര്‍ണ്ണരല്ല. ആരെക്കാളും ചെറുതും അല്ല. 'വിനയാന്വതമേവ മാന്യം' എന്നാണ് പ്രമാണം. ജ്യോതിഷന്റെ അറിവുകേട്, മറ്റൊരാളുടെ ജീവിതത്തെ മുറിവേല്‍പ്പിക്കുന്നത് ആവരുത് . അതിന്റെ ശിക്ഷ ജ്യോതിഷനും, അതിലേറെ ദുഷിക്കപെടുന്നത് ജ്യോതിഷം എന്ന മഹാ ശാസ്ത്രവും ആവും. ചൊവ്വാ ദോഷ വിഷയങ്ങളില്‍ ഭാവം കൂടി നോക്കണം. കാരണം ഏഴിലെ ചൊവ്വ ഭാവത്തില്‍ ആറില്‍ ആണെങ്കില്‍ ദോഷം ഇല്ലല്ലോ. അഥവാ എട്ടില്‍ ആണെങ്കില്‍ ദോഷം കൂടുതലും ആണല്ലോ.
ഇതു കലികാലം ആണ്. ആ കാല ദോഷത്തില്‍ ജ്യോതിഷന്റെ കണ്ണ് മറയപ്പെടാതെ ഇരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിച്ചുകൊണ്ട്.
രുദ്ര ശങ്കരന്‍
തിരുവന്തപുരം
ഫോണ്‍ : 9037820918, 9496779732
Email:rudrashankaran@gmail.com