ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സാ വിദ്യ യാ വിമുക്തയേ


'സാ വിദ്യ യാ വിമുക്തയേ' (വിഷ്ണുപുരാണം- 1.19.41)

മോക്ഷം ലഭിക്കാന്‍ പ്രാപ്തരാക്കുന്നതാണ് യഥാര്‍ത്ഥ വിദ്യ.

വിദ്യയുടെ ഗ്രഹം ബുധനാണ്. ബുധഗ്രഹത്തിന്റെ രാശിസ്ഥിതി, വര്‍ഗ്ഗബലം, മറ്റു ഗ്രഹങ്ങളുമായുളള യോഗം, നില്‍ക്കുന്ന ഭാവം, ഭാവാധിപത്യം എന്നിവയെ വിലയിരുത്തിയാല്‍ ജാതകന് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്നതിന് കഴിയുമോ എന്നു കണ്ടെത്താനാവും. ബുധനെ പരിഗണിക്കുന്നതിനൊപ്പം തന്നെ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളും സ്ഥിതിയും പരിശോധിക്കണം.

വിദ്യ എന്ന വിഷയം ജാതകത്തിലെ രണ്ടാം ഭാവത്തിലുള്‍പ്പെട്ടതാണ്. പഠിക്കുന്നതിനുളള താല്‍പര്യം മൂന്നാം ഭാവം കൊണ്ടും വിദ്യാഭ്യാസ കാര്യങ്ങള്‍ 4 ആം ഭാവംകൊണ്ടും ചിന്തിക്കാം.

കുട്ടിയുടെ ജാതകത്തിലെ 5ല്‍ ശനി അശുഭ ഫലദാതാവായി നിന്നാല്‍ മനോജഢത,ആലസ്യം തുടങ്ങിയവ അനുഭവപ്പെടാം. കുട്ടി അലസനായിരിക്കുന്നത് കണ്ട് അവനെകുറ്റപ്പെടുത്തുന്നതിനും ശിക്ഷിക്കുന്നതിനും മുമ്പ് കുട്ടിയുടെ ജാതകത്തിലെ 5, 2, 9 എന്നീ ഭാവങ്ങള്‍ പരിശോധിച്ച് ദോഷ ശാന്തി വരുത്തേണ്ടതുണ്ട്. കുട്ടിയുടെ ജാതകത്തിലെ കര്‍മ്മ ഭാവം ചിന്തിച്ചാല്‍ ഏതു തൊഴിലില്‍ ഏര്‍പ്പെടാനാണ് ജാതകന് യോഗമുളളതെന്നു അറിയാന്‍ കഴിയും. അതിനനുസരിച്ചുളള വിദ്യ നല്‍കാം.

എത്രയോ പേര്‍ എഞ്ചിനീയറിംഗിനും മെഡിസിനും ചേര്‍ന്നു ഒന്നോ രണ്ടോ വര്‍ഷം പഠിച്ചു മതിയാക്കി പിന്‍തിരിയുന്നു. ഒന്നു ജാതകം വിശദമായി പരിശോധിപ്പിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ വരുമായിരുന്നില്ല. ബുധന് കര്‍മ്മഭാവവുമായി അനുകൂല ബന്ധം വന്നാല്‍ അഡ്വക്കേറ്റ് ആവാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ അതനുസരിച്ചുളള വിദ്യാഭ്യാസം നല്‍കാം. ഗ്രഹനിലയില്‍ പത്താമത് ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെ കൊണ്ടു ചിന്തിച്ചും അനുകൂലമായ കര്‍മ്മ രംഗം തെരെഞ്ഞടുക്കുന്നത് ജീവിത വിജയത്തിനുപകരിക്കും.

ഉദാഹരണമായി ജാതകത്തിലെ രവി, ബുധന്‍, വ്യാഴം എന്നീ ഗ്രഹങ്ങള്‍ക്ക് ഉച്ചബലം ഉണ്ടാകുക, രവി പത്താം ഭാവാധിപനാകുക ഈ മൂന്നു ഗ്രഹങ്ങളും പരസ്പരം പരിവര്‍ത്തനം ചെയ്‌തോ ദൃഷ്ടി ചെയ്‌തോ യോഗം ചെയ്‌തോ നില്‍ക്കുക, ഇവയ്ക്ക വര്‍ഗ്ഗബലം ഉണ്ടാകുക, ഭാഗ്യാധിപനും ലഗ്നാധിപനും കര്‍മ്മാധിപനും തമ്മില്‍മിത്രഗ്രഹങ്ങളാകുക പരസ്പര ബന്ധം ഉണ്ടാകുക. ഇങ്ങനെ വന്നാല്‍ ജാതകന് സിവില്‍ സര്‍വ്വീസിലെ പദവികള്‍ ലഭിക്കും. നല്ല ഭരണാധികാരിയാകും. ജാതകത്തിലെ 9, 12 ഭാവങ്ങള്‍ വിലയിരുത്തി വിദേശ പഠനത്തിന് അനുകൂലമാണോ എന്നു ചിന്തിക്കാം. 4 ആം ഭാവാധിപന്‍ 12 ല്‍ വന്നാല്‍ പഠനത്തിനായി വിദേശത്ത് പോകാന്‍യോഗം ഉണ്ടാവും.

അനുഭവ കഥ

രണ്ടു കൊല്ലം മുമ്പ് ഒരു സ്ത്രീ അവരുടെ മകളുടെ ജാതകവുമായി എന്നെ കാണാന്‍ വന്നു. മെഡിസിന് റാങ്ക് ലിസ്റ്റില്‍ വന്നിട്ടും സീറ്റ് കിട്ടിയില്ല എന്നതായിരുന്നു അവരുടെ പ്രശ്‌നം. മകള്‍ മെഡിസിനിനല്ലാതെ വേറെയൊന്നിനും ചേരാന്‍ തയ്യാറല്ല താനും. ജാതകം പരിശോധച്ചപ്പോള്‍ "ബുധേ അര്‍ക്ക കുജേ ജീവാണാംവൈദ്യശാസ്ത്രം വിശാരദയേത് " എന്ന പ്രമാണം നല്ലവണ്ണം തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു ജാതകത്തില്‍ ബുധന്‍ ,രവി, കുജന്‍, ഗുരു തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ വൈദ്യശാസ്ത്രം പഠിക്കുമെന്നു പറയാം. അവരുടെ ജാതകത്തില്‍ വ്യാഴം മാത്രം പിഴച്ചു നില്‍ക്കുന്ന സമയം. ഗുരുവായൂര്‍ ദര്‍ശനം നടത്താനും കുറച്ച് വഴിപാടുകള്‍ നടത്താനും വിദ്യാരാജഗോപാല മന്ത്രം ജപിക്കാനും ഉപദേശിച്ചു. ഗുരുവായൂരപ്പന്റെ ലീലാ വിലാസമെന്നുതന്നെ പറയാം. അക്കൊല്ലാം കോ-ഓപ്പറേറ്റിവ്മെഡിക്കല്‍ കോളേജില്‍ 100 സീറ്റ് വീണ്ടും അനുവദിക്കുകയും ആ കുട്ടിക്ക് അതിലൊന്നു ലഭിക്കുകയും ചെയ്തു.

ഇതുപോലെ 3 കൊല്ലം മുമ്പ് എന്റെ ഒരു ബന്ധുവിന്റെ ജാതകം പരിശോധിച്ചപ്പോള്‍ , അവന്‍ നിയമം പഠിക്കാന്‍ വളരെയധികം യോഗമുണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് അത്ര ബോദ്ധ്യമായില്ലെന്നുമാത്രമല്ല *** ന് ശേഷം ആ കുട്ടി *** ന് ചേര്‍ന്നു പഠിച്ചു. എന്നാല്‍ ഇപ്പോള്‍ 3 *** യ്ക്ക് ചേര്‍ന്നു പഠിക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും ജാതകത്തിലുളള യോഗങ്ങള്‍ അനുഭവത്തില്‍ വരും.

ദൈവിക പരിഹാരങ്ങള്‍

ബുദ്ധിക്ക് വൈകല്യമോ വളര്‍ച്ചയില്ലായ്മയോ മാനസിക ദുര്‍ബ്ബലതയോടൊപ്പം ശാരീരിക പരാധീനതകളോ ഉണ്ടെന്നു കണ്ടാല്‍ ആധുനിക വൈദ്യശാസ്ത്ര പ്രകാരംചികിത്സയോടൊപ്പം ജ്യോതിഷ പരിഹാരങ്ങളും ചെയ്യേണ്ടതാണ്.

1. മൂകാംബിക ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക.
2. പുരാതന ശിവക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും രുദ്രസൂക്ത മന്ത്രാഭിഷേകം നടത്തുകയും ചെയ്യുക.
3. ബുധനാഴ്ചകളില്‍ ശ്രീകൃഷ്ണ ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക.
4. വെള്ളിയാഴ്ചകളില്‍ ഗണപതി ഹോമം നടത്തുക. മഹാലക്ഷമി ക്ഷേത്രദര്‍ശനം നടത്തുക.
5. സരസ്വതി യന്ത്രം, വിദ്യാരാജഗോപാലയന്ത്രം എന്നിവയിലൊന്നു വിധി പ്രകാരം തയ്യാറാക്കി 41 ദിവസം പൂജ ചെയ്തത് ധരിക്കുക.
6. സരസ്വതി സ്‌തോത്രം, ബുധസ്‌തോത്രം എന്നിവ ജപിക്കുക.
7. സാരസ്വതാരിഷ്ടം പൂജിച്ചതു എല്ലാ ദിവസവും ഒരു സ്പൂണ്‍ വീതം സേവിക്കുക.

ആയുര്‍ വേദ പരിഹാരങ്ങള്‍

1. സാരസ്വതഘൃതം (സരസ്വതി മന്ത്രം അല്ലെങ്കില്‍ മേധാ സൂക്തം 108 ഉരു ജപിച്ച് പൂജ ചെയ്തത് ) നിത്യവും ഒരു സ്പൂണ്‍ വീതം സേവിക്കുക. ബുദ്ധി വികസിക്കാനും ഓര്‍മ്മശക്തി ഉണ്ടാക്കാനും നല്ലതാണ്.
2. വയമ്പ് പാലിലോ വെണ്ണയിലോ ചേര്‍ത്ത് ഒരു വര്‍ഷം കഴിക്കണം. ബുദ്ധിമാന്ദ്യം മാറി വാക് ചാതുര്യവുമുണ്ടാകും എന്നു അനുഭവസ്ഥര്‍ പറയുന്നു.
3. ഇരട്ടി മധുരം, കൂവപ്പൊടി, തിഫലി, ഇന്തുപ്പ്, വയമ്പ് ഇവയിലേതെങ്കിലും ഒന്നു ത്രിഫലപ്പൊടി ചേര്‍ത്ത് ഒരു വര്‍ഷം തുടര്‍ച്ചയായി കഴിക്കണം. കാര്യഗ്രഹണശേഷി, സ്മരണ ശക്തി, ബുദ്ധി വിശേഷം ഇവ വര്‍ദ്ധിക്കും എന്നാണ് ഫല സിദ്ധി.
4. നരസിംഹ രസായനം, ച്യവനപ്രാശം, സാരസ്വതാരിഷ്ടം ഇവ കഴിക്കുന്നതും ബുദ്ധി വികാസത്തിന് പറ്റിയതെന്നു അറിയപ്പെടുന്നു.
കൊച്ചുകൂട്ടികള്‍ക്കും മുതിര്‍വര്‍ക്കും ഉന്നത വിദ്യാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ബുദ്ധി ശക്തി കുറഞ്ഞവര്‍ക്കും കൂടിയവര്‍ക്കും വിദ്യ പഠിക്കുവാനും പഠിപ്പിക്കുവാനും ജീവിത വിജയം നേടുവാനും സരസ്വതി മന്ത്രം, ബുധസ്‌തോത്രം,ബുധദശാമന്ത്രം, ദക്ഷിണമൂര്‍ത്തി സ്തുതി, വിദ്യാരാജഗോപാല മന്ത്രം ഇവ മുടങ്ങാതെ ജപിക്കണം.

വിദ്യാരാജഗോപാല മന്ത്രം

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ 11 ( 9 പ്രാവശ്യം)

താരാ നിത്യാനന്ദ്‌
ശ്രീനികേതന്‍
ജു സ്ട്രീറ്റ്
ഫോണ്‍ : 9895038079
Email:nithyanandtara@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories