



ഐശ്വര്യലബ്ധിക്കും ഋണ മുക്തിക്കും മഹാലക്ഷ്മ്യഷ്ടകം
ആധുനിക മനുഷ്യന്‍റെ ശാപമാണ് കടം. രാജ്യമെങ്ങുമിന്നത്തെ സാമൂഹിക പ്രശ്നവും കടം തന്നെ. മുന്‍കടങ്ങള്‍ വീട്ടാതെ വീണ്ടും കടം വാങ്ങിച്ച് ഭരണം നടത്തുന്ന രാജ്യത്ത്, നികുതിപ്പണം അമിത അളവില്‍ ആഭ്യന്തര-വിദേശ പലിശ കൊടുക്കലിനു വിനിയോഗിക്കുന്ന രാജ്യത്ത്, ഋണമുക്തര്‍ തന്നെ അനുഗ്രഹീതര്‍ . അര്‍ഹതയില്ലാത്ത കടം കൈകൊള്ളലും, കടം വീട്ടാത്ത മരണവും, സ്വര്‍ഗ്ഗ പ്രവേശനത്തിന് കഴിയാതാക്കും. കര്‍മ്മഫലമാണ് ധനം. ധനത്തിന് പലിശ കൊടുക്കുന്നവരും, ധനം പലിശക്ക് കൊടുക്കുന്നവരും കര്‍മ്മദോഷങ്ങളെ നേരിടേണ്ടതുണ്ട്. മോക്ഷപ്രാപ്തിയില്‍ നിന്നകലേണ്ടതുണ്ട്. അനര്‍ഹമായത്ര പണം പലിശകൊടുക്കലും, പലിശക്കെടുക്കലും അനുഗ്രഹക്കുറവിന്‍റെ ലക്ഷണങ്ങളാണ്, കൊള്ളപ്പലിശ കൊടുക്കുന്നവരും കൊള്ളപ്പലിശ ഈടാക്കുന്നവരും ഒരേപോലെ നരകത്തിലെത്തുന്നു.
ഋണമുക്തര്‍ തന്നെ അനുഗ്രഹീതര്‍ . കടം ചോദിക്കാനോ കടം ലഭിക്കാനോ സാധ്യതയുള്ള ബന്ധുമിത്രാദികളുമായി അമിത സംസര്‍ഗം അരുത്. വിപരീത സാഹചര്യങ്ങളെ അവസരോചിതമായി നേരിട്ടുകൊണ്ട് കഴിയുന്നതും കടം കൊള്ളാതെ നോക്കണം. എന്നിട്ടും നിവൃത്തിയില്ലെങ്കില്‍ പരിധിവിട്ട കടമരുത്. പലിശയും പരമാവധി പരിമിതമായിരിക്കണം.
കടം മിത്രങ്ങളെ ശത്രുക്കളാക്കും.കടം സമൂഹത്തിലും സദസ്സിലും സ്ഥാനഭ്രംശം ഉണ്ടാക്കും. കടം അഭിമാനത്തെ കെടുത്തും, ലഭ്യമായ ബഹുമാനവും, മാന്യതയും, അംഗീകാരവും കടം മൂലം ഇല്ലാതാകും, കടം ആശ്രിതരില്‍പ്പോലും മര്യാദയും മതിപ്പും ഇല്ലാതാക്കും, കടം എന്നും എവിടെയും സമൂല അന്തകന്‍ തന്നെ. കടം കുടുംബബന്ധങ്ങളെ ശിഥിലപ്പെടുത്തും, ഭാര്യ ഭര്‍ത്താവിനെ മതിക്കാതാകും, മക്കള്‍ മാതാപിതാക്കളെ മാനിക്കാതാകും, സഹോദരങ്ങള്‍ ശത്രുക്കളായി മാറും, പ്രായത്തെ ധിക്കരിക്കും, പ്രാപ്തിയും സ്ഥാനമാനങ്ങളും ചോദ്യംചെയ്യപ്പെടും. കടം വരുത്തുന്ന കൂട്ട ആത്മഹത്യകള്‍ നിത്യ സംഭവമായി പത്രതാളുകളില്‍ സ്ഥാനംപിടിക്കുന്നു. കടം വിലാസമില്ലാതാക്കും, കടം മൂലം മരിച്ചു ജീവിക്കേണ്ടിവരുന്നു, സ്വാദോടെ ഉണ്ണലിനും സുഖത്തോടെ ഉറങ്ങലിനും കടം മുടക്കം വരുത്തും, കടം കാലന്‍ തന്നെ.
കടം അകാല വാര്‍ദ്ധക്യം വരുത്തും. കടം ആത്മവീര്യം കെടുത്തും. കടം ജീവിതത്തിലെ ആശയും പ്രതീക്ഷയും തകര്‍ക്കും, കടം കര്‍മ്മവിലോപത്തിനിടയാക്കും, കടം പഠിപ്പിനെ തുലക്കും, കടം ആയുസ്സിനെ ബാധിക്കും, കടം സന്തോഷത്തിന് അറുതി വരുത്തും. ആധുനിക ജീവിതോന്നതിക്ക് കടം അനിവാര്യം തന്നെ. വരുമാനത്തിന്‍റെയും ചെലവുകളുടെയും വരുതിയില്‍ വരുന്ന കടമാകണമത്, അന്യരെ മറികടക്കാനോ, വ്യാമോഹിച്ചോ വാങ്ങുന്ന പരിധിവിട്ട കടം 'വിനാശകാലേ വിപരീത ബുദ്ധി' തന്നെ. കടംകൊടുക്കല്‍ പത്തുവട്ടവും,കടം എടുക്കല്‍ നൂറുവട്ടവും വിലയിരുത്തി പുനരാലോചിക്കണം.
ഒരു വല്ലാത്തയോഗമാണ് " ഋണ യോഗം ". അപ്രതീക്ഷിതമായും അകാരണമായും നേരിടുന്ന കടം മൂലവും, അകാലത്തിലും അവിചാരിതമായും നേരിടുന്ന കടം മൂലവും സമാധാനം കെടുന്നത് " ഋണയോഗം " മൂലം തന്നെ. മാന്യതയുടെയും അംഗീകാരത്തിന്റെയും അടിയുറച്ച നിലനില്‍പ്പിന്റെയും മുഖ മുദ്രയായ ഋണരഹിത ജീവിതം കൊതിക്കുന്നവര്‍ക്ക് എത്രമാത്രം ചെറിയതോ താങ്ങാനാകാത്തതോ ആയ കടമുള്ളവരായിരുന്നാലും- ഋണ വിമോചനത്തിനെത്രയും അഭികാമ്യമത്രേ ഋണവിമോചനാര്‍ത്ഥ മഹാലക്ഷ്മ്യഷ്ടകം നിത്യ പാരായണം.
കടം വീട്ടലിന് മാത്രമല്ല, അകാരണമായി കടം ബാധിക്കാതിരിക്കലിനും ഋണ യോഗം ശിഥിലമാക്കലിനും അനുദിനം അനുക്രമം ഐശ്വര്യാദി സമ്പല്‍സൗഭാഗ്യ സമൃദ്ധികളനുഭവിക്കലിനും, ഈ ഋണവിമോചന മഹാലക്ഷ്മ്യഷ്ടകം നിത്യപാരായണം തികച്ചും തികച്ചും ഉപകരിക്കും. ആഹ്ളാദത്തിലും ലാഭത്തിലും മനുഷ്യന്‍ ഈശ്വരനെ അത്ര ഓര്‍ക്കാറില്ല .തത്സമയം സുഖം മാത്രം ചിന്തിക്കുകയും തേടുകയും ചെയ്യുന്ന മനുഷ്യന്‍ ഈശ്വരനില്‍ നിന്നകലുന്നു.അഥവാ നേട്ടങ്ങള്‍ സ്വന്തം മാത്രമാണെന്നോ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നോ മനുഷ്യന്‍ അഹങ്കരിക്കുന്നു. ദു:ഖത്തിലും നഷ്ടത്തിലും മനുഷ്യന്‍ ഈശ്വരനെ അത്രയും ഓര്‍ക്കുന്നു. സുഖത്തിന് കഴിഞ്ഞില്ലെങ്കിലും ദു:ഖം ഒഴിഞ്ഞു കിട്ടിയാല്‍ മതിയെന്ന് തത്സമയം ഗതികേടുകള്‍ മൂലം ചിന്തിക്കുന്ന മനുഷ്യന്‍ ഈശ്വരനോട് ഇഴുകിച്ചേരാന്‍ കൊതിക്കുന്നു. അഥവാ, കോട്ടങ്ങള്‍ ഈശ്വരനോടടുക്കാന്‍ വേണ്ടിയുള്ള ഈശ്വരപരീക്ഷണങ്ങളാണെന്ന് സ്വയം സമാധാനിക്കുന്നു. ഈശ്വരന്‍റെ സ്വഭാവം പ്രകടമാകുന്നത് ജീവിതസുഖങ്ങളിലൂടെയാണെങ്കിലും, ഈശ്വരന് ഇത്രയേറെ വ്യാപകമായ മതിപ്പും അംഗീകാരവും ഭവിച്ചത് മനുഷ്യദു:ഖങ്ങള്‍ മൂലമാണ്.
പ്രഥമവും പ്രമുഖവുമായ മനുഷ്യ ദുഃഖം ദാരിദ്ര്യമാണ്. ദരിദ്രമനുഷ്യരുടെ ആധിക്യമാണ് ഈശ്വരവിശ്വാസത്തിന്‍റെ ആധിക്യത്തിന് നിദാനം. ഭക്ഷ്യദാരിദ്ര്യം മാത്രമല്ല ദാരിദ്ര്യം, കടവും, അപമാനവും, അപകീര്‍ത്തിയും, അപകടവും, രോഗവും, പീഡിതാവസ്ഥയും, തൊഴിലില്ലായ്മയും, പദവിനാശവും, നഷ്ട്ടവും, സന്താനരാഹിത്യവും, നീചസന്താനലബ്ധിയും തുടങ്ങി സുഗമജീവിതഗതിയെ വിഷമത്തിലാക്കുന്ന കോട്ടങ്ങളത്രയും ദാരിദ്ര്യത്തിന്‍റെ വലയത്തിനകത്ത് ഉള്‍പ്പെടുന്നവയാണ്.
ഈശ്വരന്‍ പ്രഭാവപ്പെടുന്നത് ദരിദ്രമനുഷ്യരിലൂടെയെങ്കില്‍, പ്രസ്തുത ദരിദ്രമനുഷ്യര്‍ ഈശ്വരന്‍റെ ഇഷ്ട്ടജനങ്ങളുമായിരിക്കണമല്ലോ?. അങ്ങനെയെങ്കില്‍ ദരിദ്രമനുഷ്യര്‍ക്ക് ലഭിക്കുന്ന പ്രാതിനിധ്യവും പരിഗണനയും തന്നെയാണ് ഏത് ആരാധനയുടെയും ഈശ്വര കടാക്ഷത്തിന്‍റെ അളവുകോല്‍ എന്ന് നിശ്ചയിക്കേണ്ടിവരുന്നു. ഈശ്വരന്‍ കൊടുക്കുന്നവന്‍ മാത്രമാണ്. സ്രഷ്ടാവായ ഈശ്വരന്‍ , സൃഷ്ടികളായ മനുഷ്യരില്‍ നിന്ന് എന്നെങ്കിലും എന്തെങ്കിലും തിരികെ വാങ്ങിച്ചാലപ്പോള്‍ ഈശ്വരന്‍റെ തേജസ്സിനും സല്‍കീര്‍ത്തിക്കും കോട്ടം തട്ടും. മനുഷ്യന്‍ ഭക്തിയുടെ പേരില്‍ സമര്‍പ്പിക്കുന്ന ധനവും ദ്രവ്യങ്ങളും സത്യത്തില്‍ ഈശ്വരന്‍റെ ഇഷ്ട്ടജനങ്ങളായ ദരിദ്ര മനുഷ്യരുടെ ദുഃഖങ്ങള്‍ ശമിപ്പിക്കുന്നതിനു വേണ്ടിയുള്ളവയാണ്. ആയതിനാല്‍ ഈശ്വരാരാധനകളുടെ ഉദ്ദേശ്യവും ലക്ഷ്യവും ഉള്ളവരില്‍നിന്ന് പങ്കിട്ടെടുത്ത് ഇല്ലാത്തവര്‍ക്ക് പങ്കുവച്ചുകൊണ്ട് സമൂഹത്തിലെ അവശമനുഷ്യരുടെ ദുരിതം ശമിപ്പിക്കലാണ്, അവശമനുഷ്യരില്‍ ആത്മവിശ്വാസം പടുത്തുയര്‍ത്തലാണ്.
തുടര്‍ച്ചയായ വിഹിതദാനം തുടര്‍ച്ചയായ ഈശ്വരാനുഗ്രഹത്തിന് വഴിയൊരുക്കുന്നു, ജീവിതഭദ്രത ഉറപ്പുവരുത്തുന്നു. ഭക്തിയുടെ പേരില്‍ സമര്‍പ്പിക്കുന്ന ദാനം ദരിദ്രമനുഷ്യരുടെ ദുരിതശമനത്തിന് ശരിയായി ഉപകരിക്കുമ്പോഴാണ് മതിയായ ഈശ്വരാനുഗ്രഹലബ്ധിക്കുമുപകരിക്കുക. ഏറ്റവുമടുത്ത ഒരു ക്ഷേത്രത്തിലെങ്കിലും നിത്യവും ഒരുനേരമെങ്കിലും ദര്‍ശനവും, പക്ഷന്തോറും ഒരു ചെറുനാണയം ദക്ഷിണയും, സാദ്ധ്യതയുണ്ടെങ്കില്‍ നിത്യവും 12/24/37 അരയാല്‍ പ്രദക്ഷിണവും, പുലരും മുന്നേ കുളിച്ച് ജപിച്ചശേഷം മാത്രം പാചകമാരംഭിക്കുകയും, മുടക്കാതെ സന്ധ്യക്ക് വിളക്കുവച്ച് നാമജപവും, അസ്തമയത്തിനു ശേഷം സ്വന്തം വാസസ്ഥലത്ത് പാചകം ചെയ്ത ഭക്ഷണം മാത്രം അത്താഴമാക്കുകയുംചെയ്‌താല്‍ പരാധീനതകള്‍ ഒഴിയും. അത്താഴം ലളിതവും ലഘുവുമായിരിക്കുകയും, അസ്തമയത്തിനു ശേഷം സ്വന്തം വാസസ്ഥലത്ത് നിന്നൊഴികെ അത്താഴം ഭക്ഷിക്കാതിരിക്കുകയും ചെയ്തുകൊണ്ട് നിത്യവും സന്ധ്യാവന്ദനം തുടരുന്നിടത്ത് മഹാലക്ഷ്മി വിളയാടീടും.
സന്ധ്യക്കു ശേഷം അമിതാഹ്ളാദമനുഭവിക്കുന്നതിനാലാണ് ആഡംബര ഹോട്ടലുകളിലെ പതിവുകാരുടെ തലമുറകള്‍ അധ:പതിച്ച് തട്ടുകടകളിലെത്താനിടയാകുന്നത്. ധനലഭ്യതക്കുവേണ്ടി സാമ്പത്തിക പരാധീനക്കാര്‍ ഈശ്വരാരാധനകളുടെ പേരില്‍ ധനം ചെലവഴിക്കുന്നത് ശുഭ്രവസ്ത്രത്തില്‍ പറ്റാനിടയായ ചെളി കഴുകികളയാന്‍ ചെളി ഉപയോഗിക്കുന്നത് പോലെയാണ്, സാമ്പത്തിക പരാധീനക്കാര്‍ ധനമേതും ചെലവഴിക്കാത്തതരം ശുദ്ധ ഭക്തി മാത്രം പുലര്‍ത്തണം.
ലക്ഷ്മിയുടെ അനുഗ്രഹ വഴി
എവിടെ ധനം മത്സരബുദ്ധിയോടെ ചെലവഴിക്കാതിരിക്കുന്നുവോ, എവിടെ ധനം ധൂര്‍ത്തടിക്കാതിരിക്കുന്നുവോ, എവിടെ ധനം ആഡംബര ജീവിതത്തിനായും സുഖ സമൃദ്ധ ജീവിതത്തിനായും വിനിയോഗിക്കാതിരിക്കുന്നുവോ, അവിടെ മഹാലക്ഷ്മി വിളങ്ങികൊണ്ടേയിരിക്കും.മൂന്നിലൊന്ന് മനുഷ്യര്‍ ദരിദ്രരായതിനാല്‍, ഭൂമിയിലെ 40% ദരിദ്രരുള്‍പ്പെടുന്നതിനാല്‍ ലോകത്തില്‍ ദാരിദ്ര്യത്തിന് ഒന്നാം സ്ഥാനം തുടരുന്നതിനാല്‍, ഇന്ത്യയിലെ ദരിദ്രര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത മുന്തിയ ജീവിതസുഖങ്ങള്‍അനുഭവിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുന്നവരെ മഹാലക്ഷ്മി ആവോളം അനുഗ്രഹിച്ച് ഉയര്‍ത്തുന്നു.
ലക്ഷ്മിയുടെ ശാപം
" അല്പനര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും " എന്നതുപോലെ, ലഭ്യമായ സമ്പത്തിനനുസരിച്ച് പരാമാവധി ആഡംബര - സുഖ ജീവിതം മല്‍സര ബുദ്ധിയോടെ നയിക്കുന്നവരെ മഹാലക്ഷ്മി ശപിക്കുന്നു, ഇതാണ് അടിപൊളികള്‍ അനന്തരം അധ:പതിച്ചുകൊണ്ടേയിരിക്കുന്നതിന്‍റെ രഹസ്യം.
അഷ്ട്ടലക്ഷ്മീ സിദ്ധി
ധനലക്ഷ്മിയാല്‍ ധനലബ്ധി അഥവാ ഐശ്വര്യവും, ധാന്യലക്ഷ്മിയാല്‍ ധാന്യലബ്ധി അഥവാ ദാരിദ്ര്യരാഹിത്യവും, ധൈര്യലക്ഷ്മിയാല്‍ ധൈര്യലബ്ധി അഥവാ അംഗീകാരവും, ശൌര്യലക്ഷ്മിയാല്‍ ശൌര്യലബ്ധി അഥവാ ആത്മവീര്യവും, വിദ്യാലക്ഷ്മിയാല്‍ വിദ്യാലബ്ധി അഥവാ അഭിവൃദ്ധിയും, കീര്‍ത്തിലക്ഷ്മിയാല്‍ കീര്‍ത്തിലബ്ധി അഥവാ വൈപുല്യവും, വിജയലക്ഷ്മിയാല്‍ വിജയലബ്ധി അഥവാ ശാന്തിയും, രാജലക്ഷ്മിയാല്‍ രാജലബ്ധി അഥവാ സ്ഥാനമാനങ്ങളും സിദ്ധിക്കും.
മനുഷ്യന്‍റെ നിലനില്‍പ്പിനും മുന്നേറ്റത്തിനും നിദാനം അഷ്ട്ടലക്ഷ്മിയുടെ ദിവ്യാനുഗ്രഹമത്രേ!!! അഷ്ട്ടലക്ഷ്മിയുടെ തൃക്കടാക്ഷം നേടാനായാല്‍ അഭീഷ്ട്ടസിദ്ധിയും ഇഷ്ടസ്വര്‍ഗ്ഗലബ്ധിയും അനുഭവസത്യമായിരിക്കും. മഹാലക്ഷ്മ്യഷ്ടകം പതിവായി ജപിച്ചിട്ടും കഷ്ടനഷ്ടങ്ങള്‍ ശമിക്കാത്തതിന്‍റെ കാരണവും വ്യക്തമാണ്. ലക്ഷ്മി എന്നാല്‍ മഹാലക്ഷ്മി മാത്രമെന്ന് തെറ്റിദ്ധരിച്ച്, മഹാലക്ഷ്മിയെ മാത്രം ധ്യാനിച്ചുകൊണ്ട് മഹാലക്ഷ്മ്യഷ്ടകം ജപിക്കുന്നവര്‍ക്ക് ഉചിതഫലം പതിവില്ലലോ.
ധനലക്ഷ്മി - ധാന്യലക്ഷ്മി - ധൈര്യലക്ഷ്മി - ശൌര്യലക്ഷ്മി - വിദ്യാലക്ഷ്മി - കീര്‍ത്തിലക്ഷ്മി - വിജയലക്ഷ്മി - രാജലക്ഷ്മി എന്നീ അഷ്ട്ടലക്ഷ്മിമാര്‍ക്കും തുല്യശക്തിയായതിനാല്‍ ഇവരിലാരെയെങ്കിലും കൂടുതലായോ കുറവായോ ആരാധിക്കരുത്, ഇവരെട്ടുപേരേയും തുല്യമായി പ്രണമിക്കണം.മാറിയ കാലഘട്ടത്തില്‍ ആരാധനകളുടെ പേരില്‍ ചൂഷണവും ചതിയും വ്യാപകമായതിനാലും, ജീവിതം സമൂലം തിരക്കേറിയതിനാല്‍ സമയക്കുറവിനാലും, പ്രായേണ സഫലവും ലളിതവും പൗരാണികവുമായ മാര്‍ഗമാണിതിന് അഭികാമ്യം, പക്ഷാന്തര ലക്ഷ്മീഭജനമത്രേ ഇതിന് പരിഹാരം.
പക്ഷാന്തര ലക്ഷ്മീഭജനം
അഷ്ട്ടലക്ഷ്മിമാരെട്ടു പേരും ഋതുക്കള്‍ക്ക് (2 കൃഷ്ണപക്ഷവും 2 ശുക്ലപക്ഷവും ചേര്‍ന്ന ശരാശരി 2 മാസക്കാലം) വിധേയരാണ്. ഋതുപരമായ ആരാധനയ്ക്ക് വേദപരമായ അവലംബവും വേണ്ടിവരുന്നതിനാലും ഋതുക്കള്‍ തിരിച്ചറിയുന്നതിന് സ്ഥിരദിനങ്ങളാല്‍ കഴിയാത്തതിനാലും ഓരോ ലക്ഷ്മിമാരുടെയും അതാത് ഋതുക്കളിലെയും മൂന്ന് പക്ഷകാലത്തിന് ശരാശരി ഒന്നര മാസക്കാലമെന്ന നിലയില്‍ അതാത് മാസപ്രകാരം കണക്കാക്കലാണുചിതം.
ഈ ഓരോ ഒന്നര മാസക്കാലവും മഹാലക്ഷ്മ്യാഷ്ട്ടകത്തിലെ ബാധകമായ മന്ത്രഭാഗം മാത്രം സദാ ഉരുവിട്ടുകൊണ്ടേയിരിക്കുക. ഇതിനാല്‍ ഒരാണ്ട് എത്തുമ്പോഴേക്കും നിര്‍ണായകമായ ഫലം കൈവരിക്കാന്‍ കഴിഞ്ഞിരിക്കും, അഷ്ട്ടലക്ഷ്മിമാരെട്ടുപേരും ദിവ്യാനുഗ്രഹം വര്‍ഷിച്ചു കഴിഞ്ഞിരിക്കും. ഇതിനാല്‍ ഏതെങ്കിലും ദേവീക്ഷേത്രത്തില്‍ അധികം ദര്‍ശിക്കുന്നതോ കുറവായി ദര്‍ശിക്കുന്നതോ മൂലമുള്ള അപ്രീതിയും ഇല്ലാതാകും, ദേവീക്ഷേത്രത്തില്‍ മാത്രമല്ല, മറ്റേത് ക്ഷേത്രദര്‍ശന വേളയിലുമടക്കം ഊണിലും ഉറക്കത്തിലും ബന്ധപ്പെട്ട ഒന്നരമാസക്കാലം മഹാലക്ഷ്മ്യാഷ്ട്ടകത്തിലെ ബന്ധപ്പെട്ട മന്ത്രഭാഗം സദാ ഉരുക്കഴിച്ചുകൊണ്ടേയിരിക്കണം.
പ്രത്യക്ഷാനുഗ്രഹം
അഷ്ട്ടലക്ഷ്മിയുടെ പ്രത്യക്ഷാനുഗ്രഹത്തിന് തികഞ്ഞ സാത്വികരാകണം. ചീത്ത മനസ്സും നീചപ്രവൃത്തിയും ഉള്ളവരോട് അകലണം, ദുര്‍ഗുണങ്ങളില്‍ നിന്നകലുന്നത്ര ഐശ്വര്യവും ശാന്തിയുമനുഭവിക്കാനാകും. മദ്യവും പുകവലിയും മനസ്സിനെ ഉത്തേജിപ്പിക്കുന്നവയാണ്. അഷ്ട്ടലക്ഷ്മിയെ ഭജിച്ച് ഐശ്വര്യവും ശാന്തിയും ഉത്തേജിപ്പിക്കുന്നിടത്ത് പകരം മദ്യവും പുകവലിയും മുഖേന ഉത്തേജനം നടക്കുമ്പോള്‍ അഷ്ട്ടലക്ഷ്മി പിന്തിരിയും, ഇതിനാല്‍ ദേവീഭക്തര്‍ മദ്യപാനവും പുകവലിയും പാടെ വര്‍ജിച്ചാല്‍ വലുതായ വിജയവും, ഐശ്വര്യവും, ശാന്തിയും ഫലമായിരിക്കും.
അഷ്ട്ടലക്ഷ്മിയുടെ അനുഗ്രഹം സദാ നിത്യജീവിത സമ്പ്രദായത്തിലെ അവലംബത്തെ ആശ്രയിച്ച് കൂടുകയും, കുറയുകയും ചെയ്യുന്നു. മഹാലക്ഷ്മ്യഷ്ടകം ഓരോ ഒന്നര മാസക്കാലവും അതാത് മന്ത്രം മനസ്സില്‍ ഉരുക്കഴിച്ചുകൊണ്ട് നിങ്ങളോ നിങ്ങളുടെ ഉറ്റവരോ പാകം ചെയ്ത് തയ്യാറാക്കിയ ഭക്ഷണം മഹാലക്ഷ്‌മിയുടെ സാക്ഷാല്‍ നിവേദ്യം തന്നെയാണ്, ശ്രീകോവിലിനകത്തെ നിവേദ്യ തുല്യവുമാണ്. ഈ മഹാസത്യം സകല ഹൈന്ദവ ദേവതകള്‍ക്കും ബാധകമാണ്. ഇഷ്ട്ട ദേവതകളെ മനസ്സില്‍ സ്മരിച്ച് പാകം ചെയ്ത് തയ്യാറാക്കിയ ഭക്ഷണം അതേ ദേവതയെ സ്മരിച്ചുകൊണ്ട് ഭക്ഷിക്കണം.
ധനം വേണോ? ധനം
രണ്ടാമതൊരു വഴി ഇതിനില്ല. മധുരം ഉപേക്ഷിക്കാതെ എത്ര മികച്ച ചികിത്സ നടത്തിയാലും പ്രമേഹരോഗം മാറില്ലെന്നത് പോലെ, ചെലവുകള്‍ ന്യായവും മിതവും സമൂഹത്തിന് നിരക്കുന്നതുമായില്ലെങ്കില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ ഹൈന്ദവ ദേവതകള്‍ മടിക്കാറുണ്ട്, ശരിയായി പരിശോധിച്ചാല്‍ ഈ മഹാസത്യം മനസ്സിലാക്കാനും കഴിയും. എത്രമാത്രം സമ്പത്ത് നേടാനായാലും നിത്യജീവിതത്തില്‍ സമൂലം ലാളിത്യവും,ലാഘവത്വവും തുടരുമെന്ന് നിശ്ചയിച്ചാല്‍ ഹൈന്ദവ ദേവതകളേതും നിന്നെ ശ്രദ്ധിക്കാനാരംഭിക്കും, നിനക്ക് കൈവരുന്ന നേട്ടങ്ങള്‍ക്കനുസരിച്ചവിധത്തില്‍ നിന്‍റെ ഇഷ്ട്ട ദേവതയെ സന്തോഷിപ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ ദേവതകളേതും നിന്നെ അനുഗ്രഹിച്ച് ആവോളം ഉയര്‍ത്താനുമാരംഭിക്കും.
മതമാണെങ്കില്‍ സ്ഥാപകനും മൂലഗ്രന്ഥവും ഉണ്ടാകണം, ക്രിസ്തുമതസ്ഥാപകന്‍ യേശുക്രിസ്തുവും മൂലഗ്രന്ഥം ബൈബിളും എന്നതുപോലെ. സ്ഥാപകനോ മൂലഗ്രന്ഥമോ ഇല്ലാത്ത ഹിന്ദുമതം മതമല്ല, കേവലം സംസ്കാരം മാത്രമാണ്, പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് ഹൈന്ദവരെ ഹിന്ദുമതക്കാര്‍ എന്ന് മുദ്രയടിച്ചത്.
ആരാധനയുമായി സംബന്ധപ്പെടാത്ത കാലങ്ങളിലെയും ദിനങ്ങളിലെയും ക്രയവിക്രയങ്ങളിലും നിത്യജീവിതത്തിലും ഹൈന്ദവപരമായ വിധേയത്വം പുലര്‍ത്തുകയുമരുത്. ജനനത്തിനു മുന്‍പും മരണത്തിനു ശേഷവും മനുഷ്യന് ജാതിയോ മതമോ നാടോ ഇല്ല. എന്നാല്‍ ജീവിതത്തില്‍ ഭവിക്കാനിടയായ മതവിശ്വാസവും രാജരക്ഷയും അവഗണിക്കാനും വയ്യല്ലോ.
"കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിന് നാം വൃഥാ. "
നമസ്തേസ്തു മഹാമായേ !
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്തേ !
മഹാലക്ഷ്മി നമോസ്തുതേ !!
നമസ്തേ ഗരുഡാരൂേഢ !
കോലാസുരഭയങ്കരീ !
സര്‍വപാപഹരേ ദേവി !
മഹാലക്ഷ്മി നമോസ്തുതേ !!
സര്‍വജ്ഞേ സര്‍വവരദേ !
സര്‍വദുഷ്ട ഭയങ്കരീ !
സര്‍വദുഃഖഹരേ ദേവി !
മഹാലക്ഷ്മി നമോസ്തുതേ !!
സിദ്ധിബുദ്ധിപ്രദേ ദേവി !
ഭുക്തിമുക്തി പ്രദായിനി !
മന്ത്രമൂര്‍ത്തെ സദാ ദേവി !
മഹാലക്ഷ്മി നമോസ്തുതേ !!
ആദ്യന്തരഹിതേ ദേവി !
ആദ്യശക്തി മഹേശ്വരി !
യോഗജേ യോഗസംഭൂതേ !
മഹാലക്ഷ്മി നമോസ്തുതേ !!
സ്ഥൂലസൂക്ഷ്മ മഹാരൌദ്രെ !
മഹാശക്തി മഹോദരേ !
മഹാപാപഹരേ ദേവി !
മഹാലക്ഷ്മി നമോസ്തുതേ !!
പത്മാസനസ്ഥിതേ ദേവി !
പരബ്രഹ്മ സ്വരൂപിണി !
പരമേശിജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ !!
ശ്വേതാംബരധരേ ദേവി !
നാനാലങ്കാരഭൂഷിതേ
ജഗല്‍സ്ഥിതേ ജഗന്മാതര്‍-
മഹാലക്ഷ്മി നമോസ്തുതേ !!
മഹാലക്ഷ്മി അഷ്ടകം പക്ഷന്തര ഭജനം ഉപാസന ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
പ്രശാന്ത് ശാന്തി
കരുനാഗപ്പള്ളി
Email:jyothishasahayam@gmail.com