ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ചിത്രീകരണ വികലതയ്ക്കപ്പുറം രാധാകൃഷ്ണ പ്രണയം


ചിത്രീകരണ വികലതയ്ക്കപ്പുറം രാധാകൃഷ്ണ പ്രണയം

ചടുലവും തീഷ്ണവുമായ, ചിന്താ ശക്തി മുറിപ്പെടുത്താത്ത നിഷ്ക്കളങ്കമനസ്സുള്ള വൃന്ദാവനത്തിലെ ഗോപികമാര്‍ . അവര്‍ക്ക് വിദ്യയിലൂടെ അറിവ് ലഭിച്ചിരുന്നില്ല. ഒരു പക്ഷെ, എല്ലാ വിദ്യക്കുമപ്പുറമുള്ള ദൈവീകത തന്റെ ഗോപികമാരിലും താന്‍ വളരുന്ന വൃന്ദാവനത്തിലും നിറഞ്ഞിരുന്നതായി ഭഗവാനനുഭവപ്പെട്ടിരിക്കാം. അവിടെ പ്രഭാതം അതിന്റെ നിഷ്ക്കളങ്കതയോടെ ഉണരുന്നു. ഗോപികമാര്‍ തങ്ങളുടെ കുല ത്തൊഴിലായ ഗോപരിചരണത്തിലും അതിലൂടെ ലഭിക്കുന്ന സന്തോഷത്തിലും സൌഭാഗ്യത്തിലും മുഴുകി ജീവിച്ചു.

മധുരയുടെ സാമാന്ത രാജ്യമായ വൃന്ദാവനത്തിലെ പ്രഭുവായ നന്ദഗോപരുടേയും യശോദയുടേയും വളര്‍ത്തു മകനായ കണ്ണന്‍, ഗോപികമാരുടെ പോന്നോമനയായിരുന്നു. ബാല്യം മുതല്‍ പല പ്രകാരത്തിലുള്ള അത്ഭുതങ്ങളിലൂടെ തന്റെ അവതാരലക്‌ഷ്യം തെളിയിച്ചിരുന്ന കണ്ണന്‍ അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ഏറെ കുറുമ്പ് കാട്ടുകയും ചിലപ്പോഴെല്ലാം ഉള്‍ക്കൊള്ളാന്‍പറ്റാത്ത വിധം വേദന നല്കുമെന്കിലും ഒരു നിമിഷം പോലും അവര്‍ക്ക് അവനെ കാണാതിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതറിയാവുന്ന അമ്പാടിയിലെ അരുമയായ കണ്ണന്‍ തന്റെ മനോഹരമായ ചേഷ്ടാവിലാസങ്ങളിലൂടെ അവരുടെ മോഹത്തെ വാനോളം വളര്‍ത്തി. താങ്കളുടെതായ എല്ലാം അവര്‍ അനുദിനം കണ്ണന് വേണ്ടി സമര്‍പ്പിച്ചു കൊണ്ടിരുന്നു.

കൌമാരത്തിലേക്കു കടന്ന കണ്ണന്‍ തന്റെ മനോഹരമായ ശ്യാമസൌന്ദര്യത്താലും വേണുനാദത്തിന്റെ മധുരധ്വനിയാലും മുഗ്ധ കടാക്ഷ വീക്ഷണങ്ങള്‍ കൊണ്ടും അവര്‍ പോലുമറിയാതെ അവരില്‍ പ്രേമമെന്ന വികാരം ജനിപ്പിച്ചു. എല്ലാവര്‍ക്കും കണ്ണന്‍ അവരുടേത് മാത്രമായി. അവരുടെ പ്രഭാതവും മദ്ധ്യാഹ്നവും അപരാഹ്നവും അവനു വേണ്ടി മാത്രമായിരുന്നു. ഈ പ്രേമസങ്കല്‍പ്പം കലിയുടെ കരാളഹസ്തങ്ങള്‍ ആണ് നിമിഷം തൊട്ടു തലോടുന്ന രജോഗുണപ്രധാനരായ നമുക്ക് അപ്രാപ്യമാണ്. നമ്മുടെ കണ്ണുകള്‍ വിജ്ഞാനം പകര്‍ന്ന അന്ധകാരം കൊണ്ടു മൂടിപ്പോയി. കൊടുക്കല്‍ വാങ്ങലുകള്‍ക്കപ്പുറമുള്ള സ്നേഹം നമുക്കജ്ഞാതമായി.

ഗോപികമാര്‍ കണ്ണന് വേണ്ടി ഉഴറി നടന്നപ്പോഴെല്ലാം ബാല്യത്തിന്‍റെ പടിവാതിലിലെത്തിയ സുന്ദരിയായ രാധ തികച്ചും ഒറ്റപ്പെട്ടു നിന്നു. രാധയില്‍ കൃഷ്ണന്‍ തന്റെ കളിക്കൂട്ടുകാരിയെ കണ്ടെത്തി. അവള്‍ക്കു വേണ്ടിമാത്രം മധുര ഫലങ്ങള്‍ സംഭരിച്ചു. പ്രേമിക്കുമ്പോഴല്ല പ്രേമിയ്ക്കപ്പെടുമ്പോഴാണ് പ്രണയത്തില്റെ പൂര്‍ണതയെന്നു രാധ അനുഭവിച്ചിരുന്നു. യമുനയുടെ ഓളങ്ങള്‍ അവരുടെ സംഗമത്തിനു പലപ്പോഴും സാക്ഷിയായി. രാധാകൃഷ്ണ പ്രണയം ഗോപികമാര്‍ക്കിടയില്‍ അസൂയ ജനിപ്പിക്കുന്ന വിധം വളര്‍ന്നു.

കണ്ണന്‍, അക്രൂരനാല്‍ അനുഗതനായി മധുരയിലേക്ക് യാത്രയാകുമ്പോള്‍ ഗോപികമാര്‍ അവനെ പ്രേമപാരവശ്യം പൊഴിക്കുന്ന കണ്ണുനീരോടെ ഏറെ ദൂരം അനുഗമിച്ചു. രാധ മാത്രം വിട്ടു നിന്നു. അവള്‍ക്കറിയാമായിരുന്നു - കണ്ണന്‍ തന്നെ ഒരിക്കലും വിട്ടുപോകില്ലെന്ന്. ഈ വിശ്വാസവും തന്‍റെതു മാത്രമായ ഓടക്കുഴലുമാണ് കൃഷ്ണന്‍ വിട വാങ്ങുമ്പോള്‍ രാധക്ക് സമ്മാനിച്ചത്‌.

കംസ നിഗ്രഹത്തോടെ മധുരാധിപനായ കൃഷ്ണന്‍ സാന്ദീപിനി മഹര്‍ഷിയില്‍ നിന്ന് വിദ്യ അഭ്യസിച്ചു മടങ്ങി വന്നശേഷം മധുരയുടെ സാരഥ്യം ഏറ്റെടുത്തു. ഏറെ താമസിയാതെ മധുരാപുരി തന്റെ ജ്യേഷ്ഠനായ ബാലരാമന് നല്‍കി തന്നാല്‍ സൃഷ്ടിയ്ക്കപ്പെട്ട ദ്വാരകപുരിയിലേക്ക് മടങ്ങി. ഒരിക്കലെങ്കിലും ആശ്രയവും അഭയവും നല്‍കേണ്ടി വന്ന തന്റെ ഭക്തകളായ ഏറെ യുവതികളെ കൃഷ്ണന്‍ പാണിഗ്രഹണം ചെയ്തു. ഇതില്‍ ഏറെ ശ്രേഷ്ഠമായത് രുഗ്മിണി സ്വയംവരവും സത്യഭാമ പരിണയവുമാണ്. ഭൂമി ദേവിയുടെയും ലക്ഷ്മി ദേവിയുടെയും അംശാവതാരങ്ങളായ സത്യഭാമയും രുഗ്മിണിയും എപ്പോഴും കൃഷ്ണനോടൊപ്പം അന്തപുരത്തില്‍ വസിച്ചു. ദ്വാരകാപുരി സമ്പല്‍ സമൃദ്ധമായിരുന്നു. എല്ലാ പ്രജകളും അവരുടേതായ കര്‍മ്മങ്ങളിലും അതിലൂടെ നേടുന്ന സുഖഭോഗങ്ങളിലും മുഴുകി ഐശ്വര്യപൂര്‍ണ്ണമായി ജീവിച്ചു.

ഏറെനാളുകള്‍ക്കു ശേഷം കൃഷ്ണ ബന്ധുവും സതീര്‍ത്ഥ്യനും സചീവനുമായ ഉദ്ധവര്‍ അന്തപുരത്തിന്റെ അകത്തളത്തിലിരുന്നു കൃഷ്ണനോട് സംഭാഷണ മദ്ധ്യേ ചോദിച്ചു അല്ലയോ കൃഷ്ണാ വൃന്ദാവനത്തില്‍ നിന്ന് പോന്നതിന് ശേഷം ഏറെ സ്നേഹിച്ചിരുന്ന രാധയെ കാണാന്‍ ഒരിക്കല്‍ പോലും തിരിച്ചു പോയില എന്താ കൃഷ്ണാ ഇനി ഒരിക്കല്‍ കൂടി ചേരാന്‍ അങ്ങാഗ്രഹിക്കുന്നില്ലേ?

കൃഷ്ണന്റെ ചുണ്ടില്‍ വിഷാദത്തില്‍ കുതിര്‍ന്ന പുഞ്ചിരി വിടര്‍ന്നു. സംശയം ദൂരീകരിയ്ക്കാത്തതില്‍ അല്പം നീരസത്തോടെ ഉദ്ധവര്‍ വീണ്ടും കൃഷ്ണനോടാരാഞ്ഞു. എന്റെ ചോദ്യത്തിന് അങ്ങു മറുപടി തന്നില്ല. രാധയുടെ അദ്ധ്യായം അങ്ങു വൃന്ദാവനത്തില്‍ വെച്ചു തന്നെ പൂര്‍ണ്ണമാക്കിയോ ? കൃഷ്ണന്‍ ഏറെ വിഷമത്തോടെ, തന്റെ മാറിടത്തിലെ വസ്ത്രം അല്പം വകഞ്ഞു മാറ്റി. ഉദ്ധവരെ ! നീ ഇങ്ങോട്ട് നോക്കു. നിനയ്ക്ക് വേണ്ട മറുപടി എന്റെ ഹൃദയത്തിലുണ്ട്. ഉദ്ധവര്‍ നോക്കി, രക്ത കണങ്ങള്‍ ഇറ്റിറ്റുവീഴുന്ന ഭഗവാന്റെ മാറിടത്തിനുളളില്‍ അതാ, രാധ ! യാത്രയാകുമ്പോള്‍ കൃഷ്ണന്‍ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിര്‍വൃതിയിലിരിയ്ക്കുന്നു. യമുനയിലെ ഓളങ്ങള്‍ തന്റെ പാദങ്ങളിലൂടെ കയറി ഇറങ്ങുത് രാധ അറിയുന്നില്ല. നിറകണ്ണുകളോടെ ഉദ്ധവര്‍ കൃഷ്ണനോടപേക്ഷിച്ചു. " ഭഗവാനെ, എന്റെ അജ്ഞതയ്ക്ക് മാപ്പു നല്‍കിയാലും. ഈ കാഴ്ച കാണാന്‍ എനിയ്ക്ക് ശക്തിയില്ല ". കൃഷ്ണന്‍ കഞ്ചുകം വലിച്ചിട്ടു. ദൃഷ്ടി താഴ്ത്തി വിനമ്രനായി നിന്ന തന്റെ സതീര്‍ത്ഥ്യനോടു കൃഷ്ണന്‍ പറഞ്ഞു. ഉദ്ധവരെ നീ എന്റെ മാറില്‍ കണ്ട രക്ത കണങ്ങള്‍ രാധ എന്നെക്കുറിച്ച് ഓര്‍ത്തപ്പോഴെല്ലാം ഞാനനുഭവിച്ച വിങ്ങലില്‍ നിന്നുണ്ടായതാണ്. അവള്‍ക്കുചുറ്റും എന്നും എന്റെ രക്ഷാകവചം ഉണ്ടാകും. രാധ കൃഷ്ണനായിമാത്രം ജനിച്ചവളാണ്.

ഭക്തി പരവശനായ ഉദ്ധവര്‍ കൃഷ്ണനോടു യാചിച്ചു ഭഗവാനെ ഞാനങ്ങയുടെ പാദങ്ങളില്‍ ഒന്നു പ്രണമിയ്ക്കട്ടെ. കൃഷ്ണന്‍ കാല്പാദങ്ങള്‍ മുന്നിലേയ്ക്കു നീട്ടി. ഉദ്ധവര്‍ വീണ്ടും സ്തബ്ധനായി. ഭഗവാന്റെ പാദങ്ങളില്‍ നി്ന്നു ജലകണങ്ങള്‍ ഇറ്റിറ്റു വീഴുന്നു. കണ്ണുകളുയര്‍ത്തിയ ഉദ്ധവരോടായി കൃഷ്ണന്‍ പറഞ്ഞു നീ സംശയിയ്‌ക്കേണ്ട. രാധയുടെ കണ്ണീര്‍ കണങ്ങള്‍ ഏറ്റു വാങ്ങുന്ന യമുനയിലെ ഓളങ്ങള്‍ അനു നിമിഷം എന്നെയെന്നും തൊട്ടു തലോടുന്നു. ഉദ്ധവരുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ കണ്ണീര്‍ കണങ്ങള്‍ ഭഗവാന്റെ കയ്യ് തണ്ടയില്‍ പതിച്ചു.

ഉദ്ധവരുടെ സംശയം വീണ്ടും ബലപ്പെട്ടു. ഭഗവാനെ അപരാധമെങ്കില്‍ പൊറുക്കണം. ഇത്രയേറെ സ്‌നേഹിച്ചിട്ടും അങ്ങെന്തുകൊണ്ട് രാധയെ വൃന്ദാവനത്തില്‍ നി്ന്നും കൂട്ടിക്കൊണ്ടു പോരുന്നില്ല ? ഭഗവാന്‍ ഒരു ചെറുചിരിയോടെ വീണ്ടും ആവര്‍ത്തിച്ചു. എന്റെതായിതീര്‍ന്ന ഒന്നിനെ ഞാനെന്തിന് തേടിപ്പോകണം ? രാധ സുരക്ഷിതയാണ് ഉദ്ധവരേ. ഉദ്ധവര്‍ ആ മറുപടിയില്‍ തൃപ്തനാകാതെ സംശയത്തോടെ കൃഷ്ണനുനേരേ മുഖമുയര്‍ത്തി. കൃഷ്ണന്റെ മുഖം ഒരു നിമിഷം ചുമന്നു, പുരികക്കൊടികള്‍ വളഞ്ഞു. തെല്ലു ധാര്‍ഷ്ട്യത്തോടെ കൃഷ്ണ്ന്‍ ഉദ്ധവരോടാവര്‍ത്തിച്ചു. ഉദ്ധവരെ ഞാന്‍ ദ്വാരകാപുരിയിലെ പ്രജാക്ഷേമതല്പരനായ രാജാവാണ്. നീ കാണുന്നില്ലേ ഉദ്ധവരെ, ഏതു നേരവും പാതിവ്രത്യത്തിന്റെ ത്രാസില്‍ എന്നെ അളന്നു നോക്കുന്ന രുഗ്മിണിയേയും സത്യഭാമയേയും. ഞാന്‍ ജന്മം നല്‍കിയഎന്റെ സന്താനങ്ങള്‍. അവരുടെ ബന്ധു ജനങ്ങള്‍ ഞാനേറെ ഇഷ്ടപ്പെടുന്ന പാണ്ഡു പുത്രന്മാരുടെ ക്ഷേമം, സര്‍വ്വവും എന്നിലര്‍പ്പിച്ച് എന്നെ മാത്രം ശരണാഗതനായി കാണുന്ന പാണ്ഡവ പത്‌നി കൃഷ്ണ! ഇവരെയെല്ലാം ഉപേക്ഷിച്ച് എനിയ്‌ക്കൊരു തിരിച്ച് പോക്ക് അസാദ്ധ്യമാണ്. നിനക്കറിയുമോ ഉദ്ധവരേ, വൃന്ദാവനത്തില്‍ നി്ന്നു പോന്ന ശേഷം, കൃഷ്ണന് ഹൃദയം തുറന്നു ചിരിയ്ക്കാനോ, സന്തോഷിക്കാനോ കഴിഞ്ഞിട്ടില്ല. എല്ലാം രാധ എന്നില്‍ നി്ന്നു പിടിച്ചു വാങ്ങി. ശരീരം മാത്രം എനിയ്ക്കു വിട്ടുതന്നു.

സത്യമാണ് ഭഗവാന്‍. അങ്ങയുടെ പുഞ്ചിരിയില്‍ പോലും വിഷാദത്തിന്റെ ഛായയാണ് ഞാന്‍ പലപ്പോഴും ദര്‍ശിയ്ക്കുത്. കടന്നുവന്ന രുഗ്മിണിയുടെ പദവിന്യാസം അവരുടെ സംഭാഷണത്തിന് വിരാമമിട്ടു.വര്‍ഷങ്ങള്‍ കടന്നുപോയി. രാധയ്‌ക്കൊപ്പെം കളികൂട്ടുകാരായി നടന്ന തോഴിമാര്‍ , വിവാഹിതരായി അമ്മമാരും, മൂത്തശ്ശിമാരുമായി. രാധമാത്രം യാതൊരു മാറ്റവുമില്ലാതെ നിലകൊണ്ടു. തന്റെ മകളുടെ അവസ്ഥ കണ്ട് രാധയുടെ പിതാവിന്റെ മനസ്സ് പലപ്പോഴുംവിതുമ്പി. ചെറുപ്പം വിട്ടൊഴിയാത്ത ശരീര പ്രകൃതിയുളള രാധയെ വേള്‍ക്കാന്‍ തയ്യാറായി അന്നും ചെറുപ്പക്കാരുണ്ടായിരുന്നു. അച്ഛന്റെ സ്‌നേഹപൂര്‍ണ്ണമായ വാക്കുകളോ, ശാസനയോ, രാധയില്‍ ഒരു മാറ്റവും വരുത്തിയില്ല.

കാലം വീണ്ടും കടന്നു. ഏറെ ദുഃഖം പേറിയ രാധയുടെ പിതാവും അവളെ തനിച്ചാക്കി യാത്ര പറഞ്ഞു. പിതൃകര്‍മ്മങ്ങള്‍ക്കു ശേഷം, സ്വഗൃഹത്തിലെത്തിയ രാധതന്റെ രക്ഷകനായ കൃഷ്ണഭക്തനോട് ഒന്നു മാത്രം അപേക്ഷിച്ചു. നീ എന്നെ ദ്വാരകവരെ കൊണ്ടു പോകണം. എന്നെ ആരുമല്ലാതാക്കിയ കൃഷ്ണനോട് എനിയ്ക്ക് ചിലത് ചോദിച്ചറിയണം. ഏറെ ക്ലേശപ്പെട്ടു, ദ്വാരകയുടെ കവാടത്തിലെത്തിയ രാധയെ, കൃഷ്ണന്‍ ദുരേ നിന്നേ കണ്ടറിഞ്ഞു. ഓടിച്ചെന്നു രാധയെ സ്വീകരിച്ചാല്‍, അവളുടെ ക്രോധാഗ്നിയില്‍ താന്‍ ഭസ്മമായിപ്പോകുമെന്നു കൃഷ്ണന്‍ ഭയപ്പെട്ടു. ദ്വാരകയുടെ കവാടങ്ങള്‍ ഒരു തടസ്സവുമില്ലാതെ രാധയ്ക്കുവേണ്ടി തുറന്നു. ഭഗവാന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ രുഗ്മിണി രാധയെ അനുനയിപ്പിച്ചു അകത്തേയ്ക്ക് കൂട്ടി. അപ്പോഴും രാധയുടെ കണ്ണുകള്‍ കൃഷ്ണനുവേണ്ടി ഉഴറി. എന്തുകൊണ്ടദ്ദേഹം ഈ രാധയുടെ മുന്നിലേയ്ക്ക് വരുന്നില്ല ?

ദ്വാരകയില്‍ അന്നു തങ്ങിയ രാധ, മയക്കച്ചുവടില്‍ ആ ശബ്ദം കേട്ടു. രാധേ ...അവള്‍ ചാടി എഴുന്നേറ്റു പരിഭവം മറന്നു പോയ അവള്‍ ഒരു നിമിഷം വൃന്ദാവനത്തിലെ രാധയായി. പക്ഷെ കൃഷ്ണന് കണ്ണനാകുവാന്‍ കഴിഞ്ഞില്ല. എങ്കിലും അദ്ദേഹം തന്റെ പ്രണയിനിയെ താന്നോടുചേര്‍ത്തുനിര്‍ത്തി, കവിളില്‍ പ്രേമപൂര്‍വ്വം തലോടി, ശിരസ്സില്‍ കയ്യുയര്‍ത്തി അനുഗ്രഹിച്ചു. രാധ, കൃഷ്ണ പാദങ്ങളില്‍ വീണു. പിറ്റേന്നു ദ്വാരകയുടെ പടിയിറങ്ങി രാധ പോകുന്നതായി പലരും കണ്ടു. തിരിച്ച് രാധ അമ്പാടിയിലെത്തിയില്ല. രാധ എങ്ങും പോയില്ല. അവള്‍ ദ്വാരകയില്‍ തന്നെ കൃഷ്ണ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നു സായൂജ്യം അടഞ്ഞു.

പ്രണയത്തിന്റെ ഇത്രയും സ്വാത്വികമായ ഭാവത്തെ, ചിത്രീകരണ ചാരുതയ്ക്ക് വേണ്ടി നമ്മള്‍ പലപ്പോഴും വികലമാക്കി. ഈ വികലമായ കലാസൃഷ്ടിയിലൂടെ നമ്മള്‍ ദൈവനിന്ദ ഏറ്റുവാങ്ങിയിട്ടില്ലേ എന്നു സംശയിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. രാധാകൃഷ്ണ പ്രണയത്തിലെ ഈ സ്വാത്വിക ഭാവത്തെയാണ് വടക്കേ ഇന്‍ഡ്യയ്ക്കാര്‍ ആരാധിയ്ക്കുത്. ഒരിയ്ക്കല്‍ കല്‍ക്കട്ടയിലെ ബര്‍ളാ അമ്പലം സന്ദര്‍ശിയ്ക്കാനുളള ഭാഗ്യം എനിയ്ക്കും കിട്ടി. കൃഷ്ണന്റെ വെണ്ണക്കല്‍ പ്രതിമയോട് ചേര്‍ന്നു നില്ക്കുന്ന രാധയുടെ കണ്ണകളില്‍ വിവരിയ്ക്കാനാവാത്ത പ്രണയപാരവശ്യം. ഭക്തി പ്രേമരൂപത്തില്‍ വര്‍ഷിയ്ക്കുന്ന ആ അന്തഃരീക്ഷം നേര്‍ത്ത താളലയം കൊണ്ടും വേണുനാദം കൊണ്ടും മുഖരിതമായിരുന്നു. ഭക്തര്‍ കണ്ണിമയ്ക്കാതെ ആ പ്രതിമയില്‍ നോക്കി ആനന്ദനിര്‍വൃതി അടയുന്നത് ഞാന്‍ കണ്ടു. ദ്വൈത ഭാവത്തിലെ അദ്വൈതം ഇതെന്നു എന്റെ മനസ്സു മന്ത്രിച്ചു. ഭോജ്യാവും, ഭോജയിത്വാവും. വാങ്ങുന്നവനും കൊടുക്കുന്നവനും രോഗിയും വൈദ്യനും, സൂര്യചന്ദ്രന്മാരും താരാഗണങ്ങളും ഒന്നായി തീരുന്ന അവസ്ഥ. സപ്തസാലങ്ങളും, സപ്തസാഗരങ്ങളും കേള്‍ക്കുമാറുച്ചത്തില്‍ നമുക്കും ഭജിയ്ക്കാം. ഹേ ! മുരാരേ ! മാധവാ ! മധുസൂദനാ......!! ഈ ഭാവം ഞങ്ങളുടെ മനസ്സിലേയ്ക്ക് ആവാഹിയ്ക്കുകയായിരുന്നോ അങ്ങയുടെ അവതാര ലക്ഷ്യം. പ്രണിതാക്കള്‍ക്ക് തങ്ങളുടെ ഒത്തു ചേരലിന് വേണ്ട വഴികള്‍ ഭഗവാന്‍ ഒരുക്കി തരും. പിന്‍തിരിഞ്ഞു മാറിനിന്നു അവരുടെ ജീവിതം വീക്ഷിയ്ക്കും. രജോഗുണ പ്രധാനരായ നമുക്ക് കുടുംബവും അതിലൂടെ നേടാന്‍ കഴിയുന്ന സന്താന സൗഖ്യവും അതിന്റെ സുസ്ഥിരമായ കെട്ടുറപ്പും അവശ്യം കൂടീയേതീരു. ഈ സൗഭാഗ്യംവ്യക്തികള്‍ക്ക് നേടിത്തരാന്‍ കഴിയുന്നത് ഉമാമഹേശ്വരന്മാര്‍ക്കാണ്. മഹാകവി കാളിദാസന്‍ തന്റെ രഘുവംശം കൃതിയില്‍ ഉദ്ധരിച്ചിട്ടുളള ശ്ലോകം ഇവിടെ വ്യക്തമാക്കുന്നു.

" വാഗാര്‍ത്ഥ വിവ സംപ്രക്ത്വൗ
വാഗാര്‍ത്ഥ പ്രതിപത്തയേ
വന്ദേ ജഗതപിതരൗ
പാര്‍വ്വതീ പരമേശ്വര : "

വാക്കുകള്‍ക്ക് അര്‍ത്ഥവും, അര്‍ത്ഥത്തിന് വാക്കുകളും എപ്രകാരം ബന്ധപ്പെട്ടിരിയ്ക്കുന്നുവോ, അപ്രകാരമുളള ബന്ധമാണ് പാര്‍വ്വതീ പരമേശ്വരന്മാര്‍ക്കിടയില്‍ . അതുകൊണ്ടുതന്നെ അവരെ ജഗത്തിന്റെ മാതാവും പിതാവുമായി അംഗീകരിയ്ക്കുന്നു. നമ്മുടെ കുട്ടികള്‍ കൈലാസ നാഥനായ അദ്ദേഹത്തിന്റെ ശിക്ഷണത്തിലും അമ്മയുടെ സ്വാര്‍ത്ഥത നിറഞ്ഞ സ്‌നേഹം നല്‍കുന്ന പാര്‍വ്വതീദേവിയുടെ തണലിലും സുരക്ഷിതരായിരിയ്ക്കട്ടെ. എങ്കില്‍ മാത്രമേ വിഘ്‌നേശ്വരനേയും, കാര്‍ത്തികേയനേയും പോലെ മഹത്തുക്കളായ കുട്ടികള്‍ നമുക്കും ഉണ്ടാകു. അവര്‍ക്ക് വേണ്ടി കഷ്ടപ്പെട്ടു അവരുടെ നേട്ടങ്ങളില്‍ സന്തോഷിച്ച് കുടുംബം എന്ന ചട്ടകൂടില്‍ ഒതുങ്ങുമ്പോള്‍ , ജീവിതം ഏറെ അലച്ചിലുണ്ടെങ്കിലും മധുരതരമായി അനുഭവപ്പെടും.

ഒടുവില്‍ അപരാഹ്നത്തിലെത്തുമ്പോള്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു നിയമ സഭയുടെ പടികള്‍ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കടന്നുപോകുന്ന ജനപ്രതിനിധിയായി ഏറെപ്പേരും ഒതുങ്ങിക്കൂടുന്നു. അപ്പോഴും ആര്‍ത്ത ത്രാണ പരായണനായ ശ്രീകൃഷ്ണന്‍ നമ്മുടെ കണ്ണീര്‍തുടയ്ക്കാനായി ക്ഷീണാവസ്ഥയില്‍ ഒരു കൈത്താങ്ങായി കൂടെയുണ്ടാകും. ഇത്രയേറെ കാരുണ്യം തന്റെ ഭക്തരില്‍ ചൊരിയാന്‍ ഹേ ദ്വാരകാനാഥാ......!! അങ്ങയ്ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories