ജ്യോതിഷം

ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും


ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും

ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളുടെ സാമാന്യ സ്വഭാവവുമായി താരതമ്യംചെയ്തുള്ള നിരീക്ഷണവും സുചിന്തിതമായ നിഗമനങ്ങളും സമഞ്ജസപ്പെടുത്തിയ ഒരു പഠനമാണിത്.

അടിസ്ഥാനപരവുംസ്ഥായിയുമായ പ്രത്യേകതകള്‍ ഓരോ വൃക്ഷത്തിനുമുണ്ട്. പ്രാദേശികമായചില ഭൌതിക വ്യത്യാസങ്ങള്‍ ഉണ്ട് എന്നിരിക്കിലും സാമാന്യേയുള്ള രൂപം, ഭാവം, അതിജീവനഘടകങ്ങള്‍, ചുറ്റുപാടുമായുള്ള ഇടപെടലുകള്‍, പാരസ്പര്യങ്ങള്‍, ഭൌതികവും രാസപരവുമായ സവിശേഷതകള്‍, നിലനില്‍പ്പ്‌ എന്നിവയൊക്കെത്തന്നെ ചിന്തോദ്ദീപകങ്ങളാണ്.

പൊതുവായി, പുരുഷന്‍ എന്ന നിലയിലാണ് ജ്യോതിഷഫല വ്യാഖ്യാനങ്ങള്‍ എങ്കിലും ആയത് സ്ത്രീപുരുഷന്മാര്‍ക്ക്‌ തുല്യമായി തന്നെ കരുതാവുന്നതാണ്. ഒരു വ്യക്തിയുടെ സ്വഭാവം, പ്രകൃതം എന്നിവയുടെ വ്യാഖ്യാനത്തിനു ജ്യോതിഷഫലങ്ങള്‍ ഉപയോഗപ്പെടുത്താം.

ഭാരതീയ ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍, പ്രകൃതിയെ ആദരിക്കുന്ന രീതിയില്‍ നിന്നുമാണ് വ്യക്തികളെ വൃക്ഷങ്ങളുമായി ബന്ധിപ്പിക്കുന്ന സോദ്ദേശ്യപൂര്‍ണ്ണമായ രീതി ഉടലെടുത്തിട്ടുള്ളത്. ഒരു വ്യക്തിക്ക് ആവശ്യമായ പ്രാണവായു ലഭിക്കുന്നതിനു ഇരുപത് വൃക്ഷങ്ങളെങ്കിലും വേണ്ടിവരുമെന്നാണ് ആധുനികശാസ്ത്രം പറയുന്നത്. സ്വന്തം നിലനില്‍പ്പിന് വൃക്ഷങ്ങള്‍ ആവശ്യമാണെന്ന ചിന്ത ഒരു പ്രേരണയായി അനുഭവപ്പെടുക എന്നതത്രെ ഈ ചിന്താഗതിയുടെ സത്ത. മനുഷ്യനും മനുഷ്യന്‍റെ ചുറ്റുപാടും പരിരക്ഷിക്കപ്പെടുക വഴി മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള ഒരു ജന സമൂഹത്തെ വാര്‍ത്തെടുക്കാനാവും. മനുഷ്യനും പ്രകൃതിയുമായുള്ള അവിതര്‍ക്കിതമായ ഈ ബന്ധത്തെ, വിശ്വാസത്തിന്‍റെയും ആചാരത്തിന്റെയും ധാരണകളുടെയും പ്രതീക്ഷകളുടെ പശ്ചാത്തലത്തില്‍ സുദൃഢമാക്കാന്‍ ഈ ലേഖന പരമ്പര സഹായിക്കുമെന്ന് കരുതുന്നു.

അശ്വതി നക്ഷത്രവും കാഞ്ഞിരവും

അശ്വതി നക്ഷത്രത്തിന്റെ വൃക്ഷം കാഞ്ഞിരമാണ്.

" പ്രജ്ഞോ ധൃതിമാന്‍ ദക്ഷ-
സ്വതന്ത്രശീല കുലാധികോ മാനീ
ഭ്രാതൃജ്യേഷ്ഠ സുഭാഗോ
ജനപ്രിയശ്ചാശ്വിനീ ജാത: "

അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ വിദ്വാനായും ബുദ്ധിയും ധൈര്യവും സ്വാതന്ത്ര്യശീലവും സാമര്‍ഥ്യവും ഉള്ളവനായും കലാശ്രേഷ്ഠനായും അഭിമാനിയായും സീമന്തപുത്രനായും സുന്ദരനായും ജനങ്ങള്‍ക്ക്‌ ഇഷ്ടമുള്ളവനായും ഇരിക്കും എന്നാണു ഈ ശ്ലോകത്തിന്റെ സാരാംശം.

വളരെ ശക്തിയേറിയ രസം ആണ് കാഞ്ഞിരത്തിന്റേത്. കാഞ്ഞിരം പോലെ ശക്തമായ സ്വഭാവമാണ് അശ്വതിക്കാര്‍ക്ക്‌ കാണുക. കാഞ്ഞിരം ഒരു ഔഷധമാണ്. അശ്വതി നാള്‍ ഔഷധം സേവിക്കാന്‍ ഏറ്റവും ഉചിതമായ നാളായി കാണുന്നു. ഏതായാലും ഈ നാളിന് ഔഷധവുമായി അടുത്ത ബന്ധം ഉണ്ട്. കൂടാതെ ആഭരണമുണ്ടാക്കാനും ഉത്തമമായ നാള്‍ ആണിത്. ഗോമൂത്രം, പാല്‍ തുടങ്ങിയവ ഉപയോഗിച്ച് കാഞ്ഞിരക്കുരുവിന്റെ വിഷം ലഘൂകരിച്ചാല്‍ ഗുണകരമായ മരുന്നായി മാറുന്നു. കടുത്ത സ്വാതന്ത്ര്യബോധവും ചിലപ്പോള്‍ അല്പം മദ്യപാനാസക്തിയും അശ്വതി നക്ഷത്രക്കാരുടെ ദോഷമായി പറയപ്പെടുന്നു.

വരാഹമിഹിരാചാര്യരുടെഡി ഹോരാശാസ്ത്രത്തില്‍

"പ്രിയഭൂഷണ സുരൂപസ്സുഭഗോ ദക്ഷോ അശ്വനീഷുമതിമാംശ്ച"

എന്ന് അശ്വതി നക്ഷത്രക്കാരെപറ്റി പറയുന്നു.

സംസ്കൃതം: കാരസ്കരം, ഹിന്ദി: ചല, തമിഴ്‌: എട്ടി, കന്നഡ: കാഞ്ചിവാരം, തെലുങ്ക്: വിഷതിണ്ടുക, ബംഗാളി: ചിലേ, ഗുജറാത്തി: തൊരകോചലാ, ഉറുദു: കുചല, ഇംഗ്ലീഷ്: Poison seed, ലാറ്റിന്‍: സ്ട്രിക്നസ് നക്സ് വൊമിക്ക ലിന്‍, കുടുംബം: ലെഗാനിയേസ്യെ.

കാഞ്ഞിരം രണ്ടു തരമുണ്ട്. Strychnos nuxvomica എന്ന മരം കാഞ്ഞിരവും Struchnos boundilloni എന്ന വള്ളിക്കാഞ്ഞിരവും. ഇത് വന്യ വൃക്ഷത്തില്‍ ചേര്‍ന്ന സമുത്തേജനീയ ദ്രവ്യമാണ്. ആയതിനാല്‍ ശുദ്ധിചെയ്ത് മാത്രം ഔഷധത്തില്‍ ചേര്‍ക്കണം.

കാഞ്ഞിരത്തിന്റെ വിത്തില്‍ Strichnine, Brucine എന്നീ ആള്‍ക്കലോയ്‌ഡുകള്‍ അടങ്ങിയിരിക്കുന്നു. ഇലകളില്‍ സ്ട്രിക്നിനും മരത്തൊലിയില്‍ ബ്രൂസിനും. ഫലമജ്ജയില്‍ ലഗാനിന്‍ എന്ന ഗ്ലൂക്കോയിസിഡും കൂടി ഉണ്ട്. സ്ട്രിക്നിന്‍റെ പ്രവര്‍ത്തനം മനുഷ്യശരീരത്തില്‍ ദ്രുതഗതിയിലാണ്. പണ്ടുകാലത്ത്‌ രാജാക്കന്മാര്‍ ശത്രുഹിംസ ചെയ്യാന്‍ അംഗലാവണ്യമുള്ള ബാലികകളെ ചെറിയ ഡോസില്‍ കാഞ്ഞിരക്കുരുപാഷാണം ആഹാരത്തിലൂടെ നല്‍കിയാണ് വിഷ കന്യകകളായി വാര്‍ത്തെടുത്തിരുന്നത്.

കാഞ്ഞിരക്കുരുവിന്റെ വിഷത്തിനു fenelloa cardifolia എന്ന ചെടിയുടെ പഴമാണ് മറുമരുന്ന്.

കാഞ്ഞിരപ്പട്ടച്ചാര്‍ വിഷൂചികയ്ക്കും വയറുകടിക്കും ഇല കൊണ്ടുള്ള കഷായം തളര്‍വാതം ശമിപ്പിക്കുന്നതിനും കാഞ്ഞിരവേര് ത്വക്ക് രോഗ, തലവേദന, വിഷം എന്നിവയ്ക്കും എതിരെയുള്ള കഷായമായും ഉപയോഗിക്കുന്നു.

കാഞ്ഞിരത്തളിര്‍ പാലില്‍ അരച്ച് സേവിച്ചാല്‍ മരണമാണ് ഫലം. കാഞ്ഞിരത്തില്‍ ഉണ്ടാകുന്ന ഇത്തിക്കണ്ണിയും വിഷമാണത്രെ.

വാത സംബന്ധമായ രോഗമുള്ളവര്‍ കാഞ്ഞിരത്തടികൊണ്ട് ഉണ്ടാക്കിയ കട്ടിലില്‍ കിടക്കുന്നത് നല്ലതാണെന്ന് വൈദ്യമതം.

"വിഷമുഷ്ടി തിക്തകടു:
തീക്ഷോഷ്ണാ ശ്ലേഷ്മവാതാപ:"
എന്ന് യോഗരത്നാകരം.

കാഞ്ഞിരക്കുരു തിന്നാല്‍ കുന്നിത്തളിര്‍ അരച്ച് സേവിക്കുകയും സര്‍വ്വാംഗം പൂശുകയും ചെയ്‌താല്‍ സത്ഫലം. ഞാറയില (ഞാവല്‍) ചതച്ചു പിഴിഞ്ഞ നീരും ഉത്തമമാണ്.

കാഞ്ഞിരത്തിന്‍റെ ഇലകള്‍ വീണടിഞ്ഞ മണ്ണില്‍ വളരുന്ന മുളക് ചെടികള്‍ ദ്രുതവാട്ടം ചെറുക്കുവാനുള്ള കഴിവും ഉണ്ട് എന്ന് കണ്ടിട്ടുണ്ട്.

എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories