ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മഹാഭാരതം (പാര്‍ട്ട്‌ 12) ശല്യ പര്‍വ്വം


മഹാഭാരതം (പാര്‍ട്ട്‌ 11)

ശല്യ പര്‍വ്വം ( ദുര്യോധന വധം )

കുരുക്ഷേത്രം പതിനെട്ടാം ദിവസത്തെ യുദ്ധത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറായി തെളിമയോടെ ദുഃഖ തപ്തനായ ഭാനുമാന്‍ ഉയര്‍ന്നു പൊങ്ങി.

തന്റെ പുത്രന്റെ വിയോഗം വിധി ബലമായി കരുതാന്‍ ആ പിതാവ് മനസ്സിനെ പാകപ്പെടുത്തി. കൃപര്‍ രാജാവിന്റെ സൌഖ്യം അന്വേഷിച്ചു ശിബിരത്തില്‍ എത്തി. ദുര്യോധനന്റെ കരഞ്ഞുകലങ്ങിയ കണ്ണുകള്‍ കണ്ട കൃപര്‍ തന്റെ മിത്രത്തിന്റെ വേര്‍പാടില്‍ നിന്ന് രാജാവ് ഇനിയും മുക്തനായിട്ടില്ലെന്നു തീര്‍ച്ചയാക്കി. ഈ തീവ്ര ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ ഉണര്‍ത്തിയെ പറ്റൂ! ആ ഗുരുനാഥന്‍ ഏറെ അനുകമ്പയോടെ ദുര്യോധന സമീപം അണഞ്ഞ്, മന്ദമായി രാജാവിന്റെ വിരലുകള്‍ അമര്‍ത്തി.

'രാജാവേ! താങ്കള്‍ ഇങ്ങനെ ദുഖിക്കേണ്ട ആവശ്യകത ഇല്ല! മരണം അനിവാര്യമായ സത്യമാണ്. കാലത്തിന് അതിന്റെ നിയോഗം നടപ്പാക്കിയേ പറ്റൂ.

എത്രയോ മഹാരഥന്മാര്‍ നമുക്ക് നഷ്ടപ്പെട്ടു, അങ്ങയുടെ എത്രയും ശ്രേഷ്ഠനായ പിതാമഹന്‍, അജയ്യനായ ദ്രോണര്‍, ഏറെ സംരക്ഷണ വലയത്തില്‍ നിന്ന അങ്ങയുടെ സ്യാലന്‍ പോലും വിധിക്ക് കീഴ്‌പ്പെടേണ്ടി വന്നിരിക്കുന്നു.ഞാനും അശ്വത്ഥാമാവും അങ്ങയെ ഇപ്പോഴും പ്രാണനെപ്പോലെ സ്‌നേഹിക്കുന്നു. അങ്ങയുടെ സുഖത്തിനു വേണ്ടി ഞങ്ങള്‍ ജീവന്‍ പോലും ത്യജിക്കും.പതിനെട്ടു ദിവസം മുന്‍പ് എണ്ണിയാലോടുങ്ങാത്ത വിധം ശക്തമായിരുന്ന നമ്മുടെ സൈന്യം വളരെ ഏറെ ദുര്‍ബ്ബലമായിരിക്കുന്നു. അവശേഷിക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം!

എങ്കിലും അങ്ങയുടെ തൃപ്തിക്ക് വേണ്ടി, ജയ പ്രതീക്ഷ ഇല്ലെങ്കില്‍ പോലും യുദ്ധം തുടരാന്‍ ഞങ്ങള്‍ തയ്യാറാണ്. അര്‍ജ്ജുനനെതിരായി നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. അദ്ദേഹം അജയ്യനാണ്. എത്ര മുന്നറിയിപ്പു തന്നിട്ടും,അങ്ങക്കത് ഉള്‍ക്കൊള്ളാനായില്ല. ഒരു പക്ഷെ, എല്ലാം ഇങ്ങനെ ആയിതീരണമെന്നത് ദൈവനിശ്ചയം ആയിരിക്കും. അങ്ങയുടെ പ്രിയപ്പെട്ട ദുശ്ശാസനന്റെ മരണത്തെ കുറിച്ചൊന്നു ചിന്തിക്കൂ നമ്മുടെ കഴിവിനെയെല്ലാം നിഷ്പ്രഭമാക്കുന്ന അത്യല്ഭുതം അല്ലേ ഭീമന്‍ യുദ്ധ രംഗത്ത് നടത്തിയത് ? വളരെ അടുത്ത് നിന്നിട്ടും അങ്ങക്കും രാധേയനും പ്രതിരോധിക്കാന്‍ കഴിയാതെ വന്നു ദാരുണമായി ദുശ്ശാസനന്‍ ഭീമനാല്‍ കൊല്ലപ്പെട്ടു. കൃപാചാര്യന്‍ ഇടറുന്ന ശബ്ദത്തോടെ രാജാവിനോട് വീണ്ടും അപേക്ഷിച്ചു, 'കൌരവ കുലത്തിന്റെ നാഥനായ അങ്ങ് ജീവിച്ചു കാണാന്‍ ഞങ്ങള്‍ ഏറെ കൊതിക്കുന്നു. ജയ പ്രതീക്ഷ അസ്തമിച്ച ഈ യുദ്ധത്തില്‍ തുടരുന്നതിനേക്കാള്‍ ഒരു സന്ധിയാണ് അങ്ങക്ക് ഭൂഷണം. ഒരു നിമിഷം അങ്ങിലെ പാണ്ഡവ വൈരം മറക്കാന്‍ അങ്ങ് സന്നദ്ധനാകൂ!

യുധിഷ്ടിരന്‍ ധര്‍മ്മത്തിന്റെ പ്രതിരൂപമാണ്! അങ്ങ് തയ്യാറാണങ്കില്‍ ഞങ്ങള്‍ യുധിഷ്ടിരനോടും മറ്റു പാണ്ഡവരോടും കൂടി ആലോചിക്കാം. അങ്ങ് കൊല്ലപ്പെടുന്നത് കാണാന്‍ ഞങ്ങള്‍ അശക്തരാണ് ! ആ സാധു ബ്രാന്മണന്‍ പൊട്ടി ക്കരഞ്ഞു. ആ വൃദ്ധ ശരീരം വികാര വിക്ഷുബ്ധതയാല്‍ വിറക്കാന്‍ തുടങ്ങി, വാക്കുകള്‍ പുറത്തേക്ക് പ്രവഹിക്കാതെ എങ്ങോ കുരുങ്ങി. നല്‍കിയതിനേക്കാള്‍ ഇരട്ടി സ്‌നേഹത്തില്‍, അവര്‍ തങ്ങളുടെ അന്ന ദാതാവിനോട് കൂറു പുലര്‍ത്തിയിരുന്നു. അളവില്ലാത്ത പ്രജാ സ്‌നേഹത്താല്‍ അനുഗ്രഹീതനായിരുന്നു ദുര്യോധന മഹാരാജാവ്!

ഏറെ അലിവോടെ ദുര്യോധനന്‍ ആചാര്യനെ വണങ്ങി. സാധുവായ എന്റെ ഗുരു എന്റെ നന്മ മാത്രമേ കാംഷിക്കുന്നുള്ളൂ.

'ആചാര്യാ! അങ്ങ് എന്നും എന്റെ ശുഭ കാംക്ഷി ആയിരുന്നു. എന്റെ നന്മയെ കരുതി മാത്രം അങ്ങെനിക്ക് എത്ര മുന്നറിയിപ്പ് നല്‍കി, പലപ്പോഴും ശാസിച്ചു. ഒന്നും ഞാന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. എന്നിട്ടും യുദ്ധം തുടങ്ങിയപ്പോള്‍ മുതല്‍ അങ്ങ് എനിക്കു വേണ്ടി സ്വരക്ഷ പോലും നോക്കാതെ ശത്രുക്കളോട് പൊരുതി. നന്ദിയുണ്ട് ആചാര്യാ! എനിക്കോര്‍മ വെച്ച കാലം മുതല്‍ അങ്ങ് ഞങ്ങളോട് ഒപ്പമുണ്ട്. അങ്ങാണെന്റെ ആദ്യ ഗുരു. അങ്ങെന്നൊട് അപേക്ഷിക്കുന്ന ഈ ദൌത്യം ഏറ്റെടുക്കുന്നതിന് എന്റെ പക്ഷത്തുള്ള തടസ്സം അങ്ങ് ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു.'

ദുര്യോധനന്‍ തുടര്‍ന്നു ' രാധേയന്റെ മരണത്തോടെ ആത്മ നിയന്ത്രണം വിട്ട ഞാന്‍ ഭ്രാന്ത ചിത്തനായി മുത്തച്ഛന്റെ മുന്പില്‍ എങ്ങിനെയോ എത്തപ്പെട്ടു. ഒരാശ്വാസ വാക്കിനു വേണ്ടി ഞാന്‍ അത്രമാത്രം ദാഹിച്ചിരുന്നു. പലതും പറഞ്ഞ് അദ്ദേഹം എന്നെ സ്വാന്തനിപ്പിച്ചു. ഒടുവില്‍ അങ്ങു പറയും പോലെ സന്ധി നിര്‍ദ്ദേശം അദ്ദേഹവും ഉന്നയിച്ചു.

ഞാന്‍ ഒരുറപ്പും നല്‍കാതെ നിശബ്ദനായി പിന്‍വാങ്ങി. എന്നാല്‍ അങ്ങയോടെല്ലാം തുറന്നു പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. ആചാര്യന്‍ നിര്‍ദ്ദേശിച്ച പോലെ ഞാന്‍ സന്ധി ആഗ്രഹിച്ചാല്‍, യുധിഷ്ടിരന്‍ ഒരു പക്ഷെ തയ്യാറാകും. തന്റെ സഹോദരങ്ങളോട് അദ്ദേഹം 'അഭയാര്‍ത്ഥി ' ആയ എനിക്ക് പ്രാണരക്ഷ നല്‍കണമെന്ന് സമര്‍ത്ഥിക്കും. എന്നാല്‍ തനിക്കേറ്റ പീഡനങ്ങള്‍ ദ്രൌപതിക്ക് മറക്കാനാവുമോ ? ഇല്ല! ഒരിക്കലുമില്ല! എന്റെ മരണമാണ് അവര്‍ ആഗ്രഹിക്കുന്നത്.

'ഞാന്‍ മരിക്കുവോളം, അവര്‍ വെറും നിലത്തേ ശയിക്കൂ 'എന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആചാര്യാ! ഒന്നോര്‍ത്തു നോക്കൂ! ഞാന്‍ നിരപരാധിയായ അവരെ എത്ര ക്രൂരമായി അപമാനിച്ചു ? 'കുല സ്ത്രീയുടെ കണ്ണീര്‍ 'വില നല്‍കാനാവാത്ത വിധം, വിലപ്പെട്ടതാണ്. തല്ക്കാല രക്ഷ കിട്ടിയാലും, ആ കണ്ണീരിനു പുരുഷന്‍ എന്നെങ്കിലും കനത്ത വില നല്‍കേണ്ടി വരും. സ്ത്രീ അബലയല്ല അവരോളം മനശക്തി ഒരു യോദ്ധാവിനു പോലും കാണില്ല. എല്ലാം ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഒരു കാര്യം കൂടി ഞാന്‍ ആചാര്യനെ അറിയിക്കട്ടെ, എല്ലാം അങ്ങക്കറിവുള്ളത് തന്നെ. അറിയിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഭാരം ഒന്ന് അയഞ്ഞു കിട്ടും. ഭീമന്‍ എന്റെ സമനാണ്. അദ്ദേഹം നിര്‍ദോഷമായി എന്നെ കളിയാക്കിയതെല്ലാം, ഞാന്‍ ബാല്യം മുതല്‍ പകയോടെ കണ്ടു. ആ സാധുവിന്റെ കൌമാര വിനോദങ്ങള്‍ എന്നില്‍ അസൂയ എന്ന അപകടകരമായ വിത്തു പാകി. അത് എന്നോടൊപ്പം കാലമെന്ന ജല പ്രവാഹത്തില്‍ വളര്‍ന്നു വലുതായി. ശത്രുവിനെ ഏതു വിധേനയും അമര്‍ച്ച ചെയ്യാന്‍ എന്നിലെ ക്രൂരത രാവുകള്‍ പകലാക്കി യത്‌നിച്ചു. എന്റെ എല്ലാ ദുഷ്ട പ്രയോഗവും അവര്‍ ദൈവീക ശക്തിയാല്‍ തരണം ചെയ്തു. ഭീമനല്ല തെറ്റ് ചെയ്തത്, ഞാനാണ് അയാളെയും അവരേയും എപ്പോഴും ദ്രോഹിച്ചിട്ടുള്ളത്, ഭീമനോരിക്കലും എന്നോട് മനസ്സുകൊണ്ട് സന്ധി ചെയ്യാന്‍ ആവില്ല. ദുര്യോധനന്റെ വിശദീകരണം നിശബ്ദം കേട്ടുകൊണ്ടിരുന്ന കൃപാചാര്യനോട് അദ്ദേഹം വീണ്ടും പറഞ്ഞു.ഇനി എന്റെതായ ന്യായീകരണം കൂടി അങ്ങ് കേള്‍ക്കണമെന്ന് അപേക്ഷിക്കുന്നു, ' ഈ വിസ്തൃതമായ രാജ്യം മുഴുവന്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചവനാണ്. എനിക്ക് ആശ്രിതര്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഞാനൊരിക്കലും ആശ്രിതനായിരുന്നിട്ടില്ല.ഏറെ ദാന ധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ആരില്‍ നിന്നും ദാനം സ്വീകരിച്ചിട്ടില്ല, കൊടുക്കാനല്ലാതെ, സ്വീകരിക്കാന്‍ ഒരിക്കലും എന്റെ മനസ്സ് വളര്‍ന്നിട്ടില്ല.

എല്ലാം എന്റെ 'സുഭിക്ഷതയുടെ ' സൌഭാഗ്യം എന്ന അവസ്ഥ എനിക്ക് സമ്മാനിച്ചതാകാം. അത്തരം ഒരു വ്യക്തിയുടെ സൌഭാഗ്യം ഹനിക്കുന്ന അസഹിഷ്ണുതയും, അഹന്തയും എന്നില്‍ വളര്‍ന്നു വലുതായി.

പാണ്ഡവര്‍ എന്റെ കൂടപിറപ്പുകളാണെന്ന സത്യം അംഗീകരിക്കാന്‍ എനിക്കായില്ല.അവരുടെ നേട്ടങ്ങള്‍ തട്ടി എടുക്കാനുള്ള ഹീന മാര്‍ഗ്ഗങ്ങളില്‍ എന്റെ മനസ്സ് എപ്പോഴും സുഖം കണ്ടു. ആചാര്യാ! അങ്ങു പറയും പോലെ സന്ധി സ്വീകരിച്ചാല്‍ ദുര്യോധനന്‍ പാണ്ഡവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന വിധം ആകില്ലേ ?

യുധിഷ്ടിരന്റെ ആശ്രിതനായി കഴിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സന്ധിയുടെ നേട്ടങ്ങളെ പറ്റി കൃഷ്ണന്‍ യുദ്ധത്തിന് മുന്പ് ഏറെ പറഞ്ഞ് എന്നെ അനുനയിപ്പിക്കാന്‍ നോക്കി.

എന്നിട്ട് ഞാന്‍ ചെയ്തതോ... ക്രൂരമായ വിധത്തില്‍ അദ്ദേഹത്തെ അപമാനിക്കാന്‍ മുതിര്‍ന്നു. ഇല്ല, ഇനി ഒരു പിന്‍വാങ്ങല്‍ എനിക്ക് ആവില്ല.

എനിക്ക് യുദ്ധം തുടര്‍ന്നേ പറ്റൂ! യുദ്ധത്തില്‍ മരണപ്പെട്ടാല്‍ ഞാന്‍ വീര സ്വര്‍ഗ്ഗം പ്രാപിക്കും! ഒരു ധീരന് അതാണ് അഭികാമ്യം.

അങ്ങ് ക്ഷമിക്കണം. ദുര്യോധനന്‍ ആചാര്യ പാദങ്ങള്‍ കുമ്പിട്ടു. 'ഏറെ പേരുടെ മരണത്തിന് കാരണക്കാരനായ എനിക്ക് മരണത്തിലുടെ മാത്രമേ ആ കടം വീട്ടാനാവൂ! ഈ ദുര്യോധനന് ഒരിക്കലും കൃതഘ്‌നാകാന്‍ കഴിയില്ല! ഏറെ ബഹുമാനം തോന്നിയ ആ വ്യക്തിത്വത്തിനു മുന്നില്‍ ക്രുപാചാര്യന്‍ പോലും മനസ്സ് കൊണ്ട് പ്രണമിച്ചു. അറിവിന്റെയും, ആഴ്ന്ന തിരിച്ചറിവിന്റെയും നിറകുടമായ ഇദ്ദേഹം എങ്ങനെ ഈവിധമായി? കാലം പോലും ചില വ്യക്തിത്വങ്ങളുടെ മുന്നില്‍ അടിയറവു പറയേണ്ടി വരും. ഒരു പക്ഷെ ദുര്യോധനന്‍ കാലം സൃഷ്ടിച്ച ധീരനായ തെമ്മാടി ആയിരിക്കാം.

അവര്‍ അടുത്ത സൈന്യാധിപനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരായി. സരസ്വതി നദിയിലെ പുണ്യ ജലത്തില്‍ കുളിച്ച്, പ്രഭാത വന്ദനങ്ങള്‍ക്കു ശേഷം അവരെല്ലാം തങ്ങളുടെ രാജാവിനെ പ്രതീക്ഷിച്ചിരുന്നു. അടുത്ത പടപുറപ്പാടിനു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനിവാര്യമാണ്. ദുഃഖ തപ്തമെങ്കിലും തെളിഞ്ഞ മുഖത്തോടെ രാജാവെത്തി. അവരെഴുന്നേറ്റു അഭിവാദനം അര്‍പ്പിച്ചു. ദുര്യോധനന്‍ അശ്വത്ഥാമാവിനോട് പറഞ്ഞു. 'ആചാര്യ പുത്രാ! അങ്ങയോളം ബുദ്ധിയും കഴിവും ഉള്ള ഒരാള്‍ ഇപ്പോള്‍ നമ്മുടെ പക്ഷത്തില്ല. അങ്ങയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. അശ്വത്ഥാമാവ് പറഞ്ഞു, 'നമുക്ക് സൈന്യാധിപനായി മാദ്രീ നരേശനായ ശല്യരെ അഭിഷേകം ചെയ്യാം. ഏതു വിധത്തില്‍ നോക്കിയാലും ശല്യര്‍ ഏറെ ശ്രേഷ്ടനും പരിചയ സമ്പന്നനുമാണ്. ആ സാരഥ്യം നമ്മളെ വിജയത്തില്‍ എത്തിക്കും. അവരേവരും ആ നിര്‍ദ്ദേശം ഏക മനസ്സോടെ അംഗീകരിച്ചു.

ദുര്യോധനന്‍ ശല്യരെ സമീപിച്ച് വിനയാന്വിതനായി വണങ്ങി 'നമ്മുടെ സേനയുടെ നായക സ്ഥാനം ഞാന്‍ അങ്ങയെ ഏല്‍പ്പിക്കുന്നു. ഈ സാരഥ്യം അങ്ങേറ്റെടുത്തു ഞങ്ങളെ അനുഗ്രഹീതരാക്കണം.' ശല്യര്‍ ചിരിച്ചു 'താങ്കള്‍ക്ക് വേണ്ടി ഈയൊരു ഒരു കര്‍മ്മം ചെയ്യുന്നത് ഒരു സല്‍പ്രവര്‍ത്തിയായി ഞാന്‍ കാണുന്നു.

ഇന്നലെ അര്‍ജ്ജുനനുമായി മുഖാമുഖം യുദ്ധം ആരംഭിക്കുന്നതിന് മുന്പ് രാധേയന്‍ എന്നോടു ചോദിച്ചു 'ഈ യുദ്ധത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍ അങ്ങെന്തു ചെയ്യും? അങ്ങനെയൊന്ന് അസംഭവ്യമെന്നു മനസ്സ് പറഞ്ഞിട്ടും, ഞാന്‍ അദ്ദേഹത്തിന്റെ തൃപ്തിക്ക് വേണ്ടി ഒരു വാഗ്ദാനം ചെയ്തു. 'രാധേയാ! ഒരുപക്ഷെ, വിധി പ്രതികൂലമായാല്‍ അങ്ങ് വധിക്കപ്പെട്ടേക്കാം. പിന്നീടൊരു അവസരം ഉണ്ടായാല്‍, ഞാന്‍ താങ്കള്‍ക്ക് വേണ്ടി കൃഷ്ണാര്‍ജുനന്മാരെ കൊന്ന് താങ്കളുടെ മിത്രത്തിന്റെ കിരീടം സംരക്ഷിക്കും.' ഞാന്‍ ഏറെ ബഹുമാനിതനായിരിക്കുന്നു രാജാവേ! ആ യോദ്ധാവിനു നല്‍കിയ വാക്ക് പാലിക്കാന്‍ അങ്ങ് എനിക്കൊരു അവസരം തന്നിരിക്കുന്നു. ഞാന്‍ തീര്‍ച്ചയായും എന്റെ കഴിവിന്റെ പരമാവധി അങ്ങക്ക് വേണ്ടി പോരാടും. ധൈര്യമായിരിക്കൂ രാജാവേ! ശല്യര്‍ സ്വതസിദ്ധമായ ശൈലിയില്‍ ദുര്യോധനന്റെ തോളില്‍ സ്‌നേഹത്തോടെ തട്ടി. അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ശല്യര്‍ കൌരവ സൈന്യാധിപനായി അഭിഷിക്തനായി. കൌരവ ശിബിരത്തിലെ ആഘോഷാരാവങ്ങളില്‍ നിന്നും, തന്റെ ജന്മ സിദ്ധമായ ജ്ഞാന ദൃഷ്ടിയാലും യുധിഷ്ടിരന്‍ തീര്‍ച്ചയാക്കി... അവര്‍ സൈന്യാധിപനായി ശല്യരെ അവരോധിച്ചിരിക്കുന്നു. യുധിഷ്ടിരന്‍ കൃഷ്ണനെ സമീപിച്ചു ' പ്രഭോ! എന്റെ ഊഹം ശരിയെങ്കില്‍ തീര്‍ച്ചയായും ശല്യരായിരിക്കും അവരുടെ സൈന്യാധിപന്‍. അദ്ദേഹം ഇന്നേവരെ തോല്‍വി എന്തന്ന് അറിഞ്ഞിട്ടില്ല.

നമ്മള്‍ക്ക് എങ്ങനെ അദ്ദേഹത്തെ ജയിക്കാനാകും ? അങ്ങയുടെ ഉപദേശം ഞാന്‍ തേടുന്നു. കൃഷ്ണന്‍ പുഞ്ചിരിച്ചു ' വിജയം നേടിയല്ലേ പറ്റൂ യുധിഷ്ടിരാ! അങ്ങ് ചഞ്ചലപ്പെടാതിരിക്കൂ. അങ്ങ് പറഞ്ഞ ലക്ഷണങ്ങളെല്ലാം ശല്യര്ക്കുണ്ട്. അസ്ത്ര വിദ്യയില്‍ അദ്ദേഹം ഭീഷ്മ, ദ്രോണ, രാധേയനെക്കാളും പോലും ഒരു പടി മുന്നിലാണ്. ഗദാ യുദ്ധത്തില്‍ ശല്യര്‍ അഗ്രഗണ്യനാണ്. നിങ്ങള്‍ പാണ്ഡവരെല്ലാം ഒന്നിച്ചു ചേര്‍ന്ന് പൊരുതിയാല്‍ പോലും അദ്ദേഹത്തെ വീഴ്താനാവില്ല. എന്നാല്‍ ഞാന്‍ പറയുന്നു

യുധിഷ്ടിരാ, താങ്കള്‍ക്കത് സാധിക്കും! താങ്കള്‍ ധര്മ്മിഷ്ടനാണ്! ശല്യര്‍ അമ്മാവനാണന്നുള്ള വസ്തുത തല്ക്കാലം മറക്കുക. ധര്‍മ്മതിന്റെ ബലത്തില്‍ അങ്ങ് ശല്യരെ കീഴ്‌പ്പെടുത്തിയിരിക്കും

പതിനെട്ടാം ദിവസത്തെ യുദ്ധത്തിനുള്ള തയ്യാറെടുപ്പായി ശല്യര്‍, ഏറെ ശോഷിച്ച സൈന്യത്തെ കൊണ്ട് സമര്‍ത്ഥമായ രീതിയില്‍ വ്യൂഹം ചമച്ചു. കൌരവ പക്ഷ ത്ത് വിരലില്‍ എണ്ണാവുന്ന മഹാരഥന്മാര്‍ മാത്രമായി. കൃപര്‍, അശ്വത്ഥാമാവ്, ശകുനി, ദുര്യോധനന്‍ പിന്നെ നയിക്കാന്‍ പോന്നവരായി ദുര്യോധനന്റെ കുറച്ചു സഹോദരങ്ങളും. അവര്‍ ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു, ദ്വന്ദ്വ യുദ്ധങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. മൊത്തത്തില്‍ ഒരാക്രമണം അതാണ് അഭികാമ്യമെന്ന് തീരുമാനിച്ചു..'

പാണ്ഡവരും തങ്ങളുടെ സൈന്യത്തെ മൂന്നായി ഭാഗിച്ച് ധൃഷ്ടദൃമ്‌നന്‍, ശിഖണ്ടി, സാത്യകി ഇവരുടെ കീഴിലാക്കി. യുദ്ധം ആരംഭിച്ചു. യുധിഷ്ടിരന്‍ ശല്യരെ ആക്രമിച്ചു. നകുല സഹദേവന്മാര്‍ അദ്ദേഹത്തെ സഹായിച്ചു അര്‍ജ്ജുനന്‍ കൃതവര്‍മ്മാവിനോട് ഏറ്റുമുട്ടിയപ്പോള്‍, ഭീമന്‍ ക്രുപാചാര്യരെ നേരിട്ടു. കൂട്ടായ ആക്രമണം പ്രതീക്ഷിച്ചതില്‍ നിന്ന് വിപരീതമായി ഏറെ സൈന്യ നാശത്തില്‍ കലാശിച്ചു. ശല്യര്‍ യുധിഷ്ടിരനെ കവച്ചു വെയ്ക്കും വിധം ശക്തനായി തീര്‍ന്നു.

ജ്യേഷ്ഠനെ തന്നെ ശ്രദ്ധിച്ചു നിന്ന ഭീമന്‍ സഹായവുമായെത്തി. ഗദയാല്‍ ഒറ്റയടിക്ക് ഭീമന്‍ ശല്യരുടെ കുതിരകളെ വീഴ്ത്തി. ശല്യര്‍ രഥത്തില്‍ നിന്നു ചാടി തന്റെ ഗദ കയ്യിലെടുത്തു. ആ ഗദാ യുദ്ധം അതി ഭയങ്കരമായി തീര്‍ന്നു. ഏറെ പ്രത്യാക്രമണം നടത്തിയെങ്കിലും ശല്യര്‍ ഭീമന്റെ ഗദാ താഡനമേറ്റു ബോധരഹിതനായി. കൃപര്‍ ശല്യരെ യുദ്ധ ഭൂമിയില്‍ നിന്നും അകറ്റി.

യുദ്ധം പതിനെട്ടു ദിവസമെത്തിയപ്പോള്‍ ഏതെങ്കിലും വിധത്തില്‍ യുദ്ധം അവസാനിച്ചു കാണാന്‍ സൈനികര്‍ പോലും കൊതിച്ചു. ആ കൂട്ടക്കുരുതി അവരുടെയെല്ലാം മനസ്സിനെ തളര്‍ത്തിയിരുന്നു.ദ്വന്ദ്വ യുദ്ധം കുറവായിരുന്നെങ്കിലും കൂട്ടാക്രമണം പലയിടത്തും അരെങ്ങേറി ഇതിനിടയില്‍ ബോധം വീണ്ടെടുത്ത ശല്യര്‍ മറ്റൊരു രഥത്തില്‍ വന്ന് പാണ്ഡവരെ ആക്രമിച്ചു.

യുദ്ധ രംഗത്തേക്ക് കടന്ന ശല്യര്‍ പെട്ടന്ന് സംഹാരമൂ ര്‍ത്തി ആയി. അദ്ദേഹം നിര്‍ദ്ദയം പാണ്ഡവരെ നശിപ്പിക്കാന്‍ തുടങ്ങി. ദുര്യോധന മനസ്സില്‍ വീണ്ടും ജയ പ്രതീക്ഷ ഉണ്ടായി. യുധിഷ്ടിരന്‍ ധര്‍മ്മ സങ്കടത്തിലായി.അദ്ദേഹം ചിന്തിച്ചു 'എന്റെ പ്രഭുവിന്റെ വാക്കുകള്‍ മിഥ്യയാകില്ല! എനിക്കിതു നേടാന്‍ കഴിയുമെന്ന് അദ്ദേഹം മുന്‍ കൂട്ടി അറിഞ്ഞുകാണും!

പാണ്ഡവ നാശത്തില്‍ യുധിഷ്ടിരന്‍ കോപാകുലനായി. അദ്ദേഹം ഉറക്കെ വിളിച്ചറിയിച്ചു, 'ഈ മഹായുദ്ധത്തില്‍ മഹാന്മാരായ നിങ്ങളെല്ലാം നിങ്ങളുടെ പങ്ക് സമര്ഥമായി വിനിയോഗിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഞാന്‍ പിന്തിരിയുന്നത് ഒട്ടും ശരിയല്ല. ഞാനിന്ന് ശല്യരെ കൊന്നിരിക്കും.

സാത്യകി! നിങ്ങള്‍ എന്റെ രഥത്തിന്റെ വലത്തെ ചക്രം കാക്കണം. ധുഷ്ടദൃമ്‌നന്‍ ഇടത്തെ ചക്രത്തിന് അരികിലുണ്ടാകണം. ഭീമന്‍ എന്റെ മുന്നില്‍ തന്നെ ഉണ്ടാകണം. അര്‍ജ്ജുനന്‍ എനിക്ക് തുണയായി പിന്നില്‍ നില്ക്കണം. ഇതുവരെ നേടിയത് ശല്യരാല്‍ നഷ്ടപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല. വരൂ! എന്നോടൊപ്പം നിങ്ങളും നീങ്ങുക!'

യുധിഷ്ടിരന്റെ അസാധാരണമായ ഭാവ പ്രകടനം അവരെ അത്ഭുതപ്പെടുത്തി. 'ഇദ്ദേഹം ഒരു സിംഹം തന്നെ! അവര്‍ ആ ധീരതയെ അംഗീകരിച്ചു. യുധിഷ്ടിരനും ശല്യരും തമ്മില്‍ ഘോരമായ ഏറ്റുമുട്ടല്‍ ഉണ്ടായി.

മറവിയിലാണ്ടു പോയിരുന്ന തന്റെ അഭ്യാസ മുറകള്‍ ഓരോന്നും യുധിഷ്ടിരന്‍ ഓര്‍മ്മയിലെത്തിച്ചു. കടും കോപത്താല്‍ രക്ത വര്‍ണ്ണമായ യുധിഷ്ടിരന്റെ മുഖം അദ്ദേഹത്തിന്റെ രോഷത്തിന്റെ കൃദ്ധത വിളിച്ചറിയിച്ചു.ശല്യര്‍ക്കു രഥം നഷ്ടപ്പെട്ടു.ഒന്നിലധികം തവണ വില്ലൊടിഞ്ഞു.ശല്യര്‍ ബോധരഹിതനായി. ബോധം വീണ്ടെടുത്ത് ശല്യര്‍ വീണ്ടും യുദ്ധ രംഗത്തേക്ക് വന്നു. ഭീമന്‍ നിരന്തരമായി ശല്യരെ പീഡിപ്പിച്ചു കൊണ്ടിരുന്നു. അദ്ദേഹം തന്റെ ഗദകൊണ്ട് ശല്യരുടെ സാരഥിയേയും, കുതിരകളേയും കൊന്നു. കോപിഷ്ടനായ ശല്യര്‍ യുധിഷ്ടിരനെ കടന്നാക്രമിച്ചു. യുധിഷ്ടിരന്‍ ശ്രീകൃഷ്ണ പരമാത്മാവിനെ മനസ്സില്‍ ധ്യാനിച്ച് ശക്തിയേറിയ ഒരു കുന്തം ശല്യര്‍ക്ക് നേരെ പ്രയോഗിച്ചു. രത്‌നം പതിച്ചിരുന്ന ആ കുന്തം, കാര്‍ത്തികേയന്റെ വേല് പോലെ ശ്രേഷ്ടമായിരുന്നു. ജ്വലിക്കുന്ന നക്ഷത്രം പോലെ അത് ആകാശത്തിലൂടെ പ്രയാണം ചെയ്ത് ശല്യരുടെ മാറില്‍ തുളച്ചു കയറി. മാറില്‍നിന്നു രക്തം വാര്‍ന്നൊഴുകി. അദ്ദേഹം രഥത്തില്‍ നിന്ന് മറിഞ്ഞു വീണു. ഭൂമി മാതാവിനെ ആലിംഗനം ചെയ്യും പോലെ ആ മഹാന്റെ ഇരു കരങ്ങളും ഭൂമിയില്‍ പരന്നു കിടന്നു.

കൌരവ സൈന്യാധിപന്‍ യുധിഷ്ടിരനാല്‍ വധിക്കപ്പെട്ടു. മാതുലന്റെ മരണം പാണ്ഡവരെ ഏറെ വേദനിപ്പിച്ചു, ഒരു പക്ഷെ കൌരവ രാജാവു പോലും അവരോളം ദുഖിച്ചു കാണില്ല.

'മരണം ഒന്നിനും പരിഹാരമാകില്ലന്നു 'ഇതിനോടകം മനസ്സിലാക്കാന്‍ കഴിഞ്ഞ കൗരവ സൈന്യം ചെറിയ ഇടവേളക്കുശേഷം വീണ്ടും യുദ്ധം തുടര്‍ന്നു ദുര്യോധനന്‍ തന്നെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സൈനികരെ ആഹ്വാനം ചെയ്തു 'നിങ്ങള്‍ തളരരുത്. യുദ്ധഭൂമിയിലെ മരണം വീരന്മാര്‍ക്കു മാത്രം അര്‍ഹത പെട്ടതാണ് നമുക്ക് യുദ്ധം ചെയ്ത് നമ്മുടെ മുന്‍ഗാമികളോട് ഒത്തു ചേരാം. വിജയിച്ചാല്‍ നമുക്ക് നേട്ടങ്ങള്‍ കൊയ്യാം.എന്തിനും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. ഭീരുത്വം കൈവെടിയൂ! നമുക്ക് യുദ്ധം തുടരാം. 'സൈനികര്‍ ദുര്യോധന വാക്കുകളില്‍ ഊര്‍ജ്ജം.കൊണ്ടു. അവര്‍ നാഗകേതനതിന്റെ കീഴില്‍ ഒന്നിച്ചു കൂടി. യുദ്ധം തുടര്‍ന്നു.

ദുര്യോധനന്‍ ഒറ്റയ്ക്ക് പാണ്ഡവ സൈന്യത്തെ സമര്ഥമായി നേരിട്ടു. പാണ്ഡവ മഹാരഥ ന്മാരെയെല്ലാം ദുര്യോധനാ അസ്ത്രങ്ങള്‍ മുറിപ്പെടുത്തി. ശകുനിയും, പുത്രനും രാജാവിനോട് ഒത്തുചേര്‍ന്നു. മാതുലനെ കണ്ടതോടെ ദുര്യോധനിലെഊര്‍ജ്ജം പതിന്മടങ്ങ് വര്ദ്ധിച്ചു. ദുര്യോധനന്റെ ശേഷിച്ച സഹോദരന്മാരും ഒത്തുചേര്‍ന്നു. ഭീമന്‍ ക്ഷണത്തില്‍ മുന്‍നിരയിലേക്ക് പാഞ്ഞെത്തി, ദുര്യോധന സഹോദരന്മാരെ ഒന്നിനൊന്നായി കീഴ്‌പ്പെടുത്തി. സുദര്‍ശനന്‍ എന്ന ഒരു സഹോദരന്‍ ഒഴിച്ച് എല്ലാവരും തന്നെ ഭീമനാല്‍ വധിക്കപ്പെട്ടു കഴിഞ്ഞു.

ത്രിഗര്തന്മാരില്‍ ശേഷിച്ചിരുന്ന സുശര്‍മ്മാവ്, അര്‍ജ്ജുന ശരങ്ങല്ക്ക് മുന്നില്‍ കീഴടങ്ങി. ഇതോടെ സംശപ്തകന്മാര്‍ എല്ലാവരും തന്നെ അര്‍ജ്ജുനനാല്‍ വധിക്കപ്പെട്ടു കഴിഞ്ഞു. കൌരവ സൈന്യത്തെ നേരിടാന്‍ പാണ്ഡവര്‍ ഒന്നിച്ചു കൂടി. ധാര്‍ത്തരാഷ്ട്രരില്‍ ശേഷിച്ചിരുന്ന സുദര്‍ശനനും ഭീമനാല്‍ ശിരസ്സറുത്ത നിലയില്‍ കൊല്ലപ്പെട്ടു. തന്റെ ഗജ സൈന്യവുമായി എത്തിയ ശകുനിയെയും, പുത്ര നേയും നകുല സഹദേവന്മ്മാര്‍ സമര്ഥമായി നേരിട്ടു. നകുലന്‍ ഉലൂകനെ വധിച്ച് തന്റെ ശപഥം നിറവേറ്റി. പേടിച്ച് പിന്തിരിയാന്‍ ശ്രമിച്ച ശകുനിക്ക് പിന്നാലെ പോര്‍വിളിയുമായി സഹദേവന്‍ പാഞ്ഞെത്തി.

'ഉന്മൂല നാശകനായ നിന്നെ കൊല്ലാതെ വിട്ടാല്‍, എനിക്കെന്റെ കടം വീടാനാവില്ല! എല്ലാറ്റിനും കാര്യമില്ലാതെ കാരണമുണ്ടാക്കി ഞങ്ങളെ ശത്രുക്കളാക്കിയതില്‍ നിനക്കാണ് മുഖ്യ പങ്ക്. നീ മൂലം കുരുക്ഷേത്രംയോദ്ധാക്കളുടെ രക്തം വീണ് നദിയായി മാറിയിരിക്കുന്നു. നിരപരാധികളുടെ മരണ ഹേതു വായ നിന്നെ ഞങ്ങള്‍ രക്ഷപ്പെടാന്‍ അനുവദിക്കില്ല! 'സഹദേവന്‍ ഒരു കുന്തം ഊക്കൊടെ ശകുനിക്കുമേല്‍ പ്രയോഗിച്ചു. ശകുനിയുടെ മരണത്തോടെ ' മഹാഭാരതം ' എന്ന ശോകാന്ത നാടകത്തിന്റെ തിരശ്ശീല പകുതി താഴ്ന്ന നിലയിലെത്തി.

ഇനി ഒരു ഭരതവാക്യം മാത്രം മിച്ചം അരങ്ങ് തിമര്‍ത്താടിയ ദുര്യോധനന്റെ ഊഴം കൂടി തീരേണ്ടതുണ്ട്. വീണ്ടും യുദ്ധം തുടങ്ങി കൌരവര്‍ക്ക് തുടക്കത്തില്‍ ഉണ്ടായിരുന്ന പതിനൊന്ന് അഷൌഹിണീയിള്‍ ഇനി ശേഷിക്കുന്നത്, ഇരുന്നുറു രഥങ്ങള്‍, അഞ്ഞൂറു കുതിരകള്‍, ന്നൂറു് ആനകള്‍, മുവായിരം സൈനികര്‍... മഹായുദ്ധ ത്തിന്റെ അന്ത്യം പ്രവചനത്തിലും അപ്പുറം ദാരുണവും ദയനീയവുമായി തീര്‍ന്നു.

ഏതാനും നിമിഷങ്ങള്ക്കകം അവരും ശത്രു ക്കളാല്‍ മൃതരാകും. പാണ്ഡവ സൈന്യത്തിനും കനത്ത തോതില്‍ നഷ്ടമുണ്ടായി അവര്ക്ക് ശേഷിച്ചത്ഇരുന്നുറു രഥങ്ങള്‍, എഴുന്നൂറു ആനകള്‍, ആയിരം കുതിരകള്‍ കുറച്ചേറെ കാലാളുകള്‍. യുദ്ധം തുടര്‍ന്നു കൊണ്ടിരുന്നു. ദുര്യോധനന്റെ മനസ്സ് ഒരു തിരനോട്ടം നടത്താന്‍ നിര്‍ബ്ബന്ധിതമായി. തന്റെ ചെറിയച്ഛന്റെ വാക്കുകള്‍ സത്യമായി ഭവിച്ചിരിക്കുന്നു.

ഭവിഷ്യത്തിനെ കുറിച്ച് എത്ര മുന്നറിയിപ്പ് തന്നിട്ടും ഉള്‍കൊള്ളാന്‍ തന്നിലെ ധാര്‍ഷ്ട്യം അനുവദിച്ചില്ല. ഇതിനോടകം മുറിവേറ്റ കുതിരകള്‍ രാജാവിനെയും വലിച്ചു കൊണ്ട് യുദ്ധ കളത്തില്‍ നിന്നും പാഞ്ഞു. വേദന സഹിയാതെ ആ സാധു മൃഗങ്ങള്‍ പരക്കം പാഞ്ഞു. അധികം താമസിയാതെ അവ പോര്‍ കളത്തിന്റെ ഏതോ ഭാഗത്ത് ചത്തു വീണു. ദുര്യോധനന്‍ തന്റെ ഗദയുമായി പ്രാപ്യസ്ഥാനത്തെ കുറിച്ച് ഒരു ലക്ഷ്യവും ഇല്ലാതെ നടന്നു. ശരീരത്തിന് ഏറ്റ മുറിവില്‍നിന്നു രക്തം ധാരധാരയായി വീണുകൊണ്ടിരുന്നു.

ഒന്നും രാജാവറിഞ്ഞില്ല. തികച്ചും ഭ്രാന്തമായ മാനസികാ അവസ്ഥയിലായിരുന്നു ആ കൌരവ രാജാവ്. പതിനെട്ടു ദിവസങ്ങള്‍ക്ക് മുന്പുള്ള തന്റെ അവസ്ഥയെപ്പറ്റി ദുര്യോധനന്‍ നടക്കുന്നതിനിടയില്‍ ചിന്തിച്ചു. വിട്ടു വീഴ്ചയില്ലാത്ത ധാര്‍ഷ്ട്യ മനസ്സിന്റെ ഉടമയായ താന്‍ മൂലം എത്ര എത്ര കുടുംബങ്ങള്‍ അനാഥമായി? അവരുടെ ശാപത്തില്‍ നിന്ന് എനിക്ക് മോചനമുണ്ടോ? പാണ്ഡവര്‍ തന്റെ സഹോദരര്‍ ആണെന്നറിഞ്ഞിട്ടും, മരണം വരെ തനിക്കൊപ്പം നിന്ന തന്റെ രാധേയന്‍! നന്ദിയുണ്ട് മിത്രമേ! അങ്ങയോടുള്ള കടം വീട്ടാന്‍ ഈ ദുര്യോധനന്‍ അശക്തനാണ്! ദുര്യോധനന്‍ തന്റെ സന്തത സഹചാരിയായ ഗദയുമായി യാത്ര തുടര്‍ന്നു. ലക്ഷ്യ ബോധമില്ലാത്ത ആ യാത്ര അദ്ദേഹത്തെ എത്തിച്ചത് സ്വച്ഛ ജലം നിറഞ്ഞ 'ദ്വൈപായന സരസ്സിന്' അരുകിലാണ്.

കവിളുകളിലൂടെ ഒലിച്ചിറങ്ങിയ അശ്രുക്കള്‍ തുടക്കാന്‍ പോലും അദ്ദേഹം അശക്തനായി തീര്‍ന്നു. ഹൃദയം തകര്‍ന്ന മട്ടില്‍ ശരീരം മുഴുവന്‍ ഒലിച്ചിറങ്ങുന്ന രക്ത കണങ്ങളാല്‍ അഭിഷിക്തനായ, ദുര്യോധനനെ തടാകക്കരയില്‍ വെച്ച് സജ്ജയന്‍ കണ്ടു. തങ്ങളുടെ രാജാവിന്റെ ഈ അവസ്ഥ കാണാനിടവന്ന സഞ്ജയന് തന്റെ ഹൃദയം പിളര്‍ന്നു പോകുന്നപോലെ അനുഭവപ്പെട്ടു. നിറഞ്ഞ അനുകമ്പയോടെ സഞ്ജയന്‍ ഓടി രാജാവിന്നരുകില്‍ എത്തി. ദുര്യോധനന്‍ തന്റെ ദാസനെ അറിയാത്ത മട്ടില്‍ നോക്കി. രാജാവിന്റെ കണ്ണുകള്‍ ഹൃദയത്തിലും, ഹൃദയം മറ്റെങ്ങോ അലഞ്ഞിരുന്നു. 'പ്രഭോ! അങ്ങേക്കെന്നെ തിരിച്ചറിയാന്‍ കഴിയുന്നില്ലേ ? ഞാന്‍ അങ്ങയുടെ പിതാവിന്റെ സാരഥിയായ സന്ജ്ജയനാണ്.' പൊടുന്നനെ പരിസര ബോധം ഉണ്ടായ ദുര്യോധനന്‍ ചോദിച്ചു 'സഞ്ജയാ! താങ്കള്‍ എങ്ങനെ പാണ്ഡവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു? താങ്കള്‍ രക്ഷപ്പെട്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു.

'അശ്രുപൂര്‍ണ്ണ നേത്രങ്ങളോടെ ആ സാരഥി ദുര്യോധനനെ ആലിംഗനം ചെയ്തു. 'എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അങ്ങയോട് പറയാം. ഞാന്‍ ശിബിരത്തില്‍ ഇരിക്കുമ്പോള്‍ അങ്ങയെ അന്വേഷിച്ച് പാണ്ഡവന്മാര്‍ എത്തി അവര്‍ ഏകനായ എന്നെ കണ്ടു. ധൃഷ്ടദൃമ്‌നന്‍ എന്നെ ബന്ദി ആക്കാന്‍ ശ്രമിച്ചപ്പോള്‍ സാത്യകി ഇടപെട്ടു. 'ഈ സാധു ധൃതരാഷ്ട്ര രാജാവിന്റെ സാരഥി മാത്രമാണ്. ' ഇയാളെ പിടിച്ചതു കൊണ്ട് ഒരു പ്രയോജനവും ഇല്ല. ജയോന്മത്തനായ ധൃഷ്ടദൃമ്‌നന്‍ എന്റെ നേരെ വാളോങ്ങി.

എന്നാല്‍ ഒരു പ്രയോജനവും ഇല്ലാത്ത ഇയാളെ നമുക്കങ്ങു വധിക്കാം ' തല്‍ക്ഷണം വ്യാസ മുനി അവിടെയെത്തി. 'അരുത്! ഇദ്ദേഹം അവന്ധ്യനാണ്! ഈ മനുഷ്യനെ ധൃതരാഷ്ട്ര സമീപത്തെക്ക് മടക്കി അയക്കുക.' അവര്‍ മുനിയുടെ വാക്കുകള്‍ മാനിച്ച് എന്നെ വിട്ടയച്ചു.

ഹസ്തിനപുരത്തിലേക്കുള്ള മടക്കയാത്രയിലാണ് ഞാനിപ്പോള്‍ അങ്ങയെ കണ്ടെത്തിയത്. 'പറയൂ ! ദുര്യോധനാ ! അങ്ങെക്കെന്തു പറ്റി ? എന്താണ് സംഭവിച്ചതെന്ന് പറഞ്ഞാലും. എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല

പ്രഭോ!സഞ്ജയന്‍ വിതുമ്പി കരഞ്ഞു. സഞ്ജയനെ ആശ്വസിപ്പിച്ചുകൊണ്ട് ദുര്യോധനന്‍ പറഞ്ഞു 'എല്ലാ ബന്ധങ്ങളില്‍ നിന്നും എന്റെ മനസ്സിനെ വിമുക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ വെളിപ്പെടുത്താനാവാത്ത വിധം ദുഃഖം എന്നെ ഗ്രസിക്കുന്നു. സാധുവായ അങ്ങ് എപ്പോഴും എന്റെ നന്മ മാത്രം കാംഷിച്ചിരുന്നു. എന്നെ നേര്‍വഴിക്ക് നയിക്കാന്‍ പലവുരു ശ്രമിച്ചിട്ടുണ്ട്. ഒന്നും ഞാന്‍ അനുസരിച്ചില്ല. ഇപ്പോള്‍ എല്ലാറ്റിനും മാപ്പു ചോദിക്കുന്നു. എന്നെയോര്‍ത്ത് ദുഖിക്കാന്‍ ഇനി ശേഷിക്കുന്നത് അങ്ങൊരാള്‍ മാത്രം. എല്ലാം സ്വയം കൃതാനര്‍ത്ഥമായി കാണാന്‍ എനിക്ക് കഴിയുന്നുണ്ട്. 'ദുര്യോധനന്‍! അങ്ങയുടെ പിതാവിനോട് എന്തു പറയണമെന്ന് അറിയിച്ചാലും. 'ദുര്യോധനന്‍ ഒന്നു ചിന്താധീനനായ ശേഷം അകലങ്ങളിലെ ആരവത്തിന്റെ ധ്വനിയോടെ പറഞ്ഞു 'എന്റെ പിതാവ്! അദ്ദേഹത്തിന്റെ ഉള്ളിലെ 'ആര്‍ത്തി' എന്ന അപകടകരമായ അവസ്ഥ ഒരുപരിധി വരെ എന്നിലെ ധാര്‍ഷ്ട്യത്തെ ഊട്ടി വളര്‍ത്തികൊണ്ടിരുന്നു.

അദ്ദേഹം ഒരിക്കല്‍ പോലും എന്റെ ചെയ്തികളെ വിമര്‍ശിച്ചിരുന്നില്ല, മറിച്ച് തെറ്റുകളിലൂടെ എനിക്ക് വളരാനുള്ള സാഹചര്യം ഒരുക്കി തന്നു. എന്റെ പിടിവാശിക്ക് മുന്നില്‍ അദ്ദേഹം എപ്പോഴും കീഴ്‌പ്പെട്ടു കൊണ്ടിരുന്നു. എല്ലാറ്റിനും അദ്ദേഹം എന്നോടൊപ്പം നിന്നു. എന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന് മുഖ്യം.അന്ധമായ പുത്ര സ്‌നേഹം വരുത്തിവെച്ച കഠിനമായ ദുഖവും, അന്യരുടെ നിന്ദയും അദ്ദേഹം ഏറ്റുവാങ്ങുന്നു. പാപിയായ ഈ പുത്രന്റെ പ്രണാമം അറിയിക്കുക! സജ്ജയാ! അങ്ങ് ഇവിടെ ഇനി അധികം നില്ക്കുന്നത് അപകടമാണ്.

കൊട്ടാരത്തിലേക്ക് മടങ്ങിക്കൊള്ളൂ. ചുറ്റും കണ്ണോടിച്ചു കൊണ്ട് ദുര്യോധനന്‍ പറഞ്ഞു. 'ഞാന്‍ ഈ തടാകത്തിനുള്ളില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു. അല്പനേരം ഈ സ്വച്ഛജലത്തിലിരു ന്ന് എന്റെ ഹൃദയത്തിന്റെ ചൂട് ശമിപ്പിക്കണം. എന്റെ മുറിവേറ്റു ക്ഷീണിച്ച അംഗങ്ങള്‍ക്ക് ഒരു അയവു വരുത്തണം ഒന്നുകൂടി അങ്ങ് എനിക്ക് വേണ്ടി ചെയ്യണം' ദുര്യോധനന്റെ ഭാവ പ്രകടനം വളരെ ദയനീയമായിരുന്നു. മുറിവേറ്റ ശരീര ഭാഗങ്ങളിലേക്ക് അദ്ദേഹം കണ്ണോടിച്ചു. 'ദുര്യോധനാ! ഞാന്‍ എന്താണ് അങ്ങക്ക് വേണ്ടി ചെയ്യേണ്ടത് ? പറഞ്ഞാലും പ്രഭോ! ' സഞ്ജയന്‍ നിറകണ്ണുകളോടെ രാജാവിനെ നോക്കി.

. 'പറയൂ! രാജാവേ! എന്റെ ജീവിതം തന്നെ നിങ്ങളുടെ നന്മ്ക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതാണ്.

'നൂറു മക്കള്‍ക്ക് ജന്മം നല്‍കിയ അമ്മയുടെ എല്ലാ മക്കളും എന്റെ അന്ത്യത്തോടെ അവര്‍ക്ക് നഷ്ടമാകും. അവരുടെ വാക്കുകള്‍ ഞാന്‍ മാനിച്ചില്ല. എന്നും എനിക്കൊപ്പം നിന്ന പിതാവിന്റെ വാക്കുകളായിരുന്നു എനിക്കു മുഖ്യം എന്നിട്ടും എന്റെ മാതാവ് ഞാന്‍ വധിക്കപ്പെട്ടു കാണാന്‍ ആഗ്രഹിച്ചില്ല.

കൃഷ്ണന്‍ ദൂതുമായി ഹസ്തിനപുരത്തില്‍ വന്നപ്പോള്‍ പോലും അമ്മ എന്നെ ഏറെ ഉപദേശിച്ചു. ആ ചുടു കണ്ണീര്‍ വീണ് എന്റെ തോളുകള്‍ പോലും ഉരുകി. എന്നിട്ടും എനിക്കെന്റെ വിധിയെ തിരുത്താനായില്ല. ഒടുവില്‍ യുദ്ധത്തിനിറങ്ങി തിരിക്കുന്നതിനു മുന്പ് ഞാന്‍ അമ്മയുടെ ആശ്ശിസ്സു തേടി ചെന്നു. എല്ലാം മുന്‍ കൂട്ടി അറിഞ്ഞിരുന്ന അവര്‍ എനിക്ക് 'യശ്വസി ഭവാ' എന്ന ആശിര്‍വാദം നല്‍കി യാത്ര അയച്ചു.

അപ്പോഴെ എന്റെ വിധി നിര്‍ണ്ണയം കുറിക്കപ്പെട്ടു. എന്റെ അമ്മയുടെ പാദങ്ങളില്‍ ഈ പുത്രന്‍ മനസ്സാ കുമ്പിട്ട് മാപ്പിരക്കുന്നു എന്നറിയിച്ചാലും...! താങ്കള്‍ പൊയ്‌ക്കൊള്ളു, പാണ്ഡവര്‍ തിരഞ്ഞെത്തും മുന്പ് എനിക്കി തടാകത്തില്‍ പ്രവേശിക്കണം 'ദുര്യോധനന്‍ സന്ജ്ജയനെ യാത്രയാക്കാന്‍ തിടുക്കം കൂട്ടി. സജ്ജയന്‍ വിടവാങ്ങി. ഹസ്തിനപുരത്തേക്ക് പോകും വഴി അദ്ദേഹം ആശ്വ ത്ഥാ മാവ്, കൃപര്‍, കൃതവര്‍മ്മാവ് ഇവരെ കണ്ടു. രാജാവിന്റെ അവസ്ഥ അറിയാതെ അവരും അതീവ ദുഖിതരായിരുന്നു. സഞ്ജയന്‍, താന്‍ ദുര്യൊധനനുമായി സന്ധിച്ച വിവരവും അദ്ദേഹം 'ജലസ്തംഭന ' പ്രക്രിയയിലൂടെ 'ദ്വൈപായന സരസ്സിനുള്ളില്‍' പ്രവേശിക്കാന്‍ ഇടയുള്ള അവസ്ഥയും സഞ്ജയന്‍ വ്യക്തമാക്കി. ഈ സമയമെല്ലാം വിജയികളായ പാണ്ഡവര്‍ ഗദയുമായി രക്ഷപ്പെട്ട ദുര്യോധനനെ തിരഞ്ഞു കൊണ്ടേ ഇരുന്നു. സന്ധ്യയോട് അടുത്തപ്പോള്‍ ആശ്വത്ഥാമാവും കൂട്ടരും തടാകക്കരയില്‍ എത്തി. അവര്‍ രാജാവിനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു.

ഭീരുത്വത്തേക്കാള്‍ മരണമാണ് അഭികാമ്യമെന്ന് അവര്‍ പരസ്പരം വിധിച്ചു. അഥവാ, ജയിക്കാനായാല്‍ അങ്ങേക്ക് രാജാവായി തുടരാം... ഈ ഒളിച്ചോട്ടം അങ്ങയുടെ യശ്ശസ്സിനെ കളങ്കപ്പെടുത്തും. ജലത്തിനടിയിലിരുന്നദുര്യോധനന്‍ ശബ്ദം തിരിച്ചറിഞ്ഞ മാത്രയില്‍ പ്രതികരിച്ചു 'നിങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ഈ ദുര്യോധനന്‍ ഒരു ഭീരുവല്ല, ഞാന്‍ യുദ്ധം ചെയ്യും. തല്ക്കാലം എന്റെ പരിക്കേറ്റ അംഗങ്ങള്‍ക്ക് വിശ്രമം കൂടിയെ തീരൂ!

ഇപ്പോള്‍ യുദ്ധം ചെയ്യാനുള്ള ഒരു ഓജസ്സും എനിക്കില്ല. ഇന്നത്തെ കഴിഞ്ഞ് പാണ്ഡവരോട് യുദ്ധം ചെയ്യാനാണ് ഞാന്‍ ഉദ്ധേശിക്കുന്നത്. ദുര്യോധനന്‍ മറ്റാരും അറിയുന്നതിന് മുന്പ് അവരെ മടക്കി അയക്കാന്‍ തിടുക്കം കൂട്ടി. എന്നാല്‍ വിധി, മറ്റൊരു മാര്‍ഗ്ഗം പാണ്ഡവര്‍ക്കു മുന്നില് തുറന്നു കൊടുത്തു, ആ തടാക കരയില്‍ ജലം കുടിക്കാനെത്തിയ നാടോടികള്‍ ഇവരുടെ സംഭാഷണം ശ്രവിക്കാന്‍ ഇടയായി. അപരിചിതവും ജിജ്ജാസ വര്‍ദ്ധിപ്പിക്കന്നതുമായ ശ്രോതാക്കളുടെ മുഖഭാവം അവരുടെ സംശയത്തെ ബലപ്പെടുത്തി. അവര്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ യുധിഷ്ടിര രാജാവിനെ ചെന്ന് കണ്ട് വിവരം ഉണര്‍ത്തി. സന്തോഷ സൂചകമായി യുധിഷ്ടിരന്‍ അവര്‍ക്ക് ഉചിതമായ ഉപഹാരങ്ങള്‍ നല്‍കി മടക്കി.

പാണ്ഡവരും കൃഷ്ണനും ദ്വൈപായന സരസ്സിനരുകില്‍ എത്തി. യുധിഷ്ടിരന്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കും മട്ടില്‍ പറഞ്ഞു. ' ദുര്യോധനന്‍ മഹാ ശക്തിമാനാണ്. നോക്കൂ! അദ്ദേഹത്തിന് തന്റെ അപാരമായ ശക്തി മൂലം തടാകത്തിലെ ജലത്തെ സ്തംഭിപ്പിച്ചു നിര്‍ത്താന്‍ കഴിവുണ്ട്. തീര്‍ച്ചയായും അദ്ദേഹം തടാകത്തിന്റെ ഹൃദയാന്തര്‍ ഭാഗത്ത് കാണും. ഇവിടെ ഒളിച്ചിരിക്കാന്‍ ഞാന്‍ അദ്ദേഹത്തെ അനുവദിക്കില്ല. ഇത്രയും നിരപരാധികളുടെ മരണത്തിന് കാരണക്കാരനായ രാജാവ്, ആത്മ രക്ഷാര്‍ത്ഥം ഒരു ഭീരുവിനെ പോലെ ഒളിച്ചിരിക്കുന്നത് നിന്ദ്യമാണ്, അത് ഞാന്‍ ഏതു വിധേനയും തടയും.

'ദുര്യോധനാ! താങ്കള്‍ തടാകത്തിന് പുറത്തു വരൂ! ഞങ്ങളോട് യുദ്ധം ചെയ്യുന്നതാണ് ശ്രേഷ്ടമായ ക്ഷത്രിയ ധര്‍മ്മം. ' യുധിഷ്ടിരന്റെ അസാധാരണമായ ഭാവപ്രകടനം കണ്ട് കൃഷ്ണന്‍ പുഞ്ചിരിച്ചു.

' ദുര്യോധനന്‍! താങ്കള്‍ ഇച്ഛപോലെ മരണത്തിനു കീഴ്‌പ്പെട്ടേ തീരൂ! അങ്ങെനെയെങ്കിലും ചെയ്തു കൂട്ടിയ പാപ കര്‍മ്മങ്ങള്‍ക്ക് ഒരു ഉപശാന്തി ഉണ്ടാകട്ടെ.' യുധിഷ്ടിരന്റെ ഭര്‍ത്സനം തടാകത്തില്‍ ഇരുന്നിരുന്ന ദുര്യോധനന്‍ കേട്ടു.

'യുധിഷ്ടിരാ! താങ്കള്‍ എന്നെ ഏറെ അപമാനിക്കും വിധം സംസാരിക്കുന്നു. എന്നാല്‍ ഒന്നു മനസ്സിലാക്കുക... ഈ ദുര്യോധനന് ഒരിക്കലും ഭീരുവാകാന്‍ ആവില്ല. നിരപരാധികളെ കൊലക്കു കൊടുത്ത് കൃതഘ്‌നാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനീ തടാകത്തില്‍ എത്തിപ്പെടാനുണ്ടായ അവസ്ഥ നിങ്ങള്‍ അറിഞ്ഞിരിക്കണം... ഇന്ന് യുദ്ധ ഭൂമിയില്‍ ഉണ്ടായ ശല്യരുടെ മരണം... മാതുലന്റെ ജീവഹാനി എല്ലാം എന്റെ ചിന്താ ശക്തിയെ മരവിപ്പിച്ചു. എന്തു ചെയ്യണമെന്ന ബോധം പോലും നശിച്ച അവസ്ഥയില്‍ മുറിവേറ്റ കുതിരകള്‍ എന്നെയും വലിച്ചു കൊണ്ട് യുദ്ധ ഭൂമിയില്‍ നിന്ന് ഓടി. കുറെ കഴിഞ്ഞപ്പോള്‍ കുതിരകള്‍ ചത്തു. ക്ഷീണിച്ച് അവശനായ ഞാന്‍ ലക്ഷ്യ ബോധമില്ലാതെ നടന്ന് ഈ തടാക കരയിലെത്തി. ഈ സ്വച്ഛ ജലത്തില്‍ അല്പ നേരം മുങ്ങിയിരുന്ന് എന്റെ പരിക്കുകള്‍ക്ക് ഒരാശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്റെ മിത്രത്തിന്റെ മരണത്തോടെ എനിക്ക് ജീവിക്കാനുള്ളആശ നശിച്ചിരിക്കുന്നു. ഞാന്‍ തീര്‍ച്ചയായും നിങ്ങളോട് യുദ്ധം ചെയ്യുന്നുണ്ട്.'

യുധിഷ്ടിരന്‍ പറഞ്ഞു ' അങ്ങിപ്പോള്‍ തന്നെ തടാകത്തില്‍ നിന്ന് വെളിയില്‍ വരണം. ഞങ്ങളോട് യുദ്ധം ചെയ്യുന്നതിന് എന്തിനു മടിക്കുന്നു ? ഏറെ നേരെമായി യുദ്ധ രംഗത്തുനിന്നും അപ്രത്യക്ഷനായ താങ്കളെ തിരഞ്ഞ് ഞങ്ങള്‍ നടക്കുന്നു. ഇനി ഒരു നിമിഷം പോലും മടിച്ചിരിക്കാന്‍ ഞാന്‍ താങ്കളെ അനുവദിക്കില്ല.'

യുധിഷ്ടിരന്റെ വാക്കുകള്‍ ദുര്യോധനന്‍ പു ഞ്ചിച്ചു തള്ളി 'യുധിഷ്ടിരാ! താങ്കളുടെ വീണു കിട്ടിയ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ യുദ്ധത്തില്‍ ജയിച്ചിരിക്കുന്നു, എനിക്കോ, എന്റെ പ്രിയപ്പെട്ടവരെല്ലാം നഷ്ടമായതിനാല്‍ ജീവിത മോഹം തന്നെ അസ്തമിച്ചു. എന്നില്‍നിന്ന് അങ്ങ് സ്വന്തം ആക്കിയെന്ന് അഭിമാനിക്കുന്ന ഈ ഭൂമി ചേതനയറ്റതാണ്. ഇതിന്റെ ചൈതന്യവും സമൃദ്ധിയും ഞാന്‍ ആവോളം അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. വെറും മണ്ണ് മാത്രമായ ഈ ഭൂമി ഞാന്‍ താങ്കള്‍ക്ക് ദാനമായി തരുന്നു. അങ്ങ് കുരുവംശാധിപനായി ശേഷിക്കുന്ന കാലം ഈ ചേതനയറ്റ ഭൂമിയെ ഭരിച്ചാലും യുധിഷ്ടിര രാജാവേ! ' ദുര്യോധനന്റെ നിന്ദ്യ വാക്കുകള്‍ യുധിഷ്ടിരന്റെ രക്തം തിളപ്പിച്ചു

'നിനക്കെങ്ങനെ ഈ വിധം സംസാരിക്കാന്‍ കഴിയുന്നു ദുര്യോധനാ! ഈ ഭൂമി നിന്റെ ദാനമാണ് പോലും! എന്നും ഞങ്ങള്‍ക്ക് ഊഷര ഭൂമി നല്‍കുന്നതില്‍ നീ തൃപ്തി കണ്ടെത്തിയിരുന്നു! എന്നാല്‍ ഞാന്‍ തറപ്പിച്ചു പറയുന്നു, നിന്നെ പ്പോലെ ഈ ഭൂമി ഞങ്ങള്‍ നിന്നില്‍ നിന്നും തട്ടി എടുത്തതല്ല. യുദ്ധം ചെയ്തു നേടിയതാണ്.

നീ പറയും പോലെ ഇത് ചേതനയറ്റതാണങ്കില്‍, ഞാന്‍ എന്റെ കഴിവും മനോബലവും കൊണ്ട് ഈ ഭൂമിയെ ചൈതന്യവത്തും ഭാസ്വരവും ആക്കും. നീ ലോകനാഥനായിരുന്ന കാലത്ത് ശകുനിയുമായി ഒത്തുചേര്‍ന്ന് കാട്ടി കൂട്ടിയ വികൃതികളൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. വനവാസത്തിനു പോയ ഞങ്ങള്‍ ഇതൊന്നും അറിയില്ലന്നു നീ വൃഥാ ധരിച്ചു. എന്നാല്‍ നിനക്ക് തെറ്റു പറ്റി, എല്ലാം തന്നെ ഞങ്ങള്‍ അറിഞ്ഞിരുന്നു. തിരിച്ചു വന്നപ്പോഴും നിന്നിലെ ധാര്‍ഷ്ട്യം, ഞങ്ങള്‍ക്ക് അര്‍ഹമായത് നല്‍കുന്നതില്‍ നിന്ന് നിന്നെ വിലക്കി. ഫലമോ? നീ മൂലം എത്ര കുടുംബങ്ങള്‍ അനാഥമായി? ചോരപ്പുഴ കൊണ്ട് കുരുക്ഷേത്രം രക്ത തടാകമായി. കാരണക്കാരന്നായ നിന്നെ ഞങ്ങള്‍ ഒരു നിമിഷം പോലും ജീവിക്കാന്‍ അനുവദിക്കില്ല. തടാകത്തില്‍ നിന്ന് പുറത്തു വരൂ! ഞങ്ങളോട് യുദ്ധം ചെയ്യൂ! '

ജലത്തിനടിയിലിരുന്ന ദുര്യോധനന്‍ പ്രതികരിച്ചു 'യുധിഷ്ടിരാ! താങ്കള്‍ ഒരു ധര്‍മ്മിഷ്ടനാണ്! പക്ഷേ, ഒരു ധര്‍മ്മിഷ്ടന് ചേര്‍ന്ന വാക്കുകളല്ല നിങ്ങള്‍ ഇപ്പോള്‍ ഉച്ചരിക്കുന്നത്. എന്നെ നോക്കൂ! ഞാന്‍ തേരോ സാരഥിയോ ഇല്ലാത്ത മുറിവേറ്റ യോധാവാണ്! ദേഹത്തണിയാന്‍ ഒരു പടച്ചട്ട പോലുമില്ല. എനിക്ക് ശരങ്ങളോ വില്ലോ ഇല്ല. എല്ലാം നഷ്ടപ്പെട്ട എന്നോട് നിങ്ങളോരുമിച്ചു യുദ്ധം ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടുവല്ലോ ? നിങ്ങള്ക്ക് സ്വയം ലജ്ജ തോന്നുന്നില്ലേ ?

നിങ്ങള്‍ ഏറെ പോരൂവിളിക്കേണ്ട, ഞാനിതാ വരികയായി. എനിക്ക് യുദ്ധം ചെയ്യാന്‍ ഒരു ഭയവും ഇല്ല. ഒന്നുകില്‍ ഞാന്‍ നിങ്ങളെയെല്ലാം കൊന്നു സ്വയം ആത്മഹത്യ ചെയ്യും. എന്റെ രാധേയനില്ലാത്ത ഈ ഭൂമിയില്‍ എനിക്കിനി ജീവിക്കാന്‍ മോഹമില്ല. അദ്ദേഹം എത്രയോ ശ്രേഷ്ടനായിരുന്നു. നിങ്ങള്‍ ശ്രേഷ്ടരെന്നു നടിക്കുന്ന വെറും നാട്യക്കാര്‍ മാത്രം! നിങ്ങളാല്‍ മരിക്കേണ്ടി വന്നാല്‍ പോലും ഞാന്‍ സന്തുഷ്ടനായിരിക്കും. കാരണം ഞാന്‍ യോദ്ധാക്കള്‍ക്കുള്ള വീര സ്വര്‍ഗത്തില്‍ എത്തിച്ചേരും.'

പ്രഭാത സൂര്യന്റെ പ്രഭയെ വെല്ലുന്ന കാന്തിയോടെ ദുര്യോധനന്‍ തടാക മദ്ധ്യത്തില്‍ നിന്ന് പൊന്തി വന്നു. അദ്ദേഹത്തിന്റെ സുദൃഢമായ തോളുകളും, വിരിഞ്ഞ മാര്‍വ്വിടവും മുന്‌പെങ്ങുമില്ലാത്ത വിധം പാണ്ഡവരില്‍ ആദരവുണര്‍ത്തി.

യുധിഷ്ടിരന്‍ പറഞ്ഞു ' അങ്ങ് ഒരു ഭീരു അല്ലെന്ന് തെളിയിച്ചതില്‍ ഞങ്ങള്‍ അതീവ സന്തോഷിക്കുന്നു. താങ്കള്‍ കുരു വംശത്തിലെ കരുത്തനായ സന്തതി തന്നെ. അങ്ങ് ഒറ്റയ്ക്ക് ഞങ്ങളോടെല്ലാം യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ താങ്കളേക്കാള്‍ എത്രയോ മേലെയാണ് എന്റെ യുദ്ധ നീതി. താങ്കള്‍ ഞങ്ങളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. '

ഏതെല്ലാം കുറവുകള്‍ ഉണ്ടങ്കിലും ദുര്യോധനില്‍ ആരെയും കവച്ചു വയ്ക്കുന്ന പൌരുഷവും, ക്ഷാത്രകുലീനതയും പ്രകടമായിരുന്നു.അദ്ദേഹം യുധിഷ്ടിരനോട് പറഞ്ഞു ' യുധിഷ്ടിരാ! താങ്കളുടെ ഈ നിര്‍ദ്ദേശത്തെ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. എന്റെ കൈവശം ആയുധമെന്നു പറയാന്‍ എന്റെ സന്തത സഹചാരിയായ ഈ ഗദ മാത്രമേ ഉള്ളൂ. ഇത് ഉപയോഗിച്ച് നിങ്ങളില്‍ ആരോട് വേണമെങ്കിലും യുദ്ധം ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. '

ഈ സമയമെല്ലാം കൃഷ്ണന്‍ യുധിഷ്ടിരന്റെ പ്രവര്‍ത്തികളെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്നു. യുധിഷ്ടിരന്‍ സ്വയം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ബോദ്ധ്യമായപ്പോള്‍ കൃഷ്ണന്‍, അദ്ദേഹത്തെ പിന്നില്‍നിന്നു വിളിച്ചു

' എന്റെ യുധിഷ്ടിരാ! താങ്കള്‍ ഇത്ര ബുദ്ധിശൂന്യനെന്നു ഞാന്‍ കരുതിയില്ല. നേടിയെടുത്തത് നഷ്ടപ്പെടുത്താന്‍ മാത്രമേ താങ്കളുടെ ഈ സാഹസ പ്രവര്‍ത്തി തുണക്കൂ! ആ വിഢ്ഡിത്വം താങ്കള്‍ കാണിക്കരുതെന്ന് ഞാന്‍ പറയുന്നു. താങ്കള്‍ക്ക് ഒരിക്കലും ദുര്യോധനനെ നേരിടാന്‍ ആവില്ല. എത്രയോ വര്‍ഷങ്ങളായി അയാള്‍ 'അയോ ഭീമനെ ' നിര്‍മ്മിച്ചുവെച്ചു തന്റെ ആയോധന മുറ അഭ്യസിക്കുന്നവനാണ്. ആ മെയ്യ് വഴക്കം അസാമാന്യമാണ്. പ്രകടനം പിഴവില്ലാത്ത വിധം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും. എന്റെ നിര്‍ദ്ദേശം അംഗീകരിക്കുക! '

യുധിഷ്ടിരന്‍ ഏറെ വിനയത്തോടെ കൃഷ്ണനെ വണങ്ങി. 'എന്റെ പ്രഭോ! അങ്ങയുടെ നിര്‍ദ്ദേശത്തേക്കാള്‍ വലുതായി ഈ യുധിഷ്ടിരന് ഒന്നുമില്ല! '

കൃഷ്ണന്‍ പറഞ്ഞു ' ഭീമന്‍ മാത്രമേ ദുര്യോധനന് സമനായുഉള്ളൂ! ഭീമന് കരുത്തു കൂടുമെങ്കിലും, മെയ്യ് വഴക്കവും, ചടുലതയും ദുര്യോധനനാണ്. അയാളുടെ അടവുകള്‍ പിഴവുറ്റതായിരിക്കും. കൃഷ്ണ നിര്‍ദ്ദേശം കേട്ട് ഭീമന്‍ മുന്നോട്ടു വന്നു. ' പ്രഭോ! ഞാന്‍ ദുര്യോധനനുമായി ഏറ്റുമുട്ടാന്‍ ഒരുക്കമാണ്. എന്റെ ജ്യേഷ്ഠനെ ലോകനാഥ നാക്കാന്‍ ഈ ഭീമന്‍ പ്രതിജ്ഞാ ബന്ധനാണ്. ഞാന്‍ അയാളെ വധിച്ച് എന്റെ ശപഥം പാലിക്കും. 'കൃഷ്ണന്‍ ഭീമന്റെ തോളില്‍ തട്ടി ' ശ്രേഷ്ഠ പാണ്ഡവന്‍ അങ്ങ് തന്നെയാണ് ഭീമാ! താങ്കള്‍ മൂലം യുധിഷ്ടിരന്‍ ഭൂലോക ചക്രവര്‍ത്തി ആകും. താങ്കള്‍ ചെന്ന് ദുര്യോധനനെ വെല്ലു വിളിക്കൂ! എന്തിനും എന്റെ സഹായം അങ്ങക്കുണ്ട്. നിങ്ങളോളം പ്രിയരായി ഇപ്പോള്‍ എനിക്ക് മറ്റാരുമില്ല. '

ഭീമന്‍ ദുര്യോധനനെ വെല്ലുവിളിച്ചു. 'ദുര്യോധനാ! നിന്റെ അതിമോഹം മൂലം എത്രയോ നാശം നീ വരുത്തി വെച്ചു. നിന്റെ സമ്പന്നതക്കപ്പുറം, നഷ്ടമാകുന്ന മൂല്യങ്ങളെ ക്കുറിച്ച് നീ ഒരിക്കലും ബോധവാനായിരുന്നില്ല. വില കൊടുത്താല്‍ പോലും കിട്ടാത്ത ഒന്നുണ്ട് ഈ ലോകത്തില്‍... കൂട പിറപ്പുകളുടെ കറകളഞ്ഞ സ്‌നേഹം! അവരെ അംഗീകരിക്കാനുള്ള മനസ്സ്. നിന്റെ ദുര്‍മ്മോഹം മൂലം എത്രയോ കുടുംബങ്ങള്‍ അനാഥമായി ? പ്രിയപ്പെട്ടവരുടെ മരണത്തിന് കണക്കില്ല. ആ നഷ്ടം നിന്റെ ധനത്തിന് നികത്താനാകുമോ ? സൂത പുത്രനെങ്കിലും, സൂര്യ സമാനനായ നിന്റെ മിത്രത്തിന്റെ യുദ്ധ ഭൂമിയിലെ കിടപ്പ് നിനക്ക് താങ്ങാന്‍ കഴിയുന്നുണ്ടോ ? നമ്മുടെ പിതാമഹന്റെ ഇപ്പോഴത്തെ അവസ്ഥ നീ മൂലം ഉണ്ടായതല്ലേ ? മഹാരഥനായ ദ്രോണര്‍ നീ മൂലം എത്ര നിന്ദിതനായി മരിക്കേണ്ടി വന്നു ? ചതിയിലൂടെ നീ നിന്റെ പക്ഷത്തേക്ക് വശത്താക്കിയ ഞങ്ങളുടെ മാതുലന്‍ ശല്യര്‍! ഭാഗിനേയരാല്‍ ആരാധ്യനാകേണ്ട അദ്ദേഹത്തെ ഞങ്ങള്‍ക്ക് വധിക്കേണ്ടി വന്നു! ഞങ്ങള്ക്ക് ഇതിനെല്ലാം നിന്നോട് പകരം വീട്ടണം. വരൂ! ഞാന്‍ തയ്യാറായി കഴിഞ്ഞു. '

ഭീമന്റെ സത്യത്തില്‍ പൊതിഞ്ഞ ക്രൂര വാക്കുകള്‍ കേട്ട്, ദുര്യോധനന്‍ പരിഹാസ സൂചകമായി ചിറികോട്ടി, പുരികം ചുളിച്ചു.

തീര്‍ഥ യാത്രക്കു ശേഷമുള്ള മടക്ക യാത്രയില്‍ ബലരാമന്‍, നാരദ മഹര്‍ഷിയുമായി സന്ധിച്ചു. പരസ്പരം കുശലാന്വേഷണങ്ങള്‍ പങ്കു വയ്ക്കുന്നതിനിടയില്‍ കുരുക്ഷേത്ര യുദ്ധവും സംസാര വിഷയമായി. തന്റെതായ പ്രൌഢ സ്വരത്തില്‍ ബലരാമന്‍ അന്വേഷിച്ചു 'എന്തായി നാരദരെ! കുരുക്ഷേത്ര ഭൂമിയില്‍ ഇനി ആരെങ്കിലും മിച്ചമുണ്ടോ? അങ്ങയില്‍നിന്നു യുദ്ധഗതി അറിയാന്‍ ആഗ്രഹിക്കുന്നു. ' നാരദ മഹര്‍ഷി ചിരിച്ചു,

' പ്രഭോ! അങ്ങയുടെ നിര്‍ണ്ണയം തന്നെ ആയിരുന്നു ഉചിതം. ഒന്നിനും ദൃക്‌സാക്ഷി ആകേണ്ടി വന്നില്ല. '

'യുദ്ധം അവസാനിച്ചോ ? എന്റെ ദുര്യോധനന്റെ അവസ്ഥ എങ്ങിനെ ? അയാള്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ? ' ബലരാമന്റെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് നാരദര്‍ ഉണര്‍ത്തിച്ചു 'പ്രഭോ! പ്രിയ ശിഷ്യനെ അവസാനമായി ഒന്ന് കാണണമെങ്കില്‍ അങ്ങ് ദ്വൈപായന സരസ്സിനരികിലേക്ക് പോയാലും! ധാര്‍ത്തരാഷ്ട്രരില്‍ ഇനി ശേഷിക്കുന്നത് ദുര്യോധനന്‍ മാത്രം ! അവസാന പോര്‍വിളി നടക്കുകയാണ്, ദുര്യോധനനും ഭീമനും തമ്മിലുള്ള ഗദാ യുദ്ധം അവിടെ ഉടന്‍ അരെങ്ങേറും '

തന്റെ ഗുരുവിന്റെ ആഗമനം ദുര്യോധനനില്‍ പുതുജീവന്‍ പകര്‍ന്നു. ബലരാമന്റെ നിര്‍ദ്ദേശ പ്രകാരം ഗദായുദ്ധം 'സ്യമന്ത പഞ്ചക 'തടാകക്കരയില്‍ വെച്ചു നടത്തുന്നതാണ് ഉചിതം എന്ന് തീരുമാനിക്കപ്പെട്ടു. ഭാര്‍ഗ്ഗവരാമന്‍ കൊന്നൊടുക്കിയ ക്ഷത്രിയന്മാരുടെ രക്തം വീണു പുഴ ആയി മാറിയ സ്യമന്ത പഞ്ചകം ക്ഷത്രിയരുടെ പുണ്യ ഭൂമിയായി കരുതപെടുന്നു. ഇവിടെ വെച്ച് യുദ്ധത്തില്‍ മരിക്കുന്ന ക്ഷത്രിയന്‍ വീരസ്വര്‍ഗ്ഗം പ്രാപിക്കുമെന്ന പ്രവചനവും അന്വര്‍ത്ഥമാണ്. അവരേവരും ബലരാമന്റെ നിര്‍ദ്ദേശം അംഗീകരിച്ചു. ജ്യേഷ്ഠനെ ആവുന്നത്ര മയപ്പെടുത്തി വശത്താക്കുന്ന മട്ടില്‍ കൃഷ്ണന്‍ ബാലരമാനോടൊപ്പം ചേര്‍ന്ന് നടന്നു. ഗുരുവിന്റെ വരവില്‍ ഏറെ സന്തുഷ്ടനായ ദുര്യോധനന്‍ ഗദാ പാണിയായി അവര്‍ക്കൊപ്പം നടന്നു. എല്ലാവരും ഉപവിഷ്ടരായ ശേഷം ദ്വന്ദ്വ യുദ്ധത്തിനുള്ള മുഹൂര്‍ത്തം കുറിക്കപ്പെട്ടു.

ആ മഹത്തായ ദ്വന്ദ്വ യുദ്ധം സമാരംഭമായി. ഗദാ പാണികളായി അവരിരുവരും നിര്‍ദ്ദേശത്തിനായി കാതോര്‍ത്തു.

ഭീമന്റെ നീക്കങ്ങള്‍ ആരംഭത്തില്‍ തന്നെ തീഷ്ണവും ചടുലവും ആയിരുന്നു. ദുര്യോധനന്‍ ഏറെ മെയ്യ് വഴക്കത്തോടെ തന്റെ അഭ്യാസം യുദ്ധ മുറകളുടെ നിഷ്ഠ യില്‍ നിന്ന് വ്യതിചലിക്കാതെ ശ്രദ്ധിച്ചിരുന്നു. ഇരുവരിലും വെച്ച് ആയോധന മുറയുടെ മികവ് ദുര്യോധനനില്‍ ഏറി നിന്നു. സ്വന്തം കഴിവിലൂടെ വികസിപ്പിച്ചെടുത്ത അഭ്യാസ പ്രകടനത്തിന്റെ പൂര്‍ണ്ണത ഓരോ നീക്കത്തിലും വ്യക്തമായിരുന്നു. അങ്കം മുറുകിയപ്പോള്‍, ദുര്യോധനന്റെ ശക്തമായ താഡനമേറ്റു ഭീമന്‍ നിലംപതിക്കുന്ന ഘട്ടമെത്തിയെങ്കിലും തന്റെ അസാമാന്യ കരുത്തിന്റെ ബലത്തില്‍ ആ വായു പുത്രന്‍ പിടിച്ചു നിന്നു. അടുത്ത നിമിഷം ഭീമന്റെ ശക്തമായ പ്രഹരത്തില്‍ നിന്ന്, തന്റെ അഭ്യാസത്തിന്റെ മികവോടെ ദുര്യോധനന്‍ ഒഴിഞ്ഞു മാറി.

ഇടക്ക് ക്ഷീണം മാറ്റി വീണ്ടും ദ്വന്ദ്വ യുദ്ധം തുടര്‍ന്നു. യുദ്ധഗതി വീക്ഷിച്ചു കൊണ്ടിരുന്ന അര്‍ജ്ജുനന്‍, കൃഷ്ണനോട് ഇരുവരുടെയും പ്രകടനത്തെ കുറിച്ച് ആരാഞ്ഞു. 'അര്‍ജ്ജുനാ! ഭീമന്‍ ഏറെ ശക്തിമാനാണ്. എന്നാല്‍ ശക്തിയോടൊപ്പംദുര്യോധനനില്‍, നിത്യാഭ്യാസം കൊണ്ട് ആയോധന മികവും ഏറിയിരിക്കുന്നു. നേരായ മാര്‍ഗ്ഗത്തിലൂടെ ദുര്യോധനനെ വീഴ്ത്താന്‍, ഭീമന് ഏറെ ശ്രമം വേണ്ടി വരും. നീണ്ട നേരം യുദ്ധം ചെയ്യുന്നതും ഈ ഘട്ടത്തില്‍ ശുഭമല്ല.

എന്തെങ്കിലും ഉപായം ഓര്‍മ്മയില്‍ വരുന്നുണ്ടോ ? 'കൃഷ്ണന്‍ സ്വന്തം തുടയില്‍ മൃദുവായി തട്ടി, ഗൂഢാര്‍ത്ഥത്തില്‍ പാര്‍ത്ഥനെ ഒളികണ്ണിട്ടു. പെട്ടന്ന് 'ഭീമ ശപഥം' അര്‍ജ്ജുനന്റെ ഓര്‍മ്മയില്‍ എത്തി. ഭീമന്റെ ശ്രദ്ധ തന്നിലേക്ക് തിരിയുന്ന നേരത്തിനായി അര്‍ജ്ജുനന്‍ കാത്തു. ഇതിനിടയില്‍, യുദ്ധ രംഗത്ത് ഭീമന്റെ ശക്തമായ താഢനത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനായി ദുര്യോധനന്‍ സ്വയം മേല്‍ പ്പോട്ടു ശരീരം ഉയര്‍ത്തി വട്ടത്തില്‍ കറങ്ങി. തികഞ്ഞ അഭ്യാസിക്ക് മാത്രം സ്വായത്തമായ ആ പ്രകടനം കണ്ടവരെല്ലാം ദുര്യോധനനെ അഭിനന്ദനം കൊണ്ട് മൂടി. ആ കറക്കതിനോപ്പം ദൃഷ്ടി പായിച്ച ഭീമന്റെ കണ്ണുകള്‍ സദസ്സിലിരുന്ന അര്‍ജ്ജുനന്റെ നേത്രങ്ങളുമായി ഉടക്കി... തികച്ചും സ്വാഭാവികം മാത്രം! അര്‍ജ്ജുനന്‍ ക്ഷണത്തില്‍ തന്റെ തുടയില്‍ ആഞ്ഞടിച്ചു. ഭീമന് ഗതകാല സ്മരണയും ശപഥവും ഓര്‍മ്മയിലെത്തി. വീണ്ടും ഭീമന്റെ മാര്‍വ്വിടം ലക്ഷ്യമാക്കിയുള്ള താഢനം ഒഴിവാക്കാന്‍ ദുര്യോധനന്‍ മേല്‌പ്പോട്ട് കുതിച്ച് ഉയര്‍ന്നു. കാറ്റില്‍ പൊന്തിയ വസ്ത്രത്തിനിടയിലൂടെ ദുര്യോധനന്റെ നഗ്‌നമായ തുടകള്‍ ഭീമന്‍ കണ്ടു.'ദ്രൌപതിയുടെ നഗ്‌നത കണ്ട് താളം പിടിച്ച ഈ തുടകള്‍ താന്‍ തച്ചുടക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു! ആ ശപഥം പാലിക്കാന്‍ ഇതാ നിയതി തനിക്ക് ഒരവസരം ഒരുക്കി തന്നിരിക്കുന്നു '

ഭീമന്‍ ദുര്യോധനന്റെ നഗ്‌നമായ തുടയില്‍ ശക്തമായി താഡിച്ചു.ഭീമന്റെ ഊക്കേറിയ താഡനമേറ്റു തുട പൊട്ടി ദുര്യോധനന്‍ ഭൂമിയില്‍ വീണു. തുടയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി. വീണു കിടന്ന ദുര്യോധനന് അരികിലേക്ക് ഭീമന്‍ അലര്‍ച്ചയോടെ പാഞ്ഞടുത്തു. ദുര്യോധനന്റെ ശിരസ്സില്‍ ഭീമന്‍ ആഞ്ഞു ചവിട്ടി.

' ദുര്യോധനാ! നീയും നിന്റെ മാതുലന്‍ ശകുനിയും ചേര്‍ന്ന് ഞങ്ങളെ ഹസ്തിന പുരത്തില്‍ നിന്ന് വനത്തിലേക്ക് പറഞ്ഞയച്ചു. നിന്റെ നെറികെട്ട നിബന്ധനകള്‍ പാലിച്ചിറങ്ങിയ ഞങ്ങളില്‍, എന്നെ നോക്കി നീ 'പശു 'എന്നു വിളിച്ച് ആര്‍ത്തട്ടഹസിച്ചില്ലേ! ഒന്നും ഈ ഭീമന്‍ മറന്നിട്ടില്ല. '

നിയന്ത്രിക്കാനാവാത്ത കോപത്തോടെ ഭീമന്‍ വീണ്ടും ചവിട്ടാന്‍ കാല്‍ പൊക്കി. യുധിഷ്ടിരന്‍ ആ ഉദ്യമം തടഞ്ഞു, ' അരുത്! ഭീമാ! അദ്ദേഹം ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ട കുരുവംശാധിപനാണ്. പൂജനീയനായ ഇദ്ദേഹത്തെ നീ വീണ്ടും അപമാനിക്കുന്നത് ധര്‍മ്മ ലംഘനമാണ്, അത് ഞാന്‍ അനുവദിക്കില്ല.' ഭീമന്‍ ജ്യേഷ്ടന്റെ വാക്കുകള്‍ മാനിച്ചു.

തന്റെ ശിഷ്യന്റെ ദാരുണമായ പതനത്തില്‍ ബലരാമന്‍ അത്യധികം കുപിതനായി. അദ്ദേഹം ഉച്ചത്തില്‍ ഏവരോടും ഉത്‌ഘോഷിച്ചു, ' ഇത് അധര്‍മ്മമാണ്! ഈ വിധം ക്രൂരത കാട്ടിയ ഭീമനെ ഞാന്‍ ഉടന്‍ വധിക്കുന്നുണ്ട്. ' തന്റെ ആയുധമായ കലപ്പ ഓങ്ങി ഭീമനു നേരെ പാഞ്ഞ ബലരാമനെ കൃഷ്ണന്‍, ആയുധത്തോടെ ശക്തമായി പുറകോട്ടു വലിച്ചു.

'ജ്യേഷ്ടാ! എല്ലാം അറിയുന്ന അങ്ങിതു ചെയ്യരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു! ഭീമന്‍ തന്റെ പ്രതിജ്ഞ പാലിച്ചിരിക്കുന്നു. അങ്ങയുടെ ശിഷ്യന്‍, സ്വജന സ്‌നേഹമില്ലാത്ത പാപിയാണ്. എത്ര ഉപദേശിച്ചിട്ടും നന്നാകാത്ത ഇവന് നിയതി തന്നെ ഉചിത ശിക്ഷ നല്‍കിയിരിക്കുന്നു. ' കൃഷ്ണന്‍ ബലരാമനെ സാര വാക്കുകളാല്‍ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

'കൃഷ്ണാ നിന്റെ ന്യായീകരണം ഒന്നും എനിക്ക് കേള്‍ക്കേണ്ടാ... ഈ ദുര്യോധനന്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ' ബലരാമന്‍ വീണ്ടും കൃദ്ധനാകാന്‍ തുടങ്ങിയപ്പോള്‍,കൃഷ്ണന്‍ അദ്ദേഹത്തെ സ്വ ശരീരത്തോട് ചേര്‍ത്ത് ആശ്ലേഷിച്ചു. കഠിനമായ വികാര വിചാരങ്ങളെ ഒതുക്കാന്‍ ആശ്ലേഷത്തിന് മാസ്മരീകമായ ഒരു പ്രഭാവം തന്നെ ഉണ്ട്.

കൃഷ്ണന്‍ പറഞ്ഞു,' എല്ലാം എനിക്ക് എന്നേ കഴിയുമായിരുന്നു ജ്യേഷ്ടാ! ഒന്നും ഞാന്‍ ചെയ്തില്ല! വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി, ഉപദേശങ്ങള്‍ നല്‍കി. 'മൈത്രേയ ശാപം' ഫലിക്കില്ലന്ന് അങ്ങ് കരുതുന്നുണ്ടോ?

ജ്യേഷ്ടാ ? ഉപദേശിക്കാന്‍ ചെന്ന മുനിക്ക് ചെവി കൊടുക്കാതെ, ആരാധ്യനായ മുനിയെ അപമാനിക്കും മട്ടില്‍ തുടയില്‍ താളം പിടിച്ചുനിന്ന ഇയാളുടെ'തുട ' ഭീമനാല്‍ തച്ചുടക്കുമെന്ന് മൈത്രേയന്‍ ശപിച്ചിരുന്നു. അധികാര പ്രമത്തയില്‍ അന്ധനായ ദുര്യോധനന്‍ അത് മുഖ വിലക്കെടുത്തില്ല. പക്ഷെ, അന്ധനായ ധ്രുതരാഷ്ട്രര്‍ അതറിഞ്ഞിരുന്നു. എന്തു ചെയ്യാം... '

കൃഷ്‌ണോക്തികളിലെ സാരം ഉള്‍ക്കൊള്ളാന്‍ ബലരാമന് കഴിഞ്ഞു, എങ്കിലും അദ്ദേഹം പറഞ്ഞു, ' കൃഷ്ണാ! താങ്കളുടെ ന്യായവാദങ്ങള്‍ തീര്‍ത്തും ശരി തന്നെ. എന്നാലും ഈ ദുര്യോധനന്‍ എനിക്ക് ഏറെ പ്രിയനാണ്. '

വീണു കിടക്കുന്ന ദുര്യോധനനെ ഏറെ ദൈന്യതയോടെ കടാക്ഷിച്ചു കൊണ്ട് ബലരാമന്‍ വേഗത്തില്‍ തിരിഞ്ഞു നടന്നു. ഇതെല്ലാം കേട്ടിരുന്ന സാത്യകി പ്രതികരിച്ചു ' ബാലരാമേട്ടന്റെ ദുര്യോധന സ്‌നേഹം ഇത്ര വലുതായത് എങ്ങിനെയെന്ന് എനിക്കറിയാം. ആ സുരപാന സഖ്യം ഗുരുശിഷ്യ ബന്ധത്തെ പോലും കവച്ചു വൈക്കുന്നതായിരുന്നു. 'നര്‍മ്മത്തില്‍ പൊതിഞ്ഞ സാത്യകിയുടെ സംസാരം കേട്ട് അവര്‍ പൊട്ടിച്ചിരിക്കാതിരിക്കാന്‍ ഏറെ പണിപ്പെട്ടു. ഈ ശുദ്ധ ഹാസ്യത്തോളം വലുതായി നമുക്ക് മറ്റെന്തങ്കിലും ഹാസ്യം ഉള്‍കൊള്ളാന്‍ ആവോ ?

ഭീമന്‍ ആകെ പകച്ചു പോയി. അദ്ദേഹം യുധിഷ്ടിരന്റെ പാദങ്ങളില്‍ വീണു. ' ജ്യേഷ്ടാ! ഞാനെന്റെ വാക്ക് പാലിച്ചിരിക്കുന്നു. അങ്ങ് ലോകനാഥനായിരിക്കുന്നു.'

അണപൊട്ടി ഒഴുകിയ കണ്ണിരോടെ യുധിഷ്ടിരന്‍ ഭീമനെ ആലിംഗനം ചെയ്തു. 'എന്റെ പൊന്നനിയാ! നിന്നോളം പ്രിയനായി എനിക്കാരുമില്ല. ലോകത്തില്‍ ഒരു സഹോദരനും നിന്നോളം ജേഷ്ടനെ സ്‌നേഹിച്ചു കാണില്ല. ' ( തുല്യം വയ്ക്കാന്‍ ഭരതന്റെ ഭ്രാതൃ സ്‌നേഹം മാത്രം)

പാണ്ഡവര്‍ വിജയാഹ്ലാദത്താല്‍ ആനന്ദ നൃത്തം ചവിട്ടി. കൃഷ്ണന്‍ പാണ്ഡവരോട് പറഞ്ഞു 'യുദ്ധം കഴിഞ്ഞിരിക്കുന്നു. പാപിയും അധര്‍മ്മിയുമായ ഈ ദുര്യോധനന് ഉചിതമായ ശിക്ഷ തന്നെ കാലം നടപ്പാക്കിയിരിക്കുന്നു. ഇയാളെ ഇവിടെ തന്നെ ഉപേക്ഷിച്ച് നമുക്ക് എത്രയും വേഗം മടങ്ങണം.

'നിങ്ങള്‍ ഇന്നു തന്നെ ചെയ്തു തീര്‌ക്കേണ്ട നിഷ്ഠകള്‍ ഏറെയുണ്ട്. '

കൃഷ്ണ നിര്‍ദേശാനുസരണം അവര്‍ പുറപ്പെടാന്‍ ഒരുങ്ങി. അസഹ്യമായ വേദന കടിച്ചമ്ര്തികൊണ്ട് ദുര്യോധനന്‍ തന്റെ ശരീരം പൊന്തിച്ചു.
"കൃഷ്ണാ! നിങ്ങള്‍ ഒരാളാണ്, പാണ്ഡവരെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്. ഇന്നത്തെ കാര്യം തന്നെ അത് വ്യക്തമാക്കുന്നു. സത്യത്തില്‍ ശപഥത്തെ പറ്റി ഭീമന്‍ മറന്നിരുന്നു, അദ്ദേഹം ന്യായമായ രീതിയിലാണ് യുദ്ധം ചെയ്തിരുന്നത്. എന്നാല്‍, താങ്കള്‍ ആവശ്യമില്ലാതെ ഒരു വിഷയം എടുത്തിട്ട് അര്‍ജ്ജുനന് ശപഥം എന്ന മുന്നറിയിപ്പ് നല്‍കി,അര്‍ജ്ജുനന്‍ ഭീമന്‍ കാണ്‌കെ തുടയില്‍ തട്ടി. താങ്കള്‍ ഒരാള്‍ മാത്രമാണ് എന്റെ പതനത്തിന് കളമൊരുക്കിയത്. ഭീമനെക്കാള്‍ എന്റെ അമര്‍ഷം മുഴുവന്‍ താങ്കളോടാണ് കൃഷ്ണാ!

ഇനിയുമുണ്ട് കൃഷ്ണാ! താങ്കളുടെ കള്ളക്കളികള്‍ ... ശിഖണ്ടിയെ പുരസ്‌ക്കരിച്ച് പിതാമഹനെ വീഴ്ത്തിയത് അര്‍ജ്ജുനനല്ല കൃഷ്ണാ! താങ്കളുടെ ആസൂത്രിതമായ നീക്കം ഒന്നു മാത്രമാണ് 'വേദന കടിച്ചമര്‍ത്തി കൊണ്ട്, ദുര്യോധനന്‍ പുച്ഛ രസത്തില്‍ കൃഷ്ണനെ നോക്കി തുടര്‍ന്നു, ' ആചാര്യനെ കൊല്ലാനുള്ള കളം വരച്ചതും താങ്കളല്ലേ? താങ്കള്‍ യുധിഷ്ടിരനെ കൊണ്ട് വിദഗ്ദമായ രീതിയില്‍ അസത്യം പറയാന്‍ പ്രേരിപ്പിച്ചത് ഞാനറിഞ്ഞിരുന്നു. രാധേയന്‍ അര്‍ജ്ജുനനു വേണ്ടി കരുതിയിരുന്ന ' ശക്തി ' ഘടോല്‍കചനു നേരെ പ്രയോഗിക്കാനുള്ള 'കെണി' ഒരുക്കിയതും അങ്ങോരാള്‍ മാത്രമാണ്. അതും ഞാനറിഞ്ഞിരുന്നു കൃഷ്ണാ! എന്റെ രാധേയന്റെ രഥം ഭൂമിയില്‍ താണപ്പോള്‍, അതുയര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ വധിക്കാന്‍ പ്രേരണ നല്‍കിയത് അങ്ങയുടെ ബുദ്ധി ഒന്നു മാത്രമാണ്!

എല്ലാം ഞാനറിഞ്ഞിരുന്നു. ഞങ്ങളുടെ വംശം നശിപ്പിച്ചിട്ട് അങ്ങെന്തു നേടി ? അങ്ങ് പൌരാണികമായ ഒരു രാജ്യത്തെ ഭരണാധികാരി പോലുമല്ല. അതിനാല്‍ പരാജിതനാകുന്ന രാജാവിന്റെ വീഴ്ച്ച അങ്ങക്ക് വേദന നല്‍കില്ല! '

ദുര്യോധനന്‍ തളര്‍ന്നു വീണു. എല്ലാം കേട്ടു നിന്ന കൃഷ്ണന്‍ ദുര്യോധനനെ നോക്കി പ്രതികരിച്ചു 'ദുര്യോധനാ!താങ്കള്‍ പറയും പറയും പോലെ എല്ലാം ഞാന്‍ പാണ്ഡവരെ കൊണ്ട് ചെയ്യിച്ചു. അതിന്റെ ശിക്ഷയും എനിക്കു മാത്രം അവകാശപ്പെട്ടതാണ്. ഇതേ നാണയത്തിന്റെ മറുവശം കൂടി ചിന്തിച്ചാല്‍, ഞാന്‍ ചെയ്തത് വളരെ ന്യായമായിരുന്നെന്ന് ആര്‍ക്കും ബോദ്ധ്യമാകും.

ദുര്യോധനാ! ചെറുപ്പം മുതല്‍ യാതൊരു കാരണവുമില്ലാതെ താങ്കളില്‍ മുളയിട്ട അസൂയ എന്ന വിപത്ത്. സ്വജനങ്ങളായ പാണ്ഡവരെ താങ്കള്‍ എത്രമാത്രം ദുഖിപ്പിച്ചു ? സത്യത്തില്‍ പാണ്ഡുവിന്റെ വിയര്‍പ്പില്‍ നേടിയെടുത്ത ഈ വിസ്തൃതമായ ഹസ്തിന പുര സാമ്രാജ്യം പാണ്ഡവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് അര്‍ഹതപ്പെട്ടത് പോലും നല്‍കാന്‍ താങ്കള്‍ വിമുഖത കാട്ടി. ഉപദേശങ്ങളെല്ലാം കാറ്റില്‍ പറത്തി. ' ലോകനാഥന്‍ ' അങ്ങ് മാത്രമായിരിക്കണമെന്ന് വ്യാമോഹിച്ചു. താങ്കള്‍ ഏറെ ദാന ധര്‍മ്മങ്ങള്‍ ചെയ്‌തെന്നു ഉദ്‌ഘോഷിക്കുന്നു, അതൊന്നും ഞാന്‍ തള്ളി കളയുന്നില്ല. പക്ഷെ, ധര്‍മ്മതിന്റെ തുലാസില്‍ സ്വജന ദ്രോഹിയായ അങ്ങയുടെ അധര്‍മ്മ ത്തിനായിരുന്നു മുന്തൂക്കം. ഞാനൊന്നു ചോദിക്കട്ടെ ദുര്യോധനാ! അധികാരം കയ്യില്‍ കിട്ടിയ ശേഷം അങ്ങ് സ്വന്തം പിതാവിനെ പോലും ക്രൂരമായി അവഗണിച്ചില്ലേ ? പുത്രനെ മാത്രം സ്‌നേഹിച്ച ആ സാധുവിന്റെ വാക്കുകള്‍ പിന്നിടെന്നെങ്കിലും അങ്ങ് ചെവിക്കൊണ്ടോ ധാര്‍ഷ്ട്യത്തിന്റെയും, അഹന്തയുടെയും കുത്തോഴുക്കായിരുന്നില്ലേ പിന്നീട് അങ്ങോട്ടുള്ള അങ്ങയുടെ ജീവിതം. തനിക്കു മേലെ ആരും ഉയരാന്‍ അങ്ങനുവദിച്ചില്ല. ഉപദേശികളെക്കാള്‍ പ്രിയം നല്‍കിയത് സ്തുതി പാഠകര്‍ക്കായിരുന്നു. എത്രയോ ഋഷി വര്യരെ ഒരു കാരണവും ഇല്ലാതെ അങ്ങ് അപമാനിച്ചു ?

ഈശ്വര ചിന്തയോടെ വനത്തില്‍ കഴിഞ്ഞ പാണ്ഡവരില്‍ ലോഭം ഒരിക്കലും ഉണ്ടായില്ല. എന്നാല്‍ അവരെ എങ്ങനെയും കണ്ടെത്തി നശിപ്പിക്കണമെന്ന വ്യഗ്രതയില്‍ അങ്ങ് രാജശയ്യയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രികള്‍ പകലാക്കി! എന്നിട്ടും ഞാന്‍ നിന്നിലെ അല്പമാത്രമായ നന്മയെ തിരിച്ചറിഞ്ഞ്, എത്രയോ വട്ടം പലര്‍ മുഖാന്തരവും, നേരിട്ടും എത്ര എത്ര ശ്രമങ്ങള്‍ നടത്തി. ഒന്നും അംഗീകരിക്കാന്‍ താങ്കള്‍ക്ക് മനസ്സുണ്ടായില്ല. സ്വയം ഏറ്റുവാങ്ങിയ അങ്ങയുടെ ഈ പതനത്തില്‍ എനിക്ക് ലേശവും സഹതാപമില്ല. '

കൃഷ്ണന്‍ തിരിഞ്ഞു നടന്നു തുടങ്ങി. ദുര്യോധനന്റെ മുഖം വിളറി വെളുത്തു. എന്നിട്ടും തന്റെ സ്വത സിദ്ധമായ ധാര്‍ഷ്ട്യം വെടിയാന്‍ അദ്ദേഹം തയ്യാറായില്ല. 'ഞാന്‍ നല്ല രീതിയില്‍ വേദസാധ്യായനം ചെയ്തിട്ടുണ്ട്. ഈ വിസ്തൃതമായ സാമ്രാജ്യത്തിലെ ഭോഗസുഖങ്ങള്‍ ഞാന്‍ ആവോളം പാനം ചെയ്തു കഴിഞ്ഞിരിക്കുന്നു. ഞാനൊരിക്കലും ഭീരു ആയിരുന്നില്ല. നല്ല രീതിയില്‍ നിങ്ങളെ എല്ലാം നേരിട്ടു. എന്നാല്‍ വിധി പ്രതി കൂലമായിരുന്നു. ഞാന്‍ ധീരനായ ക്ഷത്രിയന് ഉചിതമായ സ്വര്‍ഗത്തില്‍ എത്തിച്ചേരും. അവിടെ എന്റെ മിത്രം എന്നെ ആശ്ലെഷത്തോടെ സ്വീകരിക്കും.

ദുര്യോധനന്‍ 'ശ്രീ ' നുകര്‍ന്ന് തീര്‍ന്ന, 'ചണ്ടി' മാത്രമായ ഈ ഭൂമി ഞാന്‍ നിങ്ങള്ക്ക് ദാനമായി തരുന്നു യുധിഷ്ടിരാ! ഇനിയിവിടെ എന്താണ് മിച്ചമുള്ളത് ...വൈധവ്യ ദുഃഖം പേറുന്ന കുറെ സ്ത്രീകളും, നിരാലംബരായ കുഞ്ഞുങ്ങളും, വൃദ്ധ ജനങ്ങളും മാത്രം! ആസ്വദിച്ചു ഭരിച്ചോളു ധര്‍മ്മിഷ്ടനായ രാജാവേ!

സ്വസ്തി!! 'ദുര്യോധനന്റെ ക്രൂരമായ അവഹേളനം യുധിഷ്ടിരനെ കോപിഷ്ടനാക്കി, ' ദുര്യോധനാ! നീ അല്പം പോലും ദയ അര്‍ഹിക്കാത്ത നീചനായി അധപതിച്ചിരിക്കുന്നു. നീ 'ശ്രീ 'നുകര്‍ന്നാലൊന്നും തീരുന്നതല്ല ഈ ഭൂമിയുടെ ഐശ്വര്യം! നീ ഞങ്ങള്ക്ക് ദാനം ചെയ്‌തെന്ന് ഏതര്‍ത്ഥത്തിലാണ് പറയുന്നത് ? അവസാന നിമിഷം പോലും, എല്ലാം തന്നോട് ചേര്‍ത്തു നിര്‍ത്താനുള്ള നിന്റെ ഈ അഹന്തയെ ഞാന്‍ വെറുക്കുന്നു. ഞങ്ങള്‍ യുദ്ധം ചെയ്തു നേടിയ ഈ ഭൂമി ഊഷരമാണ ങ്കില്‍ പ്പോലും ഞങ്ങള്‍ ഇവിടെ ഐശ്വര്യത്തിന്റെയും, സമൃദ്ധിയുടെയും പുതുനാമ്പുകള്‍ മുളപ്പിക്കും. അതിനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ദൃഢമനസ്സ് ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ നീ ഐശ്വര്യമായ ഭൂമിയുടെ ' ശ്രീ 'നുകരുന്നതില്‍ മാത്രം തല്പരനായി!

നിനക്കര്‍ഹതപ്പെട്ട ശിക്ഷ തന്നേ കാലം നടപ്പാക്കിയിരിക്കുന്നു. നിന്നോട് എനിക്കുണ്ടായിരുന്ന അല്പമായ സ്‌നേഹം പോലും ഞാന്‍ ഉപേക്ഷിക്കുന്നു. 'യുധിഷ്ടിരന്‍ ഇത്രമാത്രം കോപിക്കുമെന്നു ദുര്യോധനന്‍ കരുതിയില്ല. വേദന കടിച്ചമര്‍ത്തി, ഹൃദയം അലിയിപ്പിക്കുന്ന സ്വരത്തില്‍ അദ്ദേഹം പ്രതികരിച്ചു 'ഭീമാ! താങ്കള്‍ എന്റെ ശിരസ്സില്‍ ചവിട്ടിയത് ഞാന്‍ ക്ഷമിക്കുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍, കഴുകനും, കാകനും ഭക്ഷണമാകാനുള്ളതാണ് എന്റെ ഈ ശരീരം.' ദുര്യോധനന്റെ ഈ വാക്കുകള്‍ ശ്രവിച്ച ദേവകള്‍ അദ്ദേഹത്തിനു മേല്‍ പുഷ്പ വൃഷ്ടി ചെയ്തു. ദുര്യോധനന്റെ വാക്കുകളിലെ ശ്രേഷ്ഠത്വം അവര്‍ തിരിച്ചറിഞ്ഞു. ആ വീര യോദ്ധാവിനു ചേര്‍ന്ന ' സ്വര്‍ഗ്ഗപ്രാപ്തി' അവരുറപ്പാക്കി. കൃഷ്ണന്റെ മുഖം ദീപ്തമായി ' ദുര്യോധനാ! നീ പറഞ്ഞപോലെ ധര്‍മ്മാനുസൃതമായാണ് യുദ്ധം ചെയ്തിരുന്നതെങ്കില്‍, ഭീഷ്മരും, ദ്രോണരും, രാധേയനും വധിക്കപ്പെടുമായിരുന്നില്ല! നിന്റെ ശക്തി പോലും ഞാന്‍ കുറച്ചു കാണുന്നില്ല. ഗദായുദ്ധത്തില്‍ നീ ഏറെ ശക്തനും അജയ്യനുമാണ്. കൃഷ്ണന്‍ യുധിഷ്ടിരനു നേര്‍ക്ക് തിരിഞ്ഞു, യുധിഷ്ടിരാ! സ്വന്തം പത്‌നിയുടെ മാനത്തിന് ദുഷ്ടന്മാരായ ഇവര്‍ വിലപേശുന്നത് നീ മൌനമായി സഹിച്ചു നിന്നു. പ്രതികരിക്കാന്‍ ശ്രമിച്ച ഭീമനെ പ്പോലും താങ്കള്‍ ധര്‍മ്മത്തിന്റെ പേരില്‍ തടുത്തു. എന്നാല്‍ ഭക്തയായ അവളുടെ കണ്ണീര്‍ എന്റെ ഹൃദയം ഉലച്ചു. എന്ത് തെറ്റാണ് ആ സ്വാധി ചെയ്തത്?നിങ്ങളുടെ വരണ മാല്യത്തിനു വേണ്ടി തല കുമ്പിട്ടതോ! ഞാന്‍ അവളെ രക്ഷിച്ചു. നിങ്ങള്‍ക്ക് വേണ്ടി ഈ ദുഷ്ടന്മാരോട് പൊരുതി അവള്‍ക്കു മനശാന്തി നല്‍കുമെന്നു ഞാന്‍ ദ്രൌപതിക്ക് ഉറപ്പു നല്‍കി. പണ്ട്, മഹാദേവന്‍ പരാശക്തിയെ കണക്കറ്റു പരീക്ഷിച്ചപ്പോഴും, ഞാന്‍ സഹോദര രൂപേ ണ അവരുടെ രക്ഷക്കെത്തി!

സ്ത്രീയുടെ ന്യായമായ ദുഖവും അവളുടെ മാനവും എനിക്ക് വിലപ്പെട്ടതാണ്. എന്റെ 'രാമജന്മം' പോലും കൃഷ്ണാ അവതാരത്തോളം ശ്രേഷ്ഠമല്ല! ഏതു നീതിക്കു വേണ്ടി ആയാലും, ധര്‍മ്മ പത്‌നിയെ വെടിഞ്ഞ രാമന്‍ എന്നും എന്റെ ഹൃദയത്തെ വേട്ടയാടിയിരുന്നു. ശൂര്‍പ്പണഖയോടു ' ( രാവണ സഹോദരി ) ചെയ്ത തെറ്റു പോലും, ഏതു മാര്‍ഗ്ഗ ദര്‍ശനത്തിനു വേണ്ടിയായിന്നെങ്കില്‍ പോലും ഞാന്‍ അംഗീകരിക്കുന്നില്ല!

എന്നാല്‍ കൃഷ്ണനായ ഞാന്‍ പൂര്‍ണ്ണനാണന്നു തന്നെ പറയാം. കലിയുഗ ത്തോടടുത്തുള്ള എന്റെ ഈ അവതാരം ഏവര്‍ക്കും ദുഃഖത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നെല്കും. ഈ പ്രപഞ്ച സൃഷ്ടിക്കു പ്രേരണ നെല്‍കാമെങ്കില്‍ അതിനെ നല്ല രീതിയില്‍ പരിപാലിക്കാനും എനിക്ക് കഴിവുണ്ട്! യുധിഷ്ടിരാ! ഇനിയും വൈകാതെ നമുക്ക് ഇവിടം വിട്ടു പോകണം.'തളര്‍ന്നു കിടന്ന ദുര്യോധനനെ വിധിക്ക് വിട്ടുകൊണ്ട് അവര്‍ സ്യമന്ത പഞ്ചകത്തോട് വിട പറഞ്ഞു അക്കാലത്തെ യുദ്ധ നിയമ പ്രകാരം വിജയികള്‍ ശത്രു പാളയത്തില്‍ പ്രവേശിച്ച് വിജയം ഉറപ്പാക്കണം. ഈ വ്യവസ്ഥ പാണ്ഡവരും പാലിക്കണമെന്ന് കൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

അവര്‍ ആഹ്ലാദത്തോടെ വിജയ ശംഖോലികള്‍ മുഴക്കി, ദുര്യോധന ശിബിരത്തിലേക്ക് നീങ്ങി. ശിബിര കവാടത്തില്‍ എത്തിയ ഉടന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെട്ടു

' അര്‍ജ്ജുനാ! അസ്ത്രങ്ങളും, തൂണീരവും എടുത്ത് രഥത്തില്‍ നിന്നിറങ്ങൂ! കൃഷ്ണ ശബ്ദത്തിലെ ദ്രുഢതക്കു മുന്നില്‍ അര്‍ജ്ജുനന്‍ തീര്‍ത്തും നിശബ്ദനായി. അര്‍ജ്ജുനനന്‍ കൃഷ്ണ നിര്‍ദ്ദേശാനുസരണം തേരില്‍ നിന്നിറങ്ങി. അര്‍ജ്ജുനന്‍ ഇറങ്ങിയ പിന്നാലെ കൃഷ്ണനും, ചമ്മട്ടിയും, കടിഞ്ഞാണും തേരില്‍ ഉപേക്ഷിച്ച് തേരില്‍ നിന്നിറങ്ങി.

കൃഷ്ണന്‍ ഇറങ്ങിയ നിമിഷം തന്നെ 'കപിധ്വജത്തില്‍ ' യുദ്ധാരംഭം മുതല്‍ സന്നിഹിതനായിരുന്ന 'ഹനുമാന്‍ ' വായു വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങി. മഹത്തായ ആ തേരും ശ്വേതാശ്വങ്ങളും അവരുടെ കണ്മുന്നില്‍ വെച്ചു തന്നെ കത്തി ചാമ്പലായി. പാണ്ഡവര്‍ കാരണം അറിയാതെ മിഴിച്ചു നിന്നു. തേര് കത്തി തീര്‍ന്നപ്പോള്‍ ദുഖത്തോടെ അര്‍ജ്ജുനന്‍ ചോദിച്ചു 'കൃഷ്ണാ എന്റെ ശ്വേതാശ്വങ്ങള്‍! ഖാണ്ഡവ ദഹന സമയത്ത് അഗ്‌നിദേവന്‍ എനിക്കു തന്ന ഈ ശ്വേതാശ്വങ്ങള്‍ എത്ര മഹത്തരമായിരുന്നു. എന്തേ ഭഗവാന്‍ അവ ഒരു കാരണവും ഇല്ലാതെ ഈ വിധം കത്തി നശിക്കാന്‍ ? തീര്‍ത്തും പാണ്ഡവര്‍ക്കു അപരിചിതമായ ശബ്ദത്തില്‍, ശാന്തവും ദൃഡവുമായ സ്വരത്തില്‍ കൃഷ്ണന്‍ പറഞ്ഞു,

അര്‍ജ്ജുനാ! അനേകം ദിവ്യാസ്ത്രങ്ങള്‍, ദ്രോണരും, രാധേയനും, അശ്വത്ഥാമാവും അയച്ച ബ്രഹ്മാസ്ത്രങ്ങള്‍ ആ രഥ ശരീരം ഏറ്റുവാങ്ങിയിരുന്നു. ആ അസ്ത്രങ്ങളുടെ ചൂട് അനു നിമിഷം അതിനെ ദഹിപ്പിച്ചിരുന്നിട്ടും അത് ചാമ്പലാകാതിരുന്നത്, ആ രഥത്തില്‍ എന്റെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നതിനാലാണ്! ഇപ്പോള്‍ ഞാന്‍ അതില്‍നിന്നു ഇറങ്ങി.

നിങ്ങളുടെ ലക്ഷ്യവും സാധിതമായി. ഒടുവിലിതാ ഞാന്‍ തന്നെ ഇതിനെ ചാമ്പലാക്കിയിരിക്കുന്നു! ഒന്നുകൂടി ഞാന്‍ പറയുന്നു അര്ജുനാ! ലോകത്തില്‍ എന്തും ഓരോ ലകഷ്യ പ്രാപ്തിക്കു വേണ്ടിയാണ് സൃഷ്ടിക്കപ്പെ ട്ടിരിക്കുന്നത്!ആ ലക്ഷ്യ പ്രാപ്തിക്കു ശേഷം അതിനെ പിന്നെ ഭൂമിക്കു ആവശ്യമില്ല! ഉണ്ടന്ന് തോന്നുന്നത് മിഥ്യയാണ്. ( സ്വതന്ത്ര്യ ലബ്ധിക്കു ശേഷം അതിനായി സൃഷ്ടിച്ച പ്രസ്ഥാനം പിരിച്ചുവിടണമെന്ന് നമ്മുടെ മഹാത്മജി പറഞ്ഞത് മഹത്തായ ഈ ആശയത്തില്‍ ഊന്നിയാണ് )

കൃഷ്ണാ! അങ്ങക്കപ്പുറം ലോകത്തില്‍ നീതിയും അനുഷ്ഠാനവും ഉണ്ടോ ? (കേവലം യാന്ത്രികമായി പ്രഭോ! ഞങ്ങള്‍ അങ്ങയുടെ കാലടികള്‍ പിന്തുടരുന്നു. ഇടക്കൊന്നു അഹങ്ക രിച്ചു പോയാല്‍,സര്‍വ്വം സഹനായ അങ്ങ് ഈ ഭക്തരോട് ക്ഷമിക്കണം.) കൃഷ്ണ ജന്മവും ഇതില്‍നിന്നു വ്യത്യസ്തമല്ല! എന്റെ കര്‍മ്മങ്ങള്‍ അല്പം കൂടി ബാക്കി നില്ക്കുന്നു. അതു കഴിഞ്ഞാല്‍ ഞാനും ഈ ഭൂമിക്കു അന്യമാകും.

കൃഷ്ണന്‍ ലോകൈക ജേതാവായ യുധിഷ്ടിരനെ ഗാഡാശ്ലേഷം ചെയ്ത് അനുമോദിച്ചു. തങ്ങളുടെ നേട്ടത്തില്‍ അവര്‍ സന്തോഷത്താല്‍ ആനന്ദ നൃത്ത്യം ചവിട്ടി കൃഷ്ണന്‍ പറഞ്ഞു 'യുധിഷ്ടിരാ! നിങ്ങളെല്ലാം ഇന്നു ശത്രു ശിബിരത്തിനു വെളിയില്‍ ഇറങ്ങി, അകലെ തുറന്ന സ്ഥലത്ത് അന്തി ഉറങ്ങണമെന്നാണ് യുദ്ധനിയമം. നിങ്ങളോടൊപ്പം ഞാനും സ്യാത്യകിയും കാണും. കൃഷ്ണ നിര്‍ദ്ദേശം അംഗീകരിക്കും മട്ടില്‍ അവര്‍ പരസ്പരം പുഞ്ചിരി തൂകി.'കൃഷ്ണാ! ഗാന്ധാരി മാതാവിന്റെ ശോകം അതി കഠിനമായിരിക്കും! തന്റെ പ്രിയ പുത്രന്റെ വിയോഗം അവരെ ഏറെ തളര്‍ത്തിയിട്ടുണ്ട്.

ആ അമ്മ, ഞങ്ങളെ നേരില്‍ കാണുമ്പോള്‍ ദുഖഭാര ത്താല്‍ ശപിക്കാന്‍ പോലും ഇടവരുമെന്ന് ഞാന്‍ ഭയക്കുന്നു. അങ്ങ് ദയവായി ഞങ്ങള്ക്ക് വേണ്ടി ഗാന്ധാരി മാതാവിനെ അനുനയിപ്പിക്കണം.

ഈ ഭക്തന്റെ അപേക്ഷ അങ്ങ് തള്ളികളയരുത്... 'യുധിഷ്ടിരന്‍ കൈകൂപ്പി നിന്നു. യുധിഷ്ടിരന്റെ തോളില്‍ സ്‌നേഹത്തോടെ തട്ടിക്കൊണ്ട് കൃഷ്ണന്‍ പറഞ്ഞു 'ശരിയാണ് യുധിഷ്ടിരാ! ഗാന്ധാരി പതിവ്രതയാണ്. അവരുടെ ദുഖാഗ്‌നി അങ്ങ് ഊഹിക്കുന്നതിനെക്കാള്‍ കഠിനമായിരിക്കും. ആ താപം നിങ്ങള്ക്ക് മേലേ പതിയാത്ത വിധം ഞാനിപ്പോള്‍ തന്നെ ഹസ്തിന പുരത്തില്‍ ചെന്ന് അവരെ സ്‌നേഹബുദ്ധ്യാ ഉപദേശിച്ച് അശ്വസിപ്പിക്കുന്നുണ്ട് അങ്ങ് ഉത്ക്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവും ഇല്ല. ഞാന്‍ മടങ്ങി വരുമ്പൊയെക്കും നിങ്ങള്‍ ശയന സ്ഥലം തയ്യാറാക്കിക്കൊള്ളു.

കൃഷ്ണന്‍ വൈകാതെ ഹസ്തിന പുരത്തേക്കു പുറപ്പെടാന്‍ തയ്യാറായി. നിറ കണ്ണുകളോടെ ഹസ്തിന പുരത്തിലെത്തിയ സജ്ജയന്‍ ദുര്യോധനന്റെ പതന വാര്‍ത്ത അറിഞ്ഞിരുന്നു. തന്റെ കണ്മുന്നില്‍ കളിച്ചു വളര്‍ന്ന കുമാരന്റെ ബാല്യം. ഒരു സേവകനെക്കാള്‍ സ്ഥാനം തനിക്കു എപ്പോഴും രാജാവ് കൊട്ടാരത്തില്‍ നല്‍കിയിരുന്നു. അതിനാല്‍ പലപ്പോഴും താന്‍ കുമാരനെ, രാജാവിന്റെ മുന്പില്‍ വെച്ചു പോലും ശാസിച്ചിരുന്നു. ഒരിക്കല്‍ പോലും കുമാരന്‍ തന്നോട് അപ്രിയം കാട്ടിയിട്ടില്ല. സകലവിധ പ്രൗഢിയൊടെ ജീവിച്ച ഹസ്തിനപുര രാജാവ് ഇന്നിതാ തുട പിളര്ന്നു വെറും നിലത്ത് അസഹ്യ വേദന സഹിച്ചു കിടക്കുന്നു. ഈ ദുഃഖ വാര്‍ത്ത ഞാന്‍ എങ്ങനെ രാജാവിനെ അറിയിക്കും. സജ്ജയന്‍ അടക്കിനിര്‍ത്തിയ ദുഖത്തോടെ രാജാവിനെ അഭിമുഖീകരിച്ചു 'രാജാവേ! അങ്ങയുടെ പുത്രന്‍ വിധിക്കു വശഗതനായി. എല്ലാം വിധി പ്രേരണ എന്നു കരുതി മനസ്സിനെ നിയന്ത്രിക്കാന്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു...' കേട്ട മാത്രയില്‍ രാജാവ് ബോധരഹിതനായി. ഗാന്ധാരി മാതാവ് പൊട്ടിക്കരഞ്ഞു. കൊട്ടാരമാകെ ദുഃഖ പൂരിതമായി. ഈ അവസരത്തിലാണ് കൃഷ്ണന്‍ അങ്ങോട്ട് കടന്നു ചെന്നത്. അദ്ദേഹത്തിന്റെ കണ്ണുകളും ഒരു നിമിഷം സജലങ്ങളായി. കൃഷ്ണന്‍ ഗാന്ധാരിയെ സമീപിച്ചു

'അമ്മേ! മനസ്സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുക!ദുര്യോധനന് സ്വര്‍ഗ്ഗപ്രാപ്തി ലഭ്യമായിരിക്കുന്നു. അദ്ദേഹം ക്ഷതൃയോജിതമായി യുദ്ധം ചെയ്ത് സല്‍കീര്‍ത്തി നേടിയിരിക്കുന്നു. പിന്നെ, മരണം! അത് ജനനത്തിന്റെ അനിവാര്യ ഘടകമാണ്.

കാലഗണനക്കപ്പുറം ആര്‍ക്കും ഈ ഭൂമിയില്‍ നില്ക്കാന്‍ അവകാശമില്ല, എനിക്കുപോലും... 'കൃഷ്ണന്‍ ഗാന്ധാരിയുടെ കരങ്ങള്‍ ഗ്രഹിച്ചു, അവരെ സ്വശരീരത്തോട് ചേര്‍ത്തു. ഏതോ സ്വച്ഛമായ കുളിര്‍ജലം തന്റെ ശരീരത്തിലൂടെ ഒഴുകുന്നതായി ഗാന്ധാരിക്ക് അനുഭവപ്പെട്ടു. ഈ ദേവസ്പര്‍ശം ഏല്ക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരിക്കുന്നു! ഇതില്പരം പുണ്യം എന്താണ് ലഭിക്കേണ്ടത് ? സ്വയം ആശ്വസിക്കുന്നതിനിടയില്‍, ഗാന്ധാരി പരിഭവിച്ചു 'എങ്കിലും കൃഷ്ണാ! അങ്ങക്കതു തടയാമായിരുന്നു! എന്റെ സുയോധനനെ സംരക്ഷിക്കാന്‍ അങ്ങക്ക് ആകുമായിരുന്നു...'ഗാന്ധാരി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.

'അമ്മേ! അമ്മയുടെ ദുഃഖം എനിക്കറിയാം, അതിന്റെ ആഴവും ഞാന്‍ ഉള്‍കൊള്ളുന്നു. തടയാന്‍ ഞാനെത്ര മാത്രം ശ്രമിച്ചു എന്നും അമ്മക്കറിയാം.

ഒന്നിനും വഴങ്ങാത്ത പ്രകൃതമായിരുന്നു അയാളുടേത്. 'എല്ലാം എനിക്കു മാത്രം! ' എന്ന അസഹ്യമായ ചിന്താഗതി. ഈ ചിന്താഗതിയില്‍ ഒരാള്‍ക്ക് എത്രകാലം ജീവിക്കാനാകും ? പിടിച്ചുവൈക്കുന്നത് ഒരിക്കല്‍ വിട്ടുകോടുത്തെ പറ്റൂ! സ്വയം ചെയ്യാന്‍ മനസ്സ് വഴങ്ങിയില്ലെങ്കില്‍ കാലം മറ്റൊരു രൂപത്തില്‍ അത് അയാളില്‍ നിന്ന് അടര്‍ത്തി മാറ്റും! ഈ ലോകനിയമം മറികടക്കാന്‍ ആരാലും ആവില്ല. യുധിഷ്ടിരനും, സഹോദരങ്ങളും ഏറെ ഏറെ നല്ലവരാണ്.അമ്മയെ അവര്‍ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല. ഞാന്‍ അമ്മക്ക് ഉറപ്പു തരുന്നു.

ഇനിയിവിടെ ശാന്തിയും സമാധാനവും ഉണ്ടാവും. ' കൃഷ്ണന്‍ ഗാന്ധാരിയുടെ നെറ്റിയില്‍ ചുണ്ടുകള്‍ അര്‍പ്പിച്ചു. ഒരുനിമിഷം ഗാന്ധാരി മറ്റൊരു ലോകത്തായി, അവര്‍ വിതുമ്പി, 'ഭഗവന്‍! എല്ലാം ഞാന്‍ അറിയുന്നു. അങ്ങയുടെ പാദസ്പര്‍ശം ഏറ്റ ഈ ഭൂമി പവിത്രമാണ്! 'ഗാന്ധാരി കൈകള്‍ കൂപ്പി.' എനിക്ക് പാണ്ഡവരോട് ഒരു വൈരാഗ്യവുമില്ല. എല്ലാം എന്റെ മകന്‍ സ്വയം വരുത്തി വെച്ചതാണ് '

ചതഞ്ഞരഞ്ഞ തുടയുമായി, അസഹ്യമായ വേദന കടിച്ചമര്‍ത്തി ദുര്യോധനന്‍ മരണത്തെ കാതോര്‍ത്തു കിടന്നു. ഈ സമയത്ത് സഞ്ജയനില്‍ നിന്ന് ദുര്യോധനന്റെ ദാരുണ വാര്‍ത്ത അറിഞ്ഞ അശ്വത്ഥാമാവും, കൃപരും, ക്രുതവര്‍മ്മാവും ഇരുളിന്റെ മറവില്‍ തങ്ങളുടെ രാജാവിനു സമീപം എത്തി. അവര്‍ അദ്ദേഹത്തിനരികിലിരുന്നു കണ്ണീര്‍ വാര്‍ത്തു.ഏതാനും ദിവസങ്ങള്ക്ക് മുന്പ് പതിനൊന്ന് അക്ഷൌഹിണി പടയുടെ നാഥനായിരുന്ന നമ്മുടെ രാജാവ്! സുഭിക്ഷതയുടെ മറുവശം എന്തന്ന് പോലും അറിയാത്ത നമ്മുടെ രാജാവ്! ഇന്നിതാ രക്തം വാര്‍ന്നൊഴുകുന്ന തുടയുമായി വെറും നിലത്ത്, പൊടിപടലങ്ങള്‍ അണിഞ്ഞു കിടക്കുന്നു. എന്തൊരു ഘോരമായ വിധിബലം!!

വിതുമ്പുന്നതിനിടയില്‍ ദ്രൊണപുത്രന്‍ അറിയിച്ചു "രാജാവേ! അങ്ങ് ദുഖിക്കരുത്. ഇതിനു പകരം വീട്ടാന്‍ ഞങ്ങള്‍ മുന്നു പേര്‍ മാത്രം മതി. അങ്ങ് നല്‍കിയ അന്നത്തോട് ഈ ദ്രോണ പുത്രന്‍ വളരെ വളരെ കൂറുള്ളവനാണ് ഞാന്‍ പാണ്ഡവരെ നശിപ്പിക്കും.' അശ്വത്ഥാമാവിന്റെ മനം വികാരത്താല്‍ കത്തിക്കാളി ദുര്യോധനന്റെ മനസ്സ് ഏറെ ആര്‍ദ്രമായി. അദ്ദേഹം പൊട്ടിക്കരഞ്ഞു, ഭ'ആചാര്യപുത്രാ! ഞാന്‍ അങ്ങയെ എത്രയോ തെറ്റിദ്ധരിച്ചു. അങ്ങും, ആചാര്യനും പാണ്ഡവപക്ഷ വാദികള്‍ എന്നു വിളിച്ച അധിക്ഷേപിച്ചിടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാം മനസ്സിലായി... മാപ്പ്! "

പണിപ്പെട്ടു കൈകള്‍ കൂ പ്പാന്‍ ശ്രമിക്കുന്ന രാജാവിനെ അശ്വത്ഥാമാവ് തടഞ്ഞു. 'അരുത്! അങ്ങിതു ചെയ്യുന്നത് എന്നെ അപമാനിക്കുന്നതിനു തുല്യമാണ്. ഇപ്പോയെങ്കിലും അങ്ങയുടെ പരിഭവം മാറിക്കിട്ടിയല്ലോ... നന്ദിയുണ്ട് രാജാവേ പറയൂ! ഞങ്ങള്‍ അങ്ങക്കുവേണ്ടി ഉചിതമായത് ചെയ്യാന്‍ ആഗ്രഹിക്കുന്നു'

വികരാവേശതാള്‍ ഹൃദയം തുളുമ്പും സ്വരത്തില്‍ ദുര്യോധനന്‍ പറഞ്ഞു 'അശ്വത്ഥാമാവേ! അങ്ങൊരു പാത്രത്തില്‍ ജലം കൊണ്ടു വന്നാലും! 'അവര്‍ പ്രിയ രാജാവിന്റെ നിര്‌ദേശ പ്രകാരം ഒരു പാത്രത്തില്‍ ജലം കൊണ്ടു വന്നു. ഒരു കൈ മുതുകില്‍ ഊന്നി, മറുകൈകൊണ്ട് പാത്രത്തിലെ ജലം വര്‍ഷിച്ചു അദ്ദേഹം അശ്വത്ഥാമാവിനെ സൈന്യാധിപനായി അവരോധിച്ചു... ചടങ്ങില്‍ സന്തോഷത്തിനു പകരം അവര്‍ ഹൃദയ രക്തത്തില്‍ ചാലിച്ച കണ്ണീര്‍ പരസ്പരം കൈമാറി.

തികഞ്ഞ ആത്മാര്‍ഥത നിറഞ്ഞ ഈ ചടങ്ങിന്റെ കേട്ടറിവു പോലും കണ്ണുകള്‍ നനയിപ്പിക്കും. തങ്ങളുടെ രാജാവില്‌നിന്നു അവര്‍ മൂവരും അശിര്‍വചസ്സുകല്‍ വാങ്ങി. കടുത്ത വേദനക്കിടയിലും ദുര്യോധനന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു

അവര്‍ മൂവരും തെക്കോട്ട് നടന്നു. സൈന്യാധിപനായി അവരോധിച്ചതോടെ അശ്വത്ഥാമാവിന്റെ മനസ്സ് ക്രൂരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കൊതിച്ചു. അവര്‍ യുദ്ധ ഭൂമിയൊടു ചേര്‍ന്ന കുറ്റിക്കാട്ടില്‍ അഭയം തേടി.ദേഹം മുഴുവന്‍ അസ്ത്ര ങ്ങളാല്‍ പരിക്കേറ്റിരുന്ന അവര്‍ ഏറെ പരീക്ഷിണരായിരുന്നു. അടുത്തു കണ്ട നദിയില്‍ നിന്ന് സ്വച്ഛ ജലം പാനം ചെയ്ത്, അവര്‍ വൃക്ഷ ചുവട്ടില്‍ വിശ്രമിച്ചു, ക്ഷീണം കൊണ്ട് കൃപരും ക്രുതവര്മ്മാവും അധികം താമസിയാതെ നിദ്രയിലാണ്ടു. അശ്വത്ഥാമാവിന്റെ മനസ്സ് വികാര വിചാരങ്ങളാല്‍ പ്രക്ഷുബ്ധ മായിരുന്നു.

തന്റെ രാജാവിന് ഈയൊരു ദുര്‍വിധി സമ്മാനിച്ച പാണ്ഡവരെ ഏതുവിധേനയും വകവരുത്താന്‍, മനസ്സില്‍ നിന്ന് ധര്‍മ്മ ചിന്ത ഏറെക്കുറെ വിട്ടകന്ന ആ ബ്രാന്മണന്‍ നിശ്ചയിച്ചുറച്ചു. ( അന്നാംശത്തോട് കൂറു് ബ്രാന്മണനൊളം മാറ്റാരും കാട്ടില്ലന്നു വേദശാസ്ത്രം വിധിക്കുന്നു. മറ്റുള്ളവരില്‍ യുക്തിചിന്ത ഏറെക്കുറെ സ്വധീന ഘടകമായി വര്‍ത്തിക്കും. )

അശ്വത്ഥാമാവ് ചുറ്റും നീരീക്ഷണം നടത്തിക്കൊണ്ടിരുന്നു, ഉറക്കം അദ്ദേഹത്തിന്റെ കണ്‌പോളകളെ തഴുകിയതേ ഇല്ല. അവര്‍ ഇരുന്നിരുന്ന മരത്തിന്റെ കൊമ്പില്‍ കാക്കകള്‍ കൂടു കൂട്ടിയിരുന്നു. ഇരുട്ടായിരുന്നതിനാല്‍ അവയെല്ലാം ഭയലേശമന്യേ സുഖ സുഷുപ്തിയില്‍ ലയിച്ചിരുന്നു. എങ്ങുനിന്നോ ഒരു കൂമന്‍ ആ കാക്ക കൂടിനരുകിലേക്ക് പറന്നു വന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ ഭയങ്കരമായ രോദനത്തോടെ പക്ഷികള്‍ കൂമന്റെ ഭക്ഷണത്തിന് ഇരയായി. രക്ഷപെടാനുള്ള എല്ലാ പഴുതുകളും കൂമന്‍ ആസൂത്രിതമായി അടച്ചിരുന്നു. ഈ ക്രൂരതയ്ക്ക് സാക്ഷിയായ അശ്വത്ഥാമാവില്‍ പൊടുന്നനെ ഒരാശയം ഉടലെടുത്തു... എന്തിന് നാളേക്കുവേണ്ടി കാക്കണം, ഈ കൂമനെപ്പോലെ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ വിജയം സുനിശ്ചിതം. തികച്ചും രാക്ഷസീയമായ ഒരു ചിരിയോടെ അശ്വത്ഥാമാവ് എഴുന്നേറ്റു. അദ്ദേഹം തന്റെ കൂട്ടാളികളെ വിളിച്ചുണര്‍ത്തി. 'എന്റെ മനസ്സില്‍ ഒരു നൂതനാശയം ഉദിച്ചിരിക്കുന്നു, ഒരു കൂമന്റെ തന്ത്രപരമായ നീക്കം എന്നിലെ എന്നെ ഉണര്‍ത്തിയിരിക്കുന്നു.' പുറ ത്തേക്കുതള്ളിയ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി, അശ്വത്ഥാമാവില്‍ നിന്ന് മറ്റൊരു രൂപത്തില്‍ വെളിയില്‍ വന്നു 'നാളേക്ക് വേണ്ടി എന്തിനു കാക്കണം, നമുക്ക് ഇപ്പോള്‍ തന്നെ പാണ്ഡവ ശിബിരത്തിലേക്ക് നീങ്ങണം.എനിക്ക് ഈ രാത്രി തന്നെ അവരെ വധിക്കണം, എതിരാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതില്ലാത്ത വിധം ഞാന്‍ അവരെ കൂട്ടത്തോടെ ഇല്ലാതാക്കും. വരൂ നിങ്ങളും എന്നോടൊപ്പം നീങ്ങൂ'ശങ്കര വരപ്രസാദമായി തനിക്കു സിദ്ധമായ വാളോങ്ങി ആചാര്യ പുത്രന്‍ നടന്നു തുടങ്ങി. ധര്‍മ്മബോധം വിട്ടകലാത്ത കൃപരും, ക്രുതവര്മ്മാവും തങ്ങളുടെ സൈന്യാധിപന്റെ പൈശാചികമായ നീക്കത്തെ തടഞ്ഞു കൊണ്ട് പറഞ്ഞു

'അശ്വത്ഥാമാവേ! ഇതു തീര്‍ത്തും നീതിക്ക് നിരക്കാത്തതാണ്. ഇതിനോട് യോജിക്കാന്‍ ഞങ്ങല്‍ക്കാവില്ല.നമുക്ക് നാളെ പാണ്ഡവരോട് യുദ്ധം ചെയ്തു നമ്മുടെ രാജാവിനോടുള്ള കടമ നിര്‍വഹിക്കാം! സാമവാക്കുകള്‍ തന്റെ അനിന്തിരവനു മുന്നില്‍ വിലപ്പോവില്ലന്നു മനസ്സിലായ കൃപര്‍ പറഞ്ഞു,

"കുഞ്ഞേ! മറ്റൊന്നു കൂടി നീ അറിയണം, നമ്മുടെ രാജാവ് ഒരു ധര്മ്മിധാര്‍മ്മിഷ്ടനോ, സത്യസന്ധനോ ആയിരുന്നില്ല. മഹത്തായ ഒരാദര്‍ശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അങ്ങിനെ ഒരാളിനുവേണ്ടി നീ തികച്ചും അധര്‍മ്മ മാര്‍ഗ്ഗത്തിലൂടെ നീക്കം നടത്തുന്നത് ശരിയല്ല. നിന്റെ മേല്‍ ദുര്യശസ്സു പതിക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'പാപചിന്ത വെടിയൂ, ആചാര്യ പുത്രാ!' ക്രുതവര്മ്മാവും അശ്വത്ഥാമാവിനെ തടയാന്‍ ശ്രമിച്ചു. കൂമന്റെ മനസ്സ് കൊടുകുത്തിവാണ അശ്വത്ഥാമാവ് പറഞ്ഞു,

'നിങ്ങള്‍ എന്നോടൊപ്പം ഈ പാപ കര്‍മ്മത്തില്‍ പങ്കാളികള്‍ ആകണമെന്നില്ല! നിങ്ങള്‍ പിന്തിരിഞ്ഞൊളു, എന്റെ തീരുമാനത്തിന് ഇളക്കമില്ല. '

അദ്ദേഹം ഓങ്ങിയ വാളുമായി ഇരുട്ടിന്റെ മറവില്‍ പാണ്ഡവ ശിബിരം ലക്ഷ്യമാക്കി നടന്നു. ഗത്യന്തരമില്ലാതെ മറ്റു രണ്ടുപേരും തങ്ങളുടെ സൈന്യാധിപനു പിന്നാലെ നീങ്ങി. സുഖമോ, ദുഖമോ, ധര്‍മ്മമോ, അധര്‍മ്മമോ എന്തായാലും ഒരേ മനസ്സോടെ പങ്കു വൈക്കാന്‍ അവര്‍ തീര്‍ച്ചയാക്കി. ഒരേ മനസ്സോടെ അവര്‍ ആ കൊടും ക്രൂരതക്കു വേണ്ട തെയ്യാറെടുപ്പോടെ നീങ്ങി... കുരുക്ഷേത്ര യുദ്ധത്തിലെ ഏറ്റവും ക്രൂരമായ തയ്യാറെടുപ്പിന്റെ തുടക്കം ഇവിടെ കുറിക്കപ്പെട്ടു.

സ്വാത്ത്വിക മനസ്സില്‍ കുടിയേറിയ അധമമായ തമോഗുണ വികാരം... അശ്വത്ഥാമാവെന്ന ശ്രേഷ്ഠ ബ്രാമണന്‍ മരിച്ചു, ഇനി അയാളിലെ പൈശാചികത അഴിഞ്ഞാടുകയാണ്.

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories