ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാഗവതം തൃതീയ സ്‌കന്ദം


മഹാഭാഗവതം തൃതീയ സ്‌കന്ദം

ശ്രീ ശുകന്‍ തുടര്‍ന്ന 'അല്ലയോ രാജര്‍ഷേ! അങ്ങയുടെ ഗോത്രത്തില്‍ ജനിച്ച ഭഗവല്‍ ഭക്തനും സത്യനിഷ്ടാ തല്പരനുമായിരുന്ന വിദുരരെ പറ്റി അങ്ങും കേട്ടറിഞ്ഞിട്ടുണ്ടാവുമല്ലോ? കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പായി, കൃഷ്ണന്‍ ദൂതനായി, യുദ്ധം മൂലമുണ്ടാകുന്ന കൊടും ഭവിഷ്യതുക്കളെ പറ്റി കൌരവസദസ്സില്‍ ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തന്റെ ദൌത്യം സ്വീകരിച്ച് വിശ്വത്തെ കൊടും ഭീകരതയില്‍ രക്ഷിക്കാന്‍ ഭഗവാന്‍ ആ മഹാസദസ്സിനെ ഉത്ഭോധിപ്പിച്ചു. ഏവര്‍ക്കും സ്വീകാര്യമായ ഭഗവല്‍ നിര്‍ദ്ദേശം യുവരാജാവായ ദുര്യോധനന്‍ പുച്ഛിച്ചു തള്ളി. 'സൂചി കുത്താനുള്ള സ്ഥലം പോലും' പാണ്ഡവര്‍ക്ക്‌ വിട്ടു നല്‍കാന്‍ താന്‍ തയ്യാറാല്ലന്നു അറിയിച്ചു ദുര്യോധനന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ സദസ്സ് ഒന്നടങ്കം സ്തബ്ദരായി. അടുത്ത പടിയായി കൃഷ്ണനെ പിടിച്ചു കെട്ടി തടവിലാക്കാനുള്ള നീക്കമായി. സ്വബോധം നഷ്ടപ്പെട്ടു കൊണ്ടരിക്കുന്ന ഈ കുലദ്രോഹി മൂലം സംഭവിക്കുന്ന മഹാവിപത്ത് ഭഗവാന്‍ തന്റെ വിശ്വരൂപത്തിലൂടെ അവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. നിരാമയമായ മരണം സാകാരം പൂണ്ടു വരുന്ന ഭീകര ദൃശ്യം എണ്ണമറ്റ കബന്ധങ്ങള്‍ രക്തപുഴയില്‍ നീന്തി തുടിക്കുന്നു. കൗരവ സന്തതികള്‍ ഒന്നൊന്നായി പോര്‍ ചെയ്തു വീഴുന്ന കാഴ്ച കണ്ട സദസ്സ്‌സ്തബ്ദരായി.

പ്രകൃതിയുടെ ഭാവം പകരുന്ന കണ്ട ആ കരുണാമയന്‍ എല്ലാം വിധിയുടെ പ്രഹേളികക്ക് വിട്ടുകൊണ്ട് ഹസ്തിന പുരത്തോട് വിടവാങ്ങി. തുടര്‍ന്നു നടന്ന അവലോകന സദസ്സില്‍ വിദുരര്‍ രാജാവിനെ ശക്തിയായി വിമര്‍ശിച്ചു. കോപിഷ്ടനായ ദുര്യോധനന്‍ വിദുരരോട് ഹസ്തിന പുരം വിട്ടുപോകാന്‍ കല്പിച്ചു. മഹാഭാഗനായ വിദുരര്‍ക്കു ഈ കല്പന ഒരനുഗ്രഹമായി തോന്നി 'ഒന്നിനും സാക്ഷി ആകേണ്ടി വരില്ലല്ലോ? ഏറെ ദുഖത്തോടെ അദ്ദേഹം ഹസ്തിന പുരതോട് വിടപറഞ്ഞു.

അദ്ദേഹം ഭാരതമാകെ ചുറ്റി സഞ്ചരിച്ച് 'പ്രഭാസത്തില്‍' എത്തിയപ്പോള്‍, കുരുക്ഷേത്ര യുദ്ധത്തിനോടുവില്‍ ധര്‍മ്മത്തിന് വിജയം ഭവിച്ചെന്നും 'യുധിഷ്ടിരന്‍' ഹസ്തിനപുര ഭരണം കയ്യാളുന്നു എന്നവാര്‍ത്ത ശ്രവിച്ചു. ഒടുവില്‍ ഭഗവാന്റെ കൃപയാല്‍ ധര്‍മ്മം പുനസ്ഥാപിക്കപെട്ടു 'ആ ഭാഗവതോത്തമന്‍ ആശ്വാസപൂര്‍വം നിശ്വസിച്ചു. മടങ്ങി പോകാന്‍ മനം കൊതിച്ചെങ്കിലും, അദ്ദേഹം പഞ്ചിമ ദിക്കിലുള്ള സരസ്വതി തീരത്തേക്ക് യാത്ര തിരിച്ചു. സരസ്വതീ തീരത്തുള്ള 'ത്രിതന്‍, ഉശിനസ്സു, മനു, പ്രുധു, അഗ്‌നി, വായു, സുദാസന്‍, ഗോക്കള്‍, ശ്രാദ്ധദേവന്‍ 'ഇവരുടെ എല്ലാം പേരിലുള്ള പുണ്യ തീര്‍ത്ഥങ്ങളും, വിഷ്ണുക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് സൌരാഷ്ട്രം, സൌവീര്യം, മാത്സ്യം, കുരുജാഗുലം തുടങ്ങിയ പ്രദേശങ്ങള്‍ കടന്ന് യമുനാ തീരത്തെത്തി. അവിടെവെച്ച് അദ്ദേഹം ഭാഗവതോത്തമനായ 'ഉദ്ധവരെ' കണ്ടുമുട്ടി. സമാനമനസ്‌കരും, കൃഷ്ണ ഭക്തരുമായ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. വിദുരര്‍ ദ്വാരകാവാസികളുടെ ക്ഷേമം അന്വേഷിച്ചു. ആ കുശലാന്വേഷണം ഓരോ ദ്വാരക നിവാസികളുടെയും സൌഖ്യാന്വേഷണത്തിലേക്ക് കടന്നു ബലരാമന്‍, സാത്യകി, പ്രദുമ്‌നന്‍, വസുദേവര്‍, ദേവകി, കൃഷ്ണ പ്രേയസികള്‍ എല്ലാവരെക്കുറിച്ചും സ്‌നേഹത്തോടെ അന്വേഷിച്ചു. ഇടക്ക് താന്‍ ഹസ്തിന പുരം വിട്ട് പോരുവാനുണ്ടായ കാരണങ്ങളും വിദുരര്‍ ഉധവരോട് പങ്കുവെച്ചു. ഒടുവില്‍ അവരിരുവരും ഏകമനസ്സോടെ കൃഷ്ണാപദാനങ്ങള്‍ വാഴ്തുകയുണ്ടായി.തികഞ്ഞ കൃഷ്ണ ഭക്തനായ ഉദ്ധവര്‍ കൃഷ്ണനെ കുറിച്ചുള്ള വിദുരരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ കണ്ണീരൊലിപ്പിച്ചു നിര്‍ന്നിമേഷനായി നിന്നു ഇതാണ് യഥാര്‍ഥ ഭക്തിയുടെ പരമമായ അവസ്ഥ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ആ പൂര്‍ണ്ണ ജ്യോതിസ്സിനെ പറ്റി എനിക്കു പറയാനാവുന്നില്ല. കേവലം അഞ്ചു വയസ്സു മുതല്‍ ഉദ്ധവര്‍കൃഷ്ണനെ പൂജിച്ചിരുന്നു. ആ ഭക്തിയില്‍ മുഴുകി ഇരിക്കുമ്പോള്‍, പലപ്പോഴും അമ്മ ഭക്ഷണത്തിനു വിളിച്ചാല്‍ പോലും ആ ബാലന്‍ കേട്ടിരുന്നില്ല.

മുതിര്‍ന്നപ്പോള്‍ ആ ബാലന്‍ കൃഷ്ണ സജിവനും ഉറ്റ മിത്രവും ആയി തീര്‍ന്നു .ഭഗവാന്‍ സ്വധാമം പൂകുമ്പോള്‍ പോലും ഉദ്ധവര്‍ കൃഷ്ണ നിര്‍ദ്ദേശത്തിനു വേണ്ടി കാതോര്‍ത്തു നിന്നു. ഭഗവാന്റെ ഇംഗിത പ്രകാരം 'ബദര്യാശ്രമ' ത്തിലേക്ക് പോകുന്ന വഴിയിലാണ് വിദുരരുമായി സന്ധിച്ചത്. ഏറെ പണിപ്പെട്ട് ഉദ്ധവര്‍ പറഞ്ഞു തുടങ്ങി 'അല്ലയോ മഹാശയാ! കൃഷ്ണ തേജസ്സ് ഭൂമിയില്‍ നിന്നും അന്യമായി! ആ പൊന്‍പ്രഭ നമ്മേ വിട്ടകന്നിരിക്കുന്നു!! കണ്ണീരൊലിപ്പിക്കുന്നതിനിടയില്‍ ആ ഭാഗവതൊതമന്‍ തുടര്‍ന്നു, കൃഷ്ണപ്രഭ അസ്തമിക്കയാല്‍, ഐശ്വര്യം നഷ്ടപ്പെട്ട 'യാദവ കുലത്തെ'പറ്റി ഞാനെതാണ് പറയേണ്ടത്?

തങ്ങള്‍ക്കിടയില്‍ ജീവിച്ച ഭഗവാന്റെ മഹിമ അവര്‍ക്ക് തിരിച്ചറിയാനായില്ല. അവര്‍ക്ക് അദ്ദേഹം ശ്രേഷ്ഠനായ യാദവ പ്രമാണി മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ ഭഗവാനെ ഭക്തി രസതാല്‍ തിരിച്ചറിഞ്ഞു, എന്നെ പോലെ ചുരുക്കം ചില ഭാഗവതൊതമന്മാരും.ഒടുവില്‍ സ്വധാമതെക്കു വിടകൊള്ളുന്നതിനു മുന്പായി ആ'പൂര്‍ണ്ണ ദര്‍ശനം 'എനിക്ക് പ്രാപ്തമായി! ഭക്തിയുടെ പാരമ്യത്തില്‍ ഉധവര്‍ നൃത്തം ചവിട്ടാന്‍ തുടങ്ങി, ആ കണ്ണുകള്‍ അപാരതയില്‍ മിഴി നട്ടിരുന്നു.വിദുരരും ഒരുനിമിഷം പരിസരം മറന്നു 'പോരുന്നോ, പോരുന്നോ' എന്ന് ആരോ തന്റെ അന്തകരണം തട്ടിയുണര്‍ത്തുന്നു ഹരേ വാസുദേവ മുരാരേ! വിദുരരും ഉധവരോട് ചേര്‍ന്നു. അവരിരുവരും ചേര്‍ന്ന് ശ്രീകൃഷ്ണ ബാല ലീലകള്‍ അയവിറക്കാന്‍ തുടങ്ങി.

ജഗദീശ്വരനായ ഭഗവാന്‍ ദുഷ്ട നിഗ്രഹണം നടത്തി പ്രഥ്വി ഭാരം തീര്‍ക്കാനായി വസുദേവ ദേവകിമാരുടെ എട്ടാമത്തെ പുത്രനായി മധുരയില്‍ അവതരിച്ചു. പിറവിയില്‍ തന്നെ സാകാരം പൂണ്ട ആ പൂര്‍ണ്ണ തേജസ്സ്, മാതാപിതാക്കള്‍ക്ക് തന്റെ രക്ഷക്കു വേണ്ടുന്നത് ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പിതാവിനു നല്‍കി, ബാലരൂപം കൈകൊണ്ടു. വസുദേവര്‍ ശരിക്കും ആജ്ഞാനുവര്തിയായി. കാരഗ്രഹവാതിലുകള്‍ താനെ തുറന്നു, കാവല്‍നിന്ന ഭടന്മാര്‍ ആരോ മയക്കിയിട്ട പോലെ നിദ്രയെ പ്രാപിച്ചിരുന്നു. ഘോരമായ പെരുമഴ വസുദേവര്‍ അറിഞ്ഞതേയില്ല അനന്തന്റെ ഫണം ആ ജഗല്‍സ്വരൂപനു തുണയായി. വരുണന്‍ വഴി തെളിച്ചു. വസുദേവര്‍ നന്ദഗോപ ഗൃഹത്തിലെത്തി. ആരോ തട്ടി വിളിച്ചപോലെ നന്ദഗോപര്‍ വാതില്‍ തുറന്ന് പുറത്തു വന്നു. നിര്‍ദേശിക്കപ്പെട്ട കൈമാറ്റം ക്ഷണത്തില്‍ നടന്നു. ഒന്നും ഉരിയാടാതെ തിരിച്ച വസുദേവര്‍ മധുരയിലെ കാരാഗ്രഹത്തില്‍ ചങ്ങലയില്‍ ബന്ധിതനായതു പോലും രാജ ഭടന്മാര്‍ അറിഞ്ഞില്ല. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഞെട്ടിഉണര്‍ന്ന ഭടന്മാര്‍ തിടുക്കത്തില്‍ കംസനെ വിവരം ധരിപ്പിച്ചു. മരണ ദേവതയെ സ്വപ്നം കണ്ടിരുന്ന, രാജാവ് ക്ഷണത്തില്‍ കാരാഗൃഹത്തില്‍ എത്തി. പ്രവചനത്തിലെ പിഴവ് കംസനെതെല്ലൊന്നു അമ്പരപ്പിച്ചെങ്കിലും ആ നവജാത ശിശുവിനെ കൊല്ലാന്‍ തന്നെ കംസന്‍ തീരുമാനിച്ചു. മേല്‍പ്പോട്ട്‌ ഉയര്‍ത്തിയ കയ്യില്‍ നിന്നും വഴുതി, ആ കുഞ്ഞ്പ്രവചനത്തിലെ ഫലസിന്ധിയെ പറ്റി വീണ്ടും മുന്നറിയിപ്പ് നെല്കി അപ്രത്യക്ഷയായി. കംസന്റെ മനസ്സ് വീണ്ടും അസ്വസ്ത ചിന്തകളാല്‍ ആവൃതമായി. 'തന്നെ കബളിപ്പിച്ച്അവന്‍ മധുരയില്‍ നിന്നു പോയിരിക്കുന്നു' അടിയന്തിരമായി രാജസദസ്സ് വിളിച്ചു കൂട്ടി രാജാവ് തന്റെ ഉത്കണ്ഠ അറിയിച്ചു. ഏതു വിധേനയും ബാലനെ തിരഞ്ഞു കണ്ടുപിടിക്കുമെന്ന് അവര്‍ രാജാവിനുറപ്പ് നല്‍കി. കണ്ടെത്തിയാല്‍ ക്ഷണത്തില്‍ വധിക്കാനും ധാരണയായി. വേഷപ്രഛന്നരായി അവര്‍ പലദിക്കിലെക്കും യാത്രയായി.

അമ്പാടിയില്‍ നന്ദഗോപരുടെയും യശോദയുടെയും പുത്രനായി ഭഗവാന്‍ 'കൃഷ്ണ' രൂപത്തില്‍ ഗോപികകളുടെ മനം കവര്‍ന്നു. ഇതിനിടയില്‍ നടന്ന പൂതനാ വധവും, തുടര്‍ന്നുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കംസ ചാരന്മാരുടെ വധവും, കണ്ണനെ ഗോകുലത്തിന്റെ ആരോമലാക്കി. ദുഷ്ട ബുദ്ധിയോടെ ആണെങ്കിലും കണ്ണന് 'മുലപ്പാല്‍ ' നല്‍കിയ പൂതന മരിച്ചു വീണപ്പോള്‍ ആ പ്രദേശമാകെ 'അകിലിന്റെ' സുഗന്ധം നിറഞ്ഞു നിന്നിരുന്നു, മാറില്‍ പറ്റി ചേര്‍ന്ന് കണ്ണനും പൂതനക്ക് ഭഗവാന്‍ മോക്ഷ പ്രാപ്തി നല്‍കി. ഏറെ കുസൃതി ആയിരുന്നെങ്കിലും, ഒരുനേരം പോലും അവര്‍ക്ക് കണ്ണനെ പിരിയാനായില്ല. ഭഗവാന്‍ കൃഷ്ണ രൂപത്തില്‍ ഗോപികകളുടെ മനം കവര്‍ന്നതും, ശൈശവ കൃഷ്ണന്‍ 'പ്രണയത്തിന്റെ ' മാസ്മരീക പ്രഭാവതിലേക്ക് അവരെ നയിച്ചതും മനസ്സില്‍ കണ്ട ഉധവര്‍ ആനന്ദാശ്രുക്കളോടെ നൃത്തം ചവിട്ടി. ഭക്തിയുടെ അത്യുന്നതങ്ങളിലേക്ക് ഇരുവരും ഉയര്‍ന്നു പൊങ്ങി. തന്റെ പുരിക ക്കൊടിയാകുന്ന അന്തകനെകൊണ്ട് ഭൂഭാരം തീര്‍ത്ത ഭഗവാന്റെ തൃപാദരേണുക്കളെ ഒരിക്കലെങ്കിലും ആഘ്രണനം ചെയ്ത ആര്‍ക്കാണ് അത് വിസ്മരിക്കാന്‍ കഴിയുക? പിന്നെ, ഭാഗവതോതമന്മാരുടെ കഥ പറയാനുണ്ടോ? അവര്‍ കൃഷ്ണ കഥകള്‍ അയവിറക്കി. കാളിയന്റെ മദം ശമിപ്പിച് ഗോപാലകര്‍ക്ക്രക്ഷ നല്‍കിയ കണ്ണന്‍, തന്നെ പരീക്ഷിക്കാനെത്തിയ ബ്രഹ്മാവിനും ഉചിത ശിക്ഷ നല്‍കി. ഇന്ദ്ര ദര്‍പ്പതില്‍, മുങ്ങിയ അമ്പാടിനിവാസികളെയെല്ലാം ബാലകൃഷ്ണന്‍ ഗോവര്‍ദ്ധന കുടക്കു കീഴില്‍ നിര്‍ത്തി സംരക്ഷിച്ചു. തന്റെ അവതാര ലക്ഷ്യത്തിനായി കൃഷ്ണന്‍, അക്രൂരനോടൊപ്പം, ഗോപികകളെ കണ്ണീരിലാഴ്ത്തി അമ്പാടിയില്‍ നിന്ന് മധുരയിലേക്ക്യാത്രയായി. പിന്നാലെ വിങ്ങിയ മനസ്സോടെ ചെന്ന ആര്‍ക്കും തന്നെ ഭഗവാന്‍ മടക്കയാത്രയെ പറ്റി ഒരുറപ്പും നല്‍കിയില്ല എങ്ങും നിറഞ്ഞു കവിഞ്ഞ തന്റെ സാന്നിധ്യത്തിന് ഒരു മടക്ക യാത്രയുടെയുംആവശ്യമില്ലന്ന് ഭഗവാന്‍ സാക്ഷ്യപെടുത്തി. തന്റെ പ്രിയപ്പെട്ട മുരളിക, പ്രിയ സഖിയായ രാധക്ക് എറിഞ്ഞു കൊടുത്തു നിന്റെ സ്പന്ദനതില്‍പ്പോലും ഈ കണ്ണന്‍ എന്നും നിറഞ്ഞു നില്ക്കും എന്നൊര്‍പ്പിക്കും മട്ടില്‍ .

അമ്പാടിയോടു വിടപറഞ്ഞ കൃഷ്ണന്റെ ജീവിതം പിന്നീട് സംഘര്‍ഷ ഭരിതമായിരുന്നു . കംസ നിഗ്രഹവും, ദേവകീ വസുദേവരുടെ കാരാഗൃഹ മോചനവും കൃഷ്ണനാല്‍ നടത്തപ്പെട്ടു. സാന്ദീപനിമഹര്‍ഷിയില്‍ നിന്ന് വിദ്യ അഭ്യസിച്ച കൃഷ്ണന്‍, ഗുരുവിന്റെ നഷ്ടപ്പെട്ട പുത്രനെ സമുദ്രത്തിനടിയില്‍ നിന്ന് വീണ്ടെടുത്ത് ഗുരുദക്ഷിണയാനിയി സമര്‍പ്പിച്ചു തിരിച്ചെത്തിയ കൃഷ്ണന്‍ 'ജരാസന്ധനില്‍' നിന്ന് മധുരയെ രക്ഷിക്കാനായി സ്വയം തീര്‍ത്ത ദ്വാരകയിലേക്ക് തിരിച്ചു. കംസ നിഗ്രഹത്തോടെ വിധവകളായ തന്റെ പുത്രിമാരെ കാണുമ്പോഴെല്ലാം ജരാസന്ധന് കൃഷ്ണനോട് വൈരം ഏറി വന്നു ഇതു ഒരുപക്ഷെ മധുരാവാസികളെ അരക്ഷിതരാക്കുമെന്ന് ഭഗവാന്‍ മുങ്കൂട്ടി അറിഞ്ഞിരുന്നു. ഭീഷ്മക പുത്രിയായ രുഗ്മിണിയെ ഗാന്ധര്‍വ വിധിപ്രകാരം പാണിഗ്രഹണം ചെയ്ത് ഭഗവാന്‍ ഗാര്‍ഹസ്സ്തത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഭഗവാന്‍ സത്യഭാമ, ജാംബവതി തുടങ്ങിയ ഏഴുപേരെ കൂടി വിധിപ്രകാരം പത്‌നിമാരാക്കി. ഇവരെ അഷ്ട ലക്ഷ്മിമാരായി അറിയപ്പെടുന്നു. നരകാസുരവധം നടത്തിയ കൃഷ്ണന്‍ അവന്റെ മാതാവായ പ്രഥ്വിയുടെ അപേക്ഷയെ മാനിച്ച് 'അവന്റെ പുത്രനായ ഭഗദത്തനെ,' രാജാവായി അഭിഷേകം ചെയ്ത്, തന്റെ 'അങ്കുശവും' അവന് സ്വരക്ഷക്കായി നല്‍കി. (പിന്നീട്, കുരുക്ഷേത്ര യുദ്ധത്തില്‍, ശത്രു പക്ഷത്ത് എത്തപ്പെട്ട ഭഗദത്തന്‍, ഇതേ അങ്കുശം ഭഗവാന്റെ മേല്‍ പ്രയോഗിച്ച് മൃതനായി). നരകാസുരാന്‍ ബലാല്‍ക്കാരമായി തടവറയില്‍ പാര്‍പ്പിച്ചിരുന്ന പതിനാറായിരം കന്യകകള്‍ മോചനത്തിന് കൊതിച്ച് കൃഷ്ണനെ തന്നെ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ഭക്തിയുടെ തീവ്രത അവരെ ഭഗവാനോട് അടുപ്പിച്ചു കൊണ്ടിരിന്നു. അവരെ മോചിപ്പിച്ച കൃഷ്ണന്‍ സ്വമായയാല്‍ അവരെ തന്നോട് ചേര്‍ത്തു. ദ്വാരകയിലേക്ക് കുട്ടിയ ആ കന്യകമാര്‍ ഭഗവാനെ ഭര്‍തൃ സ്ഥാനത്തുകണ്ട് പൂജിച്ചു പോന്നു. ഇവരിലും കൃഷ്ണന് സന്താനങ്ങള്‍ ഉണ്ടായി.

കുടുംബ സൌഖ്യത്തില്‍ ആറാടിയ ഭഗവാനില്‍ ക്രമേണ സ്വധാമതിലേക്ക് മടങ്ങാനുള്ള വ്യഗ്രത കൂടി വന്നു . യാത്രക്കുള്ള മുഹുര്തം കുറിച്ച കൃഷ്ണന്‍ വിടപറയാനുള്ള കാരണം തേടി തുടങ്ങി. സപ്തര്‍ഷികളെ അപമാനിച്ച സ്വപുത്രന്‍ സാബന്റെ 'കപട ഗര്‍ഭം' ശാപത്തിന് വഴി ഒരുക്കി. സാംബന്‍ യഥാകാസംലം പ്രസവിച്ചു. വിചിത്രമെന്ന് പറയട്ടെ ശിശുവിന്റെ സ്ഥാനത്ത് 'ഒരിരുമ്പുലക്ക' കണ്ട വ്രുഷ്ണി കുലംസപ്തര്‍ഷികളുടെ പ്രവചനത്തിന്റെ നിജസ്തിയില്‍ ഞെട്ടി വിറച്ചു. മരണഭീതിയില്‍ പരിഭ്രാന്തരായ അവര്‍ കൃഷ്ണ നിര്‍ദ്ദേശം തേടി. ഭഗവാന്റെ അഭിപ്രായ പ്രകാരം അവര്‍ ഉലക്ക രാകി പൊടിയാക്കിസമുദ്രത്തില്‍ കലക്കിരാകാന്‍ പറ്റാത്ത കഷണം സമുദ്രത്തില്‍ എറിഞ്ഞു. മരണം വഴിമാറി പോയ സന്തോഷം അവരെ കുറച്ചൊന്നുമല്ല ഉന്മത്തരാക്കിയത്. എല്ലാം അറിയുന്ന കൃഷ്ണന്‍ ഗൂഡ സ്മിതം ചെയ്തു. ഇരിമ്പു പൊടി തിരകളില്‍ പെട്ട് തീരത്തടിഞ്ഞു.

ക്രമേണ 'രേരക' പുല്ലുകളായി മുളച്ചു. നിശ്ചയിക്കപെട്ട സമയത്ത് ഭഗവാന്‍ വ്രുഷ്ണി കുലത്തെ ഒന്നാകെ 'പ്രഭാസ' തീരത്തെത്തിച്ചു. അവിടെ അവര്‍ ശിവപൂജയില്‍ പങ്കെടുത്തു. അതിനുശേഷം ബ്രാഹ്മണ ഭോജനത്തോടെ പൂജ സമാപ്തിയിലായി. വ്രുഷ്ണികള്‍ ഭോജനതിനു ശേഷം മദ്യപാനത്തില്‍ മുഴുകി. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട അവര്‍ കരുക്ഷേത്ര യുദ്ധത്തിലെ ചെയ്തികളെ പറ്റി പറഞ്ഞ് വാക്കേറ്റമായി. തര്‍ക്കം മൂത്ത് അവര്‍ രേരക പുല്ലുകള്‍ പരസ്പരം പറിച്ചെറിയാന്‍ തുടങ്ങി. ഉഗ്ര വിഷം നിറഞ്ഞ ആ പുല്ലുകളുടെ പരസ്പര പ്രയോഗം മൃത്യുവിലേക്ക് വഴികാട്ടിയായി. 'ഇനി തനിക്കും സ്വധാമതിലേക്ക് മടങ്ങണം' മാര്‍ഗ്ഗം ആരായുന്നതിനിടയില്‍ കൃഷ്ണന്‍ സരസ്വതീ തീരത്തെ വൃക്ഷ ചുവട്ടില്‍ വിശ്രമിച്ചു. ഉദ്ധവര്‍ തുടര്‍ന്നു, 'എങ്ങനെയെല്ലാം ഭവിക്കുമെന്നു മുങ്കൂട്ടി അറിഞ്ഞിരുന്ന ഭഗവാന്‍ ദ്വാരകയില്‍ വെച്ചു തന്നെഎന്നോട്' ബദര്യാശ്രമത്തിലേക്ക്' പോകുവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എനിക്ക് ഭഗവാനെ വിട്ടുപോകാനായില്ല, ഞാന്‍ എന്റെ ഭഗവാനെ തിരഞ്ഞു നടന്നു. ഒടുവില്‍ ഒരു വൃക്ഷ ചുവട്ടില്‍ വിശ്രമിച്ചിരുന്ന ഭഗവാനെ ഞാന്‍ കണ്ടെത്തി. പ്രശാന്ത ചിത്തനായ ഭഗവാന്‍ ചെംതാമരക്കു സമമായ തന്റെവലതു പാദം ഇടതു തുടയില്‍ എടുത്തു വെച്ചിരുന്നു. ഞാന്‍ ഭഗവാനെ ദര്‍ശിക്കുന്നതിനിടയില്‍ വ്യാസമിത്രമായ 'മൈത്രേയ മാമുനിയും' അവിടെ ആഗതനായി. എന്നെ അനുഗ്രഹിച്ചു കൊണ്ട് മന്ദസ്മിതത്തോടെ ഭഗവാന്‍ പറഞ്ഞു ,

'വേദാഹ മന്തര്‍ മനസീസ്പിതം തേ
ദദാമി യതദ് ദുരവാപമമനെയെ :
സത്രേ പുരാ വിശ്വ സൃജാം വസൂനാം
മത്സിദ്ധി കാമേന വസോ! ത്വയേഷ്ട :
സ ഏഷ സാധോ !ചരമോ ഭവാനാ
ആസാദിതസ്‌തെ മദനുഗ്രഹൊ യദ്
ജന്മാം നൃ ലോകാന്‍ രഹ ഉത്സൃജന്തം
ദിഷ്ടാ ദദൃശ്വാന്‍ വിശദാനുവൃത്യാ' (ഭാഗവതം )

ഉധവര്‍ വിദുരരോട് പറഞ്ഞു, 'ഭഗവാന്‍ എന്നോട് പറഞ്ഞു 'ഉദ്ധവരേ! നിന്റെ പൂര്‍വ വൃത്താന്തം എനിക്കറിയാം പണ്ട് പ്രജാപതിമാരും, വസുക്കളും ചേര്‍ന്ന് നടത്തിയ യാഗത്തില്‍ അങ്ങ് എന്നെ യജിക്കുകയുണ്ടായി. ഇപ്പോഴും എന്നില്‍ നിന്നു അങ്ങതാഗ്രഹിക്കുന്നു. രെതലൊക്യം നിറഞ്ഞു നില്ക്കുന്ന എന്റെ മഹത് രൂപം ദര്‍ശിക്കാനുള്ള നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട്. എന്റെ അനുഗ്രഹം കൊണ്ട് അങ്ങക്കിനി 'പുനര്‍ജ്ജനി' ഉണ്ടാവില്ല. സൃഷ്ട്യാരംഭത്തില്‍ എന്റെ നാഭീ പങ്കജ ജാതനായ ബ്രഹ്മാവിനു ഞാനുപദേശിച്ച, 'ഭാഗവതം ' എന്നുപേരായ അത്യന്തം രഹസ്യമായ ജ്ഞ്യാനം ഞാന്‍ നിനക്കുപദേശിച്ചു തരാം. 'ഭഗവാന്റെ വാക്കുകള്‍ ശ്രവിച്ച ഞാന്‍ അകവും പുറവും നിറഞ്ഞു കവിയുന്ന ഭക്തിയോടെ ഭഗവാനെ പ്രദിക്ഷണം വെച്ച് കണ്ണീരോടെ ഇപ്രകാരം ഉണര്‍ത്തിച്ചു 'ബ്രഹ്മാവിന് അങ്ങ് ഉപദേശിച്ച 'ഭാഗവതമെന്ന' പരമ ജ്ഞാനം 'അനര്‍ഹനാണങ്കില്‍ കൂടി എനിക്കും പകര്‍ന്നു തന്നാലും' എന്റെ ഭക്തി ഭാവം ഉള്‍ക്കൊണ്ട ഭഗവാന്‍ എനിക്ക് പരമ ജ്ഞാനം ഉപദേശിച്ചു തന്നു .

'സോ അഹം തദ് ദര്‍ശനാഹ്ലാദ വിയോഗാര്‍ത്തിയുത :പ്രഭോ !
ഗമിഷ്യെ ദയിതം തസ്യ ബദര്യാശ്രമമണ്ഡലം
യത്ര നാരായണോ ദേവോ നരഞ്ച ഭഗവാ നൃഷി :
മൃദു തീവ്രം തപോ ദീര്‍ഘം തേ പാതേ ലോക ഭാവനു (ഭാഗവതം )
ഭഗവാനില്‍ നിന്ന് പരമ ജ്ഞാനം പ്രാപ്തമായ ഞാനിതാ ദര്‍ശനാഹ്ലാദവും . വിരഹദുഖവും ഒന്നിച്ച് അനുഭവിക്കുന്നു. ഭഗവാന്റെ ഇംഗിത പ്രകാരം, ലോകഹിതാര്‍ഥം നരനാരയണന്മാര്‍ തപസ്സു ചെയ്തു വരുന്ന 'ബദര്യാ ശ്രമത്തിലേക്ക്' പോകുകയാണ്. ഉദ്ധവരില്‍ നിന്ന് ഭഗവാന്റെ സ്വര്‍ഗ്ഗപ്രാപ്തി ശ്രവിച്ച വിദുരര്‍ അതിയായി ദുഖിച്ചു അദ്ദേഹം ചോദിച്ചു. ഭഗവാന്‍ അങ്ങക്കുപദേശിച്ച ഭാഗവതമെന്ന പരമജ്ഞാനം എനിക്കു കൂടി പകര്‍ന്നു തന്നാലും.

ഉദ്ധവര്‍ പറഞ്ഞു ' ങ്ങയോടു ഈ പരമ ജ്ഞാനം ഉപദേശിക്കാനായി ഭഗവാന്‍ തന്നെ' മൈത്രേയ മാമുനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങയോട് അത് വെളിപ്പെടുത്തുവാന്‍ യോഗ്യന്‍ മൈത്രേയ മഹര്‍ഷി തന്നെ ഭഗവാന്റെ ഇംഗിതതിനപ്പുറം ഒന്നും നടക്കില്ല. ശ്രീ ശുകന്‍ പരീക്ഷിതിനോട് തുടര്‍ന്നു 'ഭാഗവതോതമാനായ ഉധവര്‍ അന്ന് യമുനാതീരത്ത് വസിച്ചു. അടുത്ത പ്രഭാതത്തില്‍ വിദുരരൊട് യാത്ര പറഞ്ഞു ബദര്യാശ്രമത്തിലേക്ക് യാത്രയായി. ഭഗവാനു ശേഷം 'ഭഗവല്‍ ജ്ഞാനം' പ്രചരിപ്പിക്കാന്‍ ഉദ്ധവരോളം ശ്രേഷ്ടനായ ഒരാളില്ലന്നു ഭഗവാന്‍ തീര്‍ച്ചയാക്കിയിരുന്നു. ഉദ്ധവര്‍ ഇന്നും ബദര്യാശ്രമത്തിലിരുന്ന് എകാഗ്ര മനസ്സോടെ ഭഗവാനെ തന്നെ ഉപാസിക്കുന്നു. ഉദ്ധവര്‍, യാത്ര പറഞ്ഞതോടെ വിദുരര്‍ മൈത്രേയ മഹര്‍ഷിയെ തേടി ഗംഗാ തീരത്തെത്തി. അദ്ദേഹം മഹര്‍ഷിയൊട് ഇങ്ങനെ ചോദിച്ചു, 'മഹാമുനേ! ലോകര്‍ സദാ സുഖത്തിനു വേണ്ടി പ്രയത്‌നിക്കുമ്പോഴും ദുഃഖം അടിക്കടി ഉണ്ടാകുന്നത് എന്തു കൊണ്ടാണ്? ഭഗവാനെ ഏതു വിധത്തില്‍ ആരാധിച്ചാലാണ് ഹൃദയത്തില്‍ അചഞ്ചലമായ ഭക്തി ഉണ്ടാകുന്നത് ? ആ രഹസ്യമായ ജ്ഞാനം എനിക്കുപദേശിച്ചാലും!

വിദുരര്‍ തുടര്‍ന്നു, 'സ്വഹൃദയത്തില്‍ വിശ്വതെയെല്ലാം അടക്കി, യോഗമായശ്രിതനായി നിദ്ര പൂകുന്ന ഭഗവാന്‍ എങ്ങനെയാണ് ഈ വിശ്വമെല്ലാം സൃഷ്ടിച്ച് അതില്‍ അധിവസിക്കുന്നത്? ഗോ വിപ്ര നാനാവിധദേവാദികളുടെ ക്ഷേമത്തിനായി, നാനാ അവതാരങ്ങള്‍ സ്വീകരിക്കുന്ന ഭഗവാന്റെ മഹിമ അങ്ങ് വര്‍ണ്ണിചാലും! ഭഗവാന്‍ നാരായണന്‍ ജീവികളുടെ അന്ത:കരണ വൃത്തി, കര്‍മ്മം, രൂപം, നാമം ഇവയെ എങ്ങനെയാണ് വിധാനം ചെയ്തിരിക്കുന്നത്? ശ്രീ കൃഷ്ണ കഥാമൃതം, കര്‍ണ്ണ പുടങ്ങളില്‍ കുടി അന്ത രംഗത്തില്‍ പ്രവേശിച്ച് മനോമാലിന്യം ഇല്ലാതാക്കുന്നു, എന്നാല്‍ മറ്റു ചരിതങ്ങള്‍ ക്കൊന്നും ഇത്രത്തോളം ഫല സിദ്ധിയില്ല. ഭഗവാന്റെ പാദകമലങ്ങളെ ധ്യാനിച്ച് ആത്മാനന്ദം അനുഭവിക്കുന്ന ഭക്തന്റെ സര്‍വ്വ ദുഖങ്ങളുംനശിച്ചു പോകുന്നു. ആ പുണ്യ ചരിതത്തില്‍ നിന്ന് സാരമായതിനെ എനിക്ക് ഉപദേശിച്ചാലും! ശ്രീ ശുകന്‍, പരീക്ഷിതിനോട് തുടര്ന്നു, 'അല്ലയോ രാജര്‍ഷെ! വിദുരരുടെ വിനയാന്വിതവും, ഭക്തിഭാവം വഴിയുന്നതുമായ ചോദ്യം ശ്രവിച്ചമൈത്രേയ മഹര്‍ഷി പറയാന്‍ തുടങ്ങി 'അല്ലയോ പുണ്യാത്മന്‍! അവിടുത്തെ ചോദ്യം ഉത്തമം തന്നെ. കൃഷ്ണ ഭക്തനായ അങ്ങയുടെ യശസ്സ് ലോകം മുഴുവന്‍ എക്കാലവും സ്മരിക്കപ്പെടും. യമദേവന്‍ മാണ്ടവ്യ മുനിയുടെ ശാപത്താല്‍ വിചിത്ര വീര്യ ദാസിയില്‍ വ്യാസാത്മജനായി ജനിക്കാന്‍ ഇടവന്നു ആ പുണ്യ പുരുഷന് 'വിദുരര്‍ എന്ന് അഭിധാനം ചെയ്തതും എന്റെ ഗുരുവായ വ്യാസന്‍ തന്നെ. ഭഗവാന്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ എന്നോട് 'ഭാഗവതമെന്ന' അത്യന്തം രഹസ്യമായ ജ്ഞാനം അങ്ങേക്ക് കൂടി പകര്‍ന്നു നല്‍കണമെന്ന് എന്നെ ഉപദേശിക്കുകയുണ്ടായി അത് ഞാന്‍ അങ്ങയോട് വെളിപ്പെടുതാം. അല്ലയോ പുണ്യാത്മന്‍! സ്സൃഷ്ടിക്കു മുന്‍പ് അത്മസ്വരൂപിയും സര്‍വ്വാത്മക്കളുടെയും നാഥനുമായ ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മായാശക്തി സര്‍വത്ര വിലയം പ്രാപിച്ചിരുന്ന അന്ന്' നാനാത്വം' എന്നൊന്ന് ഉണ്ടായിരുന്നില്ല ഭഗവാന്റെ സദസതായ ശക്തിയാകുന്നു 'മായ' ആ മായയെകൊണ്ട് ഭഗവാന്‍ ഈ വിശ്വമെല്ലാം സൃഷ്ടിച്ചു. ഭഗവാന്‍ കാലശക്തിയെ ആശ്രയിച്ച്, ഗുണമയിയായ മായയില്‍ ആത്മാംശ ഭുതനായ പുരുഷനെക്കൊണ്ട് 'വീര്യ ധ്യാനം' ചെയ്യിച്ചു.

പിന്നീട് കാലപ്രേരണ മൂലം ആ അവ്യക്തത്തില്‍ നിന്ന് 'മഹത്വത്വം'ഉണ്ടായി അനന്തരം വിജ്ഞാനസ്വരൂപനും. അജ്ഞാനാന്ധകാരത്തെ അകറ്റുന്നവനുമായ ഈശ്വരന്‍ സ്വദേഹത്തില്‍ സ്ഥിതി ചെയ്യുന്ന വിശ്വത്തെ വേര്‍പെടുത്തി. അംശം, ഗുണം, കാലം മുതലായവയോടു കൂടിയ ഈ മഹത്വത്വം ഭഗവാന്റെ ദൃഷ്ടിക്ക് ഗോചാരമായപ്പോള്‍ പ്രപഞ്ച സൃഷ്ടിക്കായി ആത്മാവിനെ വികാരപെടുത്തി മഹത്വത്വതെ വികാരപെടുതിയപ്പോള്‍ കാര്യം, കാരണം, കര്‍ത്താവ് എന്നിവ ആത്മാവായുള്ള ഭൂതം, ഇന്ദ്രിയം, മനസ്സ് എന്നിവയോടുകുടിയ 'അഹംത്വത്വം' (അഹംങ്കാരം) രൂപം കൊണ്ടു. ഈ അഹംങ്കാരം സ്വാതികം, രാജസം, താമസം എന്നു ത്രിവിധത്തില്‍ വിഘടിച്ചു. സ്വതികാഹങ്കാരത്തില്‍ നിന്ന് മനസ്സും, ഇന്ദ്രിയ ദേവതകളും ഉണ്ടായി. രാജസത്തില്‍ നിന്ന് ജ്ഞാനേന്ദ്രിയങ്ങളും, കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടായി. താമസഹങ്കാരത്തില്‍ നിന്ന് ശബ്ദവും, ശബ്ദത്തില്‍ നിന്ന് കാലം മായ, അംശം ഇവയുടെ ചേര്‍ച്ചയോടു കൂടിയ 'ആകാശം' ഉണ്ടായി.

ആകാശത്തില്‍ നിന്ന് സ്പര്‍ശ ഗുണത്തോട് കൂടിയ വായു തന്മാത്രയുടായി. വായു ,ആകാശത്തോട് ചേര്‍ന്ന് രൂപഗുണത്തോട് കൂടിയ അഗ്‌നി ഭൂതം ഉണ്ടായി. ഈ മൂന്നും കൂടി ചേര്‍ന്ന് രസ ഗുണത്തോട് കൂടിയ ജലം ഉണ്ടായി ജലം അഗ്‌നിയോട് ചേര്‍ന്ന് ഗന്ധമെന്ന ഗുണതോടെ 'പൃഥ്വി' ഉണ്ടായി. ഈ പൃഥ്വി, 'ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധത്തോട് കൂടിയതാണ്. പഞ്ചഭൂതങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ്ണമ്ശങ്ങളും, മായ, അംശം, കാലം എന്നീ ലക്ഷ്ണങ്ങളോട് കൂടിയ പഞ്ച ഭുത ദേവതമാര്‍ (ഭുതങ്ങള്‍ക്ക് അധിഷ്ടാന ദേവതകളെ സങ്കല്പിക്കുന്നു). പഞ്ചഭുതങ്ങളായ ആകാശം, വായു, അഗ്‌നി, ജലം, പൃഥ്വി, (ശബ്ദ, സ്പര്‍ശ, രൂപ രസ, ഗന്ധങ്ങളെ) പരസ്പരം യോജിക്കാതെ വന്നതിനാല്‍ സ്വകര്‍മ്മം അനുഷിടിക്കാന്‍ കഴിയാതെ വന്നു. അവര്‍ വിഷ്ണുവിനെ പ്രാര്‍ഥിച്ചു.


'നമാമ തേ ദേവ !പദാരവിന്ദം
പ്രപന്ന താപോപശമാത പത്രം
യെന്മൂല കേതാ യതയൊ അഞ്ജ സോരു
സംസാര ദുഃഖം ബഹിരുക്ഷി പന്തി (ദേവതാ സ്തുതി )
ഹേ ദേവാ !

അശ്രിതന്മാരെ താപമാകുന്ന വെയിലില്‍നിന്നു രക്ഷിക്കുന്നകുടയായിരിക്കുന്നവനും ,സ്വപാദകമലങ്ങളെആശ്രയിച്ച യോഗികളുടെ സംസാരദുഖതെ ക്ഷണത്തില്‍ ശമിപ്പിക്കുന്നവനും ആയ അങ്ങയുടെപാദാരവിന്ദങ്ങളെ ഞങ്ങള്‍ നമിക്കുന്നു. ദേവതകള്‍ വീണ്ടും സ്തുതിക്കാന്‍ തുടങ്ങി, ഋഷിമാര്‍, അങ്ങയുടെ മുഖപത്മമാകുന്ന കുട്ടിലിരിക്കുന്ന വേദങ്ങളെ കൊണ്ട് അങ്ങയെ നിരന്തരം സ്തുതിക്കുന്നു. സര്‍വ പാപങ്ങളെയും നശിപ്പിക്കുന്ന 'ഗംഗയുടെ' ഉത്ഭവ സ്ഥാനമായ അങ്ങയുടെ തൃപാദങ്ങളെ ഞങ്ങള്‍ നമിക്കുന്നു. അല്ലയോ ജഗദീശ്വരാ! വിശ്വത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ക്കു വേണ്ടി ജന്മമെടുക്കുന്ന അങ്ങയുടെ തൃപാദങ്ങളെ ഞങ്ങള്‍ ആശ്രയിക്കുന്നു, 

ദേവാ ഊചു '

തത്തെ വയം ലോകസിസൃക്ഷയാദ്യ
ത്വയാനുസൃഷ്ട സ്ത്രിഭിരാത്മഭി :സ്മ
സര്‍വ്വേ വിയുകതാ സ്വവിഹാരതന്ത്രം
ന ശക്‌നു മസതത് പ്രതിഹര്‍തവെ തേ

ലോകത്തെ സൃഷ്ടിക്കുന്നതിനായി അങ്ങയുടെ കലകളെക്കൊണ്ടും, ത്രിഗുണങ്ങളെകൊണ്ടും സൃഷ്ടിക്കപ്പെട്ടവരായ ഞങ്ങള്‍ഒറ്റക്ക് ഒറ്റക്ക് നില്‍ക്കുന്നവരാകയാല്‍ അങ്ങുക്കു വേണ്ടി കര്‍മ്മം അനുഷ്ടിക്കാന്‍ അശക്തരായി ഭവിക്കുന്നു. ഞങ്ങള്‍ ഏതു വിധത്തില്‍ അങ്ങക്ക് ബലിയര്‍പ്പിക്കണം? അല്ലയോ ജഗദീശ്വരാ! ജന്മാദി രഹിതനായ നിന്തിരുവടി ഗുണ കര്‍മ്മങ്ങളുടെ കാരണമായിരിക്കുന്ന അജയായ ശക്തിയില്‍ ജ്ഞാനമായ വീര്യത്തെ ആധാനം ചെയ്ത അങ്ങ് ഞങ്ങള്‍ക്ക് കൂടസ്ഥനും, ആദ്യനും, പുരാണപുരുഷനുമാണ്.

അങ്ങ് ഞങ്ങളെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്? ഞങ്ങള്‍ അങ്ങക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത്? അതിനു ഞങ്ങളെ പ്രാപ്തരാക്കിയാലും ! സ്വശക്തിയാല്‍ നിര്‍മ്മിതമായ പഞ്ചഭുതങ്ങളുടെ പ്രാര്‍ഥന ഭഗവാനെ ഉണര്‍ത്തി. അനന്തരം ഭഗവാന്‍ കാല സംജ്ഞ യോടുകുടിയ ദേവി ശക്തിയെ ആശ്രയിച്ച് (മായാശക്തി )ഇരുപത്തിമൂന്നു തത്ത്വങ്ങളിലും (മഹത്ത്വം, അഹംങ്കാരം, പഞ്ചതന്മാത്രകള്‍, പഞ്ച മഹാഭുതങ്ങള്‍, ദശേദ്രിയങ്ങള്‍, മനസ്സ് ഇവ കൂടി ചേര്‍ന്നത് ഇരുപത്തി മൂന്നു തത്വങ്ങള്‍ ) അന്തര്യാമിയായി പ്രവേശിച്ചു അനന്തരം അവയില്‍ ലീനമായിരിക്കുന്ന ക്രിയാശക്തിയെ ഉണര്‍ത്തി കൊണ്ടുവന്നു സംയോജിപ്പിച്ചു ഇപ്രകാരം ഈശ്വരനാല്‍ പ്രേരിപ്പിക്കപെട്ട ആ ഇരുപത്തി മൂന്നു തത്ത്വങ്ങളും താന്താങ്ങളുടെ അംശങ്ങള്‍ കൊണ്ട് വിരാട്ട് പുരുഷ ശരീരത്തെ നിര്‍മ്മിച്ചു. ഇരുപതിമുന്നു ത്വത്വങ്ങളിലൂടെ ഈശ്വരന്‍ പ്രവേശിച്ചപ്പോള്‍ അവയ്ക്ക് വികാരമുണ്ടായി. അങ്ങനെ അവ രൂപാന്തരപെട്ട് വിരാട്ട് സ്വരൂപമായി ഭവിച്ചു. ഈ വിരാട്ട് പുരുഷന്‍ കാരണ ജലത്തിലെ ഹിരണ്മയമായ അണ്ഡത്തില്‍ അനേകായിരം വര്‍ഷം കഴിച്ചു കൂട്ടി. ജ്ഞാന ശക്തി, ക്രിയാശക്തി, ആത്മശക്തി (ഭോര്‍തൃ ശക്തി ) എന്നിവയോടു കൂടിയ ആ വിരാട്ട് പുമാന്‍ തന്നെതന്നെ, ഒന്നായും പത്തായും, മൂന്നായും വിഭജിച്ചു. ഭഗവാന്റെ ആദ്യ അവതാരമായ ആ വിരാട്ട് പുരുഷനിലാണ് സകല ചരാചരങ്ങളും നിലകൊള്ളുന്നത് വിരാട്ട് ശരീരം ആദ്യമായി അധ്യാത്മം, അധിദൈവം, അധിഭൂതം ഇങ്ങനെ മൂന്നായി. പിന്നെ ഹൃദയതാല്‍ അഞ്ചിന്നമായ ചൈതന്യമായി. പിന്നെ ദശപ്രാണങ്ങളായി. ഇവ പ്രാണന്‍, അപാനന്‍, ഉദാനന്‍. സമാനന്‍,  വ്യാനന്‍.


മുഖ്യ പ്രാണന്മാരും നാഗം, കൂര്‍മ്മം, കൃകലന്‍ദേവദത്തന്‍, ധനജ്ജയന്‍ ഇവ ഉപ പ്രാണന്മാരുമായി. ഭഗവാന്റെ ഇച്ഛ പ്രകാരം ആ വിരാട്ട് പുരുഷന്‍ ദേവന്മാര്‍ക്ക് കര്‍മ്മ ശക്തി ലഭിക്കുന്നതിനായി തപസ്സു ചെയ്തു. മൈത്രേയ മഹര്‍ഷി തുടര്ന്നു 'അല്ലയോ പുണ്യാത്മന്‍! ഇനി ഞാന്‍ അങ്ങക്കായി ദേവന്മാര്‍, വിരാട്ട് പുരുഷന്റെ ഇതേതു അവയവങ്ങളിലാണ് കുടി കൊള്ളുന്നതെന്ന് വെളിപ്പെടുതാം. ആദ്യമായി വിരാട്ട് പുരുഷന്റെ മുഖം വേര്‍പെട്ടപ്പോള്‍, ലോകപാലകനായ അഗ്‌നി വാഗിന്ദ്രിയമാകുന്ന സ്വാംശതോടു കൂടി ആ സ്ഥാനത്ത് പ്രവേശിച്ചു. വിരാടിന്റെ താലു വേര്‍പെട്ടപ്പോള്‍ വരുണന്‍ രസനെദ്രിയമാകുന്ന സാമ്ശതോടു കൂടി. രസജ്ഞാനം ഉണ്ടാകുന്ന അവിടെ പ്രവേശിച്ചു. നാസാപുടങ്ങള്‍ വേര്‍പെട്ടപ്പോള്‍ 'അശ്വനീ ദേവന്മാര്‍' ഘ്രാണെദ്രിയമാകുന്ന സ്വാംശതോടെ ഗന്ധജ്ഞാന മുണ്ടാക്കുന്ന അവിടെ പ്രവേശിച്ചു. നേത്രങ്ങള്‍ വേര്‍പെട്ടപ്പോള്‍ ലോകപാലകനാകുന്ന സുര്യന്‍ ചക്ഷുരിദ്രിയമാകുന്ന സ്വാംശതോടെ രൂപ ജ്ഞാനം ഉണ്ടാക്കുന്ന അവിടെ പ്രവേശിച്ചു ചര്‍മ്മങ്ങള്‍ വേര്‍പെട്ടപ്പോള്‍, വായു പ്രാണശക്തിയോടുകുടി സ്പര്‍ശജ്ഞാനം ഉണ്ടാക്കുന്ന അവിടെ പ്രവേശിച്ചു. കര്‍ണ്ണങ്ങള്‍ വേര്‍പെട്ടപ്പോള്‍ ദിക്‌ദെവതകള്‍ ശ്രവണേ ന്ദ്രിയമാകുന്ന ശക്തിയോടെ ശബ്ദ ജ്ഞാനം ഉണ്ടാകുന്ന അവിടെ പ്രവേശിച്ചു. ത്വക്ക് വേര്‍പെട്ടപ്പോള്‍ 'ഔഷധികള്‍' രോമാങ്ങളാകുന്ന ശക്തിയോടെ അവിടെ പ്രവേശിച്ചു. ഗുഹ്യാവയവം വേര്‍പെട്ടപ്പോള്‍ 'ബ്രഹ്മാവ്' രേതസ്സ് എന്ന ശക്തിയോടെ രതിസുഖം ഉണ്ടാക്കുന്ന അവിടെ പ്രവേശിച്ചു. ഗുദം വേര്‍പെട്ടപ്പോള്‍ മിത്രന്‍ പായു എന്ന ശക്തിയോടെ വിസര്‍ഗ്ഗം ചെയ്യുന്ന അവിടെ പ്രവേശിച്ചു. കൈകള്‍ വേര്‍പെട്ടപ്പോള്‍ ഇന്ദ്രന്‍ ലോകവ്യാപാരമെന്ന ശക്തിയോടെ ഉപജീവന വൃത്തി നിര്‍വഹിക്കുന്ന അവിടെ പ്രവേശിച്ചു .

വിരാട്ട് പുമാന്റെ പാദങ്ങള്‍ വേര്‍പെട്ടപ്പോള്‍ 'വിഷ്ണു'ഗമനമെന്ന സ്വശക്തിയോടെ പ്രാപ്യസ്ഥാനത്തെ പ്രാപിക്കുന്ന അവിടെ പ്രവേശിച്ചു. ബുദ്ധി വേര്‍പെട്ടപ്പോള്‍ 'ബ്രഹ്മാവ്‌' ബോധമെന്ന ശക്തിയോടെ വസ്തുജ്ഞാനം ഉണ്ടാക്കുന്ന അവിടെ പ്രവേശിച്ചു. വിരാടിന്റെ ഹൃദയം വേര്‍പെട്ടപ്പോള്‍ ചന്ദ്രന്‍ 'മനസ്സ്' എന്ന ശക്തിയോട് കൂടി വികാരത്തെ പ്രാപിക്കുന്ന അവിടെപ്രവേശിച്ചു. അഹങ്കാരം വേര്‍പെട്ടപ്പോള്‍ 'രുദ്രന്‍' കര്‍മ്മ ശക്തിയോടുകുടി കര്‍ത്തവ്യ നിവര്‍ത്തിയോടു കൂടിയ അവിടെ പ്രവേശിച്ചു. വിരാടിന്റെ 'ചിത്തം' വേര്‍പെട്ടപ്പോള്‍ ബ്രഹ്മാവ് 'ചൈതന്യമെന്ന' ശക്തി വിശേഷത്തോടു കൂടി വിശേഷ ജ്ഞാനത്തെ പ്രാപിക്കുന്ന അവിടെ പ്രവേശിച്ചു വിരാട്ട് പുരുഷന്റെ ശിരസ്സില്‍ നിന്ന് സ്വര്‍ഗവും, പാദങ്ങളില്‍നിന്നു ഭൂമിയും, നാഭിയില്‍ നിന്ന് ആകാശവും ഉത്ഭവിച്ചു. ഈ ലോകങ്ങളില്‍ ദേവ മാനുഷ ജീവജാലങ്ങള്‍ അധിവസിക്കുന്നു. സത്വ ഗുണാധിക്യം കൊണ്ട് ദേവന്മാര്‍ സ്വര്‍ഗത്തിലും, രജോഗുണ പ്രധാനരായ മനുഷ്യര്‍ ഭൂമിയിലും തമോഗുണാധിക്യം കൊണ്ട് ഭൂത പ്രേതാദികള്‍ ആകാശത്തും വസിക്കുന്നു.

വിരാട്ട് പുമാന്റെ മുഖത്തു നിന്ന് വേദങ്ങളും, ശ്രേഷ്ടരായി കരുതപെടുന്ന ബ്രഹ്മണരും ജനിച്ചു, ബാഹുക്കളില്‍ നിന്ന് പരിപാലനമെന്ന ത്വത്വത്തെ അനുവര്‍ത്തിക്കുന്ന ക്ഷത്രിയരും, ഊരുക്കളില്‍ നിന്ന് ജനങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കുന്ന വൈശ്യര്‍ ഉണ്ടായി. വിരാട്ട് പുരുഷന്റെ പാദങ്ങളില്‍ നിന്ന് സേവനമെന്ന കര്‍മ്മത്തിന് തല്പരരായ ശുദ്രര്‍ ഉണ്ടായി. ഭഗവാനാല്‍ സൃഷ്ടമായ ഈ നാലു വര്‍ണ്ണക്കാരും താന്താങ്ങളുടെ കര്‍മ്മത്തിന് ശക്തിയും പുഷ്ടിയും കൈവരാന്‍ ജഗദീശ്വരനെ നിരന്തരം ഭജിക്കുന്നു. മൈത്രേയ മഹര്‍ഷി വിദുര മഹാശയനോട് ഇപ്രകാരം പറഞ്ഞു നിര്‍ത്തിവാക്കും. മനസ്സും, അഹംബോധവും, ബ്രഹ്മാദി ദേവന്മാരും ആരെ നിരന്തരം പ്രാപിക്കാന്‍ യത്‌നിച്ചു, നിരാശയോടെ പിന്തിരിയുന്നുവോ ആ ഭഗവാന്‍ എന്നും ചിത്തത്തില്‍ വിളങ്ങുവാന്‍ പ്രാര്‍ഥിക്കുന്നു. ശ്രീ ശുകന്‍ രാജാവിനോട് ഇങ്ങനെ പറഞ്ഞു 'മൈത്രേയ മഹര്‍ഷിയുടെ വിവരണം ശ്രവിച്ച വിദുരര്‍ സംശയ നിവര്‍ത്തിക്കായി അദ്ദേഹത്തോട് വീണ്ടും ചോദിച്ചു, 'നിര്‍ഗുണനും, നിരാകാരനും, സച്ചിദാനന്ദ സ്വരൂപനുമായ ഭഗവാന് കേവലം ലീലയായിട്ടാണങ്കില്‍ പോലും എങ്ങനെ ഈ ഗുണകര്‍മ്മാദികളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നു? ഇത് ഭഗവാന്റെ വെറും ബാല കേളിയാണോ അങ്ങനെ കരുതേണ്ടി യിരിക്കുന്നു. ത്രിഗുണാത്മകമായ മായയെ കൊണ്ട് ഭഗവാന്‍ ഈ വിശ്വം മുഴുവന്‍ സൃഷ്ടിച്ച്, സംരക്ഷിച്ച് അതാതിന്റെ സമയത്ത് സംഹരിച്ചു പോരുന്നു. അങ്ങനെയുള്ള ഭഗവാന് എങ്ങനെയാണ് മായാസംഗം ഉണ്ടാകുന്നത്? ഒരേ ഒരു ഈശ്വരനാണല്ലോ ക്ഷേത്രജ്ഞ രൂപേണ സകല ശരീരങ്ങളിലും വസിക്കുന്നത്! പ്രപഞ്ചം തന്നെ ഈശ്വരാംശ ആയിരിക്കെ ജീവികള്‍ക്ക് എന്തുകൊണ്ട് ക്ലേശം ഭവിക്കുന്നു? എന്റെ ഈ വലുതായ സങ്കടത്തെ മഹര്‍ഷീശ്വരനായ അങ്ങ് ദൂരീകരിച്ചാലും! മൈത്രേയ മഹര്‍ഷി പറഞ്ഞു, അല്ലയോ പുണ്യാത്മന്‍! യുക്തിക്ക് പൊരുത്ത പെടാന്‍ കഴിയാത്തതും എന്നാല്‍ വിശ്വാസികള്‍ക്ക് ശക്തിയും, രക്ഷയും നല്‍കുന്നത് ഏതൊന്നോഅതാണ് ഭഗവല്‍ മായ. സ്വപ്നത്തില്‍ ചിലര്‍ക്കെങ്കിലും ശിരസ്സ് വേര്‍പ്പെട്ടു പോകുന്നതായി തോന്നുന്നത്, ആ നിമിഷം വ്യക്തിക്ക് സത്യമായി തോന്നുന്നു അതേപോലെ മിഥ്യയായ ഈ ജഗത്തും ജീവികള്‍ക്ക് സത്യമായി ഭവിക്കുന്നു. മറ്റൊരുതരത്തില്‍, ജലത്തിന് ഇളക്കം ഭവിക്കുമ്പോള്‍, അതില്‍ പ്രതിബിംബിച്ചു കാണുന്ന ചന്ദ്രനും ഇളക്കം തട്ടുന്നതായി വ്യക്തികള്‍ക്ക് തോന്നലുണ്ടാകുന്നു .അതേപോലെ മനുഷ്യര്‍ തന്റെ ദേഹാദി ധര്‍മ്മങ്ങള്‍, ആത്മധര്‍മ്മമായി കരുതുന്നു.

സര്‍വേശ്വരനായ ഭഗവാനില്‍ എപ്പോഴാണോ വ്യക്തികള്‍ക്ക് സര്‍വ്വ ഇന്ദ്രിയ പ്രവര്‍ത്തികളും സമര്‍പ്പിക്കാന്‍ കഴിയുന്നത് അപ്പോള്‍ സര്‍വ ദുഖങ്ങളും അസ്തമിക്കുന്നു. നന്നായുറങ്ങുന്ന ശിശുവിനെ പോലെ അവനെ യാതൊന്നും അലട്ടില്ല. ഭഗവാന്റെ പാദാരവിന്ദങ്ങള്‍ നുകരുവാന്‍ കഴിയുന്ന ഭക്തന് മറ്റൊന്നും തേടേണ്ടി വരില്ല. വിദുരര്‍ മൈത്രേയ മഹര്‍ഷിയൊടു വെളിപെടുത്തി, 'പുണ്യ പ്രഭോ! അങ്ങയുടെ സുവാക്യങ്ങള്‍ എന്നെ ധന്യനാക്കി എല്ലാം എനിക്ക് വ്യക്തമായി, എന്തെന്നാല്‍ ബന്ധ മോക്ഷങ്ങളുടെ കാരണം ഭഗവാന്റെ മായാ പ്രഭാവമാണ്. അതു തന്നെയാണ് വിശ്വ കാരണമായി വര്‍ത്തിക്കുന്നത്. ഈ മായ ഭഗവാനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍, സര്‍വതിനും സമര്‍ത്ഥനും, വേര്‍പെടുമ്പോള്‍ അസമര്‍ധനും ആകുന്നു .

ഈ വിശ്വത്തില്‍ ജ്ഞാനിക്കും, മൂഡനും സുഖം ഭവിക്കുന്നു. മദ്ധ്യേയുള്ളവര്‍ സംശയം മൂലം, പല വിധ ക്ലേശങ്ങളിലും പെട്ടുഴലുന്നു. എല്ലായിപ്പോഴും വൈകുണ്ടാധിപന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുന്നവരുമായുള്ള സഹവാസം പുണ്യം ചെയ്തവര്‍ക്കെ സിദ്ധിക്കൂ. സകല ജീവ ജാലങ്ങളുടെ ഉള്ളിലും ജീവാംശമായി വിളങ്ങുന്ന വിരാട്ട് പുരുഷ ചൈതന്യതെയാണ് വേദങ്ങള്‍ അനേകായിരം പാദങ്ങളും, കൈകളും ഉള്ള വിശ്വമൂര്‍ത്തിയായി വര്‍ണ്ണിക്കുന്നത്. ഭഗവാന്റെ വിഭുതികളെ കുറിച്ചുള്ള അറിവ് അങ്ങ് എനിക്ക് പകര്‍ന്നു തന്നാലും! വിരാട്ട് സ്വരൂപത്തില്‍ നിന്ന് എപ്രകാരമാണ് നാനാത്വതോടുകൂടിയ ജീവജാലങ്ങള്‍ ഉണ്ടായത്? ബ്രഹ്മാവ്‌ എങ്ങനെയാണ് സൃഷ്ടി കര്‍മ്മം നടത്തിയത് ? സര്‍ഗ്ഗം, അനുസര്‍ഗ്ഗം, മന്വത്വരം ഇവ ഇതെല്ലാമാണ്? വംശതെകുറിച്ചും, വംശാനു ചരിതത്തെ കുറിച്ചുള്ള അറിവ് പകര്‍ന്നാലും! തിര്യക്കുകള്‍, ദേവന്മാര്‍, മനുഷ്യര്‍, സരീസ്രുപങ്ങള്‍, പക്ഷികള്‍, ജരായുജങ്ങള്‍, സ്വെദജങ്ങള്‍ ഇവയെല്ലാം എങ്ങനെയുണ്ടായി? ഋഷിമാരുടെ ജന്മാദികളും, വര്‍ണ്ണാശ്രമ വ്യവസ്ഥകളും, വേദശാഖകള്‍ ഏതെന്നും അറിയാന്‍ താല്പര്യമുണ്ട്. എതു ധര്‍മ്മം കൊണ്ടാണോ ഭഗവല്‍ പ്രസാദം സിദ്ധിക്കുന്നത് അത് അവിടുന്ന് വ്യക്തമാക്കിയാലും!

പ്രളയം എപ്രകാരം ഉണ്ടാകുന്നു എന്നും, ആ സമയം ഭഗവാനെ ഉപാസിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുന്നത് ആര്‍ക്കെല്ലാമെന്നു അറിയാന്‍താല്പര്യമുണ്ട്. ജ്ഞാന ഭക്തി, വൈരാഗ്യാദികളെ കുറിച്ചുള്ള അറിവ് നല്‍കിയാലും! ശ്രവണേന്ച്ചു ആയി തന്റെ മുന്നിലിരിക്കുന്ന പരീക്ഷിതിനോട്, ശ്രീ ശുകന്‍ പറഞ്ഞു, 'വിദുരരുടെ ചോദ്യം ശ്രവിച്ച മൈത്രേയന്‍, ഭഗവല്‍ കഥാഖ്യാനം നടത്താന്‍, കൈവന്ന ഭാഗ്യത്തില്‍ സന്തുഷ്ടനായി. മൈത്രേയ മഹര്‍ഷി തന്റെ ആഖ്യാനം തുടര്‍ന്നു, 'ഭാഗവതോതമനായ യമധര്‍മ്മന്‍, വിദുരരായി ജന്മമെടുക്കാന്‍ ഇടവന്നപൂരുവംശം സജ്ജനങ്ങള്‍ക്ക് ആശ്രയ യോഗ്യം തന്നെ. അല്പമായ സുഖത്തെ കാംക്ഷിച്ച് വലുതായ ദുഃഖം അനുഭവിക്കേണ്ടി വരുന്ന ജനങ്ങള്‍ക്ക് ദുഃഖ നിവര്‍ത്തി വരുത്തുവാനായി 'ഭഗവാന്‍' തന്നെ ഋഷിമാര്‍ക്ക് ഉപദേശിച്ച ഭാഗവത പുരാണത്തെ പറ്റി ഞാന്‍ അങ്ങയോട് വെളിപെടുത്താം. മൈത്രേയന്‍ തന്റെ ആഖ്യാനം തുടങ്ങി, പണ്ട് രസാതലത്തില്‍ വസിക്കുന്നവനും ആദ്യനും, ഐശ്വരാദി പൂര്‍ണനുമായ' സങ്കര്‍ഷണ മൂര്‍ത്തിയെ ' സമീപിച്ച് സനകാദി മുനിമാര്‍ പരമാത്മ തത്വത്തെ കുറിച്ച് ചോദിക്കുകയുണ്ടായി. ഇതുകേട്ട് വാസുദേവനെ തന്നേ ധ്യാനിച്ചിരിക്കയാല്‍ അന്തര്‍ മുഖമാക്കിയ തന്റെ നേത്ര കമലങ്ങളെ മുനിമാര്‍ക്ക് വേണ്ടി അല്പം തുറന്നു. അപ്പോള്‍ മുനിമാര്‍, സ്വര്‍ഗംഗയിലെ ജലം കൊണ്ട് നനഞ്ഞ ജടാജൂടങ്ങള്‍ കൊണ്ട് ഒരു താമര പൂവില്‍ വെച്ചിരുന്ന സങ്കര്‍ഷണ മൂര്‍ത്തിയുടെ തൃപാദങ്ങളെ പ്രണമിച്ചു. ആ തൃപാദങ്ങള്‍, ഭര്‍താര്‍ധികളായ നാഗ കന്യകമാര്‍ പ്രേമപൂര്‍വം നാനാവിധ ബലികര്‍മ്മങ്ങളാല്‍ അര്‍ച്ചിക്കപ്പെട്ടിരുന്നതാണ് ആയിരം ശിരസ്സുകളോടും, അവയിലെല്ലാം വിശിഷ്ഠ കിരീടങ്ങള്‍ അണിഞ്ഞവനുമായ സങ്കര്‍ഷണമൂര്‍ത്തി, മുനിമാരുടെ ചോദ്യം കേട്ട് സന്തുഷ്ടനായി. അദ്ദേഹം, സനത് കുമാരനെ നിമിത്തമാക്കി ഭാഗവത പുരാണം ഉപദേശിച്ചു കൊടുത്തു. ബ്രഹ്മ ജ്ഞാനികളില്‍ വെച്ച് ഉത്തമനായ 'സാംഖ്യായനന്‍' പിന്നീട് ഈ പുരാണം സ്വശിഷ്യനായ പരാശരനും, ബൃഹസ്പതിക്കും ഉപദേശിച്ചു. അതിനുശേഷം പുലസ്ത്യ മഹര്‍ഷിയുടെ അനുഗ്രഹത്തോടെ പരാശര മുനി ഈ പുണ്യ പുരാണത്തെ എനിക്ക് ഉപദേശിച്ചു തന്നു. ഇതാ ഞാനിപ്പോള്‍ ഈ മാഹാത്മ്യം അങ്ങക്കും പകര്‍ന്നു നല്‍കുന്നു.

മൈത്രേയ മഹര്‍ഷി തന്റെ ആഖ്യാനം തുടര്‍ന്നു, 'ഈ പ്രപഞ്ചം പ്രളയാബ്ദിയില്‍ ലയിച്ചപ്പോള്‍ ഭഗവാന്‍, ആദിശേഷനാകുന്ന മെത്തയില്‍ യോഗനിദ്രയെ പ്രാപിച്ചു. പ്രളയാവസാനത്തില്‍ തന്നെ ഉണര്‍ത്തുവാനായി കാലമെന്ന ശക്തിയെ നിയോഗിച്ച ജഗദീശ്വരന്‍, ഭുത സൂക്ഷ്മങ്ങളെയെല്ലാം അഗ്‌നി, വിറകിലെന്ന പോലെ തന്നില്‍ ലയിപ്പിച്ച ശേഷംകാരണ ജലത്തില്‍ യോഗനിദ്രയിലാണ്ടു. ഇപ്രകാരം ആയിരം ചതുര്‍യുഗങ്ങള്‍ യോഗനിദ്രയില്‍ ആണ്ടു കിടന്ന ഭഗവാനെ കാലമെന്ന ശക്തി ഉണര്‍ത്തി. അപ്പോള്‍ ഭഗവാന്‍ സ്വശരീരത്തില്‍ ലീനമായി കിടന്നിരുന്ന ഭുത സൂക്ഷ്മങ്ങളെയെല്ലാം വീക്ഷിച്ചു. ഭഗവാന്റെ ദൃഷ്ടി പതിഞ്ഞപ്പോള്‍, അവയെല്ലാം 'രജോഗുണതാല്‍' ക്ഷോഭിക്കപ്പെട്ടു, ഭഗവാന്റെ നാഭീ കമലത്തില്‍ കൂടി പുറത്തു വന്നു. സദ് ഗുണ സമ്പന്നമായ ആ പദ്മത്തില്‍ വിഷ്ണു ഭഗവാന്‍ തന്നെ പ്രവേശിച്ചു. അപ്പോള്‍ സ്വയംഭൂഎന്നറിയപ്പെടുന്ന വേദസ്വരൂപിയായ ബ്രഹ്മാവ് അതില്‍ നിന്നും ജാതനായി. ആ പദ്മതിന്റെ കര്‍ണ്ണികയില്‍ ആസനസ്ഥനായ ബ്രഹ്മാവ്‌. ഒന്നും കാണാന്‍ കഴിയാതെ 'നാലുചുറ്റും പരിഭ്രാന്തിയോടെ നോക്കി. അതോടെ അദ്ദേഹം ചതുര്‍ മുഖനായി ഭവിച്ചു. പ്രളയ സമുദ്രത്തിലെ തിരമാലകളുടെ മദ്ധ്യത്തില്‍ ഉയര്‍ന്നു നില്ക്കുന്ന താമരയില്‍ ആസനസ്ഥനായിരുന്ന ബ്രഹ്മാവിനു താനാരണന്നും, ലോകത്വത്വം എന്താണന്നും അറിയാന്‍ കഴിഞ്ഞില്ല. അദ്ദേഹം സ്വയം ചോദിച്ചു 'ഞാന്‍ആരാണ്? എങ്ങനെ എവിടെ വന്നു? ഈ താമര എവിടെ നിന്ന് ഉത്ഭവിച്ചു? പിന്നീട് അദ്ദേഹം താമര തണ്ടിന്റെ നാളത്തിലൂടെ ജലാന്തര്‍ഭാഗത്ത് പ്രവേശിച്ചു.

അനേകകാലം അന്വേഷിച്ചിട്ടും അദ്ദേഹത്തിന് ആ പദ്മതിന്റെ ആധാരം കണ്ടെത്താനായില്ല. കാലങ്ങള്‍ കടന്നിട്ടും ബ്രഹ്മാവിനു തന്റെ തിരച്ചിലിന് ഒരു ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം സ്വസ്ഥാനത്തു മടങ്ങി വന്നിരുന്നു 'പ്രാണായാമം' ചെയ്യാന്‍ തുടങ്ങി. സമാധിയിലൂടെ ബ്രഹ്മാവ്‌ സ്വഹൃദയത്തില്‍ ഭഗവാനെ ദര്‍ശിച്ചു. പ്രളയ ജലത്തില്‍ അനന്തന്റെ സഹസ്ര ഫണങ്ങളാകുന്ന കുടക്കു താഴെ അനന്തശായി ആയി കിടക്കുന്ന ഭഗവാനെ ബ്രഹ്മാവ് ദര്‍ശിച്ചു. സ്വര്‍ണ്ണമയമായ കിരീടതോടും, രത്‌നങ്ങള്‍, നീരരുവികള്‍, സസ്യങ്ങള്‍, സുഗന്ധ പുഷ്പങ്ങള്‍ എന്നിവയാകുന്ന മാലകളോടും, സന്ധ്യാ മേഘമാകുന്ന വസ്ത്രതോടും മുളകളാകുന്ന കൈകളോടും, മരങ്ങളാകുന്ന കാലുകളോടും, പച്ചക്കല്‍ പര്‍വതത്തിന്റെ ശോഭയെ നിസ്സാരമാക്കുന്ന ശോഭയോട് കൂടിയ ഭഗവല്‍ സ്വരൂപത്തെ ബ്രഹ്മാവ് ദര്‍ശിച്ചു. ആ മഹത് രൂപം ത്രിലോകങ്ങളെയും ഉള്‍കൊള്ളുന്നതും, ദിവ്യ വസ്ത്രാഭരണങ്ങള്‍ അണിഞ്ഞതുംഅതി ബൃഹത്തും ആയി കാണപ്പെട്ടു. ചിത്ത ശുദ്ധിയോടെ തന്നെ പൂജിക്കുന്നവര്‍ക്ക് അഭീഷ്ട സിദ്ധിയെ നല്‍കുന്നവനും നഖേന്ദു കിരണങ്ങളാല്‍ വിടര്‍ന്ന വിരലുകളോടുകുടിയ സുന്ദര പാദപദ്മത്തെ ഭക്താനുഗ്രഹതിനായി പ്രദര്‍ശിപ്പിക്കുന്നവനും, ലോകാര്തി നശിപ്പിക്കുന്ന മന്ദഹാസതോടു കൂടിയവനും ദീപ്തമായ കുണ്ഡലങ്ങളാല്‍ പരി ശോഭിതമായ വദനാരവിന്ദതൊടും തൊണ്ടി പഴത്തിനു തുല്യമായ അധരതോടും, കദംബ പുഷ്പത്തിന്റെ അല്ലിപോലെയുള്ള നിറ തോടുകുടിയ പീതാംബരത്തെ അണിഞ്ഞവനും, വക്ഷ സ്ഥലത്ത് ശോഭിക്കുന്ന ശ്രീവത്സവും, അനേകഹാരങ്ങള്‍ അലങ്കരിച്ച മാറിടഭംഗിയും, അനേകായിരം കൈകളില്‍ അമുല്യ രത്‌ന ശോഭയോടെയുള്ള തോള്‍ വളകള്‍ ചാര്‍തിയവനും സഹസ്രപാദ രൂപിയായ ഭഗവാന്‍ ഒരു മഹാവൃക്ഷം കണക്കേ തന്റെ മുന്നില്‍ നില്ക്കുന്നതായി ബ്രഹ്മാവ്‌ ദര്‍ശിച്ചു. വേദമാകുന്ന വണ്ടുകളാല്‍ സദാ പരികീര്‍ത്തിക്ക പെടുന്നവനും, സ്വകീര്‍ത്തിയെ വിളംബരം ചെയ്യുന്ന വനമാലയാല്‍ മൂടപെട്ടവനും, സുര്യന്‍, ചന്ദ്രന്‍, വായു, അഗ്‌നി ഇവക്ക് അഗമ്യനും, ത്രിലോകങ്ങളിലും ക്ഷണ നേരം കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്നവനും, അഭക്തര്‍ക്ക് അപ്രാപ്യനും ആയ ആ ദിവ്യരൂപത്തെ ബ്രഹ്മാവ് ദര്‍ശിച്ചു. തുടര്‍ന്ന് ബ്രഹ്മാവ്‌ ലോകസൃഷ്ടി നടത്തുവാന്‍ ആഗ്രഹിച്ചപ്പോള്‍ ഭഗവാന്റെ നാഭിയില്‍ നിന്നുയര്‍ന്ന താമരയെയും, ജലത്തെയും, വായുവിനെയും, ആകാശത്തേയും തന്നെയും മാത്രം ദര്‍ശിച്ചു. അനന്തരം പ്രജാ സൃഷ്ടി നടത്തുവാനുള്ള ആഗ്രഹത്തോടെ ഭഗവാനെ സ്തുതിക്കുവാന്‍ തുടങ്ങി .


ജ്ഞാതോസി മേ ആദ്യ സുചിരാന്നനു ദേഹഭാജാം
ന ജ്ഞായതെ ഭഗവതോ ഗതി രിത്യവദ്യം
നാന്യത്ത്വ ദസ്തി ഭഗവന്നപി തന്ന ശുദ്ധം
മായാഗുണ വ്യതികരാദ് യദുരുര്‍ വിഭാസി (ബ്രഹ്മ സ്തുതി )
അല്ലയോ ഭഗവാനേ! വളരെക്കാലം തപസ്സനുഷ്ടിച്ചതുകൊണ്ട് എനിക്ക് അങ്ങയുടെ മഹത്വം കുറച്ചെല്ലാം അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ശരീരികള്‍ക്ക് അങ്ങയുടെ മഹത്വം എന്തന്നു അറിയില്ല. മായാ ഗുണ സങ്കലനം കൊണ്ട് അങ്ങ് അനേക രൂപനായി കാണപ്പെടുന്നു. എന്നാല്‍, അങ്ങയില്‍ നിന്ന് അന്യമായി യാതൊന്നും ജഗത്തിലില്ലന്നതാണ് സത്യം. എല്ലാം അങ്ങയുടെ ഗുണതാല്‍ വര്‍ത്തിക്കുന്നു. അല്ലയോ ദേവാധിദേവാ! അങ്ങയുടെ ഈ സ്വരൂപം അവിദ്യയില്‍ നിന്ന് മുക്തവും, സജ്ജനാനുഗ്രഹത്തിനായി ചിച്ഛക്തിയാല്‍ സ്വീകരിക്കപ്പെട്ടതും, അനേകം അവതാരങ്ങളുടെ ബീജവുമാണ്. അതിന് ഉദാഹരണമാണല്ലോ അങ്ങയുടെ നാഭീ പദ്മതില്‍ നിന്നുയര്‍ന്ന താമരയില്‍ ഞാന്‍ ജാതനായത്. വിശ്വത്തെ സൃഷ്ടിക്കുന്നതും, വിശ്വത്തേക്കാള്‍ ഉപരിയായതും, ഭുതങ്ങള്‍, ഇന്ദ്രിയങ്ങള്‍ ഇവയുടെ കാരണമായതും ഏകവുമായ നിന്തിരുവടിയെ ഞാന്‍ ആശ്രയിക്കുന്നു. അല്ലയോ മംഗള ദായിയായ ഭഗവാനേ! ഉപാസകരായഞങ്ങളുടെശ്രേയസ്സിന് വേണ്ടിയാണ് അങ്ങ്, ധ്യാനാവസ്ഥയില്‍ ഇരുന്ന എനിക്ക് ഈ സ്വരൂപം കാട്ടി തന്നത്. അല്ലയോ ജഗദീശ്വരാ! അങ്ങക്ക് കോടി കോടി പ്രണാമം!! പ്രജാസൃഷ്ടി നിയുക്തനായ ബ്രഹ്മാവ്‌ വീണ്ടും ഭഗവാനെ സ്തുതിച്ചു, വേദമാകുന്ന കാറ്റിനാല്‍ ചൂഴപ്പെടുന്ന അങ്ങയുടെ ചരണാംബുജ കോശ ഗന്ധത്തെ കര്‍ണ്ണത്തിലൂടെ ഘ്രാണിക്കാന്‍ കഴിയുന്ന ഭക്തന്‍ എന്നുമെന്നും ആ തൃപ്പാദത്തെ ആശ്രയിക്കുന്നു. അവരുടെ ഹിതാനുകാരിയായി അങ്ങ് അവരുടെ ഹൃദയത്തിലും വസിക്കുന്നു. അങ്ങയെ സര്‍വാശ്രയമായി കാണാന്‍ വിമുഖത കാട്ടുന്ന ജനങ്ങള്‍ മമതാ ബന്ധതിന്റെ നീര്‍ച്ചുഴിയില്‍ പെട്ട് ലക്ഷ്യ ബോധം നഷ്ടപ്പെട്ട് അലയുന്നു അല്ലയോ സര്‍വേശ്വരാ! വിശപ്പ്, ദാഹം, വാതപിത്ത കഫങ്ങള്‍, ശീതം, ഉഷ്ണം, കാറ്റ്, മഴ, കോപാഗ്‌നി ഇവയാല്‍ പീഡിതരായി കഴിയുന്ന ജനങ്ങളെ കാണുമ്പോള്‍ എനിക്ക് അതിയായ ദുഃഖം തോന്നുന്നു. അങ്ങയുടെ മായാശക്തി നിലനില്ക്കുന്ന കാലത്തോളം ജനങ്ങള്‍ ഭ്രാന്തമായ മമതാബന്ധത്തില്‍ പെട്ട് ഉഴലുക തന്നെ ചെയ്യും. അല്ലയോ ജഗദീശ്വരാ! ഋഷി മാര്‍പോലും, ചില സമയങ്ങളില്‍ അങ്ങയാല്‍ സൃഷ്ടമായ ഈ മായാ ബന്ധനത്തില്‍ അകപ്പെട്ട് ദിശ തെറ്റി അലയുന്നു. ഭക്തന്മാര്‍ ധ്യാനിക്കുന്ന അതേ സങ്കല്പത്തിലും, അതേ രൂപത്തിലും അനുഗ്രഹം ചൊരിയുന്ന നാഥാ! ഞാന്‍ വണങ്ങുന്നു. ജഗദീശ്വരാ! അങ്ങ് സര്‍വ ജീവജാലങ്ങളിലും അന്തര്യാമിയായി വര്‍തിക്കുന്നവനും, സര്‍വരുടെയും ആത്മ ബന്ധുവുമാണ്. സകലത്തിലും അങ്ങയെ ദര്‍ശിക്കുക എന്നതാണ് ശരിയായ ആരാധന. എന്നാല്‍ ദേവന്മാര്‍ പോലും പലപ്പോഴും ഈ എകഭാവനയില്‍ നിന്ന് വ്യതി ചലിക്കുന്നു. അല്ലയോ മൂലകാരണികനായ ഭഗവാനെ! അങ്ങക്കായി സമര്‍പ്പിക്കുന്ന ഏതു കര്‍മ്മവും, ധര്‍മ്മവും ഏതു പ്രകാരതിലായാലും അങ്ങയുടെ കടാക്ഷം അതിലുണ്ടാകും. യാതോരുവന്റെ അവതാരം, ഗുണം, കര്‍മ്മം അനുകരണങ്ങള്‍ മുതലായവയോടു കൂടിയ നാമങ്ങളെ പ്രാണന്‍ വെടിയുന്ന സമയത്ത് അവശരായി ജപിച്ചാല്‍ പോലും അവന്‍ അനേക ജന്മാര്‍ജ്ജിതമായ പാപങ്ങളില്‍ നിന്ന് മുക്തി നേടുന്നു. അങ്ങനെയുള്ളവനും ജന്മാദിഹീനനുമായ ഭഗവാനെ ഞാന്‍ ശരണം പ്രാപിക്കുന്നു. ഏകനായ യാതോരുവനാണോ പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരങ്ങള്‍ക്ക് ഹേതുഭുതരാകാന്‍ വേണ്ടി ബ്രഹ്മാവായ ഞാനായും, വിഷ്ണുവായും, ശിവനായും മറ്റനേകം ശാഖോപശാഖകളായും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ആ വിശ്വവൃക്ഷമായ ഭഗവാനേ ഞാന്‍ നമിക്കുന്നു .

നിന്തിരുവടിയുടെ ഇച്ഛക്ക് വിപരീതമായി ഭോഗസുഖങ്ങളില്‍ മുഴുകി ദേഹാഭിമാനം ഹേതുവായി അന്യരെ ദുഖിപ്പിക്കുന്ന ദുഷ്ടരെ അങ്ങ് ഹനിക്കുന്നു. സകല ലോകരാലും ആദരിക്കപ്പെടുന്നതും, രണ്ടു പരാര്‍ദ്ധം നിലകൊള്ളുന്നതുമായ ബ്രഹ്മപദവിയെ പ്രാപിച്ച ഞാന്‍ പോലും അങ്ങയെ ഭയക്കുന്നു. അതുകൊണ്ട് ഞാന്‍ അനേകവര്‍ഷം അങ്ങയെ പ്രാപിക്കാനായി കഠിന തപസ്സനുഷ്ടിക്കുകയുണ്ടായി. വളരെയധികം യജ്ഞങ്ങള്‍ ചെയ്യുകയുണ്ടായി. അല്ലയോ യജ്ഞമൂര്‍ത്തിയായ ഭഗവാനെ! അവിടുത്തേക്കായികൊണ്ട് നമസ്‌കാരം!!

ബ്രഹ്മാവ്‌ വീണ്ടും പ്രാര്‍ത്ഥിച്ചു, 'അവിടുന്ന് സകലതിലും വിരക്തനാണങ്കിലും, താന്‍ നിശ്ചയിച്ച ധര്‍മ്മങ്ങളെ നിലനിര്‍ത്തുന്നതിനായി തിര്യക്കുകള്‍, മനുഷ്യര്‍, ദേവന്മാര്‍ തുടങ്ങിയവരായി അവതാരമെടുത്ത് രമിക്കുകയുണ്ടായി. അഞ്ചു പ്രകാരത്തിലുള്ള അവിദ്യ സ്പര്‍ശിച്ചിട്ടില്ലാതവനാണെങ്കിലും നിന്തിരുവടി ലോകത്തെയാകെ ഉദരതിലോതുക്കികൊണ്ട്, തിരമാലകള്‍ കെട്ടടങ്ങാത്ത സാഗര മദ്ധ്യത്തില്‍ സര്‍പശയ്യയില്‍ യോഗനിദ്ര കൊള്ളുന്നു. ഇതുകണ്ടാല്‍ ജീവികളുടെ സുഖനിദ്ര എപ്രകാരമെന്ന് കാണിച്ചു തരികയാണന്നു തോന്നിപ്പോകും. ബ്രഹ്മാവ്‌ വീണ്ടും ഭഗവാനെ സ്തുതിച്ചു, 'അല്ലയോ ജഗല്‍പിതാവേ! പ്രജാസൃഷ്ടിക്ക് നിയുക്തനായ ഞാന്‍ അങ്ങയുടെ നാഭീ പദ്മതില്‍ ജന്മമെടുത്തു. സംസാരത്തെ ആകെ സ്വന്തം നാഭിയില്‍ ഒതുക്കി യോഗനിദ്ര ചെയ്യുന്ന അങ്ങ്, നിദ്ര വിട്ടുണര്‍ന്നാല്‍ ചെംതാമര കണ്ണനായി തീരുന്നു. അങ്ങനെയുള്ള ഭാഗവാനായിക്കൊണ്ട് നമസ്‌ക്കാരം! ഏകനും ആശ്രിത വല്‍സലനും ലോകരുടെയെല്ലാം സുഹൃത്തുമായ അങ്ങ് അവര്‍ക്കുള്ളില്‍അന്തര്യാമിയായി സ്ഥിതി ചെയ്ത് സ്വന്തം വിഭുതിയാല്‍ അവരെ ആനന്ദിപ്പിക്കുന്നു. അങ്ങനെയുള്ള നിന്തിരുവടി! അങ്ങ് സൃഷ്ടി കര്‍മ്മത്തിനു വേണ്ട ജ്ഞാനം തന്ന് എന്നെ അനുഗ്രഹിച്ചാലും! അങ്ങയുടെ അനുഗ്രഹത്താല്‍ പ്രേരിതനായി പ്രജാസൃഷ്ടി നടത്താന്‍ ഉദ്യമിക്കുന്ന എന്റെ ഹൃദയത്തില്‍ നിന്നും വേദവാക്യങ്ങള്‍ ഒരിക്കലും വേര്‍പെട്ടു പോകരുത്. അല്ലയോ കരുണാമയനായ ഭഗവാനെ! അങ്ങ് യോഗനിദ്രയില്‍ നിന്നുണര്‍ന്ന്, അങ്ങയുടെ തൃക്കണ്ണുകളാല്‍ എന്നെ വീക്ഷിച്ച്, ആ മധുര വാക്കുകളാല്‍എന്റെ വിഷാദത്തെ ശമിപ്പിച്ചാലും! മൈത്രേയന്‍ വിദുരരോട് തന്റെ ആഖ്യാനം തുടര്‍ന്നു, 'പുത്ര സ്ഥാനീയനായ ബ്രന്മാവിനെ സ്തുതിയില്‍ പ്രീതനായ ഭഗവാന്‍ യോഗനിദ്ര വിട്ടുണര്‍ന്ന് ബ്രന്മാവിനെ നോക്കി പുഞ്ചിരിച്ചു. അനന്തരം ഭഗവാന്‍ ഇപ്രകാരം പറഞ്ഞു

'മാ വേദഗര്ഭാ !ഗാസ്തന്ദ്രീം സര്‍ഗ്ഗ ഉദ്യമ മാവഹ
തന്മയാ അപാദിതം ഹ്യഗ്രെ യന്മാം പാര്‍ധയതെ ഭവാന്‍
ഭുയസ്തം തപ ആതിഷ്ട വിദ്യാം ചൈവ മദാശ്രയാം
താഭ്യാം അന്തര്‍ ഹൃദി ബ്രന്മന്‍ !ലോകാന്‍ ദ്രക്ഷ്യ സൃപാവ്യതാന്‍
തത്ര ആത്മാനി ലോകേ ച ഭക്തിയുക്ത: സമാഹിത:
ദ്രഷ്ടാസി മാം തതം ബ്രന്മന്‍ !മയി ലോകാം സ്വ തത് ആത്മ നാ
യദാതുസര്‍വഭുതേഷു ദാരുഷ്യഗ്‌നിമിവ സ്ഥിതം 
പ്രതിചക്ഷിത മാം ലോകോ ജഹ്യാന്തര്‍ ഹെയെവ കശ്മലം (ഭാഗവതം ) 

ഭഗവാന്‍ പറഞ്ഞു, 'അല്ലയോ വേദഗര്‍ഭാ! അവിടുന്ന് വിഷാദിക്കാതിരിക്കു. അവിടുന്ന് എന്നോട് ആവശ്യപ്പെടുന്നതെല്ലാം ഞാന്‍ മുന്‍പേ തന്നെ ചെയ്തതാണ്. അങ്ങ് സൃഷ്ടി കര്‍മ്മത്തില്‍ ഉദ്യുക്തനായാലും. ഇനിയും തപസ്സനുഷ്ടിക്കുക! അപ്പോള്‍ അങ്ങയുടെ ഹൃദയത്തില്‍ സകല ലോകങ്ങളും, അവയിലെല്ലാം അന്തര്യാമിയായ എന്നേയും കാണാന്‍ കഴിയും. വിറകില്‍ അഗ്‌നിയെന്ന പോലെ, സകല ചരാചരങ്ങളിലും വ്യാപിച്ചു നില്ക്കുന്ന എന്നെ അറിയുന്ന നിമിഷം അങ്ങയുടെ സകല ദുഖവും ശമിക്കും. ഭഗവാന്‍ വീണ്ടും അരുളി ചെയ്തു, 'ഗുണങ്ങള്‍, ഇന്ദ്രിയങ്ങള്‍, അന്തക്കരണം, പഞ്ച ഭൂതങ്ങള്‍ എന്നിവയില്‍ നിന്ന് അന്യമായും, എന്നോട് ചേര്‍ന്നവയായും ആത്മാവിനെ എപ്പോയാണോ അങ്ങക്ക് ദര്‍ശിക്കാന്‍ കഴിയുന്നത് അപ്പോള്‍ അവിടുന്ന് മുക്തിയെ പ്രാപിക്കും. എന്റെ അനുഗ്രഹം കൊണ്ട് വൈവിദ്ധ്യമാര്‍ന്ന അവിടുത്തെ സൃഷ്ടി കര്‍മ്മത്തിന് യാതൊരു തടസ്സവും ഭവിക്കില്ല. അങ്ങയെ പാപമായ രജോഗുണം ഒരിക്കലും ബാധിക്കില്ല, എന്തെന്നാല്‍, അവിടുത്തെ ചിത്തം എന്നില്‍ ഉറച്ചതാണ്. അങ്ങ് എന്നെ ഭൂതെന്ദ്രിയ ഗുണങ്ങളില്‍ നിന്ന് വ്യതിരിക്തനായി കാണുന്നതിനാല്‍, ദേഹികള്‍ക്ക് അജ്ഞനായ ഞാന്‍, അങ്ങേക്ക് പ്രാപ്യനായിരിക്കുന്നു.

ഞാന്‍ ആരാണന്നു സംശയം ഉണ്ടായപ്പോള്‍ അങ്ങ് താമര തണ്ടിന്റെ നാളത്തിലൂടെ ഇറങ്ങി. വന്ന് എന്നെ തിരഞ്ഞു. പിന്നീട് സമാധി യോഗം കൊണ്ട് അങ്ങേക്ക് സ്വഹൃദയത്തില്‍ എന്നെ ദര്‍ശിക്കാന്‍ കഴിഞ്ഞു. ലോകപാലനതിനായി, നിര്‍ഗുണനായ എന്നെ സഗുണനായി വാഴ്ത്തി സ്തുതിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അങ്ങയാല്‍ എനിക്കര്‍ച്ചിക്കപ്പെട്ട ഈ സ്‌തോത്രം, ആര് ജപിച്ചാലും ഞാന്‍ പ്രസാദിക്കും. അല്ലയോ വിധാതാവേ! യാതോരാത്മാവിനു വേണ്ടിയാണോ ദേഹാദികള്‍ പ്രിയപെട്ടതായിരിക്കുന്നത്, ആ ആത്മാവിന്റെ എല്ലാം മേലെയായി വര്‍ത്തിക്കുന്നവനും, പ്രിയം നല്‍കുന്നവരില്‍ വെച്ച് അത്യുത്തമനുമായ എന്നില്‍ എപ്പോഴും അങ്ങയുടെ ചിത്തം ഉറച്ചിരിക്കണം. സര്‍വ വേദസ്വരൂപനും, എന്നില്‍ നിന്ന് ഉത്ഭവിച്ചവനും, ഞാന്‍ തന്നെയുമായ അവിടുന്ന് എന്നില്‍ ലയിച്ചു കിടക്കുന്നപ്രജകളെയെല്ലാം പുനസൃഷ്ടിചാലും!!

മൈത്രേയ മഹര്‍ഷി തുടര്ന്നു, 'മായയുടെയും, ജീവകോടികളുടെയും ഈശ്വരനായിരിക്കുന്ന ഭഗവാന്‍ 'ശ്രീ പത്മനാഭന്‍ 'ബ്രഹ്മാവിനോട് ഇപ്രകാരം സൃഷ്ടുരുപായം അരുളിചെയ്ത ശേഷം അന്തര്‍ധാനം ചെയ്തു.

 ഇതി ശ്രീ മഹാഭാഗവതം തൃതീയ സ്‌കന്ധെ നവമോ അദ്ധ്യായ സമാപ്‌തോ !

ഓം നമോ വാസുദേവായ !!!

 

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2522987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories