ഏഴരശ്ശനിയും കണ്ടക ശനിയും ശനിദാശാകാലവും
ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നു കേട്ടാല്‍ പലര്‍ക്കും ഭയമാണ്. പക്ഷെ ശനി വളരെയധികം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹം കൂടിയാണ്. ഒരു വ്യകതിയുടെ ഗ്രഹനിലയില്‍ ശനി ഇഷ്‌്‌ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍ അയാളുടെ ജീവിതത്തില്‍ ഏറ്റവും അധികം ഗുണഫലങ്ങള്‍ ലഭിയ്‌ക്കുന്നത് ശനിദശാകാലത്ത് ആയിരിക്കും. ഉച്ചക്ഷേത്രം, മൂലക്ഷേത്രം സ്വക്ഷേത്രം എന്നിവയിലെ സ്ഥിതി, ഉച്ചരാശിയില്‍ അംശിയ്‌ക്കുക. ശുഭഗ്രഹ യോഗത്തോടുകൂടി നില്‍ക്കുക എന്നിയവാണ്. ശനിയുടെ ഇഷ്‌ടഭാവസ്ഥിതി
ശനി സ്ഥിതി
ഭൂമിയില്‍ നിന്ന ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹമാണ്. ഇരുപത്തൊമ്പത് വര്‍ഷവും അഞ്ചരമാസവും കൊണ്ട് ശനി സൂര്യനെ ഒരു തവണ പ്രദക്ഷിണം ചെയ്യുന്നത്. മുപ്പത് വര്‍ഷമായിട്ടാണ് ജ്യോതിഷത്തില്‍ ഇത് കണക്കാക്കുന്നത്. ശനിയാണ് ഏറ്റവും കൂടുതല്‍ കാലം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം - രണ്ടരവര്‍ഷം. മകരം, കുംഭം എന്നിവയാണ് ശനിയുടെ സ്വക്ഷേത്രങ്ങള്‍. ഉച്ചരാശി തുലാം, നീചരാശി മേടം, ശനിദശാക്കാലം 19 വര്‍ഷമാണ്. പൂയ്യം, അനിഴം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത് ശനിദശയിലാണ്. ജ്യോതിഷത്തില്‍ മന്ദന്‍ എന്ന പേരിലാണ്. ശനിയെ വിശേഷിപ്പിയ്‌ക്കുന്നത്. ഗ്രഹനില്‍ 'മ' എന്നും.
ശശമഹായോഗം.
പഞ്ചമഹാപുരുഷയോഗങ്ങളില്‍ ശനിയെ കൊണ്ടുള്ള യോഗമാണ് ശശമഹായോഗം. ശനി സ്വക്ഷേത്ര, മൂലക്ഷേത്ര, ഉച്ചക്ഷേത്ര ബലവാനായി ലഗ്നകേന്ദ്രങ്ങളില്‍ നിന്നാല്‍ ശശമഹായോഗമാവും. രാജതുല്യപദവി, മാതൃഭക്തി, ധാരാളം ജോലിക്കാര്‍, വളരെയധികം കൃഷിഭൂമി, കൃഷിയില്‍ നിന്ന് ഗുണഫലങ്ങള്‍, ദേശഗ്രാമാധിപത്യം, നീതിന്യായ വകുപ്പ്, പോലീസ്, പട്ടാളം എന്നീ മേഖലകളില്‍ ഉന്നത അധികാരത്തോടുകൂടിയ ജോലി എന്നിങ്ങനെയാണ് ശശമഹായോഗത്തിന്റെ ഫലങ്ങള്‍. പാപഗ്രഹങ്ങളില്‍ പ്രഥമനായ ശനി സൂര്യന്റെ പുത്രനാണ്. ശനിയുടെ മിത്രഗ്രഹങ്ങള്‍ ബുധനും ശുക്രനുമാണ്. സമനായ ഗ്രഹം വ്യാഴമാണ്. സൂര്യനും ചന്ദ്രനും ശത്രുക്കളാണ്. ആയുസ്സുകാരകനായ ശനി എല്ലാ രോഗദുരിതങ്ങള്‍ക്കും കാരകനാണ്. ഭയം, അപമാനം, ജീവിതത്തിലെ അസ്ഥിരത, അപവാദങ്ങള്‍, വൃത്തിയില്ലായ്‌മ, സാമ്പത്തിക ബാദ്ധ്യത, അലസത, ജയില്‍ ബന്ധനം, അംഗഹീനത, സേവകന്‍, നീചന്‍, ചുമടുചുമക്കുന്നവന്‍, കൊല്ലപ്പണി എന്നീ വിഷയങ്ങള്‍ ശനിയെ കൊണ്ടാണ് ചിന്തിക്കുന്നത്.
ഇടവം, തുലാം എന്നീ രാശികള്‍ ലഗ്നമായി ഇരിക്കുന്നവര്‍ക്ക് ശനി യോഗകാരകനാണ്. ശനി ഈ രാശികളില്‍ സ്ഥിതി ചെയ്യുന്നതും ഗുണഫലങ്ങള്‍ പ്രദാനം ചെയ്യും. തുലാം, മകരം, കുംഭം എന്നീ രാശികളില്‍ ഒന്ന് പത്താംഭാവമാവുകയും ശനി അനുകൂല സ്ഥാനസ്ഥിതനാവുകയും ചെയ്‌താല്‍ ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചകള്‍ അനുഭവപ്പെടും. എങ്കിലും ശനി ഒരിയ്‌ക്കലും സ്ഥിരമായി ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നില്ല. പത്തിലെ ശനി പ്രവര്‍ത്തനശേഷിയെ സൂചിപ്പിയ്‌ക്കുന്നു. പത്തിലെ ശനിയുടെ സ്ഥിതി, അംശകം എന്നി പൊതു പ്രവര്‍ത്തന രംഗത്ത് നേതൃസ്ഥാനത്ത് വരുവാന്‍ ഗുണകരമാണ്. വ്യാഴ ക്ഷേത്രങ്ങളില്‍ നില്‍ക്കുന്ന ശനി(കോദണ്ഡശനി) ഗുണഫലങ്ങള്‍ അനുഭവിയ്‌ക്കുന്നതിന് ഇടയാക്കും സ്ഥാനമാനങ്ങള്‍, നീതിനിഷ്ട, സൈന്യാധിപത്യം, ഗ്രാമാധിപത്യം, നല്ല ബന്ധുക്കള്‍, സൂഹൃത്തുക്കള്‍ എന്നിവയെ നല്‍കും.
3, 6, 11 എന്നീ ഭാവങ്ങളിലെ ശനിയുടെ സ്ഥിതി പൊതുവെ ഗുണകരമായി കണക്കാക്കുന്നു. ഗുരുവിന്റേയും ശുക്രന്റേയും ബുധന്റേയും യോഗം, വീക്ഷണം എന്നിവ ശനിയുടെ പാപത്വത്തെ കുറയ്‌ക്കുവാന്‍ സഹായകരമാണ്. എന്നാല്‍ കുജന്റെ യോഗം, വീക്ഷണം പാപത്വത്തെ കൂട്ടുന്നു. ഇങ്ങനെ ഗ്രഹസ്ഥിതി ഉള്ളവര്‍ വാഹനം ഓടിയ്‌ക്കുമ്പോള്‍ ജീവിതത്തിലുടനീളം ജാഗ്രത പുലര്‍ത്തണം.
കണ്ടകശ്ശനി
ഒരാള്‍ ജനിച്ച നക്ഷത്രം ഏത് കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂറ്. ഗ്രഹചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശ്ശനി എന്നു പറയുന്നു. കണ്ടകശ്ശനിക്കാലം രണ്ടരവര്‍ഷമാണ്. ഇപ്പോള്‍ ശനി ഗ്രഹചാരവശാല്‍ തന്റെ ഉച്ചരാശിയായ തുലാം രാശിയിലാണ്. അപ്പോള്‍ കര്‍ക്കിടകക്കൂറുകാര്‍ക്ക് (പുണര്‍തം അവസാന പാദം, പൂയ്യം, ആയില്യം) മേടക്കൂറുകാര്‍ക്ക് ശനി ഏഴില്‍(അശ്വതി, ഭരണി, കാര്‍ത്തിക ഒന്നാംപാദം) മകരക്കൂറുകാര്‍ക്ക് (ഉത്രാടം 2, 3,4 പാദം, തിരുവോണം, അവിട്ടം 1,2 പാദം) ശനി പത്തില്‍ സ്ഥിതി ചെയ്യുന്നു.
വളരെയധികം ദോഷഫലങ്ങള്‍ അനുഭവപ്പെടുന്ന കാലമാണ്. കണ്ടകശ്ശനിക്കാലം. ദുഃഖാനുഭവങ്ങള്‍, വഴക്കുകകള്‍, അലഞ്ഞുതിരിയുക, സ്ഥാനഭ്രംശം, സാമ്പത്തിക നഷ്ടങ്ങള്‍ കുടുംബത്തില്‍ ദോഷാനുഭവങ്ങള്‍, വെറുക്കപ്പെടുക, അപമാനം അപവാദപ്രചരണം, മരണതുല്യമായ അനുഭവങ്ങള്‍ അപകടം, കേസുകള്‍, ജയില്‍വാസം എന്നീ ദോഷങ്ങള്‍ അനുഭവപ്പെടാം. 4,7,10 എന്നീ വ്യത്യസ്ഥ ഭാവങ്ങളില്‍ വ്യത്യസ്ഥഫലങ്ങള്‍ അനുഭവപ്പെടും.
നാലാം ഭാവമെന്നത് മാതാവ്, കുടുംബം, വീട് വാഹനം എന്നിവയുടെ സ്ഥാനമാണ്. അതു കൊണ്ട് മാതാവിനും പിതാവിനും രോഗങ്ങള്‍, ഭാര്യാപുത്രാദികള്‍ക്ക് രോഗദുരിതങ്ങള്‍, കുടുംബകലഹം, വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുക, വീടു വിട്ടുപോകുക, ധനനഷ്ടം, തസ്‌കരശല്യം അന്യദേശവാസം, കുടുംബബാധ്യതകള്‍ എന്നീ ദോഷഫലങ്ങള്‍ അനുഭവപ്പെടും.
ഏഴാം ഭാവം ഭാര്യാസ്ഥാനമാണ്. ഭാര്യാപുത്രാദികള്‍ക്ക് ദോഷഫലങ്ങള്‍, ധനനാശം, കാര്യവിഘ്‌നം, മനക്ലേശം, യാത്രയില്‍ ദുരിതാനുഭവങ്ങള്‍, ഭാര്യഗൃഹത്തില്‍ ദോഷാനുഭവങ്ങള്‍, ബന്ധുക്കളുമായി തര്‍ക്കങ്ങള്‍, കലഹങ്ങള്‍, അപകടങ്ങള്‍ എന്നിവ അനുഭവപ്പെടും.
പത്താംഭാവം കര്‍മമഭാവമാണ്. ജോലിയില്‍ വിഘ്‌നങ്ങള്‍ ജോലിയില്‍ അലസത, ജോലി സംബന്ധമായ അലച്ചില്‍, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്‌കമ, മേലധികാരികളുടെ അതൃപ്‌തി, ജോലിയില്‍ കൃത്രിമം കാണിയ്‌ക്കുക, സ്ഥാനചലനം, ജോലി നഷ്ടപ്പെടുക, ജോലിയില്‍ അപകടം എന്നീ അരിഷ്ടഫലങ്ങള്‍ അനുഭവപ്പെടാനിടയുണ്ട്.
ഈ സമയത്ത് ജാതകന്‍ അനുഭവിക്കുന്ന ദശാപഹാരകാലങ്ങള്‍ ശുഭഗ്രഹങ്ങളുടേതാണെങ്കില്‍ ദോഷഫലങ്ങള്‍ അല്‌പം കുറഞ്ഞിരിക്കും.
ഏഴരശ്ശനി
ഒരാള്‍ ജനിച്ച കൂറിന്റെ പന്ത്രണ്ടിലും ജനിച്ചകൂറിലും ജനനക്കൂറിന്റെ രണ്ടിലും ഗ്രഹചാരവശാല്‍ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് ഏഴരശ്ശനി എന്നു പറയുന്നത്.(ശനി ഒരു രാശിയില്‍ നില്‍ക്കുന്നത് രണ്ടരവര്‍ഷമാണ്. 21/2 + 21/2+21/2 = 71/2) . ശനി ഇപ്പോള്‍ തുലാം രാശിയിലാണ് സ്ഥിതി ചെയ്യുന്നത് അപ്പോള്‍ ഉത്രം 3/4, അത്തം, ചിത്തിര 1/2 (കന്നിക്കൂറ് ) ഇവര്‍ക്ക് ശനി രണ്ടില്‍ സ്ഥിതി ചെയ്യുന്നു. ചിത്തിര 1/2 , ചോതി, വിശാഖം 3/4, (തുലാക്കൂറ്) ശനി ജന്മത്തില്‍ സ്ഥിതി ചെയ്യുന്നു. വിശാഖം 1/4, അനിഴം, തൃക്കേട്ട (വൃശ്ചികക്കൂറ്) ഈ നക്ഷത്രക്കാര്‍ക്ക് ശനി പന്ത്രണ്ടില്‍ സ്ഥിതി ചെയ്യുന്നു.
ഏഴരശ്ശനി പൊതുഫലങ്ങള്‍
എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക, അലസത, അലഞ്ഞുതിരിയുക, ധനനഷ്ടം, ദാരിദ്രാവസ്ഥ, മറ്റുള്ളവരാല്‍ അപമാനിക്കപ്പെടുക, ജോലിനഷ്ടപ്പെടുക, ജോലി ലഭിയ്‌ക്കാന്‍ താമസം, അന്യദേശത്ത് ജോലി ലഭിയ്‌ക്കുക, വിരഹം, സ്ഥാനഭ്രംശം, മുന്‍കോപം, നീചപ്രവൃത്തികള്‍ ചെയ്യുക, ചെയ്യിക്കുക, ദുഷിച്ച ചിന്തകള്‍, നിഗൂഢപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, മാരകപ്രവര്‍ത്തികളുടെ കുറ്റം ഏല്‍ക്കേണ്ടി വരിക, ബന്ധുക്കളും മാതാപിതാക്കളും ഭാര്യാപുത്രാദികളുമായി കലഹം, പോലീസ് കേസില്‍ അകപ്പെടുക, കോടതി കയറുക, ജയില്‍വാസം അനുഭവിയ്‌ക്കുക, വീടിനു കേടുപാടുകള്‍ സംഭവിക്കുക, വീടു വില്‍ക്കേണ്ടി വരിക, രോഗം, മരണം എന്നിവ ഗൃഹത്തില്‍ ഉണ്ടാവുക, കേസുകളില്‍ പരാജയപ്പെടുക, രോഗങ്ങള്‍ ശല്യപ്പെടുത്തുക, മറ്റുള്ളവരോടു യാചിക്കേണ്ടി വരിക, ആപത്ത്, അപമൃത്യ എന്നിവ ഉണ്ടാവുക ഇതെല്ലാം ഏഴരശ്ശനിയുടെ ഫലങ്ങളാണ്. ഇവിടെയും ദശാപഹാരങ്ങള്‍ നല്ലതാണെങ്കില്‍ ദോഷം കുറഞ്ഞിരിക്കും.
ശനിദശാകാലം
27 നക്ഷത്രങ്ങളാണല്ലോ. ഇവയില്‍ 3 എണ്ണം വീതം 9 ഗ്രഹങ്ങളിലെ ഏതെങ്കിലും ഒരു ഗ്രഹത്തിന്റെ ദശയിലാണ് ജനിക്കുന്നത്. ഇതില്‍ പൂയം, അനിഷം, ഉത്രട്ടാതി എന്നീ നക്ഷത്രക്കാര്‍ ജനിയ്‌ക്കുന്നത് ശനിദശയിലാണ്.
ശനിദശ വിദ്യാഭ്യാസക്കാലത്ത് വരികയാണെങ്കില്‍ വിദ്യാഭ്യാസത്തില്‍ മടി കാണിയ്‌ക്കാം. അപ്പഴപ്പോള്‍ പരിഹാരം ചെയ്യണം. 19 കൊല്ലമാണ് ശനിദശ. ശനിദശകഴിയുന്ന സമയം ശനി ആ വ്യക്തിയെ നന്നാക്കിയീട്ടു പോകും എന്നു പറയാറുണ്ട്. ശനിദശയില്‍ അവസാന അപഹാരം വ്യാഴത്തിന്റെ (ഗുരു) ആണ്. വ്യാഴാനുഗ്രഹത്താലാണ് ഇത് സംഭവിയ്‌ക്കുന്ന്‌ത്.
പരിഹാരങ്ങള്‍
ശനിപ്രീതി വരുത്തുക, ഹനുമാനെ സേവിക്കുക, ശാസ്‌താവിന് എള്ളുതിരി കത്തിയ്‌ക്കുക. ഭൈരവന് ശനിയാഴ്‌ച രാഹുകാലസമയത്ത് (രാവിലെ 9 മണി മുതല്‍ 10.30നുള്ളില്‍) വെറ്റിലമാല അണിയിച്ചു പ്രാര്‍ത്ഥിയ്‌ക്കുക. കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരം കൂടി. കറുത്ത എള്ളും, വെള്ള തുണിയും കഴുകി ഉണക്കി പൂജാമുറിയില്‍ സൂക്ഷിയ്‌ക്കുക. ശനിയാഴ്‌ച രാവിലെ ഒരു ചെറിയ എള്ളുകിഴി ഉണ്ടാക്കി എള്ളെണ്ണയില്‍ മുക്കിപ്പിഴിഞ്ഞ് മണ്‍വിളക്കില്‍ വെച്ച് കത്തിക്കുക. ഇത് കത്തിത്തീരുമ്പോള്‍ എള്ളിന്റെ മണം വീടു മുഴുവന്‍ നിറയും ഇത് ശ്വസിച്ചാല്‍ ശനിദോഷം കുറയുമെന്നാണ് പറയപ്പെടുന്നത്.
താരനിത്യാനന്ദ്
ജ്യോതിഷകേസരി, ജ്യോതിഷശിരോമണി, പ്രശ്‌നഭൂഷണം, ഡിപ്ലോമ ഇന്‍ വാസ്‌തുശാസ്‌ത്ര
ശ്രീനികേതന്‍
എറണാകുളം
Mob: 9895038079
Email: nithyanandtara@gmail.com