ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ ഗോചരഫലം


ഒരു മനുഷ്യന്‍റെ ജാതകത്തില്‍ പറഞ്ഞിരിക്കുന്ന ഫലങ്ങള്‍ കൂടാതെ സമയാസമയങ്ങളില്‍ ഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ അവ മനുഷ്യന്‍റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. അതിനെയാണ് ഗോചര ഫലം ( ഇംഗ്ലീഷില്‍ Transit forecast ) എന്നു പറയുന്നത്. പ്രധാനമായും വ്യാഴം, ശനി, രാഹു, കേതു ഇവയുടെ രാശിമാറ്റം ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് കാരണമാകാറുണ്ട്. കഴിഞ്ഞ രണ്ടു മാസമായി അപൂര്‍വ്വമായി ഗുരു, ശനി, രാഹു കേതു ഇവ രാശി മാറിയിരിക്കുന്നു. ഗുരു ഏകദേശം ഒരു വര്‍ഷവും ശനി രണ്ടര വര്‍ഷവും രാഹു കേതുകള്‍ ഒന്നര വര്‍ഷവും ഒരു രാശിയില്‍ സഞ്ചരിക്കുന്നു. ഇവയുടെ മാറ്റം നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് നോക്കാം


മേടം (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യത്തെ 15 നാഴിക

രാഹു നാലിലും കേതു പത്തിലും സഞ്ചരിക്കുന്ന കാലമാണ് വരുന്നത്. ഗുരു ആറില്‍നിന്ന് ഏഴിലെയ്ക്കും കടക്കുന്നു. ശനി ഒമ്പതിലേയ്ക്കും വരുന്നു. ഗുരുവിന്‍റെ കേന്ദ്രസ്ഥിതി കഴിഞ്ഞകാലങ്ങളില്‍ നിന്ന് ആശ്വാസം തരുമെങ്കിലും. രാഹുവിന്റെയും ശനിയുടേയും ഗ്രഹസ്ഥിതികള്‍ അത്രയ്ക്കു അനുകൂലമല്ല. മാതാവിന്റെ ശാരീര ക്ലേശങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണിത്. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സൂക്ഷ്മത വേണ്ടിവരും. അസമയത്തെ യാത്ര ഒഴിവാക്കേണ്ടതാണ്. താമസസ്ഥലം മാറുവാനും സാധ്യതയുണ്ട്. ബന്ധുജനങ്ങളില്‍ നിന്ന് ഏതിര്‍പ്പുകള്‍ നേരിട്ടേക്കാം. അനാവശ്യ വാഗ്വാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. കുജന്റെ അനിഷ്ട ഗ്രഹസ്ഥിതിയില്‍ പോലീസ് കേസുകള്‍ വ്യവഹാരങ്ങള്‍ ഉണ്ടായേക്കാം. ശനിയുടെ ഒമ്പതാം രാശിസ്ഥിതി മാനസിക സൗഖ്യത്തെ പ്രതികൂലമായ്‌ ബാധിച്ചേക്കാം. തൊഴില്‍ രംഗത്തും തടസ്സങ്ങള്‍ നേരിടുന്ന സമയമാണ്. ഗുരുവിന്റെ ഗ്രഹസ്ഥിതി നല്‍കുന്ന ഈശ്വരാധീനം തടസ്സങ്ങളുടെ തീവ്രത കുറയ്ക്കും.


ഇടവം (കാര്‍ത്തികയുടെ ഒടുവിലത്തെ 45 നാഴിക, രോഹിണി, മകീര്യം ആദ്യപകുതി) :

രാഹു മൂന്നിലും കേതു ഒന്‍ബതിലും നില്‍ക്കുന്ന സമയമാണിത്. ഗുരു ഒന്‍ബതിലും ശനി എട്ടിലും നില്‍ക്കുന്നു. രാഹുവിന്‍റെ ഗ്രഹസ്ഥിതിയും ഗുരുവിന്‍റെ ഗ്രഹസ്ഥിതിയും തികച്ചും അനുകൂലമാണ്. ശനി അഷ്ടമ ശനി ആണെങ്കിലും പൊതുവെ ഗുണഫലങ്ങള്‍ ഏറിനില്‍ക്കും. ലഭിക്കുവാന്‍ വൈകുന്ന അംഗീകാരങ്ങളോ ജോലി കയറ്റമോ ലഭിക്കുവാന്‍ സാധ്യതകാണുന്നു. ബന്ധുജനങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രീതീക്ഷിക്കാവുന്നതാണ്. അനുകൂല സമയമാണെങ്കിലും ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമുള്ള സമയമാണ്. നിക്ഷേപങ്ങളിലോ ഊഹകച്ചവടങ്ങളിലോ ധനം മുടക്കുമ്പോള്‍ വിദഗ്ദരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ആരോഗ്യപരമായി ശ്രദ്ധ വേണ്ട സമയമാണിത്. യഥാസമയം വൈദ്യ സഹായം തേടേണ്ടതാണ്. തൊഴില്‍ രംഗം ശോഭനമാണെങ്കിലും അനാവശ്യ എടുത്തു ചാട്ടം ഒഴിവാക്കേണ്ടതാണ്. ഗൃഹത്തില്‍ സമാധാനവും ഐശ്വര്യവും ഉണ്ടാകുന്ന സമയമാണിത്.


മിഥുനം (മകീര്യത്തിന്റെ ഒടുവിലത്തെ പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യത്തെ 45 നാഴിക)

രാഹു രണ്ടിലും കേതു എട്ടിലും ഗുരു അഞ്ചിലും ശനി ഏഴിലും സഞ്ചരിക്കുന്ന സമയമാണിത്. രാഹു കേതുക്കളുടെ ഗ്രഹസ്ഥിതിയും ശനിയുടെ ഗ്രഹസ്ഥിതിയും അശുഭമെങ്കിലും ഗുരുവും അനുകൂലമാണ്. രാഹുവിന്റെ രണ്ടിലെ സ്ഥിതി വിദ്യഭ്യാസ കാര്യങ്ങളിലെ തടസമുണ്ടാക്കും. പ്രത്യേകിച്ച് പഠിക്കുന്നവര്‍ക്ക്. കുടുംബത്തില്‍ അസ്വസ്ഥത ഉണ്ടായേക്കാം. അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുവാനും സാധ്യത കാണുന്നു. വിലപിടിപ്പുള്ളവ മോഷണം പോകുവാനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. ചെറിയ അപകടങ്ങളോ വീഴ്ച്ചകളോ സംഭവിക്കാം. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. തൊഴില്‍ രംഗത്ത്‌ അഭിവൃദ്ധി പ്രകടമാക്കും. പുതിയ ആശയങ്ങള്‍ തൊഴില്‍ മേഖലയില്‍ പരീക്ഷിക്കുവാന്‍ അവസരം വരും. അനാവശ്യമായ യാത്രകള്‍ക്കും അലച്ചിലിനും സാധ്യതയുണ്ട്. എല്ലാ മേഖലയിലും ചെറിയ തടസ്സങ്ങള്‍ക്കും കാല താമസ്സവും അനുഭവപ്പെട്ടേക്കാം. ചെറിയ തിരിച്ചടികളോഴിച്ചാല്‍ വരുന്ന ഒരു വര്‍ഷം ശോഭനമാണെന്ന് പറയാം.


കര്‍ക്കിടകം (പുണര്‍തത്തിന്റെ ഒടുവിലത്തെ 15 നാഴിക, പൂയം, ആയില്യം)

രാഹു ജന്മത്തിലും കേതു ഏഴിലും സഞ്ചരിക്കുന്നു. ഗുരു നാലിലും ശനി ആറിലും സഞ്ചരിക്കുന്നു. രാഹു കേതുക്കളുടെ മാറ്റം അത്രയ്ക്ക് അനുകൂലമല്ല. മൂന്നില്‍നിന്ന് നാലിലേയ്ക്ക് മാറുന്ന വ്യാഴം മുന്‍ കാലത്തെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തും. ആറിലെ ശനി അനുകൂലനാണ്. ചുറ്റുപാടുകള്‍ ഒരു പരിധിവരെ അനുകൂലമാകുമെങ്ങിലും തൊഴിലില്‍ കഠിനാദ്വാനം ചെയ്താലെ ഗുണഫലങ്ങള്‍ ലഭിക്കു . ശനി ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടുവാന്‍ സഹായിക്കും. സാമ്പത്തികനില കുറച്ച് മെച്ചപ്പെടുമെങ്കിലും ചിലവ് കൂടിയിരിക്കും. ബന്ധുക്കളുടെ വേര്പാടും അഭിപ്രായവ്യത്യാസങ്ങളും മനോദു:ഖത്തിനു കാരണമായേക്കാം. യാത്രകളില്‍ വിജയമുണ്ടായേക്കാം. പുതിയ ജോലിമാറ്റം ആഗ്രഹികുന്നവര്‍ക്ക് ഇപ്പോള്‍ അത്രയ്ക്ക്അനുകൂല സമയമല്ലെന് മനസ്സിലാക്കി നിലവിലുള്ള ജോലിയില്‍ ശ്രദ്ധിക്കേണ്ടതാണ്. ഊഹകച്ചവടങ്ങള്‍ക്കും കാലമത്ര മോശമല്ല. പ്രാര്‍ത്ഥനകള്‍ കൊണ്ടും ആരാധനാലയ ദര്‍ശങ്ങള്‍ കൊണ്ടും കാര്യം അനുകൂലമാക്കുവാന്‍ സാധിക്കും.


ചിങ്ങം (മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക)

രാഹു പന്ത്രണ്ടിലും കേതു ആറിലും സഞ്ചരിക്കുന്നു. വ്യാഴം മൂന്നിലും ശനി അഞ്ചിലും സഞ്ചരിക്കുന്നു. കേതുവിന്റെ ഗ്രഹസ്‌ഥിതി അനുകൂലമെങ്കിലും വ്യാഴത്തിന്റെ മൂന്നിലെ സ്ഥിതി ഈശ്വരാധീന കുറവ് സൂചിപ്പിക്കുന്നു. സെപ്റ്റംബറിനു ശേഷം അത്രയ്ക്ക് നന്നല്ല. ഒരു വര്‍ഷക്കാലം പിടിച്ചുനിൽക്കാൻ ശ്രമിക്കേണ്ടതാണ്. വിദേശവാസത്തിനു സാധ്യതയുണ്ടെങ്കിലും കർമ്മരംഗത്ത് വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കാം. ഊഹക്കച്ചവടങ്ങൾക്ക് അത്രയ്ക്ക് അനുകൂലകാലമല്ലിത്. ജാമ്യം നിൽക്കുക, കടം കൊടുക്കുക തുടങ്ങിയവ നഷ്ടവും മാനഹാനിയും തന്നേക്കാം. പ്രാർത്ഥനയും ഈശ്വര ചിന്തയും വേണ്ട സമയമാണ്‌. തിരിച്ചടികൾ വരുമ്പോൾ സമചിത്തതയോടെ കാര്യങ്ങൾ നോക്കിക്കാണേണ്ടതാണ്. ജാതകത്തിലെ ഗുരുവിന്റെ സ്ഥിതി അനുസരിച്ച് കഷ്ടപ്പാടിൽ വ്യത്യാസമുണ്ടായേക്കാം.


കന്നി (ഉത്രത്തിന്റെ ഒടുവിലത്തെ 45 നാഴിക അത്തം, ചിത്രയുടെ ആദ്യത്തെ പകുതി)

രാഹു പതിനൊന്നിലും കേതു അഞ്ചിലും ശനി നാലിലും സഞ്ചരിക്കുന്ന സമയമാണ്. ജീവിതത്തിൽ സുപ്രധാനമായ പല അനുകൂലസ്ഥിതിയും വന്നു ചേരും. കർമ്മരംഗത്ത് ഉന്നത സ്ഥാനത് എത്തുവാൻ കഴിയും. ആത്മവിശ്വാസവും പ്രയത്നങ്ങളും ഫലം തരാതിരിക്കില്ല. ലാഭം തരുന്ന നിക്ഷേപങ്ങളിൽ പണം മുടക്കുവാൻ അനുകൂലസമയമാണ്. കര്‍മ്മരംഗത്തും സാമൂഹികരംഗത്തും ശത്രുക്കള്‍ ഉണ്ടായേക്കാം. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടാകും. ഉദര രോഗങ്ങളുടെ ശല്യം ചിലനേരങ്ങളിൽ ഉണ്ടായേക്കാം. എതിർ ലിംഗത്തിലുള്ള സുഹൃത്ത് ബന്ധങ്ങൾ സന്തോഷം തന്നേയ്‌ക്കാം. ജീവിതത്തില്‍ അലച്ചിലും പ്രാരാബ്ധങ്ങളും അനുഭവപ്പെട്ടേക്കാം. ജാതകത്തിൽ രാഹു കേതുക്കളുടേയും വ്യാഴത്തിന്റെയും ബലക്കുറവനുസരിച്ച്‌ അനുകൂല കാര്യങ്ങളിൽ കുറവ് തോന്നിയേക്കാം.


തുലാം (ചിത്തിരയുടെ ഒടുവിലത്തെ പകുതി, ചോതി, വിശാഖത്തിന്റെ 45 നാഴിക)

ചാരവശാല്‍ രാഹു പത്തിലും കേതു നാലിലും ഗുരു ജന്മത്തിലും ശനി മൂന്നിലും സഞ്ചരിക്കുന്ന സമയമാണിത്. പൊതുവേ കുറച്ചധികം ശ്രദ്ധയും കരുതലും വേണ്ട സമയമാണിത്. ധനരംഗം കഴിഞ്ഞ സമയത്തേക്കാള്‍ മെച്ചപ്പെടുമെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ കൃത്യമായ ഔഷധ സേവ നേടേണ്ടതാണ്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്കോ വാഗ്വാദങ്ങളോ ഉണ്ടായേക്കാം. തൊഴിലില്‍ ഒരു മാറ്റം സംഭവിക്കാം. ഡിപ്പാര്‍ട്ട്മെന്‍റ് മാറുവാനോ റിപ്പോര്‍ട്ടിംഗ് മാനേജര്‍ മാറുവാനോ സാധ്യത കാണുന്നു. ശത്രുക്കള്‍ അപകീര്‍ത്തി പ്രചരിപ്പിക്കുവാനുള്ള സാധ്യതയുണ്ട്. വാഹനങ്ങളില്‍ നിന്നു ലാഭം ഉണ്ടായേക്കാം. അപ്രതീക്ഷിതമായി ധനം ലഭിക്കുവാന്‍ സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് അഭിവൃദ്ധിയും വളരെനാളായി ആഗ്രഹിച്ചിരിക്കുന്ന കാര്യങ്ങള്‍ ലഭിക്കുകയും ചെയ്തേക്കാം.


വൃശ്ചികം (വിശാഖത്തിന്റെ ഒടുവിലത്തെ 15 നാഴിക, അനിഴം, തൃക്കേട്ട)

ചാരവശാല്‍ രാഹു ഒമ്പതിലും കേതു മൂന്നിലും ഗുരു പന്ത്രണ്ടിലും ശനി രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്. പല കാര്യങ്ങളിലും സമയം അത്രയ്ക്ക് അനുകൂലമല്ല. പന്ത്രണ്ടിലെ ഗുരു ദൈവാധീനക്കുറവു തരുന്നതോടോപ്പം ധനനഷ്ടവും വരുത്തി വയ്ക്കും. ധനപരമായ കാര്യങ്ങളില്‍ അതീവശ്രദ്ധ വേണ്ട സമയമാണ്. ജാമ്യം നില്‍ക്കുക, കടം കൊടുക്കുക തുടങ്ങിയവ ഒഴിവാക്കിയാല്‍ ദുഖിക്കാതിരിക്കാം. പിതാവിന് ആരോഗ്യപരമായ ശ്രദ്ധ വേണ്ട സമയമാണിത്. പലതരത്തിലുള്ള തടസ്സങ്ങള്‍ എല്ലാ തുറകളിലും പ്രകടമാകും. എന്നിരുന്നാലും ശത്രുകളുടെ മേല്‍ വിജയം ഉണ്ടാക്കുവാന്‍ സാധിക്കും. സഞ്ചാരങ്ങളില്‍ ക്ലേശവും ധനനഷ്ടവും സംഭവിച്ചേക്കാം. ബന്ധുജനങ്ങളുടെ വിരോധത്തിനു പാത്രീഭാവിച്ചാല്‍ അത്ഭുതപ്പെടെണ്ട. ശ്രദ്ധയും വിവേകവും ഉപയോഗിച്ച് പ്രതികൂലകാലത്തെ മറികടക്കേണ്ടതാണ്.


ധനു (മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക)

രാഹു അഷ്ടമത്തിലും കേതു രണ്ടിലും ഗുരു പതിനൊന്നിലും ശനി ജന്മത്തിലും സഞ്ചരിക്കുന്ന ഈ സമയം ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്ര അനുഭവങ്ങള്‍ നല്‍കിയേക്കാം. രോഗങ്ങള്‍ക്ക് യഥാസമയം ചികിത്സ തേടേണ്ടതാണ്. കൂടാതെ യഥാസമയം മരുന്നുകള്‍ സേവിക്കുകയും പഥ്യങ്ങള്‍ പാലിക്കേണ്ടതുമാണ്. കിട്ടേണ്ട ധനം ലഭിക്കുവാന്‍ താമസം നേരിട്ടേക്കാം. സംസാരത്തില്‍ നിന്ന് ശത്രുക്കള്‍ ഉണ്ടായേക്കാം. എന്നിരുന്നാലും പതിനൊന്നിലെ ഗുരു ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നിറവേറ്റി തരും. പ്രതീക്ഷിച്ചതിലും അധികം ലാഭം ലഭിച്ചാല്‍ അത്ഭുതപ്പെടേണ്ട. അത് വേണ്ട വിധത്തില്‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടപ്പെടുവാനും സാധ്യത കാണുന്നു. കഠിനാദ്ധ്വാനം കൊണ്ട് സ്ഥാനമാനങ്ങള്‍ കൈവരും. ജോലികയറ്റത്തിനും ശമ്പളവര്‍ദ്ധനയ്ക്കും സാധ്യത കാണുന്നു. വീണ്ടു വിചാരത്തോടെയും വിവേകത്തോടയുമുള്ള പ്രവര്‍ത്തനങ്ങള്‍ കാലം അനുകൂലമാക്കുവാന്‍ സഹായിക്കും.


മകരം (ഉത്രാടത്തിന്റെ ഒടുവിലത്തെ 45 നാഴിക, തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ പകുതി)

ചാരവശാല്‍ രാഹു ഏഴിലും കേതു ജന്മത്തിലും ഗുരു പത്തിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുന്ന സമയമാണിത്. പ്രതികൂലതകള്‍ ഏറിയും അനുകൂലതകള്‍ കുറഞ്ഞും അനുഭവപ്പെടുന്ന സമയമാണിത്. കര്‍മ്മരംഗത്ത് അപ്രതീക്ഷിതമായി തിരിച്ചടികള്‍ നേരിട്ടേക്കാം. കഴിഞ്ഞ കാലത്തേക്കാള്‍ കഷ്ടപ്പാടുകള്‍ കര്‍മ്മരംഗത്ത് നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും നേതൃത്വനിരയില്‍ ശോഭിക്കുവാന്‍ സാധിക്കും. ഭാര്യയുമായി സൌന്ദര്യപിണക്കങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും സാധ്യത കാണുന്നു. കാമുകീകാമുകന്മാര്‍ വേര്‍പിരിഞ്ഞാല്‍ അത്ഭുതപ്പെടെണ്ടതില്ല. പല മേഖലകളിലും നിന്നും കൂടുതല്‍ ഉത്തരവാധിത്വങ്ങള്‍ താങ്കളിലേയ്ക്ക് വന്നു ചേര്‍ന്നെക്കാം. ആലോചനയില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ കുഴപ്പങ്ങളില്‍ ചാടിച്ചേക്കാം. ബുദ്ധിപരമായി പ്രവര്‍ത്തിക്കേണ്ട ഒരു വര്‍ഷമാണിത്, അതിനനുസരിച്ചു ഗുണഫലങ്ങള്‍ ഏറിയിരിക്കും.


കുംഭം (അവിട്ടത്തിന്റെ ഒടുവിലത്തെ പകുതി, ചതയം, പൂരുട്ടാതി യുടെ ആദ്യത്തെ 45 നാഴിക)

ചാരവശാൽ രാഹു ആറിലും കേതു 12 ലും ഗുരു ഒൻപതിലും ശനി പതിനൊന്നിലും സഞ്ചരിക്കുന്ന സമയം കഴിഞ്ഞ കാലങ്ങളേക്കാൾ ഗുണ ഫലങ്ങൾ തരുന്ന സമയമാണ്. ശത്രുക്കൾ നിഷ്പ്രഭരാവുകയും അവർക്കുമേൽ വിജയം വരിക്കുവാനും സാധിച്ചേക്കാം അപ്രാപ്യമാണെന്ന് വിചാരിച്ചിരുന്ന ചിലകാര്യങ്ങൾ കൈപ്പിടിയിൽ വന്നു ചേരും. കർമ്മ രംഗത്ത് ഉന്നതി പ്രകടമാകും. ഉദ്യോഗ കയറ്റമോ പുതിയ ജോലിയോ അത്‌ഭുതപെടേണ്ടതില്ല. ചെറിയ വീഴ്ചകൾ സംഭവിക്കുമെങ്കിലും പേടിക്കേണ്ട കാര്യംമില്ല. ആരോഗ്യപരമായ് കുറച്ചുകാലമായ്‌ വ്യാകുലപ്പെട്ടിരുന്നവ മാറി സമാധാനം പ്രകടമാകും. പൂർവ്വീക ധനം വന്നു ചേരുവാനും സാധ്യത കാണുന്നു. ലഭിക്കുന്ന ധനം ഭാവിയിലേക്കായ് ബുദ്ധിപൂർവ്വം നിക്ഷേപിക്കുന്നത് നന്നായിരിക്കും.


മീനം (പൂരുട്ടാതിയുടെ ഒടുവിലത്തെ 15 നാഴിക, ഉത്രട്ടാതി, രേവതി)

ചാരവശാൽ രാഹു അഞ്ചിലും കേതു പതിനൊന്നിലും ഗുരു അഷ്ടമത്തിലും ശനി പത്തിലും സഞ്ചരിക്കുന്ന ഈ സമയം അത്രയ്ക്കു അനുകൂലമെന്ന് പറയുകവയ്യാ. വിദ്യഭ്യാസം ചെയ്യുന്നവർക്ക് അലസതയും താല്പര്യക്കുറവും തോന്നുക സ്വാഭാവികമാണ്. ശ്രദ്ധയും കഠിനശ്രമവും ഇല്ലങ്കിൽ പരാജയം സംഭവിച്ചേക്കാം. ശിരോസംബന്ധമായ് അസുഖമുള്ളവർ വൈദ്യ സഹായം തേടേണ്ടതാണ്. കർമ്മരംഗത്ത്‌ അലച്ചിലും വിപരീത അനുഭവങ്ങളും ഉണ്ടായേക്കാം. പ്രാർത്ഥനയും അതീപശ്രദ്ധയും ഒരുപരിധിവരെ തിരിച്ചടികളിൽ നിന്ന് കരകയറ്റിയേക്കാം. ലഭിക്കുവാനുള്ള പൂർവ്വികസ്വത്തിന് നിയമ വ്യവഹാരം നേരിടുന്നവർക്ക് ആശ്വാസം ലഭിച്ചേക്കാം. ജാമ്യം നിൽക്കുക അറിയാത്ത മേഖലകളിൽ പണം നിക്ഷേപിക്കുക തുടങ്ങിയവ കഷ്ടപ്പാടുകൾ നൽകുവാൻ സാധ്യതയുണ്ട്.(ജ്യോതിഷ ഗണിതം : ആസ്ട്രോവിഷന്‍ ജാതകം സോഫ്റ്റ്‌വെയര്‍, പ്രമാണം: ഹോരാശാസ്ത്രം)

J V Pillai

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories