ജ്യോതിഷം

മഹാഭാഗവതം - പാര്‍ട്ട് 3


മഹാഭാഗവതം - പാര്‍ട്ട് 3

നാരദ മഹര്‍ഷി തന്റെ യാത്രക്കിടയില്‍ യാദൃശ്ചികമായി വ്യാസമഹര്‍ഷിയെ ദര്‍ശിക്കാന്‍ ഇടയായി. മഹാഭാരതവും, ഗീതാഖ്യാനവും നടത്തിയ ആ പുണ്യാത്മാവിന്‍റെ മനസ്സ് പ്രിയമായ എന്തോ ഒന്ന് തന്നില്‍ നിന്നു വേര്‍പ്പെട്ടു നില്ക്കുന്നതായി അനുഭവപ്പെട്ടു. ആ വസ്തുത ഏതെന്ന ചിന്തയില്‍ അദ്ദേഹം വ്യാകുലപെട്ടു കൊണ്ടിരിന്നു. ഈ സമയത്താണ് നാരദ മുനി അവിടെ എത്തി ചേര്‍ന്നത്.

വ്യാസ മുനിയുടെ അസ്വസ്ഥതക്ക് കാരണം മുനി ആരാഞ്ഞു. നാരദര്‍ ചോദിച്ചു 'അല്ലയോ മഹാഭാഗനായ മുനേ ! അങ്ങയുടെ വിഷമത്തിന് കാരണം അറിയുന്നതില്‍ ഞാന്‍ ഏറെ തല്പരനാണ് . ദയവായി അറിയിക്കുക. ഒരു പക്ഷെ എനിക്ക എന്തെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ കഴിയും'

വ്യാസന്‍ പറഞ്ഞു 'അല്ലയോ ദൈവജ്ഞനായ മഹാമുനേ! സര്‍വ്വജ്ഞനായ അങ്ങക്ക് അറിയാത്തതായി ഒന്നുമില്ല. എങ്കിലും ഞാന്‍ ഒരു നിര്‍ദ്ദേശത്തിനു വേണ്ടി എന്റെ സമസ്യ അങ്ങയുടെ മുന്നില്‍ അവതരിപ്പിക്കാം. വിഷ്ണു കഥാ സാരം ഉള്‍ക്കൊള്ളുന്ന മഹാഭാരതവും വേദങ്ങളും രചിച്ചിട്ടും എന്റെ മനസ്സിന് തൃപ്തി വരുന്നില്ല. എന്താണതിനു കാരണം? അങ്ങയുടെ നിര്‍ദേശം എനിക്ക് വിലപ്പെട്ടതാണ്.

ഒന്നാലോചിച്ച്ച്ച ശേഷം നാരദര്‍ പറഞ്ഞു 'അങ്ങയുടെ രചനകളെല്ലാം ഏറെ ശ്ലാഘനീയം തന്നെ. എങ്കിലും വേദാന്ത വേദ്യനും , സകല ചരാചരങ്ങള്‍ക്കും മൂലാധാരമായ 'ശ്രീ ഹരിയുടെ' മഹിമ വര്‍ണ്ണിക്കുന്ന ഒരു കൃതി അങ്ങ് രചിച്ചില്ല. അങ്ങ് മനസ്സിനെ ഏകാഗ്രമായി നിര്‍ത്തി, അകക്കണ്ണിലുടെ തത്വാര്ധ ബോധ സ്വരൂപനായ നാരായണനെ ദര്ശിച്ച്ചാലും !ശ്രീ ഹരി സൃഷ്ടിക്കു ഉപയുക്തമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അങ്ങക്ക് വേണ്ടുന്ന ജ്ഞാനം നിശ്ചയമായും നല്‍കും. അങ്ങനെ, ആ അറിവിലൂടെ അങ്ങ് രചിക്കുന്ന 'ഭാഗവതമെന്ന് ' അറിയപ്പെടുന്ന കൃതി സര്‍വ്വോല്‍കൃഷ്ടവും, ഭക്തി സാന്ദ്രവും, വേദ സാരാംശവും ആയിരിക്കും. അങ്ങു ഈ പുണ്യ പ്രവര്‍ത്തിക്കു വേണ്ടി ശ്രമിച്ചാലും.'

വ്യാസന്‍ ചോദിച്ചു 'മഹാമുനേ! സര്‍വ്വവ്യാപിയായ അങ്ങയ്ക്ക് എല്ലാ ഭുതങ്ങളുടെയും അന്തര്‍ രഹസ്യം പോലും അറിവുള്ളതാണല്ലോ? അങ്ങയുടെ ഈ സിദ്ധിവിശേഷവും, പൂര്‍വ്വാ ശ്രമത്തില്‍ അങ്ങ് ആരായിരുന്നെന്നും അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നാരദന്‍ പൂര്‍വ്വ ജന്മ സ്മൃതിയില്‍ ഒന്നു മന്ദഹസിച്ചു . 'അല്ലയോ മഹാമുനേ ! ഞാന്‍ പുര്വ്വ ജന്മത്തില്‍ വേദജ്ഞരായ ഒരു പറ്റം മുനിമാരുടെ ദാസീ പുത്രനായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അത്യന്തം വിനയവാനും, കളികളില്‍ താല്പര്യമില്ലാത്തവനും, അറിവു നേടിയെടുക്കാന്‍ ജിജ്ഞാസയുള്ളവനുമായ എന്നില്‍ ആ മുനിമാര്‍ക്ക് വളരെ വാത്സല്യം തോന്നി. ഭഗവല്‍ കഥാശ്രവണത്തില്‍ തല്പരനും, സേവാസാമര്‍ത്ഥ്യനിപുണനുമായ എന്നെ കൃഷ്ണ ഗാഥകള്‍ പഠിപ്പിക്കാന്‍ അവര്‍ താല്പര്യം കാട്ടി. അവര്‍ പാകം ചെയ്തിരുന്ന പാത്രത്തില്‍ മിച്ചം വന്നിരുന്ന ഭക്ഷണം മാത്രം കഴിച്ചു ഞാന്‍ വിശപ്പടക്കി.ശരത് കാലത്തും, വര്‍ഷ ഋതുവിലും , ത്രിസന്ധ്യകളില്‍ അവര്‍ കൃഷ്ണനെ മന്ത്രാര്‍പ്പിതമായി ആവാഹിക്കുന്നത് കാണുന്നതിനു എനിക്ക് ഭാഗ്യം സിദ്ധിച്ചു . ക്രമേണ എന്റെ മനസ് ഭഗവല്‍ ഭക്തിയാല്‍ നിറയാന്‍ തുടങ്ങി. എപ്പോഴും കൃഷ്ണന്‍ എന്റെ മനസ്സില്‍ കളിയാടുന്നത് പോലെ എനിക്ക് തോന്നി. എന്റെ ഏകാന്തതയില്‍ ഭഗവാന്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്നതായി അനുഭവപ്പെട്ടു. പലപ്പോഴും ഞാന്‍ ആനന്ദം കൊണ്ട് നൃത്തം ചവിട്ടി. മുനിമാര്‍ ഏറെ കൌതുകത്തോടെ എന്റെ ചേഷ്ടകള്‍ വീക്ഷിച്ചു. ഇന്ദ്രിയ നിഗ്രഹം സിദ്ധിച്ചവനും, ശുശ്രൂഷതല്പരനും, ഭഗവാനില്‍ അര്‍പ്പിതമായ മനസ്സോടു കൂടിയവനുമായ എനിക്ക് ആ മുനിമാര്‍ അവിടം വിട്ടു പോയപ്പോള്‍ ഭഗവാന്റെ രഹസ്യം നിറഞ്ഞ ജ്ഞാനം ഉപദേശിച്ചു തന്നു. ആ ഉപദേശം കൊണ്ട് ഞാന്‍ സൃഷ്ടി സ്വരൂപനായ വാസുദേവന്റെ മായാ വൈഭവവും അതിനെ തരണം ചെയ്യുന്നതിനുള്ള ഉപായവും മനസ്സിലാക്കി. ഈശ്വരാര്‍പ്പിതമായ കര്‍മ്മം ഒന്നു മാത്രമാണ് താപത്രയത്തില്‍ നിന്ന് മുക്തി നേടുവാനുള്ള സിദ്ധ ഔഷധം എന്ന് ആ മുനിമാര്‍ എനിക്ക് ഉപദേശിച്ചു തന്നിരുന്നു. രോഗത്തെ ഉണ്ടാക്കുന്ന ദ്രവ്യം അതേപടി കഴിച്ചാല്‍ രോഗശാന്തിഉണ്ടാകുകയില്ല.എന്നാല്‍ ചികിത്സാ രൂപേണ കഴിച്ചാല്‍ രോഗശാന്തി സിദ്ധിക്കും. അതേപോലെ താപത്രയത്തെ ഉണ്ടാക്കുന്ന കര്‍മ്മങ്ങള്‍ ഈശ്വരാര്‍പ്പിതമായി അനുഷ്ടിച്ചാല്‍ സംസാര മുക്തി കൈവരിക്കാം.

വ്യാസന്‍ ചോദിച്ചു 'മഹാമുനേ! മുനിമാരുടെ യാത്രയ്ക്കു ശേഷമുള്ള അങ്ങയുടെ ജീവിതം എങ്ങിനെ ആയിരുന്നെന്നു പറഞ്ഞാലും! ധന്യമായ അങ്ങയുടെ ജീവിതത്തെ കുറിച്ചറിയാന്‍ എനിക്കും അതിയായ ആഗ്രഹമുണ്ട്.' സകലവും നശിപ്പിക്കുന്ന കാലം അങ്ങക്കു മാത്രം പൂര്‍വ്വ ജന്മ സ്മൃതി തന്നത് എന്തുകൊണ്ടാണ്?'നാരദര്‍ പറഞ്ഞു,' മുനിമാര്‍ അവിടം വിട്ടതിനു ശേഷം, എന്നെ ഏറെ സ്‌നേഹിച്ചിരുന്ന അല്പജ്ഞയും, സാധുവുമായ എന്റെ അമ്മ ഭൃത്യ വേല ചെയ്തും, പശുക്കളെ കറന്നും എന്നെ സ്‌നേഹത്തോടെ പരിപാലിച്ചു. എന്നാല്‍ വിധി വൈപരീത്യം എന്നുപറയട്ടെ, ഒരുനാള്‍ പശുവിനെ കറക്കാന്‍ പോയ അമ്മ വഴിക്ക് സര്‍പ്പ ദംശനം ഏറ്റു മരണപ്പെട്ടു. ദുഃഖം അടക്കാന്‍ ഏറെ പണിപ്പെട്ടങ്കിലും, എല്ലാം ഈശ്വരേച്ഛ എന്നു കരുതാന്‍ ശീലിച്ച ഞാന്‍ വൈകാതെ മനസാന്നിന്ധ്യം വീണ്ടെടുത്തു. അമ്മയുടെ മരണാദി ചടങ്ങുകള്‍, സുമനസ്സുകളുടെ സഹായത്തോടെ നടത്തിയശേഷം, ഞാന്‍ ലക്ഷ്യ ബോധമില്ലാതെ ഉത്തരദിക്കിലേക്ക് യാത്ര തിരിച്ചു. ഗ്രാമങ്ങളും, പുരങ്ങളും താണ്ടി ഞാന്‍ അലഞ്ഞു, അപ്പോഴും വാസുദേവ സ്മരണ എനിക്ക് തുണയായി. യാത്രക്കൊടുവില്‍ ഞാന്‍ ഒരു ഘോര വനത്തില്‍ എത്തിച്ചേര്‍ന്നു. വിശപ്പും ദാഹവും കൊണ്ടവശനായ ഞാന്‍ സമീപത്തെ നദിയിലെ ജലം മതിവരുവോളം കുടിച്ചു. അതിനു ശേഷം, അടുത്തുകണ്ട ഒരരയാല്‍ വൃക്ഷ ചുവട്ടിലിരുന്നു സ്വാത്മാവിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഭക്തികൊണ്ട് നിറഞ്ഞ മനസ്സും, ഒന്നിനോടും വാഞ്ചയില്ലാത്തവനുമായ എന്റെ ഹൃദയത്തില്‍ വിഷ്ണുവിന്റെ മനോഹര രൂപം തെളിഞ്ഞു വന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പരിസരം മറന്ന് ഞാന്‍ ആ പ്രേമസ്വരൂപനെ ഉറക്കെ ഉറക്കെ വാഴ്ത്താന്‍ തുടങ്ങി. ക്ഷണ നേരത്തിനു ശേഷം എന്റെ മനസ്സില്‍ നിന്ന് ആ സുന്ദര രൂപം അപ്രത്യക്ഷമായി. വീണ്ടും കാണാനുള്ള ഇച്ഛയോടെ ഞാന്‍ കണ്ണുകള്‍ കൂപ്പി, എന്റെ അന്തരാത്മാവില്‍ പല കുറി തിരഞ്ഞു, എനിക്ക് കണ്ടെത്താന്‍ ആയില്ല, ആ മുകില്‍വര്‍ണ്ണനെ. നിരാശനായ എന്റെ മനസ്സിലേക്ക് ഒരശരീരി ഒഴുകി എത്തി,'നാരദാ! ഭവാനു ഇനി എന്നെ ഈ ജന്മത്തില്‍ ദര്‍ശിക്കാന്‍ സാധ്യമല്ല. ഒരിക്കല്‍ ഈ സിദ്ധി ഞാന്‍ അങ്ങക്ക് പ്രദാനം ചെയ്തത് തന്നെ, അങ്ങയില്‍ ഭക്തി ഭാവം വളര്‍ത്താനും, അങ്ങില്‍ എനിക്കുള്ള അതിരറ്റ വാത്സല്യം കൊണ്ടുമാണ്. എന്നില്‍ ഭക്തിയോടു കൂടിയവന്റെ . മനസ്സിലെ സര്‍വ്വ മാലിന്യങ്ങളും ഇല്ലാതാകുന്നു. കുറച്ചു കാലത്തെ സജ്ജന സേവ കൊണ്ടു തന്നെ ഭവാന്‍ എന്നില്‍ ദൃഢമായ ഭക്തി ഉണ്ടായി. എന്നില്‍ ഉറച്ച ഈ ഭക്തി ഭാവം പ്രളയ കാലത്തു പോലും നശിച്ചു പോകില്ല.' ആ അശരീരി കേട്ട ദിക്കു നോക്കി ഞാന്‍ ശിരസ്സ് കുമ്പിട്ടു. അന്തരം ഞാന്‍ ഭഗവാന്റെ അന്ത ഗുണങ്ങളോടു കൂടിയ തിരുനാമങ്ങള്‍ ജപിച്ചു കൊണ്ട്, സന്തുഷ്ട ചിത്തനും, മദമാത്സര്യങ്ങള്‍ ഇല്ലാത്തവനുമായി, ഈശ്വരാര്‍പ്പിതമായ കര്‍മ്മങ്ങള്‍ അനുഷ്ടിച്ചുകൊണ്ട് കാല പ്രവാഹത്തില്‍ ഒഴുകി നടന്നു. പരിശുദ്ധവും, ഭഗവല്‍ സംബന്ധിയുമായ ആ ദിവ്യ ദേഹത്തെ എന്നില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ പ്രാരാബ്ധ കര്‍മ്മം അവസാനിച്ചു, പഞ്ച ഭുതാത്മകമായ ശരീരം വേര്‍പ്പെട്ടു ഞാന്‍ മുക്തനായി.

കല്പാന്തത്തില്‍ ഞാന്‍ വിഷ്ണു സ്മരണയോടു കൂടി ബ്രഹ്മാവിന്റെ പ്രാണനില്‍ പ്രവേശിച്ചു. ബ്രഹ്മ സൃഷ്ടിയില്‍ സപ്തര്‍ഷികളായ മരീചികള്‍ ക്കൊപ്പം ഞാനും ജന്മമെടുത്തു. ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ത്രിലോകങ്ങളുടെ അകത്തും, പുറത്തും യാതൊരു തടസ്സവുമില്ലാതെ സഞ്ചരിക്കാനുള്ള സിദ്ധി ലഭ്യമായി. സ്വര ബ്രഹ്മ വിഭുഷിതവും 'ദേവദത്തം' എന്ന പേരോടു കൂടിയതുമായ ഈ വീണ, വിഷ്ണു തന്നെ എനിക്ക് സിദ്ധിയായി നല്‍കി. ഞാന്‍ ഈ വീണയില്‍ ഉത്തമ ശ്ലോക പുരുഷനായ ആ സര്‍വ്വേശ്വരന്റെ അപദാനങ്ങളുംപാടി, ആനന്ദ ചിത്തനായി ത്രിലോകങ്ങളിലും സഞ്ചരിക്കുന്നു. ഭഗവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന മാത്രയില്‍ തന്നെ ആ പുണ്യ പുരുഷന്‍ ദര്‍ശനം നല്‍കുന്നു.

വീഴ്ച്ചയില്‍ പെട്ടു ഉഴലുന്ന ജനങ്ങള്‍ക്ക് മുകുന്ദന്റെ ഹരികഥാ കഥനം സംസാര മുക്തി നല്‍കും. യോഗമാര്‍ഗ്ഗങ്ങള്‍ വേണ്ട രീതിയില്‍ അനുഷ്ടിച്ചാല്‍ പോലും ഇത്രയും വേഗത്തില്‍ ശാന്തി ലഭിക്കില്ല.

നാരദ മുനി യാത്രയായ ശേഷം, വ്യാസമുനി സരസ്വതി തീരത്തുള്ള 'ശമ്യാ പ്രസാദം' എന്ന തന്റെ ആശ്രമത്തിലിരുന്നു മനസ്സിനെ ഏകാഗ്രമായി നിറുത്തി, ഉത്തമ ശ്ലോകത്താല്‍ അനുവര്‍ണ്ണനീയനായ, സകല ചരാചരങ്ങളുടെ ഉള്ളില്‍ ചൈതന്യമായി കുടികൊള്ളുന്ന വിഷ്ണുവിനെ ഹൃദയത്തില്‍ ഉള്‍കൊണ്ടു. ഹരിയുടെ സമ്പൂര്‍ണ്ണ ചരിതമായി വ്യാസന്‍ രചിച്ച 'ഭാഗവതം' എന്നപേരില്‍ അറിയപ്പെടുന്ന കൃതി ഭക്തി സംപുഷ്ടവും, പാരയണത്തിലൂടെമനുഷ്യനില്‍ സന്മാര്‍ഗ്ഗ ചിന്ത ജനിപ്പിക്കുന്നതുമാണ് .

ഓീ വാസുദേവായ നമോ നമ !!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories