ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അദ്ധ്യായം 8 : ഗ്രഹ നില


അദ്ധ്യായം 8 : ഗ്രഹ നില

ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഇരുപുറവും വ്യാപിച്ചുകിടക്കുന്ന സാങ്കല്പിക പാതയാണ് രാശിചക്രം. ഈ പാതയില്‍ കൂടി സുര്യചന്ദ്രന്‍മ്മാരും പഞ്ചതാരഗ്രഹങ്ങളും, രാഹുകേതുക്കളും, ഗുളികനും, ലഗ്നവും സഞ്ചരിക്കുന്നു. ഒരു കുട്ടിയുടെ ജനനസമയത്ത്, അഥവാ ഒരു സംഭവം നടക്കുമ്പോള്‍ ഓരോ ഗ്രഹങ്ങളും ഏതേത് രാശികളില്‍ എത്രയെത്ര ഡിഗ്രികളില്‍ നില്‍ക്കുന്നു എന്ന് കാണിക്കുന്നതാണ് ഗ്രഹനില.

സൂര്യനല്ല ഭൂമിയാണ് സഞ്ചരിക്കുന്നത് എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നതായിട്ടാണ് ജ്യോതിഷത്തില്‍ രേഖപ്പേടുത്തുന്നത്. അതുപോലെ ചന്ദ്രന്‍ ഭൂമിയെ ചുറ്റിയാണ് സഞ്ചരിക്കുന്നത് എങ്കിലും ചന്ദ്രനും മറ്റ് ഗ്രഹങ്ങളോടൊപ്പം തന്നെ രാശിചക്രത്തില്‍ സഞ്ചരിക്കുന്നതായി രേഖപ്പെടുത്തുന്നു. രാശിചക്രത്തിന്റേതായ രൂപം പ്രാദേശികമായി വ്യത്യാസം ഉണ്ട് എങ്കിലും പൊതുവെ ചതുരത്തിലുളള രാശിചക്രമാണ് ഉപയോഗിക്കുന്നത്.

എന്താണ് ലഗ്നം

ഒരാളുടെ ജനിച്ച സമയത്തുളള സൂര്യനഭിമുഖമായ രാശിയാണ് ലഗ്നം അഥവാ ' ല ' എന്ന് രാശിചക്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇതിനെ ഇംഗ്ലീഷില്‍ Ascendent പറയുന്നു. ഇതില്‍ നിന്നും ജാതകഗണനത്തിന് സമയത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാം. ഏത് മാസത്തിലാണോ ജനനം, ആ രാശിയെ ഉദയരാശി എന്ന് പറയുന്നു. മേടമാസത്തില്‍ ജനനം എങ്കില്‍ ഉദയരാശിയായ മേടത്തില്‍ ' ര ' (Sun) എന്ന് രേഖപ്പെടുത്തുന്നു. ജനിച്ച സമയം എത്രയാണോ അതിനനുസരിച്ചുളള രാശിയില്‍ ' ല ' (Lagnam) എന്ന് അടയാളപ്പെടുത്തുന്നു. ഒരു രാശിക്ക് എതാണ്ട് 2 മണിക്കൂര്‍ അഥവാ 5 നാഴിക ദൈര്‍ഘ്യം ഉണ്ടായിരിക്കും. (ഇത് സ്ഥല വ്യത്യാസം അനുസരിച്ച്കൂടിയും കുറഞ്ഞുമിരിക്കുന്നു ). മേടം ഒന്നാം തീയതിക്കായിരിക്കും മേടം രാശി പൂര്‍ണ്ണമായും ഉദയം മുതലുണ്ടാവുക. മേട മാസത്തില്‍ ഓരോ ദിവസം കഴിയുന്തോറും ഉദയരാശിയിലെ മേടത്തിന്റെ സമയവും കുറഞ്ഞു കുറഞ്ഞു വരുന്നു. അങ്ങിനെ മേട മാസത്തിലെ ഒടുവിലത്തെ ദിവസം ആയാല്‍ , മേടത്തില്‍ അന്ന് കുറച്ച് വിനാഴികയെ (മിനിറ്റുകള്‍ ) ബാക്കിയുണ്ടാവുകയുളളു. ഒരു ജാതകത്തില്‍ ലഗ്നത്തിന് വളരെ പ്രാധാന്യം ഉണ്ട്. അത് മുതലാണ് ഭാവങ്ങള്‍ കണക്കാക്കുന്നത്. ജനിച്ച സമയവും, സ്ഥലവും തെറ്റിയാല്‍ ലഗ്നം തെറ്റുന്നു. ആയതിനാല്‍ ലഗ്നം കണക്കാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ലഗ്നം കണ്ടുപിടിക്കുന്നതിന് പലതരത്തിലുളള രീതികള്‍ അവലംബിക്കുന്നുണ്ടെങ്കിലും പ്രധാനമായി മൂന്ന് രീതിയില്‍ ലഗ്നം നിര്‍ണ്ണയിക്കാവുന്നതാണ്.

1. സാധാരണ ജ്യോത്സ്യന്മാര്‍ ചെയ്യുന്നതുപോലെ ഉദയാസ്തമയങ്ങളും, ഉദയാല്‍പരവും, അസ്തമയാല്‍പരവും, ഓരോ ദേശത്തുളള രാശിമാനവും അനുസരിച്ച് ലഗ്നം നിര്‍ണ്ണയിക്കുന്ന രീതി.

2. കുട്ടി ജനിക്കുന്ന സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കണക്കിലെടുത്ത് Table of Ascendents ഉപയോഗിച്ച് കുറച്ചുകൂടി സൂക്ഷമമായി ലഗ്നം കാണുന്ന രീതി.

3. ഗണിത ശാസ്ത്രത്തിലെ Trigonometric Formula യും അക്ഷാംശരേഖാംശങ്ങളും ഉപയോഗിച്ച് ഏറ്റവും സൂക്ഷ്മമായി ലഗ്നം കാണുന്ന രീതി.

ജനിച്ച നക്ഷത്രം ഏത് കൂറിലാണ് എന്ന് നോക്കി ആ കൂറില്‍ (രാശിയില്‍ ) 'ച' എന്ന് രേഖപ്പെടുത്തുന്നു. തുടര്‍ന്ന് മറ്റ് ( കുജന്‍ , ബുധന്‍ , ഗുരു, ശുക്രന്‍ , ശനി, രാഹുവും കേതുവും ) ഗ്രഹങ്ങളെയും എഴുതാം.

പഞ്ചാംഗത്തില്‍ ഓരോ ദിവസത്തെയും ഗ്രഹസ്പുടങ്ങള്‍ കൊടുത്തിട്ടുണ്ട്. അതായത് സ്ഥലങ്ങളില്‍ രാവിലെ 5.30 അങ്ങനെയുളള ഗ്രഹസ്പുടങ്ങളാണ് കൊടുത്തിട്ടുളളത്. അതില്‍ നിന്നു ജനിച്ച സമയത്തേക്കുളള സൂക്ഷ്മായ ഗ്രഹസ്പുടങ്ങള്‍ കണ്ടു പിടിച്ച് എഴുതുന്നു. കൂടാതെ ഓരോ ദിവസത്തെയും പകലും, രാത്രിയും ഉളള ഗുളികോദയരാശിയെയും പഞ്ചാംഗത്തില്‍ കൊടുത്തിട്ടുണ്ട്. അതിനനുസരിച്ച ഗുളികന്‍ നില്‍ക്കുന്ന രാശിയേയും അടയാളപ്പെടുത്തുന്നു. പഞ്ചാംഗം നോക്കി അന്നത്തെ തിഥി, കരണം, നിത്യയോഗം, സൂര്യാസ്തമനം മുതലായവയും രേഖപ്പെടുത്താവുന്നതാണ്.

ഉദാഹരണമായി 2003 May 1 ന് കാലത്ത് 8 മണിക്ക് എറണാകുളത്ത് ജനിച്ച കുട്ടിയുടെ രാശീചക്രം കാണിച്ചിരിക്കുന്നു.



തിഥി - അമാവാസി കൃഷ്ണപക്ഷം

കരണം - പാമ്പ്

നിത്യയോഗം - ആയുഷ്മാന്‍

ഉദയം - 6.08 A.M.

അസ്തമയം - 6.30 P.M.

ശിഷ്ടദശ - കേതു 0 വര്‍ഷം 8 മാസം 9 ദിവസം

ഗ്രഹകാരകത്വം

ഓരോ ഗ്രഹങ്ങള്‍ക്കും അതിന്റേതായ കാരകത്വം ഉണ്ട്. അതായത് ഓരോ ഗ്രഹത്തിനും ഓരോ കര്‍ത്തവ്യങ്ങള്‍ ഉണ്ട്.

ഒരാളുടെ പിതാവിനെ ബാധിക്കുന്ന കാരകന്‍ രവിയാണ്. മാതാവിനെ ബാധിക്കുന്ന കാരകന്‍ ചന്ദ്രന്‍ . ആദിത്യന്‍ ജീവനും, ചന്ദ്രന്‍ ശരീരവുമാകുന്നു. ഓരോ ഗ്രഹത്തേക്കൊണ്ടും ചിന്തിക്കേണ്ടുന്ന കാരകത്വം ഇപ്രകാരമാണ്.

1. സൂര്യന്‍

പിതൃകാരകന്‍ , പ്രാണകാരകന്‍ , ആത്മകാരകന്‍ , ആയുസ്സ്, ആത്മസുഖം, പ്രതാപം, ഉദ്യോഗസമ്പത്ത്, ധൈര്യം, അധികാരം, പകല്‍ , അച്ഛന്‍ , അച്ഛന്‍ വഴിയുളള മുന്‍ തലമുറ. വൈദ്യന്‍ - Medical Line, കീര്‍ത്തി, സ്വര്‍ണ്ണം, ശിവഭക്തി, രാജധാനി, കിഴക്ക് ദിക്ക്, ഉഷ്ണരോഗങ്ങള്‍ , അസ്ഥി, വിറക്, ആന, അഗ്നി, ജ്യോതിഷം, സര്‍ക്കാര്‍ (Government), ഗായത്രിമന്ത്രം, തലസ്ഥാനം, മഹര്‍ഷിമാര്‍ , ജഡ്ജി, കലക്ടര്‍ , തത്വശാസ്ത്രം, മാന്ത്രിക കര്‍മ്മങ്ങള്‍ , രുദ്രാക്ഷം, ഉന്നതി, ചെമ്പ്, ദേവസ്ഥാനം തുടങ്ങിയവ.

2. ചന്ദ്രന്‍

മാതൃകാരകന്‍ , ദേഹകാരകന്‍ , മനഃകാരകന്‍ , മാതാവ്, മനസ്സ്, ദേഹസുഖം, ഉദ്യോഗം, കീര്‍ത്തി, ശാന്തത, രാത്രി, കൃഷി, വടക്ക് പടിഞ്ഞാറ് ദിക്ക്, സുഖഭോജനം, ദേഹസൗന്ദര്യം, ജലദോഷം, വെചാമരം, കുട, വിശറി, പാല്‍ , ജലം, പുഷ്പങ്ങള്‍ , കായ്കനികള്‍ , സ്ത്രീ സംബന്ധമായ എല്ലാം, മൃദുത്വം, മാംസളമായ എല്ലാ വസ്തുക്കളും, ആഭരണങ്ങള്‍ , പനിനീര്, സ്തുതി, ചന്ദനം, മധുരപലഹാരങ്ങള്‍ , മധുരമുളള മദ്യം,സ്ത്രി, സുഗന്ധദ്രവ്യങ്ങള്‍ , കരിമ്പ്, പഞ്ചസാര, പുളി, കര്‍ണ്ണാഭരണങ്ങള്‍ , വീണ, കുങ്കുമം, വാല്‍സല്യം.

3. കുജന്‍

സഹോദരകാരകന്‍ , നിര്‍വ്വികാരത, ഓജസ്സ്, ഭൂമി, പട്ടാളം, പോലീസ്, ധൈര്യം, ആപത്ത്,ക്രൂരത, യുദ്ധം, കൊലപാതകം, മംഗല്യം, കളളന്‍ , ശത്രു, പരാക്രമം, വിനയം (വഞ്ചിക്കുന്നതിനുവേണ്ടി അതിവിനയം അഭിനയിക്കുന്നത്), കുപ്രസിദ്ധി, ആയുധം (Rocket, Nuclear weapons etc.).

4. ബുധന്‍

വിദ്യാകാരകന്‍ , വാക്ചാതുര്യം, കണക്ക്, ശാസ്ത്രവിദ്യ, ഉന്നതവിദ്യാഭ്യാസം, അമ്മാവന്‍ , അനന്തിരവന്‍ , വിഷ്ണുഭക്തി, ബന്ധുക്കള്‍ , ഫലിതം, കവിത, ഗുരുശിഷ്യബന്ധം, വാര്‍ത്താ വിനിമയം, യുവരാജാവ്, ഉപവാസം, ദൂതന്‍ , ജാലവിദ്യ, അവതാര മൂര്‍ത്തികള്‍ , കൈക്കൂലി, മധ്യസ്ഥത, വേദാന്തം, ത്വക്ക്.

5. വ്യാഴം

എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും സ്വാത്തികമായ ഗ്രഹം. സന്താനകാരകന്‍ , ധനകാരകന്‍ , സ്വര്‍ണ്ണം, ധനസമ്പാദനം, ബുദ്ധിചൈതന്യം, ദൈവഭക്തി, ഭാര്യാസുഖം, ഭര്‍തൃസുഖം, വിദ്വത്വം, വടക്ക് കിഴക്കേ ദിക്ക്, ഉന്നത വിദ്യാഭ്യാസം, ഭാഗ്യം, മനഃശാസ്ത്രം, സന്യാസം,ഭണ്ഡാരം, മന്ത്രങ്ങള്‍ , ദയ, പൂജാരി, ആചാര്യന്‍ , വാക് വൈഭവം, ആചാരം, ഗുരുസ്ഥാനം മുതലായവ. വ്യാഴത്തിന് മറ്റുളള ഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിനുളള കഴിവുണ്ട്. വ്യാഴയോഗം, ദൃഷ്ടി മുതലായവ ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. വ്യാഴം സ്വാധീനിക്കുന്ന ആള്‍ ഭക്തിയുളള ആളായിരിക്കും. വ്യാഴം ഗൃഹത്തിലെ ഐശ്വര്യത്തെ സ്വാധീനിക്കുന്നു. ജീവനോപായം - ജോലി, വ്യാഴം കര്‍മ്മകാരന്മാരില്‍ ഒരാളാണ്. കര്‍മ്മയോഗം - പിതാവിന് കര്‍മ്മം ചെയ്യാനുളള യോഗം.

6. ശുക്രന്‍

ലൗകീകമായ കലകളുടെ കാരകനാണ് ശുക്രന്‍ . (സരസ്വതി) കലാകാരന്‍ , ഗൃഹകാരന്‍ (Architect, Designer), കലാപരമായ കാര്യങ്ങള്‍ ആസ്വദിക്കുന്നതിനുളള കഴിവ്ശുക്രന്റെ സ്വാധീനം കൊണ്ട് ഉണ്ടാകുന്നതാണ്. കളത്രകാരകന്‍ , ഭര്‍തൃകാരകന്‍ , ഭാര്യ,ഭര്‍ത്താവ്, വിവാഹം, സൗകുമാര്യം, സമ്പത്ത്, വസ്ത്രം, ആഭരണം, നിധി, വാഹനം,ഐശ്വര്യം, സംഗീതം, നാട്യം, കവിത്വം, ബഹുസ്ത്രീസംഗമം, ഉത്സാഹം, സംഭാഷണചാതുര്യം, അലങ്കാരങ്ങള്‍ , കാമുകീകാമുകന്മാര്‍ , ലൈംഗീകശാസ്ത്രം, കിടക്കമുറി, സിനിമ, വേശ്യ, ഭക്ഷണം, മദ്യം, ശുക്രന്റെ സ്വാധീനം മൂലമുളളവ നശ്വരങ്ങളാണ്.

7. ശനി

ആയുര്‍കാരകന്‍ , മരണകാരകന്‍ , മരണം, രോഗം, ദാസ്യഭാവം, അന്യഭാഷ, വിദ്യാഭ്യാസം,അപമാനം, ദാരിദ്ര്യം, വൃത്തിയില്ലായ്മ, ആപത്ത്, ഇരുമ്പുമായി ബന്ധപ്പെട്ട തൊഴില്‍ , കാരാഗൃഹം, ബന്ധനം, അലസത, നാശം, കറുപ്പ് നിറം, ശാസ്താവ്, വാതം, ശ്മശാനം,വൃദ്ധ, കൃഷി, ലജ്ജയില്ലായ്മ, അനാചാരങ്ങള്‍ , വിദേശബന്ധങ്ങള്‍ . ശനി നല്ലസ്ഥാനത്ത് നില്‍ക്കുകയാണെങ്കില്‍ അറിയപ്പെടുന്ന തത്വചിന്തകന്‍ / സന്യാസി ആകും.

8. രാഹു

രാഹുകേതുക്കള്‍ Anti clock wise ആയി സഞ്ചരിക്കുന്നു. പാപഗ്രഹങ്ങളാകുന്നു. സര്‍പ്പം-പാമ്പ് വര്‍ഗ്ഗങ്ങള്‍ എല്ലാം. പിതാമഹന്‍ (അച്ഛന്റെ അച്ഛന്‍ ), ചൊറി, ചിരങ്ങ, കുഷ്ഠം (Skin disease), രക്തദുഷ്യം, രക്തത്തില്‍ വിഷം, കപടം (കാപട്യം - വഞ്ചന നടത്തുക), അംഗ വൈകല്യം, വിഷം (ആത്മഹത്യാകാരകനാണ് രാഹു), സര്‍പ്പക്കാവ്, ത്വക്ക് രോഗങ്ങള്‍ എല്ലാം (ശരീര ശുദ്ധീകരണം നിയന്ത്രിക്കുന്നത് രാഹുവാണ്. ചാരവശാല്‍ രാഹു 2 ല്‍ നിന്നാല്‍ ശരീരശുദ്ധി നടക്കുകയില്ല)

9. കേതു

കേതുവിന്റെ സ്വാധീനം ഉളളയാള്‍ , രാഹുവിന്റെ സ്വാധീനമുളളയാളെക്കാള്‍ ഭയങ്കരനായിരിക്കും. എന്തിനും മടിക്കാത്ത് ആളായിരിക്കും. മോക്ഷം, ദുഃഖം, വടക്കുപടിഞ്ഞാറ് ദിക്ക്, വായു സമ്പര്‍ക്കമായ രോഗം, മന്ത്രവാദം, പ്രേതങ്ങള്‍ , നീചമായ വാസസ്ഥലം, ശൂന്യഭവനം, മറ്റെല്ലാ വൃത്തികെട്ടവയും.

 

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

പി.ഗംഗാധരന്‍ നമ്പ്യാര്‍ 20 വര്‍ഷമായ് ജ്യോതിഷം, രത്ന നിര്‍‍ദേശം, തുടങ്ങിയ ഭാരതീയ ജ്യോതിഷ ശാഖകളില്‍‍ ഉപദേശങ്ങള്‍ നല്‍കി വരുന്നു. അദ്ദേഹം ജ്യോതിഷ സോഫ്റ്റ്‌വെയര്‍കളുടെ നിര്‍മ്മാതാക്കള്‍ ആയ ആസ്ട്രോ വിഷന്റെ ചീഫ് കണ്‍സള്‍ടന്‍റ് പദവി വഹിക്കുന്നു. ആസ്ട്രോ വിഷന്‍റെ കലൂര്‍ (എറണാകുളം) ഓഫീസില്‍ ജ്യോതിഷ ക്ലാസ്സുകളും, അസ്ട്രോലോജി കണ്‍സല്‍ട്ടന്‍സിയും നടത്തി വരുന്നു.

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

പുതിയ ജ്യോതിഷ പഠന ക്ലാസ്സുകള്‍ ആസ്ട്രോവിഷന്‍ , കലൂര്‍ (എറണാകുളം) ഓഫീസില്‍ ആരംഭിക്കുന്നു. കോഴ്സ് ഡയറക്ടര്‍ - പി. ജി. നമ്പ്യാര്‍ .
Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories