ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

2013 ഏപ്രില്‍ മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും


2013 ഏപ്രില്‍ മാസത്തിലെ രാശിഫലവും ഗ്രഹ ചലനങ്ങളും

ഈ മാസം ആകാശത്ത് സംഭവിക്കുന്ന രാശി മാറ്റങ്ങള്‍ ഇവയാകുന്നു. ഏപ്രില്‍ 9-ന് അര്‍ധ രാത്രിയില്‍ ബുധന്‍ നീചരാശിയായ മീനത്തിലേക്കും ശേഷം 28-ന് സായാഹ്‌നം മേടത്തിലേക്കും പ്രവേശിക്കുന്നു. കൂടാതെ 30 മുതല്‍ സൂര്യനോടടുക്കുന്നതിനാല്‍ മൗഢ്യനുമാകുന്നു. ശുക്രന്‍ 10-ന് സായാഹ്‌നവും, ചൊവ്വ 12-ന് സായാഹ്‌നവും മേടം രാശിയിൽ പ്രവേശിക്കുന്നു. ഗ്രഹരാജാവായ സൂര്യന്‍ 13-ന് അര്‍ധരാത്രിയില്‍ ഉച്ചരാശിയായ മേടത്തില്‍ പ്രവേശിച്ച് വിഷുദിനം വിളംബരം ചെയ്യുന്നു. ശുക്രന്റെയും ചൊവ്വയുടെയും മൗഢ്യ പ്രയാണവും തുലാം രാശിയിലെ ശനിയുടെ വക്ര പ്രയാണവും തുടരുന്നു.

മേടക്കൂര്‍ (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ 15 നാഴിക)

മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം വ്യാഴ ശുക്രന്‍ ഒഴിച്ചുള്ള ഗ്രഹങ്ങളുടെ അനുഗ്രഹം വലുതായി ലഭിച്ചെന്ന് വരില്ല. തൊഴില്‍പരമായി തെറ്റുകളുണ്ടാവാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ പൊന്തി വന്നേക്കാം. അത് ഇപ്പോഴെത്തെ നിങ്ങളുടെ കാര്യങ്ങളെ തകിടം മറിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നത് നന്നായിരിക്കും. നഷ്ടസാദ്ധ്യതയുള്ള സംരംഭങ്ങളില്‍ നിന്നും വിട്ടു നിക്കണം. വിവാഹിതര്‍ പങ്കാളിയുമായി കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. അനാവശ്യ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ശാരീരികമായി ചൂട് സംബന്ധമായ അസുഖങ്ങള്‍ വരാതെ ശ്രദ്ധിക്കണം.
നല്ല ദിവസങ്ങള്‍ : 7, 8, 11, 12, 16, 17, 23, 26.

ഇടവക്കൂര്‍ (കാര്‍ത്തിക അവസാനത്തെ 45 നാഴിക, രോഹിണി, മകയിരം ആദ്യ 30 നാഴിക)

ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് മാസത്തിന്റെ രണ്ടാം പകുതി പൊതുവെ അത്ര ശുഭകരമായിരിക്കില്ല. വളരെ നയപരമായി പെരുമാറേണ്ടിയിരിക്കുന്നു. എതിര്‍ലിംഗക്കാരുമായുള്ള സഹവാസം, അവരോടുള്ള പെരുമാറ്റം എന്നിവ തെറ്റിദ്ധരിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഈ മാസത്തെ ഗ്രഹസ്ഥിതി അങ്ങനെയാണ്. അസുഖങ്ങള്‍ക്കെതിരെയും ശ്രദ്ധിക്കണം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് മാസത്തിന്റെ ആദ്യ വാരങ്ങളില്‍ തന്നെയാവണം. അമിത ആത്മവിശ്വാസവും പാടില്ല. നഷ്ടസാദ്ധ്യതയുള്ള സംരംഭങ്ങളില്‍ ചാടരുത്. ഈ മാസം ഉദ്യോഗസ്ഥര്‍ അര്‍ഹമല്ലാത്ത ധനം സ്വീകരിക്കരുത്.
നല്ല ദിവസങ്ങള്‍ : 7, 8, 13, 14, 15, 26.

മിഥുനക്കുര്‍ ( മകയിരം അവസാന 30 നാഴിക, തിരുവാതിര, പുണര്‍തം ആദ്യ 45 നാഴിക)

മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ചൊവ്വ, രവി, ബുധ ശുക്രന്‍മാര്‍ എന്നീ ഗ്രഹങ്ങളുടെ അനുകൂലാവസ്ഥ ഗുണകരമാവുന്നു. മുടങ്ങി കിടക്കുന്ന ധനം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ തുടങ്ങണം. കൂടാതെ നിയമപരമായി സമര്‍പ്പിക്കേണ്ട ഡോക്കുമെന്റ്‌സ് തയ്യാറാക്കാനും നല്ല സമയം. 'വികസനം സഹകരണത്താല്‍ കൂടി' എന്ന തത്വം അനുസരിച്ച് സഹപ്രവര്‍ത്തകരെ എല്ലാ കാര്യത്തിലും പരമാവധി സഹകരിപ്പിക്കുവാന്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിത ഭാഗത്തു നിന്നും ധനാഗമനം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
നല്ല ദിവസങ്ങള്‍ : 11, 12, 16, 17, 22, 30.

കര്‍ക്കിടക്കുര്‍ ( പുണര്‍തം അവസാന 15 നാഴിക, പൂയ്യം, ആയില്യം)

കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് രവി, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ ഈ മാസം പ്രത്യേകിച്ചും മാസത്തിന്റെ രണ്ടാം പകുതി വളരെ അനുകൂലമാണ്. പുതിയ ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. ഭാവിയില്‍ അനുവര്‍ത്തിക്കേണ്ട പദ്ധതികള്‍ക്ക് രൂപം കൊടുക്കാന്‍ അനുയോജ്യമായ മാസമാണ് ഇത്. അപ്രതീക്ഷിതമായി ചില ചുമതലകള്‍ നിറവേറ്റേണ്ടി വരും. അതില്‍ വിജയിക്കയും ചെയ്യും. അവിവാഹിതര്‍ക്ക് പുതിയതും അനുകൂലവുമായ ആലോചനകള്‍ വരും. ഈ കാലയളവ് ശരിക്കും പ്രയോജനപ്പെടുത്തുക. ചെറിയ തോതില്‍ റിക്‌സ് എടുക്കുന്നതില്‍ തെറ്റില്ല.
നല്ല ദിവസങ്ങള്‍ : 11, 12, 13, 14, 15, 23, 30.

ചിങ്ങക്കൂര്‍ ( മകം, പൂരം, ഉത്രം ആദ്യ 15 നാഴിക )

ചിങ്ങം രാശിയിൽ ജനിച്ചവര്‍ക്ക് ശനിയും ബുധശുക്രന്‍മാരും അനുകൂലമായി നില്‍ക്കുന്നതിനാല്‍ വളരെ പ്രധാനപ്പെട്ട പല വിവരങ്ങളും മറ്റുള്ളവര്‍ അറിയുന്നതിന് മുമ്പേ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. തൊഴില്‍ പരമായും ബിസിനസ്സ് പരമായും മുന്നേറാനും എതിരാളിയെ അത്ഭുതപ്പെടുത്താനും അതിലുപരി ധൈര്യമായി പല തീരുമാനങ്ങളും എടുക്കാനും സഹായകമാവും. കൂടാതെ പ്രണയിതാക്കളുമായി കൂടുതൽ സമയം സന്തോഷകരമായി ചിലവഴിക്കാനും കഴിയും. മാസം ശരിക്കും പ്രയോജനപ്പെടുത്തുക.
നല്ല ദിവസങ്ങള്‍ : 7, 8, 13, 14, 15, 16, 17, 22, 26.

കന്നിക്കൂര്‍ ( ഉത്രം അവസാന 45 നാഴിക, അത്തം, ചിത്തിര ആദ്യ 15 നാഴിക )

കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ അകമഴിഞ്ഞ അനുഗ്രഹം ലഭിക്കും. സല്‍ക്കാരങ്ങള്‍, മംഗളകര്‍മ്മങ്ങള്‍, സാമൂഹ്യപരിപാടികള്‍ തുടങ്ങിയവയുടെ സംഘാടകനെന്ന നിലയിലോ, അതില്‍ പങ്കെടുക്കുന്നയാളെന്ന നിലയിലോ നിങ്ങളുടെ തിരക്ക് വര്‍ധിക്കും. ധനപരമായി വാരം അനുകൂലമായിരിക്കുമെങ്കിലും ചെലവും വര്‍ധിക്കും. അവസരങ്ങള്‍ മുതലെടുക്കുക. കുറച്ച് പിശുക്ക് കാണിക്കുന്നത് നന്നായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരമായി കാണരുത്.
നല്ല ദിവസങ്ങള്‍ : 7, 8, 16, 17, 23.

തുലാക്കൂര്‍ ( ചിത്തിര അവസാന 30 നാഴിക, ചോതി, വിശാഗം അവസാന 45 നാഴിക )

തുലാം രാശിയിൽ ജനിച്ചവര്‍ മാസം വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്. പ്രത്യേകിച്ചും കുടുംബത്തിന്‍േറയും ധനത്തിന്‍േറയും കാര്യങ്ങള്‍. കഴിയുന്നതും അപരിചിതരുടെ പക്കല്‍ നിന്നും ധനമോ സമ്മാനങ്ങളോ സ്വീകരിക്കരുത്. തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകയുമരുത്. ആത്മാര്‍ത്ഥമായായിരിക്കില്ല അവരുടെ സമീപനം. പ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ മാസം നന്നല്ല. വിവാഹിതര്‍ പങ്കാളിയുമായി വാക്ക് തര്‍ക്കത്തിന് അവസരം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്ന്. ആരോഗ്യം ശ്രദ്ധിക്കണം.
നല്ല ദിവസങ്ങള്‍ : 11, 12, 22, 26, 30.

വൃശ്ചികക്കൂര്‍ ( വിശാഗം അവസാന 15 നാഴിക, അനിഴം, തൃക്കേട്ട )

വൃശ്ചികം രാശിയിൽ ജനിച്ചവര്‍ക്ക് പ്രധാന ഗ്രഹങ്ങളുടെ അനുഗ്രഹത്താല്‍ ഈ മാസം വളരെ ഉത്സാഹഭരിതമാകും. ഒരു പ്രത്യേക ഉത്സാഹവും, ചുറുചുറുക്കും എല്ലാ കാര്യത്തിലും ഉണ്ടാകും. അത് തൊഴില്‍ രംഗത്ത് നന്നായി ഉപയോഗിച്ചാല്‍ അംഗീകാരവും മേലധികാരികളുടെ പ്രശംസയും ലഭിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമുണ്ടാകും. ഈ മാസം സ്വാദ്ധീനമുള്ള പുതിയ കൂട്ടുകാരെയും ലഭിക്കുമെന്ന് കാണുന്നു. അവസരങ്ങളെ ശരിക്കും ഉപയോഗിക്കുക അല്ലാതെ കണ്ടില്ലെന്ന് നടിക്കരുത്. ഗ്രഹാന്തരീക്ഷം വളരെ സന്തോഷകരമാവും. ശരിക്കും ആഘോഷിക്കുക, ആസ്വദിക്കുക, ആരോഗ്യം മാത്രം കൂടുതല്‍ ശ്രദ്ധിക്കുക.
നല്ല ദിവസങ്ങള്‍ : 11, 12, 13, 14, 15, 22, 23.

ധനുക്കൂര്‍ (മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക)

ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഈ മാസം ധനപരമായി കുറച്ച് അനുകൂലമായിരിക്കുമെങ്കിലും മറ്റുള്ള കാര്യങ്ങളില്‍ ധൃതി കാണിക്കരുത്. പ്രധാനപ്പെട്ട കാര്യങ്ങളില്‍ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കരുത്. വേണ്ടിവന്നാല്‍ നഷ്ടം സഹിച്ചും ബന്ധങ്ങള്‍ നിലനിറുത്തുവാന്‍ ശ്രമിക്കേണ്ടതാണ്. ശുക്രന്റെ നില മറ്റുള്ളവരുടെ ഇടയില്‍ നിങ്ങളെ കുറിച്ച് മോശമായി ചിത്രീകരിച്ചേക്കും. അതിനാല്‍ വളരെ നയപരമായി പെരുമാറുക. അഭിനേതാക്കള്‍ക്കും മറ്റ് കലാകാരന്‍മാര്‍ക്കും മാസം പൊതുവേ വളരെ അനുകൂലമായിരിക്കും.
നല്ല ദിവസങ്ങള്‍ :7, 8, 12, 14, 15, 16, 17, 22, 26, 30.

മകരക്കൂര്‍ ( ഉത്രാടം, അവസാന 45 നാഴിക, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക )

മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ശരിക്കും ആശ്വസിക്കാവുന്ന ഒരു അനുകൂല സാഹചര്യം സംജാതമായിട്ടുണ്ട്. ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുകൂലമായ നില കാരണം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായെന്നു മാത്രമല്ല തൊഴി.പരമായി വലിയ സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കാനിട വരും. മാസത്തിന്റെ രണ്ടാം പകുതിയില്‍ ജീവിതപങ്കാളി കാരണം അപ്രതീക്ഷിതമായ നേട്ടങ്ങള്‍ ഉണ്ടാകും. ചില തടസ്സങ്ങള്‍ മാറിക്കിട്ടുന്നതിന് സഹായങ്ങള്‍ വരുന്നത് അപ്രതീക്ഷിതമായ രീതിയിലായിരിക്കും. അതിനാല്‍ ആരുടേയും ഉപദേശങ്ങള്‍ അവഗണിക്കരുത്.
നല്ല ദിവസങ്ങള്‍ : 16, 17, 26.

കുംഭക്കൂര്‍ (അവിട്ടം അവസാന 30 നാഴിക, ചതയം, പൂരോരുട്ടാതി ആദ്യ 45 നാഴിക )

കുംഭം രാശിയില്‍ ജനിച്ചവര്‍ക്ക് മാസങ്ങളായി പ്രതികൂലമായിരുന്ന ഗ്രഹസ്ഥിതിക്ക് മാറ്റം വരുന്ന മാസമാണ് ഇത്. ഗുണഫലങ്ങള്‍ കുറേശ്ശെയായി അനുഭവിക്കാന്‍ തുടങ്ങും. തൊഴില്‍ പരമായി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും അത് പ്രാവര്‍ത്തികമാക്കാനും ശ്രമിക്കേണ്ട സമയമാണ് ഇത്. സഹകരണം ധാരാളം വേണ്ടി വരും. എന്നുവച്ച് മറ്റുള്ളവര്‍ പറയുന്നത് അതേപോലെ വിശ്വസിക്കരുത്. കൂടെ നില്‍ക്കുന്നവരേയും നിങ്ങളുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നവരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് അറിയുന്നത് നന്നായിരിക്കും പ്രത്യേകിച്ചും നിങ്ങളുമായി ബന്ധപ്പെടുന്ന സ്ത്രീകളെകുറിച്ചും.
നല്ല ദിവസങ്ങള്‍ : 7, 8, 11, 12, 22, 30.

മീനക്കൂര്‍ ( പൂരോരുട്ടാതി അവസാന 15 നാഴിക, ഉത്രട്ടാതി, രേവതി )

മീനം രാശിയില്‍ ജനിച്ചവര്‍ പ്രശ്‌നങ്ങളിലും വാഗ്ദ്വാദങ്ങളിലും ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം പ്രധാന ഗ്രഹങ്ങള്‍ പ്രതികൂലമായി നില്‍ക്കുന്നതിനാല്‍ ആലോചിക്കാതെ പ്രശ്‌നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്. അതിനാല്‍ പഴയ അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടായിരിക്കണം പ്രശ്‌നങ്ങളെ സമീപിക്കേണ്ടത്. സ്‌നേഹിതര്‍, പങ്കാളി, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുമൊത്ത് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിജയിക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സംരംഭങ്ങളില്‍ തല്‍ക്കാലം ഏര്‍പ്പെടാതിരിക്കുക. ശുക്രന്‍ അനുകൂലമാകയാല്‍ പ്രശ്‌നങ്ങളെ നന്നായി നേരിടാനാകും. അപ്രതീക്ഷിത ചെലവുകള്‍ നേരിടുന്നതിനായി ധനം കരുതുക.
നല്ല ദിവസങ്ങള്‍ : 13, 14, 15, 22, 23, 30.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories