ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഗുരു മാറ്റം


ഗുരു മാറ്റം

ഇടവത്തില്‍ നിന്നും മിഥുനത്തില്‍

ത്രേതായുഗരാശിയില്‍ നിന്നും ദ്വാപരയുഗരാശിയിലേയ്‌ക്കുള്ള പ്രവേശനം സംഹാരരാശിയായി മിഥുനത്തില്‍ വരുന്നു. ശനി തുലാം രാശിയില്‍ കൂടെ രാഹുവും ഈ വ്യഴനെ ദൃഷ്ടി(ദ്വാപരയുഗം) ചെയ്യുന്നു. നവഗ്രങ്ങളില്‍ വലുതും സ്‌ഫടികസാദൃശ്യമായ്‌ നിര്‍മ്മല ലക്ഷ്‌മികളോടുകൂടിയതും ആയ വ്യഴത്തിന്റെ സ്ഥാനചലനം സമസ്‌ത ചരാചരങ്ങളിലും വിശിഷ്‌ട മാനവജീവിതത്തിലും സുഖദുഃഖങ്ങള്‍ തരുന്നു. ഗുരു എല്ലാ ദോഷങ്ങളും പരിഹരിയ്‌ക്കുമെന്നാണ്‌ ജ്യോതിശാസ്‌ത്രവചനം. 'ലക്ഷം ദോഷാ ഗുരോ ഹന്തി.' എന്നാണ്‌ പ്രമാണം. ജനനായകനായ ഗുരു നിലനില്‍പ്പിനാധാരമായ കൃത്യങ്ങള്‍ നിര്‍വ്വഹിയ്‌ക്കുന്നു. ആഹാരത്തെ ഊര്‍ജ്ജമാക്കുന്ന വയറിന്റെ 5 ആം ഭാവകാരകഗ്രഹമാണ്‌ വ്യാഴന്‍. ആദിത്യനാണ്‌ സ്വക്ഷേത്രബലവാനെങ്കിലും പ്രവര്‍ത്തനക്ഷമതയില്‍ ന്യൂനത വരുമ്പോള്‍ ഗുരു സംഹാരകനായി മാറുന്നു. ചുരുക്കത്തില്‍ ഏതെല്ലാം ഗ്രഹങ്ങള്‍ക്ക്‌ ബലഹീനത സംഭവിച്ചാലും ഗുരുബലമുണ്ടെങ്കില്‍ ശുഭഫലം പ്രതീക്ഷിയ്‌ക്കാം. ജാതകത്തില്‍ ധനഭാവം, സന്താനഭാവം, ഭാഗ്യഭാവം, ലാഭഭാവം, കര്‍മ്മഭാവം എന്നിവയുടെ കാരകത്ത്വം ഗുരുവിനാണ്‌. കാലപുരുഷന്റെ ഭാഗ്യഭാവവും, വ്യയഭാവവും ഗുരുവിനാണ്‌. ഒരാളെ രക്ഷിയ്‌ക്കാനും ശിക്ഷിയ്‌ക്കാനും ഗുരുവിനു കഴിയും. പൊട്ടക്കണ്ണന്‍മാര്‍ ആനയെക്കാണുന്നതുപോലെയാണ്‌ പലര്‍ക്കും വ്യാഴത്തിന്റെ ശക്തിയെക്കുറിച്ച്‌ അറിയാത്തത്‌. ശനിയിപ്പോള്‍ തുലാം രാശിയില്‍ രാഹുവുമായി ചേര്‍ന്ന്‌ ന്യായാധിപനെപ്പോലെ കള്ളത്തിന്‌ കൂട്ടുനില്‍ക്കാതെ അധര്‍മ്മികളില്‍ അധര്‍മ്മികളെ ശിക്ഷിയ്‌ക്കുന്നു. ശനി സാവധാനം ഉപദ്രവിക്കുമെങ്കിലും വ്യാഴം പെട്ടന്ന്‌ നീതി നടപ്പാക്കും. ഗുരു, ശനി, രാഹു ബന്ധം ആയതിനാല്‍ വ്യാഴത്തിന്റെ ഫലനഷ്ടം രോഗപ്രതിരോധശക്തി ഇല്ലാതാക്കും. തെറ്റായ തീരുമാനങ്ങളെടുത്ത്‌ കര്‍മ്മപദത്തിലെത്തും. താന്‍ ചെയ്യുന്നത്‌ തെറ്റാണെങ്കില്‍പ്പോലും ശരിയെന്ന്‌ സ്ഥാപിയ്‌ക്കാന്‍ ശ്രമിയ്‌ക്കും. കരള്‍രോഗം, പ്രമേഹം, തുടങ്ങിയ രോഗികള്‍ക്കു രോഗം കൂടും. എച്ച്‌.ഐ.വി രോഗത്തിന്‌ ആയുര്‍വേദാചാര്യന്‍ ഓജക്ഷയം എന്നാണ്‌ പറയുന്നത്‌. വ്യാഴത്തിന്‌ ബലം ഇല്ലാത്തവര്‍ക്കും ഈ സമയത്ത്‌ രോഗങ്ങള്‍ വര്‍ദ്ധിയ്‌ക്കും. വ്യാഴനും കുജനും ഒരുമിച്ച്‌ മിഥുനം രാശിയില്‍ നില്‍ക്കുന്നത്‌ വളരെയധികം ദോഷാനുഭവങ്ങള്‍ ഉണ്ടാകാം.

വ്യാഴമാറ്റം ഓരോ കൂറുകാരുടേയും ഫലം

വ്യാഴം മകയിരം, തിരുവാതിര, പുണര്‍തം നക്ഷത്രങ്ങളില്‍ സഞ്ചരിയ്‌ക്കുന്നു. ശനി ചോതി, നക്ഷത്രത്തിലും വിശാഖത്തിലുമായി സഞ്ചരിയ്‌ക്കുന്നു. രാഹു വിശാഖത്തിലും സഞ്ചരിയ്‌ക്കുന്നു. കേതു ഭരണി നക്ഷത്രത്തില്‍ സഞ്ചരിയ്‌ക്കുന്നു. ഇത്‌ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു യോഗമാണ്‌. പരസ്‌പരം ദൃഷ്ടി ചെയ്യുന്നു. 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം സല്‍ബലം ചെയ്യുന്ന ശനിയും രാഹുവും, കേതുവും വ്യാഴന്‍ മിഥുനം രാശിയില്‍ വരുന്നു.

മേടം

ഇത്‌ വരെ 2 ആം ഭാവത്തില്‍ നിന്നിരുന്ന വ്യാഴന്‍ 3 ആം ഭാവത്തിലേയ്‌ക്ക്‌ മാറുകയാണ്‌. 9 ആം ഭാവാധിപനും പന്ത്രണ്ടാം ഭാവാധിപനുമായ ഗുരു ലഗ്നാധിപനക്ഷത്രത്തിലും ഉപജയസ്ഥാനത്തും സ്ഥിതി ചെയ്യുന്നത്‌ നല്ല ഫലം കിട്ടും. വളരെ നന്നായി മുകളിലേയ്‌ക്ക്‌ പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതഗ്രാഫ്‌ പെട്ടന്ന്‌ ഉയര്‍ന്ന്‌ നല്ല ഫലങ്ങള്‍ തരുന്നതാണ്‌. ഇവരുടെ ആത്മാഭിമാനത്തിന്‌ കത്തി വയ്‌ക്കുന്ന തരത്തിലുള്ള അന്യരുടെ പെരുമാറ്റം ഇവരുടെ ഉയര്‍ച്ചകള്‍ക്ക്‌ തടസ്സമായി മാറും. വ്യാഴന്‍ 7,9,11 ലേയ്‌ക്ക്‌ ദൃഷ്ടിയുണ്ട്‌. ( നക്ഷത്രഫലം കാണുക )

ഇടവം

ജന്മരാശിയില്‍ നിന്നും വ്യാഴം മാറുന്നതോടെ വലിയ തോതിലുള്ള ആശ്വാസമാണ്‌ ലഭിയ്‌ക്കുക. കടങ്ങള്‍ തൊഴില്‍പരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്നും മോചനം. വ്യാഴം 2ലേയ്‌ക്ക്‌ വരുമ്പോള്‍ 6,8,9 ഭാവങ്ങളിലേയ്‌ക്കുള്ള ദൃഷ്ടിയുണ്ടാകും. ഈ ഭാവങ്ങള്‍ക്കും പുഷ്ടിയുണ്ടാകും. ( നക്ഷത്രഫലം കാണുക )

മിഥുനം

12 ല്‍ നിന്നും ജന്മത്തിലേയ്‌ക്ക്‌ വരുന്ന കാലമാണ്‌. വ്യയത്തില്‍ നിന്നാണ്‌ ജന്മത്തിലേയ്‌ക്ക്‌ വരുന്നത്‌. ഈ കുറുകാര്‍ക്ക്‌ പുതിയ ജന്മം ഉടലെടുക്കും പോലെയാണ്‌. ജീവിതത്തിലൊരു പുതിയ രീതി കണ്ടെത്തും. കഴിഞ്ഞ കുറെ ദിവസമായി നിലനിന്നിരുന്ന ദോഷങ്ങള്‍ മാറി പുതിയൊരു ഉണര്‍വ്വ്‌ ഉണ്ടാകുന്നതാണ്‌. വ്യാഴന്‍ 5,7,9 ലേയ്‌ക്ക്‌ ദൃഷ്ടിയുണ്ട്‌ ( നക്ഷത്രഫലം കാണുക )

കര്‍ക്കിടകം


അനുകൂല ഭാവമായ ലാഭസ്ഥാനത്തു നിന്നും വ്യയസ്ഥാനവും, ഉപജയസ്ഥാനാധിപനും, സഹായസ്ഥാനധിപനുമായ ബുധന്റെ ക്ഷേത്രത്തില്‍ വ്യാഴത്തിന് അനുകൂല ഫലങ്ങള്‍ നല്കാന്‍ സാധിക്കില്ല. പന്ത്രണ്ടിലെ വ്യാഴം കര്‍മ്മസംബന്ധമായി ദൂര സഞ്ചാരം അലച്ചില്‍ ഇവയും വ്യവഹാരങ്ങളില്‍ നിന്ന് ധനനഷ്ടം ഇവയും ശത്രുക്കള്‍ മുഖേന അസഹ്യ ദു:ഖവും അനുഭവപ്പെട്ടേക്കാം. ഊഹക്കച്ചവടങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും ജോലി മാറാതെ പിടിച്ചു നില്ക്കുകയും ചെയ്യുക. ( നക്ഷത്രഫലം കാണുക )

ചിങ്ങം

ഗുരു കര്‍മ്മസ്ഥാനത്തു നിന്ന്‌ ലാഭത്തിലേയ്‌ക്ക്‌ വരികയാണ്‌. 11 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഗുരു 11 ലേയ്‌ക്ക്‌ വരുന്ന ഈ കുറുകാരെ അലട്ടിയിരുന്ന പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിയ്‌ക്കും. ഗുരുവിന്‌ ഇവിടെ 3ലേയ്‌ക്കും, 5ലേയ്‌ക്കും, 7ലേയ്‌ക്കും ദൃഷ്ടിയുണ്ട്‌. വച്ചടി വച്ചടി ഉയര്‍ച്ച ഇവര്‍ക്കുണ്ടാകും. ഈ ഉയര്‍ച്ച കണ്ട്‌ ശത്രുക്കള്‍ ദുഃഖിതരാവും. പുതിയ പുതിയ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകും. ( നക്ഷത്രഫലം കാണുക )

കന്നി

ഗുരു 9ല്‍ നിന്നും 10 ലേയ്‌ക്ക്‌ വരുന്നു. 4ഉം 7ഉം ഭാവാധിപനായ വ്യാഴന്‍ കര്‍മ്മസ്ഥാനത്ത്‌ വരുന്നത്‌ 11 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്‌. കര്‍മ്മരംഗത്ത്‌ പലവിധ ഉയര്‍ച്ചകളുണ്ടാകും. ഭാഗ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. ഇതില്‍ ശത്രുക്കള്‍ക്ക്‌ നീരസം തോന്നാം. ത്രേതായുഗരാശിക്കാരായ ഇവര്‍ക്ക്‌ ദ്വാപരയുഗരാശി 10 ആം ഭാവമാണ്‌. കലിയുഗത്തിന്റെ കൃതയുഗത്തിന്റെ അധിപനായ ഗുരു ദ്വാപരയുഗരാശിയില്‍ വരുന്നത്‌ നല്ലതാണ്‌. 2,4,6 എന്നീ രാശികളില്‍ ദൃഷ്ടിയുണ്ട്‌. ദ്വാപരയുഗരാശില്‍ നില്‍ക്കുന്ന ശനി, രാഹു, മേടം രാശി കൃതരാശിയില്‍ നില്‍ക്കുന്ന കേതു ഇവര്‍ എല്ലാ ദോഷങ്ങലും മാറ്റി നല്ല ഫലം കിട്ടും ( നക്ഷത്രഫലം കാണുക )

തുലാം

വളരെ ദുര്‍ഘടമായിരുന്ന അഷ്ടമവ്യാഴന്റെ പിടിയില്‍ നിന്നും 9 ല്യേക്ക്‌ വരുന്ന ഗുരു ദുരിതങ്ങള്‍ക്ക്‌ ശമനം ലഭിയ്‌ക്കും, മാനസ്സിക സംഘര്‍ഷത്തിന്‌ ആയാസം കിട്ടും. ജീവിതത്തിലെ പല ദുരിതങ്ങള്‍ക്കും ശമനം കിട്ടും. 9ല്‍ നില്‍ക്കുന്ന വ്യാഴത്തിന്‌ ജന്മ രാശി, 3,5 എന്നിവിടങ്ങളിലേയ്‌ക്ക്‌ ദൃഷ്ടിയുണ്ട്‌. രാഹുവിന്‌ 5ലും 7ലും 9ലും ദൃഷ്ടി ചെയ്യുന്നു. ശനി 3, 5, 7,10 ലേയ്‌ക്ക ദൃഷ്ടി ചെയ്യുന്നതിനാല്‍ ഈ ഭാവങ്ങള്‍ വളരെ നേട്ടങ്ങള്‍ നല്‍കും. പൊതുജീവിതത്തിലും കുടുംബജീവിതത്തിലും ശുഭഫലം ലഭിയ്‌ക്കും. ( നക്ഷത്രഫലം കാണുക )
വൃശ്ചികം

കലിയുരാശിക്കാരായ ഇവര്‍ക്ക്‌ 7ല്‍ നിന്നും ഗുരു 8 ലേയ്‌ക്ക്‌ പോകുന്നു. ഗുരു 8ല്‍ ദോഷഫലങ്ങള്‍ നല്‍കാം എങ്കിലും 2ആം ഭാവത്തിലേയ്‌ക്കുള്ള ഗുരു ദൃഷ്ടിയും 12ലേയ്‌ക്കുള്ള ദൃഷ്ടിയും, 4ലേയ്‌ക്കുള്ള ദൃഷ്ടിയും ഇവരെ ദോഷഫല അറുതി വരുത്താന്‍ 12 വര്‍ഷത്തിനിടയില്‍ വീണുകിട്ടിയ ഏറ്റവും അനുകൂല സമയമാണ്‌. 4,6,8 ഭാവങ്ങളിലേയ്‌ക്ക്‌ ഗുരുവിന്റെ ദൃഷ്ടിയുണ്ട്‌. ( നക്ഷത്രഫലം കാണുക )
ധനു

കൃതയുഗരാശിക്കാരായ ഇവര്‍ക്ക്‌ ഗുരു 6ല്‍ നില്‍ക്കുകയായിരുന്നു. ഉപജയസ്ഥാനമായ 6ല്‍ നിന്നും 7ലേയ്‌ക്കുള്ള വരവ്‌ ഗുണങ്ങള്‍ കുറഞ്ഞു നിന്ന ഇവര്‍ക്ക്‌ ഗുരു 7ല്‍ നില്‍ക്കുകയും 11, ജന്മം, 3 എന്നിവിടങ്ങളിലേയ്‌ക്ക്‌ ദൃഷ്ടി ചെയ്യുന്നു. ഈ ഗുരുദൃഷ്ടി നിങ്ങളെ ഉന്നതങ്ങളിലെത്തിക്കും. അപ്രതീക്ഷിതധന ലാഭം ലഭിയ്‌ക്കും. ( നക്ഷത്രഫലം കാണുക )
മകരം

ത്രേതായുഗ രാശിക്കാരായ ഇവര്‍ വ്യാഴം 5ല്‍ നിന്നും 6 ലേയ്‌ക്ക്‌ മാറുന്നു. 3ഉം 12 ഭാവാധിപനായ ഗുരു ഉപചയസ്ഥാനത്തേയ്‌ക്ക്‌ വരുന്നത്‌ നല്ലതാണ്‌. പലവിധ നന്മകളും ചെയ്യുന്ന കാലഘട്ടമാണ്‌. 12ലേയ്‌ക്കും, 2ലേയ്‌ക്കും 10 ലേയ്‌ക്കും ദൃഷ്ടി ചെയ്യുന്നു.( നക്ഷത്രഫലം കാണുക )

കുംഭം

ദ്വാപരയുഗരാശിക്കാരായ ഇവര്‍ക്ക്‌ 4-ല്‍ നിന്നും ഗുരു 5 ലേയ്‌ക്ക്‌ വരുന്നു. 2ഉം 11ഉം ഭാവാധിപനായ ഗുരു 5ലേയ്‌ക്ക്‌ മാറ്റം എല്ലാ തരത്തിലും ഗുണദോഷസമ്മിശ്രമായിരിക്കും. ഗുരുവിന്‌ 11,9,2 ലേയ്‌ക്ക്‌ ദൃഷ്ടിയുണ്ട്‌. ( നക്ഷത്രഫലം കാണുക )

മീനം

കലിയുഗരാശിക്കാരായ ഇവര്‍ക്ക്‌ 3 ല്‍ നിന്നിരുന്ന ഗുരു 4 ലേയ്‌ക്ക്‌ മാറുകയാണ്‌. അനുഭവിച്ചുകൊണ്ടിരുന്ന കടുത്ത സാമ്പത്തികബുദ്ധിമുട്ടുകളില്‍ നിന്നും കുറവുണ്ടാകും. ആരോഗ്യപരമായും മാനസ്സികമായും ഉള്ള വിഷമതകള്‍ക്ക്‌ ശമനമുണ്ടാകും. കണ്ടകരാശിയാണ്‌ 4ആം ഭാവം. ഗുരുത്വമേറിയ ഗുരു അവിടെ വരുന്നത്‌ ഗുണകരമാണ്‌. 8ലേയ്‌ക്കും 10ലേയ്‌ക്കും, 12ലേയ്‌ക്കും ഗുരുദൃഷ്ടിയുള്ളതിനാല്‍ ആ ഭാവങ്ങള്‍ ഫലപ്രദമായി മാറും. ( നക്ഷത്രഫലം കാണുക )

വ്യാഴമാറ്റം മിഥുനരാശിയില്‍

അശ്വതി

മൂന്നിലാണ്‌ വ്യാഴന്റെ നില്‍പ്‌. തൃദിയേ ബ്രഹ്മനോശിരാ' എന്നാണ്‌ ശ്ലോകം ബ്രഹ്മാവിന്‌ തല നഷ്ടപ്പെട്ടത്‌ ഈ സമയത്താണ്‌. വിവാഹത്തിന്‌ സാധ്യത. സന്താനലാഭം, പഠനത്തില്‍ മേന്മ, ഔദ്യോഗിക പദവിയില്‍ നേട്ടം, മാനസ്സികമായി സന്തോഷം, പിതൃഗുണം ലഭിയ്‌ക്കും, സഹോദരങ്ങളെക്കൊണ്ട്‌ ഉപദ്രവം അധികച്ചിലവ്‌, അയല്‍വാസികളുമായി അഭിപ്രായഭിന്നത, വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ അത്‌ നഷ്ടപ്പൈടാന്‍ സാധ്യത, കുടുംബാംഗങ്ങള്‍ക്ക്‌ രോഗദുരിതം, വളരെക്കാലമായി അലട്ടിക്കൊണ്ടിരുന്ന വിഷമങ്ങളില്‍ നിന്നും മോചനം, സ്ഥാനമാനലബ്ദി, മംഗല്യഭാഗ്യം, വിദ്യാലാഭം, സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം പ്രേമസാഫല്യം എന്നിവ ഫലം.

ഭരണി

വ്യാഴന്റെ 3ലെ സ്ഥാനം അത്ര നന്നല്ല. 'തൃദിയേബ്രഹ്മതോ ശിരാ' എന്നാണ്‌ ശ്ലോകം. ബ്രാഹ്മാവിന്‌ ശിരസ്സ്‌ നഷ്ടപ്പെട്ടത്‌ ഈ സമയത്താണ്‌. മനസ്സിലുദ്ദേശിച്ച കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങും വസ്‌തു വകകള്‍ വാങ്ങും. ബിസ്സിനസ്സില്‍ പുരോഗതി ആത്മവിശ്വാസം ഉണ്ടാകും. വിവാഹബന്ധത്തിലൂടെ നേട്ടം കൈവരിക്കും. വിദേശത്തു നിന്നും നാട്ടില്‍ തിരിച്ചെത്തും. ആഡംബരങ്ങള്‍ക്കായി പണം ധൂര്‍ത്തടിയ്‌ക്കും. ഇഷ്ടജനവിരോധം വസ്‌തുവില്‍പ്പനയില്‍ നഷ്ടം നേരിടും. വാഹനലാഭം ഉദരവ്യാധി ഉണ്ടാകാന്‍ സാധ്യത. ഉദ്യോഗക്കയറ്റം പുരസ്‌കാരലബ്ദി, സ്ഥാനചലനം, വിദേശയാത്ര, രാഷ്ട്രീയ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ, ലഹരി പദാര്‍ത്ഥത്തില്‍ അമിതതാല്‍പ്പര്യം പരീക്ഷകളില്‍ വിജയം പ്രതീക്ഷിയ്‌ക്കാം ആധുനികയന്ത്രസാമഗ്രികള്‍ ലഭിയ്‌ക്കാന്‍ സാധ്യത. എഴുത്തു കുത്തുകള്‍ മുഖേന ഗുണാനുഭവം. ഉന്നതവ്യക്തികളുമായി സുഹൃദ്‌ബന്ധം പുലര്‍ത്തും.

കാര്‍ത്തിക

ധനലാഭം പ്രതീക്ഷിയ്‌ക്കാം. ശത്രുശല്യം, വിദ്യാപുരോഗതി, ആഡംബരത്തിനു പണം ചിലവാക്കും, സ്ഥാനമാനലബ്ദി തിരഞ്ഞെടുപ്പില്‍ വിജയം, അസൂയക്കാരില്‍ നിന്നും ശല്യമുണ്ടാകാം. ആത്മീയ യാത്രകള്‍ ഉണ്ടാകും. തൊഴിലിലഭിവൃദ്ധിയുണ്ടാകാം. പ്രേമസാഫല്യമുണ്ടാകും. അപവാദം കേള്‍ക്കാന്‍ യോഗം. സമ്മാനം ലഭിയ്‌ക്കാന്‍ സാധ്യത. വാഹനലാഭം കടങ്ങളില്‍ നിന്നും മുക്തി, വ്യവഹാരവിജയം, ശാരീരികസ്വസ്ഥതകള്‍ അലട്ടും. സന്താനങ്ങള്‍ക്ക്‌ മംഗല്യഭാഗ്യം, ഇഷ്ടജനങ്ങളുമായി അകല്‍ച്ച, ആരോഗ്യത്തിന്‌ ഹാനി, അമിത കാമാസക്തി എന്നിവ ഫലം.

രോഹിണി

നയപരമായ കാര്യങ്ങളില്‍ തീരുമാനം ഉത്തമവാഹന ലാഭം, സന്താനലാഭം, സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ തിരികെ ജോലിയില്‍ പ്രവേശിക്കാനവസരം, തൊഴില്‍സ്ഥലത്തില്‍ മാറ്റം, ആരോഗ്യരംഗത്ത്‌ പുരോഗതി, ഗൃഹലാഭം, ശത്രുശല്യം കുറയും, പിതൃജനദുരിതം കുറയും, വിശേഷവസ്‌ത്ര, ആഭരണാദിലാഭം, മനസ്സില്‍ കൊണ്ടുനടന്നകാര്യം നിറവേറ്റും, ബിസിനസ്സില്‍ അഭിവൃദ്ധി, സൗന്ദര്യവര്‍ദ്ധന ബഹുമാനാദിലാഭം, തീര്‍ത്ഥാടനം, സര്‍ക്കാരില്‍ നിന്നും അനുകൂലനടപടി, ഉന്നതവിദ്യാഭ്യാസം എന്നിവ ഫലങ്ങള്‍.

മകയിരം

മകയിരം നക്ഷത്രത്തില്‍ വ്യാഴന്‍ സഞ്ചരിയ്‌ക്കുന്ന സമയം 'ജന്മേ രാമവനേ ദുഃഖം' എന്ന വചനമനുസരിച്ച്‌ ശ്രീരാമന്‌ വനവാസം വേണ്ടി വന്ന കാലമാണിത്‌. മറ്റുള്ളവരുടെ പ്രവൃത്തികൊണ്ട്‌്‌ ദോഷം അനുഭവിക്കാനിടയുണ്ട്‌. ദാമ്പത്യസുഖം അനുഭവിക്കും. സൗന്ദര്യപ്പിണക്കങ്ങള്‍ ഒത്തു തീര്‍പ്പിലാകും. ലാഭങ്ങള്‍ പ്രതീക്ഷിയ്‌ക്കാം. പഠനത്തില്‍ നിലിന്നിരുന്ന മന്ദത മാറാം. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക്‌ ആഗ്രം സഫലീകൃതമാകും. വിവാഹാദികാര്യങ്ങളില്‍ തീര്‍പ്പുണ്ടാകും. കലാസംസാസ്‌കാരിക രംഗത്തുള്ളവര്‍ക്ക നേട്ടങ്ങളുണ്ടാകാം. സര്‍ക്കാരില്‍ നിന്നും അനുകൂലഫലം പ്രതീക്ഷിയ്‌ക്കാം. പ്രേമവിജയം ഉണ്ടാകാം. തീര്‍ത്ഥാടനം നടത്താന്‍ സാധിയ്‌ക്കും. ചൂതുകളി, പന്തുകളി, എന്നിവയില്‍ അമിത താല്‍പ്പര്യം കാണിക്കും. തിരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കാം. രോഗങ്ങളില്‍ നിന്നും ശമനം പ്രതീക്ഷിയ്‌ക്കാം. വാഹനം, ഗൃഹം, ഇവ വാങ്ങാന്‍ സാധ്യത. മാതൃദുരിതത്തിനു സാധ്യത. വാഹനങ്ങള്‍ മുഖാന്തിരമോ, വളര്‍ത്തുമൃഗങ്ങളാലോ നേട്ടമുണ്ടാകും. അമിതജോലിഭാരമുണ്ടാകും.

തിരുവാതിര

'ജന്മേ രാമവനേ ദുഃഖം' എന്ന വചനമനുസരിച്ച്‌ ശ്രീരാമന്‌ വനവാസം വേണ്ടി വന്ന കാലമാണിത്‌. മറ്റുള്ളവരുടെ പ്രവൃത്തികൊണ്ട്‌ ദോഷം അനുഭവിക്കാന്‍ ഇടയുണ്ട്‌. ദാമ്പത്യസുഖം ഉണ്ടാകും. സൗന്ദര്യപിണക്കങ്ങള്‍ തീരും. ഭാഗ്യവര്‍ദ്ധനയുണ്ടാകും. ബന്ധുക്കള്‍ വഴി കാര്യ സാധ്യം. തൊഴില്‍പരമായ കോഴ്‌സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആഗ്രഹങ്ങള്‍ സഫലീകരിക്കും. കലാസാസംസ്‌കാരിക രംഗത്ത്‌ അംഗീകാരം ലഭിയ്‌ക്കാം. ഉത്തമവിവാഹത്തിന്‌ സാധ്യത. പഠനരംഗം ശോഭിക്കും. വാഹനലാഭം, ആഡംബരവസ്‌തു ലഭിയ്‌ക്കാന്‍ യോഗം, മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാം, ദുരദേശയാത്ര, ഇഷ്ടജനസംഖ്യം, അപവാദങ്ങള്‍ കേള്‍ക്കാനിടവരും, വാത-ഞരമ്പുരോഗങ്ങള്‍ മൂലം കഷ്ടപ്പാട്‌, സാഹസപ്രവര്‍ത്തനത്തിലേര്‍പ്പെടാം. കുടുംബത്തില്‍ മംഗളകര്‍മ്മത്തിനു സാധ്യത. ജീവിതപങ്കാളിക്ക്‌ തൊഴിലിനു സാധ്യത സഹോദരങ്ങളുമായി അകല്‍ച്ചമാറും, മേലധികാരികളില്‍ നിന്നും അംഗീകാരം കിട്ടാന്‍ സാധ്യത.

പുണര്‍തം

രാവണന്റെ തല ഛേദിച്ച സമയമാണ്‌ 12-ാം വ്യാഴം. 'ദ്വാദശേ രാവണോ ഹന്തി.' ചിലവ്‌ കൂടും, അപവാദങ്ങള്‍ക്ക്‌ പാത്രമാകും. ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ വിളി തോന്നി എന്നുപറുയുന്നതുപോലെ അബദ്ധത്തില്‍ ചാടാനിടയുണ്ട്‌. വിവാഹലാഭം, ഏറ്റെടുക്കാന്‍ തുടങ്ങുന്ന ജോലികള്‍ പുര്‍ത്തീകരിക്കും, വിദേശയാത്രയ്‌ക്ക യോഗം, പണമിടപാടില്‍ നേട്ടമുണ്ടാകും.സ്ഥാനമാനങ്ങള്‍ കിട്ടാന്‍ സാധ്യത. അന്യദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തല്‍ മത്സരപരീക്ഷകളില്‍ വിജയം കിട്ടും. സജ്ജനഗുണം വര്‍ദ്ധിയ്‌ക്കും. ഞരമ്പുരോഗത്തിനു സാധ്യത, ഇടുപ്പിനും, കഴുത്തിനും അസുഖസാധ്യത, ഗൃഹനിര്‍മ്മാണം, അന്യരുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കല്‍, ആരോപണങ്ങള്‍ വരാന്‍ സാധ്യത. മരണാനന്തരചടങ്ങില്‍ സംബന്ധിക്കാം, പ്രവര്‍ത്തനവിജയം, മറവി മൂലം കുഴപ്പം, രാഷ്ട്രീയ കാര്യങ്ങളില്‍ വിജയം ലഭിയ്‌ക്കാം. ഇഷ്ടജനങ്ങളില്‍ നിന്നും ഉപദ്രവം, കലാകാരന്‍മാര്‍ക്ക്‌ അംഗീകാരം, വഞ്ചനയ്‌ക്ക്‌ അടിമപ്പെടാം.

പുയം

'ദ്വാദശേ രാവണോഹന്തി' എന്ന ശ്ലോകം ഇവിടെയും ഓര്‍ക്കേണ്ടിയിരിക്കുന്നു. വ്യാഴം 12ആം ഭാവത്തിലാണ്‌ വരുന്നത്‌. ചിലവ്‌ നിയന്ത്രണാതീതമാകും. അപവാദം കേള്‍ക്കേണ്ടതായി വരും ഉണ്ടുകൊണ്ടിരിക്കുമ്പോള്‍ വിളിതോന്നി എന്നു പറയുന്നതുപോലെ അബദ്ധത്തില്‍ ചാടും. ചിരകാലഭിലാഷം പൂര്‍ത്തികരിക്കും. പലവിധത്തിലുണ്ടായിരുന്ന ശത്രുക്കളെ നിര്‍ജ്ജീവമാക്കും. പുതിയ തൊഴിലവസരങ്ങളില്‍ പങ്കാളിയാകും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. താമസസ്ഥലം മോടി പിടിപ്പിയ്‌ക്കും. സന്താനങ്ങളുടെ ഉയര്‍ച്ചയ്‌ക്ക്‌ വേണ്ടി അശ്രാന്തം പരിശ്രമിയ്‌ക്കും. ഇണയുമായി പിണങ്ങും. കലാസാസ്‌കാരികരംഗത്ത്‌ ഗുണാനുഭവങ്ങളുണ്ടാകും. മനസ്സാക്ഷിയ്‌ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരും. പ്രണയ ബന്ധത്തില്‍ ഉലച്ചിലുണ്ടാകാം. രോഗശമനം, വ്യവഹാരങ്ങളില്‍ വിജയം, വിദേശജോലിയ്‌ക്ക്‌ യോഗം, സന്താനഭാഗ്യം, പിതൃസ്വത്തിന്റെ അനുഭവം ദന്തരോഗം പിടിപെടാന്‍ സാധ്യത, രോഗദുരിതങ്ങള്‍ ഏറ്റക്കുറച്ചില്‍ വരും.

ആയില്യം

പ്രതീക്ഷിക്കാത്ത പലഭാഗ്യങ്ങളും വന്നു ചേരും. സര്‍ക്കാര്‍ ധനത്തിനു സാധ്യത. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്‌. തൊട്ടതെല്ലാം പൊന്നാക്കും. സ്ഥാനലബ്ദി, ദിനചര്യയില്‍ വ്യത്യാസം വരും. വിദ്യാലാഭം, തീര്‍ത്ഥാടനം ഉല്ലാസയാത്ര അഭിമാനവര്‍ദ്ധനവ്‌ അന്ധവിശ്വാസത്തിന്‌ അടിമപ്പെടും. കച്ചവടം മേന്മ, കൃഷിലാഭം, സര്‍ക്കാരില്‍ നിന്ന്‌ നേട്ടം. ദാമ്പത്യജീവിതത്തില്‍ വിള്ളല്‍, ഇഷ്ടജനങ്ങളില്‍ നിന്നും ക്ലേശാനുഭവങ്ങള്‍ മേലുദ്ദ്യോഗസ്ഥരുടെ അംഗീകാരം, സാംസ്‌കാരിക രംഗത്ത്‌ മാധ്യസ്ഥത വഹിച്ച്‌ നേട്ടം കിട്ടും. കുടുംബത്തില്‍ മംഗളകാര്യം ലഭിയ്‌ക്കും. വീടുസംബന്‌്‌ധിച്ച്‌ വിചാരിച്ച കാര്യങ്ങളില്‍ പലതും നടപ്പാക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുതിയ ഉണര്‍വ്വുണ്ടാകും. ശത്രുക്കളായിരുന്നവര്‍ മിത്രങ്ങളാവും, ജോലിയില്‍ പുരോഗതി പ്രതീക്ഷിക്കാം. നിങ്ങള്‍ ഗൂഢമായ കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിയ്‌ക്കാം. അമിത സംസാരം അബദ്ധത്തിന്‌ കാരണമാകും. തൊഴില്‍ മേഖലയില്‍ പുതിയ സ്ഥാനങ്ങള്‍ ഏറ്റെടുത്ത്‌ നടപ്പാക്കുന്നതില്‍ ക്ലേശങ്ങളനുഭവിക്കും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനും വിദേശയാത്രസാധ്യമാകുകയും ചെയ്യും.

മകം

പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങള്‍ വന്നു ചേരും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാം പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്‌. തൊട്ടതെല്ലാം പൊന്നാക്കും. അസാധ്യമായ പലതും സാധിച്ചെടുക്കാം. പുതിയ കൂട്ടുകെട്ടുകള്‍ ഉണ്ടാകും. ഗുരുകാരണവരുടെ അനുഗ്രഹത്താല്‍ ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ലഭിയ്‌ക്കും. വിശേഷപ്പെട്ട ദേവാലയ ദര്‍ശനം, പുണ്യ സ്ഥലദര്‍ശനം ഉദര-ഹൃദയ രോഗങ്ങള്‍ അസ്വസ്ഥമാക്കും. ഓര്‍മ്മക്കുറവ്‌ കൊണ്ട്‌ അബദ്ധമുണ്ടാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യസാധ്യത ഉണ്ടാകും. മാതാപിതാക്കള്‍ക്കും ഗുരുജനങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും അസുഖം വരാനിടയുണ്ട്‌. ചെയ്യാത്ത തെറ്റിന്‌ അപവാദം കേള്‍ക്കേണ്ടി വരും. പ്രേമപരാജയം, അഗ്നി, ആയുധം, വൈദ്യുതി, വാതകം, വാഹനം എന്നിവയില്‍ നിന്നും അപകടസാധ്യത, അപവാദം കേള്‍ക്കല്‍ വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍ ഉന്നതി രക്ത സംബന്ധമായ അസുഖം പിടിപെടും.

പൂരം

അപ്രതീക്ഷിത ഭാഗ്യം ലഭിയക്കും. സര്‍ക്കാര്‍ നേട്ടത്തിനു സാധ്യത, പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ നല്ല സമയമാണ്‌. തൊട്ടതെല്ലാം നന്നായി പര്യവസാനിക്കും. വിവാഹജീവിതത്തില്‍ പരാജയം, രഹസ്യപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും അത്‌ പരസ്യമാകുകയും അതിനാല്‍ ക്ലേശിക്കുകയും ചെയ്യും. ചെയ്യാത്ത കുറ്റത്തിന്‌ ശിക്ഷിക്കപ്പൈടാം. നവീന ഗ്രഹാരംഭത്തിനു സാധ്യത. ആലോചനകൂടാതെയുള്ള പ്രവൃത്തിയില്‍ നിന്നും പലവിധദുരിതങ്ങള്‍ക്കും സാധ്യത. കരാര്‍ ജോലികളില്‍ നിന്നും നഷ്ടം സംഭവിക്കാം. പുതിയ ജോലികളിലേര്‍പ്പെടും. കുടുംബസ്വത്ത്‌ ഭാഗം വച്ച്‌ അതില്‍ നിന്നും മേന്മയുണ്ടാകും. ഉപരിപഠനത്തില്‍ തടസ്സമുണ്ടാകാം. വിദേശയാത്രസഫലമാകും. പരിക്ഷയിലും ഇന്റര്‍വ്യുയിലും തടസ്സം നേരിടാം.കുടുംബജീവിതത്തില്‍ പലതര ദുഃഖത്തിനും ഇടയുണ്ടാകും. ഇഷ്ടജനങ്ങളില്‍ നിന്നും ക്ലേശങ്ങളുണ്ടാകും

ഉത്രം

ആരോഗ്യ നില തൃപ്‌തികരമായിരിക്കും. സജീവപ്രവര്‍ത്തനങ്ങളാല്‍ മത്സരപ്രവര്‍ത്തനങ്ങള്‍ വിജയിക്കും. സന്താനങ്ങളുടെ വിജയത്തില്‍ അഭിമാനിക്കും. ആഗ്രഹങ്ങള്‍ സഫലീകരിക്കും. നിര്‍ത്തി വച്ച കാര്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കാലതാമസം നേരിടും. നറുക്കെടുപ്പ്‌, സമ്മാനപദ്ധതി എന്നിവയില്‍ വിജയമുണ്ടാകും. ജീവിത പങ്കാളിയുടെ ആശയങ്ങള്‍ വിപരീത സാഹചര്യത്തില്‍ ക്ലേശങ്ങള്‍ ഉണ്ടാക്കും. ഔദ്ദ്യോഗിക ജീവിതതത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടാകും. ശുഭാപ്‌തി വിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്‌താലും അവ വിജയിക്കാന്‍ കഴിയാതെ വരും. അനാവശ്യ ആദിയില്‍ മനസ്സ്‌ ദുഃഖിക്കാനിടവരും. ഗവണ്‍മെന്റ്‌ തലത്തില്‍ ജോലിയേറ്റെടുക്കുമ്പോള്‍ ഉദ്ദേശിച്ചരീതിയില്‍ അതു തീര്‍ക്കാന്‍ കഴിയാതെ വരും. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മാതാവിനും, പിതാവിനും,ഗുരു, സന്താനത്തിനും അരിഷ്ടതയ്‌ക്കു സാധ്യത. സന്താനഭാഗ്യം, ഭാഗ്യക്കുറി ലഭിയ്‌ക്കാന്‍ ഭാഗ്യം, രാജബഹുമാനം, പുരസ്‌കാരലബ്ദി, നേതൃത്വസ്ഥാനമലങ്കരിക്കല്‍ രാഷ്ട്രീയ സംഘടനകള്‍ക്ക്‌ സാക്ഷ്യം വഹിക്കുക. ഉദരരോഗം, ദന്ത കണ്ണൂരോഗങ്ങള്‍, ഉദ്ദ്യോഗക്കയറ്റം, നവീനഗൃഹാരംഭപ്രവര്‍ത്തനം, പരിക്ഷാദികളില്‍ ഉന്നത വിജയം എന്നിവ പ്രതീക്ഷിയ്‌ക്കാം.

അത്തം

'ദശമേ ദാരികാവധം' എന്നാണ്‌ വചനം. ദാരികന്‌ മരണം സംഭവിച്ചത്‌ ഈ സമയത്താണ്‌. മേലുദ്ദ്യോഗ്‌സ്ഥരുടെ അംഗീകാരനം പിടിച്ചു പറ്റും. വിവാഹകാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കും. ആഡംബരങ്ങള്‍ക്ക്‌ പണം ചിലവഴിക്കും. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കും, സല്‍ക്കീര്‍ത്തി, വിദേശയാത്ര, ലഹരിപദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗം, അവിഹിതമാര്‍ഗ്ഗത്തിലൂടെ ധനസമ്പാധനം സദാചാരവിരുദ്ധജീവിതം, ഇണയുമായി പിണക്കം, വാതകോപം, നേത്രരോഗം പിടിപെടല്‍, സംഭാവനകൊടുക്കല്‍ ആത്മാഭിമാനത്തില്‍ വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ആദരവുലഭിയ്‌ക്കുക, സന്മനസ്സുള്ളവരുമായുള്ള സഹവാസത്താല്‍ സത്‌ചിന്തകള്‍ വര്‍ദ്ധിയ്‌ക്കും. നയതന്ത്രങ്ങള്‍ ലക്ഷ്യപ്രാപ്‌തിയിലെത്തിയ്‌ക്കും സഹജമായ കഴിവുകള്‍ പ്രകടിപ്പിയ്‌ക്കാന്‍ അവസരമുണ്ടാകും. സാമ്പത്തികഭദ്രത ഉറപ്പ്‌ വരുത്തി ഗൃഹം വാങ്ങും, അധ്വാനഭാരത്താല്‍ പലപ്പോഴും അവധിയെടുക്കാന്‍ ഇടവരും. ഗൃഹത്തില്‍ ഉത്സാഹപ്രീതി അനുഭവപ്പെടും. പകര്‍ച്ചവ്യാധിയോ, സാക്രമികരോഗമോ പിടിപെടാന്‍ സാധ്യത. വാഹനമുപയോഗിക്കുന്നവര്‍ സൂക്ഷിയ്‌ക്കുക.

ചിത്തിര

ദശമേദാരികാവധം എന്ന വാക്യമനുസരിച്ച്‌ ദാരികന്‌ വധം സംഭവിച്ചത്‌ ഈ സമയത്താണ്‌. വിശിഷ്ടശനിയും രാഹുവും, കേതുവും പ്രതികൂലമായി സഞ്ചരിക്കുന്നു. എല്ലാവിധപ്രവര്‍ത്തനങ്ങളും, ആരോഗ്യവും വളരെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും നിറവേറും, പുതിയ ഗൃഹം ലഭിയ്‌ക്കാന്‍ യോഗം കാണുന്നു. തൊട്ടതെല്ലാം പൊന്നാക്കും, സ്വന്തം ആശയങ്ങളെ വിപുലീകരിച്ച്‌ പ്രവര്‍ത്തനവിജയം നേടും. സഹപ്രവര്‍കരുടെ സഹായത്തോടെ മികച്ച നേട്ടം കൈവരിക്കും. കലാകായിമത്സരങ്ങളില്‍ വിജിയിക്കും. രോഗശമനമുണ്ടാകും. കര്‍മ്മരംഗം പുഷ്ടിപ്പെടും. വിവാഹാലോചനകള്‍ തീരുമാനമാകും. സഹോദരഗുണം വര്‍ദ്ധിയ്‌ക്കും. സഹോദരങ്ങള്‍ക്ക്‌ അരിഷ്ടത. ഇഷ്ടജനവിരോധം മനസ്സിനെ വിഷമിപ്പിക്കും. പ്രതിബന്ധത വര്‍ദ്ധിയ്‌ക്കും. ദാമ്പത്യകലഹം ഉണ്ടാകും. വ്യവഹാരത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യം കൂടും. ബിസ്സിനസ്സില്‍ വിജയിക്കും.പുസ്‌തകങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും പണം ചിലവഴിക്കും. വളരെക്കാലമായി മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കും. വ്യവഹാരങ്ങളില്‍ ഉത്തരവാദത്തോടുകൂടി പെരുമാറി അനുകൂലവിധി സമ്പാദിക്കും. പ്രേമബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകും. ഭൃത്യജനങ്ങളുടെ സഹായസഹകരണം, ആധുനിക യന്ത്രസാമഗ്രികളുടെ ലബ്ദി, ആദ്ധ്യാത്മിക കാര്യങ്ങളില്‍ പങ്കെടുക്കും. പ്രധാന രേഖകള്‍ കൈമോശം വരും.

ചോതി

തൊട്ടതൊക്കെ പൊന്നാക്കും. മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വിധേയനാകും. സന്താനങ്ങളുടെ ഉപരിപഠനത്തിന്‌ തടസ്സം നേരിടും. വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലവിധി ഉണ്ടാകും. യാത്രകള്‍ വേണ്ടി വരും. കലാകായിക മത്സരങ്ങളില്‍ ഏര്‍പ്പെട്ട്‌ വിജയിക്കും. ഈശ്വരാനുകൂല്യത്തിനായി പ്രവൃത്തിക്കും. തടസ്സങ്ങള്‍ നീങ്ങി ആരോഗ്യം തൃപ്‌തികരമാകും. നീതിന്യായവകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ കരുതലോടുകൂടി ജോലി ചെയ്യുക. വിവാഹപ്രാപ്‌തി, ബന്ധക്കളുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക്‌ വിരാമം, ശിക്ഷനടപടികളില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ മോചനം, വിനോദയാത്രയ്‌ക്ക്‌ സാധ്യത. അലര്‍ജി മുതലായ രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ അത്‌ മാറിക്കിട്ടും. സ്വദേശത്തു നിന്നും അകന്നു നില്‍ക്കും. വീടുപണിയാന്‍ വേണ്ടത്ര ജോലിക്കാര്‍ കിട്ടാതെ തടസ്സം ഉണ്ടാകം. സാമ്പത്തിക അച്ചടക്കം കുറയും.

വിശാഖം

'അഷ്ടമി ഹരിതോബാലി ' എന്ന വാക്യം അനുസരിച്ച്‌ ബാലി മരിച്ചത്‌. ഒളിയമ്പുകള്‍ സൂക്ഷിയ്‌ക്കണം എന്നര്‍ത്ഥം. ആരോമല്‍ ചേകവരെ ചന്തു ചതിച്ചതും ഇതേസമയത്താണ്‌. ജന്മത്തില്‍ ശനിയില്‍, രാഹുവും സഞ്ചരിയ്‌ക്കുന്നു. അബദ്ധങ്ങളില്‍ ചാടാതെ ശ്രദ്ധിയ്‌ക്കുക. ഊഹക്കച്ചവടത്തില്‍ ഇടപെടാതിരിക്കുക. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുക. കേസ്സുണ്ടാകാന്‍ സാധ്യതയുണ്ട്‌. അലച്ചിലും വഞ്ചനയും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. പ്രേമനൈരാശ്യം, വിരഹദുഃഖം, വാക്കുപാലിക്കാന്‍ കഴിയാതെ വരുക, വിനോദയാത്രകള്‍, കൃഷി, നാല്‍ക്കാലി നാശം, തസ്‌കരശല്യം, നഷ്ടഭയം, പകര്‍ച്ച വ്യാധികള്‍ പിടിപെടല്‍, രാഷ്ട്രീയരംഗത്ത്‌്‌ പരാജയം, ഇഷ്ടജനവിരഹം, ഗൃഹ-വാഹന, സമ്പത്തികനഷ്ടം, വസ്‌ത്രാഭരണലാഭം, വലിയ ജോലികളിലേര്‍പ്പെടും. കര്‍മ്മരംഗത്ത്‌ അംഗീകാരം. ഉന്നത വിദ്യാഭ്യാസത്തിനു തടസ്സം, നിയമനം പ്രതീക്ഷിയ്‌ക്കുന്നവര്‍ക്ക്‌്‌ അനുകൂലവിധി, വാതരോഗദുരിതസാധ്യത.

അനിഴം

'അഷ്‌്‌ടമിഹരിദോബാലി' എന്ന വാക്യം അനുസരിച്ച്‌ ബാലി മരിച്ചത്‌. ഒളിയമ്പുകള്‍ സൂക്ഷിയ്‌ക്കണം എന്നര്‍ത്ഥം. ആരോമല്‍ ചേകവരെ ചന്തു ചതിച്ചും ഇതേ സമയത്താണ്‌. അക്രമങ്ങള്‍ ഉണ്ടാകാതെ അപകടങ്ങള്‍ ഉണ്ടാകാതെയും ശ്രദ്ധിയ്‌ക്കുക. കേസ്സുണ്ടാകാന്‍ സാധ്യത കാണുന്നു. അലച്ചിലിനും വഞ്ചനയ്‌ക്കും സാധ്യത. രാഹുവും ശനിയും 12ല്‍ സഞ്ചരിയ്‌ക്കുന്ന കാലസര്‍പ്പയോഗം നടക്കുന്ന കാലം വളരെ മോശമാണ്‌. മാനസ്സിക പ്രയാസങ്ങള്‍ സഹായസ്ഥാനങ്ങള്‍ക്ക്‌ കുറവ്‌, ജീവിതസുഖം കുറയും, ധനവരവുണ്ടാകും. സന്താനങ്ങള്‍ ലഭിയ്‌ക്കും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിയ്‌ക്കും. ബന്ധുജനസഹായമുണ്ടാകും. പ്രശസ്‌തരുമായി ഇടപഴകും, കുടുംബത്തില്‍ വിവാഹത്തിനു സാധ്യത, അപവാദങ്ങള്‍ക്കു പാത്രമാകാം, ഭവനവില്‍പ്പന നടക്കും, പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും മോചനം ലഭിയ്‌ക്കും. ജനനേദ്രിയങ്ങളിലും, ശിരോരോഗത്തിനും സാധ്യത. പ്രധാനപ്പെട്ടരേഖകളില്‍ ഒപ്പു വെക്കും. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം ഉണ്ടാകാം. രാഷ്ട്രീയക്കാര്‍ക്ക്‌ ജനങ്ങളുടെ നീരസ്സം ഉണ്ടാകും. വിദ്യാഭ്യാസ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം ചെയ്യും. അന്യരുടെ വാക്കുകേട്ട്‌ അബദ്ധത്തില്‍ ചെന്ന്‌ ചാടാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിക്കണം. വിദേശയാത്രഫലമാകും.

തൃക്കേട്ട

സഹോദരസ്ഥാനത്തുള്ളവരില്‍ നിന്ന്‌ സഹായം പ്രതീക്ഷിയ്‌ക്കാം. വിശേഷവസ്‌ത്രാഭരണദി ലാഭം, സത്യസന്ധത വെളിപ്പെടുത്തുവാന്‍ പറ്റിയ സമയമാണ്‌. ഗുരുജനപ്രീതി, ഭോജനസൗഖ്യം, ഊഹക്കച്ചവടലാഭം, രഹസ്യപ്രവര്‍ത്തനം ശയനസൗഖ്യക്കുറവ്‌, വ്യവഹാരാദി കാലതാമസം കലാസാംസ്‌കാരിക പ്രവര്‍ത്തനംമൂലം പ്രശസ്‌തി കിട്ടും. ഗൃഹപരിഷ്‌കാരം, അതിര്‍ത്തിത്തര്‍ക്കം സംഭാഷണമികവില്‍ കാര്യസാധ്യം. ഉന്നതവിദ്യാഭ്യാസ ലബ്ദി. സന്താനങ്ങള്‍ക്ക്‌ ഗുണം, സന്താനലഭ്യത ആരോഗ്യനിലയില്‍ അതൃപ്‌തി, കടബാധ്യതകുറയും, സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അന്യരുടെ ഇടപെടല്‍, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കാന്‍ സാധ്യത.

മൂലം

വ്യാഴന്‍ 7ല്‍ ആണ്‌ നില്‍ക്കുന്നത്‌. വളരെ നല്ല സമയമാണ്‌. എല്ലാ വിധത്തിലും ഉയര്‍ച്ചയ്‌ക്ക്‌ സാധ്യത. വിവാഹം നടക്കാന്‍ സാധ്യത, വാഹനലാഭം ആഗ്രഹസാഫല്യം, ജോലി ഇഷ്ടപ്പെടുന്ന സ്ഥലത്തുലഭിയ്‌ക്കാന്‍ സാധ്യത. വളരെ ബുദ്ധിമുട്ടിയാലും കാര്യങ്ങള്‍ ഇഷ്ടത്തിനൊത്ത്‌ നടക്കും. പ്രണയബാധിതര്‍ക്ക്‌ കാലം അനുകൂലമല്ല. തര്‍ക്കത്തിലായിരുന്ന കാര്യങ്ങള്‍ അനുകൂലമായിത്തീരും. തൊഴിലില്‍ പുഷ്ടി, സാമ്പത്തിക മികവ്‌, സന്താനലാഭം, ആരോഗ്യനില മെച്ചപ്പെടും, ദാമ്പത്യജീവിതത്തില്‍ ചെറിയ പാളിച്ചകള്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി തെറ്റിനു കൂട്ടുനില്‍ക്കേണ്ടി വരും. രാഷ്ട്രീയകാര്യങ്ങളില്‍ സല്‍പ്പേര്‌ നഷ്ടപ്പെടും. ഭാഗ്യക്കുറിയോ, ചിട്ടിയോ, വായ്‌പയോ കിട്ടാന്‍ സാധ്യത. പൂര്‍വ്വിക സ്വത്ത്‌ വിറ്റ്‌ ധനവരവുണ്ടാകും. ആശുപത്രി സന്ദര്‍ശനം നടത്തി നല്ല തുക ചിലവാക്കേണ്ടതായി വരും. ആത്മീയാലയങ്ങളില്‍ സംഭാവനകള്‍ നല്‍കേണ്ടതായി വരും, ലഹരി പദാര്‍ത്ഥത്തിന്റെ സ്വാധീനത്തില്‍ കുടുങ്ങി കുഴപ്പങ്ങള്‍ ഉണ്ടാകാം. അനാവശ്യകൂട്ടുകെട്ടുകള്‍ ഒഴിവാക്കുക.

പൂരാടം

സമ്മേളനങ്ങളില്‍ പങ്കെടുത്ത്‌ പ്രശസ്‌തി ലഭിയ്‌ക്കും. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. ഇഷ്ടജനവിരോധം, ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം, കച്ചവടത്തില്‍ നഷ്ടം, മേലുദ്ദ്യോഗസ്ഥന്മാരുടെ അഭിനന്ദനം ഏറ്റുവാങ്ങും. ആഡംബരംങ്ങള്‍ക്കായി പണം ചിലവഴിയ്‌ക്കും, മംഗളകര്‍മ്മങ്ങള്‍ നടക്കും. മരണാനന്തരചടങ്ങില്‍ പങ്കെടുക്കും.ചിരകാലഭിലാഷം നടപ്പിലാകും. കഴിഞ്ഞ വര്‍ഷത്തെ കാര്യതടസ്സങ്ങള്‍ നീങ്ങി ഈ വര്‍ഷം പലതും നടക്കാന്‍ സാധ്യത മാതൃപിതൃ, ഗുരുപ്രീതി ലഭിയ്‌ക്കും. പൂര്‍വ്വിക സ്വത്ത്‌ കൈവശം വന്നു ചേരും. ആത്മാഭിമാനം വര്‍ദ്ധിയ്‌ക്കും. സേനാവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രമോഷന്‍ കിട്ടാന്‍ സാധ്യത. ഗൃഹോപകരണങ്ങള്‍ വാങ്ങും. ആത്മവിശ്വാസത്തില്‍ ഇരുന്ന കാര്യങ്ങള്‍ നടപ്പിലാകും.

ഉത്രാടം

എല്ലാ വിധ ഉയര്‍ച്ചയ്‌ക്കും അനുകൂല സമയമാണ്‌. വാഹനം വാങ്ങും. സാമ്പത്തിക വിഷമതകള്‍ ശമിയ്‌ക്കും. ഉദ്യോഗലബ്ദി. ഗ്രഹത്തില്‍ അറ്റകുറ്റപണികള്‍ നടക്കും. മനസ്സുഖം കൂടും. രോഗദുരിതത്തില്‍ നിന്നും മോചനം ലഭിയ്‌ക്കും. വസ്‌തുവില്‍പ്പന വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിയ്‌ക്കും. ഉന്നതവിജയം, പൊതുരംഗത്ത്‌ പ്രശസ്‌തി. ഇഷ്ടസ്ഥാനത്തേയ്‌ക്ക്‌ തൊഴില്‍മാറ്റം ഉണ്ടാകും. ദാമ്പത്യസുഖം, വിദേശത്തുള്ള ബന്ധുക്കള്‍ വഴി സഹായം, ശത്രുക്കള്‍ നിഷ്‌പ്രഭമാകും. തടസ്സമായി കിടന്നിരുന്ന കാര്യങ്ങള്‍ നടക്കും. ശത്രുക്കള്‍ മിത്രങ്ങളാകും. തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. പിത്തരോഗമുണ്ടാകും. അസ്‌തി, നാഡി രോഗങ്ങള്‍ക്കു സാധ്യത. ബിസിനസ്സില്‍ അഭിവൃദ്ധിയ്‌ക്കു സാധ്യത. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം സന്താനങ്ങളുടെ കാര്യത്തില്‍ അഭിവൃദ്ധി.

തിരുവോണം

മഹാബലിയ്‌ക്ക്‌ സ്ഥാനം നഷ്ടപ്പെട്ടത്‌ 6ആം വ്യാഴസമയത്താണ്‌. ശത്രുക്കളുടെ ദോഷം വര്‍ദ്ധിയ്‌ക്കും. വ്യവഹാരങ്ങള്‍ ഉണ്ടാകാം. മേലുദ്ദ്യോഗസ്ഥരുടെ നീരസം ഉണ്ടാകാം. ഗര്‍ഭിണികള്‍ക്ക്‌ ചലനതടസ്സങ്ങള്‍ ഉണ്ടാകാം. വിദേശയാത്രയ്‌ക്ക്‌ അനുകൂല സമയമാണ്‌. ഇഷ്ടജനവിരോധം. ഭാവിയെ ബാധിയ്‌ക്കുന്ന പ്രധാനരേഖകളില്‍ ഒപ്പു വയ്‌ക്കും. വിവാഹമോചനക്കാര്യം ചിന്താവിഷയമായി വരും. ആഡംബരവസ്‌തുക്കള്‍ക്ക്‌ ധനം ചിലവഴിയ്‌ക്കും. അഭിമാനം നിലനിര്‍ത്തുവാന്‍ കടം വാങ്ങും. ഇഷ്ടസ്ഥലത്തേയ്‌ക്ക്‌ മാറ്റം സംഭവിക്കാം. കേസ്സുകളില്‍ അനുകൂമായി വിധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തം മെച്ചപ്പെടുത്തും. രോഗവസ്ഥയിലുള്ളവര്‍ക്ക്‌്‌ ആശ്വാസം കിട്ടും. നിര്‍ണ്ണായഘട്ടങ്ങളില്‍ ഉചിതതീരുമാനം നടപ്പിലാകും. കുടുംബാംഗങ്ങളില്‍ രോഗദുരിതമുണ്ടാകും. ദൈവ വിശ്വാസം ഉണ്ടാകും.

അവിട്ടം

പുതിയ ബിസ്സിനസ്സില്‍ ഏര്‍പ്പെടും. വിദേശയാത്രയ്‌ക്ക്‌ യോഗം, കുട്ടികളില്ലാത്തവര്‍ക്ക്‌ കുട്ടികള്‍ ലഭിയ്‌ക്കും. ഏത്‌ കാര്യത്തിനും കഴിവും കാര്യപ്രാപ്‌തിയും പ്രകടിപ്പിയ്‌ക്കാന്‍ പറ്റിയ സമയമാണ്‌. ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കി താമസമാക്കും. വിദേശതൊഴില്‍ ലഭിയ്‌ക്കാം. ബിസ്സിനസ്സില്‍ നേട്ടം ഭൗതിക വിഷയങ്ങളില്‍ നേട്ടം. ഉന്നതവിദ്യാഭ്യാസയോഗം, ഇഷ്ടവസ്‌തു ലാഭം. പലവിധശത്രുക്കള്‍ ഉണ്ടാകും. പൈതൃകസ്വത്തിനെക്കുറിച്ച്‌ തര്‍ക്കങ്ങളുണ്ടാകാം. ചികിത്സാരംഗത്ത്‌ പുരോഗതിക്കുറവ് അപകടസാധ്യത, കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കും. സ്‌ത്രീകള്‍ മുഖാന്തിരം അസ്വസ്ഥതക്കിടവരും ആത്മീയകാര്യത്തില്‍ താല്‍പ്പര്യം. വാക്കുപാലിയ്‌ക്കാന്‍ കഴിയാതെ വരും. കലാസാഹിത്യ പ്രവര്‍ത്തനത്തില്‍ ഗുണാനുഭവം മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കും. പുതിയ മന്ത്രോപാസന നടത്തും. സംഗീത-സാഹിത്യപരിപാടികളില്‍ വിജയിക്കും.

ചതയം

പുതിയ ബിസ്സിനസ്സിലേര്‍പ്പെടും. ഉദ്യോഗലാഭം, വിദേശത്തു തൊഴില്‍സാധ്യത, സന്താനലാഭം, എഴുത്തുകുത്തുകളില്‍ വിപരീതഫലം, വിശ്വാസ വഞ്ചന ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകള്‍ സൂക്ഷിയ്‌ക്കുക. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. ധനം ലഭിയ്‌ക്കും. വാഗ്വാദങ്ങളില്‍ ഇടപെട്ട്‌ വിജയിക്കും. മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടും. കീര്‍ത്തി വര്‍ദ്ധിയ്‌ക്കും. രഹസ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടും. സ്ഥാനമാനലബ്ദിയും സ്ഥലമാറ്റവും ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ സാധ്യത. കേസു വഴക്കില്‍ വിജയം പ്രതീക്ഷിയ്‌ക്കാം. പ്രണബന്ധത്തില്‍ നേട്ടം പ്രതീക്ഷിയ്‌ക്കാം. മാതാപിതാക്കളില്‍ നിന്നുള്ള ആനുകൂല്യം ലഭിയ്‌ക്കും. മാനസ്സികസംഘര്‍ഷം അലട്ടും. സംതൃപ്‌തിക്കുറവ്‌ അനുഭവിയ്‌ക്കും. വാഹന ഇടപാടില്‍ ലാഭം പ്രതീക്ഷിയ്‌ക്കാം. സന്താനത്തെ ഓര്‍ത്ത്‌ വിഷമിക്കേണ്ടതായി വരും. ഇഷ്ടജനങ്ങളില്‍ നിന്നും മനഃക്ലേശമുണ്ടാകും.

പൂരോരുട്ടാതി

വ്യാഴന്‍ 4ല്‍ നിന്ന സമയത്താണ്‌ പാണ്ഡവര്‍ക്ക്‌ സ്ഥാനഭ്രംശം വന്നത്‌. 'ചതുര്‍ത്ഥേപാണ്ഡവ ഭ്രഷ്‌ഠാ' എന്നാണ്‌ പറയപ്പെടുന്നത്‌. ദീര്‍ഘകാലത്ത്‌ വിദേശത്ത്‌ താമസ്സിച്ചവര്‍ക്ക്‌ നാട്ടില്‍ തിരിച്ചെത്തി താമസമുറപ്പിക്കാന്‍ കഴിയും വിദേശത്ത്‌ പോകുന്നവര്‍ക്ക്‌ വിദേശത്ത്‌ പോകാനും സാധിയ്‌ക്കും. തൊഴില്‍പരമായി മുന്നേറ്റം, സാമ്പത്തികബുദ്ധിമുട്ടുകള്‍ക്ക്‌ ശമനമുണ്ടാകും. ധനലാഭം, കലാസാസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശംസ, അവസരഗുണം, വീടിനു പരിസരത്ത്‌ ഭൂമി വാങ്ങാന്‍ അവസരം, കഴുത്തിന്‌ അസുഖം, പെറ്റിക്കേസ്സുകളില്‍ അകപ്പെടാം, ഇഷ്ടജനങ്ങളില്‍ നിന്നും ദോഷാനുഭവങ്ങള്‍, തൊഴില്‍രംഗത്ത്‌ പുരോഗതി, പരീക്ഷയില്‍ നല്ല വിജയം, മനസ്സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കേണ്ടി വരിക, അനീതിക്കെതിരായി സമരം ചെയ്യും. മനഃക്ലേശമുണ്ടാകും. ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങളുള്ളവര്‍ക്കത്‌ വര്‍ദ്ധിയ്‌ക്കും. ദാമ്പത്യസുഖക്കുറവ്‌, ധനനഷ്ടം എന്നിവയ്‌ക്ക്‌ സാധ്യത

ഉതൃട്ടാതി

'ചതുര്‍ത്ഥേ പാണ്ഡവഭ്രഷ്‌ഠ' എന്നാണ്‌ പറച്ചില്‍ വ്യാഴന്‍ 4ല്‍ ആയ സമയത്താണ്‌ പാണ്ഡവര്‍ക്ക്‌ രാജ്യം നഷ്ടപ്പെട്ടത്‌. സഹായഹസ്ഥം നീട്ടുന്നതുവരെ സഹായിക്കാന്‍ അവസരം സംജാതമാകും. കൃത്യനിഷ്ടപാലിക്കാന്‍ പരമാവധി ശ്രമിക്കും. മംഗല്യഭാഗ്യം ഉണ്ടാകും. കലാ-സാമൂഹിക- സാംസ്‌കാരിക രംഗത്ത്‌ സ്വന്തം വ്യക്തിമുദ്രപതിപ്പിക്കാന്‍ കഴിയും. മാനസ്സികമായി സന്തോഷം കിട്ടുന്ന സമയമാണ്‌. ദിനചര്‍ച്ചയില്‍ കാര്യമായ വ്യതിയാനും ഉണ്ടാകും. വാഹനങ്ങളില്‍ നിന്നും ആദായം കൂടും. രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട്‌ ജീവിതരീതി മെച്ചപ്പെടും. പുതിയ തൊഴിലവസരങ്ങള്‍ ലഭിയ്‌ക്കും. ധനനഷ്ടം വരാം. ശാസ്‌ത്രസാങ്കേതികരംഗത്ത്‌ ശോഭിയ്‌ക്കും. കുടുംബസുഖം കുറയും. എല്ലാ മേഖലയിലും കഴിവു പ്രകടിപ്പിക്കും. സ്ഥാനചലനും ഉണ്ടാകും. ഗൃഹനിര്‍മ്മാണം ആരംഭിയ്‌ക്കും. ലഹരി പദാര്‍ത്ഥങ്ങളില്‍ ആസക്തി കൂടും.

രേവതി

4ല്‍ വ്യാഴന്‍ സഞ്ചരിച്ച സമയത്താണ്‌ പാണ്ഡവര്‍ക്ക്‌ രാജ്യം നഷ്ടപ്പെട്ടത്‌. ചതുര്‍ത്ഥേ പാണ്ഡവഭ്രഷ്‌ഠ എന്നാണ്‌ പറയുന്നത്‌. മാനസ്സിക സ്വസ്ഥത കുറയും. സ്ഥാനചലനം, പഠനനിലവാരം ഉയരും, വിദേശതൊഴില്‍ ലഭിയ്‌ക്കും. ഭാഗ്യനഷ്ടം, കടങ്ങള്‍ വര്‍ദ്ധിയ്‌ക്കും. വിദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചെത്തും. മാനസ്സിക പിരിമുറുക്കം, വാഹനലാഭം, ധനവ്യയം, ആശുപത്രിവാസം, കുടുംബാംഗങ്ങള്‍ക്ക്‌ അരിഷ്ടത, എല്ലാ മേഖലയിലും വിജയമുണ്ടാകും. വിഘ്‌നങ്ങള്‍ തട്ടി മാറ്റി വിജയക്കൊടി സ്ഥാപിയ്‌ക്കും. ചെയ്യാന്‍ കഴിയില്ലെന്ന്‌ കരുതിയ കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കും. മംഗല്യ സിദ്ധി ഉണ്ടാകും. പ്രസവ കാര്യങ്ങള്‍ക്കായി നല്ല തുകചിലവഴിക്കേണ്ടി വരും, അന്യരുടെ മധുരവാക്കുകള്‍ കേട്ട്‌ ചതിയില്‍പ്പൈടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കുക.

അരുവിക്കര ശ്രീകണ്ഠന്‍ നായര്‍
ഫോണ്‍ : 9497009188

ജ്യോതിഷ പ്രവചനത്തിന്‍ പ്രതിഫലം വാങ്ങാന്‍ പാടില്ലന്നാണ് പ്രമാണം. ഭക്തന്‍ കനിഞ്ഞു നല്‍കുന്ന ദക്ഷിണയെ പാടുള്ളൂ. വിലപേശി പ്രതിഫലം പറ്റുന്നവര്‍ ഈക്കൂട്ടത്തില്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ പശ്ചാത്തലത്തില്‍ ( ടെലിഫോണിലൂടെ സൗജന്യമായി വര്‍ത്തമാനവും ഭാവിയും പ്രവചിക്കുന്ന അരുവിക്കര ശ്രീകണ്ഠന്‍ നായര്‍ വേറിട്ട്‌ നില്‍ക്കുന്നു. ഇദ്ദേഹത്തെ ഒന്ന് വിളിക്കേണ്ടതാമസ്സമേ ഉള്ളു ) 33 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും Water Authority ഉദ്യോഗസ്ഥനായിരിക്കുകയും ഒപ്പം ജ്യോതിഷം പ്രാക്ടീസും ചെയ്തിരുന്നു. വിരമിച്ച ശേഷവും ഇത് തുടരുന്നു. ലാഭേച്ഛയില്ലാതെ ഫല പ്രവചനം നടത്തുന്ന അദ്ദേഹം വിഷു ഫലത്തെക്കുറിച്ച് ഭാര്യ ഗിരിജാദേവിയുമൊത്ത് തയ്യാറാക്കിയ വിഷുഫലം ( ആദിത്യനെ ആസ്പദമാക്കി സ്റ്റെല്ലാര്‍ ആസ്ട്രോളോജി പ്രകാരം മാസഫലങ്ങളും വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു ) പുരാതനമായിട്ടു തലമുറ ജ്യോതിശാസ്ത്രം കൈകാര്യം ചെയ്ത കുടുംബത്തിലെ അംഗമാണിദ്ദേഹം. ഇദ്ദേഹം ജാതകത്തിന്‍ 15% മാത്രമേ പ്രാധാന്യം നല്‍കുകയുള്ളൂ. പ്രശ്നത്തിനു ചാരബലത്തിനുമാണ് മുന്‍തൂക്കംക്കം നല്‍കുന്നത്.

ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ ഐശ്വര്യപാതയിലേയ്ക്ക് നയിക്കുക അതാണ്‌ ഈ ദമ്പതികളുടെ ലക്ഷ്യം. ജ്യോതിഷ സംബന്ധമായ ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നിങ്ങള്‍ക്ക് സൗകര്യമായി ടെലിഫോണിടെ ല്ഭിക്കുന്നതിന്‍ ഈ വര്‍ഷത്തെ പേര്‍സണല്‍ ആസ്ട്രോളോജി വിശദമായി അറിയുവാന്‍ മൊബൈല്‍ നമ്പര്‍ :9497009188 ല്‍ ബന്ധപ്പെടാം.

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories