ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ശാന്തി - അനുശാസന പര്‍വ്വം (ഭീഷ്മ സ്തുതി)


ശാന്തി - അനുശാസന പര്‍വ്വം

(ഭീഷ്മ സ്തുതി)

ശ്രാദ്ധകര്‍മ്മങ്ങളുടെ പൂര്‍ത്തീകരണതിനായി പാണ്ഡവര്‍ ഒരു മാസത്തോളം ഗംഗാതീരത്ത് കുടില്‍ കെട്ടി താമസിച്ചിരുന്നു. പിതൃ കര്‍മ്മ പൂര്‍ത്തീകരണങ്ങള്‍ക്കു ശേഷമേ ആചാര വിധിപ്രകാരം അവര്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കാനാവൂ.എല്ലാ ആചാര വിധികള്‍ക്കും അവര്‍ അതാതിന്റെതായ പ്രാധാന്യവും മൂല്യവും കല്പ്പിച്ചിരുന്നു. മറ്റൊരുതരത്തില്‍, നമുക്ക് ഇന്ന് അന്യമായി കൊണ്ടിരിക്കുന്നതും ഇതു തന്നെയല്ലേ? പലതും അനുഷ്ടാനതിനു വേണ്ടിയുള്ള നിഷ്ഠയായി മാറിയിരിക്കുന്നു.

കര്‍ണ്ണന്‍ തന്റെ ജ്യേഷ്ഠ ഭ്രാതാവാണെന്ന സത്യം അറിഞ്ഞ നിമിഷം മുതല്‍ യുധിഷ്ടിരന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. കുറ്റബോധം ആ സ്വാത്വികനെ വേട്ടയാടി കൊണ്ടിരുന്നു. 'ലോകനാഥനായി' തീര്‍ന്ന യുധിഷ്ടിരനെ സന്ദര്‍ശിക്കാനും ആശംസകള്‍ അര്‍പ്പിക്കാനും പലരും എത്തി. നാരദ മഹര്‍ഷി യുധിഷ്ടിരനെ അനുമോദിക്കുന്നതിനിടയില്‍ പറഞ്ഞു,

യുധിഷ്ടിരാ! ഈ സന്തോഷ വേളയിലും അങ്ങയുടെ മുഖം മ്ലാനമായി കാണപ്പെടുന്നത് എന്തുകൊണ്ട് ? ഭഗവാന്റെ കൃപകൊണ്ട് ഒടുവില്‍ അങ്ങേക്ക് രാജ്യം പ്രാപ്തമായില്ലേ?

യുധിഷ്ടിരന്‍ പറഞ്ഞു 'മഹര്‍ഷേ! ഞാന്‍ ഭാതൃ ഹന്താവായി തീര്‍ന്നിരിക്കുന്നു. അമ്മയുടെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ എന്റെ ജ്യേഷ്ഠ സഹോദരന്റെ പിണ്ടക്രിയ ചെയ്തു. ഈ ക്രൂര കര്‍മ്മത്തിനു ശേഷം എനിക്കെങ്ങനെ സന്തോഷിക്കാനാവും?

യുധിഷ്ടിരന്‍ വിനയാന്വിതനായി തുടര്‍ന്നു. പ്രഭോ! ഞാനെന്റെ ദുഃഖ ഭാരം ഒന്നിറക്കി വയ്ക്കാന്‍ അങ്ങനുവദിച്ചാലും. യുദ്ധത്തിനു മുന്‍പ് കൃഷ്ണനും, തുടര്‍ന്ന് അമ്മയും ജ്യേഷ്ഠനെ സന്ദര്‍ശിച്ച് 'രാധേയന്‍ സൂതപുത്രനല്ല, കൌന്തേയനാണന്ന സത്യം' അദ്ദേഹത്തെ അറിയിച്ചിരുന്നു. തന്റെ സഹോദരങ്ങളോട് ഒന്നിച്ചു നില്ക്കാന്‍ അവരിരുവരും അദ്ദേഹത്തില്‍ പ്രേരണ ചെലുത്തി. എന്നാല്‍, തന്റെ ആത്മാഭിമാനം നിലനിര്‍ത്തി, തന്നെ സംരക്ഷിച്ച ദുര്യോധനനെ വിട്ടു നില്ക്കാന്‍ അദ്ദേഹം തയ്യാറായില്ല...

വൈകിയെത്തിയ സഹോദര്യത്തേക്കാള്‍, സൗഹൃദത്തിനാണ് എന്റെ ജ്യേഷ്ഠന്‍ വില നല്‍കിയത്. ഒരു നേട്ടത്തിനു വേണ്ടിയും ദുര്യോധനനെ ഒറ്റപ്പെടുത്താന്‍ ആ ധര്‍മ്മിഷ്ടന്‍ ആഗ്രഹിച്ചില്ല... എത്രയോ വലിയവനായിരുന്നു എന്റെ കൂടപ്പിറപ്പ്! ആ മഹത്വം കണ്ടറിയാന്‍ ഞങ്ങള്‍ക്ക് ആയില്ല. ഭൌതിക നേട്ടങ്ങള്‍ക്ക് വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ മരണം കാംഷിച്ചു. ഞാനിനി രാജ്യം ഭരിക്കാന്‍ അര്‍ഹനല്ല, എല്ലാം ഇട്ടെറിഞ്ഞു വനത്തിലേക്ക് ഓടിപോകാന്‍ മനസ്സ് കൊതിക്കുന്നു...' യുധിഷ്ടിരന്‍ തല കുമ്പിട്ടിരുന്നു. സ്വയം നിയന്ത്രിക്കാനാവാതെ വീണ്ടും തുടര്‍ന്നു ' മഹര്‍ഷേ! വര്‍ഷങ്ങളായി എന്നെ സംശയത്തിന്റെ മുള്‍മുനയില്‍ നിറുത്തിയിരുന്ന ഒരു വസ്തുത ഞാന്‍ അങ്ങയോടു പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു... ഹസ്തിനപുരിയിലെ രാജസദസ്സില്‍ ദ്രൗപതി അതിക്രൂരമായി അപമാനിക്കപ്പെട്ട ദിവസം, അന്ന് കൌരവരെക്കാള്‍ ഏറെ ദ്രൗപതിയെ അപകീര്‍ത്തിപ്പെടുത്തും വിധം സംസാരിച്ചത് രാധേയനായിരുന്നു. രാധേയന്റെ ക്രൂര വാക്കുകള്‍ എന്റെ മനസ്സിലെ അഗ്‌നിയെ ജ്വലിപ്പിച്ചു. എങ്കിലും സ്വയം നിയന്ത്രിതനാകാന്‍ പ്രേരിതനായ ഞാന്‍ അപമാനഭാരത്താല്‍ മുഖം കുനിച്ചു. ആ നിമിഷം അറിയാതെ എന്റെ കണ്ണുകള്‍ രാധേയന്റെ പാദത്തില്‍ പതിക്കാനിടയായി. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു... അദ്ദേഹത്തിന്റെ പാദങ്ങള്‍ക്ക്, എന്റെ മാതാവിന്റെ അനുഗ്രഹീത പാദങ്ങളുമായി ഏറെ സമാനതകളുണ്ടായിരുന്നു. എന്റെ മനസ്സില്‍ രാധേയനോട് തോന്നിയ കടുത്ത അമര്‍ഷം ഉറഞ്ഞു കൂടി.

എങ്കിലും 'ഇതെങ്ങനെ' എന്ന ചോദ്യം അവശേഷിച്ചു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഭ്രാതൃഹന്താവായ എനിക്കു മുന്നില്‍ ആ സത്യം വെളിപ്പെട്ടു...

അദ്ദേഹം എന്റെ അമ്മയുടെ ആദ്യ സന്താനം ആയിരുന്നു. പിറവിയില്‍ മാതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട അദ്ദേഹം, അന്ത്യം വരെ മാതാവിനു നല്‍കിയ വാക്കു പാലിച്ചു. അദ്ദേഹം ഞങ്ങള്‍ക്ക് നാല്‍വര്‍ക്കും പ്രാണഭിക്ഷ നല്‍കി. 'എത്ര മഹാനായിരുന്നു എന്റെ ജ്യേഷ്ഠന്‍!' പോര്‍ക്കളത്തില്‍ വെച്ച് ദുര്യോധനന്‍ പറഞ്ഞതു പോലെ' ഞങ്ങള്‍ ധര്‍മ്മിഷ്ടരെന്നു അഭിമാനിക്കുന്ന അധാര്‍മ്മികര്‍ മാത്രം! 'ഞാന്‍ ഇനി എന്തിന്റെ പേരില്‍ സന്തോഷിക്കണം? മഹര്‍ഷേ! അങ്ങു തന്നെ ഒരു ഉത്തരം തരൂ...' അശ്രുക്കള്‍ ഒലിച്ചിറങ്ങുന്ന യുധിഷ്ടിരന്റെ മുഖം ദര്‍ശിക്കുക നാരദ മഹര്‍ഷിക്കും അസഹ്യമായി. നാരദന്‍ പറഞ്ഞു 'യുധിഷ്ടിരാ! കര്‍ണ്ണന്‍ അദ്വിതീയനും അജയ്യനും ആയിരുന്നു. ദാതാക്കളില്‍ ദാതാവായിരുന്നു.

എന്നാല്‍, ഇടിത്തീ പോലെ അദ്ദേഹത്തിന് മേല്‍ പതിച്ചിരുന്ന ശാപവചസ്സുകളും, ഇന്ദ്രന്റെ ഇടപെടലും വിധിയുടെ ഒരു പ്രഹേളികയായി അയാള്‍ക്ക് മേലെ ആഞ്ഞുവീശി. സ്വന്തം യശസ്സിനും കീര്‍ത്തിക്കും വേണ്ടി അയാള്‍ അങ്ങനെ മരണപ്പെടണമെന്നു വിധി കണക്കു കൂട്ടിയിരുന്നു കാണും. ചിലതിന് ഉത്തരം കണ്ടെത്തുക ഏറെ ദുഷ്‌ക്കരമാണ്.'

മഹര്‍ഷിയുടെ  അശ്വാസവാക്കുകള്‍  ശ്രദ്ധാ  പൂര്‍വ്വം ശ്രവിചെങ്കിലും,   ഒരാശ്വാസം കണ്ടെത്താന്‍  യുധിഷ്ടിരനായില്ല,  ആ മനസ്സില്‍നിന്ന് കുറ്റ ബോധം  വിട്ടോഴിഞ്ഞതെയില്ല .  രാധേയനോടും,  തങ്ങളോടും അമ്മ  ചെയതത് വലിയ  ഒരു തെറ്റു  തന്നെയായി യുധിഷ്ടിരന്‍ കണ്ടു.  അദ്ദേഹം  സ്ത്രീ വര്‍ഗ്ഗത്തെ ഒന്നാകെ  ശപിച്ചു    'മേലില്‍  സ്ത്രീകള്‍ക്ക്  ഒരു  രഹസ്യവും ഉള്ളില്‍  സൂക്ഷിക്കാന്‍ കഴിയാതെ  പോകട്ടെ ! മാതാവു  സൂ ക്ഷിച്ച  രഹസ്യം  വരുത്തി  വെച്ച  വിനയാണ് 'ഭാതൃ ഹത്യ ' എന്ന മഹാപാതകത്തിലേക്കു തങ്ങളെ  നയിച്ചതെന്ന്  പാണ്ഡവര്‍  കരുതി.  ഒരു  പരിധി വരെ  ശാപത്തി ലൂ ടെ അവര്‍  ആശ്വാസം കണ്ടെത്തി. ഒരു പരിധി വരെ ശാപത്തി മനശാന്തിക്കു വേണ്ടി വീണ്ടുമൊരു വനവാസം ആഗ്രഹിച്ച യുധിഷ്ടിരനെ നാരദനും വ്യാസനും വീണ്ടും വീണ്ടും സ്വാന്ത്വന വചസ്സുകള്‍ കൊണ്ട് മൂടി. നേടിയെടുത്ത രാജ്യം എത്ര ആത്മ നോമ്പരങ്ങള്‍ക്കിടയിലും പരിപാലിക്കേണ്ടത് രാജധര്‍മ്മ മാണെന്നു അവര്‍ യുധിഷ്ടിരനെ ബോധ്യപ്പെടുത്തി. രാജാവ് പ്രജകളുടെ ഈശ്വരനും, പ്രജകള്‍ ഈശ്വരാംശവുമാണ്. പരിപാലിക്കേണ്ട വന്‍ ഒഴിഞ്ഞു മാറുന്നത്, ധര്‍മ്മത്തിനു നിരക്കുന്നതല്ല. രാജാവിന് സ്വന്ത്വം സുഖങ്ങളില്ല.


ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് രാജ ധര്‍മ്മം.

മഹര്‍ഷിമാരുടെ ഉചിതമായ ഇടപെടല്‍ യുധിഷ്ടിരനില്‍ കര്‍ത്തവ്യ ബോധം ഉണര്‍ത്തി. അദ്ദേഹം പറഞ്ഞു 'നിങ്ങളുടെ വാക്കുകള്‍ എനിക്കു വെളിച്ചം പകര്‍ന്നിരിക്കുന്നു. യാതൊരു വിധത്തിലുള്ള മ്ലാനതയും ഇനി എന്റെ മനസ്സിലുണ്ടാവില്ല. ഉത്തമനായ രാജാവ് അനുഷ്ടിക്കെണ്ടാതായ ധര്‍മ്മ മാര്‍ഗ്ഗത്തെ പറ്റിയും നീതി നിര്‍ വ്വഹണ മാനദണ്ട ങ്ങളെ പറ്റിയും അങ്ങ് എനിക്കു മനസ്സിലാക്കി തന്നാലും സത്യ മാര്‍ഗ്ഗത്തില്‍ ചരിക്കാനുള്ള വഴി ഉപദേശിച്ചു തരുക രാജ്യ ഭരണത്തിന്റെ സകല തന്ത്രങ്ങളും മനസ്സിലാക്കി

ഉത്തമനായ ഒരു ഭരണാധികാരിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു അങ്ങേനിക്ക് വേണ്ട ഉപദേശം തന്നാലും' യുധിഷ്ടിരനില്‍ വന്ന ഭാവമാറ്റം വ്യാസനെസന്തോഷിപ്പിച്ചു ' പുത്രാ! രാജ്യ ഭരണത്തെ പറ്റി നിനക്ക് വേണ്ട ഉപദേശം നല്‍കാന്‍ ഞാന്‍ പ്രാപ്തനല്ല. അതിനു തക്ക പരിജ്ഞാനവും എനിക്കില്ല കാരണം ഞാന്‍ രാജ്യം ഭരിച്ചിട്ടില്ല. ഉത്തമനായ ഒരു ഭരണാധികാരിക്കു മാത്രമേ അത്തരത്തില്‍ ഒരു ഉപദേശം നല്‍കാന്‍ അര്‍ഹതയുള്ളൂ. നമുക്ക് നിന്റെ മുത്തച്ഛനായ ഗംഗാപുത്രനെ സമീപിക്കാം. ചന്ദ്രവംശ ഭരണാധികാരി പ്രാപ്തമാക്കേണ്ട സകല സിദ്ധികളും നിന്റെ മുത്തച്ഛനിലുണ്ട്.

അദ്ദേഹം പതിനാറു വയസ്സു വരെ സ്വര്‍ഗ്ഗ ലോകത്തില്‍ മാതാവ് ഗംഗയോടൊപ്പം ആണ് വസിച്ചിരുന്നത്. ഗംഗയുടെ പുത്രനു ഉചിതമായ വിധത്തില്‍ വേണ്ട ശിക്ഷണം നല്‍കാന്‍ അനേകം ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു.അദ്ദേഹം നീതിശാസ്തവും തത്വ ശാസ്തവും ബ്രുഹസ്പതിയുടെയും ശുക്രാ ചാര്യന്റെയും ശിക്ഷണത്തിലാണ് അഭ്യസിച്ചത് ബൃഹസ്പതി രാഷ്ട്രീയ തത്ത്വ ശാസ്ത്രം നല്ല രീതിയില്‍ ഗംഗേയനെ അഭ്യസിപ്പിച്ചിട്ടുണ്ട് ധനുര്‍വേദം ഭാര്‍ഗ്ഗവ രാമനില്‍ നിന്നും വേദ വേദാംഗങ്ങള്‍ വസിഷ്ടനില്‍ നിന്നും അദ്ദേഹം സ്വായത്വമാക്കി ' സര്‍വ്വ സംഗ പരിത്യാഗം ' എന്ന സന്യാസത്തെ കുറിച്ചുള്ള ശിക്ഷണം അദ്ദേഹം' മാര്‍ക്കണ്ടേയനില്‍ ' നിന്നും ഹൃദിസ്ഥ മാക്കിയിട്ടുണ്ട്. മരണമാകുന്ന തിരസ്‌കരണിക്കപ്പുറമുള്ള ജ്ഞാനം പോലും ദേവവൃതന്‍ പ്രാപ്ത മാക്കിയിട്ടുണ്ട്. ശന്തനുവിന്റെ പിന്തുടര്‍ച്ചകാരനെ പ്രാപ്തനായ രാജാവാക്കാന്‍ അവരേവരും കിണഞ്ഞു പരിശ്രമിച്ചു.

എന്നാല്‍ വിധി പ്രേരണയാല്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ കഴിയാതെ വന്ന ഗംഗേയന് താനഭ്യസിച്ച വിദ്യകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനായില്ല.

ഭീഷ്മരില്‍ നിന്ന് നീ ആ അറിവ് പകര്‍ന്ന് എടുക്കണം. നിനക്ക് അത് പകര്‍ന്നു തരാന്‍ നിന്റെ മുത്തച്ഛനും ഏറെ തല്പരനായിരിക്കും. അവസാന ദിനങ്ങള്‍ എണ്ണി കൊണ്ടിരിക്കുന്ന അദ്ദേഹത്തിനരികിലേക്ക് ചെല്ലുക. '

യുധിഷ്ടിരന്‍ പറഞ്ഞു 'മുത്തച്ഛനെ സമീപിക്കാന്‍ പോലും ഞാന്‍ ഭയക്കുന്നു. അത്രയേറെ പാപം ഞാന്‍ ചെയ്തു കൂട്ടി. അദ്ദേഹം ഒരു പക്ഷെ , എന്നെ ശപിക്കുമോ എന്നുപോലും ഞാന്‍ ശങ്കിക്കുന്നു. '

തത്സമയം അവിടെ എത്തിയ കൃഷ്ണന്‍ ഉപദേശിച്ചു 'അങ്ങനെ ഒരു അപകര്‍ഷതാ ബോധം മനസ്സില്‍ നിന്ന് പിഴുതെറിയുക. നടക്കേണ്ടത് നടന്നു എന്നു മാത്രം കരുതുക. പിന്നെ ഭീഷ്മര്‍, അദ്ദേഹം എല്ലാം മുന്‍കൂട്ടി കണ്ടറിഞ്ഞ മഹാനാണ്, തനിക്കു് പ്രാപ്തമായ അറിവ്, താങ്കള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹം ഏറെ ആഗ്രഹിക്കുന്നു. പാഴായി പോകുന്ന വിദ്യയോളം ദുഃഖം മറ്റൊന്നില്ലന്ന സത്യം ഗംഗേയനറിയാം. ഒരു സല്പാത്രത്തിലേക്ക് അത് പകര്‍ന്നു നെല്കുന്ന പുണ്യം നിന്റെ മുത്തച്ഛനു കിട്ടട്ടെ...' അവരേവരും ഭീഷ്മരുടെ അടുത്തേക്ക് പോകാന്‍ തീരുമാനിച്ചു.

ശ്രാദ്ധകര്‍മ്മങ്ങളുടെ ഇടവേളയായ ഒരു മാസത്തിനു ശേഷം പാണ്ഡവര്‍ ഹസ്തിന പുരിയില്‍ പ്രവേശിച്ചു.

ഋഷിമാരുടെ അവസരോചിതമായ ഇടപെടലും ഉപദേശവും യുധിഷ്ടിരനില്‍ രാജ്യഭരണ ബോധം ഉളവാക്കി. ഒരുത്തമനായ ഭരണാധികാരിക്കു വേണ്ട സിദ്ധികള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദുഖചിന്തകള്‍ ആ മനസ്സില്‍ നിന്ന് ഏറെക്കുറെ വിട്ടകന്നു. കര്‍ത്തവ്യബോധം മറ്റെന്തിനെക്കാളും മഹത്തരമായി യുധിഷ്ടിരന്‍ ഉള്‍ക്കൊണ്ടു.

അങ്ങയുടെ കഠിനമായ കോപത്തിന് ഇതുമൂലം ഒരു നിര്‍ഗ്ഗമനം ഉണ്ടായതായി ഞാന്‍ അറിയുന്നു . ഇനി താങ്കളില്‍ പാണ്ഡവരോട് പഴയതു പോലെ കടുത്ത കോപം ഉണ്ടാകാനിടയില്ല . അങ്ങ് പൂര്‍വ്വ വൈരാഗ്യമെല്ലാം മറന്ന് സത്യ നിഷ്ഠയോടെ ശേഷിച്ച കാലം ജീവിക്കാന്‍ ഈ കൃഷ്ണന്‍ അപേക്ഷിക്കുന്നു . ഞാനിതാ പാണ്ഡവരെ അങ്ങയുടെ മുന്നിലെത്തിക്കുന്നു . അങ്ങവര്ക്ക് ഒരച്ഛന്റെ സ്‌നേഹവും വാത്സല്യവും നെല്കണം ! ഹസ്തിനപുരത്തില്‍ ശാന്തിയും സമാധാനവും നിലനിന്നു കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു ! അങ്ങും സഹകരിക്കണം . ' ഇളിഭ്യനായ ധൃതരാഷ്ട്രരില്‍ കുറ്റബോധം ഉണ്ടായി. കാല്ക്കല്‍ പ്രണമിച്ച പാണ്ഡവരെ അദ്ദേഹം അനുഗ്രഹിച്ചു, മാറോടണച്ചു... ആ നിമിഷം അവര്‍ തന്റെ സഹോദര പുത്രരാണന്ന ബോധം രാജാവിന്റെ കണ്ണു നനച്ചു .

ധൃതരാഷ്ട്ര മഹാരാജാവിനെ മുന്നിലാക്കി അവര്‍ തലസ്ഥാന നഗരിയിലേക്ക് തിരിച്ചു. പതിനാറു വെള്ള കാളകളെ പൂട്ടിയ രഥത്തില്‍ ഉപവിഷ്ടനായിരുന്ന യുധിഷ്ടിര മഹാരാജാവിനെ ജനം ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.രാജാവിന്റെ ശാന്തവും, ചൈതിന്യവത്തുമായ മുഖം ജനങ്ങളില്‍ പ്രീതി ജനിപ്പിച്ചു. കാളകളുടെ മൂക്കുകയര്‍ പിടിച്ചിരുന്നത് ഭീമനാണങ്കില്‍, അര്‍ജുനന്‍ രാജാവിനെ വെണ്‌കൊറ്റ കുട ചൂടിച്ചിരുന്നു. നകുല സഹദേവന്മാര്‍ വെഞ്ചാമരം വീശി. യുധിഷ്ടിര രഥത്തിനു പിന്നിലായി യുയുത്സു ഇരുന്നിരുന്നു.

അമാലന്മാര്‍ ചുമന്നിരുന്ന പല്ലക്കുകളില്‍ രാജകുടുംബത്തിലെ സ്ത്രീകളും ഇരുന്നിരുന്നു. ഗംഭീരവും കാഴ്ചക്ക് ഇമ്പം നല്‍കുന്നതുമായ ചതുരംഗപ്പടയുടെ ഘോഷയാത്രയും അരങ്ങു കൊഴുപ്പിച്ചു.

ആ കാഴ്ച നയനാനന്ദകരവും, രാവണ നിഗ്രഹത്തിനു ശേഷം അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്ന 'ത്രേതായുഗ ശ്രീരാമനെ ' അനുസ്മരിപ്പിക്കും വിധമായിരുന്നു. (ഇതിഹാസ സമാനത അനുവാചകരെ ഒരേ സമയം വിവിധ ചിന്തകളില്‍ എത്തിക്കുന്നു.) ധൃതരാഷ്ട്രരെ മുന്നിലാക്കി യുധിഷ്ടിരന്‍ പരിവാര സമേതം രാജസഭയില്‍ പ്രവേശിച്ചു. (കൃഷ്ണ വാക്കുകള്‍ ധൃതരാഷ്ട്രര്‍ സ്മരിച്ചു താങ്കള്‍ ജന്മം നല്‍കിയ പുത്രന്മാരെക്കാള്‍ ഏറെ ഏറെ നല്ലവരാണ് പാണ്ഡവര്‍. ആ കുരുവൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞു. കൃഷ്ണാ! മഹാപ്രഭോ! മമതാ ബന്ധത്തിനപ്പുറം വളരാതിരുന്ന എന്റെ മനസ്സിനെ അങ്ങ് മാറ്റിമറിച്ചു. വ്യക്തിയുടെ മനസ്സില്‍ നിറയുന്ന ഈ ബോധമാണ് ഈശ്വര ചൈതിന്യം. ഇതു തന്നെയല്ലേ യേശുനാഥന്‍ പറഞ്ഞ ' നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക ' )

പൗരാവലി ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു. ബ്രാന്മണര്‍ പാണ്ഡവരെ അനുഗ്രഹിച്ചുകൊണ്ട് മംഗള ശ്ലോകങ്ങള്‍ ചൊല്ലി.

കൃഷ്ണന്‍ യുധിഷ്ടിരനെ സിംഹാസനതിലേക്ക് ആനയിച്ചു. തത്സമയം കൃഷ്ണ നേത്രങ്ങള്‍ നിറഞ്ഞൊഴുകി വാക്ക് പാലിക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യം ആ മുഖത്ത് ദര്‍ശിച്ച യുധിഷ്ടിരന്‍ ഭക്തിയാല്‍ നമ്രശിരസ്‌ക്കനായി... അദ്ദേഹം ഓര്‍ത്തു ഭക്തന്മാരുടെ ദാസനായ ഈ പുണ്യാത്മാവിനെ ഏതുവിധത്തില്‍ അര്ച്ചിചാലും എനിക്കു തൃപ്തി വരില്ല! എന്റെ നാഥാ! എല്ലാം അങ്ങ് എനിക്ക് നേടിത്തന്നു!!

ഭീമനും അര്‍ജുനനും രാജാവിന്റെ ഇരുവശങ്ങളിലായി രത്‌ന സിംഹാസനങ്ങളില്‍ ഇരുന്നു. തൊട്ടടുത്ത ദന്ത സിംഹാസനങ്ങളില്‍ നകുല സഹദേവന്മാരും ഇരുന്നു. ഏറെ സുന്ദരനായ നകുലന്റെ മുഖം ഏവരും ആനന്ദത്തോടെ വീക്ഷിച്ചു. കുന്തി തന്റെ പ്രിയപ്പെട്ട സഹദേവനൊടു ചേര്‍ന്നിരുന്നു.

പ്രതെയ്കം സജ്ജമാക്കിയ ഇരിപ്പടത്തില്‍ ധൃതരാഷ്ട്രരും ഗാന്ധാരിയും ഇരുന്നു. യുയുല്‍സുവും, വിദുരരും അവരുടെ അരികെയുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്ഥരായി, രാജാവിന്റെ കിരീട ധാരണം നടന്നു. സംഗീതോപകരണങ്ങള്‍ മധുരാലാപനം മുഴക്കി. ബ്രാന്മണര്‍ വേദം ചൊല്ലി.നഗര പ്രതിനിധികള്‍ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം സദസ്സില്‍ സജ്ജരായിരുന്നു. ആ ധന്യ മുഹൂര്‍ത്തം ഏവരിലും രോമാഞ്ചം വിരിയിച്ചു. രാജാവായ യുധിഷ്ടിരന്‍ ചുരുങ്ങിയ വാക്കുകളില്‍ ഏവര്ക്കും നന്ദി പറഞ്ഞു ' പ്രൗഢമായ ഈ സിംഹാസനത്തിന്റെ അവകാശി ധൃതരാഷ്ട്ര മഹാരാജാവു തന്നെ ആയിരിക്കും.

ഞാന്‍ അദ്ദേഹത്തിന്റെ ഹിതാനുസരണം രാജ്യം ഭരിക്കും. എന്റെ അനുജന്മാര്‍ ഭരണ കാര്യത്തില്‍ എന്നെയും മഹാരാജാവിനെയും യഥാവിധി സഹായിക്കും. ' പൗരന്മാരെ ബഹുമാനിച്ച് അവരോട് ഉപചാര വാക്കുകള്‍ ചൊല്ലി അദ്ദേഹം അവരെ മടക്കി അയച്ചു. കുരുവംശ ചരിത്രത്തിന്റെ ഈ നന്മ തിരിച്ചറിഞ്ഞ ജനംഹര്‍ഷൊന്മാദതാല്‍ മതി മറന്നു.യുധിഷ്ടിരന്‍ ഭീമനെ യുവരാജാവായി അഭിഷേകം ചെയ്തു.വിദുരരെ മന്ത്രിയായി നിയമിച്ചു.

സജ്ജയനായിരുന്നു ധനകാര്യ ഉപദേഷ്ടാവ്.നകുലന് സൈന്യത്തിന്റെ ചുമതലയും സംരക്ഷണവും നല്‍കി.അര്‍ജുനനെ സൈന്യാധിപനായി അവരോധിച്ചു.വിദേശ രാജ്യങ്ങളുമായുള്ള സഹവര്തിതത്വവുംരാജ്യ വിപുലീകരണവും അര്‍ജ്ജുനനില്‍ നിഷിപ്തമായി. സഹദേവന്‍ രാജാവിന്റെ അംഗരക്ഷകനായി. പല പ്രവിശ്യകളുടെയും ചുമതല യുയുത്സുവിനു നല്‍കി. ധൃതരാഷ്ട്രരുടെ ദൈനദിന കാര്യങ്ങള്‍ നോക്കുന്ന ചുമതലയും യുയുള്‍സുവിനായിരുന്നു.മുഖ്യ പുരോഹിതനായി ധൌമ്യന്‍ തന്നെ തുടരണമെന്ന് നിശ്ചയിക്കപ്പെട്ടു. യുധിഷ്ടിരന്റെ ഭരണ പ്രാപ്തി നേരില്‍ കണ്ടറിഞ്ഞകൃഷ്ണന്റെ ഹൃദയം ബഹുമാനദരങ്ങളാല്‍ നിറഞ്ഞു കവിഞ്ഞു. (യുധിഷ്ടിരന്റെ ഈ ഭരണ തന്ത്രന്ജ്യതയുടെ പിന്തുടര്‍ച്ചയായി ഇന്നത്തെ ഭരണരീതിയെ കണക്കാക്കാം. )

അവസാന ' സപിണ്ഡി' മുതലായ പിത്രുകര്‍മ്മങ്ങള്‍ പാണ്ഡവര്‍ യഥാവിധം ഭംഗിയായി ആചരിച്ചു. ഒന്നിനും ഒരുകുറവും വരാത്ത രീതിയില്‍ അവരുടെ ചടങ്ങുകളെല്ലാം അത്ന്ത്യം ഗംഭീരവും മഹത്തരവുമായിരുന്നു. എല്ലാ ചടങ്ങുകള്‍ക്കും ശേഷം യുധിഷ്ടിരന്‍ തന്റെ പ്രഭുവായ കൃഷ്ണനു മുന്നില്‍ കൂപ്പു കൈകളോടെ എത്തി ' എന്റെ പ്രഭോ!അങ്ങയുടെ കാരുണ്യതാല്‍ എനിക്ക് എന്റെ രാജ്യം തിരിച്ചു കിട്ടി. ഈ നിസ്സാരനായ എനിക്കു വേണ്ടി പരമാത്മാവായ അങ്ങ് എത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചു. അങ്ങ് എപ്പോഴും ഞങ്ങളുടെ സുഖ ദുഖങ്ങളില്‍ പങ്കു ചേര്‍ന്ന് ഞങ്ങളോടൊപ്പം ചരിച്ചു. അങ്ങ് സത്യ മാര്‍ഗ്ഗതിലൂടെ ചരിക്കാന്‍ ഞങ്ങള്‍ക്ക് പ്രേരണ നല്‍കി. യുദ്ധഭുമിയില്‍ ഞങ്ങള്‍ പതറിയപ്പോഴെല്ലാം കര്‍മ്മസാക്ഷിയായ അവിടുന്ന് ഞങ്ങള്‍ക്ക് ഉചിത നിര്‍ദ്ദേശങ്ങള്‍ നല്‍കി, ഞങ്ങളുടെ രക്ഷകനായി. വണങ്ങുന്നു പ്രഭോ!പകരം നല്‍കാന്‍ കണ്ണിരല്ലാതെ ഈ ഭക്തന്‍ വശം ഒന്നും തന്നെയില്ല. നിറഞ്ഞ ഭക്തിയോടെ ഈ ദാസന്‍ അങ്ങയുടെ പുണ്യ പാദങ്ങള്‍ കുമ്പിടുന്നു ' പ്രണമിക്കാനായി കുനിഞ്ഞ തന്റെ പ്രിയ ഭക്തനെ, ആ ഭക്ത വത്സലന്‍ മാറോട് അണച്ചു. ഭക്തനും ഈശ്വരനും ഇവിടെ ഒന്നായി തീര്‍ന്നു ' ഭക്തസ്യ ദാസോസ്മ്യഹം'. കൃഷ്ണന്‍ പാണ്ഡവരുടെ ഉപചാരങ്ങള്‍ സ്വീകരിച്ച്, അടുത്ത ദിവസം തമ്മില്‍ കാണാമെന്ന ഉറപ്പോടെ മടങ്ങി.

അടുത്ത ദിവസം യുധിഷ്ടിരന്‍ നിശ്ചയിച്ച പ്രകാരം കൃഷ്ണനു സമീപം എത്തി. തന്റെ സാമീപ്യം പോലും അറിയാത്ത വിധം കൃഷ്ണന്‍ ഏതോ അഗാധ ചിന്തയിലായിരുന്നു. അസ്വസ്ഥ ചിത്തനായ യുധിഷ്ടിരന്‍ തിരക്കി, ' പ്രഭോ! ഏതു ചിന്തയാണ് അങ്ങയെ ഈ വിധം മഥിക്കുന്നത് ? ആരെ പറ്റിയാണ് അങ്ങ് ആലോചിക്കുന്നത് ?

കൃഷ്ണന്‍ പുഞ്ചിരി തൂകി. ' ഞാന്‍ ഭീഷ്മരെ പറ്റിയാണ് ചിന്തിച്ചിരുന്നത്. ഭീഷ്മരുടെ ദിനങ്ങള്‍ എണ്ണപെട്ടു തുടങ്ങി. അതിനുമുന്‍പ് താങ്കള്‍ അദ്ദേഹത്തില്‍ നിന്നും പലതും ഗ്രഹിക്കേണ്ടിയിരിക്കുന്നു. ആ ഭക്തന്‍ എന്നെ സ്മരിക്കുന്നുട്.ആ വിളി എനിക്കു തള്ളി കളയാനാവില്ല. താങ്കളും എന്നോടൊപ്പം വരിക! നമുക്ക് ഉടന്‍ തന്നെ പുറപ്പെടാം ' കൃഷ്ണ നിര്‍ദേശ പ്രകാരം സാത്യകി , ദാരുകനെ വിളിച്ചു വരുത്തി.

സംഘമായി അവര്‍ ആ കുരുപിതാമഹനെ ദര്‍ശിക്കാന്‍ യാത്രയായി. കൃഷ്ണന്‍ മുന്‍പിലായി നടന്നു. ഭീഷ്മര്‍ ആകെ അവശനായിരുന്നു. ആ വൃദ്ധ പിതാമഹനെ അനുകമ്പയോടെ കടാക്ഷിച്ചുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു' ശരീരത്തില്‍ തറച്ചിരിക്കുന്ന അസ്ത്രങ്ങള്‍ അങ്ങയെ അനുനിമിഷം പീഡിപ്പിക്കുന്നതായി ഞാന്‍ അറിയുന്നു. അങ്ങയുടെ സഹനശക്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. മരണത്തെ പിടിച്ചു നിര്‍ത്താന്‍ അങ്ങക്ക് എങ്ങനെ കഴിയുന്നു ? ' എല്ലാം അറിയുന്ന കൃഷ്ണന്റെ വാക്കുകള്‍ കേട്ട് ഭീഷ്മര്‍ മൃദുവായി ചിരിച്ചു.

' കൃഷ്ണാ! എനിക്കിനി എത്രകാലം കൂടി ഈ ഭൂമിയില്‍ കഴിയണമെന്നു പറഞ്ഞാലും! അങ്ങയുടെ ' വിശ്വരൂപം ' ദര്‍ശിച്ചു വിടപറയണമെന്നു ഈ ഭക്തന്‍ ആഗ്രഹിക്കുന്നു '

കൃഷ്ണന്‍ പറഞ്ഞു ' അങ്ങക്കിനി അറുപത്തഞ്ചു ദിവസം കൂടി ഈ ഭൂ മിയില്‍ കഴിയേണ്ട തായിട്ടുണ്ട്. എന്നാല്‍, അങ്ങേക്കതിനു മുന്‍പ് മഹത്തായ ഒരു കാര്യം ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്. ' ഭീഷ്മര്‍ സംശയ ദൃഷ്ട്യാ നോക്കി.

കൃഷ്ണന്‍ തുടര്‍ന്നു ' അങ്ങ് അറിവിന്റെ ഭണ്ടാകാരമാണ്. ബ്രുഹസ്പതിയില്‌നിന്നും, ശുക്രാചാര്യനില്‍ നിന്നും അങ്ങ് നല്ല രീതിയില്‍ നീതി ശാസ്ത്രവും, രാഷ്ട്ര മീമാംസയും അഭ്യസിച്ചിട്ടുണ്ട്. ഭാര്‍ഗ്ഗവ രാമനില്‌നിന്നു ധനുര്‍വിദ്യയുടെ എല്ലാ രീതിയും അങ്ങ് നല്ല രീതിയില്‍ സ്വായത്വമാക്കിയിട്ടുണ്ട്. അങ്ങ് വേദശാസ്ത്ര പണ്ഡിത നായ വസിഷ്ടന്റെ ശിഷ്യനാണ്. മാര്‍ക്കണ്ടേയ മുനിയില്‍ നിന്ന് മരണതിനപ്പുറമുള്ള തിരസ്‌ക്കരണി പോലും അങ്ങ് വശ മാക്കിയിട്ടുണ്ട്. ഈ സിദ്ധികള്‍ അങ്ങയോടൊപ്പം ഈ ലോകത്തിന് അന്യമാകാന്‍ ഞാന്‍ അനുവദിക്കില്ല.അങ്ങത് യുധിഷ്ടിരനു പകര്‍ന്നു നെല്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. '

ഭീഷ്മര്‍ പണിപെട്ടു കൈകള്‍ കൂപ്പി. നിറഞ്ഞോഴുകുന്ന കണ്ണുകളോടെ അദ്ദേഹം ചോദിച്ചു, ' കൃഷ്ണാ! അങ്ങ് സകലതും അറിയുന്ന പരംപൊരുളല്ലേ ? അങ്ങക്കപ്പുറം, ഞാന്‍ യുധിഷ്ടിരനെ അഭ്യസിപ്പിക്കുന്നതെന്തിന് ?'

കൃഷ്ണന്‍ പറഞ്ഞു ' എല്ലാം എനിക്കു കഴിയും. എന്നാല്‍, ഭീഷ്മര്‍! താങ്കളുടെ കീര്‍ത്തി, കാലത്തിനപ്പുറം വിശ്വത്തില്‍ നിറഞ്ഞു നില്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഭാവി തലമുറ അങ്ങ് ചിട്ടപ്പെടുത്തിയ ഈ ' രാജ്യതന്ത്രഞ്യത ' ഉള്‍കൊള്ളാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ അങ്ങയെ കല്പാന്ത കാലത്തോളം ജനങ്ങള്‍ സ്മരിക്കും! മഹാനായ ഭീഷ്മര്‍ ഈ ലോകത്തിന് 'മാര്‍ഗ്ഗദര്‍ശി ' ആയിക്കാണാന്‍ കൃഷ്ണന്‍ ആഗ്രഹിക്കുന്നു ' നിറഞ്ഞു കവിഞ്ഞ കണ്ണുകളോടെ ഭീഷ്മര്‍ വീണ്ടും വീണ്ടും കൃഷ്ണനെ വണങ്ങി.

' ഭഗവാന്‍! എന്റെ ഓര്‍മ്മ ശക്തിക്ക് ശാരീരിക വേദന മൂലം മങ്ങലേറ്റിരിക്കുന്നു. ഈ അവസ്ഥയില്‍ ഞാന്‍ എങ്ങനെ യുധിഷ്ടിരനെ വിശിഷ്ടമായ ഈ ത്വത്വങ്ങള്‍ അഭ്യസിപ്പിക്കും ?

കൃഷ്ണന്‍ പറഞ്ഞു ' താങ്കള്‍ വിഷമിക്കരുത്. ഞാന്‍ താങ്കളെ അനുഗ്രഹിക്കുന്നു ഈ ദേഹപീഡകള്‍ ഈ നിമിഷം മുതല്‍ അങ്ങയെ വിട്ടകലും. അങ്ങയുടെ ഗ്രഹണ ശക്തി വാള്‍ത്തല പോലെ തീഷ്ണ്യമായി തീരും. ഇപ്പോള്‍ വിശ്രമിക്കു! ' ഭഗവാന്റെ വാക്കുകള്‍ ശ്രവിച്ച നിമിഷം ആകാശത്തു നിന്നും പുഷ്പ വൃഷ്ടി ഉണ്ടായി. ' ഭക്തനും ഭഗവാനും ഒന്നായ ആ ധന്യ നിമിഷം ദേവകളെ പുളകം കൊള്ളിച്ചു. താങ്കള്‍ വിശ്രമിക്കുക. ഞങ്ങള്‍ നാളെ വരാം. ' കൃഷ്ണന്‍ തന്റെ കൈകളാല്‍ ഭീഷ്മരെ തലോടി, യാത്ര പറഞ്ഞു.

അടുത്ത ദിവസം കൃഷ്ണനും പരിവാരങ്ങളും ചെല്ലുമ്പോള്‍, ഭീഷ്മര്‍ പ്രസന്ന വദനനായിരുന്നു. അദ്ദേഹം കൃഷ്ണനെ നോക്കി പറഞ്ഞു' കൃഷ്ണാ! അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ ദേഹ പീഡകളില്‍ നിന്നു മുക്തി നേടി. വളരെ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ സുഖമായി ഉറങ്ങി. അദ്ദേഹം തുടര്‍ന്നു, കൃഷ്ണാ! ക്ഷത്രിയ ധര്‍മ്മത്തെ പറ്റി പ്രഭാഷണം നടത്താന്‍ അങ്ങ് എന്നോട് ആവശ്യപ്പെടുന്നത് എന്തിന് ? യുധിഷ്ടിരനു വേണ്ട അറിവു പകര്‍ന്നു നെല്‍കാന്‍ ഏറ്റവും പ്രാപ്തനായ അങ്ങുള്ളപ്പോള്‍ ഞാനെന്തിനു യുധിഷ്ടിരനെ പഠിപ്പിക്കണം?എന്താണ് അങ്ങിതില്‍ നിന്നും ഉദ്ധേശിക്കുന്നത് കൃഷ്ണാ! അങ്ങയുടെ മനോഗതം അറിയാന്‍ ഈ ഭക്തന് ഏറെ ആകാംഷ യുണ്ട്. '

കൃഷ്ണന്‍ ചിരിച്ചു, ' ഭീഷ്മര്‍! അങ്ങക്ക് ശ്വാശ്വതമായ കീര്‍ത്തി ലഭിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവന്‍ എന്നും അങ്ങയെ സ്മരിക്കുമാറാകണം. വരും തലമുറ അങ്ങ് ചിട്ടപെടുത്തിയ ഈ രാജധര്‍മ്മ നിഷ്ഠയും, സദാചാരനിയമങ്ങളും അനുസരിച്ച് ജീവിക്കും. ഒരു മനുഷ്യന്‍ ഈ ലോകത്തു ജീവിച്ചിരുന്നതിന്റെ കാലനിര്‍ണ്ണയം അയാളുടെ കീര്‍ത്തിയെ അടിസ്ഥാന പെടുത്തിയാണ്. കീര്‍ത്തിയുടെ ' ശ്വാശ്വതത്വം ' അങ്ങക്കു ലഭിച്ചു കാണാന്‍ഈ കൃഷ്ണന്‍ അതിയായി ആഗ്രഹിക്കുന്നു. '

ഭക്തനായ ഭീഷ്മരുടെ കണ്ണില്‍നിന്നും അശ്രുധാര പ്രവാഹം ഉണ്ടായി. അദ്ദേഹം ഓര്‍ത്തു ' എന്റെ ഭഗവാന്‍ എത്രമാത്രം കരുണാമയനാണ്.

എന്നേക്കാള്‍, എനിക്കു വേണ്ടി അദ്ദേഹം കരുതിയിരിക്കുന്നു. എന്റെ പരംപോരുളെ! അങ്ങയെ വര്‍ണ്ണിക്കാന്‍ ഈ ഭക്തനു വാക്കുകളില്ല! ' യുധിഷ്ടിരനോട് ആവശ്യമുള്ളതെന്തും ചോദിക്കാന്‍ ഭീഷ്മര്‍ നിര്‍ദ്ദേശിച്ചു.

കൃഷ്ണന്‍ പറഞ്ഞു ' യുധിഷ്ടിരനു അങ്ങയുടെ മുന്പിലേക്കു വരാന്‍ കുറ്റബോധം അനുവദിക്കുന്നില്ല. ഈ സഹോദരങ്ങളുടെ മരണത്തിന്റെ എല്ലാം കാരണക്കാരന്‍ താനാണന്ന ദുഃഖം ഇത്ര പറഞ്ഞിട്ടും അയാളെ വിട്ടോഴിയുന്നില്ല '

ഭീഷ്മര്‍ സ്‌നേഹപൂ വ്വം യുധിഷ്ടിരനെ അരികിലേക്ക് വിളിച്ചു. തന്റെ വാര്ധ്യക്യമാര്‍ന്ന കൈകളാല്‍ പൌത്രന്റെ ശിരസ്സില്‍ തലോടി, ആശീര്‍വദിച്ചു .' കുഞ്ഞേ! ക്ഷത്രിയന്റെ ധര്‍മ്മം തന്നെ കൊല്ലും കൊലയുമാണ്. സ്വന്ത്വം കടമ നിറവേറ്റിയതില്‍ അങ്ങ് ക്രുതാര്‍ധനാകണം. ഈ മുത്തച്ഛന് നിന്നോട് ഒരു പരിഭവവുമില്ല. കുഞ്ഞേ! പരമാത്മാവായ കൃഷ്ണനപ്പുറം ഈ ലോകത്തില്‍ മറ്റൊരു സത്യമില്ലന്നു നീ പുര്‍ണ്ണമായും മനസ്സിലാക്കിയിരിക്കുന്നു ' യുധിഷ്ടിരന്റെ കണ്ണുകള്‍ സ്‌നേഹപ്രവാഹതാല്‍ സജലങ്ങളായി. അദ്ദേഹം മുത്തച്ഛന്റെ നെറുകയില്‍ മുത്തമിട്ടു.

ഭീഷ്മര്‍ തുടര്‍ന്നു ' കുഞ്ഞേ! നിന്റെ ബുദ്ധിക്ക് കാര്യമായ മങ്ങലേറ്റിട്ടുന്ടന്നു കൃഷ്ണന്‍ പറഞ്ഞു. നിനക്ക് എന്തിനെപറ്റിയും എന്നോട് സംശയം ഉന്നയിക്കാം, ഞാന്‍ അതെല്ലാം തന്നെ നല്ല രീതിയില്‍ അഭ്യസിച്ചിട്ടുണ്ട്. കൃഷ്ണ കൃപയാല്‍ എനിക്ക് എല്ലാം നല്ല രീതിയില്‍ ഓര്‍മ്മയിലെത്തിയിരിക്കുന്നു. എന്റെ ഈ അറിവ് ഒരു സല്പാത്രത്തിലേക്ക് പകര്‍ന്നു നെല്‍കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ചോദിച്ചോളു, കുഞ്ഞേ! ' ( യുധിഷ്ടിരന്റെ സംശയങ്ങളും ഭീഷ്മരുടെ ഉത്തരങ്ങളും ചേര്‍ന്ന ഭാഗം മഹാഭാരതത്തിലെ ഏറെ പ്രസ്താവ്യവും ശ്രദ്ധേയവും ആയ ഭാഗങ്ങളാണ്.അനുവാചകര്‍ ഉല്‍കൊകൊള്ളണമെന്ന് ആഗ്രഹിക്കുന്നു )

യുധിഷ്ടിരന്‍: ' രാജ ധര്‍മ്മം ' ഏറ്റവും മഹത്തരമായി പറയപ്പെടുന്നു. ഒരു രാജാവിന്റെ ചുമതലകള്‍ എന്തെല്ലാം എന്ന് അങ്ങെനിക്കു എന്തെല്ലാം എന്ന് അങ്ങെനിക്കു പറഞ്ഞു തന്നാലും ?

ഭീഷ്മര്‍: ഒരു രാജാവ് ആത്യന്തികമായി ദൈവത്തിലും, ബ്രാന്മണരിലും വിശ്വസിക്കണം. രാജാവ് കര്‍മ്മ നിരതനായിരിക്കണം. കര്‍മ്മ നിരതനായ രാജാവിന് ദൈവവിധിയെ പ്പോലും മറികടക്കാനാകും. ദൈവവിധിയാണ് രാജാവിനെ നയിക്കുന്നതെന്ന ചിലരുടെ പക്ഷത്തില്‍ എനിക്ക് യോജിപ്പില്ല. ഉത്തമനായ രാജാവ് തന്റെ ചെയ്തികളില്‍ എപ്പോഴും സത്യം പാലിക്കണം. ഇത് പ്രജകളില്‍ രാജാവിനോടുള്ള വിശ്വാസം ജനിപ്പിക്കും. ഏറെ അറിവ് രാജാവിന് ഭൂഷണം തന്നെ. രാജാവിന്റെ സ്വഭാവം കുറ്റമറ്റ തായിരിക്കണം. വിനയം, ആത്മ നിയന്ത്രണം., ധര്‍മ്മനിഷ്ഠ എന്നീ മൂന്ന് ഉത്തമ ഗുണങ്ങള്‍ രാജാവ് അനുഷ്ടിച്ചിരിക്കണം. എങ്കില്‍ മാത്രമേ വിജയം രാജാവിനെ പിന്തുടരൂ. നീതിന്യായ പരിപാലനം രാജാവിന്റെ മുഖ്യ ചുമതലയാണ്. എന്നാല്‍ അവിടേയും ഒരു രാജാവ് മൂന്ന് കാര്യങ്ങളില്‍ അത്യന്തം ശ്രദ്ധ പതിപ്പിക്കണം.

1. രാജ്യ സംബന്ധമായ ബലഹീനത മറച്ചു വൈക്കണം
2 ശത്രുവിന്റെ ബലഹീനത പഠിച്ചുകൊണ്ടിരിക്കണം.
3 തന്റെ പ്രവര്‍ത്തന പരിധി വളരെ ഗോപ്യ മായിരിക്കണം. രാജാവിന്റെ സ്വഭാവരീതി ഋജുവും സത്യ സന്ധവുമായിരിക്കണം. എന്നാല്‍ മൃദു സ്വഭാവം അധികമാവരുത്. ഏതിലും സാമം എന്ന നിലപാടാകരുത്. അധികം മൃദു സ്വഭാവമായാല്‍ പ്രജകള്‍ വേണ്ടത്ര മാനിക്കാതാകും.

എന്നാല്‍ രാജാവ് ഒരിക്കലും പരുഷ സ്വഭാവക്കാരനാകരുത്. ജനങ്ങള്‍ ഭയപ്പെടുന്ന രാജാവല്ല ഒരു രാജ്യത്തിനാവശ്യം. മറിച്ച് ജനങ്ങള്‍ ബഹുമാനിക്കുന്ന, ആദരിക്കുന്ന രാജാവാകണം. ഭ്രുത്യന്മാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ രാജാവ് വളരെ ശ്രദ്ധിക്കണം.രാജാവില്‍ കരുണയും, ദീനാനുകമ്പയും ഒരളവുവരെ ആവശ്യമാണ്. എന്നാല്‍ തെറ്റിന് ഉചിത ശിക്ഷ തന്നെ നെല്കണം. ജാഗരൂകത രാജാവിന് കൂടിയേ തീരു. ശത്രു മിത്രങ്ങളെ തിരിച്ചറിയുന്നതില്‍ പിഴവ് പറ്റാതിരിക്കണം.

ഒരു ഗര്‍ഭസ്ഥ ശിശുവിനെ മാതാവ് എപ്രകാരം പാലിക്കുന്നുവോ, അതേവിധത്തില്‍ രാജാവ് തന്റെ പ്രജകളെ സംരക്ഷിക്കണം.എന്തെന്നാല്‍, രാജാവ് സ്വന്ത്വം ഹിതാഭിലാഷങ്ങളെക്കാള്‍ പ്രജകളുടെ ആഗ്രഹ പൂര്‍ത്തീകരണതിനു പ്രാധാന്യം നെല്കണം. രാജാവ് ഒരാളേയും അതിരുകടന്ന് വിശ്വസിക്കരുത്. സ്വന്ത്വം മനോവ്യാപാരങ്ങള്‍ അതീവ ഗോപ്യമായി സൂക്ഷിക്കണം. ഉറ്റവരുമായിപോലും പങ്കുവൈക്കുന്നതില്‍ പരിധി പാലിക്കണം. തന്റെ തീരുമാനങ്ങള്‍ അതീവ രഹസ്യമായിരിക്കണം. ആറു സംഗതികളില്‍ രാജാവ് ബുദ്ധിപൂര്‍വ്വം പ്രവര്തിക്കണം.

1. തന്നേക്കാള്‍ ശക്തനായ ശത്രുവിനോട് സന്ധി ചെയ്യുമ്പോള്‍ 2. തന്നോട് സമാനതയുള്ളവരോട് യുദ്ധം ചെയ്യുമ്പോള്‍ 3. തന്നേക്കാള്‍ ബലം കുറഞ്ഞവനുമായി യുദ്ധം ചെയ്യുമ്പോള്‍. 4. തനിക്ക് ബലം കുറവെന്ന് കണ്ടാല്‍ കോട്ടക്കുള്ളില്‍ നിന്നും, ആത്മ രക്ഷാര്ധം പലായനം ചെയ്യാന്‍ മടിക്കരുത്. 5. ശത്രു രാജ്യങ്ങളിലെ പ്രമുഖന്മാരായ ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ വൈരം പുലര്‍ത്താനുള്ള ശ്രമം നടത്തുന്നത് രാജാവിന് ഗുണം ചെയ്യും. അതിനായി സമര്‍ത്ഥരായ 'ചാരന്മാരെ 'രാജാവ് നിയോഗിക്കണം. 6. ശത്രു പക്ഷത്തെ പ്രബലരായ ഉദ്യോഗസ്ഥന്മാരെ കോഴ കൊടുത്തും, മുഖസ്തുതി പറഞ്ഞും വശത്താക്കാനുള്ള തന്ത്രം രാജാവിനുണ്ടായിരിക്കണം

രാജാവ് നര്‍മ്മവും പ്രിയവുമായി സംഭാഷണം ചെയ്യണം. തന്നോട് സമന്മാരായവരോടോ, തന്നേക്കാള്‍ ശ്രേഷ്ടന്മാരോടോ രാജാവ് സഹവസിക്കണം. കൊടിയടയാളതിനപ്പുറം രാജാവും മന്ത്രിയും തമ്മില്‍ എല്ലാ കാര്യത്തിലും ഐകരൂപ്യ മുണ്ടായിരിക്കണം. ഉത്തമനായ രാജാവിന്റെ പ്രജകള്‍ സുഖത്തിലും, സ്വാതന്ത്രത്തിലും ജീവിക്കുന്നവരാകണം, പ്രജകള്‍ക്കു ശാന്തിയും സന്തുഷ്ടിയും ഉണ്ടാകണം. ക്രുരത, കാപട്യം, അസുയ, അസത്യം ഇവ രാജ്യത്തു നിന്നു തുടച്ചു നീക്കാന്‍ രാജാവ് ശ്രമിക്കണം. തന്റെ പ്രജകളുടെ എല്ലാവിധ സൌഖ്യവും രാജാവ് ഉറപ്പില്‍ വരുത്തണം. പ്രധാനപെട്ട ജോലികള്‍ സത്യ സന്ധരായ ഉദ്യോഗസ്ഥരെ മാത്രം ഏര്‍പ്പെടുത്തുന്നതില്‍ ശ്രദ്ധിക്കണം. കൌശലം, സത്യം, നൈപുണ്യം ഇവ മൂന്നും രാജാവിന് ആവശ്യം ഉണ്ടായിരിക്കണം, പ്രജകളുടെ പ്രശംസ പിടിച്ചുപറ്റാന്‍ രാജാവ് ജീര്‍ണ്ണൊധാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഖലന്മാരില്‍ പിഴവും ശിക്ഷയും ഉചിതമായ രീതിയില്‍ രാജാവ് നടപ്പാക്കണം. ആവശ്യമെങ്കില്‍ ബല പ്രയോഗത്തിനും തയ്യാറാകണം. ഖജനാവ് എപ്പോഴും നിറഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഉദ്യോഗസ്ഥന്മാരുടെ മേല്‍നോട്ടം രാജാവ് സ്വയം നിര്‍വ്വഹിക്കണം. നഗരരക്ഷകരേയോ, കോട്ടവാതില്‍ കാവല്‍ക്കാരെയൊ രാജാവ് അന്ധമായി വിശ്വസിക്കരുത്.

ശത്രു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കണം. അവരുടെ മിത്ര ങ്ങളുമായി സഖ്യത്തില്‍ ഏര്‍പ്പെടണം.

രാജാവ് അതീവ രഹസ്യമായി സൈന്യ ശേഖരണം നടത്തണം. രാജാവ് ഒരേ സമയം നിഷ്‌കളങ്കനും, കുടിലനും ആകണം. ജിഹ്വയില്‍ മധുരവും, ഹൃദയത്തില്‍ കാളകൂടവും പുലര്‍ത്താന്‍ രാജാവ് സദാ ശ്രമിക്കണം.

യുധിഷ്ടിരനില്‍ ന്യായമായ ഒരു സംശയം പൊട്ടിമുളച്ചു. അദ്ദേഹം ചോദിച്ചു ' രാജാവ് എല്ലാ പ്രകാരത്തിലും മറ്റു മനുഷ്യരെ പ്പോലെ ചിന്താശക്തിയും, തെറ്റുകുറ്റങ്ങളും ഉള്ള മനുഷ്യന്‍ തന്നെ. അദ്ദേഹത്തിന് പ്രകൃതി ഒരു അമരത്വവും കല്പ്പിച്ചിട്ടില്ല. പിന്നെന്തുകൊണ്ട് അദ്ദേഹത്തെ ' രാജന്‍ ' എന്ന് ജനങ്ങള്‍ അഭിസംബോധന ചെയ്യുന്നു ? ബുദ്ധിപരമായും,ജ്ഞാനപരമായും അദ്ദേഹത്തെക്കാള്‍ ശ്രെഷ്ടന്മാരായ എത്രയോ പേര്‍ ഉണ്ട്. എന്നിട്ടും രാജാവു മാത്രം പൂജനീയനായതെങ്ങനെ ? '

ഭീഷ്മര്‍: പ്രകൃത്യാരംഭത്തില്‍ രാജാവുണ്ടായിരുന്നില്ല. അന്നത്തെ ജനങ്ങളെ ശിക്ഷിക്കേണ്ട ആവശ്യകതയെ ഉണ്ടായിരുന്നില്ല.ഒരാളുടെ സുഖ ദുഃഖങ്ങള്‍ പങ്കിടുന്നതില്‍ മറ്റൊരാള്‍ എപ്പോഴും തല്പരനായിരുന്നു. വൈരവും ലോഭവും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു. കാലം കടന്നതോടെ മനുഷ്യ ഹൃദയങ്ങളില്‍ തെറ്റുകള്‍ വന്നു തുടങ്ങി.

' അത്യാശ' അഥവാ ലോഭമായിരുന്നു അവരില്‍ കടന്നുകുടിയ ആദ്യത്തെ തെറ്റ്. ഒരാള്‍ക്ക് മറ്റൊരാളുടെ വസ്തുക്കളില്‍ ആഗ്രഹം ഉണ്ടായി.പിന്നീടു വന്നുചേര്‍ന്ന വികാരം ' കാമാസക്തി' ആയിരുന്നു. കാമാസക്തിയുടെ ഇണപിരിയാത്ത സഖാവായി ' കോപം ' ഒത്തുകൂടി.ഇവരണ്ടും മത്സരിച്ച് പ്രവര്‍ത്തിച്ച്, മനുഷ്യ ഹൃദയത്തില്‍നിന്നും ' ധര്‍മ്മ ചിന്ത ' നിഷ്‌ക്കാസനം ചെയ്യാന്‍ തുടങ്ങി.' വേദങ്ങള്‍ ' അപ്രത്യക്ഷമായി. ലോകത്തില്‍നിന്നു ധര്‍മ്മ നിഷ്ഠ അകലുന്നതായി അറിഞ്ഞ ദേവന്മ്മാര്‍, ബ്രന്മ്മാവിനെ പ്രാപിച്ച്ഉചിതമായ പരിഹാരത്തിന് അപേക്ഷിച്ചു. ബ്രന്മാവ് ' ധര്‍മ്മാ അര്‍ത്ഥ കാമ മോക്ഷങ്ങളാകുന്ന ' ചതുരുപായങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ' ഒരു ലക്ഷം ' പാഠങ്ങള്‍ അടങ്ങിയ ഒരു ഗ്രന്ഥം രൂപകല്പന ചെയ്തു. അതിലെ ശാസനകല്‍ക്കു അദ്ദേഹം ഒരു നിയമാവലി ഉണ്ടാക്കി. രണ്ടുതരം ശാസനയെ പറ്റി അതില്‍ പ്രതിപാദിച്ചിരുന്നു പരസ്യമായ ശിക്ഷയും, രഹസ്യമായ ശിക്ഷയും. വ്യാപാരികളും,കച്ചവടക്കാരും ധനം ആര്‍ജിക്കുന്നതിനെപറ്റിയും, യതികളുടെ തപശ്ചര്യയെ പറ്റിയും, ദുഷ്ടന്മാരും, ചോരന്മാരും അതിനു നാശം വരുത്തുന്നതിനെപറ്റിയും അതില്‍ സവിസ്തരം പ്രതിപാദിചിരുന്നു.

ആ സംഹിതയില്‍ മതപരമായ ചടങ്ങുകളെ പറ്റി പ്രതിപാദിക്കുന്ന ഒരു ശാഖയും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റി പ്രതിപാദിക്കുന്ന മറ്റൊരു ശാഖയും ഉള്‍പ്പെട്ടിരുന്നു. ഉപദേഷ്ടാക്കളുടെ പെരുമാറ്റ സംഹിത, ചാരന്മാരുടെയും ദൂതന്മാരുടെയും, സന്ദേശവാഹകരുടെയും ഒത്തുതീര്‍പ്പിന്റെതായ എല്ലാ വ്യവസ്ഥകളും സത്യത്തില്‍നിന്ന് വ്യതി ചലിക്കാത്ത വിധം ഇതില്‍ സവിസ്തരം പ്രതിപാദിചിരുന്നു.

ഈ സംഹിത നിര്‍മ്മിച്ച ശേഷം ബ്രന്മാവ് പറഞ്ഞു ' എന്റെ ഈ സംഹിത ലോകഹിതാര്തത്തിനും, ധര്‍മ്മാര്‍ധങ്ങളുടെ സുസ്ഥാപനത്തിനും, പ്രചരണതിനുമായി ഞാനിതു നിര്‍മ്മിച്ചിരിക്കുന്നു. ശാസനയുടെ സഹായത്താല്‍ ഇതു ലോകത്തെ രക്ഷിക്കും. ശാസന മൂലമാണ് ജനങ്ങള്‍ അധികവും നല്ല രീതിയില്‍ വരുന്നത്. അതിനാല്‍ ഇതിന്റെ പേര് 'ദണ്ഡനീതി ' എന്നായിരിക്കും.

പല ദേവന്മാരും ഈ മഹത്തായ ഗ്രന്ഥം പഠിക്കുകയും, സംക്ഷേപിക്കുകയും ചെയ്തു. ഭഗവാന്‍ ശങ്കരന്‍ ആദ്യം തന്നെ ഈ ' ബ്രന്മ സംഹിത ' ഉള്‍കൊണ്ടു, പിന്നീട് ലോകഹിതാ ര്‍ത്ഥം പ്ര ദാനം ചെയ്യേണ്ട സമയമായപ്പോള്‍,ശുക്രാചാര്യര്‍ ഈ ബ്രുഹത്തായ ഗ്രന്ഥത്തെ സാംക്ഷീകരിച്ച് ' ഹൃസ്വമാക്കി. ' ദണ്ഡനീതി ' നടപ്പാക്കാന്‍ പ്രാപ്തനായ ഒരാളെ കണ്ടെത്തുകയായി അടുത്തപടി. അതിനായി ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു

' ഭഗവാന്‍! അങ്ങ് ലോകത്തില്‍ എല്ലാവരേക്കാളും യോഗ്യനായ ഒരാളെ കാണിച്ചു തന്നാലും! ' നാരായണന്‍ പറഞ്ഞു 'ഞാന്‍ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കാം. അദ്ദേഹവും അദ്ദേഹത്തിന്റെ വംശത്തില്‍ ജനിക്കുന്നവരും ലോകനാഥന്മാരായി തീരും 'ദുഷ്ടനായ ' വേനന്‍ ' എന്ന രാജാവിനെ ലോകഹിതാര്‍ത്ഥം ഋഷിമാര്‍ വധിച്ചു. (ഇദ്ദേഹം ഭക്തനായ ധ്രുവ ചക്രവര്‍ത്തിയുടെ വംശ പരമ്പരയില്‍ പേട്ട രാജാവായിരുന്നു ) പിന്നീട്, രാജ്യത്ത് അരാജകത്വം ഉണ്ടായപ്പോള്‍, എണ്ണ തോണിയില്‍ സംസ്‌കരിക്കാതെ, സൂക്ഷിച്ചു വെച്ചിരുന്ന വേനന്റെ മൃതദേഹം ഋഷി മാരുടെ നിര്‍ദേശ പ്രകാരം പുറത്തെടുത്തു.ഋഷിമാര്‍ വേനന്റെ വലത്തേ കൈ മന്ത്ര ശക്തിയാല്‍ കടഞ്ഞു. (ഇന്നു പറയുന്ന ജീവകോശോല്പത്തിയുടെ ആദ്യപടി ഋഷിമാരില്‍ നിന്നായിരുന്നു. അവരുടെ വീക്ഷണം എത്ര ഉദാത്തവും, മഹത്തരവുമായിരുന്നു, ആ അറിവിന് മുന്നില്‍ ശിരസ്സ് നമിക്കാം.)

വേനന്റെ വലത്തേ കയ്യില്‍നിന്നും കാഴ്ചയില്‍ 'രണ്ടാം ഇന്ദ്രന്‍ ' എന്നു തോന്നിക്കുന്ന സുന്ദരനായ പുരുഷന്‍ ജനിച്ചു.അദ്ദേഹം പടച്ചട്ടയോടും, എല്ലാവിധ രാജകീയ കലയോടും കൂടിയാണ് ജനിച്ചത്. അദ്ദേഹം സകല കലാ വല്ലഭനായിരുന്നു. ഋഷിമാര്‍ അദ്ദേഹത്തെ ലോകത്തിന്റെ ഭരണാധിപനായി നിയോഗിച്ചു. ശുക്രനായിരുന്നു അദ്ദേഹത്തിന്റെ പുരോഹിതന്‍.അദ്ദേഹം ' വിഷ്ണുവിന്റെ ' എട്ടാമത്തെ അംശാവതാരമായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ 'പ്രുഥു' എന്നു വിളിച്ചു. അദ്ദേഹം ഭൂമി മുഴുവന്‍ നിരപ്പാക്കി, ആവാസയോഗ്യമാക്കി. വേനന്റെ സംഹാരതില്‍നിന്നും ഭൂമി രക്ഷപ്പെടുത്തി തന്നിലേക്കു തന്നെ ആവാഹിച്ചിരുന്ന ' ഔഷധികളെ ' വിട്ടു നല്‍കാന്‍ രാജാവ് ഭൂമിക്കു മേലേ സമ്മര്‍ദ്ദം ചെലുത്തി. രാജാവിന്റെ ഹിതത്തിനു വഴങ്ങേണ്ടി വന്ന ഭൂമി സ്വയം ' ഗോരൂപം ' ധരിച്ച് പ്രത്യക്ഷയായി. അവള്‍ പറഞ്ഞു ' രാജന്‍! അങ്ങ് ഒരു കിടാവിനെ കൊണ്ടുവന്നാലും, അര്‍ഹമായ പാത്രത്തിലേക്ക് ഞാന്‍ ഈ ഔഷധികളെ ചുരത്തി തരാം.'

ഭൂമി ദേവിയാകുന്ന ഗോവില്‍നിന്നു ലോകഹിതാര്‍ത്ഥം പലവിധത്തിലാണ് ' ക്ഷീരം' കറന്നെടുത്തത്. ഒന്നാമതായി, പ്രുഥു മഹാരാജാവ്, ' സ്വായംഭൂ ' മനുവിനെ കിടാവാക്കി ധാന്യാദികള്‍ കറന്നെടുത്തു. ദേവന്മാര്‍ ഇന്ദ്രനെ കിടാവാക്കി, സ്വര്‍ണ്ണ പാത്രത്തില്‍ ഓജസ്സ്,വീര്യം, ബലം ഇവ നെല്കുന്ന' സോമരസം ' കറന്നെടുത്തു. ദൈത്യന്മാര്‍, പ്രഹ്ലാദനെ കിടാവാക്കി ഇരുമ്പു പാത്രത്തില്‍ ' മദ്യം' കറന്നെടുത്തു. ഗന്ധര്‍വന്മാരും, അപ്‌സരസ്സുകളും ' വിശ്വാവസുവിനെ' കിടാവാക്കി താമരപൂവില്‍ വാഗ്മാധുര്യം, സൌന്ദര്യം ഇവ കറന്നെടുത്തു. ശ്രാദ്ധ ദേവതകള്‍ ' ആര്യമാവിനെ ' കിടാവാക്കി പച്ചകലത്തില്‍ ' കവ്യം' കറന്നെടുത്തു. സിദ്ധന്മ്മാരും, വിദ്യാധരരും ' കപില മഹര്‍ഷിയെ' കിടാവാക്കി ' ആകാശപാത്രത്തില്‍ ' സിദ്ധ വിദ്യ കറന്നെടുത്തു. മായാവികള്‍ മയനെ കിടാവാക്കി ധാരണാമയമായ 'തിരസ്‌ക്കരണി ' വിദ്യ കറന്നെടുത്തു. ഋഷിമാര്‍ ' ബൃഹസ്പതിയെ ' കിടാവാക്കി ചന്ദോമയങ്ങളായ വിശുദ്ധ ക്ഷീരത്തെ 'ഇന്ദ്രിയങ്ങളാകുന്ന ' പാത്രത്തില്‍ കറന്നെടുത്തു. മാംസഭുക്കുകളായ യക്ഷന്മ്മാര്‍, രക്ഷസ്സുകള്‍, ഭൂതങ്ങല്‍ പിശാചുക്കള്‍ ' രുദ്രനെ ' കിടാവാക്കി തലയോട്ടിയില്‍ രക്തം കറന്നെടുത്തു. സര്‍പ്പങ്ങള്‍ , നാഗങ്ങള്‍ , തേളുകള്‍ തക്ഷകനെ കിടാവാക്കി ' ബില്വ ' പാത്രത്തില്‍ ' വിഷം ' കറന്നെടുത്തു.

പശുക്കള്‍ ' നന്ദീശ്വരനെ ' കിടാവാക്കി അരണ്യ പാത്രത്തില്‍ ' പച്ചപ്പുല്ല് ' കറന്നെടുത്തു. മാംസഭുക്കുകള്‍ സിംഹത്തെ കിടാവാക്കി മാംസം കറന്നെടുത്തു. പക്ഷികള്‍ ' ഗരുഡനെ' കിടാവാക്കി ഫലമൂലാദികളും കീടജന്തുക്കളും കറന്നെടുത്തു. വൃക്ഷങ്ങള്‍ ' ആലിനെ ' കിടാവാക്കി ' രസം ' കറന്നെടുത്തു. പര്‍വതങ്ങള്‍ ' ഹിമവാനെ ' കിടാവാക്കി നാനാവിധ ധാതുക്കള്‍ കറന്നെടുത്തു.(ഇപ്രകാരം ലോകനന്മക്ക് ആവശ്യമായതെന്തും ലോകഹിതാര്‍ത്ഥം സംരക്ഷിച്ച് സൂക്ഷിക്കുന്നവളും, ആവശ്യ മുള്ളപ്പോള്‍ സര്‍വ്വവിധ കാമങ്ങളും നല്‍കുന്നവളുമായ ഗോവിനെ ഭൂമാതാവായി കരുതുന്നു.ഭാരതത്തിലെ ഈ ഗോമാതാ സങ്കല്പം ഏറെ പവിത്രവും പൗരാണികവുമാണ്. സര്‍വ്വാര്‍ത്ഥ കാമപ്രദായനിയായ ഈ ഗോമാതാവിനെ നമുക്കും നമിക്കാം.)പ്രുഥു രാജാവ്, സര്‍വ്വാര്‍ത്ഥ കാമദായിനിയായ,ഗൊരൂപിയായ ഭൂമിയെ ' പുത്രി ' രൂപേണ സ്വീകരിച്ചു. അതിനാല്‍ ഭൂമിക്കു 'പൃഥി ' എന്ന നാമം അന്വര്‍ത്ഥമായി.പ്രുഥു ജനങ്ങള്‍ക്ക് താമസിക്കാന്‍ ഗ്രാമങ്ങളും പുരങ്ങളും കോട്ടകളും നിര്‍മ്മിച്ചു. പ്രുഥു ജനങ്ങളെ പ്രീണിപ്പിക്കുകയും രജ്ജിപ്പിക്കുകയും ചെയ്തിരുന്നതിനാല്‍ പ്രജകള്‍ അദ്ദേഹത്തെ 'രാജാവ് ' എന്ന് അഭിസംബോധന ചെയ്തു. ക്ഷീണിതരുടെ ' വ്രണങ്ങള്‍ ' അദ്ദേഹം മാറ്റി കൊടുക്കയാല്‍ ജനങ്ങള്‍ അദ്ദേഹത്തെ 'ക്ഷത്രിയന്‍ 'എന്ന രൂപത്തില്‍ കണ്ടു. വിഷ്ണുവിന്റെ അംശം തന്നില്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന ബോധം പ്രുഥുവിന് ഉണ്ടായിരുന്നു. അദ്ദേഹം ദിവ്യ ജ്ഞാനിയായിരുന്നു. തന്മൂലം ജനങ്ങള്‍ക്ക് അദ്ധെഹ ത്തോട് കല്പിക്കേണ്ടാതായി ഒന്നു മില്ലായിരുന്നു. ശാസനക്ക് അതീതനായ ആ വ്യക്തി തന്റെ പ്രജകളെ ധര്‍മ്മ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നതിന് പ്രേരിപ്പിക്കുകയും, അധര്‍മ്മികളെ ശിക്ഷിക്കുകയും ചെയ്തു.ഈ കറകളഞ്ഞ വ്യക്തിത്വ മഹിമ ഒരാളെ രാജാവാക്കുന്നു.ഭീഷ്മര്‍ പ്രജകള്‍ രാജാവിനെ തിരഞ്ഞെടുക്കുകയും കിരീടോധാരണം നടത്തുകയും വേണം.

രാജാവിനുവേണ്ടി പ്രജകള്‍ തങ്ങളുടെ മൃഗങ്ങള്‍, ലോഹങ്ങള്‍ ഇവയുടെ അഞ്ചിലൊന്നു ഭാഗവും ധാന്യത്തിന്റെ പത്തിലൊന്നു ഭാഗവും നല്‍കണം. ആയുധ പരിശീലനത്തിന് യോജ്യരായവരെ തിരഞ്ഞെടുത്ത് സൈന്യ ശേഖരണം നടത്താന്‍ രാജാവിനെ സഹായിക്കണം. ജനങ്ങളുടെ പുണ്യത്തിന്റെ നാലിലൊരു ഭാഗം രാജാവിനു പോകും. അതുപോലെ തങ്ങളുടെ ദോഷത്തിന്റെ നാലിലൊരു ഭാഗം രാജാവില്‍ വന്നു ചേരും. പ്രജകള്‍ തങ്ങളുടെ രാജാവിനോട് കൂറും, ആദരവും പുലര്‍ത്തണം.ജനങ്ങളാല്‍ ബഹുമാനിക്കപ്പെടുന്ന രാജാവിനെ ശത്രുക്കള്‍ ഭയക്കും.

യുധിഷ്ടിരന്‍: ഏതെല്ലാം പ്രതെയക ചുമതലകളാണ് ഒരു രാജാവ് നിര്‍വഹിക്കേണ്ടത് ?ഭീഷ്മര്‍ : ആത്മ നിയന്ത്രണം രാജാവിന് ആവശ്യം വേണ്ട ഗുണമാണ്. പഞ്ചേന്ദ്രിയങ്ങളെ സ്വാധീനത്തിലാക്കാന്‍ കഴിവുള്ള രാജാവിനെ ശത്രുക്കളെ ജയിക്കാന്‍ കഴി യൂ.രാജാവിന് തന്റെ കോട്ടകളിലും, നഗരങ്ങളിലും അതിര്‍ത്തികളിലും, മറ്റെല്ലാ പ്രധാന സങ്കേതങ്ങളിലും അസംഖ്യം സൈനികര്‍ ഉണ്ടായിരിക്കണം.രാജാവിന്റെ ചിന്തകളും, പ്രവര്‍ത്തികളും, തീരുമാനങ്ങളും എപ്പോഴും രഹസ്യമായിരിക്കണം. ശത്രുക്കള്‍ ഒരിക്കലും അതറിയാന്‍ ഇടവരരുത്.അദ്ദേഹത്തിന്റെ ചാരന്മാര്‍ കാഴ്ചയില്‍ ബുദ്ധിഹീനരാണന്നു തോന്നണം. എന്നാല്‍, അവര്‍ പ്രാപ്തന്മാരും തീഷ്ണ ബുദ്ധികളും ആയിരിക്കണം. അവരെ നിയമിക്കുന്നതിന് മുന്‍പ് രാജാവ് അവരെ സസൂക്ഷ്മം പഠിച്ചിരിക്കണം. ഏതു ശീതോഷ്ണ സുഖദുഖങ്ങളും സഹിക്കാന്‍ അവര്‍ പ്രാപ്തരായിരിക്കണം. രാജാവ് തന്റെ ഉപദേഷ്ടാക്കളുടെ ഇടയിലും, മിത്രങ്ങള്‍ക്കിടയിലും, പുത്രന്മ്മാര്‍ക്കിടയില്‍ പോലും ചാരന്മാരെ നിയോഗിക്കണം. ചാരന്മാര്‍ പരസ്പരം അപരിചിതരായിരിക്കാന്‍ ശ്രദ്ധിക്കണം.ശത്രു തന്നെക്കാള്‍ ബലവാനാണന്നു കണ്ടാല്‍ രാജാവ് ഉടന്‍ സന്ധിക്ക് ശ്രമിക്കണം. തനിക്ക് എതിര്‍ത്ത് തോല്പ്പിക്കാന്‍ കഴിയുവിധം ശക്തി സംഭരിച്ച ശേഷം ആക്രമണം നടത്തണം.ഇത് അപ്രതീഷിതമായിരിക്കാന്‍ ശ്രദ്ധിക്കണം.ആയുധം കൊണ്ടും, അഗ്‌നി കൊണ്ടും, വിഷം കൊണ്ടും ശത്രു രാജ്യത്തെ ക്ലേശിപ്പിക്കാന്‍ മടിക്കരുത്, ഒരു രാജാവ് പ്രജകളുടെ വരുമാനത്തിന്റെ ആറിലൊന്നു വസൂലാക്കി, സൈന്യശേഖരണത്തിനും, പ്രജാ പരിപാലനത്തിനുമായി മുതല്‍ കൂട്ടണം.

പ്രജകളെ സ്വന്തം മക്കളായി കരുതണം.എന്നാല്‍ ദുസ്വഭാവികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. നീതിന്യായം പുലര്‍ത്താന്‍ വിശ്വസ്തരും സത്യസന്ധരുമായവരെ നിയമിക്കണം. ശരിയായ നീതി നിര്‍വ്വഹണമാണ് രാജ്യത്തിന്റെ അസ്ഥിവാരം. കാലത്തെ ഉണ്ടാക്കുന്നത് രാജാവാണ്. രാജാവിനെ സൃഷ്ടിക്കുന്നത് കാലമല്ലെന്നതാണ് ശരി. ശുക്രാചാര്യനാല്‍ ക്രോഡീകരിക്കപ്പെട്ട ഈ നിയമസംഹിത (ബ്രഹ്മസംഹിത )അനുസരിച്ച് രാജാവ് ഭരിക്കാന്‍ തുടങ്ങുമ്പോള്‍ കൃതായുഗാരംഭാമായി.ധര്‍മ്മം യുഗത്തിന് കാവലായി നില്ക്കുന്നു. കൃതയുഗത്തില്‍, സത്യം, ശൌചം, ദയ, തപസ്സ് എന്നീ നാലുപാദങ്ങളാല്‍ ധര്‍മ്മം അനുഗ്രഹീതമായിരുന്നു.ജനങ്ങള്‍ സന്മ്മാര്‍ഗ്ഗികളും ദീര്‍ഘായുസ്സുള്ളവരുമായിരുന്നു.രോഗക്ലെശങ്ങള്‍ അവരെ അലട്ടിയില്ല. പിന്നീട്, ധര്‍മ്മത്തിന്റെ ഒരു പാദം നഷ്ടപ്പെട്ട് ത്രേതായുഗാരംഭമായി. കൃതയുഗത്തെ അപേക്ഷിച്ച്, ഭൂമി ഉഴുതു മറിച്ചാല്‍ മാത്രമേ ' വിള ' കിട്ടൂ എന്ന അവസ്ഥയായി, സസ്യങ്ങളും, ചെടികളും ഫലം കിട്ടണമെങ്കില്‍ അവയെ പരിപാലിക്കണമെന്ന അവസ്ഥയിലായി. പ്രജകളുടെ അധ്വാനം പല ഘട്ടത്തിലും ആവശ്യമായി വന്നു. വീണ്ടും ധര്‍മ്മത്തിന്റെ ഒരു പാദം കൂടി നഷ്ടപ്പെട്ട് ദ്വാപര യുഗാരംഭമായി. ധര്‍മ്മ നിഷ്ഠ പകുതിയായി കുറഞ്ഞപ്പോള്‍ അവിടെ അധര്‍മ്മം കുടിയേറി. ഇനിയും ഒരുപാദം കൂ ടി നഷ്ടപ്പെട്ട് അധര്‍മ്മത്തിന്റെ കടന്നുകയറ്റം നിയന്ത്രിക്കാനാവാത്ത വിധം ബലപ്പെടുമ്പോള്‍, കലിയുഗാരംഭമായി. ലോകം ആരാജകത്വത്തില്‍ മുഴുകും. രോഗക്ലേശങ്ങള്‍ മൂലം വലയുന്നവരുടെ എണ്ണം പെരുകുന്നു. കാലാകാലങ്ങളില്‍ മഴ ലഭിക്കാത്തമൂലം വിളവുകള്‍ ഗണ്യമായി കുറയും. മനുഷ്യായുസ്സ് ത്രേതായുഗത്തില്‍ നാനൂറ്റി എണ്പതു വര്‍ഷവും, ദ്വാപരയുഗതില്‍ ഇരുനൂറ്റി നാല്പതു വര്‍ഷവുമായി പരിമിത പെട്ടു. കലിയുഗത്തില്‍ ഇതിന്റെ പകുതിയാകും.അധര്‍മ്മത്തിന്റെ വേലിയേറ്റത്തില്‍, അക്രമവാസനയും, രോഗക്ലേശങ്ങളും, പോഷകാഹാരക്കുറവും മൂലം ജനങ്ങളുടെ ആയുസ്സ് ഹനിക്കപ്പെടുന്നു.

യുധിഷ്ടിരന്‍ : രാജാവ് ആരുടെ ധനമായി പരിഗണിക്കപ്പെടുന്നു ?

ഭീഷ്മര്‍ : ബ്രാഹ്മണരൊഴിച്ച്, മറ്റുള്ളവരുടെ എല്ലാം ധനമാണ് രാജാവെന്ന് വേദം അനുശാസിക്കുന്നു.

യുധിഷ്ടിരന്‍: രാജ്യ ഭരണത്തിന് സഹായിയായി ഭവിക്കുന്ന മന്ത്രിയുടെ സ്വഭാവവിശേഷങ്ങളും ചുമതലയും അങ്ങ് വ്യക്തമാക്കി തന്നാലും ?

ഭീഷ്മര്‍: രാജാവിന് മിത്രങ്ങള്‍ ഉണ്ടാകാം. അവരെ നാലായി തിരിക്കാം. ഒന്നാമത്തെ കൂട്ടര്‍ രാജാവിന്റെ ഉദ്ദേശ്യങ്ങളോട് യോജി ക്കുന്നവരാകാം. രണ്ടാമത്തെ കൂട്ടര്‍ രാജാവിനായി എല്ലാം അര്‍പ്പണം ചെയ്തു കഴിയുന്നവരാകാം, മൂന്നാമത്തെ കൂട്ടര്‍ രാജാവുമായി ബന്ധപ്പെട്ടു കഴിയുന്നവരാണ്. നാലാമത്തെ കൂട്ടര്‍ രാജാവ് ദാനം നല്‍കി സ്വാധീനിച്ചു കൂടെ നിര്‍ത്തുന്നവരാണ്. ഇനിയും അഞ്ചാമതൊരു തരക്കാരുണ്ട്, ഗുണമായാലും ദോഷമായാലും ധര്‍മ്മത്തില്‍ മാത്രം വേരൂന്നി നില്ക്കുന്നവര്‍. രാജാവ് തരംപോലെ ധര്‍മ്മത്തെയും, അധര്‍മ്മത്തെയും അനുഷ്ടിക്കേണ്ടി വരും. അതിനാല്‍ ഭരണത്തില്‍ വിജയിക്കണമെങ്കില്‍ രാജാവ് മിത്രങ്ങളുടെ കാര്യത്തില്‍ അത്യധികം ശ്രദ്ധപ്പതിപ്പിക്കരുത്. മന്ത്രിമാരില്‍ പൂര്‍ണ്ണമായ വിശ്വാസം വെച്ചുപുലര്‍ത്തരുത്. വിശ്വാസവും, അവിശ്വാസവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള നയമാണ് രാജാവിന് അഭികാമ്യം. ഒരു രാജാവ് ബന്ധുക്കളെ ഒരിക്കലും വിശ്വാസത്തില്‍ എടുക്കരുത്. എന്നാല്‍, ബന്ധുബലം രാജാവിന് ശോഭനീയവുമായി വരുന്നു. ഇത്തരുണത്തില്‍, ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും, പുറമേ, വിശ്വസനീയമെന്ന് ബന്ധുവിന് തോന്നുന്ന വിധത്തിലും പെരുമാറുന്നതാണ് കരണീയം.

യുധിഷ്ടിരന്‍: നിയമ സഭാസാമാജികര്‍, യുദ്ധ മന്ത്രി, രാജസേവകര്‍, രാജാവിന്റെ ഉപദേഷ്ടാക്കള്‍ ഇവര്‍ ഏതു തരത്തില്‍ പെട്ടവരാകണം?

ഭീഷ്മര്‍ : നിയമസഭാസാമാജികര്‍, വിനയാന്വിതരും, അത്മനിയനിയന്ത്രണമുള്ളവരും, സത്യ സന്ധരും ആകണം. അവര്‍ക്ക് വേണ്ടത് പറയാനുള്ള ധൈര്യം ഉണ്ടാകണം. യുദ്ധമന്ത്രി ഉന്നത കുലജാതനും, രാജാവിന്റെ ഹിതാനുകാരിയുമാകണം. രാജസേവകന്‍ ഉന്നതകുലജാതനും, രാജാവിനു പോലും ബഹുമാന്യനായിരിക്കണം. അയാള്‍ ഏതു പരിതസ്ഥിതിയിലും രാജാവിന്റെ ഹിതം മാത്രം നോക്കുന്നയാളായിരിക്കണം. ഉയര്‍ന്ന സൈനികോദ്യഗസ്തര്‍ ഉന്നതകുലജാതനും, രാജാവിന്റെ ദേശത്തുള്ളവനുമാകണം. ജ്ഞാനതോടൊപ്പം അംഗസൌഷ്ടവവും, സൗന്ദര്യമുള്ളവനുമാകണം. അയാള്‍ രാജാവിനെ ഭക്തിപൂര്‍വ്വം ആദരിക്കുന്നവനാകണം. വേദനിപുണരായ നാലു ബ്രാഹ്മണര്‍, എട്ടു ക്ഷത്രിയര്‍ (ആയുധ വൈദഗ്ധ്യമുള്ളവരാകണം ) ധനികരായ ഇരുപത്തൊന്നു വൈശ്യര്‍, മൂന്നു ശുദ്രര്‍, സൂത വംശത്തിലൊരാല്‍ ഇവരായിരിക്കണം രാജാവിന്റെ മന്ത്രിമാരും, പ്രമുഖ സഹായികളും. ഇവരുടെ വിശ്വാസ്യതയും,സത്യ സന്ധതയും, കൂറും രാജാവ് സസൂക്ഷ്മം നിരീക്ഷിക്കണം. ഇവരെല്ലാം പ്രായം കൊണ്ട് പക്വരായിരിക്കണം. കുറ്റം ചെയ്തവര്‍ക്ക് ഉചിത ശിക്ഷ നല്‍കാന്‍ മടിക്കരുത്. ധനികര്‍ക്ക് പിഴ ഇടണം, സ്വത്ത് കണ്ടുകെട്ടണം. ദരിദ്രര്‍ക്ക് അവരുടെ സ്വാതന്ത്രനഷ്ടം വരുന്നവിധത്തില്‍, തെറ്റിന്റെ ഗൌരവം അനുസരിച്ച് ശിക്ഷ വിധിക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന രീതിയില്‍ ഒരിക്കലും രാജാവ് നികുതി പിരിക്കരുത്. തേനീച്ച പുഷ്പങ്ങളില്‍ നിന്ന് തേനെടുക്കുന്ന പോലെ വേണം രാജാവ് നികുതി വസൂലാക്കാന്‍. പെണ്‍പുലി തന്റെ കുഞ്ഞുങ്ങളെ കടിച്ചു പിടിച്ചാലും കുഞ്ഞുങ്ങള്‍ക്ക് വേദനിക്കില്ല. ഈ വിധം വേണം രാജാവ് തന്റെ പ്രജകളോട് പെരുമാറാന്‍.

യുധിഷ്ടിരന്‍ : രാജാവിന്റെ പെരുമാറ്റ രീതി എങ്ങനെ ആയിരിക്കണം ?

ഭീഷ്മര്‍ : ഉത്തമനായ രാജാവിന് ആവശ്യം വേണ്ട ഗുണം ധര്‍മ്മ നിഷ്ടയാണ്. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ ഹൃദയശുദ്ധിയും , മന ശുദ്ധിയും ഉള്ളവരാകണം. ഇന്ദ്രിയ നിയന്ത്രണം രാജാവിന് അത്യന്താപേക്ഷിതമാണ്. രാജാവിന്റെ ഹൃദയത്തില്‍ പക പാടില്ല. ബുദ്ധി എപ്പോഴും തെളിമയോടെ വര്‍ത്തിക്കണം.

യുധിഷ്ടിരന്‍ : ധര്‍മ്മ മാര്‍ഗ്ഗം വളരെ വിസ്തൃതമാണ്. നൂറില്‍ പരമുള്ള ഇതിന്റെ ശാഖകളില്‍ രാജാവ് അനുഷ്ടിക്കേണ്ടത് ഏതെല്ലാമെന്ന് പറഞ്ഞാലും?

ഭീഷ്മര്‍: നിത്യവും പൂജിക്കേണ്ട ' മൂന്നു അഗ്‌നികളെ ' പോലെ ' മാതാ, പിതൃ, ഗുരുക്കന്മ്മാരെ കാണണം. അവരുടെ ആജ്ഞകള്‍ ഉപാധികളില്ലാതെ അനുസരിക്കണം. പിതാവിനെ പൂജിക്കുന്നത് ഈ ലോകം കടക്കാന്‍ സഹായിക്കും. മാതൃ പൂജ വ്യക്തിയെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കും. ഗുരുപൂജ ബ്രന്മയ്ക്യം പ്രദാനം ചെയ്യും.

യുധിഷ്ടിരന്‍ : ധര്‍മ്മാ, അര്‍ത്ഥ, കാമ ങ്ങളെക്കുറിച്ച് പറഞ്ഞു തന്നാലും ?

ഭീഷ്മര്‍ : ശരിയായ രീതിയില്‍ അര്‍ത്ഥം സമ്പാദിച്ചാല്‍ മറ്റു രണ്ടും കൂടെ ഉണ്ടാകു. അര്‍ത്ഥത്തിന്റെ നാരായവേര് ധര്‍മ്മത്തിലും, കാമം അതിന്റെ ഫലവുമാണ്. ഭൌതിക സുഖങ്ങളില്‍ നിന്നുള്ള പൂര്‍ണ്ണമായ വിടുതിയാണ് മോക്ഷം. ധര്‍മ്മം സമ്പാദിക്കേണ്ടത് ആത്മ ശുദ്ധിക്കാണ്. നിഷ്‌കാമമായി (ഫലാസക്തി കൂടാതെ ) ചിലവഴിക്കാനുള്ളതാണ് ധനം. ധര്‍മ്മാധര്‍മ്മ കാമങ്ങള്‍ മോക്ഷ പ്രാപ്തിക്കുള്ള മാര്‍ഗ്ഗമായി കരുതണം.

യുധിഷ്ടിരന്‍: എ ല്ലാറ്റിനും മേലെയാണ് ഒരുവന്റെ ബുദ്ധിക്കുള്ള സ്ഥാനമെന്നു പറയുന്നു. ഒരു രാജാവു തന്റെ ബുദ്ധി എങ്ങനെ പ്രവര്‍ത്തിക്കണം?

ഭീഷ്മര്‍ : ശത്രു തന്നെക്കാള്‍ പ്രബലനെന്നു കണ്ടാല്‍ രാജാവു അയാളൊടു താല്ക്കാലിക സന്ധി ഉണ്ടക്കണം അതിനു തക്ക വിധം ബുദ്ധിപ്രവര്‍ത്തിക്കണം. അവസരം വരുമ്പോള്‍ ശത്രു രാജ്യതു കലാപം സൃഷ്ടിച്ചോ, ശത്രു വിന്റെ ദുര്‍ബ്ബലത ചൂഷണം ചെയ്‌തോ, സൈന്യബലത്തോടുകൂടിയോ, അപ്രതീക്ഷിതമായി ശത്രു വിനെ കീഴ്‌പ്പെടുതാന്‍ ബുദ്ധി പ്രയോഗിക്കണം. മിത്ര ശത്രു പദങ്ങള്‍ പരസ്പര പൂരകമാണ്. ഗുണ ദോഷ വിവേചനം നടത്താനുള്ള കഴിവു രാജാവിനുണ്ടയിരിക്കണം.

യുധിഷ്ടിരന്‍: പാപത്തിന്റെ ഉത്ഭവം എവിടെനിന്നെന്നു പറഞ്ഞുതന്നാലും ?

ഭീഷ്മര്‍: തൃഷ്ണ അഥവ ദുരാഗ്രഹമാണു എല്ലാവിധ പാപകര്‍മ്മങ്ങളുടെയും അടിസ്ഥാനം. മനസ്സിന്റെ മാലിന്യങ്ങളെല്ലാം പൊന്തി വരുന്നതു ലോഭത്തില്‍ നിന്നാണ്.വിവേകനാശ0, യതി,ഗര്‍വ്വ്, അഹങ്കാരം, നിര്‍ലജ്ജ എവയാണു ലോഭത്തിന്റെ സന്തതികള്‍. മറ്റ് ചിലതുകൂടി തൃഷ്ണയുടെ സഹചാരികളായി കണക്കാക്കുന്നു. ലുബ്ധു, അത്യാര്‍ത്തി, ദുസ്വഭാവങ്ങളിള്‍ താല്പര്യം, അനുതാപമില്ലായ്മ, പരസ്വാപഹരണം, കഠിനവാക്ക്, അമിതഭക്ഷണം മുതലായവയാണു ഇവ.ജീവിത്തില്‍ ലോഭം ഉപേക്ഷിക്കുക ദുഷ്‌ക്കരമാണ്. എന്നാല്‍, അതിനെ വിവേചന ബുദ്ധിയൊടെ നിയന്ത്രിക്കുക തന്നെ വേണം.അജ്ഞാനത്തിന്റെ ഉത്ഭവം ലോഭത്തില്‍ നിന്നു തന്നെ. ചതിയുടെയും

യുധിഷ്റ്റിരന്‍: എല്ലാറ്റിലും വെച്ചു ആചരിക്കേണ്ട ധര്‍മ്മം (കര്‍ത്തവ്യം) എതെന്നു പറഞാലും ?

ഭീഷ്മര്‍: ആത്മ നിയന്ത്രണമാണു ഒരുവന്റെ മുഖ്യ ധര്‍മ്മം. ആത്മ നിയന്ത്രണം വ്യക്തിയെ പുണ്യത്തിലെക്കു നയിക്കുന്നു. ഇയാള്‍ക്ക് ക്ഷമ, ദയാ, മധുരഭാഷണം അനാവി ശ്യ കോപമ്മില്ലായ്മ, സത്യം, തൃപ്തി എന്നീ ഗുണങ്ങള്‍ ഉണ്ടാകുന്നു. അയാള്‍ ലൌകികമായ ആസക്തിക്കു അടിമപ്പെടുകയില്ല.

യുധിഷ്ഠിരന്‍: സത്യത്തെപ്പറ്റി പറഞ്ഞു കേട്ടാല്‍ കൊള്ളാം?

ഭീഷ്മര്‍: സത്യം എല്ലാ മനുഷ്യരുടെയും ധര്‍മ്മമാണ്. സത്യം എറ്റവും വലിയ അഭയമായി കണക്കാക്കുന്നു. സത്യം തന്നെയാണു എറ്റവും ശ്രേഷ്ടമായ യഞവും. ഭേദമില്ലായ്മ, ആത്മ നിയന്ത്രണം, ക്ഷമ,സഹനശക്തി, വിനയം, ത്യാഗം, ധ്യാനം, മനക്കരുത്ത് ഇവ സത്യതിന്റെ രൂപഭേദങ്ങളായി വരുന്നു. സത്യം അവ്യയമാണ്, ശ്വാശ്വ തമാണ്, മാറ്റമില്ലാത്തതാണ്. ജ്ഞാനചഷുസ്സാണ് എറ്റവും തീഷ്ണമായ ചഷുസ്സ്. സത്യമാണു എറ്റവും വലിയ തപസ്സ്.

യുധിഷ്ഠിരന്‍: സര്‍വ്വഭൂത സുഹൃത്തായ ഉത്തമനായ മനുഷ്യന്‍ ആരാണ് ?

ഭീഷ്മര്‍: ആ വ്യക്തി പണ്ഡിതനായിരിക്കും. അയാള്‍ ഭക്തനും ആയിരിക്കും. ഒരിക്കലും അയാള്‍ അഹങ്കാരം കൊണ്ടു തപിക്കില്ല. ഇന്ദ്രിയങ്ങള്‍ അയാളെ അപഥ മാര്‍ഗ്ഗത്തിലൂടെ നയിക്കില്ല. പരമസത്യതെ സാക്ഷാത്കരിക്ക മൂലം അയാളില്‍ പരമശാന്തി വിളയാടും.

യുധിഷ്ഠിരന്‍: ഒരുവന് പാപിയാകുന്നതും, ധാര്‍മ്മിഷ്ടനാകുന്നതും എതു വിധത്തിലാണ്?

ഭീഷ്മര്‍: ഒരുവന്റെ ആശയാണു അവനെ പാപിയാക്കുന്നത്. ഇന്ദ്രിയ വിഷയങ്ങള്‍ക്ക് അടിമയായവന്,ആഗ്രഹപൂര്‍ത്തികരണതിനായി തെറ്റില്‍ നിന്ന് തെറ്റിലെക്കു വഴുതി വീഴുന്നു. ഇയാളുടെ മനസ്സു സംഭ്രാന്തമാകുകയും, മങ്ങുകയും ചെയ്യുന്നു. തനിക്കില്ലാത്ത ധര്‍മ്മനിഷ്ട ഉണ്ടെന്നു നടിക്കുന്ന ഇവരെ പാഖണ്ഡന്മാര് (കപടസന്യാസിമാര്‍) ആയി കണക്കാക്കാം. ധനസമ്പാദനം മാത്രമാണു ഇവരുടെ ലക്ഷ്യം. എന്നാല്‍, ധര്‍മ്മിഷ്ടനായ മനുഷ്യന്‍, അന്യര്‍ക്ക് നന്മയുണ്ടാകാന്‍ന് അഗ്രഹിക്കുന്നു. ഇന്ദ്രിയങ്ങള്‍ അയാളുടെ നിയന്ത്രണത്തിലായിരിക്കും. സദാചാരനിരതനായ ഇയാള്‍ക്ക് ഒന്നിനോടും അതിയായ ആസക്തി കാണില്ല. ഇയാള്‍ മോക്ഷപ്രാപ്തിക്കു വെണ്ടി ഈശ്വരധ്യാനത്തില്‍ ഏര്‍പ്പെടും.

യുധിഷ്ഠിരന്‍: ലക്ഷ്മി ഭഗവതി എവിടെ വസിക്കുന്നു?

ഭീഷ്മര്‍: വാചാലനും, കര്‍മ്മനിരതനും, ശ്രദ്ധാലുവുമായ ഒരുവന് ഐശ്വര്യതിന്റെ ഇരിപ്പടമാണ്. അയാള്‍ ഇന്ദ്രിയനിഗ്രഹമുള്ളവനും, സദാചാരനിഷ്ടയുള്ളവനും ആയിരിക്കും. വേദാദ്ധ്യയനം ചെയ്യുന്ന ബ്രാന്മണരിലും, ധര്‍മ്മം കാക്കുന്ന ക്ഷത്രിയരിലും, കൃഷിയില്‍ നിയുക്തരായ വൈശ്യരിലും, ഈശ്വരവിശ്വാസികളായ ശുദ്രരിലും ലക്ഷ്മീ ദേവി വിലസുന്നു.

യുധിഷ്ഠിരന്‍: ഏഹികസുഖങ്ങള്‍ അനുഭവിച്ചു പരലോകം പൂകാന്‍ ആഗ്രഹിക്കുന്ന ഒരുവന് എന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്യണം?

ഭീഷ്മര്‍: മൂന്നു ശാരീരിക കര്‍മ്മങ്ങളെ (പ്രാണിഹിംസ, പരസ്വാപഹരണം, പരദാര സുഖം) എന്നിവ മൂന്നും അവശ്യം ഒഴിവാക്കണം. നാലു വാങ്മയ പ്രവര്‍ത്തിക്കള്‍ ( ചീത്ത സംസാരം, പരുഷമായ വാക്കുകള്‍, അന്യരെപ്പറ്റിയുള്ള അപവാദം, കളവുപറയലു) ഇവ ഒഴിവാക്കണം. മൂന്നു മനോവൃത്തികള്‍ (അന്യരുടെ സ്വത്തില്‍ ആശ, മറ്റുള്ളവരെ ദുഖിപ്പിക്കല്‍, വേദങ്ങളില്‍ അവിശ്വാസം) ഇവ ഒഴിവാക്കണം.കേള്‍വിക്കുനിസ്സാരമെന്നു തോന്നുന്ന ഇവ അനുഷ്ടിക്കുക എളുപ്പമല്ല. ഈ പത്തു പ്രവര്‍ത്തികളില്‍ നിന്നു മുക്തി നേടിയവന്‍ ഏഹികസുഖങ്ങള്‍ പൂര്‍ണ്ണമായി അനുഭവിച്ചു മുക്തിനേടും.

യുധിഷ്ഠിരന്‍: ബ്രഹ്മചര്യവ്രതത്തിലും മേലെയായി എന്തെങ്കിലും ഉണ്ടൊ? എറ്റവും മഹത്തായ പുണ്യവും, വിശുദ്ധിയും എതെന്നു കൂടി പറയുക?

ഭീഷ്മര്‍: മദ്യമാംസങ്ങള്‍ വര്‍ജ്ജിക്കുന്നതു ബ്രഹ്മചര്യത്തിലും മേലെയാണ്. പുണ്യത്തിന്റെ ഉത്തമ ലക്ഷണം ധര്‍മ്മനിഷ്ടയാണ്. അതു തന്നെയാണു വലിയ വിശുദ്ധിയും.

യുധിഷ്ഠിരന്‍: ഒരുവന് എപ്പഴാണു അര്‍ത്ഥം സമ്പാദിക്കേണ്ടത്? എപ്പൊഴാണു ധര്‍മ്മം ആചരിക്കേണ്ടതു, കാമാസക്തനാകേണ്ടത്?

ഭീഷ്മര്‍: ജീവിതത്തില്‍ ആദ്യം വേണ്ടതു അര്‍ത്ഥ സമ്പാദനമാണ്. പിന്നീടു ധര്‍മ്മം ആചരിക്കണം. കാമാസക്തിക്കു മൂന്നാം സ്ഥാനമേ നല്‍കാവൂ. എന്നാല്‍, ഒന്നിലും അമിതാസക്തി നല്ലതല്ല.

യുധിഷ്ഠിരന്‍: എറ്റവും പാവനമായ തീര്‍ത്ഥം എതാണ്?

ഭീഷ്മര്‍: എല്ലാ തീര്‍ത്ഥങ്ങളും മനസ്സിനെ ശുദ്ധികരിക്കുന്നു. എന്നാല്‍, മനസ്സിനേയും, മനുഷ്യനേയും ശുദ്ധികരിക്കുന്ന എറ്റവും ഉത്തമമായ തീര്‍ത്ഥം സത്യമാണ്. ആഴമറിയാന്‍ കയിയാത്തതും, മനസ്സു എന്നു അറിയപ്പെടുന്നതും ഒട്ടും അഴുക്കില്ലാത്തതുമായ തീര്‍ത്ഥം ആണു സത്യം. ഈ സരോവരത്തിലുല്‍ മുങ്ങി കുളിക്കുന്ന വ്യക്തിയില്‍ അത്മനിയന്ത്രണം,ആത്മാര്‍ഥത, ഭൂതദയ, ശാന്തി എന്നീ ഗുണങ്ങളുണ്ടാകും.

യുധിഷ്ഠിരന്‍: ഒരു മനുഷ്യന്റെ യഥാത്ഥ മിത്രം ആരാണ്?

ഭീഷ്മര്‍: മനുഷ്യനു മിത്രം എന്നൊന്നില്ല. അവന്‍ എകനായി ജനിക്കുന്നു, എകനായി മരിക്കുന്നു. ജന്മം നല്‍കിയ മാതാവിനൊ, പിത്രുത്വത്തിനൊ, ബന്ധുജനങ്ങള്‍ക്കോ,സഹശയനത്തിനു അവന്‍ ഇടക്കെപ്പൊഴാ തന്നൊടൊപ്പം കൂട്ടിയ ഭാര്യക്കൊ, മക്കള്‍ക്കോ അയാളുടെ അന്ത്യയാത്രയെ തടയാന്‍ കഴിയില്ല. ആദി,അന്ത്യങ്ങള്‍ക്കിടയിലെ കൂടിചേരലുകള്‍ക്കിടയിളല്‍ ഇവര്‍ പലപ്പൊഴായി ഇയാളെ വിട്ടകലും.എത്ര പ്രിയപ്പെട്ടവനെന്നു ഒരുവന്‍ നിനക്കുന്നവന്‍ പോലും, എതാനും മണിക്കൂറുകളുടെ ദുഖാചരണത്തിനു ശേഷം, മൃത ശരീരം ചുടലയിലേക്കു എടുക്കും. അവിടെ കത്തി ചാമ്പലാകുന്നതോടെ, ഒരുവന്റെ യാത്ര അവസാനിക്കും. എന്നാല്‍, ഒരുവന്റെ ' ധര്‍മ്മം' മരണത്തിനു ശേഷവും അവനെ പിന്തുടരുന്നു. ' ധര്‍മ്മം' ആണു ഒരുവന്റെ യഥാത്ഥ 'മിത്രം' എന്നു തി രിച്ചറിയുക.

യുധിഷ്ഠിരന്‍: ലോകത്തെ നിയന്ത്രിക്കുന്ന ആ' പരമ ശക്തി' ആരാണ്? ആരെ പൂജിച്ചാലാണു ഒരുവനു അഭീഷ്ടസിദ്ധിയും, മനഃശുദ്ധിയും, ഉണ്ടാകുന്നത്? എല്ലാ 'മതങ്ങളിലും വെച്ചു ' ഉത്തമ മതം' എതാണ്? ജന്മ ബന്ധത്തില്‍ നിന്നു മുക്തനാകാന്‍ ഒരുവന് എതു മന്ത്രം ആണു ഉരുക്കയിക്കേണ്ടത് ?

ഒരു നിമിഷം കണ്ണുകള്‍ പൂട്ടി നിര്‍വൃതി യിള്‍ ലയിക്കുന്ന പോലെ കിടന്ന ശേഷം ഭീഷ്മര്‍ പറഞ്ഞു ' പുത്രാ! കൃഷ്ണന് പ്രപഞ്ചകര്‍ത്താവാണ്.അദ്ദേഹം സവ്വേശ്വരനും, സര്‍വ്വോത്തമനുമാണ്. അദ്ദേഹത്തേയും അദ്ദേഹത്തിന്റെനാമങ്ങളെയും ധ്യാനിച്ചാല്‍ മനുഷ്യനു സംസാര മുക്തി നേടാം.എല്ലാ ദുഖഃങ്ങളുടെയും ഹരനാണു 'ശ്രീഹരി'. എല്ലാമതങ്ങളിലും വെച്ചു ഉത്തമമായ മതവും കൃഷ്ണന്‍ തന്നെ. എറ്റവും ഉയര്‍ന്ന ശക്തിയും തപസ്സും ആ സവ്വേശ്വര ന്തന്നെ. ആദി അന്ത്യങ്ങളെ കൂട്ടിയിണക്കുന്ന മദ്ധ്യമായ ഈ ചൈതന്യം 'ശ്വാശ്വതബ്രഹ്മമാണ്'.. പരമമായ ആ സത്യതെ മാത്രം നീ ആശ്രയിക്കുക.എല്ലാം നിനക്കു മംഗളമായി ഭവിക്കും ഭീഷ്മരുടെ ഉപദേശങ്ങള്‍ കഴിഞ്ഞു. അദ്ദേഹം സ്‌നേഹത്തോടെ യുധിഷ്ടിരനെ വിളിച്ചു ' എന്റെ കുഞ്ഞെ! അങ്ങു ആവശ്യപെട്ടതെല്ലാം ഞാന്‍ അങ്ങെക്കു ഉപദേശിച്ചു തന്നു.ഇനി രാജ്യത്തേക്കു മടങ്ങി പോയി നല്ല രീതിയിള്‍ പ്രജാപരിപാലനം നടത്തുക. അങ്ങു ചന്ദ്രവംശത്തിലെ ശ്രേഷ്ടരായ 'നഹുഷന്‍, യയാതി, ഹരിച്ന്ദ്രന്‍ ' ഇവരെ പോലെ പുകള്‍പെറ്റ രാജാവായി തീരും. എന്റെ അനുഗ്രഹം എന്നും നിന്റെ കൂടെ ഉണ്ടാകും. കുഞ്ഞെ! ഉത്തരായണം ആകുമ്പം എനിക്കു സ്വധാമ0 വെടിയെണ്ടതുണ്ട്. അപ്പോയേക്കും നീ എന്റെ അരികില്‍ വരിക.'യുധിഷ്ടിരന്‍ സ്‌നേഹബഹുമാനങ്ങളോടെ പിതാമഹന്റെ പാദം ചുംബിച്ചു യാത്രയായി.

ഒടുവില് 'സ്വച്ഛന്ദമൃത്യു' ആയ ഭീഷ്മര്‍ക്ക് വിടവാങ്ങാനുള്ള സമയം ആഗതമായി. സൂര്യരഥ ചക്രം ഉത്തരായണത്തിലെക്കു നീങ്ങി. മാഘ മാസം വന്നെത്തി. മരണ ദേവത ആ മഹാന്റെ വിളിക്കുവേണ്ടി കാതോര്‍ത്തു. പാണ്ഡവര്‍ കൃഷ്ണനാലും, ധ്രുതരാഷ്ട്രരാലും അനുഗതരായി എത്തി. അവര്‍ പുഷ്പങ്ങള്‍, ഫലങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, വില കൂടിയപട്ടുവസ്ത്രങ്ങള്‍ ഇവ പ്രത്യേകം കരുതിയിരുന്നു. തങ്ങളു ടെ പ്രിയപ്പെട്ട 'കുരുകുലാധിപനെ യാത്രയാക്കാന്‍ അവരേവരും യുദ്ധ ഭൂമിയില്‍ എത്തിചേര്‍ന്നു. അവരോടൊപ്പം സാത്യകി, വിദുരര്‍, യുയുല്‌സു എന്നിവരും, അസംഖ്യം പൌരജനങ്ങളും ഒത്തുകൂടി. ഭീഷ്മരുടെ ചുറ്റും എല്ലാ ഋഷികളും നിരന്നു നില്ക്കുന്നതു അവരുടെ ശ്രദ്ധയില്‍ പെട്ടു.അക്കുട്ടത്തില് വ്യാസന്‍, പരാശരന്‍, നാരദര്‍ ഇവരും ഉണ്ടായിരുന്നു.യുധിഷ്ടിരന് പിതാമഹനു അരികിലെത്തി. ഭീഷ്മര്‍ ഈ സമയമെല്ലാം കണ്ണുകലള്‍ മൂടി കിടക്കുകയായിരുന്നു തന്റെ മുന്നിലെത്തിയിരിക്കുന്ന ജനസമുദ്രത്തെ അദ്ദേഹം ശ്രദ്ധിച്ചതേയില്ല. യുധിഷ്ടിരന് ഭീഷ്മരുടെ പാദങ്ങള്‍ വണങ്ങികൊണ്ട് അറിയിച്ചു 'മുത്തച്ഛ! ഞങ്ങള്‍ പാണ്ഡവരും, വലിയച്ഛനായ ധൃതരാഷ്ട്ര മഹാരാജാവുമങ്ങയെ വന്ദിക്കാന്‍ എത്തിയിരിക്കുന്നു. ഞങ്ങളോടോപ്പം സാത്യകിയും. കൃഷ്ണനും ഉണ്ട്. ഹസ്തിനപുരത്തിലെ സകല ജനങ്ങലും അങ്ങയൊടു ആദരവുണര്‍ത്താന്‍ എത്തിയിരിക്കുന്നു. അങ്ങു ദയവായി കണ്ണുതുറന്നു ഞങ്ങളെ ഒന്നു വീക്ഷിക്കുക.'

ഭീഷ്മര്‍ പണിപ്പെട്ടു കണ്ണു തുറന്നു. തന്നെ വന്ദിക്കാന്‍ എത്തിയിരിക്കുന്ന സമുദ്രം പോലെ പരന്ന പൌരാവലിയെ കണ്ടു അദ്ദേഹം വിത്രസ്തഹൃദയനായി.

ഭീഷ്മര്‍ യുധിഷ്ടിരനെ നോക്കി 'കുഞ്ഞേ! നിന്നൊടൊപ്പം എത്തിയിരിക്കുന്ന ഈ ജനസഹസ്രത്തേ കണ്ട് ഞാന്‍ ഏറെ അഭിമാനിതനായിരിക്കുന്നു. ഞാന്‍ ഈ കിടപ്പു കിടക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങള്‍ ഏറെ ആയെന്നു തോന്നുന്നു. ഒടുവില്‍, സൂര്യദേവന്‍ എന്നെ കടാക്ഷിച്ചിരിക്കുന്നു. സമയം ആഗതമായി. എനിക്കു വിട പറഞ്ഞേ തീരു! ഭീഷ്മര്‍ , ധൃതരാഷ്ട്രരുടെ നേരെ നോക്കി 'എന്റെ പുത്രാ! ഒരു രാജാവിന്റെ ചുമതലകള്‍ ഞാന്‍ അങ്ങേക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.അങെക്കു എല്ലാറ്റിനെപറ്റിയും നല്ല ധാരണ ഉണ്ട്. പുത്രന്മാരു മരിച്ചതു അവരുടെ പാപകറ്മ്മ ഫലമാണന്ന തിരിച്ചറിവു നിനക്കു ഉണ്ടാകണം.

യുധിഷ്ടിരനേയും സഹോധരന്മാരേയും അങ്ങ് സ്വന്തം പുത്രന്മാരായി കരുതണം. അവര്‍ എന്നും അങ്ങയെ ഭക്തിയോടെയും, സ്‌നേഹത്തോടെയും പരിചരിക്കുമെന്നു എനിക്കൂറപ്പുണ്ടു. അവരൊടൊന്നിച്ചു സുഖമായി കഴിയണം. 'ഭീഷ്മര്‍ കൃഷ്ണനു നേരെ നോക്കി, പുഷ്പങ്ങള്‍ വേണമെന്നു അദ്ദേഹം. യുധിഷ്ടിരനോടു അപേക്ഷിച്ചു, പുഷ്പങ്ങള്‍ കൊണ്ട് അദ്ദേഹം കൃഷ്ണനെ പൂജിച്ചു.ഈ ഭീഷ്മസ്തുതി ഏറെ മഹത്തരവും, മോക്ഷദായകവുമായി കണക്കാക്കപ്പെടുന്നു

ഭീഷ്മ സ്തുതി

1. ഇതിമതി രുപ കല്പിതാ വിത്രുഷ്ണാ
ഭഗവതി സ്വാത്വത പുമ്ഗവേ വിഭുമ്‌നി
സ്വസുഖമുപഗതേ ക്വചിദ്വിഹര്‍ത്തും,
പ്രക്രുതിമുപേയുഷി യദ് ഭവപ്രവാഹ:
( സ്വമായയെ അവലംബിച്ചു, അനേകകോടി ബ്രഹ്മാണ്ഡങ്ങളുടെ സൃഷ്ടിക്കു പ്രേരണയായ അല്ലയോ ഭഗവാനേ! അങ്ങയേ ഞാന്‍ നമിക്കുന്നു)

2. ത്രിഭുവന കമനം തമാലവര്‍ണ്ണം
രവികര ഗൌരവരാമ്ബരം ദധാനേ
വപുരള്ക കുലാവ്രുതാനനാബ്ജം
വിജയസഖേ രതിരസ്തു മേ അനവദ്യ
(അങ്ങയുടെ തിരുസ്വരൂപം എത്ര കണ്ടാലും ഈ ഭക്തനു മതി വരില്ല. മായാ മര്‍ത്യ ശരീരത്തെ ധരിച്ച, അര്‍ജ്ജുനസഖാവായ കൃഷ്ണാ! അങ്ങയില്‍ എന്റെ മനസ്സു എന്നും ബന്ധമായിരിക്കണം)

3. യുധി തുരഗരജോ വിധുമ്‌റ വിഷ്വ
ക്കചലുളിത ശ്രമവാര്യലമ്ക്രുതാസ്യേ
മമ നിശിത ശരൈര്‍ വിഭിദ്യമാന
ത്വചി വിലസത് കവ ചേ അസ്തു കൃഷ്ണ ആത്മാ
( യുദ്ധ ഭൂമിയില്‍ അര്‍ജ്ജുനന്റെ സഖാവായി വന്ന കൃഷ്ണാ ! അങ്ങയുടെ തിരു സ്വരൂപം പൊടി പടലങ്ങളാലും വിയര്‍പ്പ് തുള്ളികളാലും മൂടപ്പെട്ടിരുന്നു. കുന്തളങ്ങല്‍ കാറ്റില്‍ പറന്നു കളിച്ചു. അങ്ങനെയുള്ള എന്റെ നാഥനെ ഞാന്‍ നിശിതമായ ശരങ്ങളാല്‍ മുറിപ്പെടുത്തി. പടചട്ട ഭേദിച്ചു)

4. സപദി സഖിവചോ നിശമ്യ മധ്യെ
നിജ പരയോറ്ബ്ബ്‌ലയോ രഥം നിവേശ്യ
സ്തിതവതി പരസൈനികായുരഷ്‌ണോ
ഹൃതവതി പാത്ഥ സഖേ രതിറ്മമാസ്തു
അര്‍ജ്ജുനന്റെ ആഗ്രഹനിവൃത്തിക്കായി, ഇരുസൈന്യത്തിന്റേയും മദ്ധ്യ തേരു തെളിച്ചു നിറുത്തിയ കൃഷ്ണ! അങ്ങയുടെ കടാക്ഷമേറ്റ ശത്രു സൈന്യത്തില്‍പെട്ട ഞങ്ങളുടെയെല്ലാം ആയുസ്സ് ഹനിക്കപ്പെട്ടു)

5. വ്യവഹിതപ്യതനാമുഖം നിരീഷ്യ
സ്വജന വധാദ് വിമുഖസ്യ ദോഷബുധ്യാ
കുമതി മഹരതാന്മ വിദ്യയാ യ
ശ്ചരണ രതി:പരമസ്യ തസ്യ മേ അസ്തു
(സ്വജന ഹത്യയെക്കുറിച്ചു വേപഥുവായ അര്‍ജ്ജുനനെ ഗീതോപദേശത്തിലൂടെ കര്‍മ്മമുഖനാക്കിയ അല്ലയോ കൃഷ്ണാ! അവിടുത്തെ ചരണങ്ങളില്‍ ഈ ഭക്തന്‍ നമിക്കുന്നു)

6. സ്വനിഗമമപഹായ മത് പ്രതിഞ്യാ
മ്രുതമധികറ്ത്തുമവപ്ലുതൊ രഥസ്ത:
ധ്രുതരഥചരണൊ അഭ്യയാച്ചലദ്ഗുറ്
ഹരിരിവ ഹന്തുമിഭം ഗതോത്തരീയ:
( യുദ്ധക്കളത്തില്‍ താന്‍ ആയുധം എടുക്കില്ലന്നു കൃഷ്ണന്‍ പ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍, ഈ ഭക്തന്‍ അങ്ങയെ കൊണ്ടു ആയുധം എടുപ്പിക്കുമെന്നു ശഠിച്ചു. എന്റെ പ്രതിജ്ഞ സത്യമാകാന്‍ വേണ്ടി അങ്ങു ആയുധമേന്തി എന്റെ മുന്നിലേക്കു വന്നു. അല്ലയോ ഭക്തവത്സലാ! ഞാന്‍ പ്രണമിക്കുന്നു)

7. ശിഖവിശിഖഹതോ വിശിറ്ണ്ണ ദമ്ശ:
ക്ഷതജ പരിപ്ലുത ആതതായിനോ മേ
പ്രസഭമഭിസസാര മദ്വധാറ്ധ0
സഭവതുമേ ഭഗവാന്‍ ഗതിര്‍ മുകുന്ദാ:
( ഒന്നിലധികം പ്രാവിശ്യം ഭീഷ്മ ശരങ്ങള്‍ എറ്റു ഭഗവാന്റെ പടചട്ട മുറിഞ്ഞു. മാറിടത്തില്‍ നിന്നും രക്തം ഒലിച്ചു. സുദര്‍ശനചക്രം ഏന്തി എന്റെ മുന്നിലെക്കു ഓടി അടുത്ത അല്ലയോ മുകുന്ദാ! ആ തിരുസ്വരൂപത്തെ ഞാന്‍ വ ന്ദിക്കുന്നു.)

8. വിജയരഥ കുടു0 ബ ആത്തതോത്രേ
ധ്രുത ഹയ രശ്മിനി ത്ച്‌റിയേക്ഷണിയേ
ഭഗവതി രതിസ്തു മേ മുമുറ്‌ഷോറ്
യമിഹ നിരിക്ഷ്യ ഹതാ ഗതാ: സ്വരൂപമ് ഭക്ത
( വിജയ രഥത്തില്‍ കടിഞ്ഞാണും, ചെമ്മട്ടിയും ഏന്തിയിരിക്കുന്ന ഭക്ത വത്സലനായ ഭഗവാനെ! മൊക്ഷെചുവായ എനിക്കു എന്നുമെന്നും ആ കമനിയ രൂപത്തില്‍ അചഞ്ചലമായ ഭക്തി ഉണ്ടാകണം)

9. ലളിത ഗതി വിലാസവല് ഗുഹാസ
പ്രണയ നിരിക്ഷണ കല്പിതോരുമാന:
ക്രുതമനുക്രുതവത്യ ഉന്മദാന്ധാ:
പ്രക്രുതി മഗന്‍ കിലയസ്യ ഗോപവധ്വാ:
(ഗോപികമാരെ മോഹിപ്പിക്കുന്ന കടാക്ഷ വീക്ഷണങ്ങളോടെ അവരില്‍ ഭക്തി ഭാവം പ്രണയരസത്തില് അനുഭവിപ്പിച്ച ഗോപികാകാന്തനായ കൃഷ്ണാ! ഭക്തനായ ഞാന്‍ നമിക്കുന്നു.

10. മുനിഗണ ന്രുപവര്യസമ്കുലേ അന്ത:
സദസി യുധിഷ്ടിര രാജസൂയ എഷാം:
അര്ഹണമുപപേദ ഈക്ഷണീയൊ
മമ ദ്രുശി ഗോചര ഏഷാ ആവിരാത്മ
( യുധിഷ്ടിരന്റെ രാജസൂയത്തില്‍ അഗ്രപൂജ കൈക്കൊണ്ട ആ തിരു രൂപത്തെ ഞാന്‍ നമിക്കുന്നു.)

11. തമിമമഹമജം ശരീരഭാജാ0
ഹ്രുദി ഹ്രുദി ധിഷ്ടിത മാത്മ കല്പിതാനാം
പ്രതി ദ്രുശ മിവ നൈകധാര്ക്കമേവം
സമധിഗതോ അസ്മി വിധൂത ഭേദമോഹ
( അജനും അവ്യയനുമായ അങ്ങു സൃഷ്ടികള്‍ക്കുള്ളില്‍ സൂര്യ കിരണങ്ങളെപ്പോലെ ചൈതിന്യവത്തായി ശോഭിക്കുന്നു. ആ പരമ്പൊരുളേ! എന്നില്‍ എന്നും നിഷ്‌കാമ ഭക്തി ഉണ്ടാകാന്‍ അനുഗ്രഹിക്കുക.)



മേല്‍പ്പറഞ്ഞ ഭീഷ്മസ്തുതി എകാഗ്രമനസ്സൊടെ ജപിക്കുമ്പൊള്‍ ഭക്തന്റെ മനസ്സിലേക്കു ഇറങ്ങി വരുന്ന കുളിര്‍ധാരയാണു ഈശ്വരചൈതിന്യം. ഭക്തനു ചുറ്റുമനുഭവപ്പെടുന്ന കുളിര്‍ക്കാറ്റാണു രക്ഷകനായ ഭഗവാന്റെ കവചം.സ്തുതിക്കൊടുവില്‍, ഭീഷ്മര്‍ക്ക് ഭക്തവല്‌സലനായ കൃഷ്ണന്റെ 'വിശ്വരൂപ ദര്‍ശനം' പ്രാപ്തമായി.

ആ അഭൌമ തേജസ്സ് നേരില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ഭീഷ്മരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഭഗവാന്‍ പറഞ്ഞു, 'ദേവവൃതാ! അങ്ങയുടെ പൂര്‍വ്വ സ്ഥാനത്തു എത്തിചേരാന്‍ ഞാനിതാ അങ്ങേക്ക് അനുവാദം തന്നിരിക്കുന്നു. അങ്ങു 'വസുക്കളോടോപ്പം' ചേരുക. അങ്ങക്കിനി ഒരിക്കലും ഈ ഭൂമിയില്‍ ജനിക്കാന്‍ ഇട വരില്ല. മരണം അങ്ങയുടെ വിളിക്കു വേണ്ടി കാതോര്‍ക്കുകയാണ്. സ്വന്തം ശരീരം വെടിയാന്‍ ഞാനിതാ അങ്ങേക്ക് അനുവാദം തരുന്നു.'ആ നിമിഷം! ഭീഷ്മരുടെ മുഖത്തു ഒരപൂര്‍വ്വ കാന്തി പരന്നു. അദ്ദേഹം കണ്ണുകളടച്ചു മരണത്തെ വരിക്കാന്‍ തയ്യാറായി. ആ ശരീരത്തില്‍ നിന്നുയര്‍ന്ന ഉജ്ജ്വലതേജസ്സ് ആകാശത്തില്‍ ലയിച്ചു. സ്വര്‍ഗ്ഗത്തിലെ ഉപകരണങ്ങളില്‍ നിന്നുയര്‍ന്ന മധുരമായ സംഗീത ധ്വനിയാല്‍, അവര്‍ ആ തേജസ്സു ഏറ്റുവാങ്ങി. സുഗന്ധവാഹിയായ കുളിര്‍ തെന്നല്‍ ഭൂമിയില്‍ പരന്നു.ദേവവൃതന്‍ മരണം ഏറ്റുവാങ്ങി.

മഹാന്മാരില്‍ മഹാനായ ഭീഷ്മര്‍ ഇനി ഓര്‍മ്മ മാത്രം!

നിഷ്‌കാമനും, നിസ്വാത്ഥനുമായ ഈ പുണ്യാത്മാവിന്റെ വിടവാങ്ങല്‍ ഭൂമിക്കു താങ്ങാവുന്നതിനപ്പുറമായിരുന്നു.അറിവിന്റെ ആ ആഴകടല്‍ ലോകത്തിനു നഷ്ടപ്പെട്ടു.

യുഗങ്ങല്‍ കടന്നിട്ടും ഭീഷ്മര്‍ എന്ന മുത്തച്ഛന്‍ നമ്മുടെ ഓര്‍മ്മകളില്‍ പലപ്പൊഴും ഓടി എത്തുന്നു അന്യന്റെ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പുണ്യാത്മാവ്!!

ചന്ദനമരം കൊണ്ടുള്ള ചിതയില് അവര്‍ ഭീഷ്മരുടെ ദേഹം അസ്ത്രങ്ങള്‍ സഹിതം എടുത്തു വെച്ചു.യുധിഷ്ടിരനും, വിദുരരും കൂടി ആ പുണ്യാത്മാവിന്റെശരീരം പട്ടുകള്‍ കൊണ്ടും, പുഷ്പങ്ങള്‍ കൊണ്ടും പൊതിഞ്ഞു. യുയുല്‌സു അതിനുമിതേ വെണ്‍കൊറ്റ കുട പിടിച്ചു. ബ്രാഹ്മണര്‍ സാമഗാനം പാടി. ആ വിലാപ ഘോഷയാത്ര അത്യധികം പ്രൌഡ ഗംഭീരമായിരുന്നു. ഹസ്തിനപുരി ആകെ ദുഖ തപ്തമായി. ആ മഹാത്മാവിന്റെ ഭൌതിക ദര്‍ശനത്തിനു ജനലക്ഷങ്ങള്‍ ഒഴുകി എത്തി.

കണ്ണീരാല്‍ അവര്‍ തങ്ങളുടെ കിരീടം ധരിക്കാത്ത രാജാവിനു അന്ത്യാഞ്ജലി അര്‍പ്പിച്ചു, പുഷ്പങ്ങള്‍ വര്‍ഷിച്ചു ആദരവു കാട്ടി. ധൃതരാഷ്ട്രര്‍ ചിതക്കു തീ കൊളുത്തി, മറ്റുള്ളവര്‍ ബാക്കി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അടുത്ത ദിവസം അവര്‍ ആ മഹാന്റെ അസ്ഥികള്‍ പെറുക്കി എടുത്തു, അനന്തര കര്‍മ്മങ്ങള്‍ക്കായി ഗ0ഗതീരത്തു എത്തി. അവര്‍ ഗംഗയില്‍ തര്‍പ്പണം ചെയ്തു. തന്റെ പുത്രന്റെ വീയോഗം ആ മാതാവിനു താങ്ങാനായില്ല. ഗംഗയുടെ ഒഴുക്കു നിശ്ചലമായി. അവള്‍ വിലപിച്ചു, 'എന്റെ വാല്‌സല്യനിധിയായ പുത്രന്‍ മരിച്ചിരിക്കുന്നു.

ഒരു കുലത്തിന്റെ നന്മക്കു വേണ്ടി അവന്‍ സ്വന്ത്വം ജീവന്‍ പോലും ഉഴിഞ്ഞു വെച്ചു. ഏറെ തളര്‍ന്ന പല ദിവസങ്ങളിലും അവന്‍ ആശ്വാസം തേടി എന്റെ അരികിലെത്തി. ഞാന്‍ അവനെ ആശ്വസിപ്പിച്ചു.ധൈര്യം നല്‍കി. കര്‍മ്മധീരനും, പ്രതിജ്ഞാബന്ധനുമായ എന്റെ പുത്രന്റെ മുന്നില്‍ 'ഭാര്‍ഗ്ഗവരാമനു' പോലും തോല്വ്വി സമ്മതിക്കേണ്ടി വന്നിട്ടുണ്ട്.

ഒന്നിനും അവന്റെ ദൃഡനിശ്ചയത്തെ തളര്‍ത്താന്‍ ആയില്ല. അവന്‍ ഒരു മഹാനായിരുന്നു... എനിക്കവനെ നഷ്ടപ്പെട്ടു!' ഗംഗയുടെ വിലാപം കണ്ടു നില്ക്കാന്‍ ഏവര്‍ക്കും ബുദ്ധിമുട്ടായി...

ആശ്വാസവാക്കുകള്‍ക്കായി അവര്‍ പരസ്പരം പരതി. കൃഷ്ണന്‍ മുന്നോട്ടു കടന്നു, ഗംഗയുടെ തോളില്‍ മൃദുവായി സ്പര്‍ശിച്ചു, 'ഗംഗേ! എല്ലാം അറിയുന്ന ഭവതി ഈ വിധം ദുഖിക്കുന്നതു ശരിയല്ല. ഭവതിയുടെ പുത്രന്‍ 'വസു' ആയിരുന്നു, അവന്‍ ദേവതുല്യനായിരുന്നു. അവനു രാജ്യം ഭരിക്കാന്‍ അവകാശമില്ല.

എന്നാല്‍, നയിക്കാന്‍ ഭവതിയുടെ പുത്രനോളം കഴിവുള്ള ഒരാളും ഇനി ലോകത്തുണ്ടാവില്ല. ഗംഗേയനിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു.

അവനിപ്പോള്‍ വസുക്കളൊടു ചേര്‍ന്ന് സര്‍ഗ്ഗത്തില്‍ വസിക്കുന്നു. അവനെ ഓര്‍ത്തു ഭവതി അഭിമാനിക്കുക.. ഇത്രയും നന്മ നിറഞ പുത്രനെ ലോകത്തിനു പ്രദാനം ചെയ്യാന്‍ കഴിഞ്ഞ ഭവതി പുണ്യവതിയാണു. ദുഖം വെടിഞ്ഞു കടമ നിര്‍വ്വഹിക്കുക.' കൃഷ്ണ വാക്കുകളില്‍ ഗംഗ ആശ്വാസം കണ്ടെത്തി. ഗംഗ സ്വച്ഛമായി വിണ്ടും ഒഴുകിത്തുടങ്ങി. ചടങ്ങുകള്‍ക്ക് ശേഷം ഘനീഭവിച്ച ദുഖത്തോടെ അവരേവരും ഹസ്തിനപുരിയിലേക്കു മടങ്ങി. വര്‍ഷങ്ങളോളം തങ്ങളുടെ എല്ലമെല്ലാം ആയിരുന്ന പിതാമഹന്‍ അവര്‍ക്കിനി ഓര്‍മ്മ മാത്രം!!

(വസുക്കള്‍ പുരാണ ആഖ്യാന പ്രകാരം, ദക്ഷപ്രജാപതിയുടെ അറുപതു പുത്രിമാരില്‍, പത്തു പേരെ ധര്‍മ്മദേവന്‍ വിവാഹം ചെയ്തു. അവരില്‍, 'വസു' എന്ന ദക്ഷപുത്രിയില്‍, ധര്‍മ്മദേവനു ജനി ച്ച എട്ടു പുത്രന്മാരെ വസുക്കളായി അറിയപ്പെടുന്നു. ഇവര്‍ ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്‌നി, ദോഷന്‍, വസു, വിഭാവസു) ഇവരെ ദേവാംശ തുല്യരായി കണക്കാക്കുന്നു. വസിഷ്ട ശാപമൂലം ഭൂമിയില്‍ ജനിക്കാനിട വന്ന ഇവര്‍ക്ക് പിറവിയൊടെ മരണവും ശാപമോക്ഷമായി വിധിച്ചിരുന്നു.

എന്നാല്‍, എട്ടാമനായി ജനിച്ച ഭീഷ്മര്‍ ഭൂമിയില്‍ ഏറെകാലം ജീവിക്കാന്‍ ആഗ്രഹിച്ചു അറിവിന്റെ ആഴക്കടല്‍, കര്‍മ്മധീരനായ ഭരണ തന്ത്രജ്ഞന്‍, സര്‍വ്വോത്തമനായ കൃഷ്ണ ഭക്തന്‍ വിശേഷണങ്ങള്‍ക്കപ്പുറം വിശേഷ്യമുള്ള ഭീഷ്മര്‍ എന്നും ലോകത്തിനു മാര്‍ഗ്ഗദര്‍ശിയാണ്.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories