ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം ------പാര്‍ട്ട്‌ 1


മഹാഭാരതം --- ആമുഖം

രാമായണവും മഹാഭാരതവും ഭാരതീയ ഇതിഹാസങ്ങളായി അറിയപ്പെടുന്നു. എന്നാല്‍ മഹാഭാരതം പാത്ര ബാഹുല്യവും , ആശയസംഘടനവും കൊണ്ട് ഏറെ അര്‍ത്ഥ സംപുഷ്ടമാണ്. കലിയുഗ മനുഷ്യരുടെ വ്യക്തി ജീവിതവുമായി ഏറെ കെട്ടു പിണഞ്ഞു കിടക്കുന്ന ഭാരതത്തിലെ ഗുണാംശങ്ങള്‍ ഉല്‍ക്കൃഷ്ട ഫല ദായകമാണ്. സ്വതന്ത്രരെന്നു അഭിമാനിക്കുന്ന നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ കടിഞ്ഞാണ്‍ ആ ശക്തി സ്വരുപനിലാണ്. ആ ശക്തിയ്ക്ക് മുന്നില്‍ അഞ്ജലി ബാഷ്പത്തോടെ ഒരു സമര്‍പ്പണം.

മഹാഭാരതം ------പാര്‍ട്ട്‌ 1

തിരുത്തലുകളില്ലാത്ത ബാല്യം --- വംശ നാശത്തിന്‍റെ നാമ്പ്

വിചിത്ര വീര്യ പുത്രനായ പാണ്ഡു യുദ്ധ തന്ത്രജ്ഞനായ ഒരു യുവ രാജാവായിരുന്നു. പല കാരണങ്ങളാല്‍ ക്ഷീണാവസ്ഥയിലായിരുന്ന രാജ്യത്തെ അദ്ദേഹം തന്‍റെ യുദ്ധ കുശലതയിലുടെ പ്രബലപ്പെടുത്തി. രാജാവിന്‍റെ പത്നിമാരായിരുന്നു കുന്തിയും, മാദ്രിയും, രാജ്യം സമ്പന്നമായതോടെ, അദ്ദേഹം തന്‍റെ പത്നിമാരുമായി ഹിമാലയ സാനു ആയ്‌ ശത ശൃംഗത്തില്‍ വിശ്രമത്തിനെത്തി. രാജ്യ ഭരണത്തില്‍ നിന്ന് വിട്ടുള്ള ആ വിശ്രമ ജീവിതം യുവരാജാവ് ഏറെ ആസ്വദിച്ചു . ഒരിക്കല്‍ നായാട്ടിനിടയില്‍ തന്‍റെ അസ്ത്രത്താല്‍ വീഴ്ത്തപ്പെട്ട കൃഷ്ണ മൃഗം , പരസ്പരം ഇണ ചേര്‍ന്നിരുന്ന കാമാര്‍ത്തരായ മുനി ദമ്പതിമാരില്‍ ഒന്നായിരുന്നെന്ന് അറിഞ്ഞ നിമിഷം രാജാവ്‌ അസ്തപ്രജ്ഞനായി.. മുനി ശാപം അടുത്ത നിമിഷം അദ്ദേഹത്തിന് മേല്‍ പതിച്ചു. "കാമാര്‍ത്തിയോടെ നീ ഏതൊരു സ്ത്രീയെ സ്പര്‍ശിക്കുന്നവോ , ആ നിമിഷം ഞങ്ങളെപ്പോലെ നിനക്കും മരണം ഭവിയ്ക്കും, "

വിധി ബലം അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തിയെങ്കിലും മന കരുത്ത് അപാരമായിരുന്നു. സര്‍വ്വ സംഗ പരിത്യാഗത്തിലുടെ ശാപ മോക്ഷം നേടാന്‍ അദ്ദേഹം മനസ്സിനെ ബലപ്പെടുത്തി. പക്ഷെ, ഏറെ നാള്‍ തപസ്സനുഷ്ടിയ്ക്കാന്‍ അദ്ദേഹത്തിനായില്ല . തനിയ്ക്ക് കുട്ടികളുണ്ടായിക്കാണാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഏതെങ്കിലും ശ്രേഷ്ഠരായ മുനിമാരില്‍ നിന്ന് തന്‍റെ പത്നിമാര്‍ ഗര്‍ഭം ധരിയ്ക്കുന്നതില്‍ തെറ്റില്ലന്ന നീതി ബോധം അദ്ദേഹത്തെ ഉന്മേഷ ഭരിതനാക്കി. പക്ഷെ, കുന്തിയ്ക്ക് അതിനോട് യോജിയ്ക്കാനായില്ല. നിരാശനായ ഭര്‍ത്താവിനോട് , തനിയ്ക്ക് ചെറുപ്പത്തില്‍ ദുര്‍വ്വാസാവില്‍ നിന്ന് ലഭ്യമായ വരത്തെപ്പറ്റി കുന്തി പറഞ്ഞു. പാണ്ഡു ഉത്സാഹ ഭരിതനായി. വരലബ്ധിയുടെ പരീക്ഷണത്തിന് അദ്ദേഹം കുന്തിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ധര്‍മ്മ ദേവനില്‍ നിന്ന് കുന്തി വര ബലത്തില്‍ ഗര്‍ഭിണിയായി. സംയോഗത്തിനു ശേഷം പിരിയുമ്പോള്‍ ധര്‍മ്മ ദേവന്‍ കുന്തിയോട് പറഞ്ഞു ' നീ ഒന്നു കൊണ്ടും വിഷമിയ്ക്കരുത്. ഏറെ അപകടങ്ങള്‍ ഞാന്‍ മുന്‍കൂട്ടിക്കാണുന്നു.'

കുന്തി തളര്‍ന്നു :- ഇനിയും അപകടമോ ? ദേവാ ! അങ്ങെന്താണ് വിവക്ഷിക്കുന്നുത് ? "

' ഏതാപത്തിലും നിനയ്ക്ക് സഹായമായി എന്‍റെ തന്നെ പുനരവതാരമായ വിദുരര്‍ നിനയ്ക്ക് തുണയായുണ്ടാകും . അദ്ദേഹം നിന്‍റെ പുത്രന് അച്ഛനെക്കാള്‍ ശ്രേഷ്ഠനായ ചെറിയച്ഛനായിരിയ്ക്കും! ."

യുധിഷ്ഠിരന്‍റെ ജനനത്തോടെ, തന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഉത്തമനായ ഒരു പുത്രനെ ലഭിച്ചതില്‍ പാണ്ഡു സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. വീണ്ടും തനിയ്ക്ക് കരുത്തനായ ഒരു പുത്രന്‍ കൂടി വേണമെന്ന ആഗ്രഹം പ്രബലപ്പെട്ടു. കുന്തി വായു ദേവനില്‍ നിന്ന് ഗര്‍ഭിണിയായി. അവള്‍ കരുത്തിന്‍റെയും ഊര്‍ജ്ജ സ്വലതയുടേയും പ്രതീകമായ ഭീമനെ പ്രസവിച്ചു. മൂന്നാമതും ഗര്‍ഭിണിയായി കുന്തി, ഫാല്‍ഗുന നക്ഷത്രം ഉദിച്ചു പൊങ്ങി നിന്ന ഒരു രാത്രിയില്‍ വില്ലാളി വീരനായ അര്‍ജുനന്‍ ( ഫാല്‍ഗുനന്‍ ) ജന്മം നല്‍കി. ശേഷിച്ച മന്ത്ര സിദ്ധിയാല്‍ ഗര്‍ഭിണിയായ മാദ്രി നകുല സഹദേവന്മാര്‍ക്ക് ജന്മം നല്‍കി. പാണ്ഡു തികച്ചും സന്തുഷ്ടനായി. 'ശത ശൃംഗ'ത്തിലെ മുനിമാര്‍ കുട്ടികള്‍ക്ക് യഥാവിധി നാമകരണം ചെയ്തു.

ഭീമന്‍ ജനിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍, ഹസ്തിനപുരിയില്‍ ഏറെ ദുര്‍ നിമിത്തങ്ങള്‍ക്കിട നല്‍കിക്കൊണ്ട് ധൃതരാഷ്ട്രര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. ജനന സമയത്തെ ദുര്‍നിമിത്തങ്ങള്‍ കണ്ടു ഭയന്ന ധൃതരാഷ്ട്രര്‍ വിദുരരോട് കാരണം തേടി. അങ്ങയുടെ പുത്രന്‍റെ ജനനം അസുര ശക്തിയുടെ താണ്ഡവ സമയത്താണ്. ഈ പുത്രനെക്കൊണ്ട് കുല നാശമായിരിക്കും ഫലം"

എന്‍റെ കുഞ്ഞിനെ എനിയ്ക്ക് തള്ളിക്കളയാനാവില്ല ! ധൃതരാഷ്ട്രര്‍ വിലപിച്ചു.

നീതി പ്രമാണങ്ങള്‍ അങ്ങയ്ക്ക് വേണ്ടി ഞാനുണര്‍ത്തിയ്ക്കാം , കുലത്തിന് നാശമെങ്കില്‍ ഒരു പുത്രനെ തള്ളിക്കളയുന്നതിനും കുലം ഗ്രാമത്തിന് നാശമാകുന്നെങ്കില്‍ കുലത്തെ ഒഴിവാക്കുന്നതിനും ഗ്രാമം തന്നെ രാജ്യത്തിന് വിപത്താകുന്നെങ്കില്‍ ഗ്രാമത്തെ ഒഴിവാക്കുന്നതിലും തെറ്റില്ലന്ന് നീതി ശാസ്ത്രം അനുശാസിക്കുന്നു .അങ്ങു പറയുന്നത് ശരി തന്നെ ! എന്‍റെ ഈ അരുമ പുത്രനെ എനിയ്ക്കെങ്ങനെ ഒഴിവാക്കാനാകും ?" വിദുരര്‍ വീണ്ടും ഉണര്‍ത്തിച്ചു, അങ്ങു ഇവനിലുടെ കുല നാശം ഉറപ്പു വരുത്തി. ഞങ്ങളും ഇതില്‍ പങ്കാളികളാകാന്‍ ഈ നിമിഷം വിധിയ്ക്കപ്പെട്ടു."

പുത്ര സൗഭാഗ്യത്താല്‍ മത്തനായ ധൃതരാഷ്ട്രരില്‍, വിദുര വാക്യം വെള്ളത്തിലെ ജലരേഖയായി.

പാണ്ഡു തന്നെ ആഗ്രഹത്തോടെ സമീപിച്ച അവസരങ്ങലിലെല്ലാം രാജാവിന്‍റെ ആയുസ്സിനെക്കുറിച്ചോര്‍ത്ത് കുന്തി ആധിപൂണ്ടു, കുന്തിയുടെ വിരസത പലപ്പോഴും പാണ്ഡുവിന് അസഹ്യമായിരുന്നു. പുത്ര ലബ്ധിയോടെ, ആയുസ്സിനെക്കുറിച്ചുള്ള ആധി പാണ്ഡുവില്‍ നിന്ന് വഴിമാറിയിരുന്നു. കുന്തിയെപ്പോലെ, ഒഴിഞ്ഞു മാറാന്‍ കഴിവില്ലാതിരുന്ന മാദ്രി രാജാവിന്‍റെ ഇംഗിതത്തിന് വഴങ്ങി . മുനി ശാപം ക്രുര വിളയാട്ടം നടത്തി. പാണ്ഡു മരിച്ചു. ഭര്‍ത്താവിനൊപ്പം ചിതയില്‍ ചാടി മാദ്രി സതി ആചരിച്ചു. അഞ്ചു മക്കള്‍ അതോടെ കുന്തിയുടെ മാത്രം സംരക്ഷണയിലായി..

പാണ്ഡുവിന്‍റെ വിയോഗ വാര്‍ത്തയില്‍ ഹസ്തിനപുരം ഞെട്ടിത്തരിച്ചു. മരണ കര്‍മ്മങ്ങള്‍ക്ക് ശേഷം ഭീഷ്മര്‍, കുന്തിയേയും മക്കളേയും ഹസ്തിനപുരത്തിലേയ്ക്ക് കൂട്ടി . കരുത്തിന്‍റെ പ്രതീകമായ ഭീമന്‍ , തന്‍റെ ശക്തി തെളിയിയ്ക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും ഒഴിവാക്കിയില്ല. ശരീരത്തിലടിഞ്ഞു കൂടിയ, കലോറി കണക്കുള്ള ഊര്‍ജ്ജം പ്രവര്‍ത്തിയിലുടെ പുറത്തു കൊണ്ടു വരേണ്ടത് , പ്രയത്നശാലിയുടെ ലക്ഷണമായി ആ വായു പുത്രന്‍ നിനച്ചു. ഭീമന്‍റെ കരുത്തിന് ഏറെക്കുറെ പാത്രമാകേണ്ടി വന്നത് ദുര്യോധനനായിരുന്നു. നിഷ്ക്കളങ്കമായ ബാല്യത്തിന്‍റെ കുസ്രുതികള്‍ , പകയുടെ രൂപത്തില്‍ വളര്‍ത്തിയെടുക്കാന്‍ ദുര്യോധനന്‍ തന്ത്ര പുര്‍വ്വം ശ്രമങ്ങള്‍ തുടര്‍ന്നു. കൂട്ടിന് മാതുലനായ ശകുനിയും

ഒരിക്കല്‍ ഗംഗാ തീരത്ത് വിനോദത്തിനെത്തിയ ഈ കുട്ടികള്‍ വിശന്നു തളര്‍ന്നപ്പോള്‍ ഭീമനുമാത്രം പ്രത്യേക വിശിഷ്ട വിഭവങ്ങള്‍ നല്‍കി ദുര്യോധനന്‍ ആദരിച്ചു.ആ ഭക്ഷണത്തില്‍ ഘോര വിഷം കലര്‍ത്തിയിരുന്ന സത്യം ആ ഭക്ഷണ പ്രിയന്‍ അറിഞ്ഞിരുന്നില്ല. മറ്റു സഹോദരങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഭീമന്‍ മൃഷ്ടാന്ന ഭോജനത്തിനു ശേഷം, കോട്ട വായിട്ട് ഉറക്കം തുടങ്ങി. സന്ധ്യ മയങ്ങിയപ്പോള്‍, കുട്ടികള്‍ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ബോധം കെട്ടുറങ്ങിയിരുന്ന ഭീമനെ, ദുര്യോധനന്‍ കാട്ടു വള്ളികള്‍ കൊണ്ടു വരിഞ്ഞു കെട്ടി ഗംഗാ നദിയിലെറിഞ്ഞു. മരണം ഉറപ്പാക്കുന്നതിനായി ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളെയും നദിയിലിട്ടു. സര്‍പ്പ വിഷം ഭീമന്‍റെ ഉള്ളില്‍ ചെന്നിരുന്ന ഭക്ഷണ വിഷത്തിന് പ്രതി മരുന്നായി പ്രവര്‍ത്തിച്ചു.

ഈശ്വരേച്ചയ്ക്കപ്പുറം മനുഷ്യ പ്രവര്‍ത്തി ഒന്നുമാകില്ല , വെറും തൃണം. ഏറെ കഴിഞ്ഞപ്പോള്‍, ബോധം തെളിഞ്ഞ ഭീമന്‍ സര്‍പ്പങ്ങളെ നശിപ്പിയ്ക്കാന്‍ തുടങ്ങി. സംഭീതരായ സര്‍പ്പങ്ങള്‍ വിവരം സര്‍പ്പ രാജാവായ വാസുകിയെ അറിയിച്ചു. വാസുകി, ഭീമനെ പാതാളത്തിലേയ്ക്ക് കൂട്ടി. കുട്ടിയുടെ അതിമാനുഷിക്ത്വം വാസുകിയെ അത്ഭുതപ്പെടുത്തി. ഒരു വിഷവും ശരീരത്തില്‍ എല്ക്കാതിരിയ്ക്കാനുതകുന്ന രസായനം ഒന്നിലധികം തവണ അവര്‍ ഭീമന് നല്‍കി. ഭീമന്‍റെ കരുത്തു പതിന്‍ മടങ്ങ് വര്‍ദ്ധിച്ചു. വായുപുത്രനെ വേണ്ട വിധം സല്ക്കരിയ്ക്കാന്‍ കഴിഞ്ഞതില്‍ സര്‍പ്പങ്ങള്‍ സന്തോഷിച്ചു. അവര്‍ ഭീമനെ ഗംഗാ തീരത്തിലെത്തിച്ചു. ഭീമന്‍ പണിപ്പെട്ടു കൊട്ടാരത്തിലെത്തി.

കാലം കടന്നു. യുവരാജാവായ യുധിഷ്ഠിരന്‍റെ പ്രജാക്ഷേമ തല്പരത ഏവരും പ്രകീര്‍ത്തിച്ചു. തനിയ്ക്ക് യുവ രാജാവാകാനുള്ള അവസരം നഷ്ടമാകുന്ന ഭയം ദുര്യോധനനെ ദുഷ്ട ചിത്തനാക്കി. തന്‍റെ പിതാവിന്‍റെ ദൌര്‍ബല്യം മുതലെടുക്കാന്‍ കഴിഞ്ഞ അദ്ദേഹം ഏതു വിധേനയും , പാണ്ഡു പുത്രന്മാരെ, ഹസ്തിനപുരത്തില്‍ നിന്ന് അകലെയുള്ള വാരണാവതത്തിലേയ്ക്ക് അയയ്ക്കുവാന്‍ ധൃതരാഷ്ട്രരെ നിര്‍ബ്ബന്ധിച്ചു. കണ്ണീരൊഴുക്കി കാര്യം നേടുന്നത്തിനുള്ള ദുര്യോധനന്‍റെ കഴിവ് ഒന്നു വേറെ തന്നെയാണ്. ധൃതരാഷ്ട്രര്‍ യുധിഷ്ഠിരനോടു വാരണാവത ത്തിലെ തൃപുരാന്തക ക്ഷേത്രത്തേക്കുറിച്ചും അവിടുത്തെ ഉത്സവാദികളില്‍ പങ്കെടുത്തു ഒരു വര്‍ഷം അവിടെ തങ്ങുന്നതിന്‍റെ സല്‍പുണ്യ ഫലങ്ങളെക്കുറിച്ചും വിസ്തരിച്ചു.തങ്ങള്‍ വാരണാവത ത്തില്‍ പോകുന്നതിനെ പറ്റി വലിയച്ചന്‍ പറഞ്ഞ വിവരം യുധിഷ്ഠിരന്‍, ഭീഷ്മരേയും വിദുരരേയും അറിയിച്ചു. യാത്ര തടയാന്‍ തക്ക കാരണം അവര്‍ക്കാര്‍ക്കും കണ്ടു പിടിയ്ക്കാന്‍ കഴിഞ്ഞില്ല.

വാരണാവത ത്തില്‍ പാണ്ടവര്‍ക്കും കുന്തിയ്ക്കും തങ്ങുന്നതിനായി കൊട്ടാര സദൃശ്യമായ ഒരു ഗൃഹം പണിയുന്നതിനു ധൃതരാഷ്ട്രര്‍, 'പുരോചനന്‍ ' എന്ന തന്‍റെ സേവക മുഖ്യനെ ഏര്‍പ്പാടാക്കി. എളുപ്പത്തില്‍ കത്തു പിടിക്കുന്ന വസ്തുക്കളായ അരക്ക് , മെഴുക് ഇവ കൂട്ടി യോജിപ്പിച്ച് അറിയാത്ത വിധത്തില്‍ ഗൃഹം മോടിപിടിപ്പിക്കാന്‍ നിഷ്കര്‍ഷിച്ചു. കുടാതെ ഗൃഹത്തിന്‍റെ പല ഭാഗങ്ങളിലും നെയ്യ് , എണ്ണ എന്നിവ അറിയാത്ത രീതിയില്‍ സംഭരിച്ചു വെയ്ക്കുന്നതിന് ഏര്‍പ്പാടാക്കി. കാപട്യമറിയാത്ത പാണ്ഡുവാദികള്‍ വാരണാവത ത്തിലേയ്ക്ക് യാത്ര തിരിച്ചു. യാത്ര അയക്കാനെന്ന നാട്യത്തില്‍, അവരെ പിന്തുടര്‍ന്ന വിദുരര്‍ , മറ്റുള്ളവര്‍ക്ക് പിടികിട്ടാത്ത മ്ലേഛ ഭാഷയില്‍ യുധിഷ്ഠിരന് അഗ്നി ഭയത്തെപ്പറ്റി മുന്നറിയിപ്പു നല്‍കി. 'നിങ്ങളുടെ അഭ്യുദയത്തെക്കാള്‍, അധ:പതനമാണ് ശത്രുക്കളുടെ ലക്‌ഷ്യം. കരുതലോടെ ഇരിയ്ക്കുക. രക്ഷയ്ക്കുള്ള ഏര്‍പ്പാടുകളുമായി ഞാന്‍ ആളെ അയയ്ക്കാം ' പാണ്ഡവര്‍ വാരണാ വതത്തിലെ ഗൃഹത്തിലെത്തിയ അന്നു തന്നെ വിദുരര്‍ നിയോഗിച്ച ഖനികന്‍ അവിടെ എത്തി .കൊട്ടരാങ്കണത്തില്‍ നിന്നും ഗംഗാ തീരം വരെ എത്തുന്ന ഒരു കിടങ്ങ് കുഴിയ്ക്കുന്നതിന് അയാള്‍ ശ്രമം തുടങ്ങി. ആരു മറിയാതെ രാത്രി വളരെ വൈകിയായിരുന്നു പണി നടത്തിയിരുന്നത്. കിടങ്ങിന്‍റെ മുഖം ഇടുങ്ങിയിരുന്നതിനാല്‍ പെട്ടെന്ന് ആരുടെ ശ്രദ്ധയിലും പെട്ടില്ല.

പാണ്ഡവര്‍ വാരണാവതത്തിലെത്തിയിട്ടു ഒരാണ്ടോടടുക്കുന്നു. ദുര്യോധനന്‍ അവര്‍ക്കായി ഒരുക്കിയ മരണക്കെണിയ്ക്കുള്ള ദിവസവും അടുത്തു വന്നു. നിര്‍ദ്ദേശിയ്ക്കപ്പെട്ട ദിവസത്തിന് മുന്‍പു തന്നെ ഖനികന്‍ തന്‍റെ ജോലി പുര്‍ത്തിയാക്കി. കിടങ്ങ് ഗംഗാ തീരം വരെ സുഗമമായി. കിടങ്ങിന്‍റെ പണി പുര്‍ത്തിയായ അന്ന് മുതല്‍, ഗംഗാ തീരത്ത് വിദുരര്‍ നിയോഗിച്ച, കടത്തു തോണിയും കടത്തുകാരനും പാണ്ടവരുടെ വരവും പ്രതീക്ഷിച്ചും കാത്തുകിടന്നു. പുരോചനന്‍ അരക്കില്ലത്തിന് തീ കൊളുത്താന്‍ ലകഷ്യമിട്ടിരുന്ന ദിവസത്തിന് തലേ ദിവസം തന്നെ കുന്തി, തന്‍റെ സഹായിയായി നിന്നിരുന്ന നിഷാദ സ്ത്രീയ്ക്കും അവരുടെ അഞ്ചു മക്കള്‍ക്കും മൃഷ്ടാന്നഭോജനം നല്‍കി. കൂട്ടത്തില്‍ നീണ്ട ഉറക്കം കിട്ടുന്നതിനായി മദ്യവും വിളമ്പി. നിഷാദ സ്ത്രീ യോട് അടുപ്പം പുലര്‍ത്തിയിരുന്ന പുരോചനനും കൂട്ടത്തില്‍ നല്ല വണ്ണം മദ്യപിച്ചു ബോധരഹിതനായി. ഭീമന്‍ രാത്രിയുടെ അന്ത്യയാമത്തില്‍ തന്‍റെ സഹോദരന്മാരെയും അമ്മയെയും കിടങ്ങിലിറക്കി. പിന്നീട് എല്ലാ മുറിയ്ക്കും തീ കൊളുത്തി, കിടങ്ങിലുടെ നുഴ്ന്നിറങ്ങി. കിടങ്ങിന്‍റെ കവാടം അടച്ചു. ഉള്ള് വിശാല മായിരുന്നതിനാല്‍ അവര്‍ കിടങ്ങിലുടെ നടന്ന് ഗംഗാ തീരത്തെത്തി . തങ്ങള്‍ക്കായി കാത്തുകിടന്ന തോണിയില്‍ക്കയറി.ഗംഗാ നദിയുടെ മറുകര എത്തി, തോണിക്കാരന്‍റെ കണ്ണുകള്‍ ഏറെ ദുരം അവരെ പിന്തുടര്‍ന്നു സുരക്ഷ ഉറപ്പാക്കിയ ശേഷം മടങ്ങി. ധര്‍മ്മ ദേവന്‍, പിരിയുമ്പോള്‍ തനിയ്ക്ക് നല്‍കിയ വാക്കിന്‍റെ സത്യസ്ഥിതി കുന്തിയ്ക്ക് തികച്ചും ബോദ്ധ്യപ്പെട്ടു. അച്ഛനെക്കാള്‍ ശ്രേഷ്ഠനായ ചെറിയച്ചന്‍ തന്നെ വിദുരര്‍. എന്തു നല്‍കിയാണ്‌ ഈ കടം വീട്ടുക ? നടക്കുന്നതിനിടയില്‍ കുന്തിയുടെ കണ്ണ് നിറഞ്ഞു. തന്‍റെ സഹോദരങ്ങള്‍ക്ക് അമ്മയ്ക്കും ഇനി നടക്കാനാവില്ലെന്ന് ബോദ്ധ്യപ്പെട്ട ഭീമന്‍ അവരെ എല്ലാ പേരെയും തന്‍റെ തോളിലും, ഒക്കത്തും, കൈകളിലുമായി വഹിച്ചു. മാരുത പുത്രന്‍റെ ശക്തിയും, കരുത്തും അപാരം !

അവര്‍ ഏറെ ദുരം പിന്തള്ളി ഹിഡിംബ വനത്തിലെത്തി. ദാഹം മൂലം ക്ഷീണിതരായ തന്‍റെ അമ്മയേയും സഹോദരങ്ങളേയും ഭീമന്‍ വൃക്ഷച്ചായയിലിരുത്തി . ഭീമന്‍, തണ്ണീര്‍ സംഭരിയ്ക്കാന്‍ തടാകം തേടി അലഞ്ഞു. അല്പം അകലെ ശുദ്ധ ജലാകം കണ്ടെത്തിയ ഭീമന്‍ അതിലിറങ്ങി ക്കുളിച്ചു.ക്ഷീണം തീരത്തു. മതിയാവോളം ജലം പാനം ചെയ്തു. ഒരു വലിയ കുമ്പിള്‍ നിറയെ വെള്ളവുമായി അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്തി. ദാഹം തീര്‍ന്ന് തളര്‍ന്നുറങ്ങിയ അവര്‍ക്ക് കാവലായി ആ മാരുത പുത്രനിരുന്നു. സ്വന്തം സുഖം ത്യജിയ്ക്കുന്നത് പുണ്യമായി ഭീമന്‍ കണ്ടു. ഹിഡിംബ വനത്തില്‍, ഹിഡിംബനെന്ന രാക്ഷസനും, അവന്‍റെ സഹോദരി ഹിഡിംബിയും സ്വൈര്യ വിഹാരം നടത്തയിരുന്നു. ആ വനം തങ്ങളുടെ അധീനതയിലാണന്നായിരുന്നു അവരുടെ പക്ഷം. മനുഷ്യ ഗന്ധം മണത്തറിഞ്ഞ ഹിഡുംബന്‍ ഉറവിടം തിരഞ്ഞറിയാനായി ഹിഡിംബിയെ നിയോഗിച്ചു. തന്‍റെ അമ്മയ്ക്കും സഹോദരങ്ങള്‍ക്കും രക്ഷകനായി അവര്‍ക്കരികെ ഇരുന്നിരുന്ന ഭീമന്‍റെ ശരീര വടിവും ആകാര സൗഷ്ഠവവും ഹിഡുംബിയെ അനുരക്തയാക്കി. അവള്‍ക്ക് ഭീമനെ വിട്ടകലാന്‍ കഴിയാതെയായി. ഏറെ നേരമായിട്ടും, സഹോദരിയെ കാണാതെ തിരക്കിയിറങ്ങിയ ഹിഡുംബന്‍ തന്‍റെ സഹോദരി ഭീമനുമായി സൗഹൃദം പുലര്‍ത്തുന്നത് കണ്ടു കോപിഷ്ഠനായി. തുടര്‍ന്ന് ഭീമനും അവനും തമ്മില്‍ ഉഗ്രമായ മല്‍പിടുത്തം നടന്നു . ഹിഡുംബന്‍റെ ബലഹീനതകള്‍ മുതലെടുക്കാന്‍ കാമുകിയായ ഹിഡുംബി ഭീമനെ തുണച്ചു. സ്വന്തം സഹോദരനെക്കാള്‍ ഭീമനെ സ്നേഹിച്ച ആ യുവതിയില്‍ കുന്തിയ്ക്ക് സ്നേഹവും ആദരവും തോന്നി. "ശാലി വാഹന " മെന്ന തടാകക്കരയില്‍ ഹിഡുംബി പാണ്ഡവര്‍ക്കായി ഒരു കുടില്‍ നിര്‍മ്മിച്ചു. കരുത്തിന്‍റെ പര്യായമായ അവള്‍ പാണ്ഡവരെ ചുമലേറ്റി ആ കുടിലില്‍ എത്തിച്ചു. ഭീമനോടുള്ള അവളുടെ പ്രേമമാണ് പിന്നിലെ ഘടകമെന്ന് പാണ്ഡവര്‍ തിരിച്ചറിഞ്ഞു. ഈ സമയം 'വ്യാസ മഹര്‍ഷി ' അവിടെ എത്തുകയും കുന്തി അദ്ദേഹത്തോട് കാര്യം ബോധിപ്പിക്കുകയും ഉണ്ടായി. സന്തുഷ്ടനായ അദ്ദേഹം കുന്തിയെ സമാധാനിപ്പിച്ചു . ഇവളില്‍ നിന്‍റെ പുത്രന് അവനെക്കാള്‍ കരുത്തനായ ഒരു പുത്രന്‍ ജനിയ്ക്കും. ഇത് നിയോഗമാണ്. ഘടോല്‍കചന്‍ ' എന്ന നാമത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്ന ആ ഭീമപുത്രന്‍ നിങ്ങള്‍ക്ക് ഏറെ ഉപകരിക്കും . ഭയം അവനെ പേടിച്ചോളിയ്ക്കും. ഭീമന്‍റെ ഈ പ്രേയസി 'കമല മാലിനി ' എന്ന പേരിലറിയപ്പെടും. വ്യാസന്‍ അവരെ അനുഗ്രഹിച്ചു.വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി യാത്രയായി.

പുത്രന്‍റെ ജനനശേഷം അധികനാള്‍ കഴിയും മുമ്പ്, പാണ്ഡവര്‍ ഹിഡുംബിയോട് യാത്ര പറഞ്ഞു. മനസ്സില്ലാമനസ്സോടെയാണ് ഭീമന്‍ തന്‍റെ ഭാര്യയേയും പുത്രനെയും ഒഴിവാക്കിയത്. അവര്‍ ഗംഗാ നദി കടന്ന് 'ഏക ചക്ര ' എന്ന സ്ഥലത്തെത്തി. അവിടെ ഒരു ബ്രാഹ്മണ ഭവനത്തിലവര ഭയം തേടി. ഒരിയ്ക്കല്‍, തങ്ങള്‍ തങ്ങിയിരുന്ന ബ്രാഹ്മണ ഭവനത്തില്‍ നിന്നുയര്‍ന്ന രോദനം കുന്തിയുടെ മനസ്സിനെ അസ്വസ്ഥമാക്കി. 'ഏക ചക്ര ' യുടെ പ്രാന്ത പ്രദേശത്ത് ബകന്‍ എന്ന രാക്ഷസന്‍ വസിച്ചിരുന്നു. അയാള്‍ , ഇടയ്ക്കിടെ ഗ്രാമത്തിലിറങ്ങി കാണുന്ന ഭകഷ്യ വസ്തുക്കളും മനുഷ്യരേയും എടുത്തു മറയുന്നത് പതിവാക്കിയിരുന്നു. അടുത്ത ദിവസം ഈ മനുഷ്യരുടെ തലയോട്ടികള്‍, ഗ്രാമ പ്രാന്തത്തില്‍ കണ്ട് മനസ്സ് മടുത്ത ഗ്രാമ വാസികള്‍ ബകനുമായി ഒരു ധാരണയിലെത്തി . അവനെ എതിര്‍ത്തു കീഴ്പ്പെടുത്താനുള്ള ശക്തി അവര്‍ക്കുണ്ടായിരുന്നില്ല എല്ലാ ആഴ്ച്ചയിലും ഒരു കാള വണ്ടി നിറയെ ഭകഷ്യ വസ്തുക്കളും ഒരു ബാലനേയും ഭോജനത്തിനായി എത്തിച്ചുകൊള്ളാമെന്ന് ബകനെ അറിയിച്ചു. അദ്ധ്വാനിയ്ക്കാതെ കിട്ടുന്ന ആഹാരം ബകനും സ്വീകാര്യമായി. അടുത്ത ദിവസം ബകന്‍റെ ഭക്ഷണത്തിനൊപ്പം കാളവണ്ടിയില്‍ പോകേണ്ടത് തങ്ങളുടെ പുത്രന്‍റെ ഊഴ മാണന്നറിഞ്ഞ ആ ബ്രാഹ്മണ ദമ്പതികള്‍ക്ക് ദു:ഖം അടക്കാന്‍ കഴിഞ്ഞില്ല. കുന്തി അവരെ സമാധാനീപ്പിച്ചു. നിങ്ങളുടെ പുത്രന് പകരം ഞാന്‍ എന്‍റെ പുത്രന്‍ ഭീമനെ അയയ്ക്കാം. അവന്‍ ബകനില്‍ നിന്ന് ഈ ഗ്രാമത്തെ രക്ഷിയ്ക്കും. തേങ്ങലിനിടയില്‍ കുന്തിയുടെ സ്നേഹ പുര്‍ണ്ണമായ നിര്‍ബ്ബന്ധത്തിന് അവര്‍ വഴങ്ങി.

ഭിക്ഷ തെണ്ടി കിട്ടിയ ഭക്ഷണത്തിന്‍റെ വിഹിതമൊന്നും ഭീമന് വിശപ്പടക്കാന്‍ മതി വന്നില്ല. അദ്ദേഹം ഒരു കുംഭാരന് വിടുവേല ചെയ്ത് തനിയ്ക്കുള്ള ആഹാരം കണ്ടെത്താന്‍ ശ്രമം തുടര്‍ന്നിരുന്നു. ഭീമന് കുന്തിയുടെ നിര്‍ദ്ദേശം ആഹ്ലാദം പകര്‍ന്നു. ഒരു വണ്ടി നിറയെ ഭക്ഷണവുമായി നിശ്ചയിച്ച ദിവസം ഭീമന്‍ ബകന്‍റെ ആ വാസസ്ഥലത്തെത്തി. തന്‍റെ ആഗമനം അറിയിയ്ക്കാന്‍ ആളെ അയച്ച ശേഷം ഭീമന്‍ ഭക്ഷണം മുഴുവന്‍ അകത്താക്കി. സംതൃപതി യോടെ കോട്ടവായിട്ടു. കവാടത്തിലാര്ത്തിയോടെ എത്തിയ ബകന്‍ ഭീമനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് രണ്ടു പേരും തമ്മില്‍ ഘോരമായ മല്‍പിടുത്തം നടത്തി. അന്ത്യത്തില്‍ ഭീമന്‍ ബകനെ വധിച്ചു. മാരുത പുത്രന്‍റെ ബാഹുബലവും ശൌര്യവും അപാരം തന്നെ. ഭീമന്‍ മടങ്ങിയെത്തും വരെ യുധിഷ്ഠിരന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.

ഇടയ്ക്കൊരു ദിവസം ആ ബ്രാഹ്മണ ഭവനത്തില്‍ അതിഥിയായെത്തിയ ഒരു സഞ്ചാരി ബ്രാഹ്മണനില്‍ നിന്ന് ദ്രൌപതിയുടെ വിവാഹ വാര്‍ത്ത അറിഞ്ഞ പാണ്ഡവര്‍ ഉത്സുകരായി. മക്കളില്ലാതിരുന്ന ദ്രുപദന്‍, ജയന്‍, ഉപജയന്‍ എന്ന സന്യാസി ശ്രേഷ്ഠന്മാരുടെ നിര്‍ദ്ദേശ പ്രകാരം ഒരു യാഗം നടത്തി. ആ യാഗാഗ്നിയില്‍ നിന്ന് ദ്രുപദന് മൂന്ന് സന്താനങ്ങളുണ്ടായി. ധൃഷ്ടദ്യുമ്നന്‍, ദ്രൌപദി, ശിഖണ്ഡി ഇവരായിരുന്നു സന്താനങ്ങള്‍. കൃഷ്ണ വര്‍ണ്ണമായിരുന്ന കൃഷ്ണ ( ദ്രൌപദി ) യുടെ സൗന്ദര്യം ക്ഷത്രിയ നാശ കാരണമാകുമെന്ന് ഋഷി പ്രോക്ത് മുണ്ടായി കൂട്ടത്തില്‍ ഈ കുട്ടി ദൈവത്തിന് ഏറെ ഹിതാനുകാരിയായിരിയ്ക്കുമെന്നു മുനിമാര്‍ പ്രവചിച്ചു.

അടുത്ത ദിവസം പാണ്ഡവര്‍ ബ്രാഹ്മണ ഭവനത്തോടു വിട പറഞ്ഞു. വഴിയില്‍ വെച്ച് അവര്‍ വ്യാസനെ കണ്ടു. അദ്ദേഹം അവര്‍ക്ക് യാത്രാ മംഗളം നേര്‍ന്നു. പാണ്ഡവര്‍ ഗംഗാ തീരത്തെത്തി. സമയം അര്‍ദ്ധരാത്രി ആയിരുന്നതിനാല്‍, നദിയിലിറങ്ങിയ അവരെ അവിടെ ക്രീസിച്ചിരുന്ന "അംഗാര വര്‍ണ്ണന്‍ " എന്ന ഗന്ധര്‍വ്വന്‍ തടഞ്ഞു. ഗംഗാ നദി , ആ സമയം അയാളുടെ അധീനതയിലാണന്ന വാദം അര്‍ജുനനെ ചൊടിപ്പിച്ചു. വാക്കേറ്റം, ഏറ്റുമുട്ടലിലായി. ' ആഗേനയാസത്രം ' അഭിമന്ത്രിച്ചു. അര്‍ജുനന്‍, അംഗാരവര്‍ണ്ണ നെന്ന പേരിലറിയപ്പെട്ടിരുന്ന ചിത്രരഥന്‍റെ രഥം പൊടിപെടുത്തി . ഗന്ധര്‍വ്വന്‍ സന്ധി ചെയ്യാന്‍ നിര്‍ബന്ധിതനായി. അദ്ദേഹം പറഞ്ഞു ഈ ഭംഗിയുള്ള രഥമുണ്ടായിരുന്നതിലാണ് ഞാന്‍ ചിത്രരഥനായി അറിയപ്പെട്ടിരുന്നത്. ഇനി മുതല്‍ ഞാന്‍ ഭഗ്ഥ രഥനാണ് . ആഗേനയാസ്ത്രത്തിന്‍റെ അഭിമന്ത്രണം അര്‍ജുനനില്‍ നിന്ന് വശമാക്കിയ ചിത്രരഥന്‍. അര്‍ജുനന് ത്രിലോക ചക്ഷുസ്സും , പൈദാഹങ്ങളില്ലാത്ത കുതിരയും ദാനം ചെയ്തു. കുതിരകളെ തിരിച്ചേല്പിച്ചു കൊണ്ടു അര്‍ജുനന്‍ പറഞ്ഞു. ഞാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ ഈ കുതിരകളെ എനിയ്ക്ക് തന്നാല്‍ മതി.' പാണ്ഡവരുടെ യാത്രോദ്ദേശമറിഞ്ഞ ചിത്രരഥന്‍ , ധൗമ്യന്‍ ' എന്ന ഗുരുവിനെ ഉപദേശകനായി കൂടെ കുട്ടുന്നതിന്‍റെ ഔചിത്യം നിര്‍ദ്ദേശിച്ച. പാണ്ഡവര്‍ ധൗമ്യനെ ഗുരുവായി സ്വീകരിച്ചു.

ദ്രുപദന്‍റെ രാജ്യമായ കാമ്പില്യത്തിലെത്തിയ പാണ്ഡവരും കുന്തിയും ഒരു ബ്രാഹ്മണ ഭവനത്തില്‍ അഭയം തേടി. ദ്രുപദ കൊട്ടാരത്തില്‍ ദ്രൌപതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളായി. 'കിന്ധുര' എന്ന വില്ലും, ഇരുമ്പു കൊണ്ടുള്ള അസ്ത്രവും മണ്ഡപത്തിന്‍റെ ഒരു ഭാഗത്തായി വെച്ചിരുന്നു. മത്സ്യാകൃതി'യില്‍ കറങ്ങുന്ന ഒരു പഞ്ജരം മറ്റൊരു ഭാഗത്ത് ഉയര്‍ത്തപ്പെട്ടിരുന്നു. വില്ല് കുഴിയെക്കുല്ച്ചു. അഞ്ചു അമ്പു കൊണ്ടു കറങ്ങുന്ന മത്സ്യത്തിനെ ലകഷ്യ ഭേദനം ചെയ്യുന്ന കുമാരന്‌ ദ്രൌപതിയെ വിവാഹം ചെയ്തു കൊടുക്കുമെന്ന് 'വിളംബരം ' പുറപ്പെടുവിച്ചു. ദ്രൌപദിയെ ' മണ്ഡപ 'ത്തില്‍ ഉപവിഷ്ടയാക്കുന്നതോടു കൂടി മഹാഭാരതമെന്ന ശോകാന്ത നാടകത്തിന്‍റെ തിരശ്ശീല ഉയര്‍ന്നു. കാമ്പില്യത്തിലെ ദ്രുപദ രാജധാനിയില്‍, സ്വയം വര ദിവസം ശ്രേഷ്ഠന്മാരായ അനേകം രാജാക്കന്മാരെത്തി. ഇവരില്‍ പ്രധാനികള്‍ -- ദുര്യോധനന്‍, കര്‍ണ്ണന്‍, ശല്യര്‍, ജയദ്രഥന്‍, ചേദിനരേശന്‍ ശിശുപാലന്‍.

ക്ഷണിയ്ക്ക്പ്പെട്ട അതിഥികളായി ശ്രീ കൃഷ്ണനും, ബലരാമനും രാജ സദസ്സിലെത്തിയപ്പോള്‍, അവിടം അസാധാരണമായ ഒരു പ്രഭാവലയത്തിലകപ്പെട്ടത് പോലെയായി. കൃഷ്ണന്‍റെ പുഞ്ചിരി ഏവരുടേയും മനം കുളിര്‍പ്പിച്ചു. എല്ലാവരുടേയും കണ്ണുകള്‍ മണ്ഡപത്തിലിരിയ്ക്കുന്ന ദ്രൌപദി എന്ന കറുത്ത മുത്തില്‍ പതിഞ്ഞു. (ദ്വാപരയുഗത്തില്‍ , സുന്ദരികള്‍ക്കെല്ലാം കൃഷ്ണ വര്‍ണ്ണ മായിരുന്നു ശ്രീകൃഷ്ണന്‍റെ പ്രണയിനി രാധ, കുന്തി, ഇതാ ഇപ്പോള്‍ ദ്രൌപദിയും ).

'കിന്ധുര എന്ന വില്ല് കുഴിയെ കുലച്ചു ലകഷ്യ ഭേദനം നടത്തുന്നതില്‍ പലരും പരാജയപ്പെട്ടു. കര്‍ണ്ണന്‍റെ സാഹസികത ലകഷ്യ ഭേദനത്തിലെത്തുമെന്ന് ഏവരും വിചാരിച്ചു. ഒരു നേരിയ മുടി നാരിഴയില്‍ കര്‍ണ്ണന്‍ പരാജയം ഏറ്റുവാങ്ങി. ഇളിഭ്യതയോടെ പിന്തിരിഞ്ഞു. സദസ്സിന്‍റെ പിന്‍ നിരയിലിരുന്ന രൂപ ഗുണമുള്ള ബ്രാഹ്മണ യുവാക്കളില്‍ ഒരാള്‍ സധൈര്യം മുന്നോട്ടു വന്നു. നിശ്പ്രയാസം ലകഷ്യ ഭേദനം നടത്തിയ അദ്ദേഹം, ദ്രൌപദിയെ പാണിഗ്രഹണം ചെയ്യാനുള്ള യോഗ്യത നേടി. ദ്രൌപദി അര്ഹതപ്പെട്ട കൈകളില്‍ എത്തിച്ചേര്ന്നതില്‍ ഏറെ സന്തോഷിച്ചത് കൃഷ്ണനായിരുന്നു --- മാധവന്‍റെ മായാവിലാസം. പാണ്ഡവര്‍, ദ്രൌപദിയുമായി അവര്‍ താമസിച്ചിരുന്ന ബ്രാഹ്മണ ഗൃഹത്തിലെത്തി. അപ്പോള്‍ മനസ്സില്‍ തോന്നിയ ഒരു കുസ്രുതിയോടെ യുധിഷ്ഠിരന്‍ അകത്തിരുന്ന കുന്തിയോടു വിളിച്ചറിയിച്ചു. ' അമ്മേ ! ഞങ്ങള്‍ ഭിക്ഷ കൊണ്ടു വന്നിട്ടുണ്ട് " പതിവുള്ള അവരുടെ വെളിപ്പെടുത്തലില്‍, പുതുമ തോന്നാതിരുന്ന കുന്തി അകത്ത് നിന്ന് വിളിച്ചറിയിച്ചു, " മക്കളെ ! നിങ്ങള്‍ തുല്യമായി പങ്കിട്ടെടുത്തോള് "! ദ്രൌപദി എന്ന വിശിഷ്ടമായ ഈ ഭിക്ഷ " എങ്ങനെ തുല്യമായി പകുക്കാനാകും . ഇത് നീതിയ്ക്ക് നിരക്കുന്നതാണോ ? അമ്മ ഒന്നും ആലോചിക്കാതെ -----" പാണ്ഡവര്‍ കണ്ണില്‍ കണ്ണില്‍ നോക്കി. ഇതിനിടയില്‍ പുറത്ത് വന്ന കുന്തി തന്‍റെ വാക്കുകളിലെ വിഡ്ഢിത്വത്തില്‍ പകച്ചു. എങ്കിലും പറഞ്ഞ വാക്ക് തിരിച്ചെടുക്കാനാവില്ല. ഈ "സുനുഷ" പാണ്ഡവരുടെ പൊതു സ്വത്താണ്. നീതി ശാസ്ത്രത്തില്‍ ഈ അനുബന്ധം എവിടെയെങ്കിലും ശ്രദ്ധിയ്ക്കപ്പെടാതെ കിടപ്പുണ്ടാകും. ഇല്ലങ്കില്‍ ഒരിക്കല്‍ പോലും താനിങ്ങനെ പറയാനിടവരില്ലായിരുന്നു." കുന്തി മക്കളേയും തന്‍റെ സുനുഷയേയും ആശ്വസിപ്പിച്ച് അകത്തേയ്ക്ക് കൂട്ടി.

വാര്‍ത്ത, ധൃഷ്ടദ്യുമ്നന്‍റെ ചാരന്മാര്‍ മുഖേന പാഞ്ചാല രാജ്യത്തെത്തി. ദ്രുപദന്‍ ദു:ഖിതനായി. തന്‍റെ പ്രിയപ്പെട്ട മകള്‍ ഒരു അഭിസാരിക എന്ന നിലയിലേയ്ക്ക് താഴുന്നത് ആ പിതാവിന് സഹിയ്ക്കാന്‍ കഴിഞ്ഞില്ല. ആ സമയം അവിടെ എത്തിയ വ്യാസ മഹര്‍ഷിയ്ക്ക് മുന്നില്‍ ദ്രുപദന്‍ പ്രശ്നം അവതരിപ്പിച്ചു. ദ്രൌപതിയുടെ പുര്‍വ്വ ജന്മ വരലബ്ധി, തിരശ്ശീലയ്ക്ക് പിന്നിലെന്നോണം കാണാന്‍ കഴിഞ്ഞ മുനി രാജാവിനെ സമാധാനിപ്പിച്ചു. 'അങ്ങയുടെ പുത്രി അഞ്ചു ശ്രേഷ്ഠന്മാരായ പുരുഷന്മാരുടെ പത്നി ആകണമെന്ന് ദൈവ ഹിതമാണ്. ഇതൊരു നിയോഗമായി കുറിയ്ക്കപ്പെട്ടിരിക്കുന്നു. എങ്കില്‍ മാത്രമേ ദ്രൌപദിയുടെ ജന്മോദ്ദേശം നിറവേറു ..." വ്യാസ മഹര്‍ഷിയുടെ വാക്കുകള്‍ ദ്രുപദന്‍ സ്വീകാര്യമായി , അദ്ദേഹം സ്നേഹത്തോടെ തന്‍റെ പുത്രിയേ പാണ്ഡവര്‍ക്കായി ' കന്യാദാനം ' നടത്തി.

ദ്രുപദ രാജകുമാരിയെ പാണിഗ്രഹണം ചെയ്ത് ബ്രാഹ്മണ കുമാരന്‍, അര്‍ജുനനാണന്ന വാര്‍ത്ത ശ്രവിച്ച ദുര്യോധനന്‍ നിരാശനും, ഇളിഭ്യനുമായി. അഗ്നിയ്ക്ക് പോലും കരിയ്ക്കാനാവാത്ത ഈ പാണ്ഡവര്‍ തന്‍റെ നേരേ ഖഡ്ഗവു മോങ്ങി അടുക്കുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. ജീവിച്ചിരിക്കുന്ന പാണ്ഡു പുത്രന്മാരെയും, കുന്തിയേയും തരിച്ചു ഹസ്തിനപുരത്തിലേയ്ക്ക് ക്ഷണിയ്ക്കാന്‍, ധൃതരാഷ്ട്രര്‍ കാണിച്ച വ്യഗ്രത ഭീഷ്മരേയും, വിദുരരേയും അത്ഭുതപ്പെടുത്തി . മനപ്പൂര്‍വ്വം നീക്കുന്ന കരുക്കള്‍ പാളിപ്പോയാല്‍ ഏതു തരത്തിലും തിരിച്ചെടുക്കാനുള്ള ധൃതരാഷ്ട്രരുടെ കഴിവ് ഒന്നു വേറെ തന്നെ. അന്ധതയ്ക്കപ്പുറം വളര്‍ന്ന കുടിലത. പാണ്ഡവരും , വധുവും കുന്തിയോടൊപ്പം ഹസ്തിനപുരത്തിലെത്തി. ദ്രൌപതിയുടെ മൃദു മേനി തലോടിയ ഗാന്ധാരിയുടെ മനസ്സ് അകാരണമായി മന്ത്രിച്ചു നിന്‍റെ മകന്‍റെ അന്തകയെയാണ് നീ തൊട്ടു തലോടുന്നത് ".

ന്യായപുര്‍വ്വം യുധിഷ്ഠിരന് തിരിച്ചു നല്‍കേണ്ട രാജ്യം വിട്ടുകൊടുക്കാന്‍ ധൃതരാഷ്ട്രര്‍ തയ്യാറായില്ല. പകരം രാജ്യം രണ്ടായി പകുത്ത് 'ഖാണ്ഡവപ്രസ്ഥം " പാണ്ഡവര്‍ക്ക് ഏറെ കരുണയോടെ നീക്കി വെച്ചു. സമാധാന കാംക്ഷിയായിരുന്ന യുധിഷ്ഠിരന്‍ വല്യച്ഛന്‍റെ ദക്ഷിണ' ഇരു കൈയും നീട്ടി സ്വീകരിച്ചു. ക്ഷത്രിയ ശരീരത്തില്‍ സന്യാസിയുടെ മനസ്സുള്ള യുധിഷ്ഠിരന്‍ അതോടെ "അജതാ ശത്രു " എന്ന പേരിനുടമയായി.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories