ജ്യോതിഷം

മഹാഭാഗവതം പാര്‍ട്ട് 4


മഹാഭാഗവതം പാര്‍ട്ട് 4

മൃത്യു ആസന്നനായ മനുഷ്യന്‍ ചെയ്യേണ്ട കരണീയമായ കര്‍മ്മം എന്തെന്ന് മഹാമുനെ! അങ്ങ് ദയവായി അരുളി ചെയ്താലും!'

തന്റെ മുന്നില് തൊഴു കയ്യുമായി നില്‍ക്കുന്ന രാജാവില്‍ ശുക ബ്രഹ്മര്‍ഷിക്ക് ഏറെ കാരുണ്യം തോന്നി. ശ്രീ ശുകന്‍ പറഞ്ഞു, 'രാജന്‍! അവിടുത്തെ ചോദ്യം അത്യുത്തമവും, ആത്മ ജ്ഞാനികള്‍ക്കു സമ്മതമായതും ലോക ഹിതം ചെയ്യുന്നതുമാണ്. ആത്മ തത്ത്വം വഴിയാംവണ്ണം ഗ്രഹിക്കാന്‍ സാധിക്കാത്ത ഗൃഹസ്തന്മാര്‍ക്കു കൂടി അങ്ങയുടെ ചോദ്യം ഹിതം ചെയ്യും

ഗൃഹസ്തര്‍, ദേഹം, ഭാര്യാ, പുത്രന്മാര്‍, പ്രിയപ്പെട്ടവര്‍ ഇവര്‍ക്ക് വേണ്ടി, പകല്‍ മുഴുവന്‍ അത്യദ്ധ്വാനം ചെയ്യുന്നു ധന സമ്പാദനം മാത്രമാണ് അവരുടെ ലക്ഷ്യം രാത്രി, നിദ്ര, രതി ഇവക്കു വേണ്ടി സമയം നീക്കിവെക്കുന്ന ഇക്കൂട്ടര്‍ നശ്വരമായതിനു പിന്നാലേ ഭ്രമപ്പെട്ടു ഉഴലുന്നു. ഇതെല്ലാം ആത്മനാശത്തിനു മാത്രമേ ഉപകരിക്കു എന്നറിയുന്നില്ല. എന്നാല്‍ മോക്ഷേച്ഛു ആയവന്‍ ഭഗവല്‍ ശ്രവണം, സ്തുതി, സ്മരണം എന്നിവ കൊണ്ട് തൃപ്തനാകുന്നു. തത്വജ്ഞാനം കൊണ്ടും, സ്വധര്‍മ്മാനുഷ്ടാനം കൊണ്ടും മനുഷ്യര്‍ക്ക് ജന്മസാഫല്യം ഉണ്ടാകാന്‍ 'നാരായണ സ്മരണ' കൂടിയെ കഴിയു! വേദോക്തുക്കളും, നിര്‍ഗുണോപാസകരുമായ മുനിമാര്‍ പോലും 'ശ്രീ ഹരിയുടെ കഥാകഥനങ്ങളില്‍' രമിക്കുന്നു.

ഞാന്‍ നിര്‍ഗുണ ബ്രന്മത്തില്‍ ഉറച്ച ചിത്ത ഉള്ളവനായിട്ടു പോലും, എന്റെ പിതാവില്‍ നിന്ന് ഹൃദിസ്ഥമാക്കിയ ഭാഗവതമെന്ന പുണ്യ പുരാണം എന്റെ ചിത്തത്തെ ആനന്ദാബ്ധിയില്‍ ആറാടിച്ചു. വിഷ്ണു ഭക്തനായ അങ്ങേക്ക് വേണ്ടി ഞാന്‍ അതാഖ്യാനം ചെയ്യാം.

അതോടെ അങ്ങയില്‍ പരിശുദ്ധമായ മുകുന്ദ സ്മരണയും ഭക്തിയും ഉണ്ടാകും. ഹരിയുടെ നാമസങ്കീര്‍ത്തനം നാനാജീവിത മാര്‍ഗ്ഗങ്ങളില്‍ പെട്ട് ഉഴലുന്ന ഏവര്ക്കും യശസ്സിനെ നേടികൊടുക്കുന്നു. രാജേര്‍ഷേ! ആയുസ്സിന്റ അവധി ഇനി ക്ഷണനേരമേ ഉള്ളു എന്നറിഞ്ഞ 'ഖട്വാംഗനെന്ന' രാജര്‍ഷി സര്‍വതും വെടിഞ്ഞ് ഹരി ചരണങ്ങളില്‍ അഭയം തേടി. എന്നാല്‍ അങ്ങക്ക് ഇനിയും എഴു ദിനങ്ങള്‍ കൂടി ശേഷിക്കുന്നുണ്ടല്ലോ! പരലോക പ്രാപ്തിക്കു ഉതകുന്നതെല്ലാം നിര്‍വഹിക്കാന്‍ അങ്ങക്ക് സാധിക്കും.അന്ത്യ കാലമായാല്‍ പുരുഷന്‍, ദേഹസംബന്ധമായ എല്ലാ മമതയും വൈരാഗ്യമാകുന്ന വാളുകൊണ്ട് അറുത്തു മാറ്റണം.ഗൃഹം വെടിഞ്ഞ്, പുണ്യ തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്ത്, ശുദ്ധസ്ഥലത്ത് ഉപവിഷ്ടനായി ഏകാഗ്രതയോടെ പ്രണവത്തെ ഉപാസിക്കണം ഓകാര മന്ത്രത്തെ നിരന്തരം ധ്യാനിച്ചു കൊണ്ട് പ്രാണനേയും മനസ്സിനേയും അടക്കുക.

അല്ലയോ രാജന്‍! ശുക ബ്രഹ്മര്‍ഷി തുടര്‍ന്നു, ബുദ്ധിയാകുന്ന സാരഥിയെ കൊണ്ട് മനസ്സാകുന്ന കടിഞ്ഞാണ് പിടിപ്പിച്ച് വിഷയങ്ങള്‍ക്ക് പിന്നാലെ പായുന്ന ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ നിയന്ത്രിക്കണം. പിന്നീട് ചിത്തത്തെ ഏകാഗ്രമായി ചിദ്രൂപത്തില്‍ നിറുത്തുക. വിഷയോന്മുക്തമായ ഈ മനസ്സുകൊണ്ട് ഭഗവാന്റെ ഓരോരോ അവയവങ്ങളെ വീതം ധ്യാനിക്കണം. ഭഗവാന്റെ ഏത് അവയവ ധ്യാനത്തിലൂടെ ആണോ യോഗിക്ക് മനസ്സന്തോഷം അധികമായി ലഭിക്കുന്നത് അവിടെ തന്നെ മനസ്സ് എകാഗ്രമാക്കുക.പരീക്ഷിത്ത് സംശയ നിവര്‍ത്തി ക്കായി മഹര്‍ഷിയൊടു ചോദിച്ചു, 'മനോമാലിന്യത്തെ വളരെ വേഗം ഇല്ലാതാക്കുന്ന ഭഗവല്‍ ധാരണ ഏതെന്നു പറഞ്ഞാലും!' മഹര്‍ഷി തുടര്‍ന്നു,' ഇന്ദ്രിയങ്ങളെയും, വിഷയങ്ങളെയും അതിജീവിച്ച സാധകന്‍, ശുദ്ധമായ സ്ഥലത്ത് യുക്തമായ ആസനത്തില്‍ ഉപവിഷ്ടനായി എകാഗ്ര ചിത്തത്തോടെ ഭഗവാന്റെ 'സ്തൂല രൂപത്തെ ധ്യാനിക്കണം. പ്രപഞ്ചത്തിന്റെ ഭൂത വര്‍ത്തമാന ഭാവികളിലെല്ലാം കാണപ്പെടുന്നതും, സ്തുലമായത്തില്‍ വെച്ച് സ്തുലമായതു മായ ഭഗവാന്റെ 'വിരാട് രൂപത്തെ' ധാരണ ചെയ്യുക. ഏഴു ആവരണങ്ങളോട് കൂടിയ, ബ്രഹ്മാണ്ഡമാകുന്ന ഈ വിരാട് രൂപത്തില്‍ അന്തര്യാമിയായി വിളങ്ങുന്ന 'ചില്‍പുരുഷനെ' ധാരണ ചെയ്യണം. ഇനി വിരാട് രൂപിയായ ആ ചില്പുരുഷന്റെ ഓരോ അംഗങ്ങളും ഈ വിധം ധാരണ ചെയ്യുക.

പാദത്തെ പാദത്തെ പാതാള ലോകമായും
കണങ്കാലുകള്‍ രസാതലവും
നെരിയാണികള്‍ മഹാതലവും
കാല്വണ്ണകള്‍ തലാതലം
കാല്‍ മുട്ടുകള്‍ സുതലം
ഊരുദ്വയങ്ങള്‍ വിതലം, അതലവും
ഭഗവാന്റെ ജഘനം ഭൂലോകം
നാഭീദേശം ഭുവര്‍ലോകം
മാറിടം സ്വര്‍ലോകം
കഴുത്ത് മഹര്‍ലോകം
വദനം ജനലോകം
നെറ്റിത്തടം തപോലോകം
സഹസ്ര ശിരസ്സുകള്‍ സത്യ ലോകം
വിരാട് രൂപത്തിന്റെ ബാഹുക്കള്‍ ഇന്ദ്രാദിദേവതകള്‍
കര്‍ണ്ണങ്ങള്‍ ദിക്കുകള്‍
ശ്രവണേദ്രിയം ശബ്ദം
നാസികകള്‍ അശ്വനീ ദേവന്മാര്‍
ഘ്രാണേദ്രിയം ഗന്ധം
മുഖം ജ്വലിക്കുന്ന അഗ്‌നി
ഭഗവാന്റെ നേത്ര ഗോളങ്ങള്‍ അന്തരീക്ഷം
നേത്രം ആദിത്യന്‍
കണ്ണിമകള്‍ രാവും, പകലും
ഭഗവാന്റെ ചലിക്കുന്ന പുരികം ബ്രഹ്മാവിന്റെ ആവാസ സ്ഥാനം
അണ്ണാക്ക് (താലു ) ജലം
നാക്ക് ( ജിഹ്വാ) രസം
വിരാട്പുരുഷന്റെ ശിരസ്സ് വേദങ്ങളായി പ്രകീര്‍ത്തിക്കുന്നു
ഭഗവാന്റെ തേറ്റ പല്ല് യമന്‍
ദന്തങ്ങള്‍ സ്‌നേഹമെന്ന വികാരം
മന്ദഹാസം ജനങ്ങളെ വശീകരിക്കുന്ന മായാശക്തി
കടാക്ഷ വിക്ഷേപങ്ങള്‍ അന്തമില്ലാത്ത സൃഷ്ടി പരമ്പര
ഭഗവാന്റെ മേല്‍ച്ചുണ്ട് ലജ്ജ
കീഴ്ച്ചുണ്ട് ലോഭം
സ്തനങ്ങള്‍ ധര്‍മ്മം
പ്രുഷ്ടം അധര്‍മ്മം
ഗുഹ്യ പ്രദേശം ബ്രഹ്മാവ്
അന്ടങ്ങള്‍ മിത്രാ,വരുണന്മാര്‍
ഉദരം സമുദ്രം
അസ്ഥികള്‍ മലകള്‍
ഭഗവാന്റെ നാഡികള്‍ നദികള്‍
രോമങ്ങള്‍ വൃക്ഷ ലതാദികള്‍
വിരാട് പുരുഷന്റെ ശ്വാസം അനന്ത വീര്യത്തോടു കൂടിയ മാതരിശ്വാവ് ഗമനം കാലഗതി
ഭഗവാന്റെ കര്‍മ്മം ഗുണ പ്രവാഹത്തോട് കൂടിയ സംസാര ചക്രത്തിന്റെ ഭ്രമണം
വിശ്വ വ്യാപിയായ ഭഗവാന്റെ കേശങ്ങള്‍ മേഘങ്ങള്‍
വസ്ത്രങ്ങള്‍ സന്ധ്യകള്‍
ഹൃദയം മൂല പ്രകൃതിയും, സര്‍വ്വ വികാരങ്ങളുടെയും
ഉറവിടമായ മനസ്സ് ചന്ദ്രന്‍
ഭഗവാന്റെ വിജ്ഞാന ശക്തി മഹത്വത്വം
അന്ത ക്കരണം രുദ്രന്‍
നഖങ്ങള്‍ കുതിര,കഴുത, ഒട്ടകം, ആന
അരക്കെട്ട് പശുക്കള്‍, മാനുകള്‍ തുടങ്ങിയ സാധു മൃഗങ്ങള്‍
ഭഗവാന്റെ കൈരേഖകള്‍ പക്ഷി സഞ്ചയം
ബുദ്ധി വൈവസ്വത മനു
വാസസ്ഥാനം മനുഷ്യന്‍ ഷഡ് ജാദി സപ്തസ്വരങ്ങള്‍ ഗന്ധര്‍വ്വ, വിദ്യാധര, ചാരണന്മാര്‍, അപ്‌സരസ്സുകള്‍
സ്മൃതി പ്രഹ്ലാദന്‍
വിരാട് പുരുഷനായ ഭഗവാന്റെ മുഖം ബ്രാന്മണന്‍
ബാഹുക്കള്‍ ക്ഷത്രിയന്‍
ഊരുക്കള്‍ വൈശ്യന്‍
പാദങ്ങള്‍ ശുദ്രന്‍

( ഈശ്വര സങ്കല്‍പം കര്‍മ്മാഷധിഷ്ടിതം മാത്രമാണ്. ഈശ്വര നിഷ്ഠമായ കര്‍മ്മത്തില്‍ നിന്ന് വ്യതിചലിച്ച് ക്ഷത്രിയ വൃത്തി ധനലാഭത്തിനു വേണ്ടി സ്വീകരിക്കേണ്ടി വന്ന ദ്രോണര്‍ സ്വയം ദുര്യോധനന്റെ അവഹേളന പാത്രമായി, ഏറെ മന സംഘര്ഷമത്തോടെ മരണപ്പെടെണ്ടി വന്നു )അല്ലയോ രാജര്‍ഷേ! സ്തുലശരീരിയായ വിരാട് പുരുഷന്റെ അംഗപ്രത്യംഗ വര്‍ണ്ണന ഞാന്‍ അങ്ങയോടു പറഞ്ഞു കഴിഞ്ഞിരിക്കുന്നു. വിശ്വം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന ആ സത്യസ്വരൂപനായ പരം പുരുഷനെ അങ്ങ് മനസ്സു കൊണ്ട് ധാരണ ചെയ്യുക. ലൌകികമായ ഒന്നിലും ഇനി മനസ്സ് വ്യാപരിക്കാതെ ശ്രദ്ധിക്കുക.

ശ്രീ ശുകന്‍ തുടര്‍ന്നു, ഇനി അങ്ങയുടെ അറിവിനായി ഞാന്‍ സദ്യോന്മുക്തിയെപറ്റിയും, ക്രമമുക്തിയെ പറ്റിയും വിവരിക്കാം

സദ്യോന്മുക്തി

അനാസക്തി ചിത്തരും, ഭോഗെച്ഛുക്കുളുമല്ലാത്ത യോഗികള്‍ക്കു പ്രാപിക്കാന്‍ കഴിയുന്ന അവസ്ഥയാണിത്. കല്പാരംഭാത്തില്‍, ബ്രഹ്മാവ് ഈ ധ്യാനത്തിലൂടെ, സൃഷ്ടികര്‍മ്മത്തിനു ഉപയുക്തമായ മാര്‍ഗ്ഗം കണ്ടെത്തിയതായി പറയുന്നു. ലൌകിക തല്പരരായ മനുഷ്യനില്‍ നിന്നും തികച്ചും വത്യസ്ഥമാണ് യോഗിയുടെ ചിന്തകള്‍. അവര്‍ ഇപ്രകാരം ചിന്തിക്കുന്നു, വിസ്തൃതമായ ഭൂമിയുള്ളപ്പോള്‍ എന്തിന് വേറിട്ടൊരു ശയനസ്ഥലം?

ഈശ്വര ദത്തമായ കൈത്തണ്ട ഉള്ളപ്പോള്‍ 'തലയണ' തേടി അലയേണ്ടതുണ്ടോ? കൈക്കുമ്പിള്‍ ഉള്ളപ്പോള്‍ എന്തിനു വേറിട്ടൊരു ഭക്ഷണ പാത്രം? ദിക്കും, മരവും പ്രപഞ്ചത്തിലുള്ളപ്പോള്‍ എന്തിനു നവ്യമായ വസ്ത്രങ്ങള്‍?വിശക്കുമ്പോള്‍ ഭക്ഷിക്കുവാനും, ദാഹിക്കുമ്പോള്‍ യഥേഷ്ടം ജലവും പ്രപഞ്ച വൃക്ഷത്തിലെ കായ്കനികളും, നദിയും തരുമ്പോള്‍ ഞാനെന്തിനു ആഹാരം പാകം ചെയ്യാന്‍ സമയം വ്യര്ത്ഥ മാക്കണം? ശയിക്കാന്‍ പ്രകൃതിനിര്‍മ്മിതമായ മനോഹരമായ ഗുഹകള്‍ ഉള്ളപ്പോള്‍ എന്റെ ശയനം ഏറെ സുരക്ഷിതമാണ്. എത്രയും ഭഗവാന്‍ എനിക്ക് നല്കുകമ്പോള്‍ ഞാനെന്തിന് മനസ്സിനെ മലിനമാക്കുന്ന വിഷയ സുഖങ്ങള്‍ക്കു പിന്നാലെ പരക്കം പായണം?

ഇത്രയും വിരക്തി നേടിയ യോഗിയുടെ ഹൃദയ പദ്മത്തില്‍, ആദിമധ്യാന്ത രഹിതനും, പരമാത്മാവുമായ ആ പരമ്പൊരുള്‍ കുടികൊള്ളുന്നു.

ഈ നിശ്ചയദാര്‍ഡ്യത്തൊടെ ഭഗവാനെ ഭജിക്കുന്നവരുടെ അവിദ്യകളെല്ലാം നശിച്ചു പോകുന്നു. ഈ യോഗിയുടെ ഹൃത് കമലത്തില്‍, ഒരു ചാണ്‍ വലിപ്പത്തിലുള്ളതും തൃക്കൈകളില്‍, ശംഖ്, ചക്രം ഗദാ, പദ്മം ധരിച്ച ഈശ്വര സ്വരൂപം തെളിഞ്ഞു വരുന്നു ഈ ഭഗവല്‍ രൂപത്തിന്റെ തിരുമുഖം സദാ പ്രസന്നവും, തൃക്കണ്ണുകള്‍ താമരയിതള്‍ പോലെ നീണ്ടു നീലിമയാര്ന്നതും ആകുന്നു. ആ തിരു ശരീരം മഞ്ഞപട്ടു കൊണ്ട് ആവൃതവും കിരീടം തോള്‍ വള, ഇവ ധരിച്ചവനും, തിരുമാറു കൌസ്തുഭ രത്‌നാലംകൃതവും, ഒരിക്കലും വാടാത്ത വനമാല ധരിച്ചവനും, വക്ഷപ്രദേശം ലക്ഷ്മി ദേവിക്കുവേണ്ടി ഉഴിഞ്ഞു വെച്ചവനുമായ ഭഗവാന്റെ തൃപാദങ്ങള്‍ യോഗിശ്വരന്മാരാല്‍ പൂജിക്കപ്പെടുന്നതും ഈ യോഗി അന്തരാത്മാവില്‍ ദര്‍ശിച്ചു,ആനന്ദ ലബ്ധിയില്‍ ആറാടുന്നു. അല്ലയോ രാജര്‍ഷേ! അങ്ങക്കും ചിത്ത ശുദ്ധി വരും വരെ ഭഗവാന്റെ അംഗൊപാംഗങ്ങളെ ക്രമത്തില്‍ ധാരണ ചെയ്യാം, ഓരോ അവയവങ്ങളും മനസ്സില്‍ ദ്രുഡമാകുന്ന ക്രമത്തില്‍ ഉപര്യോപരിയായി ധാരണ ചെയ്യണം. ഈ വിധം ചിത്ത ശുദ്ധി വരുത്തിയ ശേഷം, ഭഗവാന്റെ സ്തൂല രൂപത്തെ ധ്യാനിക്കണം. ഭഗവല്‍ സ്വരൂപം ദൃഡമായി ചിത്തത്തില്‍ ഉറച്ചു കഴിഞ്ഞാല്‍, ദേഹം വെടിയാനുള്ള മനസ്സോടെ സുഖാസനത്തില്‍ ഇരുന്ന് പ്രാണെദ്രിയാദികളെ അടക്കുക. അനന്തരം മനസ്സിനെ ബുദ്ധിയിലും, ബുദ്ധിയെ ക്ഷേത്രജ്ഞനാകുന്ന ആത്മാവിലും, ആത്മാവിനെ പരമാത്മാവിലും ലയിപ്പിക്കുക. ഈ ധ്യാനാവസ്ഥയില്‍ എത്തിച്ചേരുന്ന യോഗി ദേവന്മാര്‍ക്കും മേലെയാകുന്നു. കാലത്തിന്റെ നിയന്ത്രണത്തിനുപരിയായ ഈ യോഗിയെ, ത്രിഗുണങ്ങളോ (സത്വ, രജസ്സ്, തമോ), വികാരങ്ങളോ (കാമ, ക്രോധ ലോഭ, മോഹാദികള്‍), മഹത്വത്വമോ സ്വാധീനിക്കില്ല താന്‍ അന്വേഷിക്കുന്നത് ഇതൊന്നുമല്ല ഇതൊന്നുമല്ല, എന്ന ഉറച്ച മനസ്സോടെ സകലതിനെയും' നേതി, നേതി എന്നു തിരസ്‌കരിക്കുന്നു. വിഷ്ണു പദം മാത്രമാണ് യോഗിയുടെ ലക്ഷ്യവും, ആനന്ദവും.

ഈ വിധം ജ്ഞാന പ്രാപ്തിയിലെത്തിയ യോഗി, സംസാര വിമുക്തനായി യോഗസാധനകള്‍ അനുഷ്ടിക്കണം. യോഗശാസ്ത്രം വിധിക്കുന്ന രീതിയില്‍, കാല്‍മടമ്പു കൊണ്ട്, മലദ്വാരത്തെ അടച്ച്, 'പ്രാണ വായുവിനെ' (കുണ്ഡ് ലീനി ശക്തിയെ) മേല്‌പോട്ട് ഉയര്‍ത്തണം, മെല്ലെ, മെല്ലേ നാഭിയില്‍ (മണിപൂരകം ) എത്തുന്ന ഈ പ്രാണ ശക്തിയെ സാവധാനത്തില്‍ ഹൃദയത്തിലേക്ക് (അനാഹതം) ഉയര്‍ത്തണം, അവിടെനിന്നു 'ഉദാന' (പഞ്ചപ്രാണങ്ങളില്‍ ഒന്ന്) മാര്ഗ്ഗഹത്തിലൂടെ മാറിടത്തിലേക്ക് (വിശുദ്ധി ചക്രം) ഉയര്‍ത്തുക. പിന്നീട്, യോഗി സ്വബുദ്ധി കൊണ്ട് അനുസന്ധാനം ചെയ്ത് കുണ്ഡലീനി ശക്തിയെ താലു മൂലത്തില്‍ (വിശുദ്ധി ചക്രത്തിന്റെ അഗ്രഭാഗം ) എത്തിക്കണം. പിന്നീടു മുഖത്തുള്ള എഴു പ്രാണമാര്‍ഗ്ഗങ്ങളായ (കണ്ണുകള്‍, നാസാരന്ധ്രങ്ങള്‍, ശ്രവണെന്ദ്രിയങ്ങള്‍, വായ) ഇവയെ നിയന്ത്രണത്തിലാക്കി, പ്രാണവായുവിനെ ഭ്രൂമദ്ധ്യത്തിലേക്ക് ഉയര്‍ത്തി, അര മുഹൂര്ത്തം് സ്ഥിര ദൃഷ്ടിയായിരുന്നു, മൂര്‍ധാവിനെ ഭേദിപ്പിച്ചു പ്രാണനെ, വെളിയിലേക്ക് ബഹിര്‍ഗ്ഗമിപ്പിചു ജീവന്‍ മുക്തനാകണം

ക്രമമുക്തി

ഇനിയും മറ്റൊരു നിഷ്ഠ കൂടി ഞാന്‍ അങ്ങേക്ക് വ്യക്തമാക്കി തരാം. ഇത് അഷ്ട ഐശ്വര്യ സിദ്ധിയോടെ മുക്തി നേടാന്‍ ആഗ്രഹിക്കുന്ന യോഗിയുടെ ക്രിയാനിഷ്ടയാണ്. ഇതിന് ദേഹമുക്തമായ ഇന്ദ്രിയങ്ങളും, മനസ്സും (ലിംഗ ശരീരം) കൂടിയെ തീരു. വിദ്യാ, തപസ്സ്, യോഗം, സമാധി എന്നിവയാല്‍ സൂക്ഷ്മ ശരീരനായ ഈ യോഗികള്‍ക്ക്, വായുവില്‍ അലിഞ്ഞ് ത്രിലോകങ്ങളുടെയും അകത്തും പുറത്തും സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ഇയാള്‍ സകല കര്‍മ്മങ്ങളും വിഛെദിച്ചവനാണ്, കര്‍മ്മവിമുക്തനായ യോഗിയുടെ സൂക്ഷ്മ ശരീരമാണ് ഈ വ്യക്തി ധരിച്ചിരിക്കുന്നത്.

ഈ സൂക്ഷ്മ ശരീരത്തിന്റെ ഗതി സുഷുപ്ന എന്ന ബ്രഹ്മപഥത്തില്‍ കൂടി ആകാശ മാര്‍ഗ്ഗേണയാണ് ഈ ഭ്രമണത്തില്‍, വൈശ്വാനരലോകത്തില്‍ എത്തപ്പെടുന്ന യോഗി, പരിശുദ്ധനായി തീര്‍ന്ന്, അതിലും ഉപരിയായ 'ശ്രീ ഹരിയുടെ' ശിശുമാരചക്രത്തെ പ്രാപിക്കുന്നു.വിഷ്ണുവിന്റെ ഈ ശിശുമാര ചക്രത്തെ പ്രപഞ്ച കേന്ദ്രമെന്ന് അറിയപ്പെടുന്നു. സൂര്യനും, ചന്ദ്രനും ജ്യോതിര്‌ഗോളങ്ങളാലും ചുറ്റപ്പെട്ട ഈ ചക്രത്തിന്റെ സിരാകേന്ദ്രമായി വിഷ്ണു പരിലസിക്കുന്നു. ശിശുമാര ചക്രം കടന്ന് പരിശുദ്ധനും, അതി സൂക്ഷ്മമായ ലിംഗ ശരീരമുള്ള യോഗി 'മഹര്‍ലൊകം' ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നു. അവിടെ എത്തുന്നതോടെ യോഗി, കല്പാന്ത കാലത്ത് ആദിശേഷന്റെ മുഖത്തു നിന്ന് പ്രവഹിക്കുന്ന അഗ്‌നിയില്‍ വിശ്വം കത്തിയമരുന്ന കാഴ്ച കാണുന്നു. അതിനുശേഷം സിദ്ധെശ്വരന്മാരുടെ അവാസസ്ഥാനമായ ബ്രഹ്മലോകത്തില്‍ എത്തി. രണ്ടു പരാര്‍ദ്ധ കാലം അവിടെ വസിക്കുന്നു. ഈ യോഗി ഇവിടെയിരുന്ന് സംസാര ചക്രത്തില്‍ പെട്ടുഴലുന്ന മനുഷ്യരെ കുറിച്ചോര്‍ത്ത് ദുഖിക്കുന്നു. ജരാ നരയോ, മൃത്യുവോ ഈ യോഗിയെ ബാധിക്കുകയില്ല ഈ സൂക്ഷ്മ ശരീരനായ യോഗിക്ക്, പഞ്ചഭൂതങ്ങളായ, പൃഥ്വി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയിലൂടെയും സഞ്ചരിക്കാം. പഞ്ചഭുതങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന, ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധ തന്മാത്രയിലൂടെ ഇഷ്ടമുള്ള രൂപം ധരിക്കാം. അടുത്തപടിയായി ഇന്ദ്രിയങ്ങളുടെ ലയസ്ഥാനവും, ദേവമയവുമായ 'അഹങ്കാരത്തില്‍' പ്രവേശിക്കുന്ന യോഗി, പിന്നീട് 'മഹതത്ത്വ' ത്തിലേക്കുള്ള പ്രയാണം തുടരുന്നു. അനന്തരം ത്രിഗുണങ്ങളുടെ ലയസ്ഥാനമായ 'മൂല പ്രകൃതിയില്‍' എത്തപ്പെടുന്നു ഇതോടെ പരമപദത്തില്‍ എത്തിച്ചേരുന്ന യോഗിക്ക് പിന്നീട് ഒരിക്കലും പുനരാവൃത്തി ഉണ്ടാകുന്നില്ല.ശ്രീ ശുക ബ്രഹ്മര്‍ഷി പരീക്ഷിത്തിനോട് പറഞ്ഞു, 'അല്ലയോ രാജന്‍! ഞാന്‍ അങ്ങക്ക് സദ്യോന്മുക്തിയെ പറ്റിയും ക്രമമുക്തിയെ പറ്റിയും വിശദമായി പ്രദിപാദിച്ചു തന്നിരിക്കുന്നു. പണ്ട് തന്നെ വിധിയാം വണ്ണം ഉപചാരങ്ങള്‍ അര്ചിച്ചു പൂജിച്ച ബ്രഹ്മാവിനുണ്ടായ ഈ സംശയം ഭഗവാന്‍ തന്നെ ഉപദേശ രൂപേണ വെളിപ്പെടുത്തി. യാതോരുവനാണോ ഭഗവാന്‍ വാസുദേവനില്‍ നിര്‍വ്യാജമായ ഭക്തി ഉണ്ടാകുന്നത്, അയാള്‍ വളരെ വേഗം സംസാര മുക്തനാകുന്നു.

എകാഗ്ര നിഷ്ഠയോടെ മൂന്നു തവണ വേദം പഠിച്ച ബ്രഹ്മാവിനു 'ശ്രീ ഹരിയില്‍' പ്രേമ സ്വരൂപിയായ ഭക്തി ജനിച്ചു. അതിനാല്‍ ഇതുതന്നെ വിശിഷ്ട മാര്‍ഗ്ഗമായി കരുതപ്പെടുന്നു. സജ്ജനങ്ങളില്‍ ആത്മ രൂപേണ പ്രകാശിക്കുന്ന, ഭഗവാന്റെ കഥാമൃതത്തെ പാനം ചെയ്യുക വഴി, മനോമാലിന്യം നശിച്ച്, അന്ത കരണം ശുദ്ധമാകുകയും വളരെ വേഗം മുക്തി ലഭിക്കുകയും ചെയ്യും.

സ്തുല ധ്യാന നിരൂപണവും ദേവോപാസനയും

രാജര്‌ഷേ! ആസന്ന മൃത്യു ആയവര്‍ക്കുള്ള മോക്ഷ മാര്‍ഗ്ഗ രീതികള്‍ ഞാന്‍ അങ്ങയുടെ സമക്ഷം വ്യക്തമാക്കി. ഇനി ഉപാസനാ വിധികളെ പറ്റി വിവരിക്കാം. ബ്രഹ്മ തേജസ്സിനെ കാംക്ഷിക്കുന്നവര്‍ ദേവഗുരുവായ ബൃഹസ്പതിയേയും, ഇന്ദ്ര പ്രീതി കാംക്ഷിക്കുന്നവര്‍ ഇന്ദ്രനേയും, സന്തതികളെ ആഗ്രഹിക്കുന്നവര്‍ പ്രജാപതിമാരെയും ഉപാസിക്കണം ഐശ്വര്യ സിദ്ധിക്കായി മായാദേവിയെയും, തേജസ്സിനായി അഗ്‌നിയേയും, ധനത്തിനായി അഷ്ടവസുക്കളെയും (ദ്രോണന്‍, പ്രാണന്‍, ധ്രുവന്‍, അര്‍ക്കന്‍, അഗ്‌നി, ദോഷന്‍, വസു, വിഭാവസു), വീര്യത്തിനായി ഏകാദശ രുദ്രന്മാരേയും (മന്യു, മനു, മഹേശാനന്‍, ശിവന്‍, ഋതു ധ്വജന്‍, ഉഗ്ര രേതസ്സ്, ഭവന്‍, കാലന്‍, വാമദേവന്‍, ധൃത വ്രതന്‍) ഉപാസിക്കണം. അന്നാദികള്‍ കാംക്ഷിക്കുന്നവര്‍ അദിതിയേയും, ദീര്‍ഘായുസ്സിനെ കാംഷിക്കുന്നവര്‍ അശ്വനീ ദേവന്മാരെയും, പുഷ്ടിക്കു വേണ്ടി ഭൂമീദേവിയെയും ഉപാസിക്കണം. ഗന്ധര്‍വ്വന്മാരെ ഉപാസിക്കുന്നവര്‍ക്ക് രൂപാദിഗുണങ്ങളും, സ്ത്രീകളെ കാംക്ഷിക്കുന്നവര്‍ 'ഉര്‍വശി എന്ന അപ്‌സരസ്സിനെയും സല്‍കീര്‍ത്തി കാംക്ഷിക്കുന്നവര്‍' യജ്ഞ ദേവനേയും, ജ്ഞാനകാംക്ഷികള്‍ ശിവനേയും, ധനകാംക്ഷികള്‍ വരുണനേയും, ദാമ്പത്യ സൌഖ്യത്തിന് പാര്‍വ്വതിയേയും, ധര്‍മ്മത്തെ കാംക്ഷിക്കുന്നവര്‍ വിഷ്ണുവിനെയും, വംശാഭിവൃദ്ധിക്ക് പിതൃക്കളെയും, ഓജസ്സിനു മരുത്തു ക്കളെയും വഴിയാംവണ്ണം ഉപാസിക്കണം. രാജ്യത്തെ കാംക്ഷിക്കുന്നവര്‍ മനുക്കളെയും, ശത്രുനാശം കാംക്ഷിക്കുന്നവര്‍ നിതൃതിയെയും കാമമെന്ന പുരുഷാര്‍ധത്തെ ആഗ്രഹിക്കുന്നവര്‍ സോമനെയും, ലൌകിക വിരക്തരായവര്‍ പുരുഷോത്തമനായ വിഷ്ണുവിനെയും ഉപാസിക്കണം. വിവിധോ ഉപാസനകളിലൂടെ ഭക്തന്റെ ലക്ഷ്യം ഹരി ചരണാംബുജം മാത്രമാണ്.

നൈമിഷാരണ്യത്തിലെ മഹാസത്രത്തില്‍ ഉപവിഷ്ടരായിരുന്ന ഷൌനകാദികള്‍, സൂതനോട് ഇപ്രകാരം ചോദിച്ചു 'ശ്രീ ശുകന്റെ ഉപദേശം ശ്രവിച്ച പരീക്ഷിത്ത് വീണ്ടും എന്താണ് മുനിയോട് ചോദിച്ചത്? ഹരികഥാ മൃത പുണ്യം ഒരിക്കലെങ്കിലും നുകരാന്‍ കഴിയാത്തവരുടെ ജന്മം, പന്നി, ഒട്ടകം, കഴുത ഇവയെപോലെ, ജനിക്കുന്നു, വംശ വര്‍ധനവിന് ഇണ ചേരുന്നു, ആയുസ്സെത്തുമ്പോള്‍ വിടപറയുന്നു, അത്രമാത്രം, ഓര്‍ത്തു വയ്ക്കാന്‍ ഒരു പുണ്യവും ഉണ്ടാവില്ല. അല്ലയോ മഹാഭാഗനായ സൂതപൌരാണികാ! ഹരിയുടെ മാഹാത്മ്യം ശ്രീ ശുകന്‍ എങ്ങനെയാണ് പരീക്ഷിത്തിനോട് വെളിപ്പെടുത്തിയതെന്നു അങ്ങ് വിസ്തരിച്ചാലും'.

ശ്രീ ശുക ബ്രന്മര്‍ഷിയുടെ ഭഗവത് ധ്യാനവും, ഹരികഥാരംഭവും സൂതന്‍ തുടര്‍ന്നു, 'ശ്രീ ശുകന്റെ ഉപദേശം ഉള്‍ക്കൊണ്ട് പരീക്ഷിത്തിന് ശ്രീകൃഷ്ണനില്‍ അകൈതവമായ ഭക്തി അങ്കുരിച്ചു. അദ്ദേഹം സ്വദേഹസംബന്ധമായ (ഭാര്യാ, പുത്രര്‍, രാജ്യം ) മമതാ ബന്ധം വിച്ഛേദിച്ചു. ഭഗവാന്‍ കൃഷ്ണനില്‍ മാത്രം ദൃഡഭക്തി ഊന്നിയ മനസ്സുമായി മുനിയോട് ഇങ്ങനെ ചോദിച്ചു'അല്ലയോ സര്‍വ്വജ്ഞനായവനെ! അങ്ങയുടെ ഭാഗവത ശ്രവണം കേട്ട് എന്റെ മനസ്സ് ശുദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വിശ്വം മുഴുവന്‍ ഭഗവാന്‍ എങ്ങനെയാണ് സ്വമായയാല്‍ സൃഷ്ടിച്ചു സംരക്ഷിക്കുന്നത്? എല്ലാം എനിക്ക് അങ്ങ് വിശദമാക്കി തന്നാലും.'സാക്ഷാല്‍ നാരായണന്‍ തന്നെ ത്രിമൂര്‍ത്തീ ഭാവത്തില്‍ ഇക്കാണായ വിശ്വം മുഴുവന്‍ സൃഷ്ടിച്ച്, രക്ഷിച്ച്, വേണ്ടപ്പോള്‍ അതാതിന്റെ നിശ്ചിത സമയത്ത് സംഹരിച്ച് ലോകമംഗളം വരുത്തുന്നത്.

ഏതു ശക്തിയുടെ പ്രേരണയാലെന്നു വിശദമാക്കിയാലും! ഭഗവന്‍ ഏകനായി പുരുഷ രൂപത്തിലാണോ അതോ അവതാര രൂപത്തിലോ പ്രകൃതി ഗുണങ്ങളെ സ്വീകരിക്കുന്നത്? വേദ വേദാന്തജ്ഞനായ അവിടുന്ന് എന്റെ സംശയ നിവര്‍ത്തി വരുത്തിയാലും!സൂതന്‍ പറഞ്ഞു രാജാവിന്റെ സംശയ നിവൃത്തിക്കായി ശ്രീ ശുകബ്രഹ്മര്‍ഷി ഭാഗവത കഥാഖ്യാനം നടത്താന്‍ ഉറച്ചു. മുനി ആദ്യം സകല ചരാചരങ്ങളുടെയും നാഥനായ നാരായണനെയും, തന്റെ പിതാവായ വ്യാസ മുനിയേയും ഒരു നിമിഷം ധ്യാനിച്ചു.

യത് കീര്‍ത്തനം യത് സ്മരണം യദീക്ഷണം
യദ്വന്ദനം യച്ച്രുവണം യദര്ഹണം
ലോകസ്യ സദ്യോ വിധുനോതി കല്മഷം
തസ്‌മൈ സുഭദ്ര ശ്രവസേ നമോ നമ:
(ഭാഗവതം ദ്വിതീയ സ്‌കന്ദം ശുകധ്യാനം)
യാതോരുവന്റെ കീര്‍ത്തനം സ്മരിക്കുകയും, ശ്രവിക്കുകയും, വന്ദിക്കുകയും, പൂജിക്കുകയും ചെയ്യുന്നതുകൊണ്ട് മനോമാലിന്യം അകന്ന്, അന്ത:കരണ ശുദ്ധി വരുന്നുവോ അപ്രകാരം ലോക മംഗളദായിയായ ഭഗവാനായിക്കൊണ്ട് നമസ്‌കാരം

ഭൂതൈര്‍ മ്മഹദ്ഭിര്‍യ ഇമാ :പുരോ വിഭുര്‍
ന്നിര്മായ ശേതേ യദ മുഷു പുരുഷ :
ഭുങ്ങ്‌ക്തെ ഗുണാന്‍ ഷോഡശ ഷോഡശാത്മക
സൊ അലംകൃഷീഷ്ട ഭഗവാന്‍ വചാംസി മേ
(ഭാഗവതം ശുക ധ്യാനം)

യാതൊരു പ്രഭുവാണോ പഞ്ച ഭൂതങ്ങളെ കൊണ്ട് ഇക്കാണുന്ന ജഗത്താകെ സൃഷ്ടിക്കുകയും അവയിലെല്ലാം അന്തര്യാമിയായി വസിക്കുകയും, പതിനാറ് കലകളോട് കൂടിയവനും അവയെ എല്ലാം അനുഭവിക്കുകയും ചെയ്യുന്ന ഭഗവാന്‍ എന്റെ വാക്കുകള്‍ക്കു വെളിച്ചം പകരട്ടെ. പിന്നീട് അദ്ദേഹം വ്യാസ മുനിയേയും വഴിയാവണ്ണം ധ്യാനിച്ചു. പണ്ട്, ഹരിയുടെ മാഹാത്മ്യത്തെ പറ്റിയും സൃഷ്ടിയുടെ ഉല്പത്തിയെ ക്കുറിച്ചുമുള്ള തന്റെ സംശയം നാരദ മുനി പിതാവായ ബ്രഹ്മദേവനോട് ചോദിച്ചു.

അപ്പോള്‍ ബ്രന്മാവ് സൃഷ്ടിക്കു പ്രേരകനായ നാരായണന്‍ സ്വയം തനിക്കു ഉപദേശിച്ചു തന്ന തത്വത്തെ പറ്റി പുത്രനായ നാരദനോട് പറയുക ഉണ്ടായി. അത് ഞാന്‍ അല്ലയോ രാജര്‌ഷേ! അങ്ങയുടെ അറിവിലേക്കായി ഉപദേശിക്കാം.

ഇനി നാരദ ബ്രഹ്മ സംവാദമായാണ് ഭാഗവത വര്‍ണ്ണന.
ഇതി ദ്വിതീയ സ്‌കന്ദെ ചതുര്‌ധോ അദ്ധ്യായ സമാപ്‌തോ!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories