ജ്യോതിഷം

ഗായത്രി മാഹാത്മ്യം


ഗായത്രി മാഹാത്മ്യം

" ഓം ഭൂര്‍ ഭുവ: സ്വ:
തത് സവിതൂര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത് "

സര്‍വ്വവ്യാപിയും സര്‍വ്വശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.

വേദങ്ങളുടെ മാതാവാണ് ഗായത്രി. പശുവിന്റെ പാലിനേക്കാള്‍ മികച്ച ഭക്ഷണമില്ല എന്നപോലെ ഗായത്രി മന്ത്രത്തേക്കാള്‍ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രന്‍ ഋഷിയും. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാന്‍. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടര്‍ച്ചയായി ജപിച്ചു പോന്നാല്‍ മന:ശുദ്ധിയും മനോബലവും വര്‍ദ്ധിക്കും. ശരീരത്തിന്റെ ബലം വര്‍ദ്ധിക്കും. അപരിമിതമായ ഓര്‍മ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോള്‍ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി പെണ്‍ ദൈവമായത് കൊണ്ട് ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ദൈവ വിശ്വാസമുള്ള ആര്‍ക്കും ഏത് ദൈവത്തെയും ധ്യാനിച്ച് ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാല്‍ ജീവിതത്തില്‍ സര്‍വ്വ നന്മകളുമുണ്ടാവും.

ബ്രാഹ്മണര്‍ ഉപനയന സമയത്ത് മക്കളെ മടിയിലിരുത്തി കാതിലാണ് ഗായത്രിമന്ത്രം ഉപദേശിക്കുന്നത്.

ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ 24 അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങള്‍ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങള്‍ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങള്‍ )

ഇതിലെ ഓരോ അക്ഷരങ്ങള്‍ക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി3. വൈഷ്ണവി
4. ശാംഭവി5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ8. മതംഭര9. മന്ദാകിനി
10. അപജ11. ഋഷി12. സിദ്ധി
13. സാവിത്രി14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ17. കുണ്ടലിനി18. പ്രജാനി
19. ഭവാനി20. ഭുവനേശ്വരി21. അന്നപൂര്‍ണ്ണ
22. മഹാമായ23. പയസ്വിനി24. ത്രിപുര

താരാ നിത്യാനന്ദ്‌
ശ്രീനികേതന്‍
ജു സ്ട്രീറ്റ്
എറണാകുളം
ഫോണ്‍ : 9895038079
Email:nithyanandtara@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories