ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം ( പാര്‍ട്ട്‌ 6 )


മഹാഭാരതം ( പാര്‍ട്ട്‌ 6 )

ഭീഷ്മ പര്‍വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര യുദ്ധം-(i) )

( ആമുഖം:- കുരുക്ഷേത്ര യുദ്ധം സമാരംഭമായി. അധികാരമോഹത്തിനപ്പുറം ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പോരാട്ടമായാണ് ഈ യുദ്ധത്തെ ഏവരും വിലയിരുത്തുന്നത്. എപ്പോഴെല്ലാം അധര്‍മ്മം ധര്‍മ്മത്തെ കീഴ്പ്പെടുത്തുന്നുവോ, അപ്പോഴെല്ലാം യുഗപുരുഷനായി ഭഗവാന്‍ അവതരിയ്ക്കുന്നു. സ്വജനഹത്യയെക്കുറിച്ച് വേപഥു ആകുന്ന അര്‍ജ്ജുനന് ധര്‍മ്മോപദേശത്തോടൊപ്പം കര്‍മ്മോപദേശവും മോക്ഷസന്യാസയോഗങ്ങളും കൃഷ്ണന്‍ ഭഗവദ് ഗീതയിലൂടെ ഉപദേശിയ്ക്കുന്നു. അര്‍ജ്ജുനനെ കര്‍മ്മനിരതനാക്കാന്‍ ഭഗവാന്‍ നല്‍കുന്ന, ഇന്നും വിലപ്പെട്ടതായി കണക്കാക്കുന്ന ശ്ലോകങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഭക്തിയുടെയും കര്‍മ്മത്തിന്‍റെയും മൂല്യങ്ങള്‍ അല്പമെങ്കിലും ഇന്നത്തെ തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കാന്‍ എന്‍റെ ഈ എളിയ ശ്രമത്തിന് സാധിയ്ക്കുമെന്ന് പ്രത്യാശിയ്ക്കുന്നു. )

പാണ്ഡവ സൈന്യം സ്യമന്ത പഞ്ചക തടാകത്തിനടുത്തായി യുദ്ധ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ടു ദര്‍ശനമായി അണിനിരന്നു. അതിരാവിലെ കൗരവസൈന്യത്തിന്‍റെ ഹൃദയാന്തര്‍ ഭാഗത്തായി രജത നിര്‍മ്മിതമായ വെള്ളക്കുട രാജകീയ പ്രൌഡിയോടെ പാണ്ഡവര്‍ ദര്‍ശിച്ചു. യുദ്ധോത് സ്യു ക്യത്താല്‍ അവരുടെ ഹൃദയം തുടിച്ചു. പാഞ്ചജന്യം ഹൃഷികേശനും ദേവദത്തം അര്‍ജുനനും സഹര്‍ഷം ഊതി കൗരവരും പ്രതി ശബ്ദമുയര്‍ത്തി. എങ്ങും യുദ്ധാവേശം തിരതല്ലി.

രണ്ട് പക്ഷത്തുള്ള യോദ്ധാക്കളും ഒന്നിച്ചു കൂടി യുദ്ധനിയമങ്ങള്‍ ക്രമപ്പെടുത്തി. നിയമപ്രകാരം, സമന്‍മാര്‍ തമ്മിലെ യുദ്ധം ചെയ്യാവൂ. പോരാട്ടം ഒന്നുകില്‍ രണ്ടു രഥങ്ങള്‍ തമ്മിലോ അല്ലെങ്കില്‍ രണ്ടു പോരാളികള്‍ തമ്മിലോ, രണ്ടു ഗദായുദ്ധക്കാര്‍ തമ്മിലോ ആകാം. രാത്രി ഒരാള്‍ യുദ്ധം നിറുത്തുന്ന പക്ഷം അയാളെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യരുത്. വാക്കുകള്‍ കൊണ്ടുള്ള പയറ്റിന് തിരിച്ചും വാക്കുകള്‍ കൊണ്ടു തന്നെ വേണം പയറ്റ്. യുദ്ധ ഭൂമിയില്‍ നിന്ന് ഓടിപോകുന്നവനെ പിന്‍തുടര്‍ന്ന് യുദ്ധം ചെയ്യരുത്. സാരഥികള്‍, മൃഗങ്ങള്‍, യുദ്ധകാഹളം മുഴക്കുന്നവര്‍, പെരുമ്പറ അടിയ്ക്കുന്നവര്‍, ഇലത്താളക്കാര്‍ ഇവരെ ആക്രമിയ്ക്കരുത്. ധീരോദാത്തവും ലിഖിതവുമായ ഈ നിയമങ്ങള്‍ ഇരുവരും പരസ്പരം അംഗീകരിച്ചു.

യുദ്ധാരംഭത്തിന്‍റെ തലേ ദിവസം വ്യാസ മഹര്‍ഷി പുത്രനായ ധൃതരാഷ്ട്രരെ കാണാനെത്തി. അദ്ദേഹം ആകെ വിവശനായിരുന്നെങ്കിലും പലതും മുന്‍കുട്ടി അറിഞ്ഞിരുന്നതിനാല്‍ ഒട്ടും തന്നെ ചഞ്ചല മനസ്ക്കനായിരുന്നില്ല. പുത്രനോട് അദ്ദേഹം പറഞ്ഞു. "പുത്രാ ! നിന്‍റെ അത്യാര്‍ത്തി എവിടെ ചെന്നെത്തിയെന്നു നോക്കൂ ! ഈ വിധമെല്ലാം ഭവിയ്ക്കുമെന്നു എത്ര മുന്നറിയിപ്പ് നല്‍കിയിട്ടും നീ ബധിരത നടിച്ചു. സത് വചസ്സുകാളൊന്നും നിന്‍റെയും, പുത്രന്‍റെയും മുന്നില്‍ വിലപ്പോയില്ല. യുദ്ധഫലം എന്താകുമെന്നു എനിയ്ക്ക് മുന്‍കുട്ടി അറിയാം, നീ യുദ്ധം നേരിട്ട് കാണാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍ ഞാന്‍ നിനക്ക് ദിവ്യചക്ഷുസ്സു നല്‍കാം." ധൃതരാഷ്ട്രര്‍ പൊട്ടിക്കരഞ്ഞു. പിതാവേ ! എല്ലാം ഭഗവാന്‍ എനിയ്ക്ക് കാണിച്ചു തന്നു. അതില്‍ കൂടുതലായി ഒരത്ഭുതവും ഭവിയ്ക്കില്ല. ഈ അന്ധത്വം ഒരനുഗ്രഹമായി ഞാന്‍ കരുതുന്നു. ആകെ തളര്‍ന്ന പുത്രനെ ആശ്വസിപ്പിച്ചു കൊണ്ട് വ്യാസമഹര്‍ഷി പറഞ്ഞു, "ദു:ഖിയ്ക്കാതിരിയ്ക്കൂ പുത്രാ ! നിയതിയുടെ വിളയാട്ടം തടുക്കാന്‍ ആരാലുമാവില്ല. ഞാന്‍ നിന്‍റെ സഞ്ജയന് ദിവ്യ ചക്ഷുസ്സു പ്രദാനം ചെയ്യാം. അതോടെ അയാളുടെ നേത്രങ്ങള്‍ക്ക് യുദ്ധ രംഗത്തെ സംഭവങ്ങള്‍ ഒന്നൊന്നായി കാണാന്‍ കഴിയും. ഓരോരുത്തരുടെയും മനോവ്യാപാരങ്ങള്‍ പോലും, സഞ്ജയന് പൂര്‍ണ്ണമായും നിരീക്ഷിച്ചു മനസ്സിലാക്കാന്‍ കഴിയും. അയാള്‍ക്ക് വിശപ്പും ദാഹവും ഉണ്ടാകില്ല. പകല്‍ മുഴുവന്‍ സഞ്ജയന്‍ യുദ്ധ രംഗങ്ങള്‍ വീക്ഷിയ്ക്കും. രാത്രി അതിന്‍റെ ഒരു യഥാതഥ വിവരണം അയാള്‍ നിനയ്ക്ക് നല്‍കും. നിന്‍റെ മക്കള്‍ എന്തുകൊണ്ട് എങ്ങനെ മരണപ്പെട്ടു എന്ന് നീ അറിഞ്ഞിരിയ്ക്കണം. അവരുടെ പാപം ഏതു വിധം ഹനിയ്ക്കപ്പെട്ടു എന്നും നീ മനസ്സിലാക്കണം." വ്യാസമഹര്‍ഷി, സഞ്ജയന് ദിവ്യചക്ഷസ്സു നല്‍കി, പുത്രനെ ആശ്വസിപ്പിച്ചു കൊട്ടാരം വിട്ടു.

ഇനിയുള്ള യുദ്ധ വിവരണം സഞ്ജയന്‍റെ ഉപഖ്യാനത്തിലൂടെയാണ് ചിത്രീകരിയ്ക്കുന്നത്. അദ്ദേഹം രാജാവിനോട് നല്‍കുന്ന യുദ്ധ വര്‍ണ്ണനയിലൂടെയാണ് ഭഗവദ് ഗീത ആമുഖമായി ചിത്രീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ദുര്യോധനന്‍ സര്‍വ്വസൈന്യാധിപനായ ഭീഷ്മരുടെ സംരക്ഷണത്തിനു വേണ്ട ഏര്‍പ്പാടുകളില്‍ വ്യാവൃതനായി. പാണ്ഡവ പക്ഷത്തുള്ള 'ശിഖണ്ഡി' അംബയുടെ പുനര്‍ജ്ജന്മമാണ്. തന്‍റെ സ്ത്രീത്വത്തെ നിഷ്ക്കരുണം തള്ളിപ്പറഞ്ഞ ഭീഷ്മര്‍ തന്‍റെ കയ്യാല്‍ തന്നെ വധിയ്ക്കപ്പെടണമെന്നു അംബ, ഭഗവാന്‍ ശങ്കരനില്‍ നിന്ന് വരലബ്ദി സ്വീകരിച്ചിരുന്നു. ശിഖണ്ഡിയുടെ ഈ ജന്മ രഹസ്യം ദുര്യോധനനെപ്പോലെ പാണ്ഡവാദികള്‍ക്കും അറിയാം. അതിനാല്‍ ശിഖണ്ഡി, ഭീഷ്മരുടെ നേര്‍ക്കുനേര്‍ വരാത്ത വിധം അദ്ദേഹം പിതാമഹന് വേണ്ട സംരക്ഷണം ഏര്‍പ്പെടുത്തി. ദുശ്ശാസനന്‍ ആ കര്‍മ്മം ജാഗ്രതയോടെ ചെയ്യാമെന്ന് ജ്യേഷ്ഠനു ഉറപ്പു നല്‍കി.

അര്‍ജ്ജുന രഥം സംരക്ഷിച്ചിരുന്നത് യുധാമന്യുവും, ഉത്തമൗജസ്സുമായിരുന്നു. കൗരവാദികളുടെ 'പതിനൊന്നക്ഷൌഹണി' യുദ്ധത്തിനായി അണിനിരന്നു. ഭീഷ്മരുടെ കൊടി അടയാളം അഞ്ചു സുവര്‍ണ്ണ നക്ഷത്രങ്ങളും ഒരു താലവൃന്ദവുമായിരുന്നു. വെള്ളി രഥത്തില്‍ ശുഭ്രാംഗ വസ്ത്രങ്ങള്‍ ധരിച്ച ഭീഷ്മര്‍ അശ്വാരൂഡനെപ്പോലെ തിളങ്ങി. കാണികള്‍ക്ക് അദ്ദേഹത്തിന്റെ പ്രായം ഒരു കുറവായി തോന്നിയില്ല. അത്ര മാത്രം ഊര്‍ജസ്വലതയും കര്‍മ്മശേഷിയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. സേനകളെ അഭിസംബോധന ചെയ്തുകൊണ്ട് ഭീഷ്മര്‍ പറഞ്ഞു "പ്രിയപ്പെട്ട സൈനികരെ ! പടക്കളത്തില്‍ വീറോടെ പൊരുതി മരണം വരിക്കേണ്ടി വന്നാല്‍ പ്പോലും നിങ്ങള്ക്ക് വീര സ്വര്‍ഗം ലഭിക്കും. രോഗ ശയ്യയില്‍ കിടന്നുള്ള മരണത്തേക്കാള്‍ ഒരു ക്ഷത്രിയന് എന്ത് കൊണ്ടും ഉചിതം യുദ്ധത്തിലൂടെയുള്ള പോരാട്ട മരണമാണ്. നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ട രാജാവിനു വേണ്ടി ആത്മാര്‍ത്ഥമായി യുദ്ധം ചെയ്യാന്‍ മനസ്സിനെ ദൃഡപ്പെടുത്തുക. വരും വരായ്കളൊ ബന്ധു ജനങ്ങളെ കുറിച്ചുള്ള ചിന്തയോ നിങ്ങളുടെ കര്‍മത്തിനു തടസ്സമാകരുത്." ഭൂരിശ്രവസ്സും ശല്യരുമാണ് ഭീഷ്മരഥത്തിനു അകമ്പടി ആയി നിലയുറപ്പിച്ചത്. സ്വര്‍ണ്ണ വര്‍ണ്ണാങ്കിതമായ 'നാഗകേതന' ധ്വജം ഉറപ്പിച്ച രഥത്തില്‍ ദുര്യോധനന്‍ സൈന്യ മദ്ധ്യത്തില്‍ നിലയുറപ്പിച്ചു.

അര്‍ജ്ജുനന്‍, പാണ്ഡവസൈന്യത്തെ വജ്ര വ്യൂഹത്തില്‍ അണി നിരത്തി. സേനാ നായകന്‍ ധൃഷ്ടദ്യുമ്നന് സഹായി ആയി ഭീമന്‍ മറ്റൊരു രഥത്തില്‍ കാണപ്പെട്ടു. വ്യൂഹ മദ്ധ്യത്തില്‍ നിലയുറപ്പിച്ച യുധിഷ്ഠിരനെ കാത്തുകൊണ്ട് അര്‍ജ്ജുനന്‍ സമീപം തന്നെയുണ്ട്‌. അര്‍ജ്ജുനന്റെ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്‍ ലോകൈക നാഥനായ കൃഷ്ണന്‍റെ കയ്യില്‍ മാത്രം. ഭഗവാന്‍ സുസ്മേര വദനനായിരുന്നു. അര്ജ്ജുനന്‍റെ കപിധ്വജത്തില്‍ ഹനുമല്‍ സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു. കൃഷ്ണന്‍ അര്‍ജ്ജുന രഥം തെളിച്ച് സൈന്യത്തിന്റെ മുന്‍ നിരയിലെത്തി. " അര്‍ജ്ജുനാ ! കൗരവ സൈന്യാധിപനായ ഭീഷ്മരെ നോക്കൂ ! പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജ സ്വലതയും പക്വമായ നീക്കങ്ങളും. അദ്ദേഹത്തെയാകും താങ്കള്‍ക്ക് ആദ്യം വധിയ്ക്കേണ്ടി വരിക. താങ്കളുടെ മനസ്സിനെ ഒരു മഹായുദ്ധത്തിനു വേണ്ടി സജ്ജമാക്കുക."

ഈ സമയം, അങ്ങ് കൊട്ടാരത്തിലിരുന്നു ഇതെല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന സഞ്ജയനോട്‌ ധൃതരാഷ്ട്രര്‍ ചോദിച്ചു.

" ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതായുയുത് സവ:
മാമക: പാണ്ഡവശ്ചെവ
കിമികുര്‍വ്വാത സഞ്ജയ ? ( ഭഗവദ് ഗീതാരംഭം )

ധര്‍മ്മ ക്ഷേത്രമാകുന്ന കുരുക്ഷേത്രത്തില്‍ യുദ്ധ സന്നദ്ധരായി അണി നിരന്ന യുയുത് സുവും ( ധൃതരാഷ്ട്രര്‍ക്ക് ഒരു ശുദ്ര സ്ത്രീയിലുണ്ടായ പുത്രന്‍ ) എന്‍റെ പുത്രന്മാരും, പാണ്ഡവരും എന്ത് ചെയ്തു എന്ന് താങ്കള്‍ എന്നോട് പറയുക.

യുദ്ധത്തിനായി കൗരവസേനാനികള്‍ ഭീഷ്മ സാരഥ്യത്തില്‍ അണി നിരന്നപ്പോള്‍, മറുഭാഗത്ത് ഭീമനാല്‍ സംരക്ഷിതനായ ധൃഷ്ടദ്യാമ്നന്‍ സൈന്യത്തിന്‍റെ സാരഥ്യം ഏറ്റെടുത്തു കഴിഞ്ഞു. ക്ഷണനേരത്തെ നിശബ്ദത യുദ്ധാന്തരീക്ഷത്തെ ചൂഴ്ന്നു നിന്നു - ആരംഭത്തിന്‍ മുന്‍പുള്ള തുച്ഛമായ ഇടവേള ഏവരും ആ കാഴ്ച അത്ഭുതത്തോടെ നോക്കി. യുധിഷ്ഠിരന്‍ പടച്ചട്ട അഴിച്ചു വെച്ച് നഗ്നപാദനായി തേര്‍ തട്ടില്‍ നിന്നും ഇറങ്ങി. അജ്ജലീബദ്ധമായ കൈകളോടെ അദ്ദേഹം കൗരവ സൈന്യത്തിനു നേരെ നടന്നു. ജ്യേഷ്ഠനു എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയാതെ മറ്റു പാണ്ഡവരും അദ്ദേഹത്തെ അതെ പോലെ അനുഗമിച്ചു. തന്‍റെ സഹോദരന്‍മാരെപ്പോലും നിര്‍ബന്ധത്തിനു ഇട നല്‍കാതെ തനിയ്ക്കനുകൂലികളാക്കാനുള്ള അസാമാന്യ ശക്തി യുധിഷ്ഠിരനുണ്ടായിരുന്നു. കായിക ശക്തിയേയും ആയുധ വൈഭവത്തേയും കവച്ചു വെയ്ക്കുന്ന ഇച്ഛാശക്തി, അര്‍ജ്ജുനന്‍ കൃഷ്ണനെ ചോദ്യരൂപേണ നോക്കി. കൃഷ്ണന്‍ പറഞ്ഞു. "നിങ്ങളുടെ ജ്യേഷ്ഠന്‍ ഗുരുക്കന്‍മാരെ വന്ദിയ്ക്കാനാണ് പോകുന്നത്. ഗുരുവിന്‍റെ അനുഗ്രഹം എല്ലാ ശക്തിയേക്കാളും വലുതാണ്‌. നിങ്ങള്‍ മടിയ്ക്കാതെ ജ്യേഷ്ഠനെ പിന്‍തുടര്‍ന്നോളൂ."

പൂജനീയരായ ഭീഷ്മര്‍, ദ്രോണര്‍, കൃപര്‍ അവരുടെ മുന്നിലേയ്ക്കാണ് യുധിഷ്ഠിരന്‍ കൂപ്പുകൈയ്യുമായി പോയത്. അദ്ദേഹം ഭീഷ്മപാദങ്ങളില്‍ നമസ്ക്കരിച്ചു. അണപൊട്ടി ഒഴുകിയ കണ്ണീര്‍കണങ്ങള്‍ ഭീഷ്മപാദം നനച്ചു. മനസ്സ് നിറഞ്ഞ സ്നേഹത്തോടെ ഭീഷ്മര്‍ തന്റെ പുത്രനെ പിടിചെഴുന്നേല്‍പിച്ചു. " പിതാമഹാ ! ഈ യുദ്ധം ഞാനൊരിയ്ക്കലും ആഗ്രഹിച്ചതല്ല. എന്നില്‍ അടിച്ചേല്പിയ്ക്കപ്പെട്ടതാണ്. അങ്ങ് ഞങ്ങളുടെ വിജയത്തിനു വേണ്ടി അനുഗ്രഹിയ്ക്കണം. " ഭീഷ്മര്‍ ഇടറിയ ശബ്ദത്തില്‍ പ്രതികരിച്ചു, " കുഞ്ഞെ ! നീ എനിയ്ക്ക് ഏറെ പ്രിയനാണ്. പക്ഷേ, ഞാന്‍ രാജാവിന്‍റെ അര്‍ത്ഥത്തിന്‍റെ പങ്കു പറ്റുന്ന വെറുമൊരു സേവകനാണ്. സേവകന് അനുസരിയ്ക്കുകയല്ലാതെ, ചോദ്യം ചെയ്യാനവകാശമില്ല. ഒന്നും മോഹിയ്ക്കാത്ത ഞാന്‍ എങ്ങനെയോ കൗരവ ധനത്തിന് അടിമയായി. എന്‍റെ പൂര്‍ണ്ണമായ മനസ്സ് എന്നും നിങ്ങളോടൊപ്പമുണ്ട്. വിജയീ ഭവ ! ഭഗവാന്‍റെ സംരക്ഷണയിലുള്ള നിങ്ങളെ അദ്ദേഹം നിശ്ചയമായും കാത്തുകൊള്ളും." മറ്റു പാണ്ഡവരേയും ഭീഷ്മര്‍ അനുഗ്രഹിച്ചു. ദ്രോണരും, കൃപരും ഭീഷ്മരുടെ അതേ അവസ്ഥയിലായതിനാല്‍ അവര്‍ക്കും നിറഞ്ഞ മനസ്സോടെ അരുമ ശിഷ്യരെ അനുഗ്രഹിയ്ക്കാനെ കഴിഞ്ഞുള്ളൂ. അവരും വിജയാശംസകള്‍ നേര്‍ന്നു. തൊഴുകയ്യോടെ തന്‍റെ മുന്നിലെത്തിയ പുത്രരേ, നിസ്സഹായനായ ആ മാതുലന്‍ ശല്യര്‍ ഹൃദയം തുറന്നു വിജയാശംസകള്‍ നേര്‍ന്നു.

ഒരു പക്ഷത്തും ചേരാതെ ഒറ്റപ്പെട്ടു നിന്നിരുന്ന കര്‍ണ്ണനെ തേടി കൃഷ്ണനെത്തി. " കര്‍ണ്ണാ ! നിന്‍റെ സഹോദരങ്ങളോടൊത്ത് ഭീഷ്മര്‍ വീഴുവോളം അങ്ങേയ്ക്ക് യുദ്ധം ചെയ്തുകൂടെ? നിന്നെ തള്ളിക്കളയാന്‍ എന്‍റെ മനസ്സനുവദിയ്ക്കുന്നില്ല. നീതിയ്ക്കും, ധര്‍മ്മാധര്‍മ്മങ്ങള്‍ക്കുമപ്പുറമുള്ള ഏതോ ഒരു ബന്ധം നിന്നോടെനിയ്ക്കുണ്ട് " കര്‍ണ്ണന്‍ നിര്‍വ്വീകാരമായി ചിരിച്ചു. " ഭഗവാനെ ! അങ്ങുതന്നെ പറയുന്നില്ലേ, അശോച്യന്മാരെക്കുറിച്ച് ശോചിയ്ക്കരുതെന്നു. പിന്നെ എന്തിന് ഈ ശപിയ്ക്കപ്പെട്ട കര്‍ണ്ണന് പിന്നാലെ വാഗ്ദാനവുമായി മാടി വിളിയ്ക്കുന്നു." " കര്‍ണ്ണാ ! നീ എനിയ്ക്ക് പാണ്ഡവരെപ്പോലെ പ്രിയനാണ്. " " ഇല്ല കൃഷ്ണാ !! അവസാന നിമിഷത്തില്‍ നന്ദികേടു കാട്ടാന്‍ അങ്ങെനെ പ്രേരിപ്പിയ്ക്കരുത്. മരിയ്ക്കേണ്ടവര്‍ മരണത്തിന് കീഴ്പ്പെട്ടെ തീരു ! ചീത്ത ഭൂമിയില്‍ വളര്‍ന്നു വേരുറച്ച ഈ നല്ല വൃക്ഷത്തിന് നിലനില്പിനാധാരമായ ഭൂമിയോടാണ് കൂറ്. ഭക്തിയാല്‍ സജലങ്ങളായ എന്‍റെ കണ്ണില്‍ തിളങ്ങുന്നത് അങ്ങയുടെ രൂപം മാത്രമാണ്. " കര്‍ണ്ണന്‍ തൊഴുകയ്യോടെ, കൃഷ്ണനോട്‌ വിടവാങ്ങി പിന്‍തിരിഞ്ഞു നടന്നു.

ഗുരുക്കന്‍മാരുടെ സമീപത്തു നിന്നും പിന്‍വാങ്ങിയ യുധിഷ്ഠിരന്‍ ഇരു സൈന്യങ്ങളുടെയും മദ്ധ്യത്തില്‍ നിന്ന് ഇങ്ങനെ പ്രഖ്യാപിച്ചു. " കൗരവ പക്ഷത്തുള്ള ആര്‍ക്കെങ്കിലും ഈ പാണ്ഡവരോടോത്തുചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് സ്വാഗതം ! സു സ്വാഗതം !! " ധൃതരാഷ്ട്ര പുത്രനായ 'യുയുത്സു' മുന്നോട്ട് വന്നു. ഞാന്‍ അങ്ങയോടൊപ്പം ചേരാന്‍ ആഗ്രഹിയ്ക്കുന്നു അങ്ങെന്നെ സ്വീകരിയ്ക്കുമെങ്കില്‍..

യുധിഷ്ഠിരന്‍ യുയുത്സുവിനെ അണച്ചു കൊണ്ട് സൗമ്യവും ദൃഡവുമായ സ്വരത്തില്‍ ഉത്ഘോഷിച്ചു. "വല്യച്ചന്‍റെ കര്‍മ്മം ചെയ്യാന്‍ പുത്രസ്ഥാനത്ത് നീ ഉണ്ടാകണമെന്നത് ദൈവ നിശ്ചയമാണ്. കുലം താഴ്ന്നതെങ്കിലും നിന്‍റെ പ്രവര്‍ത്തി കൗരവാദികളെ കവച്ചു വെയ്ക്കുന്നു." യുധിഷ്ഠിരന്‍റെ പ്രസ്താവന കൗരവപക്ഷത്ത് അസാധാരണമായ ഭീതി ഉളവാക്കി. യുദ്ധത്തിന്‍റെ പരിണിത ഫലമാണ് ധര്‍മ്മിഷ്ടനായ യുധിഷ്ഠിരന്‍ അസന്നിഗ്ധമായി പ്രസ്താവിച്ചത്.

യുധിഷ്ഠിരന്‍ പടച്ചട്ട അണിഞ്ഞ ശേഷം മറ്റ്‌ പാണ്ഡവാദികളും, സൈനിക യോദ്ധാക്കളും അവരവരുടെ പടച്ചട്ട അണിഞ്ഞു. അവര്‍ അത്യന്തം ഊര്‍ജ്ജസ്വലരായി. യുദ്ധകാഹളങ്ങള്‍ പരസ്പരം മുഴക്കി.

ഇരു സൈന്യങ്ങളെയും വീക്ഷിച്ചുകൊണ്ടിരുന്ന സജ്ജയന്‍, ധൃതരാഷ്ട്രരോട് പറഞ്ഞു.

" ദൃഷ്ടാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപ സംഗമ്യ
രാജാ വചനമ ബ്രവീതു " ( ഭഗവദ് ഗീത )

പാണ്ഡവര്‍ സൈന്യത്തെ വിദഗ്ധമായി ക്രമീകരിച്ചിരിയ്ക്കുന്നത് കണ്ട ദുര്യോധനന്‍ മഹാരഥനായ ദ്രോണരെ സമീപിച്ചു. പാണ്ഡവരുടെ സൈന്യത്തിന്‍റെ സാരഥ്യം വഹിയ്ക്കുന്നത് അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്നനാണ്. ഭീമാര്‍ജ്ജുനന്മാരെപ്പോലെ ബലവാന്മാരായ ഏറെ മഹാരഥന്‍മാര്‍ അവര്‍ക്കുണ്ട്. നോക്കൂ ! അതാ ഒരു മണിമയ രഥത്തില്‍ കൃഷ്ണ ബന്ധുവും, മഹായോദ്ധാവുമായ സാത്യകി. അദ്ദേഹം അര്‍ജ്ജുന ശിഷ്യനാണ്, ഗുരുവിനെപ്പോലെ സമര്‍ത്ഥ്യനും. വൃദ്ധയോദ്ധാക്കളായ ദ്രുപദന്‍, വിരാടന്‍ മുതലായവര്‍ സാത്യകിയുടെ രഥത്തിന് മുന്‍പില്‍ തന്നെയുണ്ട്‌. അതാ, അവിടെ യോദ്ധാക്കളായ ധൃഷ്ടകേതു, ചേകിതാനന്‍ ബലവാനായ കാശിരാജാവ്‌ എന്നിവര്‍ യുദ്ധ സന്നദ്ധരായി നില്‍ക്കുന്നു. തൊട്ടു പുറകിലായി പുരുജിത്ത്, കുന്തിഭോജന്‍, ശൈബ്യന്‍ മുതലായവരും നിലയുറപ്പിച്ചിട്ടുണ്ട്. ദ്രുപദപുത്രന്മാരും ദ്രൗപദീ പുത്രന്മാരും അഭിമന്യാവും മുന്‍നിരയില്‍ യുദ്ധോത്സുകരായുണ്ട്. ആചാര്യാ, ഇനി നമ്മുടെ ഭാഗത്തുള്ള മഹാരഥന്മാരെ നോക്കിയാലും മഹാരഥനായ ഭീഷ്മര്‍, ആചാര്യനായ അങ്ങ്, കൃപര്‍, അശ്വര്‍ത്ഥാമാവ്, എനിയ്ക്ക് ഏറെ പ്രിയപ്പെട്ടവനായ എന്‍റെ മിത്രം കര്‍ണ്ണന്‍. പിന്‍നിരയിലായി ഭുരിശ്രവസ്സ്, ശല്യര്‍, ദുശ്ശാശസനനുള്‍പ്പെടെയുള്ള എന്‍റെ സഹോദരങ്ങള്‍, എനിയ്ക്കുവേണ്ടി ജീവന്‍ കളയാന്‍ തയ്യാറുള്ള അനേകം മഹാരഥന്മാരെയും അങ്ങ് നോക്കി കാണുക. "രാജാവേ ! ശ്രദ്ധയോടെ ഇരുപുറവും വീക്ഷണം നടത്തിയ അങ്ങയുടെ പുത്രന്‍ ഇപ്രകാരം വ്രണിത മനസ്സോടെ ഉരുവിടുന്നത് ഞാന്‍ കാണുന്നു.

" അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാ ഭിരക്ഷിതം
പര്യാപ്തം ത്വിദമേ തേഷാം
ബലം ഭീമാഭിരക്ഷിതം " (ഭഗവദ് ഗീത )

ആചാര്യാ, ഭീഷ്മരാല്‍ നയിയ്ക്കപ്പെടുന്ന നമ്മുടെ സൈന്യം ഏറെ വലുതെങ്കിലും അപര്യാപ്തമായി എനിയ്ക്ക് തോന്നുന്നു. മറിച്ച് ഭീമനാല്‍ നയിയ്ക്കപ്പെടുന്ന പാണ്ഡവസൈന്യം ഏറെ പര്യാപ്തമാണന്നും എനിയ്ക്ക് ബോദ്ധ്യപ്പെടുന്നു.

ഭീഷ്മര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ രാജാവ്‌ തന്‍റെ സൈന്യത്തോട് അഭ്യര്‍ത്ഥിച്ചു. ദുര്യോധനന്‍റെ മനസ്സിന്‍ കരുത്തു പകരും വിധം ഭീഷ്മര്‍ ഗര്‍ജ്ജിച്ചു കൊണ്ട് ശംഖൂതി. മറ്റുള്ളവരും അതാവര്‍ത്തിച്ചു. ശ്വേതാശ്വങ്ങളെ പൂട്ടിയ രഥത്തിലിരുന്നു കൃഷ്ണന്‍ "പാഞ്ചജന്യവും" അര്‍ജ്ജുനന്‍ "ദേവദത്ത" മെന്ന തന്‍റെ ശംഖും ഊതി. ഭീമന്‍റെ പൗണ്ഡ്രത്തിന്‍റെ ധ്വനിയും അന്തരീക്ഷത്തില്‍ മുഴങ്ങി. യുധിഷ്ഠിരന്‍ അനന്തവിജയമെന്ന തന്‍റെ ശംഖൊലിയാല്‍ ഏവരെയും യുദ്ധോത്സാഹരാക്കി. നകുലന്‍ സുഘോഷവും, സഹദേവന്‍ മണി പുഷ്പകവും മുഴക്കി. ഇരു വിഭാഗത്തിന്‍റെയും ശംഖൊലിയാല്‍ ആകാശവും, ഭൂമിയും പ്രതിധ്വനിയാല്‍ മുഖരിതമായി.

ശ്വേതശ്വങ്ങളെ പൂട്ടിയ തേരില്‍ യുദ്ധസന്നദ്ധനായിരുന്ന അര്‍ജ്ജുനന്‍ തന്‍റെ സാരഥിയായ കൃഷണനോട് പറഞ്ഞു. " കൃഷ്ണാ അങ്ങ് എന്‍റെ തേര്‍ രണ്ടു സൈന്യങ്ങളുടെയും മദ്ധ്യത്തിലെയ്ക്ക് തെളിയ്ക്കുക. യുദ്ധോത്സുകരായി വന്നിരിയ്ക്കുന്ന ഈ മഹാരഥന്‍മാരെ എനിയ്ക്ക് നേരില്‍ കാണാനാഗ്രഹമുണ്ട്. " അര്‍ജ്ജുനന്‍ ആഗ്രഹിച്ച സ്ഥലത്ത് കൃഷ്ണന്‍ തേര്‍ തെളിച്ചു നിറുത്തി. " നോക്കൂ ! അര്‍ജ്ജുനാ !! ഭീഷ്മരും, ദ്രോണരും നയിയ്ക്കുന്ന കൗരവാദികളുടെ ഈ മഹാസൈന്യത്തെ നോക്കൂ. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അങ്ങയുടെ കൈകൊണ്ടു മരിയ്ക്കാന്‍ തയ്യാറെടുത്തിരിയ്ക്കുന്നവരാണിവര്‍. " ആ യുദ്ധ നിരയിലേയ്ക്ക് അര്‍ജ്ജുനന്‍ കണ്ണോടിച്ചു. തനിയ്ക്ക് പ്രിയപ്പെട്ടവരാണെല്ലാവരും _ അച്ഛന്‍മാര്‍, മുത്തച്ഛന്‍മാര്‍, ആചാര്യര്‍, സഹോദരങ്ങള്‍, ചങ്ങാതികള്‍, വീണ്ടും വീണ്ടും നോക്കും തോറും അവരോടുള്ള കൃപ മൂലം അര്‍ജ്ജുനന്‍റെ മനസ്സ് ആര്‍ദ്രമായി. വിഷാദം മൂലം സംസാരിയ്ക്കാനാവാത്ത അവസ്ഥയിലായ അര്‍ജ്ജുനന്‍ ഏറെ ഗദ്ഗദത്തോടെ കൃഷണനോട് പറഞ്ഞു.

" ഗാണ്ഡീവം സ്രംസതേഹസ്താദ്
ത്വക് ചൈവ പരിദഹ്യതേ
ന ച ശക്നോ മ്യവസ്ഥാതും
ഭ്രമ തീവ ച മേ മന: " ( ഭഗവദ് ഗീത )

കൃഷ്ണാ ! ഈ സ്വജനങ്ങളുടെ അവസ്ഥയോര്‍ത്ത് എന്‍റെ അംഗങ്ങള്‍ തളരുന്നു. എന്‍റെ ദേഹം വേപധുവാകുന്നു. ശരീരത്തിലെ തൊലിപോലും എരിപൊരി കൊള്ളുന്നു. എനിയ്ക്ക് ഉറച്ചു നില്‍ക്കാന്‍ പോലും ആവതില്ല. കൃഷ്ണാ ! നിമിത്തങ്ങള്‍ പോലും ഞാന്‍ വിപരീതമായി കാണുന്നു. സ്വജനഹത്യ കൊണ്ടുള്ള നേട്ടം ഞാനൊട്ടും തന്നെ കാംക്ഷിയ്ക്കുന്നില്ല കൃഷ്ണാ ! മൂന്നു ലോകങ്ങളുടെയും ആധിപത്യം എനിയ്ക്ക് കിട്ടിയാല്‍ പോലും ഇവരെ വധിച്ച് അത് ഞാന്‍ സ്വന്തമാക്കാന്‍ ഇച്ഛിക്കുന്നില്ല.

" കുലക്ഷയേ പ്രണ ശ്യന്തി
കുല ധര്‍മ്മാ: സനാതനാ:
ധര്‍മ്മേ നഷ്ടേ കുലം കൃത്സ് ന.
മധര്‍മ്മേപുഅഭി ഭവത്യുത " ( ഭഗവദ് ഗീത )

കൃഷ്ണാ ! കുല ക്ഷയത്താല്‍ സനാതനമായ കുല ധര്‍മ്മം നശിയ്ക്കും. തന്മുലം കുലത്തെ മുഴുവന്‍ അധര്‍മ്മം ഹനിയ്ക്കും. കുല സ്ത്രീകള്‍ ദുര്‍വൃത്തകളാകും. സ്ത്രീകള്‍ ദുഷിച്ചാല്‍ ജാതികലര്‍പ്പുണ്ടാകും.

" സങ്കരോ നരകായൈവ
കുലഘ്നാനാം കുലസ്യച
പതന്തി പിതരോ ഹ്യേഷാം
ലുപ്ത പിണ്ടോദക ക്രിയാ: ( ഭഗവദ് ഗീത )

കുലം നശിയ്ക്കുന്നത് മുലമുള്ള സങ്കരജാതി കലര്‍പ്പ് നാശഹേതുവാണ്. ഇവരുടെ പിതൃക്കള്‍ പിണ്ഡക്രിയയും ഉദയക്രിയയും ഇല്ലാതെ നരകത്തില്‍ വീഴുന്നു.

( മിശ്ര വിവാഹത്തിന്‍റെ പുനര്‍വിചിന്തനം ഈ തരണത്തില്‍ ചെയ്യുന്നത് ഉചിതമായിരിയ്ക്കും. പരസ്പര സ്നേഹം, ഭവിഷ്യത്തിനെക്കുറിച്ചുള്ള ബോധം പലരിലും ഇല്ലാതാക്കുന്നു. ഇന്നേ പറ്റിയുള്ള ചിന്ത, നാളെയെ പറ്റിയുള്ള ഉണര്‍വിനെ കെടുത്തിക്കളയുന്നു. സ്നേഹം പവിത്രമാണെന്നു സമര്‍ത്ഥിച്ചാലും, കുലവും മൂല്യങ്ങളും താഴ്ന്നതായി വിലയിരുത്താന്‍ നമുക്കവകാശമില്ല. അതു നമ്മുടെ പൈതൃക സ്വത്താണ്. ഹനിയ്ക്കപ്പെടാതിരിയ്ക്കുക തന്നെ വേണം. )

അല്ലയോ കൃഷ്ണാ ! കുല ക്ഷയം വരുത്തുന്ന ഈ യുദ്ധത്തില്‍ യുദ്ധം ചെയ്യാന്‍ എനിയ്ക്ക് ശക്തിയില്ല. ധാര്‍ത്ത രാഷ്ട്രന്മാരെ വധിച്ചു നേടുന്ന ഭോഗസുഖങ്ങളിലെല്ലാം, പിന്നീടെനിയ്ക്ക് അവരുടെ രക്തക്കറ കാണേണ്ടി വരും. പുജനീയരായ ഭീഷ്മ ദ്രോണാദികള്‍ക്കെതിരെ ഞാനെങ്ങനെ അസ്ത്രം തൊടുക്കും ? " കൃഷ്ണാ ! അങ്ങ് തന്നെ എനിയ്ക്കൊരു മാര്‍ഗ്ഗ നിര്‍ദ്ദേശം തന്നാലും." അര്‍ജ്ജുനന്‍ തേര്‍തട്ടില്‍ തളര്‍ന്നിരുന്നു. അര്‍ജ്ജുനന് നേരെ നോക്കി ചിരിച്ചു കൊണ്ട് കൃഷ്ണന്‍ പറഞ്ഞു. " അര്‍ജ്ജുനാ ! താങ്കള്‍ ഏറെ ബുദ്ധിമാനാണ്. ബുദ്ധിമാന്മാര്‍ ഒരിയ്ക്കലും അശോച്യന്മാരെ ക്കുറിച്ച് ദു:ഖിയ്ക്കില്ല. അവര്‍ക്ക് മരിച്ചവരെന്നോ, ജീവിച്ചിരിയ്ക്കുന്നവരെന്നോ ഭേദമില്ല. നിന്‍റെ ഭീരുത്വത്തില്‍ നിന്ന് നീ മുക്തി നേടു.

കൃഷണ നിര്‍ദ്ദേശങ്ങളൊന്നും ഫലവത്താകാത്ത രീതിയില്‍ അര്‍ജ്ജുനന്‍ കഠിനമായ വിഷാദരോഗത്തിന് അടിമയായി. മനസ്സും ബുദ്ധിയും പിടിവിട്ടുപോയ അവസ്ഥയിലായിരുന്ന അര്‍ജ്ജുനനെ ഏറെ അനുകമ്പയോടെ കടാക്ഷിച്ചുകൊണ്ട് ഭഗവാന്‍ പറഞ്ഞു.

" ദേഹിനോ അസ്മിന്‍ യഥാദേഹേ
കൗമാരം യൗവ്വനം ജരാ
തഥാ ദേഹാന്തര പ്രാപ്തിര്‍ -
ധീര്സ്തത്ര നമുഹ്യതി : " ( ഭഗവദ് ഗീത )

അല്ലയോ കൗന്തേയാ ! ദേഹി ( വ്യക്തി ) ബാല്യ, കൗമാര യൗവ്വനാവസ്ഥകളിലൂടെ കടന്നു പോകേണ്ടത് അനിവാര്യമാണ്. അതൂ പോലെ തന്നെയാണ് ദേഹാന്തര പ്രാപ്തിയായ മരണവും. ഇതില്‍ ബുദ്ധിമാന്മാര്‍ ഒരിയ്ക്കലും ദു:ഖിയ്ക്കില്ല.

" മാത്രാസ്പര്‍ശാസ്തു കൗന്തേയ
ശീതോഷ്ണ സുഖ ദുഃഖദാ :
ആഗമാപായിനോ നിത്യാ _
സതാം സ്തിതിക്ഷസ്വ ഭാരത ! " ( ഭഗവദ് ഗീത )

ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മില്‍ ബന്ധപ്പെടുമ്പോഴാണ് മനസ്സിനെ ബാധിയ്ക്കുന്ന സുഖ ദുഃഖങ്ങളും ശരീരത്തെ ബാധിയ്ക്കുന്ന ശീതോഷ്ണങ്ങളും ഉണ്ടാകുന്നത്. ഇവ എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഇവയെ നിര്‍വ്വികാരതയോടെ നേരിടാന്‍ കഴിയുന്നവന്‍ അമരത്വത്തിന് അര്‍ഹനാണ്. അല്ലയോ കൗന്തെയാ ! ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കുക.

" ന ജായതേ മ്രിയതേ വാകദാചി -
ത്നായം ഭുത്വാ ഭവിതാ വാ ന ദ്രയാ :
അജോനിത്യ: ശ്വാശ്വ തോയം പുരാണോ
ന ഹന്യതേ ഹാന്യമാനേ ശരീരേ. " (ഭഗവദ് ഗീത)

ഈ പ്രപഞ്ചം മുഴുവന്‍ ഏതൊന്നില്‍ വ്യാപിച്ചു കിടക്കുന്നുവോ അത് അവിനാശിയായ ബ്രഹ്മമെന്നറിയുക. ആര് ഈ ബ്രഹ്മത്തെ ഹന്താവെന്നോ, ഹതനെന്നോ, വിചാരിയ്ക്കുന്നവോ, അവര്‍ യഥാര്‍ത്ഥ തത്വം അറിയുന്നില്ല. ആത്മാവ് ഒരിയ്ക്കലും ജനിയ്ക്കുകയോ, മരിയ്ക്കുകയോ ചെയ്യുന്നില്ല. അവസ്ഥാന്തരം ഉണ്ടാകുന്നു എന്നുമാത്രം ധരിയ്ക്കുക.

എങ്ങനെയെന്നു ഞാന്‍ നിനയ്ക്ക് ബോദ്ധ്യപ്പെടുത്താം.

" വാസാംസി ജീര്‍ണ്ണാ നി യഥാവിഹായ
നവാനി ഗൃഹ്ണാതി നരോ പരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണ _
ന്യാന്യാനി സംയാതി നവാനി ദേഹി " (ഭഗവദ് ഗീത)

മനുഷ്യന്‍ പഴകിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു പുതു വസ്ത്രങ്ങള്‍ ധരിയ്ക്കുന്നത് പോലെ, ആത്മാവ് ഒരു ദേഹത്തില്‍ നിന്നും കാലാന്തരത്തില്‍ മറ്റൊരു ദേഹത്തിലേയ്ക്ക് ചേക്കേറുന്നതായി നീ ധരിയ്ക്കുക. ഈ ആത്മാവിനെ ആയുധങ്ങള്‍ കൊണ്ട് മുറിപ്പെടുത്താനാവില്ല . അഗ്നി ദഹിപ്പിയ്ക്കുകയോ, ജലം തണുപ്പിയ്ക്കുകയോ ചെയ്യുന്നില്ല. കാറ്റ് ഇതിനെ പ്രകമ്പനം കൊള്ളിയ്ക്കുന്നില്ല. ഈ ആത്മാവ് നിത്യനാണ്‌. ഈ സത്യം അല്ലയോ കൗന്തെയാ ! നീ മനസ്സിലാക്കാന്‍ ശ്രമിയ്ക്കുക. പിന്നെ നിനയ്ക്ക് ഗുരുഹന്താവെന്നു ദു:ഖിയ്ക്കേണ്ടി വരില്ല.

" അവ്യക്താദീനീ ഭൂതാനി
വ്യക്ത മദ്ധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ
തത്രകാ പരിദേവന ? " (ഭഗവദ് ഗീത )

ഹേ ! അര്‍ജുനനാ !! എന്‍റെ വാക്യങ്ങള്‍ നീ ശ്രദ്ധിച്ചു കേള്‍ക്കുക. ജീവനെടുക്കുന്നതിന് മുന്‍പുള്ള ഭൂതങ്ങളുടെ അവസ്ഥ തീര്‍ത്തും അവ്യക്തമാണ്. മദ്ധ്യത്തിലുള്ള ഭാഗം മാത്രമാണ് ജീവനെന്ന പേരില്‍ വ്യക്തികള്‍ക്ക് ജ്ഞേയമായിട്ടുള്ളതു . ഇതില്‍ ബുദ്ധിമാനായ അങ്ങ് ഒരിയ്ക്കലും ദു:ഖിയ്ക്കേണ്ട കാര്യമില്ല. ദേഹത്തില്‍ വസിയ്ക്കുന്ന ദേഹി അവധ്യനാണ്. അതിനാല്‍ നശ്വരമായ ദേഹത്തെക്കുറിച്ചുള്ള ദുഃഖം വ്യര്‍ത്ഥമാണ്.

ഞാന്‍ പറയുന്നതൊന്നും അങ്ങയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ അങ്ങ് ഒന്ന് മനസ്സിലാക്കുക.. ഒരു ക്ഷത്രിയന് ലഭിയ്ക്കേണ്ട ഏറ്റവും വലിയ ശ്രേയസ്സ് ധര്‍മ്മ യുദ്ധമാണ്. സ്വകര്‍മ്മ നിഷ്ഠ ചെയ്യുന്നതില്‍ അങ്ങ് തല്പരനാകുക. യുദ്ധത്തില്‍ നിന്ന് പിന്‍തിരിഞ്ഞാല്‍ അങ്ങേയ്ക്ക് ദുഷ്ക്കീര്‍ത്തി ഉണ്ടാകും. അത് പാപവുമാണ്. സ്വകര്‍മ്മ വിപര്യയത്തിലൂടെ നേടുന്ന ദുഷ്ക്കീര്‍ത്തി മരണ തുല്യമാണ്. ശത്രുക്കള്‍ അങ്ങയെ പഴിയ്ക്കും. ഭീരുത്വം ക്ഷത്രിയന് ഭൂഷണമല്ല. മറിച്ച് യുദ്ധത്തില്‍ വധിയ്ക്കപ്പെട്ടാല്‍ കൂടി അങ്ങ് വീരസ്വര്‍ഗ്ഗം പൂകും. അല്ലയോ അര്‍ജ്ജുനാ ! സ്വകര്‍മ്മം അനിവാര്യമായ ഈ ഘട്ടത്തില്‍, അങ്ങയുടെ മനസ്സിനെ ബാധിച്ചിരിയ്ക്കുന്ന തളര്‍ച്ചയില്‍ നിന്ന് മുക്തനായാലും.

സ്വജനഹത്യ പാപമായി താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ ഞാന്‍ പറയുന്നു, സുഖദുഃഖങ്ങള്‍, ലാഭാലാഭങ്ങള്‍ ജയാപരാജയങ്ങള്‍ തുല്യമായിക്കരുതി, മനസ്സിനെ നിയന്ത്രിച്ചു യുദ്ധത്തിന് ഒരുങ്ങുക. അങ്ങനെ ചെയ്‌താല്‍ ഒരു പാപവും അങ്ങേയ്ക്ക് വന്നു ചേരില്ല.

" വ്യവസായാത്മികാ ബുദ്ധി _
രേകേഹ കുരു നന്ദന !
ബഹു ശാഖാ ഹ്യന ന്താശ്ച
ബുദ്ധയോ വ്യവസായിനാം " ( ഭഗവദ് ഗീത )

അല്ലയോ ! കുരുനന്ദനാ !! നിന്നില്‍ നിക്ഷിപ്തമായ ഈ കര്‍മ്മയോഗത്തില്‍ നിശ്ചയ സ്വരൂപമായ ജ്ഞാനം ഒന്നേയുള്ളൂ. എന്നാല്‍ അനിശ്ചിതരായവരുടെ ജ്ഞാനം ഒന്നിലും ഉറയ്ക്കാതെ ചുറ്റിത്തിരിയുന്നു.

ഇനി ഞാന്‍ താങ്കള്‍ക്ക് സദാചാര നിയമങ്ങളെ പറ്റിയുള്ള ബുദ്ധി ഉപദേശിയ്ക്കാം. അതനുസരിയ്ക്കുകയാണെങ്കില്‍ അങ്ങ് കര്‍മ്മ ബന്ധത്തില്‍ നിന്ന് മുക്തനാകും. യോഗമനുസരിച്ചുള്ള ഈ ബുദ്ധി എന്നില്‍ നിന്നറിഞ്ഞാലും. ആചരണത്തില്‍ പിഴവ് പറ്റുമ്പോള്‍ ദോഷഫലങ്ങള്‍ വന്നു ചേരുന്ന വേദോക്തങ്ങള്‍ പോലെ അല്ല ഇത്. ഞാന്‍ പറയുന്ന ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അങ്ങയുടെ പ്രവര്‍ത്തികളൊന്നും നിഷ്ഫലമാകില്ല. പാപം സംഭവിയ്ക്കുകയുമില്ല. ഈ ധര്‍മ്മത്തിന്‍റെ അല്പമായ ആചരണം പോലും അര്‍ജ്ജുനാ നിന്നെ വലിയ ഭയത്തില്‍ നിന്നും മുക്തനാക്കും. അങ്ങ് നിര്‍ദന്ദ്വനും, നിത്യസത്യസ്ഥനുമാകുക. യോഗക്ഷേമങ്ങളെ ഗണിയ്ക്കാതിരിയ്ക്കുക. ആത്മാവിനെ പറ്റി മാത്രം ചിന്തിയ്ക്കുക. അതുമാത്രമാവട്ടെ അങ്ങയുടെ ലക്ഷ്യവും.

" കര്‍മ്മണ്യേ വാധികാരസ്തേ
മാഫലേഷ്ട കദാചന
മാ കര്‍മ്മ ഫല ഹേതുര്‍ഭു:
മാ തേ സംഗോ സ്ത്വ കര്‍മ്മണി " ( ഭഗവദ് ഗീത )

ഹേ! അര്‍ജുനാ !! ക്ഷത്രിയനായ അങ്ങ് യുദ്ധം എന്ന കര്‍മ്മം ചെയ്യാന്‍ വേണ്ടി നിയോഗിയ്ക്കപ്പെട്ടവനാണ്. എന്നാല്‍ കര്‍മ്മ ഫലത്തില്‍ അങ്ങേയ്ക്കധികാരമില്ല. കര്‍മ്മഫലത്തെക്കുറിച്ച് ചിന്തിയ്ക്കാതെ, നിഷ്ക്കാമമായി, നിന്നില്‍ അര്‍പ്പിയ്ക്കപ്പെട്ട കര്‍മ്മം ചെയ്യുക. ജയാപജയ ചിന്തയില്ലാതെ മനസ്സിനെ എകാഗ്രമായി നിറുത്തി സ്വകര്‍മ്മം അനുഷ്ടിയ്ക്കുന്നതാണ് യോഗം.

കൃഷണ വചനത്തില്‍ അല്പം ഉണര്‍വ് കിട്ടിയ അര്‍ജ്ജുനന്‍ ചോദിച്ചു. " അല്ലയോ കൃഷ്ണാ ! അങ്ങ് പറയുന്നു ജ്ഞാനം കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമാണെന്ന്. പിന്നെ ഞാനെന്തിന് ഈ നിഷ്ഠുരമായ കര്‍മ്മം ചെയ്യണം ?

കൃഷ്ണന്‍ ചിരിച്ചു. " കൗന്തെയാ ! ലോകത്തില്‍ രണ്ടു തരം നിഷ്ഠകളുണ്ട്. ഒന്ന് ജ്ഞാന യോഗം. ഇത് ജ്ഞാനികള്‍ക്ക് മോക്ഷത്തിലെയ്ക്കുള്ള മാര്‍ഗ്ഗമാണ്. എന്നാല്‍ നിനക്ക് കര്‍മ്മയോഗമാണ് വിധിച്ചിട്ടുള്ളത്. സ്വകര്‍മ്മത്തിലൂടെ ശ്രേഷ്ഠമായ യോഗമാര്‍ഗ്ഗം അവലംബിയ്ക്കുക.

അര്‍ജ്ജുനന്‍ തന്‍റെ അടുത്ത സംശയം ഉന്നയിച്ചു. " കൃഷ്ണാ ! സമാധിസ്ഥനായ സ്ഥിത പ്രഞ്ജന്‍റെ ലക്ഷണം എന്താണന്നു പറയൂ ! മനസ്സ് വ്യാമോഹത്തില്‍ പെടാതിരിയ്ക്കാന്‍ അയാള്‍ എന്ത് നിഷ്ഠയാണ് ആചരിയ്ക്കുന്നത് ?" തന്നെ തളര്‍ത്തിയിരിയ്ക്കുന്ന വിഷാദാവസ്ഥയില്‍ നിന്ന് അര്‍ജ്ജുനന്‍ മടങ്ങി വരുന്നതിന്‍റെ ലക്ഷണം കൃഷ്ണന്‍ കണ്ടു. "അര്‍ജ്ജുനാ സ്ഥിത പ്രജ്ഞത്വത്തിന്റെ ലക്ഷണം ഞാനങ്ങയോടു വിവരിയ്ക്കാം. അയാള്‍ മനോഗതങ്ങളായ സര്‍വ്വകാമങ്ങളെയും ആത്മാവിനാല്‍ ആത്മാവില്‍ തന്നെ സന്തുഷ്ടനായവനാണ്. ദുഃഖത്തില്‍ അവിചലിത ചിത്തനായവനും, സുഖത്തില്‍ നിസ് വൃഹനുമായ അവനെ സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നു. അയാളുടെ മനസ്സിനെ മോഹം, ക്രോധം, ഭയം ഇവ ബാധിയ്ക്കില്ല. ഒന്നിനോടും സക്തി ഇല്ലാത്ത ഇയാള്‍ നന്മയേയും തിന്മയേയും ഒരേ മനസ്സോടെ സ്വീകരിയ്ക്കുന്നു. എകാഗ്രബുദ്ധിയായ സ്ഥിതപ്രജ്ഞന്‍, ആമ തന്‍റെ അംഗങ്ങളെ ഉള്ളിലേയ്ക്ക് വലിയ്ക്കും പോലെ, ഇന്ദ്രിയങ്ങളെ വിഷയത്തില്‍ നിന്ന് മുക്തനാക്കി, എകാഗ്ര മനസ്ക്കനായിരിയ്ക്കുന്നു. അല്ലയോ കൗന്തേയാ ! ആ അവസ്ഥയിലേയ്ക്കുള്ള പ്രയാണം സുഗമമല്ല. കാരണം, ഇന്ദ്രിയങ്ങള്‍ മനുഷ്യനെ ഏതെങ്കിലും വിധത്തില്‍ ഭോഗസുഖങ്ങള്‍ക്ക് പ്രേരിപ്പിച്ചു കൊണ്ടെയിരിയ്ക്കും. ഇന്ദ്രിയങ്ങളില്‍ സംഗമുണ്ടാകുന്ന പുരുഷന്‍ കാമത്തിന് അടിമപ്പെടുന്നു. കാമത്തില്‍ നിന്ന് ക്രോധവും, ക്രോധത്തില്‍ നിന്ന് മോഹവും ഉടലെടുക്കുന്നു. മോഹത്തില്‍ നിന്ന് സ്മൃതി ഭ്രംശവും സ്മൃതി ഭ്രംശത്തില്‍ നിന്ന് ബുദ്ധിനാശവും ഭവിയ്ക്കുന്നു. ബുദ്ധിനാശം സര്‍വ്വനാശത്തിന് വഴി ഒരുക്കുന്നു. ഇവയില്‍ നിന്നെല്ലാം അക്ഷോഭ്യനായി നിലകൊള്ളാന്‍ കഴിയുന്നവര്‍ പ്രാപിയ്ക്കുന്ന അവസ്ഥയാണ് ബ്രഹ്മനിഷ്ഠയായി വിഞ്ജര്‍ പറയുന്നത്.

അര്‍ജ്ജുനന്‍ ചോദിച്ചു " അല്ലയോ ! കൃഷ്ണാ !! ബ്രഹ്മപ്രാപ്തിയാണ് ഏറ്റവും വലിയ നില എന്ന് അങ്ങ് പറയുന്നു. അങ്ങിനെയാണെങ്കില്‍ ഞാനെന്തിന് ഈ ഘോരകര്‍മ്മത്തിന് നിയുക്തനാകണം?" "ഹേ! അര്‍ജ്ജുനാ ബ്രഹ്മ നിഷ്ഠയിലെത്തുന്നതിന് രണ്ടു വിധ മാര്‍ഗ്ഗങ്ങളുണ്ട്. ഒന്ന്, ജ്ഞാന യോഗവും, മറ്റൊന്നു കര്‍മ്മയോഗവും. ഒരു നിമിഷം പോലും മനുഷ്യന്‍ കര്‍മ്മത്തില്‍ നിന്ന് മുക്തനാവാനാവില്ല. മനുഷ്യന് കര്‍മ്മം ചെയ്യണമെന്നത് പ്രകൃതി നിയമമാണ്. ഒന്നും ചെയ്യാതെ ഒരുവന്‍ ഇരിയ്ക്കുന്നു എങ്കില്‍ അവര്‍ മനോ വ്യാപാരത്തില്‍ പെട്ടിരിയ്ക്കും. അയാള്‍ കപട സന്യാസിയാണ്. എന്നാല്‍ സ്ഥിതപ്രഞജ്ന്‍ നിസ്സംഗതയോടെ ചെയ്യുന്ന കര്‍മ്മഫലം ലോകര്‍ക്ക് പുണ്യമായി ഭവിയ്ക്കുന്നു. കര്‍മ്മം ചെയ്യാതെ ആര്‍ക്കും ഒരുക്ഷണം പോലും ജീവിയ്ക്കാനാവില്ല --- ചുരുങ്ങിയ പക്ഷം ദേഹീയമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയെങ്കിലും കര്‍മ്മം ചെയ്തെ കഴിയൂ.

" ഉദ്ധരേദാത്മാനാത് മാനം
നാത് മനാ അവസാദ യേത്
ആത്മൈവ ഹ്യാത്മനോബന്ധു-
രാത്മെവ രിപുരാത്മന: " ( ഭഗവദ് ഗീത )

ഹേ ! കൗന്തെയാ !! അങ്ങ് യജ്ഞമെന്ന പോലെ സ്വകര്‍മ്മത്തെ ചെയ്യുക. സ്വന്തം ആത്മാവിനെ അറിയുക. അതിന്‍റെ അപരിമേയമായ കഴിവില്‍ വിശ്വസിയ്ക്കുക. സ്വയം മനസ്സിനെ തളര്‍ത്താതിരിയ്ക്കുക. എന്തെന്നാല്‍ ആത്മാവ് ഒരേ സമയം ഒരുവന്‍റെ ബന്ധുവും, ശത്രുവുമാണ്. എല്ലാ കര്‍മ്മങ്ങളും യജേഞശ്വനായ എന്നില്‍ സമര്‍പ്പിച്ചു നിസ്സംഗനായി സ്വകര്‍മ്മം ചെയ്താല്‍ കര്‍മ്മത്തിന്‍റെ പുണ്യപാപ ഫലങ്ങള്‍ നിന്നെ തീണ്ടുകയില്ല.

കൃഷാണോക്തികള്‍ ഉള്‍ക്കൊണ്ട അര്‍ജ്ജുനന്‍ വീണ്ടും സംശയം ഉന്നയിച്ചു. " മനുഷ്യന്‍ താനാഗ്രഹിയ്ക്കുന്നില്ലെങ്കില്‍ പോലും, നിയോഗിയ്ക്കപ്പെട്ടവനെ പ്പോലെ പാപം ചെയ്യേണ്ടി വരുന്നതിന്‍റെ പ്രേരണ അങ്ങ് എനിയ്ക്ക് മനസ്സിലാക്കി തന്നാലും.

കാമ ഏഷ ക്രോധ ഏഷ
രജോ ഗുണ സമുദ് ഭവ :
മഹാശനോ മഹാപാപ്മാ
വിദ്ധ്യെന മിഹ വൈരിണം " ( ഭഗവദ് ഗീത )

രജോ ഗുണത്തില്‍ നിന്ന് ജനിച്ചതും തൃപ്തിപ്പെടുത്താന്‍ ദുസ്സാദ്ധ്യവുമായ മഹാപാപ കാരണം കാമവും, ക്രോധവുമാണ്. ഇതിനെ മനുഷ്യന്‍ ശത്രു ആയി കണക്കാക്കുക. ഈ ശത്രുക്കള്‍ അവനില്‍ തെറ്റിനുള്ള പ്രേരണ ചെലുത്തുന്നു. അല്ലയോ അര്‍ജ്ജുനാ ! ധൂമത്താല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഉല്‍ബത്താല്‍ ( ചര്‍മ്മം ) ഗര്‍ഭവും ആവൃതമായിരിയ്ക്കുന്നത് പോലെ മനുഷ്യനില്‍ ജ്ഞാനം കാമക്രോധാദികളാല്‍ മൂടപ്പെടുന്നു.

ഉല്‍ബസ്ഥനായ ശിശുവിന് പുറത്തു വരാന്‍ മാസങ്ങളുടെ തപസ്യ ആവശ്യമെന്ന പോലെ, അല്പം ശ്രമിയ്ക്കാന്‍ സന്നദ്ധനായാല്‍, രജോഗുണ പ്രധാനര്‍ക്കുപോലും, പാപത്തിലേയ്ക്കു നയിയ്ക്കുന്ന കാമക്രോധാദികളെ നിയന്ത്രണത്തിലാക്കാന്‍ കഴിയും. തമോഗുണ പ്രധാനനായവര്‍ക്ക് ജ്ഞാനപ്രാപ്തി കിട്ടാന്‍ തീവ്രശ്രമം തന്നെ വേണ്ടി വരും.

പിന്നീട് കൃഷ്ണന്‍ തന്‍റെ ദിവ്യത്വത്തിന്‍റെ ക്ഷണിക വീക്ഷണം അര്‍ജ്ജുനനില്‍ ഉണ്ടാകാന്‍ വേണ്ടി ബോധപുര്‍വ്വം ഇങ്ങനെ പറഞ്ഞു. " ഞാനീയോഗം " വിവസ്വാനെ പഠിപ്പിച്ചു. വിവസ്വാന്‍ മനുവിനും, മനു, ഇക്ഷ്വാകുവിനേയും അഭ്യസിപ്പിച്ചു. ഇപ്രകാരം ഈ തത്വം രാജര്‍ഷിമാര്‍ക്ക് സിദ്ധമായി. നീ എനിയ്ക്ക് ഏറെ പ്രിയനാകയാല്‍ നിനയ്ക്കും ഞാനിത് ഉപദേശിയ്ക്കുകയാണ്.

അര്‍ജ്ജുനന് വീണ്ടും സംശയം ജനിച്ചു. " അല്ലയോ കൃഷ്ണാ ! അങ്ങ് ജനിയ്ക്കുന്നതിന് എത്രയോ മുന്‍പാണ് വിവസ്വാനും, മനുവും ജീവിച്ചിരുന്നത് ? അപ്പോള്‍ ഈ തത്വം അങ്ങെങ്ങനെ അവര്‍ക്കുപദേശിച്ചു ?" കൃഷ്ണന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു , അര്‍ജ്ജുനാ ! ഞാനും നീയും ജന്മ ജന്മാന്തരങ്ങളായി നരനാരായണന്മാരാണ്. ഇതു നിനയ്ക്ക് അജ്ഞാതമാണെങ്കിലും, എനിയ്ക്കെല്ലാം അറിയാം. എന്തന്നാല്‍ ഞാന്‍ സര്‍വ്വ ഭൂതങ്ങളുടെയും ഉള്ളില്‍ വസിയ്ക്കുന്ന ജനിമരണാദികളില്ലാത്ത അവ്യയനായ ഈശ്വരനാണ്.

" പരിത്രാണായ സാധൂ നാം
വിനാശായ ച ദുഷ്ക്കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍തഥായ
സംഭവാമി യുഗേ യുഗേ " (ഭഗവദ് ഗീത )

ഏതേതു ഘട്ടങ്ങളില്‍ ധര്‍മ്മത്തിന് ച്യാതി ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാന്‍ ധര്‍മ്മത്തെ പരിരക്ഷിയ്ക്കുന്നതിനും ദുഷ്ട നിഗ്രഹണത്തിനും വേണ്ടി ഭിന്ന ഭിന്നമായ രൂപങ്ങള്‍ കൈകൊള്ളുന്നു. എന്‍റെ ദിവ്യമായ ജന്മവും, കര്‍മ്മവും എല്ലാവരും അറിയുന്നില്ല. അറിയുന്ന ജ്ഞാനികള്‍ ജനി മരണ വിമുക്തമായ പരമപ്രാപ്തി നേടുന്നു.

അല്ലയോ കൗന്തെയാ ! സംഗം അഥവാ ആസക്തി കൊണ്ടുണ്ടാകുന്ന സുഖം ദുഃഖത്തിന് കാരണാമായി തീരുന്നു. ബുദ്ധിയുള്ളവന്‍ ഒരിയ്ക്കലും ആ വിധത്തിലുള്ള സുഖാന്വേഷി ആകില്ല.

ശീതമായാലും ഉഷ്ണമായാലും, സുഖമായാലും ദുഃഖമായാലും, മാനമായാലും അപമാനമായാലും സര്‍വ്വത്ര സമഭാവനയോടെ വീക്ഷിയ്ക്കുന്ന യോഗിയെ 'യുക്തന്‍' എന്ന് പറയുന്നു. അയാള്‍ക്ക് ആരുമായും മൈത്രിയോ ശത്രുത്വമോ കാണില്ല. സ്വര്‍ണ്ണവും, കല്ലും, മണ്‍കട്ടയും അയാള്‍ക്ക് ഒരു പോലെയാണ്. ( സമബുദ്ധി ഭാവന ), അയാള്‍ പരമ പദം നേടിയവനാണ്. അല്ലയോ കൗന്തെയാ ! നീ എന്ത് ചെയ്യുന്നുവോ, എന്താശിയ്ക്കുന്നവോ, എന്ത് ഹോമിയ്ക്കുന്നുവോ, എന്ത് ദാനം ചെയ്യുന്നവോ, എന്ത് തപസ്സനുഷ്ടിയ്ക്കുന്നുവോ അതെല്ലാം എന്നില്‍ അര്‍പ്പിച്ചു കൊണ്ട് ചെയ്യുക. അപ്പോള്‍ അങ്ങ് ചെയ്യുന്ന കര്‍മ്മത്തിന്‍റെ നല്ലതോ, ചീത്തയോ ആയ ബന്ധനത്തില്‍ നിന്ന് നീ മുക്തനായി തീരുന്നതാണ്.

അര്‍ജ്ജുനന്‍ ഭക്തിയോടെ ചോദിച്ചു, " നിരന്തരമായ ധ്യാനം കൊണ്ട് അങ്ങയെ പ്രാപിയ്ക്കുന്നത് എങ്ങനെയാണെന്ന് പറയുക. അങ്ങയുടെ പ്രതാപങ്ങളെ പറ്റിയും, വിവിധങ്ങളായ ഐശ്വര്യങ്ങളെ പറ്റിയും അറിയുവാന്‍ ആഗ്രഹമുണ്ട്. അങ്ങയെ കാണാന്‍ ഞാന്‍ എവിടെയാണ് അന്വേഷിയ്ക്കേണ്ടത് ? എവിടെയാണങ്ങു വസിയ്ക്കുന്നതെന്ന് പറഞ്ഞാലും പ്രഭോ !"

" അഹമാത്മാ ഗൂഡാകേശ !
സര്‍വ്വ ഭുതാശയസ്ഥിത :
അഹമാദിശ്ച മധ്യം ച
ഭുതാനാമന്ത ഏവ ച'
ആദിത്യാനാമഹം വിഷ്ണുര്‍-
ജ്യോതിഷാം രവി രംശുമാന്‍
മരീചിര്‍ മരുതാമസ് മി
നക്ഷത്രാണാ മഹം ശശീ. " (ഭഗവദ് ഗീത )

കൃഷ്ണന്‍ പറഞ്ഞു. എല്ലാറ്റിന്‍റെയും ഹൃദയാന്തര്‍ഭാഗത്ത് അന്തരാത്മാവായി വസിയ്ക്കുന്നത് ഞാനാണെന്നറിയുക. ഞാന്‍ ഭൂതങ്ങളുടെ ആദിയും, മദ്ധ്യവും അന്ത്യവുമാണ്. ദ്വദശാദിത്യന്മാരില്‍ ഞാന്‍ വിഷ്ണുവാണ്. പ്രകാശങ്ങളില്‍ എന്നെ സൂര്യനായി അറിയുക, വായുക്കളില്‍ മരീചിയും, നക്ഷത്ര സമൂഹത്തില്‍ അമൃത തുല്യനായ ചന്ദ്രനായും എന്നെ അറിയുക. ഏകാദശ രുദ്രന്മാരില്‍ എന്നെ ശങ്കരനായി അറിയുക, വാക്കുകളില്‍ ഞാന്‍ പ്രണവമാകുന്നു ( ഓം ). ആയുധങ്ങളില്‍ എന്നെ വജ്രായുധമായി ധരിയ്ക്കുക. ഞാന്‍ കാലമാകുന്ന അളവുകോലായി അറിയപ്പെടുന്നു. സര്‍വ്വഹരനായ മൃത്യുവും ഞാന്‍ തന്നെ. ഞാനില്ലാതെ ചരമോ, ആചരമോ, ആയ ഒരു വസ്തുവും പ്രപഞ്ചത്തിലില്ല. വിഭൂതിമത്തും, ഊര്‍ജ്ജസ്വലവും, ശ്രീമത്തും ആയ എല്ലാ വസ്തുക്കളും എന്‍റെ അംശം കൊണ്ട് സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഞാന്‍ അവയിലെല്ലാം ചൈതന്യമായി കുടി കൊള്ളുന്നു. ഞാന്‍ ഈ ജഗത്തു മുഴുവന്‍ എന്‍റെ ഒരംശം കൊണ്ട് ധരിച്ചു സ്ഥിതി ചെയ്യുന്നു." നിറഞൊഴുകുന്ന ഭക്തി ഭാവത്തോടെ അര്‍ജ്ജുനന്‍ അപേക്ഷിച്ചു. "ഭഗവാനെ ! അങ്ങയുടെ ഐശ്വര്യദായകമായ ആ സ്വരൂപം അര്‍ഹാനാണങ്കില്‍ എനിയ്ക്ക് കാണിച്ചു തന്നാലും !".

കൃഷ്ണന്‍ അര്‍ജ്ജുനന് ദിവ്യ ചക്ഷുസ്സു നല്‍കി. ഭഗവല്‍ വിശ്വരൂപം അര്‍ജ്ജുനന്‍ ദര്‍ശിച്ചു. ആയിരം സൂര്യതേജസ്സോടു കൂടിയ ആ പ്രകാശ പ്രഭയില്‍ വിശ്വം മുഴുവന്‍ മിന്നി മറയുന്നത് അര്‍ജ്ജുനന്‍ കണ്ടു. രോമാഞ്ചിത കളേബരനായി, ആ ദിവ്യ രൂപത്തെ പ്രണമിച്ചു തൊഴു കൈയ്യോടെ അര്‍ജ്ജുനന്‍ പറഞ്ഞു.

പശ്യാമി ദേവാംസ്തവ ദേവദേഹേ
സര്‍വ്വാം സ്തഥാ ഭൂതഭൂത വിശേഷ സംഘാന്‍
ബ്രഹ്മാണ മീശം കമലാസനസ്ഥ _
മൃഷിംശ്ച സര്‍വ്വാനുരഗാംശ്ച ദിവ്യാന്‍ " ( ഭഗവദ് ഗീത )

"അല്ലയോ ദേവാധിദേവാ ! ഞാന്‍ അങ്ങയുടെ ദേഹത്തില്‍ സകല ദേവന്മാരെയും, ഭൂത വിശേഷ സംഘങ്ങളെയും ( സകല ജീവജാലങ്ങളെയും ), കമലാസനസ്ഥനും, ദേവേശനുമായ ബ്രഹ്മാവിനേയും എല്ലാ ഋഷിമാരെയും ദിവ്യങ്ങളായ ഉരഗങ്ങളെയും കാണുന്നു. കണ്ണീര്‍ വീണു മുടിയ എന്‍റെ കണ്ണുകളാല്‍ എല്ലാമെല്ലാം ഒരു മൂടലിനപ്പുറമുള്ള തെളിമയോടെ ഞാന്‍ കാണുന്നു. ജഗത് പ്രഭോ ! അങ്ങേയ്ക്കപ്പുറം ഈ ജഗത്തില്‍ ഒന്നുമില്ലന്നു ഞാനറിയുന്നു. അങ്ങ് ജഗത്തിനും കാലത്തിനും അതീതനാണ്. മഹാപ്രഭോ ! എല്ലാം നിമിഷാര്‍ദ്ധത്തിനുള്ളില്‍ ഭസ്മമാക്കാന്‍ കഴിവുള്ള അങ്ങ് ഏറെ ക്ഷമയോടെ, വാത്സല്യത്തോടെ, സഹനത്തോടെ, സൗമ്യതയോടെ ഞാനുള്‍പ്പെടെയുള്ള വരെ കാത്തു രക്ഷിയ്ക്കുന്നു. അങ്ങയുടെ പ്രഭാവം ചെന്നെത്താത്ത ഒരു വസ്തുവും പ്രപഞ്ചത്തിലില്ല. നടക്കാന്‍ പോകുന്ന ഈ യുദ്ധത്തിന്‍റെ പര്യവസാനം പോലും അങ്ങെനിയ്ക്ക് കാട്ടി തന്നിരിയ്ക്കുന്നു. ഇനിയും എനിയ്ക്ക് അങ്ങയെ അറിയാന്‍ കഴിയുന്നില്ല മഹാ പ്രഭോ !" കൃഷ്ണന്‍ പറഞ്ഞു. " ഹേ ! കൗന്തെയാ !! നിനക്കെന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലേ ? ഞാന്‍ സര്‍വ്വ നാശകനായ കാലമാണ്. ഇവിടെ ഈ വീരന്മാരെയെല്ലാം നശിപ്പിയ്ക്കാന്‍ ഞാന്‍ ഉദ്യാക്തനായിരിയ്ക്കുന്നു. എന്നാല്‍ കൊല്ലപ്പെട്ടു കഴിഞ്ഞ ഈ മനുഷ്യരുടെ മേലുള്ള നിന്‍റെ ശസ്ത്ര പ്രയോഗം വെറും നിമിത്തം മാത്രം. സ്വകര്‍മ്മ നിഷ്ഠയിലുടെ, ഹേ! അര്‍ജുനാ ! നീ യശസ്സും, കീര്‍ത്തിയും നേടാന്‍ ഞാന്‍ നിന്നെ പ്രേരിപ്പിയ്ക്കുന്നു."

ശബ്ദം പൊന്താതായ അര്‍ജ്ജുനന്‍ തൊഴുകൈയ്യോടെ ഭഗവാന് മുന്‍പില്‍ മുട്ടുകുത്തി.

" സ്ഥാനേ ഹൃഷികേശ തവ പ്രകീര്‍ത്യാ
ജഗത് പ്രഹൃഷ്യത്യ നുരജ്യതേ ച
വേത്താ സി വേദ്യം ച പരം ചധാമ
ത്വയാ തതം വിശ്വമനന്ത രൂപാ.'

" അല്ലയോ ദേവ ദേവാ ! ജഗത് പിതാവേ ! അങ്ങ് നാശ രഹിതനാണ്. സത്തും അതിനപ്പുറമുള്ളതുമാണ്. ഈ വിശ്വം മുഴുവന്‍ അങ്ങയാല്‍ വ്യാവൃതമായിരിയ്ക്കുന്നു. അങ്ങ് പൂജ്യനും ഉല്‍ക്കൃഷ്ടനുമായ ഗുരുവാണ്. മൂന്നു ലോകത്തിലും അങ്ങേയ്ക്ക് തുല്യരായി ആരുമില്ലെന്ന് ഞാനറിയുന്നു ദേവാ ! അങ്ങയുടെ മഹത്വത്തെ അറിയാതെ ഞാന്‍ അങ്ങയെ കൃഷ്ണാ എന്നും സഖേ; എന്നും വിളിച്ചു പോയി. എന്‍റെ അറിവില്ലായ്മ ക്ഷമിച്ച് അങ്ങ് എനിയ്ക്ക് മാപ്പ് നല്‍കിയാലും. അങ്ങയുടെ പൂര്‍വ്വ രൂപം പ്രാപിച്ചു എന്‍റെ സുഹൃത്തായി കാണാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. ഈ രൂപം കാണാന്‍ ഞാന്‍ അശക്തനാണ് പ്രഭോ !" ഭഗവാന്‍ തന്‍റെ വിശ്വരൂപം വെടിഞ്ഞു, പരിചിത രൂപം കൈകൊണ്ടപ്പോള്‍ അര്‍ജ്ജുനന്‍ സന്തോഷിച്ചു.

ഭഗവാന്‍ പറഞ്ഞു, " അര്‍ജ്ജുനാ ! നീ എന്‍റെ പരമ ഭക്തനാണെന്ന് എനിയ്ക്കറിയാം. നിന്നെക്കാളേറെ നീ എന്നെ ഭക്തി പൂര്‍വ്വം സ്നേഹിയ്ക്കുന്നു. അതിനാലാണ് യോഗികള്‍ക്ക് പോലും പ്രാപ്യമല്ലാത്ത എന്‍റെ ഈ ദിവ്യദര്‍ശനം നിന്‍റെ മുന്നില്‍ ഞാന്‍ പ്രകടമാക്കിയത്. ഇപ്പോള്‍ നിന്‍റെ എല്ലാ സംശയങ്ങളും ഏറെക്കുറെ ദുരീകരിച്ചില്ലേ? " അര്‍ജ്ജുനന്‍ ചോദിച്ചു. " അങ്ങയെ പൂജിയ്ക്കുന്ന ഭക്തന്മാരെ പ്പോലെ തന്നെ ചിലര്‍ പര ബ്രഹ്മത്തേയും പൂജിയ്ക്കുന്നു. ഈ രണ്ടു കൂട്ടരിലും നല്ല യോഗി ആരാണ് ?" ഭഗവാന്‍ പറഞ്ഞു. " ഇന്ദ്രിയ നിഗ്രഹം ചെയ്തു പരമോപാസനയോടെ എന്നെ പ്രാപിയ്ക്കാനുള്ള മാര്‍ഗ്ഗം ഏറെ ദുഷ്ക്കരമാണ്. അതിന് കഠിനമായ ശ്രമം തന്നെ വേണ്ടിവരും. എന്നാല്‍ ബ്രഹ്മോപാസകനെ യോഗിയായി പരിഗണിയ്ക്കുന്നു. ഫല പ്രാപ്തി കാലതാമസമേറിയതാണ്. എന്നാല്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് ഏറെ ലളിതമായുള്ളത്. എല്ലാ കര്‍മ്മങ്ങളും എന്നില്‍ സമര്‍പ്പിയ്ക്കുകയും, പൂജാ വസ്തുക്കളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായി എന്നെ കണക്കാക്കുകയും ഏകാന്ത ഭക്തിയോട് കൂടി എന്നെ ധ്യാനിയ്ക്കുകയും ചെയ്യുന്ന ഭക്തരില്‍ ഞാന്‍ വളരെ വേഗം പ്രസാദീയ്ക്കുന്നു. അവരില്‍ സംസാര സാഗര തരണത്തിനാവശ്യമായ ജ്ഞാനം ഞാന്‍ പ്രദാനം ചെയ്യുന്നു. ഹേ ! അര്‍ജുനനാ !! അങ്ങയുടെ ചിന്തകള്‍ എന്നില്‍ ലയിപ്പിച്ച്, മനസ്സ് എന്നില്‍ മാത്രം എകാഗ്രമാക്കൂ ! അങ്ങയുടെ എല്ലാ ആഗ്രഹങ്ങളും എന്നിലുടെ സാധിത പ്രായമാകുന്നതാണ്.

അര്‍ജുനന്‍ ചോദിച്ചു. " ഭഗവാനെ ! സന്യാസത്തിന്‍റെയും ത്യാഗത്തിന്‍റെയും യഥാര്‍ത്ഥ സ്വഭാവം അങ്ങെനിയ്ക്ക് ഉപദേശിച്ചാലും "

" കാമ്യാ നാം കര്‍മ്മണാം ന്യാസം
സന്യാസം കവയോ വിദു:
സര്‍വ്വ കര്‍മ്മ ഫല ത്യാഗം
പ്രാഹുസ് ത്യാഗം വിചക്ഷണാ: " (ഭഗവദ് ഗീത )

അല്ലയോ കൗന്തെയാ ! കാമ്യങ്ങളായ കര്‍മ്മങ്ങളെ നിശ്ശേഷം വേണ്ടന്ന് വെയ്ക്കുന്നതാണ് സന്യാസം എന്ന് പണ്ഡിതന്‍മാര്‍ ധരിയ്ക്കുന്നു. സര്‍വ്വ കര്‍മ്മങ്ങളുടെയും ഫലത്തെ ത്യജ്ജിയ്ക്കുന്നത് ത്യാഗമായി ജ്ഞാനികള്‍ പറയുന്നു. ത്യാഗം മൂന്നു വിധമായി വിവക്ഷിയ്ക്കപ്പെടുന്നു. യജ്ഞം, ദാനം, തപസ്സ് എന്നീ കര്‍മ്മങ്ങള്‍ ത്യജ്ജിയ്ക്കേണ്ടവയല്ല. ഇവ മൂന്നും മനസ്സിനെ ശുദ്ധികരിയ്ക്കുന്നു. എന്നാല്‍ ആ കര്‍മ്മവും, ആസക്തിയും ഫലവും ഉപേക്ഷിച്ചു വേണം ചെയ്യപ്പെടേണ്ടത്. കര്‍ത്തവ്യം തന്നെയെന്നുള്ള നിഷ്ഠയോടുകൂടി, ആസക്തിയും ഫലവും ത്യജ്ജിച്ചു നിയതമായ ഏതു കര്‍മ്മം അനുഷ്ഠിയ്ക്കുന്നുവോ അത് സ്വാത്വികമായ ത്യാഗമാണ്. ഇഷ്ടം, അനിഷ്ടം, ഇഷ്ടാനിഷ്ഠമിശ്രം എന്ന് മൂന്നു വിധമായ കര്‍മ്മ ഫലങ്ങള്‍ ത്യാഗികള്‍ക്ക് മരണ ശേഷം ഭവിയ്ക്കുന്നു. എന്നാല്‍ സന്യാസികള്‍ക്ക് ഒരിയ്ക്കലും അതു സംഭവിയ്ക്കുന്നില്ല. ജ്ഞാനം, ജ്ഞേയം (വിഷയം), ജ്ഞാതാവ് എന്നീ മുന്ന് വിധമാണ് കര്‍മ്മത്തിനുള്ള പ്രേരണകള്‍. കാരണം, കര്‍മ്മം, കര്‍ത്താവ് എന്നീ മൂന്ന് വിധമത്രേ കര്‍മ്മത്തിന്‍റെ ആശ്രയങ്ങള്‍. അതിനാല്‍ നീ എന്നില്‍ തന്നെ ഏകാന്ത ചിന്തനായി മനസ്സുറപ്പിച്ചു, ഫലകാംക്ഷയില്ലാതെ സ്വധര്‍മ്മം നിറവേറ്റുക. എന്‍റെ അനുഗ്രഹത്താല്‍ നിന്‍റെ സര്‍വ്വ കര്‍മ്മങ്ങളും ഫലവത്തായിത്തീരും.

" യദ ഹങ്കാര മാശ്രിത്യ
ന യോത്സ്യ ഇതി മന്യസേ,,
മിഥൈഷ വ്യവസായസ്തേ
പ്രകൃതി സ്ത്വാം നിയോക്ഷ്യതി " (ഭഗവദ് ഗീത )

എന്നാല്‍ അഹങ്കാരം നിമിത്തം " ഞാന്‍ യുദ്ധം ചെയ്യുകയില്ല " എന്ന് നീ വിചാരിയ്ക്കുന്നുണ്ടെങ്കില്‍ നിന്‍റെ ആ സങ്കല്പം വ്യര്‍ത്ഥമായിത്തീരും. നിന്‍റെ ക്ഷത്രിയോജിതമായ പ്രകൃതി തന്നെ നിന്നെ അതിനായി നിയോഗിയ്ക്കുന്നതാണ്.

കൃഷണോക്തികള്‍ കേട്ട് അത്യന്തം ഉത്സാഹവാനായ പാര്‍ത്ഥന്‍ തൊഴുകയ്യോടെ ഇപ്രകാരം പറഞ്ഞു. " ഭഗവാനെ ! അങ്ങയുടെ സ്നേഹോദ്യുക്തങ്ങള്‍ ഗാംഭീര്യവും അത്യന്തം ശ്രദ്ധയവുമാണ്. എന്നെ ആവരണം ചെയ്തിരുന്ന അജ്ഞാനത്തില്‍ നിന്നും ഞാന്‍ മുക്തനായി പ്രഭോ ! എനിയ്ക്കിനി സംശങ്ങളില്ല. അങ്ങയുടെ ഇച്ഛക്കൊത്ത് പ്രവര്‍ത്തിയ്ക്കാന്‍ ഞാന്‍ ബദ്ധശ്രദ്ധനായിരിയ്ക്കുന്നു. പ്രകാശമാനവും, ധന്യവുമായ പുഞ്ചിരിയോടെ അര്‍ജ്ജുനന്‍ 'ഗാണ്ഡീവം' കയ്യിലെടുത്തു. ഭഗവാന്‍ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി അര്‍ജ്ജുനനെ കടാക്ഷിച്ചു. തന്‍റെ അരികില്‍ ചെവിയോര്‍ത്തിരുന്ന ധൃതരാഷ്ട്ര മഹാരാജാവിനോട് സജ്ജയന്‍ പറഞ്ഞു.

" വ്യാസ പ്രസാദാച്ച്ച്യാ തവാ _
നേതദ് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത്കൃഷ്ണാത്
സാക്ഷാത് കഥയത: സ്വയം" (ഭഗവദ് ഗീത )

അല്ലയോ രാജാവേ ! ശ്രീവേദവ്യാസന്‍റെ പ്രസാദം മൂലം അത്യന്തം രഹസ്യമായ ഈ യോഗം ഭഗവാന്‍ തന്നെ തന്‍റെ പ്രിയനും ഭക്തനുമായ അര്‍ജ്ജുനന് ഉപദേശിയ്ക്കുന്നത് എനിയ്ക്കും കേള്‍ക്കാന്‍ കഴിഞ്ഞു. ഈ പുണ്യ സംവാദം ഓര്‍ക്കും തോറും എന്‍റെ മനസ്സ് ആനന്ദ പുളകിതമാകുന്നു. ഞാന്‍ ധന്യനായി തീര്‍ന്നിരിയ്ക്കുന്നു.

" യത്ര യോഗേശ്വര: കൃഷ്‌ണോ
യത്ര പാര്‍തഥോ ധനുര്‍ധര
തത്ര ശ്രീര്‍ വിജയോ ഭുതിര്‍ --
ധൃവാ നീതിര്‍മ്മതിര്‍മ്മ മ " (ഭഗവദ് ഗീത)

എവിടെ യോഗേശ്വരനായ കൃഷ്ണനും, ധനുര്ധരനായ പാര്‍ത്ഥനും ഒന്നിച്ചു ചെരുന്നുവോ, നിശ്ചയമായും അവിടം ധര്‍മ്മത്താല്‍ പരിരക്ഷിയക്ക പ്പെടും. ഭക്തിയാല്‍ സജ്ജയന്‍റെ കണ്ണുകളും, ഉല്‍ക്കണ്ടയാല്‍ ധൃതരാഷ്ട്രരുടെ കണ്ണുകളും നിറഞൊഴുകി.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories