ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം ( പാര്‍ട്ട്‌ 7 )


മഹാഭാരതം ( പാര്‍ട്ട്‌ 7 )

ഭീഷ്മ പര്‍വ്വം - ( ഗീതോപദേശം - കുരുക്ഷേത്ര യുദ്ധം-(ii) )

യുദ്ധം തുടങ്ങി, ദുശ്ശാസനനാല്‍ സംരക്ഷിയ്ക്കപ്പെട്ട ഭീഷ്മ രഥം യുദ്ധകാഹളം മുഴക്കി പാണ്ഡവ പക്ഷത്തിന് നേരെ നീങ്ങി. ധൃഷ്ടദ്യുമ്നന്‍റെ സൈന്യാധിപത്യത്തിലുള്ള പാണ്ഡവ സൈന്യവും അതേ നിലയില്‍ എതിര്‍ പക്ഷത്തെ നേരിടാന്‍ തയ്യാറെടുത്തു. ഇരു സൈന്യങ്ങളുടെയും ശബ്ദം കൊണ്ട് അന്തരീക്ഷം മുഖരിതമായി. ഈ ശബ്ദത്തിനെല്ലാം മുകളിലായി ഭീമ ഗര്‍ജ്ജനം മാറ്റൊലിക്കൊണ്ടു. ഭീമന്‍റെ മുന്നേറ്റത്തെ ധൃതരാഷ്ട്ര പുത്രന്മാര്‍ ഏറെപ്പേരോന്നിച്ചു തടുത്തു. ശരത്താല്‍ മൂടപ്പെട്ട ഭീമ ശരീരം പോര്‍ക്കളത്തില്‍ ഭീതി പരത്തി പാഞ്ഞു നടന്നു. ഭീമന് അല്പം ക്ഷീണമുണ്ടെന്നു തോന്നിയ ദ്രുപദ പുത്രന്മാരും, അഭിമന്യുവും അദ്ദേഹത്തിന്‍റെ രക്ഷയ്ക്കെത്തി. തുല്യ ശക്തരായ ഇരു പക്ഷക്കാരും തമ്മിലുള്ള പോരാട്ടം അത്യന്തം ഭയങ്കരവും, കോരിത്തരിപ്പിയ്ക്കുന്നതുമായ കാഴ്ചയായിരുന്നു. മദ്ധ്യാഹ്നത്തോടടുത്തിട്ടും അവരുടെ പോരാട്ട വീര്യം അല്പം പോലും കുറഞ്ഞില്ല.

ഭീഷ്മരുടെ ശക്തമായ നീക്കത്തെ അര്‍ജ്ജുനന്‍ പല പ്രകാരത്തില്‍ തടഞ്ഞു. ഗാണ്ഡീവത്തിന് തെല്ലും വിശ്രമമുണ്ടായില്ല. സാത്യുകി, കൃതവര്‍മ്മാവിനെ നേരിട്ടു. അഭിമന്യു, കോസല രാജാവായ ബ്രുഹദ് ബലനോട് പൊരുതി. ഏറെ പരാക്രമിയായി കാണപ്പെട്ട ബ്രുഹദ് ബലന്‍ അഭിമ്ന്യുവിന്‍റെ കൊടിമുറിച്ചു. രോഷാകുലനായ ആ യുവ കേസരി ശത്രുവിനോട് സമര്‍ത്ഥമായി പൊരുതി. ഭീമന്‍ ദുര്യോധനനോടെ തിത്തു. അവര്‍ തമ്മിലുള്ള അസ്ത്രപ്രയോഗം കാണികളില്‍ പുളകം വിതറി. ദുശ്ശാസനന്‍ നകുലനെ നേരിട്ടു. ധാർത്ത രാഷ്ട്രരില്‍ ഒരാളായ ദുര്‍മ്മുഖന്‍ സഹദേവനോടു ഏറ്റുമുട്ടി. ശല്യരും യുധിഷ്ഠിരനും തമ്മില്‍ നേര്‍ക്കുനേര്‍ പൊരുതി. ബന്ധുത്വമോ, സ്ഥാനവലിപ്പമോ അവര്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിച്ചില്ല, തികച്ചും രണ്ടു ശത്രുക്കള്‍. ധൃഷ്ടദ്യുമ്നന്‍, ദ്രോണാചാര്യനോട്‌ ഏറ്റുമുട്ടി. ആദ്യ ദിവസാവസാനത്തില്‍ ഭീഷ്മരുടെ അജയ്യമായ കരുത്തിനും, അസ്ത്രപാടവത്തിനും മുന്നില്‍ അസഖ്യം പാണ്ഡവ പക്ഷ സൈന്യകര്‍ കൊല്ലപ്പെട്ടു. ഭീഷ്മരുടെ ദ്രുതവേഗം പടര്‍ത്തിയ പൊടിപടലത്താല്‍ അദ്ദേഹത്തിന്‍റെ ശത്രു നിരയിലേക്കുള്ള തള്ളിക്കയറ്റം പോലും ഒരു പരിധിയ്ക്കപ്പുറം പാണ്ഡവര്‍ക്ക് തടുക്കാനായില്ല. പ്രായത്തെ വെല്ലുന്ന ആ ആയുധാഭ്യാസി അത്രയ്ക്ക് കരുത്തനും, ഊർജ്ജസ്വലനുമായി കാണപ്പെട്ടു. ഭീഷ്മരോടെതിര്‍ക്കാന്‍ പലരും മടിച്ചപ്പോള്‍ അഭുമന്യു കൂസലന്യെ മുത്തച്ഛനെതിരെ പോരാടി. അഭിമന്യു ശരങ്ങളാല്‍ ഭീഷ്മര്‍. ശല്യര്‍, കൃതവര്‍മ്മാവ് എന്നിവരെ ഏറെ പീഡിപ്പിച്ചു. ഭീഷ്മരുടെ കൊടിമുറിച്ചു. പോരാട്ടം മുറുകിയപ്പോള്‍ അഭിമന്യുവിന് സഹായത്തിനായി ധൃഷ്ടദ്യുമ്നന്‍, വിരാടന്‍, ദ്രുപദ പുത്രന്മാര്‍ എന്നിവര്‍ പാഞ്ഞെത്തി.

വിരാട പുത്രനായ ഉത്തരന്‍ ഇതിനകം കരുത്തനായ യോദ്ധാവായി മാറിയിരുന്നു. കൗമാരത്തിന്‍റെ പേടിയും, ഭയവും അദ്ദേഹത്തില്‍ നിന്ന് ഒരു സ്വപ്നമെന്ന പോലെ മാഞ്ഞു പോയിരുന്നു. ഉത്തരന്‍ ആനപ്പുറത്ത് കയറി വന്നു ശല്യരെ നേരിട്ടു. യുദ്ധത്തില്‍ ശല്യരുടെ കുതിരകളെ ഉത്തരന്‍ എയ്തു വീഴ്ത്തി. കോപിഷ്ഠനായ ശല്യര്‍ ഒരു വേല്‍ ഉത്തരന്‍റെ മാറിടം ലക്ഷ്യമാക്കി എറിഞ്ഞു. വേല്‍ ഉത്തരന്‍റെ പടച്ചട്ട മുറിച്ചു മാറിടത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി. ആ യോദ്ധാവ് നെഞ്ചു പിളര്‍ന്നു തന്‍റെ ആനയുടെ കഴുത്തില്‍ വീണു. തന്‍റെ അനുജന്‍ മരിച്ചത് കണ്ട് വിരാടന്‍റെ മറ്റൊരു പുത്രനായ ശ്വേതന്‍ ശല്യര്‍ക്ക് നേരെ കോപിഷ്ഠനായി അസ്ത്രങ്ങള്‍ പൊഴിച്ചു. ശ്വേതന്‍റെ ശക്തമായ അസ്ത്രങ്ങള്‍ തടുക്കാന്‍ ശല്യര്‍ തന്നെ പണിപ്പെട്ടു. ശല്യരുടെ രക്ഷയ്ക്കായി ഭീഷ്മരും ഏതാനും യോദ്ധാക്കളും പാഞ്ഞെത്തി. യുദ്ധം ഭയങ്കരമായി. ശ്വേതന്‍ ഭീഷമരുടെ കുതിരകളെ വീഴ്ത്തി, കൊടിമുറിച്ചു. ആ യുവാവിന്‍റെ ആക്രമണം തടുക്കാന്‍ കൗരവ സൈന്യാധിപന്‍ ഏറെ ശ്രമപ്പെട്ടു. ശക്തമായ ഒരു കുന്തം ഭീഷമര്‍, ശ്വേതന്‍റെ നേര്‍ക്കയച്ചു. കുന്തം ശ്വേതന്‍റെ പടച്ചട്ട മുറിച്ചു ഹൃദയത്തില്‍ തുളച്ചു കയറി. വിരാടന്‍റെ രണ്ടു മക്കള്‍ ആദ്യ ദിവസത്തെ യുദ്ധത്തില്‍ മരണപ്പെട്ടു. അന്ന് സൂര്യനസ്തമിച്ചത് ജനങ്ങളറിഞ്ഞില്ല. എല്ലാവരും ആ മഹായുദ്ധത്തില്‍ മുഴുകിപ്പോയിരുന്നു. രണ്ടു സേനാനായകന്മാരും തങ്ങളുടെ സേനകളെ പിന്‍വലിച്ചു. യുദ്ധത്തിന്‍റെ ആദ്യ ദിവസം പരിസമാപ്തമായപ്പോള്‍ ഏറെ നഷ്ടം പാണ്ഡവ പക്ഷത്തിനായിരുന്നു. അവരുടെ രണ്ടു ശക്തരായ യോദ്ധാക്കളും അസഖ്യം സൈന്യകരും മരണപ്പെട്ടിരുന്നു.

രാജാവായ ദുര്യോധനന്‍ സന്തോഷം കൊണ്ട് മതിമറന്നു. മുത്തച്ഛന്‍ ഈ വിധം ഉണര്‍ന്നു പോരാടിയാല്‍ യുദ്ധം അധികം നീണ്ടു നില്‍ക്കില്ലെന്നും, താന്‍ വിജയിയ്ക്കുമെന്നും ദുര്യോധനന്‍ കണക്കുകൂട്ടി. യുധിഷ്ഠിരൻ അത്യന്തം വിഷണ്ണനായി കാണപ്പെട്ടു. ഭീഷ്മരാല്‍ അനേകം സൈനികര്‍ കൊല്ലപ്പെട്ട ദുഃഖം ധർമ്മിഷ്ഠന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അദ്ദേഹം കൃഷ്ണനോട് പറഞ്ഞു. " കൃഷ്ണാ ! അങ്ങ് കാണുന്നില്ലേ ഭീഷ്മരാല്‍ കൊല്ലപ്പെട്ട ഈ യോദ്ധാക്കളെ ! അവരുടെ നാശത്തിന് കാരണക്കാരന്‍ ഞാനാണെന്ന ദുഃഖം എന്നെ വിട്ടുപിരിയുന്നില്ല. കൃഷ്ണാ ! ഞാന്‍ തിരിച്ചു വനത്തിലേയ്ക്ക് പൊയ്ക്കോളാം. എനിയ്ക്ക് ഭോഗസുഖങ്ങള്‍ വേണ്ട. എന്‍റെ പ്രിയനായ ഭീമനുമാത്രമേ ശത്രുക്കളുടെ നേരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുള്ളൂ. അദ്ദേഹം സ്വമനസ്സാലെ ശക്തമായി യുദ്ധം ചെയ്യുന്നുണ്ട്. പക്ഷെ എത്രനാള്‍ എന്‍റെ കുഞ്ഞിന് ഈ നില തുടരാനാവും ? അവര്‍ എന്‍റെ പ്രിയ അനിയനെ പിച്ചിചീന്തില്ലേ കൃഷ്ണാ ! ഭീമന്‍ നഷ്ടപ്പെട്ടാല്‍ പിന്നെ എനിയ്ക്കെന്തിനാണ് രാജ്യവും അര്‍ത്ഥവും ! എന്‍റെ പ്രഭോ ! അങ്ങെന്‍റെ മനസ്സിന് കരുത്തു പകര്‍ന്നാലും. " കൃഷ്ണന്‍ യുധിഷ്ഠിരനെ അനുകമ്പയോടെ കടാക്ഷിച്ചു. " താങ്കള്‍ ഈ അപകര്‍ഷതാബോധം കളയൂ. അങ്ങയോടൊപ്പം എത്രയോ മഹാരഥന്‍മാരുണ്ട്. ഞാന്‍ അങ്ങയ്ക്കൊപ്പം തന്നെയില്ലേ - പിന്നെ എന്തിന് ഭയക്കണം ? മഹാനായ ഭീഷ്മര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശിഖണ്ഡിയാല്‍ ഹതനാകും. അദ്ദേഹത്തിന്‍റെ അഭ്യാസപ്രകടനങ്ങള്‍ അവസാനത്തിന് മുന്‍പുള്ള ആളിക്കത്തലായി അറിയുക. " കൃഷ്ണ വചനങ്ങള്‍ യുധിഷ്ഠിരന്‍റെ തപ്തമായ മനസ്സിന് സ്വസ്ഥത പകര്‍ന്നു. അവര്‍ വിശ്രമത്തിനായി താന്താങ്ങളുടെ കുടീരങ്ങളിലേയ്ക്ക് നീങ്ങി.

അടുത്ത പ്രഭാതം, കുരുക്ഷേത്രത്തിലെ രണ്ടാം ദിവസ യുദ്ധത്തിന് സാക്ഷ്യം വഹിയ്ക്കാനായി ഉണര്‍ന്നു. യുധിഷ്ഠിര നിര്‍ദ്ദേശത്താല്‍, അര്‍ജ്ജുനന്‍ സേനയെ ക്രൗഞ്ച വ്യൂഹത്തില്‍ ക്രമീകരിച്ചു. സൈന്യാധിപനായ ധൃഷ്ടദ്യുമനനും അര്‍ജ്ജുനനെ സഹായിച്ചു. വ്യൂഹത്തിന്‍റെ തലപ്പത്ത് അവര്‍ ദ്രുപദനെ നിറുത്തി. ക്രൗഞ്ച പക്ഷിയുടെ കണ്ണുകളുടെ സ്ഥാനത്ത് കുന്തീഭോജനും, ചേതികാതനുമായിരുന്നു. സാത്യകിയും സൈന്യവും കണ്ഠഭാഗത്ത് അണിനിരന്നു. പക്ഷിയുടെ വാലിന്‍റെ സ്ഥാനത്ത് യുധിഷ്ഠിരന്‍ നിലയുറപ്പിച്ചു. പക്ഷിയുടെ ചിറകിന്‍റെ ഒരു ഭാഗത്ത് ഭീമ സൈന്യവും മറുഭാഗത്ത് ധൃഷ്ടദ്യുമ്ന സൈന്യവും നിലയുറപ്പിച്ചു. പാണ്ടു പുത്രന്മാരും, സാത്യകി പുത്രന്മാരും ചിറകുകള്‍ക്ക് സംരക്ഷണം നല്‍കി. ചുണ്ടിന്‍റെ സ്ഥാനം അര്‍ജ്ജുനനും, നകുല സഹദേവന്‍മാരോട് ചേര്‍ന്ന് അഭിമന്യുവും, ഘടോല്‍ക്കചനും സ്ഥാനമുറപ്പിച്ചു. പാണ്ഡവരുടെ വ്യുഹത്തിന്‍റെ ശക്തി ദുര്യോധന മനസ്സില്‍ അകാരണമായ ഭയം ജനിപ്പിച്ചു. അതേ ഗാംഭീര്യത്തോടെ തങ്ങളുടെ സേനയേയും അണിനിരത്താന്‍ ദുര്യോധനന്‍ ദ്രോണരോടഭ്യര്‍ത്ഥിച്ചു. ഭീഷ്മ, ദ്രോണര്‍മാര്‍ ഒരുമിച്ചു കൗരവസൈന്യത്തെ ക്രൗഞ്ച വ്യുഹത്തില്‍ ക്രമീകരിച്ചു. ഇതോടെ ഇരു സൈന്യത്തിന്‍റെയും ക്രമീകരണം ഒരേ പോലെയായി. കൗരവ ക്രൗഞ്ചത്തിന്‍റെ ഇടത്തെ ചിറകിന്‍റെ സ്ഥാനത്ത് ഭ്രരിശ്രവസ്സും ശല്യരും സൈനികരോടോത്ത് നിലയുറപ്പിച്ചു. വലത്തെ ചിറകിന്‍റെ സ്ഥാനത്ത് കാംബോജ രാജനും, സോമദത്തനും ( സോമദത്തന്‍ - ശന്തനുവിന്‍റെ സഹോദരനായ ബാഹ്ലീകന്‍റെ പുത്രനാണ് ). ക്രൗഞ്ച പക്ഷിയുടെ വാലിന്‍റെ സ്ഥാനത്ത് അശ്വർത്ഥാമാവ്, കൃപര്‍, കൃതവര്‍മ്മാവ് സൈന്യ സമേതം നിലയുറപ്പിച്ചു. കണ്ഠഭാഗം ദുര്യോധനനും സഹോദരങ്ങളും പങ്കിട്ടു. ഭീഷ്മരും ദ്രോണരും സാരഥ്യം വഹിച്ചു മുന്‍നിരയില്‍ നിന്നു. പരസ്പരം ശംഖുകള്‍ ഊതി. പെരുമ്പറ നാദം മുഴങ്ങി. ഒന്നാം ദിവസത്തേക്കാള്‍ ശക്തവും, വാശിയേറിയതുമായ രീതിയില്‍ രണ്ടാം ദിവസ യുദ്ധത്തിന് അരങ്ങുണര്‍ന്നു.ഒന്നാം ദിവസത്തെ യുദ്ധത്തില്‍ മരിച്ചു വീണ സൈനികരുടെയും യോദ്ധാക്കളുടെയും ജഡങ്ങള്‍ക്ക് ചുറ്റും കാക്കയും, കഴുകന്മാരും വട്ടമിട്ടു പറക്കുന്നത്, കാഴ്ചക്കാരുടെ മനസ്സില്‍ ഭീതിയും വിവശതയും പരത്തി. ഭീഷ്മര്‍ ഏറ്റവും കരുത്തനും ഊര്‍ജ്ജസ്വലനുമായി കാണപ്പെട്ടു. അദ്ദേഹം ഒറ്റയ്ക്ക് ഭീമന്‍, സാത്യകി, വിരാടന്‍, കേകയ സഹോദരന്മാര്‍, ധൃഷടദ്യുമ്നന്‍ എന്നിവരെ നേരിട്ടു. കൊടുങ്കാറ്റു പോലെ ശത്രു നിരയിലേയ്ക്ക് തള്ളിക്കയറുന്ന ഭീഷ്മരുടെ നീക്കം തടയാന്‍, പാണ്ഡവ സൈന്യത്തിന് കിണഞ്ഞു പരിശ്രമിയ്ക്കേണ്ടി വന്നു., സേനയുടെ ക്ഷീണം മനസ്സിലാക്കിയ അര്‍ജ്ജുനന്‍ കൃഷ്ണനോട് പറഞ്ഞു. " കൃഷ്ണാ ! മുത്തച്ഛനിന്നു അത്യന്തം ക്രുദ്ധനായിരിയ്ക്കുന്നു. നമുക്ക് ഉടന്‍ തന്നെ അദ്ദേഹത്തെ നേരിടണം. " അര്‍ജ്ജുനാ ! ഭീഷ്മര്‍ക്ക് പ്രിയത്തെ വെല്ലുന്ന മെയ്യ്‌ കരുത്തുണ്ട്. അദ്ദേഹം തികഞ്ഞ അസ്ത്രാഭ്യാസി തന്നെ ! അദ്ദേഹത്തെ കഴിയുന്നത്ര വേഗം നിലം പതിപ്പിച്ചാലെ നിങ്ങള്‍ക്ക് യുദ്ധം ജയിയ്ക്കാനാവൂ !" സംസാര വേഗത്തില്‍ തന്നെ കൃഷ്ണ രഥം ഭീഷ്മര്‍ക്ക് മുന്നിലെത്തി. മരണ ദേവതയെപ്പോലെ തങ്ങളുടെ സൈനികര്‍ക്കുമേല്‍ നിരന്തരം അസ്ത്രം പായിയ്ക്കുന്ന ഭീഷ്മര്‍ക്കുമേല്‍ അര്‍ജ്ജുനാസ്ത്രങ്ങള്‍ പേമാരി പെയ്തു. ഭീഷ്മരുടെ നില പരുങ്ങലിലാകുന്നതു കണ്ട, ദ്രോണരും ദുര്യോധനനും ജയദ്രഥനും അദ്ദേഹത്തിന്‍റെ രക്ഷയ്ക്കെത്തി. എതിരിടുന്നവരെയെല്ലാം നിമിഷാര്‍ദ്ധത്തില്‍ നിഷ്പ്രഭരാക്കുന്ന അര്‍ജ്ജുനാസ്ത്രങ്ങള്‍ കൗരവ പക്ഷത്തില്‍ ഭീതിയുണര്‍ത്തി. സാത്യകി, അര്‍ജ്ജുനന് സഹായവുമായെത്തി. ദ്രോണരുടെ ശ്രദ്ധ പിന്‍തിരിപ്പിയ്ക്കാനുള്ള ദ്രുപദ പുതന്മാരുടെ ശ്രമം വിജയം കണ്ടു. ഒന്നാം ദിവസം തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് തിരിച്ചടി എന്ന വണ്ണം അര്‍ജ്ജുനന്‍ കൗരവ പക്ഷത്തെ ശക്തമായി നേരിട്ടൂ. ഈ നീക്കം ദുര്യോധനനില്‍ ഭീതിയുണര്‍ത്തി. അദ്ദേഹം ഭീഷമരോട് പരിഭവിച്ചു. " മുത്തച്ഛന്‍ അര്‍ജ്ജുനനോട് മൃദുവായ സമീപനമാണ് കൈക്കൊള്ളുന്നത്. എന്‍റെ രാധേയനുണ്ടായിരുനെങ്കില്‍ എനിയ്ക്കീ വിധം ഒരു ക്ഷീണം ഭവിയ്ക്കില്ലായിരുന്നു. മുത്തച്ഛനായിട്ടും അദ്ദേഹത്തെ ഒഴിവാക്കി. ഇനിയെങ്കിലും ഒന്നുണര്‍ന്നു പ്രവര്‍ത്തിയ്ക്കു മുത്തച്ഛാ ! " ദുര്യോധനന്‍റെ വാക്കുകള്‍ തനിയ്ക്കെതിരെയുള്ള മുള്ളുകളായാണ് ഭീഷ്മര്‍ക്കനുഭവപ്പെട്ടത്. തന്‍റെ ജന്മം 'ഒരഭിശപ്ത' മായി ഭീഷ്മര്‍ക്ക് തോന്നി. ഇത്രമാത്രം കൊച്ചുമക്കളാല്‍ അപമാനപ്പെട്ട മറ്റൊരു ക്ഷത്രിയ ജന്മമുണ്ടോ ? ഭീഷ്മര്‍ അമര്‍ഷം കൊണ്ട് ക്രുദ്ധന്നായി. അദ്ദേഹം അര്‍ജ്ജുനന് നേരെ ശരവർഷങ്ങള്‍ പൊഴിച്ചു. ഒരു ഭയാനകമായ അസ്ത്രം കൊണ്ട് ഭീഷ്മര്‍, കൃഷണന്‍റെ മാറിടത്തെയും പീഡിപ്പിച്ചു. അര്‍ജ്ജുനന്‍ ഒരമ്പു കൊണ്ട് ഭീഷ്മ സാരഥിയെ കൊന്നു. അവര്‍ തമ്മിലുള്ള പോരാട്ടം ഏവരും ഭീതിയോടും കൗതുകത്തോടും വീക്ഷിച്ചു. അര്‍ജ്ജുനന്‍ കൗരവ സൈന്യത്തിന്‍റെ നല്ലൊരു ഭാഗം നശിപ്പിച്ചു. ദുര്യോധനന് താങ്ങാവുന്നതിനപ്പുറമായിരുന്നാക്കാഴ്ച്ച. മറ്റൊരു ഭാഗത്ത് ദ്രോണരും ദ്രുപദനും തമ്മില്‍ ശക്തിയേറിയ പോരാട്ടമുണ്ടായി. ഗുരുകുലത്തിലെ വിട്ടുപിരിയാത്ത ആ സുഹൃത്തുക്കള്‍, ഭാവിയില്‍ രാജാവാകുമ്പോള്‍ സുഹൃത്തിന് മുന്തിയ സ്ഥാനം നല്‍കുമെന്ന് ബാല്യത്തില്‍ പ്രഖ്യാപിച്ച ദ്രുപദന്‍. അധികാരമത്തനായ ആ രാജാവ്‌ രാജസഭയില്‍ തന്നെ സ്നേഹത്തോടെ കാണാനെത്തിയ ആ ബ്രഹ്മാണ യുവാവിനെയും കുടുംബത്തെയും ഘോരമായി അപമാനിച്ചു. ക്ഷത്രീയ ഗര്‍വ്വ്‌ ആത്മസുഹൃത്തിനോട് കാട്ടിയ ദ്രുപദന്‍ എന്നും ദ്രോണരുടെ മനസ്സില്‍ കരടായിരുന്നു. ദ്രോണരുടെ യുദ്ധമുറകള്‍ തന്‍റെ പിതാവിനെ ക്ഷീണിപ്പിയ്ക്കുന്നത് കണ്ട ധൃഷ്ടദ്യുമ്നന്‍ പിതാവിന്‍റെ സഹായത്തിനെത്തി. ക്രുദ്ധനായ ദ്രോണര്‍ ഒരു വേല്‍ ധൃഷടദ്യുമ്നനു നേരെ ചുഴറ്റി എറിഞ്ഞു. ഏവരും ഭയപ്പാടോടെ നോക്കി നില്‍ക്കെ, ധൃഷ്ടദ്യുമ്നന്‍, ദ്രോണന്‍റെ വേല്‍ തന്‍റെ ശരങ്ങളാല്‍ നിര്‍വീര്യമാക്കി. ധൃഷ്ടദ്യുമ്നന്‍ ഒരു വേല്‍ പകരമെന്നോണം ദ്രോണര്‍ക്കു നേര്‍ ചുഴറ്റി എറിഞ്ഞു. ദ്രോണര്‍ തേർതടത്തില്‍ കുഴഞ്ഞു വീണു. ധൈര്യം വീണ്ടെടുത്ത് വീണ്ടും ദ്രോണര്‍ ധൃഷ്ടദ്യുമനെ നേരിട്ടു. ഭീമന്‍ തന്‍റെ ചങ്ങാതിയുടെ സഹായത്തിനായി പാഞ്ഞെത്തി. ദുര്യോധനന്‍ കലിംഗ രാജാവിനെയും പുത്രന്മാരെയും, ദ്രോണര്‍ക്ക് സഹായകമായി അയച്ചു. ഇവര്‍ ഭീമനെ ചുറ്റിനും നിന്നാക്രമിച്ചു. വായുപുത്രന്‍ ഒട്ടും കുസിയില്ല. നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീമന്‍, കലിംഗ പുത്രനായ ശക്രദേവനെ കൊന്നു. വാശിയോടെ ഭീമനോടെതിർത്ത മറ്റൊരു കലിംഗ പുത്രന്‍ ഭാനുമാനെയും ഭീമന്‍ വധിച്ചു. ഭീമന്‍ മരണ ദേവതയെപ്പോലെ പോര്‍ക്കളത്തില്‍ നടനമാടി. കലിംഗന്‍റെ രഥം കാത്തിരുന്ന സത്യദേവന്‍, സത്യന്‍ എന്നിവര്‍ ഭീമശരത്തിനിരയായി. ക്രുദ്ധനായി പോരാട്ടത്തിനെത്തിയ കലിംഗനെ ഭീമന്‍ ശക്തമായി മുറിപ്പെടുത്തി. കലിംഗന്‍ തേര്‍ തട്ടില്‍ ബോധരഹിതനായി നിലംപതിച്ചു.

ശിഖണ്ഡി തന്നോടൊപ്പമുള്ള സൈന്യകരോട് കൂടി ഭീമനെ സഹായിക്കാനെത്തി. ധൃഷ്ടദ്യുമ്നനും, സാത്യകിയും ഭീമനോടൊപ്പം ചേര്‍ന്നു. ഭീമനോട് അവര്‍ക്ക് രണ്ടു പേര്‍ക്കും ഏറെ ചങ്ങാത്തമായിരുന്നു. ഈ മൂവരുടെ സുഹൃദ് സഖ്യം കുരുക്ഷേത്രത്തില്‍ പലപ്പോഴും അത്ഭുതം വിതറിയിരുന്നു. അവര്‍ ഒത്തു ചേര്‍ന്ന് കലിംഗ സൈന്യത്തെ ആക്രമിച്ചു. ഭീഷ്മര്‍ പെട്ടെന്ന് ഒരു മിന്നല്‍ പിണര്‍പോലെ അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ശക്തമായ ഒരു കുന്തം ഭീമന്‍റെ രഥത്തിനു നേരെ പ്രയോഗിച്ചു. കുന്തം എത്തുന്നതിനു മുന്‍പ് ഭീമന്‍ രഥത്തില്‍ നിന്ന് എടുത്തു ചാടി. ഭീമന്‍ മറ്റൊരു രഥത്തിലേറി, ഭീഷ്മരുടെ കുന്തം ചിന്നഭിന്നമാക്കി. സാത്യകി ശസ്ത്രപ്രയോഗത്തിലൂടെ ഭീഷ്മരുടെ സാരഥിയെ കൊന്നു. ഭീഷ്മര്‍ അല്പം നിരാശയോടെ പിന്തിരിഞ്ഞു. കലിംഗനെ മുന്‍പുതന്നെ കീഴ്പ്പെടുത്തിയിരുന്ന ഭീമനും സുഹൃത്തുക്കള്‍ക്കും, ആഹ്ലാദിയ്ക്കാന്‍, അഭിമാനിയ്ക്കാന്‍ വകയുണ്ടായി. അവര്‍ പരസ്പരം ആലിംഗനം ചെയ്തു. സാത്യകി അത്യുത്സാഹത്തോടെ ഉത്ഘോഷിച്ചു. " എന്‍റെ പ്രിയ ഭീമാ ! ഈ ദിവസം താങ്കള്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. നോക്കൂ ! അങ്ങയാല്‍ വധിയ്ക്കപ്പെട്ട യോദ്ധാക്കള്‍ -- ശക്രദേവന്‍, ഭാനുമാന്‍, കലിംഗന്‍ സത്യന്‍, സത്യദേവന്‍, എല്ലാവരും വീരയോദ്ധാക്കള്‍ തന്നെ. തീർച്ചയായും ഇവരുടെ നഷ്ടം കൗരവര്‍ക്ക് ഏറെ നിരാശയ്ക്ക് വക നല്‍കും." അവര്‍ മുവരും വീണ്ടും വീണ്ടും ആലിംഗന ബദ്ധരായി.

രണ്ടാം ദിവസ യുദ്ധത്തിന്‍റെ മദ്ധ്യാഹ്നമായി. അശ്വർത്ഥാമാവ്, ദ്രുപദ പുത്രന്മാരെ നേരിട്ടു. അഭിമന്യു ദ്രുപദ പുത്രന്മാരുടെ സഹായത്തിനെത്തി. ഇതു കണ്ട കൃപരും, ദ്രോണരും അശ്വർത്ഥാമാവിന്‍റെ രക്ഷയ്ക്കെത്തി. യുദ്ധം മുറുകി. ദുര്യോധന പുത്രനായ ലക്ഷ്മണന്‍, അഭിമന്യുവിനെ പോരിനു വിളിച്ചു. ഏറെ ചെറുപ്പമായിരുന്ന ആ യുവകോമളന്മാര്‍ തമ്മിലുള്ള പോരാട്ടം കാണികള്‍ ഏറെ കൗതുക പൂര്‍വ്വം വീക്ഷിച്ചു. ദുരെ നിന്ന് ലക്ഷ്മണനെ വീക്ഷിച്ചു കൊണ്ടിരുന്ന ദുര്യോധനന്‍, അഭിമന്യു ശരങ്ങളാല്‍ പീഡിപ്പിയ്ക്കപ്പെടുന്ന പുത്രന്‍റെ രക്ഷയ്ക്കെത്തി. അഭിമന്യു പല യോദ്ധാക്കളോടും ധീരമായി പൊരുതി. അര്‍ജ്ജുന പുത്രന്‍റെ വീര്യത്തെ ഏവരും പ്രശംസിച്ചു. മറ്റൊരിടത്ത് ഭീഷമരും, ദ്രോണരും ചേര്‍ന്ന് അര്‍ജ്ജുനനോട് ഏറ്റുമുട്ടി. അര്‍ജ്ജുന ശരവേഗതയില്‍ ആ വൃദ്ധ യോദ്ധാക്കള്‍ വളരെ വേഗം പരീക്ഷണരായി. ഭീഷ്മര്‍ പറഞ്ഞു. " ആചാര്യാ ! അര്‍ജ്ജുനന്‍ ഇന്നു അസാമാന്യമായ മെയ്യ്‌ വഴ്ക്കത്തിലാണ്. അദ്ദേഹത്തിന്‍റെ ശരവേഗതയെ കവച്ചു വെയ്ക്കാന്‍ എനിയ്ക്കാവുന്നില്ല. നോക്കൂ ! സൈന്യത്തിന്‍റെ നല്ലൊരു ഭാഗം അര്‍ജ്ജുനന്‍ നശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു.

സൂര്യന്‍ അസ്തമിക്കാറായി. അവര്‍ സേനകളെ പിന്‍വലിയ്ക്കുന്നതില്‍ ശ്രദ്ധരായി. രണ്ടാം ദിവസ യുദ്ധം അവസാനിച്ചു. ഈ ദിവസത്തിന്‍റെ നായകന്‍ ഭീമന്‍ തന്നെ. അര്‍ജ്ജുനന്‍റെ അഭിമാനാര്‍ഹമായ മെയ്യ്‌ വഴക്കവും അവര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായി. ഒന്നാം ദിവസത്തെ കോട്ടം മറന്ന അവര്‍ വിജയാഹ്ലാദം പരസ്പരം പങ്കുവെച്ചു. യുധിഷ്ഠിരന്‍റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരീ, കൃഷ്ണ നോട്ടവുമായി ഏറ്റുമുട്ടി. നമ്രശിരസ്ക്കനായ ആ ഭക്തന്‍ കൃഷ്ണനെ പ്രണമിച്ചു.

ദുര്യോധനന്‍ അന്ന് തോല്‍വിയുടെ കയ്പുരസം നുകര്‍ന്നു. പാണ്ഡവരുടെ അജയ്യതയെ പറ്റി മുത്തച്ഛനും, വിദുരരും പറഞ്ഞ വാക്കുകള്‍ സത്യമാണന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായി. യുദ്ധം തന്‍റെ പിടിയില്‍ നിന്ന് വഴുതി പോകുന്നതായി യുവരാജാവിന് തോന്നലുണ്ടായി. യുദ്ധകൊതിയോടെ അടുത്ത പ്രഭാതം ഉണര്‍ന്നു - യുദ്ധത്തിന്‍റെ മൂന്നാം ദിവസം ഭീഷ്മര്‍ തന്‍റെ സൈന്യത്തെ ഗരുഡ വ്യുഹത്തില്‍ ചമച്ചു. കൊക്കിന്‍റെ സ്ഥാനത്ത് നിലയുറപ്പിച്ചു. കണ്ണുകളുടെ സ്ഥാനത്ത് ദ്രോണരും, കൃതവര്‍മ്മാവും ഇടം തേടി. അശ്വർത്ഥാമാവും, കൃപരും ഗരുഡന്‍റെ തലയുടെ ഇരുപുറങ്ങളിലുമായി ഇടം തേടി. തൃഗരർത്തന്മാരും ജയദ്രദനും കണ്ഠഭാഗം അലങ്കരിച്ചു, പക്ഷിയുടെ ഹൃദയഭാഗം രാജാവും സഹോദരങ്ങളും പങ്കിട്ടു. കോസല രാജാവായ ബ്രുഹത് ബലനും സൈന്യവും വാലിന്‍റെ ഭാഗം സംരക്ഷിച്ചു നിന്നു.

ഈ വ്യുഹം കണ്ട അര്‍ജ്ജുനന്‍, ധൃഷ്ടദ്യുമ്നനുമായി കൂടി ആലോചിച്ചു പാണ്ഡവസൈന്യത്തെ ചന്ദ്രക്കലയുടെ ആകൃതിയില്‍ ക്രമീകരിച്ചു. ചന്ദ്രക്കലയുടെ വലത്തെ അഗ്രത്തില്‍ ഭീമനെ നിറുത്തി. ഇടത്തെ അഗ്രത്തില്‍ ദ്രുപദനും, വിരാടനും തൊട്ടുപുറകിലായി ധൃഷ്ടകേതു, ശിഖണ്ഡി എന്നിവര്‍ തങ്ങളുടെ സൈന്യ ബലത്തോടൊപ്പം അണിനിരന്നു. ചന്ദ്രക്കലയുടെ നടുഭാഗത്ത് യുധിഷ്ഠിരൻ ഗജസൈന്യത്തോടൊപ്പം നിലയുറപ്പിച്ചു. ഇടതുഭാഗത്ത് സാത്യകിയും, ദ്രുപദപുത്രന്മാരും അഭിമന്യുവും, ഇരവാനും ( അര്‍ജ്ജുനന്‍ നാഗകന്യകയായ ഉലുവിയില്‍ ഉണ്ടായ പുത്രന്‍ ) നിരന്നു. അവര്‍ക്ക് പുറകിലായി ഘടോല്‍ക്കചനും, കേകയ്ന്മാരും തങ്ങളുടെ സൈന്യവുമായി അണിനിരന്നു. കൃഷണ സാരഥ്യത്തില്‍ അര്‍ജ്ജുനന്‍ ചന്ദ്രക്കലയുടെ ഇടതു ഭാഗം അലങ്കരിച്ചു.

യുദ്ധം തുടങ്ങി ഭീഷ്മരുടെ സഹായത്തിനായി ദ്രോണര്‍, ജയദ്രഥന്‍, വികര്‍ണ്ണന്‍, ശകുനി എന്നിവര്‍ ഒത്തുകൂടി ചേര്‍ന്ന് നിന്നു. ഭീമന്‍, സാത്യകി ഘടോല്‍ക്കചന്‍ ദ്രൗപദി പുത്രന്മാര്‍ എന്നിവര്‍ ഭീഷ്മ സഖ്യത്തെ നേരിട്ടു. യുദ്ധം ഭയങ്കരവും, ഭയാനകവുമായി. പൊടിപടലങ്ങള്‍ കൊണ്ട് സൂര്യപ്രഭ മുടപ്പെട്ട നിലയിലായി. നൂറ് രഥങ്ങളുടെ സഹായത്തോടെ ദുര്യോധനന്‍, ഘടോല്‍ക്കചനെ നേരിടാനിറങ്ങി. സംഹാര മൂർത്തിഭാവം കൈക്കൊണ്ട ഭീഷ്മര്‍, പാണ്ഡവ സൈന്യത്തെ നിഷ്ക്കരുണം അരിഞ്ഞു വീഴ്ത്തി. ഇതു കണ്ട അര്‍ജ്ജുനന്‍ ഭീഷ്മരെ നേരിട്ടൂ. മറ്റൊരു വശത്ത് സാത്യകിയും അഭിമന്യുവും ശകുനി പക്ഷത്തിന് നാശം വരുത്തി. ശകുനിയും കടുത്ത വാശിയിലായിരുന്നു. അദ്ദേഹം സാത്യകിയുടെ രഥം നശിപ്പിച്ചു. സാത്യകി തല്‍ക്ഷണം അഭിമന്യുവിന്‍റെ രഥത്തില്‍ ചാടിക്കയറി, ശകുനിയെ നേരിട്ടു. അര്‍ജ്ജുനനില്‍ നിന്ന് ശ്രദ്ധ തിരിച്ചു, ഭീഷമര്‍, ദ്രോണരോട് ചേര്‍ന്ന് യുധിഷ്ഠിരനേയും ഗജ സൈന്യത്തെയും പീഡിപ്പിയ്ക്കാന്‍ തുടങ്ങി. സംഘങ്ങളായി തിരിഞ്ഞു യോദ്ധാക്കള്‍ പരസ്പരം പോരാടി. ഘടോല്‍ക്കചന്‍ അച്ഛനെക്കാള്‍ സമര്‍ത്ഥമായി യുദ്ധം ചെയ്തു. ദുര്യോധന സൈന്യത്തിന് അദ്ദേഹം ശക്തമായ പ്രതിരോധം സൃഷ്ടിച്ചു. ഭീമന്‍ പുത്രന് സഹായവുമായെത്തി. ഭീമന്‍റെ മുന്നേറ്റത്തില്‍ മുറിവേറ്റ ദുര്യോധനന്‍ തേര്‍ തട്ടില്‍ തളര്‍ന്നു വീണു. സാരഥി, സമര്‍ത്ഥമായി രാജാവിനെ രംഗത്ത് നിന്ന് പിന്‍വലിച്ചു. ഇതു കണ്ടു ഭീഷമരും ദ്രോണരും ചേര്‍ന്ന് ഭീമനെ നേരിട്ടപ്പോള്‍, സാത്യകി ഭീമന് സഹായവുമായി പാഞ്ഞെത്തി. ഇതിനിടയില്‍ മോഹം തീര്‍ന്നു മുന്‍നിരയിലേയ്ക്ക് വന്ന ദുര്യോധനന്‍, ഭീമനും, സത്യാകിയും കൂടി തന്‍റെ പക്ഷത്തിന് വരുത്തി വെച്ച നാശം നേരില്‍ കണ്ടു ദു:ഖിതനും, കുപിതനുമായി. അദ്ദേഹം ഭീഷ്മരുടെ അരികിലെത്തി. പിതാ മഹാ ! നിങ്ങളുടെ ശക്തിയെ തീര്‍ത്തും അവഗണിയ്ക്കാനുള്ള കഴിവൊന്നും പാണ്ഡവ പക്ഷത്തിനില്ല. മുത്തച്ഛനും ആചാര്യനും മൗനമായി പാണ്ഡവര്‍ക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുന്നുണ്ട്. നമ്മുടെ സേനയുടെ ഇത്തരത്തിലുള്ള ശോഷ്ണത്തിന്‍ നിങ്ങള്‍ തീര്‍ത്തും ഉത്തര വാദികളാണ് -- നിങ്ങളുടെ പാണ്ഡവ സ്നേഹം എനിയ്ക്ക് വിനയായി ഭവിച്ചു. ആരംഭത്തില്‍ തന്നെ മുത്തച്ഛന്‍ യുദ്ധം ചെയ്യാന്‍ വിമുഖത കാട്ടിയിരുന്നെങ്കില്‍ ഞാന്‍ ആ സാരഥ്യം എന്നോടുമാത്രം കൂറുള്ള മറ്റാർക്കെങ്കിലും നല്‍കിയേനെ.. നിങ്ങള്‍ക്ക് എന്നോടും കൗരവ പക്ഷത്തോടും കൂറുണ്ടെങ്കില്‍ ശത്രുക്കളെ ശക്തമായി നേരിടുക.'' ദുര്യോധനന്‍റെ ക്രൂരമായ വാക്കുകള്‍ ആ വൃദ്ധ മനസ്സിനെ ഏറെ വൃണപ്പെടുത്തി. എങ്കിലും ദുര്യോധനനെ ഏറെ അലിവോടെ കടാക്ഷിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. " കുഞ്ഞേ ! നീ കാണുന്നില്ലേ എന്‍റെ പ്രായത്തെ പ്പോലും മറന്നു ഞാന്‍ നിനക്കായി യുദ്ധം ചെയ്യുന്നുണ്ട്. ഭവിഷ്യത്തിനെ പറ്റി ഞാനുള്‍പ്പെടെയുള്ളവര്‍ എത്രപ്രാവശ്യം നിന്നെ ഓര്‍മ്മപ്പെടുത്തി. ഏറെ സ്നേഹഭാവത്തില്‍, ഒന്നും നീ ചെവിക്കൊണ്ടില്ല. നിനക്കുവേണ്ടി ഇനിയും ഞാനെന്‍റെ കഴിവിന്‍റെ പരമാവധി പോരാടും. നീ പറയും പോലെ ഒരു നിമിഷം പോലും ഈ വൃദ്ധനിനി വിശ്രമമില്ല." ഭീഷ്മര്‍ പടഹധ്വനീ മുഴക്കി ശത്രു പക്ഷത്തേയ്ക്ക് അതിവേഗം നീങ്ങി. യുദ്ധ ഭുമിയുടെ പല ഭാഗത്തേയ്ക്കും ഭീഷ്മ രഥം ശരവേഗത്തില്‍ പ്രയാണം ചെയ്തു. അസംഖ്യം സൈന്യകരെ ക്രുദ്ധനായ ആ സൈന്യാധിപന്‍ നിഷ്ക്കരുണം കൊന്നൊടുക്കി. അവരുടെ രക്തം നദിയായി യുദ്ധ ഭൂമിയില്‍ ഒഴുകി തുടങ്ങി. യുദ്ധത്തിനായി എഴുതി ചേര്‍ത്ത നിയമസംഹിതയിലെ ധര്‍മ്മ തത്വങ്ങളെക്കുറിചൊന്നും ഭീഷമര്‍ ആ നിമിഷം ബോധവാനായിരുന്നില്ല. അസഹിഷ്ണതയില്‍ നിന്നുളവായ നിസ്സഹായത ഒരു പരിധി വരെ ആ വൃദ്ധ മനസ്സിനെ 'ജഡില' മാക്കിയിരുന്നു. " മഹാത്മാവായ ഭീഷ്മര്‍ --- പുണ്യ ജന്മമെന്നു ദേവകള്‍ പോലും വാഴ്ത്തിയ എന്‍റെ ജന്മം --- കേവലമൊരു പാപിയായ പുരുഷന്‍റെ അര്‍ത്ഥത്തിന് അടിമപ്പെടുകയാല്‍ എത്രമാത്രം നിന്ദ്യമായി. " ഭീഷ്മരുടെ ചിന്ത ആ വഴിക്കായിരുന്നു.

ഭീഷ്മരുടെ യുദ്ധ വേട്ട നിരീക്ഷിച്ചു കൊണ്ടിരുന്ന ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞു. " ഭീഷ്മ ദ്രോണാദികളുടെ സേനയെ അങ്ങ് ശക്തമായി നേരിടുമെന്ന് എന്നോട് വാക്ക് പറഞ്ഞില്ലേ ? ആ വാക്ക് പാലിയ്ക്കാനുള്ള സമയം ഇതാ സമാഗതമായിരിയ്ക്കുന്നു. ഭീഷ്മര്‍ പിതാമഹനാണന്നുള്ള ചിന്ത അങ്ങ് മനസ്സില്‍ നിന്ന് തൂത്തെറിയൂ. അദ്ദേഹത്തെ ശത്രുപക്ഷത്തുള്ള അജയ്യനും, നിഷ്ക്കരുണനുമായ സൈന്യാധിപനായി മാത്രം കാണുക. നോക്കൂ ! നമ്മുടെ എത്രയോ സേനാനികള്‍ സൂര്യതാപമേറ്റ മഞ്ഞു പോലെ ഉരുകി തീര്‍ന്നിരിയ്ക്കുന്നത് താങ്കളുടെ ഹൃദയത്തെ മഥിയ്ക്കുന്നില്ലേ ? സ്വന്ത ബന്ധത്തിനപ്പുറം, കര്‍മ്മത്തിന് പ്രാമുഖ്യം നല്‍കി ഹൃദയ കാഠിന്യം നേടുക." കൃഷ്ണാ ! അങ്ങ് പിതാമഹന്‍റെ അടുത്തേയ്ക്ക് എന്‍റെ തേര്‍ തെളിച്ചാലും. " അര്‍ജ്ജുനന്‍ ഭീഷ്മരുടെ നേര്‍ക്കുനേര്‍ നിന്ന് പോരാട്ടം തുടങ്ങി. പോരാട്ടം ശക്തമായി. ഭീഷമരുടെ ധ്വജം അര്‍ജ്ജുനാസ്ത്രത്താല്‍ വീഴ്ത്തപ്പെട്ടു. ഭീഷ്മര്‍ തന്‍റെ പൗത്രന്‍റെ കഴിവിനെ മനസ്സാ അഭിനന്ദിച്ചു. കോപത്താല്‍ ഉദ്ധുതനായ ഭീഷ്മരോട് സ്വതവേ തന്നെ ചഞ്ചല മനസ്ക്കനായ അര്‍ജ്ജുനന്‍റെ പോരാട്ടം ദുര്‍ബ്ബലമാണന്നു കൃഷ്ണന് തോന്നി തുടങ്ങി. എത്ര ഉപദേശിച്ചിട്ടും ഈ കൗന്തേയന്‍ ബന്ധുത്വം കര്‍മ്മത്തിന് തടസ്സമാകുന്നു. പിതാമഹനപ്പുറം, ശക്തനായ പോരാളിയായി ഭീഷ്മരെ കാണാന്‍ അര്‍ജ്ജുനന് കഴിയുന്നില്ല. എന്‍റെ ശപഥം എനിയ്ക്ക് മറക്കേണ്ടി വരും. ഈ സമയം ഭീഷ്മര്‍ ശക്തമായ ഒരസ്ത്രത്താല്‍ കൃഷണ ശരീരം മുറിപ്പെടുത്തി. ജയദ്രഥന്‍, ദ്രോണര്‍, വികര്‍ണ്ണന്‍, ഭുരിശ്രവസ്സു എന്നിവര്‍ കൂട്ടം ചേര്‍ന്ന് അര്‍ജ്ജുനനെ നേരിട്ടു. അര്‍ജ്ജുനനെ ഏതു വിധേനയും വധിയ്ക്കുക എന്നതായിരുന്നവരുടെ ലക്‌ഷ്യം. സാത്യകി എങ്ങു നിന്നോ ഗുരുവിന് സഹായവുമായി പാഞ്ഞെത്തി. മറ്റുള്ളവരെല്ലാം ഭീഷ്മ ശരങ്ങള്‍ക്ക് മുന്നില്‍ പകച്ചു പരിഭ്രാന്തരായി നിന്നു. പിതാമഹനോട് അര്‍ജ്ജുനന്‍ മൃദുവായ് സമീപനമാണ് പിന്തുടരുന്നതെന്ന് സാത്യകിയ്ക്കും ബോദ്ധ്യപ്പെട്ടു. കൃഷ്ണന്‍ സാത്യകിയോടു പറഞ്ഞു. " സാത്യകി ! ഈ ഭീഷ്മ ശരങ്ങളെ ഇനി ഞാന്‍ നേരിടാന്‍ ഒരുങ്ങുകയാണ്. എത്ര പറഞ്ഞിട്ടും അര്‍ജ്ജുനന്‍ വേണ്ട വിധം ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുന്നില്ല. യുധിഷ്ഠിരനെ ലോകാധിപതിയാക്കുമെന്നു ഞാനദ്ദേഹത്തിന് വാക്ക് നല്‍കിയതാണ്. അതു പാലിയ്ക്കാന്‍ ഈ കൃഷ്ണന്‍ ബദ്ധശ്രദ്ധനാണ്. ദ്രൌപദിയ്ക്ക് ഞാന്‍ നല്‍കിയ വാക്കും വൃഥാവിലാകില്ല."

പുരുഷോത്തമനായ കൃഷ്ണന്‍ നിമിഷാര്‍ദ്ധത്തില്‍ ദിവ്യ രൂപം കൈക്കൊണ്ടു. ലോകമോഹനമായ ആ പുണ്യാത്മാവിന്‍റെ കയ്യില്‍ സുദര്‍ശന ചക്രം കാണപ്പെട്ടു. അദ്ദേഹം രഥത്തില്‍ നിന്ന് എടുത്തു ചാടി ചക്രം ചുഴറ്റിക്കൊണ്ട് ഭീഷ്മരുടെ നേരെ പാഞ്ഞു. ഭഗവാന്‍റെ രൌദ്ര ഭാവം സകലരെയും ഭയപ്പെടുത്തി. അദ്ദേഹത്തിന്‍റെ മുടിച്ചുരുളുകള്‍ കാറ്റില്‍ പറന്നു കളിച്ചു. കോപാധിക്യത്താല്‍ മുഖം അരുണാഭമായി . ഉത്തരീയം കാറ്റില്‍ മേഘ പടലങ്ങള്‍ പോലെ ശരീരത്തില്‍ ഇളകിക്കളിച്ചു. തന്‍റെ രഥത്തിനുമുന്നില്‍ കൃഷണനെക്കണ്ട ഭീഷ്മര്‍ വിനയാന്വിതനായി കൈകൂപ്പി. " വരൂ ! ലോകനാഥാ ! ഈ ഒരു നിമിഷത്തിനായി ഞാന്‍ എത്ര നാളായി പ്രാര്‍ത്ഥനയോടെ കാത്തിരിയ്ക്കുന്നു. മടിയ്ക്കാതെ അങ്ങയുടെ ചക്രായുധത്താല്‍ എന്നെ വധ്യനാക്കൂ ! ഈ സംസാരബന്ധത്തില്‍ നിന്ന് എന്നെ മുക്തനാക്കിയാലും പ്രഭോ !'

ഒരുള്‍വിളിയോടെ അര്‍ജ്ജുനന്‍ രഥത്തില്‍ നിന്നും ചാടിയിറങ്ങി. കൃഷ്ണനടുത്തെത്തി. അര്‍ജ്ജുനന്‍ കൃഷ്ണന്‍റെ കോപം ശമിപ്പിയ്ക്കാന്‍ തനിയ്ക്കാവില്ലന്നു മനസ്സിലായ അര്‍ജ്ജുനന്‍ ആ പാദങ്ങളില്‍ വീണു പൊട്ടിക്കരഞ്ഞു. കൃഷണന്‍റെ മുന്നോട്ടുള്ള പ്രയാണം അര്‍ജ്ജുനന്‍ തടഞ്ഞു. " ഭഗവാനെ ! അങ്ങിതു ചെയ്യരുത്. ആയുധമെടുക്കില്ല എന്നാ അങ്ങയുടെ വാക്ക് പാലിയ്ക്കുക തന്നെ വേണം. ഒരിയ്ക്കലും വിമുഖത അതിന് തടസ്സമാവില്ല. ക്ഷമിച്ചാലും പ്രഭോ ! അഖില ലോകനാഥാ !! ഈ പാണ്ടു പുത്രനില്‍ കനിഞ്ഞാലും കൃഷ്ണന്‍ ശാന്തനായി. എന്നാല്‍ മുഖത്തെ കോപം ജ്വലിച്ച നിലയില്‍ തന്നെ കണ്ടു. അര്‍ജ്ജുനന്‍ പറഞ്ഞു. കൃഷ്ണാ ! കോപം സംഹരിയ്ക്കു ! ഈ യുദ്ധത്തില്‍ അങ്ങ് നേരിട്ട് പങ്കെടുക്കില്ല എന്ന വാക്ക് പാലിയ്ക്കപ്പെടണം. അങ്ങ് ഉപദേശിച്ചു തന്ന പോലെ ഇനി ഒരു മാന്ദ്യവും എന്നെ തളര്‍ത്തില്ല --- അഭിമന്യുവിന്‍റെ നാമത്തില്‍ ഞാനിതാ സത്യം ചെയ്യുന്നു. ഞാന്‍ ഇനി ഭീഷ്മരെ തികഞ്ഞ പ്രതിയോഗിയായി മാത്രമേ കാണു. " തന്‍റെ ഭക്തനായ അര്‍ജ്ജുനന്‍റെ വിലാപം, കൃഷ്ണ ഹൃദയത്തില്‍ വാത്സല്യമുണര്‍ത്തി. അദ്ദേഹം സ്വതസിദ്ധമായ പുഞ്ചരീയോടെ കടിഞ്ഞാണ്‍ കയ്യിലേന്തി. കൃഷ്ണന്‍ പാഞ്ചജന്യം ശക്തമായി ഊതി. അര്‍ജ്ജുനന്‍ ദേവദത്താവും സഹദ്ഘോഷം മുഴക്കി. കൃഷ്ണനോട് നല്‍കിയ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിയ്ക്കും പോലെ അര്‍ജ്ജുനന്‍ കൗരവ സൈന്യത്തെ അതിശക്തമായി നേരിട്ടു. കൗരവ സൈന്യത്തിന്‍റെ നല്ലൊരംശം അര്‍ജ്ജുനന്‍ തന്‍റെ ഉണര്‍ന്ന വീര്യത്തിന്‍റെ ശക്തിയില്‍ നശിപ്പിച്ചു.

സൂര്യന്‍ അസ്തമിച്ചു. ഇരുകൂട്ടരും സൈന്യത്തെ പിന്‍വലിച്ചു. കൗരവ രാജാവിന് തീര്‍ത്തും നിരാശ നല്‍കിക്കൊണ്ട് മൂന്നാം ദിവസ യുദ്ധം പര്യവസാനിച്ചു.

യുദ്ധത്തിന്‍റെ നാലാം ദിവസം പുലര്‍ന്നു. തന്‍റെ സകല കഴിവുമുപയോഗിച്ച് പാണ്ഡവസൈന്യത്തിന്‍റെ നല്ലൊരു പങ്ക് നശിപ്പിയ്ക്കാന്‍ ഭീഷ്മര്‍ തയ്യാറെടുത്തു. ഭീഷ്മരുടെ നീക്കത്തെ ചെറുത്ത് കൊണ്ട് അര്‍ജ്ജുന രഥം പാഞ്ഞെത്തി. ശക്തമായ പോരാട്ടം തന്നെ നടന്നു. ദ്രോണരും സഖ്യവും ഭീഷ്മരോട് ചേര്‍ന്നപ്പോള്‍, അച്ഛന്‍റെ രക്ഷയ്ക്കായി അഭിമന്യു യുദ്ധരംഗത്തെത്തി. ആ രണ്ടു യോദ്ധാക്കളുടെയും അഭ്യാസം കണ്ണിനാനന്ദം പകരും വിധമായിരുന്നു. കുറച്ചു നേരം ആ യുവ കേസരിയോട് ഏറ്റുമുട്ടിയ ശേഷം ഭീഷ്മര്‍ അര്‍ജ്ജുനനുനേരെ നീങ്ങി. ഈ സമയം ഭുരിശ്രവസ്സു അശ്വർത്ഥാമാവ്, ശല്യര്‍, ശല്യപുത്രര്‍ എന്നിവര്‍ സംഘം ചേര്‍ന്ന് യോദ്ധാവായ അഭിമന്യുവിനോടെതിര്‍ത്തു. കേവലം ഒരു കുമാരനെ അനേകം പേര്‍ സംഘം ചേര്‍ന്ന് ആക്രമിയ്ക്കുന്നതിന്‍റെ നീതിയുക്തി ചോദ്യം ചെയ്തു കൊണ്ട് ധൃഷ്ടദ്യുമ്നന്‍ അഭിമന്യുവിന് സഹായമായെത്തി. ത്രിഗര്‍ത്തന്‍മാര്‍ പണ്ടുള്ള ശപഥം ( സംശപ്തകന്മാര്‍ ) -- അര്‍ജ്ജുനനെ വധിയ്ക്കുമെന്ന പ്രതിജ്ഞ പാലിയ്ക്കാനുള്ള വ്യഗ്രതയില്‍ അര്‍ജ്ജുനനെ നേരിട്ടു. ത്രിഗര്‍ത്തന്മാരോടോപ്പം കൃപരും, ശല്യരും സഖ്യം ചേര്‍ന്നപ്പോള്‍, അര്‍ജ്ജുന രക്ഷയ്ക്ക് ധൃഷ്ടദ്യുമ്നന്‍ പാഞ്ഞെത്തി. ശല്യപുത്രനെ ധൃഷ്ടദ്യുമ്നന്‍ വധിച്ചു. അത്യന്തം കുപിതനായ ശല്യര്‍, ധൃഷ്ടദ്യുമ്നനെ തനിയ്ക്കറിയാവുന്ന അഭ്യാസ മുറകളിലൂടെ എല്ലാം കടന്നാക്രമിച്ചു. ദ്വന്ദ്വ യുദ്ധം മുറുകിയപ്പോള്‍ അഭിമന്യു സൈന്യാധിപന്‍റെ സഹായത്തിനെത്തി. ദുര്യോധന സഹോദരന്മാര്‍ ശല്യരോട് ചേര്‍ന്നു. ഭീമന്‍ അകലെ നിന്നാക്കാഴ്ച്ച കണ്ടു. ആ പോരാട്ടത്തിലെ അപാകത മനസ്സില്‍ക്കണ്ട ഭീമന്‍ അവര്‍ക്കിടയിലേയ്ക്ക് പാഞ്ഞെത്തി. ഈ സമയം ദുര്യോധനന്‍ മുന്‍നിരയില്‍ എത്തപ്പെട്ടിരുന്നു. ഭീമനെ കണ്ടപ്പോള്‍ ദുര്യോധന സഹോദരന്മാര്‍ക്കിടയില്‍ വലിയ ഭയപ്പാടുണ്ടായി. ദുര്യോധനന്‍ തന്‍റെ ഗദയും ഓങ്ങി ഭീമനെ ആക്രമിയ്ക്കാനെത്തി. ഭീമനും തിരിച്ചു ഗദയും ഓങ്ങി അടുത്തപ്പോള്‍, രാജാവ്‌ മഗധ സൈന്യത്തെ ഭീമന് നേരെ അയച്ചു. ദ്രൌപദി പുത്രന്മാര്‍ ഭീമന് സഹായവുമായെത്തി. മഗധ രാജാവ്‌ തന്‍റെ വലിയ ഗജത്തെ അഭിമന്യുവിനോടെതിര്‍ക്കാന്‍ നിയോഗിച്ചു. അച്ഛനെക്കാള്‍ സമര്‍ത്ഥനായ മകന്‍ ആ ആനയെ വളരെ വേഗം കൊന്നു. ഭീമന്‍, മഗധന്‍റെ ഗജസൈന്യത്തിന് കനത്ത തോതില്‍ നഷ്ടം വരുത്തി. ചത്തു വീണ ഗജങ്ങളുടെ നടുവില്‍ നിന്ന് അട്ടഹസിച്ചു നൃത്തം ചവിട്ടുന്ന ഭീമനെ ക്കണ്ട പലരും ശ്മാശനത്തില്‍ നൃത്തം ചെയ്യുന്ന രുദ്ര ദേവനാണന്നലറി വിളിച്ചു വിഹ്വലരായി.

ദുര്യോധനന്‍ മറ്റൊരു സൈന്യത്തെ ഭീമനെ നേരിടാനയച്ചു. ഭീമനെ സഹായിയ്ക്കാന്‍ ധൃഷ്ടദ്യുമനനും, ദ്രൌപദി പുത്രന്മാരും, ശിഖണ്ഡിയും ഒന്നിച്ചു പോരാട്ടം ശക്തമായി. ഭീഷ്മര്‍ മുൻനിരയിലെയ്ക്ക് പാഞ്ഞെത്തി. ഭീമനും, ഭീഷ്മരും നേര്‍ക്കുനേര്‍ പോരാടിയെങ്കിലും, പിതാമഹന്‍റെ മനസ്സിലെ ആശങ്ക ഭീമന്‍ വായിച്ചറിഞ്ഞു. സാത്യകി ഈ സമയം ഭീമനരികിലേക്കെത്തി. ദുര്യോധന മിത്രമായ 'അലംബുഷന്‍' എന്ന രാക്ഷസന്‍റെ മായാ പ്രയോഗങ്ങളെ സാത്യകി തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിട്ടു.

അന്നത്തെ ദിവസം ഭീമന്‍റെ അസാമാന്യമായ പ്രകടനത്തിന് വേണ്ടി മാറ്റി വെച്ച പോലെ തോന്നി. ആ വായു പുത്രന്‍ ധാര്‍ത്തരാഷ്ട്രര്‍ക്കിടയിലേയ്ക്ക് പാഞ്ഞു കയറി. ഒറ്റയടിയ്ക്ക് ഭീമന്‍ അവരിലൊരാളെ കൊന്നു. ' ഇനി തൊണ്ണുറ്റി ഒന്‍പതു ' ഭീമന്‍ സംഹാര മൂര്‍ത്തിയായി. ഒന്നിനുപുറകെ ഒന്നായി ധാര്‍ത്തരാഷ്ട്രര്‍ എട്ടുപേരെ ഭീമന്‍ കൊന്നൊടുക്കി. രാജാവ് ഭീമനെ നേരിടാന്‍ പ്രാഗ് ജ്യോതിഷത്തിലെ ' ഭഗദത്തന്‍ ' എന്ന രാജാവിനെ നിയോഗിച്ചു. അദ്ദേഹം തന്‍റെ 'സുപ്രതീക' മെന്ന ശ്രേഷ്ഠമായ ആനപ്പുറത്ത് കയറി ഭീമന് നേരെ എത്തി. ഭഗദത്തന്‍ ഒരു കുന്തം ഭീമന് നേരെ ചുഴറ്റി എറിഞ്ഞു. കുന്തം മാര്‍വ്വിടത്തില്‍ കൊണ്ട ഭീമന്‍ ബോധരഹിതനായി. ഇതു കണ്ട ഭീമ പുത്രനായ ഘടോല്‍ക്കചന്‍ പാഞ്ഞെത്തി. അദ്ദേഹം തന്‍റെ മായാ പ്രയോഗത്തിലൂടെ ശത്രുക്കളെ ശക്തമായി നേരിട്ടു. ഭീമപുത്രനോടെതിരിടാന്‍ ഭഗദത്തനായില്ല. ഭഗദത്തന്‍റെ നില പരുങ്ങലിലാകുന്നത് ഭീഷ്മര്‍ കണ്ടു. അദ്ദേഹം ദ്രോണരോടും, ദുര്യോധനനോടുമായി പറഞ്ഞു. ഘടോല്‍ക്കചന്‍ ശക്തനാണ്. തന്‍റെ അച്ഛനെ മുറിപ്പെടുത്തിയ ഭഗദത്തനെ അയാള്‍ വെറുതെവിടില്ല. രാക്ഷസ പ്രകൃതിയായ അയാള്‍ എന്തും ചെയ്യാന്‍ മടി കാണിക്കില്ല. നമുക്ക് ഉടന്‍ ഭഗദത്തന്‍റെ രക്ഷയ്ക്കെത്തണം. വായു വേഗത്തില്‍ ഭീഷ്മരഥം പാഞ്ഞു. ഈ സമയം ബോധം വീണ്ടെടുത്ത ഭീമനും പുത്രനോടോപ്പം ചേര്‍ന്നിരുന്നു. ഭീഷ്മ നിര്‍ദ്ദേശത്താല്‍, ദ്രോണനും, ദുര്യോധനനും സംഘം ചേര്‍ന്ന് ഭഗദത്തന്‍റെ രക്ഷയ്ക്കെത്തി. പാണ്ഡവ സൈന്യത്തിലെ പ്രമുഖരും ഭീമനോടോത്ത് ചേര്‍ന്നു. ഇരു സൈന്യങ്ങളും ശക്തമായി പോരാടി. ഘടോല്‍ക്കചന്‍ ഏവരെയും കടത്തിവെട്ടി. ഭീഷ്മര്‍ പറഞ്ഞു. " ഘടോല്‍ക്കചന്‍ അതി ശക്തനാണ്. അസ്തമയം അടുക്കാറായി ഈ സമയം ആസുര ശക്തിയ്ക്ക് മൂര്‍ച്ച കൂടും. രാക്ഷസ പ്രകൃതിയായ അയാളെ തളയ്ക്കാന്‍ നോക്കിയാല്‍, നമുക്ക് അനേകം സൈനികര്‍ നഷ്ടപ്പെടും ഭീഷ്മ നിര്‍ദ്ദേശത്താല്‍ സൈന്യം പിന്‍വലിയ്ക്കപ്പെട്ടു. പതിവിലും അല്പം മുന്പെയാണ് ഭീഷ്മര്‍ സേനയെ പിന്‍വലിച്ചത്. പോരാട്ടവീര്യം ആ വൃദ്ധനെ ഏറെ തളര്‍ത്തിയിരുന്നു. ഘടോല്‍ക്കചനെ നേരിടുമ്പോഴുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് കൗരവ പക്ഷം സേനയെ പിന്‍വലിച്ചതെന്നു പാണ്ഡവര്‍ക്ക് മനസ്സിലായി. യുധിഷ്ഠിരൻ, ഘടോല്‍ക്കചനെ സ്നേഹപുര്‍വ്വം ആശ്ലേഷിച്ചു. നാലാം ദിവസത്തെ യോദ്ധാവായി ഭീമപുത്രന്‍ അംഗീകരിക്കപ്പെട്ടു.

കൗരവ സൈന്യം ശിബിരത്തിലെയ്ക്ക് മടങ്ങി. അത്യന്തം ക്ഷീണിതരായിരുന്ന അവര്‍ ആഹാരശേഷം ബോധം കെട്ടുറങ്ങി. എന്നാല്‍ ദുര്യോധനന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല. അദ്ദേഹം കൈ രണ്ടും നീട്ടി ദു:ഖിതനായി തലകുമ്പിട്ടിരുന്നു. താന്‍ മൂലം മരണത്തിനു കീഴ്പ്പെടെണ്ടി വന്ന തന്‍റെ പ്രിയ സഹോദരങ്ങളെക്കുറിചോർത്ത് അത്യധികം വിലപിച്ചു. ഭീതിയോടെ ദുര്യോധനന്‍ ഓര്‍ത്തു ' ഭീമന്‍ വാക്കു പാലിച്ചാല്‍, ഏറെ താമസിയാതെ ദുശ്ശാശസനനുൾപ്പെടെയുള്ള തന്‍റെ സഹോദരരും താനും വധിയ്ക്കപ്പെടും. ഉള്‍ക്കിടിലത്തോടെ ആ രംഗം രാജാവ് മനസ്സില്‍ക്കണ്ടു. ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹമെഴുന്നേറ്റു ഭീഷ്മരുടെ കൂടാരം ലക്‌ഷ്യമാക്കി നടന്നു. ദുര്യോധനന്‍ ഭീഷ്മ പാദത്തിനരുകില്‍ മുട്ടുകുത്തി നിന്നു. ' മുത്തച്ഛ ! എനിയ്ക്ക് ദുഃഖം താങ്ങാനാവുന്നില്ല. എന്‍റെ എട്ടു സഹോദരന്മാരെയാണ് ഭീമന്‍ ഒറ്റയടിയ്ക്ക് കൊന്നിരിയ്ക്കുന്നത്. ഞാനിതെങ്ങനെ സഹിയ്ക്കും മുത്തച്ഛ ! അങ്ങും, ദ്രോണരും, അശ്വർത്ഥാമാവും, ദ്രരിശ്രവസ്സും വികര്‍ണ്ണനും അവിടെയുണ്ടായിരുന്നില്ലേ ? നിങ്ങളെ കവച്ചുവെച്ചു ഭീമനെങ്ങനെ ആ കൃത്യം നടത്തി ? നിങ്ങള്‍ ആത്മാര്‍ത്ഥമായി വിചാരിച്ചിരുന്നെങ്കില്‍ ഭീമനെ തടുക്കാമായിരുന്നു. മുത്തച്ഛനവിടെ മൃദു സമീപനം കാട്ടി എന്തിന് ? നിങ്ങളുടെ ശക്തിയെ വെല്ലുന്ന എന്തോ ഒരമാനുഷികത ( മനുഷ്യ ശക്തിയ്ക്ക് അതീതമായത് ) പാണ്ഡവരിലുണ്ട്. എനിയ്ക്കത് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.' എന്താണ് പാണ്ഡവരുടെ പിന്നിലെ ശക്തി മുത്തച്ഛ !" സ്വതവേ കോപിഷ്ഠനായിരുന്നെങ്കിലും, ദുര്യോധനന്‍റെ അവസാന ചോദ്യം തീര്‍ത്തും നിഷ്ക്കളങ്കമായിരുന്നു. അത് ഭീഷ്മ ഹൃദയത്തില്‍ തട്ടി. മരണത്തോടടുത്തു കൊണ്ടിരിയ്ക്കുന്ന തന്‍റെ കൊച്ചു മകനെ അനുകമ്പയോടെ നോക്കിക്കൊണ്ട്‌ ഭീഷ്മര്‍ പറഞ്ഞു എന്‍റെ കുഞ്ഞെ ! അതു തന്നെയല്ലേ നീന്‍റെ ചെവിയില്‍ ഞങ്ങള്‍ വര്‍ഷങ്ങളായി ഉരുവിടുന്നത് ?" അപ്പോഴെല്ലാം നീയുള്‍പ്പെടെയുള്ളവര്‍, ഞങ്ങളെപ്പോലെയുള്ള വൃദ്ധരെ പാണ്ഡവ പക്ഷവാദികള്‍ എന്നഭര്‍ത്ഥിച്ചു. ഞങ്ങള്‍ പറഞ്ഞത് തന്നെയാണ് സത്യമെന്ന് നിനക്കിപ്പോള്‍ ബോദ്ധ്യമായിക്കൊണ്ടിരിയ്ക്കുന്നു. പാണ്ഡവര്‍ സത്യത്തിന്‍റെയും, ധര്‍മ്മത്തിന്‍റെയും പ്രതീകമാണ്. പുരുഷോത്തമനായ കൃഷ്ണന്‍റെ കൈകളില്‍ അവര്‍ സുരക്ഷിതരാണ്. എനിയ്ക്കെന്നല്ല, ആര്‍ക്കും ഇനി അവരുടെമേല്‍ ആധിപത്യം ചെലുത്താനാവില്ല. ആ പ്രപഞ്ച നാഥന്‍ തന്‍റെ നീതി നടപ്പാക്കിയിരിയ്ക്കും. നീ ഒന്നാലോചിച്ചു നോക്കൂ കുഞ്ഞേ ! അദ്ദേഹം ദൂതുമായി വന്നു നിന്നെ സ്നേഹ ബുദ്ധ്യാ എത്രമാത്രം ഉപദേശിച്ചു. അപ്പോള്‍ നീ ചെയ്തതോ --- ഭഗവാനെ പിടിച്ചു കെട്ടി കാരാഗൃഹത്തിലടയ്ക്കാന്‍ പാശവുമേന്തി എത്തുകയല്ലേ ചെയതത് ? നിന്‍റെ ധാര്‍ഷ്ട്യം എവിടെ ചെന്നെത്തി നില്‍ക്കുന്നെന്ന് നിനക്കിപ്പോഴെങ്കിലും ബോദ്ധ്യപ്പെട്ടോ ? ഇനിയും വൈകിയിട്ടില്ല --- നീ യുദ്ധ കൊതി നിറുത്തി പാണ്ഡവരുമായി സഖ്യം ചെയ്യുക. നിന്നിലുടെ ഒരു നന്മയുടെ തിരി തെളിയുമെന്ന് ഈ മുത്തച്ഛന്‍ ആശിച്ചു പോകുന്നു.' ഭീഷമാരുടെ നോട്ടം നേരിടാനാവാതെ, കുറച്ചു നേരം തല കുമ്പിട്ടിരുന്ന ദുര്യോധനന്‍, ഒന്നും ഉരിയാടാതെ നിശബ്ദം പുറത്തുകടന്നു.

ഭീഷ്മര്‍ അതെയിരുപ്പില്‍ കുറെ നേരം ചിന്താധിഷ്ടനായി നിലകൊണ്ടു. അദ്ദേഹം ഓര്‍ത്തു നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞ പാവം ! ദുര്യോധനന്‍ ! അയാള്‍ ഭീരുവോ, അല്പനോ അല്ല. ലോകര്‍ പുകഴ്ത്തുന്ന നിരവധി ഗുണങ്ങളുടെ ഉടമയാണ് എന്നാല്‍ ആര്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത വിധം ധാര്‍ഷ്ട്യത്തിനു ഉടമയാണ്. വിധി ! അതലംഘനീയം തന്നെ. ഭീഷ്മര്‍ അടുത്ത നിമിഷം അര്‍ജ്ജുനന്‍റെ ശസ്ത്ര പ്രയോഗത്തിന്‍റെ മാസ്മരികതെയെ കുറിചോർത്ത് അഭിമാനം കൊണ്ട് അഭിമാന്യുവിന്‍റെ പ്രായത്തെ വെല്ലുന്ന പ്രകടനത്തില്‍ ഊറ്റം കൊണ്ടു . ഒടുവില്‍ ചിന്ത ചെന്നെത്തിയത് കൃഷ്ണനിലാണ് ----- സുദര്‍ശന ചക്രവുമെന്തി തന്‍റെ നേരെ ക്രോധത്തോടെ പാഞ്ഞടുത്ത ആ ലോകൈക നാഥന്‍. ആ തൃക്കൈ കൊണ്ട് ആ നിമിഷം വധിയ്ക്കപ്പെട്ടിരുന്നെങ്കില്‍ താനെത്ര ഭാഗ്യവാനായേനെ ? അതുണ്ടായില്ല. ഒരു നിമിഷം ഭീഷ്മര്‍ ധ്യാന നിമഗ്നനായി.' അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡനായക ! അങ്ങേന്തിന് എന്നെ അവധ്യനാക്കി ? ഈ ഭക്തന്‍റെ കോടി കോടി പ്രണാമങ്ങള്‍ അങ്ങേറ്റ് വാങ്ങിയാലും" ഏതോ ദിവ്യ പ്രഭയില്‍ ആകൃഷ്ടനായ ഭീഷ്മരുടെ കണ്ണുകള്‍ നിറഞൊഴുകി. മന്ദമായി, മനസ്സില്‍ തട്ടുന്ന ആ ശബ്ദം അദ്ദേഹം കേട്ടു , ഭീഷ്മര്‍ ! നീ എന്‍റെ പ്രിയ ഭക്തനാണ്. നീന്‍റെ നിയോഗം നിന്നെക്കാളു പരിഞാനറിയുന്നു. നിന്നീലുടെ ത്യാഗത്തിന്‍റെയും ജ്ഞാനത്തിന്‍റെയും മഹിമയും, അപാരതയും ലോകത്തിന്‍ കാഴ്ചവെയ്ക്കാന്‍ ഞാനുദ്ദേശിയ്ക്കുന്നു. കല്പാന്ത കാലത്തോളം നീന്‍റെ മഹത്വം നിലനില്‍ക്കാന്‍ വേണ്ടത് ഞാന്‍ ചെയ്യും. ഈ ദുഃഖവും അവഗണനയും കേവലം ക്ഷണികമാണ്'.

കേട്ടില്ലേ അദ്ദേഹം പറയുന്നത്, ഈ ഭീഷ്മര്‍ക്ക് ഇപ്പോഴെങ്ങും മരിയ്ക്കാനവകാശമില്ല. പൗരാണികമായ കുരുവംശത്തില്‍ സൽഭരണം സുസ്ഥാപിതമാകുന്നത് വരെ നിനയ്ക്ക് വിശ്രമമില്ലാതെ പ്രയത്നിയ്ക്കേണ്ടി വരുമെന്ന് 'സത്യവതി' മാതാവ് തന്നോട് പറഞ്ഞത് എത്ര സത്യമാണ്. വനവാസത്തിനനിറങ്ങിയ വ്യാസ മാമുനിയോടും അമ്മമാരോടുമോപ്പം താനുമിറങ്ങിയതല്ലേ ? എന്തിനവര്‍ എന്നെ ഇവിടെ തടഞ്ഞു നിറുത്തി. നിയതിയെ വെല്ലുന്ന നിയോഗം എന്നെ തടവറയിലാക്കിയിരിയ്ക്കുന്നു. യുധിഷ്ഠിരൻ രാജസിംഹാസനത്തില്‍ ഉപവിഷ്ടനാകുന്നത് വരെ എനിയ്ക്ക് മരിയ്ക്കാനവകാശമില്ല. അതിനർത്ഥം ഏറെ മരണങ്ങള്‍ക്ക് ഈ വൃദ്ധന്‍ സാക്ഷി ആകേണ്ടി വരുമെന്ന് പറയാതെ പറഞ്ഞു വെയ്ക്കലല്ലേ ? ഗംഗയെ പറ്റിയുള്ള മധുര സ്മരണകള്‍ അയവിട്ട അദ്ദേഹം അമ്മയുടെ മടിത്തട്ടിലെന്ന വണ്ണം ശാന്തമായുറങ്ങി.

യുദ്ധത്തിന്‍റെ അഞ്ചാം ദിവസത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാനുമാന്‍ കിഴക്കെ ചക്രവാളത്തില്‍ ഉയര്‍ന്നു പൊങ്ങി. ഭീഷ്മര്‍ തന്‍റെ സൈന്യത്തെ മകര വ്യുഹത്ത്തില്‍ അണിനിരത്തി. അര്‍ജ്ജുനന്‍, ധൃഷ്ടദ്യുമനന്‍, യുധിഷ്ഠിരൻ എന്നിവര്‍ ചേര്‍ന്ന് പാണ്ഡവ സൈന്യത്തെ ക്രൌഞ്ച വ്യുഹത്തില്‍ ക്രമീകരിച്ചു. പക്ഷിയുടെ കൊക്കിന്‍റെ സ്ഥാനത്ത് ഭീമന്‍ നിന്നു. കണ്ണുകളുടെ സ്ഥാനം ധൃഷ്ടദ്യുമനും, ശിഖണ്ഡിയും പങ്കിട്ടു. തലയ്ക്കല്‍ സാത്യകിയും, കഴുത്തില്‍ അര്‍ജ്ജുനനും സുസ്ജ്ജമായി നിലകൊണ്ടു. പക്ഷിയുടെ ഇടത്തെ ചിറക് ദ്രുപദനും, വിരാടനും, വലത്തെ ചിറക് കേകയ സഹോദരന്മാരും പങ്കിട്ടു. പക്ഷിയുടെ മുതുകിന്‍റെ സ്ഥാനത്ത് അഭിമന്യുവും, ദ്രൌപദി പുത്രന്മാരും കീഴടക്കി. വാലിന്‍റെ സ്ഥാനത്ത് യുധിഷ്ഠിരനും, നകുല സഹദേവന്‍മാരും യുദ്ധോത്സുകരായി നിലയുറപ്പിച്ചു.

യുദ്ധാരംഭമായി, താള വാദ്യങ്ങളും ശംഖൊലിയും മുഴങ്ങി. ഭീഷ്മരുടെ ശക്തമായ മകര വ്യുഹത്തിലേയ്ക്ക് ഭീമന്‍ തള്ളിക്കയറി. അദ്ദേഹം ആദ്യം ഭീഷ്മരോടെറ്റുമുട്ടി. ഭീമനെ തഴഞ്ഞു, ഭീഷ്മര്‍ പാണ്ഡവപക്ഷത്തെ സൈനികരെ കൊന്നൊടുക്കാന്‍ തുടങ്ങി. അര്‍ജ്ജുനന്‍ ഭീഷ്മരോടെതിർത്തൂ. ശക്തമായ പോരാട്ടം തുടങ്ങി. ഈ സമയം കൗരവ രാജാവ്‌ തലേ ദിവസം തനിയ്ക്ക് സംഭവിച്ച സഹോദര നഷ്ടത്തില്‍ നിന്നും മുക്തനായിരുന്നില്ല. അദ്ദേഹം ദ്രോണനെ സമീപിച്ചു ഇങ്ങനെ പറഞ്ഞു. " ആചാര്യാ ! പാണ്ഡവരെ ജയിയ്ക്കാന്‍ വേണ്ട കഴിവും ശക്തിയും അങ്ങേയ്ക്കുണ്ടെന്നു പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ദേവന്മാര്‍ പോലും അങ്ങയുടെ ശാസ്ത്ര ശക്തിയെ ഭയപ്പെടുന്നു. അങ്ങുണര്‍ന്നു പൊരുതിയാല്‍ നമുക്ക് പാണ്ഡവരെ തോല്പിയ്ക്കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു.'

രാജാവിന്‍റെ തന്‍കാര്യം കാണാനുള്ള കപട പ്രശംസ ദ്രോണരെ ക്രുദ്ധനാക്കി. അദ്ദേഹം പറഞ്ഞു. പാണ്ഡവര്‍ അവധ്യരാണ്. എത്രയോ പ്രാവശ്യം ഞാനുള്‍പ്പടെയുള്ളവര്‍ അങ്ങയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും വീണ്ടും അതാവരർത്തിയ്ക്കാന്‍ എനിയ്ക്ക് വൈമനസ്യമുണ്ട്. ഞാന്‍ എന്നാലാവും വിധം അങ്ങേയ്ക്ക് വേണ്ടി യുദ്ധം ചെയ്യുന്നുണ്ട്." ദ്രോണര്‍ ദുര്യോധനന്‍റെ പ്രതികരണം ശ്രദ്ധിയ്ക്കാതെ യുദ്ധ രംഗത്തെയ്ക്ക് തിരിഞ്ഞു. രാജാവിന്‍റെ തൃപ്തിയ്ക്ക് വേണ്ടി അദ്ദേഹം പാണ്ഡവ പക്ഷത്തിന് നേരെ ശക്തമായ ആക്രമണം നടത്തി. സാത്യകി ആചാര്യനെ കരുത്തോടെ നേരിട്ടു. ഭീമന്‍, സാത്യകിയുടെ സമീപമെത്തി. ഭീഷ്മ്രുമം ശല്യരും ദ്രോണര്‍ക്ക് സഹായമായെത്തിയപ്പോള്‍ മറുപക്ഷത്ത് അഭിമന്യുവും, ദ്രൌപദീ പുത്രന്മാരും കൂടി സാത്യകീ സഖ്യത്തിലായി. ഭീഷ്മരെ കണ്ടതോടെ ശിഖണ്ഡി അങ്ങോട്ട്‌ പാഞ്ഞെത്തി. അവര്‍ തമ്മിലൊരു പോരാട്ടമുണ്ടായാല്‍, നപുംസകമായ ശിഖണ്ഡിയോട് യുദ്ധം ചെയ്യാതെ തന്നെ ഭീഷ്മര്‍ പരാജയം സമ്മതിയ്ക്കുമെന്നു, രാജാവ് വ്യക്തമാക്കിയിരുന്നത് ദ്രോണര്‍ ഓര്‍ത്തു. ദ്രോണര്‍ മുന്‍നിരയിലേയ്ക്ക് നീങ്ങിയപ്പോള്‍, ഭീഷ്മര്‍, ശിഖണ്ഡിയില്‍ നിന്ന് തന്ത്രപുര്‍വ്വം ഒഴിവായി. പിതാമഹന്‍റെ പിന്മാറ്റം പാണ്ഡവരെ ചൊടിപ്പിച്ചു. അവര്‍ ഒന്നിച്ചു ചേര്‍ന്ന് അദ്ദേഹത്തെ പീഡിപ്പിച്ചു. ധാർത്ത രാഷ്ട്രന്‍മാരെ, ഭീമനില്‍ നിന്ന് കഴിയുന്നത്ര അകറ്റി നിറുത്താന്‍ ഭീഷ്മര്‍ കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു.

മദ്ധ്യാഹ്നത്തോടടുത്തപ്പോള്‍ സൂര്യതാപം ശക്തമായി. പാണ്ഡവ സൈന്യത്തിന് ഭീഷ്മര്‍ വരുത്തിവെച്ച നഷ്ടം അര്‍ജ്ജുനന് താങ്ങാന്‍ കഴിഞ്ഞില്ല. മരിച്ചു വീണ സൈനികരുടെ ശരീരത്തില്‍ നിന്നൊഴുകിയെത്തിയ രക്തം, അനേകം അരുവികള്‍ ചേര്‍ന്ന പുഴയായി കാണപ്പെട്ടു. കൃഷ്ണാർജ്ജുനൻമാര്‍ ശംഖൂതിക്കൊണ്ട് ഭീഷ്മര്‍ക്ക് നേരെ നീങ്ങി. യുദ്ധം ശക്തമായി. ഇരുപക്ഷത്തുള്ള യോദ്ധാക്കളും ഒന്നിച്ചു ചേര്‍ന്ന് നേര്‍ക്കുനേര്‍ പോരാടി. വിരാടന്‍ ഭീഷ്മരെ അസ്ത്രങ്ങള്‍ കൊണ്ട് മുറിവേല്പിച്ചു. ഭീഷ്മര്‍ വിരാടന് നേരെ തിരിഞ്ഞപ്പോള്‍ അശ്വർത്ഥാമാവ് അര്‍ജ്ജുനനെ നേരിട്ടു. തന്‍റെ പുത്രനും അരുമ ശിഷ്യനും തമ്മിലുള്ള പോരാട്ടം അല്‍പസമയം ദ്രോണര്‍ അഭിമാനത്തോടെ നോക്കി നിന്നു. ആചാര്യപുത്രനെ ക്രൂരമായി മുറിവേല്‍പിയ്ക്കാന്‍, അര്‍ജ്ജുനനിലെ ആചാര്യ സ്നേഹം അനുവദിച്ചില്ല. അദ്ദേഹം സ്വയം പിൻമാറി. ഭീമന്‍, ദുര്യോധനനെ ശക്തമായി നേരിട്ടു. മാര്‍വ്വിടത്തില്‍ ഭീമാസ്ത്രം തുളച്ചു കയറിയിട്ടും പിന്മാറാതെ ദുര്യോധനന്‍ പോരാടി. യുദ്ധ രംഗത്തിന്‍റെ മറ്റൊരു വശത്ത് അഭിമന്യു , കൗരവ സൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ അരിഞ്ഞു വീഴ്ത്തിക്കൊണ്ടേയിരുന്നു. ഭയാനകമായ ഈ നാശം കണ്ടു ദുര്യോധന പുത്രനായ ലക്ഷ്മണന്‍, അഭിമന്യുവിനോട് പൊരുതി എന്നാല്‍ അന്നെന്തുകൊണ്ടും അഭിമന്യുവിന്‍റെ ദിവസമായിരുന്നതിനാല്‍, മാര്‍വ്വിടത്തിലേറ്റ മുറിവോടെ ലക്ഷ്മണന്‍ പിന്തിരിഞ്ഞു.

അര്‍ജ്ജുന ശിഷ്യനായ സാത്യകി, ഗുരുവിനെ കവച്ചു വെയ്ക്കുന്ന മെയ്യ്‌ വഴക്കമുള്ള ശിഷ്യനായിരുന്നു. അദ്ദേഹത്തിന്‍റെ അസ്ത്രപ്രയോഗം ആരും നോക്കി നിന്നുപോകും. യുദ്ധരംഗമല്ലായിരുന്നെങ്കില്‍ ആ യോദ്ധാവിന്‍മേല്‍ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ തന്നെ വന്നു വീണേനെ ! സാത്യകി തന്‍റെ പഴയ ശത്രു ആയ കൗരവ പക്ഷത്തുള്ള ഭുരിശ്രവസ്സുമായി ഏറ്റുമുട്ടി. ശക്തരായ അവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഏറെ നേരം തുടര്‍ന്നു. തന്‍റെ സ്നേഹിതന് ക്ഷീണമുണ്ടെന്നു മനസ്സിലാക്കിയ ഭീമന്‍, തന്ത്രപൂര്‍വ്വം അദ്ദേഹത്തെ അവിടെ നിന്നുമാറ്റി. അര്‍ജ്ജുനനും, ഭീഷ്മരും തമ്മില്‍ ജയാപരാജയങ്ങള്‍ക്കിട നല്‍കാത്ത വിധം ശക്തമായി പോരാടി.

സൂര്യന്‍ അസ്തമിച്ചു, ഏറെ ക്ഷീണിതരായിരുന്ന തന്‍റെ സൈന്യത്തെ പിന്‍വലിയ്ക്കാന്‍ ഭീഷ്മര്‍ തീരുമാനിച്ചു. സൂര്യാഘാതമേറ്റ് ഏവരും അത്രമേല്‍ അവശരായിരുന്നു. തനിയ്ക്ക്, മുത്തച്ഛനോടും, ആചാര്യനോടും യുദ്ധം ചെയ്യാനിടവരിത്തിയ ദുര്യോധനനെ അര്‍ജ്ജുനന്‍ ഏറെ വെറുത്തു. യുദ്ധരംഗമാണന്നും, താന്‍ ശത്രുക്കളോടാണ് പോരുതുന്നതെന്നുമുള്ള ബോധം ചിലപ്പോഴെല്ലാം അര്‍ജ്ജുനന്‍ മറന്നിരുന്നു. സ്നേഹ ബന്ധങ്ങള്‍ അദ്ദേഹത്തിനെ പലപ്പോഴും ബലഹീനനാക്കിയിരുന്നു.

യുദ്ധം ആറാം ദിവസത്തിലേയ്ക്ക് കടന്നു. പാണ്ഡവര്‍ തലേ ദിവസത്തില്‍ നിന്നും വിഭിന്നമായി തങ്ങളുടെ സൈന്യത്തെ മകരവ്യുഹത്തില്‍ ക്രമീകരിച്ചു. ഭീഷ്മര്‍ കൗരവ സൈന്യത്തെ ക്രൗഞ്ചവ്യുഹത്തിലണിനിരത്തി. യുദ്ധകാഹളം മുഴങ്ങി. ആദ്യ പോരാട്ടം ഭീമനും, ദ്രോണരും തമ്മിലായിരുന്നു. തന്‍റെ സാരഥിയെ കൊന്ന ഭീമന് നേരെ, ദ്രോണര്‍ ശക്തമായി പോരാടി. പാണ്ഡവ സൈന്യത്തിന്‍റെ നാശം മാത്രമായിരുന്നു കൗരവ സൈന്യാധിപന്‍റെയും ലക്‌ഷ്യം. പാണ്ഡവരെ നേരിട്ടാക്രമിയ്ക്കാന്‍ അവര്‍ വൈമുഖ്യം കാട്ടി. തന്‍റെ പ്രിയ പുത്രന്‍ തന്നാല്‍ വധിയ്ക്കപ്പെടരുതെന്നു ഭീഷ്മരും കൃഷണ സംരക്ഷണയിലുള്ള പാണ്ഡവര്‍ അവധ്യരാണെന്ന ധാരണ ദ്രോണരിലും ശക്തമായിരുന്നു. തങ്ങളുടെ സൈന്യ നാശത്തിന് ബദലായി ഭീമനും സാത്യകിയും, അഭിമന്യുവും, അര്‍ജ്ജുനനും ഉള്‍പ്പെടുന്ന സംഘം കൗരവ സേനയോടും ശക്തമായി പ്രതികരിച്ചു. ക്രൗഞ്ച വ്യുഹത്തിലേയ്ക്ക് തള്ളിക്കയറിയ ഭീമന്‍റെ മുന്നേറ്റം കണ്ടു ധാർത്ത രാഷ്ട്രര്‍ മുറവിളി കൂട്ടി. " ഭീമന്‍ ഭയങ്കരനായിരിയ്ക്കുന്നു. നാം ഏതു നിമിഷവും അദ്ദേഹത്താല്‍ വധിയ്ക്കപ്പെടാം. " അവര്‍ പൊരുതുന്നതിനേക്കാള്‍ വേഗത്തില്‍ ആത്മ രക്ഷയ്ക്കുള്ള ശ്രമം തുടര്‍ന്നു. രഥം ഉപേക്ഷിച്ച്, ഗദയും കയ്യിലേന്തി ഭീമന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ കൗരവ നിരയിലേയ്ക്ക് കടന്നു. ആ വായുപുത്രന്‍ വരുത്തിവെച്ച നാശം എത്രയെന്നു പ്രവചനാതീതമാണ്.

ധൃഷ്ടദ്യുമ്നന്‍ ഭീമസഹായത്തിനായി പാഞ്ഞെത്തി. ഭീമരഥത്തില്‍, വിശോകനെന്ന സാരഥിയെ മാത്രം കണ്ട അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിതരിച്ചു. '" തന്‍റെ ചങ്ങാതിയ്ക്കെന്തോ ഭയങ്കരമായ ആപത്ത് പിണഞ്ഞിരീയ്ക്കുന്നു. ഭീമന്‍ മരണപ്പെടുന്ന കാര്യം തന്‍റെ ചിന്തയ്ക്കമപ്പുറമാണ് " ഭീമന്‍, സാത്യകി ധൃഷ്ടദ്യുമ്നന്‍ ഇവര്‍ മൂവരുടെയും കൂട്ടുകെട്ടിന് ഒരു ദൈവിക പരിവേഷം തന്നെ ഉണ്ടായിരുന്നു -- മൂന്നു സുഹൃത്തുക്കളല്ല, മൂന്നാത്മാക്കള്‍ തന്നെ ആയിരുന്നവര്‍. ധൃഷ്ടദ്യുമ്നന്‍ വിശോകനോട് തിരക്കി. " ഭീമനെവിടെ ? അദ്ദേഹം രഥം ഉപേക്ഷിച്ചു എവിടെപ്പോയി ? വിശോകന്‍ ഭീമന്‍ രഥമുപേക്ഷിച്ചു, ഗദയുമേന്തി ശത്രുവ്യുഹത്തിലേയ്ക്ക് കടന്നത് ദുഃഖത്തോടെ അറിയിച്ചു. ഭീമന്‍റെ സാഹസത്തില്‍ അന്നാദ്യമായി ധൃഷ്ടദ്യുമ്നന്‍ കുറ്റം കണ്ടെത്തി. " യുദ്ധമാണ്, എതിരാളികളുടെ നടുവിലേയ്ക്ക് ഒറ്റയ്ക്ക് കടക്കുന്നത് തീര്‍ത്തും അപകടമാണ്. എന്തെങ്കിലും സംഭവിയ്ക്കും മുന്‍പ് ഭീമനെ രക്ഷിയ്ക്കണം " ധൃഷ്ടദ്യുമ്നന്‍ കൗരവ വ്യുഹത്തിലേയ്ക്ക് രഥം നീക്കി. ഭീമന്‍ കടന്നു പോയ വഴികളിലെല്ലാം കണ്ട ശവകൂമ്പാരങ്ങള്‍ ധൃഷ്ടദ്യുമ്നന്‍റെ മനസ്സിലെ ഭീതിയ്ക്ക് ആക്കം കൂട്ടി. കുറച്ചകലെയായി, ധൃഷ്ടദ്യുമ്നന്‍ ആ കാഴ്ചകണ്ടു. കൗരവ സൈന്യത്തെ കൊന്നൊടുക്കി കൊണ്ട് സംഹാരതാണ്ഡവമാടുന്ന ഭീമനെന്ന അജയ്യന്‍. ആരുടെ സഹായവും അദ്ദേഹത്തിനാവശ്യമില്ല. എപ്പോഴും പറയാറുള്ള പോലെ " എന്‍റെ കരുത്തില്‍ എനിയ്ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. കൃഷണോക്തികള്‍ എന്നിലെ 'സ്വ ' ഉണര്‍ത്തിയിരിയ്ക്കുന്നു. "

അകലെ നിന്നും പാഞ്ഞെത്തുന്ന സുഹൃത്തിനെ ഭീമന്‍ കണ്ടു. സ്നേഹ പ്രകടനം പോലും, പൈശാചികമായ അട്ടഹാസത്തിലായ ഭീമന്‍, ധൃഷ്ടദ്യുമ്നനെ അണച്ചു പുല്‍കി. ചോരപുഴയില്‍ നീന്തിതുടിയ്ക്കുന്ന ഭീമന്‍, ധൃഷ്ടദ്യുമ്നന്‍റെ മനസ്സില്‍ പോലും ഭീതിയുണര്‍ത്തി. " ഭീമന്‍ കൊടുങ്കാറ്റാണ് -- നാശം വിതയ്ക്കുന്ന, അലമുറയിടുന്ന കൊടുങ്കാറ്റ്. " ഭീമനും ധൃഷ്ടദ്യുമ്നനും ഒത്തു ചേര്‍ന്നത് ദുര്യോധാനില്‍ അത്യന്തം ഭീതിയുള്ളവാക്കി. അദ്ദേഹം പറഞ്ഞു " ദ്രുപദ പുത്രന്‍, ഭീമനോട് ചേര്‍ന്നിരിയ്ക്കുന്നു. നാം ഉടന്‍ എന്തെങ്കിലും നീക്കം നടത്തിയില്ലെങ്കില്‍ അവര്‍ നമ്മുടെ സൈന്യത്തെ മുഴുവന്‍ നശിപ്പിയ്ക്കും. " തന്‍റെ സഹോദരന്മാരില്‍ ചിലരെ രാജാവ് അവരെ നേരിടാനായി പറഞ്ഞയച്ചു.

മറ്റൊരു വശത്ത്, ദ്രോണനും ദ്രുപദനും തമ്മിലേറ്റ്‌ മുട്ടി. ഒരു കാലത്ത് ആത്മ മിത്രങ്ങളായിരുന്ന അവര്‍ പില്‍ക്കാലത്ത് ബദ്ധശത്രുക്കാളായി. രണ്ടു പേരും വൈരത്തോടെ പോരാടി. ദ്രോണരോടെറ്റു മുട്ടുന്നതില്‍ ദ്രുപദന് വേണ്ടത്ര മെയ്യ്‌ കരുത്തില്ലെന്നു മനസ്സിലാക്കിയ ധൃഷ്ടദ്യുമ്നന്‍, 'സംമോഹനാസ്ത്രം' പ്രയോഗിച്ചു. അസ്ത്രപ്രഭാവത്താല്‍ ദുര്യോധന സഹോദരന്മാര്‍ മയക്കത്തിലേയ്ക്ക് വീണു. ദൂരെ നിന്നീക്കാഴ്ച് കണ്ട ദ്രോണര്‍, ദ്രുപദനെ വിട്ടു അങ്ങോട്ട്‌ പാഞ്ഞു. പ്രത്യസത്രം പ്രയോഗിച്ചു അദ്ദേഹം അവരെയെല്ലാം ഉണര്‍ത്തി. അഭിമന്യു, താന്‍ ചമച്ച 'സൂചിമുഖ' മെന്ന പുതിയ വ്യുഹവുമായി, ഭീമന്‍റെയും, സേനാധിപന്‍റെയും സഹായത്തിനെത്തി. ധൃഷ്ടദ്യുമ്നന്‍ ദ്രോണരോടെറ്റു മുട്ടി. ശക്തനായ ദ്രോണര്‍, ധൃഷ്ടദ്യുമ്നന്‍റെ രഥം നശിപ്പിച്ചു. കുതിരകളെക്കൊന്നു. ധൃഷ്ടദ്യുമ്നന്‍ അഭിമന്യുവിന്‍റെ രഥത്തിലേയ്ക്ക് ചാടിക്കയറി അസ്ത്രപ്രയോഗം നടത്തി. ഭീമന്‍ തന്‍റെ സാരഥിയോടൊത്ത് ചേര്‍ന്നു. അദ്ദേഹം ദുര്യോധന സഹോദരന്മാരുമായി ശക്തമായി ഏറ്റുമുട്ടി.

അഭിമന്യുവും, വികര്‍ണ്ണനും തമ്മിലുള്ള ദ്വന്ദയുദ്ധം കാണികളുടെ മനം കുളിര്‍പ്പിച്ചു. തികഞ്ഞ മെയ്യ്‌ വഴക്കത്തോടെ ആയിരുന്നു രണ്ടു പേരുടെയും പ്രകടനം. ഭീമന്‍ ദുര്യോധനനുമായി ഏറ്റുമുട്ടി. ദുര്യോധനനും ശക്തനായ യോദ്ധാവായിരുന്നു. ദുര്യോധനനെ കൊല്ലുക എന്നതായിരുന്നു തീര്‍ത്തും വൈരാഗിയായ ഭീമന്‍റെ ലക്‌ഷ്യം. ഏറെ പൊരുതിയെങ്കിലും, ഭീമന്‍റെ ശക്തമായ നേരിടലിനെ അതി ജീവിയ്ക്കാനാവാതെ ദുര്യോധനന്‍ ബോധരഹിതനായി. ജയഭ്രഥന്‍ രാജാവിനെ തേരിലേറ്റി യുദ്ധ രംഗത്ത് നിന്നും കൊണ്ടുപോയി. കൃപരും ജയഭ്രഥനും ചേര്‍ന്ന് ഭീമനോടെറ്റു മുട്ടിയെങ്കിലും വായുപുത്രന്‍റെ ശക്തിയെ തടുക്കാനവര്‍ക്കായില്ല.

ആറാം ദിവസത്തെ യുദ്ധം, ഭീമന്‍റെ ഉഗ്രമായ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു കൊണ്ട് പര്യവസാനിച്ചു. പാണ്ഡവ ശിബിരത്തില്‍ നിന്ന്, ഭീമന്‍റെയും, സാത്യകിയുടെയും ധൃഷ്ടദ്യുമ്നന്‍റെയും ആഹ്ലാദ പ്രകടനങ്ങള്‍ രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചു.

എന്നത്തെയും പോലെ നിരാശനായ ദുര്യോധനന്‍ മുത്തച്ഛനരികിലെത്തി. മുത്തച്ഛന്‍ കേള്‍ക്കുന്നില്ലേ ആ ആര്‍പ്പു വിളികള്‍. ഭീമന്‍ എന്‍റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയാണ്. നമ്മുടെ വ്യുഹം ഭേദിച്ച്, ഭീമനെങ്ങനെ സൈന്യമദ്ധ്യത്തിലെത്തി ? എവിടെയോ, ആരോ അശ്രദ്ധമായി പെരുമാറിയിട്ടുണ്ട്. ഇല്ലെങ്കില്‍ ഈ ചതി പറ്റില്ല. നമ്മുടെ സൈന്യത്തിന്‍റെ നല്ലൊരു ഭാഗം ഭീമന്‍ നശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു. മുത്തച്ഛന്‍ പാണ്ഡവരോടുള്ള മൃദുസമീപനം മാറ്റി, നാളെ തന്നെ അവരെ കൊല്ലണം. എങ്കില്‍ മാത്രമേ എനിയ്ക്ക് സ്വസ്ഥമായി ഉറങ്ങാനാകു. " ഭീഷ്മര്‍ നിര്‍ദ്ദോഷമായി ചിരിച്ചു. " കുഞ്ഞേ ! നീ ഇങ്ങനെ പറയുന്നത് ശരിയല്ല. ഞാന്‍ ഈ പ്രായത്തിലും നിനക്ക് വേണ്ടി ജീവൻമരണ പോരാട്ടമാണ് നടത്തുന്നത്. ആര്‍ക്കും അതില്‍ക്കവിഞ്ഞ് ഒരത്ഭുതവും നടത്താനാവില്ല. പിന്നെ, പാണ്ഡവരെ കൊല്ലാന്‍ എന്നോടാവശ്യപ്പെടാന്‍ നിനക്ക് ഞാനധികാരം തന്നിട്ടില്ല. എന്‍റെ കുട്ടികളെ ഞാന്‍ വധിയ്ക്കില്ലെന്നു ആദ്യമേ ബോദ്ധ്യപ്പെടുത്തിയതാണ്. ഇനിയും ആവർത്തിയ്ക്കുന്നു, ഞാനതൊരിയ്ക്കലും, ആര്‍ക്കുവേണ്ടിയും ചെയ്യില്ല. " അറിയാതെ പ്രകടമായ കോപം അടക്കി, അനുനയ സ്വരത്തില്‍ ഭീഷ്മര്‍ പറഞ്ഞു, " നീ പോയി കിടക്കൂ ! അസ്ത്രങ്ങളേറ്റ്‌ നീ ഏറെ പീഡിതനാണന്നെനിക്കറിയാം. നിനക്ക് വിശ്രമം ആവശ്യമാണ്. ഇതാ ഒരു കഷായം. ഇതു കുടിച്ചു നീന്‍റെ വേദനയെ ലഘുകരിച്ചു, ഉറങ്ങാന്‍ ശ്രമിയ്ക്കുക. " ഭീഷ്മര്‍ കഷായം നല്‍കി, ദുര്യോധനനെ നിദ്രയ്ക്ക് പറഞ്ഞയ്ച്ചു.

ഏഴാം ദിവസം പ്രഭാതമായി. ഭീഷ്മര്‍, ശത്രുവിന്, ഒരു വിധത്തിലും ഉള്ളിലേയ്ക്ക് കടക്കാനിട നല്‍കാത്ത വിധം സേനയെ മണ്ഡല വ്യുഹത്തില്‍ ക്രമീകരിച്ചു നിര്‍ത്തി. പാണ്ഡവര്‍ അവരുടെ സൈന്യത്തെ വജ്ജ്ര വ്യുഹത്തിലും ചിട്ടപ്പെടുത്തി. യുദ്ധം തുടങ്ങി. ദ്രോണര്‍ ദ്രുപദനെയും, വിരാടനെയും ആക്രമിച്ചു. അശ്വർത്ഥാമാവ് ശിഖണ്ഡിയെ നേരിട്ടു. ദുര്യോധനന്‍, ധൃഷ്ടദ്യുമ്നനോടെറ്റു മുട്ടിയപ്പോള്‍, നകുല സഹദേവന്‍മാര്‍ തങ്ങളുടെ മാതുലനായ ശല്യരെ നേരിട്ടു. കൗരവ പക്ഷത്തിലെ വിന്ദാനുവിന്ദന്‍മാര്‍, അര്‍ജ്ജുന വീര്യത്തിന് നേരെ പിടിച്ചു നിന്നു. ഭീമന്‍, കൃതവര്‍മ്മാവിനോടെതിര്‍ത്തു. അഭിമന്യു ഒറ്റയ്ക്ക്, വികര്‍ണ്ണന്‍, ദുശ്ശാസനന്‍ എന്നിവരോട് പൊരുതി. ഭഗദത്തന്‍ ഘടോല്‍ക്കചനെ നേരിട്ടപ്പോള്‍, ഭുരിശ്രവസ്സു, ധൃഷ്ടകേതുവുമായി ഏറ്റുമുട്ടി. യുധിഷ്ഠിരൻ, ശ്രുതായുസ്സിനോടെതിര്‍ത്തു. ചേകിതാനന്‍, കൃപരോട് യുദ്ധം ചെയ്തു. എല്ലാം പരസ്പര ദന്ദ്വയുദ്ധങ്ങളായിരുന്നു. അര്‍ജ്ജുനന്‍ ഏറെ ഉണര്‍വോടെ യുദ്ധം ചെയ്തു. അദ്ദേഹം കൃഷ്ണനോടായി പറഞ്ഞു. ഭീഷ്മരുടെ പ്രവര്‍ത്തനശേഷിയും, ചാതുര്യവും ഒന്ന് ശ്രദ്ധിയ്ക്കു കൃഷ്ണാ ! അദ്ദേഹം സൃഷ്ടിച്ച വ്യൂഹം പിളര്‍ന്നു ഉള്ളില്‍ക്കടക്കാന്‍ ദുസ്സാദ്ധ്യമാണ്‌. ത്രിഗര്‍ത്തന്‍മാര്‍ എന്നെ വെല്ലുവിളിയ്ക്കുകയാണ്. നമുക്ക് ഉടനെ അങ്ങോട്ട്‌ തിരിയ്ക്കെണ്ടിയിരിയ്ക്കുന്നു. കൃഷ്ണന്‍ രഥം തെളിച്ചു. അര്‍ജ്ജുനന്‍ ഐന്ദ്രാസ്ത്രത്താല്‍ ശരവര്‍ഷം തന്നെ ശത്രുക്കളുടെ മേല്‍ പൊഴിച്ചു. ശത്രുകവചം ഭേദിയ്ക്കപ്പെടുമെന്ന ഘട്ടമെത്തിയപ്പോള്‍ കൗരവര്‍ സൈന്യാധിപനായ ഭീഷ്മരുടെ സഹായം നേടി. ത്രിഗര്‍ത്ത സേനാധിപനായ സുശര്‍മ്മാവ് അര്‍ജ്ജുന ശരങ്ങളേറ്റ് ഹതാശനായി പിന്‍വാങ്ങി. ഭീഷ്മര്‍ സൈന്യത്തിന്‍റെ രക്ഷയ്ക്കെത്തി. അദ്ദേഹം അര്‍ജ്ജുനനോട് ശക്തമായി പോരാടി. അര്‍ജ്ജുനന്‍ വ്യുഹം ഭേദിച്ച രീതി, ദുര്യോധനനെ തളര്‍ത്തി. കൂടുതല്‍ നാശം ഒഴിവാക്കാനായി രാജാവ്‌, തന്‍റെ കീഴിലുള്ള ഏറെ നായകന്മാരെ ഭീഷ്മ സഹായത്തിന് നിയോഗിച്ചു. പിന്തിരിഞ്ഞു മാറിയ സുശർമ്മാവ് ആവേശത്തോടെ ഭീഷ്മ രക്ഷയ്ക്കെത്തി. യുദ്ധ ഭൂമിയില്‍ മറ്റൊരു സ്ഥലത്തും യുദ്ധം നടക്കുന്നില്ലെന്ന് തോന്നും വിധം അര്‍ജ്ജുനന്‍ ഭീഷ്മരെ ശക്തമായി നേരിട്ടു. അര്‍ജ്ജുനനെക്കാള്‍ എന്തുകൊണ്ടും യുദ്ധത്തില്‍ ഒരു പടി മുന്നിലാണ് വൃദ്ധപിതാമഹന്‍റെ ശൌര്യമെന്നു ഏവര്‍ക്കും തോന്നി. ദുര്യോധനന്‍ വീണ്ടും സൈനികരേയും കൂട്ടി ഭീഷ്മരെ സഹായിയ്ക്കാനെത്തി.

ദ്രോണര്‍ വിരാടനെ നേരിട്ടു. വിരാടന്‍ ദ്രോണരുടെ വില്ലും, കൊടിമരവും മുറിച്ചു. ക്രുദ്ധനായ ദ്രോണര്‍ വിരാടന്‍റെ സാരഥിയെ കൊന്നു. വിരാടന്‍ പുത്രനായ ശംഖന്‍റെ രഥത്തിലിരുന്ന് യുദ്ധം തുടര്‍ന്നു. ദ്രോണര്‍ ശക്തമായ ഒരസ്ത്രം ശംഖന് നേരെ അയച്ചു. പടച്ചട്ട മുറിഞ്ഞു ഹൃദയം പിളര്‍ന്നു ആ യുവാവ് രക്ത തളത്തില്‍ മൂര്‍ച്ഛയറ്റ് പതിച്ചു. ചേതനയറ്റ ശരീരത്തിനു സാക്ഷിയായി അദ്ദേഹത്തിന്‍റെ വില്ല് സമീപത്തു തന്നെ കിടന്നു. ഒന്നിനൊന്നായി തന്‍റെ മൂന്നു മക്കളും മരിച്ചതില്‍ ദുഃഖിതനായ വിരാടന്‍ ഏറെ ക്രുദ്ധതയോടെ ദ്രോണരെ നേരിട്ടു. പുത്ര വിയോഗവും, ദ്രോണരുടെ യുദ്ധ പാടവും അദ്ദേഹത്തെ ഏറെ തളര്‍ത്തി. വിരാടന്‍ ക്ഷീണിതനായി യുദ്ധ രംഗത്ത് നിന്ന് പിന്‍വാങ്ങി. മരണം ദുഃഖമാണെങ്കിലും യുദ്ധ രംഗത്തെ പോരാളികള്‍ക്ക് അതിനെ പറ്റി വ്യാകുലപ്പെടാനവകാശമില്ല. യോദ്ധാക്കള്‍ രക്തം കണ്ടറപ്പു മാറിയവരാകണം. ഒരേ ഒരു ലക്‌ഷ്യം - എന്‍റെ ബന്ധുവോ, ചാര്‍ച്ചക്കാരനോ ആകട്ടെ, അയാള്‍ ശത്രു ആണെങ്കില്‍ കൊല്ലുക എന്ന ലക്‌ഷ്യം മാത്രം. അശ്വർത്ഥാമാവും, ശിഖണ്ഡിയും തമ്മില്‍ പോരാടി. ശിഖണ്ഡി തുടരെ, തുടരെ മൂന്നസ്ത്രങ്ങളയ്ച്ചു അശ്വർത്ഥാമാവിനെ മുറിപ്പെടുത്തി. അശ്വർത്ഥാമാവ് ശിഖണ്ഡിയുടെ സാരഥിയെ കൊന്നു. ശിഖണ്ഡി തന്‍റെ വാള്‍ വട്ടം ചുഴറ്റി ശക്തമായി പോരാടി. അശ്വർത്ഥാമാവിന്‍റെ അസ്ത്രങ്ങളെയെല്ലാം തന്‍റെ വാളു കൊണ്ട് ശിഖണ്ഡി നിഷ്പ്രഭമാക്കി. ഒടുവില്‍, അശ്വർത്ഥാമാവിനെ കൊല്ലുക എന്ന ലക്‌ഷ്യത്തോടെ ശിഖണ്ടി തന്‍റെ വാളു ചുഴറ്റി ക്രോധത്തോടെ അശ്വർത്ഥാമാവിന് നേരെ എറിഞ്ഞു കൊണ്ട് സാത്യകിയുടെ രഥത്തിലേയ്ക്ക് ചാടിക്കയറി. സാത്യകി, അലംബുഷന്‍' എന്ന രാക്ഷസനോടെടറ്റു മുട്ടി. അലംബുഷ്ന്‍റെ മായാപ്രയോഗങ്ങള്‍ സാത്യകിയുടെ മുന്നില്‍ വിലപ്പോയില്ല. രാക്ഷസന്‍ ആകാശത്ത് മറഞ്ഞു നിന്ന് കൊണ്ട്, സാത്യകിയ്ക്ക് നേരെ അസ്ത്രങ്ങളയച്ചു. സാത്യകി, ഐന്ദ്രാസത്രം എയ്ത് രാക്ഷസാസ്ത്രങ്ങളെ നിര്‍വീര്യമാക്കി. സാത്യകിയുടെ അസ്ത്രങ്ങള്‍ അലംബുക്ഷനെ ഏറെ പീഡിപ്പിച്ചു. രാക്ഷസന്‍ യുദ്ധരംഗത്ത് നിന്ന് പലായനം ചെയ്തു. ധൃഷ്ടദ്യുമ്നനും, ദുര്യോധനനും തമ്മിലുള്ള ഏറ്റുമുട്ടലില്‍, ധൃഷ്ടദ്യുമ്നന്‍ രാജാവിന്‍റെ രഥം നശിപ്പിച്ചു. ശകുനി സഹായത്തിനെത്തിയെന്കിലും, ധൃഷ്ടദ്യുമ്നനെ കവച്ചു വെയ്ക്കാന്‍ ദുര്യോധനനായില്ല. ഒടുവില്‍ പരാജയം സമ്മതിച്ചു രാജാവ് പിന്‍വലിഞ്ഞു. ഭീമന്‍ തനിയ്ക്കെറെ ഇഷ്ടപ്പെട്ട ഗജസൈന്യ നശീകരണത്തിലാണ് ശ്രദ്ധ ചെലുത്തിയത്. എണ്ണത്തില്‍ ഏറെപ്പേരുണ്ടെങ്കിലും, കൗരവ സൈന്യത്തിന് പലപ്പോഴും പാണ്ഡവ സൈന്യകരുത്തിനു മുന്‍പില്‍ അടിയറവ്പറയേണ്ടി വന്നു. ഒരു പരിധി വരെ അവര്‍, പാണ്ഡവര്‍ക്ക് മുന്നില്‍ കീഴ്പ്പെട്ടു പോകുന്നതായി അനുഭവപ്പെട്ടു. ശക്തമായി പൊരുതി നിയതിയ്ക്ക് മുന്നില്‍ തോല്‍വി സമ്മതിയ്ക്കാന്‍ അവര്‍ മനസ്സിനെ പാകപ്പെടുത്തി.

ഏറ്റവും ശ്രദ്ധേയമായ യുദ്ധം ഭഗദത്തനും ഘടോല്‍ക്കചനും തമ്മിലായിരുന്നു. ഘടോല്‍ക്കചന്‍ ശക്തമായി അട്ടഹസിച്ചു കൊണ്ട് പ്രതിയോഗിയെ ആക്രമിച്ചു. ഭഗദത്തന്‍റെ ചെറുത്തു നില്പും ശക്തമായിരുന്നു, അദ്ദേഹം ഘടോല്‍ക്കചന്‍റെ അശ്വങ്ങളെ കൊന്നു. ഭീമപുത്രന്‍ ശക്തിയേറിയ ഒരു കുന്തം ഭഗദത്തനുനേരെ എറിഞ്ഞെങ്കിലും അദ്ദേഹം തന്‍റെ ശക്തി ഉപയോഗിച്ച് അതിനെ പേടിപെടുത്തി. പ്രതിയോഗി ശക്തനാണന്നു മനസ്സിലാക്കിയ ഭീമ പുത്രന്‍ തന്ത്രപൂര്‍വ്വം പിന്‍വാങ്ങി. നകുല സഹദേവന്മാര്‍ ശല്യരോടെറ്റു മുട്ടി. ഏറെ വേദനയോടെയാണെങ്കിലും ശല്യര്‍ തന്‍റെ സഹോദരീ പുത്രരേ നേരിട്ടു. ശല്യര്‍ നകുലന്‍റെ കൊടി മുറിച്ചു. കുതിരകളെ കൊന്നു. സഹദേവന്‍റെ രഥത്തില്‍ ചാടിക്കയറിയ നകുലന്‍ സഹോദരനോട് ചേര്‍ന്ന് ശല്യരെ നേരിട്ടു. നകുലന്‍ ശക്തമായ ഒരു ശുലം, ശല്യര്‍ക്ക് നേരെ പ്രയോഗിച്ചു, അദ്ദേഹത്തെ ബോധരഹിതനാക്കി.

മറ്റൊരിടത്ത് യുധിഷ്ഠിരൻ ശ്രുതായുസ്സിന് നേരെ ആക്രമണം നടത്തി. ഒരു ഘട്ടത്തില്‍ ശ്രുതായുസ്സു യുധിഷ്ഠിരന്‍റെ പടച്ചട്ട മുറിച്ചെങ്കിലും അദ്ദേഹം അത് കാര്യമാക്കാതെ ശത്രുവിനെ നേരിട്ടൂ. അദ്ദേഹം ശ്രുതായുസ്സിന്‍റെ കൊടിമരം മുറിച്ചു. സൗമ്യനും ശാന്തനുമായ യുധിഷ്ഠിരന്‍റെ പോരാട്ട വീര്യം കണ്ട് ഏവരും സത്ബ്ദരായി നോക്കി നിന്നു. ഇത്രയും നാള്‍ ചാരം മൂടിയ്ക്കിടന്ന അഗ്നി പുകഞ്ഞു പുകഞ്ഞു പുറത്ത് ചാടിയതാണോ എന്ന് കാണികള്‍ ശങ്കിച്ചു. ശ്രുതായുസ്സിന്‍റെ ബാണങ്ങള്‍ അനുനിമിഷം പ്രത്യസ്ത്രങ്ങള്‍ അയച്ചു യുധിഷ്ഠിരന്‍ ഖണ്ഡിച്ചു. യുധിഷ്ഠിരന്‍ ശ്രുതായുസ്സിന്‍റെ കുതിരകളെക്കൊന്നു. ശത്രു ഭയപ്പെട്ട് പിന്തിരിഞ്ഞു. പോര്‍ക്കളത്തില്‍ അഭിമന്യുവിനോടെറ്റ് മുട്ടിയ കൗരവ സഹോദരരെ അദ്ദേഹം തന്‍റെ അസ്ത്രങ്ങള്‍ കൊണ്ട് നിഷ്പ്രഭരാക്കി. ശപഥം പാലിയ്ക്കാന്‍ വല്യച്ഛനവസരം നല്‍കിക്കൊണ്ട് അര്‍ജ്ജുന പുത്രന്‍ പിന്‍തിരിഞ്ഞു. ഒരു മിന്നല്‍ പിണര്‍പോലെ അഭിമന്യുവിന്‍റെ മുന്നിലേയ്ക്ക് ഭീഷ്മരെത്തി. അവര്‍ തമ്മില്‍ നടന്ന പോരാട്ടം, അര്‍ജ്ജുനനും, കൃഷ്ണനും ദൂരെ നിന്ന് തെല്ലോരഹങ്കാരത്തോടും, അഭിമാനത്തോടും വീക്ഷിച്ചു. " നോക്കൂ ! കൃഷ്ണാ ! നമ്മുടെ യുവ കേസരി പിതാമഹനെ മുട്ടുകുത്തിയ്ക്കുകയാണ്. കൊള്ളാം അവന്‍ ചുണക്കുട്ടന്‍ തന്നെ ! "

അര്‍ജ്ജുനന്‍റെ മുന്നേറ്റം സുശർമ്മാവ് തടഞ്ഞു. അവര്‍ തമ്മില്‍ 'രാജസൂയ' കാലം മുതല്‍ക്കുള്ള വൈരത്തെ പറ്റി വാക് ശരങ്ങള്‍ വര്‍ഷിച്ചു. അര്‍ജ്ജുനനെ കൊല്ലുമെന്ന് പ്രതിജ്ഞ എടുത്ത ആ സംശപ്തകന്മാര്‍ നാലുപുറവും നിന്ന് അര്‍ജ്ജുനനെ വളഞ്ഞു. യുദ്ധത്തില്‍ സുശര്‍മ്മ പക്ഷത്തുണ്ടായിരുന്ന അനേകം സൈനികര്‍ അര്‍ജ്ജുന വീര്യത്തിന്‍ സാക്ഷികളായി. ശിഖണ്ഡി അര്‍ജ്ജുനന് സഹായമായെത്തി. ഭീഷ്മര്‍ മുന്‍നിരയിലേയ്ക്ക് കടന്നു അര്‍ജ്ജുനനുമായി ഏറ്റുമുട്ടി. അവരുടെ നീക്കം ശ്രദ്ധിച്ചിരുന്ന ദുര്യോധനനും, ജയദ്രഥനും സൈന്യാധിപനെ സഹായിയ്ക്കാനെത്തി. ഈ സമയം മറ്റു പാണ്ഡവരും ഭീഷ്മര്‍ക്ക് നേരെ എത്തി. ഭീഷ്മര്‍ തന്‍റെ കൊച്ചു മക്കളെ വേദനയോടെ നോക്കി. അദ്ദേഹത്തിന്‍റെ അസ്ത്രപ്രയോഗ മൂർച്ച പെട്ടെന്ന് കുറഞ്ഞു. എന്നാല്‍ മുന്‍നിരയിലേയ്ക്ക് കടന്ന യുധിഷ്ഠിരൻ, ഏതു വിധേനയും ഭീഷ്മരെ കൊല്ലാന്‍ തന്ത്രപൂര്‍വ്വം ശ്രമങ്ങള്‍ തുടര്‍ന്നു. അദ്ദേഹം ശിഖണ്ഡിയെ നോക്കി പറഞ്ഞു. ശിഖണ്ഡി ! താങ്കള്‍ ഭീഷ്മരെ കൊല്ലുമെന്ന് പ്രതിജ്ഞ ചെയ്തിട്ടില്ലേ ? ഇതാ ആ നിമിഷം അടുത്ത് വന്നിരിയ്ക്കുന്നു. പാണ്ഡവസേന ഇനിയും കനത്ത നഷ്ടങ്ങള്‍ നേരിടുന്നതിന്‍ മുന്പ് താങ്കള്‍ പ്രതിജ്ഞ നിറവേറ്റിയാലും. " യുധിഷ്ഠിരന്‍റെ ആഹ്വാനം ശിഖണ്ഡിയില്‍ ആവേശമുണര്‍ത്തി. അദ്ദേഹം ഭീഷ്മരുടെ മുന്നിലേയ്ക്ക് നീങ്ങി. അപകടം മണത്തറിഞ്ഞ ശല്യര്‍, ശിഖണ്ടിയെ പോരിനു വിളിച്ചു. യുധിഷ്ഠിരനും, ഭീഷ്മരുമായുള്ള പോരാട്ടത്തില്‍ രണ്ടു പേരുടെയും രഥങ്ങള്‍ നഷ്ടപ്പെട്ടു. ഭീമന്‍ ഗദ കൊണ്ട് ജയദ്രഥനെ ശക്തിയായി താഡിച്ചു വേദനയോടെ ആ യോദ്ധാവ് പടക്കളത്തില്‍ നിന്ന് പിന്മാറി.

മറ്റു പാണ്ഡവരും, യുധിഷ്ഠിരനോടോന്നിച്ചെങ്കിലും, ഭീഷ്മര്‍ സേനയ്ക്ക് വരുത്തിയ നാശത്തെ തടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നിർദ്ദോഷികളായ സൈനികര്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് മുത്തച്ഛന്‍ നടത്തുന്നത്. എന്തിന് ? ഉണ്ട ചോറിനു കൂറുകാണിയ്ക്കാന്‍ മാത്രം ! ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള ബോധം പോലും ഈ വൃദ്ധനില്‍ നശിച്ചിരിയ്ക്കുന്നു. ഇതാണോ ഭീഷ്മരുടെ മഹത്വം ? അല്ലേ അല്ല ! അദ്ദേഹം മറ്റൊരു രക്ത ദാഹിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. അല്ലെങ്കില്‍ ദുര്യോധനന്‍റെ ക്രൂരവാക്കുകള്‍ അദ്ദേഹത്തിലെ മനുഷ്യത്വത്തെ തളര്‍ത്തിയിരിയ്ക്കുന്നു. ശിഖണ്ഡി പലപ്പോഴും ഭീഷ്മ രഥത്തിന് മുന്നിലെത്താന്‍ പണിപ്പെട്ടിരുന്നു. അപ്പോഴെല്ലാം ഭീഷ്മര്‍ തന്ത്രപൂര്‍വ്വം അവിടെ നിന്ന് പിന്മാറിയിരുന്നു -- അല്ലെങ്കില്‍ ശിഖണ്ഡിയുടെ നേരെ പോര്‍വിളിയുമായി ശത്രുക്കള്‍ പാഞ്ഞെത്തുന്നു. ഭീഷ്മരെ നേരില്‍ കണ്ടതോടെ ശിഖണ്ഡിയ്ക്ക് താന്‍ പൂര്‍വ്വ ജന്മത്തിലെ അംബയാണന്നും, തന്‍റെ പ്രേമം നിഷേധിച്ച നിത്യ ബ്രഹ്മചാരിയായ ഭീഷ്മരെ ലൗകികബന്ധത്തിന്‍റെ കെട്ടുപാടില്‍ നിന്ന് മുക്തനാക്കണമെന്നും അംബ ആഗ്രഹിച്ചു. മരണം മാത്രമേ അതിന് പോം വഴിയുള്ളൂ. മരണത്തെ സ്നേഹിച്ചു തുടങ്ങിയ ഭീഷ്മര്‍ക്ക് അംബയുടെ മനോ നില അറിയാന്‍ കഴിഞ്ഞില്ല. അംബ എന്ന ശിഖണ്ഡി അന്നത്തെ യുദ്ധം അവസാനിച്ചപ്പോള്‍ സ്വയം പിറുപിറുത്തൂ നാളെ ഞാന്‍ ഭീഷ്മരെ മാനുഷിക ബന്ധത്തില്‍ നിന്ന് മുക്തനാക്കാന്‍ ശ്രമിയ്ക്കും."

യുദ്ധം എട്ടാം ദിവസത്തിലേയ്ക്ക് കടന്നു. കൗരവസൈന്യാധിപന്‍ സൈന്യത്തെ ഊര്‍മ്മി ( സമുദ്രം ) രൂപത്തില്‍ ക്രമീകരിച്ചു. യുധിഷ്ഠിര നിര്‍ദ്ദേശത്താല്‍ അര്‍ജ്ജുനന്‍ സൈന്യത്തെ ശൃംഗാട ( കൊമ്പു ) രൂപത്തില്‍ സജ്ജമാക്കി കാഹളം മുഴങ്ങി, ശംഖൊലി അന്തരീക്ഷം ഭേദിച്ച് യുദ്ധം തുടങ്ങി. എട്ടാം ദിവസത്തെ ദന്ദ്വയുദ്ധം പലതുകൊണ്ടും ശ്രദ്ധിയ്ക്കപ്പെട്ടു. ഭീഷ്മരും, ഭീമനുമായുണ്ടായ പോരാട്ടത്തില്‍ ഭീമന്‍, മുത്തച്ഛനെ നല്ല രീതിയില്‍ പീഡിപ്പിച്ചു. ഭീമന്‍ ഭീഷ്മരുടെ സാരഥിയെയും കുതിരകളെയും കൊന്നു. ദന്ദ്വയുദ്ധം വീക്ഷിച്ചിരുന്ന ദുര്യോധനന്‍ സഹോദരന്മാരോടോപ്പം ഭീഷ്മ രക്ഷയ്ക്കെത്തി. അന്നേ ദിവസത്തെ ഭീമന്‍റെ മുന്നേറ്റത്തെ തടുക്കാനവര്‍ക്കായില്ല. ആ രക്ത ദാഹിയായ സിംഹം ഒന്നിന് പുറകെ ഒന്നായി എട്ടു ദുര്യോധന സഹോദരന്മാരെ മൃത്യുവിനിരയാക്കി. എതിര്‍ക്കാനുള്ള ശക്തി നഷ്ടപ്പെട്ട രാജാവ്, ഭീഷ്മരുടെ അടുത്ത് പരാതി ബോധിപ്പിച്ചു. " നോക്കൂ ! മുത്തച്ഛന്‍റെ ഉദാസീനത എന്‍റെ സഹോദരന്‍മാരെ ഓരോരുത്തരെയായി ഇല്ലാതാക്കുകയാണ്. ഭീമനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു മുത്തച്ഛന്‍ ഇനിയും ഒഴിഞ്ഞു മാറുന്നത് ശരിയല്ല. സ്വന്തം സൈന്യത്തെ നാശത്തിലേയ്ക്ക് തള്ളി വിടുകയാണ് അങ്ങയുടെ സാരഥ്യം. എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കില്‍ അങ്ങിപ്പോള്‍ തന്നെ ഭീമനെ വധിയ്ക്കണം." രാജാവിന്‍റെ ക്രൂരുരമായ വാക്കുകള്‍ മനസ്സിനെ വ്രണപ്പെടുത്തിയിട്ടും ഭീഷ്മര്‍ ശാന്തതയോടെ പ്രതികരിച്ചു. " കുഞ്ഞേ ! നീ തുടക്കം മുതല്‍ എന്നെ പാണ്ഡവരുടെ പേരില്‍ ഭര്‍ത്സിയ്ക്കുകയാണ്. എന്നിട്ടും മറുത്തൊന്നും ഉരിയാടാതിരിയ്ക്കുന്നത്, നിന്നെ പ്രതിയുള്ള സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ്. ഈ സാരഥ്യം പോലും നീന്‍റെ നന്മയ്ക്ക് വേണ്ടിയാണ് ഞാനേറ്റെടുത്തത്. പാണ്ഡവര്‍ അവധ്യരാണ്. എത്ര ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും നിനക്കതു ഉള്‍ക്കൊള്ളാനാവുന്നില്ല. നീന്‍റെ സഹോദരന്മാര്‍ ഇനിയുമിനിയും ഭീമനാല്‍ വധിയ്ക്കപ്പെടും. ഒടുവില്‍ നിന്നെയും ഭീമന്‍ വധിയ്ക്കും, വിധിയുടെ അലംഘനീയതയെ മറി കടക്കാന്‍ എനിയ്ക്കാവില്ല. എന്‍റെ കര്‍മ്മം നീ കുറ്റപ്പെടുത്തിയില്ലെങ്കില്‍ പോലും ശരിയായി നിര്‍വ്വഹിയ്ക്കുന്നുണ്ട്. കോപമടക്കി മന:സംയമനം പാലിയ്ക്കുക. അതാണ്‌ ഒരു യോദ്ധാവിനാവശ്യം." ഭീഷ്മര്‍ ദുര്യോധനനില്‍ നിന്നകന്നു.

ഉച്ചയോടടുത്ത് സംഘം ചേര്‍ന്ന് പാണ്ഡവര്‍ ഭീഷ്മരോടെതിര്‍ത്തെങ്കിലും ഭീഷ്മര്‍ പാണ്ഡവസൈന്യത്തെ ദാക്ഷിണ്യമന്യേ നശിപ്പിച്ചു കൊണ്ടിരുന്നു. ഭീമന്‍ ഗജസൈന്യ നശീകരണത്തില്‍ ശ്രദ്ധ പതിപ്പിച്ചപ്പോള്‍ നകുലന്‍ ശത്രുപക്ഷത്തെ കുതിരകളെ വകവരുത്തിക്കൊണ്ടിരുന്നു.

യുദ്ധാരംഭത്തില്‍ തന്നെ സൈന്യത്തില്‍ ചേര്‍ന്ന ഇരവാനെ അര്‍ജ്ജുനന്‍ കാണുന്നത് എട്ടാം ദിവസമാണ്. ഇരവാന്‍ അച്ഛനോട് പറഞ്ഞു. " യുദ്ധത്തില്‍ അങ്ങയെ സഹായിയ്ക്കാന്‍ എന്‍റെ അമ്മ ഉലൂപി എന്നെ അങ്ങയുടെ അടുത്തേയ്ക്കയ്ച്ചതാണ്. അര്‍ജ്ജുനന്‍ പുത്രനെ സ്നേഹപൂര്‍വ്വം ആശ്ലേഷിച്ചു. യുദ്ധരംഗമാണ്. ഔപചാരികതയ്ക്ക് സ്ഥാനമില്ല. ഇരവാന്‍ അച്ഛനെ വിട്ടു ശകുനിയെ പോരിന് വിളിച്ചു. ആയുധ പ്രയോഗത്തില്‍ അഭിമന്യുവിന്‍ തുല്യനായിരുന്നു ഇരവാന്‍. അദ്ദേഹം ശകുനിയെ ശക്തമായി പീഡിപ്പിച്ചു. അമ്മാവന്‍റെ പരവശത മനസ്സിലാക്കിയ ദുര്യോധനന്‍, സഹായത്തിനായി അലംബുഷന്‍ എന്ന രാക്ഷസനെ പറഞ്ഞു വിട്ടു. അലംബുഷന്‍ ഇരവാനെ പോരിന് വിളിച്ചു. രണ്ടുപേരും തമ്മിലായി പോരാട്ടം. ഏവരും ഇരവാന്‍റെ കരുത്തിനെയും, ആയുധപ്രയോഗ വൈദഗ്ധ്യത്തെയും പ്രശംസിച്ചു. പക്ഷേ, അലംബുഷന്‍ മായാവിയും അസുരനുമായിരുന്നതിനാല്‍ പോരാട്ടത്തില്‍ ഇരവാന്‍റെ ചെറുത്തു നില്പ് ദുര്‍ബലമായി. അലംബുഷന്‍ തന്‍റെ മായാ പ്രയോഗത്തിളുടെ ഇരവാന്‍റെ ശിരസ്സ് ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തി.

മറ്റൊരു വശത്ത് ഭീഷ്മരും, അശ്വർത്ഥാമാവും, ദ്രോണരും കൂടി പാണ്ഡവ സൈന്യത്തിന് കനത്ത നാശ നഷ്ടം വരുത്തിക്കൊണ്ടിരുന്നു. ഇരവാന്‍ മരിച്ചതറിഞ്ഞ ഘടോല്‍ക്കചന്‍ അലംബുഷിനെ നേരിട്ടു. തനിയ്ക്ക് ഒത്തു കിട്ടിയ അവസരത്തിലെല്ലാം അദ്ദേഹം ദുര്യോധനെ പീഡിപ്പിച്ചു. ഘടോല്‍ക്കചന്‍റെ കോപത്തോടും, ശക്തിയോടും നേരിടാനാകാതെ കൌരവ സൈന്യം മുറവിളി കൂട്ടി. ആരവം ഭീഷ്മര്‍ കേട്ടൂ, അദ്ദേഹം ദ്രോണനോട് പറഞ്ഞു. ഭീമനാല്‍ ഉഴിഞ്ഞുവെച്ച വധമാണ് ദുര്യോധനന്‍റെത്. ഇല്ലെങ്കില്‍ ഇന്നു ഘ്ടോല്‍ക്കചന്‍ അദ്ദേഹത്തിനെ വകവരുത്തിയേനെ . " ദ്രോണരും, ജയദ്രഥനും ദുര്യോധനന്‍റെ രക്ഷയ്ക്കെത്തി. എല്ലാവരെയും ഒന്നിച്ചു കണ്ടപ്പോള്‍ ഘടോല്‍ക്കചന്‍റെ ഉത്സാഹവും, ശക്തിയും ഇരട്ടിച്ചു. അദ്ദേഹം ഉറക്കെ ഉറക്കെ അട്ടഹസിച്ചു. ആ ആരവം കേട്ട യുധിഷ്ഠിരൻ ഭീമനോട് പറഞ്ഞു " ഭീമാ ! നമ്മുടെ കുമാരന്‍റെ ശബ്ദം എന്നെ ഭയപ്പെടുത്തുന്നു. അവരെല്ലാം കൂടി എന്‍റെ കുഞ്ഞിന് ചുറ്റും വളഞ്ഞിരിയ്ക്കും. ഭീഷ്മരെ നേരിടുന്നതിനാല്‍ അര്‍ജ്ജുനനെ ഇപ്പോള്‍ പിന്‍വലിയ്ക്കുന്നത് അപകടമാണ്. താങ്കള്‍ പോയി പുത്രനെ സഹായിയ്ക്കു !"

അച്ഛനും മകനും കുടി കൗരവ സൈന്യത്തെ നല്ല രീതിയില്‍ നശിപ്പിച്ചു. " ദുര്യോധനന്‍ കോപാഗ്നനായി, ഭീമനെ പോരിന് വിളിച്ചു. ഭീമനെ നേരിടുന്നതില്‍, രാജാവ്‌ അശക്തനാണന്നു തോന്നിയ അശ്വർത്ഥാമാവ് സഹായവുമായി പാഞ്ഞെത്തി. എന്നാല്‍ ഉഗ്രരുപിയായ ഭീമന്‍ ഗദയുമേന്തി, ദുര്യോധനന് നേരെ പാഞ്ഞടുത്തപ്പോള്‍, പ്രതിരോധിയ്ക്കാന്‍ കഴിയാതെ ഏവരും പിന്നോക്കം പാഞ്ഞു. ആ അച്ഛന്‍റെയും മകന്‍റെയും കരുത്തിനോട് കിടനില്‍ക്കാനാവാതെ പലരും ബോധമറ്റ്‌ നിലംപതിച്ചു. ഏറെ പ്പേര്‍ ശിബിരത്തിലെയ്ക്ക് പിന്‍വാങ്ങി. പാണ്ഡവര്‍ ഘടോല്‍ക്കചന്‍റെ പ്രകടനത്തില്‍ സഹര്‍ഷം ശംഖുധ്വനി മുഴക്കി.

ഭീമനില്‍ നിന്ന് തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട ദുര്യോധനന്‍ വീണ്ടും ഭീഷ്മരുടെ അരികിലെത്തി. അദ്ദേഹം ഘടോല്‍ക്കചനും, ഭീമനും കൂടി കൗരവ സൈന്യത്തിന് വരുത്തിയ നാശത്തെ പറ്റി വിവരിച്ചു. " മുത്തച്ഛന്‍ ഏതു വിധേനയും ഇന്നു ഘടോല്‍ക്കചനെ വധിയ്ക്കണം. " ഭീഷ്മര്‍ ദുര്യോധനന്‍റെ ആവശ്യം ഏറെക്കുറെ അവഗണിയ്ക്കും മട്ടില്‍ പ്രതികരിച്ചു. " കുഞ്ഞെ ! ഞാന്‍ ശത്രു പക്ഷത്തെ നേരിടുന്നത് നീ കാണുന്നില്ലേ ? നീ പറയുമ്പോഴെല്ലാം അങ്ങോട്ടുമിങ്ങോട്ടും ഓടാന്‍ എന്‍റെ പ്രായം എന്നെ അനുവദിയ്ക്കുന്നില്ല. നിനക്ക് ആരോടും ഒരു കരുണയും ഇല്ല -- നിന്‍റെ കാര്യം നടക്കണം. ഒരു തികഞ്ഞ സ്വാർത്ഥനായിപ്പോയല്ലോ കുഞ്ഞെ നീ ? ആ സ്വാര്‍ത്ഥതയുടെ ഫലമാണ് ഞാനുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അനുഭവിയ്ക്കുന്നത്. " മുത്തച്ഛന്‍റെ പ്രതികരണം കടുത്തപ്പോള്‍ ദുര്യോധനന്‍ കണ്ണീരോഴുക്കാന്‍ തുടങ്ങി. ദുര്യോധനന്‍റെ ആ അടവില്‍ അയാളെ സ്നേഹിയ്ക്കുന്ന ആരും വീണു പോകും. കണ്ണീരിന്‍റെ മാസ്മരീകത ദുര്യോധനിൽ നിന്നുള്‍ക്കൊള്ളണ്ട പാഠം ആണ്.

"ആട്ടെ കുഞ്ഞെ ! നീ വിഷമിയ്ക്കാതിരിയ്ക്ക് ഞാന്‍ ഭഗദത്തനെ അങ്ങോട്ടയയ്ക്കാം. അയാളും അയാളുടെ സുപ്രതീകവും ശക്തമായ പ്രതിരോധം സൃഷ്ടിയ്ക്കും. " ഭഗദത്തന്‍ തന്‍റെ സുപ്രതീക എന്ന ആനപ്പുറത്ത് കയറി ഘടോല്‍ക്കചനെ ലക്‌ഷ്യമാക്കി നടകൊണ്ടു. ഘടോല്‍ക്കചനെയും. അഭിമ്ന്യുവിനെയും പിന്തള്ളി ആന ഭീമന്‍റെ നേരെ പാഞ്ഞു. എല്ലാവരും ചേര്‍ന്ന് ആനയെ പീഡിപ്പിച്ചു തുടങ്ങി. ആന കടന്നുപോയ വഴികളിലെല്ലാം പാണ്ഡവസൈന്യത്തിന്‍റെ രക്തം ഭയാനകമാം വിധം തളംകെട്ടി. ഈ സമയം പാണ്ഡവ പക്ഷത്തുള്ള 'ദാശാർണ്ണ' രാജാവ് തന്‍റെ ആനയുമായി ഭഗദത്തന്‍റെ സുപ്രതീകത്തെ നേരിട്ടു. ഭഗദത്തന്‍ അസ്ത്രങ്ങള്‍യച്ചു ദശാര്‍ണ്ണനെ മുറിപ്പെടുത്തി. അദ്ദേഹം തന്‍റെ ആനപ്പുറത്ത് തന്നെ പിന്തിരിഞ്ഞു. കൗരവ പക്ഷം കരഘോഷം മുഴക്കി. കടന്നുപോയ വഴികളിലെല്ലാം ശത്രുനാശം വരുത്തിയ അര്‍ജ്ജുനക്കരുത്ത് ഭീമനോടും ഘടോല്‍ക്കചനോടുചേര്‍ന്നു കൗരവ പക്ഷത്തെ നിര്‍വീര്യമാക്കി.

ഈ സമയം തന്‍റെ പുത്രന്‍ ഇരവാന്‍റെ മരണം ഘടോല്‍ക്കചനില്‍ നിന്ന് അര്‍ജ്ജുനന്‍ അറിഞ്ഞു. അദ്ദേഹം പുത്രവിയോഗത്തില്‍ ദുഃഖിതനായി. ഇതിനെല്ലാം കാരണക്കാരനായ ദുര്യോധനനെ അദ്ദേഹം വെറുത്തു. " നോക്കൂ ! ഒരമ്മയുടെ ഏകാശ്രയമായിരുന്ന പുത്രന്‍, എന്നോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം അമ്മയെ അനുസരിച്ച മകന്‍ എനിയ്ക്ക് നഷ്ടപ്പെട്ടിരിയ്ക്കുന്നു. ഒരു സിംഹാസനത്തിന് വേണ്ടി എത്രയോ പേരുടെ ജീവന്‍ കുരുതി കൊടുക്കുന്നു ? ഇതെല്ലാം എന്‍റെ പ്രിയപ്പെട്ട ജ്യേഷ്ഠന്‍ മുൻകൂട്ടി കണ്ടിരുന്നു. അന്നദ്ദേഹത്തിന്‍റെ എളിമയെ ഞാനുള്‍പ്പെടെയുള്ളവര്‍ എത്ര പുച്ഛീച്ചു. കൗരവരുടെ മുന്‍പില്‍ നീതിയ്ക്ക് വേണ്ടി കൈനീട്ടരുതെന്നു അഭ്യര്‍ത്ഥിച്ചു ? ഇപ്പോഴെല്ലാം മനസ്സിലായി കൃഷ്ണാ ! എന്‍റെ ജ്യേഷ്ഠന്‍റെ ദീര്‍ഘ ദര്‍ശനം എത്ര വലുതാണന്നു. ആ മഹത്വം തിരിച്ചറിയാന്‍ വൈകിപ്പോയി. ഇപ്പോള്‍, എനിയ്ക്കെന്‍റെ മനസ്സിനെ നിയന്ത്രിച്ചേ മതിയാവു കൃഷ്ണാ ! തേര്‍ തെളിയ്ക്ക് ! എനിയ്ക്ക് ഇനിയും ഏറെ പ്പേരെ കൊന്നു കൊലവിളി നടത്തേണ്ടിയിരിയ്ക്കുന്നു.

ഭീഷ്മര്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടി. ഭീമന്‍ കൗരവ സഹോദരന്മാരെ നേരിട്ടു. ഭീമനെ കാണുമ്പോഴെ ധാർത്തരാഷ്ട്രര്‍ ജീവനുവേണ്ടി മുറവിളികൂട്ടി തുടങ്ങും. ഭീമന്‍ അവരെ ഓരോരുത്തരെയായി കൊന്നൊടുക്കി. എണ്ണമെത്രയെന്ന കണക്കു തന്നെ ഭീമനില്ലാതായി. ശപഥം പാലിയ്ക്കുക എന്ന ലക്‌ഷ്യം മാത്രം. ദുര്യോധനന്‍റെ ഹൃദയം തകര്‍ന്നു. പോര്‍ക്കളം ചേതനയറ്റ ശരീരവും രക്തവും കൊണ്ട് ഏറെ ബീഭത്സമായി കാണപ്പെട്ടു. യോദ്ധാക്കളുടെ കയ്യില്‍ നിന്ന് തെറിച്ചു വീണ ആയുധങ്ങള്‍ അവിടവിടെ ചിന്നിച്ചിതറി കിടന്നിരുന്നു. ഒടിഞ്ഞ രഥങ്ങള്‍, മരിച്ചു വീണ കുതിരകള്‍ തേരാളികള്‍ മുറിഞ്ഞു വീണ കൊടിക്കുറകള്‍ എല്ലാം എല്ലാം സ്വാര്‍ത്ഥമോഹത്തിന്‍റെ പ്രതീകമായി നിലകൊണ്ടു.

സൂര്യന്‍ അസ്തമിച്ചു. രണ്ടു കുട്ടര്‍ക്കും കനത്ത നാശം വിതച്ച എട്ടാം ദിവസത്തെ പോരാട്ടം അവസാനിപ്പിച്ചു യോദ്ധാക്കള്‍ ശിബിരത്തിലേയ്ക്ക് മടങ്ങി.

ദുര്യോധനന്‍ ആ രാത്രി ഉറക്കം നഷ്ടപ്പെട്ടു. യുദ്ധത്തിന്‍റെ എട്ടു ദിവസങ്ങളായുള്ള ഗതിയില്‍ അദ്ദേഹം തീര്‍ത്തും ഭയാശങ്കനായിരുന്നു. എത്ര പേരെ താന്‍ കുരുതിക്കൊടുത്തൂ.? ഇനിയും എത്ര പേര്‍ ? ദുഃഖം ഒന്ന് പങ്കു വെയ്ക്കാന്‍ പോലും ആരുമില്ലാത്ത ഹതഭാഗ്യനായല്ലോ ഞാന്‍ ? പിതാമഹനെ ഒരു തരത്തിലും പൂര്‍ണ്ണമായി അനുനയിപ്പിയ്ക്കാന്‍ തനിയ്ക്കാവുന്നില്ല. എന്നെങ്കിലും കുറ്റപ്പെടുത്തിയാല്‍ ഉപദേശത്തിന്‍റെ കുത്തൊഴുക്ക്. എന്‍റെ ആത്മാഭിമാനം അനുനിമിഷം വൃണപ്പെടുകയാണ്. എന്നെ ആരും മനസ്സിലാക്കുന്നില്ല. ദുഃഖിതനായി, കൈനീട്ടി തലകുമ്പിട്ടിരുന്ന ദുര്യോധനന്‍ ഒരു കാല്‍പെരുമാറ്റം കേട്ട് തലയുയര്‍ത്തി. തന്‍റെ രാധേയന്‍ - യുദ്ധത്തില്‍ നിന്ന് പിതാമഹന്‍റെ പിടിവാശി മൂലം തനിയ്ക്കൊഴിച്ചു നിര്‍ത്തേണ്ടി വന്ന എന്‍റെ ആത്മ സുഹൃത്ത്. ഹൃദയനൊമ്പരങ്ങള്‍ക്ക് താല്‍ക്കാലിക വിട നല്‍കി കൊണ്ട് ദുര്യോധനന്‍ സുഹൃത്തിനെ അണച്ചു പുല്‍കി. തനിയ്ക്കരികില്‍ പിടിച്ചിരുത്തി. കര്‍ണ്ണന്‍ പറഞ്ഞു, " പ്രിയ സുഹൃത്തെ ! എല്ലാ വിവരവും ഞാനറിഞ്ഞിരുന്നു. യുദ്ധത്തിന്‍റെ ഗതി അങ്ങ് കരുതിയതില്‍ നിന്ന് വ്യത്യസ്തമായി ഭവിച്ചതില്‍ ഏറെ ദുഃഖമുണ്ട്. സഹോദരങ്ങളുടെ വിയോഗം അങ്ങയുടെ മനോധൈര്യം ചോർത്താതിരിയ്ക്കട്ടെ. നിയതിയെ ആര്‍ക്കും തടുക്കാനാവില്ല. യുദ്ധരംഗത്തെ കാര്യങ്ങള്‍ എന്നോട് വിസ്തരിയ്ക്കൂ സുഹൃത്തെ ! കര്‍ണ്ണന്‍ നിറഞ്ഞ സ്നേഹത്തോടെ ദുര്യോധനന്‍റെ തോളില്‍ തട്ടി. രാധേയന്‍റെ വാക്കുകള്‍ ദുര്യോധനന്‍റെ തപ്തമായ മനസ്സിന്‍ കുളിരേകി. 'ഭീഷ്മര്‍, ദ്രോണര്‍,, ശല്യര്‍ തുങ്ങിയവര്‍ നല്ല രീതിയില്‍ യുദ്ധം ചെയ്യുന്നുണ്ട്. പക്ഷേ, അവരാരും തന്നെ പാണ്ഡവര്‍ മരിയ്ക്കണമേന്നാഗ്രഹിയ്ക്കുന്നില്ല. പിതാമഹാനുള്‍പ്പെടെയുള്ളവര്‍ പറയുന്നത് പാണ്ഡവര്‍ അവധ്യരാണന്നാണ്. എനിയ്ക്കത് ഉള്‍ക്കൊള്ളാനാവുന്നില്ല. സുഹൃത്തെ ! ഞാന്‍ ജയിയ്ക്കണമെന്നു അവരാരും ആഗ്രഹിയ്ക്കുന്നില്ലന്നതാണ് ശരി. കുറെ ഏറെ നിരപരാധികളായ സൈനികരെ നശിപ്പിച്ചാല്‍ യുദ്ധം എങ്ങനെ ഗതിമാറും ? എന്‍റെ വേതനം പറ്റുന്ന തൊഴിലാളികളെപ്പോലെയാണവര്‍ പെരുമാറുന്നത്. കൂറില്ലാത്ത കര്‍മ്മം. എന്‍റെ സുഹൃത്തെ ! അങ്ങോരാള്‍ക്ക് മാത്രമേ ഈ ദുര്യോധനനെ സ്നേഹിയ്ക്കാനാവൂ ! അങ്ങേന്‍റെ ദൗര്‍ബ്ബല്യമാണ്. യുദ്ധരംഗത്ത് നിന്ന് താങ്കളെ ഒഴിവാക്കേണ്ടി വന്നപ്പോള്‍ ഞാനനുഭവിച്ച ഹൃദയ വേദന. കിടക്കുന്നതിന് മുന്‍പ് ഒരിയ്ക്കലെങ്കിലും താങ്കളുടെ സുന്ദരമുഖം ഓര്‍ക്കാതിരിയ്ക്കാന്‍ എനിയ്ക്ക് കഴിയുന്നില്ല രാധേയാ ! അപ്പോഴെല്ലാം അറിയാതെ എന്‍റെ കണ്ണുനിറയും. താങ്കള്‍ എനിയ്ക്കാരാണ് സുഹൃത്തെ ? മിത്രത്തേക്കാള്‍ താങ്കള്‍ എനിയ്ക്ക് പ്രിയങ്കരനായ കൂടപിറപ്പാണ് ! " ദുര്യോധനന്‍ വികാരാവേശത്തോടെ രാധേയനെ അണച്ചു പുല്‍കി. " സുഹൃത്തെ ! താങ്കളിങ്ങനെ വിഷമിയ്ക്കാതിരിയ്ക്കൂ ! ഞാനൊരു പോംവഴി പറയാം. താങ്കള്‍ പിതാമഹനോട് ആയുധം വെയ്ക്കാന്‍ ആവശ്യപ്പെടുക. അപ്പോള്‍ അങ്ങയ്ക്ക് വേണ്ടി ഞാന്‍ യുദ്ധ രംഗത്ത് വരാം. അങ്ങയുടെ സന്തോഷത്തില്‍ കവിഞ്ഞൊന്നും ഈ രാധേയനില്ല. അങ്ങയുടെ തൃപ്തിക്കൊത്ത വിധം ഞാന്‍ പാണ്ഡവര്‍ക്ക് നേരെ പടനയിക്കാം. ദിവസവും രാത്രി നമുക്കൊരുമിച്ചിരുന്നു യുദ്ധഗതികള്‍ അവലോകനം ചെയ്യുകയും ആവാം.' രാധേയന്‍റെ നിര്‍ദ്ദേശം സ്വീകാര്യമായി തോന്നിയ ദുര്യോധനന്‍ സുഹൃത്തിനെ മടക്കി അയച്ച ശേഷം പിതാമഹന്‍റെ കുടാരത്തിലെയ്ക്ക് നടന്നു.

ദുര്യോധനന്‍ മുത്തച്ഛന്‍റെ കൂടാരത്തിലെത്തി പതിവുപോലെ അദ്ദേഹത്തെ വന്ദിച്ചു. ഭീഷ്മര്‍ തന്‍റെ പുത്രനെ പിടിച്ചരുകിലിരുത്തി. എന്താണ് രാജാവേ ! ഇന്നത്തെ പരാതി നേരിട്ടൂ ചോദിച്ചില്ലെങ്കിലും ഭീഷ്മരുടെ നോട്ടം അത് പ്രകടമാക്കിയിരുന്നു. മുത്തച്ഛന്‍ എനിയ്ക്ക് വേണ്ടി നല്ലവണ്ണം പോരുതുന്നുണ്ടന്നു എനിയ്ക്കറിയാം. പക്ഷേ പാണ്ഡവരില്‍ ആരെങ്കിലും കൊല്ലപ്പെടാതെ യുദ്ധം ഗതിമാറില്ല. മുത്തച്ഛന്‍റെ പാണ്ഡവരോടുള്ള മൃദുസമീപനം എനിയ്ക്കെത്ര നാശം വരുത്തി. എന്‍റെ ഇരുപത്തിനാല് സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. അങ്ങയെപ്പോലെ ശക്തനായ മറ്റൊരു പോരാളി ഇല്ലെന്നു എനിയ്ക്കുറപ്പാണ്. ഒറ്റ ദിവസം കൊണ്ട് അങ്ങെനിയ്ക്ക് ജയം തേടി തരുമെന്ന് ഞാന്‍ വൃഥാ ആശിച്ചു. മുത്തച്ഛന്‍ പാണ്ഡവരെ നേരിടാന്‍ മടിയാണെങ്കില്‍ അങ്ങ് വിശ്രമിച്ചോളു. ഞാന്‍ രാധേയനെ രംഗത്തിറക്കാം. അയാള്‍ എനിയ്ക്ക് വേണ്ടി എന്തും ചെയ്യും" ദുര്യോധനന്‍റെ മുള്‍ വാക്കുകള്‍ ഭീഷ്മരുടെ ഹൃദയം പിളര്‍ത്തി. അദ്ദേഹം ദുര്യോധനനെ തീഷ്ണമായി നോക്കി. എങ്കിലും പ്രതികരണം തികച്ചും സൗമ്യമായിരുന്നു,' എന്‍റെ കുഞ്ഞെ ! ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സ്വഭാവത്തിന്‍റെ ഉടമയാണ് നീ. നിനയ്ക്ക് വേണ്ടി ഒരു യജ്ഞം തന്നെയാണ് ഈ വാര്‍ദ്ധ്യക്യത്തിലും പകലന്തിയോളം ഞാന്‍ നടത്തുന്നത്. ഈ യജ്ഞത്തിന്‍റെ ബലിമൃഗം ഞാന്‍ തന്നെയാണ്. നിനക്ക് നിന്നോടല്ലാതെ ആരോടും സ്നേഹമില്ല. ഒന്ന് ഞാന്‍ തറപ്പിച്ചു പറയുന്നു. പ്രവഞ്ചനാഥനായ കൃഷ്ണന്‍റെ സംരക്ഷണത്തിലുള്ള പാണ്ഡവര്‍ അവധ്യരാണ്. ഞാനെന്നല്ല, നീന്‍റെ രാധേയന്‍ പോലും അവരെ കൊല്ലാന്‍ സാദ്ധ്യമല്ല. വരും വരായ്കകള്‍ അറിഞ്ഞിട്ടും സന്ധിയില്ലാതെ യുദ്ധത്തിനിറങ്ങി തിരിച്ച നിന്നെക്കുറിച്ചു ഏറെ സഹതപിയ്ക്കുന്നു. നീ വിഷമിയ്ക്കാതിരിയ്ക്കൂ ! ഞാന്‍ നാളെ പാണ്ഡവര്‍ക്കെതിരെ ശക്തമായി യുദ്ധം ചെയ്യും നീന്‍റെ മനസ്സിനെ തൃപ്തിപ്പെടുത്തും മട്ടില്‍, അല്ലാതെ ഒരത്ഭുതവും നീ എന്നില്‍ നിന്ന് പ്രതീക്ഷിയ്ക്കേണ്ട. പോയ്ക്കൊള്ളു, പോയി വിശ്രമിയ്ക്കൂ കുഞ്ഞെ !

തൃപ്തിയില്ലാത്ത മനസ്സോടെ ദുര്യോധനന്‍ പിന്‍വാങ്ങി ദുര്യോധനനെ സമാധാനിപ്പിച്ചെങ്കിലും, രാധേയന്‍റെ മനോനില തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. താന്‍ കുന്തീപുത്രനാണന്നു, മാതാവ് തന്നെ അംഗീകരിച്ച നിമിഷം മുതല്‍ അദ്ദേഹം ആകെ മാറിയിരുന്നു. ആ മാറ്റം പ്രിയ സുഹൃത്ത് അറിയരുതെന്ന് രാധേയന്‍ ആശിച്ചു. ഭീഷ്മര്‍ തനിയ്ക്ക് നല്‍കിയ സുവര്‍ണ്ണവസരത്തെ, മനസ്സുപാകപ്പെടുത്താനുള്ള സന്ദർഭമായാണ് രാധേയന്‍ കണക്കിലെടുത്തത്. പാണ്ഡവര്‍ അവധ്യരാണന്നു ഭീഷ്മര്‍ പറഞ്ഞ സത്യം തനിയ്ക്കിന്നു അംഗീകരിയ്ക്കാനാവും പക്ഷെ തന്‍റെ പ്രിയ സുഹൃത്തിന് അതറിയില്ല. അദ്ദേഹത്തിന്‍റെ തൃപ്തിയ്ക്ക് വേണ്ടി എനിയ്ക്ക് സഹോദരങ്ങളോട് യുദ്ധം ചെയ്തെ പറ്റു. ഉറക്കം കണ്‍പോളകളില്‍ തുങ്ങിയിട്ടും, രാധേയനുറങ്ങാനായില്ല

യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം സമാഗതമായി പിതാമഹന്‍ പറഞ്ഞ പോലെ യുദ്ധം ചെയ്‌താല്‍ ഒരു പക്ഷെ, ഇന്നത്തെ കൊണ്ട് ഗതി തനിയ്ക്കുനുകൂലമാകുമെന്ന് ദുര്യോധനന്‍ വ്യാമോഹിച്ചു. അദ്ദേഹം, സൈന്യാധിപനായ ഭീഷ്മരുടെ രക്ഷയ്ക്ക് വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ശിഖണ്ഡിയോട് പിതാമഹന്‍ യുദ്ധം ചെയ്യില്ല. ശിഖണ്ഡി ഭീഷ്മരുടെ നേര്‍ക്കുനേര്‍ വരാത്ത വിധം സൈന്യത്തെ അണിനിരത്തണമെന്നു ദുശ്ശാസനനെ നിഷ്ക്കര്ഷിച്ചു.

ഭീഷ്മര്‍ തന്‍റെ സേനയെ സര്‍വ്വതോ ഭദ്ര മെന്ന വ്യുഹത്തില്‍ ക്രമീകരിച്ചു. ഭീഷ്മര്‍ക്കുവേണ്ട സുരക്ഷ കവചം തീര്‍ത്തുകൊണ്ട് ദ്രോണര്‍, കൃപര്‍, അശ്വത്ഥാമാവ്, ജയദ്രഥന്‍, ധാര്ത്തരാഷ്ട്രര്‍ എന്നിവര്‍ അണിനിരന്നു. ത്രിഗർത്തന്മാരും അർജ്ജുനനു വെല്ലു വിളിയായി മുന്നിൽ നിലയുറപ്പിച്ചു. പാണ്ഡവരുടെ സൈന്യവും ശക്തമായിരുന്നു. യുധിഷ്ഠിരൻ, ഭീമൻ, നകുലസഹദേവന്മാർ മുന് നിരയിൽ നിന്നു. അവരുടെ തൊട്ടു പിന്നിലായി ധൃഷ്ടദ്യുമ്നൻ, സാത്യകി, വിരാടൻ, ചേകിതാനൻ, അർജ്ജുനൻ എന്നിവർ നിന്നു. അവരുടെ പിന്നിലായി ഘടോൽക്കചൻ, കേകയ സഹോദരന്മാർ, ശിഖണ്ഡി, അഭിമന്യു, എന്നിവരും നിലയുറപ്പിച്ചു. യുദ്ധം തുടങ്ങി. പിൻ നിരയിൽ നിന്ന് അഭിമന്യു കൗരവ സൈന്യത്തെ ആക്രമിച്ചു. അദ്ദേഹം കൗരവ വ്യൂഹം തകർത്ത് ഉള്ളിൽ പ്രവേശിച്ചു. സ്വർണ്ണാഭമായ കാന്തിയോടു കൂടിയ ആ യുവ കേസരി തന്റെ യുദ്ധ പാടവം കൊണ്ട് ശത്രു പക്ഷത്തെ നിർവീര്യമാക്കി. തുടർച്ചയായി ശരങ്ങൾ വര്ഷിച്ചുകൊണ്ട് നിന്ന ആ അർജ്ജുന പുത്രൻ, ശരങ്ങൾ കൊണ്ട് തനിക്കു ചുറ്റും ഒരു പ്രഭാമണ്ഡലം തീർത്തു. ശത്രു ആയിട്ട് പോലും ദുര്യോധനൻ അഭിമന്യുവിന്റെ മികവിനെ പുകഴ്ത്തി. "നോക്കൂ അയാൾ അര്ജ്ജുന പുത്രനാണെന്ന് വിളിച്ചറിയിക്കുകയാണ്. പാടവം അപാരം തന്നെ." ഞൊടിയിടയിൽ ദുര്യോധന ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. അദ്ദേഹം അലംബുഷനെ അഭിമന്യുവിനെ നേരിടാനയച്ചു. അലംബുഷൻ അഭിമന്യുവിനെ വെല്ലുവിളിച്ചു. അയാൾ മായ കൊണ്ട് യുദ്ധ ഭൂമിയാകെ ഇരുൾ പരത്തി. അഭിമന്യു വർദ്ധിച്ച കോപത്തോടെ 'സൂര്യാസ്ത്രം' ജപിച്ച് വിട്ട് യുദ്ധ ഭൂമിയിലെ ഇരുട്ടകറ്റി. അഭിമന്യുവിന്റെ അസ്ത്രങ്ങൾ അലംബുഷനെ ഏറെ പീഡിപ്പിച്ചു. അലംബുഷൻ യുദ്ധ ഭുമി വിട്ടോടി. ഭീഷ്മർ അഭിമന്യുവിനെ നേരിട്ടു. യുദ്ധം അതി ശക്തമായി തീർന്നു. കൃപർ, സാത്യകിയെ നേരിട്ടു. സാത്യകിയുടെ അസ്ത്രങ്ങളോട് ചെറുത്തു നില്ക്കാനകാതെ കൃപർ ബോധരഹിതനായി തെര തട്ടിൽ വീണു. അശ്വർത്ഥാമാവ് മാതുലന്റെ സഹായത്തിനെത്തി. സാത്യകി അശ്വർത്ഥാമാവിന്റെ വില്ലും കൊടിയും മുറിച്ചു. പ്രത്യസ്ത്രമായി അശ്വർത്ഥാമാവയച്ച ഘോരാസ്ത്രങ്ങൾ സത്യകിയെ ബോധാരഹിതനാക്കി. ബോധം വീണ്ടെടുത്ത സാത്യകി അശ്വർത്ഥാമാവിനെ ശരങ്ങൾ കൊണ്ടുമൂടി. ദ്രോണർ പുത്രന്റെ സഹായത്തിനെത്തി. സാത്യകിയുടെ വീര്യം ശക്തമായി തുടർന്നു. അർജ്ജുനനൻ ശിഷ്യന് സഹായവുമായെത്തി.

അർജ്ജുനനെ നേരിൽ കണ്ടപ്പോൾ ദ്രോണരുടെ മനസ്സിൽ പുത്ര നിർവിശ്ശേഷമായ വാത്സല്യം ഉടലെടുത്തു. നിമിഷങ്ങൾക്കകം അത് മിന്നി മാഞ്ഞു. - എല്ലാം മറന്നേ തീരു. അർജ്ജുനൻ തന്റെ യോഗ്യനായ എതിരാളി മാത്രമായി അംഗീകരിക്കാൻ ദ്രോണർ മനസ്സ് പാകപ്പെടുത്തി. ദന്ദ്വയുദ്ധം ശക്തമായപ്പോൾ ദ്രോണരുടെ സഹായത്തിനായി, ദുര്യോധനൻ ശുശർമ്മാവിനെ നിയോഗിച്ചു. അർജ്ജുന സഹായവുമായി ധൃഷ്ടദ്യുമ്നനെത്തുമോ എന്ന് രാജാവ് ഭയപ്പെട്ടു. അയാൾ ദ്രോണരുടെ ഘാതകനായി ജന്മമെടുത്തവനാണ്. ശിഷ്യന്റെ അസ്ത്ര പ്രയോഗം കണ്ട് ദ്രോണരുടെ മനസ്സ് മനം കുളിർത്തു. ബ്രാഹ്മണ കുലത്തിൽ പിറന്ന താൻ ക്ഷത്രിയ വൃത്തി സ്വീകരിക്കേണ്ടി വന്ന നിമിഷത്തെ ദ്രോണർ മനസ്സില് ശപിച്ചു. അർജ്ജുനൻ 'വായവ്യാസ്ത്രം' അയച്ചു കൗരവ സൈന്യത്തിൽ ഭയപ്പാട് സൃഷ്ടിച്ചു. ഗുരുവും മടിച്ചു നിന്നില്ല. പ്രത്യസ്ത്രമായി 'ശൈലാസ്ത്രം' അയച്ചു കാറ്റിനെ വശത്താക്കി. ആ ഗുരു ശിഷ്യന്മാർ പരസ്പരം മന്ദഹസിച്ചു.

മറ്റൊരു വശത്ത്‌ യുധിഷ്ഠിരനും ഭീമനും കൂടി ഭീഷ്മരെ നേരിട്ടു. ഭീമൻ ഗദകൊണ്ട് ഭീഷ്മരെ പീഡിപ്പിച്ചു. അപകടം മണത്തറഞ്ഞ ദുര്യോധനൻ മത്ത ഗജങ്ങളെ ഭീമനെ നേരിടാനയച്ചു. ഭീമൻ ഗജ സൈന്യത്തെ നശിപ്പിയ്ക്കാൻ പിൻമാറി.

ഭീഷ്മർ സംഹാരരുദ്രനെ പോലെ ആവേശത്തോടെ ശത്രുനിരയെ തകർക്കാൻ തുടങ്ങി. പാണ്ഡവപക്ഷത്തുള്ള ഏറെ യോദ്ധാക്കൾ ഒത്തൊരുമിച്ചു പ്രതിരോധം സൃഷ്ടിച്ചുപോലും ഭീഷ്മ ശക്തിയെ തളയ്ക്കാൻ അവർക്കായില്ല. ദുര്യോധനനു വേണ്ടി ക്രൂരമായ ഒരു മഹാ യജ്ഞം തന്നെ ഭീഷ്മർ നടത്തി. നിരപരാധികളായ പാണ്ഡവ സൈനികരെ ഒട്ടും കരുണയില്ലാതെ അദ്ദേഹം കൊന്നൊടുക്കി കൊണ്ടിരുന്നു. ത്രിഗർത്തന്മാരെ നേരിടുന്നതിനിടയിൽ അർജ്ജുനനൻ ഭീഷ്മര്ക്ക് നേരെ വരാതിരിക്കാനുള്ള തന്ത്രം ദുര്യോധനൻ മെനഞ്ഞു കൊണ്ടിരുന്നു. യുധിഷ്ഠിരനും ഭീമനും ഭീമർക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്നതിനിടയിൽ തങ്ങളാലാവും വിധം ശത്രു സൈന്യത്തെ നശിപ്പിച്ചു കൊണ്ടിരുന്നു. സേനയുടെ നഷ്ടത്തിൽ ദു:ഖിതനായ രാജാവ് ശല്യരെ പ്രതിരോധം സൃഷ്ട്ടിക്കാൻ ചുമതലയേൽപ്പിച്ചു. അദ്ദേഹത്തിനു നകുല സഹദേവനമാരെയാണ് നേരിടേണ്ടി വന്നത്. ശല്യരെ സംബന്ധിച്ച് അത് വേദനയേറിയ കർമ്മം തന്നെയായിരുന്നു. അറിയാതെ വായിൽ നിന്ന് വീണു പോയ ഒരഭിനന്ദനം ഇത്രയേറെ വിനയുണ്ടാക്കുമെന്നു ആ ധർമ്മിഷ്ടൻ സ്വപ്നേപി ചിന്തിച്ചിരുന്നില്ല. നിയോഗിക്കപ്പെട്ട ദൌത്യം ചെയ്തെ മതിയാകൂ. എന്നാൽ നകുല സഹദേവന്മാർ, ശല്യരെ ഒഴിവാക്കി മറ്റൊരു യുദ്ധ രംഗത്തേക്ക് പിൻമാറി.

വെയിലിന്റെ ചൂടുകൂടും തോറും, ഭീഷ്മ ശക്തിക്ക് കരുത്തു കൂടി. പ്രായത്തെ അതി ജീവിക്കുന്ന അസ്ത്ര പ്രയോഗം ഏവരും കണ്ണിമയ്ക്കാതെ ആ വൃദ്ധനെ തന്നെ നോക്കി നിന്നു. പാണ്ഡവ സൈന്യത്തിന്റെ ഭയാനകമായ കുറവ് കൃഷ്ണന്റെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം അർജ്ജുനനോട് പറഞ്ഞു " ഭീഷ്മർ നിങ്ങൾ അഞ്ചുപേർ ഒഴികെയുള്ള പാണ്ഡവ സൈന്യം മുഴുവൻ ഭസ്മീകരിക്കാനുള്ള തീവ്രയത്നത്തിലാണ്. ഉടനെ എന്തെങ്കിലും ചെയ്തെ പറ്റു. ഭീഷ്മരുടെ മരണത്തോടെ മാത്രമേ യുദ്ധ ഗതി മാറു. മടിയ്ക്കാതെ ഉണർന്നു പ്രവർത്തിക്കൂ കൗന്തേയാ ! "

യുദ്ധാരംഭാത്തിലുണ്ടായ വിഷാദവും ആലസ്യവും വീണ്ടും അർജ്ജുനനെ പിടികൂടി. "കൃഷ്ണാ! സ്വജന ഹത്യ പാപമാണ്. പാപ കർമത്തിലൂടെ നേടിയെടുക്കുന്ന വിജയം എനിയ്ക്ക് നരകമാണ് പ്രദാനം ചെയ്യുക. എന്റെ പ്രിയപ്പെട്ട പിതാമഹനെ ഞാൻ എങ്ങനെയാണ് കൊല്ലുക? എങ്കിലും രഥം മുന്നോട്ടു നയിക്കൂ കൃഷ്ണാ ! മന്ദിച്ച മനസാണെങ്കിലും ഞാൻ ദുഃഖത്തോട് കൂടി എന്റെ ചുമതല നിർവഹിക്കാം ! " തന്റെ എതിരെ വന്ന അർജ്ജുനനെ അഭിനന്ദിക്കും പോലെ ഭീഷ്മർ ആരവം മുഴക്കി. അർജ്ജുനൻ ആർക്കോ വേണ്ടി ഇടതടവില്ലാതെ അസ്ത്രപ്രയോഗം നടത്തി. പക്ഷെ, അതൊന്നും ശത്രു പക്ഷത്തെ ചെറുതായി പോലും പോറലേൽപ്പിച്ചില്ല. ഏറെ താമസിയാതെ പാണ്ഡവ സേന ഭീഷ്മരാൽ ഭസ്മീകരിക്കുമെന്നു തോന്നിയ കൃഷ്ണൻ കോപകുലനായി. അദ്ദേഹം കുതിരകളുടെ കടിഞ്ഞാണ്‍ വലിച്ചെറിഞ്ഞു. തേർതട്ടിൽ നിന്നും ചാടിയിറങ്ങിയ കൃഷ്ണന്റെ കയ്യിൽ ചക്രായുധം കാണപ്പെട്ടു. ചക്രായുധം ചുഴറ്റിക്കൊണ്ട് ക്രോധാവേശത്തോടെ അദ്ദേഹം ഭീഷ്മർക്കു നേരെ ചെന്നു. " ഭീഷ്മർ വധിയ്ക്കപ്പെട്ടു! !. ഏവരും ഒരേ ശബ്ദത്തിൽ ഉത്ഘോഷിച്ചു. പക്ഷെ, ഭീഷ്മരുടെ മുഖം തീർത്തും ശാന്തമായിരുന്നു. കോപിഷ്ടനായി, തന്റെ നേരെ പാഞ്ഞടുത്ത മാധവന്റെ മുന്നിൽ പ്രശാന്തമായ മനസ്സോടെ ഭീഷ്മർ പ്രതികരിച്ചു. " വരിക ! ദ്വാരകനാഥാ ! ഈ ഒരു നിമിഷത്തിനായി ഞാൻ എത്ര നാളായി കാത്തിരിക്കുന്നു. അങ്ങെന്നെ സംസാര ബന്ധത്തിൽ നിന്നും മോചിപ്പിച്ചാലും. അങ്ങയാൽ ഒരിക്കൽ വീണു കിട്ടിയ ഈ ജന്മം വീണ്ടും ഈ വൃദ്ധൻ അങ്ങേയ്ക്ക് മുന്നില് കാണിയ്ക്കയായി അർപ്പിക്കുന്നു.

ഭയപ്പാടോടെ ഞെട്ടിയുണർന്ന അർജ്ജുനൻ രഥത്തിൽ നിന്ന് മറിഞ്ഞു വീണു. ആ വീഴ്ച ഭഗവാന്റെ കാൽ ചുവട്ടിലായിരുന്നു. അദ്ദേഹം ആ കാൽ പാദങ്ങളിൽ വീണു കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു. കൃഷ്ണൻ അർജ്ജുനന്റെ പിടി വിടിവിയ്ക്കുന്ന ശ്രമത്തിൽ ഏറെ ക്രുദ്ധനായി കാണപ്പെട്ടു. ഉഗ്ര വിഷമുള്ള സർപ്പത്തിന്റെ ചീറ്റൽ പോലെ അത് ഭയാനകമായിരുന്നു. കൃഷ്ണ പദങ്ങൾ കണ്ണീർ കൊണ്ട് പാർത്ഥൻ നനച്ചു. " അരുതേ കൃഷ്ണാ !! അങ്ങതു ചെയ്യരുത്. ലോകം അസത്യവാദിയെന്നു അങ്ങയെ വിലയിരുത്താൻ ഞാനനുവദിയ്ക്കില്ല. അങ്ങയുടെ യശസ്സിനു ഒരിക്കലും കളങ്കം വരരുത്. ഞാൻ എന്റെ മൗഢ്യം ഉപേക്ഷിക്കുന്നു. കൃഷ്ണാ ! അങ്ങ് ഉപദേശിച്ചതെല്ലാം ഞാൻ വീണ്ടും ഓർമ്മയിൽ വരുത്തിയിരിക്കുന്നു. വരൂ ! മാധവാ ! വന്നീ പാർത്‌ഥന്റെ ചെമ്മട്ടി ഏ ന്തിയാലും. നമ്മുടെ മൈത്രിയുടെ പേരിലും സത്യത്തിന്റെ പേരിലും ഞാനിതാ ശപഥം ചെയുന്നു. ഇനി ഒരു മൗഢ്യവും അർജ്ജുനനെ ബാധിയ്ക്കില്ല .

കൃഷ്ണൻ മനസ്സാ സന്തോഷിച്ചെങ്കിലും തേരിലേക്ക് മടങ്ങിയ കൃഷ്ണ മുഖാംബുജം തെളിഞ്ഞിരുന്നില്ല. അർജ്ജുനൻ ഭീഷ്മർക്കെതിരെ ശക്തമായി പോരാടി. കൗരവ സൈന്യത്തിന് നല്ല രീതിയിൽ നാശം വരുത്തി. സൂര്യാസ്തമയത്തോടെ ഒൻപതാം ദിവസ യുദ്ധം തീർന്നു. കരുത്തനായ ഭീഷ്മരുടെ സംഹാര താണ്ഡവത്തിനു തടയിടേണ്ട വഴിയെ പറ്റിയാണ് പാണ്ഡവരേവരും ചിന്തിച്ചത്. അവർ കൃഷ്ണനുമായി കൂടിയാലോചിയ്ക്കാൻ ഒരുമ്പെട്ടു.

യുധിഷ്ഠിരൻ പറഞ്ഞു. " പ്രഭോ ! യുദ്ധത്തിന്റെ ഗതിയിൽ ഞാനത്യന്തം വ്യാകുലനാണ്. മുത്തച്ഛൻ യുദ്ധക്കളത്തിൽ അക്ഷരാർഥത്തിൽ തീ മഴ പൊഴിയിക്കുകയാണ്. ഒരു പരിധിയിൽ കൂടുതലൊന്നും ചെയ്യൻ കഴിയാതെ ഞങ്ങൾ കുഴങ്ങുകയാണ് കൃഷ്ണാ ! ഈ യുദ്ധം പാണ്ഡവ വിനാശമാകുമോ എന്നുപോലും ഞാൻ ഭയക്കുകയാണ്. അർത്ഥ ലാഭത്തേക്കാൾ, അർത്ഥം ത്യജിച്ചുള്ള വനവാസമാണ് കാമ്യം. ഒന്നും വേണ്ടായിരുന്നു, പക്ഷെ തുടങ്ങിപ്പോയ യജ്ഞം പൂർത്തീകരിച്ചല്ലേ പറ്റു. ഒന്ന് നിർത്തിയിട്ടു ഗദ്ഗദ കണ്ഠനായി യുധിഷ്ഠിരൻ വീണ്ടും പറഞ്ഞു. എന്റെ സഹോദരങ്ങൾ, ദ്രൗപതി മുതലായവർ എത്ര മാത്രം ദു:ഖിയ്ക്കുന്നു. അവർ ക്ക് വേണ്ടിയാണ് ഈ നീക്കം നടത്തിയത്. ക്ഷത്രിയ ധർമ്മം തന്നെ കൊല്ലും കൊലയുമല്ലേ? ഭീഷ്മരെ വീഴ്ത്താനുള്ള ഏതെങ്കിലും തന്ത്രം നിർദ്ദേശിക്കൂ കൃഷ്ണാ ! ശരണാഗതനായ അങ്ങേയ്ക്ക് മാത്രമേ പാണ്ഡവരെ രക്ഷിക്കാനാകൂ.

കൃഷ്ണൻ ഏറേ അനുകമ്പയോടെ യുധിഷ്ഠിരനെ നോക്കി. " യുധിഷ്ഠിരാ ! അങ്ങ് നിരാശയ്ക്ക് ഇടം കൊടുക്കരുത്. അങ്ങയ്ക്കു അങ്ങയുടെ സഹോദരന്മാരുണ്ട്. പിന്നെ ഈ ഞാൻ തന്നെ നിങ്ങളുടെ കൂടെയില്ലേ ? ഭീഷ്മരോടുള്ള സ്നേഹം മൂലം അദ്ദേഹത്തെ അർജ്ജുനൻ പോലും പൂർണ മനസ്സോടെ നേരിടുന്നില്ല. നിങ്ങൾക്ക് വേണ്ടി ഞാൻ അതും ചെയ്യും. ഭീഷ്മരെ ഏവരുടെയും മുന്നിൽ വെച്ച് ഞാൻ വധിയ്ക്കും. നിങ്ങളുടെ നന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വെച്ചതാണീ കൃഷ്ണ ജന്മം. നിങ്ങളുടെ ശത്രുക്കൾ എന്റെയും ശത്രുക്കളാണ്. മിത്രങ്ങൾ എനിയ്ക്കും മിത്രങ്ങളാണ്. കാരണം ഞാൻ സത്യത്തിനും ധർമത്തിനും വേണ്ടി നില കൊള്ളുന്നു. അർജ്ജുനൻ എനിയ്ക്ക് പ്രിയനാണ്. അദ്ദേഹത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും. അത് പോലെ ഈ സവ്യസാചിയുടെ ഓരോ തുടിപ്പും കൃഷ്ണനവകാശപ്പെട്ടതാണ്.അത്രമാത്രം അഭേധ്യമാണ് ഞങ്ങളുടെ ബന്ധം. കൗരവ സന്ദേശവുമായി യുദ്ധത്തിനു മുന്നിലെത്തിയ ഉലൂകൻ വഴി അർജ്ജുനനൻ പ്രതി സന്ദേശം കൊടുത്തു വിട്ടിരുന്നു. " യുദ്ധത്തിൽ ഭീഷ്മരെ താൻ ആദ്യം തന്നെ വധിയ്ക്കും എന്ന്. " ആ ശപഥം വ്യർത്ഥമായിക്കൂടാ. അർജ്ജുനനു വേണ്ടി ഞാൻ ആ കൃത്യം ചെയ്യും. അല്ലാത്ത പക്ഷം, അർജ്ജുനൻ ആ യജ്ഞത്തിന്‌ വേണ്ടി മനസ്സിനെ ദൃഢമായി സജ്ജമാക്കുക. നിവാത കവചൻമാരെയും, കലകേകന്മാരെയും ഒറ്റയ്ക്ക് നേരിട്ട കിരീടിയ്ക്ക് അസാദ്ധ്യമായി ഒന്നുമില്ല. ഭീഷ്മനെ വധിയ്ക്കാൻ കഠിന ശ്രമത്തിന്റെ ആവശ്യം ഒട്ടും തന്നെ ഇല്ല. സ്വന്ത ബന്ധങ്ങളും കടുത്ത ബഹുമാനവുമാണ് അദ്ദേഹത്തിനു തടസ്സം. ഞാനെത്രയോ ഉപദേശിച്ചു. അപ്പോഴെല്ലാം എന്നോട് പറയും ഇനി ഒരു മൗഢ്യവും എന്നെ ബാധിക്കില്ല കൃഷ്ണാ! അങ്ങ് പറയും പോലെ ക്ഷത്രിയ ധർമ്മം നിറവേറ്റാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്. എന്നാൽ ഞാൻ മനസ്സിലാക്കുന്നു. നിങ്ങളിലെ നന്മയാണ് നിങ്ങളെ പിന് തിരിപ്പിയ്ക്കുന്ന ഘടകം. നിങ്ങള്ക്ക് ഒരു നല്ല കൊലയാളി ആകാനുള്ള മനക്കരുത്തില്ല. എനിയ്ക്ക് അത് വേണ്ടുവോളമുണ്ട്.അത്തരത്തിൽ ഞാനെന്റെ മനസ്സിനെ പാകപെടുത്തിയിരിക്കുന്നു. എനിക്ക് സുഖവും, ദു:ഖവും, നന്മയും, തിന്മയും, ശരി തെറ്റ് എല്ലാം ഒരു പോലെയാണ്. ഞാൻ ബന്ധവിമുക്തനാണ്. എനിക്ക് സിംഹവും മാനും ഒരു പോലെയാണ്. എന്റെ കർത്തവ്യത്തിൽ മാത്രം ഞാൻ ശ്രദ്ധിക്കുന്നു. അതിന്റെ ശുഭാശുഭ ഫലങ്ങൾ എന്നിൽ നിന്ന് എത്രയോ അകലെയാണ്. അതിനാൽ സ്തുതിയും നിന്ദയും എനിക്ക് ബാധകമല്ല. ഞാൻ സ്വതന്ത്രനാണ്, മുക്തന്നാണ്. അങ്ങനുവദിച്ചാൽ ഭീഷ്മരുടെ മരണം ഞാനുറപ്പാക്കും. അതിന്റെ പാപം എന്നെ സ്പർശിക്കുക പോലുമില്ല." കൃഷ്ണൻ നിറുത്തി, നിശബ്ദനായി നില കൊണ്ടു.

ഗദ്ഗദ കണ്ഠനായ യുധിഷ്ഠിരൻ തൊഴുകൈയ്യോടെ കൃഷ്ണനു സമീപം അദ്ദേഹത്തെ സ്പർശിച്ചിരുന്നു."ജഗദീശ്വരാ ! അങ്ങയ്ക്കു കഴിയാത്തതായി ഒന്നും ഈ പ്രപഞ്ചത്തിലില്ലെന്നു എനിക്കറിയാം. സർവ്വതിന്റെയും കാര്യവും, കാരണവും, കർത്താവും അങ്ങ് തന്നെയാണ്. അങ്ങ് വിശ്വത്തിന്റെ ആദിയും അന്ത്യവുമാണ്. പ്രപഞ്ചത്തിൽ വസിക്കുന്ന അങ്ങ് പ്രാപഞ്ചിക ജീവിതത്തിൽ നിന്നും തീർത്തും മുക്തനാണെന്നും അറിയുന്നു. അങ്ങ് സ്വന്തം കൈ കൊണ്ട് ഞങ്ങളെ രക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അങ്ങ് അർജ്ജുന സാരഥി മാത്രമല്ല. ഞാനുൾപ്പെടെയുള്ള പ്രപഞ്ചത്തിന്റെ സാരഥിയാണ്. ഇത്രയും ഞങ്ങൾക്കുവേണ്ടി കരുണയോടെ തീരുമാനമെടുത്ത അങ്ങയുടെ വാക്കുകൾ അസത്യയമായി തീരാൻ ഞാൻ അനുവദിയ്ക്കില്ല. ആ ഒരു കളങ്കം അങ്ങയുടെ മേൽ പതിയ്ക്കുന്നത് എനിക്ക് മരണ തുല്യമാണ്. യുദ്ധത്തിൽ ആയുധം എടുക്കില്ല എന്ന അങ്ങയുടെ വാക്ക് എന്നും സത്യമായിരിക്കണം. ഭീഷ്മ വധത്തിനു നമുക്ക് മറ്റൊരു വഴി കണ്ടെത്താം. " അൽപ നിമിഷത്തെ മൗനത്തിനു ശേഷം യുധിഷ്ഠിരൻ പറഞ്ഞു. കൃഷ്ണാ! എന്റെ മനസ്സിൽ ഒരു മാർഗ്ഗം തെളിയുന്നു. അന്ന് യുദ്ധാരംഭദിവസം ഞാൻ മുത്തച്ഛന്റെ അനുഗ്രഹത്തിന് വേണ്ടി ചെന്നപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. " ദുര്യോധനന്റെ അടിത്തൂണ്‍ പറ്റുന്ന സെവകനായതു കൊണ്ട് മാത്രം, യുദ്ധത്തിൽ അയാൾക്കുവേണ്ടി എന്റെ കർത്തവ്യം നിർവഹിച്ചേ പറ്റു. അദ്ദേഹം മനസ്സുകൊണ്ട് ഞങ്ങളെയാണ് ഏറെ സ്നേഹിക്കുന്നത്. നമുക്ക് അദ്ദേഹത്തിൻറെ അടുത്ത് ചെല്ലാം. തന്നെ കൊല്ലാനുള്ള പോം വഴി അദ്ദേഹത്തിനോട് തന്നെ നേരിട്ട് ചോദിക്കാം. തീർച്ചയായും അദ്ദേഹത്തിനത്‌ സ്വാഗതാർഹമായിരിക്കുമെന്നു എന്റെ എളിയ ബുദ്ധി ഉപദേശിക്കുന്നു. കൃഷ്ണാ അങ്ങീ ദാസന്റെ അഭിപ്രായത്തോട് യോജിക്കുകയാണെങ്കിൽ നമുക്കൊരുമിച്ചു മുത്തച്ഛന്റെ അടുക്കൽ പോകാം."

അവർ ഏവരും ഇരുളിന്റെ മറവിൽ ഭീഷ്മരുടെ ശിബിരം ലക്ഷ്യമാക്കി നടന്നു. ആ സമയം കൂരിരുട്ടാൽ ദുര്യോധന ശിബിരം നിശബ്ദമായിരുന്നു. ഏവരും ഗാഢ നിദ്രയിലായിരുന്നു. തന്റെ കാല്ക്കൽപ്രണമിച്ച പേരക്കുട്ടികളെ ഭീഷ്മർ സ്നേഹപൂർവ്വം പിടിച്ചരികിലിരുത്തി. "വരൂ ! കൃഷ്ണാ ! അങ്ങയെ കണ്ടു ഈ ഭക്തന അതീവ സന്തുഷ്ടനായിരിക്കുന്നു." കൃഷ്ണൻ അകത്തു കടന്നിരുന്നു. പിതാമഹാൻ തന്റെ പേരക്കുട്ടികളുടെ യുദ്ധ പാടവത്തെ പേരെടുത്തു പറഞ്ഞ് അഭിനന്ദിച്ചു. അർജ്ജുനന്റെ കഴിവിനെ ക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായി. അദ്ദേഹം ചോദിച്ചു. " കുട്ടികളെ ! നിങ്ങൾ ഈ കൂരിരുട്ടിൽ മുത്തച്ഛനെ തേടി എത്തിയതെന്തിനാണ്? എന്നിൽ നിന്ന് എന്തോ നിങ്ങൾ ആഗ്രഹിക്കുന്നു പറയൂ. " യുധിഷ്ഠിരൻ ശിശുസഹാജമായ നൈർമല്യത്തോടെ തന്റെ പിതാമഹനോട് അന്വേഷിച്ചു. "മുത്തച്ഛാ !അങ്ങ് 'വിജയീഭവ ! ' എന്ന് എന്നെ ആശംസിച്ചല്ലോ - അങ്ങയുടെ വാക്കുകള വ്യർത്ഥമാകില്ലെന്നു എനിയ്ക്കുറപ്പാണ്. എങ്കിലും ഇന്നത്തെ അങ്ങയുടെ പോരാട്ട വീര്യം ഞങ്ങളുടെ പ്രീതിക്ഷയ്ക്കു മങ്ങലേല്പിയ്ക്കുന്നു. ഞങ്ങളെ ഈ വിഷമ വൃത്തത്തിൽ നിന്ന് കരകേറ്റാൻ അങ്ങയ്ക്കു മാത്രമേ ആകൂ. " വാർദ്ധ്യക്യത്താൽ ചുളിഞ്ഞ കൈകൾ കൊണ്ട് അദ്ദേഹം തന്റെ കൊച്ചു മക്കളുടെ ശിരസ്സിൽ തലോടി. " കുഞ്ഞേ ! നിങ്ങള്ക്ക് എന്ത് ഈ മുത്തച്ഛനോട് ചോദിക്കാം. ജീവന കളഞ്ഞും ഞാനത് നിങ്ങൾക്ക് നേടിത്തരും. അത്രമേൽ എനിയ്ക്കെന്റെ കുട്ടികൾ പ്രിയപ്പെട്ടവരാണ്. "

" പിതാമഹാ അങ്ങ് യുദ്ധ രംഗത്ത് തുടരുന്ന അത്രയും നാൾ ഞങ്ങൾക്ക് ജയം മരീചികയാണ്. അങ്ങയുടെ പതനം ഞങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാനാകും ? യുദ്ധം ഞങ്ങൾക്ക് ജയിച്ചേ തീരു. ഒരു ശപഥവും വ്യർത്‌ഥമായിക്കൂടാ.. "തന്റെ പാദത്തിൽ വീണ യുധിഷ്ഠിരന്റെ അശ്രുക്കളുടെ നനവ്‌ ഇരുളുകളിലും ഭീഷ്മരറിഞ്ഞു.

" കുഞ്ഞേ ! എനിയ്ക്ക് ജീവിക്കാനുള്ള മോഹം എന്നെ നശിച്ചു. സ്വച്ഛന്ദമൃത്യു ആയ എന്നെ കൊല്ലാൻ ആരാലും സാധ്യമല്ല. എന്റെ അച്ഛൻ എനിയ്ക്ക് നല്കിയ വര ബലം അത്ര ദൃഢമാണ്. അതിനു വേണ്ടി തന്റെ തപശക്തി മുഴുവൻ ആ സാധു അർപ്പിച്ചിരുന്നു. എന്നാലും നിങ്ങൾക്കത് സാധിയ്ക്കുമെങ്കിൽ ഞാൻ കൃതാർത്ഥനാണ്. " തന്നെ തന്നെ നോക്കി നിന്ന കൊച്ചുമക്കളുടെ മനസ്സ് വായിച്ചറിഞ്ഞ ഭീഷ്മർ പറഞ്ഞു. " എന്നെ വീഴ്ത്താൻ കഴിവുള്ള രണ്ടു പേരെ ഈ ഭൂമിയിലുള്ളൂ. ഒന്ന് ഉത്തമ പുരുഷനായ കൃഷ്ണൻ, മറ്റയാൾ അർജ്ജുനൻ. " ഭീഷ്മർ അർജ്ജുനനെ പിടിച്ചു മടിയിലിരുത്തി. "എന്റെ കുഞ്ഞേ ! എനിയ്ക്ക് നേരെ വരുമ്പോൾ എന്തുകൊണ്ട് നിന്റെ ലക്‌ഷ്യം പിഴയ്ക്കുന്നു ? ഞാൻ ശപിയ്ക്കുമെന്ന ഭയമാണോ ? അതൊരിയ്ക്കലുമില്ല. പറ്റുമെങ്കിൽ നാളെ തന്നെ നീ എന്നെ സംസാര ബന്ധത്തിൽ നിന്ന് വിമുക്തനാക്കൂ. എനിയ്ക്ക് ജീവിതം അത്രമേൽ മടുത്തിര്യ്ക്കുന്നു പുത്രാ ! "താൻ പെട്ടെന്ന് ഒരു ശിശുവായപോലെ അർജ്ജുനനു അനുഭവപ്പെട്ടു. ശതശ്രുംഗത്തിൽ നിന്നെത്തിയ കുട്ടികളായ ഞങ്ങളെ മടിയിലിരുത്തി താലോലിച്ച ' ഈ കൈകൾ' ശാഠ്യം പിടിയ്ക്കുമ്പോൾ, ഈ നെഞ്ചിലെ ചൂടിൽ പലപ്പോഴും താൻ പരിസരം മറന്നു ഉറങ്ങിയിട്ടുണ്ട്. ഒരുൾ പ്രേരണ പോലെ അർജ്ജുനൻ ഭീഷ്മരുടെ വക്ഷസ്സിൽ തല ചായ്ച്ചു.

" കുഞ്ഞേ ! ഞാൻ യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആർക്കും എന്നെ വധിയ്ക്കാനകില്ല. ഞാൻ ആയുധം വെക്കുമ്പോൾ നിങ്ങൾക്കെന്നെ കൊല്ലാം. നാളെ നിങ്ങൾ ശിഖണ്ഡിയെ പുരസ്കരിച്ച് ( മുമ്പിൽ നിർത്തി ) എന്നോട് യുദ്ധം ചെയ്യുക. അപ്പോൾ ഞാൻ ആയുധം വെയ്ക്കും. ശിഖണ്ഡി സ്ത്രീ ആയി ജന്മമെടുത്ത പുരുഷനാണ്. അങ്ങനെയുള്ള ഒരാളോട് ഞാൻ യുദ്ധം ചെയ്യില്ല. സ്ത്രീയുടെ പേരുള്ള പുരുഷനോടോ, സ്ത്രീ പ്രുകൃതിയുള്ള പുരുഷനോടോ ഞാൻ ഒരിയ്ക്കലും യുദ്ധം ചെയ്യില്ല. ശിഖണ്ഡി ശങ്കര വര പ്രസാദത്താൽ എന്നെ കൊല്ലാൻ വേണ്ടി ജനിച്ച അംബയാണ്. അംബയ്ക്ക് ഒരു ജീവിതം നല്കാൻ എന്റെ പ്രതിജ്ഞ എനിയ്ക്ക് വിലക്കായി. എന്നാൽ അംബയ്ക്കതുൾ കൊള്ളാനയില്ല. അവളുടെ മനസ്സിലെ പക ഇപ്പോഴും ശിഖണ്ഡി രൂപത്തിൽ എന്നെ വേട്ടയാടുന്നു. കാമം വെറുപ്പിനു വഴി മാറിയപ്പോൾ അത് മരണത്തിലേക്കുള്ള പാതയായി. എന്റെ ലൗകിക ബന്ധ മുക്തി അംബ ആഗ്രഹിക്കുന്നു. അതവൾക്ക്‌ നല്കിയെ പറ്റു - കൊടുക്കാൻ ഞാൻബാദ്ധ്യസ്ഥനും. നാളെ തന്നെ നിങ്ങൾ ശിഖണ്ഡിയെ എന്നെ മുന്നിലെത്തിക്കാനുള്ള വഴി കണ്ടെത്തുക. ലോക നാഥനയുള്ള കൃഷ്ണന്റെ സംരക്ഷണയില്ലുള്ള നിങ്ങൾ ഒരിക്കലും പരാജയപ്പെടില്ല." മനസ്സിന്റെ ഭാരമിറക്കിയ സന്തോഷത്തോടെ ഭീഷ്മർ കൊച്ചു മക്കളെ ആശിർ വദിച്ചു. അഭൗമമായ ഒരു കാന്തി ആ നിമിഷം ഭീഷ്മരുടെ മുഖത്തു ദർശിച്ച കൃഷ്ണൻ അദ്ദേഹത്തോട് ചോദിച്ചു. " ഇപ്പോൾ അങ്ങയ്ക്കു തൃപ്തിയായില്ലേ ? ഈ ലോകത്ത് അങ്ങയ്ക്കിനി ജനിയ്ക്കണ്ടി വരില്ല. കുരുവംശത്തിനെ അലങ്കരിച്ച ഏറ്റവും വലിയ മഹാനായി ലോകം അങ്ങയെ വാഴ്ത്തും. " ഭീഷമാർ കൃഷ്ണനെ നോക്കി കൈകൂപ്പി. " എല്ലാം അവിടത്തെ കൃപാ കടാക്ഷം ! "

പാണ്ഡവർ തരിച്ചു ശിബിരത്തിലെത്തി. ഹൃദയ ബന്ധങ്ങളിൽ നിന്നു മുകതനായ അർജ്ജുനൻ വീണ്ടും കൃഷ്ണനോട് തിരക്കി കൃഷ്ണാ! ഞാനങ്ങനെ ചെയ്യുന്നത് ശരിയാണോ? ഒരു വിജയമായി എനിക്ക് പിതാമഹന്റെ വധം കാണാന്‍ കഴിയുമോ? കൃഷ്ണന്റെ മുഖം ഗൌരവപൂര്‍ണ്ണമായി. അങ്ങൊരു ക്ഷത്രിയനാണ്. ക്ഷത്രിയന്‍ സ്വന്തബന്ധങ്ങള്‍ക്ക്‌ അധീനനാകരുത്‌. ശത്രുവിനെ ഏതു വിധേനയും കീഴ്പ്പെടുത്തുക. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും. ഭീഷ്മരുടെ ഘാതകനായി എന്നേ അര്‍ജ്ജുനന്‍ തീരുമാനിയ്ക്കപ്പെട്ടു കഴിഞ്ഞു. ഇനി അതു നടപ്പാക്കുക മാത്രമേ വേണ്ടൂ നാളെ തന്നെ താങ്കള്‍ അതു ചെയ്തിരിയ്ക്കും" അര്‍ജ്ജുനന്‍ കൃഷ്ണനെ പ്രണമിച്ചു " പ്രഭോ! അങ്ങു പറയുന്നതിനപ്പുറം ഈ പാര്‍ത്ഥനൊന്നുമില്ല."

പത്താം ദിവസത്തെ യുദ്ധം സമാരംഭിച്ചു. കൌരവ സൈന്യത്തെ അസുരവ്യൂഹത്തിലും പാണ്ഡവ സൈന്യത്തെ യുധിഷ്ഠിര നിര്‍ദ്ദേശ പ്രകാരം ദേവവ്യൂഹത്തിലും അണിനിരത്തി. തലേ രാത്രിയിലെ ഭീഷ്മരുടെ വെളിപ്പെടുത്തലിന്‍റെ പ്രതിഫലനമെന്നോണം പാണ്ഡവര്‍ ശിഖണ്ഡിയെ മുന്‍നിരയില്‍ നിറുത്തി. തൊട്ടുപിന്നില്‍ വശങ്ങളില്‍ അര്‍ജ്ജുനനും ഭീമനും. അതിനു പിന്നില്‍ ധൃഷ്ടദ്യുമ്നനും, സാത്യകിയും അതിനു പിന്നിലായി യുധിഷ്ഠിരന്‍, നകുലസഹദേവന്മാരും, ദ്രുപദപുത്രന്മാരും അണിനിരന്നു. ഭീഷ്മരുടെ മുഖത്ത്‌ അസാമാന്യമായ ഒരു തേജസ്സ്‌ ദ്രോണരും, ദുര്യോധനനും കണ്ടു. ദ്രോണര്‍ വരാന്‍ പോകുന്ന ആപത്തിന്റെ തുടക്കമായി അതിനെ വിലയിരുത്തിയപ്പോള്‍, ദുര്യോധനന്‍ പിതാമഹന്‍ ഇന്ന് തനിയ്ക്ക് ജയം വരുത്തുമെന്ന് ഉറച്ചു വിശ്വസിച്ചു. അദ്ദേഹം ദുശ്ശാസനനുള്‍പ്പെടെയുള്ള പ്രമുഖരെ ഭീഷ്മരെ സംരക്ഷിയ്ക്കുന്നതിനു നിയോഗിച്ചു.

ശിഖണ്ഡി ഭീഷ്മരെ പോരിനു വിളിച്ചു അദ്ദേഹത്തെ നിന്ദിച്ചു കൊണ്ട് ഭീഷ്മര്‍ പറഞ്ഞു. അങ്ങിപ്പോള്‍ പുരുഷനായിരിക്കും; എന്നാല്‍ ജന്മം കൊണ്ട് താങ്കള്‍ ദ്രുപദ പുത്രിയാണ്. ഞാന്‍ ഒരു സ്ത്രീയോട് യുദ്ധം ചെയ്യില്ല. അതിനാല്‍ താങ്കളുടെ പോര്‍വിളി എനിയ്ക്ക് സ്വീകാര്യമല്ല." ശിഖണ്ഡി കോപാകുലനായി. വില്ലാളികളില്‍ വെച്ച് ശ്രേഷ്ഠനാണ് ഭീഷ്മര്‍. എന്നാല്‍ അങ്ങു പോലും അറിയാതെ ഒരു സ്ത്രീയുടെ ജന്മദുഖം അങ്ങയെ പിന്തുടരുന്നുണ്ട്. കാശിരാജാവിന്‍റെ പുത്രിയായ അംബ, അവരുടെ നിസ്സഹായതയെക്കാള്‍ അങ്ങ് വില കല്പിച്ചത് സ്വന്തം പ്രതിജ്ഞയ്ക്കാണ്. അങ്ങയുടെ വധത്തിലൂടെ മാത്രമേ എന്‍റെ ജന്മ ദൗത്യം നിറവേറു എനിയ്ക്ക് ആത്മ സംതൃപ്തി വേണം. അങ്ങയോടൊരു ദന്ദ്വയുദ്ധം നടത്താന്‍ ഞാന്‍ വളരെ വര്‍ഷങ്ങളായി തയ്യാറെടുപ്പ് നടത്തുകയാണ്. എന്‍റെ കയ്യാല്‍ ഞാന്‍ അങ്ങയ്ക്ക് മൃത്യു വാങ്ങിത്തരുന്നുണ്ട് അതിലൂടെ വൃണപ്പെട്ട എന്‍റെ സ്ത്രീത്വത്തിന്‍ ആത്മ തൃപ്തിയും.

അഞ്ചു മൂർച്ചയേറിയ അസ്ത്രങ്ങളയച്ചു ശിഖണ്ഡി ഭീഷമരുടെ ദേഹം മുറിപ്പെടുത്തി. കാമദേവന്‍റെ അഞ്ചു പൂവമ്പുകള്‍ അംബ തന്‍റെ മാറിലേയ്ക്ക് വീഴ്ത്തിയ പോലെയാണ് ഭീഷ്മര്‍ക്കനുഭവപ്പെട്ടത്. അര്‍ജ്ജുനന്‍ ശിഖണ്ഡിയുടെ അടുത്തുവന്നു. " നോക്കൂ ! താങ്കളുടെ പോര്‍വിളി ഭീഷ്മര്‍ നിരാകരിയ്ക്കുന്നതിനാല്‍ അങ്ങയ്ക്കുവേണ്ടി ഞാനാകൃത്യം ചെയ്തു അങ്ങയെ സന്തോഷിപ്പിയ്ക്കുന്നുണ്ട്. അങ്ങ് ഭീഷ്മരെ കഴിയുന്നത്ര വിധത്തില്‍ പീഡിപ്പിയ്ക്കുക. " അദ്ദേഹത്തിന്‍റെ ദൃഷ്ടിയില്‍ നിന്ന് ഒരിയ്ക്കലും ഒഴിഞ്ഞു മാറരുത്. ഇതു ഒരവസാനത്തിന്‍റെ ആരംഭമായി കരുതുക. ശിഖണ്ഡിയെ പുതിയ ദൗത്യം ഏല്പിച്ച് അര്‍ജ്ജുനന്‍ തന്‍റെ കീഴിലുള്ള യോദ്ധാക്കളോടൊന്നിച്ച് കൗരവസൈന്യത്തെ ഭീഷ്മരില്‍ നിന്നകറ്റാനുള്ള ശ്രമത്തിലേര്‍പ്പെട്ടു. പിതാമഹന് ആപത്ത് പിണയുന്നതിന്‍റെ സൂചന മനസ്സിലായ ദുര്യോധനന്‍ ആ കാഴ്ച കണ്ടു. ശിഖണ്ഡി അതാ ഭീഷ്മരുടെ മുന്നില്‍. മറ്റുള്ള പാണ്ഡവരെല്ലാം ശിഖണ്ഡിയ്ക്ക് ചുറ്റും ഊഴം കാത്തു നില്‍ക്കുന്ന വേട്ടനായ്ക്കളെപ്പോലെ കാണപ്പെട്ടു. അദ്ദേഹം ദുശ്ശാസനനെ ഭീഷ്മ രക്ഷയ്ക്ക് നിയോഗിച്ചു. അഭിമന്യുവും അര്‍ജ്ജുനനും കൗരവസേനയ്ക്കും കനത്ത നാശം വരുത്തിക്കൊണ്ടിരുന്നു. ദുര്യോധനന്‍ ഭീഷ്മരുടെ അടുത്ത് പുതിയ നിര്‍ദ്ദേശവുമായെത്തി. " നോക്കൂ ! നമ്മുടെ സൈന്യം ക്രൂരമായി ശിക്ഷിയ്ക്കപ്പെടുന്നു. ഇന്നു യുദ്ധമവസാനിയ്ക്കും മുന്‍പ് അങ്ങ് പാണ്ഡവരെ കൊല്ലണം. " ഭീഷ്മര്‍ അവജ്ഞയോടെ ദുര്യോധനനെ നോക്കി. യുദ്ധാരംഭത്തില്‍ തന്നെ ഞാന്‍ വ്യക്തമാക്കിയതല്ലെ, ഞാന്‍ പാണ്ഡവരെ വധിയ്ക്കില്ലെന്ന്. അതെന്‍റെ കഴിവിനപ്പുറമാണ്. ദിവസം പതിനായിരം എന്ന തോതില്‍ ഞാന്‍ പാണ്ഡവസൈന്യത്തെ നശിപ്പിയ്ക്കുന്നുണ്ട്. എല്ലാവരോടുമുള്ള കടപ്പാട് ഞാനിന്നു അവസാനിപ്പിയ്ക്കാന്‍ തീര്‍ച്ചപ്പെടുത്തിയിരിയ്ക്കുകയാണ്. യുദ്ധ ഭൂമിയില്‍ ഞാനിന്നു അര്‍ജ്ജുന ശരങ്ങളെറ്റ് വീഴും. നീപ്പോയി യുദ്ധം ചെയ്തു ജയം ഉറപ്പാക്കിള്ളു. " ഭീഷ്മര്‍ യുദ്ധരംഗത്തേയ്ക്ക തിരിഞ്ഞു.

ധൃഷ്ടദ്യുമ്നനും, അഭിമന്യുവും കൂടി ഭീഷ്മരെ നേരിട്ടു. മറ്റൊരു വശത്തുനിന്നു യുധിഷ്ഠിരനും നകുല സഹദേവൻമാരും പിതാമഹനെ ആവും വിധം പീഡിപ്പിച്ചു. ഭുരിശ്രവസ്സ് എന്ന വയോവൃദ്ധനായ രാജാവ് ഭീമന്‍റെ മുന്നേറ്റത്തെ തന്നാലാവും വിധം തടുത്തു. മറ്റു കൗരവൻമാരും പാണ്ഡവരുടെ മുന്നേറ്റത്തെ തടുത്തു കൊണ്ടിരുന്നു. ദ്രോണര്‍ യുധിഷ്ഠിരനെ നേരിട്ടു. അര്‍ജ്ജുനനും ദുശ്ശാസനനും തമ്മില്‍ ശക്തമായ പോരാട്ടമുണ്ടായി. മറ്റൊരു യുദ്ധ രംഗത്ത് സാത്യകിയും, അലംബുഷനും തമ്മില്‍ പോരാടി. അലംബുഷന്‍റെ മായാപ്രയോഗത്തെ, സാത്യകി വൈദഗ്ധ്യത്തോടെ തടയിട്ടു. അലംബുഷന്‍റെ രക്ഷയ്ക്കെത്തിയ ഭഗദത്തനോടായി സാത്യകിയുടെ പോരാട്ടം. ദുര്യോധനന്‍ തന്‍റെ കീഴിലുള്ള സൈന്യത്തെ ഭഗദത്തന് സഹായമായെത്തിച്ചു. വീരനായ സാത്യകിയെ ഏതുവിധത്തിലും കൊല്ലുക എന്നതായിരുന്നു ദുര്യോധന നിര്‍ദ്ദേശം. പക്ഷേ, സാത്യകിയുടെ പോരാട്ടവീര്യം ഏവരെയും കവച്ചുവെച്ചു, ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത വിധത്തില്‍.

തന്‍റെ അരികില്‍ നിന്ന അശ്വർത്ഥാമാവിനോട് ദ്രോണര്‍ പറഞ്ഞു. " അവിചാരിതമായി ചില സംഭവങ്ങള്‍ വന്നു ചേരുമെന്ന് മനസ്സ് മന്ത്രിയ്ക്കുന്നു പുത്രാ ! നിമിത്തങ്ങള്‍ കൗരവര്‍ക്ക് പ്രതികൂലമായാണ് കാണുന്നത്. ഞാന്‍ അര്‍ജ്ജുനനെ കുറെ നേരമായി ശ്രദ്ധിയ്ക്കുന്നു. ശിഖണ്ഡി ഭീഷ്മരുടെ ദൃഷ്ടിയില്‍ നിന്ന് മാറുന്നതെയില്ല. ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്തുന്നു. ഭീമാര്‍ജ്ജുനന്മാരും ശിഖണ്ഡിയും ഒത്തുചേര്‍ന്നാല്‍ ഭീഷ്മര്‍ ഇന്നു യുദ്ധഭൂമിയില്‍ വീഴ്ത്തപ്പെടും. യുധിഷ്ഠിരന്‍റെ മുഖത്ത് മുമ്പെങ്ങുമില്ലാത്ത വിധം കോപം തിളച്ചു മറിയുന്നത് ഞാന്‍ കാണുന്നു. നീ ഭീഷ്മരുടെ അരികിലേയ്ക്ക് പോകൂ ! അദ്ദേഹത്തിന്‍റെ ജീവന്‍ നമുക്ക് വിലപ്പെട്ടതാണ്‌. " പൊടുന്നനെ ഭീഷ്മര്‍ അത്യുല്‍ഘടമായ ഒരു വിഷമത്തിനടിപ്പെട്ടു. താൻമൂലം എത്രയോ സൈനികര്‍ മരണപ്പെട്ടു ? അവരുടെ വിധവകളുടെയും, മക്കളുടെയും ശാപത്തില്‍ നിന്ന് തനിയ്ക്ക് മോചനമുണ്ടോ ? ഒരു പക്ഷെ ക്ഷത്രിയധര്‍മ്മം എന്ന ന്യായീകരണം കണ്ടെത്തിയാലും. ആ വൈധവ്യം, അനാഥത്വം എന്നെ തളര്‍ത്തുന്നു. വയ്യാ ! എല്ലാ ബന്ധങ്ങളില്‍ നിന്നും മുക്തനായെ തീരൂ ! "

ശിഖണ്ഡിയെ ഭീഷ്മരുടെ മുമ്പിലെയ്ക്കെത്തിയ്ക്കാനുള്ള ശ്രമം യുധിഷ്ഠിരന്‍ തുടങ്ങി. ഭീഷ്മരഥത്തിനരുകില്‍ സംരക്ഷണ രൂപേണ എത്തപ്പെട്ടിരിയ്ക്കുന്ന എല്ലാ കൗരവാദികളെയും എനിയ്ക്കകറ്റെണ്ടിയിരിയ്ക്കുന്നു. എങ്കില്‍ മാത്രമേ ലക്‌ഷ്യം സാധിത പ്രായമാകു. അര്‍ജ്ജുനന്‍ ആകെ ആശയക്കുഴപ്പത്തിലായി. തളര്‍ച്ചയില്ലാത്ത ആ സവ്യസാചി തന്‍റെ ലക്‌ഷ്യത്തിനു വേണ്ടി കഠിനമായി പോര്‍ ചെയ്തു. നീണ്ട പോരാട്ടത്തിന് ശേഷം ഭീഷ്മരുടെ രജത രഥത്തിനരുകില്‍ നിന്ന് കൗരവാദികള്‍ അകന്നു. സാരഥിയായ കൃഷ്ണന്‍ ആ അവസരത്തില്‍ ഏറെ ഉത്സുകതയോടെ അര്‍ജ്ജുനനോട് പറഞ്ഞു. " പാര്‍ത്ഥാ ! നോക്കൂ ! മുഹുര്‍ത്തം സമാഗതമായി. നമുക്ക് ശിഖണ്ഡിയുമായി ഉടന്‍ ഭീഷ്മരുടെ മുന്നിലെത്തണം." കൃഷണ രഥം മാരുത വേഗം പാലിച്ചു. ഈ സമയം മറ്റു പാണ്ഡവരും ഭീഷ്മ രഥത്തിനു മുന്നിലെത്തപ്പെട്ടിരുന്നു. ധൃഷ്ടദ്യുമ്നനും സാത്യകിയും അഭിമന്യുവും കൂടി കൗരവ സൈന്യത്തിന് ശക്തമായ പ്രതിരോധം സൃഷ്ടിച്ചു. ദ്രോണര്‍ ഈ സമയം യുദ്ധ രംഗത്തിന്‍റെ പിന്നണിയില്‍ എത്തപ്പെട്ടിരുന്നു. ശിഖണ്ഡി ഭീഷ്മരെ നേരിട്ടു. അര്‍ജ്ജുനന്‍ തൊട്ടു പിന്നില്‍ നിന്നൂ.

ഭീഷ്മര്‍ പാണ്ഠുവിന്‍റെ അഞ്ചു മക്കളെയും ഏറെ അനുകമ്പയോടെ നോക്കി. ബാല്യം മുതല്‍ അവരനുഭവിയ്ക്കേണ്ടി വന്ന പീഡനങ്ങള്‍ ഒരു നിമിഷം ആ വൃദ്ധ മനസ്സിനെ തളര്‍ത്തി. കുന്തിയുടെ ദുഃഖം ഭീഷ്മരോർത്തു. ഒടുവില്‍ പാണ്ഡവ വധുവായി വന്ന ദ്രൗപദിയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. കൗരവ സദസ്സില്‍ വെച്ച് തന്‍റെ മുന്‍പില്‍ നീതിയ്ക്കുവേണ്ടി കേണ സാധ്വി അവള്‍ക്ക് മുന്നില്‍ ഒഴിഞ്ഞ കയ്യുമായി നില്‍ക്കാനേ തനിയ്ക്ക് കഴിഞ്ഞുള്ളൂ. നീതി ശാസ്ത്രത്തിന്‍റെ ചെറിയ വയ്ക്കോല്‍ തുരുമ്പില്‍ പിടിച്ചു താന്‍ തന്‍റെ ഭാഗം ന്യായീകരിച്ചു. അന്നുമുതല്‍ ഊണിലും ഉറക്കത്തിലും ആ കണ്ണീര്‍ക്കണങ്ങള്‍ തന്നെ വേട്ടയാടുകയാണ്. സ്ത്രീത്വത്തിന്‍റെ നിസ്സഹായതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന ഏതു പുരുഷനും ഈ ഒരു ശിക്ഷ അര്‍ഹതപ്പെട്ടതാണ്. കാരണം സ്ത്രീ അമ്മയാണ്. യാതനകളിലൂടെ പുരുഷനെ പുരുഷനാക്കി വളര്‍ത്തുന്ന മാതൃത്വം. കണ്ണടച്ചു ഭീഷ്മര്‍ ഒരു നിമിഷം ചിന്തിച്ചു പുരുഷോത്തമനായ കൃഷ്ണന്‍റെ കരവലയത്തിലല്ലായിരുന്നെങ്കില്‍ ഞാന്‍ ദുര്യോധനനുവേണ്ടി പാണ്ഡവരെ വധിച്ചേനെ ! ആ ഒരു കൊടും പാപത്തില്‍ നിന്ന് എന്നെ കാത്ത ലോക നാഥാ ! അങ്ങയ്ക്ക് മുന്‍പില്‍ വിനയാന്വിതനായ ഈ ഭീഷ്മര്‍ നമിയ്ക്കുന്നു. ഓം ! വാസുദേവായ ധീമഹി !!"

അംബയുടെ വാക്കുകള്‍ ഭീഷ്മര്‍ ഓര്‍ത്തു. സ്യാലനാല്‍ പരിത്യക്തയായി വീണ്ടും ഹസ്തിന പുരത്തിലെത്തിയ അംബ അന്ന് എന്നോട് പറഞ്ഞു. അങ്ങേന്‍റെ വലതു കൈ പിടിച്ചു രഥത്തിലേയ്ക്ക് ആനയിച്ച ആ നിമിഷം മുതല്‍ ഞാന്‍ അങ്ങയ്ക്കവകാശപ്പെട്ടതാണ്. എന്‍റെ സ്ത്രീത്വത്തെ മാനിച്ച് എന്നെ അങ്ങയുടെ വധു ആയി സ്വീകരിച്ചാലും. "

" പറ്റില്ല, കുട്ടി ! ഞാന്‍ നിത്യ ബ്രഹ്മചാരിയാണ്. എനിയ്ക്കെന്‍റെ പ്രതിജ്ഞ പാലിച്ചേ തീരൂ.. !" കണ്ണീരോടെ ഹസ്തിനപുരം വിട്ടിറങ്ങിയ അംബയുടെ മനസ്സിന്‍റെ വിങ്ങല്‍ ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. ഇനി ഒന്നും ബാക്കിയില്ല. ഈ നിമിഷം ലോകം വിട്ടുപോകാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു, ഒരു കുളിര്‍ തെന്നല്‍ തന്നെ പുൽകുന്നതായി ഭീഷ്മര്‍ക്കനുഭവപ്പെട്ടു. അത് തന്‍റെ അമ്മയുടെ കൈകളാണ്. " പുത്രാ ! ഗംഗാദത്താ ! നീ ആകെ പരീക്ഷിണനായിരിയ്ക്കുന്നു ! ദേഹം വെടിഞ്ഞു നീ എന്നോടൊപ്പം പോരൂ !! എന്‍റെ മടിത്തട്ടില്‍ നിന്യ്ക്കെന്നും സ്ഥാനമുണ്ട്. "

ഭീഷ്മരുടെ മുഖം ഉറ്റു നോക്കിക്കൊണ്ടിരുന്ന കൃഷ്ണന്‍ നിശ്ചയിച്ചു. " ഗംഗാദത്തന് മരണം വിധിയ്ക്കാന്‍ സമയമായി. അദ്ദേഹം പൂര്‍ണ്ണ മനസ്സോടെ അതിന് തയ്യാറായി കഴിഞ്ഞു. '' ശിഖണ്ഡി ഭീഷ്മരുടെ നേരെ അസ്ത്രങ്ങളയ്യ്ക്കൂ. അദ്ദേഹം മരണമാല്യം സ്വീകരിയ്ക്കാന്‍ തയ്യാറായി. " കൃഷ്ണ നിര്‍ദ്ദേശം പാലിയ്ക്കപ്പെട്ടു. ശിഖണ്ഡി തുടരെ തുടരെ ഭീഷ്മരുടെ വക്ഷസ്സിലേയ്ക്ക് അസ്ത്രങ്ങളയച്ചു . വേദന സഹിച്ചു ചുണ്ടുകള്‍ കടിച്ചു പിടിച്ചു തേർത്തട്ടില്‍ ഭീഷ്മര്‍ എന്ന മഹയോദ്ധാവ് നിവര്‍ന്നു നിന്നു. ശിഖണ്ഡിയ്ക്ക് പിന്നില്‍ നിന്ന് അര്‍ജ്ജുനന്‍, ഭീഷ്മര്‍ക്ക് നേരെ ഗാണ്ടീവാസ്ത്രങ്ങള്‍ തൊടുത്തു കൊണ്ടിരുന്നു. യുധിഷ്ഠിരൻ ദുഃഖത്താല്‍ കണ്ണുകള്‍ മൂടപ്പെട്ടു. തന്‍റെ ദേഹത്ത് പതിയ്ക്കുന്ന അസ്ത്രങ്ങളെല്ലാം അര്‍ജ്ജുനാസ്ത്രളാണന്നു തിരിച്ചറിവ് ഭീഷ്മ്ര്‍ക്കുണ്ടായിരുന്നു. ഒരു യോദ്ധാവിനെ മുറിപ്പെടുത്താന്‍ മറ്റൊരു യോദ്ധാവിനെ കഴിയൂ. ഭയാനകവും, ഹൃദയഭേദകവുമായ ആ കാഴ്ച കണ്ട ദുര്യോധനന്‍ നിശ്ചലനായി നിലകൊണ്ടു. സൂര്യന്‍ പശ്ചിമാംബുധിയിലെയ്ക്ക് മന്ദം മന്ദം നീങ്ങിക്കൊണ്ടിരുന്നു. ആയിരം അര്‍ജ്ജുന ശരങ്ങളെറ്റ ഭീഷ്മര്‍ സൂര്യദേവനെപ്പോലെ തിളങ്ങി. ശരീരമാസകലം കീറിമുറിയ്ക്കപ്പെട്ട അദ്ദേഹത്തിന്‍റെ മുഖത്ത് ഒരഭൗമ തേജസ്സ് വിളയാടിക്കൊണ്ടിരുന്നു. കൃഷ്ണന്‍റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ആ ഭക്തന്‍ തേർതട്ടില്‍ നിലംപതിച്ചു. കൗരവൻമാര്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. അസംഖ്യം രോദനങ്ങളാല്‍ അന്തരീക്ഷം മുഖരിതമായി. ഭൂമിദേവിപോലും വിലപിച്ചു, " മഹത്തുക്കളില്‍ മഹാനായ ഭീഷ്മര്‍ വീഴ്ത്തപ്പെട്ടിരിയ്ക്കുന്നു. " ശരങ്ങളാല്‍ വീഴ്ത്തപ്പെട്ട ഭീഷ്മര്‍ ശരത്തട്ടില്‍ ശയിച്ചു. ആ മഹത് ശരീരത്തെ താങ്ങാന്‍ വേണ്ടമുള്ള നന്മ ആ നിമിഷം ഭൂമി ദേവിയ്ക്ക് പോലും നഷ്ടപ്പെട്ടിരുന്നു. ആകാശത്ത് നിന്ന് വര്‍ഷപാതമുണ്ടായി. ഒരുച്ചൈസ്തവം അന്തരീക്ഷം മുഖരിതമാക്കി. മഹത്തുക്കളില്‍ മഹാനായ ഗംഗാദത്തന്‍ വീഴ്ത്തപ്പെട്ടിരിയ്ക്കുന്നു. " ഈ സമയം അദ്ദേഹത്തിന് മരിയ്ക്കാന്‍ പറ്റിയ സമയമല്ല. ദക്ഷിണായനം കഴിയുവോളം ഈ മഹാന്‍ ജീവന്‍ നിലനിര്‍ത്തും." ഹംസരൂപത്തില്‍ ഗംഗയുടെ വാഹകര്‍ ഭീഷ്മര്‍ക്കരികിലെത്തി. നിങ്ങള്‍ അമ്മയോട് പറയൂ, ഉത്തരായനകാലാരംഭം വരെ അമ്മയുടെ മകന് ജീവന്‍ നിലനിര്‍ത്തണം. ആ നല്ല മുഹൂര്‍ത്തത്തില്‍ മാത്രമേ എനിയ്ക്കെന്‍റെ പൂര്‍വ്വ രൂപം പ്രാപിയ്ക്കാനാവൂ." ഹംസങ്ങള്‍ യാത്രാനുമതി നേടി പറന്നകന്നു. ഭീഷ്മരുടെ പതനം ഏവരെയും സ്തംഭിപ്പിച്ചു. തുടക്കം മുതല്‍ തന്നെ താന്‍ ഭയപ്പെട്ടിരുന്ന വസ്തുത സംഭവിച്ചു എന്നറിഞ്ഞ നിമിഷം ദുഃഖം താങ്ങാനാവാതെ ദ്രോണര്‍ രഥത്തില്‍ മറിഞ്ഞു വീണു. അല്പം കഴിഞ്ഞു ബോധം വീണ്ടെടുത്ത അദ്ദേഹം സൈന്യത്തെ യുദ്ധ രംഗത്ത് നിന്ന് പിന്‍വലിച്ചു. കുറ്റപ്പെടുത്തലുകളേറെ നടത്തിയിട്ടും, തന്‍റെ നിലപാടില്‍ തന്നെ മരണം വരെ ഉറച്ചു നിന്ന പിതാമഹന്‍ ദുര്യോധന മനസ്സില്‍ കടുത്ത ആഘാതം തന്നെ സൃഷ്ടിച്ചു.

ഇരുഭാഗത്തെയും യോദ്ധാക്കള്‍ പടച്ചട്ടകള്‍ അഴിച്ചു വെച്ച് നേരിയ അംഗവസ്ത്രങ്ങള്‍ മാത്രം ധരിച്ചു നഗ്ന പാദനായി ഭീഷ്മര്‍ക്കരികിലെത്തി. ആ മഹാരഥന്‍റെ കിടപ്പ് അവരുടെ കണ്ണ് നിറച്ചു. പാണ്ഡവരും കൗരവരും ഒരേ മട്ടില്‍ ദുഃഖിതരായി കാണപ്പെട്ടു. ഭീഷ്മര്‍ കടുത്ത വേദനയ്ക്കിടയിലും എല്ലാവരോടും സംസാരിച്ചു. അദ്ദേഹം പറഞ്ഞു. " എന്‍റെ തലയ്ക്ക വേദനയുണ്ട്. എനിയ്ക്ക് ഒരു ഉപധാനം വേണം. " രാജോജിതമായ നിരവധി തലയണകള്‍ കൊണ്ടുവന്നു. ഭീഷ്മര്‍ അസഹ്യതയോടെ പ്രതികരിച്ചു. " ഇവ ശയ്യാഗൃഹത്തിന് യോജിച്ചതാണ്. ഞാന്‍ ശരശയനത്തില്‍ കിടക്കുന്ന യോദ്ധാവാണ്. എനിയ്ക്കിത് ചേരില്ല അര്‍ജ്ജുനാ ! എന്‍റെ തലയൊന്നു പൊക്കിവെച്ചു തരൂ !" അര്‍ജ്ജുനന്‍ എഴുന്നേറ്റ് പിതാമഹനെ വന്ദിച്ചു, ഗാണ്ഡിവത്തില്‍ നിന്നുതിര്‍ന്ന മൂന്നസ്ത്രങ്ങള്‍ ഭീഷ്മ ശിരസ്സിന്‍റെ വശത്തായി ഭൂമിയില്‍ തറച്ചു. അര്‍ജ്ജുനന്‍ പിതാമഹന്‍റെ ശിരസ്സെടുത്ത് ആ ഉപധാനത്തില്‍ വെച്ച് നമ്രശിരസ്ക്കനായി നിന്നു. ഭീഷ്മര്‍ വേദനയോടെ പ്രതികരിച്ചു. " ഇപ്പോള്‍ എന്‍റെ കിടക്കയ്ക്ക് പറ്റിയ തലയിണയായി. യുദ്ധ ഭൂമിയില്‍ ശയിയ്ക്കുന്ന യോദ്ധാവിന് ഇതു തന്നെയാണുചിതം."

തന്‍റെ ചുറ്റും നിന്ന് കണ്ണീരോഴുക്കുന്ന കൊച്ചു മക്കളോടായി ഭീഷ്മര്‍ പറഞ്ഞു. " സൂര്യന്‍ ഉത്തരായനത്തിലേയ്ക്ക് നീങ്ങും വരെ എന്‍റെ ജീവന്‍ നിലനില്‍ക്കും. എന്‍റെ ചുറ്റിനും ഒരു കിടങ്ങുണ്ടാക്കി, തടസ്സം കൂടാതെ സുര്യനെ പൂജിയ്ക്കാനുള്ള ഏര്‍പ്പാടു ചെയ്തു തരിക. " ദുര്യോധന നിര്‍ദ്ദേശത്താല്‍ അസംഖ്യം വൈദ്യന്മാര്‍ സാദ്ധ്യമായ എല്ലാ ഔഷധങ്ങളും ശേഖരിച്ചെത്തിയെങ്കിലും ഭീഷ്മര്‍ നിരാകരിച്ചു. " വേണ്ട കുഞ്ഞെ! എനിയ്ക്കിനി ഒരു വൈദ്യ ശുശ്രുഷയുടെയും ആവശ്യമില്ല. നീ അവര്‍ക്ക് ഉചിതങ്ങളായ സമ്മാനങ്ങള്‍ നല്‍കി മടക്കി അയച്ചോളു. എന്നോടൊപ്പം ഈ ശരങ്ങളും അഗ്നിയ്ക്കിരയാകണം. മറ്റൊന്നും തന്നെ എനിയ്ക്ക് വേണ്ട. " സംസാരിയ്ക്കാന്‍ ഭീഷ്മര്‍ ബുദ്ധി മുട്ടുന്നത് മനസ്സിലാക്കിയ യോദ്ധാക്കൾ പലരും അവരുടെ ശിബിരങ്ങളിലെയ്ക്ക് മടങ്ങി.

നേരം വളരെ ഇരുട്ടിയിട്ടും ദുര്യോധനന്‍ ഭീഷ്മര്‍ക്കരികില്‍ നിന്ന് മാറാതെ ഇരുന്നു. ഭീഷ്മര്‍ അസ്ത്രങ്ങള്‍ കൊണ്ടുള്ള അസഹ്യ വേദനയാല്‍ പുളഞ്ഞു കൊണ്ടിരുന്നു. സഹിയ്ക്കാനാവാത്ത ദാഹം തോന്നിയ അദ്ദേഹം പുലമ്പി 'ദാഹിയ്ക്കുന്നു.' ദുര്യോധനന്‍ വില കൂടിയ പാനീയങ്ങള്‍ വരുത്തി. ഭീഷ്മര്‍ പറഞ്ഞു. ഇതൊന്നും എന്‍റെ ദാഹം ശമിപ്പിയ്ക്കില്ല. നീ അര്‍ജ്ജുനനെ വിളിയ്ക്കു ! അയാള്‍ എന്‍റെ ദാഹത്തിന് പരിഹാരം ഉണ്ടാക്കും. അര്‍ജ്ജുനന്‍ തിരക്കിട്ടെത്തി. "കുഞ്ഞെ ! എനിയ്ക്ക് ദാഹിയ്ക്കുന്നു. അര്‍ജ്ജുനന്‍ പിതാമഹനെ വന്ദിച്ചു. തന്‍റെ ഗാണ്ടീവത്തില്‍ നിന്ന് 'പർജ്ജന്യാസ്ത്രം' അഭിമന്ത്രിച്ചു. ഭീഷ്മരുടെ തലയുടെ അടുത്തായി ഭൂമി ഭേദിച്ച് അസ്ത്രം ഗംഗയുടെ ശിരസ്സില്‍ സ്പര്‍ശിച്ചു. സുഗന്ധവും അമൃതതുല്യവുമായ കുളിര്‍ജലം ധാരധാരയായി ഗംഗേയന്‍റെ ചുണ്ടുകള്‍ നനച്ചു. ദുര്യോധനനെ നോക്കി ഭീഷ്മര്‍ പറഞ്ഞു. " ഈ ആവാഹനമന്ത്രം കൃഷ്ണനും, അര്‍ജ്ജുനനും മാത്രമേ വശമുള്ളൂ. അതുകൊണ്ടാണയാളെ വിളിച്ചത്. "

ദ്യുര്യോധനനെ ഏറെ അനുകമ്പയോടെ നോക്കിക്കൊണ്ട് താഴ്ന്ന സ്വരത്തില്‍ ഭീഷ്മര്‍ ശബ്ദിച്ചു. " കുഞ്ഞെ ! നീ ഇനിയെങ്കിലും പിടിവാശി കളയൂ. എന്‍റെ വീഴ്ചയോടെ, നിനക്കിനി വിജയം പ്രതീക്ഷിയ്ക്കാനാവില്ല. ഈ മുത്തച്ഛന്‍റെ വാക്കുകള്‍ അനുസരിയ്ക്കു. നിങ്ങള്‍ ഒന്ന് ചേര്‍ന്ന് സഹവർത്തിത്വത്തോടെ കഴിയൂ. യുദ്ധം നീ അവസാനിപ്പിയ്ക്കൂ !"

മൗനി ആയിരുന്നതല്ലാതെ ദുര്യോധനന്‍ ഒന്നും ശബ്ദിച്ചില്ല. " തനിയ്ക്കിനി പിൻപോട്ടു പോകാനാവില്ല. ഭീരു എന്ന് ദുര്യോധനന്‍ ഒരിയ്ക്കലും അറിയപ്പെടില്ല. ധീരമായ മരണം ഞാനാഗ്രഹിയ്ക്കുന്നു. അതിന് യുദ്ധം തുടര്‍ന്നേ തീരൂ. " ദുര്യോധനന്‍ ഭീഷ്മ പാദം തൊട്ടു വന്ദിച്ച് അവിടെ നിന്നും യാത്രയായി.

ഭീഷ്മ പതനത്തെ പറ്റി കേട്ടറിഞ്ഞ രാധേയന്‍, ശരീരം അനക്കാനാവാതെ നിശ്ചലനായി ഏറെ നേരം നിലകൊണ്ടു. ആകെ തളര്‍ന്ന മട്ടില്‍ ദുര്യോധനന്‍ രാധേയന്‍റെ കൂടാരത്തിലെത്തി. അദ്ദേഹം പ്രിയ സുഹൃത്തിനെ ഗാഡമായാ ശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. ആരുടെ മുമ്പിലും പ്രകടമാക്കാനിഷ്ടപ്പെടാതിരുന്ന അദ്ദേഹത്തിന്‍റെ ദുഃഖം പ്രിയ സഖാവിനെ കണ്ടപ്പോള്‍ അണപൊട്ടി ഒഴുകി. അദ്ദേഹം രാധേയന്‍റെ മടിയില്‍ തലവെച്ച് കിടന്നു. തന്നെ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന തന്‍റെ ആത്മ മിത്രം അതായിരുന്നു രാധേയന്‍. ഏറെ കഴിഞ്ഞു രാധേയന്‍ മിത്രത്തെ തന്‍റെ മെത്തയില്‍ കിടത്തി. ആശ്വാസ വാക്കുകള്‍ കൊണ്ട് സാന്ത്വനിപ്പിച്ചു. അദ്ദേഹത്തെ ഉറക്കി. ഗര്‍വ്വിനും ധാർഷ്ട്യത്തിനപ്പുറം ദുര്യോധനന്‍ ഏറെ ഹൃദയ നൈര്‍മ്മല്യമുള്ളവനാണ്. കുറ്റപ്പെടുത്തുന്നവരില്‍ നിന്ന് ഓടി അകലാന്‍ ശ്രമിയ്ക്കുന്ന തിരുത്തലുകള്‍ക്ക് കീഴ്പ്പെടാന്‍ വിസ്മ്മതിയ്ക്കുന്ന മനസ്സിന്‍റെ ഉടമ. അയാള്‍ക്ക് ഞാന്‍ മാത്രമേ ആത്മ മിത്രമായുള്ളൂ. ഏറെ സഹതാപത്തോടെ രാധേയന്‍ ബോധം കെട്ടറങ്ങുന്ന തന്‍റെ മിത്രത്തെ നോക്കിയിരുന്നു. എന്‍റെ ജീവനും, ആത്മാവുമാണ് ദുര്യോധനന്‍. അയാള്‍ക്ക് വേണ്ടി ഞാനെന്തും ചെയ്യും. വരാന്‍ പോകുന്ന ദിനങ്ങളില്‍ ഞാനെന്‍റെ ജീവന്‍ തന്നെ എന്‍റെ സുഹൃത്തിന് വേണ്ടി ബലി കഴിയ്ക്കും. അതിന് വേണ്ടി മാത്രം ഞാനെന്‍റെ സഹോദരങ്ങളുമായേറ്റ് മുട്ടും.

എത്ര നേരം ആ ഇരുപ്പില്‍ ഇരുന്നെന്നു രാധേയന് തന്നെ ഓര്‍മ്മയില്ല. നേരം ഏറെ ഇരുട്ടിയിരിയ്ക്കുന്നു. ഇരുളിന്‍റെ മറവുപറ്റി രാധേയന്‍ നടന്നു. തനിയ്ക്ക് ഭീഷ്മരെ കാണണം. ഒരു പക്ഷെ ഭീഷ്മര്‍ തന്നെ വീണ്ടും അപമാനിച്ചാല്‍ പോലും ഈ അവസ്ഥയില്‍ എനിയ്ക്ക് അദ്ദേഹത്തെ കണ്ടേ തീരു. മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് അപമാനിതനാകാന്‍ രാധേയന്‍ ഇഷ്ടപ്പെട്ടില്ല. അതിനാലാണ് ആളൊഴിയും വരെ കാത്തിരുന്നത്. അണപൊട്ടി ഒഴുകുന്ന കണ്ണീരോടെ അദ്ദേഹം ഭീഷ്പാദത്തിനരുകില്‍ കുമ്പിട്ടിരുന്നു. പാദങ്ങളില്‍ നനവനുഭവപ്പെട്ട ഭീഷ്മര്‍ സ്വയം ചോദിച്ചു. " ദേഹത്ത് തറച്ചു കൊള്ളുന്ന ഈ അമ്പുകളുടെ വേദനയേക്കാള്‍ ആരുടെ ഹൃദയ നൊമ്പരമാണ് എന്നെ ചുട്ടുപൊള്ളിയ്ക്കുന്നത്. തീര്‍ച്ചയായും അയാള്‍ കഠിന വേദന അനുഭവിയ്ക്കുന്നുണ്ട്. അദ്ദേഹം ഇടറിയ സ്വരത്തില്‍ പറഞ്ഞു. " കുഞ്ഞെ ! നീ ആരാണ് ? ഏതു ദുഃഖമാണ് നിന്നെ ഇത്രയധികം മഥിയ്ക്കുന്നത്. ? എന്‍റെ കണ്മുന്നിലേയ്ക്ക് വരു പുത്രാ ! " ആ സ്നേഹ സ്വനം കേട്ട കര്‍ണ്ണന്‍ പിതാമഹന്‍റെ ദൃഷ്ടിയ്ക്ക് മുന്നിലെത്തി തല കുമ്പിട്ടു നിന്നു. " ഞാന്‍ സുതപുത്രനായ രാധേയന്‍. അങ്ങയുടെ പതനം എന്നെ കഠിനമായി തളര്‍ത്തുന്നു പ്രഭോ ! മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അങ്ങെനെ മുറിപ്പെടുത്തുമോ എന്ന് ഭയന്നാണ് ആളൊഴിയാന്‍ വേണ്ടി കാത്തത്. " ഭീഷ്മരുടെ കണ്ണുകള്‍ സജലങ്ങളായി. അദ്ദേഹം കയ്യെത്തി, രാധേയനെ പിതൃ തുല്യമായ വാത്സല്യത്തോടെ ആശ്ലേഷിച്ചു. " കുഞ്ഞെ ! ഞാനൊരിയ്ക്കലും നിന്നെ ഇഷ്ടപ്പെടാതിരുന്നിട്ടില്ല. ആര്‍ക്കാണ് നിന്‍റെ കമനീയ രൂപം ഇഷ്ടപ്പെടാതിരിയ്ക്കാന്‍ കഴിയുന്നത്.? നിന്‍റെ ഔദ്ധിത്യമാര്‍ന്ന നടപ്പും പുറവടിവും അഴകാര്‍ന്ന മുഖവും ആരെയാണ് ആകർഷിയ്ക്കാത്തത് ? നിന്നെ ഞാന്‍ കൗരവ സഭയില്‍ വെച്ച് കുറ്റപ്പെടുത്തിയിട്ടുണ്ട്. വെറുപ്പോടെ സംസാരിച്ചിട്ടുണ്ട്. അതെല്ലാം നീന്‍റെ ചെയ്തികളോടുള്ള പ്രതിഷേധം കൊണ്ടാണ്. നിന്‍റെ അന്ധമായ ദുര്യോധന പ്രേമം നിനക്ക് ആപത്ത് വരുത്തുമെന്ന് ഞാന്‍ ഭയന്നു. നീ പാണ്ഡവൻമാരെ ദുര്യോധന പക്ഷം ചേര്‍ന്ന് കുറ്റപ്പെടുത്തുന്നത് ഞാനിഷ്ടപ്പെട്ടില്ല. കാരണം അവര്‍ എനിയ്ക്ക് ഏറെ പ്രിയരാണ്, ധർമ്മിഷ്ടരാണ്. ഒരു സത്യം കൂടി ഞാന്‍ നിന്നോട് വെളിപ്പെടുത്തുന്നുണ്ട്. " രാധേയാ ! നീയും എന്‍റെ പേരക്കുട്ടിയാണ്. നീ പാണ്ഡവരില്‍ മൂത്തവനായ കുന്തീ പുത്രനാണ്. "

ഉൽക്കണ്ഠയോടെ രാധേയന്‍ തിരക്കി. " അങ്ങെന്‍റെ മുത്തച്ഛനാണന്നു അടുത്തയിടെ ഞാന്‍ കൃഷ്ണന്‍ പറഞ്ഞറിഞ്ഞു. പിന്നീട് അമ്മ എന്നെ അംഗീകരിച്ചു. അങ്ങിതെപ്പോള്‍ അറിഞ്ഞു, എന്നോട് പറഞ്ഞാലും. " ഭീഷ്മര്‍ പറഞ്ഞു എനിയ്ക്ക് പണ്ടേ ഈ രഹസ്യം അറിയാമായിരുന്നു. വ്യാസന്‍ എന്നോട് വെളിപ്പെടുത്തുകയുണ്ടായി. വിദൂരരും എന്നോടൊപ്പം ഈ രഹസ്യം പങ്കിട്ടിരുന്നു. പക്ഷെ ഞങ്ങളുടെ വായ്‌ മൂടപ്പെട്ടിരുന്നു. മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതില്‍ വിലക്കുണ്ടായിരുന്നു. നിന്റെ ഗർവ്വും, അഭിമാനവും നിന്റെ അന്ധനാക്കരുതെന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു. നിന്‍റെ ഉത്സാഹത്തെ കെടുത്തും വിധം ഭർത്സിച്ചിരുന്നത് അതുകൊണ്ട് മാത്രമാണ്. നീന്‍റെ അസ്ത്രവിദ്യയില്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ഒരേ സമയം അഭിമാനിതരും ഭയചികിതരുമായിരുന്നു. " ദാന ശീലത്തില്‍ കര്‍ണ്ണനെപ്പോലെ എന്ന കേള്‍വി മാത്രം പോരെ പുത്രാ നീന്‍റെ കീര്‍ത്തി വാനോളം ഉയരാന്‍. ഇന്ദ്രനു ദാനം നല്‍കി നീ നേടി എടുത്തത് ഒരിയ്ക്കലും നശിയ്ക്കാത്ത സൽക്കീർത്തി അല്ലെ ? സൂര്യപുത്രനായ നീ തേജസ്വിയാണ്, മഹാത്മാവാണ്. ഈ മുത്തച്ഛന്‍റെ കുറ്റപ്പെടുത്തലുകള്‍ ക്ഷമിച്ചു നീ എനിയ്ക്ക് മാപ്പ് തരിക. ! ഒരപേക്ഷയുണ്ട്. നീ നിന്‍റെ സഹോദരൻമാരായ പാണ്ഡവരുമായി ചേരുക. നീ പോയാല്‍ യുദ്ധം തീരുമെന്നുറപ്പാണ്. നീയാണ് ദുര്യോധനന്‍റെ ബലം, ഹുങ്ക്. തലകുമ്പിട്ട് നിന്ന് എല്ലാം കേട്ട രാധേയന്‍ വിനയാന്വിതിതനായി ഉണര്‍ത്തിച്ചു. മുത്തച്ഛ ! ആത്മാഭിമാനമാണ് ഒരു വ്യക്തിയ്ക്ക് ആവശ്യം വേണ്ട ശ്രേഷ്ഠ ഗുണം. അതെനിയ്ക്ക് ദാനം നല്‍കിയ ദുര്യോധനന്‍ എന്ന എന്‍റെ മിത്രം എനിയ്ക്ക് പെറ്റമ്മയെക്കാള്‍ മേലെയാണ്. ഞാന്‍ ഒരിയ്ക്കലും എന്‍റെ ചങ്ങാതിയെ വഞ്ചിയ്ക്കില്ല. ഈ കര്‍ണ്ണന്‍ ഒരു കീർത്തിയ്ക്ക് വേണ്ടിയും അങ്ങനെ ചെയ്യില്ല. അങ്ങ് എനിയ്ക്ക് വേണ്ടി ഒരു രഹസ്യം ദുര്യോധനനില്‍ നിന്ന് മറച്ചു പിടിയ്ക്കണം. ഞാന്‍ യുദ്ധ ഭൂമിയില്‍ മരിച്ചു വീഴുവോളം ദുര്യോധനന്‍ ഈ രഹസ്യം അറിയരുത്. എന്‍റെ മിത്രത്തിന്‍റെ തളര്‍ച്ച ഞാനെങ്ങനെ സഹിയ്ക്കും." കര്‍ണ്ണന്‍, ഭീഷ്മപാദം കുമ്പിട്ട് ഇരുളില്‍ നടന്നു മറഞ്ഞു.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories