ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

സൌപ്തിക പര്‍വ്വം


മഹാഭാരതം (പാര്‍ട്ട്‌ 13)

സൌപ്തിക പര്‍വ്വം

അശ്വത്ഥാമാവില്‍ നിന്നും സ്വാത്വിക ഭാവം പൂര്‍ണമായും അകന്നു . കൂമനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അദ്ദേഹത്തിന്റെ നീക്കങ്ങള്‍ രാക്ഷസീയമായിരുന്നു. ഉപദേശങ്ങള്‍ക്ക് വഴങ്ങാത്ത ആ ദ്രോണ പുത്രനു പിന്നാലെ കൃപരും, ക്രുതവര്‍മ്മാവും പിന്തുടര്‍ന്നു . കൌരവ പക്ഷത്തില്‍ ശേഷിക്കുന്ന അവര്‍ മൂവരും സുഖവും ദുഖവും രണ്ടായാലും ഒരേ മനസ്സോടെ പങ്കിട്ട് അനുഭവിക്കാന്‍ തീര്‍ച്ചയാക്കി . സൈന്യാധിപന്റെ നിര്‍ദ്ദേശ പ്രകാരം കൃപരും ക്രുതവര്‍മ്മാവും പാണ്ഡവ ശിബിരത്തിനു വെളിയില്‍ നിന്നു സൈന്യാധിപന്‍ വാളോങ്ങി ശിബിരതിനുള്ളില്‍ പ്രവേശിച്ചു. മെത്തമേല്‍ സുഖ സുഷുപ്തിയില്‍ ഉറങ്ങിയിരുന്ന ധൃഷ്ടദൃമ്‌നനെ അശ്വത്ഥാമാവ് ഇരുളിന്റെ നേരിയ വെളിച്ചത്തില്‍ ദര്‍ശിച്ചു. അദ്ദേഹം ഒറ്റച്ചവിട്ടിന് ധൃഷ്ടദൃമ്‌നനെ ഉണര്‍ത്തി. അശ്വത്ഥാമാവ് ക്രൂരമായി പൊട്ടിച്ചിരിച്ചു, ഇരുളിന്റെ നിശബ്ദതയില്‍ ആ ശബ്ദം മാറ്റൊലി കൊണ്ടു.

അദ്ദേഹം പുലമ്പി 'ഗുരുഹന്താവായ നിനക്ക് മാപ്പില്ല! ഈ നിമിഷം ഞാന്‍ നിന്നെ വധിക്കുന്നു' അശ്വത്ഥാമാവ് വില്ലിന്റെ ഞാണ് കൊണ്ട് ധൃഷ്ടദൃമ്‌നന്റെ കഴുത്തു വരിഞ്ഞു മുറുക്കാന്‍ ഒരുമ്പെട്ടു. ഭയന്നു വിരണ്ട ധൃഷ്ടദൃമ്‌നന്‍ വിലപിച്ചു. 'എനിക്ക് മരണത്തെ ഭയമില്ല . എന്റെ ജന്മോദ്ദേശം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഞാന്‍ കൃതാത്ഥനാണ്. എന്നാല്‍ നിങ്ങള്‍ ഈ കാണിക്കുന്ന പ്രവൃത്തി നിന്ദ്യമാണ്.'

അശ്വത്ഥാമാവ് പൈശാചികമായി അലമുറയിട്ടു. ' എന്റെ രാജാവിന്റെ ദുര്യോഗത്തിന് പകരം വീട്ടാതെ ഞാന്‍ പിന്തിരിയില്ല. ദുര്യശസ്സ് ഞാന്‍ ഭയക്കുന്നില്ല'

പാണ്ഡവ സൈന്യാധിപന്‍ പുലമ്പി. 'അങ്ങൊരു അസ്ത്രം കൊണ്ടെന്നെ കൊല്ലൂ! വീര സ്വര്‍ഗ്ഗം പൂകാനെങ്കിലും എന്നെ അനുവദിക്കൂ ആചാര്യ പുത്രാ! '

ഇല്ല ! സ്വര്‍ഗ്ഗതിലെത്താന്‍ ഞാന്‍ നിന്നെ അനുവദിക്കില്ല . മൃഗീയമായി ആചാര്യനെ കൊലപ്പെടുത്തിയ നിനക്കുള്ള ശിക്ഷ ഞാന്‍ തന്നെ നടപ്പാക്കും . '

അധര്‍മ്മത്തിന്റെ പ്രതീകമായി മാറിയ ആ ആചാര്യപുത്രന്‍ വില്ലിന്റെ ഞാണ്‍ കൊണ്ട് ധൃഷ്ടദൃമ്‌നന്റെ കഴുത്ത് വരിഞ്ഞുമുറുക്കി . ഗാഢനിദ്രയില്‍നിന്നു ഞെട്ടി ഉണര്‍ന്ന ശിബിരതിലുള്ളവര്‍ ഈ കാഴ്ച കണ്ട് ഞെട്ടി വിറച്ചു . ഏതോ കള്ളന്‍ കൂടാരത്തില്‍ കയറിയതായാണ് അവര്‍ ആദ്യം ധരിച്ചത്. തങ്ങള്‍ ശത്രുവിന്റെ വലയില്‍ ദയനീയമാം വിധം പെട്ടിരിക്കുന്നു എന്നു ബോദ്ധ്യമായപ്പോള്‍ അവര്‍ ആത്മ രക്ഷക്കുള്ള ശ്രമം തുടര്‍ന്നു . ശിബിരത്തിനു വെളിയില്‍ കാവല്‍നിന്ന കൃപരും ക്രുതവര്‍മ്മാവും അവരുടെ നീക്കത്തെ തടഞ്ഞു .

കൃപര്‍ ശിബിരത്തിന്റെ ഒന്നിലധികം ഭാഗങ്ങളില്‍ തീ കൊളുത്തി . ധൃഷ്ടദൃമ്‌നന്‍ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം , അശ്വത്ഥാമാവ് കൂടാരത്തില്‍ രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ ഭയന്നു നിന്ന ദ്രൌപതീ പുത്രന്മാരെയും, ശിഖണ്ടിയേയെയും വാള്‍ കൊണ്ടു വെട്ടി കൊലപ്പെടുത്തി.

യുദ്ധാരംഭം മുതല്‍ അര്‍ജ്ജുനന്റെ രഥം സംരക്ഷിച്ചിരുന്ന യുധാജിത്തും ഉത്തമൌജസസും യുദ്ധത്തില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്ക്കാതെ രക്ഷപ്പെട്ടിരുന്നു.

ശിബിരത്തില്‍ കൂട്ടാളികള്‍ക്കൊപ്പം ശയിച്ചിരുന്ന അവരും പോള്ളലേറ്റ് മരിച്ചു . ശങ്കര വരപ്രസാദതാല്‍ അനുഗ്രഹീതനായ അശ്വത്ഥാമാവ് ഒരു മുറിവു പോലും ഏല്ക്കാതെ വെളിയില്‍ വന്നു . അവര്‍ മൂവരും അട്ടഹസിച്ചുകൊണ്ട് തങ്ങളുടെ രാജാവിന്നരുകിലേക്ക് നടന്നു. ആശിച്ചത് നേടിയെടുത്ത സന്തോഷ തിമര്‍പ്പില്‍ അവര്‍ മൂവരും തങ്ങളുടെ വീണു കിടക്കുന്ന രാജാവിന് സമീപം എത്തി.

പ്രാണന്‍ പൂര്‍ണമായും വിട്ടുപോകാത്ത ശരീരം ആയാസപ്പെട്ടുയര്‍ത്തി , ദുര്യോധനന്‍ അവരെ പ്രതീക്ഷയോടെ നോക്കി . ദുര്യോധനന്റെ സന്തത സഹചാരിയെന്നൊണം ഗദ ആ ദേഹത്തോട് ചേര്‍ന്ന് കിടന്നിരുന്നു . അശ്വത്ഥാമാവ് ദുര്യോധനനോട് ചേര്‍ന്നിരുന്നു കൊണ്ട് പറഞ്ഞു ' രാജാവേ ! ഞാനിന്ന് അങ്ങക്കു വേണ്ടി ആ കര്‍മ്മം പൂര്‍ത്തീകരിച്ചു . നമുക്ക് ജയിക്കാനായില്ലങ്കിലും, ഭാവി പാണ്ഡവ കുലത്തെ മുഴുവന്‍ ഞാന്‍ ഭസ്മ്മീകരിച്ച് അങ്ങയോടുള്ള കടമ പൂര്‍ത്തീകരിച്ചിരിക്കുന്നു.പ്രേത ബാധ ഏറ്റപോലെ അശ്വത്ഥാമാവ് അലറി വിളിച്ചു ... അത് ഒരു മനുഷ്യ ശബ്ദമായിരുന്നില്ല, ദുരാത്മാവിന്റെ കൊടും ക്രൂരത ഏറ്റു പറയും വിധമായിരുന്നു.

അശ്വത്ഥാമാവേ ! അങ്ങക്കതു സാധിച്ചുവോ? എങ്ങനെ ? എല്ലാം എന്നോട് തുറന്നു പറഞ്ഞാലും !'. അവര്‍ മൂവരും കൂടി ചെയ്തു തീര്‍ത്ത ക്രൂരതയുടെ വര്‍ണ്ണന, രാജാവിന് മുന്നില്‍ നിരത്തി . ദുര്യോധനന്റെ മുഖം ഒരു നിമിഷം വിവര്‍ണ്ണമായി .

ഞാന്‍ ഭയക്കുന്നു അശ്വത്ഥാമാവേ! അങ്ങയുടെ യശസ്സിന് ഇതു മൂലം കളങ്കം ഭവിക്കുമെന്നു ശങ്കിക്കുന്നു .' ഈ മൂന്നുപേരും മൃഗങ്ങളെക്കാള്‍ നികൃഷ്ടരായി മാറി കഴിഞ്ഞിരുന്നു . മൃഗങ്ങള്‍ പോലും സ്വരക്ഷക്കോ , നിവൃത്തിയില്ലാത്ത അവസ്ഥയില്‍ ഭക്ഷണത്തിനു വേണ്ടിയോ മാത്രമേ സ്വവര്‍ഗ്ഗത്തെ കൊന്നു തിന്നൂ... ദ്രോണ പുത്രന്റെ പ്രവൃത്തി അതിനേക്കാള്‍ താഴ്ന്നു പോയിരുന്നു.

രാജാവേ ! യശസ്സിനെക്കാള്‍ വലുതാണ് കടപ്പാട് . ഞാന്‍ അങ്ങയോടുള്ള കടപ്പാട് ഇന്നു വീടിയിരിക്കുന്നു . അങ്ങക്കിനി ആത്മ സംതൃപ്തിയോടെ മരിക്കാം... ഇ ത്രയെങ്കിലും ചെയ്തില്ലെങ്കില്‍ , ഞാന്‍ എന്റെ അന്ന ദാതാവിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞി ല്ലെന്ന ദുഖത്തോടെ വെന്തുരുകി കഴിയേണ്ടി വന്നേനെ ! ' അശ്വത്ഥാമാവ് തന്റെ രാജാവിന്റെ പ്രാണന്‍ പൊയ്‌കൊണ്ടിരുന്ന ശരീരം സ്വന്തം ശരീരത്തോട് ചേര്‍ത്തു വെച്ചു , നെറ്റിയില്‍ മുത്തമിട്ട് പൊട്ടിക്കരഞ്ഞു . ദുര്യോധനന്‍ അസ്പഷ്ടമായ ശബ്ദത്തില്‍ ഉച്ചരിച്ചു ' എന്റെ പ്രിയ അശ്വത്ഥാമാവേ! അങ്ങക്കു വേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല . നന്ദിയുണ്ട് മിത്രമേ !...'

ദുര്യോധനന്‍ അവസാന ശ്വാസ മെടുക്കുന്നതിനു വേണ്ടി പിടഞ്ഞു . ' എന്റെ പൊന്നു രാജാവേ ! അങ്ങെനിക്ക് ഒന്നും തന്നില്ലന്നു മാത്രം പറയരുത് . ഈ ശരീരത്തില്‍ ഒഴുകുന്ന ഓരോ തുള്ളി രക്തവും അങ്ങു തന്ന അന്നത്തിന്റെ സ്പന്ദനമാണ് . അങ്ങ് എന്റെ ധിക്കാരിയായ മിത്രവും , രാജാവുമാണ് . ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു... ഹൃദയത്തോടു ചേര്‍ത്തു വെച്ച് അങ്ങയെ പുല്‍കുന്നു...'

താന്‍ എന്താണ് പറയുന്നതെന്നു പോലും ദ്രോണ പുത്രന് നിശ്ചയമില്ലാതെ ആയി . അയാള്‍ അത്രമാത്രം തന്റെ രാജാവിനെ സ്‌നേഹിച്ചിരുന്നു , ഒരു കൂടപിറപ്പെന്ന പോലയോ, ഒരു മിത്രമായോ, രാജാവായോ ഒരുപക്ഷെ ഇതെല്ലാമായൊ...'

തന്റെ പ്രജകളുടെ കറകളഞ്ഞ സ്‌നേഹം ഏറ്റുവാങ്ങാന്‍ ദുര്യോധനനോളം മറ്റൊരു രാജാവിനും ഭാഗ്യം കിട്ടിക്കാണില്ല . ആ നിഷ്‌കളങ്കമായ സ്‌നേഹം ഏറ്റുവാങ്ങി ദുര്യോധനന്‍ ലോകത്തോട് വിട പറഞ്ഞു .

ദുര്യോധനന്റെ ജീവന്‍ പോയ നിമിഷം, വ്യാസ ദത്തമായ ' ദിവ്യ ചക്ഷുസ്സു ' സജ്ജയനു നഷ്ടമായി . ഇനി ഒന്നും ബാക്കിയില്ല , നാടകം ഭരത വാക്യം ചൊല്ലി ആടി തീര്‍ന്നിരിക്കുന്നു .

ഘോരമായ ദാരുണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനായി സൂര്യന്‍ അടുത്ത പ്രഭാതത്തില്‍ പതിവുപോലെ ഉയര്‍ന്നു പൊങ്ങി . തലേ രാത്രിയിലെ ഭീകര കൂട്ട ക്കൊലയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരേ ഒരാള്‍ ധൃഷ്ടദൃമ്‌നന്റെ സാരഥി മാത്രമായിരുന്നു . സംഭവം നടക്കുംമ്പോള്‍ അയാള്‍ ശിബിരത്തില്‍ നിന്നും അകലെ എവിടെയോ വിശ്രമത്തിലായിരുന്നു . വിധി ബലം ആ സാധുവിനെ തുണച്ചു. അടുത്ത പ്രഭാതത്തില്‍ ശിബിര പരിസരതെത്തിയ അയാള്‍ മനസ്സു മരവിപ്പിക്കുന്ന ആ ദാരുണ കാഴ്ച്ച കണ്ടു ഞെട്ടി തരിച്ചു. ഏറെ നേരം അലമുറയിട്ടു കരഞ്ഞ ശേഷം അയാള്‍ പാണ്ഡവരെ വിവരം ധരിപ്പിക്കാന്‍ തിരിച്ചു .

സാരഥി പാണ്ഡവരുടെ സമീപം എത്തി . പൊട്ടി കരഞ്ഞു കൊണ്ട് ആ ക്രൂരമായ ദാരുണ സംഭവം അയാള്‍ വിവരിച്ചു . വിറയലില്‍ ശബ്ദം പലയിടത്തും തപ്പിതടഞ്ഞിരുന്നെങ്കിലും പാണ്ഡവര്‍ വസ്തുത ഉള്‍കൊണ്ടു.

സംഭവം ഉള്‍ക്കൊണ്ട യുധിഷ്ടിരന്‍ ബോധരഹിതനായി . പാണ്ഡവര്‍ പ്രജ്ഞ അറ്റ നിലയിലായി . തങ്ങളുടെ സൈന്യാധിപന്‍... യുദ്ധത്തിലുടനീളം തങ്ങളെ നയിച്ച ധൃഷ്ടദൃമ്‌നന്‍ എത്ര ധീരനും കര്‍മ്മ നിരതനുമായിരുന്നു ... ഈ വിധം ദാരുണമായി അദ്ദേഹം കൊല്ലപ്പെട്ടുവല്ലോ ? ദ്രൌപതിയുടെ മറ്റൊരു സഹോദരനായ ശിഖണ്ടി , ദ്രൗപതിയില്‍ തങ്ങള്ക്കുണ്ടായ അഞ്ചു പുത്രന്മാര്‍... എല്ലാം ഒറ്റ രാത്രി കൊണ്ട് തങ്ങള്‍ക്കു നഷ്ടമായി. ഈ കൊടും ദുഃഖം അവര്‍ക്ക് താങ്ങാവുന്നതി നപ്പുറമായിരുന്നു. ഭീമനും സാത്യകി യും ഒന്നുചേര്‍ന്ന് തങ്ങളുടെ പ്രിയ മിത്രമായ... അശ്വത്ഥാമാവാല്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ സൈന്യാധിപന്റെ മൃത ശരീരത്തിനരുകില്‍ ഇരുന്നു തേങ്ങി . ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ക്കായി കൃഷ്ണന്‍ പോലും തടഞ്ഞു , ആ കാഴ്ച കണ്ട് അദ്ദേഹത്തിന്റെ കണ്ണും സജലങ്ങളായി .

വിവരം ആരു മുഖാന്തിരം ദ്രൗപതിയെ അറിയിക്കുമെന്ന വിഷമത്തിലായി പാണ്ഡവര്‍ . ഒടുവില്‍ നകുലന്‍ ആ ദൌത്യം മനകരുത്തോടെ ഏറ്റെടുത്തു.

നേരിയ ഒരു സൂചന മാത്രം നല്‍കി നകുലന്‍ ദ്രൌപതിയെ തന്നോടൊപ്പം രഥത്തില്‍ കയറ്റി. അവര്‍ കൂട്ടകൊല നടന്ന ശിബിരത്തിനു മുന്നിലെത്തി. നകുലന്‍ ദ്രൌപതിയെ തേരില്‍ നിന്ന് മന്ദം പിടിച്ചിറക്കി.

തന്റെ പുത്രന്മാരുടെ മൃത ശരീരം കണ്ട് ദ്രൌപതി വാവിട്ടു കരഞ്ഞു. സ്വന്തം സഹോദരന്മാര്‍, എന്നും തങ്ങള്‌ക്കൊപ്പം നിന്ന ധൃഷ്ടദൃമ്‌നനും, ശിഖണ്ടിയും എല്ലാം തനിക്ക് ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ടിരിക്കുന്നു.

ദ്രൌപതി ബോധ രഹിതയായി . ബോധം വീണ്ടെടുത്ത ദ്രൌപതി മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു . അവരുടെ കണ്ണില്‍ അഗ്‌നി കത്തിക്കാളി.

ആ ഭാവം കണ്ടു നില്ക്കാന്‍ പാണ്ഡവര്‍ക്കു പോലും അസഹ്യമായി ... ഇവള്‍ എന്തങ്കിലും ഒന്ന് ഉരിയാടിയങ്കില്‍ ! യുധിഷ്ടിരന്‍ , കൃഷ്ണന്റെ നീക്കം നിരീക്ഷിച്ചു.

ദ്രൌപതിയുടെ ദൃഷ്ടി കൃഷ്ണനില്‍ പതിഞ്ഞ നിമിഷം അവളില്‍ നിന്ന് കോപതാപങ്ങളോടെ ശബ്ദം ബഹിര്‍ഗമിച്ചു ' എന്റെ മക്കളേയും , സഹോദരന്മാരെയും ഒറ്റ രാത്രികൊണ്ട് എനിക്ക് നഷ്ടപ്പെടുത്തിയ അശ്വത്ഥാമാവ് കൊല്ലപ്പെടും വരെ ഈ ദ്രൗപതി അന്നം ഭുജിക്കുന്നതല്ല . ഇതു സത്യം ! '

ദ്രൌപതിയുടെ പ്രതിജ്ഞ കേട്ട് പാണ്ഡവര്‍ ഞെട്ടി . 'അശ്വത്ഥാമാവ് അവന്ധ്യനാണ് ! മനുഷ്യരാല്‍ അദ്ദേഹം വധിക്കപ്പെടില്ല . ശങ്കര വരപ്രസാദതാല്‍ ജനിച്ച ദ്രോണ പുത്രന്‍ മരണത്തെ ജയിച്ചവനാണ് ! ഈ സത്യം എങ്ങിനെ ദ്രൌപതിയെ ബോധ്യപ്പെടുത്തും ? പാണ്ഡവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി .

ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ദ്രൌപതി ആ സത്യം അംഗീകരിച്ചു .

അവള്‍ പറഞ്ഞു ' ശിവന്‍ ചിരംജീവനത്വം നല്‍കിയ ആ അധമന്റെ ശിരസ്സില്‍ അതി വിശിഷ്ടമായ ഒരു 'ചൂഡാമണി ' ഉണ്ട് . നിങ്ങള്‍ അയാളില്‍ നിന്നും അത് കവര്‍ന്നെടുത്ത് എനിക്കു നെല്‍കണം . ശിരോരത്‌നതിന്റെ തിരോധാനം അയാള്‍ക്ക് മൃതിയെക്കാള്‍ ഭയാനകമായ അവസ്ഥ സൃഷ്ടിക്കും . ആരില്‍നിന്നും ഒരു കരുണയും ലഭിക്കാതെ അയാള്‍ ഭ്രാന്തനായി അലയുന്നത് എനിക്ക് കാണണം .

പ്രിയ ഭീമാ ! അങ്ങെനിക്കുവേണ്ടി അതു ചെയ്യില്ലേ ? അങ്ങയോളം സ്‌നേഹം എന്നോട് മറ്റാരും കാട്ടിയിട്ടില്ല . അവര്‍ക്കെല്ലാം പലതിനും അവരുടേതായ ന്യായീകരണങ്ങള്‍ ഉണ്ട്. അങ്ങെപ്പൊഴും ചിന്തക്കപ്പുറം പ്രവര്‍ത്തിയില്‍ മഹത്വം കാണുന്നു. ഈ ദ്രൌപതിയുടെ മാനത്തിന് അങ്ങു നല്‍കിയ വില ഞാനറിയുന്നു നാഥാ ! ' ദ്രൌപതിയുടെ കരളലിയിപ്പിക്കുന്ന അപേക്ഷ ഭീമന്റെ മനസ്സിനെ ഉലച്ചു . എന്നും ഭീമന്‍ ജീവനു തുല്യം തന്റെ പ്രിയതമയെ സ്‌നേഹിച്ചിരുന്നു , ഒരുതരം പ്രേമഭക്തി ! ആ ചിന്തയില്‍ സഹോദരങ്ങളെ പോലും മുറിപ്പെടുത്താന്‍ ഭീമന്‍ മടിച്ചിരുന്നില്ല . ഭീമന്‍ ദ്രൌപതിയെ മാറോടു ചേര്‍ത്തണച്ചു. '

ദ്രൌപതി ! നിന്റെ ദുഃഖം എനിക്ക് താങ്ങാന്‍ കഴിയുന്നില്ല . ഞാനിതാ പുറപ്പെടുകയായി '. ദ്രൌപതിയുടെ നെറ്റിയില്‍ ചുംബിച്ച് , അശ്രുക്കള്‍ തുടച്ച് ഭീമന്‍ യാത്രയായി .

ഭീമന്റെ യാത്രയുടെ പര്യവസാനം മുന്‍കൂട്ടി കണ്ടറിഞ്ഞ കൃഷ്ണന്‍ ഉത്കണ്ഠകുലനായി. അശ്വത്ഥാമാവ് ഹൃദയശൂ ന്യനാണ്. പ്രയോഗിക്കാന്‍ പാടില്ലാത്ത ദിവ്യാസ്ത്രങ്ങള്‍ പോലും അയാള്‍ക്ക് വശമുണ്ട് . സ്വരക്ഷക്ക് വേണ്ടി ഒരുപക്ഷേ അയാളത് ഭീമനുമേല്‍ പ്രയോഗിച്ചാല്‍... കൃഷ്ണന്‍ ഉള്‍ക്കിടിലത്തോടെ , അര്‍ജ്ജുനനുമായി ഭീമനു പിന്നാലെ തിരിച്ചു . ഗംഗാ തീരത്തിനടുത്തുള്ള വ്യാസാശ്രമത്തില്‍ വെച്ച് ഭീമന്‍ അശ്വത്ഥാമാവിനെ കണ്ടു . ദുര്യോധന മരണത്തിന് ശേഷം കൂട്ടം പിരിഞ്ഞ ആ മൂവര്‍ സംഘത്തില്‍, ക്രുതവര്‍മ്മാവ് ദ്വാരകക്കും, കൃപാചാര്യര്‍ ഹസ്തിനപുരിയിലേക്കും മടങ്ങി . ശേഷിച്ച അശ്വത്ഥാമാവിനെ യാണ് വ്യാസാ ആശ്രമത്തില്‍ വെച്ച് ഭീമന്‍ കണ്ടത്. ക്രൂരനായ കാട്ടാളന്റെ ഭാവപകര്‍ച്ച ആയിരുന്നു ആ ദ്രോണ പുത്രന്റെ മുഖത്ത്. മുഖത്തെ ചൈതന്യം മുഴുവന്‍ വാര്‍ന്നു പോയിരുന്നു. ക്രൂരത മനുഷ്യനെ ഏതവസ്ഥയില്‍ എത്തിക്കുമെന്നതിന്റെ പ്രത്യക്ഷ ഉദാഹരണം നേരില്‍കണ്ട ഭീമന്‍ പോലും ഒരുനിമിഷം പകച്ചു .

ഇയാളോട് അനുകമ്പ തോന്നേണ്ട ഒരാവശ്യവും ഇല്ല... ഭീമന്‍ മുന്നോട്ടു നീങ്ങി. തൊട്ടു പിന്നാലെ കൃഷ്ണാര്‍ജ്ജുനന്മാരും . മൂവരെയും അശ്വത്ഥാമാവ് കണ്ടു. താന്‍ ചെയ്ത ക്രൂര കൃത്യത്തിന്റെ ശിക്ഷ ഏതു നിമിഷവും തനിക്കു ലഭിക്കാം. എങ്കിലും ആത്മ രക്ഷാര്‍ത്ഥം കരണീയമായത് ചെയ്യാന്‍ തന്നെ അദ്ദേഹം തീരുമാനമെടുത്തു . പ്രകൃതി വിരുദ്ധമായ അനേകം ദിവ്യാസ്ത്രങ്ങള്‍ അദ്ദേഹത്തിന് വശ മുണ്ടായിരുന്നു. കൂമന്റെ മനസ്സ് പൂര്‍ണ്ണമായും തന്നില്‍ നിന്നു വിട്ടകന്നിട്ടില്ലെന്ന സത്യം അശ്വത്ഥാമാവ് അംഗീകരിച്ചു .

ക്രൂരമായ ഒരു പൊട്ടിച്ചിരിയോടെ അശ്വത്ഥാമാവ് ഗംഗാ തീരത്തുനിന്ന ഒരു പുല്‍നാമ്പ് പൊട്ടിച്ചെടുത്തു. ആരുടേയും ശ്രദ്ധയില്‍ അതുപ്പെട്ടില്ല, എന്നാല്‍ കൃഷ്ണന്റെ യോഗദൃഷ്ടി ആ കുതന്ത്രം തിരിച്ചറിഞ്ഞു .

കൃഷ്ണന്‍ ഞൊടിയിടയില്‍ ഭീമന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു. കൃഷ്ണന്‍ പറഞ്ഞു 'പാര്‍ത്ഥാ ! ആ ക്രൂരനായ ദ്രോണ പുത്രന്‍ ചെയ്യുന്നത് ശ്രദ്ധിക്കൂ! അയാള്‍ അവിടെ വെറുതേ ഇരിക്കുകയല്ല , താന്‍ പിതാവില്‍നിന്നും സ്വായത്തമാക്കിയ 'ബ്രന്മ ശീര്‍ഷം ' എന്ന അത്യന്തം ലോകവിനാശകാരിയായ മന്ത്രം അഭിമന്ത്രണം ചെയ്യുകയാണ്. സവ്യസാചി ! അങ്ങൊന്നൊര്‍ത്തുനോക്കൂ . അങ്ങക്കും ഈ മന്ത്രം ഗുരു ഉപദേശിച്ചിട്ടുണ്ട്. ഒരിക്കല്‍ മുതലയുടെ പിടിയില്‍നിന്നു ആചാര്യനെ രക്ഷപ്പെടുത്തിയ താങ്കള്‍ക്ക് , ഈ അതീവ രഹസ്യ അഭി മന്ത്രണം ദ്രോണര്‍ ഉപദേശിച്ചു തന്നിട്ടുണ്ട് . നിന്നോളം സ്വാത്ത്വികന്‍ അല്ലാതിരുന്ന അശ്വത്ഥാമാവെന്ന തന്റെ പുത്രന് ഈ മന്ത്രം നല്‍കാന്‍ ഗുരു മടിച്ചു . എന്നാല്‍ പിതാവിന്റെ പുത്ര സ്‌നേഹം എന്ന ദൗര്‍ബ്ബല്യത്തില്‍ കടിച്ചു തൂങ്ങി അയാളത് നേടി. ഇപ്പോള്‍ അങ്ങക്കത് ഓര്‍മ്മയില്‍ വന്നില്ലേ പാര്‍ത്ഥാ!' '

എല്ലാം ഓര്‍മ്മയില്‍ വരുന്നു കൃഷ്ണാ !' അര്‍ജ്ജുനന്‍ പുഞ്ചിരിച്ചു .

ഭൂമി അപാണ്ഡവമാകട്ടെ ! ' എന്ന അഭിമന്ത്രണത്തോടെ അശ്വത്ഥാമാവ് ബ്രന്മ ശീര്‍ഷം അയച്ചു . അത് മിന്നല്‍ പിണര്‍ പോലെ ആകാശവും ഭൂമിയും പ്രകമ്പനം കൊള്ളിച്ച് പാഞ്ഞു തുടങ്ങി . തടുക്കാനായി അര്‍ജ്ജുനനും അതേ മന്ത്രം അഭി മന്ത്രണം ചെയ്തു. ഈ രണ്ടു ഘോര മന്ത്രങ്ങളുടെ അഭിമന്ത്രണത്തോടെ ഭൂമിയാകെ കുലുങ്ങി, ജനങ്ങള്‍ ഭയന്നു വിറച്ചു. സമുദ്രജലം വറ്റിത്തുടങ്ങി , പര്‍വ്വതങ്ങല്‍ ഭാരമില്ലാതെ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. അസ്ത്രങ്ങള്‍ തമ്മില്‍ ഉരസ്സുമ്പോള്‍ ഉണ്ടാകുന്ന വി സ്‌ഫോടനം ഒഴിവാക്കാന്‍ നാരദനും വ്യാസനും ഇവക്കിടയില്‍ നിന്നു . തങ്ങളുടെ ഉഗ്രമായ തപോബലതാല്‍ അവര്‍ക്കത് സാധിച്ചു. അവര്‍ അഭ്യര്‍ഥിച്ചു ' അര്‍ജ്ജുനാ ! അശ്വത്ഥാമാവേ ! നിങ്ങള്‍ കൊടും കോപത്താല്‍ അയച്ച ഈ അസ്ത്രങ്ങള്‍ ഉണ്ടാക്കുന്ന വിനാശകരമായ അവസ്ഥയെ പറ്റി ചിന്തിച്ചതേയില്ല. ലോകഹിതാത്ഥീ നിങ്ങള്‍ ക്രോധം സംഹരിച്ചു ഇതിനെ പിന്‍വലിച്ചാലും' അര്‍ജ്ജുനന്‍ പറഞ്ഞു ' മഹര്‍ഷേ ! അങ്ങയെപ്പോലെ ഞാനും ലോക ഹിതാനുകാരിയാണ് ! അശ്വത്ഥാമാവ് അയച്ച അസ്ത്ര ത്തിനു പ്രത്യസ്ത്ര മായാണ് ഞാനിത് പ്രയോഗിച്ചത്. അങ്ങ് ക്ഷമിക്കുക! ഞാന്‍ എന്റെ തപശക്തി കൊണ്ട്ഇതിനെ പിന്‍വലിക്കുകയാണ് . അര്‍ജ്ജുനനു അപ്രകാരം സാധിച്ചു . എന്നാല്‍, അശ്വത്ഥാമാവിന് താന്‍ തലേ രാത്രിയില്‍ ചെയ്ത ക്രൂര പാതകങ്ങളുടെ ഫലമായി, അദ്ദേഹത്തില്‍ നിന്നും തപശക്തി പൂര്‍ണ്ണമായും കൈവിട്ടു പോയിരുന്നു. കേവലം പൈശാചികനായ നിഷാദന്റെ അവസ്ഥയിലായി ആ ഗുരുപുത്രന്‍. മുഖത്തെ തേജസ്സ് മുഴുവന്‍ എപ്പോഴോ വാര്‍ന്നു പോയിരുന്നു . ഒന്നിനും വയ്യാത്ത അവസ്ഥയില്‍ ഋഷിശ്വരന്മ്മാരുടെ ശാപത്തില്‍ നിന്നു മുക്തി നേടാന്‍ അദ്ദേഹം അവരുടെ കാല്ക്കല്‍ വീണു പൊട്ടിക്കരഞ്ഞു . വ്യാസന്‍ കഠി നമായി കോപിച്ചു. 'അശ്വത്ഥാമാവേ ! താങ്കള്‍ ചെയ്ത ഹീന കര്‍മ്മത്തിന്റെ ഫലമായി നഷ്ടപ്പെട്ട തപശക്തിയുടെ മൂല്യം എത്രയോ വലുതായിരുന്നെന്നു എപ്പോഴെങ്കിലും ബോധ്യമായോ ? '

പൊട്ടിക്കരഞ്ഞുകൊണ്ട് അശ്വത്ഥാമാവ് പറഞ്ഞു ' മഹാഗുരോ! എന്റെ മനസ്സ് പാണ്ഡവരോട് അത്യന്തം ക്രോധത്തിലായിരുന്നു. എന്റെ അന്നദാതാവിന്റെ ദാരുണാവസ്ഥ , എന്റെ മനസ്സില്‍ സൃഷ്ടിച്ച ആഘാതം എനിക്കു പോലും നിയന്ത്രിക്കാനാവാത്ത വിധം ഭീകരമായി തീര്‍ന്നു . ഞാന്‍ ഏതെങ്കിലും യുക്തമായ ബ്രന്മാസ്ത്രം പ്രയോഗിച്ച് ബ്രന്മശീര്‍ഷത്തെ നിര്‍ വീര്യമാക്കാന്‍ ശ്രമിക്കാം...'

അശ്വമാത്ഥാവിന്റെ ഉദ്യമത്തെ വ്യാസനും, നാരദനും ഒരേസ്വരത്തില്‍ തടുത്തു 'അശ്വത്ഥാമാവേ ! ഈ മഹത്തായ അസ്ത്രം നിര്‍വീര്യമാക്കുക അസാദ്ധ്യമാണ് . അങ്ങനെ ഒരു ശ്രമം നിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ , അസ്ത്രത്തിന്റെ സ്ഫുലിംഗങ്ങല്‍ വീ ഴുന്ന ഭൂപ്രദേശം ഊഷരമാകും ! അടുത്ത പന്ത്രണ്ടു വര്‍ഷക്കാല ത്തെക്ക് അവിടെ ഒരു പുല്‌നാമ്പു പോലും മുളക്കില്ല ! ആ ഒരു സാഹസം ഞങ്ങള്‍ അനുവദിക്കില്ല !!മഹര്‍ഷീശ്വരന്മാരുടെ കണ്ണിലെ തപജ്വാലയില്‍ താന്‍ ഏതു നിമിഷവും ദഹിക്കപ്പെടുമെന്ന് അശ്വത്ഥാമാവിനു ബോദ്ധ്യമായി.

മഹാര്‍ഷെ ! ഞാന്‍ ചെയ്തത് ഒരു കൊടും പാതകമാണന്ന തിരിച്ചറിവ് എനിക്കുണ്ടായിരിക്കുന്നു .നിങ്ങള്‍ നല്‍കുന്ന ഏതു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങാം ! കനിവുണ്ടാകണം! ...' ഗുരു പുത്രന്റെ അശ്രുക്കള്‍ വീണ് അവരുടെ പാദങ്ങളും അഭിഷിപ്തമായി . എന്നിട്ടും അവര്‍ക്ക് അയാളോട് ക്ഷമിക്കാന്‍ ആയില്ല . അവര്‍ ഏകസ്വരത്തില്‍ നിര്‍ദ്ദേശിച്ചു ' നീ നിന്റെ ചൂഡാമണി ചുഴ്ന്നു ഭീമനെ എല്പ്പിക്കുക . ഉചിതമായ പരിഹാരമാകില്ലെങ്കിലും... ഒരു പരിധി വരെ നീ ഞങ്ങളുടെ കോപത്തില്‍ നിന്നും വിമുക്തനാകും ! ' അശ്വത്ഥാമാവില്‍ അതേവരെ പ്രകടമായിരുന്ന ഭാവം പൊടുന്നനെ ബീഭത്സമായി .ക്രൂരമായ പൊട്ടിച്ചിരിയോടെ ആ നിഷാദ ബ്രാന്മണന്‍ ഉരച്ചു 'ഇല്ല ! ഇതു വിട്ടു നല്‍കാന്‍ ഞാന്‍ തെയ്യാറല്ല ! ! ഈ ചൂഡാമണി ശങ്കര ദത്തമാണ്. ഇതു ധരിക്കുന്ന വ്യക്തിക്ക് പൈദാഹങ്ങള്‍ ഉണ്ടാകില്ല . ഒരു അസ്ത്രത്തിനും എന്നെ മുറിവേല്‍പ്പിക്കാനാവില്ല . ശ്വാശ്വതമായ ആയുസ്സും ഈ ചൂഡാമണി പ്രദാനം ചെയ്യുന്നു . ഇല്ല ! ഇതു ഞാന്‍ വിട്ടുനല്‍കില്ല ! ബ്രന്മ്മശീര്‍ഷം പിന്‍വലിക്കാനും ഞാന്‍ അശക്തനാണ് !!'

മഹര്‍ഷീശ്വരന്മാരുടെ തപോബലത്തില്‍ താങ്ങി നിര്‍ത്തിയിരുന്ന ബ്രന്മശീര്‍ഷത്തിന്റെ തീഷ്ണ സ്ഫുലിംഗങ്ങ ളാല്‍ വിശ്വം പ്രകമ്പനം കൊണ്ടു തുടങ്ങി .

' അശ്വത്ഥാമാവേ ! നീ ഉചിതമായത് ഉടന്‍ ചെയ്യുക! ' അവരിരുവരും കൃദ്ധരായി.

' മഹര്‍ഷേ ! ഞാന്‍ അതില്‍ അഭിമന്ത്രണം ചെയ്തിരിക്കുന്ന മന്ത്ര ശക്തിയാല്‍ പാണ്ഡവര്‍ വധിക്കപ്പെടെണ്ടതാണ് . എന്റെ ലക്ഷ്യം പിഴച്ചു, പിന്‍വലിക്കാനുള്ള തപശക്തിയും എനിക്കില്ല . ഞാന്‍...' അശ്വത്ഥാമാവ് സ്വയം വിതുമ്പി .

'പറയൂ ! നീ എന്തു ചെയ്യാന്‍ പോകുന്നു ! ഉചിതമായത് ഉടന്‍ ചെയ്യുക !! '

നേരിയ ഉല്‍ഭയത്തോടെ അശ്വത്ഥാമാവ് അറിയിച്ചു ' ഞാന്‍ ഇത് പാണ്ഡവകുലത്തിനെ പ്രതിനിധാനം ചെയ്യുന്ന ഏതെങ്കിലും ഗര്‍ഭപാത്രത്തെ ലക്ഷ്യമാക്കി തിരിച്ചു വിടാം... മറ്റു മാര്‍ഗ്ഗമൊന്നും എന്റെ മുന്നിലില്ല ! ' അശ്വത്ഥാമാവ് ബ്രന്മശീര്‍ഷം ഉത്തരയുടെ ഗര്‍ഭപാത്രം ലക്ഷ്യമാക്കി തിരിച്ചു വിട്ടു .

ശ്രീകൃഷ്ണന്‍ അത്യധികം കോപിഷ്ടനായി 'അശ്വത്ഥാമാവേ ! നീ എന്തിനുവേണ്ടി ഈ ഘോര കൃത്യം ചെയ്യുന്നു? നിന്നോളം നീചനായ ഒരു വ്യക്തിയെ ഇന്നോളം ഭൂമി കണ്ടിട്ടില്ല! നീ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ആ കുഞ്ഞിനെ ഞാന്‍ എന്റെ യോഗബലത്താല്‍ രക്ഷിക്കും! ഹസ്തിനപുര സിംഹാസനത്തില്‍ ആ കുഞ്ഞ് ഉപവിഷ്ടനാകുന്നത് നീ കാണും . അദ്ദേഹം അറുപതു വര്ഷം രാജ്യം നല്ല രീതിയില്‍ ഭരിക്കും . എന്നാല്‍ നീ , ആരില്‍നിന്നും ഒരു ദയാ ദാക്ഷിണ്യവും കിട്ടാതെ , ഏകനായി , ചണ്ഡാലസമനായി ഈ ലോകം മുഴുവന്‍ ചുറ്റി തിരിയും ! ഇത് കൃഷ്ണ വാക്കാണ് ഫലിക്കുക തന്നെ ചെയ്യും . 'അശ്വത്ഥാമാവ് പരിഭ്രാന്തനായി , അദ്ദേഹം ഉറക്കെ അലമുറയിട്ടു ' കൃഷ്ണാ ! മഹാപ്രഭോ !രക്ഷിക്കണം . എന്റെ മുന്നില്‍ മറ്റു മാര്‍ഗ്ഗമൊന്നും തെളിഞ്ഞില്ല .

അവസാന ദിവസം വരെ പാണ്ഡവരുടെ സത്യ സന്ധതയില്‍ വിശ്വസിച്ചിരുന്ന എന്റെ മനസ്സ് എങ്ങനെ ഈ വിധം കൊടും ക്രൂരമായി ? ഞാനിതാ എന്റെ ചൂഡാരത്‌നം ചൂഴ്ന്നു തരുന്നു. ഇതൊരാളവുവരെ പ്രായ ശ്ച ി ത്തം ആകുമെന്ന് കരുതുന്നു. ചെയ്തുപോയ അധമ പ്രവര്‍ത്തികള്‍ മാപ്പര്‍ഹിക്കാത്ത വിധം അധമമായിപ്പോയി.

എന്തു ചെയ്യാം ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി എന്നെ വിനാശകാരിയാക്കി. ഞാനിതാ ലകഷ്യ ബോധമില്ലാത്ത എന്റെ യാത്ര ഇവിടെ തുടങ്ങുന്നു ഇ നി മോഹങ്ങളില്ല , ആശകളും ദുഖങ്ങളും ഈ അശ്വത്ഥാമാവിനു ണ്ടാവില്ല , മോക്ഷവും മുക്തിയും ഇല്ലാത്ത യാത്ര !

ചൂഡാരത്‌നം ചൂഴുന്നു ഭീമന് നെല്കിയ ശേഷം, ക്രൂരമായ അട്ടഹാസത്തോടെ അശ്വത്ഥാമാവ് പിന്തിരിഞ്ഞുപോലും നോക്കാതെ വനാന്തരങ്ങളിലേക്ക് ഓടി അകന്നു . ആരെയോ ഭയപ്പെടും മട്ടില്‍ ആ മുഖം വിവര്‍ണ്ണമായി കാണപ്പെട്ടു .

ബ്രാഹ്മണ വധം നിഷിദ്ധമായതിനാല്‍ മാത്രമാണ് അശ്വത്ഥാമാവ് കൃഷ്ണ കോപത്തില്‍ നിന്ന് രക്ഷ നേടിയത് . അവരേവരും തിരിച്ചു യുധിഷ്ടിര സവിധത്തിലേക്കു മടങ്ങി . ഭീമന്‍ ചൂഡാരത്‌നം, പ്രതീക്ഷയോടെ കാത്തിരുന്ന തന്റെ ദ്രൗപതിയെ ഏല്‍പ്പിച്ചു.

തന്റെ പുത്രന്മാരെയും , സഹോദരങ്ങളെയും തനിക്കു നഷ്ടപ്പെടുത്തിയ ഘാതകന് ഉചിതമായ ശിക്ഷ വിധിക്കാന്‍ കഴിഞ്ഞതില്‍ ദ്രൌപതി ഒരളവുവരെ ആശ്വാസം കണ്ടെത്തി . ചൂഡാരത്‌നം ഏറെ സ്‌നേഹത്തോടെ ദ്രൌപതി യുധിഷ്ടിരനു നല്‍കി ' നാഥാ ! അങ്ങിത് സ്വീകരിക്കണം . ഇത് ഒരു രാജാവ് അണിയുന്നതാണ് ഉത്തമം ! ' ദ്രൌപതിയുടെ സന്തോഷത്തിനു വേണ്ടി യുധിഷ്ടിരന്‍ അത് സ്വീകരിച്ചു.

മഹാഭാരതത്തിലെ ' മുത്ത് ' പോലെ ഈ അദ്ധ്യായം വിശേഷിപ്പിക്കപ്പെടുന്നു . പാണ്ഡവകുല സംരക്ഷണം ഭഗവാന്‍ സ്വയം ഏറ്റെടുക്കുന്നു... ദൈവത്തിന്റെ കൈകളില്‍ എത്തിപ്പെടുന്ന ഓരോ ജീവനും ധന്യമാണ് !

ഇന്ദിരക്കുട്ടിയമ്മ
ആതിര
എരമല്ലൂര്‍ . പി. ഒ
ചേര്‍ത്തല
ഫോണ്‍ : 0478 2879987, 9446545595
Email:indirakuttyammab@gmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories