ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അശ്വ മേധിക ആശ്രമവാസിക പര്‍വ്വങ്ങള്‍


അശ്വ മേധിക ആശ്രമവാസിക പര്‍വ്വങ്ങള്‍

എത്ര ശ്രമിച്ചിട്ടും താന്‍ 'ഭാതൃ ഹന്താ' വാണെന്ന കുറ്റ ബോധത്തില്‍ നിന്ന് യുധിഷ്ടിരന്‍ മുക്തനായില്ല. ഒപ്പം കൗരവ കുലനാശത്തിനും താന്‍ കാരണക്കാരന്‍ ആണെന്ന തോന്നല്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. ഉപദേശങ്ങള്‍ ആഴത്തില്‍ വേരുന്നിയ വ്രണത്തിന്റെ പുറം മാത്രമേ ഉണക്കിയുള്ളൂ.. ഉള്ളിലെ വിങ്ങല്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. ആ സാധുവിന്! ചിന്തകള്‍ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല. തന്റെ സ്വാര്‍ത്ഥതയുടെ പൂര്‍ത്തീകരണത്തിന് വേണ്ടി ആണങ്കില്‍ പോലും ധൃതരാഷ്ട്രര്‍, സജ്ജയന്‍ വഴി തനിക്ക് യുദ്ധത്തിനു മുന്‍പ് കൊടുത്തുവിട്ട കത്തിലെ വാക്കുകള്‍ യുധിഷ്ടിരന്‍ ഓര്‍ത്തു 'സഹോദരന്മാരുടെ കൊലക്കു കാരണമായ ദുഃഖം അങ്ങയെ വിട്ടോഴിയില്ല. അവരുടെ മരണം കൊണ്ടു പ്രാപ്തമാകുന്ന രാജ്യം അങ്ങേക്ക് സുഖത്തിനു പകരം ദുഖമാകും പ്രദാനം ചെയ്യുക.' പുത്രന്മാരുടെ നന്മ മാത്രം ഉദ്ദേശിക്കുന്ന ആ സ്വാര്‍ത്ഥത താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല, നീതിക്കു വേണ്ടി പോരാടി. ധൃതരാഷ്ട്ര വാക്കിലെ ഒരു ശതമാനം സത്യം ഇന്നു തനിക്കു നേരെ ആഴത്തില്‍ ആഞ്ഞടിക്കുന്നു.. ഈ മാനസിക സംഘര്‍ഷങ്ങളൊന്നും യുധിഷ്ടിരന്റെ ഭരണത്തെ ബാധിച്ചില്ല. അദ്ദേഹം ഭരണ കാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവും, പ്രജാ ക്ഷേമ തല്പരനുമായിരുന്നു.

ജനങ്ങളാല്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന രാജാവായി തീര്‍ന്നു യുധിഷ്ടിരന്‍ ഭീഷ്‌മോപദേശം അദ്ദേഹം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടു.

കൃഷ്ണനും, അര്‍ജ്ജുനനും ഒരുമിച്ചു പല സ്ഥലങ്ങളിലും ചുറ്റി തിരിഞ്ഞു. സമപ്രായരും, സതീര്‍ത്ഥരുമായ അവര്‍ക്കിടയില്‍, സൌഹൃദവും, സ്‌നേഹവും പരസ്പര ബഹുമാനവും എപ്പോഴും പ്രകടമായിരുന്നു. ഒരത്മാവോടെ പിറന്ന രണ്ടു ശരീരങ്ങള്‍... നരനും, നാരായണനും. യാത്രകള്‍ക്കിടയില്‍ അവര്‍ പഴയ 'ഇന്ദ്രപ്രസ്ഥത്തില്‍ എത്തി.

ആ രാജകൊട്ടാരത്തിന്റെ അകത്തളങ്ങള്‍ തോറും അവര്‍ കയറി ഇറങ്ങി. ഖാണ്ടവ ദഹന സമയത്ത് താന്‍ അഗ്‌നിയില്‍ നിന്നു രക്ഷപ്പെടുത്തിയ മയന്‍ എന്ന അസുര ശില്പി, ഉപകാര സ്മരണയോടെ നിര്‍മ്മിച്ചു നല്‍കിയ 'രാജസഭ '.

രാജസഭയുടെ അകത്തളങ്ങളില്‍ വിശ്രമിക്കുമ്പോള്‍ അര്‍ജ്ജുനന്റെ മനസ്സ് സമ്മിശ്രമായ ചിന്തകള്‍ക്ക് അടിപ്പെട്ടു. കൃഷ്ണന്‍ അത് ശ്രദ്ധിച്ചു,
'എന്താ പാര്‍ത്ഥ! എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു അല്ലെ? കാലത്തിന് ഉണക്കാന്‍ കഴിയാത്ത മുറിവുകള്‍ ഇല്ല.'

അര്‍ജ്ജുനന്‍ ഒന്നു പുഞ്ചിരിച്ചു, ' മാധവാ! ഞാന്‍ മനസ്സുകൊണ്ട് കഴിഞ്ഞതെല്ലാം ഒരു നാടകം പോലെ നോക്കികാണുകയാണ്. ഏറെ വിചിത്രമെന്നു ചിത്രീകരിക്കാവുന്ന സംഘര്‍ഷഭരിതമായ അനേകം മുഹൂര്‍ത്തങ്ങള്‍ ക്കൊടുവില്‍ നാം ഇതാ ഇപ്പോള്‍ ഇവിടെ എത്തി നില്ക്കുന്നു.' അര്‍ജ്ജുനന്‍ നിശ്വസിച്ചു. കൃഷ്ണന്‍: ' ഒന്നോര്‍ത്തു നോക്കൂ പാര്‍ത്ഥ! ഈ നാടകാരംഭം എവിടെ നിന്നാണന്ന് ?'അര്‍ജ്ജുനന്‍: 'ദ്രൌപതിയുടെ ഹസ്തിനപുര പ്രവേശനമായിരുന്നു ഒന്നാം അങ്കം. സൂത്രധാരനില്‍ നിന്ന് അരങ്ങ് കീഴടക്കുകയായിരുന്നു ദ്രൗപതി. ഹോമാഗ്‌നി സംഭുതയായ അവള്‍ക്കു അവളുടെ അവതാരോദ്ദേശം നേടിയല്ലേ പറ്റു..'

കൃഷ്ണന്‍ : ' ശരി! ശരി! അടുത്ത അങ്കം എവിടെ നിന്നെന്നു പറഞ്ഞാലും!

അര്‍ജ്ജുനന്‍: കൃഷ്ണാ! അങ്ങയുടെ രംഗ പ്രവേശനത്തിലൂടെ അടുത്ത അങ്കം ശുഭസൂചകമായി തുടങ്ങി. ഇന്ദ്രപ്രസ്ഥ നിര്‍മ്മാണം, ഖാണ്ഡവ ദഹനം, മയനിര്‍മ്മിതമായ രാജസഭ, ജരാസന്ധവധം.. അങ്ങിനെ എല്ലാത്തിന്റെയും ചുക്കാന്‍ പിടിച്ചത് അങ്ങുത്തന്നെയല്ലെ മാധവാ! വീണ്ടും മുന്നാം രംഗാരംഭത്തില്‍ നാരദ മഹര്ഷിയുടെ വരവ്, ജ്യേഷ്ഠന്റെ രാജസൂയ മോഹം...'

കൃഷ്ണന്‍ ' നില്‍ക്കൂ പാര്‍ത്ഥ! അടുത്ത രംഗാ വിഷ്‌ക്കാരം എന്നില്‍ നിന്നു തന്നെ. അഗ്രപൂജ, ശിശുപാല വധം, ദുര്യോധനന്റെ ഇന്ദ്രപ്രസ്ഥത്തിലെ വീഴ്ച, ദ്രൌപതിയുടെ പൊട്ടിച്ചിരി..., നാടകം കൊഴുത്തു തുടങ്ങി.

അര്‍ജ്ജുനന്‍: 'നാലാം അങ്കത്തില്‍, ജയന്ത സഭയിലെ ജ്യേഷ്ഠന്റെ പരാജയം, ദ്രൌപതിയുടെ വസ്ത്രാക്ഷേപം, ആ പതിവ്രതയുടെ ശാപവച്സ്സുകള്‍, ഗതികേടില്‍ നിന്നുയര്‍ന്ന ധാര്‍മ്മിക രോഷത്തോടെ ഞങ്ങള്‍ ചെയ്ത ദൃഢപ്രതിജ്ഞകള്‍!

കൃഷ്ണന്‍ : 'കൌന്തേയാ! അടുത്ത രംഗം അല്പം ശോകത്തോടു കൂടിയ പലായനത്തില്‍ നിന്നു തുടങ്ങി. വനവാസം, അജ്ഞാതവാസം, യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍...'

അര്‍ജ്ജുനന്‍: 'എന്നാല്‍ കൃഷ്ണാ! ദൂതനായുള്ള അങ്ങയുടെ ഹസ്തിനപുര സന്ദര്‍ശനം, എടുത്തു പറയേണ്ട രംഗം തന്നെ. സന്ധിക്കു പോയി മടങ്ങി വന്ന അങ്ങ്, യുദ്ധത്തിനു തയ്യാറാകാന്‍ പ്രേരിപ്പിക്കുകയല്ലേ ചെയ്തത് ? ഈ മായ അങ്ങക്കല്ലാതെ ആര്‍ക്കറിയും മാധവാ! ' അര്‍ജ്ജുനന്‍ അറിയാതെ കൈകുപ്പി.

കൃഷ്ണന്‍: ' അര്‍ജ്ജുനാ! ധര്‍മ്മം പുനസ്ഥാപിക്കുക എന്നത് എന്റെ അവതാര ലക്ഷ്യമാണ്. നേരായ മാര്‍ഗ്ഗം ഉപദേശിച്ചു കൊടുത്തിട്ടും അനുസരിക്കാന്‍ ഭാവമില്ലാതവരുടെ 'അഹന്ത' ഹനിക്കുക തന്നെ വേണം. ഇല്ലെങ്കില്‍ ഒരിക്കലും ധര്‍മ്മത്തിന് നില നില്ക്കാനാവില്ല. സുദീര്‍ഘമായ ഈ നാടകത്തിന്റെ അന്ത്യം നീ എങ്ങനെ വിലയിരുത്തുന്നു കൌന്തെയാ !

അര്‍ജ്ജുനന്‍: 'പതിനെട്ടാം ദിവസത്തെ യുദ്ധത്തില്‍ ശല്യര്‍ വധിക്കപ്പെട്ടു. അതോടെ യുദ്ധം തീരേണ്ടതായിരുന്നു. എന്നിട്ടും ദുര്യോധനന്‍ യുദ്ധം തുടര്ന്നു. പിന്നാലെ കുടിലനായ ശകുനി വധിക്കപ്പെട്ടു.. നാടകം അതോടെ അവസാനിച്ചെങ്കിലും, അണിയറയില്‍ 'ഭരത വാക്യത്തിനുള്ള ' തയ്യാറെടുപ്പു തുടങ്ങി. ദുര്യോധന വധത്തോടെ അതും കഴിഞ്ഞു; തിരശീല വീണു.....' അര്‍ജുന മനസ്സ് തെല്ലു നേരം ദുഃഖ തപ്തമായി.

മഹായുദ്ധാവലോകനത്തിനുശേഷം കൃഷ്ണന്‍ പറഞ്ഞു ' യുദ്ധത്തിനൊടുവില്‍ എല്ലാം ശുഭ പര്യവസാനമായി കലാശിച്ചു. നിങ്ങള്ക്ക് നിങ്ങളുടെ രാജ്യം തിരിച്ചു കിട്ടി. എന്റെ ദൗത്യവും വിജയകരമായി പൂര്‍ത്തിയായി. ഇനി എനിക്ക് വിടപറയേണ്ട ഘട്ടമായി...' അര്‍ജ്ജുനന്റെ കണ്ണുകള്‍ നിറഞ്ഞു 'ഭഗവന്‍! അങ്ങ് ഇങ്ങനെ പറയുംപ്പോള്‍ എന്റെ മനസ്സില്‍ ഓടി എത്തുന്നത്, 'എന്റെ രഥം ' കത്തി നശിച്ച ദിവസമാണ്. അന്ന് അങ്ങ് പറഞ്ഞു 'ലക്ഷ്യ പൂര്‍ത്തികരണതിനു ശേഷം ഒന്നിനേയും ഭൂമിക്ക് ആവശ്യമില്ല. ഉണ്ടെന്ന് തോന്നുന്നത് മിഥ്യയാണ്.' അര്‍ജ്ജുനന്‍ ഏതോ ഉള്‍പ്രേരണ എന്ന പോലെ കൃഷ്ണനെ ബലമായി മുറുകെ പിടിച്ചു 'മാധവാ! അങ്ങയെ വിട്ടുനെല്കാന്‍ എനിക്കാവില്ല.ഞങ്ങള്‍ക്ക് ഇനിയും അങ്ങയെ ആവശ്യമുണ്ട്.'കൃഷ്ണന്‍ ചിരിച്ചു ' നീ വെറുതെ പേടിക്കുന്നു. എനിക്ക് തല്ക്കാലം നിങ്ങളെ പിരിയേണ്ടി വരുമെന്ന് മാത്രമേ ഞാന്‍ഉദ്ദേശി ച്ചോ ള്ളൂ, അതും താങ്കളുടെ ജ്യേഷ്ടന്‍ അനുവദിച്ചാല്‍ മാത്രം! എനിക്ക് ദ്വാരകയിലേക്ക് മടങ്ങി, എന്റെ മാതാപിതാക്കളെ ദര്‍ശിക്കണം, അത്രമാത്രം.യുധിഷ്ടിരന്റെ ഭക്തി പാശം ഒന്നയഞ്ഞു കിട്ടിയാലല്ലേ എനിക്കതിനാവു. നീ വേണം എന്നെ സഹായിക്കാന്‍...'

അര്‍ജ്ജുനന്‍ വിവരം യുധിഷ്ടിരനെ അറിയിച്ചു. യുധിഷ്ടിരന്‍ കൃഷ്ണനു മുന്നില്‍ കൈകൂപ്പി ' കൃഷ്ണാ! അങ്ങയുടെ ആവശ്യം ന്യായമാണ്. എന്നാലും, അങ്ങയെ ഞങ്ങള്‍ പിരിയുന്നതെങ്ങനെ? ഒരുറപ്പില്‍ ഞാന്‍ അങ്ങക്കനുവാദം തരാം... ഞാന്‍ സ്മരിക്കുന്ന നിമിഷത്തില്‍ അങ്ങ് എന്റെ മുന്നില്‍ വരണം.' കൃഷ്ണന്‍ യുധിഷ്ടിരന്റെ കൈ പിടിച്ചു 'ഞാന്‍ ഉറപ്പു തരുന്നു. ഇനി എന്നെ പോകാന്‍ അനുവദിച്ചാലും...'>

അടുത്ത പ്രഭാതത്തില്‍ കൃഷ്ണന്‍ ദ്വാരകയിലേക്ക് തിരിച്ചു. വിടപറയും വേളയില്‍ നിറഞ്ഞു കവിഞ്ഞ ആ ഭക്തരുടെ കവിള്‍ത്തടങ്ങള്‍, ആ ഭക്തവത്സലന്‍ സ്‌നേഹത്തോടെ തുടച്ചു. ദാരുകരഥം കണ്മറയുവോളം അവര്‍ ഇമവെട്ടാതെ നോക്കി നിന്നു... തങ്ങളുടെ നാഥന്‍ വിട പറഞ്ഞിരിക്കുന്നു !

വ്യാസമുനി യുധിഷ്ടിര രാജസഭയില്‍ പലപ്പോഴും വന്നിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അത്യന്തം വിശാല മനസ്സോടെ യുധിഷ്ടിരന്‍ ഉള്‍ക്കൊണ്ടു. കഴിഞ്ഞു പോയ സംഭവങ്ങളില്‍ നിന്നും രാജാവ് തീര്‍ത്തും മുക്തനായിട്ടില്ലെന്ന് മനസ്സിലായ വ്യാസന്‍, ഒരുപായം മുന്നോട്ടു വെച്ചു. ഒരു' അശ്വമേധ യാഗം 'നടത്തുക! രാജാവിനെ സംബന്ധിച്ച്, ഇത് കീര്‍ത്തി വര്‍ദ്ധിപ്പിക്കാനും പുണ്യം നിലനിര്‍ത്താനും ഏറെ ഉപകരിക്കും.

'ശരിയാണ് മുത്തച്ഛാ !പക്ഷെ, അതിനുള്ള ധനം പ്രാപ്തമാക്കുക ഏറെ ദുഷ്‌ക്കരമാണ്.'

നീ വിഷമിക്കേണ്ട !ഞാന്‍ ഒരു മാര്‍ഗ്ഗം പറയാം, മരുത്ക്കളുടെ കണക്കറ്റ ധനം ഹിമാലയ താഴ്വരയില്‍ സൂക്ഷിച്ചിട്ടുണ്ട്. നിങ്ങള്‍ അത് കണ്ടെടുക്കാനുള്ള വഴികള്‍ ആരായുക.' യുധിഷ്ടിര സഹോദരന്മാരും ഈ നിര്‍ദേശത്തില്‍ ആഹ്‌ളാദം കണ്ടെത്തി. ജ്യേഷ്ടന്റെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാന്‍ ആ സഹോദരന്മാര്‍ തയ്യാറായിരുന്നു... സഹോദരന്മാരുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ യുധിഷ്ടിര രാജാവിനോളം കഴിവ് മറ്റാര്‍ക്കും ഉണ്ടായിക്കാണില്ല. അവര്‍ക്ക് തങ്ങളുടെ ജേഷ്ടന്‍ ദേവതുല്യനെങ്കില്‍, ജ്യേഷ്ടന് തന്റെ സഹോദരങ്ങള്‍ മക്കള്‍ക്ക് സമരായിരുന്നു...രക്തവും മജ്ജയും തമ്മിലുള്ള അഭേദ്യമായ ബന്ധം! അശ്വത്തെ തെളിച്ചു കൊണ്ട് ലോകം ചുറ്റുന്ന കാര്യം അര്‍ജ്ജുനന്‍ സസന്തോഷം ഏറ്റെടുത്തു.

വ്യാസ മഹര്‍ഷിയുടെ നിര്‍ദ്ദേശ പ്രകാരം തങ്ങള്‍ അശ്വമേധ ധനശേഖരണാര്‍ത്ഥം, ഹിമാലയത്തിലേക്ക് പോകുന്നതായി പാണ്ഡവര്‍, ദൂതന്‍ മുഖേന കൃഷ്ണനേയും, ബലരാമനെയും അറിയിച്ചു. യുയുല്‌സുവിനെ രാജ്യഭാരം ഏല്പിച്ചു യുധിഷ്ടിരന്‍ യാഗത്തിന് ഉദ്ധ്യുക്തനായി.

പുതിയ വഴിയിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍, യുധിഷ്ടിരന്‍ കുടുതല്‍ കര്‍മ്മനിരതനും. ഉല്‍സാഹിയും ആയിതീര്‍ന്നു. യുധിഷ്ടിര യാഗത്തില്‍ പങ്കെടുക്കുന്നതിനു, വൃഷ്ണി കുലം ഒന്നടങ്കം, കാലെകൂട്ടി കൃഷ്ണനോടും, ബലരാമനോടുമൊപ്പം ഹസ്തിന പുരത്തിലേക്ക് തിരിച്ചു.

ഗര്‍ഭം ധരിച്ചിരുന്ന ഉത്തര ഏതുനിമിഷ വും പ്രസവിക്കുമെന്നു കൃഷ്ണന്‍ ഉറപ്പിച്ചിരുന്നു... പിറവിയില്‍ ആ കുഞ്ഞിനു ജീവനുണ്ടാവില്ല. അശ്വധാമാവിന്റെ ബ്രന്മശീര്‍ഷ വലയത്തില്‍ നിന്നു താനവനെ മുക്തനാക്കുമെന്നു ഉത്തരക്കു നല്‍കിയ വാക്കു പാലിക്കണം. ആ ദിവസം ആഗതമായി. ഉത്തര പ്രസവിച്ചു. ജീവനില്ലാത്ത കുഞ്ഞിനെ ഒരു ഉള്‍വിളി പോലെ കൃഷ്ണന്‍ ഉത്തര കിടന്നിരുന്ന മുറിയുടെ അരികിലെത്തി.

മുറിക്കു പുറത്തു നിന്ന കുന്തിയുടെ വിലാപം അദ്ദേഹം ശ്രദ്ധിച്ചു,' എന്റെ കൃഷ്ണാ! അങ്ങീ കുഞ്ഞിനു ജീവന്‍ നല്‍കിയാലും. ഞങ്ങള്‍ക്ക് ആകെയുള്ള പ്രതീക്ഷയാണ് ഈ സന്തതി. ഇവന്‍ അങ്ങയുടെയും അംശമല്ലേ? ജീവിക്കാന്‍ വേണ്ട ഉള്‍ത്തുടിപ്പുള്ള, ഇവന്‍ ജീവിക്കാന്‍ അശ്വധാമാവയച്ച ബ്രന്മാസ്ത്ര ബന്ധനം അനുവദിക്കുന്നില്ല പ്രഭോ! കരുണയുണ്ടാകണം ' കൃഷ്ണന്‍ കുന്തിയെ സ്വാന്തനിപ്പിച്ചു. 'എന്റെ ശപഥം ഞാന്‍ പാലിച്ചിരിക്കും! ഞാന്‍ ഈ കുഞ്ഞിനു ജീവന്‍ നല്‍കും. ഈ ജന്മത്തില്‍ ഞാന്‍ അനുഷ്ടിച്ച പുണ്യ ഫലം

മുഴുവന്‍ ഇവനു വേണ്ടി ത്യജിക്കുന്നതാണ്! എന്നെ വിശ്വസിക്കു !' കൃഷ്ണന്‍ ഉത്തരയുടെ സമീപം എത്തി. നവജാത ശിശുവിന്റെ സുന്ദര മുഖം അദ്ദേഹം ദര്‍ശിച്ചു. തന്റെ സഹോദരീ പൌത്രന്റെ പിഞ്ചു ശരീരം,അദ്ദേഹത്തില്‍ സ്‌നേഹ പ്രവാഹം ഉണര്‍ത്തി. നോക്കിനില്‌ക്കെ കൃഷ്ണവദനം ഗൗരവപൂര്‍ണ്ണമായി. അദ്ദേഹം മറ്റൊരു ലോകത്തേക്ക് മറയുന്നതു പോലെ എല്ലാവര്ക്കും തോന്നി. അവരേവരും അത്ഭുതാദരവൊടെ ആ തിരുരൂപം ദര്‍ശിച്ചു. പൊടുന്നനെ കൃഷ്ണന്‍ ആ നവജാത ശിശുവിനെ തന്റെ കൈകളാല്‍ വാരിയെടുത്തു. ആ പിഞ്ചു ശരീരം മടിയില്‍ വെച്ച്, തന്റെ ദിവ്യമായ കൈകളാല്‍, കൃഷ്ണന്‍ അവനെ ആപാദ ചൂടം തലോടി. ആ ദിവ്യ സ്പര്ശമേറ്റ കുഞ്ഞ് പൊടുന്നനെ കരഞ്ഞു തുടങ്ങി... അവന്‍ ബ്രന്മാസ്ത്ര വിമുക്തനായി പുനര്ജനിച്ചു.

ഏവരും സന്തോഷത്തില്‍ മതിമറന്ന നിമിഷം കൃഷ്ണന്‍ സ്വധാമത്തേക്ക് മടങ്ങിവരാനുള്ള ശക്തി വീണ്ടെടുക്കുകയായിരുന്നു. ആയാസത്തില്‍ കൃഷ്ണ ശരീരം വിയര്‌തോലിച്ചുവിയര്‍ത്തൊലിച്ചു. കുഞ്ഞിനെ മാതാവിനെ എല്പ്പിച്ച കൃഷ്ണന്‍, ഇടറിയ കാല്‍ വെയ്പ്പുകളോടെ മുറിക്കു പുറത്തു കടന്നു. വെളിയില്‍ കാത്തു നിന്ന സാത്യകി കൃഷ്ണനെ ഇരിപ്പടത്തിലേക്ക് ആനയിച്ചു. ഓജസ്സു വാര്ന്നു പോയ കൃഷ്ണനെ തന്നെ സാത്യകി പ്രാര്‍ഥനയോടെ ഉറ്റുനോക്കി നിന്നു. നിമിഷങ്ങള്ക്കകം കൃഷ്ണന്‍ തന്റെ പൂര്‍വ്വ ശക്തിയും, ഓജസ്സും വീണ്ടെടുത്തു, കൃഷ്ണന്‍ സാത്യകിയുടെ അടുത്തേക്ക് മടങ്ങിയെത്തി. കൃഷ്ണ ദര്‍ശനം പ്രാപ്തമായ സാത്യകി പറഞ്ഞു 'അഭിമന്യു വീണ്ടും പുനര്ജ്ജനിച്ചിരിക്കുന്നു! അങ്ങ് ചെയ്ത സത്കര്‍മ്മങ്ങളില്‍ ഏറ്റവും മഹത്തരമായി ഇത് ലോകം എന്നും വാഴ്ത്തപ്പെടും... അനപത്യ ദുഃഖത്തില്‍ നിന്ന് ഒരുകുലം തന്നെ അങ്ങയുടെ തൃക്കൈകളാല്‍ രക്ഷപ്പെടുത്തിയിരിക്കുന്നു ' കൃഷ്ണന്‍ മന്ദഹസിച്ചു 'യുദ്ധം ജയിക്കുന്നതിനേക്കാള്‍ ശ്രമ കരമായിരുന്നു ഈ കര്‍മ്മം'. പൗരവ സിംഹാസനത്തിന് പുതിയൊരു നാഥനെ കിട്ടിയതില്‍, കൊട്ടാരവും, രാജ്യവും ആഹ്ലാദത്തില്‍ മതിമറന്നു. പരീക്ഷണങ്ങളെ അതിജീവിച്ച ആ കുഞ്ഞിന് അവര്‍ 'പരീക്ഷിത്ത്' എന്ന് നാമകരണം നടത്തി.

അശ്വമേധ കര്‍മ്മത്തിന്റെ പ്രാരംഭ ചടങ്ങുകള്‍ക്കായി ഉത്തര ദിക്കിലേക്ക് പോയിരുന്ന യുധിഷ്ടിര രാജാവിന്റെ, മടക്ക യാത്രയെ കുറിച്ചറിഞ്ഞ കൃഷ്ണന്‍, പരിവാരസമേതം മാര്‍ഗ്ഗമദ്ധ്യേ അദ്ദേഹത്തെ സ്വീകരിക്കാന്‍ വേണ്ട ഏര്‍പ്പാടുകളുമായി നടന്നു.

അവര്‍ യുധിഷ്ടിരനെ നഗരത്തിലേക്ക് ആഘോഷ പൂര്‍വ്വം ആനയിച്ചു. തത്സമയം വ്യാസനും എത്തിച്ചേര്ന്നു. ആ ശുഭ മുഹൂര്‍ത്തത്തില്‍ അശ്വമേധ യാഗത്തിനുള്ള മുഹൂര്‍ത്തം കുറിക്കപ്പെട്ടു.

തന്റെ അടുത്ത പിന്ഗാമിയായി ജനിച്ച ഉത്തരാ പുത്രനെ കണ്ട യുധിഷ്ടിരന്‍ സര്‍വ്വ ദുഖങ്ങളും മറന്ന് സന്തോഷവാനായി തീര്‍ന്നു. ഭീമന്റെ വലുതും ബലിഷ്ടവുമായ ഹസ്തത്തില്‍ ആ കുഞ്ഞ് ആമ്പല മൊട്ടെന്നവണ്ണം ശോഭിച്ചു. ഹസ്തിനപുരത്തിന്റെ അനന്തരാവകാശി ആയി ജനിച്ച ആ കുഞ്ഞിനെ അവരേവരും ഏറെ ലാളിക്കുകയും സ്‌നേഹിക്കുകയും ചെയ്തു. യുധിഷ്ടിരന്‍ ഏറെ വിനയാന്വിതനായി കൃഷ്ണ സമീപം എത്തി ഉണര്‍ത്തിച്ചു,' മഹാപ്രഭോ! അങ്ങ് ഞങ്ങള്‍ക്കായി ഈ രാജ്യം നേടിത്തന്നു. ഈ യാഗത്തിന്റെ ചുമതലയും അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ ധന്യരാക്കണമെന്ന് അപേക്ഷിക്കുന്നു'. കൃഷ്ണന്‍ ചിരിച്ചു കൊണ്ട് യുധിഷ്ടിരന്റെ തോളില്‍ തട്ടി ' ഒരു രാജാവ് ഈ ഒരു കാര്യത്തിനു വേണ്ടി ഇത്ര യേറെ വിനയാന്വിതന്‍ ആകേണ്ട യാതൊരു ആവശ്യകതയുമില്ല. അങ്ങയുടെ അപേക്ഷ ന്യായമെങ്കിലും എന്റെ അഭിപ്രായം മറ്റൊന്നാണ്, ചന്ദ്രവംശ പാരമ്പര്യം അനുസരിച്ച്, അശ്വമേധം രാജാവ് തന്നെ നടത്തുന്നതാണ് ഉചിതവും, ശ്രെയസ്‌ക്കാരവും. അത് അങ്ങയുടെ കീര്‍ത്തി വര്‍ദ്ധിപ്പിക്കും! ഞാന്‍ എന്തിനും അങ്ങയോടൊപ്പം ഉണ്ടാകും !!'

യുധിഷ്ടിരന്‍ സന്തോഷവാനായി 'എന്റെ പ്രഭോ! അങ്ങ് കൂടെയുണ്ടെങ്കില്‍ ഏതു കര്‍മ്മവും ചെയ്യാന്‍ ഞാന്‍ പ്രാപ്തനാകുന്നതാണ്. കര്‍മ്മത്തിന്റെ ഊര്‍ജ്ജവും ഫലദാതാവും അങ്ങു തന്നെയല്ലേ കൃഷ്ണാ...' യുധിഷ്ടിരനില്‍ പ്രകടമായ പുതിയ ഭാവമാറ്റം കൃഷ്ണന്‍ താല്പര്യ പൂര്‍വ്വം നോക്കി കണ്ടു.

യാഗാശ്വത്തെ അര്‍ജ്ജുനന്റെ ചുമതലയില്‍ നാലുദിക്കിലെക്കും അയച്ചു. ഏറെ രാജാക്കന്മാരും എതിര്‍പ്പില്ലാതെ തന്നെ ഹസ്തിന നരേശന് കീഴ്‌പ്പെട്ടു.എതിര്‍ത്ത രാജാക്കന്മാരെ അര്‍ജ്ജുനന്‍ യുദ്ധം ചെയ്ത് തോല്പ്പിച്ചു വശത്താക്കി. എല്ലാ രാജാക്കന്മാരെയും അര്‍ജുനന്‍ അശ്വമേധ യാഗത്തിനു ക്ഷണിച്ചു. അശ്വമേധത്തിന്റെ ചുമതല ഭീമനും, നകുല സഹദേവന്മാരും ഏറ്റെടുത്തു. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് യുധിഷ്ടിരന്‍ ഇന്ദ്രപ്രസ്ഥത്തില്‍ വെച്ചു നടത്തിയ യാഗം പോലെ ഇതും പ്രൌഢഗ്ഗംഭീരമായി. ക്ഷണിതാക്കളായി എത്തിയ പല രാജാക്കന്മാരും പിന്‍തലമുറകാരായിരുന്നെന്നു മാത്രം ! പിതാമഹന്റെ അഭാവം ചടങ്ങിന്റെ മോടിക്ക് അല്പം കുറവു വരുത്തിയോ എന്നു ശങ്ക തോന്നിയയുധിഷ്ടിരന്‍, ദുഖത്തോടെ കൃഷ്ണനെ നോക്കി. 'അങ്ങ് വ്യാകുലനാകരുത്! ഭീഷ്മര്‍ സ്വര്‍ഗ്ഗത്തിലിരുന്നു ഈ കാഴ്ച്ച കണ്ട് അത്യധികം സന്തോഷിക്കും. ഹസ്തിന പുരത്തിന്റെ നന്മയും കീര്‍ത്തിയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജന്മ ലക്ഷ്യം അങ്ങയുടെ കൈകളില്‍ അതു രണ്ടും സുരക്ഷിതമാണെന്ന സംതൃപ്തിയോടെയാണ് അദ്ദേഹം ഇഹലോകം വെടിഞ്ഞത്.' രാജസുയതിനെത്തിയ എല്ലാ രാജക്കാന്മാരെയും രാജാവ് യഥാവിധി സല്ക്കരിച്ചിരുത്തി.ര്‍ഭാടത്തോടെ സമാരംഭിച്ച ചടങ്ങുകള്‍ ഏറെ മംഗളമായി പര്യവസാനിച്ചു. ചടങ്ങുകള്‍ക്ക് ശേഷം രാജര്‍ഷിയായ യുധിഷ്ടിരന് മംഗളം ആശംസിച്ച്, ക്ഷണിതാക്കള്‍ താന്താങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങി. കൃഷ്ണനും പരിവാരങ്ങളും യാത്ര ചോദിച്ച് ദ്വാരകയിലേക്ക് തിരിച്ചു. കാലം കടന്നു. യുധിഷ്ടിരന്‍ ഹസ്തിനപുര ഭരണം ഏറ്റെടുത്തിട്ട് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. യുധിഷ്ടിരന്റെ ഭരണം എല്ലാ രാജാക്കന്മാര്ക്കും മാതൃക ആയിരുന്നു. പ്രജകള്‍ അദ്ദേഹത്തിന് പുത്രതുല്യരും, അവര്‍ക്ക് തങ്ങളുടെ രാജന്‍ അക്ഷരാര്‍ഥത്തില്‍ ദേവതുല്യനുമായിരുന്നു. പരീക്ഷിത്തിന്റെ ഗുരുനാഥനായി കൃപര്‍ നിശ്ചയിക്കപ്പെട്ടു. ഹസ്തിന പുരവുമായി തലമുറകളുടെ ശിക്ഷണ ബന്ധം ഇതോടെ കൃപരില്‍ നിക്ഷിപ്തമായി. അകാരണമായി ധൃതരാഷ്ട്രരുടെ മനസ്സ് വീണ്ടും തപ്തമാകാന്‍ തുടങ്ങി. യുധിഷ്ടിരനും സഹോദരങ്ങളും പിതൃതുല്യം സ്‌നേഹിച്ചിട്ടു പോലും, ആ വൃദ്ധ മനസ്സ് തന്റെ എല്ലാമായിരുന്ന ദുര്യോധനനെ ഓര്‍ത്തു വിലപിച്ചു കൊണ്ടിരുന്നു. ക്രമേണ അദ്ദേഹത്തില്‍ വനവാസത്തിനു പോകണമെന്ന മോഹം വളര്‍ന്നു വലുതായി. അദ്ദേഹം ഇക്കാര്യം ഗാന്ധാരിയുമായി ആലോചിച്ചു. ഉപദേശങ്ങള്‍ക്കും, തത്വചിന്തകള്‍ക്കും, സ്‌നേഹപരിചരണങ്ങള്‍ക്കും എത്രയോ മേലെയാണ് മാതാപിതാക്കളിലെ പുത്രസ്‌നേഹം.

പുത്രന്‍ എത്രതന്നെ പാപമാര്‍ഗ്ഗത്തില്‍ ചരിച്ചാലും, മാതാപിതാക്കള്‍ അവന്റെ വിളിക്കു വേണ്ടി കാതോര്‍ക്കും, നന്മക്കു വേണ്ടി മനമുരുകി പ്രാര്‍ഥിക്കും.കുതിച്ചു പായുന്ന നദിയുണ്ടോ അറിയുന്നു പ്രഭവ സ്ഥാനത്തിന്റെ മഹത്ത്വം! ഒന്നിനും പിന്നോട്ട് പോകാന്‍ ആവില്ല... അതാണ് പ്രകൃതി നിയമം! എങ്കിലും പിന്‍വിളിക്കു വേണ്ടി കാതോര്‍ക്കാത്ത മനുഷ്യരുണ്ടോ? തെറ്റു കുറ്റങ്ങളുടെ വിചിന്തനത്തിന് ഒരു തിരനോട്ടം കൂടിയേ കഴിയു! യൌവനത്തില്‍ എത്ര പറഞ്ഞാലും ആര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ ആവില്ല.

ഒരളവുവരെ വാര്‍ദ്ധ്യക്യത്തില്‍ പോലും, വിടാതെ പിന്തുടരുന്ന ഈ പുത്ര ശോകം ധൃതരാഷ്ട്രര്‍ സ്വയം ഏറ്റെടുത്തതാണ്. ആരുടേയും സദ്വാക്കുകള്‍ അദ്ദേഹം ചെവിക്കൊണ്ടില്ല. കാഴ്ചയുള്ള പുത്രന്‍ തനിക്ക് ഊന്നു വടിയായി ഉണ്ടാകുമെന്ന മിഥ്യാബോധം അദ്ദേഹത്തിലെ അഹന്തയെ പെരുപ്പിച്ചു. പുത്രന്റെ അരുതായ്കകള്‍ക്കെല്ലാം കൂട്ടു നിന്നു. വളര്‍ന്നു മരമായ പുത്രന്‍, പിതാവിനെ അവഗണിച്ചപ്പോഴും, അദ്ദേഹം അവന്റെ പക്ഷം പിടിക്കാന്‍ നിര്‍ബ്ബന്ധിതനായി. വിധിയുടെ വിളയാട്ടു പമ്പരം തന്നെ മനുഷ്യസൃഷ്ടി ! ധൃതരാഷ്ട്രര്‍ യുധിഷ്ടിരനെ ആളയച്ചു വരുത്തി, തന്റെ തീരുമാനം അറിയിച്ചു. വലിയച്ഛനെ പിന്തിരിപ്പിക്കാനുള്ള യുധിഷ്ടിരന്റെ ശ്രമം ഫലവത്തായില്ല. ഒടുവില്‍ വ്യാസ നിര്‍ദ്ദേശ പ്രകാരം, അദ്ദേഹം മനസ്സില്ലാ മനസ്സോടെ വലിയച്ഛന്റെ വനവാസാഗ്രഹത്തിനു മുന്നില്‍ കീഴടങ്ങി. പുറപ്പെടാനൊരുങ്ങിയ ആ വൃദ്ധ ദമ്പതികല്‍ക്കൊപ്പം കുന്തിയും ചേര്‍ന്നു. തന്റെ കടമകള്‍ എല്ലാം പൂര്‍ത്തിയായെന്നു ആ മാതാവും നിനച്ചു. അമ്മയുടെ ഈ അവിചാരിതമായ മനം മാറ്റം പാണ്ഡവരെ ഏറെ വേദനിപ്പിച്ചു.

അടുത്ത ദിവസം അവര്‍... ധൃതരാഷ്ട്രര്‍, ഗാന്ധാരി, കുന്തി, വിദുരര്‍, സജ്ജയന്‍ എല്ലാം വ്യാസനോടൊപ്പം വനത്തിലേക്ക് തിരിച്ചു. ഐഹിക സുഖങ്ങളില്‍ നിന്ന് തീര്‍ത്തും പരിത്യക്തമായ മനസ്സോടെ. ദിവസങ്ങള്‍ കടന്നപ്പോള്‍, പൊടുന്നനെ യുധിഷ്ടിരന് വനത്തില്‍ പോയി, മാതാവിനെയും ബന്ധു ജനങ്ങളേയും കാണാന്‍ അതിയായ ആഗ്രഹം തോന്നി. അദ്ദേഹം സഹോദരന്മാരും പരിവാരങ്ങളുമായി വനത്തിലേക്കു തിരിച്ചു. ഏറെ തിരച്ചിലിനൊടുവില്‍ അവര്‍ ധൃതരാഷ്ട്രരും, ഗാന്ധാരിയും തങ്ങളുടെ അമ്മയും തങ്ങിയിരുന്ന ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. യുധിഷ്ടിരന്‍ വലിയച്ഛനെ വണങ്ങി. സഹദേവന്‍, കുന്തിയെ കെട്ടിപിടിച്ച് കൊച്ചു കുട്ടി എന്നവണ്ണം പൊട്ടിക്കരഞ്ഞു... കുന്തിയുടെ മനസ്സില്‍ എന്നും സഹദേവന്‍ കുഞ്ഞു കുട്ടിയായിരുന്നു. യുധിഷ്ടിരന്‍ നഗരത്തിലെ വാര്‍ത്തകള്‍ അവരുമായി പങ്കു വെച്ചു. ചെറിയച്ഛന്‍ വിദുരരെ അവിടെങ്ങും കാണാത്തതില്‍ യുധിഷ്ടിരന്‍ ചിന്താകുലനായി.

അതിനെപ്പറ്റി അദ്ദേഹം ധൃതരാഷ്ട്രരോട് അന്വേഷിച്ചു.ധൃതരാഷ്ട്രര്‍ പറഞ്ഞു 'പുത്രാ! വിദുരര്‍ സ്വന്തം തീരുമാനപ്രകാരം, ഇന്ദ്രിയ നിഗ്രഹം ചെയ്ത് നിരാഹാരനായി, വായുമാത്രം ഭക്ഷിച്ച് വനാന്തരങ്ങളില്‍ അലയുകയാണ്. സ്വയം തിരഞ്ഞെടുത്ത വഴിയില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുധിഷ്ടിരന്‍ ഏറെ ദുഖത്തോടെ അകലേക്ക് ദൃഷ്ടി പായിച്ചപ്പോള്‍, അങ്ങു ദൂരെയായി ഒരാള്‍രൂപം മിന്നിമറയുന്നതായി അദ്ദേഹം കണ്ടു. ആ സംശയം അദ്ദേഹം വലിയച്ഛനുമായി പങ്കു വെച്ചു.' ഒരു പക്ഷെ, അത് വിദുരരായിരിക്കാം. നീ പോയി നോക്കിയാലും' യുധിഷ്ടിരന്‍ ആ മിന്നി മറഞ്ഞ വ്യക്തിയെ പിന്തുടര്‍ന്നു. കുറച്ചകലെയായി വിദുരര്‍ വിശ്രമിച്ചിരുന്ന സ്ഥലം അദ്ദേഹം കണ്ടെത്തി.തന്റെ ചെറിയച്ഛന്‍ ഏറെ മാറിയിരിക്കുന്നു... കഠിനമായ ഉപവാസനിഷ്ഠ കൊണ്ട് അദ്ദേഹത്തിന്റെ ശരീരം 'എല്ലും തോലും' മാത്രമായി മാറിയിരുന്നു. അദ്ദേഹം മരണത്തെ മുഖാമുഖം കാണാന്‍ തുടങ്ങിയിരുന്നു. ഏതോ 'ഒരു കര്‍മ്മ പൂര്‍ത്തി കരണതിനു വേണ്ടി മാത്രം' വിദുരര്‍ പ്രാണന്‍ നിലനിര്‍ത്തുന്നതായി യുധിഷ്ടിരനു തോന്നി. അടുത്തു ചെന്നപ്പോള്‍ അസാധാരണ ദീപ്തി ചൊരിയുന്ന ആ കണ്ണുകള്‍ അകലെ എവിടെയ്‌ക്കോ ദൃഷ്ടി ഊന്നി ഇരിക്കുന്നതായി കണ്ടു. യുധിഷ്ടിരന്‍ ഏറെ വിനയാന്വിതനായി ഉണര്‍ത്തിച്ചു,' ചെറിയച്ഛാ! അങ്ങ് ദയവായി എന്നെ നോക്കിയാലും! എന്തെങ്കിലും അങ്ങയില്‍ നിന്നു കേള്‍ക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു...' യുധിഷ്ടിരന്റെ കണ്ണുകള്‍ നിറഞ്ഞു. പ്രതികരണ ശേഷി നഷ്ടപ്പെട്ട നിലയില്‍ വിദുരര്‍ ഒരു വൃക്ഷത്തില്‍ ചാരി നിന്നു. ആ സമയം യുധിഷ്ടിരന്‍ അനിയന്ത്രിതമായ ഉള്‍പ്രേരണയാല്‍, വിദുരരുടെ കണ്ണുകളിലേക്കു ഉറ്റു നോക്കി വിദുരരുടെ ദൃഷ്ടി, തന്റെ കണ്ണുകളുമായി ഇടഞ്ഞു. അസാധാരണമായ ഒരു വിദ്യുത് പ്രവാഹം തന്റെ ഉള്ളിലേക്കു കടക്കുന്നതായി യുധിഷ്ടിരന് അനുഭവപ്പെട്ടു.

തന്റെ മനോബലവും, കായബലവും വര്‍ദ്ധിക്കുന്നതുപൊലെ... താന്‍ യുധിഷ്ടിരനെക്കാളുപരി വിദുരരായി മാറിയിരിക്കുന്നു! കണ്ണുകള്‍ തമ്മില്‍ ഇണ ചേര്‍ന്നപോലെ അവര്‍ പരസ്പരം മിഴികളില്‍ നോക്കി നിന്നു. പൂര്‍ണ്ണമായി വിദുരശക്തി തന്നിലേക്ക് ഉള്‍ക്കൊണ്ടെന്ന തോന്നല്‍ യുധിഷ്ടിരനില്‍ ഉണ്ടായ സമയം വിദുരരുടെ 'പ്രാണന്‍' കൂടുവിട്ടകന്നു... ദേഹിയെ വിമുക്തമാക്കിയ ദേഹം മാത്രമായി തീര്‍ന്നാ മഹാന്‍!

അപൂര്‍വ്വമായി മാത്രം ദര്‍ശിക്കുന്ന ധന്യത... അതെ, ധന്യാത്മാവ് തന്നെ വിദുരര്‍! തന്നിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട ദാസിയെ പറ്റി വ്യാസന്‍ പറഞ്ഞ വാക്കുകള്‍ ഏറെ അര്‍ത്ഥവത്തായിരുന്നു... ഉള്‍കൊള്ളുന്ന പാത്രത്തിന്റെ പൂര്‍ണ്ണതയാണ്, വിളമ്പുന്നവന്റെ മനസ്സിനേക്കാള്‍ ധന്യം. വിദുര ജന്മത്തില്‍ ഈ രണ്ടും ഒരുപോലെ സമന്വയിച്ചിരുന്നു. ഒന്നിനോടും അമിതാസക്തി ഇല്ലാത്ത സ്വാത്വികന്‍! ഏതിനേപറ്റിയും തികഞ്ഞ അറിവും, ഉള്‍ക്കാഴ്ചയും, കൃഷ്ണന്‍ പോലും ബഹുമാനിച്ചിരുന്ന അപ്രമേയ വ്യക്തിത്വത്തിന്റെ ഉടമ, സര്‍വ്വോപരി തികഞ്ഞ കൃഷ്ണഭക്തന്‍... ഇതെല്ലാമായിരുന്നു വിദുരര്‍.

വിദുരരുടെ ശരീരം സംസ്‌ക്കരിക്കാന്‍ യുധിഷ്ടിരന്‍ ആഗ്രഹിച്ചു. ആ സമയം 'ധര്‍മ്മദേവന്‍' സ്വര്‍ഗ്ഗതില്‍ നിന്ന് ഇപ്രകാരം ഉത്‌ഘോഷിക്കുന്നതായി യുധിഷ്ടിരന് തോന്നി 'യുധിഷ്ടിരാ! അങ്ങയെപ്പോലെ വിദുരരും എന്റെ അംശമായിരുന്നു. അദ്ദേഹം ഇപ്പോള്‍ നിന്നില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങും വിദുരരും ഒന്നായി തീര്‍ന്നിരിക്കുന്നു! ജീവന്‍ മുക്തമായ ഈ ശരീരം ഇവിടെ തന്നെ ഉപേക്ഷിച്ചാലും. ഒരു മരണാനന്തരക്രിയയും വിദുരര്‍ക്കു ആവശ്യമില്ല. അങ്ങ് നിശ്ചിന്തനായി തിരിച്ചു പോയ്‌ക്കൊള്ളൂ.'

യുധിഷ്ടിരന്‍ മടങ്ങി ചെന്ന് വലിയച്ഛനോടും, മാതാവിനോടുമായി തനിക്കുണ്ടായ അത്ഭുതാവഹമായ അനുഭവങ്ങള്‍ പങ്കുവെച്ചു. വിദുരരുടെ മരണത്തില്‍ അവരെല്ലാവരും ദുഖിച്ചു.

ഏതാനും ദിവസം അവരോടോന്നിച്ചു കഴിഞ്ഞശേഷം യുധിഷ്ടിരനും സഹോദരന്മാരും രാജ്യത്തേക്ക് മടങ്ങി പോകാന്‍ ഒരുങ്ങി.അവര്‍ ഏവരോടും യാത്ര ചോദിച്ചു. കുന്തിയുടെ വിചിത്രമായ സംഭാഷണം യുധിഷ്ടിരനെ വേദനിപ്പിച്ചു, 'പുത്രാ! ഇനി നമ്മള്‍ തമ്മില്‍ കണ്ടെന്നു വരില്ല! നീ സഹദേവനെ ഏറെ ശ്രദ്ധിക്കണം അവനാണെന്റെ ഓമന പുത്രന്‍. പുത്രാ! നീ രാജ്യത്തെയും പ്രജകളെയും നല്ല രീതിയില്‍ സംരക്ഷിക്കുക. എന്റെ അനുഗ്രഹാശിസ്സുകള്‍ നിങ്ങള്‌ക്കൊപ്പം എന്നും ഉണ്ടാകും.' പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ ആ പുണ്യ പാദങ്ങള്‍ വണങ്ങി, ഹസ്തിനപുരത്തേക്ക് തിരിച്ചു.

വീണ്ടും കാലം കടന്നു. യുധിഷ്ടിരന്റെ ഭരണ സാമാര്‍ത്യത്തില്‍ ജനങ്ങള്‍ ഏറെ സംതൃപ്തരായി കാണപ്പെട്ടു. ജനപ്രീതി രാജാവിനെ പൂജ്യനാക്കി. ഇടക്ക് നാരദമഹര്‍ഷി കൊട്ടാരത്തില്‍ എത്തി. അദ്ദേഹത്തെ പൂജിച്ചിരു ത്തുന്നതിനിടയില്‍ ആഗമന ഉദ്ദേശവും രാജാവ് ആരാഞ്ഞു.

നാരദന്‍ പറഞ്ഞു,' ജനപ്രീതി അങ്ങയെ ധന്യനാക്കിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഇപ്പോഴെങ്കിലും അങ്ങയെ സന്തോഷവാനായി കാണാന്‍ കഴിഞ്ഞല്ലോ!' യുധിഷ്ടിരന്‍ ഏറെ ഭവ്യതയോടെ പറഞ്ഞു,' അങ്ങയുടെ വാക്കുകള്‍ മധുരമെങ്കിലും ഞങ്ങളെ ഏതോ വാര്‍ത്ത അറിയിക്കാനുള്ളതായി തോന്നുന്നു. പറഞ്ഞാലും മഹാത്മന്‍!' 'ഏറെ ദുഖമുളവാക്കുന്ന വാര്‍ത്തയാണ് എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത്. അങ്ങ് സമചിത്തതയോടെ നേരിടണം. ജനി മരണങ്ങള്‍ ഒരിക്കലും നാം നിശ്ചയിക്കും പ്രകാരം ആയിരിക്കില്ല...' നാരദന്‍ ചിന്താധീനനായി.

'മഹര്‍ഷേ! എന്തു തന്നെയായാലും സഹിച്ചല്ലെ പറ്റു!! അങ്ങു പറഞ്ഞാലും...' യുധിഷ്ടിരാ! താങ്കളുടെ മാതാവും, ഗാന്ധാരിയും, ധൃതരാഷ്ട്രരും പ്രാഭാത സ്‌നാന ത്തിനു ശേഷം, തപസ്സിനായി വനത്തിലേക്ക് മടങ്ങുന്ന വേളയില്‍, വനത്തില്‍ കാട്ടുതീ പടര്‍ന്നു. സ്വയരക്ഷക്കുള്ള മാര്‍ഗമുണ്ടായിട്ടും അവരതിനു തയ്യാറായില്ല.കൂട്ടത്തില്‍ ഉണ്ടായിരുന്ന സജ്ജയനെ ധൃതരാഷ്ട്രര്‍ ബലമായി ഒഴിവാക്കി അയച്ചു. ആ സാധു കണ്ണിരോടെ ഹിമാലയ സാനുക്കളിലേക്ക് തിരിച്ചു.

ഒരുവേള, അവര്‍ മോക്ഷ പ്രാപ്തിയിലെക്കുള്ള മാര്‍ഗ്ഗം സ്വയം തിരഞ്ഞെടുത്തതാകാം...''എന്റെ അമ്മേ! എന്നും അമ്മ ഞങ്ങളെ ഒറ്റപ്പെടുത്തി തനിച്ചു യാത്ര ചെയ്തു. മരണത്തിലും അതാവര്‍ത്തിച്ചു' യുധിഷ്ടിരന്‍ ബോധരഹിതനായി. സഹദേവന്‍ വാവിട്ടു കരഞ്ഞു. പ്രിയ മാതാവിന്റെ വേര്‍പാട് പാണ്ഡവരെ ദുഃഖത്തില്‍ ആഴ്ത്തി. വാര്‍ത്ത അറിഞ്ഞ വ്യാസന്‍ ഹസ്തിനപുരത്തില്‍ എത്തി. യുധിഷ്ടിരനേയും, സഹോദരങ്ങളെയും തത്ത്വജ്ഞാന ബോധത്തിലൂടെ സ്വാന്ത്വനവും ഉണര്‍വും നല്‍കി.

കാലം കടന്നു. മുറിവിന്റെ ആഴം വലുതായിരുന്നെങ്കിലും അവര്‍ മറക്കാന്‍ ശ്രമിക്കുകയും, പഠിക്കുകയും ചെയ്തു. അവര്‍ രാജ്യ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പരീക്ഷിത്തിന്റെ ബാല്യവും, വളര്‍ച്ചയും അവര്‍ ഏറെ കൌതുകത്തോടെ വീക്ഷിച്ചു. ഒരളവുവരെ തങ്ങളുടെ അനന്തരാവകാശി അവരുടെ പിന്‍ബലമായിരുന്നു. നാളെ ഹസ്തിനപുരം ഭരിക്കേണ്ട ആ കുമാരനില്‍ വിശ്വാസം അര്‍പ്പിച്ചു അവര്‍ നാളുകള്‍ തള്ളി നീക്കി.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories