ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം (പാര്‍ട്ട്‌ 2)


മഹാഭാരതം (പാര്‍ട്ട്‌ 2) അപമാനപ്പെട്ട സ്ത്രീത്വം : ഘോരശപഥങ്ങളുടെ വര്‍ഷം


വലിയച്ഛന്‍ ദയാ ദാക്ഷിണ്യത്തോടെ വെച്ചു നീട്ടിയ ഖാണ്ഡവ പ്രസ്ഥം യുധിഷ്ഠിരന്‍ എതിര്‍ത്തൊന്നും ഉരിയാടാതെ സ്വീകരിച്ചു. തികച്ചും അന്യായമാണ്, രാജ്യം ഇന്നത്തെ നിലയില്‍ സമ്പന്നമാക്കിയ പാണ്ഡുവിന്‍റെ മക്കളോട് ധൃതരാഷ്ട്രര്‍ കാണിച്ചതെന്ന് സദസ്സില്‍ ഉപവിഷ്ടരായിരുന്ന എല്ലാവര്‍ക്കും മനസ്സിലായി. തന്‍റെ അച്ഛന്‍ പെങ്ങളുടെ മക്കളായ പാണ്ഡവര്‍ക്ക് വന്ന ഈ നഷ്ടത്തില്‍ ശ്രീകൃഷ്ണന്‍ ഏറെ വേദനിച്ചു. കൃഷണ നിര്‍ദ്ദേശത്താല്‍ ഇന്ദ്രന്‍ദേവശില്പിയായ വിശ്വകര്‍മ്മാവിനെ, ഖാണ്ഡവ പ്രസ്ഥത്തില്‍ മനോഹരമായ ഒരു രമ്യ ഹര്‍മ്യം നിര്‍മ്മിയ്ക്കുവാന്‍ ഏര്‍പ്പാടാക്കി. കൃഷ്ണ ശക്തിയ്ക്ക് അതീതമായി ഒന്നുമില്ലെന്ന് ധൃതരാഷ്ട്രര്‍ അറിയാതെ പോയി. പില്‍ക്കാലത്ത് ഖാണ്ഡവ പ്രസ്ഥം ഇന്ദ്രപ്രസ്ഥമായി അറിയപ്പെട്ടു.

ഒരിയ്ക്കല്‍, സഞ്ചാരത്തിനിടെ നാരദന്‍ ഇന്ദ്രപ്രസ്ഥത്തിലെത്തി. ദ്രൌപതിയുമായുള്ള ദാമ്പത്യത്തില്‍, സഹോദരന്മാര്‍ തമ്മില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള കലഹം ഒഴിവാക്കാന്‍ അദ്ദേഹം ഒരു വ്യവസ്ഥ നിര്‍ദ്ദേശിച്ചു. ഊഴമനുസരിച്ച് ദ്രൗപദി ഓരോരുത്തരോടുമോപ്പം ഓരോ വര്‍ഷം കഴിയണം. ആരെങ്കിലും ഒരാള്‍ ഈ വ്യവസ്ഥയ്ക്ക് അറിയാതെപോലും ഭംഗം വരുത്തരുത്. വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന ആള്‍ ഒരു വര്‍ഷം തീര്‍ത്ഥാടനം നടത്തണം. നാരദ നിര്‍ദ്ദേശം പാണ്ഡവര്‍ക്ക് സ്വീകാര്യമായി. ഒരിയ്ക്കല്‍, തന്‍റെ ഗോക്കളെ ഒരു ചോരന്‍ മോഷ്ടിച്ചതായി ഒരു ബ്രാഹ്മണന്‍ കണ്ണീരോടെ അര്‍ജ്ജുനോടു അപേക്ഷിച്ചു. ചോരനോടെതിര്‍ത്ത് തന്‍റെ ഗോക്കളെ മോചിപ്പിച്ചു തരാന്‍ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ചു. തന്‍റെ ആയുധങ്ങള്‍ യുധിഷ്ഠിരനോടൊപ്പം പാഞ്ചാലി ഇരിയ്ക്കുന്ന മുറിയിലാണന്നറിഞ്ഞ അദ്ദേഹം ബ്രാഹ്മണനോട്‌ അല്പം ക്ഷമിയ്ക്കാന്‍ അപേക്ഷിച്ചു. ഉടനെന്തങ്കിലും ചെയ്തില്ലെങ്കില്‍ താന്‍ ശപിയ്ക്കുമെന്നായി ബ്രാഹ്മണന്‍. മനസ്സില്ലാ മനസ്സോടെ അര്‍ജ്ജുനന്‍ മുറിയില്‍ കയറി ആയുധമെടുത്തു. കര്‍ത്തവ്യ നിര്‍വ്വഹണത്തിന് ശേഷം, അര്‍ജ്ജുനന്‍ തീര്‍ഥാടനത്തിന് പുറപ്പെടാനൊരുങ്ങി. ധര്‍മ്മ മാര്‍ഗ്ഗത്തില്‍, കര്‍ത്തവ്യ നിര്‍വ്വഹണം പവിത്രമായിക്കണ്ട യുധിഷ്ഠിരന്‍ അനുജനെ തടഞ്ഞങ്കിലും , അദ്ദേഹത്തിന്‍റെ തീരുമാനം ഉറച്ചതായിരുന്നു.

അര്‍ദ്ധരാത്രിയോടെ അര്‍ജ്ജുനന്‍ ഗംഗാ തീരത്തെത്തി. സ്നാനത്തിനായി നദിയിലിറങ്ങിയ അര്‍ജ്ജുനനില്‍ അവിടെ ക്രീഡച്ചിരുന്ന നാഗ രാജ കന്യക ഉലുപി അനുരക്തയായി. തന്‍റെ ബ്രഹ്മചര്യ നിഷ്ഠയെ പറ്റി അര്‍ജ്ജുനന്‍ അവളെ ബോദ്ധ്യപ്പെടുത്തി. ഈ വ്യവസ്ഥ ദ്രൗപതിയ്ക്ക് മാത്രമേ ബാധകമാകൂ എന്നായി ഉലുപി. പിന്നീട് ഉലുപിയില്‍ അര്‍ജ്ജുനന് ഇരവാന്‍ എന്നൊരു പുത്രന്‍ ജനിച്ചു. യാത്രയ്ക്കിടയില്‍, അര്‍ജ്ജുനന്‍ പാണ്ട്യ രാജ്യത്തോടു ചേര്‍ന്ന മണലൂരിലെത്തി, രാജാവായ ചിത്രസേനന്‍റെ ആതിഥ്യം സ്വീകരിച്ചു. രാജാവ്‌, തന്‍റെ പുത്രിയായ ചിത്രാംഗദയെ അര്‍ജ്ജുനന് വധുവായി നല്‍കി. അവളോടൊപ്പം കുറച്ചു നാളുകള്‍ കഴിഞ്ഞ ശേഷം അദ്ദേഹം ഹസ്തിനപുരത്തിലെത്തി. കൃഷ്ണ സഹോദരനായ ഗദനുമായി സൗഹൃദം പുലര്‍ത്തി. ഗദനില്‍ നിന്ന് സുഭദ്രയുടെ സൗന്ദര്യത്തെ പറ്റി കേട്ടറിഞ്ഞ അര്‍ജ്ജുനന്‍ അവളെ നേരില്‍ക്കാണായ് തിരക്കിട്ടു. യതി വേഷത്തില്‍ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തെ, സുഭദ്രയും മനസ്സാ വരിച്ചു. കൃഷണന്‍റെ പൂര്‍ണ്ണ സമ്മതത്തോടും ആശംസയോടും കൂടി അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വ വിധി പ്രകാരം വിവാഹം ചെയ്ത് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് കൂട്ടി. (ദ്വാപരയുഗത്തില്‍, പുരുഷന്മാര്‍ക്ക് ഒന്നിലധികം സ്ത്രീ ബന്ധങ്ങള്‍ നിഷിദ്ധമായിരുന്നില്ല. ഈ ബന്ധങ്ങളെ പരസ്പരം അംഗീകരിയ്ക്കാനും, ഉള്‍ക്കൊള്ളാനും അവര്‍ തയ്യാറായിരുന്നു.)

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനുമായി യമുനാതീരത്തെത്തി. യമുനയുടെ കുളിര്‍ കാറ്റേറ്റപ്പോള്‍, കൃഷ്ണനില്‍ തന്‍റെ പ്രണയിനിയായ രാധയുടെയും, ഗോപികമാരുടെയും ഗതകാലസ്മരണയുണ്ടായി. സ്മരണകളില്‍ നിന്ന് കൃഷ്ണനെ വിമുക്തനാക്കാന്‍, അര്‍ജ്ജുനന്‍ കൃഷ്ണനു മായി യമുനാതീരത്തു കൂടി ഏറെ ദൂരം നടന്നു. യാത്രയ്ക്കൊടുവില്‍ അവര്‍ ഖാണ്ഡവവനമെന്ന ഘോര വനത്തിലെത്തി. ഒരു വൃക്ഷ കൊമ്പില്‍ അവരിരുവരും ഇരുന്നു. സ്വര്‍ണ്ണ നിറമുള്ള തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അപ്പോള്‍ അവിടെ എത്തി. അദ്ദേഹം മുഖവുര കൂടാതെ കാര്യത്തിലേയ്ക്ക് കടന്നു. ഞാന്‍ അഗ്നിയാണ്. ക്ഷുത്തൃപീഡിതനായ ഞാന്‍ ഏറെ നാളായി ഈ വനം ദഹിപ്പിച്ചു എന്‍റെ വിശപ്പടക്കാന്‍ ശ്രമിയ്ക്കുന്നു. അപ്പോഴെല്ലാം ഇന്ദ്രന്‍ തന്‍റെ സുഹൃത്തായ തക്ഷകന്‍റെ ആവാസ കേന്ദ്രമായ ഈ വനം ദഹിപ്പിയ്ക്കുന്ന ഉദ്യമത്തില്‍ നിന്ന് എന്നെ തടയുന്നു. എന്‍റെ ആഗ്രഹം നിങ്ങള്‍ നിറവേറ്റിത്തരണം. അര്‍ജ്ജുനന്‍ പ്രതികരിച്ചു. അസ്ത്രങ്ങള്‍ തൊടുക്കാനുള്ള ധനുസ്സ് എന്‍റെ പക്കലില്ല. മാത്രമല്ല, വേഗത കൂടിയ തേരും ലഭ്യമാക്കിയാല്‍ അങ്ങയുടെ ആഗ്രഹം ഞാന്‍ നിറവേറ്റാം. അഗ്നി, വരുണന്‍റെ സഹായത്താല്‍ ഗാണ്ഡീവം എന്ന ശ്രേഷ്ഠമായ ധനുസ്സും, എണ്ണിയാല്‍ ഒടുങ്ങാത്ത അമ്പുകള്‍ നിറച്ച തൂണിരവും പാര്‍ത്ഥന് നല്‍കി. കൂടാതെ നാലു കുതിരകളെ പൂട്ടിയ വേഗത ഏറിയ തേരും. നാരായണ ദത്തമായ സുദര്‍ശനവും , കൌമേദകം എന്ന ഗദയും അഗ്നി ശ്രീകൃഷ്ണനു നല്‍കി. നോക്കി നില്‍ക്കെ അഗ്നി താണ്ഡവമാടി. ഇന്ദ്രന്‍ വാര്‍ത്ത അറിഞ്ഞു. അദ്ദേഹം പേമാരി പെയ്യിച്ചു അഗ്നിയെ കെടുത്താന്‍ ശ്രമം നടത്തി. അര്‍ജ്ജുനന്‍ അസ്ത്രത്താല്‍ മേഘങ്ങളെ തടഞ്ഞുനിര്‍‍ത്തി. ഈ സമയം തക്ഷക പുത്രനായ അശ്വസേനന്‍ തന്‍റെ അമ്മയുടെ സാഹസ പ്രവര്‍ത്തി മൂലം രക്ഷപ്പെട്ടു . ഇന്ദ്രന്‍ പുഷ്ക്കല, ആവര്‍ത്തക എന്നീ മേഘജാലങ്ങളെ ആഹ്വാനം ചെയ്തു. അര്‍ജ്ജുന ശരപേടകം തകര്‍ക്കാന്‍, മേഘങ്ങള്‍ വര്‍ഷിച്ച പേമാരിക്കായില്ല. തോല്‍വി സമ്മതിയ്ക്കാന്‍ തയ്യാറല്ലാത്ത ഇന്ദ്രന്‍ വായ വ്യാസ്ത്രം പ്രയോഗിച്ച് അതി ഭയങ്കരമായ കാറ്റു സൃഷ്ടിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു. അര്‍ജ്ജുനന്‍ പ്രത്യസ്ത്രത്താല്‍ ഇന്ദ്രനെ പാരാജയപ്പെടുത്തി. ഇന്ദ്രന്‍ വജ്രായുധം ചുഴറ്റിയപ്പോള്‍ ആകാശത്ത് നിന്ന് അശരീരി ഉണ്ടായി. ഇന്ദ്രാ! അങ്ങയുടെ സുഹൃത്ത് തക്ഷകന്‍ ഖാണ്ഡവ വനത്തിലില്ല. തക്ഷക പുത്രനും രക്ഷപ്പെട്ടിരിക്കുന്നു. നരനാരായണന്മാരായ അര്‍ജ്ജുനനോടും കൃഷ്ണനോടും യുദ്ധത്തില്‍ ജയിയ്ക്കാന്‍ താങ്കള്‍ക്കാവില്ല. അവര്‍ അജയ്യരാണ്. ഇന്ദ്രന്‍ തോല്‍വി സമ്മതിച്ചു അവരുടെ മുന്നിലെത്തി. ദിവ്യങ്ങളായ അസ്ത്രശസ്ത്രങ്ങള്‍ വേണ്ട അവസരത്തില്‍ പുത്രന് നല്‍കാമെന്ന് ഇന്ദ്രന്‍ വാഗ്ദാനം ചെയ്തു. പുത്രനെ അനുഗ്രഹിച്ചു. കൃഷ്ണനെ വണങ്ങി തിരിച്ചു പോയി. അഗ്നിയും സംതൃപ്തിയോടെ വിടവാങ്ങി. ഖാണ്ഡവ വനത്തില്‍ പടര്‍ന്ന അഗ്നിയില്‍ നിന്ന് അര്‍ജ്ജുനന്‍ രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി അവരുടെ മൈത്രി സ്വീകരിച്ചു.

തന്‍റെ ജീവന്‍ രക്ഷിച്ച അര്‍ജ്ജുനനു വേണ്ടി, എന്തെങ്കിലും ചെയ്യണമെന്നു മയന്‍ ആഗ്രഹിച്ചു. ജ്യേഷ്ഠനു വേണ്ടി നല്ലൊരു രാജസഭ നിര്‍മ്മിയ്ക്കണമെന്ന ആഗ്രഹം അര്‍ജ്ജുനന്‍ പ്രകടിപ്പിച്ചു. അസുര ശില്പിയായ മയന്‍ ആ ദൌത്യം സന്തോഷപ്പൂര്‍വ്വം സ്വീകരിച്ചു. നാലുമാസത്തിനുള്ളില്‍ മയന്‍ രമ്യമായ സഭാതലം പൂര്ത്തിയാക്കി. കൈലാസ പര്‍വ്വതത്തിനും, മൈനാക പര്‍വ്വതത്തിനും ഇടയിലുള്ള ബിന്ദു സരസ്സില്‍ അനേകം പാത്രങ്ങളിലായി വിശിഷ്ട രത്നങ്ങള്‍ ഉണ്ടെന്നും, അതുകൊണ്ട് സഭാതലം മോടിപിടിപ്പിച്ചാല്‍ ആകര്‍ഷകമാകുമെന്നും മയന്‍ അറിയിച്ചു. അര്‍ജ്ജുനനുമായി ബിന്ദു സരസ്സില്‍ എത്തിയ മയന്‍ രത്നങ്ങള്‍ക്കൊപ്പം കിട്ടിയ ദേവദത്തം എന്ന ശ്രേഷ്ഠമായ ശംഖു അര്‍ജ്ജുനന് ദാനം ചെയ്തു. വിഖ്യാതമായ ഒരു ഗദ കൂടി അവിടുന്ന് കണ്ടെടുത്തു. ഈ ഗദ, മയന്‍ ഭീമന് നല്‍കി. ഈ ബിന്ദു സരസ്സില്‍ വെച്ചാണ്‌ ശിവന്‍റെ ജടയില്‍ നിന്നും ഗംഗാനദി ബിന്ദുക്കളായി ഭൂമിയില്‍ പതിച്ചത്. ഈ സരസ്സില്‍ നിന്നും ഗംഗാ നദി പശ്ചിമത്തിലേയ്ക്കും, പൂര്‍വ്വത്തിലേയ്ക്കുമായി മുമൂന്നായ്‌ പിരിഞ്ഞു. ശേഷിച്ച ഗംഗാ ജലത്തെ ഭഗീരഥന്‍ തന്‍റെ രാജ്യത്തിലേയ്ക്ക് കൊണ്ടു പോയി. അതിനാല്‍ ബിന്ദു സരസ്സ് സപ്ത നദികളുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്നു.

യമ നിര്‍മ്മിതമായ യുധിഷ്ഠിരന്‍റെ രാജസഭ ഇന്ദ്രസഭാതലമായ സുധര്‍മ്മ യെ പോലും വെല്ലുന്നതായിരുന്നു. നേട്ടങ്ങള്‍ ഏറെ ആയപ്പോള്‍, ധാര്‍മ്മികനായ രാജാവ്‌ ഒരു രാജസൂയം നടത്തിയാല്‍, അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ക്ക് ഇന്ദ്ര തുല്യമായ പദവി ലഭിയ്ക്കുമെന്ന് നാരദന്‍ പ്രസ്താവിച്ചു. എന്തും കൃഷ്ണാഭിപ്രായത്തിനു വിടുന്ന യുധിഷ്ഠിരന്‍ ഈ ആഗ്രഹവും കൃഷ്ണനെ അറിയിച്ചു. രാജസൂയം നടത്തുന്നതിനു മുന്‍പു ശത്രു രാജ്യങ്ങളെ കീഴടക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. അജയ്യനായിരുന്ന ജരാസന്ധന്‍ കൃഷ്ണനെപ്പോലും പതിന്നെട്ടു തവണ യുദ്ധത്തില്‍ വെല്ലു വിളിച്ചവനാണ്. ജരാസന്ധന്‍റെ ജാമാതാവായിരുന്ന കംസന്‍ തന്‍റെ മാതുലനായിരുന്നതിനാല്‍ കൃഷ്ണന്‍ പല തവണയും അദ്ദേഹത്തെ കൊല്ലാതെ വിട്ടു. മൂന്നു വശവും സമുദ്രത്താലും ഒരു വശം രൈവതക പര്‍വ്വതത്താലും ചുറ്റപ്പെട്ട ദ്വാരകയിലേയ്ക്ക് കൃഷ്ണന്‍ താമസം മാറ്റിയതും, ഒരു തരത്തില്‍ ജരാസന്ധാക്രമണം ഒഴിവാക്കാനാണ്. എന്നിട്ടു പോലും ജരാസന്ധന്‍ തന്‍റെ രാജ്യത്ത് നിന്ന് നൂറു യോജന അകലെയുള്ള ദ്വാരക ലകഷ്യമാക്കി ഗദ ചുഴറ്റി എറിഞ്ഞു. ഗദ രൈവത പര്‍വ്വതത്തില്‍ തറച്ചു. ഗദയില്ലാതായതോടെ ജരാസന്ധന്‍റെ ശക്തി പകുതി കുറഞ്ഞു. ശിവ ഭക്തനായ ജരാസന്ധന്‍ തന്‍റെ ശ്രേഷ്ഠമായ ഹോമ പൂര്‍ത്തീകരണത്തിന് വേണ്ടി അനേകം രാജ്യം കീഴ്പ്പെടുത്തി, രാജാക്കന്മാരെ തടവില്‍ പാര്‍പ്പിച്ചു. ഹോമാവസാനം ഈ രാജാക്കന്മാരുടെ ശിരസ്സ് ഹോമകുണ്ഡത്തില്‍ അര്‍പ്പിയ്ക്കുക എന്നതായിരുന്നു ജരാസന്ധന്‍റെ ലകഷ്യം. ഏതു വിധത്തിലും ജരാസന്ധനെ വധിച്ച് ഈ രാജാക്കന്മാരെ വിമുക്തരാക്കണമെന്ന്‌ കൃഷ്ണന്‍ ഉറച്ചു. അപ്പോഴാണ്‌ യുധിഷ്ഠിരന്‍റെ രാജസൂയാഭിലാഷം വീണു കിട്ടിയത്. കൃഷ്ണന്‍ ജരാസന്ധനോട് തുല്യം കിടപിടിയ്ക്കത്തക്ക ശക്തിയുള്ള ഭീമസേനനേയും, അര്‍ജ്ജുനനേയും കൂട്ടി മഗധയിലേയ്ക്ക് തിരിച്ചു. സനാതന്മാരുടെ (ഗൃഹസ്താശ്രമം ആചരിയ്ക്കാത്ത ബ്രഹ്മചാരികളായ വൈദിക ബ്രാഹ്മണര്‍ ) വേഷത്തിലാണ് മൂവരും മഗധയിലെത്തിയത്.

വഴിയ്ക്ക് ജരാസന്ധന്‍റെ ജനനത്തെ പറ്റിയും അദ്ദേഹത്തിന്‍റെ അജയ്യ ശക്തിയെ പറ്റിയും കൃഷ്ണന്‍ അവരെ അറിയിച്ചു. മഗധ രാജാവായ ബൃഹദ്രഥന്‍, ഗിരിവൃജ എന്ന പര്‍വ്വത സാനുവിലാണ് തന്‍റെ രാജധാനി നിര്‍മ്മിച്ചിരുന്നത്. അദ്ദേഹം കാശി രാജാവിന്‍റെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തെങ്കിലും, ഏറെക്കാലം അവര്‍ക്ക് കുട്ടികളുണ്ടായില്ല. നിരാശനായ രാജാവ് തന്‍റെ പത്നിമാരുമായി വനവാസത്തിനു പുറപ്പെട്ടു. വനത്തില്‍ വെച്ചു രാജാവ് ചണ്ഡ കൗശികന്‍ എന്ന സന്യാസിയെ കാണാനിടയായി. സന്യാസി വിശിഷ്ടമായ ഒരു മാമ്പഴം രാജാവിന്‌ നല്‍കി. ഈ മാമ്പഴം അങ്ങയുടെ പത്നിമാര്‍ക്ക് നല്‍കുക, താമസിയാതെ ഇവര്‍ ഗര്‍ഭിണികളാകും. കൊട്ടാരത്തിലെത്തിയ രാജാവ് മാമ്പഴം മുറിച്ചു തന്‍റെ രണ്ടു പത്നിമാര്‍ക്കുമായി നല്‍കി. വൈകാതെ ഗര്‍ഭം ധരിച്ച അവര്‍ പ്രസവിച്ചതാകട്ടെ അപൂര്‍ണ്ണരായ രണ്ടു ശിശുക്കളെ. പരിചാരിക ഈ കുട്ടികളെ തുണിയില്‍ പൊതിഞ്ഞു വെളിയിലിട്ടു. ഈ സമയം അവിടെ എത്തിയ ജര എന്ന രാക്ഷസി ഭക്ഷിയ്ക്കാനുള്ള വ്യഗ്രതയില്‍ ഈ രണ്ടു മാംസക്കഷണങ്ങളും ഒന്നിച്ചു ചേര്‍ത്തു. അത്ഭുതമെന്ന് പറയട്ടെ, തല്‍ക്ഷണം ആ മാംസപിണ്ഡത്തില്‍ ജീവന്‍റെ തുടിപ്പുണ്ടായി. കുഞ്ഞു ഉറക്കെ കരഞ്ഞു. ജരയാല്‍ സന്ധിയ്ക്ക്പ്പെട്ടതു കൊണ്ട് രാജാവ് കുട്ടിയ്ക്ക് ജരാസന്ധന്‍ എന്ന് പേരിട്ടു. ഏറെ സ്നേഹ ലാളനകളെറ്റതു കൊണ്ടു അവന്‍ ക്രൂരനും ദുഷ്ടനുമായി തീര്‍ന്നു.

സ്താതന്മാരുടെ വേഷത്തിലെത്തിയവര്‍ കൃഷ്ണനും, പാണ്ഡു പുത്രന്മാരുമാണെന്ന് ജരാസന്ധന്‍ തിരിച്ചറിഞ്ഞു. ജന്മമുണ്ടെങ്കില്‍ മരണവും നിശ്ചയം. ഭയപ്പെട്ട് പിന്‍തിരിയുന്നവന് വീരനെന്ന അവകാശ വാദത്തിനര്‍ഹനല്ല. നിമിത്തങ്ങള്‍ പലതും എതിരായി കണ്ട ജരാസന്ധന്‍ ഒന്ന് പകച്ചു. അദ്ദേഹം തന്‍റെ പുത്രന്‍ സഹദേവനെ ആ നിമിഷം യുവരാജാവായി അഭിഷേകം ചെയ്തു. തന്നോടെതിര്‍ക്കാന്‍ പറ്റിയ ആള്‍ ഭീമന്‍ തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു. ആകാരബലത്തില്‍ രണ്ടുപേരും തുല്യരായിരുന്നു. ദ്വന്ദയുദ്ധത്തില്‍ ഭീമന്‍ തളരുന്നത് കണ്ട കൃഷ്ണന്‍. വായു പുത്രന്‍റെ അമാനുഷിക ശക്തിയെ പറ്റി പുകഴ്ത്തി. സടകുടെഞ്ഞുഴുന്നെറ്റ ഭീമ ശക്തി, ജരാസന്ധനെ എടുത്തു പൊക്കി, കൈകാലുകള്‍ വലിച്ചു കീറി നടുവെ രണ്ടായി പിളര്‍ത്തി എറിഞ്ഞു. തിരിഞ്ഞു നോക്കുമ്പോള്‍, അതാ ജരാസന്ധന്‍ വീണ്ടും പുനര്‍ജ്ജനിച്ചിരിയ്ക്കുന്നു. തന്ത്ര ശാലിയായ കൃഷ്ണന്‍, ഭീമന്‍റെ ദൃഷ്ടിയ്ക്ക് കാണും വിധം ഒരു വാഴയില രണ്ടായി കീറി തല തിരിച്ചിട്ടു. കാര്യം ഗ്രഹിച്ച ഭീമന്‍ ജരാസന്ധനെ വീണ്ടും എടുത്തു പൊക്കി വലിച്ചു കീറി തലകീഴായ്‌ എതിര്‍ ദിശയില്‍ മറിച്ചിട്ടൂ . ശങ്കര ഭക്തനും, അജയ്യനുമായ ജരാസന്ധന്‍ മരിച്ചു. കൃഷ്ണന്‍, ജരാസന്ധന്‍ തടവിലാക്കിയ രാജാക്കന്മാരെ മോചിപ്പിച്ചു. അവരുടെ രാജ്യം അവര്‍ക്ക് തിരിച്ചു നല്‍കി. കൂടാതെ രാജസൂയത്തിന്‍ അവരെ ക്ഷണിയ്ക്കുകയും ചെയ്തു.

ജരാസന്ധ നിഗ്രഹത്തിനു ശേഷം ഇന്ദ്രപ്രസ്ഥത്തിലെത്തിയ കൃഷ്ണന്‍, രാജസൂയത്തിന് കണ്ടു മുട്ടാമെന്ന ധാരണയില്‍ യുധിഷ്ഠിരനോട്‌ വിടപറഞ്ഞു. രാജസൂയത്തിനുള്ള വിഭവ സമാഹരണാര്‍ത്ഥം അര്‍ജ്ജുനന്‍ ഉത്തര ദിക്കിലേയ്ക്കും. ഭീമന്‍ പൂര്‍വ്വ ദിക്കിലേയ്ക്കും യാത്ര തിരിച്ചു. സഹദേവന്‍ ദക്ഷിണ ദിക്കിലേയ്ക്കും, നകുലന്‍ പശ്ചിമ ദിക്കിലേയ്ക്കും തിരിച്ചു. ഉത്തര ദിക്കിലേയ്ക്ക് തിരിച്ച അര്‍ജ്ജുനന്‍ സാല്യനെ പരാജയപ്പെടുത്തി കൂട്ടത്തില്‍ അനേകം ചെറു രാജ്യങ്ങളും കീഴ്പ്പെടുത്തി അധീനത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രാഗ് ജ്യോതിഷത്തിലെത്തി അര്‍ജ്ജുനന്‍ ഭഗദത്തനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി. അര്‍ജ്ജുനന്‍റെ ശൌര്യത്തില്‍ മതിമറന്ന ഭഗദത്തന്‍ രാജസൂയത്തിന്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജലന്ധരത്തിലെ ത്രിഗര്‍ത്തന്‍മാരെ അര്‍ജ്ജുനന്‍ യുദ്ധത്തില്‍ തോല്പിച്ചു. ഈ കീഴ്പ്പെടുത്തിലുടെ, സൗഹൃദത്തിന് പകരം ത്രിഗര്‍ത്തന്‍മാര്‍ പാണ്ഡവ ശത്രുക്കളാകുകയാണുണ്ടായത്. കുരുക്ഷേത്ര യുദ്ധം തീരുവോളം ഈ വൈരാഗ്യ ബുദ്ധി ദുര്യോധന പക്ഷം ചേര്‍ന്ന് അവര്‍ തുടര്‍ന്നു. പിന്നീട് അര്‍ജ്ജുനന്‍ മേരു സാനുവായ ജംബുവിലെത്തി. എന്നും പുഷ്പിക്കുന്ന ജംബു എന്ന വിശിഷ്ടമായ ചെടി ഇവിടെ പടര്‍ന്നു കിടന്നിരുന്നു. തന്മൂലം ഈ പ്രദേശം സിദ്ധചാരണന്മാര്‍ക്ക് പ്രിയംകരമായിരുന്നു. ഭാരത വര്‍ഷത്തിന് ജംബുദ്വീപ് എന്ന പേര് അന്വര്‍ത്ഥമാണ്. തുടര്‍ന്ന് ഗന്ധ മാദനത്തിലേയ്ക്ക് പോയ അര്‍ജ്ജുനന്‍ അവിടെ നിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് മടങ്ങി. യാത്രയിലുടനീളം അദ്ദേഹത്തിന് വിശിഷ്ടങ്ങളായ രത്നങ്ങളും ധനവും സംഭരിയ്ക്കാന്‍ കഴിഞ്ഞു. ഇതോടെ അര്‍ജ്ജുനന്‍ ധനഞ്ജയന്‍ എന്ന പേരിനുടമയായി. പൂര്‍വ്വ ദിക്കിലേയ്ക്ക് പോയ ഭീമന്‍ പാഞ്ചാലവും, മിഥിലയും കടന്ന് ചേദിയിലെത്തി. ചേദി രാജാവ് ശിശുപാലന്‍ ഭീമനെ സൗഹൃദ പൂര്‍വ്വം സ്വീകരിച്ച് ഉപചാരങ്ങള്‍ നല്‍കി. രാജസൂയത്തിനെത്തുമെന്ന് ഉറപ്പും നല്‍കി. മഗധ രാജാവായ സഹദേവനും ഭീമനെ വേണ്ട വിധം ഉപഹാരങ്ങള്‍ നല്‍കി സല്‍ക്കരിച്ചു. യാത്രയ്ക്കിടയില്‍ സഹദേവന്‍ ദന്തവക്ത്രന്‍, ശ്രേണി മുതലായ രാജാക്കന്മാരെ പരാജയപ്പെടുത്തി. അവന്തിയിലെ വിന്ദാനു വിന്ദന്മാരെ തോല്പിച്ച്, മാഹിഷ്മതീ നഗരിയിലെത്തി നീലനെന്ന രാജാവിനോട് യുദ്ധം ചെയ്തു. സഹദേവന്‍റെ യാത്ര തികച്ചും ഫലപ്രദമായിരുന്നു. അദ്ദേഹം ഭീമ പുത്രനായ ഘടോല്‍കചനെ ക്ഷണിച്ചു വരുത്തി ലങ്കയിലെ വിഭീഷണനെ രാജസൂയത്തിന് ക്ഷണിയ്ക്കാന്‍ നിയോഗിച്ചു. പിന്നീട് പാണ്ഡുരാജ്യത്ത് പോയി അര്‍ജ്ജുന പത്നിയായ ചിത്രാംഗദയേയും, പുത്രനായ ബഭ്രുവാഹനനെയും രാജസൂയ വാര്‍ത്ത അറിയിച്ചു. നകുലന്‍റെ യാത്രയും ശുഭപര്യവസായിയായിരുന്നു. അദ്ദേഹം കൃഷ്ണവംശജരെ മുഴുവന്‍ രാജസൂയത്തിന്‍ ക്ഷണിച്ചു.

വിഭവ സമാഹരണത്തോടെ രാജസൂയത്തിന്‍റെ പ്രാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. ക്ഷണിതാക്കളില്‍ ആദ്യമെത്തിയത്‌ കൃഷണനായിരുന്നു. തുടര്‍ന്ന് ഭീഷ്മര്‍, ദ്രോണര്‍, വ്യാസന്‍ മുതലായ മഹാരഥന്‍മാരും, പ്രബലരും ശ്രേഷ്ഠരുമായ രാജാക്കന്മാരും എത്തിച്ചേര്‍ന്നു. ആഘോഷത്തിന്‍റെ പ്രഥമ ചടങ്ങായി യുധിഷ്ഠിരന്‍റെ കിരീട ധാരണം നടന്നു. എല്ലാ മഹര്‍ഷി ശ്രേഷ്ഠന്മാരും, രാജാക്കന്മാരും അദ്ദേഹത്തെ അനുഗ്രഹിച്ചു. സിംഹാസനത്തിലിരുന്ന ശ്രീകൃഷ്ണന്‍റെ ചെറു പുഞ്ചിരിയിലൂടെ, കുരുകുലത്തിന്‍റെ ഭാവി കണ്ടറിഞ്ഞ നാരദന്‍ എല്ലാം വിധിയുടെ നേട്ടത്തിനായി സ്വരുക്കൂട്ടി. കിരീടം ധാരണത്തിനു ശേഷം ഭീഷ്മ നിര്‍ദ്ദേശത്താല്‍ അഗ്രാസനാധിപതിയായി പാണ്ഡവര്‍ ശ്രീകൃഷ്ണനെ തിരഞ്ഞെടുത്തു. സഹദേവന്‍ നിറഞ്ഞോഴുകുന്ന കണ്ണുനീരോടെ, കൃഷ്ണ പാദങ്ങള്‍ കഴുകി അഗ്രാസനത്തിലിരുത്തി. അര്‍ഘ്യ പാദ്യങ്ങള്‍ കൊണ്ടു മൂടി. ഭക്തരുടെ കണ്ണീരില്‍ മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന കൃഷ്ണ പാദങ്ങള്‍, മോക്ഷ ദായകവും, പുണ്യഫല പ്രദവുമാണ്. തീര്‍ച്ചയായും സഹദേവന്‍റെ പുണ്യഫലങ്ങള്‍ ഇരട്ടിച്ചു കാണും. ശ്രീകൃഷ്ണനെ അഗ്രാസനത്തിലുപവിഷ്ഠനാക്കിയത്, ചേദി രാജാവായ ശിശുപാലനു ഉള്‍ക്കൊള്ളാനായില്ല. താന്‍ ഭാര്യയാക്കാന്‍ കൊതിച്ച രുഗ്മിണിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കൃഷ്ണന്‍ ശിശുപാലന് ശത്രു ആയിരുന്നു. അദ്ദേഹം കൃഷ്ണനെ നാരീഹരനെന്നും, ഗോപാലനെന്നും വിളിച്ചു അധിക്ഷേപിച്ചു കൂട്ടത്തില്‍ ഭീഷ്മരെയും വെറുതെ വിട്ടില്ല നദീ പുത്രനെന്നാണ് അദ്ദേഹം ഭീഷ്മരെ സംബോധന ചെയ്തത് . സകലര്‍ക്കും പ്രിയങ്കരയും അഭീഷ്ട ദായകയുമായ ഗംഗയെ ഒരു അഭിസാരിക എന്നാണ് വീണ്ടും വീണ്ടുമുള്ള പദ പ്രയോഗത്തിലുടെ ശിശുപാലന്‍ വിവക്ഷിച്ചത്‌. ഭീഷ്മര്‍ ഷണ്ഡനായതു കൊണ്ടാണ് ബ്രഹ്മചര്യം അനുഷ്ഠിച്ച് ധാര്‍മ്മികനെന്നു നടിയ്ക്കുന്നതെന്നും ശിശുപാലന്‍ പരസ്യമായി വിമര്‍ശിച്ചു. ശിശുപാലന്‍റെ വാക്കുകള്‍ സഹനത്തിനപ്പുറമായിട്ടും ഭീഷ്മരും, കൃഷ്ണനും പ്രതികരിച്ചില്ല. പവിത്രമായ അന്തരീക്ഷം കലുഷമാകാതിരിയ്ക്കാന്‍ അവരത്ര മാത്രം സംയമനം പാലിച്ചു.

ശിശുപാലന്‍ വസുദേവരുടെ ഇളയപെങ്ങളുടെ മകനായിരുന്നു. തന്മൂലം കൃഷ്ണ ബന്ധുവും, ജന്മനാ ശിശുപാലന്‍ നാലുകൈകളും മൂന്ന് കണ്ണുമുള്ള വികൃത രൂപമായിരുന്നു. ശിശുവിനെ കൊല്ലാന്‍ വിധിയ്ക്കപ്പെട്ടവന്‍റെ മടിയില്‍ ഇരുത്തിയാല്‍ കുട്ടിയുടെ വൈകൃതം മാറുമെന്ന് അശരീരി ഉണ്ടായി. അതറിയാതെ ബലരാമനോടൊപ്പം കൊട്ടാരത്തിലെത്തിയ കൃഷ്ണന്‍റെ മടിയില്‍ അവന്‍റെ അമ്മ യാദൃശ്ചികമായി കുട്ടിയെ കിടത്തി. കുഞ്ഞ് മനുഷ്യ പ്രകൃതിയായി, അതോടെ കൃഷ്ണന്‍ അവന്‍റെ അന്തകനും. അച്ഛന്‍ പെങ്ങളുടെ ദുഃഖത്തില്‍ സഹതാപം തോന്നിയ കൃഷ്ണന്‍ , ശിശുപാലന്‍റെ നൂറ്റി ഒന്ന് തെറ്റുകള്‍ക്ക് താന്‍ മാപ്പു നല്‍കുമെന്ന് ആശ്വസിപ്പിച്ചു.

ഇതൊന്നും അറിയാതെ ശിശുപാലന്‍ കൃഷ്ണനെ പോരിന് വിളിച്ചു. വധുവിനെ കട്ടുകൊണ്ടു പോകുന്ന പോലെയോ, ഗോപസ്ത്രീകളുടെ ഉടുവസ്ത്രം മോഷ്ടിച്ച് മിടുക്കനാകുന്നത് പോലെയോ അല്ല തമ്മില്‍ തമ്മിലുള്ള പോരാട്ടം. ആണത്വമുണ്ടെങ്കില്‍ യുദ്ധത്തിനിറങ്ങി വരുക. ശിശുപാലന്‍റെ പോര്‍വിളി ദിഗന്തം കുലുക്കി. കൃഷ്ണന്‍റെ കണ്ണുകള്‍ രക്ത വര്‍ണ്ണമായി. അദ്ദേഹം സുദര്‍ശനം ചുഴറ്റി എറിഞ്ഞു. ശിശുപാലന്‍റെ ശിരസ്സ് വേറിട്ടു. അതില്‍ നിന്ന് പൊന്തിയ ഒരു ജ്യോതിസ്സ് ഭഗവല്‍ പാദങ്ങളില്‍ അര്‍ച്ചന നടത്തി. നിഷേധത്തിലൂടെ ശിശുപാലന്‍ വിഷ്ണു ലോകം പ്രാപിച്ചു. നിഷിയ്ക്കുന്നവന്‍റെ മനസ്സ് ഭജിയ്ക്കുന്നവന്‍റെ മനസ്സിനെക്കാള്‍ ഏകാഗ്രമെന്ന് ഭഗവാനല്ലാതെ ആര്‍ക്കാണ് തിരിച്ചറിയാന്‍ കഴിയുക. ഓരോ ജന്മവും ഭഗവല്‍ കാരുണ്യത്തിന് അത്രമാത്രം കടപ്പെട്ടിരിയ്ക്കുന്നു. തന്‍റെ ദ്വാര പാലകമാരിലോരാളായി പുനര്‍ജ്ജനിച്ച ശിശുപാലന് ഈ മൃത്യുവിലുടെ ഭഗവാന്‍ മോക്ഷ പ്രാപ്തി നല്‍കി. ശുഭകരമായി ആരംഭിച്ച മംഗളമായ ചടങ്ങ് അശുഭകരമായി പര്യവസാനിച്ചത്തില്‍, കൃഷ്ണനുള്‍പ്പടെ ഏവരും ദുഖിച്ചു.

ക്ഷണിയ്ക്കപ്പെട്ട രാജാക്കന്‍മാര്‍ ഒന്നൊന്നായി യാത്ര പറഞ്ഞു മടങ്ങി. ദുര്യോധനന്‍, യുധിഷ്ഠിരന്‍റെ രാജസഭ ഒന്ന് ചുറ്റി നടന്നു കാണാന്‍ ആഗ്രഹിച്ചു. ഉള്ളില്‍ നിറഞ്ഞു പൊന്തിയ അസൂയയോടെ രാജ സഭയില്‍ കാലെടുത്തുവെച്ച ദുര്യോധനന്‍, സ്ഥലജല വിഭ്രാന്തിയ്ക്കടിമയായി, കാലിടറി വീണു - പാവം! ജലമെന്നു കരുതി വസ്ത്രം അല്പം പൊക്കി കാലെടുത്തു വെച്ചത് പളുങ്ക് പാകിയ തറയിലായിരുന്നു. മട്ടുപാവിലിരുന്ന് , ദുര്യോധനന്‍റെ ഈ ജ്യാള്യത കണ്ട ദ്രൌപദിയ്ക്ക് ചിരി അടക്കാനായില്ല - കുലനാശത്തിന്‍റെ ആദ്യ മണിയൊച്ചയായിരുന്നു ആ വീഴ്ചയും, അതിനോടനുബന്ധിച്ച ചിരിയുമെന്ന് പലരും അറിയാതെ പോയി.

പാണ്ഡവരുടെ സര്‍വ്വ സ്വത്തും തന്‍റെ അധീനതയില്‍ വരുത്തുവാനുള്ള തന്ത്രം അടുത്ത പടിയായി ദുര്യോധനന്‍ തന്‍റെ അമ്മാവന്‍ ശകുനിയുമായി ആലോചിച്ചു. ചൂതുകളി ഒരു ലഹരിയായി എക്കാലവും തലയ്ക്ക് പിടിച്ചിരുന്ന യുധിഷ്ഠിരനെ കള്ള ചൂതിലുടെ കെണിയില്‍ പെടുത്താനുള്ള തന്ത്രം അവര്‍ മിനഞ്ഞെടുത്തു. ധൃതരാഷ്ട്രരുടെ മുന്നില്‍ ദുര്യോധനന്‍ പ്രശ്നം അവതരിപ്പിച്ചു. ഉള്ളില്‍ പുത്രനെ അഭിനന്ദിച്ചെങ്കിലും, പുറമേ അദ്ദേഹം മകനെ ഉപദ്ദേശിച്ചു. മകനെ! നിന്‍റെ ബുദ്ധി തലതിരിഞ്ഞാണ് പ്രവര്‍ത്തിയ്ക്കുന്നത്. ഈ പണി നാശത്തിലേയ്ക്ക് വഴി തുറയ്ക്കും. ദുര്യോധനന്‍ ആത്മഹത്യ ഭീഷണി മുഴക്കി. ധൃതരാഷ്ട്രരുടെ കുടില ബുദ്ധി വീണ്ടും ഉണര്‍ന്നു. എന്‍റെ കുഞ്ഞേ! നിന്‍റെ ബുദ്ധി ഫലവത്താക്കാന്‍ ഞാന്‍ ഒരു വഴി പറയാം. നമുക്ക് ഹസ്തിനപുര പ്രാന്തമായ ജയന്ത ത്തില്‍ ഒരു സഭ നിര്‍മ്മിയ്ക്കാം. പണി പൂര്‍ത്തികരിച്ച ശേഷം, സഭ കാണാനായി നമുക്ക് പാണ്ഡവരെ ക്ഷണിയ്ക്കാം. ഈ സന്ദര്‍ഭം നിനയ്ക്ക് തന്ത്ര പരമായി പ്രയോജനപ്പെടുത്താം. തന്നേക്കാള്‍ കുടില ബുദ്ധിയായ അച്ഛനെ, ദുര്യോധനന്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. ചതിയിലൂടെ നേടിയെടുക്കുന്ന സന്തോഷം ക്ഷണികമാണെങ്കിലും അതിന് വീഞ്ഞിന്‍റെ ലഹരിയാണ്. കരള് നശിയ്ക്കുമെന്നറിഞ്ഞാലും വീണ്ടും വീണ്ടും കുടിക്കുന്ന കുടിയനെപ്പോലെ, ഒന്ന് സ്വയം നശിയ്ക്കുന്നു. മറ്റൊന്ന് മറ്റുള്ള വരെ നശിപ്പിയ്ക്കുന്നു. ദുര്യോധനനു പാണ്ഡവരോടോഴിച്ചു മറ്റാരോടും ശത്രുത ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രജാക്ഷേമ തല്പരനും ആശ്രിതവത്സലനുമായ രാജാവായിരുന്നു. ഉള്ളിലൊന്നു, പുറമേ മറ്റൊന്ന്, ആ ബുദ്ധി അച്ഛനോളം, മകനില്ല, ഒന്ന് കുടിലതയും, മറ്റൊന്ന് അസഹിഷ്ണുതയും.

ധൃതരാഷ്ട്ര നിര്‍ദ്ദേശത്താല്‍, ജയന്തത്തില്‍ വിശാലമായ ഒരു സഭ നിര്‍മ്മിയ്ക്കാനുള്ള ഏര്‍പ്പാടായി. പൂര്‍ത്തീകരണ ശേഷം, പാണ്ഡവരെ ക്ഷണിയ്ക്കുമ്പോഴുള്ള തന്ത്രവും അണിയറയില്‍ മെനഞ്ഞു തുടങ്ങി. വിവര മറിഞ്ഞ വിദുരര്‍ ഈ ദ്രോഹ ബുദ്ധിയില്‍ നിന്ന് പിന്മാറണമെന്ന് രാജാവിനെ പലവുരു ഉപദ്ദേശിച്ചു. പുത്ര സ്നേഹത്താല്‍ മത്തനായ രാജാവ് സ്വയം അഞ്ജത നടിച്ചു. സഭയുടെ പൂര്‍ത്തീകരണം കഴിഞ്ഞപ്പോള്‍, പാണ്ഡവരെ ഹസ്തിനപുരത്തിലേയ്ക്ക് ക്ഷണിയ്ക്കാനുള്ള ദൌത്യവും രാജാവ് വിദുരരെ ഏല്പിച്ചു. മനസ്സില്ലാമനസ്സോടെ ഇന്ദ്രപ്രസ്ഥ ത്തിലെത്തിയ വിദുരര്‍ ജയന്ത സഭയില്‍ സംഭവിയ്ക്കാന്‍ പോകുന്ന ആപത്തുകളെക്കുറിച്ച് യുധിഷ്ഠിരനു മുന്നറിയിപ്പ് നല്‍കി. സമയം അത്ര മേല്‍ മോശമായതിനാല്‍ യുധിഷ്ഠിരന്‍ വിദുരോപദേശത്തിന്‍റെ പൊരുള്‍ വേണ്ട വണ്ണം പിടികിട്ടിയില്ല. മുഹൂര്‍ത്ത ദിവസം തന്നെ പാണ്ഡവര്‍ കുടുംബസമ്മേതം ഹസ്തിനപുരിയിലെത്തി സഭയുടെ ഉദ്ഘാടനത്തിനു ശേഷം വലിയച്ഛന്‍റെ സ്നേഹ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ കുറച്ചു ദിവസം ഹസ്തിനപുരത്തില്‍ തങ്ങി. ചൂതു കളി യുധിഷ്ഠിരന്‍റെ ബലഹീനതയായിരുന്നു. ദുര്യോധനന്‍ അദ്ദേഹത്തെ സ്നേഹത്തോടെ കളിയ്ക്കാന്‍ ക്ഷണിച്ചു. ഒപ്പം കുശാഗ്രബുദ്ധിയായ ശകുനിയും. കളി ഒന്നല്ല, പലവട്ടം ആവര്‍ത്തിച്ചു. ഓരോ പ്രാവശ്യവും യുധിഷ്ഠിരന്‍ ദയനീയമായി പരാജയപ്പെട്ടു. എന്നിട്ടും പിന്തിരിയാനാവാത്ത വിധം ഒരു ലഹരി പോലെ ഹാലിളകി യുധിഷ്ഠിരന്‍ കളി തുടര്‍ന്നു. പരാജയത്തോടെ തന്‍റെ അധീനതയിലുള്ള ഓരോ വസ്തുക്കളും ഒന്നൊന്നായി രാജാവ് പണയപ്പെടുത്തി. ഒടുവില്‍ സ്വയം പണയപണ്ടമായ രാജാവ്, അവസാന നിമിഷത്തില്‍ ദ്രൌപദിയേയും പണയപ്പെടുത്തിക്കളിച്ചു. ദയനീയമായി തോല്‍വി ഏറ്റു വാങ്ങി. ക്രൂരതയുടെ പര്യായമായി മാറിയ ദുര്യോധനന്‍, കൊട്ടാരത്തിന്‍റെ അകത്തളത്തിലിരുന്ന ദൗപദിയെ സഭാ മദ്ധ്യത്തിലേക്ക് പിടിച്ചു കൊണ്ടു വരാന്‍ ദുശ്ശാസനനെ നിയോഗിച്ചു. അവിടേയും ദുര്യോധനന്‍ ഒരു കളവു പ്രയോഗിച്ചു. സഭയിലേയ്ക്ക് വരുവാന്‍ യുധിഷ്ഠിരനാണ് നിര്‍ദ്ദേശിയ്ക്കുന്നതെന്ന് അറിയിച്ചു. അവിടെ നടന്ന ദാരുണമായ സംഭവങ്ങള്‍ കേട്ടറിഞ്ഞ, ദ്രൗപദിയുടെ കണ്ണില്‍ നിന്ന് കണ്ണീര്‍ അണപൊട്ടിയൊഴുകി. പണയ പണ്ടമായി എല്ലാം നഷ്ടപ്പെട്ട തന്‍റെ ഭര്‍ത്താക്കന്മാരെ ഓരോരുത്തരെയായി ദയനീയമായി നോക്കി. സ്വയം തല കുനിച്ചതല്ലാതെ ആരും ഒന്നും ഉരിയാടിയില്ല. മന:ശക്തിയുടെ പാരമ്യതയിലെത്തിയ ദ്രൗപദി സ്ത്രീയ്ക്ക് അര്‍ഹമായ നീതിയെ സഭയില്‍ ചോദ്യം ചെയ്തു. ആര്‍ക്കും ദുര്യോധനനനെതിരെ പ്രതികരിയ്ക്കാന്‍ നാവുയര്‍ന്നില്ല. അടിമ എന്ന ദുര്യോധനന്‍റെയും കര്‍ണ്ണന്‍റെയും മുറവിളികള്‍ കേട്ട് ചെവി പൊത്തി ദ്രൗപദി സഭയില്‍ നീതിയ്ക്കു വേണ്ടി കേണു. ധര്‍മ്മിഷ്ഠനായ ഭീഷ്മരുടെ പാദത്തില്‍ വീണു. പിതാമഹാ! അങ്ങ് പറയൂ!! ഞാനൊരടിമയാണോ? പണയപ്പെട്ട രാജാവിന്‌ എന്നെ പണയപ്പെടുത്താന്‍ അവകാശമുണ്ടോ? അങ്ങയുടെ വാക്കുകള്‍ എനിയ്ക്ക് വിലപ്പെട്ടതാണ്‌!

ദ്രൗപദിയെ നോക്കി നിറകണ്ണുകളോടെ ഭീഷ്മര്‍ ദയനീയമായി പ്രതികരിച്ചു. എന്‍റെ കുട്ടി! നീതി ശാസ്ത്രത്തിന്‍റെ വശങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണ്. സ്വയം പണയപ്പെട്ട ഒരാള്‍ക്ക്‌ മറ്റൊരാളെ പണയപ്പെടുത്താന്‍ അവകാശമില്ല. എങ്കിലും ദ്രൗപദി! പവിത്രമായ ബന്ധത്തിലൂടെ യുധിഷ്ഠിരന്‍ നിന്‍റെ ഭര്‍ത്താവാണ്. ഒരു ഭര്‍ത്താവിന് ഭാര്യയുടെ മേലുള്ള അവകാശം ഒരു നീതി ശാസ്ത്രത്തിനും നിഷേധിയ്ക്കാനാവില്ല. നിന്നെ രക്ഷിയ്ക്കാന്‍ ഞാന്‍ നിസ്സഹായനാണ്. ഭീഷ്മര്‍ തന്‍റെ കണ്ണുകള്‍ തുടച്ചു. സഭാതലത്തില്‍ ദ്രൗപദിയുടെ രോഷം ആളിക്കത്തി. ഇവിടെ, വിഖ്യാതമായ ഈ രാജസഭയില്‍ സന്നിഹിതരായിരിയ്ക്കുന്ന എല്ലാവര്‍ക്കും പകല്‍ പോലെ നിഷേധിയ്ക്കാനാവാത്ത ഒരു സത്യം ഞാന്‍ പറയുന്നു. എന്‍റെ ഭര്‍ത്താവ്‌ ഒരിക്കലും ഈ ചൂതു കളി ആഗ്രഹിച്ചതല്ല. അദ്ദേഹത്തെ പ്രീണിപ്പിച്ച് കളിക്കളത്തിലേയ്ക്ക് ആനയിച്ചതിന് പിന്നില്‍ ശകുനിയുടെ കപട ബുദ്ധിയാണ്. ദുര്യോധനാ! നിന്നോട് ഒന്ന് ഞാന്‍ ചോദിയ്ക്കട്ടെ, നിങ്ങള്‍ക്ക് ജയിയ്ക്കാന്‍ വേണ്ടി മാത്രം കളിച്ച ഈ കളിയില്‍ എന്‍റെ ഭര്‍ത്താവ്‌ ബലിയാടല്ലേ? ധാര്‍മ്മികത നിറഞ്ഞെന്ന് ഉത്ഘോഷിയ്ക്കുന്ന ഈ സഭയില്‍ സത്യത്തിന് ഒരു വിലയുമില്ലേ? സ്ത്രീത്വത്തെ മാനിയ്ക്കാത്ത ഈ സഭയുടെ നീതിയില്‍ എനിയ്ക്ക് വിശ്വാസമില്ല. രാജാവേ! അങ്ങ് അന്ധത നടിയ്ക്കുന്ന അന്ധനാണ്. കളി ശരിയായ രീതിയിലല്ല നടക്കുന്നതെന്നറിഞ്ഞപ്പോള്‍, ചെറിയച്ചന്‍ ഈ കളി നിറുത്തി വെയ്ക്കാന്‍ വേണ്ടി അങ്ങയെ എത്ര ഉപദേശിച്ചു. അപ്പോഴെല്ലാം അങ്ങ് ക്രൂരമായ അവഗണനയോടെ ആരാണ് ജയിച്ചത്? ജയം എന്‍റെ പുത്രന് തന്നയോ? എന്നുറപ്പ് വരുത്തുകയായിരുന്നു. മക്കള്‍ക്ക് നല്ലതു ചൊല്ലി കൊടുക്കേണ്ട അങ്ങ് ഇപ്പോള്‍ മക്കള്‍ പറയുന്നത് നടപ്പാക്കുന്നു. ദ്രൗപദിയുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ സഭാവാസികള്‍ ലജ്ജിതരായങ്കിലും, കര്‍ണ്ണന്‍ പൊട്ടിചിരിച്ചു. ദ്രൗപദി ! ഒരു പുരുഷന്‍ ഒരു സ്ത്രീയെ വേള്‍ക്കുന്നതാണ് കുലധര്‍മ്മം. എന്നാല്‍ ഭവതി ഏതു കുലധര്‍മ്മമാണ് ആചാരിക്കുന്നത്? ഒരേ സമയം അഞ്ചു പുരുഷന്മാരുടെ ഉറക്കറ പങ്കിടുന്ന ഭവതിയ്ക്ക് ധര്‍മ്മത്തെ പറ്റിയും നീതിയെ പറ്റിയും പ്രസംഗിയ്ക്കാന്‍ അവകാശമില്ല. ഈ രാജകീയ വേഷങ്ങള്‍ അണീയാന്‍ പോലും പണയ പണ്ടമായ ഇവള്‍ യോഗ്യയല്ല. ദുശ്ശാസനാ ! ഇവളുടെ രാജകീയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി, അടിമയ്ക്ക് യോജ്യമായ വസ്ത്രങ്ങള്‍ നല്‍കു! രാധേയന്‍റെ പ്രസ്താവന കേട്ടു ദുര്യോധനനും അനുചരന്മാരും പൊട്ടിച്ചിരിച്ചു. ദുശ്ശാസനന്‍ ദ്രൗപദിയുടെ ഉടുവസ്ത്രത്തില്‍ കൈ വെച്ചു. നിസ്സഹയായി അവള്‍ സഭാതലത്തില്‍നിന്ന് തൊഴുകയ്യോടെ ആശ്രിത വത്സലാനായ ശ്രീ കൃഷ്ണനെ ഉറക്കെ വിളിച്ചു. കണ്ണീര്‍ അണപൊട്ടിയൊഴുകി. അത്യദ്ഭുതം സഭയില്‍ ആ നിമിഷം സംഭവിച്ചു. വസ്ത്രങ്ങള്‍ അഴിച്ചഴിച്ചു ദുശ്ശാസനന്‍ തളര്‍ന്നവശനായി വീണു. രാധേയനും ദുര്യോധനനും കാര്യമറിയാതെ അന്തം വിട്ടിരുന്നു.

ഭീമന്‍ കൈകള്‍ കൂട്ടി തിരുമ്മി. ജ്വലിക്കുന്ന കോപത്തോടെ അദ്ദേഹം സഹദേവനെ വിളിച്ചു, സഹദേവാ! നീ അഗ്നി എന്‍റെ കയ്യില്‍ തരൂ ! പകിടയുരുട്ടി, സ്ത്രീയുടെ മാനം പകിടയാക്കിയ എന്‍റെ ജ്യേഷ്ഠന്‍റെ കയ്യ് എനിയ്ക്ക് കത്തിയ്ക്കണം. ദുശ്ശാസനനാ! ദ്രൗപദി നിസ്സഹായയല്ല! അവളോട് അനീതി കാണിച്ച നിന്നെ ഞാന്‍ വധിച്ചു നിന്‍റെ രക്തം പാനം ചെയ്യും! എനിയ്ക്കതിന് കഴിഞ്ഞില്ലെങ്കില്‍ എന്‍റെ പൂര്‍വ്വികര്‍ ഉപവിഷ്ഠരാകുന്ന സ്വര്‍ലോകം ഈ ഭീമന്‍ കാണില്ല! സത്യം !! അര്‍ജ്ജുനന്‍, ഭീമനെ സമാധാനിപ്പിച്ചു . ജ്യേഷ്ഠാ ! ശാന്തനാകൂ! നമ്മുടെ സഹോദരന്‍ ഭീരുവല്ല, അദ്ദേഹം സ്വയം ഉരുകി തീരുന്നത് എനിയ്ക്ക് കാണാം. അങ്ങ് അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. നമ്മള്‍ അഞ്ചു പ്രാണങ്ങളുള്ള ഒരു ശരീരമാണ്. ആ നിലയ്ക്ക് ഒന്നൊന്നിനെ പഴിയ്ക്കുന്നത് പാപമാണ്. ധൃതരാഷ്ട്ര പുത്രനായ വികര്‍ണ്ണന്‍, സഭയില്‍ നടന്ന അനീതിക്കെതിരെ പൊരുതിയെങ്കിലും രാധേയനും, ദുര്യോധനനുമുള്‍പ്പെട്ട കൗരവ സഭ അയാളുടെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. രാധേയന്‍ അനിയന്ത്രിതമായ ലഹരിയിലായിരുന്നു. ദുശ്ശാസനന്‍ ! ദ്രൗപദിയെ അവളുടെ ഭര്‍ത്താക്കന്മാര്‍ അടിമ ആക്കിയ സ്ഥിതിയ്ക്ക് ഇവള്‍ ഇപ്പോള്‍ യുവരാജാവായ ദുര്യോധനനന്‍റെ പൂര്‍ണ്ണ അധീനതയിലാണ്. രാജാവിന്‌ വേണമെങ്കില്‍ ഇവളുമായി രമിയ്ക്കുന്നതില്‍ തെറ്റില്ല. എതിര്‍ക്കാന്‍ ഒരടിമയ്ക്ക് അവകാശമില്ല. ഭീമന്‍, സ്വയം പല്ലു ഞെരിച്ചു കൊണ്ടു കത്തുന്ന കണ്ണുകളോടെ ദുര്യോധനനെ നോക്കി. ആ സമയം ദുര്യോധനന്‍ തന്‍റെ ഉടു വസ്ത്രം വകഞ്ഞു മാറ്റി, നഗ്നമായ തന്‍റെ ഇടത്തെ തുട ദ്രൗപദി കാണ്കെ കൈകൊണ്ട് സ്വയം തട്ടിക്കാണിച്ചു. ഭീമന്‍റെ രോഷം കത്തിക്കാളി. അദ്ദേഹം ഉറക്കെ ഗര്‍ജ്ജിച്ചു. ദ്രൗപദിയുടെ നേരെ കാട്ടിയ നിന്‍റെ ഇടത്തെ തുട ഞാന്‍ ഗദ കൊണ്ട് ഇടിച്ചു പൊട്ടിയ്ക്കും. നിസ്സഹായനായി നീ പോര്‍ക്കളത്തില്‍ പിടഞ്ഞു മരിയ്ക്കും. വായു പുത്രനായ ഈ ഭീമന്‍റെ ശക്തി നിനക്കറിയില്ല ദുര്യോധനാ ! ആ നിമിഷം ദുര്യോധനന്‍റെ ഉള്ളു പിടഞ്ഞു.

രാധേയനെ നോക്കി അര്‍ജ്ജുനന്‍ പ്രതിഞ്ജ ചെയ്തു. ദ്രൗപദിയുടെ മാനത്തിനു വിലയിട്ട നിന്നെ പോര്‍ക്കളത്തില്‍ ഈ അര്‍ജ്ജുനന്‍ വധിച്ചിരിയ്ക്കും. ഹിമവാന്‍ ഒരു പക്ഷെ സ്ഥാനത്ത് നിന്ന് ചലിച്ചേയ്ക്കാം, സൂര്യനും കാല പ്രവാഹത്തില്‍ മാറ്റമുണ്ടായേക്കാം. എന്നാല്‍ അര്‍ജ്ജുന ശപഥം നടപ്പിലാകുക തന്നെ ചെയ്യും ! ഇതിനെല്ലാം കാരണക്കാരനായ ശകുനിയെ, സഹദേവനായ ഈ മാദ്രി പുത്രന്‍ യുദ്ധത്തില്‍ വധിച്ചിരിയ്ക്കും ! ശകുനി പുത്രനായ ഉലുകനെ താനും വധിയ്ക്കുമെന്ന് നകുലനും ശപഥം ചെയ്തു. ഇടിമുഴക്കം പോലെയുള്ള പ്രതിഞ്ജകള്‍ കേട്ട് രാജസഭ ഞെട്ടി തരിച്ചു. ധൃതരാഷ്ട്രര്‍ തന്‍റെ മകന്‍റെ ദാരുണമായ അന്ത്യം മനസ്സില്‍ കണ്ടു. അദ്ദേഹം ഭീതി കൊണ്ടു വിറച്ചു. ദ്രൗപദിയെ സ്വാന്ത്വനിപ്പിയ്ക്കുക മാത്രമേ പ്രശ്നത്തിന് പോംവഴി ഉള്ളു എന്ന് രാജാവിന്‌ ബോദ്ധ്യമായി. അദ്ദേഹം സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ ദ്രൗപദിയെ വിളിച്ചു. മോളെ ! നീ ഇങ്ങു വരൂ! അഹങ്കാരം കൊണ്ട് സ്വയം മറന്ന എന്‍റെ മക്കളുടെ ധിക്കാരം നീ പൊറുക്കണം. അരുതാത്തത് സംഭവിച്ചു പോയി. നീ അടിമയല്ല. എന്‍റെ പാണ്ഡുവിന്‍റെ മക്കളുടെ ഭാര്യയാണ്. നീ എന്തു വേണമെങ്കിലും ആവശ്യപ്പെടട്ടോളൂ , ഈ വലിയച്ഛന്‍ നിനയ്ക്ക് തന്നിരിയ്ക്കും. !

ദ്രൗപദി തന്‍റെ ഭര്‍ത്താക്കന്മാരെ അടിമത്വത്തില്‍ നിന്ന് നിരുപാധികം മോചിപ്പിച്ചു. ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് തരിച്ചു പോകാനുള്ള അനുമതി രാജാവിനോടപേക്ഷിച്ചു. ധൃതരാഷ്ട്രര്‍ ദ്രൗപദിയുടെ അപേക്ഷ നടപ്പിലാക്കി, ഭീതി അത്രമാത്രം ആ വൃദ്ധ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു. രാധേയന്‍, പാണ്ഡവരെ പുച്ചിച്ചു. ഇതില്‍പരം നാണക്കേടുണ്ടോ ? ഒരു സ്ത്രീയാല്‍ മാനാഭിമാനം വീണ്ടെടുത്ത ഈ പാണ്ഡവര്‍ പുരുഷ കുലത്തിനു തന്നെ കളങ്കമാണ്.

അച്ഛന്‍റെ പ്രവര്‍ത്തി ദുര്യോധനനെ ചൊടിപ്പിച്ചു. അയാള്‍ പിതാവിന്‍റെ നേരേ തട്ടിക്കയറി കയ്യില്‍ വന്ന ഭാഗ്യം അച്ഛന്‍ ഒരു ഭീരുവിനെ പ്പോലെ തട്ടിക്കളഞ്ഞു. എനിയ്ക്ക് പാണ്ഡവരുടെ രാജ്യവും ധനവും കൂടിയേ തീരു ! ഒരിക്കല്‍ കൂടി അച്ഛന്‍ പാണ്ഡവരെ ചൂതു കളിയ്ക്കാനായി ക്ഷണിയ്ക്കണം. ഇത്തവണ തോറ്റാല്‍ അവര്‍ പന്ത്രണ്ടു വര്‍ഷം വന വാസവും ഒരു വര്‍ഷം അഞ്ജാത വാസവും നടത്തണമെന്നുള്ള നിര്‍ദ്ദേശമാണ് വെയ്ക്കുക. സമര്‍ത്ഥരെങ്കില്‍ അവര്‍ക്ക് കളി ജയിയ്ക്കാം. വാക്ക് പാലിയ്ക്കാന്‍ ഞങ്ങളും തയ്യാറാണ്. ദുര്യോധനന്‍റെ വാക്കുകള്‍ കേട്ടിരുന്ന ഗാന്ധാരി, അസഹനീയമായ കോപത്തോടെ പുലമ്പി നീ ജനിച്ചപ്പോള്‍ തന്നെ, വിദുരര്‍ പറഞ്ഞ വാക്കുകള്‍ കേള്‍ക്കാതിരുന്നത് ഏറെ തെറ്റായിപ്പോയെന്ന് ഞാന്‍ കരുതുന്നു. അന്ന്, ആ നീതിഞ്ജന്‍റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ഹസ്തിനപുരം ഒരു വലിയ ആപത്തില്‍ നിന്ന് രക്ഷ പെട്ടേനെ ! എന്തു ചെയ്യാം, നീ രാജാവിന്‍റെ ബലഹീനതയായി. അതിമോഹം കൊണ്ട് വീര്‍പ്പു മുട്ടിയ്ക്കുന്ന പുത്രന്‍റെ താളത്തിനൊത്തു തുള്ളുന്ന ഒരു സാധു! ദുര്യോധനന്‍ കോപത്തോടെ മുറി വിട്ടിറങ്ങി. മകന്‍ നിരാശനായപ്പോള്‍ രാജാവിന്‌ വിഷമമായി. അദ്ദേഹം യുധിഷ്ഠിരനെ വീണ്ടും ക്ഷണിയ്ക്കാനായി ദൂതനെ അയച്ചു. സ്വന്തം നിയതി എപ്പോഴോ കുറിയ്ക്കപ്പെട്ടിരിയ്ക്കുന്നു അതിനെ മറി കടയ്ക്കാന്‍ ആര്‍ക്കും ആവില്ല. ധര്‍മ്മജ്ഞനായ യുധിഷ്ഠിരന്‍ നിശ്ചയിച്ചു. വീണ്ടും ഹസ്തിനപുരത്തിലെത്തിയ പാണ്ഡവര്‍ വീണ്ടും അതേ ചൂതു കളിയിലൂടെ തോല്‍വി ഏറ്റുവാങ്ങി. പന്ത്രണ്ടു വര്‍ഷത്തെ വനവാസവും ഒരു വര്‍ഷത്തെ അഞ്ജാത വാസവും ശിക്ഷയായി ഏറ്റുവാങ്ങി, സഭ വിട്ടിറങ്ങി. വനത്തിലേയ്ക്ക് പുറപ്പെട്ട അവര്‍ക്ക് പിന്നാലെ അവരെ സ്നേഹിച്ചിരുന്ന ഏറെപ്പേരും പിന്‍തുടര്‍ന്നു, അയോദ്ധ്യയിലെ രാമനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍.

ധൃതരാഷ്ട്രര്‍, വിദുരര്‍ക്ക് ആളയച്ചു. ആഗതനായ വിദുരരോട് വനത്തിലേയ്ക്ക് പുറപ്പെടുന്നതിന് മുന്‍പുള്ള പാണ്ഡവരുടെ അവസ്ഥ അദ്ദേഹം ചോദിച്ചറിഞ്ഞു.

രാജാവേ! ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്‍ അറിഞ്ഞിരുന്നു. തന്‍റെ കണ്ണുകള്‍ കൊണ്ടു ക്രോധത്തോടെ ഒന്ന് നോക്കിയാല്‍ ഈ ഹസ്തിനപുരം ഭസ്മ മാകുമെന്ന് ! അദ്ദേഹം സ്വയം എരിഞ്ഞതല്ലാതെ ഒന്നും നശിപ്പിക്കാന്‍ ഇഷ്ടപ്പെട്ടില്ല. മുഖം തിരിച്ചാണ് ആ സ്വാത്വികന്‍ നടന്നു മറഞ്ഞത്. എല്ലാം പൊടിച്ചമര്‍ത്തുന്ന ക്രോധത്തോടെ ഭീമന്‍ കൈകള്‍ കൂട്ടി തിരുമ്മിയിരുന്നു. പാഞ്ചാലിയുടെ മുടി ചുരുള്‍ അഴിഞ്ഞു തന്നെ കിടന്നിരുന്നു. ശരങ്ങള്‍ വ്യര്‍ത്ഥമായി തൊടുത്തു കൊണ്ടുള്ള അര്‍ജ്ജുനന്‍റെ യാത്ര ആരിലും വേദന ഉണര്‍ത്തുന്ന മട്ടായിരുന്നു. സഹദേവന്‍ തന്‍റെ മുഖം കരികൊണ്ട് വികൃതമാക്കിയിരുന്നു. ഏറെ സുന്ദരനായ നകുലന്‍റെ മുഖം ചേറും, ഭസ്മവും കൊണ്ടു പൊതിഞ്ഞിരുന്നു. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങയുടെ പുത്ര ഭാര്യമാര്‍ക്കും ദ്രൗപദിയുടെ അവസ്ഥ ഉണ്ടാകുമെന്ന് ഞാന്‍ ശങ്കിയ്ക്കുന്നു. അന്ന് അവരോടൊപ്പം അനുഗമിയ്ക്കാന്‍ മൃതരായ അങ്ങയുടെ പുത്രന്മാര്‍ക്കാവില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ദുഖിയ്ക്കുന്നു.

മുറിവിട്ടിറങ്ങിയ, വിദുരര്‍ക്ക് പിന്നാലെ നാരദ മഹര്‍ഷി രാജാവിനെക്കാണാനെത്തി. പതിമൂന്ന് വര്‍ഷത്തിന് ശേഷമുള്ള കൗരവ കുലത്തിന്‍റെ ഉന്മൂല നാശം, ധര്‍മ്മത്തിന്‍റെ ഉല്ലംഘനത്തിലൂടെ രാജാവ് ഇരന്നു വാങ്ങിയെന്ന് പ്രവചിച്ചു.

രാജാവ് സ്വയം പിറുപിറുത്തു തടയാമായിരുന്നു ! എനിയ്ക്ക് കഴിഞ്ഞില്ല. പുത്രസ്നേഹം എന്‍റെ ബലഹീനത യായി പോയി !! കഷ്ടം! ലജ്ജയില്ലാതെ പുലമ്പുന്നു!! ഗാന്ധാരി പല്ലു ഞെരിച്ചു.


ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories