ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം (പാര്‍ട്ട്‌ 14) സ്ത്രീ പർവ്വം


മഹാഭാരതം (പാര്‍ട്ട്‌ 14)

സ്ത്രീ പർവ്വം

പതിനെട്ടു ദിവസത്തെ മഹായുദ്ധ ത്തിന്റെ അരങ്ങൊഴിഞ്ഞ കുരുക്ഷേത്ര ഭൂമി മൃതരായ അസംഖ്യം യോദ്ധാക്കളുടെയും, എണ്ണമറ്റ മൃഗങ്ങളുടെയും , ഒടിഞ്ഞു നുറുങ്ങിയ ആയുധങ്ങളാലും മനസാക്ഷിക്കു മുന്നില്‍ഒരു ചോദ്യ ശരമായി നിലകൊണ്ടു . വിധവകള്‍ യുദ്ധത്തില്‍ മരിച്ചുവീണ തങ്ങളുടെ കാന്തന്മാരുടെ മാറില്‍ വീണു വിലപിക്കുന്ന കാഴ്ച്ച ഹൃദയ ഭേദകമായിരുന്നു . ധൃതരാഷ്ട്ര മഹാരാജാവ് പത്‌നീ സമേതനായി അന്ത പുര സ്തീകളോടൊപ്പം യുദ്ധഭൂമി ദര്‍ശിക്കാന്‍ ഇറങ്ങി തിരിച്ചു . ആചാര വിധിപ്രകാരം അവര്‍ക്കത് ഒഴിവാക്കാന്‍ ആകുമായിരുന്നില്ല . അവരോടൊപ്പം നഗര സ്ത്രീകളും ഒത്തു ചേര്‍ന്നു നീണ്ട പതിന്നാലു വര്‍ഷങ്ങള്‍ക്കു ശേഷം പാണ്ഡവര്‍ ആദ്യമായി ഹസ്തിന പുരത്തില്‍ പ്രവേശിച്ചു . ബ്രാന്മാണരുടെ വേദ സൂക്തങ്ങളുടെ അകമ്പടിയോടെ രാജാവും സംഘവും പാണ്ഡവരോട് ഒത്തു ചേര്‍ന്ന് യുദ്ധ ഭൂമിയിലേക്ക് നീങ്ങി . ദുഃഖ തപ്തരായ സ്ത്രീ ജനങ്ങള്‍ വെള്ള വസ്ത്രം പുതച്ച് മുടി അഴിച്ചിട്ടിരുന്നു .

പതിന്നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപമാനിതയായി ഹസ്തിനപുരം വിട്ടകലേണ്ടി വന്ന ദ്രൌപതിയുടെ വാക്കുകള്‍ അവരേവരും ഞെട്ടലോടെ ഓര്‍ത്തു . അന്ന് അവര്‍ക്കൊപ്പം ധൗമ്യനെന്ന കുലഗുരു ആയിരുന്നെകില്‍ ഇവിടെ ബ്രാഹ്മണരുടെ വേദസൂക്തങ്ങല്‍ അകമ്പടി ആകുന്നു.

അപമാനപ്പെട്ട സ്ത്രീത്വത്തിന്റെ വിങ്ങല്‍ എത്രമാത്രം ഹസ്തിനപുരത്തെ ശാപഗ്രസ്ത മാക്കിയിരിക്കുന്നു ! എല്ലാം അറിയുന്നവരെങ്കിലും മനുഷ്യന്‍ തെറ്റുകളില്‍ പെട്ട് വീണ്ടും വീണ്ടും ദ്രൌപതീ ശാപത്താല്‍ ഭൂമിയെ വിഷ ലിപ്തമാക്കുന്നു .

കുലസ്ത്രീയുടെ കണ്ണീര്‍ വിലനെല്കാനാവത്തവിധം വിലപ്പെട്ടതാണന്ന തിരിച്ചറിവ് അനേക യോദ്ധാക്കളെ ബലി കൊടുത്തതിനു ശേഷമേ ദുര്യോധനന് അംഗീകരിക്കാന്‍ ആയുള്ളൂ ' ഹസ്തിനപുരതേക്ക് തിരിച്ച പാണ്ഡവര്‍ യുദ്ധ ഭൂമിയില്‍ വെച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒന്നിച്ചു . അവരെ സംബന്ധിച്ച് ധൃതരാഷ്ട്രരുടെയും , ഗാന്ധാരിയുടെയും അനുഗ്രഹം വാങ്ങേണ്ടത് ആവശ്യമായ ഒരു കര്‍മ്മം തന്നെ ആയിരുന്നു . പുത്ര വിയോഗ തപ്തരായ ആ ദമ്പതികളെ അഭിമുഖീകരിക്കുന്നതില്‍ അവര്‍ ഒരു പരിധി വരെ ഭയപ്പെട്ടിരുന്നു .

ഗാന്ധാരി മാതാവിന്റെ തപശക്തിയുടെ ബലം ഏറെ പ്രസിദ്ധമാണ് . ആ മാതാവിന്റെ പ്രതികരണത്തെ അവര്‍ ഏറെ ഭയാ ശങ്കകളോടെ വീക്ഷിച്ചിരുന്നു . യുധിഷ്ടിരന്‍ വലിയച്ഛനെ വണങ്ങി .

വല്യച്ഛാ! ഞാന്‍ പാണ്ഡവരില്‍ മൂത്തവനായ യുധിഷ്ടിരന്‍! ഇങ്ങനെയെല്ലാം വന്നു ഭവിച്ചതില്‍ ഞാന്‍ ഏറെ ദുഖിക്കുന്നു . ഈ ജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നില്ല , ഞങ്ങളുടെ മനസ്സ് ദുഃഖ തപ്തമാണ് . എന്നിരുന്നാലും , പ്രജകള്‍ രാജ്യത്തിന്റെ ശക്തിയാണ് , അവരുടെ ക്ഷേമത്തിനു വേണ്ടി എനിക്ക് പ്രവര്‍ത്തിച്ചേ മതിയാവൂ .

അങ്ങയുടെ ദുഃഖം വലുതാണന്നു അറിയായ്കയല്ല , എങ്കിലും ഈ ഘട്ടത്തില്‍ ഞങ്ങളെ അനുഗ്രഹിക്കണം . ധൃതരാഷ്ട്രര്‍ ജ്വലിച്ചുയര്‍ന്ന കോപത്തെ പണിപെട്ടടക്കി യുധിഷ്ടിരനെ ആശീര്‍വദിച്ചു . ' എവിടെ ആ രണ്ടാം മൂഴക്കാരന്‍ !

അയാള്‍ എന്റെ മകനെ മൃഗീയമായി കൊന്നതായി ഞാനറിഞ്ഞു. എവിടെ ഭീമന്‍ ' മനസ്സ് തപ്തമായിരുന്നെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം പുറത്തു വന്നത് ഏറെ സൗമ്യ രൂപത്തിലായിരുന്നു . 'കൌശലക്കാരനായ കുറുക്കന്‍ ! ' അതായിരുന്നു ധൃതരാഷ്ട്ര മഹാരാജാവ് . ' പുത്രാ ! ഭീമാ ! ഈ വല്യച്ഛനരുകിലേക്ക് വരൂ കുഞ്ഞേ ! ' രാജാവ് ഏറെ വാത്സല്യത്തോടെ കൈകള്‍ നീട്ടി .

ആ സൗമ്യ വാക്കുകള്‍ക്കു പിന്നിലെ ക്രൂരത മനസ്സിലറിഞ്ഞ കൃഷ്ണന്‍ , മുന്‍പോട്ടു നീങ്ങിയ ഭീമനെ പിന്നാക്കം പിടിച്ചു നിര്‍ത്തി . ' നില്‍ക്കൂ ! ഭീമാ ! ധൃതരാഷ്ട്രരുടെ ഉദ്ദേശം നിന്നെ അനുഗ്രഹിക്കലല്ല , അയാളുടെ ആത്ന്മ രോഷത്തിന് ഒരു ബഹിര്‍ഗ്ഗമനോപാധി സൃഷ്ടിക്കലാണ് . ഞാന്‍ നിങ്ങള്‍ക്ക് അത് ബോദ്ധ്യപ്പെടുത്തി തരുന്നുണ്ട് . കൃഷ്ണ നിര്‍ദ്ദേശത്തില്‍ ദുര്യോധനന്‍ നിത്യാഭ്യാസത്തിനു നിര്‍മ്മിച്ചു വെച്ചിരുന്ന 'ഭീമ പ്രതിമ ' യുദ്ധ ഭൂമിയിലേക്ക് ആനയിക്കപ്പെട്ടു . പിന്നോട്ടു വലിഞ്ഞ ഭീമനു പകരമായി ഈ ' ഇരുമ്പു പ്രതിമ ' ധൃതരാഷ്ട്രരുടെ മുന്‍പിലെത്തിച്ചു.

കൈക്കുള്ളില്‍ എത്തപ്പെട്ട ഭീമപ്രതിമയെ നിഷ്ടുരമായ മന്ദഹാസത്തോടെ അദ്ദേഹം ആലിംഗനം ചെയ്തു. ആലിംഗനത്തിന്റെ ദൃഢതയില്‍ ആ ഭീമ പ്രതിമ ഞെരിഞ്ഞമര്‍ന്നു കൊണ്ടിരുന്നു . അന്ധനായ രാജാവിന്റെ ബാഹുബലം എടുത്തുപറയത്തക്ക വിധം പുകള്‍ പെറ്റതായിരുന്നു . ആയാസത്തിന്റെ ശക്തിയില്‍ മാറില്‍ നിന്നും രക്ത പ്രവാഹമുണ്ടായി . രാജാവിന് ബോധ ക്ഷയം സംഭവിച്ചു,( ചെറുപ്പത്തില്‍ ആനയുടെ മസ്തകം പോലും ഉള്ക്കാഴ്ച്ചയുടെ ലക്ഷ്യബോധത്തില്‍ പൊടിച്ചു തകര്‍ക്കാന്‍ തക്ക ബാഹുബലം ധൃതരാഷ്ട്രമഹാരാജവിനുണ്ടായിരുന്നതായി പറയപ്പെടുന്നു പേരു പോലെ അന്വര്‍ത്ഥം ആയിരുന്നാകരുത്തും )

സഞ്ജയന്‍ രാജാവിനേ ഉപചാരങ്ങള്‍ ചെയ്തു ഉണര്‍ത്തി . രാജാവ് വിതുമ്പി ക്കരഞ്ഞു ' കഷ്ടം ! എന്റെ സുയോധനന്റെ മരണം, എന്റെ മനസ്സിന്റെ സമനില തെറ്റിച്ചു. ക്രോധാവേശതാല്‍ ഞാന്‍ നിര്‍ദോഷി യായ ഭീമനെ കൊന്നു . ഞാന്‍ മൂലം ആ കുഞ്ഞ് മരിക്കാനിടയായി ' ഇതെല്ലാം കണ്ടുനിന്ന ഭീമന്‍ കൃഷ്ണന്റെ കൈകളില്‍ ബലമായി അമര്‍ത്തി കൊണ്ടേ യിരുന്നു .

രാജാവ് വീണ്ടും തേങ്ങി 'എന്റെ അസാമാന്യ കോപം എനിക്കു പോലും നിയന്ത്രിക്കാന്‍ കഴിയാതെ വന്നു . ഞാന്‍ ഭീമനെ കൊന്നു, ഈ കൈകളില്‍ കിടന്നവന്‍ ഞെരിഞ്ഞമര്‍ന്നു...' ആ വിലാപം കേട്ടു നില്ക്കാന്‍ പോലും അസഹ്യമായിരുന്നു . കൃഷ്ണന്‍ മുന്നോട്ടുകടന്ന് രാജാവിന്റെ കൈകളില്‍ അമര്‍ത്തി 'രാജാവേ! അങ്ങയുടെ കോപത്തിന്റെ തീവ്രത ഞാന്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു. പ്രായത്തെ വെല്ലുന്ന അങ്ങയുടെ ദ്രുഡതയും കരുത്തുമുള്ള മാംസപേശികള്‍ എന്റെ സംശയത്തെ ഏറെ ബലപ്പെടുത്തി. അങ്ങ് ഈവിധം ദുഖിക്കേണ്ട ആവശ്യകത ഇല്ല... ഭീമന്‍ മരിച്ചിട്ടില്ല... മരിക്കാന്‍ ഈ കൃഷ്ണന്‍ അനുവദിക്കില്ല! ഇളിഭ്യനായ ധൃതരാഷ്ട്രര്‍, സ്വന്തം ജാള്യത മറയ്ക്കുന്നതിനിടയില്‍ കൃഷ്ണനോട് മറു ചോദ്യം ഉന്നയിച്ചു 'എന്റെ കോപം മൂലം ഞാന്‍ പൊടിയാക്കിയത് എന്റെ കുഞ്ഞിനെ തന്നെയല്ലേ കൃഷ്ണാ... ഭീമന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? ' പൊട്ടിവന്ന ചിരി പണിപെട്ടു നിയന്ത്രി ക്കുന്നതിനിടയില്‍ കൃഷ്ണന്‍ പ്രതികരിച്ചു 'രാജാവേ! അങ്ങ് പൊടിയാക്കിയത് ഭീമന്റെ 'അയ പ്രതിമ' ആണ് . എന്റെ നിര്‍ദ്ദേശപ്രകാരമാണ് ആ പ്രതിമ അങ്ങയുടെ മുന്നിലെത്തിച്ചത്. ഈ പ്രതിമയ്ക്ക് വിശേഷമായ ഒരു പ്രത്യയ്കത കൂടിയുണ്ട്...' കൃഷ്ണന്‍ രാജാവിന്റെ മുഖഭാവം വീക്ഷിച്ചു. ധൃതരാഷ്ട്രര്‍ ഏവരെയും സ്തംഭിപ്പിക്കുന്ന പ്രകടനം ആണ് അടുത്ത നിമിഷം കാഴ്ച്ച വെച്ചത് 'എന്റെ കോപം മൂലം എന്റെ കുഞ്ഞ് മരിക്കാനിടവന്നില്ല, ഞാന്‍ അവനെ കൊല്ലാനിടവന്നില്ല. നന്ദിയുണ്ട് കൃഷ്ണാ ! ഈ 'അയ പ്രതിമയുടെ' പ്രത്യേകത എന്തെന്ന് അറിയിച്ചാലും പ്രഭോ !

"താങ്കളുടെ പുത്രന്‍ ദുര്യോധനന്‍ ആയാസമുറ അഭ്യസിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന ഭീമ പ്രതിമയാണ് അങ്ങ് പൊടിയാക്കിയത് . രാജാവേ !

അങ്ങയുടെ കഠിനമായ കോപത്തിന് ഇതുമൂലം ഒരു നിര്‍ഗ്ഗമനം ഉണ്ടായതായി ഞാന്‍ അറിയുന്നു . ഇനി താങ്കളില്‍ പാണ്ഡവരോട് പഴയതു പോലെ കടുത്ത കോപം ഉണ്ടാകാനിടയില്ല . അങ്ങ് പൂര്‍വ്വ വൈരാഗ്യമെല്ലാം മറന്ന് സത്യ നിഷ്ഠയോടെ ശേഷിച്ച കാലം ജീവിക്കാന്‍ ഈ കൃഷ്ണന്‍ അപേക്ഷിക്കുന്നു . ഞാനിതാ പാണ്ഡവരെ അങ്ങയുടെ മുന്നിലെത്തിക്കുന്നു . അങ്ങവര്ക്ക് ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവും നെല്കണം ! ഹസ്തിനപുരത്തില്‍ ശാന്തിയും സമാധാനവും നിലനിന്നു കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു ! അങ്ങും സഹകരിക്കണം . ' ഇളിഭ്യനായ ധൃതരാഷ്ട്രരില്‍ കുറ്റബോധം ഉണ്ടായി. കാല്ക്കല്‍ പ്രണമിച്ച പാണ്ഡവരെ അദ്ദേഹം അനുഗ്രഹിച്ചു, മാറോടണച്ചു... ആ നിമിഷം അവര്‍ തന്റെ സഹോദര പുത്രരാണന്ന ബോധം രാജാവിന്റെ കണ്ണു നനച്ചു .

ഏറെ തപശക്തി ഉള്ളവളായിട്ടും ഗാന്ധാരിക്ക് പാണ്ഡവരോട് ക്ഷമിക്കാനുള്ള മനസ്സുണ്ടായില്ല . ആ സ്വാധ്വിയുടെ കഠിന കോപം മുന്‍കൂട്ടി അറിഞ്ഞ വ്യാസന്‍ ഗാന്ധാരിയെ സമീപിച്ചു. ' പുത്രി ! നിന്റെ മനസ്സില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന കഠിന കോപം മറ്റൊരാപത്തു വരുത്തി തീര്‍ക്കും . നീ ഈവിധം കോ പിക്കുന്നതു ശരിയല്ല . രണ്ടുനാള്‍ മുന്പ് കൃഷ്ണന്‍ ആശ്വാസ വാക്കുകള്‍ കൊണ്ട് നിന്നെ എത്രമാത്രം സ്വാന്ത്വ നിപ്പിച്ചു , അതെല്ലാം നീ മറന്നോ ? നിന്റെ മക്കളെന്ന മമതാ ബന്ധം നീ മനസ്സില്‍ നിന്ന് കളയുക... അവരെ കേവലം അധാര്‍മ്മികളും , പാപികളുമായി കാണുക. പാണ്ഡവരും നിന്റെ മക്കളല്ലേ... ഒരുപക്ഷേ നീ ജന്മം നെല്കിയ സന്താനങ്ങളെ ക്കാള്‍ എത്രയോ നല്ലവര്‍ , ഏറെ ധര്‍മ്മിഷ്ടരും . അവര്‍ക്കും നീതി ലഭിക്കേണ്ടേ? ഒന്നും വിട്ടു കൊടുക്കാന്‍ തയ്യാറല്ലാത്ത നിന്റെ മകന്റെ 'അഹം ' ബോധമാണ് ഈ നാശം വരുത്തി വെച്ചത് ! '

ക്ഷമിക്കണം പിതാവേ ! എന്നിലെ മാതൃത്വം അങ്ങയുടെ ന്യായവാക്കിലുടെ ധര്‍മ്മത്തിനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നു .എന്നാലും , ഭീമന്‍ എന്റെ മക്കളുടെ നേരേ കാട്ടിയ ക്രൂരപ്രവര്‍ത്തി ഒരു മാതാവായ എനിക്ക് ഉള്‍കൊള്ളാന്‍ ആവുന്നില്ല.പിതാവേ ! അങ്ങ് പറയുന്ന ധര്‍മ്മ ചിന്തക്ക് അപ്പുറമാണ് ഒരു മാതാവിന്റെ കത്തുന്ന മനസ്സ് . അങ്ങെന്തു കൊണ്ട് എന്നോടു മാത്രം ക്ഷമ കാണിക്കാന്‍ പറയുന്നു ... ' ഗാന്ധാരിയുടെ ഇടറിയ വാക്കുകള്‍ക്ക് മുന്നില്‍ വ്യാസന്‍ ചിന്താധീനനായി .

ശരിയാണ് പുത്രി ! മാതൃ ദുഃഖം കഠിനമാണ് , എങ്കിലും തെറ്റ് തെറ്റല്ലതാകുന്നില്ല . പുത്ര ന്മാരുടെ തെറ്റുകളെ നീയും ലഘൂ കരിച്ചിരുന്നു , അവരെ വേണ്ട സമയത്ത് തിരുത്തിയില്ല . ഫലമോ ? സന്താനങ്ങള്‍ സ്വാ ര്‍ത്ഥതയില്‍ നീന്തി കുളിച്ചപ്പോഴും , നീ നിന്റെതല്ലാത്ത പാണ്ഡവരുടെ ദുഖത്തെ കുറിച്ചോര്‍ത്തില്ല . നിന്റെ മക്കളുടെ നാശത്തിനു ഒരു പരിധി വരെ നീയും കാരണക്കാരിയാണ്. ഗര്‍ഭപാത്ര ത്തിന്റെ മഹനീയത തെറ്റിനെ തെറ്റല്ലാതാക്കുന്നില്ല , ലഘൂകരിക്കുന്നുമില്ല പുത്രി ! കഠിന ദുഃഖം ഒന്നിനും പരിഹാരമാകുന്നില്ല . ഭീമന്‍ ശപഥം പാലിക്കാന്‍ ചെയ്ത പ്രവര്‍ത്തി ഒരിക്കലും ക്രൂരമായി കാണരുത് .

എന്റെ വാക്കുകള്‍ ഉള്‌കൊള്ളൂക...! ' വ്യാസന്‍ വിടവാങ്ങി . പിതൃ വാക്യം ഗാന്ധാരിയെ ചിന്തിപ്പിച്ചു . പാണ്ഡവരോട് ക്ഷമിക്കാന്‍ അവര്‍ മനസ്സ് സജ്ജമാക്കി .

കാല്ക്കല്‍ വണങ്ങിയ യുധിഷ്ടിരനെ അനുഗ്രഹിച്ചെങ്കിലും , ഗാന്ധാരിയുടെ മനസ്സില്‍ തന്റെ കടിഞ്ഞൂല്‍ മുത്തിന്റെ ഓര്‍മ്മ പൊടുന്നനെ അസ്വസ്ഥയാക്കി . കഠിന കോപം നിയന്ത്രിക്കാന്‍ പണിപ്പെട്ട അവരുടെ കണ്ണുകള്‍ എങ്ങനെയോ വഴി തെറ്റി , തന്റെ പാ ദ ങ്ങളെ സ്പര്‍ശിച്ചിരുന്ന യുധിഷ്ടിരന്റെ കാല്‍ നഖങ്ങളില്‍ പതിയാനിടയായി .

ക്ഷണത്തില്‍ യുധിഷ്ടിരന്റെ നഖത്തിന്റെ സ്വത സിദ്ധമായ സനിഗ്ധത നഷ്ടപ്പെട്ട് നീല നിറമായി തീര്‍ന്നെന്നു പറയപ്പെടുന്നു . ഗാന്ധാരിയുടെ തപോബലം അത്ര കഠിനമായിരുന്നു. ഈ കാഴ്ച കാണാനിടയായ അര്‍ജ്ജുനനന്‍ ഭീതിതനായി.

വില്ലാളി വീരനായ അര്‍ജ്ജുനന്‍ മാതൃ തുല്യയായ ഒരു സ്ത്രീക്ക് മുന്നില്‍ ഭയക്കുന്നത് കണ്ട കൃഷ്ണന്‍ ചിരിതൂകി .

ഭീമന്‍ ഒട്ടും കൂസാതെ മുന്നിലേക്ക് നീങ്ങി 'അമ്മേ ! ഞാന്‍ ഭീമന്‍! അമ്മയുടെ പുത്ര ഘാതകന്‍ ! മാപ്പുതന്നാലും !!

കുറ്റം ഏറ്റുപറയും മട്ടിലുള്ള ഭീമന്റെ സംസാര ചടുലത ഗാന്ധാരിയുടെ മനസ്സില്‍ നേര്‍ത്ത അലിവുണര്‍ത്തി, എങ്കിലും അവര്‍ കോപഭാവം വെടിഞ്ഞില്ല .

ഭീമാ ! നീ ചെയ്ത പ്രവര്‍ത്തിയെ നിനക്ക് എങ്ങനെ ന്യായീകരിക്കാനാവും? പറയൂ !

' ഭീമന്‍ വിനയാന്വിതനായി ' അമ്മേ ! അമ്മയുടെ പുത്രന്‍ എന്നെക്കാള്‍ എത്രയോ കരുത്തനായ അഭ്യാസി ആയിരുന്നു. ഗദാ യുദ്ധത്തില്‍ ഞാന്‍ അദ്ദേഹത്തോട് സമനായിരുന്നില്ല .ആ അടവുകള്‍ പിഴവുറ്റതായിരുന്നു , നീക്കങ്ങള്‍ ഒരിക്കലും ശാസ്ത്ര തത്വങ്ങളെ ഉല്ലംഘി ച്ചിരുന്നില്ല ' ' പിന്നെ എങ്ങനെ എന്റെ സുയോധനന്‍ വധിക്കപ്പെട്ടു ?

നിനക്കെങ്ങനെ അവനെ കൊല്ലാ ന്‍കഴിഞ്ഞു ? ഗാന്ധാരിയുടെ ശബ്ദം പൊന്തി . '

അമ്മേ! ക്ഷമിക്കണം! ധര്‍മ്മം എനിക്കു തുണയായി . കരുത്തിനേക്കാള്‍ മനുഷ്യനെ ആപല്‍ഘട്ടത്തില്‍ തുണക്കുന്നതു അവന്റെ ധര്‍മ്മനിഷ്ടയാണ് . അധര്‍മ്മിയായ ദുര്യോധനനെ ഞാന്‍ തുടക്കടിച്ചു കൊന്നു. അമ്മക്ക് പോലും രക്ഷിക്കാന്‍ കഴിയാത്ത അവന്‍ എങ്ങനെ രക്ഷപ്പെടും?

എല്ലാം അമ്മക്കറിയാം ! പിന്നെ ചോദ്യങ്ങള്‍ ചോദിച്ച് സ്വയം ആശ്വസിക്കുന്നതില്‍ ഒരു മഹത്വവും ഞാന്‍ കാണുന്നില്ല. മൈത്രേയ മഹര്‍ഷിയുടെ ശാപം എന്റെ ശപഥത്തിനു തുണയായി. ഉപദേശിക്കാന്‍ എത്തിയ മഹര്‍ഷിയുടെ മുന്നില്‍ അശ്രദ്ധനായി തുടയില്‍ താളമിട്ടു നിന്ന മകന്റെ മുഖം അമ്മയൊന്നു ഓര്‍ത്തുനോക്കു! എതു സിദ്ധിയെയും മഹര്‍ഷി ശാപം തളര്‍ത്തിക്കളയും.'

നിന്റെ ന്യായ വാദങ്ങള്‍ നിന്റെ ശപഥത്തിന്റെ പേരില്‍ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ പറയൂ ! നീ നിന്റെ സഹോദരനായ ദുശാസനന്റെ രക്തം പാനം ചെയ്തത് ഏതു നീതിയുടെ പേരില്‍ ന്യായീകരിക്കും ? ' ഗാന്ധാരിയുടെ മുഖം ചുവന്നു .

ഭീമന്‍ ഏറെവിനയാന്വിതനായി ഉണര്‍ത്തി ' അമ്മേ ! ഹസ്തിനപുര സദസ്സില്‍ വെച്ച് ദുശാസനന്‍ എന്റെ പത്‌നിയെ വിവസ്ത്ര യാക്കാന്‍ ശ്രമിച്ചപ്പോള്‍ ആ ക്രൂര കൃത്യത്തിന് സാക്ഷി യാകേണ്ടി വന്ന നിമിഷത്തില്‍ കോപ താപങ്ങളോടെ ഞാന്‍ അത്തരത്തിലൊരു പ്രതിന്ജ്യ എടുതിരുന്നതിനെ പറ്റി അമ്മയും അറിഞ്ഞു കാണും . എന്റെ കഠിന കോപത്തിന് ഒരു ബഹിര്ഗ്ഗമന മായാണ് ഞാന്‍ അന്നതിനെ കണ്ടത് . സഹോദരന്റെ രക്തം പാനം ചെയ്യുന്നത് നൃശംസമാണന്നു എനിക്കറിയാം . ശപഥ ത്തിന്റെ പേരില്‍ ഞാന്‍ സഹോദര രക്തം പാനം ചെയ്‌തെങ്കിലും ,എന്റെ ചുണ്ടിനും പല്ലിനും അപ്പുറം അത് ഒരു തുള്ളി പോലും എന്റെ ഉള്ളില്‍ പോയിട്ടില്ല . രാ ധേയ.ന്‍ ആ രംഗത്തിന് സാക്ഷി ആയിരുന്നു. അത്തരം ഒരവസ്ഥ ഉണ്ടായതില്‍ ഞാന്‍ അതിയായി ഖേദിക്കുന്നു. അമ്മ എനിക്ക് മാപ്പു തരിക!' ഭീമന്‍ അശ്രു പുര്‍ണ്ണ നേത്രങ്ങളോടെ ഗാന്ധാരിയുടെ പാദം കുമ്പിട്ടു . ഗാന്ധാരിക്ക് ഭീമനോട് ക്ഷമിക്കാന്‍ കഴിഞ്ഞു. അവര്‍ ഭീമനെ അനുഗ്രഹിച്ചു. ഭീമന്റെ ഈ താഴ്മയും എളിമയും കൃഷ്ണന്‍ ഏറെ ആസ്വദിച്ചു.' പ്രവര്‍ത്തനത്തിലെ ചടുലത പോലെ പ്രകടനത്തിലും ഭീമന്‍ ഏവരെയും കടത്തി വെട്ടിയിരിക്കുന്നു 'നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഹസ്തിന പുരത്തില്‍ പ്രവേശിച്ച പാണ്ഡവര്‍ മാതാവായ കുന്തിയുമായി കണ്ടുമുട്ടി . ആ മാതാവ് അശ്രു പുര്‍ണ്ണ നേത്രങ്ങളോടെ അവരെ ഏവരേയും ചുംബിച്ചു. അരുമപുത്ര നായ സഹദേവനെ ആശ്ലേഷിക്കുംപോള്‍ അവരുടെ മുഖത്ത് അനിര്‍വചനീയമായ വാത്സല്യം തുളുമ്പി നിന്നത് യുധിഷ്ടിരന്റെ ശ്രദ്ധയില്‍ പെട്ടു ' സഹദേവന്‍ ഇപ്പോഴും ചെറിയ കുട്ടിയാണന്നാണ് അമ്മയുടെ വിചാരം ' അദ്ദേ ഹം അടക്കിയ ചിരിയോടെ ഭീമന്റെ കാതില്‍ മന്ത്രിച്ചു ' പാവം! നമ്മുടെ അമ്മ!'

ദ്രൌപതി മാതാവിനെ അണച്ച് പൊട്ടിക്കരഞ്ഞു 'അമ്മേ ! അമ്മയുടെ പൌത്ര ന്മാരെല്ലാം നമുക്ക് നഷ്ടപ്പെട്ടു . പാണ്ഡവ കുലത്തിന്റെ അടുത്ത തലമുറ നമുക്ക് അന്യമായി മാതാവേ... ' കുന്തി സ്‌നുഷയെ ആശ്വസിപ്പിച്ചു

' എല്ലാം വിധിയെന്ന് കരുതുക ! യുദ്ധത്തിനോടുവില്‍ സന്തോഷം അനുഭവിക്കാന്‍ വിധി നമ്മെ അനുവദിക്കുന്നില്ല . ഈ ശ്വരന്‍ ഏതെങ്കിലും ആശ്വാസം നമുക്കു വേണ്ടി കരുതിയിട്ടുണ്ടന്നു വിശ്വസിക്കാം '

യുദ്ധ ഭൂമി സന്ദര്‍ശിക്കാന്‍ പാണ്ഡവരും കുന്തിയും ധൃതരാഷ്ട്ര മഹാരജാവിനോടും പത്‌നിയോടും ഒന്നിച്ചു .
ഗാന്ധാരി ദ്രൌപതിയെ ആശ്വസിപ്പിച്ചു 'എല്ലാം നഷ്ടപ്പെട്ട എന്നെപ്പോലെ നീയും മറ്റൊരുതരത്തില്‍ ദുഖിതയായി തീര്‍ന്നു . വിഷമിക്കരുത് കുട്ടി ! '
ഗാന്ധാരി ദ്രൌപതിയെ അണച്ചുപുല്‍കി . അവര്‍ യുദ്ധ ഭൂമിയിലേക്ക് നടന്നു . ഗാന്ധാരിയുടെ കണ്ണുകള്‍ മുടപ്പെട്ടിരുന്നെങ്കിലും, അവര്‍ നേടിയെടുത്ത തപശക്തിയുടെ ബലത്തില്‍ കണ്ണു ള്ളവരെക്കാള്‍ മേലേയായി ആ അമ്മ എല്ലാം കണ്ടു , ദുഖമടക്കാന്‍ പണിപ്പെട്ടു .

മരിച്ചുകിടക്കുന്ന യോദ്ധാ ക്കള്‍ക്കരികിലിരുന്നു അലമുറയിടുന്ന അവരുടെ ഭാര്യമാര്‍ , വൃദ്ധ മാതാപിതാക്കള്‍ കുട്ടികള്‍ എല്ലാം അവരുടെ ഹൃദയം ഉലച്ചു .കൃഷ്ണന്‍ ഗാ ന്ധാരിയോടു ചേര്ന്നു നടന്നു . തന്റെ പുത്രന്മാരുടെ ശവശരീരങ്ങള്‍ ഒന്നൊന്നായി പേരെടുത്തു പറഞ്ഞ് അവര്‍ കൃഷ്ണനു കാട്ടി കൊടുത്തു. കൃഷ്ണന്‍ തീര്‍ത്തും ഗാന്ധാരിയുടെ കേള്വിക്കാരന്‍ ആയി മാറിയിരുന്നു .

ദുര്യോധനനരുകില്‍ എത്തിയപ്പോള്‍ ഗാന്ധാരിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അവര്‍ ദുഖിതയായി മകന്റെ മൃത ശരീരത്തില്‍ വീണു വിലപിച്ചു . മുറിവേറ്റ അവന്റെ തുടകള്‍ മൃദുവായി തലോടി , ചൈതന്യം നഷ്ടപ്പെട്ട കണ്ണുകളുടെ പുരികം മിനുക്കി .

' എന്റെ പുത്രാ ! ഒന്നിനും നിന്റെ വിധിയെ തടുക്കാനായില്ലല്ലോ? ഈ ദുഃഖം ഞാന്‍ എങ്ങനെ സഹിക്കും... കൃഷ്ണന്‍ ഗാന്ധാരിയുടെ തോളില്‍ താങ്ങി .

ദുര്യോധനന്റെ ഭാര്യയുടെ വിലാപം കേട്ട ഗാന്ധാരി കൃഷ്ണനോട് കോപിഷ്ട യായി . അഭിമന്യുവിന്റെ മാറില്‍ വീണു കേഴുന്ന ഉത്തരയെ അവര്‍ കൃഷ്ണന് കാട്ടികൊടുത്തു.അവള്‍ ഗര്‍ഭിണി ആയിരുന്നു . കേവലം ആറു മാസത്തെ ദാമ്പത്യം അവള്‍ക്കു നല്‍കി ആ യോദ്ധാവ് ഈ ലോകത്തോട് വിട പറഞ്ഞു. കര്‍ണ്ണ ശരീരത്തില്‍ വീണു കേഴുന്ന കര്‍ണ്ണ പത്‌നിയേയും അവര്‍ കൃഷ്ണന് കാട്ടി കൊടുത്തു . ദുശ്ശാസനന്റെ ദാരുണ ശരീരം കണ്ട അവരുടെ നിയന്ത്രണം വിട്ടു. ' കൃഷ്ണാ ! എല്ലാം അങ്ങോരാളുടെ ഉദാസീനത മൂലം സംഭവിച്ചതാണ് . അങ്ങ് വിചാരിച്ചിരുന്നെങ്കില്‍ ദുര്യോധനനെ മൃത്യുവില്‍ നിന്നു രക്ഷിക്കാന്‍ കഴിഞ്ഞേനെ ! അങ്ങ് പാണ്ഡവരോടും കൌരവരോടും സമഭാവനയില്‍ പെരുമാറിയിരുന്നെങ്കില്‍ ഈ കൂട്ട ക്കുരുതി ഉണ്ടാകുമായിരുന്നില്ല . കൃഷ്ണാ ! ഞാന്‍ അനുഷ്ഠിച്ച വൃതാദികളുടെ ബലത്തില്‍ ഞാന്‍ അങ്ങയെ ശപിക്കുന്നു

ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്കകം വ്രുഷ്ണീ കുലവും ഇതേ പോലെ നശിക്കും . സഹോദരന്മാര്‍ അന്യോന്യം പൊരുതി മരിക്കും. ഇന്നീ വിധവകള്‍ അനുഭവിക്കുന്ന വൈധവ്യ ദുഃഖം അവരുടെ പത്‌നിമാരും അനുഭവിക്കാന്‍ ഇട വരും. ഞാന്‍ നേടിയെടുത്ത തപശക്തിയില്‍ എന്തങ്കിലും സത്യമുണ്ടങ്കില്‍ കുരുകുലം പോലെ വ്രിഷ്ണി കുലവും നശിക്കും . ' ശാപ വചസ്സു കേട്ട കൃഷ്ണന്‍ പുഞ്ചിരി തൂകി ' അമ്മേ ! വ്രിഷ്ണീ കുലത്തെ നശിപ്പിക്കാന്‍ ആരാലും സാധ്യമല്ല . അവരെ ഇല്ലാതാക്കാന്‍ എനിക്കു മാത്രമേ കഴിയു . ഭവതി എന്നെ ശപിച്ചത് ഒരു പ്രകാരത്തില്‍ അനുഗ്രഹമായി . ഇല്ലെങ്കില്‍ എനിക്കവരെ കൊല്ലേണ്ടി വന്നേനെ .അതൊഴിവാക്കി തന്നതില്‍ ഞാന്‍ ഭാവതിയോടു കടപ്പെട്ടിരിക്കുന്നു . ഭവതിയോട് ഈ കൃഷ്ണന്‍ പറയുന്നു ' വ്രിഷ്ണീ കുലം പോലും എനിക്ക് പാണ്ഡവരോളം പ്രിയപ്പെട്ടതല്ല ! അവര്‍ എന്റെ പുര്‍ണ്ണ ഭക്തരാണ് , ഞാന്‍ അവരുടെ ദാസനും .'

ഗാന്ധാരി പൊടുന്നനെ മൌനിയായി . കൃഷ്ണന്‍ തുടര്ന്നു ' അമ്മേ എല്ലാം എന്റെ മാത്രം തലയില്‍ കെ ട്ടിവയ്ക്കാന്‍ ഞാന്‍ ഭവതിയെ അനുവദിക്കുന്നതല്ല . ചെറുപ്പം മുതല്‍ ദുര്യോധനനില്‍ പൊട്ടിമുളച്ച ഈ സഹോദര വൈര്യം ഭവതി പലപ്പോഴും കണ്ടില്ലന്നു നടിച്ചു .അവനെ തക്ക സമയത്ത് വേണ്ട വിധം തിരുത്തിയില്ല . അച്ഛനും മകനും ചേര്‍ന്ന് വാരണാവതത്തില്‍ ലാകഷ്യാ ഗൃഹം പണിയച്ചതിന്റെ ഗൂഡതന്ത്രം ഭവതിക്കും അറിവുള്ളതായിരുന്നു .എന്തുകൊണ്ട് ഭവതി ഉചിതമായി ഇടപെട്ടില്ല?പാണ്ഡവര്‍ ഭവതിയുടെയും മക്കളാണന്നു കരുതാന്‍ മാത്രം ഭവതിയുടെ മനസ്സ് വളര്‍ന്നില്ല . മറ്റൊന്ന് , ശകുനിയുടെ ആഗമനം ഹസ്തിന പുരത്തിന് എന്ത് നന്മയാണ് ചെയ്തത് ? ഭവതി വിചാരിച്ചിരുന്നെങ്കില്‍ കുടില തന്ത്ര ന്ജ്യനായ ആ സഹോദരനെ ഗാന്ധാരത്തിലേക്ക് തന്നെ മടക്കി അയക്കാമായിരുന്നു .

എന്തുകൊണ്ട് ചെയ്തില്ല ? മാതുലന്‍ , അയാളുടെ ഇഷ്ടങ്ങള്‍ ദുര്യോധനനിലുടെ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചപ്പോഴും ഭവതി ഇടപെട്ടില്ല . മമതാ ബന്ധ തിനപ്പുറം മനസ്സ് വളരാത്ത ഭവതിക്ക് എന്നെ കുറ്റപ്പെടുത്താന്‍ അവകാശമില്ല. എന്നാലും , അമ്മയുടെ ദുഖാവസ്ഥ ഞാന്‍ അറിയുന്നു . ഒരാള്‍ സ്വയം അയാളുടെ വിധി നടപ്പാക്കാനിറങ്ങിയാല്‍ ആര്‍ക്കും അയാളെ പിന്തിരിക്കാനാവില്ല... ഈ എനിക്ക് പോലും. അതാണ് കുരുകുല നാശതിലെത്തിയത്. ഭവതി ദുഃഖം അടക്കുക . പാണ്ഡവരെ ഇനിയെങ്കിലും മക്കളായി അംഗീകരിക്കുക . അവര്‍ ഭവതിയുടെ ദുര്യോധനനെക്കാള്‍ ഏറെ ഏറെ നല്ലവരാണ് . ഭവതിയുടെ കഠിനമായ കോപത്തിന് ഈ വിധം ഒരു ബഹിര്ഗ്ഗമനം ഉണ്ടായത് നന്നായി . ഭവതിക്ക് ഇനി പാണ്ഡവരെ സ്‌നേഹിക്കാന്‍ കഴിയും '

അവര്‍ യുദ്ധത്തില്‍ മരണപ്പെട്ട സ്വജനങ്ങള്‍ക്ക് ബലിതര്‍പ്പണം നടത്താനായി ഗംഗാ തീരത്തേക്ക് നീങ്ങി. ബ്രാന്മണ ശ്രേഷ്ഠര്‍ മന്ത്രോ ച്ചാ രണങ്ങളോടെ മുന്നില്‍ നടന്നിരുന്നു അന്തപുര സ്ത്രീകള്‍ മുടി അഴിച്ചിട്ടു വെളുത്ത വസ്ത്ര താല്‍ ശരീരഭാഗങ്ങള്‍ മറച്ച് മുഖം കുമ്പിട്ടു നടന്നിരുന്നു . . വൈധവ്യതിന്റെയും , വിരഹത്തിന്റെയും ദുഃഖം അവരെ തളര്‍ത്തിയിരുന്നു. എങ്കിലും ഒഴിവാക്കാനാവാത്ത ആ ചടങ്ങിന് അവരുടെ സാന്നിദ്ധ്യം കുടിയേ കഴിയു . മരണം വരെ തങ്ങളുടെ എല്ലാം ആയിരുന്നവര്‍ , മോക്ഷ പ്രാപ്തി കിട്ടാതെ അലയാന്‍ ഇടവരരുത് . അതിന് പിണ്ട കര്‍മ്മം നടത്തി ബലി അര്‍പ്പിക്കണം .

ഏറ്റവും ദുഖകരമായ കര്‍മ്മം ഏറ്റുവാങ്ങാന്‍ ഗംഗാ തീരം ഉണര്‍ന്നു. യുധിഷ്ടിരന്‍ യുദ്ധത്തില്‍ മരിച്ച തന്റെ സ്വജനങ്ങള്‍ക്ക് വേണ്ടി പിണ്ട ക്രിയകള്‍ നടത്തി .

കൌരവര്‍ക്കു വേണ്ടിയുള്ള കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ ധൃതരാഷ്ട്ര പുത്രനായ യുയുത്സു യുധിഷ്ടിരനെ തൊട്ടു നിന്നു . ദ്രൌപതി പുത്രന്മാര്‍ക്കും , അഭിമന്യുവിനും വേണ്ടിയുള്ള പിണ്ടോദയ കര്‍ന്‍മ്മങ്ങളും പൂര്‍ത്തീകരിച്ചു . യുധിഷ്ടിരന്‍ എല്ലാം ഭംഗിയായി നിര്‍വഹിച്ചു . എല്ലാം വീക്ഷിച്ചുകൊണ്ട് നിന്നിരുന്ന കുന്തി , അതേസമയം വരെ അടക്കി പിടിച്ചിരുന്ന ദുഖത്തോടെ യുധിഷ്ടിരന് അരികിലേക്ക് നീങ്ങി . തിര ക്കിന്നിടയില്‍ ആ നീക്കം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല . എന്നാല്‍ കൃഷ്ണനും വിദുരരും ആ നീക്കം ശ്രദ്ധിച്ചു . അവര്‍ അവളെ തടഞ്ഞില്ല . ആ മാതാവിന്റെ അടക്കിയ ദുഃഖം അവരുല്‍കൊണ്ടിരുന്നു . ' തന്റെ കടിഞ്ഞൂല്‍ കനി കര്‍ണ്ണനു വേണ്ടി കര്‍മ്മങ്ങള്‍ ആരും ചെയ്തു കണ്ടില്ല . അദ്ദേഹത്തിന്റെ നാലു മക്കളും യുദ്ധത്തില്‍ മരണപെട്ടിരുന്നു .'

ഏറെ ധൈര്യം സംഭരിച്ച് കുന്തി യുധിഷ്ടിരനെ സ്പര്‍ശിച്ചു ' എന്താ അമ്മേ ! എല്ലാം ശരിയായില്ലേ ? ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടോ ?' ' ഉവ്വ് മകനേ ! നിങ്ങളുടെയെല്ലാം ജേഷ്ഠന്‍ കര്‍ണ്ണന്‍ ! നീ അവനു വേണ്ടി കൂടി കര്‍മ്മം ചെയ്യണം ! '

യുധിഷ്ടിരന്‍ മാതാവിനെ സംശയ ദൃഷ്ട്യാ വീക്ഷിച്ചു. ' അ യാള്‍ എങ്ങനെ ഞങ്ങളുടെ സഹോദരനാകും ? അയാള്‍ സൂത പുത്ര നായിരുന്നല്ലോ ? മക്കളില്ലാത്ത സ്ഥിതിക്ക് അയാളുടെ പിതാവാണ് ആ കര്‍മ്മം ചെയ്യേണ്ടത് . അമ്മ , എന്തിനാണ് അതിനെന്നെ പ്രേരിപ്പിക്കുന്നത് ? മകന്റെ മുന്നില്‍ കുറ്റക്കാരി ആകുമെന്നറിഞ്ഞിട്ടും , കുന്തി തന്റെ നിശ്ചയ ത്തില്‍ നിന്ന് ഇ ളകിയില്ല .

യുധിഷ്ടിരാ ! ഈ അമ്മ പറയുന്നു.., കര്‍ണ്ണന്‍ സൂത പുത്ര നല്ല, അയാള്‍ ക്ഷത്രിയ കുലജാതനായിരുന്നു !

' അമ്മേ! അമ്മക്കിത് എങ്ങനെ അറിയാം . എല്ലാം തെളിച്ചു പറയൂ! ' ജിജ്ഞാസയാല്‍ യുധിഷ്ടിരന്‍ വീര്‍പ്പുമുട്ടി.

' മകനേ! സൂര്യനാണ് അവന്റെ അച്ഛന്‍ ! അവന്റെ അമ്മ കേവലം കന്യകയായ ഒരു രാജകുമാരി ആയിരുന്നു . ലോകാപവാദം ഭയന്ന് അവള്‍ ആ കുഞ്ഞിനെ പിറവിയില്‍ തന്നെ ഒരു പേടകത്തിലാക്കി ഗംഗാ നദിയില്‍ ഒഴുക്കി . അവന്റെ അച്ഛന്‍ നല്‍കിയ വിശിഷ്ട കവച കുണ്ടലങ്ങളാല്‍ അവന്‍ സുരക്ഷിതനായിരുന്നു. ആ കുഞ്ഞിനെയാണ് അതിരഥന്‍ ഏറ്റെടുത്തു വളര്‍ത്തിയത് . കര്‍ണ്ണന്‍ ക്ഷത്രിയ കുല ജാതനാണു പുത്രാ ! ' കുന്തിയുടെ കണ്ണീര്‍ വീണ് യുധിഷ്ടിരന്റെ തോളുകള്‍ നനഞ്ഞു .

' പറയൂ ! അമ്മേ ! ആരാണാ നിന്ദ്യ യായ സത്രീ ' യുധിഷ്ടിരന് വികാരം അടക്കാന്‍ കഴിഞ്ഞില്ല

' നിന്റെ അമ്മ തന്നെ പുത്രാ ! കര്‍ണ്ണന്‍ എന്റെ കടിഞ്ഞൂല്‍ കനി ആയിരുന്നു ലോകാപവാദം ഭയന്ന് ഞാന്‍ ഗംഗയില്‍ ഒഴുക്കിയ എന്റെ പൊന്‍ കനി ... '

കണ്ടു നില്‍ക്കുന്നവരുടെ പോലും ഹൃദയം അലിയിക്കും വിധം കുന്തി വാവിട്ടു കരഞ്ഞു അവള്‍ ബോധശുന്യയാകുമെന്ന് തോന്നിയ നിമിഷം വിദുരര്‍ കുന്തിയെ താങ്ങി യുധിഷ്ടിരന്‍ കൃഷ്ണന്റെ മുഖഭാവം ശ്രദ്ധിച്ചു , അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലുള്ള കൃഷ്ണന്റെ നില്പ് യുധിഷ്ടിരനെ ചിന്തിപ്പിച്ചു അദ്ദേഹം കൃഷ്ണനു നേര്‍ക്ക് തിരിഞ്ഞു ' പ്രഭോ ! പറയൂ ! അങ്ങീ സത്യം ഉള്‌കൊണ്ടിരുന്നോ ?

അറിഞ്ഞിരുന്നു യുധിഷ്ടിരാ ! എന്നാല്‍ നിങ്ങളില്‍ നിന്ന് ആ സത്യം മറച്ചു പിടിക്കാന്‍ കര്‍ണ്ണന്‍ തന്നെ എന്നിലും , നിങ്ങളുടെ അമ്മയിലും പ്രേരണ ചെലുത്തി വല്ലാത്തൊരു ദുര്‍ഘടാ അവസ്ഥയില്‍ അയാള്‍ എന്നെ കൊണ്ടെത്തിച്ചു നിങ്ങളോടു ചേരാന്‍ കൊതിച്ചപ്പോഴും,അതാത്മാഭിമാനം ദാനം തന്ന ദുര്യോധനനോട് ആയിരുന്നു അയാളുടെ കൂറു് അയാളുടെ വാദങ്ങളുടെ മുനയൊടിക്കാന്‍ ഞാന്‍ പോലും അശക്തനായി ഒരു പക്ഷേ , എങ്ങനെയെല്ലാം ഭവിക്കണമെന്ന് മുന്കുട്ടി കുറിക്ക പെട്ടിരിക്കാം ' കൃഷ്ണന്‍ നിശബ്ദനായി യുധിഷ്ടിരന്റെ ചിന്താ ശക്തി മരവിച്ച നിലയിലായി അദ്ദേഹം ആരോടെന്നില്ലാതെ പുലമ്പി ' എന്റെ ജ്യേഷ്ഠന്റെ മൃത്യുവില്‍ ഞാന്‍ ഏറെ ആശ്വസിച്ചു ഈ പാപം എന്നില്‍നിന്ന് എങ്ങനെ വിട്ടോഴിയും... എന്റെ പ്രഭോ ! സാമ്രാജ്യ മോഹത്തിനു വേണ്ടി ഞാന്‍ എന്റെ സഹോദരന്റെ മൃത്യു ആഗ്രഹിച്ചല്ലോ ?

'ഞാന്‍ എന്റെ ജ്യേഷ്ടനെ കൊന്നു...! ഇനി ഞാന്‍ ജീവിച്ചിരിക്കുന്നത് എന്തിനുവേണ്ടി... ? അര്‍ജുനന്‍ പോട്ടിക്കരഞ്ഞു.

നകുലനും സഹദേവനും യുദ്ധത്തില്‍ തങ്ങള്‍ക്കു ' പ്രാണ ഭിക്ഷ നല്‍കിയ ജ്യേഷ്ടന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു , ' എന്റെ കുഞ്ഞേ ! എന്റെ മുന്നില്‍ തോറ്റതില്‍ നിനക്ക് നിരാശപ്പെടേണ്ടി വരില്ല ! ഒരുനാള്‍ ഈ തോല്‍വിയില്‍ നീ അഭിമാനിതനാകും... ! '

ആ സഹോദരങ്ങള്‍ ദുഃഖം പണിപ്പെട്ട് അടക്കാന്‍ ശ്രമിച്ചു ഭീമന്റെ മനസ്സ് ഏറെ പിന്നിലേക്ക് സഞ്ചരിച്ചു , വര്‍ഷങ്ങള്‍ക്കു മുന്‍പ് മത്സര കളരിയിലെ അങ്ക തട്ടില്‍ അര്‍ജ്ജുനനോട് ഏറ്റുമുട്ടാനെത്തിയ , സൂര്യ സമാനനായ തന്റെ സഹോദരനെ 'സൂത പുത്രന്റെ ' പാരമ്പര്യം ഉന്നയിച്ച് താന്‍ വളരെ അധിക്ഷേപിച്ചു. എന്നാല്‍ ദുര്യോധനന്റെ ദീര്‍ഘ ദൃഷ്ടി രാധേയനിലെ ശ്രേഷ്ഠതയും കുലമഹിമയും തിരിച്ചറിഞ്ഞു അംഗരാജ്യത്തിലെ രാജാവായി രാധേയനെ അഭിഷിപ്ത നാക്കുമ്പൊള്‍ ദുര്യോധനന്‍ ഉറക്കെ ഉദ്‌ഘോഷിച്ചു , ' ഒരു മാന്‍ പേടയില്‍ നിന്ന് സിംഹ കുട്ടി ജനിക്കില്ല ! ഇയാള്‍ ഒരു സിംഹ സന്തതി തന്നെ ! അംഗരാജ്യമെന്നല്ല , ഈ ഹസ്തിന പുര സാമ്രാജ്യം പോലും ഈ വ്യക്തിയുടെ തേജസ്സിനും, കഴിവിനും എതയോ കീഴെയായി ഞാന്‍ കാണുന്നു ! '

' ശരിയാണ് ജ്യേഷ്ടാ ! ഈ സത്യം വളരെ വൈകി ഭീമന്‍ മനസ്സിലാക്കുന്നു വൈകിയെത്തിയ വിവേകത്തിനു പകരം നല്‍കാന്‍ , വിലപിടിപ്പില്ലാത്ത കണ്ണീര്‍ കണങ്ങള്‍ ആ ഓര്‍മ്മയ്ക്ക് മുന്നില്‍ അര്‍പ്പിക്കുന്നു... മാപ്പ് ! 'ഏറെ അവസരങ്ങള്‍ ഉണ്ടായിട്ടും, മാതൃത്വത്തെ മാനിച്ച്, എനിക്ക് പ്രാണ ഭിക്ഷ നല്‍കിയ എന്റെ ജ്യേഷ്ഠനെ ഭീമന്‍ നന്ദിയോടെ സ്മരിക്കുന്നു . കൃഷ്ണന്‍ മുന്നോട്ട് കടന്ന് യുധിഷ്ടിരനെ ആശ്വസിപ്പിച്ചു ' കൗമാര കൌതുകതാല്‍ മനപൂര്‍വ്വമല്ലാതെ , വിധി പ്രേരണയാല്‍ ശി ക്ഷിക്കപെട്ട നിങ്ങളുടെ മാതാവിന് നിങ്ങള്‍ മാപ്പു നല്‍കണം . വളരെ ഏറെ ദുഖിച്ചു കഴിഞ്ഞ മാതാവിനെ ഇനിയും നിങ്ങള്‍ ഇതിന്റെ പേരില്‍ പഴിക്കുന്നത് ഉചിതമല്ല ' മാതാവിന്റെ ദയനീയ മുഖം നീണ്ട ഇടവേളക്കു ശേഷം ദര്‍ശിച്ച , യുധിഷ്ടിരന്‍ ഒന്നും ഉരിയാടാതെ ഗംഗാ തീരത്തേക്ക് നടന്നു .

സഹോദരനു വേണ്ടി പിണ്ട കര്‍മ്മം ചെയ്തു . അര്‍ഘ്യമായി ജലത്തിനു പകരം അശ്രുക്കള്‍ കൊണ്ടാണ് അവര്‍ ആ കര്‍മ്മം പൂര്‍ത്തികരിച്ചത് . ഗംഗാ തീരത്തു നിന്നു മടങ്ങുമ്പോള്‍ ' ഭാതൃ ഹത്യാ ' എന്ന കുറ്റ ബോധതാല്‍ അവരുടെ മനസ്സ് ദുഃഖ തപ്തമായിരുന്നു . ദ്രൌപതിയും , ഗാന്ധാരിയും അവരോടൊപ്പം ആ ദുഃഖ വാര്‍ത്ത ശ്രവിച്ചു . ഒന്നും പറയാനാവാതെ അവരും മൌനമായി നഗരത്തിലേക്കുള്ള മടക്ക യാത്രയില്‍ നീങ്ങി കൊണ്ടിരുന്നു . അവരുടെ ദുഃഖം അവര്‍ക്ക് വിട്ടുകൊണ്ട് കൃഷ്ണനും സാത്യകിയും അവരില്‍ നിന്നകന്ന് അനുഗമിച്ചു . മഹാഭാരതത്തിലെ ഈ പര്‍വ്വം വ്യാസ മാമുനി എല്ലാ സ്ത്രീകള്‍ക്കും അവരുടെ തെറ്റു കുറ്റങ്ങളുടെ വിചാരണക്കുമായി നീക്കി വെച്ചിരിക്കുന്നു , അതിനാല്‍ ഏറെ ശ്രദ്ധേയവുമാണ് .

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories