ജ്യോതിഷം

മഹാഭാരതം (പാര്‍ട്ട്‌ 5)


മഹാഭാരതം (പാര്‍ട്ട്‌ 5)

ഉദ്യോഗപര്‍വ്വം ( വിദുരോപദേശം ----ശ്രീകൃഷണ ദൂത് )

( ആമുഖം :- ഓരോ വ്യക്തിയുടേയും മുജ്ജന്മ കര്‍മ്മ ഫല സഞ്ചയമായ 'നിയതി' ഈശ്വര ശക്തിയ്ക്കും മേലേയായി കണക്കാക്കുന്നു. ഇവിടെ സ്വന്തം നിയതി കര്‍മ്മ ഫല സഞ്ചിതമായി രൂപപ്പെട്ട ദുര്യോധനനെ ഭഗവാന്റെ അവസോരചിതമായ ഇടപെടലിനു പോലും മാറ്റി മറിയ്ക്കാനായില്ല. ഭഗവാന്റെ വാക്കുകള്‍ കേവലം മായാജാലക്കാരന്റെ 'കപടത' മാത്രമായി ദുര്യോധനന്‍ കണ്ടു. അത്രമാത്രം ഗര്‍വ്വിഷ്ടനും, പാപിയുമായി തീര്‍ന്നു ദുര്യോധനന്‍. ഈ ഘട്ടത്തില്‍ മാത്രമാണ് മഹാഭാരതയുദ്ധം 'ധര്‍മ്മ സംസ്ഥാപനത്തിന് ' അത്യന്താപേക്ഷിതമാണെന്നു ഭഗവാന് ബലപ്പെട്ടത്.

വിദുരര്‍ - കേവലം ഒരു ശുദ്ര സ്ത്രീയില്‍ വ്യാസ മഹര്‍ഷിയ്ക്ക് ജനിച്ച ഈ പുത്രന്‍ ധര്‍മ്മദേവന്റെ അംശാവതാരമാണ്. വിദുര വാക്യത്തോളം ശ്രേഷ്ഠവും, പവിത്രവുമായ ഒരു നീതി വാക്യം ഉണ്ടോ എന്ന് ഇനിയും ബോദ്ധ്യപ്പെടേണ്ടിയിരിയ്ക്കുന്നു. വാക്യത്തിന്റെ അര്‍ത്ഥ സംപുഷ്ടി നഷ്ടപ്പെട്ടിട്ടില്ലെന്നു ഏറെ എളിമയോടെ അഭിമാനിയ്ക്കുന്നു. അറിയാനഗ്രഹിയ്ക്കുന്ന ഇന്നത്തെ യുവലോകം വിദുര വാക്യം ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കുമെന്നു കരുതട്ടെ. )

വിവാഹാനന്തരം, വിരാട സദസ്സില്‍ വെച്ച് തന്നെ അവര്‍ അനന്തര നടപടികളെക്കുറിച്ച് തിരക്കിട്ട് ചര്‍ച്ച തുടങ്ങി. ഇതിനിടയില്‍ വനവാസ വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തും വിധം, ദുര്യോധനന്‍ അടുത്ത ഒരു പന്ത്രണ്ടു വര്‍ഷം കൂടി പാണ്ഡവര്‍ വനത്തില്‍ കഴിയണമെന്നു ഒരു ദൂതന്‍ വഴി യുധിഷ്ഠിരന് സന്ദേശം കൊടുത്തു വിട്ടിരുന്നു. ഇതും അവരുടെ ചര്‍ച്ചയ്ക്ക് ആക്കം കുട്ടി.

സഭയില്‍ ഉപവിഷ്ഠരായിരുന്ന, ക്ഷണിയ്ക്കപ്പെട്ട പ്രമുഖരെ അഭിസംബോധന ചെയ്തത് കൃഷണനായിരുന്നു. അദ്ദേഹം പറഞ്ഞു, ദുര്യോധനന്‍ തികച്ചും അന്യായമാണ് തന്റെ സഹോദരന്മാരായ ഈ പാണ്ഡവരോട് കാട്ടിയത്. ബാല്യം മുതല്‍ തുടങ്ങിയ ഈ വൈരാഗ്യത്തിന്റെ അന്ത്യം ഏതു വിധത്തില്‍ കലാശിയ്ക്കുമെന്നു എനിയ്ക്ക് പോലും ഊഹിയ്ക്കാന്‍ കഴിയുന്നില്ല. കള്ള ചൂതിലുടെ എല്ലാം തട്ടി എടുത്തിട്ട് തങ്ങള്‍ എല്ലാം സ്വന്തമാക്കിയെന്നു അഭിമാനിയ്ക്കുന്ന കൗരവാദികള്‍ ഒരു ഭാഗത്ത് - മറു ഭാഗത്ത് കരുത്തുണ്ടെങ്കിലും, ധര്‍മ്മത്തിനും, സത്യത്തിനും ജീവിതത്തില്‍ ഏറെ വില നല്‍കുന്ന പാണ്ഡവര്‍. യുധിഷ്ഠിരന്‍റെ തീരുമാനം തന്നെയാണ് ഏറെ ശരിയെന്നാണന്റെ പക്ഷം. നിജപ്പെടുത്തിയ പതിമുന്നു വര്‍ഷത്തിനു ശേഷം, ദുര്യോധനന്‍ യുധിഷ്ഠിരന്‍റെ രാജ്യം അവര്‍ക്ക് തിരിച്ചു നല്‍കിയെ പറ്റു. പൊടുന്നനെ ഒരു യുദ്ധത്തിലേയ്ക്ക് എടുത്തു ചാടുന്നതിനു മുന്‍പായി, ക്ഷമാശീലനും, സ്വാത്വികനുമായ ഒരു ദൂതനെ ഹസ്തിന പുരിയിലേയ്ക്കയക്കുക. അദ്ദേഹം കാര്യങ്ങള്‍ യഥാവിധി രാജാവിനെയും, പിതാമഹനെയും ബോദ്ധ്യപ്പെടുത്തട്ടെ! തുടര്‍നടപടികള്‍ അതിനു ശേഷം കൂടി ആലോചിയ്ക്കാം. കൃഷണന്റെ തീരുമാനം ഏവര്‍ക്കും സമ്മതമായിരുന്നു. അടുത്തതായി സംസാരിയ്ക്കാനെഴുന്നേറ്റതു ബാലരാമനായിരുന്നു. സ്വതസിദ്ധമായ ഗാംഭീര്യത്തോടെ അദ്ദേഹം പറഞ്ഞു "പാണ്ഡവര്‍ ധര്‍മ്മിഷ്ഠരെന്ന കാര്യത്തില്‍ കൃഷ്ണനെപ്പോലെ എനിയ്ക്കും തര്‍ക്കമില്ല. എന്നാല്‍, രാജാവായിരുന്ന യുധിഷ്ഠിരന് ധര്‍മ്മം പോലെ തന്നെ മുഖ്യമല്ലായിരുന്നോ കര്‍മ്മവും? എന്തുകൊണ്ട് അദ്ദേഹം അവിടെ വിമുഖത കാട്ടി? എന്റെ ശിഷ്യന്‍ ദുര്യോധനന്‍ പറയുന്നതിലും കാര്യമുണ്ട് - ചൂതു കളി ഏതു സമയവും നിറുത്താമായിരുന്നില്ലേ? രാജ്യം പണയപ്പെടുത്തി കളിയ്ക്കണമെന്നു ആരെങ്കിലും ഇദ്ദേഹത്തെ നിര്‍ബന്ധിച്ചോ? അന്ന് കൗരവ സദസ്സില്‍ എത്രയോ പേരുണ്ടായിരുന്നു - അവരെ ആരെയും തിരഞ്ഞെടുക്കാതെ, കപടതന്ത്രജ്ഞനായ ശകുനിയെ തന്നെ യുധിഷ്ഠിരന്‍ എന്തിനു തിരഞ്ഞെടുത്തു? ഒരാള്‍ കൊടുക്കുമെന്നറിഞ്ഞാല്‍, പിടിച്ചു മേടിയ്ക്കാനുള്ള തന്ത്രം ആരും മെനയും. രാജാവായ യുധിഷ്ഠിരന്‍ അത് എന്തുകൊണ്ടതറിയാതെ പോയി? തികച്ചും ദുര്യോധനനെ ന്യായീകരിയ്ക്കുന്ന രീതിയിലുള്ള ബലരാമന്റെ സംഭാഷണം തുടരാനനുവദിയ്ക്കാതെ സാത്യകി ഇടപെട്ടു. അങ്ങ് മദ്യം കിട്ടിയാല്‍ ആര്‍ക്കുവേണ്ടിയും വക്കാലത്ത് പറയുന്നവനാണന്നു ഞങ്ങള്‍ക്കറിയാം. അരുമ ശിഷ്യന്‍ വേണ്ടും വണ്ണം സല്‍ക്കരിച്ചു കാണും. ജ്യേഷ്ഠന്‍ സത്യത്തെ വളച്ചൊടിയ്ക്കാന്‍ ഞങ്ങള്‍ അനുവദിയ്ക്കില്ല. യുദ്ധമെങ്കില്‍ യുദ്ധം! പാണ്ഡവര്‍ക്ക് അവര്‍ക്കര്‍ഹതപ്പെട്ട രാജ്യം ദുര്യോധനന്‍ മടക്കി നല്‍കിയേ പറ്റു. ദ്രുപദനും വിരാടനും സാത്യകിയുടെ തീരുമാനത്തോട് പുര്‍ണ്ണമായും യോജിച്ചു. അവര്‍ അടുത്ത ദിവസം തന്നെ ദ്രുപദ രാജധാനിയിലെ ശ്രേഷ്ഠനായ ഒരു ബ്രാഹ്മണ മുഖ്യനെ ഹസ്തിനപുരത്തിലേയ്ക്കയ്യക്കാന്‍ തീരുമാനിച്ചു.

യുദ്ധത്തില്‍ ശ്രീകൃഷണന്റെ സഹായം നേടുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുമെന്നു ശകുനി, ദുര്യോധനനെ അറിയിച്ചു. അടുത്ത ദിവസം ദുര്യോധനന്‍ ദ്വാരകയിലേയ്ക്ക് തിരിച്ചു. ദുര്യോധനനെത്തിയ ശേഷം ഇതേ ആവശ്യത്തിന് അര്‍ജ്ജുനനും ദ്വാരകയിലെത്തി. അവര്‍ ദ്വാരകയിലെ വിശ്രമ മുറിയില്‍ തികച്ചും അപരിചിതരെപ്പോലെ ഇരുപ്പുറപ്പിച്ചു. കടന്നു വന്ന കൃഷ്ണ ബന്ധുവായ സാത്യകി അവരോടായി പറഞ്ഞു. ' കൃഷ്ണന്‍ മയക്കത്തിലാണ്. മുറി തുറന്നിട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അകത്തു കടന്നിരിയ്ക്കാം.' അവര്‍ ഇരുവരും മുറിയിലേയ്ക്ക് കടന്നു. കൃഷ്ണന്‍ കിടന്നിരുന്ന കട്ടിലിന്റെ തലയ്ക്കലായി ഒരു സിംഹാസനം ശ്രദ്ധ ആകര്‍ഷിയ്ക്കും വിധം ഒരുക്കി വെച്ചിരുന്നു. കൗരവരാജാവ്‌ ആ സിംഹാസനത്തില്‍ പ്രൌഡിയോടെ ഇരുപ്പുറപ്പിച്ചു. അര്‍ജ്ജുനന്‍ കൃഷണ പാദത്തിനരുകില്‍ തൊഴു കൈയോടെ നിലയുറപ്പിച്ചു. അല്പം കഴിഞ്ഞു കൃഷ്ണന്‍ ഉണര്‍ന്നു. അദ്ദേഹം കൈകൂപ്പിനിന്ന അര്‍ജ്ജുനനെയാണ് ആദ്യം കണ്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ സിംഹാസനത്തില്‍ ഉപവിഷ്ഠനായിരുന്ന ദുര്യോധനനെയും. കൃഷ്ണന്‍ ഇരുവരെയും നോക്കി സ്വതസിദ്ധമായ ശൈലിയില്‍ മന്ദഹസിച്ചു. ദുര്യോധനന്‍ പറഞ്ഞു, കൃഷ്ണാ! ഞാന്‍ വന്ന ഉദ്ദേശം അങ്ങേയ്ക്ക് മനസ്സിലായി കാണും. യുദ്ധത്തില്‍ അങ്ങ് കൗരവ പക്ഷത്ത് ഉണ്ടായിക്കാണാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. കൃഷ്ണന്‍ ചിരിച്ചു. "അര്‍ജ്ജുനന്റെ ഉദ്ദേശവും ഇതു തന്നെയെന്നു ഞാനൂഹിയ്ക്കുന്നു. എന്ത് ചെയ്യാം - ഞാനാദ്യം കണ്ടത് അര്‍ജ്ജുനനെയല്ലേ, അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കട്ടെ.." അര്‍ജുനന്‍ ഒന്നും മിണ്ടിയില്ല. ദുര്യോധനന്‍ തുടര്‍ന്നു. " ഞാനാണ് ആദ്യം ദ്വാരകയിലെത്തിയത്. അതിനാല്‍ കൃഷ്ണന്‍ എന്നെ സഹായിയ്ക്കാന്‍ ബാദ്ധ്യസ്ഥനാണ്. " ശരി! ശരി!! തര്‍ക്കിക്കുന്നില്ല. ഞാനൊരു വ്യവസ്ഥ വെയ്ക്കാം എനിയ്ക്ക് രണ്ടു പേരേയും ഒഴിവാക്കാനായില്ല - ഒരു വശത്ത് ഒരക്ഷൗഹണിയോടുകൂടിയ ശക്തമായ എന്റെ നാരായണസേന മറുവശത്ത് ഞാന്‍ മാത്രം. ഞാനായുധമെടുക്കില്ല. യുദ്ധം ചെയ്യില്ല, തികച്ചും നിഷ്പക്ഷനായിരിയ്ക്കും." "എനിയ്ക്കങ്ങയുടെ നാരായണ സേന മതി. അതിന്റെ ശക്തി എനിയ്ക്കേറെ ഗുണം ചെയ്യും." ദുര്യോധനന്‍ നിരായുധനായ കൃഷണനെ വിട്ട്, ഒരക്ഷൗഹണിയുള്ള നാരായണ സേന സ്വന്തമാക്കി. തുടര്‍ന്നദ്ദേഹം തന്റെ ഗുരുവായ ബലരാമനെ കാണാന്‍ പോയി.

യുദ്ധം എന്ന് കേട്ടപ്പോള്‍ മുതല്‍ ബലരാമന്‍ ചിന്താവിഷ്ടനാണ്. തന്നെ സമീപിച്ച അരുമ ശിഷ്യനോടും അദ്ദേഹം പറഞ്ഞു. "ദുര്യോധനാ ! നീ എനിയ്ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. നിന്നോളമില്ലെങ്കിലും പാണ്ഡവരും എനിക്കിഷ്ടരാണ്. സ്വജനങ്ങള്‍ തമ്മിലുള്ള ഈ യുദ്ധത്തില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. എന്റെ അഭിപ്രായം ഞാന്‍ കൃഷ്ണനെ അറിയിച്ചു. അതാണ് നല്ലതെന്നാണയാളുടെയും അഭിപ്രായം." ബലരാമന്‍ അല്പനേരം മൗനിയായി. "മരണം കൈ നീട്ടി വാങ്ങാന്‍ തയ്യാറെടുക്കുന്ന നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍, എന്റെ കുട്ടി..! മനസ്സ് വിങ്ങുന്നു." ബലരാമന്റെ ആത്മഗതം ദുര്യോധനന്‍ കേട്ടില്ല. അദ്ദേഹം പടപ്പുറപ്പാടിനെ പറ്റി മാത്രമാണ് സംസാരിച്ചത്.

കൃഷ്ണന്‍ അര്‍ജ്ജുനനോടു ചോദിച്ചു. " അര്‍ജ്ജുനാ! താങ്കള്‍ എന്തവിവേകമാണ് കാട്ടിയത്? നിരായുധനായ എന്നെ കൊണ്ട് യുദ്ധത്തില്‍ നിങ്ങള്‍ക്ക് എന്താണ് പ്രയോജനം? ദുര്യോധനന്റെ ബുദ്ധി പോലും താങ്കള്‍ക്കില്ലാതെ പോയല്ലോ? കൈകൂപ്പി ഗദ്ഗദകണ്ഠനായി അര്‍ജ്ജുനന്‍ പറഞ്ഞു. "കൃഷ്ണാ ! അങ്ങയെ എനിയ്ക്കറിയാം ! എന്റെ ശ്വേതാശ്വങ്ങളെ പൂട്ടിയ രഥത്തിന്റെ കടിഞ്ഞാണ്‍ അങ്ങയുടെ കയ്യിലുണ്ടെങ്കില്‍ ഞാനെന്തിനു പേടിയ്ക്കണം? അങ്ങ് ഈ ഭാരതവര്‍ഷം ഉഴുതു മറിച്ചു പാപിഷ്ഠരായ ക്ഷത്രിയരുടെ രക്തം കൊണ്ട് ഭൂമീ ദേവിയ്ക്ക് തിലകം ചാര്‍ത്തും. അവിടെ ധര്‍മ്മത്തിന്റെ പുതിയ നാമ്പുകള്‍ മുളയ്ക്കും ! ' അര്‍ജുനന്‍ നീട്ടിയ കൈകളില്‍ കൃഷണ ശരീരം അര്‍പ്പിയ്ക്കപ്പെട്ടു. കൃഷണന്‍ പറഞ്ഞു ഇന്നു രാവിലെ എന്റെ ജ്യേഷ്ഠന്‍ ബലരാമനും പറഞ്ഞു അങ്ങയെ എനിയ്ക്കറിയാമെന്നു ? സാത്യകിയും ഇതു തന്നെ പറയുന്നു - അയാള്‍ക്കും എന്നെ അറിയാമെന്ന്. ഇതാ ഇപ്പോള്‍ ഈ സവ്യസാചിയും അതു തന്നെ ആവര്‍ത്തിയ്ക്കുന്നു. എന്നിട്ടും ഞാന്‍ മാത്രമറിയുന്നില്ല - ഞാന്‍ ആരാണെന്ന്.' കൃഷ്ണന്‍ അര്‍ജ്ജുനന്റെ കൈ പിടിച്ചു അന്തപുരത്തിലേയ്ക്ക് നടന്നു.

ദ്രുപദ രാജകൊട്ടാരത്തിലെ പുരോഹിതനായ ബ്രാഹ്മണശ്രേഷ്ഠന്‍ യുധിഷ്ഠിര ദൂതുമായി ഹസ്തിനപുരത്തിലെത്തി. അദ്ദേഹം കുരുകുലാധിപനായ ഭീഷ്മരേയും ദ്രോണര്‍, വിദുരര്‍ തുടങ്ങിയ മഹാരഥന്‍മാരെയും വണങ്ങിയ ശേഷം രാജാവിനെ മുഖം കാണിച്ചു. സഭയിലെ പൂജ്യ സിംഹാസനത്തില്‍ ഉപവിഷ്ഠനായ അദ്ദേഹം പറഞ്ഞു "രാജാവേ ! ഹസ്തിനപുരം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സാമ്രാജ്യം അങ്ങയ്ക്ക് പൈതൃകമായി ലഭിച്ച സ്വത്താണ്. രാജ്യം ഈ നിലയില്‍ സമ്പന്നമാക്കാന്‍ ആദ്യം അങ്ങയുടെ അനിയനായ പാണ്ഡു അശ്രാന്ത പരിശ്രമം നടത്തി. വിധി വൈപരീത്യത്താല്‍ അദ്ദേഹം അകാലത്തില്‍ മരണപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരായ പാണ്ഡവര്‍ ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു. രാജാവേ ! ന്യായമായി ചിന്തിച്ചാല്‍ ദുര്യോധനന്‍ കയ്യടക്കി വെച്ചിരിയ്ക്കുന്ന ഈ വിസ്തൃത സാമ്രാജ്യം അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. ധര്‍മ്മത്തിനും നീതിയ്ക്കും കേള്‍വികേട്ട ഈ സഭാമന്ദിരത്തില്‍ അരങ്ങേറിയ ഘോരമായ അനീതിയെ പറ്റി ഞാനിപ്പോള്‍ വിസ്തരിച്ചു ആരെയും മുഷിപ്പിയ്ക്കുന്നില്ല. ബാല്യം മുതല്‍ അങ്ങ് കൂടി കൂട്ടു നിന്ന് പാണ്ഡവരെ എത്രമാത്രം ദ്രോഹിച്ചു.? അങ്ങ് പുത്ര തുല്യം കരുതേണ്ട പാണ്ഡവരും അങ്ങേയ്ക്ക് മക്കളല്ലേ ? യുവരാജാവായ യുധിഷ്ഠിരനെയും സഹോദരങ്ങളേയും വധിയ്ക്കുവാനായി ഒരിയ്ക്കല്‍ അങ്ങ് ഉള്‍പ്പെടെയുള്ള ഉപജാപ വൃന്ദം വാരണാവതത്തില്‍ ലാക്ഷ്യാഗൃഹം പണിതു. ഈശ്വരേച്ഛ മറിച്ചാകയാല്‍ അങ്ങയുടെ കുതന്ത്രം പാളിപ്പോയി. കുടുംബസ്തരായി തിരിച്ചു വന്ന പാണ്ഡവര്‍ക്ക് അങ്ങ് നല്‍കിയതോ - പുല്‍നാമ്പുപോലും മുളയ്ക്കാത്ത ഖാണ്ഡവപ്രസ്ഥം യുധിഷ്ഠിരന്‍ മറുത്തൊന്നും പറയാതെ ആ ദക്ഷിണ കൈ നീട്ടി വാങ്ങി. സ്വന്തം രക്തത്തോട് ഇത്രമാത്രം അനീതി പുലര്‍ത്താന്‍ അങ്ങയ്ക്കല്ലാതെ ആര്‍ക്കു കഴിയും ? ഇന്ദ്രപ്രസ്ഥം കണ്ട് കണ്ണു മഞ്ഞളിച്ച ദുര്യോധനന്റെ ദുരാഗ്രഹത്തിന് അങ്ങ് വീണ്ടും കൂട്ടു നിന്നു. കള്ള ചൂതിലുടെ അവരുടെ രാജ്യം തട്ടി എടുത്തു. എങ്ങും നടക്കാത്ത രീതിയില്‍ അവരെ വനത്തിലെയ്ക്കയച്ചു? ബ്രാഹ്മണന്റെ തീഷ്ണമായ വാക്കുകള്‍ ഖണ്ഡിയ്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല - തികച്ചും സത്യമാണ് ആ പൗരമുഖ്യന്‍ പറഞ്ഞത്. കഴിഞ്ഞ കാല സംഭവങ്ങള്‍ എല്ലാം അദ്ദേഹം വീണ്ടും ഓര്‍മ്മിപ്പിച്ചിരിയ്ക്കുന്നു. ഒരു ദൂതന്റെ പ്രൗഡമായ വാക്ധോരണിയിലൂടെ.

ഒന്ന് നിറുത്തിയ ശേഷം, അദ്ദേഹം പറഞ്ഞു. " ഇനി ഞാന്‍ യുധിഷ്ഠിരന്‍റെ സന്ദേശം വായിയ്ക്കാം." പിതാമഹനും, സദസ്സില്‍ സന്നിഹിതരായിട്ടുള്ള മഹാരഥന്മാര്‍ക്കും വല്യച്ഛനും യുധിഷ്ഠരന്റെയും പാണ്ഡവരുടേയും അഭിവാദ്യങ്ങള്‍ ! ദുര്യോധനനും അദ്ദേഹത്തിന്റെ ഉപജാപ വൃന്ദത്തിനും സുഖമെന്ന് വിശ്വസിയ്ക്കുന്നു. പിതാമഹാ ! അങ്ങയെ നിഷ്ക്രിയനെന്ന ഭാവത്തില്‍ ദുര്യോധനന്‍ ഏറെ അവഗണിയ്ക്കുന്നതായി ഞങ്ങള്‍ അറിയുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദനയോടെ ഞങ്ങള്‍ ഹസ്തിനപുരം വിട്ടിറങ്ങിയപ്പോള്‍ അങ്ങയുടെ ദയനീയ നോട്ടം ഇപ്പോഴും എന്റെ മനസ്സിനെ കീറിമുറിയ്ക്കുന്നു. അച്ഛന്റെ മരണശേഷം പറക്കമുറ്റാത്ത ഞങ്ങളെയും അമ്മയെയും ഹസ്തിനപുരത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് വന്ന ശേഷം അങ്ങ് ഞങ്ങള്‍ക്ക് ചെയ്തു തന്ന എല്ലാ നന്മകളും ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിയ്ക്കുന്നു. പകല്‍ കൊള്ളയാണ് ദുര്യോധനനും കൂട്ടരും ഞങ്ങളോട് ചെയ്തതെന്ന് അറിയായ്കയല്ല എതിരിടാന്‍ വേണ്ട കരുത്തും ഞങ്ങള്‍ക്കുണ്ടായിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് അതിനു തയ്യാറായില്ല. അവസാന നിമിഷമെങ്കിലും വല്യച്ഛനു മന:മാറ്റമുണ്ടാകുമെന്നു ഞങ്ങള്‍ പ്രത്യാശിച്ചു. അതുണ്ടായില്ല. ലോകത്തില്‍ എന്റെ മകനപ്പുറം മറ്റൊരു രാജവുണ്ടായിക്കാണാന്‍ അദ്ദേഹം ആഗ്രഹിയ്ക്കുന്നില്ലന്നതാണ് സത്യം. ഏതു അധര്‍മ്മിയ്ക്കും ജയിയ്ക്കാനൊരവസരമുണ്ടാകും. അതു കൊണ്ടുമാത്രം ഞങ്ങള്‍ ക്ഷമയോടെ അവര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ തയ്യാറായി.

പിതാമഹന്റെയും ഗുരുക്കന്മാരുടെയും കാരുണ്യത്താല്‍ ഞങ്ങള്‍ പതിമൂന്നു വര്‍ഷം കഴിഞ്ഞു മടങ്ങി വന്നിരിയ്ക്കുന്നു. ഇനി നിങ്ങളുള്‍പ്പടെയുള്ളവര്‍ ദുര്യോധനനില്‍ സമ്മര്‍ദ്ദം ചെലുത്തി, ഞങ്ങളുടെ രാജ്യം ഞങ്ങള്‍ക്ക് തിരിച്ചു നല്‍കണം. ഒരു രാജാവെന്ന നിലയില്‍ അതെന്റെ അവകാശമാണ്. മറിച്ചൊരു തീരുമാനമാണെങ്കില്‍ ഞങ്ങളും യുദ്ധത്തിന് തയ്യാറാണ്. വേദനയോടെയാണെങ്കിലും ഞങ്ങളാരക്ത കുരുതിയ്ക്ക് തയ്യാറെടുപ്പ് തുടങ്ങി' സന്ദേശം പുര്‍ണ്ണമായി.

യുധിഷ്ഠിരന്റെ സന്ദേശം കേട്ട് ഭീഷ്മര്‍ ഏറെ സന്തോഷിച്ചു. "എന്റെ പാണ്ഡു പുത്രന്മാര്‍ സൗക്യമായി തിരിച്ചെത്തിയെന്നറിഞ്ഞു ഈ വൃദ്ധന്‍ ഏറെ സന്തോഷിയ്ക്കുന്നു. അവര്‍ ധര്‍മ്മിഷ്ഠരും ഏറെ സത്യസന്ധരുമാണ്. അവരുടെ രാജ്യം തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്."

ഭീഷ്മര്‍ നിറുത്തുന്നതിന് മുന്പായി, ദുര്യോധനന് വേണ്ടി രാധേയന്‍ ചാടി എഴുന്നേറ്റു. പിതാമഹന്‍ ദുര്യോധനന്റെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു കൊണ്ട് എപ്പോഴും പാണ്ഡവര്‍ക്കുവേണ്ടി വാദിയ്ക്കുന്നു. ഇതില്‍ ന്യായത്തിന്റെ അംശമുണ്ടോ? പിന്നെ, വനവസകാലം വ്യവസ്ഥയനുസരിച്ച് അവര്‍ ഇനിയും പന്ത്രണ്ട് വര്‍ഷം കൂടി വനത്തില്‍ കഴിയണം. അതിനു ശേഷം മടങ്ങി വന്ന് ദുര്യോധന മഹാരാജാവിന്റെ പ്രജയായി, രാജാവിനുവേണ്ടി പ്രവര്‍ത്തിക്കാം. മറിച്ചൊരു ചിന്ത വേണ്ട. രാധേയന്റെ സംസാരം പരിധി കടക്കുന്ന വിധം അപഹാസ്യമായപ്പോള്‍ ധൃതരാഷ്ടര്‍ ഇടപെട്ടു. ദൂതനായി വന്ന ബ്രഹ്മണശ്രേഷ്ഠനെ അപമാനിയ്ക്കും വിധം സംസാരിയ്ക്കുന്നത് തെറ്റാണ്. അങ്ങയ്ക്കുണ്ടായ മനോവിഷമത്തില്‍ ഞാന്‍ ഖേദിയ്ക്കുന്നു. അങ്ങിപ്പോള്‍ യുധിഷ്ഠിരനരികിലേയ്ക്ക് തിരിച്ചു പോകു ! ഞാന്‍ സഭ കൂടി അടുത്തുതന്നെ ഒരു സന്ദേശം സജ്ജയ്ന്‍ വഴി യുധിഷ്ഠിരന് എത്തിയ്ക്കുമെന്നു അറിയിച്ചാലും.

പാണ്ഡവര്‍, അജ്ഞാതവാസം കഴിഞ്ഞു 'ഉപപ്ലാവ്യ'ത്തില്‍ തങ്ങുന്ന വാര്‍ത്ത ശല്യര്‍ അറിഞ്ഞു. അവരുടെ രാജ്യം തിരിച്ചു കൊടുക്കാന്‍ ദുര്യോധനന്‍ തയ്യാറാകാത്ത പക്ഷം യുദ്ധം തന്നെ മാര്‍ഗ്ഗമായി സ്വീകരിക്കേണ്ടി വരുമെന്നും, ശല്യര്‍ക്ക് ദിവ്യ ചക്ഷുസ്സാല്‍ ബോദ്ധ്യപ്പെട്ടിരുന്നു - അത്രയ്ക്ക് അജയ്യനും, ജ്ഞാനചക്ഷുവും ആയിരുന്നു ശല്യര്‍. അദ്ദേഹം തന്റെ കീഴിലുള്ള ഒരക്ഷൌഹണി പടയുമായി ഉപപ്ലാവ്യത്തിലേയ്ക്ക് തിരിച്ചു. തന്റെ സഹോദരി പുത്രരുടെ ക്ഷേമത്തില്‍ അദ്ദേഹം അത്ര കണ്ട് ഉത്സുകനായിരുന്നു.

ശല്യര്‍ ഉപപ്ലാവ്യത്തിലേയ്ക്ക് തിരിയ്ക്കുന്ന വിവരം ചാരന്മാര്‍ മുഖേന ദുര്യോധനന്‍ അറിഞ്ഞു. ദുര്യോധനനില്‍ നിന്ന് വിവരം അറിഞ്ഞ ശകുനി അദ്ദേഹത്തെ ഉപദ്ദേശിച്ചു. " ദുര്യോധനാ ! രണ്ടായാലും യുദ്ധം ഉണ്ടാകും. നോക്ക് ! ശല്യര്‍ മഹാരഥനാണ്. ഗദായുദ്ധത്തില്‍ നിന്നെക്കാള്‍ സമര്‍ത്ഥനാണ്. കൃഷ്ണനേക്കാള്‍ മുന്തിയ തേരാളിയും, കൗശലക്കാരനുമാണ്. ശല്യര്‍ക്കൊപ്പം ഒരക്ഷൌഹണി പടയും ഉപപ്ലാവ്യത്തിലേയ്ക്ക് തിരിച്ചിട്ടുണ്ടന്നല്ലേ ചാരന്മാര്‍ അറിയിച്ചത്. നീ അവരെ ആരെന്നറിയാത്ത വിധം വഴി നീളെ വേണ്ട സൗകര്യങ്ങളൊരുക്കി കൊടുത്തു അദ്ദേഹത്തെയും സൈന്യത്തെയും സല്ക്കരിയ്ക്കുക." ദുര്യോധനന്‍ ഉടന്‍ തന്നെ പരിചാരകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ശല്യരുടെ യാത്രക്കിടയില്‍ അവര്‍ പല സ്ഥലത്തും വിശ്രമ സങ്കേതങ്ങള്‍ തീര്‍ത്ത് അദ്ദേഹത്തെയും, സൈന്യത്തെയും ഏറെ സന്തോഷിപ്പിച്ചു. ശല്യരുടെ ശുദ്ധ മനസ്സ് ഇതെല്ലാം യുധിഷ്ഠിര നിര്‍ദ്ദേശ പ്രകാരമാണന്നാണ് കരുതിയത്. അദ്ദേഹം തൃപ്തനായി ഇപ്രകാരം പറഞ്ഞു. "ഈ സൗകര്യങ്ങള്‍ ഒരുക്കി തന്ന നിങ്ങളുടെ രാജാവിനോട് ഞാനും എന്റെ രാജ്യവും ഏറെ കടപ്പെട്ടിരിയ്ക്കുന്നു. എന്തു സഹായവും ചെയ്തു തരാന്‍ ഞാന്‍ പ്രതിജ്ഞാ ബദ്ധനാണ്." ശല്യരുടെ വാക്കുകള്‍ കേട്ടപ്പോള്‍ പരിചാരകന്‍ ബോധിപ്പിച്ചു, രാജന്‍ ! ഈ സൗകര്യങ്ങളെല്ലാം ദുര്യോധന മഹാരാജാവ് അങ്ങേയ്ക്ക് വേണ്ടി ഏറെ ഉദാരപുര്‍വ്വം ചെയ്യിച്ചതാണ്. ശല്യര്‍ അറിയാതെ ഞെട്ടി. ഈ സമയം ദുര്യോധനന്‍ അവിടെയ്ക്ക് കടന്നു വന്നു. " മഹാനായ ശല്യര്‍ വാക്ക് പാലിയ്ക്കുമെന്നു തന്നെ ഞാന്‍ വിശ്വസിയ്ക്കുന്നു." അദ്ദേഹം ശല്യരുടെ സമീപം ഉപവിഷ്ടനായി. ശല്യര്‍ പ്രതികരിച്ചു. "ശരിയാണ് ദുര്യോധനാ ! മഹാന്മാര്‍ വാക്കുമാറ്റി പറയാറില്ല. ആവശ്യപ്പെടാതെ ചെയ്തു തന്ന ഈ സഹായം ഞാന്‍ സ്വീകരിച്ചുപോയി. അതു കൊണ്ട് മാത്രം വിഴുപ്പലക്കാന്‍ ഞാന്‍ വിധിയ്ക്കപ്പെട്ടൂ." അദ്ദേഹം നിര്‍വ്വികാരമായി ചിരിച്ചു. ദുര്യോധനാ ! ഞാന്‍ ഇറങ്ങി തിരിച്ചത് എന്റെ സഹോദരീ പുത്രന്മാരെയും യുധിഷ്ഠിരനോടൊപ്പമുള്ള മറ്റു പാണ്ഡവരേയും കാണാന്‍ വേണ്ടിയാണ്. എനിയ്ക്ക് അത്യാവശ്യമായി യുധിഷ്ഠിരനെ കാണണം. എന്റെ സൈന്യത്തെ ഞാനിവിടെ ഉപേക്ഷിയ്ക്കുന്നു. മടങ്ങി വന്ന ശേഷം നമുക്ക് വിശദമായി സംസാരിയ്ക്കാം." ദുര്യോധനന്‍ യാത്രാനുമതി നല്‍കി.. ശല്യര്‍ ഉപപ്ലാവ്യത്തിലെത്തി. അമ്മാവനെ കണ്ട് നകുല സഹദേവന്‍മാരും മറ്റു പാണ്ഡവരും ഏറെ സ്നേഹത്തോടെ അദ്ദേഹത്തെ വണങ്ങി. ശല്യരുടെ മുഖത്തെ മ്ലാനത വായിച്ചറിഞ്ഞ യുധിഷ്ഠിരന്‍ പറഞ്ഞു അങ്ങ് ഉദ്ദേശിച്ച രീതിയില്‍ കാര്യം നടക്കാതെ വന്നതില്‍ ഏറെ വേദനിയ്ക്കുന്നുണ്ടന്നെനിയ്ക്കറിയാം . ഞങ്ങള്‍ക്ക് ലേശവും പരാതിയില്ല. ഒന്നുമാത്രം അങ്ങില്‍ നിന്ന് ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. എന്താണ് പുത്രാ ! ചോദിച്ചോളു.. അതു ഞാന്‍ നിങ്ങള്‍ക്ക് നേടി തന്നിരിയ്ക്കും. യുധിഷ്ഠരന്‍ പറഞ്ഞു. മാതുലാ "ആസന്നമായ കുരുക്ഷേത്ര യുദ്ധത്തില്‍ അങ്ങൊരു നാള്‍ കര്‍ണ്ണന്റെ സാരഥിയകേണ്ടി വരും. സാരഥ്യ കലയില്‍ അങ്ങ് ശ്രീകൃഷണനു സമനാണ്. ഇതു കൗരവരാജാവിനറിയാം. അവര്‍ താങ്കളെ ആ കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാക്കും. അന്ന് അങ്ങ് ഞങ്ങള്‍ക്ക് വേണ്ടി അങ്ങയുടെ വാക്ശരങ്ങളാല്‍ കര്‍ണ്ണന്റെ മനസ്സിനെ മുറിപ്പെടുത്തണം. താഴ്ത്തി പറഞ്ഞാല്‍ അയാള്‍ മൗനിയാകും. വീര്യം കുറയും. ഇതു യുദ്ധത്തില്‍ ഞങ്ങള്‍ക്ക് ഗുണം ചെയ്യും. അയാള്‍ യുദ്ധ തന്ത്രജ്ഞനും സമര്‍ത്ഥനുമാണെങ്കിലും ഈ ഗുണങ്ങള്‍ ഹനിയ്ക്കുന്ന രീതിയില്‍ അയാള്‍ ആത്മശ്ലാഘിയുമാണ്‌. ഒരു തരം വീരസ്യം പറച്ചില്‍." ശല്യര്‍ നിറകണ്ണുകളോടെ വാക്കു പാലിയ്ക്കുമെന്നു യുധിഷ്ഠിരന്‍ ഉറപ്പു നല്‍കി.

ഹസ്തിനപുരത്തില്‍ നിന്ന് ധൃതരാഷ്ട്ര സന്ദേശവുമായി സജ്ജയന്‍ എത്തിയത് പ്രതീക്ഷിച്ചതിലും വൈകിയാണ്. സഞ്ജയന്റെ മുഖ ഭാവത്തില്‍ നിന്ന് തന്നെ തങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന രീതിയിലൊന്നും, കാര്യസാദ്ധ്യം ആവില്ലന്ന് യുധിഷ്ഠിരന് ബോദ്ധ്യപ്പെട്ടു. എങ്കിലും അത് പ്രകടമാക്കാത്ത രീതിയില്‍ അദ്ദേഹം സജ്ജയനോട് കുശല പ്രശ്നങ്ങള്‍ നടത്തി. ആ സ്നേഹ തടങ്കലില്‍ പെട്ട സജ്ജയന്റെ കണ്ണുകള്‍ നിറഞ്ഞു. നിങ്ങളെ ഇങ്ങനെ കാണേണ്ടി വന്നതില്‍ എനിയ്ക്കേറെ ദുഃഖമുണ്ട്. എന്ത് ചെയ്യാം കുഞ്ഞേ ! ന്നൂറും പാലും കൊടുത്ത് അന്ധനായ രാജാവ് വളര്‍ത്തി വലുതാക്കിയത് ചീറിയടുക്കുന്ന വിഷസര്‍പ്പത്തെയാണ്. സര്‍പ്പം വിഷം തുപ്പി തുടങ്ങി. ഇപ്പോള്‍ വളര്‍ത്തുന്നവര്‍ പോലും ഏതു നിമിഷവും ദംശനമേല്കുമെന്ന അവസ്ഥയിലാണ്. അങ്ങയുടെ ദുഷ്ട സഹോദരനെ ഒരു രീതിയിലും നേര്‍വഴിയ്ക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ല. അങ്ങയ്ക്കായി ഈ സന്ദേശം കൈമാറാനെത്തിയ ഞാന്‍ പോലും പാപിയാണ്. സജ്ജയന്റെ കണ്ണിലെ നീര്‍ത്തുള്ളികള്‍ യുധിഷ്ഠിരന്റെ കൈതണ്ടയില്‍ പതിച്ചു.

താങ്കള്‍ ദു:ഖിയ്ക്കാതിരിയ്ക്കൂ ! യുദ്ധമെങ്കില്‍ യുദ്ധം. ഞങ്ങളും ഏതാണ്ട് തയ്യാറെടുപ്പിലാണ്.

എല്ലാവരോടും ഒത്തുകുടാന്‍ യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണന്‍, വിരാടന്‍, സാത്യകി, ദ്രുപദന്‍, ധൃഷ്ടദ്യുമ്നന്‍ മുതലായവരും ശേഷിച്ച പാണ്ഡവരും ഒത്തുകുടി. ധൃതരാഷ്ട്രരുടെ സന്ദേശം സജ്ജയന്‍ വായിച്ചു, എന്റെ പുത്രന്മാരായ യുധിഷ്ഠിരനും മറ്റു പാണ്ഡവര്‍ക്കും അവരുടെ പത്നിയായ ദ്രൗപദിയ്ക്കും സുഖമെന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട കൃഷണനും സാത്യകിയും, വിരാടനും, ദ്രുപദനും അദ്ദേഹത്തിന്റെ പുത്രനും സന്ദേശം കേള്‍ക്കാന്‍ ഉത്സുകരാണന്ന് ധരിയ്ക്കട്ടെ. എന്റെ പ്രിയപ്പെട്ട യുധിഷ്ഠരാ! ഒരു യുദ്ധം ഒഴിവാക്കാന്‍ അങ്ങയുടെ ഭാഗത്തു നിന്ന് ആത്മാര്‍ത്ഥമായ ശ്രമമുണ്ടാകുമെന്നു കരുതട്ടെ. നിങ്ങള്‍ ധര്മ്മിഷ്ടരും സത്യസന്ധരുമാണ് . മറ്റുള്ളവരുടെ നാശം നിങ്ങള്‍ ഒരിയ്ക്കലും ആഗ്രഹിയ്ക്കില്ല. കുലത്തിനുവേണ്ടി ജീവന്‍ കളയും പോലെ ശ്രേയസ്ക്കരമായി മറ്റൊന്നില്ല. ഒരു യുദ്ധത്തിലൂടെ സ്വസഹോദരന്മാര്‍ക്ക് നാശം വരുത്തുവാന്‍ അങ്ങ് തയ്യാറാകില്ലെന്ന് എനിയ്ക്കുറപ്പാണ്. കൗരവരുടെ നാശത്തിലൂടെ നേടിയെടുക്കുന്ന രാജ്യം അങ്ങേയ്ക്ക് വേദനയല്ലേ നല്‍കുക? കൃഷ്ണന്റെയും ദ്രുപദന്റെയും മുന്നില്‍ കൈകൂപ്പി കൊണ്ട് ഈ വൃദ്ധന്‍ അപേക്ഷിയ്ക്കുകയാണ് ഈ കലാപം ഒന്നൊഴിവാക്കി തന്നൂടെ ? ലോക നന്മയെ കരുതിയാണ് ഞാനിത് പറയുന്നത്."

തന്നെ മാത്രം എല്ലാറ്റിനും കാരണക്കാരനായി വല്യച്ഛന്‍ കുറ്റപ്പെടുത്തിയതില്‍ യുധിഷ്ഠിരന് അത്യധികം ദുഃഖം തോന്നി. ഒരു കാര്യം എനിയ്ക്കിപ്പോള്‍ വ്യക്തമായി. വല്യച്ഛനു സ്വന്തം മകനെ പറഞ്ഞനുസരിപ്പിയ്ക്കാനുള്ള കഴിവില്ല. അദ്ദേഹമായിട്ടത് വളരെ പണ്ടേ നഷ്ടപ്പെടുത്തി. തീറ്റ കൊടുത്തു മകന്റെ മനസ്സിലെ ദുര വളര്‍ത്തിയത് അദ്ദേഹം ഒരാള്‍ മാത്രമാണ്. ഇപ്പോഴും യുദ്ധം ഒഴിവാക്കാന്‍ മാത്രം പറയുന്നു. എങ്ങനെ? ഒന്നും നേടാതെ ഒഴിഞ്ഞു പോകാനോ? എന്റെ സഹോദരങ്ങളെ ഇനി എനിയ്ക്ക് പിടിച്ചു നിര്‍ത്താനാവില്ല. കുരുകുല സന്തതികള്‍ എന്ന രീതിയില്‍ ഞങ്ങള്‍ക്കും പിതൃസ്വത്തില്‍ ന്യായമായ അവകാശമുണ്ട്‌ സമ്പന്നമെന്നവകാശപ്പെടുന്ന രാജ്യത്തിനുവേണ്ടി ഏറെ നീരോഴുക്കിയത് എന്റെ അച്ഛനാണ്. പിന്നെ ഞങ്ങളുടെ കര്‍മ്മ കുശലതയും അന്ധനായ വല്യച്ഛന്‍ ദുരജ്വരബാധയില്‍ പറയുന്ന വാക്കിന് ഇനി ഞങ്ങള്‍ വില നല്‍കില്ല." സ്തോഭം അടക്കാന്‍ വിഷമിയ്ക്കുന്ന യുധിഷ്ഠിരനെ നോക്കി സജ്ജയ്ന്‍ പറഞ്ഞു. "സന്ദേശം കുറച്ചു കൂടിയുണ്ട് അങ്ങ് ക്ഷമയോടെ കേള്‍ക്കുക." സഞ്ജയന്‍ തുടര്‍ന്നു. എന്റെ പ്രിയ യുധിഷ്ഠിരാ താങ്കളുടെ സത്യവും ധര്‍മ്മവും അഭിനന്ദനീയമാണ്. എന്റെ മകനില്ലാതെ പോയത് ഈ രണ്ടു ഗുണങ്ങളും. അതിനാല്‍ വല്യച്ഛ ന്‍ പറയുന്ന വാക്കുകള്‍ ധര്‍മ്മിഷ്ഠരായ നിങ്ങള്‍ കേള്‍ക്കുക. പാണ്ഡവര്‍ അജയ്യരാണ്. യുദ്ധത്തില്‍ ഏറിയ പങ്കും നിങ്ങള്‍ക്ക് തന്നെയാകും ജയം. എന്നാല്‍ അങ്ങ് ഒന്ന് ആലോചിക്കൂ - അങ്ങയുടെ സഹോദരങ്ങളായ ഈ കൗരവാദികള്‍ മുഴുവന്‍ കൊല്ലപ്പെട്ടാല്‍ അങ്ങയ്ക്ക് പിന്നെ സന്തോഷത്തോടെ രാജ്യം ഭരിയ്ക്കാനാകുമോ? എല്ലാം നേടിയിട്ട് മനസ്സ് ദരിദ്രമാകുന്ന അവസ്ഥ. ഞാന്‍ അങ്ങയോട് അപേക്ഷിയ്ക്കുകയാണ് - അങ്ങ് യുദ്ധ മാര്‍ഗ്ഗം ഉപേക്ഷിയ്ക്കുക. ഒരു സന്യാസ ജീവിതം നയിയ്ക്കുന്നതിന് അങ്ങയ്ക്കൊരു മടിയും കാണില്ല. അതല്ലേ കുറച്ചു കൂടി അഭികാമ്യം. ലോകര്‍ അങ്ങയെ പുണ്യാത്മാവായി പാടി പുകഴ്ത്തും. അതല്ല, യുദ്ധം ചെയ്യണമെന്നുണ്ടായിരുന്നെങ്കില്‍ അങ്ങയ്ക്കത് പതിമൂന്നു വര്‍ഷം മുന്‍പാകാമാകാമായിരുന്നില്ലേ? ഇപ്പോഴാണോ പഴയ പക ഊതി പെരുപ്പിച്ചു വരുന്നത് ?

"രാജ്യത്തെ ചൊല്ലിയുള്ള മോഹം ഉപേക്ഷിയ്ക്കുന്നതാകും അങ്ങയ്ക്ക് ശ്രേയസ്ക്കരം. അങ്ങയുടെ സഹായിയായ കൃഷ്ണന്റെ രാജ്യത്ത് ഭിക്ഷ എടുത്തു കഴിയുന്നതും പുണ്യം തന്നെ. അല്ലെങ്കില്‍ വീണ്ടും വനത്തിലേയ്ക്ക് മടങ്ങാം."

ചില അനുബന്ധങ്ങള്‍ രാജാവ്‌ ആരുടെയോ സമ്മര്‍ദ്ദത്തിനു വഴങ്ങി എഴുതി ചേര്‍ത്തതാണന്നു സദസ്സിലുള്ള ഏവര്‍ക്കും ബോദ്ധ്യമായി. ധൃതരാഷ്ട്രരുടെ സന്ദേശത്തിന്റെ ശേഷിച്ച ഭാഗവും വായിച്ചു തീരത്ത് സജ്ജയ്ന്‍ നിറകണ്ണുകളോടെ യുധിഷ്ഠിരനെ നോക്കി. യുധിഷ്ഠിരന്റെ കണ്ണില്‍ കോപം കത്തിക്കാളി. ഇത്രയുമായ സ്ഥിതിയ്ക്ക് ഞങ്ങളുടെ ന്യായമായ അവകാശത്തിനുവേണ്ടി ഞങ്ങളും ഇറങ്ങിത്തിരിയ്ക്കുന്നു. അതിന് ഒരേ ഒരാളുടെ സമ്മതം മാത്രമേ ഞങ്ങള്‍ക്കാവശ്യമുള്ളൂ. ഞങ്ങളുടെ പ്രഭുവായ കൃഷ്ണന്റെ മാത്രം ! യുധിഷ്ഠിരന്‍ കൃഷ്ണ പാദങ്ങളില്‍ നമസ്ക്കരിച്ചു. കൃഷ്ണാ ! അങ്ങ് തന്നെ ഒരു വഴി കാണിച്ചു തരു ! ഈ ദൗത്യം ഞാനങ്ങയെ എല്പിയ്ക്കുന്നു. ഞങ്ങളുടെ ജീവിതമാകുന്ന നൗക ഇനി തുഴഞ്ഞെത്തിയ്ക്കുവാന്‍ അങ്ങേയ്ക്ക് മാത്രമേ ആകു. കൃഷണ നേത്രങ്ങള്‍ സജലങ്ങളായി. സ്വന്തം ജീവരക്തമാണ് യുധിഷ്ഠിരന്‍ തന്റെ പാദത്തിലൊഴുക്കിയിരിയ്ക്കുന്നതെന്ന് ഭഗവാന് ബോദ്ധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു സജ്ജയാ ! ഇനി ഞാനാണ് പാണ്ഡവര്‍ക്കുവേണ്ടി ഈ ദൗത്യം ഏറ്റെടുക്കുന്നത്. അങ്ങയുടെ രാജാവിനോട് പോയി പറയൂ, പാണ്ഡവരുടെ രാജ്യം അവര്‍ക്ക് മടക്കി നല്‍കിയാല്‍ മാത്രമേ യുദ്ധ ഭീഷണി ഒഴിവാക്കൂ എന്ന്. എന്നാല്‍ ദുര്യോധനന്റെ എണ്ണ മറ്റ സൈനികരുടെ ജീവന്‍ കുരുതി കൊടുക്കാന്‍ ഞാനഗ്രഹിയ്ക്കുന്നില്ല. ഞാന്‍ ഹസ്തിനപുരത്തിലേയ്ക്ക് വരുന്നുണ്ട്. ഒരു സന്ധി സംഭാഷണത്തിലൂടെ ഭൂമിയെ ദുര്യോധന മരണ പാശത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ ഞാന്‍ ഒരു ശ്രമം കൂടി നടത്തും. തീര്‍ത്തും ശുഭ പ്രതീക്ഷയില്ലാത്ത ഒരു ശ്രമം. ഒന്ന് നിറുത്തിയ ശേഷം കൃഷ്ണന്‍ തുടര്‍ന്നു. "ഹസ്ഥിനപുരത്ത് ഒരു വൃക്ഷം വളരുന്നുണ്ട്‌. ദുര്യോധനെന്ന വൃക്ഷം. ഈ വൃക്ഷത്തിന്റെ കൊമ്പുകള്‍ ശകുനിയും സ്കന്ദം രാധേയനും, പുഷ്പങ്ങള്‍ ദുശ്ശാസനനുമാണ്. വൃക്ഷത്തിന്റെ വേര് ധൃതരാഷ്ട്രര്‍. ഇനി യുധിഷ്ഠിരനാകുന്ന ഈ വൃക്ഷത്തെ നോക്കൂ . ഇതൊരു ധര്‍മ്മ വൃക്ഷമാണ്. ഇതിന്റെ സ്കന്ദം അര്‍ജ്ജുനനും കൊമ്പുകള്‍ ഭീമനും നകുലസഹദേവന്‍മാര്‍ പുഷ്പ ഫലങ്ങളുമാണ്. മഹത്തായ ഈ ധര്‍മ്മ വൃക്ഷത്തിന്റെ വേര് ഞാനാണ്. നമുക്ക് നോക്കാം ഏതു വൃക്ഷമാണ് കാലത്തെ അതിജീവിയ്ക്കുന്നതെന്ന്. സജ്ജയാ ! താങ്കള്‍ ചെന്ന് നിങ്ങളുടെ അന്ധനായ രാജാവിനെ അറിയിയ്ക്കു. ഭീമന്‍ ഊണിലും ഉറക്കത്തിലും സ്മരിയ്ക്കുന്നത് ദുര്യോധനന്റെ നഗ്നമായ തുടകളാണെന്ന് - അവരുടെ രാജ്ഞിയുടെ നേര്‍ക്കുയര്‍ത്തി കാണിച്ച ആ തുടകള്‍ ഭീമന്‍ തച്ചുടയ്ക്കുന്ന കാലം വിദൂരമല്ലെന്ന്. അര്‍ജ്ജുനന്റെ ഗാണ്ഡിവം ഉതിര്‍ക്കുന്ന ശരങ്ങളേറ്റ് രാധേയന്‍ പിടഞ്ഞു വീഴുന്ന സമയവും അടുത്ത് കൊണ്ടിരിയ്ക്കുന്നു. സഹദേവനും ശപഥം പാലിയ്ക്കാന്‍ പ്രതിജ്ഞാബദ്ധനാണന്നറിയിയ്ക്കൂ. ഉന്‍മുലനാശത്തിനുള്ള കോപ്പു കൂട്ടിയിട്ട് അന്ധത നടിച്ചിരിയ്ക്കാന്‍ ഞാനാരെയും അനുവദിയ്ക്കില്ല." കൃഷ്ണന്‍ ആസനസ്ഥനായപ്പോള്‍ യുധിഷ്ഠിരന്‍ ഏറെ എളിമയോടെ സജ്ജയനോടുണര്‍ത്തിച്ചു. "സജ്ജയാ ! താങ്കള്‍ ഞങ്ങള്‍ക്ക് ഏറെ ഉപകാരങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്. അതൊന്നും ഞങ്ങള്‍ മറക്കുന്നവരല്ല. അങ്ങ് വല്യച്ഛനോട് പറഞ്ഞേയ്ക്കൂ, ഇന്ദ്രപ്രസ്ഥം തിരിച്ചു തന്നാല്‍ പാണ്ഡവര്‍ യുദ്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന്. കൗരവ സഹോദരരുടെ മരണം ഒഴിവാക്കാന്‍ ഈ ഒരു വഴിയേ ഞാന്‍ കാണുന്നുള്ളൂ. തട്ടിയെടുത്ത ഭാഗ്യത്തിന്റെ തട്ടില്‍ ഏറെ നാള്‍ സുഖമായിരിയ്ക്കാന്‍ കഴിയില്ലെന്നു ദുര്യോധനനെ അറിയിയ്ക്കുക." അവര്‍ സജ്ജയനെ ഉപചാരത്തോടെ മടക്കി അയച്ചു. പാണ്ഡവരെക്കുറിച്ചോര്‍ത്ത് ആ സാധു ഏറെ ദു:ഖിതനായി.

മടങ്ങി വന്ന സജ്ജയനെ രാജാവ്‌ ഏറെ ഔത്സുക്യത്തോടെ സ്വീകരിച്ചു. സജ്ജയന്‍ പറഞ്ഞു. "അങ്ങ് വളരെ വേദനിപ്പിയ്ക്കുന്ന ഒരു കൃത്യമാണ് എന്നില്‍ ഭരമേല്പിച്ചത്. വല്യച്ഛന്റെ സ്നേഹ വാക്കുകള്‍ കേള്‍ക്കാന്‍ കൊതിച്ച പാണ്ഡവര്‍ക്ക് അങ്ങ് നല്‍കിയത് വാക്കില്‍ പൊതിഞ്ഞ കാളകുട വിഷമല്ലേ ? അവരുടെ നന്മ നിറഞ്ഞ വാക്കുകളിലും സ്നേഹപൂര്‍വ്വമായ ഉപചാരത്തിലും എന്റെ മനസ്സ് വിതുമ്പിപ്പോയി തിരിച്ചു ഞാനവര്‍ക്ക് നല്‍കിയതോ? രാജാവേ ! എന്റെ മനസ്സും ശരീരവും തളര്‍ന്നിരീയ്ക്കുന്നു. എനിയ്ക്കല്പം വിശ്രമിച്ചേ തീരു. !" സജ്ജയന്‍ സഭാതലം വിട്ടപ്പോള്‍, രാജാവ്‌ ഭയം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. ഒന്നുറങ്ങാനാഗ്രഹിച്ചെങ്കിലും, അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. ആ നിമിഷം വിദുരരെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാന്‍ പറ്റുന്ന ഏക മിത്രമായാണ് രാജാവ് വിദൂരരെ കണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശാസന കേട്ടാലെങ്കിലും എനിയ്ക്കുറങ്ങാന്‍ കഴിഞ്ഞേയ്ക്കും." രാജാവ്‌ അതിയായി മോഹിച്ചു.

മടങ്ങി വന്ന സജ്ജയനെ രാജാവ്‌ ഏറെ ഔത്സുക്യത്തോടെ സ്വീകരിച്ചു. സജ്ജയന്‍ പറഞ്ഞു. "അങ്ങ് വളരെ വേദനിപ്പിയ്ക്കുന്ന ഒരു കൃത്യമാണ് എന്നില്‍ ഭരമേല്പിച്ചത്. വല്യച്ഛന്റെ സ്നേഹ വാക്കുകള്‍ കേള്‍ക്കാന്‍ കൊതിച്ച പാണ്ഡവര്‍ക്ക് അങ്ങ് നല്‍കിയത് വാക്കില്‍ പൊതിഞ്ഞ കാളകുട വിഷമല്ലേ ? അവരുടെ നന്മ നിറഞ്ഞ വാക്കുകളിലും സ്നേഹപൂര്‍വ്വമായ ഉപചാരത്തിലും എന്റെ മനസ്സ് വിതുമ്പിപ്പോയി തിരിച്ചു ഞാനവര്‍ക്ക് നല്‍കിയതോ? രാജാവേ ! എന്റെ മനസ്സും ശരീരവും തളര്‍ന്നിരീയ്ക്കുന്നു. എനിയ്ക്കല്പം വിശ്രമിച്ചേ തീരു. !" സജ്ജയന്‍ സഭാതലം വിട്ടപ്പോള്‍, രാജാവ്‌ ഭയം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. ഒന്നുറങ്ങാനാഗ്രഹിച്ചെങ്കിലും, അദ്ദേഹത്തിനതിന് കഴിഞ്ഞില്ല. ആ നിമിഷം വിദുരരെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്റെ കുറ്റങ്ങളും കുറവുകളും കണ്ടു പിടിക്കാന്‍ പറ്റുന്ന ഏക മിത്രമായാണ് രാജാവ് വിദൂരരെ കണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ശാസന കേട്ടാലെങ്കിലും എനിയ്ക്കുറങ്ങാന്‍ കഴിഞ്ഞേയ്ക്കും." രാജാവ്‌ അതിയായി മോഹിച്ചു.

ആഗതനായ വിദുരരോട് എനിയ്ക്കുറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന സത്യം രാജാവറിയിച്ചു. ദയനീയമായി തന്റെ സഹോദരനെ നോക്കിക്കൊണ്ട്‌ വിദുരര്‍ പറഞ്ഞു. " പ്രഭോ ! ലോകത്തില്‍ അഞ്ചു തരക്കാര്‍ക്കാണ് ഉറക്കം വരാത്തത്.

ഒന്ന് :- ചോരന് ഉറക്കം കുറവായിരിയ്ക്കും. കളവു മുതലിനെ കുറിച്ചുള്ള ചിന്ത അയാളുടെ ഉറക്കം കെടുത്തും.

രണ്ടു :- കയ്യിലുള്ള ധനം നഷ്ടപ്പെട്ട വ്യക്തിയ്ക്ക് ഉറങ്ങാന്‍ കഴിയില്ല, അല്ലെങ്കില്‍ നഷടപ്പെടുമെന്ന ഭയം ഉറക്കം കെടുത്തുന്നു.

മൂന്നു:- പാരജിതനായവനും, പ്രബലനാല്‍ മര്‍ദ്ദിയ്ക്കപ്പെട്ടവനും കിടന്നാല്‍ ഉറക്കം വരില്ല.

നാല്:- പര ദാരത്തെ കാമിയ്ക്കുന്നവന്.

അഞ്ച് :- അതിതൃഷ്‌ണതയും, അത്യാര്‍ത്തിയും ഒരുവന്റെ ഉറക്കം കെടുത്തുന്നു.

അങ്ങ് ഈ അഞ്ചാമത്തെ കുട്ടത്തില്‍ പെട്ടയാളണെന്ന് ഞാന്‍ സംശയിയ്ക്കുന്നു. വിദുര ഭാഷ്യം ശരിയാണെന്ന് ബോദ്ധ്യമായ രാജാവ്‌ ഉടന്‍ പ്രതികരിച്ചില്ല. സത്യം തുറന്നു സമ്മതിയ്ക്കാനും മടിച്ചു.

ധൃതരാഷ്ട്രര്‍ :- വിദുരാ ! എനിയ്ക്കെങ്ങനെ ഉറങ്ങാന്‍ പറ്റുമെന്നു പറയൂ !

വിദുരര്‍ - പ്രഭോ ! ഏറെ വര്‍ഷങ്ങളായി അങ്ങയുടെ ഉറക്കം നഷ്ടപ്പെട്ടിരിയ്ക്കുന്നു. പാണ്ഡുവിന്റെ മരണ ശേഷം നിരാലംബരായ ആ കുട്ടികള്‍ ഹസ്തിനപുരത്തില്‍ വന്നതുമുതല്‍ തുടങ്ങിയതാണ് അങ്ങയുടെ ഉറക്കമില്ലായ്മ. പാണ്ഡുവിന്റെ മൂത്ത പുത്രന്‍ യുധിഷ്ഠിരന്‍ അങ്ങയുടെ ദുര്യോധനനേക്കാള്‍ മുന്‍പ് ഹസ്തിനപുരം കയ്യാളുമെന്ന ഭയം അങ്ങയുടെ ഉറക്കം കെടുത്തി. 'ഞാന്‍' 'എന്റേത്' എന്ന ചിന്ത അങ്ങില്‍ നിന്ന് മറ്റെല്ലാ മമതാ ബന്ധങ്ങളെയും അകറ്റി. എന്റെ ഉപദേശമൊന്നും അങ്ങ് ചെവിക്കൊള്ളില്ലെന്നു പലപ്പോഴും എനിയ്ക്ക് വ്യക്തമായിട്ടുണ്ട്. വീണ്ടും ഞാനാവര്‍ത്തിയ്ക്കുന്നു. ജ്യേഷ്ഠ ! പാണ്ഡവരുടെ രാജ്യം അവര്‍ക്ക് മടക്കി നല്‍കു. മനസ്സിനെ കെടുത്തിക്കൊണ്ടിരിയ്ക്കുന്ന ഈ കുറ്റബോധത്തില്‍ നിന്ന് അങ്ങേയ്ക്ക് മുക്തി നേടാം. ഒരു ശിശുവിനെപ്പോലെ അങ്ങേയ്ക്കുറങ്ങുവാനും സാധിയ്ക്കും. ബുദ്ധിയുള്ള അങ്ങ് ഒരു വിഡ്ഢിയെ പ്പോലെ പെരുമാറുന്നതില്‍ എനിയ്ക്ക് വേദനയും ലജ്ജയുമുണ്ട്.

ധൃതരാഷ്ട്രര്‍ :- എന്റെ സഹോദരാ ! വിഡ്ഢിയെയും ബുദ്ധിമാനെയും എങ്ങനെ വേര്‍‍തിരിച്ചരിയാനാകും?

വിദുരര്‍ :- ബുദ്ധിമാന്‍ ജീവിതത്തില്‍‍ ഉന്നതാദര്‍‍ശങ്ങള്‍ പുലര്‍‍ത്തും. ആത്മജ്ഞാനം, കായക്ലേശം, ആത്മ നിയന്ത്രണം, ധര്‍മ്മത്തില്‍ സ്ഥിരത ഇവ ബുദ്ധിമാന്റെ മുതല്‍ക്കൂട്ടാണ്. അയാള്‍ അതിയായ കോപമോ അതിരുകവിഞ്ഞ സന്തോഷമോ കപട വിനയമോ പ്രദര്‍‍ശിപ്പിയ്ക്കില്ല. അയാള്‍‍ അന്യര്‍‍ക്ക്‌ ശ്രേയസ്ക്കരമായ പ്രവര്‍‍ത്തികളെ ചെയ്യൂ. അയാളുടെ മനസ്സ് ഒരു സരിത്തൂ പോലെ സ്വച്ഛമായിരിയ്ക്കും. എന്നാല്‍‍, വിഡ്ഢിയായ മനുഷ്യന്‍ വേദാദ്ധ്യായതം ഉണ്ടായിരിയ്ക്കില്ല. ഒന്നിനെ പറ്റിയും ആഴത്തില്‍ ചിന്തിയ്ക്കാത്ത അഹങ്കാരിയായ മനുഷ്യന്‍ സ്വന്തം കര്യസാദ്ധ്യത്തിനു വേണ്ടി ഏതു നീച മാര്‍‍ഗ്ഗവും സ്വീകരിയ്ക്കാന്‍ മടി കാണിയ്ക്കില്ല. തന്നെക്കാള്‍ ശക്തരായവരോട് അയാള്‍ അസൂയാലുവായിരിയ്ക്കും. ജ്യേഷ്ഠ ! പാപത്തിന്റെ വിചിത്രമായ ലക്ഷണം ഞാനങ്ങയോടു പറയാം. ഒരാള്‍ പാപം ചെയ്യുന്നതിന്റെ ഫലം ഏറെപ്പേര്‍ അനുഭവിയ്ക്കുന്നു. ഫലം അനുഭവിച്ചവര്‍ പാപത്തില്‍ നിന്ന് വിമുക്തി നേടുന്നു.

ഒരു ബുദ്ധിമാനായ രാജാവ്‌ ഒന്നിന്റെ സഹായം കൊണ്ട് രണ്ടിനെ തിരിച്ചറിയണം. നാലുകൊണ്ട് മൂന്നിനെ നിയന്ത്രിയ്ക്കണം. അഞ്ചിനെ അയാള്‍ ജയിയ്ക്കണം. ആറിനെ അറിയണം. ഏഴിനെ വര്‍ജ്ജിച്ചു സുഖിക്കണം. അവ ഏതെല്ലാമെന്നു ഞാനങ്ങയെ ബോദ്ധ്യപ്പെടുത്താം.

ഒന്ന് :- ബുദ്ധി, രണ്ട് :- തെറ്റും ശരിയും തിരിച്ചറിയണം. മൂന്ന് എന്നത് മിത്രമോ, അപരിചിതനോ ശത്രുവോ ആകാം, നാല് :- ദാനം, അനുരജ്ഞനം, അകല്‍ച്ച, നിഷ്ടുരത അല്ലെങ്കില്‍ ദുസ്സഹത കൊണ്ട് മുന്നിനെ നിയന്ത്രണത്തിലാക്കുക., അഞ്ച് :- പഞ്ചേന്ദ്രിയങ്ങളെ ജയിയ്ക്കണം, ആറു :- സഖ്യം, യുദ്ധം, ഏഴ് :- ചൂത്, നായാട്ട്, പരുഷവാക്ക്, മദ്യപാനം, ശിക്ഷാകാഠിന്യം, ധനനാശം ഇവ ഒഴിവാക്കിയാല്‍ സുഖം താനേ വരും.

വിഷവും, ആയുധവും ഒരാളെ കൊല്ലുകയുള്ളൂ. എന്നാല്‍ ദുരുപദേശം രാജാവിനെയും, രാജ്യത്തെയും നശിപ്പിയ്ക്കും, ഏറ്റവും വലിയ ഗുണം ധര്‍മ്മ നിഷ്ഠയാണ്. ക്ഷമയാണ് പരമമായ ശാന്തി.

പരോപകാരം പരമോന്നത സുഖം നല്‍കുന്നു.

പരമമായ തൃപ്തിയാണ് സജ്ഞാനം.

ഒരു വ്യക്തിയ്ക്ക് രണ്ടു കാര്യങ്ങള്‍ ചെയ്ത് മഹാനായിത്തീരാം. ഒന്ന് പരുഷവാക്ക് പറയാതിരിയ്ക്കുക. രണ്ടു ദുഷ്ടന്മാരെ ഒഴിച്ചു നിറുത്തുക.

മൂന്നു കുറ്റങ്ങള്‍ ഘോരമായി പരിഗണിയ്ക്കുന്നു.

ഒന്ന് :- അന്യന്റെ മുതല്‍ അപഹരിയ്ക്കല്‍.

രണ്ടു :-പരദാര സുഖം അഥവാ പ്രാപ്തി, ബഘാത്സംഗം.

മൂന്നു :- മിത്രങ്ങളോടുള്ള വാഗ്ദാന ലംഘനം.

ആത്മനാശത്തിനിടയാക്കുന്ന കാര്യങ്ങള്‍ :- കാമം, ക്രോധം, ലോഭം.

ഒരു രാജാവ്‌ മൂന്നു കൂട്ടര്‍ക്ക് രക്ഷകനായിരിയ്ക്കണം. ഒന്ന് :- അനുയായി, രണ്ട് :- അഭയാര്‍ത്ഥി, മുന്ന് :- സഹവാസി.

നാലുപേരെ വര്‍ജ്ജിയ്ക്കനം :- അല്‍പ ബുദ്ധികള്‍, കാര്യം നീട്ടിക്കൊണ്ടുപോകുന്നവര്‍, അലസന്മാര്‍, സ്തുതിപാടകര്‍.

അഞ്ചു പേരെ പൂജിയ്ക്കണം :- മാതാവ്, പിതാവ്, അഗ്നി, ആചാര്യന്‍, ആത്മാവ്.

മഹാനാകാനിച്ചിയ്ക്കുന്ന രാജാവ് ആറു ദോഷങ്ങള്‍ ഒഴിവാക്കണം. നിദ്ര, മയക്കം, ഭയം, ദ്വേഷം, ആലസ്യം, മന്ദത, ഉന്നതിയ്ക്ക് ആറു കാര്യങ്ങള്‍ കരണീയമാകുന്നു.

സത്യം, ഭൂതാനുകമ്പ, സ്ഥിരോത്സാഹം, ഔദാര്യം, ക്ഷമാശീലം, സഹിഷ്ണത.

രാജാവിനെ കീര്‍ത്തിമാനാക്കുന്ന ഏഴു ഗുണങ്ങള്‍ ഞാനങ്ങയോടു പറയാം. ഒന്ന് :- വിജ്ഞാനം, രണ്ട് :- ഉന്നതകുല ജനനം, മൂന്ന് :- ആത്മനിയന്ത്രണം,

നാലു :- അറിവ്, പൗരുഷം, അഞ്ച് :- സല്‍പാത്രദാനം ആറു :- മിതഭാഷണം, ഏഴ് :- കൃതജ്ഞത.

വിദുരര്‍ തുടര്‍ന്നു, മനുഷ്യദേഹം ഒമ്പത് വാതിലുകള്‍, മൂന്ന് തൂണുകള്‍, അഞ്ച് സാക്ഷകള്‍ ഇവ അടങ്ങിയ ഗേഹമാണ്. ഈ വീടിന്റെ ക്ഷേത്രജ്ഞ്നാണ് ആത്മാവ് (ഗൃഹനാഥന്‍).

ഒന്‍പതു വാതിലുകള്‍ :- രണ്ടു കണ്ണുകള്‍, രണ്ടു ചെവികള്‍, നാസാദ്വാരങ്ങള്‍, ഗുഹ്യം, ഗുദം, പായു.

അഞ്ചു സാക്ഷികള്‍ :- പഞ്ചപ്രാണങ്ങള്‍, പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍.

മൂന്ന് തുണുകള്‍ :- കാമം, ക്രോധം, മോഹം

താഴെ പറയുന്ന പത്തുപേര്‍ക്ക് ധര്‍മ്മം എന്തെന്നറിയില്ല. ഒന്ന് :- ലഹരി പിടിച്ചവന്‍, രണ്ട് :- പിച്ചും പേയും പുലമ്പുന്നവന്‍, മൂന്ന് :- അലസന്‍, നാല് :- ക്ഷീണിതന്‍, അഞ്ച് :- കുപിതന്‍, ആറ് :- പട്ടിണിക്കാരന്‍, ഏഴ് :- നിരുത്സാഹി, എട്ടു :-അത്യാഗ്രഹി, ഒന്‍പത് :- ഭീതന്‍, പത്ത് :- വിഷയാസക്തന്‍.

ആപത്തില്‍ ദു:ഖിയ്ക്കാതെ ഇന്ദ്രിയങ്ങളെ അടക്കി, ദുഃഖത്തെ ക്ഷമയോടെ സഹിച്ചു ജീവിയ്ക്കുന്നവന്‍ ഉത്തമനാകുന്നു. അഭിവൃദ്ധി ആഗ്രഹിയ്ക്കുന്ന രാജാവ്‌ അര്‍ഹതപ്പെട്ടതേ എടുക്കാവൂ. പുഷ്പങ്ങള്‍ കേടു വരുത്താതെ തേനീച്ച തേനെടുക്കുന്ന പോലെ രാജാവ്‌ പ്രജകളെ മുറിപ്പെടുത്താതെ നികുതി പിരിയ്ക്കുക. ഒരുവന്‍ പുഷ്പം പറിച്ചെടുക്കാം, സുഗന്ധം ആസ്വദിയ്ക്കാം ചെടിയെ വേരോടെ പിഴുതെടുക്കുന്നത് ഹീനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്തുനിന്നു ഊര്‍ന്നു വീണ നെന്മണി പെറുക്കി എടുക്കുന്ന പട്ടിണിക്കാരനെ പ്പോലെ ബുദ്ധിമാനായ മനുഷ്യന്‍ സത്സ്വഭാവം, സത് വചനം, സല്‍പ്രവൃത്തി എന്നിവ എവിടെ നിന്നും ഉള്‍ക്കൊള്ളണം. ധര്‍മ്മം സത്യത്തില്‍ നിലനില്‍ക്കുന്നു പഠിപ്പ് പ്രയോഗത്തിലും സൗന്ദര്യം ശരീര ശൗചത്തിലും ശ്രേഷ്ഠമായ വംശ പാരമ്പര്യം സത്സ്വഭാവത്തിലും നിലനില്‍ക്കുന്നു. വംശ പാരമ്പര്യത്തിനപ്പുറം അന്യന്റെ ധനം, സൗന്ദര്യം, സുഖം, ഭാഗ്യം ഇവയില്‍ അസൂയാലു അല്ലെങ്കില്‍ മാത്രമേ അവന്‍ മഹാനാകൂ.

ധനമദം മദ്യത്തെയ്ക്കാള്‍ നിന്ദ്യമാണ്. ഒരു വൃദ്ധിയ്ക്ക് ഒരു ക്ഷയം ഉണ്ടായാല്‍ മാത്രമേ മനുഷ്യനില്‍ സല്‍ബുദ്ധി ഉണ്ടാകു. ഇന്ദ്രിയ വശഗതനായ മനുഷ്യന് വെളുത്ത പക്ഷത്തിലെ ചന്ദ്രനെപ്പോലെ ആപത്ത് വര്‍ദ്ധിച്ചു വരും. സ്വാത്മാവിനെ നിയന്ത്രിയ്ക്കാന്‍ കഴിയാത്തവന്‍ ഉപദേശകരെ നിയന്ത്രിയ്ക്കരുത്. ശത്രുവിനെ നിയന്ത്രിയ്ക്കും മുന്‍പ് ഉപദേശകന്‍മാരെ രാജാവ്‌ നിയന്ത്രിയ്ക്കണം. ക്ഷമയാല്‍ അനുഗ്രഹീതനും, വിവേക പൂര്‍വ്വം പ്രവര്‍ത്തിയ്ക്കുന്നവനും, കുറ്റക്കാരെ ശിക്ഷിയ്ക്കുന്നതില്‍ പ്രാപ്തനും ഇന്ദ്രിയ നിഗ്രഹണം ചെയ്തു ആത്മനിയന്ത്രണം വരുത്തിയവനുമായ ഒരുവനുവേണ്ടി ലക്ഷ്മി ദേവി പോലും ദാസ്യ വൃത്തി ചെയ്യും.

ഒരുവന്റെ ശരീരം രഥമാണ്. അന്തരാത്മാവ് സാരഥ്യം ചെയ്യുന്നു. ഈ രഥത്തിന്റെ കുതിരകള്‍ ഇന്ദ്രിയങ്ങളാണ്. പരിശീലനം നേടിയ ഉത്തമാശ്വങ്ങള്‍ വഹിയ്ക്കുമ്പോള്‍ ബുദ്ധിമാനായ മനുഷ്യന്‍ ജീവിത സരണി ശാന്തിയോടെ തുഴയുന്നു. എന്നാല്‍, കടിഞ്ഞാണില്ലാത്ത നിയന്ത്രിയ്ക്കാന്‍ പറ്റാത്ത കുതിരകള്‍ സാരഥിയെ തട്ടി താഴെയിടുന്നു. ഒരുവന്റെ വാക്കിനെ നിയന്ത്രിയ്ക്കാന്‍ വളരെ പ്രയാസമാണ്. ആയുധം കൊണ്ടോ അസ്ത്രം കൊണ്ടോ ഉള്ള മുറിവ് ഔഷധത്താല്‍ ഉണക്കാം. ദുര്‍വാക്കുകള്‍ ഹൃദയം പിളര്‍ത്തും അതിനെ ഉണക്കാന്‍ ഒരു മരുന്നിനും ആവില്ല. ദൈവ വിശ്വാസം എല്ലാ നികൃഷ്ട കര്‍മ്മങ്ങളില്‍ നിന്നും മനുഷ്യനെ പിന്‍തിരിപ്പിയ്ക്കുന്നു. മന്ദീഭവിയ്ക്കുന്ന ബുദ്ധി തെറ്റിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. 'ഭൂതദയ' പുണ്യ സ്നാനത്തെക്കാള്‍ മികച്ചതാണ്. അത് സ്വര്‍ലോകത്തും വ്യക്തിയ്ക്ക് കീര്‍ത്തി നേടികൊടുക്കുന്നു. മനസ്സിന്റെ മാലിന്യം അകറ്റാന്‍ വേദപഠനം സഹായിയ്ക്കില്ല. മറിച്ച് മാലിന്യ മുക്തി നേടിയ മനസ്സിനെ ശുദ്ധീകരിയ്ക്കാന്‍ വേദപഠനം ഗുണം ചെയ്യും. സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധീകരിയ്ക്കപ്പെടും പോലെ ഒരുത്തമ മനുഷ്യനെ അയാളുടെ വൃത്തി കൊണ്ടും, സത്യസന്ധനെ ശീലം കൊണ്ടും പരീക്ഷിയ്ക്കപ്പെടുന്നു. കൊടും ഭീതിയുടെ സമയത്താണ് ഒരുവന്റെ ധൈര്യം പരീക്ഷിയ്ക്കപ്പെടുന്നത്. ധര്‍മ്മനിഷ്ഠയ്ക്ക് എട്ടു വ്യത്യസ്തമാര്‍ഗ്ഗങ്ങളുണ്ട്‌, അര്‍ച്ചന, അദ്ധ്യയനം, തപോവൃത്തി, ദാനം, സത്യം ക്ഷമാശീലം, ദയാ, തൃപ്തി. ആദ്യത്തെ നാലും അഭിമാനിയായ മനുഷ്യന് ശീലിയ്ക്കാം. അവസാനത്തെ നാലുഗുണങ്ങള്‍ മഹാന്മാരിലെ കാണു. ചെയ്യേണ്ടതെല്ലാം പകല്‍ ചെയ്യുക, എങ്കില്‍ രാത്രി സുഖമായി ഉറങ്ങാം. വര്‍ഷത്തില്‍ ഏട്ടാമാസം പണിയെടുത്താല്‍ വര്‍ഷക്കാലം സുഖമായി കഴിയാം. യുവത്വത്തില്‍ കഠിനാദ്ധ്വാനം ചെയ്താല്‍, വാര്‍ദ്ധക്യ സുഖമുണ്ടാകും. ജീവിതം മുഴുവന്‍ സത്കര്‍മ്മനിരതനാകുമെങ്കില്‍ പരലോക സുഖം ലഭിയ്ക്കും.

എല്ലാ ഹൃദയബന്ധങ്ങളില്‍ നിന്നും മുക്തനായി വികാരങ്ങളെ ജയിച്ച്, ഇഷ്ടാനിഷ്ടങ്ങള്‍ക്ക് തുല്യത നല്‍കി ഏകാഗ്രചിത്തനാകാന്‍ ശീലിയ്ക്കുക. ഇങ്ങോട്ട് ശകാരവര്‍ഷം ചൊരിയുമ്പോള്‍ നിശബ്ദം സഹിയ്ക്കാന്‍ ശീലിച്ചാല്‍, ശകാരിയ്ക്കുന്നവന്റെ നന്മ നമ്മളെ തേടി വരും. മിത്രങ്ങളോട് ഒരിയ്ക്കലും ശണ്ഠ കൂടരുത്. ആഭാസന്‍മാരോടും അല്പ്ന്‍മാരോടും കൂട്ടുകൂടരുത്. മൗനം വാചാലതയേക്കാള്‍ ശ്രേഷ്ഠമാണ്. സത്യം പറയേണ്ടി വന്നാല്‍ പ്രിയമായത് പറയുക. അപ്രിയ സത്യം ഒഴിവാക്കുക. തപോവൃത്തി, ആത്മ നിയന്ത്രണം, ജ്ഞാനം, ബലിയര്‍പ്പിയ്ക്കല്‍, അഗ്നി സാക്ഷിയായി വിവാഹം, അന്നദാനം ഇവ ഉത്തമനായ ഗൃഹസ്തന്റെ ലക്ഷണങ്ങളാണ്. കോപം, കയ്പും പുളിയുമുള്ള ചൂടു പാനീയമാണ്. ഫലാനുഭവം വേദനാജനകമാണ്. അധികമായ ഗര്‍വ്വ്‌, വിടുഭാഷണം, അധികമായ ഭക്ഷണം, മുന്‍കോപം, അമിത വിഷയാസക്തി, കുടുംബത്തിലെ അസ്വസ്ഥത ഈ ആറു വാളുകളാല്‍ മനുഷ്യ മനസ്സ് വെട്ടി മുറിയ്ക്കപ്പെടുന്നു. ഇതു മനുഷ്യനെ കൊല്ലാതെ കൊല്ലുന്നു.

രാജാക്കന്മാരില്‍ അഞ്ചു ശക്തികളുണ്ട്. ഒന്ന് :- ആയുധശക്തി, ഇതു കഴിയുന്നതും ഒഴിവാക്കുക.

രണ്ട് :- നല്ല ഉപദേശകരെ സമ്പാദിയ്ക്കല്‍, മൂന്ന്- ധനസമ്പാദനം, നാലു-പാരമ്പര്യശക്തി, ഈ നാലിനെയും കവച്ചു വെയ്ക്കുന്നതാകണം രാജാവിന്റെ ബുദ്ധിശക്തി. ജീവന്‍ ശ്വാശ്വതമാണെങ്കിലും അതിന്റെ ഭാവം ക്ഷണികമാണ്. തൃപ്തിയെ സ്വായത്തമാക്കുക. തൃപ്തി എല്ലാ സമ്പത്തുക്കളിലും വെച്ച് ശ്രേഷ്ഠമാണ്. ബുദ്ധി, പ്രശാന്തത, ആത്മ നിയന്ത്രണം, വിശുദ്ധി, പരുഷവാക്ക് പറയായ്ക മിത്രങ്ങളെ മുഷിപ്പിക്കാതിരിയ്ക്കുക ഇവ ഒരുവന്റെ അഭ്യുദയമാകുന്ന അഗ്നിയ്ക്ക് വിറകായി പരിഗണിയ്ക്കുന്നു. മനുഷ്യന്റെ പുണ്യപാപ ഫലങ്ങള്‍, ആത്മാവിനോടൊപ്പം പരലോകത്തേയ്ക്ക് ഗമിയ്ക്കുന്നു. മറിച്ച് ശരീരം ശ്മശാനം വരെ മാത്രമുള്ള ഒരു പ്രക്രിയ. മനുഷ്യന്‍ സ്വാത്വിക ഗുണം ഉള്‍കൊണ്ടാല്‍ പരലോകസുഖം ലഭിയ്ക്കും. ആത്മാവിനെ പ്പോലെ പലരും ജീവിതത്തേയും നദിയോടുപമിയ്ക്കുന്നു. പഞ്ചേന്ദ്രിയങ്ങള്‍ ആ നദിയിലെ ജലമാണ്. മുതലകളും സ്രാവുകളും മോഹവും കോപവും ഒരുവന്‍ ആത്മ നിയന്ത്രണമാകുന്ന നൗകയില്‍ പുനര്‍ജ്ജന്മങ്ങളാകുന്ന ചുഴികള്‍ കടന്നു പോകുന്നു. ധൃതരാഷ്ട്രര്‍ ചോദിച്ചു, വിദുരാ ! മരണം, ആത്മാവ് ഇവയെ പറ്റിക്കൂടി പറയുക.'

വിദുരര്‍ :- ജ്യേഷ്ഠ ! ഇതില്‍ കൂടുതല്‍ ആത്മീയ വിഷയങ്ങളെ പറ്റി പറയാന്‍ ശുദ്ര വംശജനായ എനിയ്ക്ക് അവകാശമില്ല. ഞാന്‍ അങ്ങേയ്ക്കു വേണ്ടി ഭാഗവതോത്തമനും, ബ്രഹ്മര്‍ഷികളുമായ സനല്‍കുമാരമുനികളെ സ്മരിയ്ക്കാം. ( ഇവര്‍ നാല് പേരാണ് - സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ - ബ്രഹ്മ പുത്രരായ ഇവര്‍ നിവര്‍ത്തി മാര്‍ഗ്ഗ തല്‍പരരും ദേവാംശജരുമാണ് )

ആഗതനായ ബ്രഹ്മര്‍ഷിയോട് ധൃതരാഷ്ട്രര്‍ ബ്രഹ്മത്തെ പറ്റിയും മരണത്തെ പറ്റിയുള്ള തന്റെ സംശയങ്ങള്‍ ചോദിച്ചു.

മഹര്‍ഷി:- പ്രമാദം മൂലമാണ് മരണം സംഭവിയ്ക്കുന്നതെന്നാണ് അഭിജ്ഞ മതം. ജ്ഞാനം അഥവാ പ്രമാദത്തിന്റെ അഭാവം അമരത്വമാണ്. മരണം ഒരു നരിയെ പ്പോലെ ആരെയും വന്നു വിഴുങ്ങുന്നില്ല. മരണത്തിന്റെ രൂപം അവ്യക്തമാണ്. പക്ഷെ ചിലര്‍ അതിനെ 'യമന്‍' ആയി സങ്കല്പിയ്ക്കുന്നു. കോപം, അജ്ഞാനം, ലോഭം എന്നീ ആകൃതികളില്‍ മരണം ഒരു വ്യക്തിയില്‍ കുടികൊള്ളുന്നു. ഇന്ദ്രിയ വശഗതരായവര്‍ ഗര്‍വ്വും അജ്ഞാനവും നിമിത്തം അപഥ മാര്‍ഗ്ഗങ്ങളി ലുടെ സഞ്ചരിയ്ക്കുന്നു. അവര്‍ മരണം ഇരന്നു വാങ്ങുന്നു. സത് കര്‍മ്മികള്‍ കാലം വരുമ്പോള്‍ ശരീരം സ്വയം ഉപേക്ഷിച്ചു സ്വര്‍ലോകം പുകുന്നു. സത് കര്‍മ്മ ഫലം, തീരുമ്പോള്‍ അവര്‍ വീണ്ടും ഭൂമിയില്‍ ജനിയ്ക്കുന്നു. യഥാര്‍ത്ഥ ജ്ഞാനം നേടുവോളം അവര്‍ പുനര്‍ജ്ജനിയ്ക്കുന്നു.

ധൃതരാഷ്ട്രര്‍:- മഹര്‍ഷേ ! വൈരാഗ്യമെന്നാലെന്താണ് ? മൗനമെന്നാലെന്താണ് ?

മഹര്‍ഷി:- രണ്ടു തരം മൗനമുണ്ട്. ഒന്ന് വാക്കിന്റെ നിയന്ത്രണം, മറ്റൊന്ന് ധ്യാനം. ധ്യാനത്തിന്റെ അര്‍ത്ഥം വാക്കിന്റെ നിയന്ത്രണമല്ല. ഇന്ദ്രിയങ്ങളെയും മനസ്സിനെയും അടക്കലാണ്.

മനസ്സിനും വാക്കിനും ഉപരിയായ ഒരു തലത്തിലെത്തുക. സ്തൂല, സൂക്ഷ്മ കാരണ പ്രപഞ്ചങ്ങളെ പ്രതിനിധികരിയ്ക്കുന്ന ' ഓം' എന്ന വേദ സ്വരൂപമാണ് ബ്രഹ്മം. സ്വുലം, സൂക്ഷ്മത്തിലും, സൂക്ഷ്മം കാരണത്തിലും, കാരണം ബ്രഹ്മത്തിലും ലയിക്കുമ്പോഴാണ്‌. മൗനം പൂര്‍ണ്ണമാകുന്നത്. ഞാന്‍ ആറുതരം ശ്രേഷ്ഠങ്ങളായ ത്യാഗങ്ങളെക്കുറിച്ച് പറയാം.

1. അഭ്യുദയത്തില്‍ അതിയായി സന്തോഷിയ്ക്കാതിരിയ്ക്കുക
2. ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുക
4. അനിഷ്ട സംഭവങ്ങള്‍ മനോനിയന്ത്രണത്തോടെ നേരിടുക
5. പുത്രന്‍, ഭാര്യ, മറ്റുപ്രിയപ്പെട്ടവര്‍ എന്നിവരോട് ഒന്നും യാചിയ്ക്കാതിരിയ്ക്കുക
6. സല്‍പാത്രത്തില്‍ ദാനം ചെയ്യുക

ബ്രഹ്മജ്ഞാനം എളുപ്പത്തില്‍ സിദ്ധിയ്ക്കാവുന്ന ഒന്നല്ല. ഇന്ദ്രിയങ്ങളെ അടക്കി ഇച്ഛാശക്തിയെ പരിശുദ്ധ ബോധത്തില്‍ ലയിപ്പിയ്ക്കുമ്പോള്‍ വന്നു ചേരുന്നനില. ഇതു ലൗകിക ചിന്തയുടെ കണികപോലും ഇല്ലാത്ത അവസ്ഥയാണ്. ബ്രഹ്മചര്യാചരണം കൊണ്ട് മാത്രമേ ബ്രഹ്മത്തെ പറ്റിയുള്ള ജ്ഞാനം ലഭിയ്ക്കു! ഇതു തന്നെയാണ് സത്യാന്വേഷണം കൊണ്ട് വ്യക്തമാക്കുന്നത്. കര്‍മ്മം കൊണ്ട് മനുഷ്യന് ലഭിയ്ക്കുന്നത് നശ്വര സുഖങ്ങള്‍ മാത്രമാണ്. അവയാകട്ടെ ക്ഷണികവും, എന്നാല്‍ ജ്ഞാനം കൊണ്ട് ലഭിയ്ക്കുന്നത് ശാശ്വതമായ ബ്രഹ്മാവസ്ഥയാണ്.

ധൃതരാഷ്ട്രര്‍ : മഹര്‍ഷേ! ശാശ്വതമായ ബ്രഹ്മത്തിന്റെ യഥാര്‍ത്ഥ രൂപവും നിറവും എന്തെന്നു അറിയാനഗ്രഹിയ്ക്കുന്നു. മഹര്‍ഷി:- രാജാവേ ! ബ്രഹ്മത്തെ പോലെ ഒന്ന് ഭുമിയിലോ, ആകാശത്തോ, സമുദ്രത്തിലോ ഇല്ല. നക്ഷത്രങ്ങളിലോ, വിദ്യുത്തിലോ, മേഘങ്ങളിലോ അതിന്റെ രൂപം കാണപ്പെടുന്നില്ല. ദേവന്മാരിലോ ചന്ദ്രനിലോ, സൂര്യനിലോ ഇല്ല. ഋക്കിലോ യജസ്സിലോ, അഥര്‍വ്വത്തിലോ, പരിശുദ്ധമായ നാമത്തിലോ ബ്രഹ്മം കാണപ്പെടുന്നില്ല. അത് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ആനന്ദമാണ്. എല്ലാ ദ്വന്ദങ്ങളില്‍ നിന്നും ഭിന്നമായ അത് പ്രവഞ്ചമായി പ്രത്യക്ഷപ്പെടുന്നു. സര്‍വ്വവ്യാപിയായ ബ്രഹ്മം മാറ്റമില്ലാതെ തുടരുന്നു. ജീവജാലങ്ങള്‍ അതില്‍ നിന്നൂത്ഭവിച്ച് അതില്‍ ലയിയ്ക്കുന്നു. എന്തിനേറെ, പ്രളയ കാലത്ത് കാലം കൂടി ബ്രഹ്മത്തില്‍ വിലയം പ്രാപിയ്ക്കുന്നു. ഇതിനെ അറിയുന്ന ജ്ഞാനികള്‍, തീര്‍ച്ചയായും അനുഗ്രഹീതര്‍ തന്നെ.

അടുത്ത ദിവസം സഭ കൂടിയപ്പോള്‍ ഭീഷ്മ, ദ്രോണദികള്‍ ഉള്‍പ്പെടെയുള്ള മഹാരഥന്‍ സദസ്സില്‍ ഉപവിഷ്ഠരായിരുന്നു. യുധിഷ്ഠിരാദികളുടെ ദികളുടെ മറുപടി സന്ദേശം കേള്‍ക്കാന്‍ രാജാവ്‌ ഉള്‍പ്പെടെ സദസ്സിലുള്ളവരെല്ലാം ഏറെ ഉത്സുകരായിരുന്നു. കടന്നുവന്ന സജ്ജയന്‍ യുധിഷ്ഠിരന്റെ കുശലാന്വേഷണം ഏവരെയും അറിയിച്ചു. തുടര്‍ന്ന് തങ്ങള്‍ക്ക് അര്‍ഹമായ രാജ്യം മടക്കി നല്‍കിയില്ലെങ്കില്‍ പാണ്ഡവരും യുദ്ധത്തിന്‍ തയ്യാറാണന്ന വാര്‍ത്ത രാജാവിനെ അറിയിച്ചു. ഉപപ്ലാവ്യത്തില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഭാഗം പോലും ഒഴിവാക്കാതെ സജ്ജയന്‍ സഭയില്‍ വ്യക്തമാക്കി. സജ്ജയന്‍ നിറുത്തിയപ്പോള്‍ സഭാവാസികളില്‍ വിഭിന്ന ഭാവ പ്രകടനങ്ങള്‍ മിന്നിമറഞ്ഞു. എന്തോ അനിഷ്ടം അടുത്തുതന്നെ സംഭവിയ്ക്കുമെന്നു അവര്‍ കണക്കു കൂട്ടി.

ഭീഷമര്‍ തന്റെതായ ഒരു ശ്രമം കൂടി നടത്തുന്നതിന് തയ്യാറെടുത്തു. "ദുര്യോധനാ! നീ സ്വയം മുങ്ങി ചാകാന്‍ തയ്യാറെടുക്കുന്നു. കൃഷ്ണാര്‍ജ്ജുനന്മാര്‍ നരനാരയണന്മാരാണ്. അവര്‍ അജയ്യരും, അവധ്യരുമാണ്. പിന്നെ നിന്റെ ഭാഗത്ത് ധ്ര്‍മ്മത്തിന്റെ ഒരു കണികപോലുമില്ല. യുദ്ധം ചെയ്യാനായി നീ കണ്ടെത്തിയിരിയ്ക്കുന്ന ഈ വീരനെന്ന വിശേഷിപ്പിയ്ക്കുന്ന രാധേയന്‍, നീചകുലജാതനും അനിവാര്യമായ സമയത്ത്, ശാപം മൂലം ഫലപ്രാപ്തിയിലെത്താന്‍ കഴിവില്ലാത്ത അസ്ത്രാഭ്യാസിയാണ്. പോരെങ്കില്‍ അഭിമാനിയ്ക്കാന്‍ വകയുണ്ടായിരുന്ന കവചകുണ്ഡലങ്ങളും അയാള്‍ നഷ്ടപ്പെടുത്തി. ഇനിയും കൂടെയുള്ളതോ നിന്നെ കവച്ചുവെയ്ക്കുന്ന ദുഷ്ട ബുദ്ധിയുള്ള ദുശ്ശാസനന്‍ കുടിലതന്ത്രജ്ഞനായ മാതുലന്‍ ശകുനി." ഭീഷ്മരുടെ വാക്കുകള്‍ രാധേയനെ ഏറെ മുറിപ്പെടുത്തി. 'ദുര്യോധനാ ! താങ്കളുടെ മുത്തച്ഛന്‍ അവസരം കിട്ടുമ്പോഴെല്ലാം എന്നെ താഴ്ത്തി കെട്ടുന്നു. ഞാന്‍ സുത പുത്രനാണെങ്കിലും എന്റെ പ്രവര്‍ത്തി ക്ഷത്രിയോജിതമാണ്‌. എന്റെ മിത്രത്തിനുവേണ്ടി ഞാന്‍ മരണം വരെ പോരാടും എന്റെ പ്രാണനേക്കാള്‍ വലുതാണ്‌ എനിയ്ക്ക് എന്റെ ചങ്ങാതിയോടുള്ള കടപ്പാടും.'

ഭീഷ്മര്‍ രാധേയനെ അവജ്ഞാപൂര്‍വ്വം വീക്ഷിച്ചു കൊണ്ട് ദുര്യോധനനോടായി പറഞ്ഞു. "നിന്റെ ഈ ചങ്ങാതി കുറെ നാളായി പാണ്ഡവരെ താന്‍ കൊല്ലും കൊല്ലുമെന്ന് പറഞ്ഞു നടക്കുന്നു. അവസരം കിട്ടിയപ്പോഴെല്ലാം അയാള്‍ തോറ്റ്‌ പിന്‍വാങ്ങി. ദ്വൈത വനത്തിലെ തോല്‍വിയും വിരാടദേശത്ത് വെച്ചുണ്ടായ യുദ്ധ പരാജയവും നീ ഒന്നോര്‍ക്കുക. രാധേയന് നിനക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല."

ഭീഷമരുടെ ഈ വെളിപ്പെടുത്തലുകളൊന്നും രാധേയനോടുള്ള ദുര്യോധനന്‍റെ കൂറിനു ഒട്ടും മങ്ങലേല്പിച്ചില്ല. കൃഷ്ണാര്ജ്ജുനന്‍മാരെപ്പോലെ രാധേയ ദുര്യോധന മൈത്രിയും അത്രമേല്‍ സുദൃഡമായിരുന്നു. ദിവ്യമായ ഒരു പരിവേഷം ആ സൗഹൃദത്തെ ചുറ്റപ്പെട്ടിരുന്നു. കൊട്ടാരത്തിലെ വൃദ്ധര്‍ക്കിടയില്‍ രാധേയന്‍ ഒരു ചതുര്‍ഥി ചന്ദ്രനായിരുന്നെങ്കില്‍ ദുര്യോധനന്റെ മനസ്സില്‍ രാധേയന്‍ പൗര്‍ണ്ണമി തിങ്കളായിരുന്നു. തന്റെ ചങ്ങാതിയെ മുറിപ്പെടുത്തിയ മുത്തച്ഛനെതിരെ പ്രതികരിച്ചിലെങ്കിലും ദുര്യോധനന്‍ ഒട്ടും ഇഷ്ടപ്പെടാത്ത മട്ടില്‍ തന്റെ പുരികങ്ങള്‍ വികൃതമായി വളച്ചും ചിറികോട്ടിയും സദസ്യരെ മുഷിപ്പിച്ചു. ദുര്യോധന സഹജമായ ഈ നീരസ പ്രകടനം സദസ്യര്‍ക്ക് സുപരിചിതമായിരുന്നു.

ദ്രോണരും ഭീഷ്മരുടെ അഭിപ്രായത്തോട് യോജിച്ചു. 'അര്‍ജ്ജുനന്‍ വില്ലാളി വീരനാണ്. കൂടാതെ അയാള്‍ അനേകം ദിവ്യായുധങ്ങള്‍ വശപ്പെടുത്തിയിട്ടുണ്ട്. ശത്രുവിന്റെ ശക്തി നിസ്സാരമായി കണ്ട് എടുത്തു ചാടുന്നത് വിഡ്ഢിത്വമാണ്. ദയവായി എന്റെ വാക്കുകള്‍ മാനിയ്ക്കുക.''

ധൃതരാഷ്ട്ര നിര്‍ദ്ദേശത്താല്‍ സജ്ജയന്‍ വീണ്ടും ഉപപ്ലാവ്യത്തിലെ സംഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി, രാജാവേ ! പാണ്ഡവര്‍ക്ക് അവരുടെ സൈന്യ സജ്ജീകരണത്തില്‍ പോലും ഒരാളാവില്ല. യുധിഷ്ഠിരന്‍ തന്റെ സൈന്യ വ്യുഹത്തിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ആ സൈന്യ വ്യൂഹത്തെ പറ്റി വര്‍ണ്ണിയ്ക്കുന്നതിനിടിയില്‍ സജ്ജയന്റെ മനസ്സ് ഒന്നുകൂടി ആ വ്യുഹത്തിലൂടെ സഞ്ചരിച്ചു. അദ്ദേഹം ബോധ രഹിതനായി നിലം പതിച്ചു. ഈ ബോധക്ഷയം പാണ്ഡവശക്തിയുടെ അജയ്യത ഏവരിലും തൊട്ടുണര്‍ത്തി. അല്പം കഴിഞ്ഞു ബോധം വീണ്ടെടുത്ത് ആ സാരഥി പാണ്ഡവ ശക്തിയുടെ ഭീകരതയെക്കുറിച്ച് യഥാത്ഥ വിവരണം നടത്തി. ധൃതരാഷ്ട്രര്‍ ആകെ പരിഭ്രാന്തനായി. അദ്ദേഹം പറഞ്ഞു, സജ്ജയന്‍ പറഞ്ഞത് തികച്ചും ശരിയാണ്. അവര്‍ ശപഥം പാലിയ്ക്കാന്‍ പ്രതിജ്ഞാതല്പരരാണ്. അവരുടെ രാജ്ഞിയെ അപമാനിയ്ക്കുക വഴി നമ്മള്‍ അവരോട് ക്ഷന്തവ്യമല്ലാത്ത തെറ്റാണ് ചെയ്തിരിയ്ക്കുന്നത്. ഭീമന്‍ എന്റെ മകന്റെ തുട തച്ചുടയ്ക്കും. ധര്‍മ്മിഷ്ഠനായ യുധിഷ്ഠിരന്റെ കോപാവിഷ്ഠമായ നോട്ടം ഈ കുരുകുലം മുടിയ്ക്കും. എല്ലാം എനിയ്ക്കറിയാം. പക്ഷെ ഇതൊന്നും അനുസരണയില്ലാത്ത എന്റെ മകന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ഗര്‍വ്വ്‌ അയാളെ കാര്‍ന്നു തിന്നുകയാണ്. വിദുരന്റെ ഉപദേശമൊന്നും അയാള്‍ക്ക് സ്വീകാര്യമല്ല'

രാജാവിന്റെ വാക്കുകള്‍ സജ്ജയനെ പ്രകോപിപ്പിച്ചു. 'പ്രഭോ ! പുത്രനെ മാത്രം അങ്ങ് കുറ്റപ്പെടുത്തുന്നതു ശരിയല്ല. ബുദ്ധിമാനും, സൗമ്യനുമായ വിദുരമഹാശയന്റെ വാക്കുകള്‍ ഒരിയ്ക്കലെങ്കിലും അങ്ങ് ഉള്‍ക്കൊണ്ടിട്ടുണ്ടോ ? ചൂതുകളി നടക്കുമ്പോള്‍ ഞാനും അങ്ങയോടൊപ്പം ജയന്ത സഭയില്‍ ഉണ്ടായിരുന്നു. കളിയുടെ പോക്ക് ശരിയായ രീതിയിലല്ലെന്നു മനസ്സിലാക്കിയ അദ്ദേഹം പലവുരു അങ്ങയെ ഉപദേശിച്ചില്ലേ - കളിനിര്‍ത്തി വെയ്ക്കാനുള്ള ആജ്ഞ നല്‍കാന്‍. മകന്റെ നേട്ടങ്ങളിലും സന്തോഷത്തിലും മാത്രം മത്തനായ അങ്ങ് ബധിരത നടിച്ചു. 'പാണ്ഡവരുടെ സര്‍വ്വസ്വവും എന്റെ മകനു ലഭ്യമായോ' എന്ന് മാത്രമാണ് അങ്ങ് അമിത സന്തോഷത്തോടെ അന്വേഷിച്ചത്. പാണ്ഡവന്മാര്‍ വനത്തില്‍ പോയപ്പോള്‍ അങ്ങ് അതീവ ദു:ഖിതനായി. അത് അവരോടുള്ള സ്നേഹം കൊണ്ടായിരുന്നില്ല. മറിച്ച് അവരുടെ ഘോര ശപഥങ്ങളുടെ ഇടിതീയോര്‍ത്തായിരുന്നു. എന്റെ അഭിപ്രായത്തില്‍ ദുര്യോധനനെ പഴിചാരാന്‍ അങ്ങയ്ക്ക് അര്‍ഹതയില്ല. യുവരാജാവ് തന്റെ പ്രജകളെ വേണ്ട വിധം പരീരക്ഷിയ്ക്കുന്നുണ്ട് . രാജാവിന് വേണ്ടി ജീവന്‍ കളയാന്‍ പോലും പ്രജകള്‍ തയ്യാറാണ്. അദ്ദേഹത്തിന്റെ കീഴില്‍ പതിനൊന്നു ക്ഷൗഹണിയുണ്ട് . തന്റെ സ്വഭാവ വൈശിഷ്ട്യം കൊണ്ട് അനേകം രാജാക്കന്മാരുടെ പ്രീതി അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. എന്നാല്‍ അങ്ങയുടെ അവസ്ഥ ഒന്നാലോചിച്ചു നോക്ക് ! ഒരൊറ്റ ചങ്ങാതി പോലും അങ്ങയ്ക്കില്ല. ആരുടേയും സ്നേഹം നേടിയെടുക്കാന്‍ അങ്ങയ്ക്കായില്ല. വിധി അങ്ങയ്ക്ക് സമ്മാനിച്ച അന്ധതയ്ക്ക് പുറമേ അങ്ങ് സ്വയം നഷ്ടപ്പെടുത്തിയ ഉള്ക്കാഴ്ച്ചയില്ലായ്മയും അങ്ങയെ ഗ്രസിയ്ക്കുന്നു. അങ്ങയുടെ പുത്രന്മാര്‍ ഭാഗ്യവാന്മാരാണ്. അവര്‍ യുദ്ധത്തില്‍ പോരാടി വീര സ്വര്‍ഗ്ഗം വരിയ്ക്കും. നോക്ക് ! ദുര്യോധനന്‍ യുദ്ധത്തില്‍ കാണിയ്ക്കുന്ന ക്ഷത്രിയോജിതമായ അപാര ധീരത മൂലം മരണത്തില്‍ പോലും കീര്‍ത്തി നേടും. ഈ രാധേയന്‍ ദാതാക്കളില്‍ അഗ്രഗണ്യനാണ്. പോരാട്ടത്തില്‍ ധീരമായി മരണം വരിയ്ക്കുന്ന അദ്ദേഹത്തിന്റെ കീര്‍ത്തിയും യശസ്സും കല്പാന്തകാലം അദ്ദേഹത്തെ പിന്തുടരും. എന്നാല്‍ രാജാവേ ! ഈ മരണത്തിനെല്ലാം സാക്ഷിയായി അങ്ങ് ജീവിയ്ക്കും - ആരില്‍ നിന്നും ഒരാശ്വാസ വാക്കുപോലും കേള്‍ക്കാതെ ചരിത്രാഖ്യാനത്തില്‍ അങ്ങയുടെ പേര്‍ ഏറ്റവും വെറുക്കപ്പെട്ടതായി ചിത്രികരിയ്ക്കും. ഭാവി തലമുറയുടെ 'നിന്ദ' യില്‍ നിന്ന് അങ്ങയ്ക്ക് രക്ഷപ്പെടാനാവില്ല.

സജ്ജയന്‍ തന്റെ കഥനം നിറുത്തിയപ്പോള്‍ വ്രണിത ഹൃദയനായ അച്ഛനെ ആശ്വസിപ്പിയ്ക്കും മട്ടില്‍ ദുര്യോധനന്‍ പറഞ്ഞു ' അച്ഛാ! അങ്ങ് ഭയപ്പെടാതിരിയ്ക്ക്. പാണ്ഡവരുടെ സേന ശക്തവും വിപുലവുമാണെന്നു ഞാനറിഞ്ഞിരിയ്ക്കുന്നു. എന്നാല്‍ അച്ഛന്‍ ഒന്ന് കേട്ടോളു. പതിമുന്നു വര്‍ഷം മുന്‍പു അവര്‍ ഇതിലും കരുത്തരായിരുന്നു. വനത്തിലേയ്ക്ക് പുറപ്പെട്ട രാജര്‍ഷി യുധിഷ്ഠിരന്റെ പിന്നാലെ ജനസഹസ്രം തന്നെ ചെന്നില്ലേ ? കൃഷണനും, സാത്യകിയും സൈന്യത്തോടെ ചെന്ന് യുദ്ധം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. അപ്പോള്‍ യുധിഷ്ഠരന് സത്യവും ധര്‍മ്മവുമായിരുന്നു വലുത്. ആ സമയം യുദ്ധമുണ്ടായിരുന്നെങ്കില്‍ ഒരു പോലെ ജയം അവര്‍ക്ക് തന്നെ ആകുമായിരുന്നു. അന്ന് പിതാമഹനും, ദ്രോണരും ധൈര്യമായിരിയ്ക്കാന്‍ എന്നെ ഉത്ബോധിപ്പിച്ചു. അഥവാ യുദ്ധമുണ്ടായാല്‍ അവര്‍ ഉണര്‍ന്നു പ്രവ്ര്‍ത്തിയ്ക്കുമെന്നും ഉറപ്പു നല്‍കി. എന്റെ അച്ഛാ ! ഇന്ന് സ്ഥിതി ആകെ മാറിയിരിയ്ക്കുന്നു. പതിമുന്നുവര്‍ഷത്തെ സല്‍ഭരണത്തിലൂടെ പ്രജകള്‍ ഏറിയ പങ്കും എന്നെ അകമഴിഞ്ഞു സ്നേഹിയ്ക്കുന്നു. അത്രയ്ക്ക് നല്ല ഒരു ഭരണ കര്‍ത്താവാകാന്‍ എനിയ്ക്ക് കഴിഞ്ഞു. അനേകം രാജാക്കന്മാരുമായി ഞാന്‍ മൈത്രീ ബന്ധം പുലര്‍ത്തുന്നു. പിന്നെ അങ്ങ് പേടിയ്ക്കും പോലെ ഭീമന്‍ എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. നിരന്തരാഭ്യാസനത്തിലൂടെ എന്റെ പേശികള്‍ സുദൃഡമാണ്. ഗദാ യുദ്ധത്തില്‍ എന്നെ കവച്ചു വെയ്ക്കാന്‍ ഭീമന്‍ പണിപ്പെടേണ്ടി വരുമെന്ന് എന്റെ ഗുരുവായ ബലരാമന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാണ്. വനത്തില്‍ കഴിഞ്ഞ ഭീമന് എന്നെ പ്പോലെ ആയാസമുറകള്‍ വശത്താക്കാന്‍ കഴിഞ്ഞിട്ടില്ല - ജയം എനിയ്ക്ക് തന്നെ എന്ന പൂര്‍ണ്ണ വിശ്വാസം എനിയ്ക്കുണ്ട്.

ദുര്യോധനന്‍ തുടര്‍ന്നു പിന്നെ എന്നോടൊപ്പമുള്ള യോദ്ധാക്കളെ പറ്റി പറയാം. ദേവാംശജാതനായ ഭീഷ്മര്‍. അദ്ദേഹം സ്വച്ചന്ദമൃത്യു ആണ്. മഹാരഥനായ ദ്രോണര്‍, ശങ്കര വരപ്രസാദത്താല്‍ ദീര്‍ഘായുഷ്മാനായ മഹാരഥന്‍ അശ്വത്ഥാമാവ്. പിന്നെ വില്ലാളി വീരനായ രാധേയന്‍ - എന്റെ ഉറ്റ ചങ്ങാതിയും ഭാര്‍ഗ്ഗവ രാമ ശിഷ്യനും. പിന്നെ ദുശ്ശാസനനും മറ്റു സഹോദരന്മാരും. ഇനിയുമുണ്ട് അസംഖ്യം പ്രമുഖരും പ്രബലരുമായ രാജാക്കന്മാര്‍. ഇവരുടെ എല്ലാം സംരക്ഷണത്തിലുള്ള എന്നെ ഒന്നും ചെയ്യാന്‍ പാണ്ഡവര്‍ക്കാവില്ല. അച്ഛന്‍ ഒന്നുകൂടി കേട്ടോളു. ത്രിഗര്‍ത്തന്മാരായ സുശര്‍മ്മാവ് ഉള്‍പ്പെടയുള്ള സംശപ്തകന്മാര്‍ അര്‍ജ്ജുനനെ കൊല്ലാന്‍ പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ്. അവരുടെ ശക്തി അപാരമാണ്. യുദ്ധത്തില്‍ അവര്‍ നമ്മോടൊപ്പമുണ്ട്. അവരുടെ ഏഴിന്റെ സ്ഥാനത്ത് എനിയ്ക്ക് പതിനൊന്നക്ഷൗഹണിയുണ്ട്.

ദുര്യോധനന്റെ അമിതവിശ്വാസം ശരി തന്നെയോ എന്നറിയാന്‍ രാജാവ്‌ സജ്ജയനോട് ചോദിച്ചു, എന്റെ മകന്റെ ആസൂത്രണം പോലെ തന്നെയാണോ അവരുടെ തന്ത്രവും' സജ്ജയന്‍ ഒരു ചെറു ചിരിയോടെ പറഞ്ഞു.' പ്രഭോ ! അവരും യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ അങ്ങയുടെ പുത്രന്റെ സന്തോഷവും ആവേശവുമൊന്നും യുധിഷ്ഠിരനില്ല. അദ്ദേഹം അതീവ ദു:ഖിതനാണ്. അദ്ദേഹം എന്നോട് പറഞ്ഞു, ഏറെ അനീതികള്‍ ഞങ്ങളോട് കൗരവര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു യുദ്ധത്തിലൂടെ അവരെ കീഴ്പ്പെടുത്തുന്ന കാര്യം എനിയ്ക്ക് ചിന്തിയ്ക്കാനാവില്ല.. ഞങ്ങളുടെ രാജ്യം തിരിച്ചു തരാന്‍ ദുര്യോധനന്‍ വഴങ്ങുന്നില്ലെങ്കില്‍ ഒരു യുദ്ധം ഒഴിവാക്കാനായിട്ട് ഞാന്‍ ഒരു വ്യവസ്ഥയ്ക്ക് തയ്യാറാകുന്നു - അഞ്ചു നഗരങ്ങള്‍ ഞാന്‍ പറയാം - ഇന്ദ്രപ്രസ്ഥം, വൃകപ്രസ്ഥം, വാരണാവതം, ജയന്തം അഞ്ചാമത്തെ നഗരം വല്യച്ഛന്റെ തീരുമാനത്തിന് വിടുന്നു. ഇത്രമാത്രം നേടി യുദ്ധ കെടുതി ഒഴിവാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ദുര്യോധനാ! യുധിഷ്ഠിരനെ പ്പോലെ ഒരു ധര്‍മ്മിഷ്ഠന്‍ ഇനിയും ജനിയ്ക്കേണ്ടിയിരിയ്ക്കുന്നു. ആ മഹത്വം അങ്ങയ്ക്കും പുത്രന്മാര്‍ക്കും എത്ര പറഞ്ഞാലും മനസ്സിലാവില്ല. അവരുടെ സൈന്യവും ഞാന്‍ കണ്ടു. മിക്കവാറും ധൃഷ്ടദ്യുമ്നനായിരിയ്ക്കും അവരുടെ സൈന്യാധിപന്‍. ഭീമനാണ് ധാര്‍ത്ത രാഷ്ട്രന്മാരെ നേരിടുന്നത്, അദ്ദേഹം അതിന് തന്റെ ശപഥത്തിലുടെ പ്രതിജ്ഞാബദ്ധനാണ്. ദ്രൗപദിയെ അപമാനിച്ച രാധേയന്‍, അര്‍ജ്ജുനന്റെ ഗാണ്ഡീവം ഉതിര്‍ക്കുന്ന ശരമേറ്റ് മരണപ്പെടും. ശകുനി, സഹദേവന്റെ ഊഴമാണ്. ഉലൂകന്റെ കഥ നകുലനും തീര്‍ക്കും. എല്ലാം എനിയ്ക്കവര്‍ വ്യക്തമാക്കി തന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തി ആയെങ്കിലും സ്വജ്ജനഹത്യ അവര്‍ തീരെ ഇഷ്ടപ്പെടുന്നില്ല.

സജ്ജയന്‍ തന്റെ ഉപഖ്യാനം നിറുത്തിയപ്പോള്‍ ധൃതരാഷ്ട്രര്‍ വീണ്ടും ചഞ്ചല ചിത്തനായി. തന്റെ മകന്റെ അമിതമായ വിശ്വാസം തികച്ചും അപകടമാണെന്ന് രാജാവിനേറെക്കുറെ ബോദ്ധ്യപ്പെട്ടു. അദ്ദേഹം വീണ്ടും വിലപിയ്ക്കാന്‍ തുടങ്ങി. ദുര്യോധനനു അതൊരു ശല്യമായി തോന്നി. ' എന്റെ പ്രിയപ്പെട്ട അച്ഛാ! ഇങ്ങനെ വ്യാകുലപ്പെടേണ്ട ഒരാവശ്യവും ഇപ്പോഴില്ല. എന്റെ ശക്തിയ്ക്ക് മുന്നില്‍ പാണ്ഡവര്‍ പകച്ചു നില്‍ക്കുകയാണ്. അതാണ്‌ അവര്‍ വീണ്ടും ഒരു സന്ധി ഉടമ്പടിയുമായി വരുന്നത്.

മകനെക്കാള്‍ വിശ്വാസം ഇക്കാര്യത്തില്‍ ധൃതരാഷ്ട്രര്‍ക്ക്‌ സജ്ജയന്റെ ഉപഖ്യാനത്തോടായിരുന്നു. എന്റെ ഈ സാരഥി തികച്ചും സത്യസന്ധനും എന്നോട് ഏറെ കൂറുള്ളവനുമാണ്. അയാള്‍ പൊളി പറയാറില്ല. ധൃതരാഷ്ട്രര്‍ പറഞ്ഞു, എന്റെ പൊന്നു മകനെ യുധിഷ്ഠിരന്റെ മാര്‍ഗ്ഗമാണ് ശരി. യുദ്ധം മൂലം നിരപരാധികള്‍ ഏറിയ പങ്കും മരിയ്ക്കും. അവരുടെ നിരാധാരമായ കുടുംബത്തിന്റെ ശാപം നമ്മുടെ മേല്പതിയും. പാണ്ഡവരുടെ രാജ്യം മടക്കി നല്‍കി നമുക്കീ യുദ്ധം ഒഴിവാക്കാം. ലോകര്‍ എന്നെയും നിന്നെയും പുകഴ്ത്തും.

ദുര്യോധനന്‍ കോപിഷ്ടനായി അദ്ദേഹം പറഞ്ഞു ' ഇത്രയേറെ പടക്കോപ്പുകള്‍ കൂട്ടിയിട്ട് യുദ്ധം ഒഴിവാക്കാനോ? ഞാന്‍ ഭീരുവല്ല. പിന്നെ ആരും മനസ്സില്ലാ മനസ്സോടെ യുദ്ധത്തിന്‍ തയ്യാറെടുക്കേണ്ട. എനിയ്ക്കെന്റെ രാധേയനും, ദുശ്ശാസനനും മറ്റു സഹോദരങ്ങലുമുണ്ട്. പാണ്ഡവ സൈന്യത്തെ തുരത്തി ഓടിയ്ക്കാന്‍ ഇത്രയും പേര്‍ മതിയാകും. ഇനി ആരും സന്ധിസംസാര വിഷയമാക്കേണ്ട. ഞാന്‍ തറപ്പിച്ചു പറയുന്നു. 'സൂചികുത്തുവാനുള്ള സ്ഥലം പോലും പാണ്ഡവര്‍ക്ക് വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല.'

ആ സമയം കൗരവ സഭയില്‍ അസാധാരണമായ മൂകത ഘനീഭവിച്ചു എത്രഘോരമായ അനീതി. രണ്ടു കുടുംബക്കാര്‍ തുല്യമായി അനുഭവിയ്ക്കേണ്ട പൈതൃക സ്വത്ത് ഒരു കൂട്ടര്‍ ചതിയിലുടെ പിടിച്ചെടുത്തു സുഖിച്ചു വാഴുന്നു. നിശബ്ദതയ്ക്ക് ഭംഗം വരുത്തി കൊണ്ട് ദുര്യോധനന്‍ തുടര്‍ന്നു. ' അഞ്ചു നഗരങ്ങള്‍ തന്നാലും ഞങ്ങള്‍ തൃപ്തരാണന്ന്. ഓഹോ ! എന്ത് ദാക്ഷിണ്യം. അഞ്ചു നഗരമല്ല വേണമെങ്കില്‍ ഈ ഹസ്തിനപുരം പോലും വിട്ടു നല്‍കാന്‍ മനസ്സുള്ളവനാണ് ഈ ദുര്യോധനന്‍. പക്ഷെ എനിയ്ക്കതിനുള്ള മനസ്സില്ലന്നതാണ് വാസ്തവം. ഭീരുക്കള്‍, യുദ്ധം എന്ന് കേട്ടപ്പോള്‍ മുട്ട് വിറയ്ക്കുന്നു. എന്താണാവോ ഈ പുതിയ അഞ്ചു നഗരങ്ങളുടെ പൊരുള്‍? തീര്‍ച്ചയായും യുധിഷ്ഠിരന്‍ ഒരു പമ്പര വിഡ്ഢിതന്നെ. ദുര്യോധനന്‍ ചിറികോട്ടി വികൃത പ്രകടനം നടത്തി ഇരിപ്പിടത്തില്‍ ഒന്ന് കൂടി കുലുങ്ങിയിരുന്നു.

സദസ്സിലിരുന്ന വിദുരര്‍ ശക്തിയോടെ പ്രതികരിച്ചു. 'ദുര്യോധനാ! യുധിഷ്ഠിരന്‍ നിന്നെക്കാളെറെ ബുദ്ധിമാനാണ്. വെറും അഞ്ചു നഗരങ്ങളല്ല അദ്ദേഹം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഓരോ നഗരത്തിന്റെയും പേര് എടുത്തു പറഞ്ഞിരിയ്ക്കുന്നു.

ഒന്ന് :- വാരണാവതം - നീയും നിന്റെ അച്ഛനും കൂടി പുരോചനനെ കൊണ്ട് ലാക്ഷ്യാഗൃഹം പണിയിച്ച് അവരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്ന സ്ഥലം.

രണ്ട് :- ഇന്ദ്രപ്രസ്ഥം - നീ അവരില്‍ നിന്ന് തട്ടി എടുത്ത് ഇപ്പോള്‍ അനുഭവിച്ചു വരുന്ന അവരുടെ രാജ്യം.

മൂന്നു :- വൃകപ്രസ്ഥം - പ്രമണാവതത്തിനടുത്തുള്ള ഈ സ്ഥലത്തുവെച്ചാണ് നീ ബാലനായ ഭീമന് വിഷം കൊടുത്ത് അവനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. അവരിപ്പോഴും അതോര്‍ക്കുന്നു. വനപ്രസ്ഥത്തിന്റെ ആദ്യദിനം അവര്‍ കഴിച്ചു കൂട്ടിയത് പ്രമണാവതത്തിലായിരുന്നു.

നാല് :- ജയന്തം - നീയും നിന്റെ അച്ഛനും കൂടി സഭ നിര്‍മ്മിച്ച്‌, അവരെ ഇങ്ങോട്ട് സ്വീകരിച്ചാനയിച്ചില്ലേ? ഇവിടെ നടന്ന കള്ളചുത് കളിയിലല്ലേ അവര്‍ക്ക് അവരുടെ സര്‍വ്വസ്വവും നഷ്ടപ്പെട്ടത് - അല്ല നീയും കൂട്ടരും അവരില്‍ നിന്ന് തന്ത്രപൂര്‍വ്വം തട്ടിയെടുത്തത്. നിങ്ങള്‍ അവര്‍ക്ക് നേരെ കാട്ടിയ അനീതികള്‍ ഒന്നും അവര്‍ മറന്നിട്ടില്ല. അത് നിന്നെ വീണ്ടും ഓര്‍മ്മിപ്പിയ്ക്കുകയാണ് യുധിഷ്ഠിരന്‍ ചെയ്യുന്നത്. അഞ്ചാമത്തേത് ഇഷ്ടം പോലെ തിരഞ്ഞെടുക്കാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇനിയും അനീതി തുടരാനാഗ്രഹിയ്ക്കുന്നെങ്കില്‍ അതിന്റെ ഭാഗപാത്രമായിട്ടാണ് അഞ്ചാമത്തെ നഗരം വിവക്ഷിയ്ക്കുന്നത്. നീയോന്നാലോചിയ്ക്ക്! എത്രമാത്രം കോപോജ്ജ്വലവും തീക്ഷണവുമാണ് അവരുടെ മനോനില എന്ന്. അദ്ദേഹം ചോദിയ്ക്കുന്നു. ഇത്രയുമെല്ലാം നടത്തിയിട്ടും ഇനിയും ക്ഷമിച്ചു യുദ്ധം ഒഴിവാക്കാന്‍ പറയാന്‍ വല്യച്ഛന്‍ എങ്ങനെ കഴിയുന്നു? പാണ്ഡവരെ കുറ്റപ്പെടുത്താന്‍ അങ്ങയ്ക്ക് ലേശവും അര്‍ഹതയില്ല. ക്ഷമയുടെ അദ്ധ്യായം കഴിഞ്ഞു. ഇനി ഞങ്ങളുടെ രാജ്യം ഞങ്ങള്‍ക്ക് മടക്കി തരുക. ഇല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറെടുക്കുക.'

വിദുരരുടെ വാക്കുകള്‍ കേട്ടപ്പോള്‍ ധൃതരാഷ്ട്രര്‍ വീണ്ടും പുലമ്പി പുത്രാ! യുധിഷ്ഠിരന്‍ വിഷം പുരട്ടിയ മുള്ളുകളാണ് നമുക്ക് നേരെ പ്രയോഗിചിരിയ്ക്കുന്നത്. നീ ഒന്നുകൂടി പുനര്‍വിചിന്തനം ചെയ്യൂ! പാണ്ഡവര്‍ ദേവാംശ ജാതരാണ്. ദിവ്യമായ ഒരു പാട് അസ്ത്രശസ്ത്രങ്ങള്‍ അവര്‍ ലഭ്യമാക്കിയിരിയ്ക്കുന്നു. ഖാണ്ഡവ ദഹന സമയത്ത് തന്നെ സഹായിച്ചതിന് പ്രത്യുപകാരമായി അഗ്നി തീര്‍ച്ചയായും അവരെ സഹായിയ്ക്കും. വരുണന്‍ തന്റെ കൈവശം ഉണ്ടായിരുന്ന ഗാണ്ഡിവം അര്‍ജ്ജുനന് നല്‍കിയിട്ടുണ്ട്. മഹാനായ ഹനുമാന്‍ ഭീമ സഹോദരനാണ്. ഹനുമാന്റെ അജയ്യ ശക്തിയെ പറ്റി നീ ഒന്ന് ചിന്തിയ്ക്കൂ പുത്രാ! ഭഗവാന്‍ ശങ്കരന്‍ പാശുപതാസ്ത്രം അര്‍ജ്ജുനന് നല്‍കിയിരിക്കുന്നു. ഇതിനെല്ലാം പുറമേ പുരുഷോത്തമനായ കൃഷ്ണനാല്‍ അവര്‍ അനുനിമിഷം സംരക്ഷിയ്ക്കപ്പെടുന്നു. എന്റെ കുഞ്ഞേ! നിന്റെ പിടിവാശി ഒഴിവാക്കൂ! മുതിര്‍ന്നവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ ശ്രമിയ്ക്കുക.

ദുര്യോധനന് തന്റെ പിതാവിനോട് അസഹ്യമായ കോപം തോന്നി. അച്ഛന്‍ സ്വതവേ ഒരു ഭീരുവാണ് ഇപ്പോള്‍ വാക്കുകളിലൂടെ എന്നെയും ഭീരുവാക്കാന്‍ ശ്രമിയ്ക്കുന്നു. ദേവന്മാര്‍ പാണ്ഡവരെ സഹായിയ്ക്കും എന്നതിനെന്താണ് ഉറപ്പ്. ദേവന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വ്യാസ മുത്തച്ഛന്‍ എനിയ്ക്ക് പറഞ്ഞു തന്നിരിയ്ക്കുന്നത് കേട്ടോളു, മോഹം, ലോഭം, അസൂയ എന്നിവ കൈവിട്ടവരാണവര്‍. ഭൂമിയിലെ കാര്യങ്ങളൊന്നും അവരുടെ ചിന്തയെ സ്പര്‍ശിയ്ക്കില്ല. തൃഷ്ണയും അത്യാര്‍ത്തിയും ദേവന്മാരെ തീണ്ടുക പോലുമില്ല. ഇനി അച്ഛന്‍ പറഞ്ഞ പോലെ പാണ്ഡവന്മാര്‍ ദൈവാംശ ജാതരാണെങ്കില്‍ ദേവന്മാര്‍ക്ക് പണ്ടേ അവരുടെ കാര്യത്തിലിടപെടാമായിരുന്നില്ലേ? വെറുതെ പതിമൂന്നു വര്‍ഷം മരവുരി ധരിച്ചു വനത്തില്‍ ചുറ്റി തിരിയാന്‍ സ്വന്തം മക്കളെ അനുവദിയ്ക്കുമോ?

ഞാനൊരു നല്ല ഭരണകര്‍ത്താവാണ്. എന്റെ രാജ്യത്ത് നീതിയും ധര്‍മ്മവും ശരിയായ രീതിയില്‍ നടക്കുന്നു. ജനങ്ങള്‍ എന്റെ ഭരണത്തില്‍ ഏറെ തൃപ്തരാണ്. പര്‍ജ്ജന്യം കാലാകാലങ്ങളില്‍ വേണ്ട വിധം ലഭിയ്ക്കുന്നതിനാല്‍ നല്ല രീതിയില്‍ വിളവുകിട്ടുന്നു. ഇതെല്ലാം എന്റെ മേന്‍മയായി വീമ്പു പറയുന്നതില്‍ എനിയ്ക്ക് ഒട്ടും ഇഷ്ടമല്ല. ഉത്തമനായ പുരുഷന്‍ ഒരിയ്ക്കലും വീമ്പു പറയരുത്. എനിയ്ക്കതറിയാം. അച്ഛന്റെ മനസ്സിന് ധൈര്യം തരാനാണ് ഞാനിതെല്ലാം വീണ്ടും വീണ്ടും ആവര്‍ത്തിയ്ക്കുന്നത് യുദ്ധം ഉണ്ടാകട്ടെ ഒരു ദേവനും എന്നെ ബുദ്ധിമുട്ടിയ്ക്കില്ലെന്നു എനിയ്ക്കുറപ്പുണ്ട്.'

ദുര്യോധനന്‍ തന്റെ അന്തിമ തീരുമാനം പ്രകടമാക്കിയ ശേഷം സഭ വിട്ടിറങ്ങി. തുടര്‍ന്നു സദസ്യര്‍ ഓരോരുത്തരായി പിരിഞ്ഞു. ഒടുവില്‍ ഏറെ ശുന്യമായ സദസ്സില്‍ ഭയചികിതനായ ധൃതരാഷ്ട്രരും, സജ്ജയനും മാത്രമായി.

യുദ്ധം ഒഴിവാക്കുന്നതിനുള്ള അവസാന ശ്രമം എന്ന നിലയില്‍, ശ്രീ കൃഷ്ണന്‍ ഹസ്തിനപുരത്തേയ്ക്ക് പോകാന്‍ തീരുമാനമുണ്ടായി. വീണ്ടും ഒരു സന്ധി സംഭാഷണം നടത്തണമെന്ന അഭിപ്രായം യുധിഷ്ഠിരനടക്കമുള്ള പാണ്ഡവരും അവരുടെ സുഹൃത്തുക്കളും സഭ കൂടി ഏകാകണ്ടമായി തീരുമാനമെടുത്തു. യുധിഷ്ഠിരന്‍ കൃഷണ പാദങ്ങളില്‍ നമിച്ചു കൊണ്ട് എളിമയോടെ ഉണര്‍ത്തിച്ചു. പ്രഭോ! ഞാനൊരു യുദ്ധം ആഗ്രഹിയ്ക്കുന്നില്ല. ഒന്നും നേടാതെ ഉള്ള ഒളിച്ചോട്ടവും എനിയ്ക്കഭികാമ്യമല്ല. ഞാനൊരു ക്ഷത്രിയനായി ജനിച്ചതിനാല്‍ ദാന ധര്‍മ്മങ്ങള്‍ ചെയ്യാന്‍ ധനം വേണം. എന്റെ സഹോദരങ്ങളെയും പത്നിയെയും കഷ്ടപ്പെടുത്താനിനി എനിയ്ക്കാവില്ല. എനിയ്ക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച അവരെ സംരക്ഷിയ്ക്കേണ്ടതു എന്റെ ചുമതലയാണ്. വലിയച്ഛന്റെ ദുര മൂലം ലോകം മുടിയാന്‍ പോകുകയാണ്. അദ്ദേഹം കാരണം ഉറ്റവരുടെയും ഉടയവരുടെയും മരണത്തിന് ഞാന്‍ സാക്ഷ്യം വഹിയ്ക്കേണ്ടി വരും. യുദ്ധത്തില്‍ നിന്ന് ഒരു ക്ഷത്രിയനായ ഞാന്‍ ഇനിയും വിട്ടു നില്‍ക്കുന്നത് ആത്മ വഞ്ചനയാണ്. അതെനിയ്ക്ക് ദുര്യശ്ശസ്സെ നേടി തരൂ! സാദ്ധ്യമാകാത്ത ഒന്നിന് വേണ്ടി അങ്ങ് മുഖേന ഒരു ശ്രമം കൂടി ഞാന്‍ നടത്തുകയാണ്. പ്രഭോ! അങ്ങ് നിര്‍ദ്ദേശിയ്ക്കുന്ന 'മൈത്രി' അവര്‍ സ്വീകരിയ്ക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. അര്‍ഹിയ്ക്കുന്നതില്‍ കവിഞ്ഞൊന്നും എനിയ്ക്കുവേണ്ട പ്രഭോ!" യുധിഷ്ഠിരന്റെ കണ്ണുകള്‍ സജലങ്ങളായി. യുധിഷ്ഠിരനെ സ്നേഹത്തോടെ തഴുകിക്കൊണ്ട് കൃഷ്ണന്‍ പറഞ്ഞു. "യുധിഷ്ഠരാ! ഇരു കൂട്ടര്‍ക്കും ഹിതമായതെന്തോ അതിനുവേണ്ടി ഞാന്‍ സംസാരിയ്ക്കും. എന്റെ ശ്രമം വിജയിച്ചാല്‍ ഒരു യുദ്ധം ഒഴിവാക്കാന്‍ കഴിഞ്ഞത്തിന്റെ യശസ്സ് എനിയ്ക്ക് ലഭിയ്ക്കും. മരണത്തെ കണ്ഠാഭരണം പോലെ അണിഞ്ഞിരിയ്ക്കൂന്ന പലരെയും അതില്‍ നിന്ന് മുക്തരാക്കാനും എനിയ്ക്ക് കഴിയും. എന്നാലാവും വിധം ഞാന്‍ ശ്രമിയ്ക്കും. നിങ്ങള്‍ എനിയ്ക്കത്രമാത്രം പ്രിയരാണ്.

യുധിഷ്ഠരന്‍ ;- എന്റെ പ്രഭോ! അവരുടെ അടുത്തേയ്ക്ക് അങ്ങയെ അയയ്ക്കുന്നതില്‍ എനിയ്ക്ക് വൈമനസ്യമുണ്ട്. മുന്‍കോപക്കാരനായ ദുര്യോധനന്‍ അങ്ങയോടു വല്ല അവിവേകവും കാണിയ്ക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ യുധിഷ്ഠിരന്‍ ഒരു നിമിഷം ഭൂമിയില്‍ ജീവിചിരിയ്ക്കില്ല.'

ഭക്തനായ യുധിഷ്ഠിരനെ സ്നേഹത്തോടെ അണച്ചു കൊണ്ട് കൃഷ്ണന്‍ തുടര്‍ന്നു. 'സജ്ജയന്‍ ഇവിടെ വന്നുച്ചരിച്ച ധൃതരാഷ്ട്ര പ്രസ്താവന ഞാനും കേട്ടൂ. ഇത്രയുമെല്ലാം കേട്ടിട്ടും അങ്ങ് ഇനിയും ഒരു സന്ധി ആഗ്രഹിയ്ക്കുന്നു. യുധിഷ്ഠിരാ! ഇത്രയും സൗമ്യതയും ഭീനാനുകമ്പയും ഒരു ക്ഷത്രിയന് ചേര്‍നതല്ല. യുദ്ധ ഭൂമിയില്‍ ബന്ധുമിത്രങ്ങളില്ല. എല്ലാവരും ശത്രുപക്ഷക്കാര്‍ മാത്രം. അങ്ങിപ്പോഴും പുകഴ്ത്തി പറയുന്ന ഭീഷ്മരുള്‍പ്പെടെയുള്ള മഹാരഥന്മാര്‍, ദ്രൗപദിയ്ക്കെതിരെ ഘോരമായ അനീതി നടമാടിയപ്പോള്‍, ദുര്യോധനനെ തടഞ്ഞോ? ഇല്ല! അവര്‍ സുഖ ജീവിതത്തിന് മുന്‍തൂക്കം നല്‍കി. അനീതിയ്ക്കെതിരെ കഴിവുണ്ടായിട്ടും പ്രതികരിയ്ക്കാത്തവര്‍ നിന്ദ്യരാണ്. അവരും വധിയ്ക്കപ്പെടെണ്ടവര്‍ തന്നെ. ഞാന്‍ ഹസ്തിനപുരത്തെയ്ക്ക് പോകുന്നതിന്റെ ഉദ്ദേശം ഇതാണ്. അവിടെയുള്ള പൗരന്മാരോടും രാജാക്കന്മാരോടും മറ്റെല്ലാവരോടും സത്യം തുറന്നു പറയാനാണ്. ഞാന്‍ ധൃതരാഷ്ട്രരുടേയും മകന്റെയും സ്വഭാവം. അങ്ങയുടെതുമായി തുലനം ചെയ്യും. അവര്‍ ആരോടാണ് യുദ്ധം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ആ മനുഷ്യന്റെ ശ്രേഷ്ഠതയും വലിപ്പവും ഞാനവരെ ബോദ്ധ്യപ്പെടുത്തും. ജനം സത്യമറിയട്ടെ. എന്റെ ദൗത്യം വിജയിയ്ക്കുമെന്ന ശുഭ പ്രതീക്ഷയില്ലെങ്കിലും ഞാന്‍ നിങ്ങളുടെ നന്‍മയ്ക്കുവേണ്ടി എന്നാലാവും വിധം ശ്രമിയ്ക്കും. എന്നാല്‍ ഞാന്‍ തിരിച്ചെത്തിയാലുടന്‍ യുദ്ധം ആരംഭിയ്ക്കത്തക്ക രീതിയില്‍ നിങ്ങളും തയ്യാറെടുക്കുക.

ഭീമനും സ്വന്തം അഭിപ്രായം രേഖപ്പെടുത്തി കൃഷ്ണാ! എന്റെ ജ്യേഷ്ഠന്‍ പറയും പോലെ ധാര്‍ത്ത രാഷ്ട്രരുമായി ഒരു മൈത്രി ബന്ധത്തിന് അങ്ങയുടെ ദൗത്യം മൂലം ഫലമുണ്ടായാല്‍ ഞാനും സംതൃപ്തനാണ്. ദുര്യോധനന്‍ ജന്മനാ ഗര്‍വ്വിഷ്ഠനും അഹങ്കാരിയുമാണ്. അയാളോട് സംസാരിയ്ക്കുമ്പോള്‍ അങ്ങ് ഒരിയ്ക്കലും സൗമ്യ വാക്കുകള്‍ ഉപയോഗിയ്ക്കരുത്. അങ്ങ് സ്വീകരിയ്ക്കുന്ന നിലപാട് എന്ത് തന്നെയായാലും ഞങ്ങള്‍ അതിനെ സര്‍വ്വാത്മനാ സ്വീകരിയ്ക്കും. ഒരു യുദ്ധം അനേകായിരം നിര്‍ദോഷികളുടെ മരണത്തിനിടയാക്കും. അതൊഴിവാക്കാണമെന്നാണ് ജ്യേഷ്ഠനെ പ്പോലെ എന്റെയും പക്ഷം.

ഭീമന്റെ നിര്‍വ്യാജമായ വാക്കുകള്‍ കേട്ട് ശ്രീകൃഷ്ണന്‍ പൊട്ടിച്ചിരിച്ചു. ഭീമാ! ഇക്കണക്കിന് തീയുടെ ചൂടു കുറഞ്ഞു അത് മഞ്ഞുപോലെ തണുത്തു കട്ടയായി എന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കേണ്ടി വരും. അങ്ങയ്ക്കെന്തു പറ്റി? അങ്ങ് ശരിയായി ഉറങ്ങിയിട്ട് തന്നെ വര്‍ഷങ്ങളായെന്നു എനിയ്ക്കറിയാം. എപ്പോഴും പാതിയുറക്കത്തില്‍ ഞെട്ടിയുണര്‍ന്നു ഒരു ഭ്രാന്തനെപ്പോലെ പുലമ്പി ക്കൊണ്ട് ദുശ്ശാസന രക്തത്തിനു വേണ്ടി മുറവിളി കൂട്ടിയിരുന്നു. അങ്ങേയ്ക്കന്തുപറ്റി? യുധിഷ്ഠിരന്‍ ക്ഷമയോടെ കാത്തിരിയ്ക്കാന്‍ പറഞ്ഞപ്പോഴെല്ലാം അങ്ങ് ശക്തമായി കൈകള്‍ കൂട്ടിത്തിരുമിയിരുന്നു. തലയ്ക്കടിച്ചിരുന്നു. ചാരം മൂടിയ അഗ്നിപോലെ അങ്ങയുടെ മനസ്സ് വെന്തുരുകിയിരുന്നത് എനിയ്ക്കറിയാം.. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ വിധിയെ പഴിച്ചു അങ്ങ് ഒറ്റയ്ക്കിരുന്നു. പലപ്പോഴും കണ്ണീര്‍ തൂകിയിരുന്നു. പിശാചിനെപ്പോലെ ചിരിയ്ക്കും, ചിലപ്പോള്‍ കൂക്കി വിളിയ്ക്കും. സൂര്യന്‍ ഗതി മാറി പടിഞ്ഞാറുദിച്ചാലും പാറപ്പുറത്ത് താമര വിടര്‍ന്നാലും, എന്റെ ശപഥത്തില്‍ നിന്ന് ഈ ഭീമന്‍ പിന്തിരിയില്ല. ഓങ്ങിയ വാള്‍ ചോരകാണാതെ ഉറയില്‍ വെയ്ക്കുന്ന പ്രശനമില്ല. അങ്ങിനെയുള്ള ഭീമന് യുദ്ധം അടുത്ത് വന്നപ്പോള്‍ ഇത്രമാത്രം നിഷ്ക്രിയത്വം എങ്ങനെ സംഭവിച്ചു?

പുഞ്ചിരിയോടെ കൃഷ്ണന്‍ തുടര്‍ന്നു ;- ഭീമാ! അങ്ങൊരു ക്ഷത്രിയനാണ്. അങ്ങ് കൊല്ലുമെന്നു ശപഥം ചെയ്ത ദുര്യോധനാദികള്‍ പാപിഷ്ഠരാണ്. അവരെ കൊന്ന് അങ്ങ് ശപഥം പാലിയ്ക്കൂ! എങ്കില്‍ മാത്രമേ ക്ഷത്രിയോജിതമായ വീര സ്വര്‍ഗ്ഗം പൂകാന്‍ താങ്കള്‍ക്ക് കഴിയൂ. മയങ്ങിക്കിടക്കുന്ന അങ്ങയിലെ 'സ്വ' തട്ടിയുണര്‍ത്തൂ. കര്‍മ്മനിരതനാകൂ. അങ്ങാണ് യുദ്ധത്തിന്റെ നെടുംതൂണാകേണ്ടയാള്‍.

ഭീമന്‍, കൃഷണ വചനം കേട്ട് ഊര്‍ജ്ജസ്വലനായി. "അങ്ങ് പറയും പോലെ ഒരു ഭീരുത്വവും എന്നെ ബാധിച്ചിട്ടില്ല. എന്റെ ജീവനായ ജ്യേഷ്ഠനു വേണ്ടി സര്‍വ്വസ്വവും ത്യജിയ്ക്കാന്‍ ഈ ഭീമന്‍ ഒരുക്കമാണ്. അങ്ങ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശം കിട്ടിയാല്‍ മാത്രം മതി."

കൃഷ്ണന്‍ ഭീമന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടിക്കൊണ്ടു അര്‍ജ്ജുനനെ അര്‍ദ്ധോക്തിയില്‍ നോക്കി. അര്‍ജ്ജുനന്‍ പറഞ്ഞു കൃഷ്ണാ! അങ്ങയെ എനിയ്ക്കറിയാം. ഒരു യുദ്ധം ഒഴിവാക്കാന്‍ അങ്ങ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ വിധത്തില്‍ അവരെ കൊണ്ട് ചിന്തിപ്പിയ്ക്കാന്‍ അങ്ങയ്ക്ക് കഴിയും. അങ്ങ് ലോകൈകനാഥനാണ്. ജ്യേഷ്ഠന്‍ പറയും പോലെ മറ്റു വഴികളെല്ലാം അടഞ്ഞാല്‍ മാത്രമേ യുദ്ധം ഒരു മാര്‍ഗ്ഗമായി സ്വീകരിയ്ക്കാവൂ.

കൃഷ്ണന്‍ ;- അര്‍ജ്ജുനാ! താങ്കള്‍ പറയും പോലെ ഒരു യുദ്ധം ഒഴിവാക്കാന്‍ ഈ ഘട്ടത്തില്‍ എനിയ്ക്കാവില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ ന്യായമാണന്നു ഞാനവരെ ബോദ്ധ്യപ്പെടുത്തും. സ്വന്തം നിയതിയെ ഒരു ദൈവ ശക്തിയ്ക്കും കവച്ചു വെയ്ക്കാനാവില്ല. ധാര്‍ത്ത രാഷ്ട്രരെ സംബന്ധിച്ച് എത്ര എത്ര അവസരങ്ങള്‍ കഴിഞ്ഞു? എന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടലിന്‍ പ്രത്യേകിച്ചു ഒരത്ഭുതവും സൃഷ്ടിയ്ക്കാനാവുമെന്നു ഞാന്‍ കരുതുന്നില്ല. നകുലനും അര്‍ജ്ജുനാഭിപ്രായത്തോട് യോജിയ്ക്കുകയാണ്ന്ടായത്. സഹദേവന്റെ മുഖം രോഷത്താല്‍ കത്തുന്നത് കൃഷ്ണന്‍ കണ്ടു. "യുദ്ധം തന്നെയാണ് ഞാനഗ്രഹിയ്ക്കുന്നത് കൃഷ്ണാ! അങ്ങയുടെ ശ്രമം വിജയിയ്ക്കുന്ന ഒരു ലക്ഷണവും ഞാന്‍ കാണുന്നില്ല. ഞങ്ങളുടെ രാജ്ഞിയെ അപമാനിച്ച ആ ദിവസം എനിയ്ക്ക് മറക്കാനാവുന്നില്ല. എല്ലാ ശപഥവും ഞങ്ങള്‍ക്ക് നിറവേറ്റണം. "കൃഷ്ണന്‍ ദ്രൗപദിയെ നോക്കി. അവര്‍ പറഞ്ഞു. "ഭഗവാനെ! സഹദേവന്റെ അഭിപ്രായം തന്നെയാണെനിയ്ക്കും. മാനം വ്രണപ്പെട്ട ഒരു സ്ത്രീയുടെ മനസ്സ് മറ്റാരേക്കാളും അങ്ങേയ്ക്കറിയാം. ഇവര്‍ പൂജിയ്ക്കുന്ന പിതാമഹനോ, മഹാരഥന്മാരോ അവര്‍ കാണിച്ച അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയില്ല. സ്വന്തം സുഖത്തിനാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. അവരെല്ലാം വധിയ്ക്കപ്പെടെണ്ടവര്‍ തന്നെയാണന്നാണ് എന്റെ പക്ഷം." ദ്രൗപദിയുടെ നയനങ്ങള്‍ ജലാര്‍ദ്രങ്ങളായി.

കൃഷ്ണന്‍ സമാധാനിപ്പിച്ചു. 'ദ്രൗപദി! നിന്നോട് പറഞ്ഞ വാക്കു പാലിയ്ക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. എന്റെ സൗമ്യ വാക്കുകളൊന്നും അവര്‍ സ്വീകരിയ്ക്കില്ലെന്നു എനിയ്ക്കുറപ്പാണ്. പിന്നെ ധര്‍മ്മവും, നീതിയും ഒരിയ്ക്കല്‍ കൂടി അവരെ ബോദ്ധ്യപ്പെടുത്തുക - മരണം കാത്തു കിടക്കുന്ന കുറ്റവാളിയ്ക്ക് നല്‍കുന്ന അവസാന ഇളവ് അത്രമാത്രം. സമാധാനമായിരിയ്ക്കൂ! എല്ലാം ഭവതി വിചാരിച്ച പോലെ തന്നെ വരൂ!

അടുത്ത പ്രഭാതത്തില്‍ കൃഷണനും സാത്യകിയും ഹസ്തിനപുരത്തേയ്ക്ക് തിരിച്ചു. ഒരു മുന്‍കരുതലെന്നോണം അവര്‍ രഥത്തില്‍ ആയുധങ്ങളും സജ്ജീകരിച്ചിരുന്നു. കൃഷ്ണന്‍ ഹസ്തിനപുരത്തെയ്ക്ക് പുറപ്പെട്ടിരിയ്ക്കുന്ന വിവരം ധൃതരാഷ്ട്രര്‍ ചാരന്മാര്‍ മുഖേന അറിഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ഭീഷ്മര്‍ക്കും വിദുരര്‍ക്കും ആളയച്ചു. ആഗതനായ വിദുരരോടായി ധൃതരാഷ്ട്രര്‍ പറഞ്ഞു. മഹാത്മാവായ കൃഷണന്‍ ഇങ്ങോട്ട് പുറപ്പെട്ടിട്ടുന്നറിഞ്ഞു. നമ്മള്‍ക്കദ്ദേഹത്തെ ഉചിതമായി സ്വീകരിയ്ക്കണം. തന്റെ പുത്രനോടായി രാജാവ്‌ പറഞ്ഞു. "പുത്രാ! നീ അദ്ദേഹത്തെ വേണ്ട വിധം ആദരിച്ചാല്‍ ഒരു പക്ഷേ അദ്ദേഹം നിനക്കനുകൂലനാകും." ധൃതരാഷ്ട്രരുടെ നിര്‍ദ്ദേശ പ്രകാരം ദുര്യോധനന്‍ കൃഷ്ണനെ ആദരിയ്ക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും നടപ്പിലാക്കാന്‍ നിര്‍ദ്ദേശം കൊടുത്തു. ധൃതരാഷ്ട്രരുടെ മനസ്സ് ആകെ ചഞ്ചലമായിരുന്നു. അദ്ദേഹം വിദുരരോടായി പറഞ്ഞു. വിദുരാ! പുരുഷോത്തമനായ കൃഷ്ണന്‍ ഇന്നു രാത്രി 'കുശസ്ഥലത്ത്' തങ്ങി നാളെ പ്രഭാതത്തില്‍ ഹസ്തിനപുരിയിലെത്തും. അദ്ദേഹത്തിന് വിലകുടിയ രത്നങ്ങളും ഉപഹാരങ്ങളും നല്‍കി ഞാന്‍ ആദരിയ്ക്കുന്നുണ്ട്" ധൃതരാഷ്ട്രരുടെ ഹൃദയതാളം മീട്ടുന്ന നിഗൂഢത വിദുരര്‍ വായിച്ചറിഞ്ഞു.

എന്റെ ജ്യേഷ്ഠ! താങ്കളെ പ്പോലെ ഒരു സ്വാര്‍ത്ഥനെ ഞാനിന്നോളം കണ്ടിട്ടില്ല. എനിയ്ക്കങ്ങയെ ചെറുപ്പം മുതലറിയാം. സ്വന്തം കാര്യസാദ്ധ്യത്തിനപ്പുറം അങ്ങയ്ക്ക് ആരോടും ഒരടുപ്പവുമില്ല. കൃഷ്ണന് സമ്മാനങ്ങള്‍ നല്‍കി ആദരിയ്ക്കാനുദ്ദേശിച്ചു പോലും, കഷ്ടം! ഈ ലോകം മുഴുവന്‍ മൂന്നടിയാല്‍ അളന്ന ലോകൈകനാധനാണദ്ദേഹം. അദ്ദേഹം പാണ്ഡവദൂതുമായാണ് വരുന്നത്. സ്വന്തം മക്കളെപ്പോലെ കരുതേണ്ട സഹോദരപുത്രര്‍ക്ക്, അര്‍ഹമായത് നല്‍കാന്‍ അങ്ങ് വിമുഖത കാണിയ്ക്കുന്നു. അവരുടെ ദൂതനെ എന്തു വില കൊടുത്തും പാട്ടിലാക്കാന്‍ ശ്രമിയ്ക്കുന്നു. കൃഷ്ണനെ അങ്ങ് ആദരിയ്ക്കാനുദ്ദേശിയ്ക്കുന്നെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിയ്ക്കുന്ന വ്യവസ്ഥകളോട് യോജിയ്ക്കുക. ലോക സമാധാനം ഉറപ്പില്‍ വരുത്തുക. ഇതില്‍ കവിഞ്ഞ ഒരു സല്‍ക്കാരത്തിനും വഴങ്ങുന്ന ആളല്ല അദ്ദേഹം.

കേട്ടിരുന്ന ദുര്യോധനനും വിദുരാഭിപ്രായത്തോട് യോജിച്ചു. "ചെറിയച്ഛന്‍ പറഞ്ഞത് വളരെ ശരിയാണ്. കൃഷണന്‍ പാണ്ഡവപക്ഷവാദിയാണ്. അവര്‍ക്കുവേണ്ടി സംസാരിയ്ക്കാനാണദ്ദേഹം വരുന്നത്. അനവസരത്തില്‍ വെച്ചു നീട്ടുന്ന സമ്മാനങ്ങള്‍ പരിഹാസത്തിനിടയാക്കും. അച്ഛന്റെ വില കുറഞ്ഞ പ്രകടങ്ങള്‍ തല്‍ക്കാലം ഒഴിവാക്കുക. നമുക്ക് അദ്ദേഹത്തെ ഉചിതമായി സ്വീകരിയ്ക്കാം. അതിനപ്പുറം ഒന്നും വേണ്ട."

ഭീഷ്മര്‍ പറഞ്ഞു :- കൃഷ്ണനെ ബഹുമാനിച്ചാലും ഇല്ലെങ്കിലും അതെല്ലാം അദ്ദേഹത്തെ സംബന്ധിച്ചും അപ്രധാനമാണ്. സ്വന്തം മൂഡത കൊണ്ട് ആരെങ്കിലും അദ്ദേഹത്തെ അപമാനിയ്ക്കാന്‍ ശ്രമിച്ചാല്‍ അതൊന്നും ആ പുരുഷോത്തമന്‍ കാര്യമായെടുക്കില്ല. അദ്ദേഹം സത്യസന്ധനാണ്. അദ്ദേഹത്തിന്റെ ദൃഷിടിയില്‍ നിന്ന് ഒന്നും ഒളിച്ചുവെയ്ക്കാനാവില്ല. നിങ്ങള്‍ പാണ്ഡവരോട് ചെയ്ത തെറ്റുകള്‍ തിരുത്തണമെന്ന് അദ്ദേഹം ആഗ്രഹിയ്ക്കുന്നു. നിങ്ങള്‍ അതിന് തയ്യാറായാല്‍ അദ്ദേഹം നിങ്ങളില്‍ സന്തുഷ്ടനാകും. 'ദുര്യോധനന്‍ പെട്ടെന്ന് കോപിഷ്ഠനായി.' എന്റെ മുത്തച്ഛന്‍ ഏതു സമയവും പാണ്ഡവര്‍ക്കുവേണ്ടി വാദിയ്ക്കുന്നു. ഇങ്ങു വരട്ടെ, ഈ പാണ്ഡവ ദൂതനായ കൃഷ്ണനെ ഞാന്‍ കാരാഗൃഹത്തിലടയ്ക്കുന്നുണ്ട്. നമുക്ക് നോക്കാം പാണ്ഡവരെന്ത് ചെയ്യുമെന്ന് എനിയ്ക്കെതിരെ ഒരു ചെറുവിരല്‍ പോലും അവര്‍ പിന്നെ അനക്കില്ല.

ദുര്യോധനന്റെ വാക്കുകള്‍ കേട്ട് ഭീതിതനായ ധൃതരാഷ്ട്രര്‍ മുറവിളി കൂട്ടി. 'എന്റെ പുത്രാ! നീ അവിവേകമൊന്നും കാണിയ്ക്കരുത്. അദ്ദേഹം പുരുഷോത്തമനും നമ്മുടെ ബന്ധുവുമാണ്. പോരെങ്കില്‍ ദൂതനായിട്ടാണ് ഹസ്തിനപുരത്തില്‍ വരുന്നത്. നിന്റെ ബുദ്ധി ശുന്യമായ പ്രവര്‍ത്തി അനര്‍ത്ഥം ക്ഷണിച്ചു വരുത്തും.

ഭീഷ്മര്‍:- രാജാവേ! താങ്കളുടെ പുത്രന്റെ ധാര്‍ഷ്ട്യം അതിന്റെ പാരമ്യതയിലെത്തിയിരിയ്ക്കുന്നു. എത്ര ഉപദേശിച്ചാലും ഇയാള്‍ നേര്‍ വഴിയ്ക്ക് വരില്ല. പാപത്തിന്റെ പണിപുരയില്‍ ഇയാളോടൊപ്പം കുറെ ഉപദേശികളും. ഭീഷ്മര്‍ സഭ വിട്ടിറങ്ങി.

അതിരാവിലെ കൃഷ്ണന്‍ ഹസ്തിനപുരത്തിലെത്തി. ധൃതരാഷ്ട്രര്‍, ഭീഷ്മര്‍, ദ്രോണര്‍ വിദുരര്‍, കൃപര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. ദുര്യോധനനും രാധേയനും, ദുര്യോധന സഹോദരരും സഭയില്‍ ഉപവിഷ്ടരായിരുന്നു. തനിയ്ക്കായി ഒരുക്കിയിരുന്ന സുവര്‍ണ്ണ സിംഹാസനത്തില്‍ മന്ദസ്മിത വദനനായിരുന്ന കൃഷ്ണന്‍ സ്നേഹത്തോടെ ഏവരെയും കടാക്ഷിച്ചു. ഉപചാരത്തിന്‍ നന്ദി പറഞ്ഞു. അല്പം കഴിഞ്ഞു അദ്ദേഹം വിദുരരോടൊപ്പം വിദുര ഗൃഹത്തിലെയ്ക്ക് തിരിച്ചു. വിദുരരോടൊപ്പം കഴിഞ്ഞിരുന്ന കുന്തിയെ അദ്ദേഹം മുറിയില്‍ ചെന്ന് കണ്ടു. തന്റെ മക്കളുടെ വിശേഷങ്ങളറിയാന്‍ ഉത്സുകയായിരുന്ന ആ മാതാവിനെ, കൃഷ്ണന്‍ പാണ്ഡവരുടെ സുഖ വിവരം യഥാപൂര്‍വ്വം അറിയിച്ചു. ദ്രൗപദിയുടെ അവസ്ഥയും കൃഷ്ണന്‍ പ്രത്യേകം പരാമര്‍ശിച്ചു. തന്റെ അരുമയായ സഹദേവന്റെ സൗഖ്യം കുന്തി എടുത്തു ചോദിച്ചു - അത്രമാത്രം വാത്സല്യമായിരുന്നാമാദ്രീസുതനോട് കുന്തിയ്ക്ക്.

വിദുരരുമായുള്ള സംഭാഷണത്തില്‍ നിന്ന് ഹസ്തിനപുരത്തിലെ ചര്‍ച്ചകളെ പറ്റിയുള്ള ഒരേകദേശ രൂപം കൃഷ്ണന് വ്യക്തമായി. അടുത്ത പടിയായി കൃഷ്ണന്‍ ദുര്യോധനന്റെ കൊട്ടാരത്തിലേയ്ക്ക് പോയി. ഇന്ദ്രസമാനമായ ആ കൊട്ടാരത്തില്‍ കൃഷ്ണന് വേണ്ടി വിശിഷ്ട സിംഹാസനം ഒരുക്കിയിരുന്നു. ദുര്യോധനനോടൊപ്പം രാധേയനും ദുര്യോധന സഹോദരന്മാരും, ശകുനിയും കൃഷ്ണനെ ആദരവോടെ സ്വീകരിച്ചു. സ്വതസിദ്ധമായ മന്ദസ്മിതത്തോടെ കൃഷ്ണന്‍ ആസനസ്ഥനായി. ദുര്യോധനന്‍ അല്പം സങ്കോചത്തോടും നീരസത്തോടും പറഞ്ഞു. കൃഷ്ണാ! അങ്ങേയ്ക്ക് വേണ്ടി ഞാന്‍ വിശിഷ്ടമായ എല്ലാം ഏര്‍പ്പാടും ചെയ്തിരുന്നു. അങ്ങതൊന്നും സ്വീകരിയ്ക്കാതെ വിദുര ഗേഹത്തിലേയ്ക്ക് പോയതില്‍ എനിയ്ക്കല്പം അമര്‍ഷമുണ്ട്. കൃഷ്ണന്‍ നിര്‍ദോഷമായി പ്രതികരിച്ചു. 'ദുര്യോധനാ! താങ്കളുടെ ആതിഥ്യം ഞാന്‍ സ്വീകരിയ്ക്കാത്തതില്‍ ഇത്ര അലോഹ്യം തോന്നേണ്ട കാര്യമുണ്ടോ? വിദുരര്‍ എനിയ്ക്ക് ഏറെ പ്രിയനും ധര്‍മ്മിഷ്ഠടനുമാണ്. ഞാന്‍ ഒരു സുപ്രധാന ദൗത്യവുമായാണ് വന്നിരിയ്ക്കുന്നത്. എന്റെ ശ്രമം വിജയിച്ചാല്‍ ഞാന്‍ താങ്കളുടെ ആതിഥ്യം സ്വീകരിയ്ക്കും. പാണ്ഡവരെ നിരന്തരം പീഡിപ്പിയ്ക്കുന്ന നിങ്ങള്‍ എത്ര ശ്രേഷ്ഠനാണെങ്കിലും, എന്നെ സംബന്ധിച്ച് അധര്‍മ്മിയാണ്. ഒരധര്‍മ്മിയുടെ ഗൃഹത്തില്‍ നിന്നും ഞാന്‍ അന്നം ഭുജിയ്ക്കില്ല. മറിച്ച് വിദുരര്‍ എന്നെപ്പോലെ പാണ്ഡവരെ സ്നേഹിയ്ക്കുന്നു. അവരുടെ നന്‍മ കാംക്ഷിയ്ക്കുന്നു, 'ദുര്യോധനനെ അവഗണിച്ചു കൃഷ്ണന്‍ പുറത്തേയ്ക്കിറങ്ങി. കൃഷ്ണന് പിന്നാലെ ആതിഥ്യ മര്യാദയുമായെത്തിയ ഭീഷ്മരേയും, കൃപരേയും അദ്ദേഹം സ്നേഹ വചസ്സോടെ ഒഴിവാക്കി. കൃഷ്ണന്‍ വീണ്ടും വിദുര ഗൃഹത്തിലെത്തി.

ഭക്ഷണത്തിനു ശേഷം, രാവേറെ ചെല്ലുവോളം അവര്‍ തമ്മില്‍ സുപ്രധാനമായ പല ചര്‍ച്ചകളും നടത്തി.

വിദുരര്‍ ;- കൃഷ്ണാ! ഞങ്ങള്‍ നിരവധി പ്രാവശ്യം സ്നേഹ ബുദ്ധ്യാ ഉപദേശിച്ചിട്ടും അയാള്‍ വഴങ്ങുന്നില്ല. ഒരു പിടിവാശിക്കാരനും, ദുഷ്ട ബുദ്ധിയുമാണയാള്‍. ഞങ്ങളുടെ ഉപദേശമെല്ലാം ബധിരനെ സംഗീതം പഠിപ്പിയ്ക്കുന്ന പോലായി. അയാളും, രാധേയനും കൂടി പാണ്ഡവ കുലത്തെ മുടിപ്പിയ്ക്കുമെന്ന വാശിയിലാണ്. ഉപദേശകന്‍ ശകുനിയും. സഹോദരീ പുത്രന്മാരെ കുരുതി കൊടുത്തെ അയാള്‍ ഹസ്തിനപുരം വിടൂ എന്ന വാശിയിലാണ്. അങ്ങയുടെ ദൗത്യം വിജയത്തിലെത്തുമെന്നു എനിയ്ക്ക് തീരെ പ്രതീക്ഷയില്ല. മറിച്ച് പുരുഷോത്തമനായ അങ്ങയെ അവര്‍ അപമാനിയ്ക്കുമോ എന്നുപോലും സംശയിയ്ക്കുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ ഞാനതെങ്ങിനെ സഹിയ്ക്കും പ്രഭോ! ' വിദുരര്‍ ഗദ്ഗദ കണ്ടനായി.

കൃഷണന്‍ :- വിദുരരെ! താങ്കള്‍ എനിയ്ക്ക് ഏറെ പ്രിയനാണ്. താങ്കള്‍ എപ്പോഴും ഭക്തിയോടെ എന്നെ സ്മരിയ്ക്കുന്നു. എനിയ്ക്ക് പ്രിയരായ പാണ്ഡു \പുത്രരെ ഏറെ സ്നേഹിയ്ക്കുന്നു. വിദുരരെ! ഒരത്ഭുതവും പ്രവര്‍ത്തിയ്ക്കാന്‍ എന്റെ സന്ദര്‍ശനം ഉതകുമെന്ന വിശ്വാസം എനിയ്ക്കില്ല. മരണത്തെ കാമിയ്ക്കുന്ന ദുര്യോധനനെ തടയാനാര്‍ക്കുമാവില്ല. ഞാന്‍ യുദ്ധത്തിന്റെ ഭയാനകത അവരെ ബോദ്ധ്യപ്പെടുത്തും. എന്റെ ആവശ്യം സ്വീകരിയ്ക്കുക വഴി മരണ ഭയത്തില്‍ നിന്ന് മുക്തരാകാമെന്നും ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കും. ഒരു പാപിയെയും പൂര്‍ണ്ണമായും ഞാന്‍ തള്ളിക്കളയില്ല അവസാന നിമിഷം വരെ അവരെ നന്‍മയിലേയ്ക്ക് മടക്കി വരുത്താനുള്ള ശ്രമം നടത്തും.'

അടുത്ത പ്രഭാതത്തില്‍ കൃഷ്ണനെ സ്വീകരിയ്ക്കാന്‍ ദുര്യോധനന്‍ ആചാര ബഹുമതികളോടെ വിദുര ഗൃഹത്തിലെത്തി. കൃഷ്ണന്‍ സ്വീകരണത്തിന് നന്ദി പ്രദര്‍ശിപ്പിച്ചു കൊണ്ട് 'ദാരുകന്‍' ഒരുക്കിയ തേരില്‍ പ്രിയനായ വിദുരരോടും, സാത്യകിയോടുമൊപ്പം ദുര്യോധനനെ അനുഗമിച്ചു. പ്രൌഡഗംഭീരമായ സ്വീകരണമാണ് ഹസ്തിനപുരിയില്‍ ശ്രീകൃഷ്ണനുവേണ്ടി ഒരുക്കിയിരുന്നത്. പൗര ജനങ്ങള്‍ കണ്ണിമയ്ക്കാതെ കൃഷ്ണനെ തന്നെ നോക്കി നിന്നു - എന്തൊരു തേജസ്സാണാമുഖത്ത്. അവര്‍ പരസ്പരം മുഖം നോക്കി ഉരുവിട്ടൂ.

വിദുരരുടേയും, സാത്യകിയുടെയും കൈ പിടിച്ച് കൃഷ്ണന്‍ തേരില്‍ നിന്നിറങ്ങി സഭയിലേയ്ക്ക് നടന്നു. സഭയില്‍ ഉപവിഷ്ടരായിരുന്ന മഹാരഥന്‍മാര്‍ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു. കവാടത്തില്‍ കാത്തു നിന്ന ഋഷിമാരെ അകത്തേയ്ക്കാനയിയ്ക്കാന്‍ കൃഷ്ണന്‍ ഭീഷ്മരോട് നിര്‍ദ്ദേശിച്ചു. എല്ലാവരും താന്താങ്ങള്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഇരിപ്പടത്തില്‍ ഉപവിഷ്ഠരായി. സദസ്സിന്റെ നിറസാന്നിദ്ധ്യമായി കൃഷ്ണന്‍ തിളങ്ങി. മന്ദസ്മേരവദനനായ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ ആര്‍ക്കും തോന്നിയില്ല. ആ കടാക്ഷത്തില്‍ സര്‍വ്വരും ആകൃഷ്ടരായി. പ്രപഞ്ചനാഥന്റെ പ്രൗഡത ആരെയാണ് ആകൃഷ്ടരാക്കത്തത്?

സദസ്സിലെ ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം കൃഷ്ണന്‍ തന്റെ പ്രൗഡ ഗംഭീരമായ ശബ്ദത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തു. 'അനേകം വീരന്‍മാരുടെ മൃത്യു ഒഴിവാക്കുക എന്ന ദൗത്യവുമായാണ് ഞാന്‍ ഹസ്തിനപുരത്തില്‍ വന്നിരിയ്ക്കുന്നത്. കൗരവന്‍മാരും പാണ്ഡവന്‍മാരും തമ്മില്‍ സന്ധി ഉണ്ടായിക്കാണാനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. ഭാരത വര്‍ഷത്തില്‍ കുരുവംശം പാരമ്പര്യം കൊണ്ട് ഏറെ സമ്പന്നമാണ്. ഈ വംശത്തിലെ രാജാക്കന്മാരില്‍ സ്വതസിദ്ധമായി സത്യം, ദയ, ഔദാര്യം, നീതി, ദീനാനുകമ്പ എന്നീ ഉല്‍ക്കൃഷ്ട ഗുണങ്ങളുണ്ട്. എന്നാല്‍ രാജാവേ! ഈ പാരമ്പര്യത്തില്‍ പിറന്ന അങ്ങ് മാത്രം അതില്‍ നിന്ന് വ്യതിചലിയ്ക്കുന്നത് ശരിയല്ല. അങ്ങിപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി കുരുകുല സന്തതിയ്ക്ക് ചേര്‍ന്നതല്ല. അങ്ങയുടെ പുത്രന്മാര്‍ നീതിയുടെ പാതയില്‍ നിന്ന് പിന്‍മാറി പാപ മാര്‍ഗ്ഗം അവലംബിയ്ക്കുകയാണ്. അവര്‍ക്ക് 'ദമം' അഥവാ അച്ചടക്കമില്ല. കൂടപിറപ്പുകളോട് തെറ്റായ നിലപാട് പിന്തുടരുന്ന അവരില്‍ പാപം കുടിയേറിയിരിയ്ക്കുന്നു. ഈ നിലപാട് അവര്‍ക്കും ലോകത്തിനും ആപത്താണ്.

പ്രഭോ! താങ്കള്‍ക്ക് എന്തുകൊണ്ട് പുത്രന്മാരെ ശാസിച്ചു നേര്‍വഴിയ്ക്ക് നയിച്ച്‌ കൂടാ. അങ്ങയുടെ മൗനാനുവാദത്തോടെയാണ് പുത്രന്മാര്‍ ഈ ദുര്‍മാര്‍ഗ്ഗം തുടരുന്നതെന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കുന്നു. അങ്ങ് പുത്രന്‍മാരുടെ തെറ്റായ നിലപാടിനെതിരെ കര്‍ക്കശമായ മാര്‍ഗ്ഗം അവലംബിച്ചാല്‍ അവര്‍ അങ്ങയെ അനുസരിയ്ക്കും. ശാസിയ്ക്കാന്‍ കഴിവുള്ളവന്‍ മൗനിയായി ഇരിയ്ക്കുന്നത് തെറ്റാണ്. അങ്ങോരാള്‍ മാത്രം ഉറച്ച നിലപാടെടുത്താല്‍, ഈ സജ്ജനങ്ങള്‍ മുഴുവന്‍ അങ്ങയോടൊപ്പമുണ്ടാകും. പാണ്ഡവര്‍ മറ്റാരുമല്ല, താങ്കളുടെ സഹോദര പുത്രന്മാരാണ്. അവര്‍ വല്യച്ഛനെ അകമഴിഞ്ഞു സ്നേഹിയ്ക്കുന്നു. അവരോട് മൈത്രി ഉണ്ടാകുന്ന വിധം അങ്ങ് പ്രവര്‍ത്തിച്ചാല്‍ ലോകര്‍ അങ്ങയെ ആദരിയ്ക്കും. ഭാരത വര്‍ഷത്തിലെ ഏറ്റവും ശക്തനും, ശ്രേഷ്ഠനുമായ രാജാവായി താങ്കള്‍ അറിയപ്പെടും.

കൃഷ്ണന്‍ തുടര്‍ന്നു - കുരുവംശമാകുന്ന മരത്തിന്റെ ബലവത്തായ രണ്ടു കൊമ്പുകളാണ് പാണ്ഡവരും കൗരവരും. ഈ രണ്ടു കൊമ്പുകളും മരത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ട് അങ്ങേയ്ക്ക് ഒരു ലാഭവും ഉണ്ടാകാനില്ല. ശ്രേഷ്ഠരായ പാണ്ഡവര്‍ താങ്കള്‍ ഇത്രയെല്ലാം അനീതി അവരോട് കാട്ടിയിട്ടും വല്യച്ഛനെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനാണ്‌ അപേക്ഷിയ്ക്കുന്നത്. ഒരു യുദ്ധ കെടുതി അവരാഗ്രഹിയ്ക്കുന്നില്ല. അവരുടെ ത്യാഗത്തിനു മുന്‍പില്‍ അങ്ങ് ഉള്‍പ്പെടെയുള്ളവര്‍ ശിരസ്സ് നമിയ്ക്കണം.

കൃഷ്ണന്‍ ആവര്‍ത്തിച്ചു. ഈ സഭയില്‍ അനുദിനം നീതി, അനീതിയാല്‍ ശ്വാസം മുട്ടിക്കപ്പെടുന്നു. അസത്യവാക്കുകള്‍ സത്യത്തിന്റെ മുഖം മുടപ്പെടുമ്പോള്‍ ഇവിടെയുള്ള ശ്രേഷ്ഠന്‍മാര്‍ മൗനികളായിരുന്നു. സ്വന്തം ക്ഷേമം നോക്കുന്നു. പ്രതികരിച്ചാല്‍ പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയക്കുന്നു. പാപത്തെ പെരുപ്പിയ്ക്കുന്ന ഈ സ്ഥലം ഒരു രാജസഭ എന്ന് പറയാന്‍ ലജ്ജിയ്ക്കുന്നു. ദയവായി എന്റെ വാക്കുകള്‍ ശ്രദ്ധാപുര്‍വ്വം ശ്രവിച്ച് ഉചിതമായ തീരുമാനമെടുക്കു. പാണ്ഡവന്മാര്‍ക്ക് കൂടി അര്‍ഹതപ്പെട്ട ഈ രാജ്യം അങ്ങയുടെ പുത്രന്മാര്‍ മാത്രം അനുഭവിയ്ക്കാതെ അവരുടെ ന്യായമായ വിഹിതം നല്‍കാന്‍ തയ്യാറാകൂ. എങ്കില്‍ പാണ്ഡവര്‍ എന്നും അങ്ങയോടു കുറു പുലര്‍ത്തും. മറിച്ച് ഒരു യുദ്ധമാണഗ്രഹിയ്ക്കുന്നതെങ്കില്‍ അങ്ങയുടെ പുത്രന്‍മാര്‍ ആ യുദ്ധത്തില്‍ വധിയ്ക്കപ്പെടും. പുത്രശോകത്താല്‍ താങ്കളുടെ വാര്‍ദ്ധക്യം ദുഃഖപൂര്‍ണ്ണമാകും.

കൃഷ്ണന്‍ തന്‍റെ സംസാരം അവസാനിപ്പിച്ച് ഇരിപ്പിടത്തില്‍ ഉപവിഷ്ഠനായി. കൃഷ്ണന്‍റെ വാക്കുകള്‍ തികച്ചും സത്യസന്ധമാണന്നു ഏവര്‍ക്കും ബോദ്ധ്യമായി. രാജാവ്‌ വേദനയോടെ ഉണര്‍ത്തി, എന്‍റെ കൃഷ്ണാ! ഒരു യുദ്ധം ഞാനാഗ്രഹിയ്ക്കുന്നില്ല. പാണ്ഡവരുടെ രാജ്യം വിട്ടു കൊടുക്കാന്‍ ഞാനുള്‍പ്പെടെയുള്ളവര്‍ പല പ്രാവശ്യം ദുര്യോധനനെ ഉപദേശിച്ചു. ഒരു സാമ വാക്കും അയാള്‍ സ്വീകരിയ്ക്കുന്നില്ല. ഞാന്‍ നിഷ്ക്രിയനായ ഒരു രാജാവാണെന്ന സത്യം അങ്ങയോടു ബോദ്ധ്യപ്പെടുത്താന്‍ എനിയ്ക്ക് ലജ്ജയുണ്ട്. എന്‍റെ ഒരു ഉപദേശങ്ങളും എന്‍റെ മകന്‍ ചെവിക്കൊള്ളുന്നില്ല. അയാള്‍ക്ക് കുറെ ഉപദേശകരുണ്ട്. അവരുടെ ബലത്തില്‍ പലതും നേടിയെടുക്കാമെന്നു അയാള്‍ വ്യാമോഹിയ്ക്കുന്നു. മാതാവ് ഗാന്ധാരിയുടെ വാക്കുകള്‍ പോലും അയാള്‍ തള്ളിക്കളയുന്നു. അങ്ങയുടെ ഉപദേശം മൂലം അയാള്‍ക്ക് സല്‍ബുദ്ധി തോന്നിയാല്‍ ഞാന്‍ അങ്ങയോടു എന്നും കൃതജ്ഞതയുള്ളവനായിരിക്കും. കൃഷ്ണന്‍ ദുര്യോധനന് നേരെ തിരിഞ്ഞു. "ദുര്യോധനാ! ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കൂ! താങ്കള്‍ സമ്പന്നമായ ഈ കുരുവംശത്തിലെ സന്തതിയാണ്. ഉത്തമമായ പല ഗുണങ്ങളുടെയും വിള നിലമാണങ്ങ് എന്നിട്ടും അങ്ങെന്താണ് ഇങ്ങനെ പെരുമാറുന്നത്? എന്‍റെ പ്രിയ ദുര്യോധനാ! നീചകുലത്തില്‍ പിറന്നവരും, നീചസ്വഭാവമുള്ളവരും മാത്രമേ ലോഭികളും, ക്രൂരന്‍മാരും ആകൂ. അങ്ങയുടെ ഈ പോക്ക് തെറ്റാണ്. അത് അങ്ങേയ്ക്കും അങ്ങയുടെ കുലത്തിനും ശാശ്വത ദുഷ്കീര്‍ത്തിയുണ്ടാകും. പാപത്തിന്‍റെ തടവറയില്‍ നിന്ന് താങ്കളുടെ ആത്മാവിനെ രക്ഷിയ്ക്കൂ. അങ്ങയുടെ സ്നേഹിതരെയും, സഹോദരന്മാരെയും നാശത്തില്‍ നിന്ന് രക്ഷിയ്ക്കാന്‍ അങ്ങ് ഒരാള്‍ മാത്രം വിചാരിച്ചാല്‍ മതി. സ്ത്രീകളില്‍ വെച്ച് ഉത്തമയായ താങ്കളുടെ മാതാവ് ഗാന്ധാരിയുടെ ഹൃദയത്തെ സന്തോഷിപ്പിയ്ക്കൂ. താങ്കളുടെ അച്ഛന്‍ സന്ധിയ്ക്ക് തയ്യാറാണ്.

ഈ ലോകത്തില്‍ മൂന്നു തരക്കാര്‍ ഉണ്ട്. ഒരു കൂട്ടര്‍ പ്രകൃത്യാ ധര്‍മ്മിഷ്ടരായിരിയ്ക്കും. മറ്റൊരു കൂട്ടര്‍ ലാഭേച്ഛകളായിരിയ്ക്കും. താങ്കള്‍ ഈ രണ്ടാമത്തെ കൂട്ടത്തില്‍ പെട്ടവനാണെങ്കില്‍ പാണ്ഡവരോട് സന്ധി ചെയ്യുന്നത് താങ്കളുടെ കീര്‍ത്തിയെ വര്‍ദ്ധിപ്പിയ്ക്കും. അവരുടെ ബലത്തില്‍, സ്വന്തം സുഹൃത്തിനോടും സഹോദരന്മാരോടു മൊപ്പം അങ്ങേയ്ക്ക് ലോകൈ വീരനാകാം. ഇനിയും ഒരു കൂട്ടരുണ്ട്. അവര്‍ എപ്പോഴും തെറ്റായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കും. താങ്കള്‍ അത്തരക്കരനാണെന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. താങ്കള്‍ പാണ്ഡവരോട് എന്തിനിത്ര വൈരം പുലര്‍ത്തുന്നു? സന്ധിമൂലമുണ്ടാകുന്ന ഗുണഫലങ്ങളോടും അങ്ങേയ്ക്കെന്താണ് വിമുഖത? പാമ്പ് ഉറ ഊരിക്കളയും പോലെ, ഈ പാപ ചിന്തയെ മസസ്സില്‍ നിന്നകറ്റൂ. അര്‍ദ്ധ രാജ്യം പാണ്ഡവര്‍ക്ക് നല്‍കി ലോകനാശം ഒഴിവാക്കാന്‍ ശ്രമിയ്ക്കൂ. ഒരു സര്‍വ്വ നാശത്തില്‍ നിന്ന് ലോക ജനതയെ രക്ഷിയ്ക്കാന്‍ മനസ്സ് സജ്ജമാക്കൂ.

കൃഷ്ണന്‍ നിറുത്തിയപ്പോള്‍ ഭീഷ്മരും തന്നാലാവും വിധം ദുര്യോധനനെ ഉപദേശിച്ചു. വിദുരര്‍ പറഞ്ഞു. "ദുര്യോധനാ! എനിയ്ക്ക് താങ്കളെ പറ്റി അശേഷം ദുഃഖമില്ല. എന്നാല്‍ നൂറ് മക്കള്‍ക്ക് ജന്‍മം നല്‍കിയ അമ്മ അശരണയും, ആലംബ ഹീനയുമായി അന്ത്യനാളുകള്‍ തള്ളി നീക്കേണ്ടി വന്നാലുണ്ടാകുന്ന പാപ ഫലം മരണത്തിലും താങ്കളെ വിട്ടു പിരിയില്ല. താങ്കളുടെ പിതാവും തെറ്റിനു കൂട്ടുനിന്നിട്ടുണ്ട്. അദ്ദേഹം അത് തിരുത്തി, സഹോദര മക്കളെ കൂടെ നിറുത്താന്‍ തയ്യാറാണ്. താങ്കള്‍ക്കും എന്തുകൊണ്ടാ പാത പിന്തുടര്‍ന്ന് കൂടാ."

ഭീഷമര്‍ വീണ്ടും പറഞ്ഞു. "ദുര്യോധനാ! നീ അജയ്യരായി കണക്കാക്കുന്ന നിന്‍റെ ഈ മഹാരഥന്മാര്‍ക്കൊന്നും, യുദ്ധത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ക്കെതിരായി ഒരത്ഭുതവും സൃഷ്ടിയ്ക്കാനാവില്ല. അവര്‍ നരനാരായണന്‍മാരാണ്. ഭീമന്‍ വായു പുത്രനാണ്. അയാള്‍ ആഞ്ഞു വീശി കൗരവരെ മുച്ചൂടും മുടിയ്ക്കും."

എല്ലാം കേട്ടശേഷം ദുര്യോധനന്‍ കൃഷണനോടായി പറഞ്ഞു. "കൃഷ്ണാ! അങ്ങ് പറയുന്നു എല്ലാറ്റിനും ഞാനാണ് കുറ്റക്കാരനെന്ന്? ചൂതു കളിയ്ക്കാന്‍ ഞാന്‍ പാണ്ഡവരെ വിളിച്ചത് സത്യം തന്നെ. കളിയറിയാതെ കളിയ്ക്കാന്‍ ഞാന്‍ പറഞ്ഞോ? തോല്‍വി സമ്മതിച്ചു ഏതു നിമിഷവും പിന്‍തിരിയാനവസരമുണ്ടായിട്ടും, വീണ്ടും കളി തുടര്‍ന്നത് എന്‍റെ കുറ്റം കൊണ്ടാണോ? എല്ലാവരും ഞാന്‍ ചെയതത് തെറ്റാണന്നു സമര്‍ത്ഥിച്ചപ്പോള്‍ ഞാനെല്ലാം അവര്‍ക്ക് തിരിച്ചു നല്‍കിയില്ലേ? വീണ്ടും കളിയ്ക്കാന്‍ വിളിച്ചപ്പോള്‍ എന്തിന് വന്നു? ചില വ്യവസ്ഥകള്‍ക്ക് വിധേയമായിക്കളിച്ചു, തോറ്റപ്പോള്‍ വനത്തിലേയ്ക്ക് ഇറങ്ങി തിരിച്ചതിന് ഞാനെങ്ങനെ കുറ്റക്കാരനാകും? കര്‍മ്മനിരതനാകേണ്ട രാജാവ്‌ സ്വന്തം പ്രജകളെപ്പോലും മറന്നു കാട്ടിലേയ്ക്കോടിപ്പോയാല്‍ ആരെങ്കിലും ആ പ്രജകളെ സംരക്ഷിക്കേണ്ടെ? അത്രമാത്രമേ ഞാന്‍ ചെയ്തുള്ളു. അതിന് പാണ്ഡവര്‍ക്ക് എന്നോട് കടപ്പാടുണ്ടാകേണ്ടതാണ്. ക്ഷത്രിയ വംശത്തില്‍ പിറന്ന ഞാന്‍ എന്നും എന്‍റെ കുലത്തിന്‍റെ അന്തസ്സ് പാലിച്ചിട്ടുണ്ട്. ഒരു പക്ഷേ യുദ്ധത്തില്‍ ഞാന്‍ മരിച്ചു വീണാലും ഒരു ക്ഷത്രിയനായി തന്നെ അവസാനം വരെ പോരാടും. എനിയ്ക്ക് ബഹുമാന്യരെന്നു തോന്നുന്ന ചുരുക്കം ചില ഗുരുക്കന്‍മാരുടെ മുമ്പിലല്ലാതെ ആരുടെ മുമ്പിലും ഞാന്‍ കുമ്പിടില്ല, തലയുയര്‍ത്തി തന്നെ നടക്കും.

ഒന്നുകൂടി പറയുന്നു കൃഷ്ണാ, "ഇന്ദ്രപ്രസ്ഥം എന്ന രാജ്യം പണ്ട് എന്‍റെ അച്ഛന്‍ അവര്‍ക്ക് കൊടുത്തിരുന്നു. ആ സമയം അദ്ദേഹം അതിനെ പറ്റി എന്നോടാലോചിച്ചിരുന്നില്ല. ഞാന്‍ ചെറുപ്പമായതു കൊണ്ടാകാം. എന്നാല്‍ ഭരിയ്ക്കാനറിയാവുന്ന എന്‍റെ കയ്യില്‍ ഇന്നത് എത്തിചേര്‍ന്നിരിയ്ക്കുന്നു. ഇനി വിട്ടു കൊടുക്കുന്ന പ്രശ്നമില്ല. അല്പം പുച്ഛം കലര്‍ന്ന സ്വരത്തില്‍ ദുര്യോധനന്‍ തുടര്‍ന്നു. അങ്ങ് പാണ്ഡവ ദൂതനല്ലേ ഒന്നുകൂടി കുറിച്ചോളു. സൂചികുത്താനുള്ള സ്ഥലം പോലും ഞാന്‍ പാണ്ഡവര്‍ക്ക് വിട്ടു നല്‍കില്ല."

കൃഷ്ണന്‍റെ മുഖത്ത് വികൃതമായ ഒരു ചിരി വിടര്‍ന്നു. ആ ചിരിയില്‍ ഒരേ സമയം ദുര്യോധനനോടുള്ള ദേഷ്യവും അനുകമ്പയും പ്രകടമായിരുന്നു. ഭഗവാന്‍റെ മുഖം വായിയ്ക്കാന്‍ കഴിഞ്ഞ ഭീഷ്മാദികള്‍ ഭയ വിഹ്വലരായി. അടുത്ത നിമിഷം എന്തോ ഭയങ്കരമായതു സംഭവിയ്ക്കുമെന്നു അവര്‍ കണക്കുകൂട്ടി. തീര്‍ത്തും ഗൗരവപൂര്‍ണ്ണമായ മുഖത്തോടെ കൃഷ്ണന്‍ പ്രതികരിച്ചു. ദുര്യോധനാ! യുദ്ധഭൂമിയിലെ കിടപ്പും താങ്കള്‍ ഏറെ ഇഷ്ടപ്പെടുന്നതായി തോന്നുന്നു. താങ്കള്‍ പറഞ്ഞല്ലോ താങ്കള്‍ പാണ്ഡവരെ ദ്രോഹിച്ചിട്ടില്ലെന്ന്. എന്നാല്‍ അക്കമിട്ട് എനിയ്ക്ക് പറയാന്‍ കഴിയും താങ്കളതേ ചെയ്തിട്ടുള്ളൂ. ഒന്നും നേരായ മാര്‍ഗ്ഗത്തില്‍ നേടുന്നതിനെ പറ്റി താങ്കളും താങ്കളുടെ പിതാവും ചിന്തിച്ചിട്ടില്ല എന്നതാണ് ശരി. ബാലനായ ഭീമനെ വൃക പ്രസ്ഥത്തില്‍ വെച്ച് വിഷം കൊടുത്തു കൊല്ലാന്‍ നീ ശ്രമിച്ചില്ലേ? എന്തിനു വേണ്ടി - അവന്‍റെ കരുത്തിലുള്ള അസൂയ കൊണ്ട്. നീതി യുക്തമായി രാജ്യം ഭരിച്ച യുധിഷ്ഠിരന്‍ നിന്നെ സ്വന്തം സഹോദരന്മാരെക്കാളുപരി സ്നേഹിച്ചില്ലേ, പരിഗണിച്ചില്ലേ? എന്നിട്ടും നീയും നിന്‍റെ അച്ഛനും കൂടി വാരണാവദത്തിലെ ലാക്ഷ്യാ ഗൃഹത്തില്‍ വെച്ച് അവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചില്ലേ? പോട്ടെ, മടങ്ങി വന്ന അവര്‍ക്ക് രാജ്യം തിരിച്ചു നല്‍കിയില്ല - നീതികേടു കാട്ടി പുല്ലുപോലും മുളയ്ക്കാത്ത ഖാണ്ഡവ പ്രസ്ഥം നല്‍കി. അതിനും നീ കണക്കു പറയുന്നു. വീണ്ടും നീയും നിന്‍റെ അമ്മാവനും കൂടി കള്ളചൂത് കളിപ്പിച്ച് അവരുടെ സര്‍വ്വസ്വവും തട്ടി എടുത്തു. അതിന് നീ പറയുന്ന ന്യായ വാദങ്ങള്‍ ജനങ്ങള്‍ വിശ്വസിയ്ക്കുമെന്നു കരുതുന്നുണ്ടോ - ഇല്ല! നിനക്ക് തെറ്റ് പറ്റി ദുര്യോധനാ!!

ഏതെങ്കിലും ഒരു ധര്‍മ്മിഷ്ഠന്‍ സഹോദര ഭാര്യയെ അപമാനിയ്ക്കുമോ? നീയും നിന്‍റെ സഹോദരനും സുഹൃത്ത് രാധേയനും അതിന് തയ്യാറായില്ലേ? പ്രതികരിയ്ക്കാത്ത ഈ സഭയിലെ എല്ലാ മഹാരഥന്‍മാരും ശിക്ഷാര്‍ഹാരാണ്. വിവേകം നഷ്ടപ്പെട്ട നിന്നെപ്പോലുള്ള ഒരു പാപിയെ എന്തുചെയ്യണമെന്നെനിയ്ക്കറിയാം. കൃഷ്ണന്റെ ശബ്ദം പൊന്തിയപ്പോള്‍ ദുശ്ശാസനന്‍ അതൊരപകടസൂചനയായി കണ്ടു. ഒരു പക്ഷെ, കൃഷണ നിര്‍ദ്ദേശത്താല്‍ ദുര്യോധനന്‍ തടവിലാകുമെന്ന് പോലും അയാള്‍ ശങ്കിച്ചു. അനുജന്റെ സൂചനയില്‍ പന്തികേടു തോന്നിയ ദുര്യോധനനും അനുചരന്‍മാരും സഭാമാര്യാദകള്‍ പാലിയ്ക്കാതെ സഭയില്‍ നിന്ന് ധാര്‍ഷ്ട്യത്തോടെ ഇറങ്ങിപ്പോയി.

ഭീഷ്മര്‍ തേങ്ങി :- കൃഷ്ണാ! അയാള്‍ക്ക് മൃത്യുകാലം അടുത്തിരിയ്ക്കുന്നു. ഇനി ഒരു നീതിവാക്കും വിലപ്പോകില്ല.

കൃഷ്ണന്‍ :- ഇതിന് നിങ്ങളും ഉത്തരവാദിയാണ്. ദുഷ്ട ബുദ്ധിയായ മകനെ കുല നന്‍മയെ കരുതി ഒഴിവാക്കേണ്ടതായിരുന്നു. ഒരു ഗ്രാമത്തെ രക്ഷിയ്ക്കാന്‍ കുലം തടസ്സമാകരുത്. രാജ്യ നന്‍മയ്ക്ക് ഒരു ഗ്രാമത്തെ പ്പോലും തള്ളിപ്പറയാം. ആത്മാവിനു വേണ്ടി സര്‍വ്വസ്വവും ഉപേക്ഷിയ്ക്കാമെന്ന നീതിവാക്യം അങ്ങേയ്ക്കും അറിവുല്ലതെല്ലേ?

കേട്ടിരുന്ന ധൃതരാഷ്ട്രര്‍ ഭയം കൊണ്ട് വിവര്‍ണ്ണനായി. അദ്ദേഹം പറഞ്ഞു. "കൃഷ്ണാ! അവസാന ശ്രമമെന്ന നിലയില്‍ ഞാന്‍ ഗാന്ധാരിയെ സഭയിലേയ്ക്ക് വിളിപ്പിയ്ക്കാം. അമ്മയെ എന്‍റെ മകന് ഒരേ സമയം ഭയവും ബഹുമാനവുമാണ്. ഒരു പക്ഷെ അമ്മ പറഞ്ഞാല്‍ അവന്‍ അനുസരിയ്ക്കും'"

വിദുരര്‍ ഗാന്ധാരിയെ സഭയിലേയ്ക്ക് ക്ഷണിച്ചു. കോപത്താല്‍ അവരുടെ മുഖം ചുവന്നിരുന്നു. "ലോഭിയായ എന്‍റെ മകന് രാജ്യം ഭരിയ്ക്കാന്‍ അര്‍ഹതയില്ല. അവനില്‍ ഈ സ്വാര്‍ത്ഥ ചിന്ത വളര്‍ത്തിയതില്‍ അങ്ങും ഉത്തരവാദിയാണ്. ഇപ്പോള്‍ അവന്‍ അങ്ങയെപ്പോലും അനുസരിയ്ക്കാത്ത ഘട്ടമെത്തി. അവനെ യുവരാജാവാക്കരുതെന്നു വിദുരരുള്‍പ്പെടെ എത്ര നീതിമാന്‍മാര്‍ അങ്ങയെ ഉപദേശിച്ചു. അങ്ങ് ഒന്നിനും ചെവി കൊടുത്തില്ല."

അമ്മ വിളിയ്ക്കുന്നു എന്നറിയച്ചപ്പോള്‍ ദുര്യോധനന്‍ സഭയിലേയ്ക്ക് വന്നു. ഗാന്ധാരി മകനെ വിളിച്ചു. "എന്‍റെ മകനെ! നീ ഇങ്ങു വരൂ! എന്നോട് ചേര്‍ന്നിരിയ്ക്കൂ!! ദുര്യോധനന്‍ അനുസരണയുള്ള ഒരു പുത്രനെപ്പോലെ അമ്മയെ സ്പര്‍ശിച്ചു തലകുമ്പിട്ടിരുന്നു. ഗാന്ധാരി മകന്റെ മേനിയില്‍ തലോടിക്കൊണ്ട് മൃദുവായ ശബ്ദത്തില്‍ പറഞ്ഞു. "എന്‍റെ കുഞ്ഞേ! ഈ മഹത്തായ രാജ്യം ഭരിയ്ക്കാന്‍ നീ പ്രാപ്തനല്ല. അതിനു തക്ക ഇന്ദ്രിയ നിഗ്രഹം നിനക്കില്ല. സ്വജനങ്ങളെ ശത്രു ആയി കാണുന്ന ഒരുവനെങ്ങനെ തന്‍റെ പ്രജകളെ നിസ്വാര്‍ത്ഥമായി സ്നേഹിയ്ക്കാന്‍ കഴിയും? നിന്റെ സഹോദരങ്ങളായ പാണ്ഡവരെ സ്നേഹിയ്ക്കാന്‍ നീ മനസ്സ് പാകപ്പെടുത്തു. മനസ്സില്‍ നിന്ന് വൈരാഗ്യ ചിന്ത പിഴുതെറിയൂ. കൃഷ്ണന്‍ നിന്‍റെ രക്ഷയ്ക്കും ലോകനന്‍മയ്ക്കും വേണ്ടി പറയുന്നത് അനുസരിയ്ക്കൂ. അമ്മ നിന്‍റെ ഗുണത്തിനു വേണ്ടി മാത്രമേ സംസാരിയ്ക്കൂ. എന്‍റെ കടിഞ്ഞുല്‍ കനീയായ നിന്നെ മരണത്തിന്‍ വിട്ടു കൊടുക്കാന്‍ എനിയ്ക്കാവില്ല പുത്രാ!" ഗാന്ധാരിയുടെ കണ്ണീര്‍ തുള്ളികള്‍ ദുര്യോധനന്‍റെ കൈകളില്‍ പതിച്ചു. സ്വയം പതറിപ്പോകുമെന്നു തോന്നിയ അദ്ദേഹം ഉടന്‍ തന്നെ സഭാതലം വിട്ടു.

കടന്നു വന്ന ദുര്യോധനനെ സ്വാന്ത്വനിപ്പിയ്ക്കും മട്ടില്‍, ഒരു മുന്‍കരുതലെന്നോണം ദുശ്ശാസനന്‍ പറഞ്ഞു. "ജേഷ്ഠ! സൂക്ഷിയ്ക്കണം! അച്ഛനുള്‍പ്പെടെയുള്ളവരെല്ലാം കൃഷ്ണന്‍റെ അനുനയവാക്കുകളില്‍ മയങ്ങിയിരിയ്ക്കുകയാണ്. കൃഷ്ണന്‍ നിര്‍ദ്ദേശിച്ചാല്‍ അവര്‍ നമ്മളെ ബന്ധനസ്ഥരാക്കാനും മടിയ്ക്കില്ല." ദുര്യോധന്‍റെ ശൌര്യവും, ധാര്‍ഷ്ട്യവും പാരമ്യത്തിലെത്തി. അദ്ദേഹം ചാടി എഴുന്നേറ്റു. "ദുശ്ശാസനാ! എന്തെങ്കിലും സംഭവിയ്ക്കും മുന്‍പ് നമുക്ക് ഈ വ്യാഘ്രത്തെ പിടിച്ചു തടവിലിടാം. അതോടെ വിഷപ്പല്ല് കൊഴിഞ്ഞ പാണ്ഡവര്‍ യുദ്ധം ഒഴിവാക്കി പിന്‍തിരിഞ്ഞോടും.

പൊടുന്നനെ അപകട സൂചന കേട്ടറിഞ്ഞ സാത്യകിയും, കൃതവര്‍മ്മാവും സൈന്യ സജ്ജീകരണത്തിന് തയ്യാറെടുത്തു. തീയ്യെ പടുതുണിയില്‍ പൊതിയാനാണ് ദുര്യോധനന്‍ തയ്യാറെടുക്കുന്നത്. ക്രൂരമായ ഈ നീക്കം ഏതു വിധേനയും തടയണം. കൃഷ്ണന്‍ സാത്യകിയെ സമാധാനിപ്പിച്ചു. "പേടിയ്ക്കേണ്ട! എന്നെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും എളുപ്പമല്ല."

"എന്താണ് ഞാനീ കേള്‍ക്കുന്നത്? എന്‍റെ മകന് ബുദ്ധി ഭ്രമം പിടിപെട്ടുവോ? പുരുഷോത്തമനായ ഭഗവാനെ പിടിച്ചു കെട്ടാന്‍ ആര്‍ക്ക് കഴിയും? ഭഗവാനെ! എന്‍റെ പുത്രന്‍റെ അവിവേകം പൊറുക്കണം." ധൃതരാഷ്ട്രര്‍ പൊട്ടിക്കരഞ്ഞു. അന്ധനായ രാജാവിന്‍റെ മനസ്സിലെ ഭഗവല്‍ ഭക്തി ആ നിമിഷം കൃഷ്ണന്‍ തിരിച്ചറിഞ്ഞു.

തയ്യാറെടുപ്പോടെ കടന്നു വന്ന ദുര്യോധനനെ നോക്കി കൃഷ്ണന്‍ പറഞ്ഞു. "മൂഡാ ! എന്നെ പിടിച്ചു കെട്ടാമെന്ന നിന്‍റെ വ്യാമോഹം ഒരിയ്ക്കലും നടപ്പിലാവില്ല. നിന്‍റെ നിയതി നീ തന്നെ കുറിച്ചിരിയ്ക്കുന്നു - അതങ്ങനെയേ വരൂ! സംസാരിച്ചു കൊണ്ടിരിയ്ക്കെ കൃഷ്ണന്‍ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. നിമിഷ് നേരം കൊണ്ട് കൃഷണ ശരീരം വളര്‍ന്നു. അത്യുഗ്രമായ ഒരു തേജസ്സു സഭയില്‍ നിറഞ്ഞു കവിഞ്ഞു. കൃഷ്ണന്‍റെ വായില്‍ നിന്ന് അഗ്നിയും തിരുനെറ്റിയില്‍ നിന്ന് ബ്രഹ്മാവും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്‍റെ മാറിടത്തില്‍ നിന്ന് ഏകാദശരുദ്രന്‍മാരും തോളുകളില്‍ നിന്ന് ഇന്ദ്രന്‍, വരുണന്‍, കുബേരന്‍, യമന്‍ തുടങ്ങിയ ദിഗ്പാലകരും പ്രത്യക്ഷപ്പെട്ടു. പ്രപഞ്ചത്തോളം ഉയര്‍ന്നു പൊങ്ങിയ തീജ്വാലകള്‍ക്കിടയിലായി സൂര്യനെ പ്രദക്ഷിണം വെയ്ക്കുന്ന ഭൂമിയും അതിലെ സകല ജീവജാലങ്ങളും കാണുമാറായി. കൃഷ്ണന്‍റെ സംരക്ഷണയില്‍ ഇടതു ഭാഗത്തായി പാണ്ഡവരും, വലതു ഭാഗത്തായി വൃഷ്ണികളും കാണപ്പെട്ടു. ഇടത്തെ കൈവെള്ളയില്‍ അര്‍ജ്ജുനനും, വലത്തെ കൈവെള്ളയില്‍ ബലരാമനും കാണപ്പെട്ടു. എണ്ണമറ്റ കൈകളുള്ള ഭഗവാന്‍റെ കൈകളില്‍ കൗമേദകി എന്ന ഗദ, പാഞ്ചജന്യമെന്ന ശംഖു. നന്ദന മെന്ന വാള്‍ എന്നിവയ്ക്ക് പുറമേ വിശ്വരക്ഷാര്‍ത്ഥം മറ്റായുധങ്ങളും കാണപ്പെട്ടു. നിരാകാരമായ മരണം സാകാരം പൂണ്ടതിന്‍റ് ഭീകരത ഭഗവാന്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഏറെപ്പേരുടെയും കണ്ണുകള്‍ അറിയാതെ മൂടിപ്പോയ ആ നിമിഷത്തില്‍ ഭഗവാന്‍റെ മായ എന്നോണം ധൃതരാഷ്ട്രര്‍ക്ക് കാഴ്ച് ശക്തി കിട്ടി. അദ്ദേഹം ആ കാഴ്ച കണ്ടു, തന്റെ മക്കള്‍ ആലംബഹീനരായി അതാ ആ പോര്‍ക്കളത്തില്‍ മരിച്ചു കിടക്കുന്നു. എങ്ങും കൃഷ്ണാര്‍ജ്ജുനന്‍മാര്‍. ഭഗവാന്‍ തന്നെ പുച്ഛത്തോടും ദൈന്യത്തോടും നോക്കുന്നു. ധൃതരാഷ്ട്രര്‍ പൊട്ടിക്കരഞ്ഞു. "ഭഗവാനെ! എല്ലാം എനിയ്ക്കങ്ങു കാട്ടി തന്നു. ഇനി എന്‍റെ കാഴ്ച ശക്തി തിരിച്ചെടുത്ത് അങ്ങ് എന്നെ ധന്യനാക്കൂ!'

ഒരു ദിവ്യ ഗാനം ആകാശത്ത് നിന്ന് കേള്‍ക്കുമാറായി. ആ ഗാന ധ്വനി നിന്ന നിമിഷത്തില്‍ ഭയങ്കരമായ ഭൂചലനമുണ്ടായി. സമുദ്രം വറ്റി തുടങ്ങി. ജനങ്ങള്‍ പരിഭ്രാന്തരായി. ലോകത്തോട്‌ ഏറെ അനുകമ്പയുള്ള ആ ലോകൈക നാഥന്‍ തന്‍റെ വിശ്വരൂപം വെടിഞ്ഞു. ആ സമയം ആകാശത്ത് നിന്ന് പുഷപവൃഷ്ടി ഉണ്ടായി. അദ്ദേഹം ക്ഷണത്തില്‍ സഭാമന്ദിരം വിട്ടിറങ്ങി. പിന്നാലെ ഋഷിമാരും സഭയില്‍ നിന്നിറങ്ങി ധൃതരാഷ്ട്രര്‍, കൃഷ്ണന്‍ ഇറങ്ങിപ്പോയ വഴിയെ നോക്കി ഹൃദയഭേദകമായി വിലപിച്ചു. "ഭഗവാനെ! അങ്ങേയ്ക്കെന്നില്‍ കനിവുണ്ടാകണം. എന്‍റെ പുത്രന്‍ എന്നെക്കാള്‍ വളര്‍ന്നിരിയ്ക്കുന്നു. എന്‍റെ ആജ്ഞ അവന്‍ അനുസരിയ്ക്കുന്നില്ല. പാണ്ഡവരോട് എനിയ്ക്ക് ഒരു വിരോധവുമില്ല. കൃഷ്ണാ!" ധൃതരാഷ്ട്രരോദനം കൃഷ്ണന്‍ കേട്ടു. അദ്ദേഹം വേദനയോടെ പ്രതികരിച്ചു. "ഒരു കുലനാശം ഒഴിവാക്കാനും അതുവഴി ലോകനന്‍മയും കരുതി ഞാന്‍ എന്നാലാവും വിധം ശ്രമിച്ചു. ഗര്‍വ്വിഷ്ടനായ ദുര്യോധനന്‍ മരണത്തിന്‍റെ കവാടത്തിലേയ്ക്ക് അടുത്ത് കൊണ്ടിരിയ്ക്കുന്നു. ഇനി ഒന്നിനും അയാളെ തളയ്ക്കാനാവില്ല. രാജാവേ! ഞാനിറങ്ങുന്നു. അങ്ങയോടുണ്ടായിരുന്ന നേരിയ അമര്‍ഷം പോലും ഞാനീ നിമിഷം മറക്കുന്നു,"

തിരിച്ച് ഉപരിപ്ലാവ്യത്തിലേയ്ക്ക് മടങ്ങുന്നതിനു മുന്‍പായി കൃഷ്ണന്‍ രാധേയനെ സമീപിച്ചു. അദ്ദേഹത്തെ തന്‍റെ രഥത്തില്‍ കയറ്റി കൃഷ്ണന്‍ വിജനമായ ഒരു സ്ഥലത്തെത്തി. കൂടെയുണ്ടായിരുന്ന സാത്യകിയെ രഥത്തിലിരുത്തി കൃഷ്ണന്‍ രാധേയന്‍റെ കൈപിടിച്ചു നടന്നു. "രാധേയാ! അങ്ങൊരു ശ്രേഷ്ഠനാണ്, ധര്‍മ്മിഷ്ടനാണ്. ദാനത്തില്‍ അങ്ങയോളം പുകള്‍ പെറ്റവനായി ആരുമില്ല. സകലവേദ വേദാംഗങ്ങളും ഹൃദിസ്ഥമാക്കിയ താങ്കള്‍ക്കെങ്ങനെ പാപിയായ ദുര്യോധനനോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നു? രാധേയന്‍ പറഞ്ഞു. "കൃഷ്ണാ! അങ്ങ് പറഞ്ഞത് ശരിയാണ്. സത്തുക്കള്‍ ഒരിയ്ക്കലും പാപികളോട് ചങ്ങാത്തം കൂടരുത്. എന്നാല്‍ കൃഷ്ണാ! ദുര്യോധനനോടുള്ള എന്‍റെ മൈത്രീ ബന്ധം അന്ധമാണ്‌. രാധേയനെന്ന ഈ സൂത പുത്രന്‍ ഇന്നീ നിലയില്‍ ആകാന്‍ തന്നെ കാരണം ഏവനും ഗര്‍വ്വിഷ്ടനെന്നും പാപി എന്നും വിളിയ്ക്കുന്ന ദുര്യോധനനാണ്. അന്നാ മത്സര തട്ടില്‍ ദ്രോണാചാര്യനാല്‍ നിന്ദിതനായി ഞാന്‍ നിന്നപ്പോള്‍ ആരെയും കുസാതെ കടന്നു വന്നു എന്നെ മാറോടണച്ച് അംഗരാജ്യം എനിയ്ക്ക് തന്ന എന്‍റെ ചങ്ങാതിയ്ക്കപ്പുറം എനിയ്ക്കീ ലോകത്തിലൊന്നുമില്ല. പ്രത്യുപകാരമായി എന്‍റെ മൈത്രി മാത്രമാണദ്ദേഹം ആവശ്യപ്പെട്ടത്. അതവസാനം വരെ ദുര്യോധനന് നല്‍കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധധനാണ്. പ്രസവിച്ചതല്ലെങ്കിലും എനിയ്ക്കുവേണ്ടി ഹൃദയ രക്തം മുലപ്പാലായൊഴുക്കിയ എന്‍റെ വളര്‍ത്തമ്മ രാധ! ഈ രണ്ടു പോരോടും മാത്രമേ എനിയ്ക്ക് കടപ്പാടുള്ളു.

കൃഷ്ണന്‍ പറഞ്ഞു. "ശരിയാണ് രാധേയാ! കൃതജ്ഞതയുടെ കടം ഒരിയ്ക്കലും മടക്കി നല്‍കാനാവില്ല. അങ്ങയോടു സുപ്രധാനമായ അങ്ങയുടെ ജീവരഹസ്യം ഞാനറിയിയ്ക്കാം. അങ്ങ് ഒരു ക്ഷത്രിയനാണ്. അങ്ങയുടെ മാതാവ് ഉന്നതകുലത്തില്‍ പിറന്ന സ്നേഹ സമ്പന്നയായ സ്ത്രീയാണ്. ചില ജീവിതസാഹചര്യങ്ങള്‍ കൊണ്ട് അവര്‍ക്ക് താങ്കളെ ഉപേക്ഷിയ്ക്കേണ്ടി വന്നു. ലോകനിന്ദയെ കന്യകയായ ആ അമ്മ ഭയപ്പെട്ടു. അങ്ങേയ്ക്ക് ശ്രേഷ്ഠരും, ധീരരുമായ അഞ്ചു സഹോദരന്മാരുണ്ട് അങ്ങയുടെ ഒരു വാക്കുമതി, ഞാനീ നിമിഷം പാണ്ഡവരെ അങ്ങയുടെ മുന്നിലെത്തിയ്ക്കാം. ഞാന്‍ പറയുന്നതു പോലെ അവര്‍ അങ്ങേയ്ക്കുവേണ്ടി എന്തും ചെയ്യും.

രാധേയന്‍ അസഹ്യമായ ഒന്ന് കേള്‍ക്കേണ്ടി വന്ന ദുഃഖത്തോടെ അല്പനേരം തരിച്ചിരുന്നു. "കൃഷ്ണാ! എല്ലാം എനിയ്ക്ക് മനസ്സിലായി. എന്റെ ബാല്യ കൗമാര സ്വപ്നങ്ങളില്‍ പലപ്പോഴും ഈ സ്ത്രീ എന്‍റെ അരികില്‍ വന്നിരുന്നു. എന്‍റെ ശിരസ്സ്‌ മടിയിലെടുത്തു വെച്ച് നിര്‍വ്വികാരയായി തലോടിയിരുന്നു. ചിലപ്പോള്‍ പൊട്ടിക്കരയും പക്ഷെ ഒരിയ്ക്കലും അവരെനിയ്ക്ക് മുഖം തന്നിരുന്നില്ല. ഉറക്കത്തില്‍, ചിലപ്പോഴെല്ലാം ഞാന്‍ ഏറെ കൊഞ്ചലോടെ ചോദിയ്ക്കും, നിങ്ങള്‍ ആരാണ്? അനാഥനായ എന്നെ എന്തിനാണ് ഇത്ര കരുണയോടെ തലോടുന്നത്? അടുത്ത നിമിഷം ഒരു തേങ്ങലോടെ അവര്‍ പിന്‍തിരിയും. എന്‍റെ യൗവന സംഘര്‍ഷത്തില്‍ എപ്പോഴോ ആ മുഖം എനിയ്ക്ക് അന്യമായി. രാധേയന്‍ തുടര്‍ന്നു, അങ്ങേയ്ക്കെല്ലാമറിയാം. കൃഷ്ണാ! ദയവായി എന്‍റെ പിതാവരെന്നു പറയൂ."

ഏറെ അനുകമ്പയോടെ കൃഷ്ണന്‍ രാധേയനെ നോക്കി. നീ എന്നും വണങ്ങുന്ന സുര്യനാണ് നിന്‍റെ പിതാവ്.

കോരിത്തരിപ്പോടെ രാധേയന്‍ പറഞ്ഞു. "കൃഷ്ണാ! ഒരിയ്ക്കല്‍ സൂര്യദേവന്‍ എന്‍റെ അരികില്‍ വന്നിരുന്നു. കവച കുണ്ഡലങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കി. പല കാര്യങ്ങളും ഹൃദയം തുറന്നു സംസാരിച്ചു. എന്നിട്ടുപോലും അദ്ദേഹം ഈ സത്യം വെളിപ്പെടുത്തിയില്ല. എല്ലാം അങ്ങയുടെ ഊഴത്തിനുവേണ്ടി കാത്തുവെച്ചിരുന്നു. ഇപ്പോള്‍, അങ്ങിതെല്ലാം ഉണര്‍ത്തിച്ച് എന്‍റെ മനസ്സ് വായിയ്ക്കുന്നത് എന്തിനു വേണ്ടി? എനിയ്ക്കതറിയണം കൃഷ്ണാ! കൃഷ്ണന്‍ രാധേയനെ ഏറെ അലിവോടെ നോക്കി. "രാധേയാ! നീ ജന്‍മം കൊണ്ട് ക്ഷത്രിയനാണ്. പാണ്ഡവ സഹോദരനായ നീ വൃഷ്ണികുലത്തില്‍ പിറന്നവനാണ് യുദ്ധത്തില്‍ നിന്‍റെ ജീവന്‍ അപായപ്പെടരുതെന്നു ഞാനാഗ്രഹിയ്ക്കുന്നു.

"ഇല്ല, കൃഷ്ണാ! നന്ദി കേടു ഈ രാധേയന്‍ കാട്ടില്ല. എന്‍റെ മിത്രത്തിനേക്കാള്‍ വലുതല്ല എനിയ്ക്കെന്‍റെ ജീവന്‍. അവസാന നിമിഷത്തില്‍ നന്ദികേടിലൂടെ നേടി എടുക്കുന്ന പേരും പെരുമയെക്കാള്‍ ഞാന്‍ വിലമതിയ്ക്കുന്നത് എന്‍റെ പ്രിയ സുഹൃത്തിനോടുള്ള കടപ്പാടിനാണ്"

കര്‍ണ്ണന്‍ തുടര്‍ന്നു. "എന്‍റെ ദിവ്യചക്ഷുസ്സൂ കൊണ്ട് ഭാവിയില്‍ എന്ത് സംഭവിയ്ക്കുമെന്നു എനിയ്ക്ക് മുന്‍കുട്ടി അറിയാം. ഭീരുവിനെപ്പോലെ ഒരു മടക്കയാത്ര എനിയ്ക്കാവശ്യമില്ല കൃഷ്ണാ! പാവം! എന്‍റെ ദുര്യോധനനെ ഞാന്‍ വഞ്ചിയ്ക്കില്ല. അങ്ങെന്നെ അതിന് നിര്‍ബ്ബദ്ധിയ്ക്കരുത്. ഈ പാപിയായ രാധേയനോട് കാട്ടിയ അനുകമ്പയക്ക് നന്ദി." രാധേയന്‍ പൊട്ടിക്കരഞ്ഞു.

"അരുത്! രാധേയാ!! നിന്‍റെ മിത്ര സ്നേഹം എന്നും പ്രകീര്‍ത്തിയ്ക്കപ്പെടും. നിനയ്ക്ക് നല്ലത് വരുവാന്‍ ഞാനാശിയ്ക്കുന്നു," കൃഷ്ണന്‍ രാധേയനെ ആലിംഗനം ചെയ്തു. കൈ പിടിച്ചു ഹസ്തദാനം നല്‍കി. കണ്ണീര്‍ തുടച്ചു കൊണ്ട് രാധേയന്‍ കൃഷ്ണനൊപ്പം രഥത്തിനരികിലേയ്ക്ക് നടന്നു.

കൃഷ്ണന്‍ തിരിച്ചു ഉപപ്ലാവ്യത്തിലെത്തി. പാണ്ഡവാദികള്‍ അദ്ദേഹത്തിന്റെ വരവിനുവേണ്ടി അവിടെ അക്ഷമരായി കാത്തിരുന്നിരുന്നു. ഉപചാരങ്ങള്‍ക്കുശേഷം ധൃതരാഷ്ട്ര സഭയില്‍ നടമാടിയ സംഭവങ്ങളെ പറ്റി ഒരു ചിത്രം അദ്ദേഹം പാണ്ഡവര്‍ക്ക് മുന്നിലവതരിപ്പിച്ചു. കൃഷ്ണന്‍ പറഞ്ഞു. "ഇല്ല! യുധിഷ്ഠരാ! ഒരു സാമത്തിനും അയാളിലെ ധാര്‍ഷ്ട്യത്തെ തളയ്ക്കാന്‍ കഴിയില്ല. എല്ലാവരും പിന്‍വാങ്ങിയപ്പോള്‍ അവന്‍റെ അമ്മയായ ഗാന്ധാരി തന്നെ അവനെ വീണ്ടും വീണ്ടും ഉപദേശിച്ചു. എല്ലാം എന്‍റെ പ്രേരണ മൂലമെന്നു അഹങ്കാരിയായ അയാള്‍ തെറ്റിദ്ധരിച്ചു. എന്നെ പിടിച്ചു കെട്ടാനുള്ള നീക്കം ഞാന്‍ മുന്‍കൂട്ടി അറിഞ്ഞു. എന്‍റെ വിശ്വതേജസ്സിലൂടെ ലോകനാശം ഞാനവര്‍ക്ക്‌ മുന്നില്‍ കാട്ടിക്കൊടുത്തൂ. പാവം! ധൃതരാഷ്ട്രര്‍ പൊട്ടിപൊട്ടിക്കരഞ്ഞു. നിങ്ങളോട് ആ സാധുവിന് ഒരു വൈരാഗ്യവുമില്ലന്നു ആണയിട്ട് പറഞ്ഞു. പക്ഷേ തന്‍റെ മകനെ നിയന്ത്രിയ്ക്കാന്‍ അയാള്‍ അശക്തനാണ്. അത് വളരെ പണ്ടു തന്നെ അദ്ദേഹമായിട്ട് തന്നെ നഷ്ടപ്പെടുത്തി."

തന്‍റെ പ്രഭുവിനെ പിടിച്ചു കെട്ടാന്‍ ദുര്യോധനന്‍ തയ്യാറായി എന്നറിഞ്ഞപ്പോള്‍ യുധിഷ്ഠിരനിലെ ക്ഷാത്രവീര്യം ഉണര്‍ന്നു. ജ്വലിച്ച കണ്ണുകളില്‍ കൃഷ്ണന്‍ അഗ്നിയുടെ തേജസ്സു കണ്ടു. യുധിഷ്ഠരന്‍ പറഞ്ഞു. "എന്‍റെ സര്‍വ്വസ്വവും അങ്ങാണ്. ഇനി ഒരു നിമിഷം ഞങ്ങള്‍ അടങ്ങിയിരിയ്ക്കില്ല. മടയില്‍ നിന്ന് പുറത്ത് വരും മുമ്പേ നമുക്കാ കുട്ടി സിംഹത്തെ തളക്കണം.

ഭീമാ! അര്‍ജുനാ! പടനയിയ്ക്കാന്‍ തയ്യാറെടുക്കൂ.

എല്ലാവരും ഉത്സുകരായി. പാണ്ഡവരുടെ ഏഴക്ഷൗഹിണിയുടെ നായകന്‍മാരായ, ധൃഷ്ടദ്യുമ്നന്‍, വിരാടന്‍, ചേതികാനന്‍, സഹദേവന്‍, ഭീമന്‍, സാത്യകി, ശിഖണ്ഡി എന്നിവര്‍ ഒന്നിച്ചു കൂടി. കൃഷ്ണ നിര്‍ദ്ദേശത്താല്‍, യുധിഷ്ഠിരന്‍ ധൃഷ്ടദ്യുമ്നനെ സര്‍വ്വസൈന്യാധിപനായി അവരോധിച്ചു. അവര്‍ ഹിരണ്വതീ നദിക്കരയില്‍ കിടങ്ങുകളും ശിബിരങ്ങളും നിര്‍മ്മിയ്ക്കാന്‍ തുടങ്ങി.

രാജസഭയില്‍ നടന്ന സഭംവങ്ങള്‍ ഒന്നൊന്നായി വിദുരര്‍ കുന്തിയുടെ മുന്നില്‍ നിരത്തി. ഏറെ ദുഃഖത്തോടെ അദ്ദേഹം പറഞ്ഞു ദുര്യോധനന്‍ മരണ കവാടത്തിലെത്തിക്കഴിഞ്ഞു. ആര്‍ക്കും അയാളെ തടുക്കാനാവില്ല. എണ്ണമറ്റ സൈനികര്‍ അയാളുടെ ധാര്‍ഷ്ടത്തിനു വേണ്ടി ബലികഴിയ്ക്കപ്പെടും. കുടുംബ കലഹം ലോക കലാപമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

വിദുരര്‍ മുറിവിട്ടു പോയപ്പോള്‍ കുന്തി കണ്ണീരോടെ, വെറും നിലത്തിരുന്നു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥനയിലൂടെ കുന്തി ക്ഷണിച്ചു വരുത്തിയത് മുലാധാരനായ ദുര്‍വ്വാസാവു മഹര്‍ഷിയെ ആയിരുന്നു. "എന്തേ പുത്രീ! നീ ഇത്ര ദു:ഖിയ്ക്കാന്‍, പറയു!' സ്വതവേ ക്ഷിപ്രകോപി ആയിരുന്നെങ്കിലും അദ്ദേഹം ഏറെ അനുകമ്പയോടെ കുന്തിയുടെ തോളില്‍തട്ടി. "മഹര്‍ഷേ! അങ്ങേയ്ക്കെല്ലാം അറിയാം! ഞാന്‍ ഭോജ പുത്രിയായ പൃഥ. അങ്ങ് വരപ്രസാദമായി തന്ന മന്ത്ര സിദ്ധി എന്നെ എത്രമാത്രം ദു:ഖിപ്പിയ്ക്കുന്നു. അനു നിമിഷം ഞാന്‍ ഉരുകി തീരുകയാണ്." കുന്തി മഹര്‍ഷിയുടെ പാദങ്ങളില്‍ നമസ്ക്കരിച്ചു. ഒരു നേര്‍ത്ത മന്ദസ്മിതം ദുര്‍വ്വാസാവ് മഹര്‍ഷിയുടെ ചുണ്ടില്‍ തത്തിക്കളിച്ചു. "ആര്‍ക്കും ലഭിയ്ക്കാത്ത സൗഭാഗ്യമല്ലേ പൃഥാ, ഞാന്‍ നിനക്ക് സമ്മാനിച്ചത്. നോക്കൂ! ലോകത്താര്‍ക്കുണ്ട് നിന്റെ മക്കളെ പ്പോലെ ലോകൈക വീരന്‍മാരായ പുത്രന്മാര്‍. ധര്‍മ്മ ശക്തിയും വായു ശക്തിയും ഇന്ദ്ര ശക്തിയും നിന്‍റെ വിളിപ്പുറത്താക്കി തന്നില്ലേ ഞാന്‍? എന്നിട്ടും എന്തേ ഈ ദുഃഖം? "എന്‍റെ കടിഞ്ഞുല്‍ പുത്രന്‍! അവനെക്കുറിച്ചോര്‍ത്താണ് എന്‍റെ മനസ്സ് പിടയുന്നത്."

എന്തോ ഒന്ന് ജ്ഞാന ദൃഷ്ടിയില്‍ ഓര്‍ക്കും പോലെ മുനി പറഞ്ഞു. "ചിലതെല്ലാം അന്ന് കന്യകയായ നിന്നോട് വെളിപ്പെടുത്താനായില്ല. പിന്നെ, നിനയ്ക്കും കൗതുകവും ജിജ്ഞാസയും ഏറിപ്പോയി. സംഭവിയ്ക്കെണ്ടതു ഒരു പരിധിയ്ക്കപ്പുറം ആര്‍ക്കും തടുക്കാന്‍ കഴിയില്ല."

എന്‍റെ മകനെ അഭിമുഖീകരിയ്ക്കുന്ന കാര്യം ഓര്‍ക്കുമ്പോള്‍ പോലും, വല്ലാതൊരു ഭയം എന്നെ കീഴ്പ്പെടുത്തുന്നു മഹര്‍ഷേ! "ഞാനറിയുന്നു പൃഥാ! അവന് ആദ്യം നിന്നെ അംഗീകരിയ്ക്കാനാവില്ല, അത്ര വലിയ ഒരു മുറിപ്പാട് അവനിലുണ്ട്. എന്നിരുന്നാലും നിന്‍റെ സൂര്യപുത്രന്‍ വളരെ വളരെ നല്ലവനാണ്." ശുഭ സൂചകമായ എന്തോ ഒന്നിലേയ്ക്ക് മഹര്‍ഷി വിരല്‍ ചുണ്ടുന്നത് പോലെ കുന്തിയ്ക്ക് തോന്നി.

"അവന്‍ എനിയ്ക്കൊപ്പം ഞാന്‍ വിളിച്ചാല്‍ വരുമോ? " പറയാന്‍ എനിയ്ക്ക് കഴിയില്ല. അയാള്‍ വളരെ അഭിമാനിയും ദുര്യോധനനോട് ഏറെ മൈത്രി ബന്ധം പുലര്‍ത്തുന്നവനുമാണ്. ആ ബന്ധം ഏറെ സുദൃഡമാണ്." "'മഹര്‍ഷേ! ദയവായി ഒരു മാര്‍ഗ്ഗം കാട്ടിത്തരു!" കുന്തിയുടെ അശ്രുക്കള്‍ മഹര്‍ഷിയുടെ പാദം നനച്ചു. "നീ എന്നെ ധര്‍മ്മ സങ്കടത്തിലാക്കരുത്. അരുതാത്തത് ഞാനേറ്റെടുക്കില്ല. ഒരിയ്ക്കല്‍ ഇന്ദ്രനു വേണ്ടി ത്യാഗം ചെയ്ത് ഹരി ഭക്തനായ അംബരീക്ഷനെ എനിയ്ക്ക് വേദനിപ്പിയ്ക്കേണ്ടി വന്നു. ശ്രീഹരി അന്ന് എന്നെ കഠിനമായി ശിക്ഷിച്ചു. ആട്ടെ നീ അടുത്ത് തന്നെ നിന്റെ മകനെപ്പോയി കാണുക. എന്തെങ്കിലും ഗുണമായി നിനക്കവനില്‍ നിന്ന് ലഭിയ്ക്കും. മംഗളം ഭവന്തു!" മഹര്‍ഷി വിടവാങ്ങി.

സൂര്യന്‍ അപരാഹ്നത്തിലേയ്ക്ക് കടന്നപ്പോള്‍ കുന്തി ഏറെ വ്യാകുല ചിന്തയായി. അവള്‍ ഗംഗാ നദിക്കരയിലേയ്ക്ക് നടന്നു. സൂര്യതാപമേറ്റ് കുന്തിയുടെ മുഖവും ശരീരവും ഏറെ ക്ഷീണിതമായി കാണപ്പെട്ടു. അവിടെ അതാ ഗംഗാ നദിക്കരയില്‍ തന്‍റെ പുത്രന്‍ സൂര്യ നമസ്ക്കാരം ചെയ്യുന്നു. കുന്തി സൂര്യ താപത്തില്‍ നിന്ന് മുക്തി നേടാനായി പുത്രന്റെ ഉത്തരീയത്തിന്‍റെ തണലില്‍ വികാരവിക്ഷുബ്ധയായി നിന്നു.

സൂര്യ നമസ്ക്കാരത്തിനു ശേഷം തിരിഞ്ഞു നോക്കിയ രാധേയന്‍ തീര്‍ത്തും അപരിചിതയും, കുലീനയുമായ കുന്തിയെ കണ്ടു. കാഴ്ചയില്‍ ഏറെ ക്ഷീണിതയായിരുന്ന അവരെ അദ്ദേഹം ഒരു വൃക്ഷച്ചായയിലേയ്ക്ക് കൂട്ടി. "ഭവതി ആരാണ്? എനിയ്ക്ക് മുന്‍പൊരിയ്ക്കലും ഭവതിയെ കണ്ടു പരിചയമില്ല. ഞാന്‍ എന്താണ് ഭവതിയ്ക്കുവേണ്ടി ചെയ്യേണ്ടത്? ഇപ്പോള്‍ ചോദിയ്ക്കുന്നതെന്തും ഞാന്‍ ദാനമായി നല്‍കും. എന്റെ പിതൃ വന്ദനവും അതിന്ശേഷമുള്ള ദാനവും ലോകര്‍ പ്രകീര്‍ത്തിയ്ക്കുന്നു." കര്‍ണ്ണന്‍ കുന്തിയെ ഏറെ അനുകമ്പയോടെ നോക്കി.

ഒരു നിമിഷത്തെ മൂകതയ്ക്ക് ശേഷം കുന്തി പറഞ്ഞു. "കുഞ്ഞേ! ഞാനാരണന്നു നിനക്കറിയുമോ? നിനയ്ക്ക് ജന്മം നല്‍കിയ സ്ത്രീയാണ് ഞാന്‍.. രാധേയന്‍റെ മുഖത്തേയ്ക്ക് നോക്കാന്‍ കുന്തി അശക്തയായി. തികച്ചും വികാര രഹിതമായി കര്‍ണ്ണന്‍ പ്രതികരിച്ചു. ഏറെ മുറിപ്പാടുകള്‍ എനിയ്ക്ക് സമ്മാനിച്ച സ്ത്രീയാണോ ഭവതി? വെറും ശിശുവായ ഞാന്‍ ഭവതിയോടു എന്ത് തെറ്റ് ചെയ്തു?

" പുത്രാ! അരുതാത്തത് ചിലതെല്ലാം എന്‍റെ ജീവിതത്തില്‍ സംഭവിച്ചു. നിന്നെ ഉപേക്ഷിയ്ക്കേണ്ടി വന്നതും അതിലൊന്നായി കരുതുക. ഇപ്പോള്‍ ഈ അമ്മ തെറ്റ് തിരുത്താന്‍ തയ്യാറാണ്." അല്പം ഭയത്തോടെ കുന്തി മകനെ അഭിമുഖീകരിച്ചു.

അമ്മ ഈ പറയും പോലെ നിസ്സാരമായി ആ സത്യത്തെ അംഗീകരിയ്ക്കാന്‍ എനിയ്ക്ക് വിഷമമുണ്ട്. ഞാനേറ്റ മാനസിക പീഡനങ്ങള്‍, അവഹേളനങ്ങള്‍ ഒന്നും എന്‍റെ അമ്മ അറിഞ്ഞില്ല. അതോ അറിയാത്തതായി നടിച്ചതോ? പണ്ടെങ്ങോ ചെയ്ത തെറ്റിലുടെ ഉണ്ടായ പുത്രനെ ഏതമ്മയാണോര്‍ക്കുക? അവന്‍റെ വ്യഥ ഏതമ്മയുടെ ഉറക്കമാണ് കെടുത്തുക? ഒന്നും ഉണ്ടായില്ല. അവഹേളനങ്ങളിലൂടെ അമ്മയുടെ ഈ പുത്രന്‍ കരുത്തനായി. ഇന്നലെ കൃഷ്ണന്‍ പറഞ്ഞ പോലെ ലോകൈക വീരനായി. കര്‍ണ്ണന്‍ അക്ഷോഭ്യനായി, ദീര്‍ഘനാളത്തെ ഭാരം ഒഴിഞ്ഞ പോലെ. "എന്‍റെ പൊന്നു മകനെ! നീ എന്നെ കൊല്ലാതെ കൊല്ലരുത്. ഞാന്‍ നിന്നോട് തെറ്റ് ചെയ്തു. നിന്നെ ഉപേക്ഷിച്ചില്ലെങ്കില്‍ ഞാന്‍ ലോകത്തിനു മുന്നില്‍ കളങ്കിതയാകേണ്ടി വന്നേനെ. കന്യകയുടെ ഗര്‍ഭത്തിലുണ്ടായ ശിശുവിനെ ലോകം അംഗീകരിയ്ക്കില്ല പുത്രാ..! ലോക നിന്ദയെ ഭയന്നാണ് ഞാന്‍ നിന്നെ ഉപേക്ഷിച്ചത്. ക്ഷമിയ്ക്കൂ കുഞ്ഞേ!" പൊടുന്നനെ ഒരു നീണ്ട തേങ്ങലോടെ കുന്തി രാധേയനെ മാറോടു ചേര്‍ത്തൂ . സ്തനങ്ങളില്‍ നിന്ന് മുലപ്പാലിന് പകരം രക്ത കണങ്ങള്‍ ഊര്‍ന്നു വീഴും പോലെ കുന്തിയ്ക്കനുഭവപ്പെട്ടു. മാതൃസ്പര്‍ശത്താല്‍ തന്‍റെ ഹൃദയവും പിളരുന്നതായി കര്‍ണ്ണനനുഭവപ്പെട്ടു. "അമ്മേ! എന്‍റെ പ്രിയപ്പെട്ട അമ്മേ! ഇങ്ങനെ ദു:ഖിയ്ക്കാതിരിയ്ക്കൂ. ഈ കണ്ണീര്‍ കാണാന്‍ എനിയ്ക്ക് ശക്തിയില്ല." പുത്രനെ വിട്ടുപിരിയാന്‍ മടിയ്ക്കുന്ന ആ മാതാവിന്‍റെ ശരീരം കര്‍ണ്ണന്‍ മെല്ലെ വിമുക്തമാക്കി. അവര്‍ ഒന്നിച്ചിരുന്നു തന്‍റെ ബാല്യകൗമാര സ്വപ്നങ്ങളില്‍ തന്നോടൊപ്പമുണ്ടായിരുന്ന, തന്‍റെ ശിരസ്സു മടിയില്‍ വെച്ച് തലോടിയിരുന്ന, തനിയ്ക്ക് മുഖം തരാതെ കണ്ണീരോപ്പിയിരുന്ന ആ സ്ത്രീ അതെ ഈ അമ്മ തന്നെയായിരുന്നു. കര്‍ണ്ണന്‍റെ മനസ്സ് പൊടുന്നനെ ആര്‍ദ്രമായി. അദ്ദേഹം തന്‍റെ മാതാവിന്‍റെ മടിയില്‍ ശിരസ്സു വെച്ചു. കുന്തി ഏറെ ആര്‍ദ്രതയോടും ലാളനയോടും തന്‍റെ കടിഞ്ഞുല്‍ മുത്തിന്‍റെ മുഖവും, നെറ്റിയും മുടിയിഴകളും തലോടി. പൊടുന്നനെ ചാടി എഴുന്നേറ്റ് കര്‍ണ്ണന്‍ കുന്തിയെ ഗാഡമായി ആലിംഗനം ചെയ്തു കൊണ്ട് ഒരുന്‍മാദിയെപ്പോലെ പുലമ്പി. "ഞാന്‍ സനാഥനായി! ഈ കര്‍ണ്ണന്‍ സനാഥനായി !!" കുന്തി ദീര്‍ഘമായി നെടുവീര്‍പ്പിട്ടു. തന്‍റെ മറ്റു മൂന്നു പുത്രന്‍മാരെക്കാള്‍ എത്രയോ മേലെയാണ് ഞാന്‍ സ്നേഹം കൊടുക്കാത്ത ലാളിയ്ക്കാത്ത എന്‍റെ ഈ കടിഞ്ഞുല്‍ മുത്ത്. കുന്തി പുത്രന്‍റെ നെറ്റിയില്‍ വീണ്ടും വീണ്ടും ചുംബിച്ചു. അസ്തമയ സൂര്യന്‍ ആ കാഴ്ചകണ്ട്‌ പുഞ്ചിരിച്ചു. അദ്ദേഹം ചിന്തിച്ചു, "അബലകളും അശരണരുമായ സാധു സ്ത്രീകളെ വിധി എത്ര ക്രൂരമായി പരിക്ഷിയ്ക്കുന്നു."

"അമ്മേ! സമയം വൈകുന്നു. നമ്മുടെ ഈ കൂടിക്കാഴ്ചയ്ക്ക് ഇനി അധികം ആയുസ്സില്ല. അമ്മ എന്തിനാണ് എന്നെ കാണാന്‍ വന്നത്? ഞാന്‍ പോലും മറന്നു തുടങ്ങിയ ഈ ജന്‍മ രഹസ്യം വെളിപ്പെടുത്താന്‍ മാത്രമായിരിയ്ക്കില്ല." കര്‍ണ്ണന്‍ അര്‍ദ്ധോക്തിയില്‍ വേദനയോടെ ചിരിച്ചു.

"പുത്രാ! നീ എന്നോടൊപ്പം വരണം, നീ ഇന്നു മുതല്‍ പാണ്ഡവരില്‍ ജ്യേഷ്ഠനാണ്. നീന്‍റെ സഹോദരന്‍മാര്‍ നിന്നെ ഏറെ ആദരിയ്ക്കും."

'ഇല്ലമ്മേ! നടക്കാന്‍ പാടില്ലാത്തത് നടന്നു കാണണമെന്നു ആഗ്രഹിയ്ക്കുന്നത് ബാലിശമാണ്. അമ്മ ഈ പറയുന്ന സാഹോദര്യത്തിനും മാതൃത്വത്തിനും മുമ്പേ എന്‍റെ ജന്മം എന്‍റെ മിത്രമായ ദുര്യോധനനോട് ചേര്‍ന്ന് കഴിഞ്ഞിരിയ്ക്കുന്നു. മരണത്തിനല്ലാതെ ഒന്നിനും ഞങ്ങളെ തമ്മിലകറ്റാനാവില്ല. അദ്ദേഹം തന്ന സ്നേഹം, ഔദാര്യം എല്ലാമെല്ലാം ഈ കര്‍ണ്ണന് ജീവനാംശമാണ്. അമ്മ മറ്റെന്തങ്കിലും ആവശ്യപ്പെടു. ഞാന്‍ തരാം." കുന്തി ഒന്നും പറയാതെ പുത്രനെ തന്നെ നോക്കി നിന്നു. കര്‍ണ്ണന്‍റെ തത്വദീക്ഷകള്‍ ഏറെ ശ്ലാഘനീയമെന്നു തോന്നിയ കുന്തിയ്ക്ക് ഒന്നും തന്നെ അദ്ദേഹത്തോടാവശ്യപ്പെടാന്‍ തോന്നിയില്ല. ആ സമയം ആകാശത്ത് ഒരശരീരി ഉണ്ടായി, എന്‍റെ പുത്രാ! നീ അമ്മയ്ക്കൊപ്പം പോയി പാണ്ഡവരോട് ചേരൂ! എന്നും ആയുഷ്മാനായിരിയ്ക്കൂ!!" തന്‍റെ ഈ മകന്‍ അതനുസരിയ്ക്കുന്നില്ലെന്നു ബോദ്ധ്യമായ സൂര്യന്‍ ദുഃഖത്തോടെ കടലില്‍ താണു. അസ്തമയം കഴിഞ്ഞു ഇരുട്ടു വീണു തുടങ്ങി.

" അമ്മെ ! അമ്മയ്ക്ക് ഞാനൊരു വാക്ക് തരുന്നു, യുദ്ധഭൂമിയില്‍ അര്‍ജ്ജുനനൊഴികെ ആരെയും കര്‍ണ്ണന്‍ വധിയ്ക്കില്ല. അര്‍ജ്ജുനനോടു ഞാന്‍ യുദ്ധം ചെയ്യും. അതെന്‍റെ മിത്രത്തിന് ഞാന്‍ നല്‍കിയ വാക്കാണ്‌. ഞങ്ങളുടെ ഈ പോരാട്ടത്തിനൊടുവില്‍ പോര്‍ക്കളത്തില്‍ അമ്മയുടെ ഈ പുത്രന്‍ കീര്‍ത്തിയോടെ മരിച്ചു വീഴും. യുദ്ധം കഴിഞ്ഞാലും അമ്മയ്ക്ക് അഞ്ചു പുത്രന്മാരുണ്ടാകും. അമ്മേ! ദയവായി അമ്മ എനിയ്ക്ക് ഒരു വാക്ക് തരണം." കുന്തി സംശയദൃഷ്ട്യാ മകനെ നോക്കി. എന്‍റെ മരണം വരെ ഞാന്‍ പാണ്ഡവസോദരനാണെന്ന് അവരറിയരുത്. അത് ഏറെ സാധുവായ യുധിഷ്ഠിരന് താങ്ങില്ല. ഈ യുദ്ധം ലോകനന്‍മയ്ക്ക് അനിവാര്യമാണ്. എല്ലാം എന്‍റെ ദിവ്യ ചക്ഷുസ്സുകൊണ്ട് ഞാന്‍ ഏറെ മുന്‍കൂട്ടി അറിഞ്ഞു കഴിഞ്ഞു. അമ്മ പൊയ്ക്കോളളു." അവസാനമായി അവര്‍ വീണ്ടും ആലിംഗന ബദ്ധരായി. കുന്തി പുത്രന്‍റെ മൂര്‍ദ്ധാവില്‍ തെരുതെരെ ചുംബിച്ചു. പതുക്കെ പതുക്കെ പിന്‍തിരിഞ്ഞു നോക്കി, നോക്കി നടന്നകന്നു - ഏതു സ്നേഹവും അമൃത തുല്യമാണ്, അംഗീകാരം ദിവ്യമായ അനുഭൂതിയും.

കൗരവ സൈന്യവും യുദ്ധത്തിന് തയ്യാറെടുപ്പ് തുടങ്ങി. ദുര്യോധനന്‍റെ കീഴില്‍ പതിനൊന്നാക്ഷൗഹണി പടകളും അതിന്‍റെ നായകന്‍മാരും അണിനിരന്നു. കര്‍ണ്ണന്‍ ജയദ്രഥന്‍, കൃതവര്‍മ്മാവ്, സോമദത്തന്‍ സുശര്‍മ്മാവ്, ദ്രോണര്‍ ശല്യര്‍, ബാഹ്ളികന്‍ (ശന്തനുവിന്‍റെ സഹോദരന്‍), ഭഗദത്തന്‍ തുടങ്ങിയവരും ഒരുങ്ങി നിന്നു. ഇനി സര്‍വ്വ സൈന്യാധിപനായി ഒരാളെ തിരഞ്ഞെടുക്കണം. ദുര്യോധനന്‍ ഭീഷ്മരെ സമീപിച്ചു. പിതാമഹാ! എന്‍റെ ഈ എണ്ണിയാലോടുങ്ങാത്ത വന്‍പടയെ നയിയ്ക്കാന്‍, അങ്ങല്ലാതെ മറ്റാരേയും ഞാന്‍ യോഗ്യനായി കാണുന്നില്ല. അങ്ങ് സാരഥ്യമേറ്റ് എന്നെ അനുഗ്രഹിയ്ക്കണം.

ഭീഷ്മര്‍ തികച്ചും നിര്‍വ്വികാരനായിരുന്നു. എന്താണ് കുരുക്ഷേത്രത്തില്‍ സംഭവിയ്ക്കാന്‍ പോകുന്നതെന്ന് അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നു.

"ദുര്യോധനാ! നിന്‍റെ അഭ്യര്‍ത്ഥന സ്വീകരിയ്ക്കാന്‍ എനിയ്ക്കൊരു മടിയുമില്ല. എന്‍റെ രണ്ടു വ്യവസ്ഥകള്‍ നീ പാലിയ്ക്കുമെന്നു എനിയ്ക്കുറപ്പു തരണം."

ഒന്ന് :- നിന്നെ പ്പോലെ തന്നെ പാണ്ഡവരും എനിയ്ക്ക് പ്രിയരാണ്. യുദ്ധത്തില്‍ ഞാനവരെ വധിയ്ക്കില്ല. പക്ഷേ അവരുടെ കീഴിലുള്ള സൈന്യത്തെ ഞാന്‍ ശക്തമായി നേരിടും.

രണ്ട് :- ഞാന്‍ സാരഥ്യം വഹിയ്ക്കുമ്പോള്‍ രാധേയന്‍ യുദ്ധരംഗത്ത് ഉണ്ടാകരുത്. എന്‍റെ പതനശേഷം മാത്രമേ അദ്ദേഹം ആയുധമെടുക്കാവൂ. രണ്ടാമത്തെ വ്യവസ്ഥ ദുര്യോധനനെ ഏറെ വൃണപ്പെടുത്തി. എന്‍റെ രാധേയന്‍! എന്‍റെ ശക്തി! അയാളെ ഒറ്റപ്പെടുത്താനാണ് പിതാമഹന്‍ പറയുന്നത്.

ഞാനിതെങ്ങനെ രാധേയന്‍റെ മുമ്പിലവതരിപ്പിയ്ക്കും? യുദ്ധമാണ് രണ്ടിലൊന്ന് ഉടനെ തീര്‍ച്ചപ്പെടുത്തണം. സമയം പരിമിതമാണ്. ദുര്യോധനന്‍റെ മനോവിഷമം മനസ്സിലാക്കിയ രാധേയന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. "അങ്ങ് വിഷമിക്കേണ്ട. അങ്ങയുടെ പിതാമഹന്റെ വ്യവസ്ഥ പാലിക്കാന്‍ ഞാന്‍ തയ്യാറാണ്."

"എന്റെ മിത്രമേ.." ദുര്യോധനന്‍ രാധേയനെ പുണര്‍ന്നു. ദുര്യോധനന്‍റെ ശബ്ദം എവിടെയെല്ലാമോ തടഞ്ഞു. എന്നാല്‍, ആശ്ലേഷം രണ്ടു ശരീരം ഒന്നിയ്ക്കും പോലെ ദൃഡമായിരുന്നു.

കൗരവസൈന്യം യുദ്ധസന്നദ്ധരായി കുരുക്ഷേത്രത്തിലേയ്ക്ക് നീങ്ങി. അവരും ശിബിരങ്ങളും കിടങ്ങുകളും തീര്‍ത്തു തുടങ്ങി.

രുഗ്മിണി സഹോദരനായ രുഗ്മി ഒരക്ഷൗഹിണി സേനയുമായി യുധിഷ്ഠിര പക്ഷത്തെത്തി. ഏറെ ധാര്‍ഷ്ട്യം കലര്‍ന്ന അദ്ദേഹത്തിന്‍റെ സംസാരം അര്‍ജ്ജുനനെ ചൊടിപ്പിച്ചു. കൃഷ്ണന്‍ ഏറെ നിയന്ത്രണം പാലിച്ചു. മറ്റെല്ലാരെയും ഒഴിവാക്കി തനൊറ്റയ്ക്ക് കൗരവസേനയെ നേരിടുമെന്ന രുഗ്മിയുടെ വീമ്പു പറച്ചില്‍ അര്‍ജ്ജുനന്‍ ചെവിക്കൊണ്ടില്ല. നിരാശനായ രുഗ്മി അതേ വ്യവസ്ഥയില്‍ ദുര്യോധനനെയും സമീപിച്ചു. രുഗ്മിയുടെ ഗര്‍വ്വ്‌ ദുര്യോധനനനും അസ്വീകാര്യമായി. ഒരു പക്ഷത്തും ചേരാതെ രുഗ്മി പിന്‍വാങ്ങി. യുദ്ധ സന്നാഹത്തിനിടയിലേയ്ക്ക് ബലരാമന്‍ സ്വതസിദ്ധമായ ഗാംഭീര്യത്തോടെ കടന്നുവന്നു. യുധിഷ്ഠിരനും പാണ്ഡവാദികളും അദ്ദേഹത്തെ സ്വീകരിച്ചു. "നിങ്ങളെപ്പോലെ കൗരവന്‍മാരും എന്‍റെ ചാര്‍ച്ചക്കാരാണ്. അതിനാല്‍ ഞാന്‍ കൃഷണനോട് യുദ്ധത്തില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ വളരെ ഉപദേശിച്ചു. അയാളുടെ നിലപാട് വ്യത്യസ്ഥമായിരുന്നു. ഒരു പക്ഷേ, അതായിരിയ്ക്കും ശരി, അര്‍ജ്ജുനന്‍റെ ശ്വേതാശ്വങ്ങളുടെ കടിഞ്ഞാണ്‍ കൃഷ്ണന്‍റെ കയ്യില്‍ സുരക്ഷിതമാണ്. നിങ്ങള്‍ ജയിയ്ക്കും, ധര്‍മ്മം പുനസ്ഥാപിയ്ക്കപ്പെടും."

അടുത്തു തന്നെ കൈകെട്ടി നിന്നിരുന്ന തന്‍റെ ശിഷ്യന്‍ ഭീമനെ അദ്ദേഹം നോക്കി, "ഭീമാ! നീ ഗദായുദ്ധത്തില്‍ സമര്‍ത്ഥനാണ്, പക്ഷെ എന്‍റെ സുയോധനന്‍ എന്തുകൊണ്ടും നിന്നെക്കാള്‍ മേലെയാണ് അയാള്‍ക്ക് മെയ്യ്‌ വഴക്കം വേണ്ട വിധമുണ്ട്. അയാള്‍ എനിയ്ക്ക് പ്രിയപ്പെട്ടവനാണ്. എന്നാല്‍ അയാളെക്കാള്‍ ഞാന്‍ കൃഷ്ണനെ സ്നേഹിയ്ക്കുന്നു. അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു തീര്‍ത്ഥാടനത്തെ പറ്റിയാണ് എന്‍റെ ചിന്ത " മദ്യപാന തല്പരനായ ബലരാമന്‍ പലപ്പോഴും ആസ്വഭാവ വൈചിത്ര്യം പ്രകടിപ്പിച്ചിരുന്നു.

ഇരു സൈന്യങ്ങളും ഹിരണ്വതീ നദിക്കരയുടെ ഇരുപുറങ്ങളിലുമായി തമ്പടിച്ചു. ശകുനി പുത്രനായ ഉലൂകന്‍ വഴി ഒരു സന്ദേശം ദുര്യോധനന്‍ പാണ്ഡവര്‍ക്കെത്തിച്ചു. സന്ദേശത്തിലെ വരികള്‍ തീര്‍ച്ചയായും പാണ്ഡവരെ ചൊടിപ്പിയ്ക്കുമെന്നും അവര്‍ ഒരു പക്ഷെ തന്നെ ബന്ദിയാക്കുമെന്നും ഉലൂകന്‍ ഭയപ്പെട്ടു. സന്ദേശം കൈമാറി. പാണ്ഡവരെയും കൃഷ്ണനെയും ഏറെ നിന്ദിയ്ക്കുന്നതും ചൊടിപ്പിയ്ക്കുന്നതുമായിരുന്നു സന്ദേശത്തിലെ വരികള്‍.

"യുധിഷ്ഠിരാ! താങ്കള്‍ സന്യാസ വേഷത്തില്‍ കഴിയേണ്ട ക്ഷത്രിയനാണ്. പിന്നെന്തേ ഇപ്പോള്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നു? നിങ്ങളുടെ ദ്രൌപദിയെ ഞാനപമാനിച്ചെന്നു നിങ്ങള്‍ പറയുന്നു. എന്തുകൊണ്ട് അപ്പോള്‍ പ്രതികരിച്ചില്ല. ഇക്കണ്ട കാലമത്രയും ആ അപമാനം നിങ്ങള്‍ക്ക് സഹിയ്ക്കാമെങ്കില്‍ ഇനിയും ആകാം. അങ്ങ് ധര്‍മ്മിഷ്ഠടനായി വനം തോറും അലഞ്ഞു. വിരാട രാജ്യത്തില്‍ വേദശ്രേഷ്ഠനായി. ആ തൊഴിലാണ് താങ്കള്‍ക്ക് ചേരുന്നത്. താങ്കളുടെ യുദ്ധ മുറ ഒന്ന് കാണണമല്ലോ?

ഭീമാ! താങ്കള്‍ എന്‍റെ അനിയനെ കൊന്ന് രക്തം പാനം ചെയ്യുമെന്ന് പറഞ്ഞില്ലേ? നോക്കാം യുദ്ധത്തിലാര് ജയിയ്ക്കുമെന്നു. എന്‍റെ ഗുരു എന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് ഗദായുദ്ധത്തില്‍ താങ്കളെക്കള്‍ എന്തുകൊണ്ടും ശ്രേഷ്ഠന്‍ ഞാനാണന്നു.. അദ്ദേഹം പാഴ്വാക്ക് പറയില്ല. താങ്കള്‍ എന്‍റെ തുട തകര്‍ക്കുമെന്ന് ശപഥം ചെയ്തില്ലേ? നോക്കാം ആര്‍ ആരുടെ തുടയാണ് തകര്‍ക്കുന്നതെന്ന്?

അര്‍ജ്ജുനാ! താങ്കള്‍ എന്‍റെ രാധേയനെ കൊല്ലുമെന്ന് വീമ്പിളക്കാന്‍ തുടങ്ങിയിട്ടു ഏറെക്കാലമായി. വിരാടരാജ്യത്തില്‍ താങ്കള്‍ സ്ത്രീകളെ ആട്ടവും പാട്ടും പഠിപ്പിച്ചെന്നോ, സ്ത്രീ വേഷം കെട്ടി നടന്നന്നോ മറ്റോ ജനം പറയുന്നു. ജീവിയ്ക്കാന്‍ ആ തൊഴില്‍ പോരായിരുന്നോ? ഭരിയ്ക്കാനറിയാവുന്ന എന്‍റെ കയ്യില്‍ നിങ്ങളുടെ രാജ്യം സുരക്ഷിതമല്ലേ? പിന്നെ എന്തിനീ പാഴ് യുദ്ധം.

നകുല സഹദേവന്മാരെ! ആരുടേയും മനം മയക്കുന്ന സുന്ദരക്കുട്ടന്‍മാരല്ലേ അശ്വനി ദേവ പുത്രന്‍മാരായ നിങ്ങള്‍! നിങ്ങള്‍ക്ക് വിരാട രാജ്യത്തിലെപ്പോലെ കുതിര പന്തിയുടെ നായകത്വമോ, ഗോസംരക്ഷണമോ തരാന്‍ ഞാന്‍ തയ്യാറാണ്. അല്ല, എന്‍റെ അമ്മാവനെ കൊല്ലണമെങ്കില്‍ യുദ്ധം ചെയ്യൂ!

കൃഷ്ണാ! താങ്കള്‍ ഇവിടെ വന്നു ഏറെ ഇന്ദ്രജാലങ്ങള്‍ കാട്ടി. അതു കൊണ്ടൊന്നും ദുര്യോധനന്‍ പേടിയ്ക്കില്ല. ലോകം മുഴുവന്‍ ഭസ്മ മാക്കുമെന്നു നിങ്ങള്‍ വിമ്പിളക്കിയില്ലേ? താങ്കളുടെ വശ്യത കണ്ടു ഭ്രമിയ്ക്കാന്‍ ഇത് വൃന്ദാവനമോ ചുറ്റുമുള്ളവര്‍ ഗോപസ്ത്രീകളാണെന്നോ ധരിയ്ക്കേണ്ട. ഞങ്ങള്‍ ആണത്വമുള്ളവരാണ് - ഞങ്ങളോട് ഒന്ന് യുദ്ധം ചെയ്തു നോക്ക്.

ഈ പരിഹാസ സന്ദേശം കേട്ട് യുധിഷ്ഠിരന്‍ വേദനിച്ചു. അര്‍ജ്ജുനന്‍ ഉലൂകനോട് പറഞ്ഞു, അയാള്‍ താങ്കളുടെ രാജാവ്‌ വൃദ്ധനായ ഭീഷ്മരെയാണ് സേനാനായകനാക്കിയിരിയ്ക്കുന്നത്. മറ്റുള്ളവരുടെ ഔദാര്യത്തിന്‍റെ തണലില്‍ കഴിയാനെ താങ്കളുടെ രാജാവിന്‌ കഴിയൂ. വെറുതെ വീമ്പു പറയാതെ യുദ്ധത്തിന് തയ്യാറാകാന്‍ പറയൂ. ഞങ്ങളുടെ കൃഷ്ണനെ അവഹേളിച്ചതിന് ഞങ്ങള്‍ പകരം വീട്ടിയിരിയ്ക്കും. കൃഷണന്‍റെ വാക്കുകള്‍ പാഴ് വാക്കുകളാവില്ല - ദുര്യോധനാ! നിന്‍റെ അന്ത്യം കുറിയ്ക്കപ്പെട്ടു. ഗാണ്ഡീവത്തിന്‍റെ ഞാണൊലി നിന്‍റെ ഉറക്കം കെടുത്തും. ഭീമന്‍ വായുപുത്രനാണ്. അദ്ദേഹം ആഞ്ഞടിയ്ക്കും. ഞങ്ങളുടെ ശപഥം നിറവേറ്റാന്‍ ഞങ്ങളും പ്രതിജ്ഞാബദ്ധരാണ് - ഓര്‍ത്തോളു.

യുദ്ധം തുടങ്ങുന്നതിന്‍റെ തലേ രാത്രി, ദുര്യോധനന് ഏറെ ശുഭാപ്തി വിശ്വാസമായിരുന്നു. തന്‍റെ പിതാമഹന്‍ ഒറ്റ ദിവസം കൊണ്ട് പാണ്ഡവ സൈന്യത്തെ ഒതുക്കുമെന്നു ആമൂഡ ചിത്തന്‍ വിശ്വസിച്ചു. യുധിഷ്ഠിരന്‍ ഒന്നുറങ്ങാന്‍ ഏറെ പണിപ്പെട്ടു. കൃഷണനും പാണ്ഡവരും അദ്ദേഹത്തിന്‍റെ മനസ്സിന് ധൈര്യം നല്‍കി. കൃഷ്ണന്‍ പറഞ്ഞു. "വധിയ്ക്കപ്പെടെണ്ടവര്‍ വധിയ്ക്കപ്പെട്ടെ തീരൂ! നീതിയും ധര്‍മ്മവും ലോകത്ത് നടപ്പിലായേ തീരൂ.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories