ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

പാണ്ഡവരുടെ മഹാപ്രസ്ഥാനിക സ്വര്‍ഗ്ഗാരോഹണങ്ങള്‍


പാണ്ഡവരുടെ മഹാപ്രസ്ഥാനിക സ്വര്‍ഗ്ഗാരോഹണങ്ങള്‍

കൃഷ്ണന്‍ തന്നെ വിശ്വാസ പൂര്‍വം ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയ അര്‍ജ്ജുനന്‍, ജ്യേഷ്ഠനെ കണ്ണീരോടെ നോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല.

ഉരിയാടാനുള്ള ശക്തി അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. അര്‍ജ്ജുനന്‍ ബോധരഹിതനായി നിപതിച്ചു. ധനുര്ധാരിയും ഏറെ മനോബലമുള്ളവനുമായി അറിയപ്പെട്ടിരുന്ന അര്‍ജ്ജുനന്‍ ഇന്ന് ശക്തി ഹീനനായിരിക്കുന്നു.' തന്റെ പ്രാണന്‍ ഒന്നു ശരീരം വിട്ടു പോകാന്‍' അദ്ദേഹം ഏറെ കൊതിച്ചു. വിചാരിക്കുമ്പോള്‍ നടക്കുന്ന പ്രക്രിയ അല്ലല്ലോ മരണം ഭീഷ്മ പിതാമഹനെപൊലെ വിചാരിക്കുംപോള്‍ മരണം ഏറ്റുവാങ്ങാനുള്ള ഒരു സിദ്ധിയും തനിക്കില്ല. തന്റെ കൃഷ്ണന്‍ പറയുംപോലെ' തന്റെ രഥ ചക്രം' അല്പം കൂടി ഉരുണ്ടു നീങ്ങേണ്ടിയിരിക്കുന്നു . ' എല്ലാം എന്നെ പഠിപ്പിച്ച എന്റെ പ്രിയ സഖേ!ഈ ദുഃഖം ഞാന്‍ എങ്ങനെ താങ്ങും? ' ബോധം തെളിഞ്ഞ മാത്രയില്‍ അര്‍ജ്ജുനന്‍ വിലപിച്ചു. ശക്തിയില്ലാതെ വീണ്ടും ആ ശരീരം തളര്‍ന്നു. ഏറെ ദിവസങ്ങള്‍ വേണ്ടി വന്നു, അര്‍ജുനന് തന്റെ പൂര്‍വ്വാ അവസ്ഥയിലേക്ക് മടങ്ങി വരാന്‍ അനിഷ്ടമായ എന്തോ ഒന്ന് തന്റെ പ്രിയ അനുജനെ തളര്ത്തിയെന്നല്ലാതെ, യുധിഷ്ടിരന് ഒന്നിന്റെയും പൂര്‍ണ്ണ രൂപം പിടി കിട്ടിയില്ല. അര്‍ജ്ജുനനോട് ചോദിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ട അദ്ദേഹം നിശ്ചിന്ത്യനായി അനിയനെ തന്നെ നിര്‍ന്നിമേഷനായി നോക്കിയിരുന്നു. ജ്യേഷ്ഠന്റെ ആകാംഷ വായിച്ചറിഞ്ഞ അര്‍ജ്ജുനന്‍, കൃഷ്ണ ബാലരാമന്മാരുടെ വിയോഗവും, ദാരുക സഹായത്തോടെ താന്‍ ആ പുണ്യ ശരീരങ്ങളെ അഗ്‌നിക്കിരയാക്കിയതും വിസ്തരിച്ചു. മടങ്ങി വരുന്നതിനിടയില്‍ ദ്വാരകയില്‍ വെള്ളം കയറി തുടങ്ങിയതും അര്‍ജ്ജുനന്‍ വെളിപ്പെടുത്തി.' നമ്മുടെ പ്രഭുവിന്റെ അവസാന ദൗത്യം അശക്ത നെങ്കിലും ഞാന്‍ പാലിച്ചിരിക്കുന്നു

ജ്യേഷ്ഠ! ഈ ദ്വാരകാ നിവാസികളെ കൂട്ടാന്‍ വേണ്ടിയാണ് കൃഷ്ണന്‍ എന്നെ വിളിപ്പിച്ചത്. എന്നാല്‍ ഞാന്‍ എത്തിയപ്പോഴെക്കും എന്റെ പ്രിയ സഖാവ് ഈ ലോകം വിട്ടു പോയിരുന്നു. 'അര്‍ജ്ജുനനു ഉള്‍പ്പെട്ട ശുദ്ധാത്മാക്കളായ അവരഞ്ചുപേരും പൊട്ടിക്കരഞ്ഞു. ദുഃഖം സഹിക്കാതെ യുധിഷ്ടിരന്‍ ബോധരഹിതനായി.

ബോധം തെളിഞ്ഞ അവരില്‍ ജീവിതാശ നശിച്ചിരുന്നു. നമ്മുടെ പ്രഭുവില്ലാത്ത്ത ഈ ലോകത്ത് നമുക്കിനി ജീവിക്കാനാവില്ല.

നമുക്ക് അടുത്തു തന്നെ മടക്കമില്ലാത്ത യാത്രക്ക് തയ്യാറെടുക്കണം. യുധിഷ്ടിരന്‍ പറഞ്ഞു' അര്‍ജ്ജുനാ! കാലമാകുന്ന ചെമ്പു പാത്രത്തില്‍ നാമില്ലാതാകുന്നതുവരെ നമ്മളെ ഇട്ടു ഉരുക്കി കൊണ്ടിരിക്കും. നമുക്കും ഉരുകി തീരേണ്ട ഘട്ടം എത്തിയിരിക്കുന്നു. നമ്മുടെ പ്രഭു ഇല്ലാതായ ഈ ലോകത്തു നിന്ന് നമുക്കും വിട പറഞ്ഞേ തീരൂ!

എന്തിനുവേണ്ടി നാമെല്ലാം ജന്മമെടുത്തോ ആ ദൌത്യം പൂര്‍ത്തി ആയിരിക്കുന്നു.'

അവര്‍ പരസ്പരം ഐക്യദാര്‍ഡ്യത്തോടെ ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവര്‍ പരീക്ഷിത്തിനെ ഹസ്തിനപുരത്തിന്റെ യുവരാജാവായി അഭിഷേകം ചെയ്തു. യുവരാജാവിന്റെ രക്ഷിതാവായി യുയുല്‌സുവിനെ നിയമിച്ചു. ശുദ്ര സ്ത്രീയില്‍ ധൃതരാഷ്ട്ര്‍ക്ക് ജനിച്ച ഈ പുത്രന്‍ പാണ്ഡവരുടെ പ്രിയപ്പെട്ടവനായിരുന്നു. ധര്‍മ്മ മാര്‍ഗത്തില്‍ അവരോടൊപ്പം നില്ക്കാന്‍ ധൈര്യം കാട്ടിയ യുയുത്സു അവര്‍ക്കും പുത്രതുല്യനായ മിത്രമായിരുന്നു. കൃപരെ കുലഗുരുവായി തീരുമാനിച്ചുറപ്പിച്ചു തങ്ങള്‍ സ്വര്‍ഗ്ഗയാത്രക്കു പുറപ്പെടുന്ന വിവരം അവര്‍ രാജ്യമെമ്പാടും പെരുമ്പറ കൊട്ടിയറിയിച്ചു. അവരെ തടയാന്‍ ലോകവാസികള്‍ ശ്രമിച്ചെങ്കിലും, അവര്‍ തങ്ങളുടെ ഉദ്യമത്തിന്റെ ന്യായാന്യായങ്ങള്‍ പ്രജകളെ ബോധ്യപ്പെടുത്തി.

കാലഗണനയുടെ അവസാന പടിയിലെത്തിചേര്‍ന്ന തങ്ങള്‍ക്കു ഇനി പിന്നൊട്ടു യാത്രയില്ല, മുന്നോട്ടു മാത്രം.

പാണ്ഡവര്‍ മഹാപ്രസ്ഥാനത്തിനു തയ്യാറെടുത്തു. അവര്‍ രാജകീയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച്, മരവുരിയും, മാന്തോലും ധരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹസ്ത്തിനപുരത്തില്‍ നിന്ന് ഇതേ വേഷത്തില്‍ യാത്ര തിരിച്ചപ്പോള്‍ അനുഭവിച്ച മനക്‌ളേശവും, അരക്ഷിതത്വവും ഇന്നവരില്‍നിന്നു അകന്നു പോയിരിക്കുന്നു. സ്വമനസ്സാലെ എടുത്ത ഈ തീരുമാനം അവര്‍ക്ക് മനശാന്തി നല്കുന്നതായിരുന്നു. പൂര്‍ണ്ണമായി കടമകള്‍ നിര്‍വഹിച്ച ശേഷമുള്ള ഒരു വാനപ്രസ്ഥം!

അവര്‍ ഹസ്തിനപുരത്തോടു വിടവാങ്ങി ഉത്തരദിക്കു ലക്ഷ്യമാക്കി നടന്നു തുടങ്ങി.

അവര്‍ ആദ്യം തങ്ങളുടെ വിഭുവായ കൃഷ്ണന്റെ ദ്വാരകയില്‍ എത്തി. പ്രളയത്തില്‍ പാടെ നശിച്ചുപോയ ആ നഗരത്തിന്റെ അവശിഷ്ടങ്ങളില്‍ അവര്‍ ഭൂതകാലം പരതി.

യുധിഷ്ടിരന്‍ പറഞ്ഞു,' നമുക്ക് എല്ലാം തന്നെ നഷ്ടമായിരിക്കുന്നു. നമ്മുടെ ഈ ദേഹം മാത്രം നമുക്കു തന്ന് ആ പുണ്യാത്മാവ് യാത്ര പറഞ്ഞു' നീര്ധാരകള്‍ ഒഴുക്കുന്ന ആ ഭക്തനെ കണ്ടു നില്ക്കുക സഹോദരങ്ങള്‍ക്കും ബുദ്ധിമുട്ടായി. ഈ സമയം അഗ്‌നിദേവന്‍ അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

'അര്‍ജ്ജുനാ! അങ്ങയുടെ ഗാണ്ഡീവവും, ആവനാഴിയും ഇനി അങ്ങക്ക് ആവശ്യമില്ല'ലക്ഷ്യം പൂര്‍ത്തികരിച്ച ഇത്, ഉടമസ്ഥനായ വരുണന് മടക്കി നല്‍കേണ്ടതാണ്. അങ്ങക്കു വേണ്ടി ഇതു ഞാന്‍' വരുണ' സമക്ഷത്തു നിന്നു കൊണ്ടു വന്നതാണ്. ' അര്‍ജുനന്‍ ഓര്‍ത്തു,' ഈ ഗാണ്ഡീവ ത്തിനോടൊപ്പം എന്റെ സഖാവും കൂടെയുന്ടങ്കിലെ അര്‍ജ്ജുനന്‍ അര്‍ജുനനാകൂ! അദ്ദേഹത്തിന്റെ അഭാവത്തില്‍ ഈ കൌന്തെയനു ഗാണ്ഡീവം ഒരു ഭാരമാണ്. സന്തത സഹചാരിയായ ഗാണ്ഡീവത്തെ വേര്‍പ്പെടുത്തേണ്ട ഘട്ടമായി. അര്‍ജ്ജുനന്‍ നിര്‍കണ്ണുകളോടെ ഗാണ്ഡീവവും, ആവനാഴിയും താഴെ വെച്ച് അതിനെ പ്രദിക്ഷണം ചെയ്തു വന്ദിച്ചു. വീണ്ടും അവ കയ്യിലുയര്‍ത്തി അതിനെ സമുദ്രത്തിലേക്ക് എറിഞ്ഞു. ഭഗവാന്റെ വാക്കുകള്‍ അര്‍ജ്ജുനന്‍ ഓര്‍ത്തു' ലക്ഷ്യ പൂര്‍ത്തീ കരണത്തിനു ശേഷം ഒന്നിനെയും ഭൂമിക്കു ആവശ്യമില്ല.' വീണ്ടും യാത്ര തുടര്‍ന്ന അവര്‍ ഹിമാലയ പര്‍വതത്തില്‍ എത്തി. അതു മുറിച്ചു കടന്നവര്‍ മഹാമേരുവില്‍ എത്തി ചേര്‍ന്നു.

ആ യാത്രക്കിടയില്‍ ആദ്യം ദ്രൗപതി മരിച്ചു വീണു. ഈ കാഴ്ച്ച ഭീമസേനന്റെ ദൃഷ്ടിയിലാണ് ആദ്യം പതിഞ്ഞത്. അദ്ദേഹത്തിനു ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. അവര്‍ തങ്ങളുടെ നിശ്ചയ പ്രകാരം യാത്ര തുടരാന്‍ പ്രതിജ്ഞാബദ്ധരായിരുന്നു. ഏറെ നേരം മൂകനായി നടന്ന ശേഷം ഭീമന്‍ ജ്യേഷ്ഠനോട് ചോദിച്ചു,' അങ്ങു കണ്ടില്ലേ, നമ്മുടെ പ്രിയപ്പെട്ട ദ്രൗപതി മരിച്ചു വീണിരിക്കുന്നു.' ഒരു ദീര്‍ഘ നിശ്വാസത്തോടെ യുധിഷ്ടിരന്‍ പറഞ്ഞു,' ജനി മരണങ്ങളില്ലാത്ത യാത്രയാണ് നമ്മുടേത്. ഒന്നിനേകുറിച്ചും ചിന്തിക്കരുത്. ചഞ്ചലപ്പെടരുത്.' ' ജ്യേഷ്ഠ! എന്നാലും ഒരു തെറ്റും ചെയ്യാത്ത നമ്മുടെ ദ്രൌപതിക്ക് ഈ ഒരു വിധി വന്നല്ലോ? നമ്മളോടൊപ്പം യാത്ര തുടരാനാവാത്ത വിധം എന്തു തെറ്റാണ് അവള്‍ ചെയ്തത്? പറയു! ജ്യേഷ്ഠ!! ജ്ഞാനിയായ അങ്ങക്ക് എല്ലാം അറിയാം! പറഞ്ഞാലും ജ്യേഷ്ഠ! എന്തു തെറ്റാണ് ദ്രൗപതി ചെയ്തത്?' യുധിഷ്ടിരന്‍ പറഞ്ഞു, 'ദ്രൗപതി തികച്ചും പരിശുദ്ധ ആയിരുന്നു. എന്നാല്‍ നമ്മളോടൊപ്പം ഇവിടം വരേയുള്ള യാത്രക്കെ അവള്‍ക്കു അര്‍ഹതയുള്ളൂ.' ഭീമന്‍ ന്യായീകരിച്ചു, 'നമ്മുടെ പത്‌നിയാണ് അവള്‍! നമ്മളോടൊപ്പം എന്നും വരാന്‍ അര്‍ഹതയുള്ളവള്‍!!'യുധിഷ്ടിരന്‍ ശാന്തനായി പ്രതികരിച്ചു 'അര്‍ഹത തീരുമാനിക്കേണ്ടത് നമ്മളല്ല. ദ്രൌപതിയുടെ കര്‍മ്മ ഫലമാണ്.

നമ്മളഞ്ചു പേരയും അവള്‍ സ്‌നേഹിച്ചിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവള്‍ മനസ്സുകൊണ്ട് അര്‍ജുനനെ ഏറെ ഇഷ്ടപെട്ടിരുന്നു. തന്റെ കൈ പിടിച്ച ആദ്യ പുരുഷനെ! അത് സ്ത്രീ സഹജമായ തെറ്റു മാത്രമാണ്. ആയിരം പുരുഷന്മാരോടൊപ്പം കഴിഞ്ഞാലും സ്തീക്കു മനസ്സര്‍പ്പിക്കാന്‍ ഒരു വ്യക്തിയോട് മാത്രമേ കഴിയൂ. ഒരു പക്ഷേ അയാള്‍ അവളുടെ പൂര്‍വ്വ കാമുകന്‍ ആയിരിക്കാം, അല്ലങ്കില്‍ ആ ഭാഗ്യവാന്‍ അവളെ പാണിഗ്രഹണം ചെയ്തവനും ആകാം. ഭീമാ, ദ്രൗപതി കുലീനയും, ധര്‍മ്മിഷ്ടയും ആയതുകൊണ്ടാണ്, അവള്‍ക്ക് നമ്മളോടൊപ്പം ഇവിടം വരെയെങ്കിലും യാത്ര തുടരാനായത്. നിന്റെ കഠിനമായ ദുഖവും ഞാന്‍ മനസ്സിലാക്കുന്നു. നീ എന്നും അവളുടെ രക്ഷകന്‍ മാത്രമായിരുന്നു. ദ്രൌപതിയുടെ ദേഹത്തിനപ്പുറം, മനസ്സിനെ കീഴപ്പെടുത്താന്‍ അര്‍ജ്ജുനനു മാത്രമേ സാധിച്ചുള്ളൂ. പിന്നാലെ എത്തിയ നമ്മള്‍ നാല് പേര്‍ക്കും, അവള്‍ ഒരിക്കലും നീതിയും സ്‌നേഹവും നിഷേധിച്ചില്ല. ഒരപ്രിയവും അവള്‍ കാട്ടിയില്ല, പലതും നമുക്കു വേണ്ടി സഹിച്ചു. ദ്രൗപതി ഒരു ദേവതക്കു തുല്യയായിരുന്നു!

ഗോവിന്ദന്‍ നമുക്കു നല്‍കിയ നിധി! ആശ്വസിക്കു ഭീമാ!'നിര്‍ത്താതെ തുടര്‍ന്ന യാത്രക്കിടയില്‍ ആദ്യം സഹദേവനും, പിന്നാലെ നകുലനും വീണു മരിച്ചു. സഹദേവന്‍ തന്റെ അറിവിലും നകുലന്‍ തന്റെ സൌന്ദര്യത്തിലും ഗര്‍വ്വിതനായിരുന്നതു കൊണ്ടാണ് യാത്ര തുടരാന്‍ കഴിയാതെ വന്നതെന്ന സത്യം യുധിഷ്ടിരന്‍ ഭീമന്റെ സംശയത്തിനു മറുപടിയായി ഉദ്ധരിച്ചു. അടുത്തത് അര്‍ജ്ജുനന്റെ ഊഴം ആയിരുന്നു. നടപ്പു തുടരുന്നതിനിടയില്‍ ആ ധനുര്‍ ധരനും വീണു മരിച്ചു. അപ്പോഴും ഭീമന്‍ യുധിഷ്ടിരനോട് സംശയം ഉന്നയിച്ചു' സകല ശത്രുക്കളെയും താന്‍ തന്നെ വധിക്കുമെന്ന് അര്‍ജ്ജുനന്‍ ശപഥം ചെയ്തിരുന്നു. തന്മൂലം ആ മഹാരഥന്മാരുടെ ശക്തി ക്ഷയിപ്പിക്കതക്കവിധം പലപ്പോഴും ഭല്‍സിച്ചിരുന്നു. ഈ ഒരു കുറ്റമേ ധര്‍മ്മ ശാസ്ത്ര പ്രകാരം അര്‍ജ്ജുനനില്‍ ആരോപിക്കപെട്ടിട്ടുള്ളൂ' വീണ്ടും നടപ്പു തുടര്‍ന്നു.

താനും നിലം പതിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ ഭീമന്‍ യുധിഷ്ടിരനോട് ചോദിച്ചു' ജ്യേഷ്ഠ! ഞാനിതാ വീഴാന്‍ പോകുന്നു. എന്നില്‍ ആരോപിക്കപെട്ട കുറ്റം എന്തെന്നു പറഞ്ഞാലും' യുധിഷ്ടിരന്‍ ഏറെ വേദനയോടെ ഉണര്‍ത്തിച്ചു, 'ഭീമാ! നീയെനിക്ക് പ്രാണനേക്കാള്‍ പ്രിയപ്പെട്ടവനാണ്. എങ്കിലും നീ നിന്റെ അമിത ശക്തിയില്‍ ഊറ്റം കൊണ്ടിരുന്നു. ഭക്ഷണത്തോടുള്ള ആസക്തി എപ്പോഴും അങ്ങില്‍ മുന്പിട്ടു നിന്നിരുന്നു' സഹോദരന്മാരുടെ വേര്പാടോന്നും യുധിഷ്ടിരന്റെ യാത്രക്ക് തടസ്സമായില്ല. അദ്ദേഹം ഏകനായി തന്റെ യാത്ര തുടര്‍ന്നു.

ഹസ്തിനപുരം വിട്ട നാള്‍ മുതല്‍ ഒരു നായ പാണ്ഡ വര്‍ക്കൊപ്പം അനുഗമിച്ചിരുന്നു. നീണ്ട യാത്രക്കിടയില്‍ പലരും കൊഴിഞ്ഞു പോയെങ്കിലും നായ യുധിഷ്ടിരനോടൊപ്പം യാത്ര തുടര്‍ന്നു. യുധിഷ്ടിരന്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നു. ലോകൈക വീരനായ ആ ധര്‍മ്മിഷ്ടനെ എതിരേല്ക്കാന്‍ സ്വര്‍ഗ്ഗ കവാടം ഒരുങ്ങി. ഇന്ദ്രന്‍ തേരുമായി വന്ന് യുധിഷ്ടിരനെ എതിരേറ്റു.' അങ്ങീ തേരില്‍ കയറിയാലും! അങ്ങയെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടാന്‍ എന്നോളം യോഗ്യനായി സ്വര്‍ഗ്ഗവാസികളില്‍ ആരും തന്നെ ഇല്ല. മടിക്കാതെ കയറിക്കോളു യുധിഷ്ടിരാ!'

യുധിഷ്ടിരന്‍ വിനയാന്വിതനായി അറിയിച്ചു, 'അങ്ങു കല്‍പ്പിച്ചനുവദിച്ച ഈ സൌഭാഗ്യത്തില്‍ ഞാന്‍ തീര്‍ത്തും സന്തുഷ്ടനല്ല' 'എന്ത്? അങ്ങേക്ക് സ്വര്‍ഗ്ഗപ്രാപ്തി വേണ്ടന്നാണോ ?'' അല്ല ദേവാ! ഞങ്ങള്‍ പാണ്ഡവര്‍ ദ്രൗപതിയും ഒന്നിച്ചാണ് ഇങ്ങോട്ട് യാത്ര തിരിച്ചത്. വഴിക്കു അവരെല്ലാം വീണു മരിച്ചു. അവര്‍ക്ക് എന്തു പറ്റിയെന്നു പോലും എനിക്കറിയില്ല. അവരില്ലാതെ ഞാന്‍ മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്, എനിക്ക് സുഖത്തേ ക്കാള്‍ വേദനയായിരിക്കും നല്‍കുക. എന്റെ കുടപ്പിറപ്പുകള്‍ എന്റെ പ്രാണനാണ്. ദ്രൗപതി ഞങ്ങളുടെ അഗ്‌നാംശമാണ്. ദയവായി അവരിപ്പോള്‍ എവിടെ ഉണ്ടന്ന് പറഞ്ഞാലും' ഇന്ദ്രന്‍ ചിരിച്ചു,' യുധിഷ്ടിരാ!അങ്ങയെപ്പോലെ ഒരു സഹോദര സ്‌നേഹിയെ ലോകം കണ്ടുകാണില്ല. പലപ്പോഴും അങ്ങ് മമതാ ബന്ധത്തിനു മുന്‍പില്‍ ഏറെ ദുര്‍ബ്ബലനായി കാണപ്പെട്ടിരുന്നു. ഒന്നുനോക്കിയാല്‍ ഇത് ഇത്രമാത്രം ശ്ലാഘനീയമാണോ? വിഛേദിക്കപ്പെടാന്‍ അത്രമാത്രം ബുദ്ധിമുട്ടുള്ളതാണോ?' യുധിഷ്ടിരന്‍ വിഷാദ സ്മിതത്തോടെ പറഞ്ഞു. 'മമതാ ബന്ധമില്ലാത്ത നരന്‍ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹനല്ല. എന്നില്‍ അത് കുറച്ചേറി പോയെന്നു മാത്രം. ദയവായി അങ്ങ് എന്റെ ചോദ്യത്തിനു ഉത്തരം നല്‍കിയാലും!'

'യുധിഷ്ടിരാ! അങ്ങയുടെ സഹോദരന്മാരും ദ്രൗപതിയും ഏറെ നല്ലവരായിരുന്നു. അവര്‍ സ്വന്തം ശരീരം വെടിഞ്ഞ് സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നു. എന്നാല്‍ അങ്ങയോളം മഹത്വം അവര്‍ക്കാര്‍ക്കുമില്ല. അതുകൊണ്ട് അങ്ങക്ക് ജീവനോടെ ഈ സ്വര്‍ഗ്ഗ കവാടത്തില്‍ എത്താന്‍ കഴിഞ്ഞു. തേരില്‍ കയറിക്കോളു. എന്റെ വാക്കുകള്‍ അങ്ങയ്ക്ക് വിശ്വസിക്കാം' യുധിഷ്ടിരന്‍ പറഞ്ഞു

'എനിക്ക് അങ്ങയോട് ഒരു കാര്യം ഉണര്‍ത്തിക്കാനുണ്ട്.' ഇന്ദ്രന്‍ സംശയ ദൃഷ്ട്യാ യുധിഷ്റ്റിരനെ നോക്കി.

'എന്നോടൊപ്പം ഈ യാത്രാ അവസാനം വരെ തുണയായ ഈ നായയെ' ഉപേക്ഷിക്കാന്‍ ഞാന്‍ അശക്തനാണ്. ദയവായി ഇതിനെ കൂടി രഥത്തില്‍ കയറ്റിയാലും 'ഇന്ദ്രന്‍ പുച്ഛ രസത്തില്‍ ചിരിച്ചു, 'ഈ നായക്ക് സ്വര്‍ഗത്തില്‍ പ്രവേശനമില്ലെന്നു താങ്കള്‍ക്കും അറിയാം. എന്നിട്ടും ഈ നിസ്സാരനായ മൃഗത്തിനു വേണ്ടി അങ്ങ് വാശി പിടിക്കുന്നു.'

'ഇല്ല! ഇന്ദ്ര ദേവാ! അങ്ങ് പൊയ്‌ക്കൊള്ളു. ഈ നായ എന്നോടൊപ്പം എന്നും ഉണ്ടാകും. ഈ നായയെ ഞാനിവിടെ ഉപേക്ഷിച്ചാല്‍, സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടി ഞാന്‍ ചെയ്ത പുണ്യ മെല്ലാം ഇല്ലാതാകും ആശ്രയിക്കുന്നവരെ ഒരിക്കലും ഞാന്‍ ഉപേക്ഷിക്കില്ല!! '

അങ്ങ് സ്വന്തം സഹോദരങ്ങളേയും, ദ്രൗപതിയെയും വഴിക്കു വഴി ഉപേക്ഷിച്ചു. അവരേക്കാള്‍ പ്രിയമാണോ അങ്ങക്ക് ഈ നിസ്സാരനായ നായ'യുധിഷ്ടിരന്‍ അറിയിച്ചു 'സഹോദരന്മാരും ദ്രൗപതിയും വഴിക്ക് മൃതരായി. അവരെ ജീവിപ്പിക്കാന്‍ ഞാന്‍ അശക്തനായിരുന്നു. എന്നാല്‍ എന്നോടൊപ്പം ഈ ദൂരങ്ങളെല്ലാം താണ്ടി എത്തിയ ഈ സാധു മൃഗം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതിനെ ഉപേക്ഷിക്കാന്‍ എനിക്ക് ആവില്ല. 'ദേവേന്ദ്രന്‍ ഏറെ അലിവോടെ യുധിഷ്ടിരനെ നോക്കി നില്‍ക്കെ നായയുടെ രൂപം മാറി. യുധിഷ്ടിരന്റെ പിതാവായ ധര്‍മ്മ ദേവനായിരുന്നു നായയുടെ രൂപത്തില്‍ പുത്രനെ പിന്തുടര്‍ന്നത്. അദ്ദേഹം പറഞ്ഞു, 'പുത്രാ! നിന്റെ ഭൂതാനുകമ്പ എന്നെ അഭിമാനിതനാക്കിയിരിക്കുന്നു പരീക്ഷണങ്ങള്‍ക്കപ്പുറമുള്ള പരീക്ഷയും നീ കടന്നിരിക്കുന്നു. ധര്‍മ്മം എന്നാല്‍ 'യുധിഷ്ടിരന്‍' എന്ന പേരില്‍ ലോകം നിന്നെ പുകഴ്ത്തും. നിന്റെ വാക്കും പ്രവര്‍ത്തിയും എന്നും ധര്‍മ്മത്തില്‍ അധിഷ്ടിതമായിരുന്നു. ഒരിക്കല്‍ പോലും നീ അതില്‍നിന്നു വ്യതിചലിച്ചില്ല. നീ ഇന്ദ്ര നോടൊപ്പം പൊയ്‌ക്കൊള്ളു പുത്രാ.'

യുധിഷ്ടിരന്‍ ഇന്ദ്രന്റെ തേരില്‍ കയറി. രഥം മേല്‍പ്പോട്ടുയര്‍ന്നു ചരിച്ചു. ആകാശ മാര്‍ഗത്തിലുടെ ഏറെ ദൂരം സഞ്ചരിച്ച് അവര്‍ അമരാവതി എന്ന നഗരത്തില്‍ എത്തി ചേര്‍ന്നു. യുധിഷ്ടിരനെ മഹാസഭയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ ഉപവിഷ്ടരായിരുന്ന രാജാക്കന്മാരെയെല്ലാം നാരദര്‍ യുധിഷ്ടിരന് പരിച യപ്പെടുത്തി. ' ഇവരെ ല്ലാം അങ്ങക്കു മുന്‍പ് രാജ്യം ഭരിച്ചിരുന്നവരാണ്. അവര്‍ ചെയ്ത സത്കര്‍മ്മങ്ങളാലും, കീര്‍ത്തിയാലും അവരിപ്പോള്‍ കാലത്തെ അതിജീവിച്ച് സ്വര്‍ഗസ്ഥരായി വിരാജിക്കുന്നു. താങ്കളും ഈ നിമിഷം മുതല്‍ അവരില്‍ ഒരാളായി തീര്‍ന്നിരിക്കുന്നു. യുധിഷ്ടിരന്‍ സഭയിലാകെ കണ്ണയച്ചു. തനിക്കു മുന്‌പെത്തിയ സഹോദരങ്ങളെ അദ്ദേഹം അവിടെ കണ്ടില്ല.

യുധിഷ്ടിരന്‍ ഇന്ദ്രനോട് പറഞ്ഞു 'ദേവരാജന്‍! എനിക്കു മുന്‍പ് സ്വര്‍ഗ്ഗപ്രാപ്തി വരിച്ച എന്റെ സഹോദരങ്ങളെ ഒന്നും ഞാനിവിടെ കാണുന്നില്ല. അവരില്ലാത്ത ഈ ലോകത്തില്‍ എനിക്കു നില്ക്കാനാവില്ല. ദയവായി എന്നെ, അങ്ങ് അവരുടെ ഇടയിലേക്കു കൊണ്ടു പോകു! 'ഇന്ദ്രന്‍ പറഞ്ഞു,' യുധിഷ്ടിരാ! ഭൂമി ഭരിച്ച ഏറ്റവും ധര്‍മ്മിഷ്ടനായ രാജാവാണങ്ങ്. സ്വര്‍ഗ്ഗത്തില്‍ രക്ത ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല, വ്യക്തിയുടെ കര്‍മ്മത്തിനും കീര്‍ത്തിക്കുമാണ് സ്ഥാനം. കഷ്ടം! എല്ലാം അറിയുന്ന അങ്ങ് ഇപ്പോഴും വ്യര്‍ത്ഥമായ മമതാ ബന്ധത്തില്‍ നിന്നും മുക്തനാകുന്നില്ല. വരൂ! അങ്ങുടെ ഇരിപ്പടത്തില്‍ വിരാജിച്ചാലും. സഹോദരങ്ങള്‍ അങ്ങക്കിനി ആരുമല്ല. 'ഇന്ദ്രോക്തികള്‍ ശ്രവിച്ചെങ്കിലും യുധിഷ്ടിരന്റെ കണ്ണുകള്‍ സഹോദരങ്ങളെ തിരഞ്ഞു കൊണ്ടിരുന്നു. യുധിഷ്ടിരന്‍ ഇന്ദ്രനെ വണങ്ങിക്കൊണ്ട് അറിയിച്ചു. 'അങ്ങ് എനിക്ക് നല്‍കിയ ഈ സ്ഥാനത്തിന്റെ വലിപ്പവും, മഹത്വവും എനിക്കറിയാം. പക്ഷെ, ഞാന്‍ എന്റെ സഹോദരങ്ങളെ എന്നെക്കാളുപരി സ്‌നേഹിക്കുന്നു. അവരില്ലാത്ത ലോകത്ത് എനിക്ക് വസിക്കാനാവില്ല. ഞാന്‍ ഈ സ്വര്‍ഗ്ഗപ്രാപ്തി ഉപേക്ഷിക്കാന്‍ തയ്യാറാണ്. ദയവായി അങ്ങ്, എനിക്ക് എന്റെ സഹോദരങ്ങള്‍ക്കിടയില്‍ സ്ഥാനം നല്‍കിയാലും! പ്രിയ ഭീമാ! നീ എവിടെ? എവിടെ അര്‍ജ്ജുനന്‍? എനിക്കെന്റെ മാദ്രീ സഹോദരന്മാരെയും, കൃഷ്ണയെയും കാണണം. ഒരു നേട്ടത്തിനു വേണ്ടിയും ഞാന്‍ അവരെ ഉപേക്ഷിക്കില്ല.'

സഭാവാസികള്‍ യുധിഷ്ടിരനെ സഹതാപത്തോടെ വീക്ഷിച്ചു. എന്നാല്‍ അദ്ദേഹം അപ്പോഴും സഭയില്‍ ആകമാനം പരതി ക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ അദ്ദേഹത്തിന്റെ ദൃഷ്ടികള്‍, സഭയില്‍ ഉപവിഷ്ടനായിരുന്ന ദുര്യോധനനില്‍ പതിച്ചു. സഭാ കമ്പിതനായ ഒരു പ്രാസംഗികനെപോലെ യുധിഷ്ടിരന്‍ പുലമ്പി 'ഇതാണോ സ്വര്‍ഗ്ഗത്തിലെ നിയമം? പാപിയായ ദുര്യോധനന് സ്വര്‍ഗ്ഗ സിംഹാസനം! ഇയാള്‍ മൂലം എത്രയോ മഹാന്മാര്‍ മരിച്ചു വീണു? ഇയാളുടെ സ്വാര്‍ത്ഥതയ്ക്ക് മുന്നില്‍ എത്രയോ കുടുംബം നിരാശ്രയരായി? സിംഹാസനത്തിലിരുന്ന ദുര്യോധനന്റെ പുഞ്ചിരി തന്നെ അവഹേളിക്കുന്നതായി യുധിഷ്ടിരനു തോന്നി.

അസഹ്യമായ വേദനയോടെ അദ്ദേഹം ആവര്‍ത്തിച്ചു, 'ഞാന്‍ സ്വര്‍ഗ്ഗ നിയമങ്ങളെ പറ്റി അജ്ഞനായ വെറുമൊരു മനുഷ്യനാണ്. ദയവായി എനിക്ക് എന്റെ സഹോദരന്മാരെ കാട്ടി തന്നാലും. എന്റെ ജ്യേഷ്ഠനായ, മഹാത്മാവായ കര്‍ണ്ണനെയും ഞാന്‍ കാണുന്നില്ല. ഈ സ്വര്‍ഗ്ഗം എനിക്കു വേണ്ടാ. എനിക്കിപ്പോള്‍ തന്നെ എന്റെ സഹോദരങ്ങള്‍ എവിടെയെന്നു കാട്ടി തന്നാലും!

നാരദന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'ശാന്തനാകൂ! യുധിഷ്ടിരാ! അങ്ങയുടെ സഹോദര സ്‌നേഹം ശ്ലാഘനീയം തന്നെ. എന്നാല്‍ ഇവിടെ ഒരു മമതാ ബന്ധത്തിനും സ്ഥാനമില്ല. അതു മനസ്സിലാക്കാനുള്ള തിരിച്ചറിവ് അങ്ങക്കില്ലാതെ പോയി. പിന്നെ, ദുര്യോധനന്റെ സ്ഥിതിയും അങ്ങയെ അസ്വസ്ഥനാക്കുന്നു. നിങ്ങളെ സംബന്ധിച്ച് അയാള്‍ പിടിവാശിക്കാരനും, ദുഷ്ടനുമായ സഹോദരനായിരുന്നെങ്കിലും, ഇവിടെ അതിന് ചെറിയ സ്ഥാനമേ ഉള്ളൂ. ദുര്യോധനന്‍ വളരെ നല്ല രീതിയില്‍ പ്രജാ പരിപാലനം നടത്തിയിരുന്നു. അയാള്‍ ധീരനായ ക്ഷത്രിയന്‍ ആയിരുന്നു. യുദ്ധത്തില്‍ നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ പൊരുതി മരിച്ചു. പോരങ്കില്‍ ആ യുദ്ധം സ്യമന്ത പഞ്ചക തടാകക്കരയില്‍ വെച്ചായിരുന്നു. എല്ലാം അങ്ങക്ക് അറിവുള്ളതല്ലേ? ദുര്യോധനന്‍ 'ഒരസഹിഷ്ണു' ആയിരുന്നിരിക്കാം. എങ്കിലും ആ വീരന് ഉചിതമായ സ്വര്‍ഗ്ഗസ്ഥാനം തന്നെ പ്രാപ്തമാക്കണമെന്ന് ബലരാമന്‍ ശഠിച്ചിരുന്നു ദുര്യോധനന്‍ അതിന് ഏറെ അര്‍ഹതപ്പെട്ടവന്‍ തന്നെ നാരദന്‍ പറയുന്ന വാക്കുകള്‍ ശ്രവിച്ചെങ്കിലും, യുധിഷ്ടിരന്റെ മനസ്സ് സഹോദരങ്ങള്‍ക്ക് വേണ്ടി വിലപിച്ചു കൊണ്ടിരുന്നു.

'എനിക്ക് സ്വര്‍ഗ്ഗരാജ്യം വേണ്ടാ. എന്റെ സഹോദരങ്ങള്‍ വസിക്കുന്നെടുത്തേക്ക് ദയവായി എന്നെ കൊണ്ടു പോയാലും.യുധിഷ്ടിരന്റെ നിസ്സഹായ അവസ്ഥയില്‍ അനുകമ്പിതനായ ഇന്ദ്രന്‍ ഭടന്മാരോട് പറഞ്ഞു 'ഇദ്ദേഹത്തെ, ഇദ്ദേഹത്തിന്റെ സഹോദരന്മാര്‍ വസിക്കുന്നടുത്തെക്ക് കൂട്ടുക. മടങ്ങി വരുവാന്‍ താല്പര്യമുണ്ടെങ്കില്‍ മാത്രം തിരിച്ചു കൊണ്ടു വരിക.' യുധിഷ്ടിരന്‍ ഇന്ദ്ര ഭടന്മാരോടൊപ്പം യാത്രതിരിച്ചു. കുറച്ചു ദൂരം താണ്ടിയപ്പോള്‍ വഴി ദുര്‍ഘടമായി.

പ്രകാശം നേര്‍ത്ത് നേര്‍ത്ത് തീരെ ഇല്ലാതായി തുടങ്ങി. ഭടന്മാര്‍ ചോദിച്ചു, 'അങ്ങക്ക് മടങ്ങണമെങ്കില്‍, നമുക്ക് തിരിച്ചു പോകാം.'വേണ്ടാ! എനിക്കെന്റെ സഹോദരന്മാര്‍ക്ക് അരികിലെത്തണം. അതിനു വേണ്ടി ഏതു ദുര്‍ഘട പാതയിലൂടെയും ഞാന്‍ സഞ്ചരിക്കും.' ഭടന്മാര്‍ വീണ്ടും അദ്ദേഹത്തിനു വഴി കാട്ടിയായി. പോകെ, പോകെ എങ്ങും കനത്ത കൂരിരുട്ട്. എങ്ങും മനുഷ്യ മാംസത്തിന്റെ മത്തു പിടിപ്പിക്കുന്ന ദുര്‍ഗ്ഗന്ധം. അവിടെ അവിടെയായി മനുഷ്യമാംസാവശിഷ്ടങ്ങള്‍ കുന്നു കൂടി കിടക്കുന്നത് ആ കൂരിരുട്ടിലും യുധിഷ്ടിരന്‍ കണ്ടു. ദുര്‍ഗ്ഗന്ധത്തിന്റെ മത്തു പിടിപ്പിക്കുന്ന മണം അസഹ്യമായപ്പോള്‍ അദ്ദേഹം നിന്നു.

'പ്രഭോ! അങ്ങ് മടങ്ങി പ്പോകാന്‍ ആഗ്രഹിക്കുന്നോ?' ഭടന്മാര്‍ തിരക്കി. 'ഇവിടെങ്ങും ഞാനെന്റെ സഹോദരന്മാരെ കണ്ടില്ല. അവരെ കാണാതെ എനിക്ക് മടങ്ങേണ്ടിയിരിക്കുന്നു' യുധിഷ്ടിരന്റെ വാക്കുകളില്‍ കനത്ത നിരാശയും, വേദനയും നിഴലിച്ചു. മടക്ക യാത്രക്ക് ഒരുങ്ങിയ അദ്ദേഹം ആ ശബ്ദം കേട്ടു 'പ്രിയ യുധിഷ്ടിരാ! അങ്ങ് ഇവിടെ നിന്നാലും! അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ ശരീര പീഢകള്‍ക്കു അയവു വരുത്തിയിരിക്കുന്നു. താങ്കള്‍ തീര്‍ച്ചയായും ഒരു മഹാത്മാവാണ്!'

'ജ്യേഷ്ഠ! ഞങ്ങളെ വിട്ടു പോകരുത്! അങ്ങയുടെ സാന്നിധ്യം ഞങ്ങളുടെ ദേഹപീഢകള്‍ക്കു അയവു വരുത്തിയിരിക്കുന്നു. ജ്യേഷ്ഠ!'

ആ ശബ്ദങ്ങള്‍ തന്റെ സഹോദരന്മാരുടെ ആണെന്ന തിരിച്ചറിവ് യുധിഷ്ടിരന് ഉണ്ടായി. അദ്ദേഹം ഭടന്മാരോട് പറഞ്ഞു' നിങ്ങള്‍ മടങ്ങി പൊയ് ക്കൊള്ളു. ഞാന്‍ എന്റെ സഹോദരങ്ങളെ കണ്ടെത്തിയിരിക്കുന്നു. എന്റെ സ്വര്‍ഗ്ഗം ഞാന്‍ തന്നെ കണ്ടെത്തിയെന്നു താങ്കളുടെ പ്രഭുവിനെ അറിയിച്ചാലും! 'ഭടന്മാര്‍ മടങ്ങി ചെന്ന് ഇന്ദ്രനെ വിവരം അറിയിച്ചു.

എത്ര നേരം ദുര്‍ഗന്ധമായ ആ അവ്യക്തതയില്‍ കഴിച്ചു കൂട്ടിയെന്ന് യുധിഷ്ടിരനു പോലും നിശ്ചയം ഇല്ലാതായി. പെട്ടെന്ന് സുഗന്ധ പൂരിതമായ പ്രഭ ആ ദിക്കിലേക്ക് കടന്നു വന്നു. ഇന്ദ്രനും, മറ്റു ദേവന്മാരും അവിടെ എത്തി.

അവര്‍ യുധിഷ്ടിരനോട് പറഞ്ഞു, 'യുധിഷ്ടിരാ! താങ്കള്‍ ഏറെ മഹാനും, ധര്‍മ്മിഷ്ടനുമാണ്. എത്ര മഹാനാണെങ്കിലും അയാള്‍ നരകത്തിലൂടെ വേണം സ്വര്‍ഗ്ഗം പ്രാപിക്കണമെന്നതാണ് നിയമം. എന്നാല്‍ താങ്കള്‍ മാത്രം ആ നിയമത്തിന് അതീതനായിരുന്നു. അതിനാല്‍ താങ്കള്‍ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. എന്നാല്‍ താങ്കളുടെ സഹോദരങ്ങളും ദ്രൗപതിയും ഓരോരോ തരത്തില്‍ തെറ്റിന് അടിമ പ്പെട്ടിരുന്നു. അത് താങ്കള്‍ക്കും അറിവുള്ളതാണല്ലോ? അതിനാല്‍ അവര്‍ക്ക് കുറച്ചു നേരം നരകത്തില്‍ കഴിയേണ്ടി വന്നു.'

ഇന്ദ്രന്‍ തുടര്‍ന്നു, 'യുധിഷ്ടിരാ! താങ്കള്‍ ഒരേ ഒരു പാപമേ ചെയ്തിട്ടുള്ളൂ, കുരുക്ഷേത്ര യുദ്ധത്തില്‍ സൈനിക സംരക്ഷണാര്‍ത്ഥം കൃഷ്ണ നിര്‍ദ്ദേശത്താല്‍ അങ്ങ് പറഞ്ഞ പൊളി! അതിനാലാണ് താങ്കള്ക്ക് ഈ മായാ ഭ്രമത്തില്‍ പെട്ട് ഉഴലേണ്ടി വന്നത്.'

ധര്‍മ്മ രാജാവ് അവിടെ എത്തി. 'പുത്രാ! എന്റെ മൂന്നാമത്തെ പരീക്ഷണത്തിലും നീ വിജയിച്ചിരിക്കുന്നു. ലോകം കണ്ടെതില്‍ വെച്ച് ഏറ്റവും ധര്‍മ്മിഷ്ടനെന്ന ഖ്യാതി നീ നേടിയിരിക്കുന്നു! എനിക്ക് നിന്നെ ക്കുറിച്ച് അഭിമാനമുണ്ട്. നിന്നെ പരീക്ഷിക്കാന്‍ വേണ്ടി ഞാനൊരുക്കിയ പരീക്ഷണമായിരുന്നു ഇതെല്ലാം. നീ കേട്ട ശബ്ദമൊന്നും, യഥാര്‍ത്ഥത്തില്‍ നിന്റെ സഹോദരന്മാരുടെ ആയിരുന്നില്ല. ആണെന്ന തോന്നല്‍ ഞാന്‍ നിന്നിലുണ്ടാക്കി. നിന്റെ സഹോദരന്മാര്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കുന്നു!

വരൂ! ഈ സ്വര്‍ഗ്ഗംഗാ നദിയില്‍ കുളിച്ച് നീ ശുദ്ധനായാലും!! ഇതോടെ നിന്നിലെ മമതാ ബന്ധം വിഛേദിക്കപ്പെടുന്നതാണ്.'

യുധിഷ്ടിരന്‍ നദിയില്‍ കുളിച്ച് ശുദ്ധനായി. അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. അവിടെ ഒരുത്തുംഗ സിംഹാസനത്തില്‍ കൃഷ്ണന്‍ ഇരിക്കുന്നതായി കണ്ടു. അദ്ദേഹത്തിന് അടുത്തായി അര്‍ജ്ജുനന്‍ ഇരിക്കുന്നു. അവര്‍ എഴുന്നേറ്റു സന്തോഷത്തോടെ യുധിഷ്ടിരനെ വരവേറ്റു. തന്റെ ജ്യേഷ്ഠന്‍ രാധേയനെന്ന് അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന കര്‍ണ്ണനെ യുധിഷ്ടിരന്‍ ദ്വാദശാദിത്യന്മാര്‍ക്കിടയില്‍ കണ്ടെത്തി. യുധിഷ്ടിരന്‍ ജ്യേഷ്ഠനെ വണങ്ങി. അദ്ദേഹവും പുഞ്ചിരിയോടെ തന്റെ സഹോദരനെ വരവേറ്റു. മരുത്തുക്കളുടെ ഇടയിലായിരുന്നു ഭീമന്‍! അശ്വനീ ദേവന്മാരുടെ സമീപമിരുന്ന നകുല സഹദേവന്മാരും, ഭീമനോടൊപ്പം യുധിഷ്ടിരനെ വണങ്ങി ആദരവു പ്രകടിപ്പിച്ചു. ആ ഇന്ദ്ര സഭയില്‍ ഒരു തേജോ ഗോളം പോലെ ദ്രൗപതി ശോഭിക്കുന്നു, അവള്‍ക്കൊപ്പം തങ്ങളുടെ അഞ്ചു പുത്രന്മാരെയും യുധിഷ്ടിരന്‍ കണ്ടു. അവര്‍ അദ്ദേഹത്തെ വണങ്ങി. അഗ്‌നിയുടെ സമീപമിരുന്ന ദൃഷ്ടദൃമ്‌നനെയും, സാത്യകി തുടങ്ങിയ മറ്റു വീരന്മാരെയും അദ്ദേഹം കണ്ടു. വസുക്കളുടെ നടുവിലിരുന്ന 'ഭീഷ്മരെ' യുധിഷ്ടിരന്‍ വണങ്ങി. ബൃഹസ്പതിയുടെ സമീപമിരുന്ന ദ്രോണരും യുധിഷ്ടിരനെ അനുഗ്രഹിച്ചു. ഒരു പ്രത്യേക സിംഹാസനത്തില്‍ പുഞ്ചിരി പൊഴിച്ചിരുന്ന ദുര്യോധനന്‍, യുധിഷ്ടിരനെ എഴുന്നേറ്റു ആദരിച്ചു. സ്വര്‍ഗ്ഗത്തില്‍ വൈരത്തിന് സ്ഥാനമില്ല. ദുര്യോധനന്‍ വീരമൃത്യു വരിച്ച, സ്വകര്‍മ്മം നല്ലരീതിയില്‍ നിര്വഹിച്ച രാജര്‍ഷി ആയതിനാല്‍, അദ്ദേഹത്തിനു സ്വര്‍ഗ്ഗത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയിരുന്നു!' വരൂ! പുത്രാ! നിന്റെ സ്ഥാനം എന്നോടോപ്പമാണ് അവിടെ നിന്റെ ചെറിയച്ഛനും ഉണ്ടാകും.'

ധര്‍മ്മദേവന്‍ തന്റെ അടുത്ത ഇരിപ്പടത്ത്തിലേക്ക് യുധിഷ്ടിരനെ കൂട്ടി. അവിടെ വിദുരരും അദ്ദേഹത്തെ സ്വീകരിച്ചു ചന്ദ്രനു സമീപം കുളിര്‍ തെന്നലെന്നൊണം ശോഭിച്ചിരുന്ന അഭിമന്യുവിനെ യുധിഷ്ടിരന്‍ കണ്ടു. അഭിമന്യു ചന്ദ്രാംശം ആയിരുന്നു. അഭിമന്യുവും തന്റെ വലിയച്ഛനെ വണങ്ങി. യുധിഷ്ടിരന്‍ നിറഞ്ഞ മനസ്സോടെ തന്റെ ഇരിപ്പടത്തില്‍ ഉപവിഷ്ടനായി.

മഹാഭാരത കഥ ഇവിടെ പൂര്‍ണ്ണമാകുന്നു. ധര്‍മ്മത്തെ മുറുകെ പിടിക്കുംപ്പോഴും, കൂട പിറപ്പുകളെ പിരിയാന്‍ മടിക്കുന്ന യുധിഷ്ടിരനിലെ സഹോദരസ്‌നേഹം എത്ര എത്ര വലുതും ശ്ലാഘനീയവുമാണ്! ഈ പ്രതിഭയ്ക്ക് മുന്നില്‍ മറ്റെല്ലാം നിഷ്ഫലമല്ലേ ?

കാലം ഇന്നും നിലനിര്‍ത്തുന്ന ആ ധര്‍മ്മത്തെയും, സാഹോദര്യത്തെയും നമുക്ക് ഇനിയും ഇനിയും പുണരാം, കുമ്പിട്ടു കൂപ്പാം. ഇതായിരിക്കട്ടെ എന്നും ഭാരതീയ സംസ്‌ക്കാരം.

ഇതൊരു പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുണ്ട്. നിങ്ങളുടെ സഹകരണവും നിര്‍ദേശവും വിലപെട്ടതായി കരുതും. ഭാഷയെയും, ലാളിത്യതെയും ഇഷ്ടപ്പെടുന്നവര്‍ എന്നോടൊപ്പം കൈകൊര്‍ക്കുമെന്ന് കരുതട്ടെ.

ശുഭം!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories