ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഭരണി നക്ഷത്രവും നെല്ലിക്കയും


ഭരണി നക്ഷത്രവും നെല്ലിക്കയും

നക്ഷത്രഫലം

" ശാന്താത്മാ ചലചിത്ത -
സ്ത്രീലോല സ്സത്യവാക് സുഖീ മാനീ
ധീരോ മിത്രസഹായോ
ദീര്‍ഘായുസ്സല്പപുത്രവാന്‍ യാമ്യേ "

ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ ശാന്തബുദ്ധിയായും ചാപല്യം ഉള്ള സ്വഭാവക്കാരനായും സ്ത്രീകളില്‍ താല്പര്യമുള്ളവനായും സത്യവാക്കായും സുഖവും മാനവും ധീരതയും ബന്ധു സഹായവും ദീര്‍ഘായുസ്സും ഉള്ളവനായും പുത്രന്മാര്‍ കുറഞ്ഞിരിക്കുന്നവനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അര്‍ഥം.

നെല്ലിക്ക ധാത്രിയെന്ന പേരിലാണ് അറിയപ്പെടുന്നത്. ധാത്രിക്ക് അമ്മയെന്നാണര്‍ത്ഥം. അമ്മയെപ്പോലെ ഐശ്വര്യമുള്ളത്, നമുക്കെല്ലാം ആശ്രയിക്കാവുന്നത്, എന്നെല്ലാം നെല്ലിക്കയെപെറ്റിയും ഭരണി നക്ഷത്രക്കാരെ പെറ്റിയും പൊതുവായി പറയാം. ഏത് കാര്യത്തിന്റെയും നെഗറ്റീവ്‌ വശമാണ് ആദ്യം ഭരണിക്കാര്‍ ചിന്തിക്കുക. അല്പം അപവാദം കേള്‍ക്കാനും സാധ്യതയുള്ളവരുമാണ്. രോഗം പൊതുവെ കുറവായിരിക്കും. തൃഫല എന്നാ യോഗത്തില്‍ നെല്ലിക്കയും താന്നിയും കടുക്കയുമുള്ളതാണ്. ഇതിലെ ഒന്നാം സ്ഥാനം നെല്ലിക്കയ്ക്കാണ്. ശ്രീപാര്‍വതിദേവിയുടെയും ശ്രീലക്ഷ്മീദേവിയുടെയും പ്രാര്‍ഥനാ സമയത്തുതിര്‍ന്നുവീണ സന്തോഷാശ്രുക്കളില്‍ നിന്നാണ് നെല്ലിക്കയുടെ ജനനം എന്ന് പുരാണം പറയുന്നു. ഏറ്റവും മഹത്വമുള്ള ഏകാദശി നാളിലാണ്‌ നെല്ലിക്കയുണ്ടായത്. തുളസിയും കൂവളവും പോലെ വിശുദ്ധമായതാണ് നെല്ലിക്ക.

വരാഹമിഹിരാചര്യരുടെ ഹോരശാസ്ത്രത്തില്‍

"കൃതനിശ്ചയ സ്സസത്യോരുഗ്ദക്ഷസുഖയുതശ്ച ഭരണീഷു " എന്ന് ഭരണി നക്ഷത്രക്കാരെ പെറ്റി പറയുന്നു.
(എംബ്ലിക്ക ഒഫിസിനാലിസ്. ഫില്ലാന്തസ് എംബ്ലിക്ക ലിന്‍. ഗയ്ര്‍ട്ടന്‍ (യൂഫോര്‍ബിയേസി)

സംസ്കൃതം : വയസ്ഥ, ധാത്രിക, അമൃതാ, അമലകി, വൃഷ്യാ, ശിവം, അമ്രുതഫല, ഹിന്ദി : ആമ് ലാ , ഗുജറാത്തി : ആംല, തമിഴ് : നെല്ലിക്കായ്‌, ഇംഗ്ലീഷ് : ഇന്ത്യന്‍ ഗൂസെബെറി, കന്നഡ : നെല്ലീ, മലയാളം : നെല്ലി , തെലുങ്ക് : നെല്ലി,ആമാലകമു, മറാഠി : ആംല, ബംഗാളി : ആമ് ലകി, കുടുംബം : യൂഫോര്‍ബിയേസി.

പ്രകാശാര്‍ഥിയാണ് നെല്ലി. ഡിസംബറില്‍ ഇല പൊഴിക്കും. നല്ല കോപ്പിസറാണ്. വരള്‍ച്ചയും ലഘുവായ ശൈത്യവും സഹിക്കും. അണ്‍പെണ്‍ പുഷ്പങ്ങള്‍ ഒരേ വൃക്ഷത്തില്‍ തന്നെ ഉണ്ടാകും. പെണ്‍ പൂക്കള്‍ ആണ്‍ പൂക്കളേക്കാള്‍ എണ്ണത്തില്‍ കുറവാണ്. തടിക്ക് ചുവപ്പ് നിറം. കടുപ്പവും ബലവുമുണ്ട്. എന്നാല്‍ വേഗം പൊട്ടിച്ചീന്തും. വെള്ളത്തില്‍ കൂടുതല്‍ കാലം കിടക്കും. അതുകൊണ്ട് കിണറിന്റെ നെല്ലിപ്പലകക്ക് ഉപയോഗിച്ചിരുന്നു. ഫലത്തില്‍ നെല്ലിക്കയില്‍ വളരെയധികം പൊക്റ്റിന്‍, വിറ്റാമിന്‍ സി, 'ബി' കോംപ്ലക്സ്, കാത്സ്യം, ഇരുമ്പിന്റെ അംശം എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ഗൈനിക്കമ്ലം, റാനിക്ക് അമ്ലം, റെസിന്‍, പഞ്ചസാര, അന്നജം, പ്രോട്ടീന്‍, ആല്‌ബുമിന്‍, സെല്ലുലോസ് എന്നിവയും അടങ്ങിയിട്ടുണ്ട്. തായ്ത്തടിയുടെ തൊലിയില്‍ 19 ശതമാനവും ഇലയില്‍ 22 ശതമാനവും ടാനിനുണ്ട്. ടാനിനിലുള്ള ടാനിക് അമ്ലവും എല്ലിലിക് അമ്ലവും ഗ്ലുക്കോസും വിറ്റാമിന്റെ ഒക്സീകരണം തടയുന്നു. അതുകൊണ്ട് കായ ഉണക്കിയാലും ഉപ്പിലിട്ടാലും വിറ്റാമിന്‍ നഷ്ടപെടുന്നില്ല. കായ്‌ 'മൂത്തവരുടെ വാക്കുകള്‍ പോലെ ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും'.

നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളത്തില്‍ പതിവായി കുളിച്ചാല്‍ ജരാനര ബാധിക്കാതെ ശതായുസ്സുകളാകും. നെല്ലിക്ക കഷായം സമം തൈര് ചേര്‍ത്ത് ധാര കോരിയാല്‍ ബുദ്ധി ഭ്രമത്തിനു നല്ലതാണ്. പച്ച നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ് നീര് നല്ലതുപോലെ അരിച്ചെടുത്ത്‌ കണ്ണിലൊഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്. നെല്ലിക്കാപ്പൊടി 3 ഗ്രാം വീതം 10 ഗ്രാം നെയ്യില്‍ പതിവായി കഴിച്ചാല്‍ തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി ശമിക്കും. മൂത്രതടസ്സമുണ്ടാകുമ്പോള്‍ നെല്ലിക്ക അരച്ച് അടിവയറ്റില്‍ പൂശുക. നെല്ലിക്ക ധാതുപുഷ്ടികരവും ശുക്ലവര്‍ധനീയവുമാണ്. അമ്ലപിത്തം (ഹൈപര്‍ അസിഡിറ്റി), രക്തദുഷ്ടി, രക്തപിത്തം, ജ്വരം, പ്രമേഹം, അതിസ്തൗല്യ, മുടികൊഴിച്ചില്‍ ഇവ ശമിപ്പിക്കുന്നു. പച്ചനെല്ലിക്കാനീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ പാണ്ടുരോഗം കുറയും. ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും സേവിക്കേണ്ട ആമലക രസായനവും ച്യവനപ്രാശ രസായനവും നെല്ലിക്ക ചേര്‍ത്താണ് ഉണ്ടാകുന്നത്.

എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories