ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം തൃതീയ സ്‌കന്ദം (തുടര്‍ച്ച )


മഹാഭാഗവതം തൃതീയ സ്‌കന്ദം (തുടര്‍ച്ച )

ദശവിധ സൃഷ്ടി വര്‍ണ്ണന


വിദുര മഹാശയന്‍, മൈത്രേയ മഹര്‍ഷിയോടു ചോദിച്ചു, 'ഭഗവാന്‍ അന്തര്‍ധാനം ചെയ്ത ശേഷം ബ്രഹ്മാവ് മഹത്തായ സൃഷ്ടി കര്‍മ്മം എങ്ങനെ നടത്തിയെന്ന് പറഞ്ഞാലും?'

നൈമിഷാരണ്യതില്‍, തന്റെ മുന്നില്‍ ശ്രവണേച്ഛുക്കുളായിരുന്ന ഷൌനകാദികളെ നോക്കി സൂതന്‍ പറഞ്ഞു, 'വിദുരരുടെ സംശയം മൈത്രേയ മഹര്‍ഷിയില്‍ കൌതുകം ഉണര്‍ത്തി. തനിക്കു കൈവന്ന ഭാഗ്യത്തില്‍ മുനി സന്തുഷ്ടനായി. അദ്ദേഹം തുടര്‍ന്നു, 'ഭഗവാന്റെ ഉപദേശം ഉള്‍ക്കൊണ്ട ബ്രഹ്മാവ് നൂറ് ദിവ്യ സംവത്സരക്കാലം കഠിന തപസ്സനുഷ്ടിച്ചു. തപ സിദ്ധിയാല്‍ ബ്രഹ്മാവിനു താനിരിക്കുന്ന പദ്മവും, അതിനധിഷ്ടാനമായ ജലവും കാല ശക്തിയോട് കൂടിയ വായുവിനെ ആശ്രയിച്ച് ഇളകുന്നതായി കണ്ടു. തനിക്കു തപസിദ്ധിയാല്‍ പ്രാപ്തമായ ജ്ഞാനതോടും, ബലതോടും കൂടി ജലത്തെയും വായുവിനെയും പാനം ചെയ്തു. താന്‍ സ്ഥിതി ചെയ്യുന്ന പദ്മം ആകാശത്തോളം വളര്‍ന്നതായി കണ്ട ബ്രഹ്മാവ് ലോക കല്പന അതിനെ അവലംബിച്ചു തുടങ്ങുന്നതായിരിക്കും ശരിയെന്നു മനസ്സിലാക്കി. തുടര്‍ന്ന് ഭഗവല്‍ ചോദിതനായി, ബ്രഹ്മാവ് കൂമ്പി അടഞ്ഞിരുന്ന താമരമൊട്ടിനുള്ളില്‍ പ്രവേശിച്ച് അതിനെ മൂന്നായി ഭാഗിച്ചു. ഈ മൂന്നു വിഭജനത്തെയാണ്, ത്രിലോകങ്ങളായി രൂപകല്പന ചെയ്തിരിക്കുന്നത്.ഈ മഹത്തായ ലോകസൃഷ്ടിക്കു പിന്നില്‍ ഭഗവല്‍ സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു.

ശ്രോതാവായ വിദുരര്‍ അടുത്ത സംശയം ഉന്നയിച്ചു, 'നാനാ രൂപങ്ങള്‍ സ്വീകരിക്കുന്ന' ശ്രീ ഹരിയുടെ കാലമെന്ന സ്വരൂപത്തെ കുറിച്ച് വ്യക്തമാക്കിയാലും.


മൈത്രേയ മുനി തുടര്‍ന്നു, 'പ്രളയകാലത്ത്, ഭഗവാന്‍ മായയാല്‍ സകലതിനെയും സംഹരിച്ചു തന്നിലേക്ക് ലയിപ്പിക്കുന്നു. സൃഷ്ടി കാലത്ത് അദ്ദേഹം അവ്യക്ത സ്വരൂപിയായ കാലത്തെ നിമിത്തമാക്കി എല്ലാറ്റിനെയും സൃജിക്കുന്നു. പ്രാകൃതം, വൈകൃതം എന്നിങ്ങനെ സര്‍ഗ്ഗം ഒന്പതു വിധത്തിലുണ്ട്. കാലം, ദ്രവ്യം, ഗുണങ്ങള്‍ ഇവയുടെ സ്വാധീനം കൊണ്ട് മൂന്നു വിധത്തില്‍ പ്രളയം ഉണ്ടാകുന്നു.

പ്രഥമ സര്‍ഗ്ഗം. ദ്രവ്യം, ജ്ഞാനം, ക്രിയ ഇവയെ ഉത്പാദിപ്പിക്കുന്ന അഹം തത്ത്വം ആണ്. രണ്ടാമത്തേത്. ദ്രവ്യ ശക്തിയോടും, തന്മാത്രകളോടും കൂടിയ സുഷ്മ ഭൂത സൃഷ്ടിയാണ്, തൃതീയം. ജ്ഞാനേന്ദ്രിയങ്ങളുടെയും കര്‍മ്മെന്ദ്രിയങ്ങളുടെയും സൃഷ്ടി ചതുര്‍ഥം. സ്വാത്വികമായ ഇന്ദ്രിയ ദേവന്മാരെയും മനസ്സിനെയും, സൃഷ്ടിക്കുന്നതാണ്. അഞ്ചാം സര്‍ഗ്ഗം: അബുദ്ധി കൊണ്ട് ഉണ്ടാകുന്നതാണ്. ആറാമത്തേതായ താമസ സര്‍ഗ്ഗം.

ഇവ ആറും പ്രാകൃത സര്‍ഗ്ഗമായി അറിയപ്പെടുന്നു. ഇനി ഞാന്‍ വൈകൃത സര്‍ഗ്ഗതെ പറ്റി പ്രദിപാദിക്കാം. ഭഗവാന്‍ സ്വയം രജോ ഗുണത്തെ അവലംബിച്ച് കേവലം ലീലാര്‍ഥം നടത്തുന്നതാണ് ഇതില്‍ പ്രഥമം, ആറു പ്രകാര ഭേദങ്ങളോട് കൂടിയ സ്ഥാവര സൃഷ്ടിയാണിത്.

പൂക്കാതെ കായ്ക്കുന്നവ, കായ്ക്കുന്നതോടു കൂടി നശിക്കുന്നവ, പുറംതോലി സാരമായിട്ടുള്ളവ, പുഷ്പം തന്നെ കായായി മാറുന്നത്, വള്ളിയായി വളരുന്നവ, കാഠിന്യം കൊണ്ട് പടര്‍ത്തി കയറ്റേണ്ട വള്ളികള്‍ എന്നിവയാണ്.

ആറു പ്രകാരത്തിലുള്ള സ്ഥാവര സൃഷ്ടികള്‍. തിര്യക്കുകളുടെ സൃഷ്ടിയാണ് അഷ്ടമ സര്‍ഗ്ഗം. ഇതു ഇരുപത്തിയെട്ടു വിധത്തില്‍ പറയപ്പെടുന്നു. അവ വിശേഷ ബുദ്ധി യില്ലാതവയും, മണതറി യുന്നവയും ആകുന്നു. പശു, ആട്, കൃഷ്ണമൃഗം, പോത്ത്, പന്നി, കാട്ടുകാള, കലമാന്‍, ചെമ്മരിയാട്, ഒട്ടകം എന്നിവ ഇരട്ട കുളംമ്പോടു കൂടിയ ഒന്‍പതിനമാകുന്നൂ.

കഴുത, കുതിര, കോവര്‍കഴുത, വെള്ളമാന്‍, ശരഭം, ചമരിമാന്‍ എന്നിവ ഒറ്റകുളമ്പുള്ള തിര്യക്കുകളാണ്. നായ, കുറുക്കന്‍, സിംഹം, കുരങ്ങ്, ചെന്നായ, നരി, ആന, ആമ, പൂച്ച, ഉടുമ്പ്, മുയല്‍, മുള്ളന്‍ പന്നി എന്നീ പന്ത്രണ്ടണ്ണം അഞ്ചു നഖങ്ങളോട് കുടിയവയാണ്. തിമംഗലം മുതലായ മത്സ്യ വര്‍ഗ്ഗങ്ങളും, കഴുകന്‍, പരുന്ത്, വടം, കോഴി, ഭല്ലുകം, മയില്‍, ഹംസം, വണ്ടാരക്കോഴി, ചക്രവാകം, കാക്ക, കൂമന്‍ മുതലായ പക്ഷി വര്‍ഗ്ഗങ്ങളും അടങ്ങുന്നതാണ് എട്ടാം സര്‍ഗ്ഗം.

മൈത്രേയ മഹര്‍ഷി തുടര്‍ന്നു, 'ഇനി ഒന്‍പതാം സര്‍ഗ്ഗം ആഹാര സമ്പാദനതിന്നു വേണ്ടി ചരിക്കുന്ന മനുഷ്യ സൃഷ്ടിയാണ്. ഇവര്‍ രജോഗുണാധിക്യതോട് കൂടിയവരും, കര്‍മ്മനിരതരും, ദുഖത്തെ സുഖമെന്ന് ധരിക്കുന്നവരുമാണ്. ദേവ സ്വര്‍ഗ്ഗം വൈകൃതത്തില്‍ (സുക്ഷ്മ ഭൂത സൃഷ്ടി) പെടുന്നു. സനല്‍കുമാരാദികളുടെ സൃഷ്ടി പ്രാകൃതവും, വൈകൃതവും ചേര്‍ന്നതാകുന്നു.

അല്ലയോവിദുരമഹാശയ! ദേവസ്വര്‍ഗ്ഗം എട്ടു വിധം പറയപ്പെടുന്നു. ദേവന്മാര്‍ പിതൃക്കള്‍, അസുരന്മാര്‍, ഗന്ധര്‍വ്വാപ്‌സരസ്സുകള്‍, ഭൂത പ്രേതാപിശാച്ചുക്കള്‍, സിദ്ധചാരണ വിദ്യാധരന്മാര്‍, യക്ഷരക്ഷസ്സുകള്‍, എന്നിവരാണിവര്‍. ഇതാണ് ഭഗവല്‍ പ്രേരിതനായ ബ്രഹ്മാവിന്റെ ദശവിധ സൃഷ്ടി.ഇനി ഞാന്‍ അങ്ങേക്ക് വേണ്ടി വംശം, മന്വന്തരം ഇവയെക്കുറിച്ച് സവിസ്തരം പ്രദിപാദിക്കാം.

കാല സ്വരൂപ നിരൂപണം
മൈത്രേയ മഹര്‍ഷി തന്റെ ആഖ്യാനം തുടങ്ങി, 'അല്ലയോ മഹാനുഭാവാ! പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് 'പരമാണു'എന്നറിഞ്ഞാലും. ഇവ തമ്മില്‍ യോജിച്ചാണ് പദാര്‍ഥങ്ങള്‍ ഉണ്ടാകുന്നതെന്ന് മനുഷ്യര്‍ ധരിക്കുന്നു. നിരവധി പരമാണുക്കള്‍ ചേര്‍ന്ന് 'സ്തൂലരൂപം ഉണ്ടാകുന്നു. ഇതേ പോലെ കാലവും സൂക്ഷ്മ സ്തുല ഭാവങ്ങളില്‍ കല്പ്പിക്കപ്പെട്ടിരിക്കുന്നു. അവ്യക്ത സ്വരൂപിയും, സകലതിന്റെയും നാഥനുമായ ഭഗവാന്‍ കാലമെന്ന രൂപതോടെ സകല ചരാചരങ്ങളിലും വ്യാപിച്ചിരിക്കുന്നു. കാലത്തിന് ഒരു പരമാണുവില്‍ വ്യാപിക്കാന്‍ ആവശ്യമായ സമയത്തിന് 'പരമാണു' എന്നു തന്നെ.
രണ്ടു പരമാണു ഒരു അണു
മൂന്ന് പരമാണു ഒരു ത്രസരെണു (ജാലകതിലൂടെ കടക്കുന്ന സുര്യ കിരണങ്ങള്‍ തിരിച്ച് ആകാശത്തേക്ക് മടങ്ങി പോകാന്‍ എടുക്കുന്ന സമയം )
മൂന്ന് ത്രസരെണു - ഒരു തുടി
മൂന്ന്‍ തുടി - ഒരു വേധം
മൂന്ന് വേധം - ഒരു ലവം
മൂന്ന് ലവം - ഒരു നിമിഷം
മൂന്നു നിമിഷം - ഒരു ക്ഷണം
അഞ്ചു ക്ഷണം - ഒരു കാഷ്ടം
പതിനഞ്ചു കാഷ്ടം - ഒരു ലഘു
പതിനഞ്ചു ലഘു - ഒരു നാഴിക
രണ്ടു നാഴിക - ഒരു മുഹൂര്‍ത്തം
ഏഴര നാഴിക - ഒരു യാമം
എട്ടു യാമം - ഒരു ദിവസം
പതിനഞ്ചു ദിവസം - ഒരു പക്കം
രണ്ടു പക്കം - ഒരു മാസം
മനുഷ്യരുടെ ഒരു മാസം - പിതൃക്കളുടെ ഒരു ദിവസം

ആദിത്യന്‍ പരമാണു മുതല്‍ ലോകം മുഴുവന്‍ ഒരു സംവത്സരം കൊണ്ടു ചുറ്റുന്നു. സംവത്സരം, പരിവത്സരം, ഇഡാ വത്സരം, അനു വല്‍സരം, വത്സരം ഈ വിധം വര്‍ഷങ്ങള്‍ അഞ്ചു വിധമാണ്.വിദുരരുടെ ചോദ്യത്തിനു മറുപടിയായി മൈത്രേയ മഹര്‍ഷി ഈ വിധം തുടര്‍ന്നു, ഇനി ഞാന്‍ അങ്ങയുടെ അറിവിലേക്കായി യുഗങ്ങളെ പറ്റിയും അവയുടെ കാലയളവിനെ കുറിച്ചും പ്രദിപാദിക്കാം.

1 .കൃത യുഗം 4800 ദിവ്യ സംവത്സരം
2 . ത്രേതായുഗം 3600 ദിവ്യ സംവത്സരം
3 . ദ്വാപര യുഗം 2400 ദിവ്യ സംവത്സരം
4 . കലി യുഗം 1200 ദിവ്യ വത്സരം

യുഗങ്ങള്‍ ക്കിടയിലുള്ള സന്ധ്യാസന്ധ്യാംശങ്ങള്‍ വൈദിക കര്‍മ്മങ്ങള്‍ക്ക് നിഷിധ്യമാണ്. കലി യുഗത്തില്‍ മൂന്നൂ പാദങ്ങളും ധര്‍മ്മത്തിന് നഷ്ടപ്പെട്ടിരിക്കും.

ദേവകള്‍ക്ക്, ആയിരം ചതുര്‍ യുഗം - ഒരുപകല്‍
71 ചതുര്‍ യുഗം - ഒരു മന്വന്തരം
14 മന്വന്തരം - ബ്രഹ്മാവിന്റെ ഒരു പകല്‍
ഓരോ മന്വന്തരത്തിലും അതാതു മനുക്കളുടെ വംശങ്ങളും, ഋഷിമാരും, ദേവന്മാരും, ഇന്ദ്രന്‍മാരും മാറിമാറി വരുന്നു. ഓരോ മന്വന്തരത്തിലും ഭഗവാന്‍ സ്വത്വ ഗുണത്തെ ആശ്രയിച്ച് ഓരോരോ അവതാരങ്ങള്‍ എടുത്ത് മനുക്കള്‍ക്ക് പ്രജാപാലനതിനു കരുത്തും, ഉപദേശവും നല്‍കുന്നു.

ബ്രഹ്മാവിന്റെ രാത്രിയില്‍ ഭഗവാന്‍ തമോഗുണത്തെ സ്വീകരിച്ച്, കാലശക്തി കൊണ്ട് സര്‍വ്വതിനെയും ഉദരതിലേക്ക് ലയിപ്പിക്കുന്നു. ഭൂലോകം, ഭുവര്‍ ലോകം, സ്വര്‍ലോകം ഇവ സൂര്യ, ചന്ദ്രന്മാരില്ലാത്ത അവസ്ഥയിലെത്തി ഭഗവാനില്‍ ചേരുന്നു. അപ്പോള്‍ സങ്കര്‍ഷണ മൂര്‍ത്തിയുടെ മുഖത്തു നിന്ന് വമിക്കുന്ന അഗ്‌നിയുടെ ചൂട് താങ്ങാനാവാതെ, ഭ്രുഗു മുതലായ മുനിമാര്‍, മഹര്‍ ലോകത്തു നിന്ന് ജനലോകത്തെക്ക് പോകുന്നു. കല്പ്പാന്ത്യത്തില്‍, ത്രിലോകങ്ങള്‍ സമുദ്രത്താല്‍ വിഴുങ്ങപ്പെടുന്നു. ആ പ്രളയജലത്തിന്റെ മദ്ധ്യത്തില്‍ ഭഗവാന്‍ വിഷ്ണു, ആദി ശേഷനാകുന്ന തല്പത്തില്‍ 'യോഗനിദ്രയെ' പ്രാപിക്കുന്നു. ജനലോക വാസികളായ ഋഷികള്‍ അപ്പോള്‍ ഭഗവാനെ സ്തുതിക്കുന്നു.നൂറ് ബ്രഹ്മ വര്‍ഷമാണ് ബ്രഹ്മാവിന്റെ ആയുസ്സ്. അതു കഴിഞ്ഞാല്‍ അദ്ദേഹവും കാലഗതിക്ക് വിധേയനാകും. ബ്രഹ്മായുസ്സിന്റെ പകുതിക്ക് പരാര്‍ദ്ധം' എന്നുപറയുന്നു. ഇപ്പോള്‍ രണ്ടാമത്തെ പരാര്‍ദ്ധമാണ്. ആദ്യ പരാര്‍ദ്ധത്തിലെ ആദ്യ കല്പത്തില്‍ ബ്രഹ്മാവ് ഉണ്ടായി. ആദ്യ പരാര്‍ദ്ധത്തിന്റെ അന്ത്യത്തില്‍ 'പദ്മ കല്പം' ഉണ്ടായി. ഈ കല്പതിലാണ് 'ശ്രീ ഹരിയുടെ'നാഭിയില്‍ നിന്ന് ലോകപദ്മം ഉണ്ടായത്. രണ്ടാം പരാര്‍ദ്ധത്തില്‍, വിഷ്ണു, വരാഹ അവതാരം എടുത്തത്. എന്നാല്‍ ഭഗവാനെ സംബന്ധിച്ച് ഈ പരാര്‍ദ്ധമെല്ലാം കേവലം നിമിഷ പ്രക്രിയ മാത്രമാണ്. കാലംസ്വശക്തിയാല്‍ പരമാണു മുതല്‍ ദ്വിപരാര്‍ദ്ധം വരെയുള്ള സകലതിനെയും നിയന്ത്രിക്കുന്നു.എന്നാല്‍ ഈശ്വരന്‍ മാത്രം കാലതിനതീതനായി നിലകൊള്ളുന്നു. ബ്രഹ്മാണ്ഡത്തിന്റെ ഉള്ളളവ് 'അമ്പതു കോടി' യോജനയാണ്. ഇതിനു ചുറ്റും മേലും കീഴുമായും അനേകം ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ട്. സര്‍വ കാരണങ്ങളുടെയും കാരണമായി വര്‍ത്തിക്കുന്നതും, മഹാപുരുഷനായ വിഷ്ണുവിന്റെ പരം സ്വരൂപമായിരിക്കുന്നതുമായ ഇതിനെയാണ് 'അക്ഷര ബ്രഹ്മമെന്നു' പ്രകീര്‍ത്തിക്കപെടുന്നത്. സനകാദികളുടെ ഉല്പത്തി വര്‍ണന മൈത്രേയ മഹര്‍ഷി തന്റെ ഭാഗവതാഖ്യാനം തുടര്‍ന്നു 'അല്ലയോ വിദുര മഹാശയാ! കാലശക്തിയുടെ മഹാത്മ്യം ഗ്രഹിച്ച അങ്ങയോടു, ഇനി ബ്രഹ്മ സൃഷ്ടിയെ കുറിച്ച് വിവരിക്കാം. ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ചത് അജ്ഞാനത്തിന്റെ പ്രകാര ഭേദങ്ങളായ, അന്ധതാമിസ്രം, താമിസ്രം, മഹാമോഹം, മോഹം, തമസ്സ് എന്നിവയാണ്. തന്റെ സൃഷ്ടി പാപമയമാകുന്നതു കണ്ട് ബ്രഹ്മാവ് ദുഖിതനായി. അനന്തരം അദ്ദേഹം ഭഗവാനെ വീണ്ടും ധ്യാനിച്ച്, ഭഗവല്‍ പ്രേരണയാല്‍ മറ്റൊരു സൃഷ്ടി കര്‍മ്മത്തില്‍ നിയുക്തനായി. ഇന്ദ്രിയ നിഗ്രഹം ചെയ്തവരും, നിവര്‍ത്തി മാര്‍ഗ തല്പരരുമായ സനകാദികളുടെ സൃഷ്ടിയായിരുന്നു അത്. ഇവര്‍ നാലു രൂപത്തില്‍ പിറവി കൊണ്ടു സനകന്‍, സനന്ദന്‍, സനാതനന്‍, സനത്കുമാരന്‍.

തന്റെ പുത്രന്മാരായ ഇവരോട് സൃഷ്ടി കര്‍മ്മത്തില്‍ തന്നെ സഹായിക്കാന്‍ ആ പിതാവ് അഭ്യര്‍ത്ഥിച്ചു .ഭവാനില്‍ മാത്രം ചിത്തം ഉറച്ചവരും, മോക്ഷ പരായണരുമായ അവര്‍ അതിനു തയ്യാറായില്ല. തന്റെ പുത്രന്മാരുടെ അനുസരണക്കേടില്‍, ബ്രഹ്മാവ് കോപിഷ്ടനായി. സ്വയം കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ നിയന്ത്രിക്കാന്‍ ആയില്ല. അത് നീല ലോഹിതനായ ഒരു കുമാരന്റെ രൂപത്തില്‍ ഭ്രൂ മദ്ധ്യത്തിലൂടെപുറത്തുചാടി. ഉടനെ തന്നെ ആ ബാലന്‍ തന്റെ നാമങ്ങളും സ്ഥാനങ്ങളും എവിടെയെല്ലാമാണന്നു ചോദിച്ച് ഉറക്കെ കരയുവാന്‍ തുടങ്ങി. അപ്പോള്‍ ബ്രഹ്മാവ് 'മാ രൊദി, മാരൊദി (കരയരുത് ) എന്നു ശാന്തമായി പറഞ്ഞ് ആ ബാലനെ ആശ്വസിപ്പിച്ചു. ബ്രഹ്മാവ് പറഞ്ഞു, കേവലം ഒരു ബാലനെപ്പോലെ, ദേവനായ അങ്ങ് രോദനം ചെയ്തതിനാല്‍ 'രുദ്രന്‍' എന്ന പേരില്‍ പ്രസിദ്ധനാകും.

അങ്ങക്ക് വേണ്ടി പതിനൊന്ന് സ്ഥാനങ്ങള്‍ ഞാന്‍ കല്പിചനുവദിക്കുന്നു. അവ ഹൃദയം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, ആകാശം, വായു, അഗ്‌നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍, തപസ്സ്, എന്നാല്‍ സൃഷ്ടമായ ഇതില്‍ ഭവാനു വസിക്കാം. മന്യു, മനു, മഹേശാനന്‍, മഹാന്‍, ശിവന്‍, ഋതു, ധ്വജന്‍, ഉഗ്രരേതസ്സ്, ഭവന്‍, കാലന്‍, വാമദേവന്‍, ധ്രുതവ്രതന്‍ എന്നീ പതിനൊന്നു നാമങ്ങള്‍ ഞാന്‍ അങ്ങക്കായി നല്‍കുന്നു.

ധീ, വൃത്തി, ഉശന, ഉമ, നിയുല്‌സ, ഋ പി,ള, അംബിക, ഇരാവതി, സുധാ, ദീക്ഷ എന്നീ പതിനൊന്നു പത്‌നിമാരെയും ബ്രഹ്മാവ് രുദ്രന് വേണ്ടി സൃഷ്ടിച്ചു. ബ്രഹ്മാവ് രുദ്രനോട് പ്രജ സൃഷ്ടി നടത്താന്‍ കല്പിച്ചു. പിതാവിന്റെ വചനത്തെ മാനിച്ചു രുദ്രന്‍ നടത്തിയ സൃഷ്ടികള്‍ തന്നെ പോലെ തന്നെ ആകൃതി, ബലം, സ്വഭാവം ഇവയാല്‍ ലോകസംഹാരികളായി ഭവിച്ചു. രുദ്രസൃഷ്ടിയുടെ ഭയാനകത ബ്രഹ്മാവിനെ ദുഖിപ്പിച്ചു. അദ്ദേഹം പുത്രനോട് സൃഷ്ടി കര്‍മ്മം നിര്‍ത്തി, തപസ്സില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് ബ്രഹ്മസൃഷ്ടിയില്‍, ഭഗവല്‍ പ്രസാദത്താല്‍, പത്തു പുത്രന്മാരുണ്ടായി. ഇവര്‍ ലോക സൃഷ്ടിക്ക് കാരണക്കാരായി ഭവിച്ചു. മരീചി, അത്രി, അംഗിരസ്സ്, പുലഹന്‍, പുലസ്തന്‍, ക്രതു, ഭ്രുഗു, വസിഷ്ഠന്‍, ദക്ഷന്‍, നാരദന്‍. ഇവരായിരുന്നു ബ്രഹ്മപുത്രന്മാര്‍. ബ്രഹ്മാവിന്റെ മടിയില്‍ നിന്ന് നാരദരും, പെരുവിരലില്‍ നിന്ന് ദക്ഷനും, പ്രാണനില്‍ നിന്ന് വസിഷ്ഠനും ത്വക്കില്‍ നിന്ന് ഭ്രുഗുവും, കയ്യില്‍ നിന്ന് ക്രതുവും, നാഭിയില്‍ നിന്ന് പുലഹനും, കര്‍ണ്ണങ്ങളില്‍ നിന്ന് പുലസ്തനും, മുഖത്ത് നിന്ന് അംഗിരസ്സും, നേത്രങ്ങളില്‍ നിന്ന് അത്രിയും, മനസ്സില്‍ നിന്ന് മരീചിയും ജനിച്ചു. ഇവരെ കൂടാതെ ബ്രഹ്മാവിന്റെ വലത്തെ സ്തനത്തില്‍ നിന്ന് ധര്‍മ്മദേവനും, പൃഷ്ഠ ഭാഗത്തു നിന്ന് അധര്‍മ്മത്തിന്റെ ഉല്‍പത്തിയുടെ ദേവനായ മൃത്യുവും, ഹൃദയത്തില്‍ നിന്ന് കാമവും, പുരികത്തില്‍ നിന്ന് ക്രോധവും, കീഴച്ചുണ്ടില്‍നിന്നു ലോഭവും, മുഖത്ത് നിന്ന് വാഗ്‌ദേവതയും, ഗുഹ്യത്തില്‍ നിന്ന് സമുദ്രവും, ഗുദത്തില്‍ നിന്ന് പാപദേവതയായ നിതൃതിയും ഉണ്ടായി. ബ്രഹ്മാവിന്റെ ഛായയില്‍ നിന്ന് കര്ധമ പ്രജാപതിയും ഉണ്ടായി. അങ്ങനെ ബ്രഹ്മാവ് ജഗല്‍ സൃഷ്ടാവായി തീര്‍ന്നു. രജോഗുണത്തില്‍ നിന്ന് ഭഗവല്‍ പ്രസാദത്താല്‍ വിമുക്തനയിട്ടു പോലും ബ്രഹ്മദേവന്‍, തന്റെ സൃഷ്ടിയുടെ സൌന്ദര്യമായി ജനിച്ച, സരസ്വതി ദേവിയെ പിതൃധര്‍മ്മം മറന്ന് കാമാന്ധനായി പ്രാപിക്കാന്‍ ഒരുങ്ങി. പിതാവിന്റെ ഈ അധര്‍മ്മ വൃത്തിയെ, മരീചി മുതലായ ബ്രഹ്മ നന്ദനന്മാര്‍ ഭല്‍സിച്ചു. അവര്‍ ഏക സ്വരത്തില്‍ ചോദിച്ചു, 'പിതാവേ! ആരുടെ കടാക്ഷ നിര്‍ദേശങ്ങള്‍ക്ക് പ്രേരിതനായി അങ്ങ് നടത്തുന്ന സൃഷ്ടി കര്‍മ്മത്തില്‍, ഈ വിധം അധര്‍മ്മംനടത്താന്‍ അങ്ങക്ക് അവകാശമില്ല. ഈ നിന്ദ്യ പ്രേരണയില്‍ നിന്ന്, സ്വയം മനസ്സിനെ നിയന്ത്രിച്ചു പിന്തിരിയുക. പിതാവ്, പുത്രിയുടെ സംരക്ഷകനാണ്, കാമുകനല്ല.

ഞങ്ങള്‍ അങ്ങയുടെ ഈ പിഴവില്‍ ലജ്ജിക്കുന്നു .കുറ്റബോധ താല്‍ ,തപ്തനായ ആ പിതാവ് സ്വ ശരീരം ഉപേക്ഷിച്ചു, ഘോര തപസ്സില്‍ ഏര്‍പെട്ടു. ബ്രഹ്മ ശരീരം ഏറ്റു വാങ്ങിയ ദിക്കുകള്‍, പിന്നീടതിനെ 'മൂടല്‍ മഞ്ഞായി' വര്‍ഷിച്ചു. വീണ്ടും സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെടാന്‍ ഉദ്യുക്തനായ അദ്ദേഹം ഒരുപായം കണ്ടെത്താന്‍ ഏറെ തിരഞ്ഞു.

അല്ലയോ വിദുര മഹാശയാ ! മൈത്രേയ മഹര്‍ഷി തുടര്‍ന്നു 'ബ്രഹ്മാവിന്റെ നാലു മുഖങ്ങളില്‍ നിന്നായി അപ്പോള്‍ നാലു വേദങ്ങള്‍ ഉത്ഭവിച്ചു. ഇവ കൂടാതെ, ചാതുര്‍ഹോത്രം, യജ്ഞവിധികള്‍, ഉപവേദങ്ങള്‍, ന്യായം, ധര്‍മ്മത്തിന്റെ നാലുപാദങ്ങള്‍, ആശ്രമവൃതികള്‍ ഇവയും ബ്രഹ്മാവിന്റെ മുഖത്തു നിന്ന് ഉണ്ടായി. വിദുരരുടെ സംശയ നിവര്‍ത്തിക്കായി മൈത്രേയന്‍ വ്യക്തമായി വിവരിച്ചു.ഋഗ്വേദം ബ്രഹ്മാവിന്റെ പൂര്‍വ്വവദനത്തില്‍ നിന്ന്, ഇതേ ക്രമത്തില്‍ വീണ്ടും ബ്രഹ്മ മുഖത്തു നിന്ന് ശസ്ത്രം, ആയുര്‍വേദം, യജുര്‍വേദം, ദക്ഷിണ വദനം ഇജ്യാ, ധനുര്‍വേദം, സാമവേദം പന്ചിമ വദനം സ്തുതി സ്‌തോമം, ഗാന്ധ്ര്ദം അഥര്‍വ വേദം ഉത്തര വദനം പ്രായചിത്തം സ്ഥാപത്യ വേദം ഉണ്ടായി.

അതിനു ശേഷം അദ്ദേഹം പഞ്ചമ വേദമെന്ന് അറിയപെടുന്ന 'ഇതിഹാസ പുരാണങ്ങളെ തന്റെ എല്ലാ മുഖങ്ങളില്‍ നിന്നുമായി സൃഷ്ടിച്ചു. ബ്രഹ്മാവിന്റെ പൂര്‍വ്വ മുഖത്തുനിന്നും ഷോഡശി, ഉക്ധം എന്നിവയും, ദക്ഷിണ മുഖത്തു നിന്ന് പുരീഷി, അഗ്‌നിഷ്ടുത് എന്നിവയും, പഞ്ചിമ മുഖത്തു നിന്ന് ആപ്‌തോര്യാമം, അതിരാത്രം എന്നിവയും, ഉത്തര മുഖത്തുനിന്ന് വാജപേയം, ഗോസവം എന്നിവയുംഉത്ഭവിച്ചു. വീണ്ടും ബ്രഹ്മാവിന്റെ പുര്‍വ്വ്വാദി മുഖത്തു നിന്ന് ധര്‍മ്മത്തിന്റെ പാദങ്ങളായി, വിദ്യാ, ദാനം, തപസ്സ്, സത്യം എന്നിവയും, ബ്രഹ്മാചര്യാദി ആശ്രമങ്ങളും ഉത്ഭവിച്ചു. ബ്രഹ്മാചാരികള്‍ അനുഷ്ടിക്കേണ്ട സാവിത്രം, പ്രാജാപത്യം, ബ്രാഹ്മ്യം, ബ്രുഹത് എന്നീ ചതുര്‍ വ്രതങ്ങള്‍ ബ്രഹ്മാവിന്റെ പുര്‍വ്വാദി മുഖങ്ങളില്‍ നിന്നുണ്ടായി. അതേ പോലെ ഗൃഹസ്ഥാശ്രമികള്‍ ആചരിക്കേണ്ട വാര്‍ത്താ, സഞ്ചയം ശാലീനം, ശിലോഞ്ചം ഇവയും ബ്രഹ്മ മുഖങ്ങളില്‍ നിന്ന് ഉത്ഭവിച്ചു.

വൈഖാസനന്മാര്‍, ബാലഖില്യന്മാര്‍, ഉദുംബരര്‍, ഫേനന്‍ എന്നീ നാലു വാനപ്രസ്ഥികളും, കുടീചകന്‍, ബഹുദകന്‍, ഹംസന്‍, പരമഹംസന്‍ എന്നീ ചതുര്‍ വിധ സന്യാസിമാരും ബ്രന്മാവിന്റെ പുര്‍വ്വാദി മുഖങ്ങളില്‍ നിന്നുണ്ടായി. അന്വീഷികി, വേദത്രയം, വാര്‍ത്താ, ദന്ടനീതി എന്നിവയും ബ്രഹ്മ മുഖത്തു നിന്നായി ജനിച്ചു. വ്യാഹൃതികള്‍ ബ്രഹ്മ മുഖത്തു നിന്നുണ്ടായപ്പോള്‍, പ്രണവത്തിന്റെ ഉറവിടം ഹൃദയമായി അദ്ദേഹത്തിന്റെ രോമങ്ങളില്‍ നിന്ന് 28 അക്ഷരങ്ങളോടു കൂടിയ ഉഷ്ണിക് എന്ന ഛന്ദസ്സും ത്വക്കില്‍ നിന്നു 24 അക്ഷരങ്ങളോട് കൂടിയ ഗായത്രി ഛന്ദസ്സും മാംസത്തില്‍ നിന്ന് 44 അക്ഷരങ്ങളുള്ള ത്രുഷ്ടിപ്പ് ഛന്ദസ്സും അനുഷ്ടിപ്പും ഞരമ്പില്‍നിന്ന് 32 അസ്ഥിയില്‍നിന്നു 48 അക്ഷരങ്ങളുള്ള ജഗതിയും മജ്ജയില്‍നിന്നു 40 അക്ഷരങ്ങളുള്ള പംക്തിയും പ്രാണനില്‍നിന്നു 36 അക്ഷരമുള്ള ബ്രുഹതിയും ഉണ്ടായി ബ്രഹ്മാവിന്റെ ജീവന്‍ വര്‍ഗ്ഗക്ഷരങ്ങളായും, ശരീരം സ്വരാക്ഷരങ്ങളായും ഭവിച്ചു.

ഇന്ദ്രിയങ്ങള്‍, ഉഷ്മാക്കള്‍ ബലം അന്തസ്ഥങ്ങള്‍ ക്രീഡയില്‍ നിന്ന് സപ്തസ്വരങ്ങളും ഉത്ഭവിച്ചു. വ്യക്താവ്യക്ത സ്വരൂപതോട് കൂടിയവനും ശബ്ദബ്രന്മനുമായ, ബ്രഹ്മാവ് നാനാ ശക്തികളാല്‍ സര്‍വ്വത്ര വ്യാപിച്ച് സ്ഥിതി ചെയ്യുന്നു. തന്റെ മാനസ പുത്രന്മാരായ മരീചാദികള്‍ പിതൃ നിര്‍ദ്ദേശം അനുസരിച്ച് സൃഷ്ടി കര്‍മ്മം നടത്തുന്നുണ്ടങ്കിലും, ഉദ്ദേശിച്ച ഫലപ്രാപ്തി കാണാത്തതിനാല്‍ അദ്ദേഹം ദുഖിതനായി. ബ്രഹ്മാവ്,തന്റെ ശരീരം ഉപേക്ഷിച്ചു, ഭഗവല്‍ പ്രസാദത്തോടെ മറ്റൊരു ശരീരം സ്വീകരിച്ച് സൃഷ്ടി കര്‍മ്മത്തില്‍ വ്യാപൃതനായി. ബ്രഹ്മ സ്വരൂപം രണ്ടായി തീര്‍ന്നു. അതില്‍ ഒന്ന് പുരുഷനും, മറ്റൊന്ന് സ്ത്രീയുമായി വേര്‍പെട്ടു. ആദി പുരുഷനായ ഈ വ്യക്തിയെ 'സ്വായം ഭൂ' മനുവായി അറിയപ്പെട്ടു. കൂടെ ബ്രഹ്മ ദേഹത്തു നിന്ന് ഉത്ഭവിച്ച സ്ത്രീ 'ശതരൂപ' എന്ന പേരില്‍ പ്രസിദ്ധയായി. ഈ ആദി പുരുഷനും, സ്ത്രീയും ബ്രഹ്മനിര്‍ദ്ദേശാനുസരണം ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി. അന്നു മുതല്‍ സ്ത്രീ പുരുഷ സംയോഗം കൊണ്ട് സന്തതികള്‍ ഉണ്ടാകാന്‍ തുടങ്ങി. സ്വയം ഭു മനുവിന്, ശതരൂപയില്‍ രണ്ടു പുത്രന്മാരും, മൂന്നു പുത്രിമാരും ഉണ്ടായി.പുത്രന്മാര്‍ പ്രിയവ്രതന്‍, ഉത്താനപാദന്‍ പുത്രിമാര്‍ ആകൃതി, ദേവഹുതി, പ്രസൂതി ആകൃതിയെ, രുചി പ്രജാപതി വിവാഹം ചെയ്തു. ദേവഹുതിയെ, കര്‍ധമ പ്രജാപതിയും,പ്രസൂതിയെ ദക്ഷ പ്രജാപതിയും സ്വീകരിച്ചു. ഇവരിലുടെ വിശ്വ സൃഷ്ടിക്ക് തുടക്കമായി.

വരാഹാവതാര വര്‍ണ്ണനം
വിദുര മഹാഭാഗന്‍, മൈത്രേയ മുനിയോടു ചോദിച്ചു, ബ്രഹ്മനന്ദനായ സ്വായംഭു മനുവിന്റെയും അദ്ദേഹത്തിന്റെ വാമാഗിയായി പിറന്ന ശതരൂപയെയും കുറിച്ച് വിസ്തരിച്ചു പറഞ്ഞാലും ഭഗവല്‍. പാദ സ്മരണയോടെ മൈത്രേയന്‍ പറയാന്‍ തുടങ്ങി, ബ്രന്മ നന്ദനന്‍ പിതാവിനെ വണങ്ങികൊണ്ട് ഇപ്രകാരം ചോദിച്ചു, അല്ലയോ പിതാവേ! അങ്ങ് ഞാനുള്‌പെടുന്ന സകല ജീവജാലങ്ങളുടെയും രക്ഷകനും, നാഥനുമാണ് അവിടുത്തെ സന്തതികളായ ഞങ്ങള്‍ ഏതു വിധമാണ് അങ്ങയെ പരിചരിക്കേണ്ടത്? ഏതു കര്‍മ്മം അനുഷ്ടിച്ചാലാണ് ഞങ്ങള്‍ക്ക് ഇഹലോക കീര്‍ത്തിയും, പരലോക ഗതിയും ഉണ്ടാവുക?

സ്വപുത്രന്റെ ഈ അപേക്ഷയില്‍ ബ്രഹ്മാവ് സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു, നിങ്ങളില്‍ ഞാന്‍ പ്രീതനായിരിക്കുന്നു. 'മദ മാത്സരാദികള്‍ കൂടാതെ പിതാവിന്റെ ഉപദേശം അനുസരിക്കുക' എന്നതാണ് വലുതായ പുത്ര ധര്‍മ്മം. അങ്ങു ചെയ്യേണ്ട നിഷ്ടകള്‍ ഇവയാണ്

1. ഭൂമിയെ ധര്‍മ്മാനുസൃതമായി പരിപാലിക്കുക.
2.കുടുംബസ്ഥനായ അങ്ങ് ഭാര്യയില്‍ സല്പുത്രരെ ജനിപ്പിക്കുക .
3. യജ്ഞങ്ങള്‍ കൊണ്ട് യജ്ഞ പുരുഷനായ ഭഗവാനെ യജിക്കുക.
സര്‍വ്വ കര്‍മ്മങ്ങള്‍ക്കും പുര്‍ണ്ണ ഫല സിദ്ധി ഉണ്ടാകാന്‍ യജ്ഞ പുരുഷനായ 'ശ്രീ ഹരിയുടെ ' പ്രസാദം കൂടിയേ കഴിയു. അങ്ങ് വിധിയാവണ്ണം അനുഷ്ടിക്കുന്ന ഈ കര്‍മ്മങ്ങള്‍ തന്നെ എനിക്ക് പരിചരണമായി ഭവിക്കുന്നതാണ്. സ്വായംഭു മനു തന്റെ പിതാവായ ബ്രഹ്മാവിനോട് ഈവിധം ഉണര്‍ത്തിച്ചു 'പിതാവേ! അങ്ങയുടെവാക്കുകള്‍ ഞാന്‍ ശിരസ്സാ വഹിക്കുന്നു. അവിടുന്ന് എനിക്കും പ്രജകള്‍ക്കും ഉള്ള സ്ഥാനങ്ങള്‍ കല്പിച്ചരുളിയാലും. സര്‍വ്വ ജീവജാലങ്ങളുടെയും ആവാസസ്ഥാനമായ പ്രുദ്ധ്വി ഇപ്പോള്‍ പ്രളയ ജലത്തില്‍ മുങ്ങിയിരിക്കുന്നു. അങ്ങ് അവളെ ഉദ്ധരിക്കാന്‍ ശ്രമിക്കണം അപ്പോള്‍ മാത്രമാണ് ഭൂമി സാഗരതിലാണെന്ന ബോധം ബ്രഹ്മാവിനുണ്ടായത്. അദ്ദേഹം മനുവായ തന്റെ പുത്രനോട് പറഞ്ഞു 'സൃഷ്ടി കര്‍മ്മത്തില്‍ നിയുക്തനായഞാന്‍ മറ്റൊന്നിനെകുറിച്ചും ബോധവാനായിരുന്നില്ല. ഭൂമി, ഇതാ രസാതലത്തില്‍ എത്തപ്പെട്ടിരിക്കുന്നു. സകലതിനും കാരണ ഭുതനായ ആ ജഗദീശ്വരന്‍ തന്നെ, ഇതിനും ഒരുപായം കാട്ടിത്തരും. അവര്‍ പ്രാര്‍ത്ഥനാതല്പരരായിരുന്നപ്പോള്‍ ബ്രഹ്മാവിന്റെ നാസാദ്വാരത്തില്‍ കൂടി പെരുവിരലിന്റെ വലിപ്പമുള്ള ഒരു വരാഹ ബാലന്‍' പുറത്തു ചാടി. നിമിഷങ്ങള്‍ക്കുള്ളില്‍ ആ വരാഹ ബാലന്‍, ആനയോളം വലിപ്പത്തില്‍ വളര്‍ന്നു. ഈ അത്ഭുതം ബ്രഹ്മാവിനെ പോലെ ബ്രഹ്മപുത്രന്മാരായ മരീചി മുതലായവരെയും ചിന്തിപ്പിച്ചു. ഒടുവില്‍ അവര് നിശ്ചയിച്ചുറച്ചു 'ഇത്. സര്‍വ്വെശ്വരനായ ഭഗവാന്‍ തന്നെ!!

ബ്രഹ്മാവുംപുത്രന്മാരും ഈ വിഷയംചര്‍ച്ച ചെയ്യുന്നതിനിടയില്‍ വരാഹ ബാലന്‍ പര്‍വ്വത തുല്യം വളര്‍ന്ന് ഉറക്കെ ഗര്‍ജ്ജിച്ചു. ദിക്കുകള്‍ പിളര്‍ക്കുന്ന സ്വന്തം ഗര്‍ജ്ജനം കൊണ്ട് 'വരാഹരൂപിയായ ഭഗവാന്‍' ബ്രഹ്മാവിനെയും ഋഷിമാരേയും സന്തോഷിപ്പിച്ചു . ജനസത്യ ലോകങ്ങളില്‍ വസിക്കുന്ന മുനിമാര്‍ വരാഹ രൂപിയുടെ 'ഘര്‍ ,ഘര്‍ 'ശബ്ദം കേട്ട് വേദമന്ത്രങ്ങള്‍ കൊണ്ട് ഭഗവാനെ യജിച്ചു. വാല് പൊക്കിപിടിച്ച് ആകാശത്തു കൂടെ സഞ്ചരിക്കുന്നവനും, കഠോര ദേഹത്തോട് കൂടിയവനും, കുന്ജിത രോമങ്ങള്‍ ഇടക്കിടെ ഇടക്കിടെ കുടഞ്ഞു കൊണ്ടിരിക്കുന്നവനും, കുളമ്പടി കൊണ്ട് മേഘ മാലകളെ തട്ടി നീക്കുന്നവനും, പരുപരുത്ത ദേഹപ്രകൃതിയുള്ളവനുമായ, വരാഹമൂര്‍ത്തി തന്നെ നിര്‍വിഘ്‌നം സ്തുതിക്കുന്ന മുനിമാരില്‍ സംപ്രീതനായി ഗര്‍ജ്ജിച്ചു കൊണ്ട് പ്രളയ ജലതിലേക്ക് എടുത്തു ചാടി. തന്റെ ഘ്രാണ ശക്തികൊണ്ട് ഭൂമിയുടെ സ്ഥാനം നിശ്ചയിച്ചുറപ്പിച്ച, ആ '' യജ്ഞ സ്വരൂപി പ്രളയജലത്തെ മൂര്‍ച്ചയേറിയ നഖങ്ങള്‍ കൊണ്ട് ഇളക്കി മറിച്ചു.

സാഗരം തിരമാലക ളാകുന്ന കൈകകള്‍ ഉയര്‍ത്തി രക്ഷക്കായി മുറവിളി കുട്ടി . ജലപരപ്പിനെ പിളര്‍ന്ന വരാഹമൂര്‍ത്തി രസാതലത്തില്‍ ഭുമിയെ കണ്ടെത്തി രസാതലത്തില്‍ ഭുമിയെ കണ്ടെത്തിയ ഭഗവാന്‍ 'സ്വതേറ്റമേല്‍' ഭൂമിയെ എടുത്തുവെച്ച് മെല്ലെ മെല്ലെ ഉയര്‍ത്തി മുനിമാര്‍ വേദമന്ത്രങ്ങള്‍ കൊണ്ട് സ്തുതിച്ചു. മുനിമാര്‍ സ്തുതിച്ചു, 'അല്ലയോ യജ്ഞരൂപിയായ ഭഗവാന്‍ ഭൂമിയെ ഉയര്‍ത്തി കൊണ്ടുവരുവാന്‍ ശ്രമിച്ചു. ഇതുകണ്ട് ക്രുദ്ധനായ 'ഹിരണ്യാക്ഷന്‍' ഭഗവാനോട് ഏറ്റുമുട്ടി. വരാഹമൂര്‍ത്തി തന്റെ അപാരമായ ശക്തി പ്രഭാവത്താല്‍ അസുരനെ വധിച്ചു. അസുരരക്തതാല്‍ അഭിഷിക്തനായി, ഭൂമിയെ തേറ്റ മേല്‍ ഉയര്‍ത്തിനില്‍ക്കുന്ന, ആ യജ്ഞ മൂര്‍ത്തിയെ കണ്ട മുനിമാര്‍ അദ്ധേഹനെ സ്തുതിച്ചു! അങ്ങയുടെ അവതാരം ദീക്ഷയും, കഴുത്ത് ഉപസതുക്കളും ,ദംഷ്ട്രങ്ങള്‍, പ്രായണീയം, ഉദയനീയം എന്നീ ഇഷ്ടികകളും നാക്ക്പ്രവര്‍ഗ്ഗവും 'ശിരസ്സ് യാഗത്തിലെ 'സഭ്യം, അവസ്ഥ്യം' എന്നീ അഗ്‌നികള്‍ ചേര്‍ന്നതും പഞ്ച പ്രാണങ്ങള്‍ ' ചയനങ്ങളുമാകുന്നു.

അങ്ങുടെ രേതസ്സ് 'സോമരസവും', ശരീരത്തിലെ സപ്ത ധാതുക്കള്‍ സപ്ത സംസ്തകളും, സന്ധികള്‍ സത്രങ്ങളുമാകുന്നു.സര്‍വ യജ്ഞങ്ങളുടെയും, ക്രതുക്കളുടെയും മൂര്‍ത്തിരൂപമായ അങ്ങ് ഇഷ്ടികകളാകുന്നബന്ധനതോട് കൂടിയവനാകുന്നു. സര്‍വമന്ത്രങ്ങളുടെയും, ദേവതകളുടെയും, ദ്രവ്യങ്ങളുടെയും മൂര്‍ത്തി സ്വരൂപമാണ് അങ്ങ് !അല്ലയോ യജ്ഞമൂര്‍ത്തേ!' അങ്ങയുടെ വീര്യം ആധാനം ചെയ്യാന്‍ സര്‍വ്വദാ യോഗ്യയായ ഭൂമിദേവിയെ ഞങ്ങള്‍,അങ്ങയോടൊപ്പം സ്തുതിക്കുന്നു. അല്ലയോ യജ്ഞ മൂര്‍ത്തേ! പ്രപഞ്ചത്തിലെ സത്തും, അസതുമായ സകലത്തും അങ്ങയുടെ മായാ പ്രേരിതമെന്ന് ഞങ്ങള്‍ അറിയുന്നു. മുനിമാരുടെ സ്തുതികളില്‍ പ്രീതനായ വരാഹ മൂര്‍ത്തി, ഭൂമിയെ ജലപരപ്പില്‍പുനസ്ഥാപിച്ച ശേഷം സ്വസ്ഥാന തെക്ക് മടങ്ങി.

ദിതി കാശ്യപസംവാദവും, ദിതിയുടെഗര്‍ഭധാരണവുംവിദുര മഹാശയന്‍, സംശയ നിവര്‍ത്തി വരുത്താനായി മൈത്രേയ മഹര്‍ഷിയൊട് വീണ്ടും ചോദിച്ചു, 'മഹാവിഷ്ണു, വരാഹമൂര്‍ത്തിയായി അവതരിച്ച്, ഭുമിയെ സ്വന്തം തേറ്റ മേല്‍, ഉയര്‍ത്തി കൊണ്ട് വരുമ്പോള്‍, ഹിരണ്യാക്ഷന്‍ എന്ന അസുരന്‍എന്തിനാണ്, യജ്ഞസ്വരൂപിയായ വരാഹമൂര്‍തിയുമായി യുദ്ധംചെയ്തത്?വിദുരരുടെ സംശയ നിവര്‍ത്തിക്കായി മൈത്രേയന്‍, ഹിരണ്യാക്ഷന്റെ ചരിതം വിവരിക്കാന്‍ തുടങ്ങി. ഒരു സന്ധ്യാ നേരത്ത്, ദക്ഷ പുത്രിയായ, ദിതി, വര്‍ദ്ധിച്ച കാമാസക്തിയോടെ തന്റെ ഭര്‍ത്താവായ കശ്യപനെ സമീപിച്ചു. ഈ സമയത്ത് ജ്ഞാനിയായ അദ്ദേഹം,യജ്ഞപതിയും, അഗ്‌നി ജിഹ്വയോടു കൂടിയവനുമായ ഭഗവാനെ പാലുകൊണ്ടു ഹോമിച്ച്, അഗ്‌നിശാലയില്‍ എകാഗ്ര ചിത്തനായിരിക്കുകയായിരുന്നു. ദിതി, കശ്യപനെ വിളിച്ചുണര്‍ത്തി, അവള്‍ പറഞ്ഞു, 'അല്ലയോ പ്രാണനാഥാ! അങ്ങയോട് ചേരാനുള്ള എന്റെ അദമ്യമായ ആഗ്രഹത്തെ ക്ഷണ നേരത്തേക്ക് പോലും എനിക്ക് തടുത്തു നിറുത്താന്‍ ആവുന്നില്ല. കാമന്‍ എന്നെ ചുട്ടു പോള്ളിക്കുകയാണ്. വരിക, അങ്ങ് എന്നില്‍ സന്താന പ്രാപ്തിക്കായി സ്വന്തം വീര്യത്തെ ആധാനം ചെയ്ത് എന്നെ തൃപ്തയാക്കിയാലും!

കശ്യപന്‍, പത്‌നിയെ തടുത്തുകൊണ്ട് ഇപ്രകാരം പറഞ്ഞു, 'നാഥേ! നിന്റെ ഇംഗിതം ഞാന്‍ തീര്‍ച്ചയായും സാധിപ്പിച്ചു തരുന്നുണ്ട്. അര്ധാംഗിയുടെ കാമവാഞ്ച സാധിപ്പിച്ച്, അവളെ മാരജ്വര പീഡയില്‍നിന്ന് മുക്തയാക്കേണ്ടത് ഭതൃധര്‍മ്മമാണ്. എന്നാല്‍ ഇപ്പോള്‍ സന്ധ്യാവേളയാണ്. ഈ സമയം 'മൈഥുനം' നിഷിദ്ധവും, പാപവുമാണ്. ഈ സന്ധ്യാവേളയില്‍ മായയെ ജയിച്ച വൈരാഗിയായ പരമശിവന്‍ തന്റെ ഭുത ഗണങ്ങളോടൊപ്പം, ഭസ്മലേപനായി ഭുമിയില്‍ ചുറ്റിത്തിരിയുകയാണ്. ഈ വേള ധ്യാനത്തില്‍ മുഴുകാനുള്ള സമയമാണ്.

നീ ഒരു മുഹൂര്‍ത്ത മാത്രം ക്ഷമിക്കുക. വീണ്ടും വീണ്ടുമുള്ള ഭാര്യയുടെ അപേക്ഷയെ മാനിക്കതിരിക്കാന്‍ കശ്യപനായില്ല. അദ്ദേഹം അനുചിതമായ കര്‍മ്മത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു.അന്തര്‍ ദൃഷ്ടികൊണ്ട് തങ്ങള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ അസുരാംശജരാണന്നു മുനി മനസ്സിലാക്കി. ദൈവഹിതം തടുക്കാന്‍ ആരാലും ആവില്ല, അദ്ദേഹം ചെയ്തുപോയ തെറ്റില്‍ പഞ്ചാതപിച്ചു. സനകാദികളുടെ വൈകുണ്ടാഗമനം. കശ്യപ വീര്യത്തെ ദിതി ശത വര്‍ഷം ഗര്‍ഭത്തില്‍ പേറുകയുണ്ടായി, മൈത്രേയ മഹര്‍ഷി തുടര്‍ന്നു, ആ ഗര്‍ഭ തേജസ്സിനാല്‍ ദിക്കുകളുടെ പ്രഭ പോലും അസ്തമിക്കുന്നതായി കാണപ്പെട്ടു. ആ അത്ഭുത തേജസ്സു ദര്‍ശിച്ച, ദേവന്മാര്‍ ബ്രഹ്മാവിനെ സമീപിച്ചു. 'സര്‍വജ്ഞനായ ജഗല്പിതാവേ!എല്ലാം അങ്ങേക്കറി വുള്ളത് തന്നെ, എങ്കിലും അങ്ങയുടെ നിഷ്‌ക്രിയത്വം ഞങ്ങളെ അമ്പരപ്പിക്കുന്നു. ദിതി സ്വന്തം ഗര്‍ഭത്തില്‍ വഹിക്കുന്ന, കശ്യപ രേതസ്സിന്റെ പ്രഭ ഞങ്ങളെ ഭയപ്പെടുത്തുന്നു വിനാശകരമായ എന്തോ ഒന്ന് അടുത്തു തന്നെ സംഭവിക്കും. അങ്ങ് പ്രതിവിധി കണ്ടെത്തിയാലും.

ബ്രഹ്മാവ് പറഞ്ഞു, 'നിങ്ങള്‍ ഭയപ്പെടാതിരിക്കുക.വിഷൈക വിരക്തരും , നിവര്‍ത്തി മാര്‍ഗ്ഗ തല്പരരുമായസനകാദി മുനികള്‍ ആകാശ മാര്‍ഗ്ഗേ സഞ്ചരിക്കുന്നതിനിടയില്‍ ഒരിക്കല്‍ വൈകുണ്ടത്തില്‍ 'ശ്രീ ഹരിയെ' ദര്‍ശിക്കാന്‍ ചെന്നു. വൈകുണ്ടതിന്റെ ആറു വാതിലുകള്‍ അവര്‍ക്കുമുന്നില്‍ തടസ്സമില്ലാതെ തുറക്കപെട്ടു. ഏഴാമത്തെ കവാടതിലെത്തിയ സനകാദികളെ അവിടെ ദ്വാരപാലകരായി നിന്ന 'ജയവിജയന്മാര്‍' തടുത്തു. മുനികള്‍ രോഷാകുലരായി. ഭഗവാനെ നിരന്തരം പ്രാര്‍ത്ഥിക്കുന്നത് കൊണ്ടാണ് ഇവിടെയുള്ളവര്‍ക്ക് വൈകുണ്ട പ്രാപ്തിയുണ്ടായത്. ഒന്നിലും ഭേദബുദ്ധി ദര്‍ശിക്കാത്ത, സകലത്തിന്റെയും സത്തായ ഭഗവാന് നിങ്ങള്‍ ഈ നിമിഷം അയോഗ്യരായിതീര്‍ന്നിരിക്കുന്നു. നിങ്ങള്‍ ഭേദബുദ്ധിയോടെ പാപജഡിലമായ ഭുമിയില്‍ പതിക്കട്ടെ! ശാപ വചസ്സുകള്‍ കേട്ട ജയവിജയന്മാര്‍, മുനിമാരുടെ കാല്ക്കല്‍ വീണു. അവര്‍ പറഞ്ഞു 'നിങ്ങള്‍ നല്‍കിയ ശാപത്തിന് മദാന്ധരായ ഞങ്ങള്‍അര്‍ഹരാണ്. ഏതു ജന്മത്തിലുംഞങ്ങളില്‍ 'നാരായണ' സ്മരണ ഉണ്ടാകാന്‍ അനുഗ്രഹിക്കണം.

വിഷ്ണു പാര്‍ഷ്വദന്മാരായ 'ജയവിജയന്മാര്‍' അവരുടെ ആദ്യ ശാപ മോക്ഷത്തിനായി ദിതിയുടെ ഗര്‍ഭത്തില്‍, കശ്യപബീജതില്‍ ജന്മമെടുത്തു. അവരുടെ 'വൈഷ്ണവ തേജസ്സാണ്' ഭൂമിയെ പ്രകാശമാനമാക്കുന്നതെന്നു നിങ്ങള്‍അറിയുക. ബ്രഹ്മാവ് ഋഷികളെ സ്വാന്ത്വനിപ്പിച്ചു. അനേകം ദുര്‍നിമിത്തങ്ങള്‍ക്ക് ഇട നല്‍കിക്കൊണ്ട് ദിതി രണ്ടു പുത്രന്മാര്‍ക്കു ജന്മം നല്‍കി. ആ സമയം ഭയങ്കരമായി കൊള്ളിമീന്‍ വര്‍ഷിച്ചു, പര്‍വ്വതങ്ങള്‍ പ്രകമ്പനം കൊണ്ടു, കുമനും, കുറുക്കനും ഭയങ്കരമായി ഓലിയിട്ടു മുറവിളിച്ചു. ഭയം കൊണ്ടു പക്ഷി മൃഗാദികള്‍ വിസര്‍ജിച്ചു. പാപഗ്രഹങ്ങള്‍ കരുത്തു വര്‍ദ്ധിച്ചു, ശുഭ ഗ്രഹങ്ങളെ നിഷ്പ്രഭരാക്കി. മേഘങ്ങള്‍ മലം വര്‍ഷിച്ചു തുടങ്ങി, കാറ്റില്ലാതെ വൃക്ഷങ്ങള്‍ കട പുഴകി വീണു, ദേവപ്രതിമകളില്‍ നിന്ന് കണ്ണീര്‍ വമിച്ചു. ദിതിയുടെ ഈ പുത്രന്മാര്‍ കാരിരുമ്പിനെ വെല്ലുന്ന കഠിന ഹൃദയരും, പരാക്രമികളുമായി വളര്‍ന്നു വന്നു. ഇവര്‍ക്ക് പിതാവായ കശ്യപന്‍, ഹിരണ്യാക്ഷനെന്നും, ഹിരണ്യകശിപു എന്നുംപേരിട്ടു. ബ്രഹ്മ പ്രീതി നേടിയ ഇവര്‍ ത്രി ലോകങ്ങളേയും ഇളക്കി മറിച്ച്, ആധിപത്യം സ്ഥാപിക്കാന്‍ തുടങ്ങി.

ഹിരണ്യാക്ഷന്‍ ഗദാധാരിയായി യുദ്ധോല്‍സാഹത്തോടെ ദേവലോകതെത്തി, ദേവലോകം കീഴടക്കി. ഹുംക്കാര ശബ്ദത്തോടെ വിജയഭേരി മുഴക്കി, ഹിരണ്യാക്ഷന്‍ സാഗരത്തെ തകര്‍ത്തു തുടങ്ങി. വരുണ സേനകളായ ജലജീവികള്‍, ചെറുത്തു നില്ക്കാനാവാതെ പിന്‍വാങ്ങി. മദാന്ധനായി സാഗരത്തെ തല്ലി തകര്‍ത്ത്, അവന്‍ വരുണന്റെ ആസ്ഥാനമായ 'വിഭാവരി' ദര്‍ശിച്ചു. അവന്‍ വരുണനെ യുദ്ധത്തിനു വെല്ലുവിളിച്ചു. വരുണന്‍ പുച്ഛത്തോടെ പറഞ്ഞു' നിന്റെ യുദ്ധക്കൊതി തീര്‍ക്കാന്‍ ഞാനാളല്ല, നീ ശ്രീ ഹരിയുമായി യുദ്ധം ചെയ്തു നിന്റെ ദര്‍പ്പിതമായ മദം ശമിപ്പിചാലും! വരുണന്റെ വാക്കുകള്‍, പുച്ഛിച്ചു തള്ളിയെങ്കിലും, ഹിരണ്യാക്ഷന്‍ 'ശ്രീഹരിയെ' തേടി നടന്നു. നാരദ മഹര്‍ഷിയില്‍ നിന്ന് ഭഗവാന്‍ രസാതലത്തില്‍ ഉണ്ടന്നറിഞ്ഞ, അവന്‍ അവിടേക്ക് യാത്ര തിരിച്ചു.ഈ സമയം 'വരാഹമൂര്‍തിയായ ഭഗവാന്‍' തന്റെ ബലമേറിയ ദംഷ്ട്രത്താല്‍ ഭൂമിയെ ഉയര്‍ത്തുവാനുള്ള തീവ്ര യജ്ഞത്തിലായിരുന്നു. ഹിരന്യാക്ഷന്‍ ഭഗവാനെ കളിയാക്കി 'ഇതാ ഒരു വന്യ മൃഗം! ഞങ്ങളുടെ ഭൂമിയും കൊണ്ട് നീ ഇവിടം വിട്ടുപോകാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല. ഇവള്‍ ദൈത്യരായ ഞങ്ങളുടെ സ്വത്താണ്. ഇവളെ കൊണ്ടുപോകാന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല. അല്ലെങ്കില്‍ എന്നോട് യുദ്ധം ചെയ്ത് ഇവളെ നേടിയെടുത്താലും 'ഹിര്‍ണ്യാക്ഷന്റെ ഭത്സനങ്ങള്‍ ഭഗവാന്‍ പുച്ഛിച്ചു തള്ളി. ക്രുദ്ധനായ അവന്‍ ഗദയുമോങ്ങി ഹരിയുടെ പിന്നാലെ എത്തി. ഭഗവാന്‍ ദംഷ്ട്രങ്ങളില്‍ വഹിച്ചിരുന്ന ഭൂമിയെ സാഗരത്തിനു മുകളിലെത്തിച്ചു, തന്റെ യോഗശക്തിയാല്‍ ഭൂമിയെ ഉറപ്പിച്ചു. ഭഗവാന്റെ നേരെ ഹിരണ്യാക്ഷന്‍ ഗദയുമായി ചാടി വീണു. ഭഗവാന്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറി.ഭഗവാന്‍ വീണ്ടും പാഞ്ഞു ചെന്ന അവന്റെ പുരികത്തിനു നേരെ ഗദയോങ്ങി. തുല്യ ശക്തിയോടെ അവര്‍ പോരുതിക്കൊണ്ടിരുന്നപ്പോള്‍, ഇരുട്ടു പരക്കുന്നതിനെ കുറിച്ച് ദേവകള്‍ ചില മുന്നറിയിപ്പുകള്‍ പ്രകടമാക്കി. ആസുരശക്തി ഇരുളില്‍ ബലം വര്‍ദ്ധിക്കുമെന്ന് മനസ്സിലായ ഭഗവാന്‍ അവന്റെ താടി എല്ലില്‍ആഞ്ഞടിച്ചു. അസുരന്‍ ഏറെ രോഷത്തോടെ തിരിച്ചടിച്ചു. യുദ്ധം മുറുകി, വരാഹ മൂര്‍ത്തി ചക്രായുധം കയ്യിലേന്തി. ഗദയുമായി തന്റെ നേരെ വന്ന ഹിരണ്യാക്ഷനെ ഭഗവാന്‍ തന്റെ യോഗബലതാല്‍ വധിച്ചു ഭഗവാന്റെ മുഷ്ടി മര്‍ദ്ദനത്തോടെ ദാനവന്റെ പ്രാണന്‍ വേര്‍പെട്ടു, അവന് ഭഗവല്‍ സായുജ്യം ലഭിച്ചു.

ഓം ! വാസുദേവായ നമ !!

 

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories