ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നക്ഷത്രങ്ങളും ലഗ്‌നബലവും


നക്ഷത്രങ്ങളും ലഗ്‌നബലവും

ആകാശ വീഥിയില്‍ അഥവാ രാശി മണ്ഡലത്തില്‍ അനവധി സഹസ്രം നക്ഷത്രങ്ങള്‍ ദൃശ്യങ്ങളായും അദൃശ്യങ്ങളായും ഉണ്ടെങ്കിലും അശ്വതി തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ മാത്രമേ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ളൂ.

ദക്ഷ പ്രജാപതിയുടെ പുത്രിമാരായ 27 കന്യകകളെ ചന്ദ്രനു വിവാഹം കഴിച്ചു കൊടുത്തുവെന്നും ആ കന്യകമാരുടെ പേരുകളാണ് പ്രസ്തുത നക്ഷത്രങ്ങള്‍ക്കും ഉള്ളതെന്നും അത് മാത്രമല്ല കന്യകകള്‍ തന്നെയാണ് 27 നക്ഷത്രങ്ങളായി ചന്ദ്രനെ പ്രാപിക്കാന്‍ നില്‍ക്കുന്നതെന്നുമാണ് പുരാണ മതം

ഡോക്ടര്‍ സിസ്സേറിയന്‍ നടത്താന്‍ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ആളുകള്‍ ജ്യോതിഷനോട് ചോദിക്കുന്ന ഒരു ചോദ്യം ഏതു നക്ഷത്രമാണ് നല്ലത് എന്നാണു 27 നക്ഷത്രങ്ങളും ഒരു പോലെ നല്ലതാണ്. ചെറുപ്പം മുതല്‍ കേട്ടിട്ടുള്ള ഒരു പഴ്‌ന്‌ചോല്ലാണ് ഓര്‍മ്മ വരുന്നത് രാജാവിനും അലക്കുകാരനും ജ്യേഷ്ഠ (തൃക്കേട്ട) നക്ഷത്രം രാജാവ് രാജ്യം ഭരിക്കുന്നു അലക്കുകാരന്‍ വിഴുപ്പലക്കുന്നു ഇതില്‍ നിന്നും മനസ്സിലാക്കാം നക്ഷത്രത്തേക്കാള്‍ പ്രാധാന്യം ഒരാള്‍ ജനിച്ച സമയത്തിനാണ് അഥവാ ലഗ്‌നത്തിനാണെന്ന്.

നക്ഷത്രഫലം ശരിയായി അനുഭവപ്പെടണമെങ്കില്‍ ചന്ദ്രന് ബലമുണ്ടായിരിക്കണം. ചന്ദ്രന്റെ ബലാബലമനുസരിച്ചായിരിക്കും നക്ഷത്രങ്ങളുടെ ഫല സിദ്ധിയുണ്ടാകുന്നത്. ഒരു നക്ഷത്രത്തിന് 60 നാഴികയാണുള്ളത് അതായത് ഒരു ദിവസത്തിന്റെ നാഴിക അതിനെ 15 നാഴിക വീതമുള്ള നാലുകാലുകളായി വിഭജിച്ചിരിക്കുന്നു അതിനെ ഒരു നക്ഷത്ര പാദമെന്നു പറയും. നക്ഷത്രക്കാലും നക്ഷത്രപാദവും ഒന്നു തന്നെയാണ്. മേല്‍ പറഞ്ഞ 27 നക്ഷത്രങ്ങളില്‍ ചില നക്ഷത്രങ്ങളുടെ ചില പ്രത്യേക പാദങ്ങളില്‍ ജനിച്ചാല്‍ ചില ദോഷങ്ങള്‍ ഉണ്ടാവാമെന്ന് ജ്യോതിശാസ്ത്രം വിധിക്കുന്നു.

പൂയം, അത്തം, പുരാടം ഇവയുടെ നാല് കാലുകളും മരണപ്രദങ്ങളാണ് ഇവയെ 'കാലുകളുള്ള നക്ഷത്ര'മെന്നും, 'കൂറുള്ള നക്ഷത്ര' മെന്നും ദേശമനുസരിച്ച് പറയാറുണ്ട്.

1. പൂയം - പൂയം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ജാതകന് തന്നെയും (തന്‍കാല്), രണ്ടാം പാദത്തില്‍ ജനിച്ചാല്‍ മാതാവിനും (അമ്മക്കാല്), മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും (അച്ഛന്‍ക്കാല്), നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും (അമ്മാവന്‍ക്കാല്) നാശം സംഭവിക്കാം.

2, അത്തം - അത്തത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ പിതാവിനും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും, മൂന്നാം പാദത്തില്‍ ജനിച്ചാല്‍ തനിക്കു തന്നെയും, നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും നാശത്തെ ചെയ്യും,

3. പൂരാടം - പൂരാടത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ മാതാവിനും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും, മൂന്നാംപാദത്തില്‍ ജനിച്ചാല്‍ അമ്മാവനും, നാലാം പാദത്തില്‍ ജനിച്ചാല്‍ ജാതകന് തന്നെയും നാശത്തെ ചെയ്യാം.

കാലില്‍ കാലു വന്നാല്‍ നാശം (മരണം) നിശ്ചയമായും സംഭവിക്കുമെന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. അത് എങ്ങിനെയെന്നാല്‍ ഒരു ഉദാഹരണം കൊണ്ട് വെളിപ്പെടുത്താം.

അത്തത്തിന്റെ രണ്ടാമത്തെ പാദം (കാല്) ആണല്ലോ അമ്മാവന്‍ക്കാല് ആ കാലിന് 15 നാഴികയുണ്ട് ആ 15 നാഴിക നാലായിട്ട് വിഭജിക്കപ്പെട്ടാല്‍ 3മ്ല നാഴിക വീതമുള്ള നാല് അംശങ്ങള്‍ കിട്ടും. ആ 3മ്ല നാഴികയുള്ള അംശമാണ് കാലില്‍ കാല്. അത്തം രണ്ടാമത്തെ കാലാണല്ലോ അമ്മാവന്‍ക്കാല് ആ രണ്ടാമത്തെ കാലിന്റെ രണ്ടാമത്തെ അംശക്കാല് എന്ന് പറഞ്ഞാല്‍ ആ കാല് തുടങ്ങി 3മ്ല നാഴിക കഴിഞ്ഞുള്ള 3മ്ല നാഴിക സമയം അതാണല്ലോ ആ കാലിന്റെ 2) മത്തെ അംശക്കാല്.

അതുപോലെ അത്തത്തിന്റെ ഒന്നാമത്തെക്കാലിന്റെ (ആദ്യത്തെ 15 നാഴികയുടെ) ഒന്നാമത്തെ അംശക്കാലായ 3മ്ല നാഴിക സമയത്ത് ജനിച്ചാല്‍ പിതാവിന് നിശ്ചയമായും ദോഷം സംഭവിക്കാം.

അതുപോലെ പൂയത്തിന്റെ ആദ്യത്തെ പാദത്തിന്റെ ആദ്യത്തെക്കാലില്‍ (3മ്ല നാഴിക സമയത്ത്) ജനിച്ചാല്‍ ജാതകന് ദോഷം നിശ്ചയമാണ്. എന്തു കൊണ്ടെന്നാല്‍ പൂയത്തിനു ആദ്യത്തെ പാദം (കാല്) തന്ക്കാലാണ് ആ തന്ക്കാലിന്റെ ആദ്യത്തെ അംശക്കാലുള്ള 3മ്ല നാഴിക സമയത്താണ് ജനനമെങ്കില്‍ ദോഷഫലം നിശ്ചയമാണ്.

ചന്ദ്രന്‍ ബലവാനായി ലഗ്‌നാല്‍ ഇഷ്ടസ്ഥാനത്ത് ശുഭ ഗ്രഹങ്ങളുടെ യോഗ ദൃഷ്ടിയോടുകൂടി നിന്നാല്‍ നക്ഷത്ര ദോഷം സംഭവിക്കുകയില്ലെന്നാണ് അഭിജഞാഭിപ്രായം.

ഉദാഹരണമായി മകരമാസത്തിലെ പൂയം വെളുത്തവാവ് ദിവസമാണ് മീനമാസത്തിലെ അത്തവും മിഥുന മാസത്തിലെ പൂരാടവും വെളുത്ത വാവിനോട് അടുത്തു ചന്ദ്രബലമുള്ള ദിവസങ്ങളാണ്. അതുകൊണ്ട് ചന്ദ്രന് ബലമോ ശുഭയോഗമോ ശുഭാവീക്ഷണമോ ഒക്കെയുള്ള സമയത്തു ജനിച്ചാല്‍ കാല് ദോഷം പറയാന്‍ പാടില്ല.

പൂയം നഷത്രത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ജനന ലഗ്‌നം കര്‍ക്കിടകവും തിഥി പ്രതിപദവും ആഴ്ച ബുധനുമായിരിക്കണം. ഇങ്ങനെ ഒത്തുവന്നാല്‍ മാത്രമേ പൂയത്തിന്റെ കൂറുദോഷം സംഭവിക്കുകയുള്ളൂ.

അത്തം നക്ഷത്രത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ലഗ്‌നം കന്നിയും തിഥി സപ്തമിയും ആഴ്ച ചോവ്വയുമായിരിക്കണം. ഇങ്ങനെ ഇങ്ങനെ യോജിച്ചു വന്നാല്‍ അത്തത്തിന്റെ കൂറ് ദോഷം പറഞ്ഞ പ്രകാരം സംഭവിക്കും.

പൂരാടത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ജനന ലഗ്‌നം ധനുവും ആഴ്ച ശനിയും തിഥി ചതുര്‍ത്തിയോ നവമിയോ ചതുര്‍ദശിയോ ഏതെങ്കിലും ഒന്നുമായിരിക്കണം. ഇങ്ങനെ ഒത്തുവന്നാല്‍ പൂരാടത്തിന്റെ കൂറ് ദോഷവും യഥാക്രമം ഫലിക്കും.

കൂറ് ദോഷം ഫലിക്കണമെങ്കില്‍ ലഗ്‌നത്തില്‍ ചന്ദ്രന്‍ നില്‍ക്കണമെന്നുള്ളതാണ് പ്രദാന സാരം. നക്ഷത്ര പാദം സൂക്ഷ്മമായി പരിശോധിച്ചിട്ട് വേണം ദോഷങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍.

'ലഗ്‌നേ ബലിഷ്ട് ജഗതി പ്രഭുത്വം
ദേഹബലം സുവര്‍ച്ച
ഉപര്യ പര്യ ഭയാഭിവൃദ്ധി
പ്രാപ്‌നോതി ബാലേന്ദു വദേഷ്ഠ'

ഒരു ജാതകത്തില്‍ ലഗ്‌നത്തിനും ലഗ്‌നാധിപനും ബലമുണ്ടെങ്കില്‍ സകല അഭിവൃദ്ധിയും വന്നു ചേരും.

ലഗ്‌നം മുതലാണ് ഓരോ ഭാവങ്ങളും നിര്‍ണ്ണയിക്കുന്നത്. ലഗ്‌നം ഓരോ രാശിയിലും നിന്നാലുള്ള ഫലമാണ് ലഗ്‌നഫലം എന്ന് പറയപ്പെടുന്നത്. ലഗ്‌നം 12 രാശികളില്‍ നിന്നാല്‍ ഫലം വ്യത്യസ്തമാണ്.

ഒരാളുടെ ലഗ്‌നം തൊട്ട് ഓരോ ഭാവവും ഇങ്ങനെയാണ് ചിന്തിക്കുന്നത്.

ലഗ്‌നം - ശരീരത്തിന്റെ ആകൃതി, നിറം, സ്വരൂപം, പ്രവൃത്തി, രൂപ സാദൃശ്യം, അനുഷ്ടാനം എന്നിവ ലഗ്‌നത്തെ കൊണ്ട് പറയണം.

2ആം ഭാവം - വാക്ക്, കുടുംബം, ധനം, വലത്തെ കണ്ണ് വിദ്യയും, പൂര്‍വ്വാജ്ജിത ധനം, വിദ്യാഭ്യാസം മുതലായവ രണ്ടാം ഭാവം കൊണ്ട് പറയണം.

3ആം ഭാവം - വീര്യം, വിക്രമം, ധൈര്യം, ദുര്‍ബദ്ധി, സഹായി, സഹോദരങ്ങള്‍ മുതലായവ

4ആം ഭാവം - മാതാവ്, സുഖം, ഗൃഹം, അമ്മാവന്‍, വാഹനങ്ങള്‍, ജലം മുതലായവ

5ആം ഭാവം - പ്രജ്ഞാ, മേധ, വിവേകശക്തി, പുത്രസന്താനങ്ങള്‍, മന്ത്രം, പൂര്‍വ്വ പുണ്യം മുതലായവ

6ആംഭാവം - രോഗം, ശത്രു, കടം, കള്ളന്‍, ശത്രുക്കള്‍, കച്ചവടം, അന്യദേശ വൃത്താന്തം മുതലായവ

7ആം ഭാവം - വിവാഹാം, കാമവും, ഭാര്യാഭര്‍തൃ സംഗമം, മൈഥുനം, സ്ത്രീ ഗ്രഹങ്ങളും ഏഴാം ഭാവം കൊണ്ട് ചിന്തിക്കാം

8ആം ഭാവം - ആയുസ്സരിഷ്ടത, രോഗം, ആപത്തും, അപവാദവും, മംഗല്യം, വൈധവ്യം, മരണം മുതലായവ എട്ടാം ഭാവേന ചിന്തിക്കാം

9ആം ഭാവം - ഭാഗ്യം, പുണ്യം, ധര്‍മ്മം, തപസ്സും, ദാനവും, പൂജയും,അച്ഛന്‍, പേരകിടാങ്ങള്‍, ഗുരുക്കന്മാര്‍, ഔഷധം മുതലായവ

10ആം ഭാവം - കര്‍മ്മം, വ്യാപാരം, ജയം, സല്‍കീര്‍ത്തി തുടങ്ങിയവ

11ആം ഭാവം - അഭീഷ്ടകാര്യം, സഹോദരങ്ങള്‍, അര്‍ത്ഥലാഭം, ഇടത്തെ ചെവിയും, ജനിച്ചതില്‍ മക്കള്‍, മകന്റെ ഭാര്യ ഇവയെല്ലാം പതിനൊന്നാം ഭാവേന ചിന്തിക്കാം.

12ആം ഭാവം - പാപങ്ങള്‍, അംഗവൈകല്യം, ഇടത്തെ കണ്ണ് വീഴ്ചയും, ദാരിദ്ര്യം, നരകവും, ചിലവും പന്ത്രണ്ടാം ഭാവാല്‍ ചിന്തിക്കാം.

ഒരു ജാതകത്തില്‍ ഗുരുവിന്റെ സുസ്ഥിതി വളരെ പ്രധാനമുള്ളതാണ് പ്രത്യേകിച്ചും ലഗ്‌നത്തിലും, 9ലും നില്‍ക്കുന്ന ഗുരു ഒരാളുടെ നക്ഷത്രം ഏതു തന്നെയായാലും ഗ്രഹങ്ങളുടെ സുസ്ഥിതിയും അംശകബലവും കൊണ്ട് ജാതകന് നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

പലരും മാസികകളിലെയും പത്രങ്ങളിലെയും ചരവശാല്‍ ഉള്ള നക്ഷത്ര ഫലങ്ങള്‍ വായിച്ചു മനസ്സ് വിഷമിപ്പിക്കാറുണ്ട് ഒരു വ്യക്തി ജാതകത്തിലെയും ചരവശാലുള്ള ഫലങ്ങളുടെ ഒരു മിശ്രിത ഫലമാണ് അനുഭവിക്കുന്നത് മാത്രമല്ല അവരവര്‍ ചെയ്യുന്ന പ്രാര്‍ഥനക്ക് വളരെയധികം നല്ല ഫലങ്ങള്‍ ലഭിക്കും അതിനാല്‍ മാസികകളിലെ നക്ഷത്ര ഫലം വായിച്ചു മനസ്സ് വിഷമിപ്പിക്കേണ്ടതില്ല

ഇതില്‍ നിന്നും ഒരു ജാതകത്തില്‍ നക്ഷത്രത്തേക്കാള്‍ പ്രാധാന്യം ലഗ്‌നത്തിനാണെന്ന് മനസ്സിലാക്കാവുന്നതാണ്.

താരനിത്യാനന്ദ്‌
ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories