ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ആത്മ തേജസ്വിയായ ഭീഷ്മര്‍


കുരുകുലധാധിപന്‍ - ആത്മ തേജസ്വിയായ ഭീഷ്മര്‍

ഹസ്തിനപുരിയിലെ നവരത്നഖചിതമായ പര്യങ്കത്തില്‍ ഉപവിഷ്ഠനായ ശന്തനു മഹാരാജാവ് തനിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞ അഭൌമ സൌന്ദര്യ ധാമത്തെക്കുറിച്ചോര്‍ത്ത്‌ അഭിമാനപ്പെട്ടു. ഗംഗ -- സ്വര്‍ണ്ണാഭയാര്‍ന്ന സുന്ദരിയും കുലീനയുമായ അപ്സരസ്സ്. അവളായിരുന്നു ഹസ്തിന നരേശന്‍റെ ധര്‍മ്മ പത്നി.

ഗംഗേ! നീന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞ ഞാന്‍ ലോകം കണ്ടതില്‍ വെച്ച് ഏറെ ഭാഗ്യവാനാണ്. തന്‍റെ തോളില്‍ തല ചായ്ച്ചിരുന്ന ഗംഗയോട് അദ്ദേഹം തെല്ലഹങ്കാരത്തോടെ പറഞ്ഞു. രാജാവിന്‍റെ തോളില്‍ അമര്‍ന്നിരുന്ന തന്‍റെ ശിരസ്സ്‌ അല്പം പോലും ഇളക്കാതെ ഗംഗ പ്രതികരിച്ചു. അങ്ങ്‌ ഉദ്ദേശിക്കുന്ന ഭാഗ്യവിപര്യയങ്ങളെ പറ്റി എനിയ്ക്കറിയില്ല. എന്നാല്‍ ഒന്ന് പറയാം -- ഭാഗ്യം ശാശ്വതമല്ല , വൃദ്ധിക്ഷയങ്ങള്‍ക്ക് അതീതവുമല്ല.

ഗംഗേ ! നീ എന്‍റെ മനസ്സിനെ ഇങ്ങനെ എന്തിനാന്ന് മുറിപ്പെടുത്തുന്നത് ? രാജാവിന്‍റെ ശബ്ദത്തില്‍ അകരാണമായ ഭീതി നിഴലിച്ചു.

ഗംഗ ദൃഷ്ടി ഉയര്‍ത്തി, പ്രിയതമനെ നോക്കി മന്ദഹസിച്ചു. ചില വ്യവസ്ഥകള്‍ക്ക് വിധേയനയാണ് അങ്ങ്‌ എന്നെ സ്വീകരിച്ചത് -- എന്‍റെ പ്രവര്‍ത്തികളുടെ ശുഭാശുഭ വിചിന്തനം നടത്താന്‍ ഞാന്‍ ഭര്‍ത്താവായ അങ്ങേയ്ക്ക് അനുവാദം തന്നിട്ടില്ല . ദാമ്പത്യത്തില്‍, പുരുഷന്‍റെ മേല്‍ക്കോയ്മയെയാണ് ഞാന്‍ ആ നിമിഷം അങ്ങില്‍ നിന്ന് തട്ടിക്കളഞ്ഞത്. എന്നിട്ടും എന്നില്‍ ഭ്രമിച്ച അങ്ങയുടെ മനസ്സ് എന്നെ പുകഴ്ത്തുന്നു . യഥാര്‍ത്ഥത്തില്‍ അങ്ങു ദുഖിതനല്ലേ രാജന്‍! ഗംഗയുടെ ശബ്ദത്തില്‍ അഹങ്കാരത്തിനതീതമായ ദൃഢതയായിരുന്നു.

ഇന്ദ്രദേവാദികള്‍, ഏറെ ആദരവോടെ നോക്കുന്ന നിന്നെ ഏതു വ്യവസ്ഥയ്ക്ക് വിധേയനായും സ്വീകരിയ്ക്കാന്‍ കഴിഞ്ഞ ഈ ശന്തനു തികച്ചും അഭിമാനിയാണ്‌.

കാമ പരവശനായ പ്രിയതമന്‍റെ കരവലയത്തില്‍ ഒതുങ്ങുമ്പോഴും ഗംഗയുടെ മനശക്തി അപാരമായിരുന്നു. നമ്മുടെ ദാമ്പത്യം പോലും, ഒരു പുര്‍വ്വ ജന്മ ബന്ധമാണെന്ന സത്യം എനിയ്ക്കറിയും പോലെ അങ്ങയ്ക്കോര്‍മ്മ കാണില്ല ! രാജാവ്‌ അത്ഭുതത്തോടെ തന്‍റെ പ്രിയതമയെ നോക്കി അങ്ങു പൂര്‍വ്വ ജന്മത്തില്‍ മഹാഭിഷക് എന്ന രാജാവായിരുന്നു. ഇന്ദ്ര സദസ്സിലെത്തിയ അങ്ങ് അന്ന് എന്നെ ആഗ്രഹത്തോടെ നോക്കി - പുരുഷ ഗുണങ്ങളോത്തു ചേര്‍ന്ന അങ്ങയോടു ചേരാന്‍ ഞാനും ആഗ്രഹിച്ചു. എന്നാല്‍ ഇന്ദ്ര സദസ്സിലെ നിയമങ്ങള്‍ നമുക്കെതിരായിരുന്നു. പിന്നീട് അങ്ങ് ഹസ്തിനപുര നരേശനായി പുനര്‍ജ്ജനിച്ചപ്പോള്‍, ഞാന്‍ എന്‍റെ അഭീഷ്ടസിദ്ധിക്കായി അങ്ങയോടൊത്ത് ചേര്‍ന്നു. രാജാവു ദീര്‍ഘമായി നിശ്വസിച്ചു.
കാലം കടന്നു ഗംഗ സുന്ദരനായ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തന്‍റെ ജന്മം സഫലമായതില്‍ രാജാവ് ഏറെ തൃപ്തനായി . മാസങ്ങള്‍ക്കു ശേഷം ഒരു സന്ധ്യാവേളയില്‍ ഗംഗ, തന്‍റെ കുഞ്ഞിനെ ഗംഗ നദിയില്‍ ഒഴുക്കി. പരിചാരികയില്‍ നിന്ന് കുഞ്ഞിന്‍റെ തിരോധാനത്തെ പറ്റി കേട്ടറിഞ്ഞ രാജാവ് ഏറെ ദുഖിതനായി . ഗംഗയുടെ ക്രൂര പ്രവര്‍ത്തിയില്‍ മനം നൊന്ത അദ്ദേഹം അവളെ കുറ്റപ്പെടുത്തി. മുന്‍ നിബന്ധനകളില്‍ നിന്നുള്ള വ്യതിചലനം , ഗംഗയ്ക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ തിരിച്ചു പോകാന്‍ തയ്യാറെടുത്തു. ഗംഗ കൊട്ടാരം വിട്ടു പോകുന്നത് രാജാവിന്‌ ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല - അത്ര കണ്ട് ഗൃഹ ഭരണത്തില്‍ നിപുണയും , സ്നേഹ സമ്പന്നയും ആയിരുന്നു ഗംഗ .

ഒന്നിന് പുറകെ ഒന്നായി താന്‍ ജന്മം നല്‍കിയ ശിശുക്കളെ എല്ലാം ഗംഗ ഇരുളിന്‍റെ മറവില്‍ ഗംഗ നദിയില്‍ ഒഴുക്കി. രാജാവിന്‍റെ മനസ്സ് ശിലാവിഗ്രഹമായി . എട്ടാമതും ഗംഗ ഗര്‍ഭിണിയായി ആ കുട്ടിയും തനിയ്ക്ക് നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് , ചിന്തിക്കാന്‍ രാജാവു അശക്തനായിരുന്നു . ഒരു സന്താനത്തെ ലാളിയ്ക്കാന്‍ അത്ര കണ്ട് അദ്ദേഹത്തിന്‍റെ മനസ്സ് കൊതിച്ചു. പതിവു പോലെ കുട്ടിയെ ഗംഗ നദിയില്‍ ഒഴുക്കാനായി പുറപ്പെട്ട ഗംഗയെ രാജാവു ബലം പ്രയോഗിച്ചു തടഞ്ഞു. ഗംഗ കോപിഷ്ഠയായി. രാജാവേ ! അങ്ങു വ്യവസ്ഥ ലംഘിച്ചിരിയ്ക്കുന്നു ഇനി നാം ഒത്തു ചേര്‍ന്ന് ഒരു ജീവിതമില്ല .

നിന്നോടോത്ത് ജീവിയ്ക്കണമെന്ന എന്‍റെ ആശയും അസ്തമിച്ചു. എന്‍റെ കുഞ്ഞിനെ എനിയ്ക്ക് തന്ന് നീ പൊയ്ക്കൊള്ളു! പൊട്ടിക്കരച്ചിന്‍റെ വക്കോളമെത്തിയ ശന്തനുവിനെ ഗംഗ അലിവോടെ നോക്കി "രാജന്‍ ! നമ്മുടെ കൂടിച്ചേരലിന്, ദൈവം അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. എനിയ്ക്ക് തിരിച്ചു പോയേ പറ്റു! അതു നിയോഗമാണ്! "

നിരപരാധികളായ എന്‍റെ കുഞ്ഞുങ്ങളെ നീ എന്തിന് നദിയില്‍ ഒഴുക്കി ". എനിയ്ക്ക് ഒരു മറുപടി കൂടിയേ കഴിയൂ"

"ഞാന്‍ ക്രൂരതയോടെ, നദിയിലൊഴുക്കിയ നമ്മുടെ കുഞ്ഞുങ്ങള്‍ ഭുമിയില്‍ ജന്മമെടുത്ത ഉടന്‍ മരണപ്പെടാന്‍ വിധിയ്ക്കപ്പെട്ട അഷ്ട വസുക്കളാണ് . വസിഷ്ഠ ശാപത്താല്‍ ഭൂമിയില്‍ ജന്മമെടുക്കാന്‍ നിയോഗിയ്ക്കപ്പെട്ടവര്‍. എന്നാല്‍ ഈ എട്ടാമന്‍ ഭൂമിയില്‍ ഏറെക്കാലം ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു. ഞാന്‍ ഇവനെ അങ്ങേയ്ക്ക് നഷ്ടപ്പെടുത്തില്ല അങ്ങ് ദുഖിക്കരുത് ."

ഗംഗേ ! ഞാന്‍ സ്തോഭത്തോടെ പറഞ്ഞ വാക്കുകള്‍ നീ മറക്കണം . നമുക്ക് കൊട്ടാരത്തിലേയ്ക്ക് തിരിച്ചു പോകാം"

ക്ഷമിക്കണം ! രാജന്‍!! എന്‍റെ ദൌത്യം അസ്തമിച്ചു. എനിക്ക് മടങ്ങിയേ തീരൂ! ഈ കുഞ്ഞിനെ ഞാന്‍ തല്‍ക്കാലം കൊണ്ടു പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം എല്ലാ സത്ഗുണങ്ങളുടെയും വിളനിലമായി ഈ മകനെ ഞാന്‍ അങ്ങേയ്ക്ക് തിരിച്ചു നല്കും . ഇപ്പോള്‍ ഇവന് മാതൃ സ്നേഹം കൂടിയേ തീരൂ. അങ്ങൊരിക്കലും ദുഖിക്കരുത്- എല്ലാം ഈശ്വരേച്ഛ എന്ന് കരുതി മനസ്സിനെ നിയന്ത്രിയ്ക്കുക. ക്ഷത്രിയ കുലധര്‍മ്മത്തില്‍ നിന്ന് അങ്ങ് വ്യതി ചലിയ്ക്കരുത്. "ഗംഗ രാജാവിന്‍റെ തോളില്‍ കൈ വെച്ചു .

എന്നെ തനിച്ചാക്കിയുള്ള നീന്‍റെ ഈ യാത്ര ഒഴിവാക്കണം അത്ര കണ്ട് പ്രിയേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു. രാജാവിന്‍റെ കണ്ണുകള്‍ സജലങ്ങളായി.
ഇല്ല! രാജന്‍ !! എന്‍റെ യാത്ര ഇവിടം കൊണ്ട് അവസാനിയ്ക്കണമെന്ന് ദൈവ നിശ്ചയമാണ്. അതു മാറ്റാന്‍ ഒരു പ്രപഞ്ച ശക്തിയ്ക്കും ആവില്ല. മരണം വരെ അങ്ങെന്‍റെ മനസ്സിലുണ്ടാകും . രാജാവ് നോക്കി നില്‍ക്കെ, ഗംഗ കൈ കുഞ്ഞുമായി ഗംഗാ നദിയുടെ കാണക്കയങ്ങളിലേയക്കിറങ്ങി.

വര്‍ഷങ്ങള്‍ കടന്നു. മനസ്സ് അസ്വസ്ഥമാകുന്ന പല രാത്രികളിലും രാജാവ് നദിക്കരയില്‍ വന്നിരിയ്ക്കും. ഗംഗയുടെ ഓളങ്ങള്‍, തന്‍റെ പ്രിയതമയുടെ കുളിര്‍ക്കരങ്ങളെന്നോളം തന്നെ തഴുകുകയും ആശ്വസിപ്പിയ്ക്കുകയും ചെയ്യുന്നതായി രാജാവിന്‌ അനുഭവപ്പെടാറുണ്ട് . അതിനടുത്ത ദിവസങ്ങളില്‍ രാജാവ് ഭരണകാര്യങ്ങളില്‍ കുടുതല്‍ ഊര്‍ജ്ജസ്വലനായി കാണപ്പെട്ടു - ഗംഗ പോയെങ്കിലും, സാമീപ്യം തന്നില്‍ നിന്നകലാത്തതു പോലെ ഒരിക്കല്‍ നായാട്ടിനു ശേഷം ക്ഷീണിതനായ രാജാവ് ഗംഗാ തീരത്തെത്തി. ആ കുളിര്‍ കാറ്റില്‍ ഒന്ന് മയങ്ങിയ അദ്ദേഹം ഒരു ശബ്ദം കേട്ട് കണ്‍ തുറന്നു .

അങ്ങ് ഉറങ്ങുകയാണോ ? വല്ലാതെ ക്ഷീണിതനായിരിയ്ക്കുന്നല്ലോ ? മുന്നില്‍ നില്‍ക്കുന്ന തന്‍റെ പ്രിയതമയെ കണ്ട് അദ്ദേഹം ആശ്ചര്യപ്പെട്ടു . അവളുടെ സൌന്ദര്യം പതിന്‍ മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു . ഇപ്പോള്‍ താന്‍ ഇവള്‍ക്ക് തീര്‍ത്തും അയോഗ്യനാണ് .

ഗംഗ ഒരു ചെറു ചിരിയോടെ തുടര്‍ന്നു ' അങ്ങ് ചിന്തിച്ചകാര്യം എനിയ്ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു . രാജന്‍ ! അങ്ങ് ചഞ്ചലപ്പെടരുത്, ഞാന്‍ സ്വര്‍ഗ്ഗ വാസിയായ ഗംഗയാണ്. ഞങ്ങള്‍ക്ക് വൃദ്ധാവസ്ഥകളില്ല - ഞാന്‍ എന്നും വിണ്‍ഗംഗ തന്നെ!

എന്‍റെ വാര്‍ദ്ധക്യത്തില്‍ നീ ഇനിയെങ്കിലും ഒരു തുണയായി കൂടെ ഉണ്ടാകുമോ? രാജാവ് തന്‍റെ ക്ഷീണിച്ച കണ്ണുകളുയര്‍ത്തി അലിവോടെ ഗംഗയെ നോക്കി..

'രാജന്‍! ഇപ്പോള്‍ അങ്ങേയ്ക്കാവശ്യം രാജ്യഭാരം ഏറ്റെടുക്കാന്‍ പ്രാപ്തനായ ഒരു പുത്രനെയാണ്. ഞാന്‍ അങ്ങേയ്ക്ക് തന്ന വാക്ക് പാലിച്ചിരിയ്ക്കുന്നു. തന്‍റെ പുത്രനെ കാണാനുള്ള അടങ്ങാത്ത ജിജ്ഞാസയോടെ അദ്ദേഹം ഗംഗയുടെ പിന്നിലേയ്ക്ക് കണ്ണുകളയച്ചു. തന്‍റെ പ്രിയതമയുടെ പിന്നിലായി, ഒരു ശരപഞ്ജരത്തിനുള്ളില്‍ ഗംഗാ നദി നിശ്ചലമായി നില്ക്കുന്നത് അദ്ദേഹം കണ്ടു. നോക്കി നില്ക്കെ, ആ ശരപഞ്ജരത്തില്‍ നിന്ന് ഉജ്ജ്വല തേജസ്വിയായ ഒരു കുമാരന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു . 'അമ്മെ! എനിയ്ക്കത് സാധിച്ചു. ഞാന്‍ ഗംഗാ നദിയെ തടുത്തു നിറുത്തി. ഞാന്‍ സമര്‍ത്ഥനല്ലെ അമ്മേ!!. അമ്മയുടെ മുന്നില്‍ അന്യനായ ഒരു പുരുഷനെ കണ്ടു ആ യുവാവ്‌ ഒന്ന് സംശയിച്ചു. ഗംഗ പുത്രനെ അണച്ചു കൊണ്ടു രാജാവിനോട് പറഞ്ഞു ഇവന്‍ ദേവവ്രതന്‍! ഞാന്‍ കൊണ്ടു പോയ അങ്ങയുടെ പുത്രന്‍. ഇനിയുള്ള കാലം അങ്ങയ്ക്ക് താങ്ങും തണലുമായി ഇവന്‍ കൂടെ ഉണ്ടാകും..

തന്‍റെ പുത്രന്‍റെ അലൌകിക ശക്തിയിലും, സൌന്ദര്യത്തിലും ഭ്രമിച്ചു പോയ രാജാവില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല .

'മകനെ ! ദേവവ്രതാ! ഇദ്ദേഹമാണ് നിന്‍റെ അച്ഛന്‍ ഇനി നീ അച്ഛനോടൊപ്പം ഹസ്തിനപുരത്തിലാണ് കഴിയേണ്ടത് - പിതാവിന് നീ താങ്ങും തണലുമാകണം" ദേവവ്രതന്‍ ശന്തനുവിന്‍റെ പാദത്തില്‍ കുമ്പിട്ടു . അദ്ദേഹം വിറയ്ക്കുന്ന കരങ്ങളോടെ പുത്രനെ കെട്ടി പുണര്‍ന്ന് മുര്‍ദ്ധാവില്‍ ചുംബിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. 'പ്രിയതമാ! ഞാന്‍ അങ്ങയുടെ പുത്രന് വേണ്ടതായ എല്ലാ വിദ്യകളും അഭ്യസിപ്പിച്ചിട്ടുണ്ട്.- ഇവന്‍ വേദാംഗങ്ങള്‍ അഭ്യസിച്ചത് വസിഷ്ഠനില്‍ നിന്നാണ്. ദേവ ഗുരുവായ ബ്രഹസ്പതിയില്‍ നിന്നാണ് രാഷ്ട്ര മീമാംസ അഭ്യസിച്ചത്‌. ധനുര്‍വേദാചര്യന്‍ ഭാര്‍ഗ്ഗവ രാമനാണ്. നമ്മുടെ ഈ മകന്‍ അങ്ങേയ്ക്ക് ശേഷവും കുരുകുലം നയിയ്ക്കാന്‍ പ്രാപ്തിയുള്ളവനാണ്. തന്നെക്കാള്‍ ദീര്‍ഘ വീക്ഷണമുള്ള ഗംഗയോട് പ്രതികരിക്കാന്‍ പോലും അദ്ദേഹം അശക്തനായി. ഗംഗ പുത്രനെ തലോടി ' മകനെ ! നീ ഒരിക്കലും അച്ഛനെ ദുഖിപ്പിയ്ക്കരുത്. മനസ്സിന് ഏതു സംഘര്‍ഷം ഉണ്ടാകുമ്പോഴും നീ ഇവിടെ വന്നിരുന്ന്‍ എന്നെ ഒന്ന് സ്മരിച്ചാല്‍ മാത്രം മതി ഈ അമ്മ നിനയ്ക്കരികിലെത്തും.
ഗംഗ പ്രിയതമന്‍റെ കാലില്‍ തൊട്ടുതൊഴുതു. ഒരു നിമിഷം! ഗംഗയുടെ കണ്ണില്‍ നിന്നടര്‍ന്ന കണ്ണീര്‍ തുള്ളികള്‍ അദ്ദേഹത്തിന്‍റെ പാദം നനച്ചു. ഗംഗയെ ഒന്ന് പിടിച്ചെഴുന്നെല്പ്പിയ്ക്കാന്‍ പോലും അദ്ദേഹം അശക്തനായിരുന്നു. രാജാവ് ആ നിമിഷം ശിഥിലികൃതമായി. പരസ്പരം ഒന്നും ഉരിയാടാതെ, ഏറെ മനസ്സിലാക്കി അവര്‍ പിരിഞ്ഞു. രാജാവ്‌ പുത്രനുമായ്‌ കൊട്ടാരത്തിലേയ്ക്ക് മടങ്ങി..
ദിവസങ്ങള്‍, നിമിഷങ്ങളെന്നോണം കടന്നു പോകുന്നതായി രാജാവിന്‌ തോന്നി. നീണ്ട പതിനാറു വര്‍ഷങ്ങളായി തന്‍റെ പുത്രന് നല്‍കാന്‍ കഴിയാതിരുന്ന സ്നേഹം മുഴുവന്‍ അദ്ദേഹം ദേവവ്രതന് വാരിക്കോരി നല്‍കി. അച്ഛന്‍റെ, നിഴല്‍ പോലെ, ആജ്ഞാനുവര്‍ത്തിയായി ദേവ വ്രതന്‍ കൂടെ തന്നെ നിന്നു. ഗംഗാ ദത്തന്‍ അത്ര മാത്രം സത് ഗുണങ്ങളുടെ വിളനിലമായിരുന്നു.
നിയതി രാജാവിനു വേണ്ടി വീണ്ടും കരുക്കള്‍ നീക്കി --- വാര്‍ദ്ധക്യ കാലത്ത് ഒരിക്കല്‍ പോലും മനസ്സില്‍ കരുതാതിരുന്ന ഒരു ചിന്തയിലേയ്ക്ക് കാമന്‍ അദ്ദേഹത്തെ കൂട്ടി - ക്രൂരമായ ഒരു വിളയാട്ടം കണ്ടു രസിയ്ക്കാനുള്ള മോഹമായിരിയ്ക്കും. നായാട്ടിനിടയില്‍ ക്ഷീണിതനായി അലഞ്ഞ അദ്ദേഹത്തെ കസ്തൂരിയുടെ കുളിര്‍മ്മയേറിയ സൗരഭ്യം മത്തനാക്കി. മദന ചിത്തനായ രാജാവ് ഗന്ധത്തിന്‍റെ ഉറവിടം തേടി ഒരു മുക്കുവ കുടിലിലെത്തി -- സത്യവതി അതായിരുന്നു അവളുടെ നാമം. തന്നോടൊപ്പം അവളെ കൂട്ടാന്‍ ചെറുപ്പമായ അദ്ദേഹത്തിന്‍റെ മനസ്സ് കൊതിച്ചു. അച്ഛന്‍റെ വാക്കിന് മറുവാക്കില്ലാതിരുന്ന സത്യവതി തന്‍റെ പിതാവിലൂടെ ആ സത്യം വെളിപ്പെടുത്തി. രാജാവിന്‌ പുത്രിയെ നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നു. പക്ഷെ ചില വ്യവസ്ഥകള്‍ക്ക് വിധേയനായി മാത്രം ഒരു പക്ഷെ , ശന്തനുവിന്‍റെ ജീവിതം തന്നെ വ്യവസ്ഥാതിഷ്ഠത മായിരിന്നിരിയ്ക്കണം. ആദ്യം ഗംഗാ , ഇപ്പോള്‍ ഇതാ സത്യവതി..

ഇവളില്‍ ജനിക്കുന്ന പുത്രന്‍ ഹസ്തിനപുരത്തിന്‍റെ കിരീടാവകാശി ആകുമെന്ന് രാജാവ് ഉറപ്പു നല്‍കണം "സത്യവതിയുടെ പിതാവ് തന്‍റെ തീരുമാനം അറിയിച്ചു. തന്‍റെ പ്രിയ പുത്രന്‍ ദേവ വ്രതന്‍റെ മുഖം രാജാവു ആ നിമിഷം ഓര്‍ത്തു . അവനെ പിന്നിലായ്ക്കുന്ന ഒരു വ്യവസ്ഥയ്ക്കും അദ്ദേഹം തയ്യാറായില്ല. ഒന്നും ഉരിയാടാതെ രാജാവ് കൊട്ടാരത്തിലേയ്ക്ക് മടങ്ങി - മനസ്സ് അപ്പോഴും മുക്കുവക്കുടിലിന്‍റെ പരിസരത്ത് മണ്ടി നടന്നു. അദ്ദേഹം ക്രമേണ മൌനിയായി .

അച്ഛന്‍റെ ദുഃഖ വിഷയത്തെക്കുറിച്ച് ഗംഗാ ദത്തന്‍ പല വുരു ചോദിച്ചു. അദ്ദേഹം പലപ്പോഴും ഒഴിഞ്ഞു മാറി. തന്‍റെ അച്ഛന്‍റെ ഏകാന്തത ദേവ വ്രതന് സഹിയ്ക്കാന്‍ കഴിഞ്ഞില്ല. തേരാളിയില്‍നിന്ന് വിവരം ചോദിച്ചറിഞ്ഞ ഗംഗാ ദത്തന്‍ സത്യവതിയുടെ കുടിലെത്തി. സത്യവതിയുടെ പിതാവ് തന്‍റെ വ്യവസ്ഥകള്‍ ആ യുവാവിന്‍റെ മുന്നില്‍ നിരത്തി. യൗവ്വന കാലത്ത് പോലും ഭാര്യാ സുഖം അനുഭവിക്കാത്ത പിതാവിന്‍റെ കാമാതുരമായ മനസ്സിന് മുക്തി നല്‍കേണ്ടത് പുത്ര ധര്‍മ്മ മാണെന്ന് ദേവ വ്രതന്‍റെ യുക്തി അദ്ദേഹത്തെ ഉപദേശിച്ചു. സത്യവതിയുടെ പിതാവിന്‍റെ വ്യവസ്ഥ തനിയ്ക്ക് സ്വീകാര്യമാണന്ന് ദേവ വ്രതന്‍ അറിയിച്ചു. വീണ്ടും അടുത്ത കടമ്പയായി , യുവ രാജാവേ ! അങ്ങു കിരീടത്തിനു വേണ്ടി അവകാശം ഉന്നയിയ്ക്കുകയില്ലന്ന് എനിയ്ക്കുറപ്പാണ്. താങ്കള്‍ അത്ര കണ്ട് ദൃഢചിത്തനും നീതിജ്ഞനുമാണ്, എന്നാല്‍ അയാള്‍ നിറുത്തി " എന്താണ് ? പറയു. എന്തും തുറന്നു പറയാം ! എന്‍റെ പിതാവിന്‍റെ മനസ്സുഖത്തിനപ്പുറം എനിയ്ക്കീ ലോകത്തില്‍ വലുതായി ഒന്നുമില്ല !!

മടിച്ചു മടിച്ചു അയാള്‍ പറഞ്ഞു ' അങ്ങു വാക്ക് പാലിയ്ക്കും ! ഭാവിയില്‍ അങ്ങേയ്ക്കുണ്ടാകുന്ന കുട്ടികളുടെ മുന്നില്‍ എന്‍റെ മകളുടെ കുട്ടികള്‍ രണ്ടാം തരമാകില്ലേ!

വേണ്ട കുമാര ! ഈ വിവാഹം അങ്ങയുടെ കുലത്തിന് ചേര്‍ന്നതല്ല. ഇതു മൂലം ഏറെ പ്പേര്‍ ദുഖിയ്ക്കാനിട വരും.
ദേവ വ്രതന്‍ ഞെട്ടിയില്ല. അദ്ദേഹം സത്യവതിയുടെ പിതാവിന്‍റെ വാക്കുകള്‍ നിസ്സാരമായി തള്ളി. 'ഓഹോ ! ഇതാണോ തടസ്സം ! ഈ ദേവ വ്രതന്‍ സകല ദൈവങ്ങളെയും എന്‍റെ പെറ്റമ്മയേയും സാക്ഷി ' നിറുത്തി ഇതാ സത്യം ചെയുന്നു , ഈ ദേവ വ്രതന്‍ എന്നും ബ്രഹ്മചാരിയായിരിയ്ക്കും.. ഇതു സത്യം ! ആകാശത്തില്‍ വെള്ളിടി വെട്ടി. ദേവകള്‍ ദേവ വ്രതന് മേല്‍ പുഷ്പ വൃഷ്ടി ചൊരിഞ്ഞു. നീ ഭീഷ്മരായി ലോകമുള്ള കാലം അറിയപ്പെടും ! ദേവകള്‍ക്ക് പോലും അസാദ്ധ്യമായ കാര്യമാണ് നീ ഈ പ്രതിജ്ഞയിലൂടെ നേടിയെടുത്തത് !!.

തന്‍റെ ചെറിയമ്മയെ തേരിലേറ്റി അദ്ദേഹം കൊട്ടാരത്തിലേയ്ക്ക് തിരിച്ചു. കൊട്ടാരത്തിലെത്തിയ ഗംഗാ ദത്തന്‍ അച്ഛന്‍റെ പാദം വണങ്ങിക്കൊണ്ട് അറിയിച്ചു. ' അച്ഛാ ! അച്ഛന്‍റെ മനോ വിഷമത്തിനുള്ള പരിഹാരം ഈ ദേവ വ്രതന്‍ കണ്ടത്തി. ചെറിയമ്മയെ ഞാന്‍ കുട്ടിക്കൊണ്ട് വന്നിട്ടുണ്ട്. എന്‍റെ അച്ഛന്‍റെ സന്തോഷത്തിനപ്പുറം ഈ പുത്രനൊന്നുമില്ല. രാജാവിന്‌ സന്തോഷിയ്ക്കാന്‍ കഴിഞ്ഞില്ല. ' മകനെ ! എന്‍റെ സന്തോഷത്തിനു വേണ്ടി നീ ചിന്തയില്ലാതെ, ചിലതെല്ലാം ബലികഴിച്ചു . പറയു - ഞാന്‍ ബ്രഹ്മചാരി ആയിരിയ്ക്കുമെന്ന് ചെറിയമ്മയുടെ അച്ഛന് മുന്നില്‍ പ്രതിജ്ഞ ചെയ്തു. ഭീഷ്മ പ്രതിജ്ഞ എന്നും പാലിയ്ക്കപ്പെടും. എന്‍റെ അച്ഛന്‍ ദുഖിയ്ക്കരൂത്. ചെറിയമ്മയെ അകത്തേയ്ക്ക് കൂട്ടൂ.

' മകനെ ! ഞാന്‍ എന്‍റെ ഈ ജന്മത്തില്‍ നേടിയെടുത്ത എല്ലാ തപ : ശക്തിയോടും കൂടി നിനയക്കൊരു വരം തരുന്നു.' 'സ്വച്ഛന്ദ മൃത്യു ഭവ !! നീ ആഗ്രഹിയ്ക്കാതെ മരണത്തിനു പോലും നിന്നെ കീഴ്പ്പെടുത്താനാവില്ല . പുത്രാ ! മരണം നിന്‍റെ വിളിയ്ക്കു വേണ്ടി കാതോര്‍ത്തിരിയ്ക്കും . ഇനി ഈ ശന്തനുവിന് ഒരു പുണ്യവും ബാക്കിയില്ല, എല്ലാം എന്‍റെ പുത്രന് അര്‍പ്പിച്ചിരിക്കുന്നു . രാജാവിന്‍റെ കണ്ഠം മിടറി , അദ്ദേഹം തന്‍റെ പുത്രന് മുന്‍പില്‍ തൊഴു കൈയ്യുമായി നിന്നു. കൊട്ടാരം നിമിഷ നേരത്തേയ്ക്ക് ദുഃഖക്കടലായി. ബ്രഹ്മചര്യമാണോ , സ്വച്ഛന്ദ മൃത്യു വാണോ വലുതെന്ന് ആര്‍ക്കും അളക്കാന്‍ കഴിയില്ല. അതായിരുന്നു ആ അച്ഛനും മകനും.
കാലം വീണ്ടും കടന്നു. വിധിയുടെ വിളയാട്ടു പമ്പരമായി ജീവിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ശന്തനു മഹാരാജാവ് നാടു നീങ്ങി . ഏറെ ഇന്ദ്രിയ നിഗ്രഹണം ഉണ്ടായിട്ടും, കാലത്തിന്‍റെ ചരടു വലിയില്‍ കുടുങ്ങിപ്പോയ അദ്ദേഹം, നമ്മുടെ ഇടയിലുള്ള ഏതോ നിസ്സഹായനായി ഇപ്പോഴും ജീവിക്കുന്നു. രാജാവു മരിയ്ക്കുമ്പോള്‍, സത്യവതിയുടെ പുത്രന്മാരായ ചിത്രംഗ്ദനും , വിചിത്രവീര്യനും കുമാരന്മാരയിരുന്നു. ഭീഷ്മര്‍ കിരീടം ധരിയ്ക്കാത്ത രാജാവായി ഹസ്തിനപുരത്തെ നയിച്ചു. ഒരു ജേഷ്ഠസഹോദരനോടെന്ന ബഹുമാനമാണ് സത്യവതി, താന്‍ പുത്രനായി കരുതേണ്ട ഭീഷ്മര്‍ക്ക് നല്‍കിയത്. എന്തിനും ഏതിനും ഭീഷ്മര്‍ തന്നോടു അഭിപ്രായം ചോദിയ്ക്കുമെങ്കിലും അവര്‍ക്കറിയാമായിരുന്നു എല്ലാം അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമപ്പുറമായിരുന്നു തന്‍റെ ജേഷ്ഠ തുല്യനായ പുത്രനെന്ന്. അച്ഛന്‍റെ മരണ ശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിത്രാംഗദന്‍ ഒരു ഗന്ധര്‍വ്വനോടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

അന്നത്തെ നാടു നടപ്പനുസരിച്ച്, കാശി രാജ്യവും ഹസ്തിനപുരവും തമ്മിലായിരുന്നു. ഏറെ വിവാഹബന്ധങ്ങളും നടന്നിരുന്നത്. എന്നാല്‍ സത്യവതിയുടെ പുത്രന്മാരെ അംഗീകരിയ്ക്കാന്‍ കാശി രാജാവിന് കഴിഞ്ഞില്ല. അദ്ദേഹം ഭീഷ്മരോടാലോചിയ്ക്കാതെ തന്‍റെ പെണ്‍കുട്ടികള്‍ക്ക് സ്വയം വരം നിശ്ചയിച്ചു. ഭീഷ്മര്‍ ക്ഷുഭിതനായി. സ്വയം വര ദിവസം വരണമാല്യവുമായി പന്തലിലിറങ്ങിയ ആ കന്യകകളെ ഭീഷ്മര്‍ താര്‍ഷ്യ തുല്യനായി കൊത്തി പറന്നു. ഹസ്തിനപുരത്തിലെത്തിയ അദ്ദേഹം തന്‍റെ സഹോദരന്‍റെ വധുക്കളായി അവരെ നിശ്ചയിച്ചു . ഭീഷ്മരുടെ പ്രവര്‍ത്തിയില്‍ മനം നൊന്തു വിലപിച്ച അംബ, പേടിച്ചരണ്ട് ആ സത്യം വെളിപ്പെടുത്തി - താന്‍ സാല്യനെ സ്നേഹിക്കുന്ന വിവരം ഭീഷ്മര്‍ ക്ഷമാപണത്തോടെ , അംബയെ സാല്യന്‍റെ കൊട്ടാരത്തിലേയ്ക്ക് യാത്രയാക്കി . അംബികയും, അംബാലികയും വിചിത്ര വീര പത്നിമാരായി .

സാല്യ കൊട്ടാരത്തില്‍ അതീവ സന്തോഷത്തോടെ എത്തിയ അംബയെ സ്വീകരിയ്ക്കാന്‍ സാല്യന്‍ മടിച്ചു. 'ഭീഷ്മര്‍ നിന്‍റെ കരം ഗ്രഹിച്ചതാണ്. മറ്റൊരാള്‍ സ്വീകരിച്ച നിന്നെ, എനിയ്ക്ക് പത്നിയാക്കാനവില്ല. നീ തിരിച്ചു ഭീഷ്മരുടെ അടുത്തേയ്ക്ക് തന്നെ പോകൂ. പ്രിയതമാ ! ഞാന്‍ അങ്ങയെ മനസ്സാ സ്നേഹിക്കുന്നു. എന്‍റെ അനുരാഗം അറിഞ്ഞ ഭീഷ്മര്‍ എന്നെ നിമിഷാര്‍ദ്ധത്തില്‍ തന്നെ താങ്കളുടെ അടുക്കലേയ്ക്കയച്ചു.' ഞാന്‍ കളങ്കപ്പെട്ടില്ല.

'അംബേ ! എനിയ്ക്കിത് വിശ്വസിക്കാനാവില്ല . നീ ഹസ്തിനപുരിയിലേയ്ക്ക് മടങ്ങുന്നതാണ് നല്ലത് .'' അംബയുടെ നിസ്സഹായാവസ്ഥയ്ക്ക് മുന്നില്‍ സാല്യന്‍ നിഷ്ക്കരുണനായി. അംബ തിരിച്ചു ഹസ്തിനപുരയിലെത്തി . ഭീഷ്മരുടെ സാഹസ പ്രവര്‍ത്തി മുലം കളങ്കപ്പെട്ട തന്നെ സ്വീകരിയ്ക്കാന്‍ സാല്യന്‍ മടിച്ചെന്നും, ഭീഷ്മര്‍ തന്നെ സ്വീകരിയ്ക്കണ മെന്നും കണ്ണീരോടെ യാചിച്ചു.

'എന്‍റെ കുട്ടി ! അയാള്‍ വെറും ഒരു ഭീരുവാണ്. നിന്‍റെ അനുരാഗം കാശിയില്‍ വെച്ചറിയിച്ചിരുന്നെങ്കില്‍, ഞാന്‍ നിന്‍റെ കയ്യില്‍ സ്പര്‍ശിയ്ക്കാനിടവരില്ലായിരുന്നു. ' ഭീഷ്മര്‍ പ്രതീകരിച്ചു. നിരപരാധിയായ എന്‍റെ മാനം അങ്ങു സംരക്ഷിയ്ക്കണം 'എനിയ്ക്ക് പറ്റില്ല കുട്ടി ! ഞാന്‍ നിന്നെ കാശിയിലേയ്ക്ക് മടക്കി അയക്കാം'

തിരിച്ച് കാശിയിലേയ്ക്ക് പോകില്ലെന്ന് അംബ ശഠിച്ചു. അവളുടെ ശോകം ഭീഷ്മരോടുള്ള പകയായി ജ്വലിച്ചു .അംബ വനാന്തരങ്ങളില്‍ അലഞ്ഞുനടന്നു. അവിടെ വെച്ചു അവള്‍ പിതാമഹനായ ബ്രഹ്മര്‍ഷി ഹോത്ര വാഹനെ കണ്ടു മുട്ടി. അംബയുടെ ദുഃഖമറിഞ്ഞ അദ്ദേഹം അവളെ ഭാര്‍ഗ്ഗവ രാമ സന്നിധിയിലെത്തിച്ചു. അംബയുടെ കദന കഥ ശ്രവിച്ച ഭാര്‍ഗ്ഗവ രാമന്‍ ഏതു വിധേനയും തന്‍റെ ശിഷ്യനെക്കൊണ്ട് അംബയെ സ്വീകരിപ്പിക്കാമെന്ന് വാക്ക് നല്‍കി. അദ്ദേഹം ഭീഷ്മര്‍ക്കാളയച്ചു. ഗുരു സന്നിധിയിലെത്തിയ ഭീഷ്മരോടു , ഭാര്‍ഗ്ഗവ രാമന്‍, അംബയുടെ സങ്കടാവസ്ഥയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ചു. ബ്രഹ്മചര്യവ്രതം അനുഷ്ടിക്കുന്ന തനിയ്ക്ക് അംബയെ സ്വീകരിയ്ക്കുക അസാദ്ധ്യമാണന്ന് ഭീഷ്മര്‍ വെളിപ്പെടുത്തി. തുടര്‍ന്ന്, ഗുരു ശിഷ്യന്മാര്‍ തമ്മില്‍ ഘോരമായ യുദ്ധം നടന്നു. ജയാപജയങ്ങള്‍ക്കിടയില്ലാത്ത വണ്ണം യുദ്ധം നീണ്ടു. ഒടുവില്‍ പ്രസ്ഥവാസ്ത്രം ' കയ്യിലെടുത്ത ഭീഷ്മര്‍ക്ക് മുന്നില്‍ ദേവകളും, ഋഷിമാരും ഉന്മൂല നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു. അവര്‍ ഭാര്‍ഗ്ഗവ രാമന്‍റെ കോപം തണുപ്പിച്ചു.. അദ്ദേഹം നിസ്സഹായതയോടെ അംബയെ അനുഗ്രഹിച്ചു പിന്‍വാങ്ങി.

അംബ വീണ്ടും തപസ്സനുഷ്ടിച്ചു അവളുടെ തപസ്സില്‍ പ്രീതനായ സുബ്രഹ്മണ്യന്‍ , അംബയ്ക്ക് ഒരു താമര മാല നല്‍കി അനുഗ്രഹിച്ചു. 'ഈ മാല സ്വീകരിയ്ക്കുന്ന ആള്‍ യുദ്ധത്തില്‍ ഭീഷ്മരെ കീഴ്പ്പെടുത്തി അംബയുടെ അഭീഷ്ടസിദ്ധി വരുത്തും.!' അംബ , താമര മാലയുമായി പലരെയും സമീപിച്ചു . ഭീഷ്മരോട് എതിര്‍ക്കാന്‍ തക്ക കാരണം അവരാരും കണ്ടില്ല.ഒടുവിന്‍ അംബ ദ്രുപദ കൊട്ടാരത്തിലെത്തി. അദ്ദേഹത്തിന് അവളില്‍ സഹതാപം തോന്നി, വിവരം തിരക്കി. ഭീഷ്മരാണ് പ്രതിയോഗി എന്നറിഞ്ഞപ്പോള്‍ ദ്രുപദനും മടിച്ചു. കോപ താപങ്ങളോടെ അംബ, താമര മാല ദ്രുപദ കൊട്ടാരത്തിലെ ഒരു തുണ് ലകഷ്യമാക്കി എറിഞ്ഞു.

വീണ്ടും അംബ തപസ്സു ചെയ്ത്‌ ശിവനെ പ്രീതിപ്പെടുത്തി തന്‍റെ ദുഃഖമെല്ലാം അദ്ദേഹത്തെ അറിയിച്ചു. എനിയ്ക്ക് ഭീഷ്മരെ കൊല്ലണം ! നിരാശ അത്രമേല്‍ അവളെ കീഴ്പ്പെടുത്തിയിരുന്നു. 'കുഞ്ഞെ ! നിന്‍റെ ഈ ജന്മത്തില്‍ നിനയ്ക്ക് ഭീഷ്മരെ വധിക്കാനാവില്ല .' 'ഭഗവാന്‍! അടുത്ത ഒരു ജന്മത്തില്‍ , എന്‍റെ ഈ ജന്മത്തിലെ വൈരാഗ്യവും പകയും എന്നോടൊപ്പം ഉണ്ടാകുമെന്ന് എന്തുറപ്പാണ്.

ഭഗവാന്‍ ചിരിച്ചു, നീ ദുഃഖിയ്ക്കേണ്ട അംബേ ! അടുത്ത ജന്മത്തില്‍ നീ ദ്രുപദ രാജാവിന്‍റെ പുത്രിയായി ജനിയ്ക്കും. കൊട്ടാരത്തിലെ തൂണില്‍ നീ എറിഞ്ഞ മാല്യം നിന്‍റെ ശ്രദ്ധയില്‍പ്പെടും. അത് ധരിക്കുന്നതോടെ നീ പുരുഷ പ്രകൃതിയാകും. ഭീഷ്മരോടുള്ള പക, നിന്‍റെ മനസ്സില്‍ ഇപ്പോഴെന്ന പോലെ ശക്തിപ്പെടും നീ ഭീഷ്മരെ വധിയ്ക്കും '

ഭഗവാന്‍ മറഞ്ഞ ശേഷം, അംബ സ്വയം ചിതയൊരുക്കി അതില്‍ ചാടി ദേഹത്യാഗം ചെയ്തു.

കാലം കടന്നു. കുരുകുലം സന്താന സൗഭാഗ്യം കൊണ്ടു ഏറെ പുഷ്ടിപ്പെട്ടു. സൗഭാഗ്യത്തോടൊപ്പം ജേഷ്ടാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള പകയും വൈരാഗ്യവും ഒന്നിനൊന്ന് വര്‍ദ്ധിച്ചു. എവിടെയും മദ്ധ്യസ്ഥം പറഞ്ഞു തീര്‍പ്പുകല്‍പിക്കാന്‍ ഭീഷ്മരും, വിദുരരും ! പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാന്‍ അന്ധനായ ധൃതരാഷ്ടരും കുടില ബുദ്ധിയായ അദ്ദേഹത്തിന്‍റെ മകന്‍ ദുര്യോധനനും, വിശ്രമമെന്തന്നറിയാത്ത ആ തിരക്കിലും ഭീഷ്മര്‍ ജ്വലിച്ചു. മനസ്സ് ഏറെ സംഘര്‍ഷഭരിത മാകുമ്പോള്‍ ഭീഷ്മര്‍, ഗംഗയുടെ തീരത്തെത്തും. അമ്മ, മകന്‍റെ ശിരസ്സ്‌ മടിയില്‍ വെച്ചു തലോടി ആശ്വസിപ്പിക്കും .

കൃഷ്ണ ദൗത്യവും, ദുര്യോധനന്‍ നിരാകരിച്ചതോടെ കുരുക്ഷേത്ര യുദ്ധം ആസന്നമായി. ഭീഷ്മര്‍ കൌരവ പക്ഷത്തെ തേരാളിയായി. അദ്ദേഹം ഒട്ടും ആഗ്രഹിക്കാത്ത ആ പടക്കളത്തിലേയ്ക്ക്, ദുര്യോധനന്‍റെ മാത്രമായി പിടിവാശി അദ്ദേഹത്തെ തള്ളിവിട്ടു.

യുദ്ധത്തില്‍, ഭീഷ്മരുടെ അസാധാരണവും അനിയന്ത്രിതവുമായ പാടവത്തിനു മുന്നില്‍, അര്‍ജ്ജുനന്‍ നിസ്സഹായനാകുന്നതായി ശ്രി കൃഷ്ണന് ബോദ്ധ്യപ്പെട്ടു. ചിലപ്പോഴെല്ലാം ശ്രി കൃഷ്ണന്‍ അസഹനീയമായ കോപം കടിച്ചമര്‍ത്തി. തേരാളിയായ കൃഷ്ണന്‍ ആയുധം കയ്യിലെടുത്ത പല ഘട്ടങ്ങളിലും ഭീഷ്മര്‍ ശാന്തമായി പ്രതികരിച്ചു. 'ഹേ ! മുകുന്ദാ !! ശ്വാസ നിശ്വാസങ്ങളില്‍ പ്പോലും അങ്ങയുടെ തിരുനാമം ഉരുവിടുന്ന ഈ ഭക്തനെ, സംസാര ദുഃഖത്തില്‍ നിന്ന് മോചിപ്പിച്ചാലും. അങ്ങയുടെ കൈ കൊണ്ടുള്ള മരണം ഭാഗ്യമായി ഈ ഗംഗേയന്‍ കരുതുന്നു.' ശ്രി കൃഷ്ണന്‍ നിഷ്ക്രിയനായി പിന്‍വാങ്ങുമ്പോള്‍ അര്‍ജ്ജുനന്‍റെ നിറകണ്ണുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ജയാപജയങ്ങള്‍ക്കിട നല്‍കാതെ യുദ്ധം 9 ദിവസം പിന്നിട്ടു. ഭീഷ്മരുടെ പതനത്തോടെ മാത്രമേ പാണ്ഡവര്‍ക്ക് ജയം ഉറപ്പക്കാനാകൂ എന്ന് കൃഷ്ണന്‍ ഉപദ്ദേശിച്ചു. എന്നാല്‍, ഭീഷ്മരുടെ അനുവാദമില്ലാതെ അദ്ദേഹത്തെ യുദ്ധത്തില്‍ നേരിടുന്നതിനു പോലും പാണ്ഡവരുടെ നീതി ബോധം അനുവദിച്ചില്ല. ഇരുളിന്‍റെ മറവില്‍ അവര്‍, കൗരവശിബിരത്തില്‍ മുത്തച്ഛനെ തേടി എത്തി. ഭീഷ്മര്‍, ശ്രീ കൃഷ്ണനേയും, തന്‍റെ കൊച്ചു മക്കളേയും ഉപചാരപൂര്‍വ്വം സ്വീകരിച്ചിരുത്തി. യുധിഷ്ഠിരന്‍ ഗദ് ഗദ് കണ്ഠനായി ചോദിച്ചു. പിതാ മഹാ! യുദ്ധത്തില്‍ ഞങ്ങള്‍ക്കായിരിക്കും അന്തിമ ജയമെന്ന് അങ്ങ് എപ്പോഴും ഉരുവിടുന്നു. അങ്ങ് കൗരവ പക്ഷത്തിന്‍റെ സേനാനിയായി ഇരിക്കുവോളം, ഞങ്ങള്‍ക്ക് ജയം ഒരു മരീചികയാണ്. ഭീഷ്മര്‍ ചിരിച്ചു.' എന്‍റെ കുഞ്ഞെ ! ഈ മുത്തച്ഛന് ഇനി ജീവിക്കണമെന്നില്ല! അത്ര കണ്ടു മനസ്സ് വ്രണപ്പെട്ടിരിക്കുന്നു.

ഞങ്ങള്‍ , എങ്ങനെ അങ്ങയെ യുദ്ധത്തില്‍ നേരിടണം ഞങ്ങള്‍ക്ക് യുദ്ധം ജയിച്ചേ തീരൂ.

ഭീഷ്മര്‍, അംബയുടെ പ്രതിജ്ഞയെ പറ്റിയും, അവള്‍ ശിഖണ്ഡിയായി പുനര്‍ജ്ജനിച്ചതിന്‍റെ രഹസ്യവും പാണ്ഡവര്‍ക്ക് ബോദ്ധ്യപ്പെടുത്തി.

പത്താം ദിവസം ശിഖണ്ഡിയെ പുരസ്ക്കരിച്ചു യുദ്ധം ചെയ്ത പാണ്ഡവര്‍ , നിരായുധനായ ഭീഷ്മരെ അര്‍ജ്ജുനാസ്ത്രത്താല്‍ വീഴ്ത്തി. മഹാരഥനായ ഭീഷ്മര്‍ ശരശയനത്തില്‍ ശയിച്ചു. അര്‍ജ്ജുനന്‍ അസ്ത്രത്താല്‍ തീര്‍ത്ത തല്പത്തില്‍ ഭീഷ്മ ശിരസ്സ്‌ വിശ്രമിച്ചു. സ്വച്ഛന്ദ മൃത്യു ആയ അദ്ദേഹത്തിന്‍റെ വിളിക്കു വേണ്ടി മരണം കാതോര്‍ത്തു. ഭീഷ്മര്‍ക്ക് ദാഹിച്ചപ്പോള്‍, ഇതി കര്‍ത്തവ്യതാമുഢനായ ദുര്യോധനന്‍, ലോകത്തിലെ ഏറ്റവും വിലകൂടിയ ശീതളപാനീയങ്ങള്‍ വരുത്തി. ഭീഷ്മര്‍ സ്നേഹ പൂര്‍വ്വം നിരസിച്ചു. ഭീഷ്മ നിര്‍ദ്ദേശത്താല്‍, അര്‍ജ്ജുനനെയ്ത പര്‍ജ്ജന്യാസ്ത്രം ഭൂമിയുടെ അടിതട്ടിലെത്തി. കുളിര്‍ ജലം അമൃത തുല്യമായ സുഗന്ധത്തോടെ അദ്ദേഹത്തിന്‍റെ ചുണ്ടുകള്‍ ധാര ധാരയായി നനച്ചു. ഗംഗേയന്‍ ഉത്തരായനത്തിലെ നല്ല മുഹൂര്‍ത്തവും തേടി, സൂര്യനഭി മുഖമായി കിടന്നു.

യുദ്ധത്തില്‍ ജയിച്ച പാണ്ഡവര്‍, കൃഷ്ണ നിര്‍ദ്ദേശത്താല്‍ ഭീഷ്മരെ കാണാനെത്തി. കൃഷ്ണ കര സ്പര്‍ശനത്താല്‍ ശരീര പീഡകളില്‍ നിന്ന് മുക്തനായ ഭീഷ്മര്‍, യുധിഷ്ഠിരന് രാഷ്ട്രമീമാംസയും, ധാര്‍മ്മികനായ രാജാവിന്‍റെ കര്‍ത്തവ്യവും, ധര്‍മ്മാര്‍ത്ഥ കാമാമോക്ഷങ്ങളെ ക്കുറിച്ചുള്ള ജ്ഞാനവും സവിസ്തരം വ്യക്തമാക്കി ക്കൊടുത്തു. ലോകത്ത് ഒരു ഗുരുവില്‍ നിന്നും അഭ്യസിയ്ക്കാന്‍ കഴിയാത്ത വിദ്യയാണ് ഭീഷ്മര്‍ തന്‍റെ പേരകുട്ടിക്ക് ഉപദേശിച്ചത്‌.

സമയം അടുത്തു വന്നു. ശ്രി കൃഷ്ണന്‍റെ വിശ്വരൂപ ദര്‍ശനം കാണണമെന്ന ഭീഷ്മരുടെ ആഗ്രഹം ഭഗവാന്‍ നിറവേറ്റി. മാഘ മാസത്തില്‍, സര്‍വ്വ ചൈതന്യങ്ങളേയും സാക്ഷി നിറുത്തി, സകലരുടേയും കണ്ണു നനയിച്ചു കൊണ്ടു ആ ഉജ്ജ്വല തേജസ്വി തന്‍റെ ദേഹം വെടിഞ്ഞു , അമ്മയുടെ മടി തട്ടിലെത്തി .

അനേകം മഹാരഥന്മാരുടെ പാത്ര സൃഷ്ടി ഉണ്ടങ്കിലും, മഹാഭാരതം ഭീഷ്മ ജനന മായ ആദി പര്‍വ്വത്തില്‍ തുടങ്ങി ഭീഷ്മ സ്വര്‍ഗ്ഗാരോഹണമായ ശാന്തി പര്‍വ്വത്തില്‍ ഉപസംഹരിക്കുന്നു. മഹാഭാരതം നിറഞ്ഞു നില്‍ക്കുന്ന ഈ ഉജ്ജ്വല തേജസ്വി, നമ്മുടെ പുര്‍വ്വ പിതാമഹനെന്നു അഭിമാനിക്കാം .ഈ പാരമ്പര്യം നമ്മുടെ പൈതൃകമാണ്. ഇതു മറന്നാല്‍ നമുക്ക് അസ്തിത്വമില്ല. നയിയ്ക്കാന്‍ ഇതേ പോലെ ത്യാഗിയായ ഒരു മുത്തച്ഛന്‍ നമുക്ക് കൂടിയേ തീരൂ!

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories