ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം (പാര്‍ട്ട്‌ 3)


മഹാഭാരതം (പാര്‍ട്ട്‌ 3)

വനപര്‍വ്വം പാണ്ഡവരുടെ വനയാത്ര (ഉര്‍വ്വശി ശാപം -യക്ഷ പ്രശ്നം)

ഹസ്തിനപുരത്തില്‍ നിന്നും കഴിയുന്നതും വേഗം അകന്ന് പോകുക എന്നത് മാത്രമായിരുന്നു ശാപഗ്രസ്തരായ പാണ്ഡവരുടെ ലക്ഷ്യം. മദ്ധ്യാഹ്നമായപ്പോള്‍ അവര്‍ ഗംഗാ തീരത്തുള്ള പ്രാമണാവതമെന്ന കുറ്റിക്കാട്ടിലെത്തി. ദാഹവും ക്ഷീണവും കൊണ്ടു തളര്‍ന്ന അവര്‍ ഗംഗാനദിയിലെ പുണ്യ ജലം ആവോളം പാനം ചെയ്തു. തളര്‍ന്ന് വൃക്ഷച്ഛായയില്‍ അന്തിയുറങ്ങി. പാണ്ഡവരെ പിന്‍തുടര്‍ന്നെത്തിയ അവരുടെ ഇഷ്ട ജനങ്ങളും അന്ന് രാത്രി പ്രമണാവതത്തില്‍ തന്നെ തങ്ങി. തങ്ങളുടെ ധര്‍മ്മിഷ്ഠനായ രാജാവിനെ പിരിയാന്‍ അവര്‍ അശക്തരായിരുന്നു. പാണ്ഡവരെ അനുഗമിച്ച കുല ഗുരു ധൌമ്യന്‍, യുധിഷ്ഠിരനോട്‌ സൂര്യനെ പ്രീതിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. തങ്ങളോടൊപ്പം അനുഗമിച്ചവര്‍ക്ക് വേണ്ടി അദ്ദേഹം സൂര്യനെ തപം ചെയ്തു. യുധിഷ്ഠിരന്‍റെ തപനിഷ്ഠയില്‍ സൂര്യന്‍ പ്രസാദിച്ചു, "പന്ത്രണ്ടു വര്‍ഷക്കാലം നിങ്ങള്‍ ഭിക്ഷ എടുക്കാതെ, ജീവിയ്ക്കാനുള്ള അന്നം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്.!" അദ്ദേഹം വിശിഷ്ടമായ ഒരു ചെമ്പു പാത്രം യുധിഷ്ഠിരന് ദാനം ചെയ്തു. " യുധിഷ്ഠിരാ ! ഈ പാത്രം നീ ദ്രൌപദിയെ ഏല്‍പ്പിക്കുക. ഈ പാത്രത്തില്‍ അമേയവും അവ്യയവുമായ ഭക്ഷണം നിറഞ്ഞിരിക്കും. വിളമ്പുന്നത് ദ്രൌപദി ആയിരിക്കണമെന്ന് മാത്രം !!" യുധിഷ്ഠിരന്‍ കൃതജ്ഞതയോടെ പാത്രം ഏറ്റുവാങ്ങി. തന്നെ അനുഗമിച്ചവര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷിച്ചു. അടുത്ത ദിവസം അവര്‍ കാമ്യക വനത്തിലേയ്ക്ക് തിരിച്ചു.

ഇതിനിടയില്‍, ഹസ്തിനപുരിയില്‍ ഭീതിഗ്രസ്തനായ രാജാവ് വിദുരര്‍ക്ക് ആളയച്ചു. ആഗതനായ വിദുരരോട് തന്‍റെ ആശങ്കകളെ പറ്റി വിസ്തരിച്ചു. വിദുരര്‍ ഉപദേശിച്ചു. ജ്യേഷ്ഠനിഷ്ടമില്ലെങ്കില്‍ കൂടി ഒരു പോം വഴി ഞാന്‍ നിര്‍ദ്ദേശിക്കാം . അങ്ങ് ഇനിയും വൈകിയിട്ടില്ല, പാണ്ഡവരെ തിരിച്ചു വിളിച്ച് അവരുടെ രാജ്യം അവര്‍ക്ക് വിട്ടു നല്‍കുക. അനര്‍ഹമായത് പിടിച്ചു നേടിയാല്‍ സ്വസ്ഥത ഉണ്ടാകില്ല. ജ്യേഷ്ഠാ! അങ്ങയുടെ ദയനീയാവസ്ഥയില്‍ എനിയ്ക്ക് വേദനയുണ്ട്. ഈ ഒരു പശ്ചാത്താപമേ പ്രായശ്ചിത്തമായി നിര്‍ദ്ദേശിക്കാനുള്ളൂ. മറ്റൊന്ന് അമിതമായ പുത്ര സ്നേഹം രാജാവിന്‌ ഭൂഷണമല്ല. അത് കുലനാശത്തിന് വഴി തെളിയ്ക്കും. വിദുരരുടെ വാക്കുകള്‍ രാജാവിന്‌ ഇഷ്ടമായില്ല. അദ്ദേഹം കഠിനമായി പ്രതികരിച്ചു.' താങ്കള്‍ തികഞ്ഞ പാണ്ഡവ പക്ഷ വാദിയാണെന്ന് അറിയായ്കയല്ല. താങ്കള്‍ പാണ്ഡവരോടൊപ്പം വനത്തിലേയ്ക്ക് പൊയ്ക്കോളൂ.

വിദുരര്‍ സരസ്വതി നദിയുടെ തീരത്തുള്ള കാമ്യക വനത്തില്‍ വെച്ച് പാണ്ഡവരുമായി സന്ധിച്ചു. വല്യച്ഛന്‍റെയോ, ദുര്യോധനന്‍റെയോ ഏതെങ്കിലും ദൂതുമായിട്ടായിരിയ്ക്കും ചെറിയച്ഛന്‍റെ വരവെന്ന് യുധിഷ്ഠിരന്‍ ശങ്കിച്ചു. വിദുരരുടെ സന്ദര്‍ശനത്തിന്‍റെ നിജസ്ഥിതി അറിഞ്ഞപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. അത്രമാത്രം അവര്‍ തങ്ങളുടെ ചെറിയച്ഛനെ സ്നേഹിച്ചിരുന്നു.

വിദുരര്‍ തന്നെ വിട്ടു, പാണ്ഡവരോടെപ്പം പോകുമെന്ന് ധൃതരാഷ്ട്രര്‍ സ്വപ്നേപി വിചാരിച്ചില്ല. വിദുരര്‍ എപ്പോഴും തന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് തട ഇടുമെങ്കിലും, അതിനെല്ലാം വിദുരര്‍ പറയുന്ന ന്യായങ്ങള്‍ തികച്ചും സത്യമാണന്നും രാജാവിനറിയാം. യഥാര്‍ത്ഥത്തില്‍ ദുര്യോധനനെ പ്പോലെ തന്നെ രാജാവ് വിദുരരേയും സ്നേഹിച്ചിരുന്നു. ശൂന്യത വീര്‍പ്പുമുട്ടിച്ചപ്പോള്‍ രാജാവ് തന്‍റെ സാരഥി ആയ ' സജ്ജയനെ ' കാട്ടിലേയ്ക്കയച്ചു - വിദുരരെ കൂട്ടികൊണ്ടു വരാന്‍. ഏറെ നാള്‍ തന്‍റെ അന്ധനായ ജേഷ്ഠനെ വിട്ടു പിരിയാന്‍ വിദുരര്‍ക്കും ആയില്ല-- ചില ബന്ധങ്ങള്‍ അങ്ങനെയാണ്.

വിദുരരുടെ വനയാത്രയും തിരിച്ചു വരവും ദുര്യോധനനും കൂട്ടരും സസൂക്ഷ്മം നിരീക്ഷിച്ചു.' ' അച്ഛന്‍ വീണ്ടും സന്ധിയ്ക്ക് വേണ്ടിയുള്ള പുറപ്പാടാണോ ? ദുര്യോധനന്‍ ശങ്കിച്ചു. രാജാവ് സന്ധി ആഗ്രഹിച്ചാലും, പാണ്ഡവര്‍ സത്യ ലംഘനത്തിന് തയ്യാറാകില്ലന്നായിരുന്നു, രാധേയന്‍റെ പക്ഷം. നിരായുധരായ പാണ്ഡവരെ കാട്ടില്‍ ചെന്ന് വധിയ്ക്കാനുള്ള നീക്കമായി അടുത്ത പടി. വ്യാസ മഹര്‍ഷിയുടെ ഇടപെടല്‍ മൂലം അവര്‍ക്ക് ആ ഉദ്യമത്തില്‍നിന്ന്‌ പിന്‍ തിരിയേണ്ടി വന്നു.

ഈ സമയം കൊട്ടാരത്തിലെത്തിയ മൈത്രേയ മഹര്‍ഷി രാജാവിന്‌ നേരെ ശബ്ദമുയര്ത്തി, സ്വന്തം സഹോദര പുത്രരോട് അങ്ങ് എന്തിനിത്ര വൈരം പുലര്‍ത്തുന്നു ? പാണ്ഡു പുത്രര്‍ ധര്‍മ്മിഷ്ഠരും, സത്യസന്ധരുമാണ്. ഭീഷ്മരും, വിദുരരും സന്നിഹിതരായിരിയ്ക്കുന്ന ഈ രാജസഭയില്‍ പാണ്ഡവര്‍ക്കെതിരെ ഇത്ര ക്രൂരമായ അന്യായം എങ്ങനെ സംഭവിച്ചു ? രാജാവ് ശബ്ദമുയര്ത്തിയില്ല. മൈത്രേയ മഹര്‍ഷി ദുര്യോധനനെ വിളിപ്പിച്ചു. 'ഭീമന്‍റെ ബാഹുബലം നിനയ്ക്കറിവുള്ളതല്ലേ ? ബകന്‍, ഹിസുംബന്‍, കിര്‍മ്മീരന്‍, ജരാസന്ധന്‍ മുതലായ വരെ ഭീമനൊറ്റയ്ക്ക് നേരിട്ടില്ലെ ? പാണ്ഡവര്‍ നിസ്സാരരല്ല, അറിഞ്ഞു കൊണ്ടു നീ ആപത്ത് ക്ഷണിച്ചു വരുത്തരുത്. പാണ്ഡവരുമായി സന്ധി ചെയ്യുന്നതാണ്‌ നല്ലത് ''. ദുര്യോധനന്‍ മഹര്‍ഷിയുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ തുടയില്‍ താളം കൊട്ടി നിന്നു. ക്രുദ്ധനായ മൈത്രയേന്‍ ശപിച്ചു.' ഭീമന്‍റെ ശപഥം ഫലിയ്ക്കും. ഭീമന്‍ നിന്‍റെ തുട തല്ലിയുടച്ച്‌ പ്രാണനെടുക്കും'.

ധൃതരാഷ്ട്രര്‍ വീണ്ടും പകച്ചു. തന്‍റെ അഹങ്കാരിയായ പുത്രന്‍റെ അന്ത്യമാണ് മഹര്‍ഷി പ്രവചിച്ചത്. ശാപ മോക്ഷത്തിനു വേണ്ടി കേണപേക്ഷിച്ച രാജാവിനോട് പാണ്ഡവരുമായി സന്ധി ചെയ്യാന്‍ മഹര്‍ഷി പ്രതിവചിച്ചു. ക്ഷണത്തില്‍ രാജാവ് വിദുരര്‍ക്ക് ആളയച്ചു. ഭീമന്‍ കിര്‍മ്മീരനെന്ന കരുത്തനായ രാക്ഷസനെ കൊന്ന തെങ്ങനെയെന്നു അറിയാന്‍ അദ്ദേഹം തിടുക്കം കുട്ടി. ബക സഹോദരനായ കിര്‍മ്മീരനെ തന്‍റെ കാലുകള്‍ക്കിടയിലിട്ടു ഭീമന്‍ ഞെരിച്ചു കൊന്ന വാര്‍ത്ത കേട്ട രാജാവ് ആലില പോലെ വിറച്ചു.

കാമ്യക വനത്തില്‍ വെച്ചു കൃഷ്ണന്‍ പാണ്ഡവരുമായി സന്ധിച്ചു. ഹസ്തിനപുരത്തില്‍, ഈ അനിഷ്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ താന്‍ ദ്വാരകയില്‍ നിന്നും ഏറെ അകലെ ഒരു രാജ്യത്ത് യുദ്ധത്തിലായിരുന്നെന്നും, പ്രശ്നങ്ങള്‍ പരിഹരിച്ച് മടങ്ങി എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും ബോദ്ധ്യപ്പെടുത്തി. കൃഷ്ണന്‍ തുടര്‍ന്നു ' യുധിഷ്ഠിരാ ! അങ്ങ് ദു:ഖിയ്ക്കരുത്. അങ്ങിലൂടെ ഞാന്‍ എന്നെയാണ് കാണുന്നത്. ധര്‍മ്മം ജയിയ്ക്കേണ്ടത് ലോക നന്മയ്ക്ക് ആവശ്യമാണ്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഞാന്‍ നേടിത്തരും. ലോകൈക വീരനായ യുധിഷ്ഠിരന്‍റെ ശിരസ്സില്‍ ഈ കൃഷ്ണന്‍ തന്നെ കിരീടം ധരിപ്പിയ്ക്കും. കൃഷ്ണന്‍ ദ്രൌപദിയെ ആശ്വസിപ്പിച്ചു. ഭൂമി രക്തത്തിനായി ദാഹിയ്ക്കുന്നത് ഞാന്‍ കാണുന്നു. ഈ അധര്‍മ്മികളെ കൊന്നൊടുക്കി ഞാന്‍ ഭൂഭാരം കുറയ്ക്കുന്നുണ്ട്. ദ്രൌപദി! നിന്‍റെ ദുഃഖത്തിന് കൃഷ്ണന്‍ പരിഹാരം കണ്ടിരിക്കും. സ്ത്രീയുടെ മാനം സംരക്ഷിയ്ക്കപ്പെടേണ്ടത് ലോകത്തിന്‍റെ ആവശ്യമാണ്. എല്ലാവരേയും വീണ്ടും ആശ്വസിപ്പിച്ചു കൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് മടങ്ങി.

വന വാസാത്തിന്‍റെ അടുത്ത പടിയായി അവര്‍ ദ്വൈത വനത്തിലെത്തി. അവിടെ ഒരു കുടില്‍ നിര്‍മ്മിച്ചു കുറച്ചു നാള്‍ അവിടെ പാര്‍ക്കാന്‍ തയ്യാറെടുത്ത്. ഋഷിമാരുടെ ആവാസ കേന്ദ്രമായ ആ വനം യുധിഷ്ഠിരന്‍ ഏറെ ഇഷ്ടപ്പെട്ടു. ഒരിക്കല്‍ യുധിഷ്ഠിരനെ കാണാന്‍ മാര്‍ക്കണ്ഡേയ മുനി അവിടെ എത്തി. ശങ്കര വര പ്രസാദത്താല്‍ എന്നും പതിനാറു വയസ്സു നേടിയ അദ്ദേഹം, സ്വന്തം ആഗമനത്താല്‍ ചുറ്റുപാടുകള്‍ പോലും പ്രഭാപൂരിതമാക്കി. പാണ്ഡവരുടെ സങ്കടാവസ്ഥ കണ്ട അദ്ദേഹം ഒന്നു ചിരിച്ചു, ' യുധിഷ്ഠിരാ! ത്രേതാ യുഗത്തിലെ ശ്രീ രാമനെയാണ് ഞാന്‍ നിന്നിലൂടെ കാണുന്നത്. അജയ്യനായ രാമന്‍ സത്യസംരക്ഷണത്തിനു വേണ്ടി മാത്രമാണ് 'വന വാസം ' ചെയ്തത്. നീയും അത്രമാത്രം ധര്‍മ്മിഷ്ഠനാണ്. കാര്‍മേഘം മാഞ്ഞു പോകും, മാനം തെളിയുന്ന നിമിഷത്തിനായി കാത്തിരിയ്ക്കാം!' മുനിയുടെ സംസാരം പാണ്ഡവര്‍ക്ക് വീര്യം പകര്‍ന്നു. കുറച്ചു ദിവസം അവരോടൊപ്പം തങ്ങി മുനി യാത്ര പറഞ്ഞു.

ദ്വൈത വനത്തിലെ, മുനിമാരുമായുള്ള സഹചരണത്തില്‍ യുധിഷ്ഠിരന്‍ ഏറെ സന്തോഷഭരിതനായി കാണപ്പെട്ടു. ദ്രൌപദിയെ ഈ സന്തോഷം ചൊടിപ്പിയ്ക്കുകയാണുണ്ടായത്. അങ്ങ് ധര്‍മ്മത്തിന് വേണ്ടി സ്വജനങ്ങളെപ്പോലും വേണ്ടന്നു വെയ്ക്കും. സ്വന്തം ഭാര്യയായ എന്നോടില്ലാത്ത അഭിനിവേശമാണ് അങ്ങേയ്ക്ക് ധര്‍മ്മത്തോടുള്ളത്. എല്ലാം നഷ്ടപ്പെടുത്തിയിട്ട് ധര്‍മ്മത്തെ പുണരാന്‍ അങ്ങേയ്ക്കല്ലാതെ ആര്‍ക്കാണ് കഴിയുക.'!

യുധിഷ്ഠിരന്‍ പുഞ്ചിരിയോടെ പറഞ്ഞു. ഭവതി കോപിയ്ക്കരുത്, ക്ഷമ എല്ലാവരോടും ചേരില്ല. അവള്‍ നിര്‍ബ്ബന്ധ ബുദ്ധിക്കാരിയാണ്‌. നോക്കൂ ! അവള്‍ എന്നെ മനസ്സാ വരിച്ചു കഴിഞ്ഞു. ഇനി ഭവതി എന്തു പറഞ്ഞാലും എന്‍റെ ശരീരത്തിനപ്പുറം മനസ്സിലേയ്ക്കത് ചെന്നെത്തില്ല. കേട്ടിരുന്ന ഭീമന്‍ അസഹ്യമായ കോപം കടിച്ചമര്‍ത്തി. ജ്യേഷ്ഠാ അങ്ങോരാളാണ് എല്ലാറ്റിനും കാരണം. പകരം വീട്ടാന്‍ പോലും അനുവദിയ്ക്കാത്ത ഈ ധര്‍മ്മം ആര്‍ക്ക് വേണം ? അധര്‍മ്മിയായ ദുര്യോധനനു ഭോഗസുഖങ്ങള്‍ വേണ്ടുവോളം. നമുക്കോ കാനനവാസം. എന്‍റെ ജ്യേഷ്ഠാ, ഇനിയെങ്കിലും ഒന്നുണരൂ! അങ്ങ് കൂടെ നിന്നാല്‍ മതി, ഞങ്ങള്‍ എല്ലാം പടവെട്ടി പിടിച്ചു അങ്ങയ്ക്ക് നല്‍കാം.

'എന്‍റെ കുട്ടി! എല്ലാം നഷ്ടപ്പെട്ടിട്ടും ഈ യുധിഷ്ഠിരന്‍ പിടിച്ചു നില്‍ക്കുന്നത് നിങ്ങളുടെ കരുത്തിലും എന്‍റെ സത്യത്തിലുമാണ്. ഞാന്‍ ചെയ്ത സത്യ വാക്ക് എനിയ്ക്ക് പാലിച്ചേ തീരൂ ! ശേഷം നിങ്ങള്‍ക്ക് യഥേഷ്ടം വിട്ടു തരാം. നിങ്ങള്‍ വിചാരിയ്ക്കും പോലെ യുധിഷ്ഠിരന്‍ മൂഢനല്ല. എന്‍റെ സത്യം, എന്‍റെ ധര്‍മ്മം അത് എനിയ്ക്ക് വിലപ്പെട്ടതാണ്‌.

ആ സമയം വ്യാസ മഹര്‍ഷി അവിടെ എത്തിചേര്‍ന്നു. സൈന്യ ബലത്തില്‍ ദുര്യോധനന്‍ അജയ്യനാണന്നും അയാളോട് എതിരിടേണ്ടി വരുന്ന ഘട്ടമുണ്ടെങ്കില്‍ പാണ്ഡവര്‍ കൂടുതല്‍ ദിവ്യാസ്ത്രങ്ങള്‍ സ്വരുക്കുട്ടേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തി. അടുത്ത ദിവസം തന്നെ 'പാശുപതാസ്ത്രം നേടിയെടുക്കാന്‍ ശങ്കരനെ പ്രിതീപ്പെടുത്താനായി തപസ്സനുഷ്ടിയ്ക്കാന്‍ തയ്യാറെടുക്കണമെന്ന് മുനി അര്‍ജ്ജുനനെ ബോദ്ധ്യപ്പെടുത്തി. 'അതു ലഭിച്ചാല്‍ മാത്രമേ ഇന്ദ്രന്‍റെ കയ്യിലുള്ള ദിവ്യായുധങ്ങള്‍ നിനയ്ക്ക് ലഭ്യമാകൂ '. വന വാസം വിശ്രമിയ്ക്കാനുള്ളതല്ല. യുദ്ധത്തിനു വേണ്ട തയ്യാറെടുപ്പ് നടത്താനുള്ള സമയമാണന്നും അദ്ദേഹം യുധിഷ്ഠിരനെ ഓര്‍മ്മിപ്പിച്ചു. കൂട്ടത്തില്‍, ദ്വൈതവനം വിട്ട് കാമ്യകവനത്തിലേയ്ക്ക് മടങ്ങിപ്പോകാനും നിര്‍ദ്ദേശിച്ചു.

അര്‍ജ്ജുനന്‍ 'ഗന്ധമാദന' പര്‍വ്വതം കടന്നു ഹിമവാന്‍റെ താഴ്വരയിലുള്ള 'ഇന്ദ്രകില' എന്ന പര്‍വ്വതപ്രാന്തത്തിലെത്തി 'യതി' വേഷത്തില്‍ അവിടെ എത്തിയ ഇന്ദ്രന്‍ പുത്രന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. 'പാശുപതാസ്ത്രം' ലഭിച്ചാലുടന്‍, വീണ്ടും സന്ധിയ്ക്കാമെന്നു പറഞ്ഞു പിരിഞ്ഞു. അര്‍ജ്ജുനന്‍ ശിവ പ്രീതിയ്ക്കായി ഘോര തപസ്സനുഷ്ടിച്ചു. ശിവ പാര്‍വ്വതിമാര്‍ തപശക്തി പരീക്ഷിച്ചറിയാന്‍ കാട്ടാള വേഷത്തില്‍ അര്‍ജ്ജുനനരികിലെത്തി. ഒരു കാട്ടുപന്നിയെ ചൊല്ലി അവര്‍ തമ്മിലുണ്ടായ തര്‍ക്കം, ഘോരമായ ഏറ്റുമുട്ടലിന് വഴി ഒരുക്കി താന്‍ പരാജിതനാകുമെന്നു തോന്നിയ അര്‍ജ്ജുനന്‍ മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി കാട്ടുപൂക്കള്‍ കൊരുത്ത് മാല കെട്ടി ശിവലിംഗത്തില്‍ അര്‍പ്പിച്ചു. തപസ്സനുഷ്ടിച്ചു. ഇടയ്ക്കെപ്പോഴോ കണ്ണ് തുറന്ന അര്‍ജ്ജുനന്‍ താന്‍ ശിവലിംഗത്തില്‍ ചാര്‍ത്തിയ മാല, കാട്ടാളന്റെ കഴുത്തില്‍ കണ്ടു ഇളഭ്യനായി. തിരിച്ചറിവുണ്ടായ അദ്ദേഹം ശിവ പാദത്തില്‍ സാഷ്ടാംഗ പ്രണാമം ചെയ്തു. സംപ്രീതനായ ശിവന്‍ അര്‍ജ്ജുനന് പാശുപതാസ്ത്രം' എന്ന ശ്രേഷ്ഠമായ തന്റെ വില്ല് നല്‍കി. കൂടാതെ ഭഗവാന്റെ ദിവ്യദര്‍ശനവും അനുഗ്രഹവും അദ്ദേഹത്തിനു സിദ്ധിച്ചു. ഇന്ദ്രന്‍ പുത്രനോടു കൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് തിരിച്ചു. ദേവലോക നര്‍ത്തകിയും അപ്സരസ്സുമായ ഉര്‍വ്വശി അര്‍ജ്ജുനന്റെ ആകാര സൌഷ്ടവത്തില്‍ മോഹിതയായി. കാമ പീഡിതയായ ഉര്‍വ്വശി രാത്രിയുടെ അന്ത്യയാമത്തില്‍ അര്‍ജ്ജുനന്റെ ഉറക്കറ തേടി എത്തി. അര്‍ജ്ജുനന്‍ ഭയന്നു വിറച്ചു. മിടിയ്ക്കുന്ന ചുണ്ടുകളോടെ ഉര്‍വ്വശി പുലമ്പി. അങ്ങയുമൊത്ത് രമിയ്ക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. അങ്ങ് എന്നെ നിരാശപ്പെടുത്തരുത്. ഉര്‍വ്വശി അര്‍ജ്ജുനന്റെ തോളില്‍ സ്പര്‍ശിച്ചു കുതറി മാറുന്നതിനിടയില്‍ അര്‍ജ്ജുനന്‍ പറഞ്ഞു 'പുരുരവസ്സു ഞങ്ങളുടെ പിതാമഹനാണ്. അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന നിങ്ങളില്‍ ഞാനൊരമ്മയെയാണ് കണ്ടത്. ആ ഒരു സ്നേഹത്തോടെയാണ് ഞാന്‍ സഭയില്‍ വെച്ച് നിങ്ങളെ ശ്രദ്ധിച്ചത്.' മദം മത്ത് പിടിപ്പിച്ച ഉര്‍വ്വശിയുടെ വാക്കുകള്‍ ഉള്‍ക്കൊള്ളാനാകാതെ അര്‍ജ്ജുനന്‍ മുറിയ്ക്ക് പുറത്തിറങ്ങി. കോപിഷ്ഠയായ ഉര്‍വ്വശി അര്‍ജ്ജുനനെ ശപിച്ചു.' മാര പീഡിതയായ സ്ത്രീയുമൊത്ത് രമിയ്ക്കുക എന്നത് പുരുഷന്റെ ശ്രേഷ്ഠമായ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അതിനു തയ്യാറല്ലാത്ത നീ നപുംസകമായി സ്ത്രീസംഗം ചെയ്യാനിട വരട്ടെ !'

ഉര്‍വ്വശിയുടെ ശാപമറിഞ്ഞ ഇന്ദ്രന്‍ പ്രശ്നത്തില്‍ ഇടപെട്ടു. സ്വയം ഒഴിഞ്ഞു മാറിയ എന്റെ പുത്രന്റെ പിന്നാലെ കാമാദാഹവുമായി ചെന്ന ഭവതിയും സ്ത്രീ സമൂഹത്തിനു കളങ്കം വരുത്തിയിരീയ്ക്കുന്നു. പരസ്പരം തെറ്റ് ചെയ്തിരിയ്ക്കുന്നതിനാല്‍ ശാപം ഒരു വര്‍ഷമായി കുറവ് ചെയ്യുന്നതാണ്‌ ഭവതിയ്ക്ക് ഭൂഷണം. കാമുകിയ്ക്കപ്പുറം സ്ത്രീയ്ക്ക് മാന്യമായ എത്രയോ രൂപങ്ങളും ഭാവങ്ങളുമുണ്ട്. അതിനാല്‍ ഏറ്റവും പവിത്രമായ രൂപത്തിലാണ് എന്റെ മകന്‍ താങ്കളെ കാണാന്‍ ശ്രമിച്ചത്. തന്മൂലം അവന്‍ തികച്ചും മാന്യനാണ്. എന്നാല്‍, ഉര്‍വ്വശി ! നിന്നെ ക്ഷീണിപ്പിയ്ക്കണമെന്നു ഞാന്‍ ഉദ്ദേശിയ്ക്കുന്നില്ല,'.

മാതൃ ഭാവത്താല്‍ ഉര്‍വ്വശിയുടെ മാറിടം തുടിച്ചു. അവള്‍ ലജ്ജയോടെ അതിനെക്കാളേറെ വാത്സല്യത്തോടെ അര്‍ജ്ജുനനെ തഴുകി, ആശ്വസിപ്പിച്ചു. ഈ ഉര്‍വ്വശി ശാപം, പിന്നീട് അജ്ഞാത വാസക്കാലത്ത് അര്‍ജ്ജുനന്‍ ഉപകാരമായി. ഭാവിയിലേയ്ക്കുള്ള മുന്‍കരുതലെന്നോണം ഇന്ദ്രന്‍ തന്റെ പുത്രനെ പാട്ടും നൃത്തവും അഭ്യസിപ്പിയ്ക്കാന്‍ ചിത്രസേനന്‍ എന്ന ഗന്ധര്‍വ്വനെ ഏര്‍പ്പാടാക്കി. ഇടയ്ക്ക് ഇന്ദ്രപുരിയിലെത്തിയ ലോമേശ മഹര്‍ഷി മടങ്ങിയപ്പോള്‍ അര്‍ജ്ജുനന്റെ സുഖ വിവരങ്ങള്‍ കാമ്യക വനത്തില്‍ ചെന്ന് പാണ്ഡവരെ അറിയിയ്ക്കാന്‍ ഇന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

മരവുരി വേഷത്തില്‍ ദ്രൌപദിയുടെ ദയനീയാവസ്ഥ കാണുംതോറും ഭീമന് തന്റെ ജ്യേഷ്ഠനോടുള്ള കോപം തിളച്ചു വന്നു. 'ജ്യേഷ്ഠാ! പാഞ്ചാല രാജകുമാരിയായ ഈ ദ്രൌപദി നമ്മോടൊത്ത് ചേര്‍ന്നതില്‍ പിന്നീട് ചുരുക്കം നാളുകളൊഴിച്ചാല്‍ ദ്രൌപദി സുഖമെന്തന്നു അറിഞ്ഞിട്ടുണ്ടോ ? സ്ത്രീയ്ക്ക് സുഖവും സന്തോഷവും നല്‍കാന്‍ കഴിയാത്ത പുരുഷന് സംരക്ഷകന്‍ എന്ന പദം അനുയോജ്യമല്ല. അങ്ങോന്നു മൂളിയാല്‍ മതി, ഈ ഭീമന്‍ എല്ലാം വീണ്ടെടുക്കാം. എന്റെ കരുത്തില്‍ എനിയ്ക്ക് അത്രമാത്രം വിശ്വാസമുണ്ട്.' യുധിഷ്ഠരന്‍ ചിരിച്ചു. എന്റെ കുഞ്ഞേ ! നിന്റെ കരുത്തില്‍ എനിയ്ക്ക് പൂര്‍ണ്ണ വിശ്വാസമാണ്. കരുത്ത് വേണ്ടുന്ന സമയത്ത് പ്രയോഗിക്കണം. ഇപ്പോള്‍ കാലം നമുക്കനുകൂലമല്ല. പിന്നെ ദ്രൌപദി ! പുരുഷനൊപ്പം സുഖവും ദുഃഖവും തുല്യമായി പങ്കിടാനാണ് അവന്‍ ഒരു സ്ത്രീയെ തന്റെ പങ്കാളിയായി തിരഞ്ഞെടുക്കുനത്. നീ ആലോചിയ്ക്കൂ ഏതെങ്കിലും ഘട്ടത്തില്‍ നമ്മള്‍ ദ്രൌപദിയെ ഒഴിവാക്കിയിട്ടുണ്ടോ ? അവളുടെ മാനം അവള്‍ സ്വയം സംരക്ഷിയ്ക്കേണ്ടി വന്ന ഘട്ടം ഉണ്ടായി. അപ്പോഴും നമ്മുടെ സത്യവും ധര്‍മ്മവും ഈശ്വര രൂപത്തില്‍ അവള്‍ക്ക് തുണയായി. നീ വിചാരിയ്ക്കും പോലെ ദ്രൌപദി ദുഃഖിതയല്ല. പാഞ്ചാല രാജാവ്‌ പട്ടും വളയുമായി വന്നു ക്ഷണിച്ചാല്‍ പോലും ഇവര്‍ നമ്മളെ വിട്ടു പോകില്ല. ദാമ്പത്യ ബന്ധം സുഖ സൌകര്യങ്ങള്‍ക്കപ്പുറം പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമാണ്. നമുക്ക് ക്ഷമയോടെ കാത്തിരിയ്ക്കാം.

സംഭാഷണ മദ്ധ്യേ അവിടെ എത്തിയ ബൃഹദശ്വ മഹര്‍ഷി യുധിഷ്ഠരന്റെ അവസ്ഥയറിഞ്ഞു ഏറെ ദുഃഖിതനായി. ചൂതുകളിയില്‍ യുധിഷ്ഠരനുണ്ടായ പരാജയം, പണ്ട് നിഷാദ രാജാവായ നളന്റെ അവസ്ഥയുമായി മഹര്‍ഷി തുലനം ചെയ്തു. ദ്യൂതകല 'അഭ്യസിച്ച നളന്‍, ചൂതുകളിയിലൂടെ തന്നെ തന്റെ രാജ്യം തിരിച്ചു പിടിച്ച കഥയും മഹര്‍ഷി അറിയിച്ചു. ദ്യൂതകലയായ അക്ഷ ഹൃദയം ബൃഹദശ്വന്‍ യുധിഷ്ഠരനെ അഭ്യസിപ്പിച്ചു.

നാരദ നിര്‍ദ്ദേശത്താല്‍ ഒരു തീര്‍ത്ഥാടനത്തിനു പുറപ്പെടുന്നതിനെ പറ്റി യുധിഷ്ഠരന്‍ ഗുരുവായ ധൌമ്യനുമായി ആലോചിച്ചു. ഇതിനിടയില്‍ അവിടെ എത്തിയ ലോമേശ മഹര്‍ഷി, അര്‍ജ്ജുനന്‍ ഇന്ദ്രസഭയില്‍ സൌഖ്യമായിരിയ്ക്കുന്ന വിവരം ധരിപ്പിച്ചു. അവരോടൊപ്പം തീര്‍ത്ഥാടനത്തിന്‍ പുറപ്പെടാന്‍ അദ്ദേഹവും തയ്യാറായി. അവര്‍ ആദ്യം പോയത് ഗോമാദീ തീരത്തുള്ള നൈമിഷാരണ്യത്തിലേയ്ക്കാണ് ഭാഗവത സപ്താഹ യജ്ഞം കൊണ്ട് പില്‍ക്കാലത്ത് നൈമിഷാരണ്യം പ്രസിദ്ധമായി. അവിടെ നിന്ന് അവര്‍ പ്രയാഗയിലെത്തി. ഇവിടെ ഗംഗയും യമുനയും സംഗമിയ്ക്കുന്നു. സരസ്വതി നദീ ഇവിടെ നിന്ന് ഉത്ഭവിയ്ക്കുന്നു. ത്രിവേണി സംഗമമായ പ്രയാഗ പുണ്യപ്രദേശമായി അറിയപ്പെടുന്നു. പിന്നീട്, ഭാരത വര്‍ഷത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നദികളും അഗസ്ത്യ തീര്‍ത്ഥവും കടന്നു അവര്‍ പ്രഭാസത്തിലെത്തി. യാത്രയിലുടനീളം ലോമേശ മഹര്‍ഷിയുടെ പുണ്യ തീര്‍ത്ഥ വിവരണം യുധിഷ്ഠരന്‍ ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു. പ്രഭാസത്തിലെത്തിയ പാണ്ഡവരെയും മഹര്‍ഷിമാരെയും ബലരാമനും കൃഷണനും സ്നേഹപൂര്‍വ്വം സ്വീകരിച്ചു. പാണ്ഡവരുടെ അവസ്ഥ കണ്ട ബലരാമന്റെ കണ്ണില്‍ നനവൂറീ. ഇത്രയേറെ അന്യായം പാണ്ഡവരോട് കാട്ടിയ കൌരവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ ബലരാമന്‍ ഒരുമ്പെട്ടു. സമയം ശരിയല്ലെന്നു വസ്തുതകള്‍ നിരത്തി വിവരിച്ച്, സാത്യകിയും കൃഷണനും ബലരാമനെ ബോധപൂര്‍വ്വം സാഹസത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചു. തങ്ങളുടെ ദുര്‍ദ്ദശ കാലത്തിനു വിട്ടുകൊണ്ട് പാണ്ഡവര്‍ ഉത്തര ദിക്കിലേയ്ക്ക് യാത്ര തുടര്‍ന്നു. മന്ധര പര്‍വ്വതത്തിലേയ്ക്കുള്ള കയറ്റം കയറാന്‍ ദ്രൗപദീ നന്നേ ബുദ്ധിമുട്ടുന്നതായി യുധിഷ്ഠരന്‍ ബോദ്ധ്യപ്പെട്ടു. ഭീമന്‍ ദ്രൌപദിയെ തന്റെ തോളിലേറ്റി. പുത്രനായ ഘടോല്‍ക്കചനെ ഭീമന്‍ സ്മരിച്ചു വരുത്തി. ശേഷിച്ച പാണ്ഡവരെ ആ ഭീമ പുത്രന്‍ തന്റെ തോളിലും, ഒക്കത്തുമായി ഏന്തി. അവര്‍ പര്‍വ്വതത്തിനു മുകളിലെത്തി. അവര്‍ പര്‍വ്വത പ്രാന്തത്തിലുള്ള 'ബദര്യാശ്രമത്തില്‍ തങ്ങി. അനേക തരം പുഷ്പങ്ങള്‍ കൊണ്ട് സൌന്ദര്യപൂര്‍ണ്ണ മായിരുന്നു ആ ആശ്രമ പരിസരം. ഈ സൌന്ദര്യം ആസ്വദിയ്ക്കുന്നതിനിടയില്‍ 'മാദക ഗന്ധമുള്ള ഒരു പുഷപം ദ്രൌപദിയുടെ അടുത്തേയ്ക്ക് പറന്നു വീണു. അത്തരം കുറച്ചു പുഷ്പങ്ങള്‍ കൂടി വേണമെന്ന തന്റെ ആഗ്രഹം ദ്രൌപദി ഭീമനെ അറിയിച്ചു. തന്റെ ആഗ്രഹം സാധിയ്ക്കുന്നതില്‍ മറ്റാരെക്കാളും ഭീമന്‍ ജാഗരൂകനാണെന്ന്‍ ദ്രൌപദിയ്ക്കറിയാം.

ദ്രൗപദീയുടെ മനം കവര്‍ന്ന 'സൌഗന്ധിക' പുഷ്പങ്ങള്‍ തേടി ഘ്രാണ ശക്തിയില്‍ അദ്വിതീയനായ ആ വായു പുത്രന്‍ ഏറെ അലഞ്ഞു. അദ്ദേഹത്തിന്റെ ശംഖധ്വനി കേട്ട് ഗുഹാന്തര്‍ ഭാഗത്ത് മയങ്ങിയിരുന്ന ഹനുമാന്‍ മാര്‍ഗ്ഗമദ്ധ്യത്തില്‍ വിഘ്നമായി ശയിച്ചു. തടസ്സങ്ങളെ പിഴുതെറിഞ്ഞും, തട്ടിമാറ്റിയും നേര്‍വഴി മാത്രം സഞ്ചരിച്ചു ശീലമുള്ള ഭീമന്‍ ഹനുമാന്റെ തടസ്സം അസഹിഷ്ണതയായി. ഹനുമാന്‍ ഭീമനോട് സൌമ്യ ഭാഷയില്‍ പ്രതികരിച്ചു. ഗുഹയ്ക്കപ്പുറമുള്ള സ്ഥലങ്ങള്‍ മനുഷ്യവാസികള്‍ക്ക് അപ്രാപ്യമാണെന്നും, ജീവനില്‍ ഭയമുണ്ടെങ്കില്‍ തിരിച്ചു പോകുന്നതാണ് ഉചിതമെന്നും അറിയിച്ചു.' താന്‍ വായുപുത്രനാണന്നും, ഹനുമാനായ എന്റെ ജ്യേഷ്ഠനെപ്പോലെ എനിയ്ക്കും ദുര്‍ഘടങ്ങള്‍ തരണം ചെയ്ത് ലകഷ്യ പ്രാപ്തി നേടാന്‍ കഴിവുണ്ട്ന്നും ഭീമന്‍ കുരങ്ങനോട് അറിയിച്ചു. ദയവായി എന്റെ വാല് മാറ്റി വെച്ച് അങ്ങ് മാര്‍ഗ്ഗം സൃഷ്ടി ച്ചോള്ളൂ എന്നായി ഹനുമാന്‍. തന്റെ ശ്രമം വിജയിയ്ക്കാതെ വന്നപ്പോള്‍ ഭീമന്‍ തോല്‍വി സമ്മതിച്ചു. ഹനുമാന്‍ തന്റെ സഹോദരനെ ആശ്ലേഷിച്ചു. യുദ്ധത്തിനുവേണ്ട സഹായസഹകരണങ്ങള്‍ ഭീമന്‍ ഹനുമാനോട് അപേക്ഷിച്ചു. ' സഹോദരാ ! കുരുക്ഷേത്ര യുദ്ധത്തില്‍ ഞാന്‍ അര്‍ജ്ജുനന്റെ ധ്വജത്തില്‍ ഉണ്ടാകും. എന്റെ കരുത്ത് ഞാന്‍ നിന്റെ സഹോദരനിലേയ്ക്ക് ആവാഹിയ്ക്കും. മനോജവം മാരുത തുല്യവേഗത്തില്‍ 'രഥം യുദ്ധ ഭൂമിയില്‍ ശ്രീകൃഷ്ണ സാന്നിദ്ധ്യത്തില്‍ പൊടിപാറിയ്ക്കും. ഭാരത വര്‍ഷം ഉഴുതുമറിച്ചു, ധര്‍മ്മത്തിന്റെ പുതു വിത്തുകള്‍ ഭഗവാന്‍ പാകുന്നതിന്‍ നിങ്ങള്‍ക്കൊപ്പം ഞാനും സാക്ഷിയാകും. നിങ്ങള്‍ ലോകം ഭരിയ്ക്കും!' തുടര്‍ന്ന്‍ കുബേരന്റെ ഉദ്യാനത്തില്‍ നിന്ന് സൌഗന്ധിക പുഷ്പങ്ങള്‍ നേടുന്നതിനുള്ള വഴിയും നിര്‍ദ്ദേശിച്ചു കൊടുത്തു.

ദിവസങ്ങളായി ഭീമനെ പറ്റി വിവരം ഇല്ലാതെ വന്നപ്പോള്‍ യുധിഷ്ഠരന്‍ ഏറെ അസ്വസ്തനായി. 'എന്റെ' ഊര്‍ജ്ജ സ്രോതസ്സായ എന്റെ കുട്ടി എവിടെപ്പോയി !' ദ്രൗപദീയില്‍ നിന്ന് വിവരമറിഞ്ഞപ്പോള്‍ അദ്ദേഹം ഘടോല്‍ക്കചനോടും, നകുല സഹദേവന്മാരോടുമൊപ്പം കുബേര രാജധാനിയിലെത്തി. അതെ സമയം, കൈ നിറയെ പുഷ്പങ്ങളുമായി കാവല്‍ക്കാരാല്‍ ബന്ധിതനായി ഭീമനും അവരോടൊന്നിച്ചു. യുധിഷ്ഠരന്‍ ഒരു ചെറു പുഞ്ചിരിയോടെ ഭീമനെ അണച്ചു പുല്‍കി. തിരിച്ചു ബദര്യാശ്രമ ത്തിലേയ്ക്ക് മടങ്ങിയ അവരോടൊപ്പം, മാതലിയാല്‍ അനുഗതനായ അര്‍ജ്ജുനനും അവരോടൊന്നിച്ചു. ഇന്ദ്ര സദസ്സിലുണ്ടായ സംഭവങ്ങള്‍ അര്‍ജ്ജുനന്‍ വിവരിച്ചു. ഇന്ദ്രന്‍ തനിയ്ക്ക് നല്‍കിയ സഹായസഹകരണങ്ങള്‍ക്കുപകാരമായി, 'നിവാതകവചന്മാരെ കൊന്നു, അവര്‍ കയ്യടക്കി വെച്ചിരുന്ന ഇന്ദ്ര കൊട്ടാരം അച്ഛന് നേടിക്കൊടുത്തതും കാലകേയന്മാരെ യുദ്ധത്തില്‍ വധിച്ചതും അര്‍ജ്ജുനന്‍ വിവരിച്ചു. സംതൃപ്തനായ ഇന്ദ്രന്‍ തനിയ്ക്ക് ശ്രേഷ്ഠമായ ഇന്ദ്ര കിരീടം സമ്മാനിച്ചതും, ഇതു ധരിയ്ക്കയാല്‍ തനിയ്ക്ക് കിരീടി എന്ന പേര്‍ കൂടി വന്നു ചേര്‍ന്നതും ജ്യേഷ്ഠനെ അഭിമാനത്തോടെ അറിയിച്ചു. അതോടെ ഭീമന്റെ സാഹസം അര്‍ജ്ജുന പ്രഭയില്‍ മങ്ങിപ്പോയി. വൈരമില്ലാത്ത ആ സഹോദരന്മാര്‍ ഏക മനസ്ക്കരായിരുന്നു.

ഗന്ധമാദനത്തില്‍ നിന്ന് ഇറങ്ങും വഴി അവര്‍ വൃഷപര്‍വ്വാവിന്റെ രാജ്യത്ത് കുറച്ചു നാള്‍ കഴിച്ചുകുട്ടി. വെറുതെ സമയം കളയുന്നത് ഭീമന്‍ ഏറെ ദുഷ്ക്കരമായിരുന്നു. അദ്ദേഹം പുറത്തിറങ്ങി പല സ്ഥലങ്ങളും ചുറ്റി സഞ്ചരിച്ചു. ഇടയ്ക്ക് ക്ഷീണം തീര്‍ക്കാന്‍ ഒരു മരത്തണലില്‍ വിശ്രമിച്ചു. ആ മരത്തില്‍ ചുറ്റി കിടന്നിരുന്ന മലമ്പാമ്പ് ഭീമന്റെ ശരീരം വരിഞ്ഞു മുറുക്കി. മലമ്പാമ്പിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഭീമന്‍ തന്റെ കരുത്ത് മുഴുവന്‍ പ്രയോഗിച്ചു. തന്റെ ശ്രമങ്ങളെല്ലാം വിഫലമായപ്പോള്‍, താന്‍ മലമ്പാമ്പിനു ഭക്ഷണമായെന്നു തന്നെ അദ്ദേഹം നിനച്ചു.' എന്നേക്കാള്‍ കരുത്തനായ താങ്കള്‍ വെറും ഒരു നിസ്സാരക്കാരനല്ല. മരണത്തില്‍ എനിയ്ക്ക് ഭയമില്ല. എനിയ്ക്ക് അങ്ങയോടു ഒരപേക്ഷയുണ്ട്. മലമ്പാമ്പ് ചോദ്യരൂപേണ പിടി അല്പം അയച്ചു. ഭീമന്‍ പറഞ്ഞു. ഞാന്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനനാണ്. എന്റെ ജ്യേഷ്ഠന്‍ യുധിഷ്ഠരന്‍ ഇന്ദ്രപ്രസ്ഥം ഭരിച്ചിരുന്ന വിഖ്യാതനായ രാജാവായിരുന്നു. ഞങ്ങള്‍ക്ക് ഈ ദുര്‍വിധി വരാന്‍ കാരണക്കാരായവര്‍ക്കെതിരെ ഞാന്‍ ചില ശപഥങ്ങള്‍ ചെയ്തിട്ടുണ്ട്. അത് പാലിയ്ക്കാനുള്ള സാവകാശം അങ്ങെനിയ്ക്ക് തരണം.

പാണ്ഡവര്‍ എന്ന് കേട്ടപ്പോള്‍ മലമ്പാമ്പായ നഹുഷന്റെ മനസ്സില്‍ ഒരു ഉള്‍ചേതനയുടെ ഉറവുണ്ടായി. താങ്കളുടെ ജ്യേഷ്ഠന്‍ യുധിഷ്ടരന്‍ ഇപ്പോള്‍ എവിടെയാണ്. എനിയ്ക്ക് അദ്ദേഹത്തെക്കാണാന്‍ തിടുക്കമുണ്ട്. ഈ സമയം ഭീമനെക്കാണാഞ്ഞതില്‍ ആധിപൂണ്ട് ധര്‍മ്മപുത്രര്‍ അവിടെ എത്തി. തന്റെ സഹോദരന്റെ മേലുള്ള പിടിവിടുവാന്‍ അദ്ദേഹം പാമ്പിനോട്‌ ദയനീയമായി അപേക്ഷിച്ചു ' രാജാവേ ! അങ്ങൊരു ധര്‍മ്മിഷ്ടനാണല്ലോ. ഞാന്‍ നഹുഷനാണ്. അഗസ്ത്യ ശാപത്താല്‍ എനിയ്ക്ക് മലമ്പാമ്പായി ജനിയ്ക്കേണ്ടി വന്നു. എനിയ്ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍, ധര്‍മ്മ ശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങളെക്കുറിച്ചുള്ള എന്റെ ചോദ്യങ്ങള്‍ക്ക് അങ്ങ് ഉത്തരം നല്‍കണം.

തന്റെ സഹോദരനെ മോചിപ്പിയ്ക്കാനുള്ള വ്യഗ്രതയില്‍ അദ്ദേഹം ഇപ്രകാരം പ്രതികരിച്ചു.' എന്നാല്‍ കഴിയും വിധം ശ്രമിയ്ക്കാം. താങ്കള്‍ ദയവായി ചോദിച്ചാലും!
നഹുഷന്‍ :- ബ്രാഹ്മണന്റെ ലക്ഷണമേന്ത് ?
യുധിഷ്ഠരന്‍ :- സത്യം, പരോപകാര തല്‍പരത, ദീനാനുകമ്പ, ക്രൂരകൃത്യങ്ങളോടുള്ള വിമുഖത. തപ:ശക്തി
നഹു :- പരമജ്ഞാനമെന്നലെന്താണ് ?
യുധി :- ബ്രഹ്മ ജ്ഞാനമാണ് പരമജ്ഞാനം. ഇത് സ്ഥൂല, സൂക്ഷ്മ കാരണങ്ങള്‍ക്കപ്പുറമുള്ള പരമപദം തന്നെ. ഇവര്‍ക്ക് സുഖവും, ദുഃഖവും ഒരു പോലെയാണ്. ഒരേ തരത്തിലുള്ള സന്മാനോഭാവം. യഥാര്‍ത്ഥ ജ്ഞാനം തന്നെ ബ്രഹ്മ ജ്ഞാനം.

പിന്നെയും നഹുഷന്‍ പലതും ചോദിച്ചു. എല്ലാറ്റിനും മറുപടി ഏറെ എളിമയോടെ പറഞ്ഞ യുധിഷ്ഠരനില്‍ നഹുഷന്‍ തൃപ്തനായി. അദ്ദേഹത്തിന്‍ ശാപമോക്ഷം കിട്ടി. ഭീമന്‍ മോചിതനാകുകയും ചെയ്തു. തിരിച്ചു കാമ്യക വനത്തിലെത്തി ചേര്‍ന്ന അവരെ കാണാന്‍ ശ്രീകൃഷ്ണനും, ഋഷികളും എത്തിചേര്‍ന്നു. കൃഷ്ണന്റെ സന്ദര്‍ശനത്തില്‍ പാണ്ഡവര്‍ എല്ലാ ദുഃഖങ്ങളും മറന്നു. സര്‍വ്വവും ആ കാല്‍ക്കല്‍ അര്‍പ്പിച്ച അവരുടെ ആനന്ദം അവാച്യമായിരുന്നു.

ഇതിനിടയില്‍, ഹസ്തിനപുരത്തിലെത്തിയ ഒരു ബ്രാഹ്മണനില്‍ നിന്ന് പാണ്ഡവര്‍ക്ക് ദത്തമായ ദിവ്യാസ്ത്രങ്ങളെ പറ്റി ദുര്യോധനന്‍ അറിഞ്ഞു. മരവുരി ധരിച്ചുള്ള അവരുടെ രൂപം മനസ്സില്‍ക്കണ്ട ദുര്യോധനാദീകള്‍ക്കും, രാധേയനും അവരെ ആ വേഷത്തില്‍ ഒന്ന് നേരില്‍ക്കാണാന്‍ മോഹമായി. പല വഴികളും അവര്‍ മനസ്സില്‍ക്കണ്ട് . അടുത്ത ദിവസം ദ്വൈത പര്‍വ്വതത്തിനരികിലെ ഗോശാല സന്ദര്‍ശിയ്ക്കാനെന്ന നാട്യത്തില്‍ അവര്‍ ദ്വൈത വനത്തിലെത്തി. ഒരു തടാകക്കരയില്‍ അവര്‍ തമ്പടിച്ചു. അവരോടൊപ്പം അന്ത:പുര സ്ത്രീകളും പരിചാരകരുമുണ്ടായിരുന്നു. തടാകത്തില്‍ സ്ത്രീകളുമായി ക്രീഡിക്കാന്‍ ദുര്യോധനന്‍ ഒരുക്കം തുടങ്ങി. തടാകത്തില്‍ ക്രീഡിച്ചിരുന്ന ഗന്ധര്‍വ്വന്‍ ദുര്യോധനനെ തടഞ്ഞു. വാക്കേറ്റം ചെറിയ തോതിലുള്ള യുദ്ധത്തിലേയ്ക്ക് വഴിയിട്ടു. ചെറുത്തുനിന്ന രാധേയന്‍ ഒടുവില്‍ ഗന്ധര്‍വ്വാസ്ത്രത്തോട് കിടപിടിയ്ക്കാനാകാതെ പിന്‍തിരിഞ്ഞോടി. കൂടെയുണ്ടായിരുന്ന അനുചരന്മാരും തോറ്റു പിന്‍വാങ്ങി. ദുര്യോധനനെ ഗന്ധര്‍വ്വന്‍ കീഴ്പ്പെടുത്തി. കൈകാലുകള്‍ ബന്ധിച്ചു. വിവരം ദുര്യോധനന്റെ സംഘത്തില്‍ പെട്ട രണ്ടുപേര്‍ പാണ്ഡവരെ അറിയിച്ചു. യുധിഷ്ഠരന്‍, ആപല്‍ഘട്ടത്തില്‍ ദുര്യോധനനെ രക്ഷിയ്ക്കണമെന്ന തന്റെ ആഗ്രഹം ന്യായാന്യായങ്ങള്‍ നിരത്തി സഹോദരങ്ങളെ ബോദ്ധ്യപ്പെടുത്തി.' ദുര്യോധനന്‍ നമ്മുടെ ശത്രു ആണെങ്കിലും നമ്മുടെ സഹോദരന്‍ കൂടിയാണെന്നത് വിസ്മരിക്കരുത്. അവന്‍ എത്ര താന്തോന്നിയാണെങ്കിലും, മൂന്നാമതൊരാള്‍ അവനെ കീഴ്പ്പെടുത്തുന്നത് എനിയ്ക്ക് സഹിയ്ക്കില്ല. നിങ്ങള്‍ എതു വിധേനയും ദുര്യോധനനെ രക്ഷിയ്ക്കണം. എതിര്‍ക്കാന്‍ ചെന്ന പാണ്ഡവര്‍ക്ക് മുന്‍പില്‍ ഗന്ധര്‍വ്വന്‍ ഒരു നിര്‍ദ്ദേശം വെച്ചു. നമുക്ക് ഇയാളെ യുധിഷ്ഠര സവിധത്തിലെത്തിയ്ക്കാം. അദ്ദേഹം അനുവദിച്ചാല്‍ ഞാന്‍ ദുര്യോധനനെ വിട്ടയക്കാം . ഗന്ധര്‍വ്വന്‍ ദുഷ്ടനായ ദുര്യോധനനെ യുധിഷ്ഠരനരികിലെത്തിച്ചു. ലജ്ജിതനായി തലകുമ്പിട്ടു നില്‍ക്കുന്ന ദുര്യോധനനെ നോക്കി യുധിഷ്ഠരന്‍ പറഞ്ഞു. ദുര്യോധനാ! നീ ഞങ്ങളുടെ സഹോദരനാണ്. നിനക്ക് പക്ഷേ ആ തിരിച്ചറിവില്ലാതെ പോയി കഷ്ടം നിന്നെ മറ്റൊരാള്‍ കീഴ്പ്പെടുത്തുന്നത് ഞാന്‍ സഹിയ്ക്കില്ല. നിന്റെ വിധി ന്യായങ്ങള്‍ പലപ്പോഴും നീതിയ്ക്ക് നിരക്കാത്തതായിരുന്നെങ്കിലും ഞാന്‍ നിന്നെ രക്ഷിയ്ക്കും! ഗന്ധര്‍വ്വന്‍ ദുര്യോധനനെ മുക്തനാക്കി. ഇളഭ്യനായി ഒരു നന്ദി വാക്കുപോലും പ്രകടിപ്പിയ്ക്കാതെ ദുഷ്ട ചിത്തനായ ദുര്യോധനന്‍ സ്ഥലം വിട്ടു. ഇന്ദ്ര നിയുക്തനായ ചിത്രസേനനെന്ന ഗന്ധര്‍വ്വന്‍ ഇന്ദ്രപുരിയിലെയ്ക്ക് മടങ്ങി.

ആത്മാഭിമാനത്താല്‍ ഉദ്ധുതനായ ദുര്യോധനന്‍ തന്റെ മാനത്തിനു ക്ഷതം വന്നപ്പോള്‍ സ്വയം ജീവനൊടുക്കാന്‍ തുനിഞ്ഞു. അദ്ദേഹം ദുശ്ശാസനനെ രാജാവായി അഭിഷേകം ചെയ്യാന്‍ ഒരുമ്പെട്ടു. എന്നാല്‍ കലിയുടെ അതിപ്രേരണ അദ്ദേഹത്തിലെ ദുഷ്ട ചിന്തയ്ക്കും, അതിമോഹത്തിനും ആക്കം കൂട്ടി. കൂട്ടത്തില്‍ രാധേയ, ശകുനി പ്രഭൃതികളുടെ ആശ്വാസ വാക്കുകളും.

ദുര്യോധനന്റെ ഒരേ ഒരു പെങ്ങളായ ദുശ്ശളയുടെ ഭര്‍ത്താവായിരുന്നു സിന്ധുനരേശനായ ജയദ്രഥന്‍. ആരിലും കണ്ട മാത്രയില്‍ തന്നെ മോഹം ജനിപ്പിയ്ക്കുന്ന സൌന്ദര്യത്തിനുടമയായിരുന്നു ദ്രൗപദീ. ദൈവാംശമുള്ള ആ സതീ രത്നത്തെ അനാവശ്യമായി ഒന്ന് നോക്കുവാന്‍ കൂടി പലരും ഭയപ്പെട്ടിരുന്നു. ആ മോഹം മനസ്സിലുദിയ്ക്കുന്ന മാത്രയില്‍ പലരും അകാരണമായ ഭയത്തിനോ, വീഴ്ച്യ്ക്കോ അടിപ്പെടുന്നു. ത്രേതായുഗത്തിലെ സീതയുടെ മുഗ്ദ്ധ സൌന്ദര്യം ആകാരം പൂണ്ട് ദ്രൗപദീയില്‍ നിറഞ്ഞു നിന്നിരുന്നു. വിജനമായ കാമ്യക വനത്തില്‍, ഏകയായി നില്‍ക്കുന്ന ദ്രൗപദീയില്‍ സ്വയംവര പന്തലില്‍ നടക്കാതെ പോയ തന്റെ മോഹത്താല്‍ മത്തനായ ജയദ്രഥന്‍ ആകൃഷ്ടനായി. കുലഗുരുവായ ധൌമ്യന്റെ എതിര്‍പ്പിനെ വകവെയ്ക്കാതെ ജയദ്രഥന്‍ ദ്രൗപദീയെ പൊക്കി എടുത്ത് തന്റെ തേരിനരികിലേയ്ക്ക് നടന്നു. ദ്രൗപദീയുടെ നിലവിളി കേട്ട് ഓടി എത്തിയ ഭീമസേനന്‍ ജയദ്രഥനോട്‌ യുദ്ധം ചെയ്തു, ദ്രൗപദീയെ മോചിപ്പിച്ചു. അതൊരു പകയായി ഇരുകൂട്ടരും മനസ്സില്‍ കുറിച്ചു.

പന്ത്രണ്ടു വര്‍ഷങ്ങള്‍ തീരാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമേ അവശേഷിപ്പൂ. പാണ്ഡവര്‍ അജ്ഞാത വാസക്കാലത്തെയ്ക്കുള്ള തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്നു. ഒരു പ്രഭാതത്തില്‍, പാണ്ഡവരെ അന്വേഷിച്ചു ഒരു ബ്രാഹ്മണന്‍ എത്തി. അദ്ദേഹം അഗ്നിയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന അരണി ഒരു മാന്‍ എടുത്തു കൊണ്ട് പോയി. നിങ്ങള്‍ എതു വിധേനയും ആ അരണി എനിയ്ക്ക് വീണ്ടെടുത്ത് തരണം. പാണ്ഡവര്‍, ബ്രാഹ്മണന്‍ ചൂണ്ടിക്കാണിച്ച ദിക്കു നോക്കി മാനിനെ അന്വേഷിച്ചിറങ്ങി. നടന്നവശരായതല്ലാതെ മാനിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ക്ഷീണിതനായ യുധിഷ്ഠരന്‍, നകുലനോട് കുറച്ചു ജലം സംഭരിച്ചു വരുവാന്‍ നിര്‍ദ്ദേശിച്ചു. അടുത്തൊരു തടാകം നകുലന്റെ ശ്രദ്ധയില്‍ പെട്ടൂ. നകുലന്‍ തടാകത്തിലിറങ്ങിയപ്പോള്‍ പൊടുന്നനെ ഒരശരീരി ശ്രവിച്ചു. എന്റെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതെ അങ്ങ് തടാകത്തില്‍ നിന്ന് ജലം കുടിയ്ക്കരുത്. സ്വയം ജീവന്‍ അപായപ്പെടാതെ ശ്രദ്ധിയ്ക്കുക. നകുലന്‍ ആ അശരീരി വകവെയ്ക്കാതെ, തടാകത്തിലെ ജലം കുടിയ്ക്കുകയും, കുഴഞ്ഞു വീണു മരിയ്ക്കുകയും ചെയ്തു. തിരഞ്ഞിറങ്ങിയ പാണ്ഡവരോരുത്തരും അശരീരി ചെവിക്കൊള്ളതെ തടാകത്തിലിറങ്ങി ജലം കുടിച്ചു മൃതരായി. അനുജന്മാരെ തിരക്കി ഇറങ്ങിയ യുധിഷ്ഠരനും തടാകക്കരയിലെത്തി. തന്റെ സഹോദരങ്ങള്‍ മരിച്ചു കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടൂ. സ്വയം തേങ്ങുന്നതിനിടയില്‍ അദ്ദേഹം വിതുമ്പി. അജയ്യരായ എന്റെ സഹോദരന്മാരെ ആരാണ് കൊന്നത്? ദുര്യോധനന്റെ ചാരന്മാരാണോ ഈ ജലത്തില്‍ വിഷം കലര്‍ത്തിയത് ഞാന്‍ മൂലം എന്റെ സഹോദരങ്ങള്‍ക്ക് ഈ ദുര്‍ഗതി വന്നു. ഈ ജലം കുടിച്ചു ഞാനും എന്റെ ജീവന്‍ അവസാനിപ്പിയ്ക്കുന്നുണ്ട്. തേങ്ങിക്കൊണ്ട് അദ്ദേഹം തടാകത്തിലിറങ്ങി. മുന്‍പറഞ്ഞ അശരീരി അദ്ദേഹവും കേട്ടു. താങ്കള്‍ ആരാണ്? ദയവായി എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുക. ഞാനൊരു യക്ഷനാണ്. ഈ തടാകവും ഇതിലെ ജലവും എന്റെ നിയന്ത്രണത്തിലാണ്. എന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ ഇതിലെ ജലം എടുക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. താങ്കളുടെ സഹോദരന്മാര്‍ എന്റെ വാക്ക് പാഴ്വാക്കായി കരുതി, മരണം കൈനീട്ടി വാങ്ങി. എനിയ്ക്ക് ദുഃഖമുണ്ട്. ബീഭത്സരൂപിയായ ഒരു യക്ഷന്‍ യുധിഷ്ഠരന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. യുധിഷ്ഠരന്‍ യക്ഷന്റെ മുമ്പില്‍ കൈകൂപ്പി. അങ്ങയുടെ അനുവാദമില്ലാതെ ഞാനീ തടാകത്തിലെ ജലം പാനം ചെയ്യില്ല. എന്താണങ്ങയുടെ ആവശ്യം. അങ്ങയ്ക്ക് എന്തിനെക്കുറിച്ചാണറിയേണ്ടതു ചോദിച്ചോള്ളൂ. ഞാന്‍ എന്നാല്‍ കഴിയും വിധം മറുപടി നല്കാം. യക്ഷന്‍‍ ധര്‍മ്മ ശാസ്ത്രങ്ങളെ പറ്റി ചില ചോദ്യങ്ങള്‍ ചോദിച്ചു. ഭാരത കഥയിലെ ഈ യക്ഷ പ്രശ്നം പല പ്രകാരത്തിലും പ്രസ്താവ്യമാണ്.

യക്ഷ ചോദ്യം :- സൂര്യന്‍ ഉദിയ്ക്കുന്നതു എന്തുകൊണ്ട് ?
യുധിഷ്ഠരന്‍ :- ബ്രഹ്മാവ് സൂര്യനെ ഉദിപ്പിയ്ക്കുന്നു.
ചോദ്യം :- അദ്ദേഹത്തിന്‍ തുണയാരുണ്ട് ?
ഉത്തരം :- ദേവന്മാര്‍ അദ്ദേഹത്തിന്‍ തുണ നില്‍ക്കുന്നു.
ചോദ്യം :- സൂര്യന്‍ അസ്തമിയ്ക്കുന്നതിന്‍ കാരണക്കാരന്‍ ആര് ?
ഉത്തരം :- ധര്‍മ്മമാണതിന്‍ കാരണക്കാരന്‍.
ചോദ്യം :- ആരെ ആശ്രയിച്ചാണ് സൂര്യന്‍ നിലക്കൊള്ളുന്നതു ?
ഉത്തരം :- സൂര്യന്‍ സത്യത്തില്‍ നിലകൊള്ളുന്നു.
ചോദ്യം :- ഒരുവനെ വിദ്വാനാക്കുന്നതെന്താണ് ?
ഉത്തരം :- ശ്രുതി, അദ്ധ്യാപനമാണോരുവനെ വിദ്വാനാക്കുന്നത്.
ചോദ്യം :- മനുഷ്യന്‍ മഹത്തത്വത്തെ പ്രാപിയ്ക്കുന്നതെങ്ങനെ ?
ഉത്തരം :- സുഖ ഭോഗങ്ങളിലുള്ള വിരക്തി മൂലം.
ചോദ്യം :- മനുഷ്യന്‍ സന്തത സഹചാരിയെ നേടാനുള്ള വഴി ?
ഉത്തരം :- സ്ഥിത പ്രജ്ഞത്വം സഹായിയ്ക്കുന്നു.
ചോദ്യം :- സ്ഥിത പ്രജ്ഞത്വം എങ്ങനെ നേടാം ?
ഉത്തരം :- വൃദ്ധ സേവ മൂലം
ചോദ്യം :- വേദം പഠിയ്ക്കുന്ന ബ്രാഹമണന്‍ ദിവ്യനാണങ്കിലും ദേവനായി തീരാത്തതെന്തു കൊണ്ട് ?
ഉത്തരം :- ബ്രാഹ്മണനു മരണമുണ്ട്. ദേവന്‍ അമരനാണ്.
ചോദ്യം :- ക്ഷ്ത്രിയന്മാരുടെ ദിവ്യത്വം എന്തിലാണ് ? അവര്‍ ഈശ്വര ഭക്തരാകുന്നതെങ്ങനെ ?
ഉത്തരം :- ക്ഷത്രിയന്മാരുടെ ദിവ്യത്വം അസ്ത്രങ്ങളിലും ആയുധങ്ങളിലും നിലകൊള്ളുന്നു. അവര്‍ യാഗം നടത്തി ഈശ്വര പ്രീതി നേടുന്നു. ശ്രേഷ്ഠമായ ഭരണത്തിലൂടെ ജനപ്രീതി നേടുന്നു.
ചോദ്യം :- സാമം എന്നാലെന്താണ്? യജുസ്സ് എന്നാലെന്താണ്?
ഉത്തരം :- സാമം ജീവനാണ്. മനസ്സ് യജുസ്സാണ്. യാഗത്തിനഭയ സ്ഥാനം ഋക്കാണ്.
ചോദ്യം :- ഐഹിക സുഖങ്ങള്‍ അനുഭവിയ്ക്കുന്ന ഒരാള്‍ ശ്വാസോച്ഛാസം ചെയ്യുന്നുണ്ട്ങ്കിലും മരിച്ചതിനു തുല്യമെന്ന് പറയുന്നതെന്തു കൊണ്ട് ?
ഉത്തരം :- അയാള്‍ ദേവന്മാര്‍ക്കോ, അതിഥികള്‍ക്കോ, പിതൃക്കള്‍ക്കോ ഭൃത്യന്‍മാര്‍ക്കോ ഒന്നും നല്‍കുന്നില്ലെങ്കില്‍ ജന്മത്തിനര്‍ത്ഥമില്ല.
ചോദ്യം :- ഭൂമിയെക്കാള്‍ ഘനമുള്ളതെന്താണ്?
ഉത്തരം :- അമ്മയ്ക്ക് ഭൂമിയെക്കാള്‍ തൂക്കമുണ്ട്.
ചോദ്യം :- സ്വര്‍ഗ്ഗത്തെക്കാള്‍ ഉപരിയായതെന്താണ്?
ഉത്തരം :- പിതാവ്
ചോദ്യം :- കാറ്റിനേക്കാള്‍ വേഗമുള്ളതെന്താണ്?
ഉത്തരം :- ഒരുവന്റെ മനസ്സ്.
ചോദ്യം :- പുല്ലിനേക്കാള്‍ കൂടുതല്‍ വളരുന്നത്?
ഉത്തരം :- ഒരുവന്റെ ചിന്തകള്‍
ചോദ്യം :- എല്ലാ സ്വത്തുക്കളിലും വെച്ച് വിലപ്പെട്ടത്?
ഉത്തരം :- വിദ്യാ അഥവാ ജ്ഞാനം.
ചോദ്യം :- മനുഷ്യനു ദേവകള്‍ നല്‍കിയ മിത്രം ?
ഉത്തരം :- അഗ്നി സാക്ഷിയായി അവന്‍ പരിണയിച്ച ഭാര്യ.
ചോദ്യം :- എന്തുപേക്ഷിച്ചാലാണ് ഒരുവന്‍ ധനവാനാകുക ?
ഉത്തരം :- തൃഷ്ണ ഉപേക്ഷിച്ചാല്‍.
ചോദ്യം ;- എന്തുപേക്ഷിച്ചാലാണ് ദുഖിയ്ക്കേണ്ടി വരാത്തത് ?
ഉത്തരം ;- കോപം ഉപേക്ഷിയ്ക്കുക
ചോദ്യം ;- കൃപ എന്നാലെന്താണ് ?
ഉത്തരം ;- സകലര്‍ക്കും സുഖം ഇച്ഛിയ്ക്കുന്നത്.
ചോദ്യം ;- ആര്‍ജ്ജവം എന്നാലെന്ത് ?
ഉത്തരം ;- ഹൃദയത്തിന്റെ സമചിത്തത
ചോദ്യം ;- മാറാരോഗമേന്താണ് ?
ഉത്തരം ;- അത്യാഗ്രഹം
ചോദ്യം ;- അജ്ഞത എന്നാലെന്ത് ?
ഉത്തരം ;- സ്വകൃത്യം എന്തെന്ന് അറിയായ്ക
ചോദ്യം ;- ആലസ്യം എന്താണ്?
ഉത്തരം ;- കര്‍മ്മത്തിനോടുള്ള വിമുഖത ( മടി )
ചോദ്യം ;- എന്താണ് ക്ഷമ?
ഉത്തരം ;- ഇന്ദ്രിയ നിഗ്രഹം തന്നെ ക്ഷമ
ചോദ്യം ;- യഥാര്‍ത്ഥ സ്നാനമെന്താണ്?
ഉത്തരം ;- മനോ മാലിന്യമകറ്റലാണ് ശരിയായ സ്നാനം.
ചോദ്യം ;- ശരിയായ മാര്‍ഗ്ഗമെന്താണ്?
ഉത്തരം ;- വാദം കൊണ്ട് ഒന്നും തന്നെ തീരുമാനിയ്ക്കുന്നില്ല. ശ്രുതികള്‍ പരസ്പര വിരുദ്ധമാണ്. ഒരു ഋഷിയുടെ വാക്കും കുറ്റമറ്റതാകുന്നില്ല. മതങ്ങളെ പറ്റിയും ധര്‍മ്മത്തെ പറ്റിയുള്ള സത്യം ഗുഹകളില്‍ ഒളിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അതുകൊണ്ട് മഹാന്മാര്‍ തെളിച്ച പന്ഥാവാണ് ശരിയായ മാര്‍ഗ്ഗം.
ചോദ്യം ;- വിജ്ഞാനമെന്താണ് ?
ഉത്തരം ;- അവിദ്യ നിറഞ്ഞ ഈ ലോകം ഒരു പാത്രം പോലെയാണ്. സൂര്യന്‍ അഗ്നിയാണ്, ദിനരാത്രങ്ങള്‍ ഇന്ധനമാണ്. മാസങ്ങളും ഋതുക്കളും അതിലെ ചട്ടകമാണ്. ആ പാത്രത്തില്‍ എല്ലാ ജീവജാലങ്ങളെയും പാചകം ചെയ്യുന്ന പാചകക്കാരനാണ് കാലം. ഇതറിയലാണ് വിജ്ഞാനം.
ചോദ്യം ;- എല്ലാ വിധത്തിലുമുള്ള ധനമുള്ളവനാരാണ് ?
ഉത്തരം ;- ഏതൊരുവന്‍, ഇഷ്ടാനിഷ്ടങ്ങള്‍, സുഖ ദുഃഖങ്ങള്‍, ഭൂതം, ഭാവി ഒരേ പോലെ അനുഭവപ്പെടുന്നു. അവന്‍ ധനികന്‍.

യക്ഷന്‍, യുധിഷ്ഠരന്റെ മറുപടിയിലും അദ്ദേഹത്തിന്റെ സ്വഭാവ മഹിമയിലും ഏറെ തൃപ്തനായി. അദ്ദേഹം പറഞ്ഞു താങ്കളുടെ സഹോദരന്മാരില്‍ ഒരാളെ ജീവിപ്പിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. ഇവരില്‍ ആരെ ജീവിപ്പിയ്ക്കണമെന്നു തിരഞ്ഞെടുക്കാനുള്ള അവകാശം താങ്കള്‍ക്ക് തരുന്നു.

യുധിഷ്ഠരന്‍ പറഞ്ഞു പ്രഭോ ! എനിയ്ക്കീ നാല്‍വരും ഒരു പോലെയാണ്. ഭീമന്‍ എന്റെ പ്രാണനാണ്‌, അര്‍ജ്ജുനന്‍ എന്റെ കര്‍മ്മമാണ്‌, നകുലസഹദേവന്മാര്‍ എന്റെ കൈകാലുകളാണ്, ഞാന്‍ മറ്റെന്തിനെക്കാളും ധര്‍മ്മത്തില്‍, അടിയുറച്ചു വിശ്വസിയ്ക്കുന്നു. ശ്രാദ്ധ കര്‍മ്മങ്ങളിലൂടെ പിതൃക്കള്‍ക്ക്‌ മോക്ഷം സിദ്ധിയ്ക്കുന്നു. എന്റെ അമ്മയായ കുന്തിയ്ക്ക് ഞാനുണ്ട് എന്റെ അച്ഛന്റെ സപത്നിയുടെ മക്കളായ നകുല സഹദേവന്‍മാരില്‍, നകുലന്‍ ജീവിച്ചു കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിയ്ക്കുന്നു,'

യക്ഷന്‍ പറഞ്ഞു : യുധിഷ്ഠരാ ! താങ്കള്‍ ഒരു മഹാത്മാവാണ്, ഒരു കാലത്തും ഒരിടത്തും അങ്ങയെ പോലെ ഒരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. അങ്ങയുടെ എല്ലാ സഹോദരന്മാര്‍ക്കും ഞാന്‍ ജീവന്‍ തിരിച്ചു നല്‍കുന്നുണ്ട്.' സഹോദരന്മാര്‍ ഓരോരുത്തരും ഉറക്കമുണര്‍ന്ന പോലെ എഴുന്നേറ്റു വന്നു. യുധിഷ്ഠരന്‍ അവരെയെല്ലാം അശ്രു പൂര്‍ണ്ണ നേത്രത്തോടെ ആശ്ലേഷിച്ചു. അദ്ദേഹം യക്ഷനോട് ചോദിച്ചു പ്രഭോ അങ്ങാരാണന്നറീയാന്‍ ഞാന്‍ ഉത്സുകനാണ്. അങ്ങയ്ക്ക് ധര്‍മ്മ തത്വങ്ങള്‍ ഉപദേശിച്ച ഞാന്‍ ഒരു വിഡ്ഢിതന്നെ. അങ്ങ് ഞങ്ങളുടെ പിതാവായ പാണ്ഡുവാണോ? 'യുധിഷ്ഠരന്റെ വിനയത്തില്‍ ആകൃഷ്ടനായ യക്ഷന്‍ തന്റെ ഭീകര രൂപം വെടിഞ്ഞു.' ഞാന്‍ അങ്ങയുടെ പിതാവായ യമധര്‍മ്മ രാജാവാണ്. ഇത്രയും വിനയാന്വിതനും ജ്ഞാനാന്വിതനുമായ അങ്ങ് ഒരു നാള്‍ ലോകം ഭരിയ്ക്കും.' അദ്ദേഹം യുധിഷ്ഠരനെയും, സഹോദരങ്ങളെയും അനുഗ്രഹിച്ചു. എന്നും സത്യത്തില്‍ മാത്രം ചരിയ്ക്കാനുള്ള ശക്തി ഞാനങ്ങയോടപേക്ഷിയ്ക്കുന്നു,' ധര്‍മ്മദേവന്‍ പറഞ്ഞു, കൃഷ്ണനോടൊപ്പം ഞാനെന്നും നിങ്ങള്‍ക്ക് തുണയായുണ്ടാകും. നല്ലത് വരട്ടെ !'

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories