ജ്യോതിഷം

കൃഷ്ണനും ഗാന്ധാരിയും


കൃഷ്ണനും ഗാന്ധാരിയും

അവതരണ സ്തുതി :
യാ ദേവീ സര്‍വ്വ ഭൂതേഷു
സൃഷ്ടി രൂപേണ സംസ്ഥിതാം
നമസ്തസ്തു! നമസ്തസ്തു!
നമസ്തസ്തു മഹാമായേ!

(അണിയറയില്‍ ശബ്ദം: പതിനെട്ടു ദിവസത്തെ കുരുക്ഷേത്ര യുദ്ധം, ദുര്യോധന വധത്തോടെ ഭരത വാക്യം ചൊല്ലി പര്യവസാനിച്ചു. വിജയികളായ പാണ്ഡവര്‍ ദുര്യോധന ശിബിരത്തില്‍ പ്രവേശിച്ചു. അണിയറയില്‍ വിജയാരവങ്ങളുടെ ധ്വനി. ഇടയില്‍ കൃഷ്ണ ശബ്ദം യുധിഷ്ടിരാ! കുരുക്ഷേത്ര യുദ്ധം കഴിഞ്ഞിരിക്കുന്നു. അങ്ങയെ 'ഞാന്‍ ലോകനാഥനായി അവരോധിക്കും' എന്ന കൃഷ്ണ പ്രതിജ്ഞ ഇതാ സഫലമായിരിക്കുന്നു! അഭിനന്ദനങ്ങള്‍ രാജാവേ!!

യുധിഷ്ടിര ശബ്ദം : 'എന്റൊ പ്രഭോ! ഈ മഹത്തായ നേട്ടം പാണ്ഡവരെക്കാള്‍ അങ്ങക്ക് അവകാശപ്പെട്ടതാണ് കൃഷ്ണാ! (ശബ്ദത്തില്‍ കടപ്പാടിന്റെ കണ്ണീര്‍ നനവ് )

കൃഷ്ണന്‍ : യുധിഷ്ടിരാ! ഇത്രയും എളിമ ഒരു രാജാവിന് ഭൂഷണമല്ല . അങ്ങയുടെ മുഖത്തെ സന്തോഷമാണ് എനിക്കിഷ്ടം .

യുധിഷ്ടിരന്‍ : ഗാന്ധാരി മാതാവിനെ അഭിമുഖീ കരിക്കാന്‍ പോലും ഞാന്‍ ഭയക്കുന്നു. പുത്ര ശോകതാല്‍ തപ്തയായ ആ മാതാവിന്റെപ ശാപം ഞങ്ങള്‍ക്കു മേല്‍ പതിയാത്ത വിധം അങ്ങ് വേണ്ടുന്നത് ചെയ്യണം പ്രഭോ!

കൃഷ്ണന്‍: ഞാന്‍ ഉടന്‍ തന്നെ ഹസ്തിന പുരത്തേക്കു തിരിക്കുന്നുണ്ട്. ഒരുപക്ഷേ, സഞ്ജയന്‍ പറഞ്ഞ് അവരീ വാര്‍ത്ത അറിഞ്ഞു കാണും. ഞാന്‍ തിരിച്ചു വരുമ്പോഴേക്കും നിങ്ങള്‍ പുറത്ത് ശയനസ്ഥലം കണ്ടെത്തു.

( കുതിര കുളമ്പടി നാദം അകലുന്ന ശബ്ദം)( ഹസ്തിനപുര രാജസദസ്സ് , ആളൊഴിഞ്ഞ ആ സദസ്സില്‍ ആകാംക്ഷ ഭരിതരായ ധൃതരാഷ്ട്ര മഹാരാജാവും ഗാന്ധാരിയും കുറച്ച് പരിചാരകരും മാത്രം . സജ്ജയന്‍ (ധൃതരാഷ്ട്ര സജീവനും , സാരഥിയും അവശനായി പ്രവേശിക്കുന്നു. )

കാല്‍ പെരുമാറ്റം കേട്ട് രാജാവ് ഏറെ ഉല്ക്കകണ്ഠയോടെ തിരക്കി... സഞ്ജയാ! എന്റെറ പുത്രന്റെ വാര്‍ത്ത അറിഞ്ഞോ? എന്റെത പൊന്നുമോന്‍ ജീവനോടെ ഉണ്ടോ? പറയൂ (സജ്ജയന്റെറ സ്പര്‍ശനത്തിന് വേണ്ടി തിരയുന്നു ) സജ്ജയന്‍ രാജാവേ! ഞാന്‍ പറയാന്‍ പോകുന്ന വാര്‍ത്ത അങ്ങ് മനസംയമനതൊടെ നേരിടണം. (രാജാവിനെ സ്പര്‍ശിച്ച് ഹൃദയം ദ്രവിപ്പിക്കുന്ന വേദനയില്‍ ) നമ്മുടെ കുഞ്ഞ് വിധിക്ക് വശഗതനായി . ഈ വാര്ത്തമ ഹൃദയം പൊട്ടുന്ന വേദനയോടെയാണ് അടിയന്‍ ശ്രവിച്ചത് . അങ്ങയെ ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല .

(കേട്ട മാത്രയില്‍ രാജാവ് ബോ ധഹീനനായി. ഗാന്ധാരി പൊട്ടി കരഞ്ഞു. കൊട്ടാരം ആകെ ദുഖത്തിലായി )(കൃഷ്ണന്‍ കടന്നു ചെല്ലുന്നു. ദുഖതപ്തമായ അന്തരീക്ഷം മാനുഷാവതാര മെടുത്ത അദ്ദേഹത്തിന്റെച കണ്ണുകള്‍ പോലും ഈറനണിയിച്ചു. കൃഷ്ണന്‍ ഗാന്ധാരിയെ സമീപിച്ചു. കൈവിരലുകളാല്‍ ആ മാതാവിന്റെ തോളില്‍ സ്പര്‍ശിച്ചു )

കൃഷ്ണന്‍: മാതാവേ! ദുഃഖം നിയന്ത്രിക്കു! ശാന്തയായാലും .

(ഗാന്ധാരി കൃഷ്ണന്റെ! കൈവിരലുകളില്‍ കടന്നു പിടിക്കുന്നു )ഗാന്ധാരി: (ഏറെ ഉദ്വേഗത്തോടെ ) ആരുടെ നുനത്ത സ്പര്‍ശനമാണ് എന്നെ തലോടുന്നത് ? ഈ ദേവസ്പര്‍ശം എന്റെ പുത്ര ദുഖത്തിനുമേല്‍ കുളിര്‍ ജലമായി പൈയ്തിറങ്ങുന്നു. പറയു കുഞ്ഞേ! നീയാരാണ് ?

(കൃഷ്ണന്‍ ഗാന്ധാരിയെ തന്നോട് ചേര്‍ത്തണക്കുന്നു. നെറ്റിയില്‍ മൃദുവായി ചുംബിച്ചു കൊണ്ട് ) അമ്മേ! ഞാന്‍ യാദവ കൃഷ്ണന്‍! അമ്മ അറിഞ്ഞ വാര്‍ത്ത ശരിയാണ്. ദുര്യോധനന്‍ ക്ഷത്രിയോജിതമായി യുദ്ധം ചെയ്തു വീര സ്വര്‍ഗ്ഗം പ്രാപിച്ചു. അയാളേക്കുറിച്ചോര്‍ത്ത് ഭവതി അഭിമാനിക്കു. (കൃഷ്ണദേഹം പിടിച്ചുലച്ച് ഗാന്ധാരി അലമുറയിട്ടു )

ഗാന്ധാരി: എന്റെ മക്കളെയെല്ലാം നീ എനിക്കു നഷ്ടപ്പെടുത്തി. ഇനിയും ഗാന്ധാരി ശാന്തയാകാന്‍ നീ പറയുന്നു... എങ്ങിനെ എന്നുകൂടി പറയു

കൃഷ്ണന്‍ : അമ്മ ദുഃഖം മൂലം സ്വയം മറക്കരുത്. ദുര്യോധനന്‍ ഒരു ഭീരുവായിരുന്നില്ല. അവസാന നിമിഷം വരെ പയറ്റി നിന്നു. വിധി പ്രതികൂലമായി...

ഗാന്ധാരി : (രോഷത്തോടെ ) യാദവ കൃഷ്ണാ! നിന്റെന മായ കൊണ്ടാണ് എന്റെഗ കുഞ്ഞ് കൊല്ലപ്പെട്ടത് നീ കൂട്ടുനിന്നു കൊല്ലിച്ചു . എല്ലാം എനിക്കറിയാം (പരിഭവധ്വനി)

കൃഷ്ണന്‍ : അമ്മയുടെ രോഷത്തിന്റെന താപം ഞാന്‍ ഉള്‍ക്കൊള്ളുന്നു. അമ്മയുടെ മകന്‍ കടപ്പുറത്തെ മണല്‍ സ്വന്തമെന്നു കരുതി മാറോടണച്ചു. ഒരിക്കല്‍ തിരയെടുക്കുമെന്ന് അറിഞ്ഞിട്ടു കൂടി . ആ തെറ്റ് തിരുത്താന്‍ ഭവതിക്കായോ? ഇല്ല! എന്നാല്‍ കാലത്തിനു കഴിഞ്ഞു. വിധി പ്രതികൂലമായി... ദുഃഖം നിയന്ത്രിക്കുക . (കൃഷ്ണന്‍ ആശ്വസിപ്പിക്കും മട്ടില്‍ തലോടുന്നു )

ഗാന്ധാരി : (പരിഭവത്തില്‍ ) എങ്കിലും കൃഷ്ണാ! പലതും നിനക്ക് ഒഴിവാക്കാമായിരുന്നു

കൃഷ്ണന്‍ : അമ്മേ! എത്രയോ തവണ അനുരഞ്ജന ശ്രമം നടത്തി, സാരോപദേശങ്ങള്‍ കൊണ്ട് ദുര്യോധനനെ മൂടിയില്ലേ? ഏതെങ്കിലും വ്യവസ്ഥ അയാള്‍ അംഗീകരിച്ചോ? എല്ലാം എനിക്കുമാത്രം എന്ന ചിന്താഗതി!

ഗാന്ധാരി : എന്റെ മകന്‍ വളരെ നല്ല ഭരണാധികാരി ആയിരുന്നു. ഏറെ സുഹൃത്ത് വലയം അവനുണ്ടായിരുന്നു .


കൃഷ്ണന്‍ : ആ സുഹൃത്തുക്കള്‍ ആരും അയാള്‍ക്ക് നേരായ മാര്‍ഗ്ഗം ഉപദേശിച്ചില്ല. അവര്‍ വെറും സ്തുതി പാഠകരായിരുന്നു .

ഗാന്ധാരി : (കൃഷ്ണന്റെ കൈപിടിച്ച്) നീ ഞങ്ങളുടെ ബന്ധുവും ഹിതനുകാരിയുമായിരുന്നല്ലൊ? നിനക്കെങ്കിലും അവനെ പറഞ്ഞു തിരുത്താമായിരുന്നു... ഈ വിധം കൊല്ലിക്കെണ്ടിയിരുന്നില്ല.

കൃഷ്ണന്‍ : യുദ്ധം ഒഴിവാക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ ഞാന്‍ നേരിട്ടു ഹസ്തിന പുരത്തില്‍ വന്നില്ലേ? എന്റെ വാക്കുകളൊന്നും അയാള്‍ ചെവിക്കൊണ്ടില്ല... സ്വന്തം കൂടപിറപ്പുകള്‍ക്ക് സൂചി കുത്താനുള്ള സ്ഥലം പോലും നല്കില്ലെന്നു ശഠിച്ചില്ലേ? ഒടുവില്‍ മാതാവായ ഭവതി തന്നെ ഇടപെട്ടില്ലേ? ഒടുവില്‍ നിരാമയമായ മരണം സാകാരം പൂണ്ടു വരുന്ന ഭീകര ദൃശ്യവും ഞാന്‍ അയാള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി . എല്ലാം പാണ്ഡവപക്ഷ വാദിയായ എന്റെ മായാജാലമായി അയാള്‍ വിലയിരുത്തി . അയാളുടെ പൌരുഷത്തിനു മുന്നില്‍ വൃന്ദാവന കൃഷ്ണന്റെ കപട നാട്യം വിലപ്പോവില്ല പോലും!! (ദുഖത്തോടെ സഹതപിക്കുന്നു )

ഗാന്ധാരി: കൃഷ്ണാ! നീ എന്റെ മുന്നില്‍ അന്ധത്വം നടിക്കരുത്. അജയ്യനായ ഭീഷ്മരെ വീഴ്ത്തിയത് നീയല്ലേ?

കൃഷ്ണന്‍ : ഓരോ സൃഷ്ടിയുടെയും കാലഗണന എനിക്കറിയാം. എവിടെ വെച്ച് എങ്ങിനെ വീഴ്ത്തണമെന്നു ഞാന്‍ നിശ്ചയിച്ചുറച്ചു. അര്‍ജുനന്‍ വിധി നടപ്പാക്കി.

ഗാന്ധാരി: (ഉള്‍ഭയത്തോടെ) മഹാരഥനായ ദ്രോണരെ ധൃഷ്ടദൃമ്‌നന്‍ അല്ല വധിച്ചത്, നിന്റെ ആസൂത്രിതമായ ഇടപെടല്‍ മൂലം അദ്ദേഹം കൊല്ലപ്പെട്ടു. കര്‍ണ്ണനും ദാരുണമായി കൊല്ലപ്പെട്ടു, പിന്നില്‍ നിന്ന് നീ തന്ത്രപൂര്‍വ്വം വേണ്ട നിര്‍ദ്ദേശം നല്കി.. എന്തിനായിരുന്നു കൃഷ്ണാ?

കൃഷ്ണന്‍: എന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഭവതി കഴിഞ്ഞ കാലഘട്ടത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയാലും... എവിടെയാണ് കുരുവംശതിനു പിഴവ് പറ്റിയത്.... നിസ്സാര ശ്രമത്തിലൂടെ തിരുത്താന്‍ കഴിയുന്ന തെറ്റ് ഊട്ടി വലുതാക്കി... കേട്ടു കേള്‍വി പോലും ഇല്ലാത്ത വിധം കുലവധുവിനെ വിവസ്ത്രയാക്കാന്‍ തുനിഞ്ഞു... ദ്രൌപതിയുടെ രോദനം കാതങ്ങള്‍ക്കകലെ നിന്ന് ഞാന്‍ കേട്ടിട്ട് പോലും ഭവതിക്കു കേള്‍ക്കാനായില്ല! മാതാവിന് മകളുടെ രക്ഷ, സ്ത്രീക്ക് സ്വവര്ഗ്ഗിസ്‌നേഹം ഇല്ലാതായ ഈ കുരുപരമ്പര അധര്‍മ്മത്തിന്റെ കുത്തോഴുക്കായി ല്ലേ? (മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നു )

ഗാന്ധാരി: പലതും സംഭവിച്ചുപോയി. മാപ്പ് (കൈകൂപ്പുന്നു )

കൃഷ്ണന്‍: ഭവതിയുടെ ചോദ്യങ്ങള്‍ക്ക് എന്റെ ഭാഗത്തുള്ള ന്യായീകരണങ്ങള്‍ കേള്‍ക്കുക... ദ്രോണര്‍ യുദ്ധ വിശാരദനായിരുന്നു. എങ്ങിനെയും ജയിക്കാന്‍ വേണ്ടി നിരപരാധികളെ ബ്രഹ്മാസ്ത്രത്താല്‍ കൂട്ടക്കൊല നടത്തി. അങ്ങിനെ അന്നത്തിന്റെ കൂറു കാട്ടാന്‍ ഒരു ധര്‍മ്മ ശാസ്ത്രവും വിധിക്കുന്നില്ല. യുധിഷ്ടിരനെ തടവുകാരനാക്കാന്‍ അയാള്‍ എത്രയോ ക്രൂരമായ നീക്കങ്ങള്‍ നടത്തി... ഭവതി കേട്ടറിഞ്ഞ പോലെയല്ല പലതും സംഭവിച്ചത്.

ഗാന്ധാരി: മിടുക്കരില്‍ മിടുക്കനായ കര്‍ണന്‍ എങ്ങനെ വധിക്കപ്പെട്ടു ?

കൃഷ്ണന്‍ : ഭവതി എന്നില്‍ കുറ്റമാരോപിക്കാന്‍ പഴുത് കണ്ടെത്തുകയാണോ? ശരിയാണ്, കര്‍ണ്ണന്‍ വില്ലാളി വീരനും, ധര്‍മ്മിഷ്ടനും, ദാനശീലനും ആയിരുന്നു. എന്നാല്‍ ഈ കഴിവുകള്‍ അസത്യത്തിലൂടെ നേടിയതിനാല്‍ ശാപ വചസ്സുകള്‍ ഒന്നിന് പിറകെ ഒന്നായി അയാളെ പിന്തുടര്‍ന്നു. പോരെങ്കില്‍ സ്വന്തം കഴിവിലുള്ള അഹന്ത! ധാര്‍മ്മികനായ അയാള്‍ കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ കൊല്ലാന്‍ പിന്നില്‍ നിന്നു ആ കുമാരന്റെ വില്ലോടിച്ചു. അതിന് തക്കതായ അവസരത്തില്‍ ഞാനും നേരിയ ഒരധര്‍മ്മ നിര്‍ദ്ദേശം നല്കി. വിധി നടപ്പാക്കേണ്ടത് രക്ഷകനായ എന്റെ ദൗത്യം ആയിരുന്നു.

ഗാന്ധാരി: (വിറയാര്‍ന്ന ശബ്ദത്തില്‍ ) കുഞ്ഞേ! നീയാരാണ്. എനിക്ക് നിന്നെ തിരിച്ചറിയാന്‍ ആവുന്നില്ല.

കൃഷ്ണന്‍ : ഞാന്‍ വ്യക്തികളുടെ തിരിച്ചറിവിനു അപ്പുറമുള്ള ശക്തിയാണ്. രക്ഷകനായ, വിഷ്ണു രൂപധാരിയായ കൃഷ്ണന്‍. ലോകനന്മയെന്ന ഹിതം ഞാന്‍ നടപ്പാക്കുന്നു. (പശ്ചാത്തലത്തില്‍ ഗീതയിലെ പരിത്രാ ണാ യദ സാധൂ നാം , വിനാശായ ച ദുഷ്‌ക്രുതാം ധര്‍മ്മ സംസ്ഥാപനാര്ധായ , സംഭവാമി യുഗേ , യുഗേ )

ഗാന്ധാരി: എന്റെ അവിവേകം പൊറുക്കണം. എനിക്ക് യുദ്ധഭൂമി സന്ദര്‍ശിച്ച് എന്റെ പ്രിയരെ അവസാനമായി ഒന്നു കാണണം കൃഷ്ണാ! (കൈവണ ങ്ങുന്നു )

കൃഷ്ണന്‍ : (കൂപ്പിയ കൈകളില്‍ പിടിച്ചുകൊണ്ട് ) ഒന്നും ഭവതി അറിഞ്ഞു കൊണ്ട് വരുത്തി തീര്‍ത്തതല്ല. കാലത്തിന് ഈ ഒരു മാറ്റം വേണമെന്ന് തോന്നി, അതെന്നിലൂടെ നടപ്പാക്കി, അത്രമാത്രം! ഔപചാരികമായ ചില ചടങ്ങുകള്‍ക്കു കൂടി ഹസ്തിന പുരം സാക്ഷിയാകേണ്ടി ഇരിക്കുന്നു. അതിനുശേഷം ഞാന്‍ വന്ന് ഭവതിയെ യുദ്ധഭൂമിയിലേക്ക് നയിക്കുന്നതാണ്. ശാന്തയായാലും, കൃഷ്ണന്‍ വാക്ക് പാലിക്കും. (നടന്നു നീങ്ങുന്നു. കൃഷ്ണന്‍ ഗാന്ധാരിയുടെ തോളില്‍ പിടിച്ച് യുദ്ധ ഭുമിയിലേക്ക് നയിക്കുന്നു . മുന്നിലും പിന്നിലുമായി ശബ്ദ കോലാഹലങ്ങള്‍. )

ഗാന്ധാരി: (ഏറെ വിഹ്വലതയും, അതിലധികം ദുഖവും കലര്‍ന്ന സ്വരത്തില്‍) കൃഷ്ണാ! ഈ അന്ധതയിലും എനിക്കെല്ലാം കാണാന്‍ കഴിയുന്നു. ഈ ശക്തി നീയാണോ എനിക്കു തന്നത് ?

കൃഷ്ണന്‍ : ഉല്‍ക്കാഴ്ചയുടെ കണ്ണ് ഭവതിക്ക് പണ്ടേ ഉണ്ടായിരുന്നു, സ്വയം കൊട്ടിയടച്ചത് ഞാനൊന്നു തുറന്നു തന്നു, അത്രമാത്രം, നടക്കു (കൈപിടിക്കുന്നു )

ഗാന്ധാരി: (ഓരോ മൃതദേഹങ്ങളും തിരിച്ചറിയാന്‍ ശ്രമിക്കുന്നു ) കൃഷ്ണാ! സൂര്യ സമാനനായ കര്‍ണന്റെ കിടപ്പുനോക്കു. മരണത്തിനു പോലും വിട്ടുപിരിയാന്‍ കഴിയാത്ത കാന്തി! അതാ നോക്കു, വൈശാലിയുടെ രോദനം നീ കേള്‍ക്കുന്നില്ലേ? ഇതൊന്നും നിന്നെ സംബന്ധിക്കുന്ന വിഷയമേയല്ല. കൊല്ലിക്കുക നിന്റെ വിനോദമല്ലേ? (കൃഷ്ണന്‍ പുഞ്ചിരിക്കുന്നു)

അതാ, അവിടെ കിടക്കുന്നത് എന്റെ സുയോധന പുത്രന്‍ 'ലക്ഷ്മണന്‍ 'അല്ലേ? (ദൂരേക്ക് വിരല്‍ ചൂണ്ടുന്നു )

കൃഷ്ണന്‍ ഗാന്ധാരിയെ അവിടേക്ക് നയിക്കുന്നു

ഗാന്ധാരി : നോക്കു, കൃഷ്ണാ! എത്ര സുന്ദരനാണ് എന്റെ' പൊന്നോമന! ക്രൂരമായ വിധി അവനെ തളത്തി കളഞ്ഞല്ലോ (മുഖം തലോടി മുത്തമിടുന്നു), അഭിമന്യുവിന്റെ മൃതദേഹം നീ കാണുന്നില്ലേ! അവനെക്കുറി ചോര്‍ത്ത് നിനക്ക് നിനക്ക് ദുഖമില്ലേ? (കൃഷ്ണനെ നോക്കുന്നു)

കൃഷ്ണന്‍ : അവന്‍ എന്റെ അഭിമാനമാണ്. എഴു മഹാരഥന്മാരോട് ഒറ്റക്ക് പൊരുതി, അയാള്‍ വീര മൃത്യു വരിച്ചു. ഭവതിയെ പോലെ ഞാന്‍ മമതാ ബന്ധിതനല്ല, ഈ മൃതശരീരങ്ങളെയെല്ലാം ഞാന്‍ ഒരേ മനസ്സോടെ നോക്കി കാണുന്നു. (ഗാന്ധാരി കൃഷ്ണന്റൈ മുഖഭാവം ശ്രദ്ധിക്കുന്നു, വീണ്ടും മുന്നോട്ടു നീങ്ങുന്നു) 

ഗാന്ധാരി : (വികൃതമായ ദുശാസന ദേഹം കാണുന്നു )എന്റെ പുത്രന്‍ ദുശാസനന്റെ മുഖം മാരുതി തച്ചുടച്ചില്ലേ? ഭീമന്‍ എന്തിനീ ക്രൂരത കാട്ടി? നിനക്ക് അയാളെ തടയാന്‍ കഴി യുമായിരുന്നല്ലോ? നീ നീയതു ചെയ്യില്ല. എന്റെ മക്കളെ കൊല്ലിക്കുക നിന്റെ അവതാര ലക്ഷ്യമല്ലേ? (ദേഷ്യത്തില്‍ കൃഷ്ണനെനോക്കുന്നു. വീണ്ടും ദുശ്ശാസന മുഖം തടവി കേഴുന്നു .)

കൃഷ്ണന്‍: ഭവതിക്ക് സുയോധന ദേഹം കാണണ്ടേ സ്യമന്ത പഞ്ചകതീരതാണ് ആ ധീരന്റെ മൃത്യു സംഭവിച്ചത്. ഞാന്‍ ഭവതിയെ അങ്ങോട്ടാനയിക്കാം .
( കൃഷ്ണന്റെ തോളില്‍ ദേഹം ചായ്ച്ചു, ദുഖഭാരതോടെ ഗാന്ധാരി നീങ്ങുന്നു ) അവര്‍ സ്യമന്ത പഞ്ചക തടാക തീരത്ത് എത്തി.

ഗാന്ധാരി: (ആകാംക്ഷയോടെ, പൊട്ടികരച്ചിലിന്റെ വക്കോളം എത്തിയ ശബ്ദത്തില്‍) എവിടെ എന്റെ കടിഞ്ഞൂല്‍ മുത്ത്? (തിരയുന്നു ) (ഗാന്ധാരി ദുര്യോധനന്റെമൃതദേഹം കാണുന്നു . അലമുറയിട്ടു മൃത ദേഹത്തിലേക്കു വീഴാന്‍ തുടങ്ങുന്ന ഗാന്ധാരിയെ പിന്നില്‍നിന്നു കൃഷ്ണന്‍ താങ്ങുന്നു)

ഗാന്ധാരി:(പിടിയില്‍ നിന്ന് കുതറി ക്കൊണ്ട്) പുത്രാ! സുയോധനാ! നിന്റെ ഈ ദാരുണമായ അന്ത്യം അമ്മയുടെ ഹൃദയം പിളര്ത്തുന്നു. നിന്റെന സുദ്രുഡമായ തുടകള്‍ മാരുതി എങ്ങനെ തച്ചുടച്ചു? ഗദാ യുദ്ധത്തില്‍ അഗ്രഗണ്യനായ നിന്റെ നീക്കങ്ങള്‍ ചടുലവും ശാസ്‌ത്രോക്തികള്‍ക്ക് അനുസരണവും ആയിരുന്നെന്ന കേട്ടറിവ് ഈ അമ്മക്കുണ്ട്. എന്റെ കുഞ്ഞിനു പിഴയ്ക്കില്ല (സംശയത്തില്‍) ആരോ എന്റെ് കുഞ്ഞിനെ ചതിയില്‍ വീഴ്ത്തി... (തിരിഞ്ഞ് ) കൃഷ്ണാ! നീയല്ലേ അത് മാരുതിയെ കൊണ്ട് ചെയ്യിച്ചത്... (പൊടുന്നനെ ഗാന്ധാരിയെ കടുത്ത കോപം ഗ്രസിക്കുന്നു. തിരിഞ്ഞ് കൃഷ്ണനോട് )ഞാന്‍ ആര്‍ജ്ജിച്ച തപോബല ശക്തിയാല്‍ നിന്നെ ഇതാ ശപിക്കുന്നു... ഇന്നേക്ക് മുപ്പത്തിയാറ് വര്‍ഷം കഴിയും നാള്‍ നിന്റെ യാദവകുലവും കുരുവംശം പോലെ സഹോദരങ്ങള്‍ തമ്മില്‍ പരസ്പരം പോര് ചെയ്ത് നശിക്കാന്‍ ഇടവരും. അവിടെ നിന്റെ മായാ ശക്തിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഈ അമ്മയുടെ ശാപ വാക്കുകള്‍ സത്യമായി ഭവിക്കും തീര്ച്ച!! 

(അടുത്ത നിമിഷം സ്വയം നിയന്ത്രിക്കാന്‍ ആവാതെ പൊട്ടി ക്കരയുന്നു ) (കൃഷ്ണന്‍ ഏറെ അലിവോടെ ഗാന്ധാരിയെ തലോടുന്നു)

കൃഷ്ണന്‍ : അമ്മേ! ഈ ശാപ വചസ്സോടെ അമ്മയുടെ മനസ്സില്‍ കെട്ടിനിന്ന ദുഖത്തിന് ഒരു ബഹിര്‍ഗ്ഗമനം ഉണ്ടായതില്‍ ഞാന്‍ സന്തോഷിക്കുന്നു. വ്രുഷ്ണി കുലനാശം എന്നേ എഴുതപ്പെട്ട കാലയളവാണ്. ഭവതിയുടെ ശാപം അതിനൊരു നിമിത്തം മാത്രമാണ്.

ഗാന്ധാരി : ഇത്ര നിസ്സംഗതയോടെ എല്ലാം കണ്ടറിയുന്ന നീ ആരാണ്? ഞാന്‍ അറിയുന്ന യാദവ കൃഷ്ണനപ്പുറം നീ ഒരു ദേവനാണ്! അവിവേകിയായ ഈ അമ്മക്ക് മാപ്പു തരൂ (നിറുത്താതെ എങ്ങലടിക്കുന്നു)

കൃഷ്ണന്‍: ഭവതിയുടെ ചുടു കണ്ണീര്‍ വീണു കണ്ണുകളെ ബന്ധിച്ചിരിക്കുന്ന തൂവാല നനഞ്ഞു കുതിര്‍ന്നു . ഈ കണ്ണീര്‍ ചൂടേറ്റ് ഭവതിയുടെ മുഖം ചുട്ടു പൊള്ളാന്‍ ഞാന്‍ അനുവദിക്കില്ല. (കെട്ടയഴി ക്കാന്‍ സഹായിക്കുന്നു . താഴെ വീഴാതെ ആ ക ണ്ണീര്‍ കൃഷ്ണന്റെ  കൈ കുമ്പിളില്‍ സ്വീകരിക്കുന്നു. ഉടന്‍ അത് ബാഷ്പമാകുന്നു )

ഗാന്ധാരി: (തപ്പി തടഞ്ഞുകൊണ്ട് ) ഈ നിമിഷം വരെ ഞാന്‍ അനുഭവിച്ചറിഞ്ഞ കാഴ്ച്ച എനിക്ക് നഷ്ടമായി. എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല... കൃഷ്ണാ! നീ എവിടെയാണ് (തിരയുന്നു ) 

കൃഷ്ണന്‍: (ഗാന്ധാരിയെ ചേര്‍ത്തു പിടിച്ചു കൊണ്ട്) അമ്മേ! വെളിച്ചത്തിന്റെത തിരിച്ചറിവ് എന്നുമുതല്‍ ഭവതി സ്വയം വേണ്ടന്നു വെച്ചുവോ അന്നുമുതല്‍ ആ ശക്തി ഭവതിക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. വെളിച്ചം ഈശ്വരന്റെ വരദാനമാണ്. മനപ്പൂര്‍വ്വം അത് നിഷിക്കുന്നത് ദൈവ നിന്ദയാണ്. വാശിയുടെ പേരില്‍ ഭവതി ആ നല്ല വഴി കൊട്ടിയടച്ചു, കുരിരുട്ടിന്റെദ ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചു. എല്ലാവരും പതിവ്രതയായ ഗാന്ധാരിയെ വാനോളം പുകഴ്ത്തി... എന്നാല്‍ സത്യം ഞാന്‍ മാത്രം അറിഞ്ഞു


ഗാന്ധാരി : നീ പറയുന്നത് കളവാണ്. ഞാന്‍ അല്പം മുന്പു പോലും കണ്ടിരുന്നു . നീ അറിഞ്ഞ സത്യം എന്താണ് ?(മുഖത്ത് ആകാംക്ഷ )

കൃഷ്ണന്‍: അല്പം മുന്‍പ് ഭവതി കണ്ടത് എന്റെം കണ്ണിലൂടെയാണ്. ഞാന്‍ നല്കിന്‍യ സിദ്ധി വിശേഷം!! 

ഗാന്ധാരി : (അംഗീകരിക്കുംമട്ടില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ) ഗാന്ധാരി അന്ധയായി, എന്റെ പതിയെ പോലെ, വെളിച്ചം കൊട്ടിയടച്ച ഞാനും അന്ധയായി അല്ലെ? കൃഷ്ണാ! നീ അറിഞ്ഞിരുന്ന സത്യം ഈ പാപിയായ അമ്മയോട് പങ്കു വെയ്ക്കൂ... നീ എല്ലാം അറിയുന്ന വിഭുവല്ലേ ?

കൃഷ്ണന്‍: (ഗാന്ധാരിയെ തന്നോട് ചേര്‍ത്തിരുത്തിക്കൊണ്ട് ) ഗാന്ധാരത്തിലെ സുന്ദരിയായ പെണ്കുട്ടി, അവള്‍ കേട്ടറിവുമാത്രമുള്ള ഹസ്തിന പുരത്തെ യുവരാജാവായ പാണ്ഡുവിനെ മനസ്സില്‍ വെച്ച് ആരാധിച്ചു. വിവാഹലോനയുമായി ഭീഷ്മര്‍ കൊട്ടാരത്തില്‍ എത്തിയപ്പോള്‍ അവളുടെ മനസ്സ് നൃത്തം ചവിട്ടി. എന്നാല്‍, ദീര്‍ഘദര്‍ശിയായ ഭീഷ്മര്‍ ഭാവി മുന്‍കൂട്ടി അറിഞ്ഞിരുന്നു... അന്ധനായ ധൃതരാഷ്ട്രര്‍ ദീര്‍ഘയുഷ്മാനാണന്നും. ഭാവിയില്‍ കിരീടാവകാശിയാകുമെന്നും. കണ്ണുള്ള കുലവധു രാജാവിനെ നേര്‍വഴി കാട്ടുമെന്നും. ഈ ഗുണങ്ങള്‍ ഭവതിയില്‍ അദ്ദേഹം കണ്ടെത്തി. എതിര്‍പ്പുകള്‍ക്കൊടുവില്‍ ഭീഷ്മര്‍ നേടി. എന്നാല്‍ കന്യകയുടെ മനസ്സളക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സത്യമല്ലേ മാതാവേ! 


ഗാന്ധാരി : (അല്പം പരിഭവത്തില്‍) എന്റെ പതിയെ ഞാന്‍ സ്‌നേഹിച്ചിരുന്നില്ല എന്നാണോ നീ അര്‍ത്ഥമാക്കുന്നത്. അദ്ദേഹത്തിനപ്പുറം ഗാന്ധാരിക്ക് ഒരു ലോകമുണ്ടായിരുന്നില്ല (കണ്ണുകള്‍ തുടക്കുന്നു )

കൃഷ്ണന്‍: (തോളില്‍ തടവികൊണ്ട്) ശരിയായിരിക്കാം. എന്നാല്‍ ആ സ്‌നേഹത്തിന് നിഷേധത്തിന്റെ പരിവേഷമായിരുന്നു. ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധര്‍മ്മം അനുഷ്ടിക്കാന്‍ ഒരു വേദവും അനുശാസിക്കുന്നില്ല. എന്തിന്, ധൃതരാഷ്ട്രര്‍ പോലും ഭവതിയുടെ തീരുമാനത്തെ എതിര്‍ത്തു. പതിയെ അനുസരിക്കാന്‍ ഭവതി തയ്യാറായില്ല, കേട്ടറിവുള്ള പാണ്ഡു ഭര്‍തൃ സഹോദരനാണന്നുള്ള ചിന്തപോലും ഭവതി അംഗീകരിച്ചില്ല. ഭീഷ്മരുടെ ദീര്‍ഘ ദര്‍ശിത്വം ഭവതിയുടെ നിഷേധത്തിനു മുന്നില്‍ അടിയറവു ചൊല്ലി. അവിടെ തുടങ്ങി കുരുവംശ നാശം! നൂറു മക്കള്‍ക്ക് ജന്മം നല്കിിയെന്നു ഭവതി അഭിമാനിക്കുന്നു... എന്നാല്‍ ഒന്നിനെയെങ്കിലും മാതൃസ്‌നേഹത്തോടെ പരിപാലിക്കാന്‍ ഭവതി ശ്രമിച്ചോ? പ്രിയനായ സുയോധനന്റെ മുഖം പോലും ദര്‍ശിക്കാന്‍ ഭവതിയുടെ മാതൃഭാവം തയ്യാറായോ? ഗര്‍ഭപാത്രത്തിന്റെ് മഹിമ ജന്മം നല്‍കാവുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂര്‍ണ്ണമാകു! ഗാന്ധാരിയെന്ന മാതാവ് അപൂര്‍ണ്ണയായിരുന്നു... അവരുടെ സന്താനങ്ങളും ആ മാനസിക വൈകല്യത്തോടെ വളര്‍ന്നു! അമ്മേ! ഞാന്‍ പറഞ്ഞ സത്യം അമ്മ അംഗീകരിക്കുന്നൊ?

ഗാന്ധാരി : (കൃഷ്ണനെ തൊഴുതുകൊണ്ട് ) കൃഷ്ണാ! അവിടുന്ന് പറഞ്ഞതെല്ലാം ശരിയാണ്. എന്റെ ഒരു സംശയത്തിനു കൂടി അവിടുന്ന് മറുപടി നല്‍കണം.

കൃഷ്ണന്‍: (ഏറെ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍) ചോദിച്ചോളു മാതാവേ! ഉത്തരം നല്കാരന്‍ ഈ കൃഷ്ണന്‍ ബാധ്യസ്ഥനാണ്.

ഗാന്ധാരി: (വിറയാര്‍ന്ന ശബ്ദത്തില്‍) ഞാനാണോ എന്റെള മക്കളെ കൊലക്ക് കൊടുത്തത്? ഗാന്ധാരി ഒരു മാതാവയിരുന്നില്ല (നിയന്ത്രിക്കാനാവാതെ തലക്കടിക്കുന്നു, കൃഷ്ണന്റെു പിടിയില്‍ നിന്ന് ഊര്‍ന്നു ആ പാദങ്ങളില്‍ പതിക്കുന്നു )

കൃഷ്ണന്‍: (പൊക്കി തന്നോട് ചേര്‍ത്തുകൊണ്ട്) ആശ്വസിക്കു! ഭവതിയുടെ അശ്രദ്ധ ഒരു ഘടകം മാത്രമാണ്. ജന്മത്തിന്റെആ കാലയളവ് നിശ്ചയിക്കുന്നത് വിധിയാണ്, അധര്‍മ്മം അതിനാക്കം കൂട്ടി. പാണ്ഡവരും അമ്മയുടെ മക്കളാണ്. അവരെ സ്‌നേഹിക്കാന്‍ അമ്മ മനസ്സ് സജ്ജമാക്കുക. അതു കണ്ട് എനിക്ക് ഹസ്ഥിനപുരത്തോട് വിട പറയണം 

ഗാന്ധാരി: എവിടെ എന്റെ തൂവാല... എന്റെ സന്തതസഹചാരി... വെളിച്ചം കൊട്ടിയടച്ച ഞാന്‍ ഈ തൂവാല ക്കിടയിലൂടെ ലോകത്തെ തിരിച്ചറിയട്ടെ.

കൃഷ്ണന്‍: ഇതാ ഭവതിയുടെ തൂവാല! ഞാന്‍ തന്നെ ഇത് ഭവതിയുടെ കണ്ണില്‍ കെട്ടാം... ഭവതിയുടെ ദുഃഖ ഭാരമെല്ലാം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. ലോകം ഭവതിയില്‍ ഒരു കളങ്കവും കണ്ടെത്തില്ല. ഗാന്ധാരി എന്റെ പ്രഭോ! മാപ്പുതന്നാലും!

(കൃഷ്ണന്‍ ഗാന്ധാരിയെ തന്നോട് ചേര്‍ത്തു നിര്‍ത്തി നെറ്റിയില്‍ മൃദുവായി ചുംബിക്കുന്നു )

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories