ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മൌസല പര്‍വ്വം


മൌസല പര്‍വ്വം

(ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണം)

കാലങ്ങള്‍ കടന്നു. യുധിഷ്ടിരന്‍ രാജ്യ ഭരണം ഏറ്റെടുത്തിട്ട് മുപ്പത്താറു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് കണ്ട അതേ ദുര്‍ലക്ഷ്ണങ്ങള്‍, ദുശ്ശകുനങ്ങള്‍ രാജാവ് അന്തരീക്ഷത്തിലും ഭൂമിയിലും കണ്ടു തുടങ്ങി. വരാന്‍ പോകുന്ന ഏതോ ആപത്തിന്റെ മുന്നോടിയായി ഈ ദുശ്ശകുനങ്ങളെ ജ്ഞ്യാനിയായ യുധിഷ്ടിര രാജാവ് വിലയിരുത്തി. പൊടുന്നനെ അദ്ദേഹത്തിന്റെ മനോമുകുരത്തില്‍ 'ഗാന്ധാരി ശാപം' അശ്വനീപാതം പോലെ മിന്നി മറഞ്ഞു. അതേ! യുദ്ധം കഴിഞ്ഞിട്ടു മുപ്പത്താറു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

' വ്രുഷ്ണികുലം' ഗാന്ധാരി ശാപത്താല്‍ ഗ്രസിക്കപ്പെടാനുള്ള സമയം ആഗതമായിരിക്കുന്നു. കൃഷ്ണന്‍ ഒരുപക്ഷെ ആ നാശത്തിനു വേണ്ടി ആഗ്രഹിക്കുന്നുണ്ടാകാം. തന്റെ ഭൂമിയിലെ ദൌത്യം അവസാനിക്കാനുള്ള സമയം ഇനി കുറിക്കപ്പെടുകയെ വേണ്ടു എന്ന് ഭഗവാന്‍ സ്വയം തീര്‍ച്ചയാക്കി കാണും!

കൃഷ്ണാ! ജഗത് പ്രഭോ!! ആരറിവൂ നിന്റെ മായകള്‍. ഭക്തനായ യുധിഷ്ടിരന്‍ ഒരു നിമിഷം പ്രാര്‍ത്ഥനാനിരതനായി. ഒരു ശാപം ഫലപ്രാപ്തിയിലെത്താന്‍, കാരണം ഉണ്ടാകണം. അതും വ്രുഷ്ണി കുലനാശത്തിനു വേണ്ടി തയ്യാറായി കൊണ്ടിരുന്നു.

ഒരിക്കല്‍ സപ്തര്‍ഷികള്‍ യാത്രാ മദ്ധ്യേ ദ്വാരകയില്‍ എത്തി. ഈ സമയം കൃഷ്ണ പുത്രന്മാര്‍ക്കു അവരുടെ ജ്ഞാനശക്തി ഒന്നു പരീക്ഷിച്ചറിയുവാന്‍ മോഹം ഉണ്ടായി അതിനുള്ള തന്ത്രവും അവര്‍ തന്നെ മെനഞ്ഞു. കൃഷ്ണ പുത്രനും, ജാംഭവതി സുതനുമായ സാംബനെ അവര്‍, ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വേഷം കെട്ടിച്ചു. ' ഇവള്‍ക്കുണ്ടാകുന്ന സന്താനം, 'പുരുഷനോ, സ്ത്രീയോ ' ത്രികാല ജ്ഞാനികളായ മുനിവര്യരെ! നിങ്ങള്‍ പ്രവചിച്ചാലും!!'

നിറഞ്ഞു വന്ന കോപം സ്വയം നിയന്ത്രിച്ചു കൊണ്ട് അവര്‍ പറഞ്ഞു 'ഇവള്‍ പ്രസവിക്കുന്നത് പുരുഷനും സ്ത്രീയും ആയിരിക്കില്ല, ഇവളുടെ ഗര്‍ഭത്തില്‍ നിന്ന് ഒരു 'അയസ്‌കന്ദം' ഗര്‍ഭ പൂര്‍ത്തീകരണത്തില്‍ വെളിയില്‍ വരും. വ്രുഷ്ണി കുല നാശത്തിന് ഇത് കാരണമായി ഭവിക്കും.'

കുറ്റബോധം ഗ്രസിച്ച കൃഷ്ണപുത്രന്മാര്‍ ഋഷിമാരോട് മാപ്പിരന്നു. മാപ്പു നല്‍കിയെങ്കിലും പ്രവചനം പിന്‍വലിക്കാന്‍ അവര്‍ തയ്യാറായില്ല. സപ്തര്‍ഷികളെ വിഡ്ഢി വേഷം കെട്ടിക്കാന്‍ മുതിര്‍ന്ന കൃഷ്ണ പുത്രന്മാര്‍ ക്രമത്തില്‍ ആ സത്യം ഉള്‍ക്കൊണ്ടു ' സാംബന്‍ ഒരു ഗര്‍ഭത്തെ ഉദരത്തില്‍ പേറുന്നു. നിവൃത്തികേടിന്റെ പര്യായമായ സാംബന്‍ യഥാകാലം പ്രസവിച്ചു സപ്തര്‍ഷികള്‍ പ്രവചിച്ചപോലെ ഒരു ഇരുംപ്പുലക്ക! അവര്‍ വിവരം ദുഃഖ സമേതം കൃഷ്ണനെയും, ബലരാമനെയും അറിയിച്ചു. ബാലരാമ നിര്‍ദ്ദേശപ്രകാരം കൃഷ്ണ പുത്രന്മാര്‍ ആ ഇരുമ്പുലക്ക രാകി പൊടിയാക്കി സമുദ്രത്തില്‍ കലക്കി. ശേഷിച്ച കഷണം അവര്‍ സമുദ്രത്തിലേക്ക് എറിഞ്ഞു. തിരകള്‍ ഈ ഇരുംമ്പുപൊടി ഓളങ്ങളോടെ തീരത്ത് എത്തിച്ചു. അവ ക്രമത്തില്‍ 'രേരക' പുല്ലുകളായി മുളച്ചു തുടങ്ങി. കൃഷ്ണന്‍ ഒഴിച്ച് എല്ലാവരും ഈ സംഭവം മറന്നു, എല്ലാം പതിവുപോലെ എന്ന് ആശ്വസിച്ചു.

തന്റെ പുത്രന്റെ ജഡം കണ്ടു വിങ്ങി പൊട്ടിയ ഗാന്ധാരി മാതാവിനെ കൃഷ്ണന്‍ ഓര്‍ത്തു. എല്ലാം തന്റെ മകന്റെ ചെയ്തികളുടെ ഫലമെന്ന് ഉറച്ച വിശ്വാസമുണ്ടായിട്ടും, ആ അമ്മ തന്റെ കോപതാപങ്ങളുടെ ബഹിര്‍ഗ്ഗമനതിനു വേണ്ടി എല്ലാം തന്നില്‍ പഴി ചാരി. പുത്ര വിയോഗം തളര്‍ത്തിയ ആ മാതാവിനെ ഉചിതമായി സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച തനിക്കു കിട്ടിയതോ കൃഷ്ണാ! എല്ലാറ്റിന്റെയും കാരണക്കാരനായ നീയും നിന്റെ വംശവും ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷം തികയും നാള്‍ പരസ്പരം പോര്‍ ചെയ്തു മരിക്കും! മുന്‍പേ ലിഖിതമായ നിയമാവലിയുടെ അടിവര മാത്രമാണീ ശാപമെന്ന് താന്‍ ആ മാതാവിനെ ഓര്‍മ്മിപ്പിച്ചു. വൃക്ഷത്തിന് വളവു കണ്ടാല്‍ അതിനെ താങ്ങി നിര്‍ ത്തേണ്ടത് പരിപാലിക്കുന്നവന്റെ കടമയാണ്. സന്ദര്‍ഭോചിതമായ ആ കടമ ഭവതിയും, ധൃതരാഷ്ട്രരും ചെയ്തില്ല. വിവരമുള്ളവരുടെ വാക്കുകളെല്ലാം അവഗണിച്ചു. ദിശ യില്ലാതെ വളര്‍ന്ന വൃക്ഷം കടപുഴകി വീഴുമ്പോള്‍ കാറ്റിനെ പഴിക്കുന്നത് ഉചിതമാണോ? ശോകത്തിനിടയിലും കൃഷ്ണന്റെ നര്‍മ്മോക്തി ഗന്ധാരിയില്‍ ചെറു പുഞ്ചിരി വിരിയിച്ചു 'നിന്നെ എനിക്കറിയില്ലേ കൃഷ്ണാ! ഉദ്ദേശിച്ച കാര്യം എത്ര ലഘുവായി നീ നേടിയെടുത്തു? 'ഞാനോ, എന്താണ് അമ്മ അര്‍ത്ഥമാക്കുന്നത്? ഒന്നും ഞാന്‍ പാണ്ഡവര്‍ക്ക് വേണ്ടി നേടി കൊടുത്തില്ല. അധര്‍മ്മത്തിനു വളരാനും, സ്വയം തിരുത്താനും ഞാന്‍ ഏറെ സമയം അനുവദിച്ചു. തിരുത്തലുകള്‍ക്കു വിധേയമാകാന്‍ മടിച്ച അധര്‍മ്മത്തെ ഹനിക്കാന്‍ ഞാന്‍ എളുതായി ശ്രമിച്ചു. അത്രമാത്രം!!

വിഷാദമെങ്കിലും ആ ഓര്‍മ്മ കൃഷ്ണനില്‍ ആനന്ദം നിറച്ചു. ഇനിയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തനിക്കും വിട പറയാം. കര്‍മ്മ ബന്ധിതമായ ഈ ജീവിതം കര്‍മ്മാതീതനും, ഗുണാതീതനും ആയ എനിക്കു മടുത്തു തുടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം വ്രുഷ്ണി കുലം ഒന്നാകെ ശങ്കര ഭജനത്തിനു വേണ്ടി പ്രഭാസത്തിലേക്ക് പോകാന്‍ നിശ്ചയിച്ചുറച്ചു. വ്രുഷ്ണീ കുല സംരക്ഷകനായി അവര്‍ കണ്ടിരുന്നത് ആ ജഗദ്ഗുരുവിനെയാണ്. എന്നാല്‍ അവര്‍ അങ്ങോട്ടു പോയിട്ടു തന്നെ കാലങ്ങള്‍ ഏറെ ആയി. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നാ യാത്ര, കൃഷ്ണന്‍ ഓര്‍ത്തു അന്ന് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് തന്റെ സഹോദരിയെ മോചിപ്പിച്ച്, അര്‍ജ്ജുന കരങ്ങളില്‍ എത്തിക്കാന്‍ വേണ്ടി, താന്‍ വ്രുഷ്ണി കുലത്തെ ഒന്നാകെ പ്രഭാസത്തിലേക്ക് കുട്ടിയിരുന്നു. അന്ന് കന്യാദാനത്തെക്കാല്‍ ശ്രേഷ്ഠമാണ്, കന്യക സ്വയം തന്റെ വരനെ കണ്ടെത്തി സ്വീകരിക്കുന്നതെന്ന് താന്‍ ഭീഷ്മര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടി വന്നു. ഏറെ സംഘര്‍ഷങ്ങള്‍ ഉണ്ടായങ്കിലും മനസ്സില്ലാമനസ്സോടെ അവരേവരും തന്റെ നിര്‍ണയം തന്നെ ശരിയെന്ന് ഉറപ്പിച്ചു.

അത്യാഹ്‌ളാദതൊടെയാണ് വ്രുഷ്ണികുലം 'പ്രഭാസത്ത്തില്‍' ശിവപൂജക്ക് എത്തിയത്. അവര്‍ പ്രഭാസ തീര്‍ഥ ക്കരയില്‍ പ്രത്യകം പ്രത്യകം കൂടാരങ്ങല്‍ കെട്ടി. എല്ലാവരും ഏറെ സന്തോഷ ഭരിതരായിരുന്നെങ്കിലും, എല്ലാം മുങ്കൂട്ടി കണ്ടറിഞ്ഞ കൃഷ്ണന്‍, തന്റെ ദേഹ വിമുക്തിക്ക് വേണ്ടി സ്വയം പാകപ്പെടുകയായിരുന്നു. വ്രുഷ്ണികുലം ആചാര പൂജകളോടെ ശിവനെ ഭജിച്ചു.ഗംഭീരമായ സദ്യ വട്ടങ്ങളും ആസ്വദിച്ച്, ദിവസങ്ങളോളം അവരവിടെ കഴിഞ്ഞു.

പതിവുപോലെ ഒരു ദിവസം ഭക്ഷണം കഴിഞ്ഞിരിക്കുംപോള്‍ അവര്‍ പരസ്പരം പൂര്‍വ കാലാനുഭവങ്ങള്‍ പങ്കിടാന്‍ തുടങ്ങി. രണ്ടു ചേരിയായിരുന്ന് അവര്‍ തര്‍ക്കിച്ചു.യുദ്ധത്തില്‍ പ്രതിഭാഗത്തായിരുന്ന ക്രുതവര്മ്മാവിനെ, സ്വാത്യകി രൂക്ഷമായി വിമര്ശിച്ചു. ഭുരിശ്രവസ്സിന്റെ വധം അധാര്‍മിക മായിരുന്നെന്നു ക്രുതവര്മ്മാവ് തിരിച്ചടിച്ചു. പാപത്തിന്റെ തുലാസ്സില്‍ കൃതവര്‍മ്മാവിന്റെ തട്ട് ഉയര്‍ന്നു തന്നെയെന്നു സാത്യകി വാദിച്ചു. പാപ മാര്‍ഗ്ഗത്തില്‍ ചരിച്ചിരുന്ന ദുര്യോധനന്റെ പക്ഷം ചേര്‍ന്നതില്‍ സാത്യകി കൃതവര്‍മ്മാവിനെ ഏറെ വിമര്ശിച്ചു. മദ്യം സിരകളെ മത്തു പിടിപ്പിച്ചിരുന്ന സാത്യകിയുടെ വാക്കുകള്‍ പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ചിരുന്നു. ' കൃതവര്‍മ്മാവേ! താങ്കള്‍ ചെയ്ത നീച പ്രവര്‍ത്തി ക്ഷത്രിയോചിതമായിരുന്നോ ?

ഉറങ്ങി കിടന്നവരെ വെട്ടികൊല്ലാന്‍ കൂട്ടുനിന്ന നിന്ദ്യ പ്രവൃത്തി അങ്ങയുടെ വ്യക്ത്വിതത്തിനു കളങ്കം വരുത്തി. പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകാന്‍ പോലും അനുവദിക്കാതെ നിങ്ങള്‍ ശിബിരത്തിനു തീയിട്ടില്ലേ? ക്ഷത്രിയന്റെ ധീരതയാണോ, അതോ ഭീരുവിന്റെ ക്രൂരതയാണൊ ഇവിടെ വിലയിരുത്തേണ്ടത്? ഒടുവില്‍ സ്വയരക്ഷാര്‍ത്ഥം ദ്വാരകയിലേക്ക് ഓടിപോന്നിരിക്കുന്നു താങ്കള്‍ വ്രുഷ്ണി കുലത്തിനു തന്നെ അപമാനം വരുത്തിയിരിക്കുന്നു. 'മദ്യത്തിന്റെ പിന്‍ബലം നല്‍കിയ ധൈര്യത്തോടെ, കൃതവര്‍മ്മാവ്, സാത്യകിയെ നേരിടാന്‍ തയ്യാറായി. ' എന്നെ നിന്ദിക്കാന്‍ വേണ്ടും യോഗ്യത നിനക്കില്ല. സര്‍വ്വസംഗ പരിത്യാഗി ആയിരുന്ന സമയത്തല്ലേ താങ്കള്‍ ഭുരിശ്രവസ്സിനെ വധിച്ചത്? ഇതു ഏതു ക്ഷത്രിയ നിഘണ്ടുവിലാണ് ഉചിതമെന്ന് ഉത്‌ഘോഷിക്കുന്നത്? ഇരുപക്ഷവും പിടിക്കുന്നതിന് അനുയായികള്‍ ഒത്തുകൂടി. വാക്കേറ്റമായി. കഴിഞ്ഞു പോയ കാര്യത്തെ ചൊല്ലി, സ്വബോധം നഷ്ടപ്പെട്ട അവര്‍ പരസ്പരം പോരടിക്കാന്‍ തുടങ്ങി. എല്ലാം നാശത്തിന്റെ നിമിത്തം മാത്രമായി കൃഷ്ണന്‍ കണക്കു കൂട്ടി. കൃഷ്ണ പുത്രനായ പ്രദ്വുമ്‌നന്‍ സാത്യകിയുടെ പക്ഷം പിടിച്ചപ്പോള്‍, സ്വാത്യകിക്ക് വാശീ ഏറി. ഉറ്റ ചങ്ങാതിയായിരുന്ന ധൃഷ്ടദൃമ്‌നന്റെ മുഖം അദ്ദേഹത്തിന്റെ സ്മരണയില്‍ വന്നു. ധീരനായ തങ്ങളുടെ സര്‍വ്വ സൈന്യാധിപന്‍! ഭയം എന്തെന്ന് അറിയാത്ത ധീരന്‍, ഗുണ സമ്പൂര്‍ണനായ ഉത്തമ ചങ്ങാതി, ഇനിയും വിശേഷണങ്ങള്‍ ഏറെ. ധൃഷ്ടദൃമ്‌നന്റ്‌റെ മരണം കൃതവര്‍മ്മാവുളുല്‍പ്പടെ ഉള്ളവരുടെ ചതി പ്രയോഗത്തിലൂടെ ആയിരുന്നു. സ്വാത്യകിയുടെ മനസ്സില്‍ ആ സംഭവം ഒരു ജ്വാലയായി പടര്‍ന്നു.

അദ്ദേഹം വാളോങ്ങി കൃതവര്‍മ്മാവിനു നേരെ പാഞ്ഞു. തടുക്കാനിടം നല്‍കാതെ സ്വാത്യകി കൃതവര്‍മ്മാവിന്റെ ശിരസ്സ് അരിഞ്ഞു വീഴ്ത്തി. അതോടെ കലഹം സംഘര്‍ഷമായി. പരസ്പരം പൊരുതാന്‍ അവര്‍ കോപ്പു കൂട്ടി. സമുദ്ര തീരത്തു വളര്‍ന്നു നിന്ന 'ഏരകപ്പുല്ലുകള്‍ ' പറിച്ച് അവര്‍ തമ്മിലടിച്ചു. (അസ്ത്രത്തെ വെല്ലുന്ന ശക്തിയുള്ള ഈ പുല്ലുകള്‍, വ്രുഷ്ണീ കുല നാശകമായ ഇരുമ്പുലക്ക രാകി പൊടിയാക്കി സമുദ്രത്തില്‍ കലക്കിയ ശേഷം ഉണ്ടായതാണന്നു അവര്‍ അറിയാതെ പോയി.) പ്രദ്യുമ്‌നനും, സ്യാത്യകിയും വധിക്കപ്പെടുന്നത് കൃഷ്ണന്‍ നേരില്‍ കണ്ടു. അതോടെ വ്രുഷ്ണി കുലനാശം വൃതമാക്കിയ കൃഷ്ണന്‍, ഏരകപ്പുല്ലുകള്‍ പറിച്ചെടുത്തു പൊരുതി കൊണ്ടിരുന്നവരുടെ ഇടയിലേക്ക് എറിഞ്ഞു 'തീരട്ടെ, എല്ലാം പടവെട്ടി അവസാനിക്കട്ടെ. സൃഷ്ടിപോലെ സംഹാരവും എന്റെ കൈയ്യാല്‍ തന്നെ ആകട്ടെ'. പ്രഭാസത്തില്‍ എത്തിയിരുന്ന പുരുഷന്മാര്‍ എല്ലാം തന്നെ പരസ്പരം പൊരുതി മരിച്ചു ഏരകപ്പുല്ലുകള്‍ എല്ലാറ്റിനും സാക്ഷിയും, പ്രേരണയും ആയി. ബലരാമനും, കൃഷ്ണനും, ദാരുകനും ഒഴികെ എല്ലാവരും മരണപ്പെട്ടു. നിന്ന നില്പ്പില്‍ ബലരാമനെ പൊടുന്നനെ കാണാതായി. ഏറെ തിരച്ചിലിനൊടുവില്‍, ഒരു മരത്തില്‍ ചാരി സമുദ്രത്തിലേക്ക് ഉറ്റുനോക്കി ഇരിക്കുന്ന ബലരാമന്‍ അവരുടെ ശ്രദ്ധയില്‍ പെട്ടു. കൃഷ്ണന്‍ ബലരാമനരുകില്‍ എത്തി, മന്ദം അദ്ദേഹത്തിന്റെ തോളില്‍ സ്പര്‍ശിച്ചു 'എനിക്കു വേണ്ടി അല്പം കൂടി കാക്കു ജ്യേഷ്ഠ! ഒരു ചുമതല കൂടി എനിക്ക് ബാക്കിയുണ്ട്, നമ്മുടെ അഭാവത്തില്‍ അനാഥരാകുന്ന സ്ത്രീകളെയും, കുട്ടികളെയും എനിക്ക് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കണം. നിരപരാധികളായ അവര്‍ ദുഖിക്കാന്‍ ഇടവരരുത്. ഞാന്‍ ഉടന്‍ തന്നെ അര്‍ജുനനെ വിളിപ്പിക്കുന്നുണ്ട്.'

കൃഷ്ണന്‍ ദാരുകനെ ഹസ്ഥിനപുരത്തിലേക്ക് അയച്ചു. തിരിച്ച്, ദ്വാരകയിലെത്തി തന്റെ പിതാവായ വസുദേവരൊട് എല്ലാം വിസ്തരിച്ച് അറിയിച്ചു 'പിതാവേ! എനിക്ക് അര്‍ജ്ജുനന്‍ വരുവോളം ക്ഷമിക്കാന്‍ ആവില്ല. എനിക്ക് യാത്ര പറയേണ്ട സമയം അടുത്തു തുടങ്ങി. അങ്ങും ശേഷിക്കുന്ന സ്ത്രീകളും, കുട്ടികളും അര്‍ജ്ജുനനോടൊപ്പം ഹസ്ഥിനപുരത്തെക്ക് തിരിച്ചാലും' കൃഷ്ണന്‍ പിതാവിനെ നമസ്‌കരിച്ചു വിടവാങ്ങി. കൃഷ്ണന്‍, ബലരാമനടുത്തു മടങ്ങി എത്തി ബലരാമന്‍ കടുത്ത സമാധിയില്‍ ആയിരുന്നു.

കൃഷ്ണന്‍ മൃദുവായി ജ്യേഷ്ഠന്റെ തോളില്‍ തട്ടി. കൃഷ്ണ സ്പര്‍ശമേറ്റ നിമിഷം, ബലരാമന്റെ ജിഹ്വയില്‍ നിന്നും വെളുത്ത ഒരു സര്‍പ്പം പുറത്തു വന്ന്, മന്ദ മന്ദം സമുദ്രത്തില്‍ മറഞ്ഞു. അതെ! ബലരാമന്‍ ആദിശേഷന്റെ അവതാരമായിരുന്നു. സമയം വൈകി തുടങ്ങി. ചിന്താകുലനായ കൃഷ്ണന്‍ അങ്ങുമിങ്ങും അലഞ്ഞു. തനിക്ക് ഈ ലോകം വെടിയാനുള്ള സമയം എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബാല്യം മുതലുള്ള ചിന്തകള്‍ ഓരോന്നായി ഭഗവാന്റെ മനസ്സില്‍ കയറി ഇറങ്ങി. തന്നെ വളര്‍ത്തി വലുതാക്കിയ വാത്സല്യനിധിയായ യശോദയും, നന്ദഗോപരും, നിഷ്‌കളങ്കരായ അമ്പാടിയിലെ ഗോപികമാര്‍, തന്നെ ഏറെ സ്‌നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്തിരുന്ന തന്റെ ബാല്യകാല സുഹൃത്തുക്കള്‍. താന്‍ കാലിമേച്ചു നടന്ന പുല്‍മേടുകള്‍, 'രാധയെന്ന 'തന്റെ ഹൃദയത്തോട് ഇപ്പോഴും ഒട്ടിനില്ക്കുന്ന കളിക്കുട്ടുകാരി! ഓര്‍മ്മകള്‍ മനസ്സിന്റെ ഭാരമാണ്, എങ്കിലും, കംസവധവും, കുരുക്ഷേത്ര യുദ്ധവും മനസ്സില്‍ നിന്നും മായുന്നില്ല. പാണ്ഡവരുമായി ആദ്യം സന്ധിച്ച നിമിഷം മുതല്‍, സംഭവങ്ങള്‍ ഓരോന്നായി അദ്ദേഹം മനസ്സില്‍ ഓര്‍ത്തെടുത്തു അവരനുഭവിച്ച എണ്ണമില്ലാത്ത ദുഃഖം, ദുര്യോധനന്റെ പിടിവാശി, കുരുക്ഷേത്ര യുദ്ധം, ഒടുവില്‍ എല്ലാറ്റിനും പര്യവസാനമായി തനിക്കു മേല്‍ പതിഞ്ഞ 'ഗാന്ധാരി ശാപം', ക്ഷത്രിയ രക്തം കൊണ്ട് ചോരപ്പുഴയായി മാറിയ 'സ്യമന്ത പഞ്ചക' തടാകം, ഒടുവില്‍ താന്മൂലം വംശം നിലനിര്‍ത്തിയ പാണ്ഡവകുലം. യാത്രയാകേണ്ട മുഹൂര്‍ത്തം ഏതാണ്ടടുത്തു. അവസാനമായി അര്‍ജ്ജുനനെ ഒന്നുകൂടി കാണാന്‍ കൃഷ്ണന്‍ കൊതിച്ചു. സമാധിസ്ഥനായ കൃഷ്ണന്‍ തന്റെ യോഗശക്തി കൊണ്ട് തന്റെ മനസ്സ് അര്‍ജ്ജുന മനസ്സുമായി ഇണക്കി. അര്‍ജ്ജുനനും തന്നെ കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. കൃഷ്ണന്റെ മുഖത്ത് ഒരു പുഞ്ചിരി കളിയാടി. ഹസ്തിനപുരിയിലെ തന്റെ മുറിയില്‍ ഏകനായിരുന്ന അര്ജുനനരുകിലേക്ക് തന്റെ പ്രിയപ്പെട്ട കൃഷ്ണന്‍ കടന്നുവരുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു.

കൃഷ്ണന്‍ മന്ദമായി തന്റെ തോളില്‍ കൈവെച്ചു. ' പ്രിയ സഖേ! നീ എന്നെ ഓര്‍ക്കുന്നതായി ഞാന്‍ അറിഞ്ഞു. വരൂ! നമുക്കൊരുമിച്ചു അല്പ നേരം ഉലാത്താം ' ' ശരി കൃഷ്ണാ!' അര്‍ജ്ജുനന്‍ ശബ്ദം പൊന്താത്ത അവസ്ഥയില്‍ മന്ത്രിച്ചു. കൃഷ്ണന്‍ പറഞ്ഞു തുടങ്ങി ' പാര്‍ത്ഥ! ഞാനൊന്നു പറഞ്ഞാല്‍ നീ വിഷമിക്കരുത്. എന്നത്തേയും പോലെ പൊട്ടിക്കരഞ്ഞ് എന്നെ മുറുകെ പിടിക്കരുത് വാക്കുതരണം! ' ഞാന്‍ ശ്രമിക്കാം മാധവാ ' ' ഈ ഭൂമിക്കു ഇനി എന്നെ ആവശ്യമില്ല! എന്തിനുവേണ്ടി ഞാന്‍ മനുഷ്യ ജന്മം സ്വീകരിച്ചോ ആ ഉദ്ദേശ ലക്ഷ്യം പൂര്‍ണ്ണമായി. കാല ഗണനക്കപ്പുറം ഒന്നിനും നിലനില്ക്കാനാവില്ല ' ' എന്റെ മാധവാ! എന്റെ പ്രിയ സഖേ ' അര്‍ജ്ജുനനന്‍ വിങ്ങി. ' നീയും താമസിയാതെ എന്നോടൊപ്പം വരണം. വന്നേ തീരു!'

മുമ്പൊരിക്കലും ഇല്ലാത്തവണ്ണം തന്റെ സഖാവായ കൃഷ്ണന്‍ തന്നെ എന്തിനോ വേണ്ടി പ്രേരിപ്പിക്കുന്നു. മടങ്ങി വരാത്ത യാത്രക്ക് വേണ്ടി തയ്യാറെടുക്കുന്ന കൃഷ്ണന്‍ തന്നെ ഒന്നുകൂടി കാണാന്‍ അതിയായി ആഗ്രഹിക്കുന്നു. അതാ, കൃഷ്ണന്‍ വീണ്ടും തന്റെ തോളില്‍ തട്ടി മൃദുവായി മന്ദഹസിക്കുന്നു. മുന്നോട്ടു നടക്കുന്ന കൃഷ്ണനോട് ചേരാനുള്ള വ്യഗ്രതയില്‍, അര്‍ജ്ജുനന്‍ കിടക്കയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങി. താന്‍ കണ്ടത് ഒരു സ്വപ്നമാണന്നു കരുതാന്‍ അര്‍ജ്ജുനന് ആയില്ല.

യോഗ വിദ്യയിലൂടെ തന്റെ പ്രാണന്‍ ദേഹത്തില്‍ നിന്ന് വിമുക്തമാക്കാന്‍ കൃഷ്ണനാകുമായിരുന്നു അദ്ദേഹം ഒരു ദേവനായിരുന്നു. എന്നാല്‍ മനുഷ്യ ജന്മമെടുത്തു മനുഷ്യര്‍ക്കിടയില്‍ ജീവിച്ച കൃഷ്ണന്‍ മനുഷ്യോചിതമായ മരണവും കാംക്ഷിച്ചു. ഒരു കാരണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ കൃഷ്ണന്‍ ഒരു വൃക്ഷ ചുവട്ടില്‍ വെറും നിലത്തു കിടന്നു.സുഷുപ്തിയില്‍ അമര്ന്നപ്പോഴും ദൈവസമാനമായ ആ പുണ്യ പാദങ്ങള്‍ ഇളകിക്കൊണ്ടിരുന്നു. 'ഭഗവാന്റെ ഉള്ളം കാല്‍ ഭേദിക്കപ്പെട്ടാല്‍ മാത്രമേ മരണം സംഭാവ്യമാകൂ' എന്ന് ദുര്‍വ്വാസാവു മുനി അനുഗ്രഹിച്ചിരുന്നു. ആ അനുഗ്രഹം ഫലവത്താകുന്ന നിമിഷത്തിനു വേണ്ടി കൃഷ്ണന്‍ കാത്തു.

കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന വേടന്‍ ദൂരെനിന്നു കൃഷ്ണ ശരീരം ദര്‍ശിക്കാന്‍ ഇടയായി.ഏതോ ഒരു മാനിന്റെ ശരീരമായി, മഞ്ഞ പട്ടില്‍ പൊതിഞ്ഞിരുന്ന കൃഷ്ണ പാദങ്ങള്‍ വേടനു തോന്നി. മാനിനെ കൊല്ലാനുള്ള തിടുക്കത്തില്‍ അയാള്‍ ശരം തൊടുത്തു. ശരം ലക്ഷ്യം തെററാതെ കൃഷ്ണ പാദം തുളച്ചു കയറി. ഈ അമ്പ് ഉണ്ടാക്കിയതാകട്ടെ, സമുദ്ര തീരത്തു നിന്ന് വേടനു കിട്ടിയ ഇരുമ്പിന്‍റെ കഷണം കൊണ്ടായിരുന്നു എല്ലാം ഒന്നിനോടൊന്നു ചേര്‍ന്ന് സംഭവിച്ചിരിക്കുന്നു. വ്രുഷ്ണി കുലനാഥന്റെ മരണവും, വ്രുഷ്ണി കുലത്തോടൊപ്പം തന്നെ!

വേദന സഹിയാതെ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ വേടന്‍, മാനിനു പകരം, ദിവ്യ രൂപിയായ മനുഷ്യനെ കണ്ട് കുറ്റ ബോധത്താല്‍ വിതുമ്പി. അസഹ്യമായ വേദന കടിച്ചമര്ത്തുന്നതിനിടയിലും, കൃഷ്ണന്‍ വേടനെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു 'വിഷമിക്കരുത്! യാത്ര പറയാനുള്ള ഉചിത മാര്‍ഗ്ഗം തേടിയലഞ്ഞ എനിക്ക് നീ വഴികാട്ടിയായി. എനിക്ക് നിന്നോട് നന്ദിയും കടപ്പാടും ഉണ്ട് 'അന്ത്യ യാത്രക്ക് തയ്യാറെടുതുകൊണ്ടിരുന്ന കൃഷ്ണനെ പരിചരിക്കാന്‍ വേടന്‍ തന്നാലാവതും ശ്രമിച്ചു,

ഒന്നും ഫലവത്തായില്ല. കൃഷ്ണന്‍ ദേഹ വിമുക്തനായി. പോകുന്ന മാര്‍ഗ്ഗമെല്ലാം പ്രഭ പരത്തികൊണ്ട് ആ ദിവ്യ രൂപം സ്വധാമത്തില്‍ എത്തി ചേര്‍ന്നു. വിഭുവായ കൃഷ്ണന്‍ ഭൂമിയില്‍ നിന്ന് വിടവാങ്ങി. ധര്‍മ്മത്തിന്റെ ഒരു പാദം കൂടി നഷ്ടപ്പെട്ട്, കലി ഭൂമിയെ കീഴ്‌പെടുത്താന്‍ തയ്യാറെടുത്തു. (ഈ വേടന്‍ ത്രേതായുഗത്തിലെ ബാലിയായി പുരാണം വിവക്ഷിക്കുന്നു )

ദാരുകന്‍ ഹസ്തിന പുരത്തില്‍ എത്തി, കൃഷ്ണ ദൌത്യം അര്‍ജ്ജുനനെ അറിയിച്ചു. കനത്ത ദുഃഖം പുറത്തു പ്രകടിപ്പിക്കാതെ, അര്‍ജ്ജുനന്‍ കൃഷ്ണന്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം യുധിഷ്ടിരനെ അറിയിച്ചു. നടക്കാനിരിക്കുന്ന അശുഭ സംഭവങ്ങളൊന്നും ആ നിമിഷം അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ എത്തിയില്ല. യുധിഷ്ടിരന്‍ അര്‍ജ്ജുനനെ ഏറെക്കുറെ സന്തോഷത്തോടെ യാത്രയാക്കി. ദ്വാരകയിലെത്തിയ അര്‍ജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവില്‍, ബലരാമന്റെ ഭൌതിക ശരീരം ഒരു വൃക്ഷ ച്ചുവട്ടില്‍ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവില്‍, കൃഷ്ണ ശരീരവും അര്‍ജ്ജുനന്‍ ദര്‍ശിച്ചു, 'എനിക്കൊന്നു പൊട്ടിക്കരയാന്‍ കഴിഞ്ഞെങ്കില്‍ എന്റെ മാധവാ! ഇനി ഞങ്ങള്‍ക്ക് ആരുണ്ട്? നാഥനില്ലാതായ ഞങ്ങള്‍ ഇനി എങ്ങനെ ദിവസങ്ങള്‍ കഴിക്കും? പ്രിയനായ എന്നോട് യാത്ര പോലും പറയാതെ അങ്ങു പോയല്ലോ' ദുഃഖം ഉള്ളിലടക്കി അര്‍ജുനന്‍ ആ വിശിഷ്ട ദേഹങ്ങള്‍ ദ്വാരകയില്‍ എത്തിച്ചു. വസുദേവരോട്, അടുത്ത നടപടിയെ പറ്റി ആലോചിക്കാന്‍ എത്തിയ അര്‍ജ്ജുനന്‍ കണ്ടത് വസുദേവരുടെ ചേതനയറ്റ ശരീരമാണ്. 'എന്തേ ഇങ്ങനെ എല്ലാവരും ഒരുമിച്ച് ' അര്‍ജ്ജുനന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മൃത ശരീരങ്ങള്‍ അദ്ദേഹം യഥാവിധി സംസ്‌ക്കരിച്ചു. ആ മൃതശരീരങ്ങല്‍ക്കൊപ്പം അഗ്‌നിയില്‍ ചാടി അവരുടെ ഭാര്യമാര്‍ 'സതി ' ആചരിച്ചു. ദ്വാരക കിളി ഒഴിഞ്ഞ കൂടായി! ചടങ്ങുകള്‍ കഴിയേണ്ട താമസം മാത്രം ബാക്കി വെച്ച് ദ്വാരകയിലേക്ക് വെള്ളം കയറി തുടങ്ങി.

ദാരുകനോട് ചേര്‍ന്ന് അര്‍ജ്ജുനന്‍ ശേഷിച്ച ജനങ്ങളേയും, കുട്ടികളേയും ഹസ്തിനപുരിയിലേക്ക് കൂട്ടി. ഈ ജനങ്ങളെ നയിക്കാനുള്ള ശക്തി തന്നില്‍ നിന്ന് ചോര്ന്നു പോകുന്നതായി അര്‍ജ്ജുനന് അനുഭവപ്പെട്ടു. യാത്രക്കിടയില്‍ ഒരു വിശ്രമ താവളത്തില്‍ എത്തിയ അവരെ കൊള്ളക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ശ്രമിച്ച അര്‍ജ്ജുനന്‍ ആ സത്യം മനസ്സിലാക്കി തന്റെ ഗാണ്ഡീവത്തിന്റെ ശക്തി നഷ്ടപ്പെട്ടിരിക്കുന്നു. അസ്ത്രം തൊടുക്കുമ്പോള്‍ പഴയ കൈവേഗം കിട്ടുന്നില്ല. ' എന്റെ മാധവാ! അങ്ങേന്തിന് എന്നെ വിട്ടു പോയി? ഞാന്‍ അങ്ങയെ കാണാന്‍ കൊതിക്കുന്നു മാധവാ! അങ്ങില്ലാത്ത്ത ഈ ഭൂമിയില്‍ ജീവിക്കാന്‍ എനിക്കാവില്ല നോക്കു! എല്ലാ ചൈതന്യവും ഭൂമിയില്‍ നിന്ന് വിട്ടു പോയിരിക്കുന്നു! അങ്ങ് കാണുന്നില്ലേ സഖേ!' കൊള്ളക്കാര്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന ധനം കൊള്ളക്കാര്‍ കവര്‍ന്നു. സുന്ദരികളായ പല സ്ത്രീകളേയും അവര്‍ വശപ്പെടുത്തി കൂടെ കൊണ്ടു പോയി. കൂ ട്ടക്കരച്ചിലിനിടയില്‍, അര്‍ജുനന്‍ അവരെ രക്ഷിക്കാനായി തന്നാലാവും വിധം കഠിനമായി ശ്രമിച്ചു. ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. ധനുര്‍ധാരിയായ അര്‍ജ്ജുനന്റെ ശക്തി ചോര്‍ന്നു പോയിരിക്കുന്നു. ശേഷിച്ച ജനങ്ങളേയും കൂട്ടി, ഏറെ കഷ്ടപ്പെട്ട് അര്‍ജ്ജുനന്‍ ഹസ്തിന പുരത്തില്‍ എത്തി ചേര്‍ന്നു. മാധവപാദ സ്പര്‍ശം ഭൂമിയില്‍ ഇല്ലാതായതോടെ ഭൂമിദേവിയുടെ 'ശ്രീ' അസ്തമിച്ചതായി കരുതപ്പെടുന്നു. ആ പുണ്യ പാദസ്മരണയിലൂടെ, കലിയുഗ ഭക്തരായ നമുക്കും സായൂജ്യം കണ്ടെത്താം!!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories