ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം


മഹാഭാഗവതം

രാമായണവും, ഭാരതവും ഭാരതീയ ഇതിഹാസങ്ങള്‍ ആയി പ്രകീര്‍ത്തിക്കുന്നു. എന്നാല്‍ ഭാഗവതം വേദ സരാംശമായ ഉത്കൃഷ്ട വേദ ചിന്താണ്. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചും, സംസ്‌കൃതിയെ കുറിച്ചും പ്രദിപാദിക്കുന്ന ഈ ഗ്രന്ഥത്തില്‍ ശ്രീകൃഷ്ണ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ ഏറെ വിശദമായി വേദവ്യാസ മുനി സവിസ്ത്തരം ആഖ്യാനം ചെയ്തിരിക്കുന്നു.

പ്രേതാവസ്ഥയില്‍ നിന്നു പോലും വൈകുണ്ഡ ദര്‍ശനം പ്രാപ്തമാകുന്ന 'ഭാഗവത പാരായണം' കലിയുഗ ഭക്തര്‍ക്ക് മുക്തിയിലേക്കുള്ള കവാടമാണ്. ഗദ്യ രൂപത്തില്‍ ഭാഗവതം അനുവാചകര്‍ക്ക് മുന്നില്‍ ആലേഖനം ചെയ്യാന്‍ എളിയ ശ്രമം നടത്തുന്നു

1. ഭക്തിജ്ഞാന, വൈരാഗ്യം

ശ്രീകൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണത്തൊടെ, ധര്‍മ്മത്തിന്റെ മൂന്നു പാദങ്ങളും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായി. ശേഷിച്ച പാദമായ ഭക്തി, കലിയുടെ പരാക്രമത്തിനു മുന്നില്‍ ക്ഷീണിതയും, ദുഃഖിതയുമായി തീര്‍ന്നു. അവശയായ ഭക്തി, തന്റെ പുത്രന്മാരായ ജ്ഞാന, വൈരാഗ്യത്തോടൊപ്പം ലക്ഷ്യ സ്ഥാനമില്ലാതെ ഭൂമിയിലെങ്ങും അലഞ്ഞു. പുത്രന്മാര്‍ നടക്കാന്‍ കെല്പില്ലാതെ തളര്‍ന്നു വീണു. ഭക്തിയുടെ ദാസിയായ മുക്തിയും ഒരഭയത്തിനായി മോഹിച്ചു അവരുടെ സങ്കടാവസ്ഥ മുക്തിയേയും തളര്‍ത്തി.

അപ്പോള്‍ ആ വഴി എത്തിയ നാരദ മഹര്‍ഷിയൊടു ഭക്തി കണ്ണിരോടെ തന്റെ വിഷമാവസ്ഥ അവതരിപ്പിച്ചു, 'സര്‍വ്വജ്ഞനായ അവിടുന്ന് എനിക്ക് പ്രശ്‌ന പരിഹാരം നിര്‍ദേശിക്കണം! എന്റെ മക്കളെ അങ്ങ് ശ്രദ്ധിക്കൂ! അവര്‍ക്ക് സ്വയം നില്ക്കാന്‍ പോലും ആവതില്ല പ്രഭോ! ഒരു വഴി കാണിച്ചു തന്നാലും!' ഭക്തി കൈകൂപ്പി.

മഹര്‍ഷി വിശിഷ്ടങ്ങളായ മന്ത്രങ്ങള്‍ പുത്രന്മാരുടെ ചെവിയില്‍ ഓതി. യാതൊരു ഫലവും ഉണ്ടായില്ല. വിഷണ്ണനായ നാരദ മുനി 'ഒരശരീരി' ശ്രവിക്കാന്‍ ഇടയായി. ഉറവിടം തേടി അലഞ്ഞ അദ്ദേഹം 'ബദര്യാ ശ്രമത്തില്‍' എത്തപെട്ടു. അവിടെ വെച്ച് പൂജ്യരായ 'സനകാദി, മഹര്‍ഷിമാരുമായി സന്ധിക്കാന്‍ ഇടയായി. അവരുടെ നിര്‍ദ്ദേശ പ്രകാരം നാരദര്‍ ഭക്തി, ജ്ഞാന, വൈരാഗ്യങ്ങളോടും, മുക്തിയോടുമൊപ്പം ഹരിദ്വാരിനടുത്തുള്ള 'ആനന്ദ ഘട്ടില്‍' ഭാഗവത ശ്രവണത്തിനു വേണ്ടി എത്തിച്ചേര്‍ന്നു. ഹരിയുടെ അവതാര മഹിമ ശ്രവിച്ച അവരുടെ ശാരീരിക പീഡകളെല്ലാം വിട്ടകന്നു. അവര്‍ പൂര്‍വ്വാധികം ഉര്‍ജ്ജസ്വലരായി. ഭഗവതപാരയണവും, ശ്രവണവും കലിയുഗ മനുഷ്യരുടെ പാപങ്ങള്‍ ദൂരീകരിച്ച്, അവരെ സന്മാര്‍ഗ്ഗത്തിലെക്കു നയിക്കും .കലിയുടെ പീഡകളില്‍ നിന്ന്, ഭാഗവതൊത്തമന്മാര്‍ സംരക്ഷിതരാണ്.

ഭാഗവത മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്ന ഒരു പുരാതന കഥ ഇതിന് ഉപോല്‍ഫലകമായി ചിത്രീകരിക്കപെടുന്നു. 'പ്രേതാ അവസ്ഥയില്‍ നിന്നു പോലും വിഷ്ണു സാരൂപ്യം പ്രാപ്തമാകുന്ന ഈ കഥ അത്യന്തം പുണ്യ ഫലപ്രദമാണ്.

പുരാതനകാലത്ത് തുംഗഭദ്രാ നദീതീരത്തു, ഏറെ സ്വച്ഛ സുന്ദരമായ ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെ ' ആത്മാദേവന്‍' എന്ന പണ്ഡിതനും, ധനികനുമായ ഒരു ബ്രാഹ്മണന്‍ വസിച്ചിരുന്നു. വിവാഹം കഴിഞ്ഞ് എറെ നാളായിട്ടും അദ്ദേഹത്തിന് സന്താന പ്രാപ്തി ഉണ്ടായില്ല. പുത്രന്മാരില്ലാത്ത അവസ്ഥയില്‍ തന്റെ ജന്മം അര്‍ത്ഥ ശൂന്യമാകുമെന്നു അദ്ദേഹം നിനച്ചു. താന്‍ അര്‍ച്ചിക്കുന്ന ജലം പിതൃക്കള്‍ പോലും സന്തോഷത്തോടെ സ്വീകരിക്കില്ല!

എന്നാല്‍ ആ സാധുവിന്റെ ദുഃഖം ഉള്‍ക്കൊള്ളാന്‍ പോലും സ്വാര്‍ത്ഥയായ ' ദുന്ധുലി' എന്ന അദ്ദേഹത്തിന്റെ പത്‌നിക്ക് ആയില്ല. ചിന്തിതനായ ആത്മ ദേവന്‍ വനാന്തരങ്ങളില്‍ തന്റെ ശിഷ്ട ജീവിതം കഴിക്കാന്‍ ഇറങ്ങി തിരിച്ചു.അദ്ദേഹം അവിടെവെച്ച് ഒരു സന്യാസിയെ കണ്ടു മുട്ടാന്‍ ഇടയായി. ആത്മ ദേവന്റെ ദുഃഖം ശ്രവിച്ച സന്യാസി പറഞ്ഞു ' എന്നോ കുറിക്കപ്പെട്ട നിന്റെ തലവിധി മാറ്റിമറിച്ചാല്‍, അത് മറ്റൊരു വന്‍ ദുരന്തത്തിലായിരിക്കും കലാശിക്കുക. സ്വന്തം വിധിയില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുക. നീ പറയും പോലെ നിനക്കുണ്ടാകുന്ന പുത്രന്‍ നിന്നെ അനുസരിച്ച് വളരുമെന്ന് എന്താണുറപ്പ്?

'മഹാത്മന്‍! ഒരു പുത്രനുണ്ടായി കാണാന്‍ ഞാന്‍ വല്ലാതെ മോഹിക്കുന്നു. ഭാവിയെ പറ്റി ഞാന്‍ ചിന്തിക്കുന്നില്ല. അങ്ങ് എന്റെ ആഗ്രഹം സാധിച്ചു തരാന്‍ കനിവുണ്ടാകണം.' ആത്മദേവനില്‍ അലിവു തോന്നിയ മുനി അദ്ദേഹത്തിനു ഒരു മാമ്പഴം നല്‍കി.

'ഭാവിയെ കാലത്തിന്റെ നിര്‍ണ്ണയത്തിനു വിടുക! ഈ കനി നിന്റെ സഹധര്‍മ്മിണിക്കു നിറഞ്ഞ മനസ്സോടെ നല്‍കുക! നിങ്ങള്‍ക്ക് ഒരു സല്‍പുത്രന്‍ ജനിക്കും'

വിധി ആത്മദേവനു വേണ്ടി കരുതി വെച്ചിരുന്നത് ആരാലും മാറ്റി മറിക്കാനാവില്ലന്നു തെളിയിക്കുന്നതായിരുന്നു പില്‍ക്കാല സംഭവങ്ങള്‍. സന്തുഷ്ടനായ ബ്രാന്മണന്‍, ഗൃഹത്തിലെത്തി. അദ്ദേഹം പത്‌നിയെ വിളിച്ചു 'പ്രിയേ ! എന്റെ അഭാവം നിന്നെ ഏറെ തളര്‍ത്തിയെന്നു ഞാന്‍ ഊഹിക്കുന്നു. നിന്റെയും എന്റെയും ദുഖത്തിന് ഞാന്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു.

ഇനി 'വന്ധ്യ' എന്ന് വിളിച്ച് നിന്നെ ആരും അധിക്ഷേപിക്കില്ല. ഒരു സന്യാസി എനിക്ക് വിശിഷ്ടമായ ഒരു മാമ്പഴം നല്‍കിയിരിക്കുന്നു.പ്രിയേ! നീ ഇതു ആഗ്രഹ പൂര്‍ത്തികരണ ഇച്ഛയോടെ കഴിക്കുക. വൈകാതെ നമുക്ക് ഒരു സല്‍പുത്ര പ്രാപ്തി ഉണ്ടാകും'

തന്റെ ഭര്‍ത്താവിന്റെ ശൃംഗാരരസ പ്രധാനമായ സംഭാഷണം ദുന്ധിലിയെ ചൊടിപ്പിച്ചെങ്കിലും, അവള്‍ തല്‍ക്കാലം പ്രതികരിച്ചില്ല. ഭര്‍ത്താവ് പുറത്തു പോയ നിമിഷം അവള്‍ ചിന്തിച്ചു, 'പ്രസവ പീഡ അതന്ത്യം ദുഷ്‌ക്കരമാണന്നു പലരും പറഞ്ഞു കേള്‍ക്കുന്നു. സ്ത്രീയുടെ രണ്ടാം ജന്മമാണ് പോലും! ഈ വേദന സഹിക്കാന്‍ എനിക്കാവില്ല. ശരീരം ക്ഷീണിച്ചു വയറു വീര്‍ത്തു നില്ക്കുന്ന കാര്യം എനിക്ക് ഓര്‍ക്കുമ്പോള്‍ പോലും അറപ്പ് തോന്നുന്നു! കുഞ്ഞു ജനിച്ചാല്‍ അതിന് മുലപ്പാല്‍ കൊടുക്കണം, രാത്രിയില്‍ ഒന്ന് ഉറങ്ങാന്‍ പോലും ചില ദിവസങ്ങളില്‍ തരപ്പെടില്ല. എനിക്കി കഷ്ടപ്പാടൊന്നും സഹിച്ച് അമ്മയാകണ്ട.ഇദ്ദേഹത്തെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ വഞ്ചിക്കാന്‍ ഒരുപായം കണ്ടെത്താം' ദുഷ്ട ബുദ്ധിയായ അവള്‍ ആ മാമ്പഴം തന്റെ പശുവിനു നല്‍കി. ഈ സമയം ഗര്‍ഭിണിയായിരുന്ന തന്റെ അനിയത്തിയെ ദുന്ധിലി ആളയച്ചു വിളിപ്പിച്ചു. അനിയത്തിയുടെ ദാരിദ്രാവസ്ഥയില്‍ തനിക്കു വേദനയുണ്ടെന്നു അവള്‍ നടിച്ചു 'നിനക്ക് ഞാന്‍ കുറച്ചു പണം തന്ന് സഹായിക്കാം. പകരം നിന്റെ ഗര്‍ഭത്തിലുള്ള ഈ കുഞ്ഞിനെ എനിക്കു നല്‍കണം. അവന്‍ ഈ സമ്പന്നതയില്‍ സുഖിച്ചു വളരട്ടെ. പ്രസവാനന്തരം നിന്നെയും കുറച്ചുനാള്‍ ഇവിടെ നിറുത്തി പരിചരിക്കാം'. അനിയത്തിക്ക് ഈ നിര്‍ദ്ദേശം സ്വീകാര്യമായി.

.മാസങ്ങള്‍ക്കുശേഷം താന്‍ പ്രസവിച്ച കുട്ടിയെ അനിയത്തി, ദുന്ധിലിക്കു നല്‍കി. കുട്ടിയെ സംരക്ഷിക്കാനെന്ന വ്യാജേന അനിയത്തിയും അവിടെ താമസമാക്കി. തനിക്ക് ഒരു പുത്രന്‍ ജനിച്ചെന്ന വാര്‍ത്ത ദിവസങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ ആത്മാദേവന്‍ ഏറെ സന്തോഷത്തോടെ ഉള്‍ക്കൊണ്ടു. സന്യാസിക്കു മനസ്സുകൊണ്ട് ആയിരം നന്ദി നേര്‍ന്നു. ഒരു രാത്രി, കുഞ്ഞ് ഇടതടവില്ലാതെ കരയുന്നത് ശ്രവിക്കാന്‍ ഇടയായ ബ്രാന്മണന്‍ പത്‌നിയെ ശകാരിച്ചു' കുഞ്ഞിന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയും ഇല്ല. പാലിനു വേണ്ടിയാകും കുഞ്ഞ് കരയുന്നത്. നീ അവന് പാല്‍ കൊടുക്ക്!' ദുന്ധിലി ക്രുദ്ധയായി. 'ഈ വിധമെല്ലാം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് എന്തുകൊണ്ട് മുന്‍കൂട്ടി അറിഞ്ഞില്ല. ഞാന്‍ സുഖിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല.' ബ്രാഹ്മണന്‍ താഴ്മയായി പറഞ്ഞു, 'എന്നെ പോലെ നീയും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നെന്നു ഞാന്‍ വൃഥാ മോഹിച്ചു'

'നിങ്ങള്‍ വിഷമിക്കരുത്. കുട്ടിക്ക് നല്‍കാനുള്ള മുലപ്പാല് എനിക്കില്ല. ഞാന്‍ ഇവനെ അനിയത്തിയുടെ കയ്യില്‍ കൊടുക്കാം. അവളുടെ കുട്ടി ഈയിടെ പ്രസവത്തില്‍ മരിച്ചു. നമ്മുടെ കുട്ടിയുടെ വിശപ്പ് മാറ്റാന്‍ അവള്‍ക്കു കഴിയും. കുഞ്ഞിനെ ഞാനീ രാത്രി അവളെ എല്പ്പിക്കാം. ഭര്‍ത്താവിന്റെ പ്രതികരണത്തിനു കാത്തു നില്ക്കാതെ ദുന്ധിലി കുട്ടിയുമായി വെളിയില്‍ ഇറങ്ങി. തന്റെ കുടുംബ ജീവിതത്തില്‍ താളപിഴകള്‍ വര്‍ദ്ധിക്കുന്നതായി അദ്ദേഹം അറിഞ്ഞു. 'ശിരോലിഖിതം മാറ്റിമറി ച്ചാല്‍ അത് വലിയൊരു ദുരന്തതിലായിരിക്കും കലാശിക്കുക' സന്യാസിയുടെ വാക്കുകള്‍ സത്യമായി വരുന്നു 'അദ്ദേഹം ദുഃഖം ഉള്ളിലടക്കി.

പല ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‌ക്കേണ്ടി വന്ന ആത്മ ദേവന്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ 'ഗോവു' അത്യന്തം വിശിഷ്ടനായ ഒരു മനുഷ്യ കുട്ടിക്ക് ജന്മം നല്‍കിയതായി അറിഞ്ഞു. കുഞ്ഞിന്റെ ചെവികള്‍ മാത്രം ഗോക്കളെ പോലെ നീണ്ടു കൂര്‍തിരുന്നു. പലരും ഏറെ ഓമനത്തമുള്ള ആ ദിവ്യ ശിശുവിനെ കാണാനെത്തി .ബ്രാന്മണന്‍ ആ കുട്ടിക്ക് 'ഗോകര്‍ണ്ണന്‍' എന്നുപേരിട്ടു. തനിക്കുണ്ടായ പുത്രന് 'ധുന്ധുകാരി' എന്നും നാമകരണം നടത്തി.

കാലം കടന്നു. ഗോകര്‍ണ്ണന്‍ ശാന്തപ്രകൃതനും, വിശിഷ്ട ഗുണങ്ങളുടെ വിളനിലവു മായി വളര്‍ന്നു. ജനങ്ങള്‍ അവന്റെ അറിവിലും, സത്യ സന്ധതയിലും ആകൃഷ്ടരായി. അവര്‍ അവനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

ബ്രാഹ്മണ പുത്രനായ ദുന്ധുകാരി ചെറുപ്പം മുതല്‍ ദുഷ്ട കൃത്യങ്ങള്‍ ചെയ്യുന്നതില്‍ തല്പരനായിരുന്നു. അയാളുടെ കൂട്ടാളികളും അതേ ചിന്താഗതി ക്കാരായിരുന്നു. കളവ്, പരദ്രോഹം, പിഞ്ചുകുഞ്ഞുങ്ങളെ അനാവശ്യമായി പീഡിപ്പിക്കുക മുതലായവയില്‍ അയാള്‍ സന്തോഷം കണ്ടെത്തി. ഉപദേശങ്ങള്‍ക്കും, ശിക്ഷണത്തിനും അയാളില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ ആയില്ല.

ആത്മ ദേവന്‍ അനുനിമിഷം ദുഃഖം കടിച്ചമര്‍ത്തി. പുത്രന്‍ താന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ധൂര്‍ത്തടിക്കുന്നത് നിസ്സഹായതോടെ കണ്ടു നിന്നു. അദ്ദേഹം സന്യാസിയുടെ വാക്കുകള്‍ വീണ്ടും വീണ്ടും ഓര്‍ത്തു. പിതാവിന്റെ ദുഃഖം ഉള്‍ക്കൊണ്ട ഗോകര്‍ണ്ണന്‍ വേദനയോടെ പിതാവിനെ ആശ്വസിപ്പിച്ചു,

' പിതാവേ ! ശരീരത്തെക്കുറിച്ചുള്ള ആസക്തിയാണ് മനുഷ്യനെ മോഹത്തിലെക്കു വലിച്ചിഴക്കുന്നത് .അസ്ഥി, രക്ത, മജ്ജയാല്‍ സംയോജിപ്പിച്ച ഈ ക്ഷണിക ജീവിതത്തോടുള്ള അമിതമായ വാഞ്ജ വെടിയുക അനുനിമിഷം ദുഃഖം തരുന്ന ഈ ദേഹമോഹം അങ്ങ് ഉപേക്ഷിക്കുക.

ബ്രാന്മണന്‍ തന്റെ വൈരാഗ്യ സക്തനായ പുത്രനെ ഇമവെട്ടാതെ നോക്കിയിരുന്നു ' ഒരു പക്ഷേ ഇവനായിരിക്കുമോ സന്യാസി പറഞ്ഞ ആ സല്‍സന്താനം. ഇവന്റെ വാക്കുകള്‍ എത്ര മാത്രം ഹൃദ്യവും, ശ്രവണ മാത്രയില്‍ മോഹമുക്തി തരുന്നതുമാണ്.' അദ്ദേഹം ഏറെ ആര്‍ദ്രതയോടെ പുത്രനെ വിളിച്ചു, 'എന്റെ കുഞ്ഞേ ഈ വൃദ്ധന്‍ എന്തു ചെയ്യണമെന്നു കൂടി നീ പറയുക ഞാന്‍ അതനുസരിക്കാന്‍ തയ്യാറാണ്.'

അദ്ദേഹം കണ്ണീരോടെ ഗോകര്‍ണ്ണനെ നോക്കി .' പിതാവേ ! അങ്ങ് ശേഷ കാലം വനാന്തരങ്ങളില്‍ പോയി ഈശ്വര ഭജനം നടത്തിയാലും. ഭഗവാന്‍ ഹരി അങ്ങക്ക് തീര്‍ച്ചയായും മുക്തി നല്‍കും. കുടുംബ ബന്ധങ്ങള്‍ ഇനി അങ്ങയുടെ മനസ്സിനെ അലട്ടില്ല.' ബ്രാഹ്മണന്‍ വനത്തിലേക്ക് യാത്രയായി, കുറച്ചു ദൂരം ഗോകര്‍ണ്ണനും പിതാവിനെ അനുഗമിച്ചു.

പിതാവ് വീടുവിട്ട നിമിഷം മുതല്‍ ധുന്ധുകാരി മാതാവിനെ പണത്തിനു വേണ്ടി പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു ദിവസം മദ്യപിച്ചെത്തിയ അയാള്‍ മാതാവിനെ കണക്കറ്റു പ്രഹരിച്ചു. വേദന കൊണ്ട്, പുത്രനെ ശകാരിച്ച മാതാവിനെ, മദ്യലഹരിയിലായിരുന്ന ദുന്ധുകാരി കിണറ്റില്‍ തള്ളിയിട്ട് കൊന്നു.

സഹോദരന്റെ പ്രവര്‍ത്തി ഗോകര്‍ണ്ണന്റെ മനസ്സിനെ വേദനിപ്പിച്ചു. ഒരു നീതിവാക്കും വിലപ്പോകില്ലന്നു മനസ്സിലായ അദ്ദേഹം ഗൃഹം ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി തിരിച്ചു.ധുന്ധുകാരിയുടെ സംസര്‍ഗം പിന്നീട് വേശ്യകളോട് ഒന്നിച്ചായി. അവരുടെ സന്തോഷത്തിനു വേണ്ടി ഏതു ഹീന പ്രവര്‍ത്തിയും ചെയ്യാന്‍ മടിയില്ലാതായി. ഒരിക്കല്‍ ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ രാജകൊട്ടാരത്തില്‍ നിന്ന് വിലയേറിയ ആഭരണങ്ങള്‍ മോഷ്ടിച്ചു. കവര്‍ന്നെടുത്ത ആഭരണങ്ങള്‍ അയാള്‍ തന്റെ പ്രേയസികള്‍ക്ക് നല്‍കി. ഈ ആഭരണങ്ങള്‍ രാജകൊട്ടാരത്തില്‍ നിന്ന് മോഷ്ടിച്ചതാണന്നറിഞ്ഞ, വേശ്യകള്‍ ആഭരണങ്ങള്‍ സ്വന്തം ആക്കിയശേഷം രക്ഷപ്പെടാനുള്ള മാര്‍ഗം തിരഞ്ഞു.

'ഇവന്‍ മൂലം നമ്മള്‍ കൂടി കുറ്റവാളികള്‍ ആകും. നമ്മുടെ സ്‌നേഹത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെന്നു വിചാരിച്ച ഈ മൂഡനെ വധിച്ച് നമുക്ക് രക്ഷ നേടണം.' ഉറങ്ങികിടന്ന ധുന്ധുകാരിയെ അവര്‍ കയര്‍കൊണ്ട് കെട്ടി വരിഞ്ഞു. പിന്നീട് ചവിട്ടിയും തൊഴിച്ചും കൊന്നു. ശവം ചാക്കില്‍ കെട്ടി മറവു ചെയ്ത ശേഷം അവര്‍ രാത്രി തന്നെ അവിടം വിട്ടു .

. സഹോദരന്റെ മരണവാര്‍ത്ത അറിയാനിടയായ ഗോകര്‍ണ്ണന്‍ അവന്റെ മുക്തിക്കു വേണ്ടി ഗയാ സ്‌നാനം ചെയ്ത് പിതൃ തര്‍പ്പണം നടത്തി. മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം സ്വഗൃഹത്തിലേക്കു മടങ്ങി. ഗോകര്‍ണ്ണന്റെ വരവറിഞ്ഞു പലരും അദേഹത്തെ കാണാന്‍ എത്തി. രാത്രി വളരെ വൈകും വരെ അവര്‍ സംസാരിച്ചിരുന്നു. അതിനുശേഷം ഗൃഹത്തിന്റെ അങ്കണത്തില്‍ കിടന്നുറങ്ങിയ അദ്ദേഹത്തെ ധുന്ധുകാരിയുടെ പ്രേതം രൗദ്ര രൂപങ്ങള്‍ കാട്ടി പേടിപ്പെടുത്താന്‍ തുടങ്ങി. ആ രൗദ്ര രൂപം ആട്, ആന, പോത്ത് എന്നിവയുടെ രൂപവും ചിലപ്പോള്‍ ഭയാനകമായ അഗ്‌നിയുടെ രൂപവും ധരിച്ചു.

ഗോകര്‍ണ്ണന്‍ ചോദിച്ചു 'ഉഗ്ര രൂപധാരിയായ നീ ആരാണ്, പ്രേതമോ, പിശാചോ അതോ രാക്ഷസനോ? അദ്ദേഹത്തിന്റെ ചോദ്യം കേട്ട് പ്രേതം ഉറക്കെ കരയുകയും, ഗോഷ്ടികള്‍ കാട്ടുകയും ചെയ്തു തുടങ്ങി. പ്രേതത്തിന്റെ ദയനീയ അവസ്ഥ കണ്ട് അലിവു തോന്നിയ അദ്ദേഹം മന്ത്രങ്ങള്‍ ജപിച്ച ജലം പ്രേതത്തിനു മേല്‍ തളിച്ചു. പാപ മുക്തനായ പ്രേതം സംസാരിക്കാന്‍ തുടങ്ങി.

'പ്രിയ സഹോദരാ! ഞാന്‍ ധുന്ധുകാരിയുടെ പ്രേതമാണ്. ഞാന്‍ ജന്മനാ ലഭിച്ച ബ്രഹ്മണ്യത്തിന്റെ മൂല്യം കളഞ്ഞു കുളിച്ച് ദുര്‍മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു. ഞാന്‍ മൂലം എന്റെ പിതാവ് നാടു വിട്ടു. മാതാവിന്റെ മൃത്യുവിനും ഞാന്‍ കാരണക്കാരനായി. വേശ്യകളുമായി സംസര്‍ഗ്ഗം ചെയ്യുന്നതില്‍ തല്പരനായി. ഒടുവില്‍ അവരാല്‍ ഞാന്‍ മരണപ്പെട്ടു. ഒരു പുണ്യ കര്‍മ്മവും ഞാന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ പ്രേതമായി അലയുന്നു. എനിക്ക് ഭക്ഷിക്കാന്‍ ലഭിക്കുന്നത് വായു മാത്രമാണ്. ദയവായി എനിക്ക് മുക്തി തന്നാലും സഹോദരാ'

ഗോകര്‍ണ്ണന്‍ പറഞ്ഞു, ' പ്രിയ സഹോദരാ! താങ്കളുടെ മരണ വാര്‍ത്ത അറിയാനിടയായ ഞാന്‍ പ്രസിദ്ധമായ 'ഗയയില്‍, താങ്കളുടെ മോക്ഷത്തിനു വേണ്ടി ശ്രാദ്ധം നടത്തി. എന്നിട്ടും താങ്കളുടെ പാപ ഫലങ്ങള്‍ തീര്ന്നില്ലന്നോ? എനിക്ക് നിന്റെ അവസ്ഥയില്‍ ദുഖമുണ്ട്. എന്നാല്‍ ആവുന്നതും വിധം ശ്രമിക്കാം. താങ്കള്‍ ദുഖിക്കാതിരിക്കു.'

അടുത്ത ദിവസം അദ്ദേഹം തന്നെക്കാണാന്‍ എത്തിയ സജ്ജനങ്ങളുമായി ഈ വിഷയം ചര്‍ച്ച ചെയ്തു. അവര്‍ കൂടി ആലോചിച്ച് ഗോകര്‍ണ്ണനോട് സൂര്യദേവനെ പ്രീതിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. 'സൂര്യ ദേവന്‍ തീര്‍ച്ചയായും അങ്ങക്ക് ഒരു പോംവഴി കാണിച്ചുതരും.' ഗോകര്‍ണ്ണന്‍ സ്വയോഗ ശക്തികൊണ്ട്, ആദിത്യനെ സ്തംഭിപ്പിച്ച് ഇങ്ങനെ പ്രാര്‍ഥിച്ചു 'തുഭ്യം നമോ ജഗല്‍ സാക്ഷിന്‍!ബൃഹി മേ മുക്തി ഹേതുകം !' ( അല്ലയോ! ജഗല്‍സാക്ഷിയായ ഭഗവാനേ!! ഈ പ്രേതത്തിനു മുക്തി ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗം കാട്ടി തന്നാലും!) അപ്പോള്‍ ആകാശത്ത് നിന്ന് സ്ഫുടവും, വ്യക്തവുമായ ഒരശരീരി അവിടെനിന്നവരെല്ലാം ശ്രവിച്ചു,' ശ്രീ ഭാഗവത സപ്താഹം ശ്രവിച്ചാല്‍ പ്രേതത്തിനു മുക്തി ലഭിക്കും!'

അവിടെ കൂടിയിരുന്നവരെല്ലാം ഏകകണ്ഠമായി തീരുമാനിച്ചു' എത്ര പ്രയാസം സഹിച്ചാലും നമുക്കീ ഭാഗവത സപ്താഹം നടത്തണം. അങ്ങയ്‌ക്കൊപ്പം ഞങ്ങളും ഉണ്ടാകും.' അവര്‍ അന്നുതന്നെ അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ശ്രവണ മാത്രയില്‍ ഗ്രാമ വാസികള്‍ ആബാലവൃദ്ധം ഉത്സുകരായി. ഭഗവല്‍ ശ്രവണം കേള്‍ക്കാന്‍ അവര്‍ അത്ര മാത്രം കൊതിച്ചു. അവര്‍ണ്ണനീയമായ ഭക്തി പ്രവാഹത്തില്‍ ഏറെപ്പെരുടെയും കണ്ണു നനഞ്ഞു. നിശ്ചയിച്ച ദിവസം അവിടെ കുടിയിരുന്ന ജനസഹസ്രം കണ്ട് ദേവന്മാര്‍ പോലും സ്തബ്ധരായി. ധുന്ധുകാരിയുടെ പ്രേതവും സപ്താഹ സന്നിധിയിലെത്തി. വായുരൂപത്തില്‍ ആയിരുന്നതിനാല്‍ തനിക്കു പറ്റിയ ഇരിപ്പടം തേടി അത് അവിടെങ്ങും അലഞ്ഞു. അപ്പോഴാണ് സപ്താഹ വേദിയില്‍ ഉയര്‍ന്നു നീന്നിരുന്ന എഴു കവരയുള്ള മുളം കുറ്റി അതിന്റെ ദൃഷ്ടിയില്‍ പെട്ടത്. അതിന്റെ അടിയിലെ സുഷിരം വഴി പ്രേതം മുളം കുറ്റിയില്‍ ഇരിപ്പടം കണ്ടെത്തി.

ഗോകര്‍ണ്ണന്‍ ഒരു വൈഷ്ണവ ബ്രാഹ്മണനെ ശ്രോതാവായി അവരോധിച്ച് ഭാഗവതം പ്രഥമ സ്‌കന്ദം മുതല്‍ വ്യക്തവും, സ്ഫുടവുമായി പാരായണം ചെയ്യാന്‍ തുടങ്ങി. അവിടെ കുടിയിരുന്നവര്‍ ഭക്തിയോടെ ആ പാരായണം ശ്രവിച്ചു പുളകിതരായി.

ഒന്നാം ദിവസത്തെ പാരായണം അവസാനിച്ചപ്പോള്‍ അവരെല്ലാം ഒരല്‍ഭുതത്തിനു സാക്ഷിയായി യന്ജവേദിയില്‍ ഉയര്‍ന്നു നിന്നിരുന്ന എഴു കവരയുള്ള മുളം തൂണിന്റെ ആദ്യത്തെ കവര എല്ലാവരും കേള്‍ക്കുന്ന ശബ്ദത്തോടെ പൊട്ടി. അതിനടുത്ത ദിവസം രണ്ടാമത്തെ കവരയും പൊട്ടി. തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളിലായി മുളക്കുറ്റിയുടെ ഓരോ കവരയായി പൊട്ടി. ദ്വാദശ സ്‌കന്ദ പാരായണത്തോടെ, പ്രേതം സര്‍വ പാപ വിമുക്തനായി കുണ്ടലങ്ങളും. തുളസി ഹാരവും അണിഞ്ഞ ദിവ്യ രുപധാരിയായ ധുന്ധുകാരിയുടെ പ്രേതം പീത വസ്ത്ര ധാരിയായിരുന്നു.

അദ്ദേഹം ഗോകര്‍ണ്ണനെ തൊഴുതു കൊണ്ട് പറഞ്ഞു, 'പ്രിയ സഹോദര അങ്ങയുടെ കൃപമൂലം എനിക്ക് പ്രേതാ അവസ്ഥയില്‍ നിന്ന് മുക്തി ലഭിച്ചു. ശരീര പീഡകളെ അകറ്റുന്ന ഭാഗവതം ധന്യമാണ്. സപ്താഹ ശ്രവണത്തോടെ പാപങ്ങള്‍ ഭയപ്പെട്ടു പിന്‍വാങ്ങുന്നു. അറിഞ്ഞോ, അറിയാതയോ ചെയ്തു പോയ ഒരുവന്റെ എല്ലാ പാപങ്ങളും ഭാഗവത ശ്രവണതോടെ, അഗ്‌നി വിറകിനെ എന്നവണ്ണം നശിപ്പിക്കുന്നു. സപ്താഹ ശ്രവണം വിഷ്ണു ലോക പ്രാപ്തിയാണ്, അതിനാല്‍ അത്യന്തം പുണ്യമായി വാഴ്ത്തപ്പെടുന്നു. ഹരിയുടെ പുണ്യ ശ്രവണം കേള്‍ക്കാന്‍ കഴിയാത്ത കാതുകള്‍ കൊണ്ട് മറ്റെന്തു ശ്രവിച്ചാലും പുണ്യ ലബ്ധി സിദ്ധിക്കില്ല. ഈ ശരീരം പുറമേ ഭംഗിയുള്ളതായി തോന്നിക്കുമെങ്കിലും, ദുര്‍ഗന്ധവാഹി കൂടിയാണ്. മരണാനന്തരം വെന്തു വെണ്ണീറാകുന്നു. ചിലപ്പോള്‍ കൃമിയോ, ജന്തുക്കളോ ആഹരിക്കുന്നു. നശ്വരമായ ഈ ദേഹം കൊണ്ട് ഇതില്‍ കൂടുതല്‍ എന്തു ഫല സിദ്ധിയാണ്? എന്നാല്‍ സപ്താഹ ശ്രവണം കൊണ്ട് ഹരിയുടെ സാമീപ്യം പ്രാപ്തമാകുന്നു. ജഡമായ മുളക്കമ്പ് സപ്താഹ ശ്രവണത്തോടെ പിളര്‍ന്നത് പോലെ, മനുഷ്യന്റെ സകല പാപങ്ങളും നശിച്ച്, ഹൃദയ ഗ്രന്ഥി ഭേദി ക്കപ്പെടുന്നു. സംസാര മാലിന്യം കഴുകി മനുഷ്യനെ ശുദ്ധമാക്കുന്ന പുണ്യ തീര്‍ത്ഥം ആണ് സപ്താഹ ശ്രവണം.'

വിഷ്ണു പാര്‍ഷദന്മാര്‍ വൈകുണ്ഠത്തില്‍ നിന്ന് സപ്താഹ യജ്ഞവേദിയിലെത്തി. അവര്‍ ഏവരും കാണ്‍കെ ധുന്ധുകാരിയെ തങ്ങളോടൊപ്പം കൂട്ടി. പ്രേതാ അവസ്ഥയില്‍ നിന്ന് മുക്തി സിദ്ധിച്ച ധുന്ധുകാരി ഏവരെയും തൊഴുതു, വിഷ്ണു പാര്‍ഷദന്മാര്‍ക്കൊപ്പം വിമാനത്തില്‍ കയറി. വിഷ്ണു പാര്‍ഷദന്മാരോട് ഗോകര്‍ണ്ണന്‍ ചോദിച്ചു, 'ഈ പുണ്യമായ സപ്താഹ വേദിയില്‍ ഉപവിഷ്ടരായിരുന്ന ഏവരും ഒരേപോലെയല്ലേ ഭഗവല്‍ കഥാകഥനം ശ്രവിച്ചത്. ഇവരെ ആരേയും എന്തുകൊണ്ട് നിങ്ങള്‍ വൈകുണ്ഠത്തിലേക്ക് കൂട്ടുന്നില്ല?

ഭഗവാന്റെ മുന്നില്‍ എല്ലാവരും സമന്മാരല്ലേ? ഗോകര്‍ണ്ണന്റെ ചോദ്യം കേട്ട് പുഞ്ചിരി തൂകി വിഷ്ണു പാര്‍ഷദന്മാര്‍ പറഞ്ഞു, 'അല്ലയോ ഭക്ത ശിരോമണെ! സപ്താഹ വേദിയില്‍ സന്നിഹിതരായിരുന്ന എല്ലാവരും തന്നെ ശ്രീ ഹരിയുടെ കഥാകഥനം ശ്രവിച്ചു. എന്നാല്‍ ശ്രവണ ഭേദത്തില്‍ ധുന്ധുകാരിയുടെ പ്രേതം അവരെക്കാള്‍ മേലെയായിരുന്നു ഇദ്ദേഹം എഴു ദിവസം ഉപവാസ അനുഷ്ടിച്ച് ഏകാഗ്രമനസ്സോടെ ഭഗവാനെ മാത്രം സ്മരിച്ചാണ് ഭാഗവത ശ്രവണം നടത്തിയത്. എന്നാല്‍ എവിടെ സന്നിഹിതരായിരുന്ന പലരുടെയും ഏകാഗ്രത ഓരോവിധത്തില്‍ ചില സമയങ്ങളിലെങ്കിലും നഷ്ടപ്പെട്ടിരുന്നു. പണ്ഡിതനോ, പാമരനോ, ധനികനൊ, ദരിദ്രനോ ആരും ആയിക്കൊള്ളട്ടെ, ശ്രീഹരി എല്ലാവര്‍ക്കും ഒരേപോലെ പ്രാപ്യനാണ്. എകാഗ്ര മനസ്സോടെയുള്ള ഭക്തിയോടെ അര്‍ച്ചിച്ചാല്‍ ആ ഭക്തവത്സലന്‍ അനുഗ്രഹ വര്‍ഷം ചൊരിയും.

പ്രിയ ഗോകര്‍ണ്ണാ ! താങ്കള്‍ ഒരു സപ്താഹ യജ്ഞം കൂടി നടത്തു. ഭഗവാന്‍ നിങ്ങളെ ഏവരെയും ' വൈകുണ്ഠ' ത്തിനും ഉപരിയായ, ദേവിയുടെ ആവാസസ്ഥാനമായ 'ഗോലോകത്തിലേക്ക്' കൂട്ടും. പിന്നീട് നിങ്ങള്‍ക്കാര്‍ക്കും മാതൃ ഗര്‍ഭം കാണേണ്ടി വരില്ല.'

ഈവിധം പറഞ്ഞ് വിഷ്ണു പാര്‍ഷദന്മാര്‍, ധുന്ധുകാരിയെയും കൂട്ടി യാത്ര തിരിച്ചു. അടുത്ത ശ്രാവണ മാസത്തില്‍ ഗോകര്‍ണ്ണന്‍ വീണ്ടും ഭാഗവത സപ്താഹം നടത്തി. യജ്ഞ അവസാനത്തില്‍, പീതാംബര ധാരിയും, മകര കുണ്ഠലങ്ങളും, വനമാലയും ധരിച്ച ഭഗവാന്‍ ശ്രീ ഹരി പാഞ്ചജന്യ ധ്വനിയോടെ അവിടെയെത്തി, ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. ഭക്തരായ അവര്‍ ' ജയജയ കൃഷ്ണ ഹരേ! ജയ ജയ മുകുന്ദ ഹരേ!' എന്ന് ജപിച്ചുകൊണ്ട് ഭഗവല്‍ പാദങ്ങളില്‍ സാഷ്ടാംഗം വീണു നമസ്‌ക്കരിച്ചു. ഭക്തിയാല്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. വിഷ്ണു ഭഗവാന്‍ ഗോകര്‍ണ്ണനെ വാരി പുണര്‍ന്നു. ഗോകര്‍ണ്ണനു സാരൂപ്യമുക്തി ലഭിച്ചു.

ഭഗവാന്‍ അവിടെ കൂടിയിരുന്ന ഏവരെയും പീതാംബര ധാരികളും, മേഘവര്‍ണ്ണരുമാക്കി. ശ്രീഹരി അവരെയെല്ലാം യോഗികല്‍ക്കു പോലും അപ്രാപ്യമായ 'ഗോലോകത്തെക്ക്' കൂട്ടി. മനുഷ്യന്റെ സര്‍വ്വ പാപങ്ങളെയും അകറ്റി ജനി മരണങ്ങളില്ലാത്ത മുക്തി നല്‍കുന്ന 'ഭാഗവത സപ്താഹ ശ്രവണം ' അത്യന്തം പുണ്യ ഫലദായകമാണ്.

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories