ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

തൃതീയ സ്‌കന്ദം (തുടര്‍ച്ച)


തൃതീയ സ്‌കന്ദം (തുടര്‍ച്ച)

ബ്രഹ്മ കൃത സൃഷ്ടി വര്‍ണനം


നൈമിഷാരണ്യതില്‍, ശ്രവണേച്ചുക്കളായി തന്റെ മുന്നിലിരിക്കുന്ന ഷൌനകാദികളുടെ, ആകാംക്ഷ വായിച്ചറിഞ്ഞ സൂതന്‍ ഇപ്രകാരം തുടര്‍ന്നു. 'ഹിരണ്യാക്ഷ വധത്തിനു' ശേഷമുള്ള ഭഗവല്‍ ചരിതംഅറിയാന്‍ വിദുരര്‍ വീണ്ടും ജിജ്ഞാസു ആകുന്നത് മൈത്രേയ മഹര്‍ഷി ശ്രദ്ധിച്ചു. അദ്ദേഹം തുടര്‍ന്നു അല്ലയോ വിദുര മഹാഭാഗാ! കാല പ്രേരണ മൂലം ഗുണ ക്ഷോഭം സംഭവിച്ച അവ്യക്തത്തില്‍ നിന്നുംമഹതത്വം ഉണ്ടായി. രജോഗുണതിന്റെ ആധിക്യം കൊണ്ട് മഹത്ത്വത്തില്‍ നിന്നും ' അഹങ്കാരം' ഉണ്ടായി.

അഹങ്കാരത്തില്‍ നിന്നും ആകാശാദി പഞ്ചഭൂതങ്ങള്‍ ഉണ്ടായി. സൃഷ്ടി പ്രേരണയാല്‍ അവ ഒന്നിച്ചു ചേര്‍ന്ന് സ്വര്‍ണ്ണമയമായ ഒരു അണ്ഡം ഉണ്ടായി. ആയിരക്കണക്കിനു വര്‍ഷം ഈ അണ്ഡം ജലത്തില്‍ കിടന്നു. പിന്നീടതില്‍ ഈശ്വര ചൈതിന്യം പ്രവേശിച്ചു. ജലത്തിലെ അണ്ഡത്തില്‍ പ്രവേശിച്ചതിനാല്‍ ഭഗവാന് ' നാരായണന്‍' എന്ന പേരുണ്ടായി. പിന്നീട് ഭഗവാന്റെ നാഭിയില്‍ നിന്ന് ആയിരം സൂര്യ കിരണ പ്രഭയോടെ ഒരു പദ്മം ഉയര്‍ന്നു വന്നു. പദ്മ മദ്ധ്യത്തില്‍ ബ്രഹ്മാവ് ഭൂജാതനായി. ഭഗവാന്റെ വാഞ്ചിതം ഉള്‍ക്കൊണ്ട ബ്രഹ്മാവ് സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടു.


തമസ്സ്, മോഹം, മഹാമോഹം, താമിസ്രം, അന്ധതാമിസ്രം എന്നീ അഞ്ചു ശാഖകളോടുകുടിയ അജ്ഞാനത്തെ അദ്ദേഹം സ്വഛായയില്‍ നിന്നു സൃഷ്ടിച്ചു. അനന്തരം ബ്രഹ്മാവ് തമോമയമായ ദേഹത്തെ ഉപേക്ഷിച്ചു. അത്രാത്രിയായി തീരുകയും, അതില്‍ നിന്ന് ഉണ്ടായ യക്ഷ, രക്ഷസ്സുകള്‍ ആ ശരീരം സ്വീകരിച്ചു. അതിനുശേഷം വിശപ്പും, ദാഹവും സഹിക്കാനാകാതെ യക്ഷ രക്ഷസ്സുകള്‍ ബ്രഹ്മാവിനു നേരേ പാഞ്ഞുചെന്നു. ബ്രഹ്മാവ് തങ്ങളുടെ പിതാവാണെന്ന തിരിച്ചറിവ്, അദ്ദേഹത്തെ ഉപദ്രവിക്കാതെ അവര്‍ പിന്‍വാങ്ങി.

അതിനുശേഷം ബ്രഹ്മാവ് പ്രകാശ സ്വരൂപത്തോട് കൂടിയ ദേവകളെ സൃഷ്ടിച്ചു. അതു പകലായി തീരുകയും ചെയ്തു. ദേവന്മാര്‍ അതിനെ ക്രീഡാര്ധം ഉപയോഗിക്കുന്നതു കണ്ട ബ്രഹ്മാവ് അവരെ ശാസിച്ചു. അപ്പോള്‍ദേവന്മാര്‍ തങ്ങളുടെ മൈഥുനത്തെ പരിഹസിച്ച ബ്രഹ്മാവിനു പുറകെ പാഞ്ഞു. ബ്രഹ്മാവ് ഓടി ഓടി വിഷുണുവിനെ അഭയം പ്രാപിച്ചു. ബ്രഹ്മാവ് പറഞ്ഞു 'ദേവദേവാ! അവിടുത്തെ ഇഛ പ്രകാരം ഞാന്‍ നടത്തിയ സൃഷ്ടി രൂപങ്ങള്‍ എന്നെ തന്നെ പിടികുടാന്‍ പാഞ്ഞു വരുന്നു. ശരണാഗതാ! അങ്ങ് എന്നെ കൈവെടിയരുത്'. ഭഗവാന്‍ ബ്രഹ്മാവിനോട് ആ ശരീരം ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചു.

ബ്രഹ്മാവ്ഭ ഗവല്‍ പ്രേരണയാല്‍ വെടിഞ്ഞ ശരീരം, പാദങ്ങളില്‍ കാല്‍ചിലമ്പും, അരയില്‍ പൊന്നരഞ്ഞാണവും ധരിച്ചവളും, ഉന്നത സ്തനങ്ങളും, പട്ടുട ചാര്‍ത്തിയവളും, മദവിഹ്വല നേത്രങ്ങളോടു കൂടിയവളും, മുട്ടോളമെത്തുന്ന കാര്‍കുന്തല്‍ ഉള്ളവളുമായ ഒരു സര്‍വ്വാംഗ സുന്ദരിയായ നാരിയായി തീര്‍ന്നു. സായം സന്ധ്യയെ കണ്ട ദേവന്മാര്‍, ആ കാന്തിയില്‍ മയങ്ങി, സന്ധ്യാ ദേവിയാണന്നറിയാതെ, അവളെ സ്തുതിക്കാന്‍ തുടങ്ങി. പിന്നീടു ബ്രഹ്മാവ് സ്വന്തംകാന്തിയില്‍ നിന്ന് ഗന്ധര്‍വ്വാപ്‌സരസ്സുകളെ സൃഷ്ടിച്ചു. അതിനു ശേഷം ഉപേക്ഷിച്ചബ്രഹ്മ ശരീരം ' വിശ്വാവസു' സ്വീകരിച്ചു. സ്വതമോഗുണത്തില്‍ നിന്നും ജാതരായ ഭുത പിശാചാദികളെ നഗ്‌നരും, ചപ്രതലയരുമായി കണ്ട ബ്രഹ്മാവ്കണ്ണുകള്‍ അടച്ചു. അപ്പോള്‍ അവര്‍ബ്രഹ്മാവിന്റെ ' ജ്രുംഭ' എന്ന ശരീരം സ്വീകരിച്ചു. ഇതു ജീവജാലങ്ങളില്‍ നിദ്രയും, ഇന്ദ്രിയ സ്രാവവുമായി തീര്‍ന്നു. അതിനുശേഷം ബ്രഹ്മാവ് സ്വാത്മ ബലം കൊണ്ട് സാധ്യരേയും,പിതൃക്കളെയും സൃഷ്ടിച്ചു. ബ്രഹ്മാവിന്റെ ആത്മ കാരണമായ ശരീരം സ്വീകരിക്കയാല്‍, ജനങ്ങള്‍ പിതൃക്കള്‍ക്കും സാധ്യര്‍ക്കും വേണ്ടി കര്‍മ്മങ്ങള്‍ ചെയ്യുന്നു (ശ്രാദ്ധ കര്‍മ്മങ്ങള്‍).

അതിനു ശേഷം ബ്രഹ്മാവ് ' തിരോധാനമെന്ന' ശക്തിയെ സ്വീകരിച്ച്, സിദ്ധന്മാരെയും, വിദ്യാധരരെയും സൃഷ്ടിച്ചു. ഇവര്‍ ബ്രഹ്മാവിന്റെ തിരോധാന ശരീരത്തെ ഉള്‍ക്കൊണ്ടു. സ്വശരീരത്തെ കുറിച്ച് അഭിമാന ബോധിതനായ ബ്രഹ്മാവില്‍ നിന്ന്കി ന്നരന്മാരും, കിംപുരുഷന്മാരും സൃഷ്ടമായി. ബ്രഹ്മാവ് കൈവെടിഞ്ഞ 'ഛായാ' ശരീരം സ്വീകരിച്ച ഇവര്‍ പത്‌നീ സമേതരായി ഉഷകാലത്ത് പാട്ടുപാടുന്നു. ബ്രഹ്മാവ് വെടിഞ്ഞ ഭോഗ ശരീരം സ്വീകരിച്ചു സര്‍പ്പങ്ങളും, ഉരഗങ്ങളും ഉണ്ടായി.

അതിനുശേഷം ബ്രഹ്മാവ് സ്വചിത്തത്തില്‍ നിന്നും പ്രജകളെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള മനുക്കള്‍ക്കായി തന്റെ പുരുഷ ശരീരത്തെ തന്നെ നല്‍കി. ഈ ബ്രഹ്മ പ്രവര്‍ത്തിയില്‍ ദേവകള്‍ സന്തുഷ്ടരായി. പിന്നീട് ബ്രഹ്മാവ്, തപസ്സ്, ജ്ഞാനം, യോഗം, സമാധി ഇവയോടു കൂടിയ ഋഷിമാരെ സൃഷ്ടിച്ചു. തന്റെതായ മേല്പറഞ്ഞ അമ്ശങ്ങളെല്ലാം അവര്‍ക്കായി പകുത്തു നല്‍കി.

സ്വായംഭു മനുവിന്റെ വംശ ചരിതം
വിദുരര്‍ മൈത്രേയമഹര്‍ഷിയൊടു ചോദിച്ചു, സ്വായംഭു മനുവിന്റെ വംശാവലിയെ പറ്റിയും, അദ്ദേഹത്തിന്റെ പുത്രന്മാരായ ഉത്താനപാദനും, പ്രിയ വൃതനും സപ്തദ്വീപുകളോട് കൂടിയ ഭൂമിയെ എങ്ങനെയാണ് പരിപാലിച്ചത്? മനു പുത്രിയായ ദേവാഹുതിയെ, കര്‍ധമ പ്രജാപതി വിവാഹം ചെയ്തതായി അങ്ങു പറഞ്ഞു, അവരുടെ വംശച്ചരിതവും വിസ്തരിച്ച് പറയുക.ബ്രഹ്മാവിന്റെ ആജ്ഞപ്രകാരം കര്‍ധമപ്രജാപതി പതിനായിരം വര്‍ഷം സരസ്വതീ നദിക്കരയില്‍ തപസ്സനുഷ്ടിച്ചു. പ്രീതനായ 'ശ്രീഹരി' അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. ആ മനോഹര രൂപം കണ്ട പ്രജാപതി താണ് വീണു വണങ്ങി. അദ്ദേഹം ഇങ്ങനെ ഭഗവാനെ സ്തുതിച്ചു.

' ജുഷ്ടം ബതാദ്യാഖിലസ്വത്വരാശേ
സ്സാംസിധ്യ മഷ്‌ണൊസ് തവ ദര്‍ശനാന്ന
യദ്ദര്‍ശനം ജന്മമഭിരീഡ്യ സദ്ഭി
രാശാസതെ യോഗിനോ രൂ ഡ യോഗ :(ഭാഗവതം )
സത്വ ഗുണത്തിന്റെ മൂര്‍ത്തീ ഭാവവും,സ്തുതിക്കപ്പെടേണ്ടവനുമായഅല്ലയോ ഭഗവാനേ! അങ്ങയുടെ ദര്‍ശനം ഞങ്ങളുടെ നേത്രങ്ങളുടെ സാഫല്യസിദ്ധിയാണ്. യോഗികലക്ക് പോലും ഏറെ സുദുഷ്‌ക്കരമായി മാത്രം ലഭ്യമാകുന്ന ഈ പുണ്യ ദര്‍ശനതാല്‍ ഞാന്‍ ധന്യനായി.

ഏക : സ്വയം സന്ജഗത സ്സിസൃഷയാ
ദ്വിതീയയാ:ആത്മന്നധി യോഗമായയാ
സ്രുജസ്യദ : ചാസി പുനര്‍ ഗ്രസിശ്യസേ
യഥോര്‍ണ്ണനാഭിര്‍ ഭഗവാന്‍ സ്വശക്തിഭി:

അല്ലയോ നിന്തിരുവടി! അങ്ങ് എകനാണങ്കിലും, ലോക സൃഷ്ടിക്കായി, യോഗമായയെ അവലംബമാക്കി, സത്വ രജോ തമോ ഗുണങ്ങളാല്‍, എട്ടുകാലിയെന്നപോലെ മറ്റൊന്നിനെയും ആശ്രയിക്കാതെ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു പരിപാലിക്കുന്നു, ഒടുവില്‍ സംഹരിക്കുകയും ചെയ്യുന്നു. കര്ധമപ്രജാപതി ഭഗവാനെ വീണ്ടും സ്തുതിച്ചു.

'സകാമരായഞങ്ങള്‍ക്ക് സുഖത്തെ പ്രദാനം ചെയ്യുന്നതിനു വേണ്ടി അങ്ങ് യോഗമായയാല്‍ മറക്കപ്പെട്ടു എത്രയോ മോഹന രൂപങ്ങളില്‍ അവതരിക്കുന്നു .നിഷ്‌കാമനായ അവിടുന്ന് സകാമതോടും, നിര്‍ഗുണത്തെ ഗുണരൂപതിലും ഭക്തര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കുന്നു.

ഈ സ്തുതി ഗീതങ്ങളില്‍ തൃപ്തനായ ഭഗവാന്‍ പറഞ്ഞു,

വിദ്വിതാ തവ ചൈത്യം മേ പുരൈവ സമയോജി തത്
യദര്‍ധം ആത്മ നിയമൈസ്ത്വ യൈവാഹം സമര്ചിത :
കൃത്വാ ദയാം ച ജീവേഷു ദത്വാ ചാഭയആത്മവാന്‍
മയ്യത്മാനാം സഹജഗത് ദ്രഷ്യ സാത്മനി ചാപി മാം
സഹാഹംസ്വാമ്ശകലയാ :ത്വദ് വീര്യെണ മഹാമുനേ!
തവ ക്ഷേത്രേ' ദേവ ഹുത്യാം 'പ്രണെഷ്യെ തത്ത്വ :സംഹിതാം (ഭാഗവതം )
അല്ലയോ ഭക്തോത്തമാ! അങ്ങ് എന്നോട് അപേക്ഷിച്ചതെല്ലാം തന്നെ, അങ്ങേക്കായി ഞാന്‍ മുന്നേ കല്പിചതാണെന്ന് അറിഞ്ഞാലും. എകാഗ്ര മനസ്സോടെ എനിക്കായി അര്‍പ്പിക്കുന്ന ഒരു കര്‍മ്മവും വ്യര്‍ത്ഥമാവില്ല. ഭൂലോകം ഇപ്പോള്‍ ഭരിക്കുന്ന സ്വായംഭു മനു, തന്റെ പത്‌നിയായ 'ശതരൂ പയുമായി' അടുത്തു തന്നെ അങ്ങയെ ദര്‍ശിക്കാന്‍ എത്തും. അവരുടെ പുത്രിയായ ദേവഹുതിയെ അങ്ങക്കായി കന്യാദാനം നടത്തും. നിങ്ങള്‍ക്ക് ഒന്‍പതു പുത്രിമാര്‍ ഉണ്ടാകും. കാലമാകുമ്പോള്‍ ആ കന്യകമാരെ മരീചി മു തലായവര്‍ പാണിഗ്രഹണം നടത്തും. ഒടുവിലായി ഞാന്‍ തന്നെ സ്വാമ്ശകലയോടെ അങ്ങക്ക് പുത്രനായി ജനിക്കും. കപിലനെന്ന നാമധേയം സ്വീകരിച്ചു ഞാന്‍ 'സാംഖ്യാ ശാസ്ത്രം' രചിക്കും. സര്‍വ്വ കര്‍മ്മങ്ങളും എനിക്കായി അര്‍പ്പിക്കുന്ന അങ്ങ് അന്ത്യത്തില്‍ എന്നെ തന്നെ പ്രാപിക്കും'. ഭഗവാന്‍ വൈകുണ്ടതിലേക്ക് തിരിച്ചുപോയി.

ഭഗവാന്‍ മറഞ്ഞ ദിക്കു നോക്കി കര്‍ധമ പ്രജാപതി ധ്യാന നിരതനായി നിന്നു . അപ്പോള്‍ ഉലകം ചുറ്റിനടന്ന സ്വായം ഭു മനുവും, ശതരൂപയും ആശ്രമ കവാടത്തില്‍ എത്തിച്ചേര്‍ന്നു .അതിഥി സല്ക്കാര പ്രിയനായ മുനിയില്‍ അവര്‍ സന്തുഷ്ടരായി. തങ്ങളുടെ പുത്രി ദെവഹൂതിയെ പാണി ഗ്രഹണം നടത്തണമെന്ന് അവര്‍ മുനിയോട് അപേക്ഷിച്ചു. വൈകാതെ മുനി മനു പുത്രിയെ സ്വീകരിച്ചു. കര്‍ധമ പ്രജാപതി മനു വിനോട് പറഞ്ഞു 'നാരായണ നിയോഗം' പോലെ എന്നില്‍ ഇവള്‍ക്ക് ഒരു പുത്രന്‍ജനിക്കുന്ന കാലം വരെ ഇവള്‍ എന്നോടൊപ്പം ഉണ്ടാകും, പുത്രന്‍ യൗവ്വന യുക്തനാകുമ്പോള്‍ ഞാന്‍ഇവളെ അവനില്‍ ഭരമേല്പിച്ചു വനവാസത്തിനായി ഗമിക്കും. പിന്നീടുള്ള എന്റെ നാളുകള്‍ ഭഗവല്‍സമര്‍പ്പണത്തിനുള്ള തായിരിക്കും. മൈത്രേയ മഹര്‍ഷി പറഞ്ഞു കര്‍ധമന്‍ ഇപ്രകാരം പറഞ്ഞ് ഒരു നിമിഷം ധ്യാന മഗ്‌നനായി ഹരിയെ പ്രണമിച്ചു . പുത്രിയെ കര്‍ധമനു ദാനം ചെയ്ത സ്വായം ഭു മനു നിരവധി വസ്ത്രങ്ങളും ആഭരണങ്ങളും അവര്‍ക്ക് നല്‍കി. തിരിച്ച് ബ്രന്മാവൃത്തത്തിന്റെ തലസ്ഥാനമായ ബര്‍ഹിഷ്മതീപുരതിലെത്തിയ മനുവിനെയും, ശതരൂപയെയും ഹര്‍ഷാരവത്തോടെ എതിരേറ്റു. യജ്ഞ മൂര്‍ത്തിയായ, വരാഹാവതാര മെടുത്ത 'ശ്രീ ഹരി 'തന്റെ ശരീരം കുടഞ്ഞപ്പോള്‍ ബര്‍ഹിസ്സുകള്‍ (രോമങ്ങള്‍ ) വീണതു കൊണ്ടാണ് ബര്‍ഹിഷ് മതീ പുരം എന്ന പേര് സിദ്ധിച്ചത്. യജ്ഞ മൂര്ത്തിയുടെ രോമങ്ങള്‍. ദര്‍ഭ പുല്ലുകളായി മുളച്ചു.അതു ഉപയോഗിച്ച് താപസര്‍ യജ്ഞ മൂര്‍ത്തിയായ ഭഗവാനെ യജിച്ചു.മനുവും അപ്രകാരം അനുവര്‍ത്തിച്ചു കര്‍ധമന്റെയും ദെവാഹൂതിയുടെയും ദാമ്പത്യ വര്‍ണ്ണന തന്റെ പതിയായ കര്ധമനെ, ദേവാഹുതി പാര്‍വ്വതീ ദേവി ശിവനെയെന്നപോലെ വിശ്വാസ ഭക്തിയോടെ സേവിച്ചു.തന്റെ ദേഹ സുഖങ്ങള്‍ക്കപ്പുറം,പതിയുടെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയിരുന്ന അവളില്‍ കര്‍ധമന്‍ അതീവ പ്രസന്നനായി .അദ്ദേഹം പറഞ്ഞു 'നിരന്തരമായ ഹരി ഉപാസനയാല്‍ എനിക്കു. ദേവഹുതി,തന്റെ ഭര്‍ത്താവിനോട് പറഞ്ഞു ,അവിടുത്തേക്ക് ഹരിസേവയാല്‍ എല്ലാം പ്രാപ്തമായി. എന്നാല്‍ എന്റെ മനസ്സ് സന്താന ലബ്ധിക്കായി മോഹിക്കുന്നു. ഈ ആഗ്രഹം അങ്ങ് എനിക്ക് നിറവേറ്റി തന്നാലും. 'പ്രിയയുടെ വാഞ്ചിതം സാധിപ്പിക്കാന്‍ മുനി തീര്‍ച്ചയാക്കി. ഒരുനാള്‍ മനോഹരമായ ഒരു വിമാനം ആശ്രമ പ്രാന്തതിലെത്തി. എല്ലാവിധ ജീവിത സൌകര്യങ്ങളും ആ വിമാനത്തില്‍ ക്രമീകരിച്ചിരുന്നു. അത്ഭുത സ്തബ്ദ യായി നിന്ന പ്രിയയോടായി കര്‍ധമന്‍ പറഞ്ഞു. 'ഭവതിയുടെ ഇംഗിതം സാധിപ്പിച്ചു തരാന്‍ ഞാന്‍ ഒരുക്കമായി . ഈ വിമാനം നമ്മുടെ യാത്രക്കുള്ളതാണ്,. ഭവതി സരസ്വതി നദിയില്‍ സ്‌നാനം ചെയ്തു ഹരിയെ നന്നായി വണങ്ങി എത്തുക .മുനിയുടെ യോഗ ശക്തിയാല്‍, സകല ഐശ്വര്യങ്ങളുംസരസ്വതീ നദിക്കരികെ ദേവിയെ കാത്തുനിന്ന്, മത്സരിച്ച് വധുവെന്നോണം അണിയിച്ചൊരുക്കി. അണിയിചോരുക്കുവാനായി എണ്ണമറ്റ പരിചാരകരേയും ,ദിവ്യ വസ്ത്രങ്ങളും, ആഭരണ ങ്ങളും മുന്നിലെത്തിയപ്പോള്‍, തന്റെ ഭര്‍ത്താവിന്റെ യോഗശക്തിയില്‍ ദെവാഹുതി അതീവ സന്തുഷ്ടയായി' തന്റെ യോഗബലതാല്‍ ആനയിക്കപ്പെട്ട വിമാനത്തിലേക്ക് കര്‍ധമ മുനി, സുന്ദരിയായ ഭാര്യയുടെ കൈപിടിച്ചു കയറ്റി .ഭുലോകതെ സുന്ദരങ്ങളായ എല്ലാ സ്ഥലങ്ങളും അവര്‍ ചുറ്റി നടന്നു കണ്ടു, കാലങ്ങള്‍ കടന്നു പോയി, സുന്ദരികളായ ഒന്‍പതു പെണ്മക്കള്‍ക്കു അവര്‍ ജന്മം നല്‍കി, ഒരു പുത്രനു വേണ്ടി കൊതിച്ച ദേവാഹുതിയോടു കര്‍ധമന്‍ പറഞ്ഞു, 'പ്രിയേ നിന്റെ ദുഃഖം ഞാനറിയുന്നു. നീ വ്രത നിഷ്ഠയോടെ ശ്രീഹരിയെ ഉപാസിക്കുക, നിന്റെ ആഗ്രഹം പോലെ ഭഗവാന്‍ തന്നെ നിനക്കു പുത്രനായി പിറക്കും.' കര്‍ദമ പുത്രിമാരായ, കലയെ മരീചി വിവാഹം ചെയ്തു. അനസുയ അത്രി ഹവിര്‍ഭു പുലസ്ത്യന്‍, ശ്രദ്ധ യെ അംഗിരസ്സും, ഗതിയെ പുലഹന്‍ക്രിയയെ ക്രതു, ഖ്യാതിയെ ഭ്രുഗു, അരുന്ധതി വസിഷ്ടന്‍,ശാന്തിയെ അഥര്‍വണ മുനിയും യഥാക്രമം വിവാഹം ചെയ്തു. ശ്രീഹരി ഒരിക്കല്‍ അരുളി ചെയ്ത പോലെ അദ്ദേഹം കര്‍ധമ പ്രജാപതിയുടെ പുത്രനായി ജനിച്ചു.

കപിലന്‍ എന്ന നാമധേയത്തോടെ അദ്ദേഹം ഭൂമിയില്‍ വസിച്ചു. കാലം ചെന്നപ്പോള്‍ കര്‍ധമന്‍തന്റെ പുത്രനോട് പറഞ്ഞു 'അങ്ങയുടെ അനുഗ്രഹത്താല്‍ ഋണത്രയങ്ങള്‍ തീര്‍ന്നവനും, കാമങ്ങള്‍എല്ലാം നിറവെറ്റിയവനുമായ എന്നെ സന്യാസ മാര്‍ഗത്തില്‍ചരിക്കാന്‍ അനുവദിക്കണം.ഭഗവാന്‍ ഇപ്രകാരം പറഞ്ഞു,

'മയാ പ്രോക്തം, ഹി ലോകസ്യ പ്രമാണം സത്യാ ലൗകികെ
അഥാ ജനി മയാ തുഭ്യം യദവൊചമ്രുതം മുനേ
എതെന്മേ ജന്മ ലോകേ അസ്മിന്‍ മുമുക്ഷുണാം ദുരാശയാത്
പ്രസംഖ്യാനായ തത്ത്വാനാം സമ്മതായാറ്റ്മ ദര്‍ശനെ'

മഹാമുനേ! എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. ലൗകികതിനും, വൈദികതിനും പ്രമാണമായി വര്‍ത്തിക്കുന്നത് എന്റെ വാക്കുകളാണ്. കര്‍മ്മ ബന്ധത്തില്‍ നിന്ന് മുക്തി നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തത്ത്വജ്ഞാനം ഉപദേശിക്കുവാനായി ഞാന്‍ അങ്ങയുടെ പുത്രനായി ജന്മംഎടുത്തു. എന്നില്‍ സര്‍വ കര്‍മ്മങ്ങളും സമര്‍പ്പിച്ച് മൃത്യുഞ്ജയനായി ഭവാന്‍ ചരിക്കുക. എന്നെ സ്വാത്മാവില്‍ ദര്‍ശിക്കുന്നതോടെ അങ്ങക്ക് മോക്ഷം കൈവരും. മൈത്രേയന്‍ പറഞ്ഞു; ഇപ്രകാരമുള്ള കപിലന്റെ വാക്കുകള്‍ ശ്രവിച്ച കര്‍ധമ മുനി അദ്ദേഹത്തെ വലം വെച്ച് വാനപ്രസ്ഥം സ്വീകരിച്ചു.

നൈമിഷാരണ്യത്തിലെ സത്രത്തില്‍സന്നിഹിതനായിരുന്ന സുതനോട്, ഷൗനകാദികള്‍ ചോദിച്ചു, പ്രജകള്‍ക്ക് തത്വബോധം നല്‍കാനായി ഭഗവാന്‍ സ്വയം കപിലനായി അവതരിച്ചല്ലോ? ആപുണ്യാവതാര വൈഭവത്തെക്കുറിച്ച് പറഞ്ഞാലും, 'കര്‍ധമന്‍ വാനപ്രസ്ഥം സ്വീകരിച്ച ശേഷം, കപിലന്‍ മാതൃപ്രീതിക്കായി ബിന്ദു സരസ്സില്‍ വസിച്ചു. ഒരുനാള്‍ ദേവാഹുതി, പുത്രനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു,' ഭഗവാന്‍ സ്വയം എന്നില്‍ പുത്ര രൂപേണ പിറന്നു. 'മകനേ! നീ സര്‍വജ്ജനാണ്, ഞാന്‍ എന്റേത് തുടങ്ങിയ ദേഹാഭിമാനങ്ങള്‍ ഇല്ലാതാക്കാന്‍ ഉതകുന്ന പരമജ്ഞാനം പകര്‍ന്നു തന്നാലും'

ഇനി അമ്മയോടുള്ളകപിലന്റെ ഉപദേശമാണ്, 'അമ്മേ! അമ്മക്കു ഞാന്‍ യോഗ മാര്‍ഗ്ഗം ഉപദേശിക്കാം. സര്‍വ്വ ബന്ധത്തിന്റെയും, മോക്ഷത്തിന്റെയും കാരണം മനസ്സാണ്. ഗുണാസക്തി ബന്ധനത്തിനും ഈശ്വരാസക്തിമോക്ഷത്തിനും കാരണമാകുന്നു. ജ്ഞാന വൈരാഗ്യാദികളോടെയുള്ള ഭക്തിയോഗം ഭഗവാനെ ദര്‍ശിക്കാന്‍ ഇടയാക്കുന്നു. ദേവാഹുതി ചോദിച്ചു, 'മകനേ! വളരെ വേഗം സായുജ്യ മുക്തിയെ പ്രദാനം ചെയ്യുന്ന ഭക്തി ഏതുവിധമാണ് സാധ്യമാകുക?

കപിലന്‍പറഞ്ഞു 'അമ്മേ! വെദോക്തമായ ആചാരങ്ങളോടു കൂടിയ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ ഭഗവാനില്‍ ഉറക്കുമ്പോള്‍ അത് നിഷ്‌കാമ ഭക്തിയായി തീരുന്നു. ഇങ്ങനെ ഉള്ള ഭക്തന്റെ അജ്ഞാന ഗ്രന്ഥി വളരെ വേഗം ദഹിച്ചു പോകുന്നു. ഇത് മുക്തിയെക്കാള്‍ ശ്രേഷ്ടമായി കരുതപ്പെടുന്നു. എന്നാല്‍ എന്റെ ലീലാവിലാസങ്ങള്‍ വര്‍ണ്ണിച്ച് എന്നില്‍ തന്നെ ചിത്തം ഉറപ്പിക്കുന്ന ഭക്തര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഞാന്‍ അഭീഷ്ടങ്ങള്‍ സാധിച്ചു നല്‍കുന്നു. അമ്മേ, അമ്മക്കറിയുമോ, 'എന്നെ ഭയന്നാണ് സൂര്യന്‍ ഉദിക്കുന്നത്, വായു വീശുന്നത്, അഗ്‌നി ദഹിപ്പിക്കുന്നത്, മൃത്യു ജീവികളില്‍ ചരിക്കുന്നതും ഞാന്‍ മൂലമാണ് . ഇനി ഞാന്‍ അമ്മക്ക് ജ്ഞാന യോഗത്തെ കുറിച്ച് വ്യക്തമാക്കാം.

 

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories