ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

നിങ്ങളുടെ വിഷുഫലം 2012


നിങ്ങളുടെ വിഷുഫലം

നിങ്ങളുടെ നക്ഷത്രത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഷഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ )

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം പൊതുവെ വളരെ അനുകൂലമാണ് . ജൂണ്‍ മാസം മുതല്‍ കുറച്ചു കാലമായ് അനുഭവിക്കുന്ന അലച്ചില്‍ , തൊഴില്‍ പ്രശ്നങ്ങള്‍ , ധനപരമായ നഷ്ടങ്ങള്‍ , സ്വജനങ്ങളുമായുള്ള വഴക്കുകള്‍ , മാനസിക പിരിമുറുക്കം തുടങ്ങിയ കാര്യങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാകും. ശത്രു നാശവും കാര്യവിജയവും ജൂണില്‍ പ്രതീക്ഷിക്കാം. തൊഴിലില്‍ പ്രമോഷന്‍ , ശമ്പള വര്‍ദ്ധനവ്‌ എന്നിവയോ കൂടുതല്‍ ലാഭകരമായ പുതിയ ജോലിയോ ലഭിക്കുവാനുള്ള സാധ്യതകള്‍ ഉണ്ട്. എന്നിരുന്നാലും ജൂണ്‍ മാസംവരെ ആരോഗ്യകാര്യങ്ങള്‍ അല്പം ശ്രദ്ധ ആവശ്യമുണ്ട്. ജൂലൈ മാസത്തില്‍ വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ഓഗസ്റ്റ്‌ മാസത്തില്‍ കണ്ടകശനിയുടെ ദോഷങ്ങളായ അലച്ചില്‍ , ധന നഷ്ടം, മാനഹാനി എന്നിവ അനുഭവിക്കുവാന്‍ യോഗമുന്ടെങ്കിലും സര്‍വ്വൈശ്വൈര്യകാരകനായ വ്യാഴത്തിന്റെ ശുഭസ്ഥിതി കാര്യങ്ങള്‍ അത്രയ്ക്ക് കുഴപ്പത്തിലാക്കില്ല. സെപ്റ്റംബര്‍ - ല്‍ ശനിയുടെ വേധത്തില്‍ സൂര്യന്‍ വരുമ്പോള്‍ കണ്ടകശനി ദോഷങ്ങള്‍ക്ക് മുക്തിയുണ്ടാകും. ഒക്ടോബറില്‍ ശത്രുക്കള്‍ വഞ്ചിക്കുവാന്‍ ശ്രമിക്കുമെങ്കിലും ദൈവാനുകൂല്യത്തില്‍ അവയില്‍ നിന്ന് രക്ഷപെടും. ബന്ധുകളുടെ സഹായമുണ്ടാകുമെങ്കിലും നേത്രരോഗം, ഭാര്യാ കലഹം ഇവ ശ്രദ്ധിക്കേണ്ടതാണ്. നവംബര്‍ മാസം നിങ്ങള്‍ക്ക് ധനലാഭം, പങ്കാളിയില്‍ നിന്ന് സ്നേഹം ഇവ അനുഭവിക്കുവാന്‍ യോഗമുണ്ട്. ഭാഗ്യം പലപ്പോഴും അകന്നു നില്‍ക്കുന്നതായി ഈ സമയത്ത് തോന്നാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുകയും വേണം. ഡിസംബര്‍ മാസത്തില്‍ വ്യാഴത്തിനു വേധം സംഭവിക്കുന്നതിനാല്‍ വളരെ ശ്രദ്ധ വേണ്ട സമയമാണ്. അലച്ചില്‍ , ജോലിയില്‍ അധികാരികളുടെ അനിഷ്ടം, ധനനഷ്ടം ഇവ കാണുന്നു. ജനുവരി മാസം പൊതുവേ അനുകൂലമാണെങ്കിലും കേസുകള്‍ , ധനനഷ്ടം,അപവാദം ഇവയ്ക്ക് സാധ്യതകള്‍ കാണുന്നുണ്ട്. സ്വന്തം പ്രവൃത്തികളില്‍ സ്വാതികതയില്ലെങ്കില്‍ ഇവ അനുഭവത്തില്‍ വന്നേക്കാം. ഫെബ്രുവരി മാസം പൊതുവേ അനുകൂലമാണ്. തൊഴിലില്‍ അഭിവൃദ്ധി, അധികാര സ്ഥാനങ്ങളില്‍ നിന്ന് പ്രശംസ, ധനലാഭം എന്നിവയുണ്ടാകും. എങ്കിലും അലച്ചില്‍ അനുഭവപ്പെട്ടേക്കാം. മാര്‍ച്ച്‌ മാസവും വളരെ അനുകൂലമാണ്. ഈ വര്‍ഷം നിങ്ങള്‍ക്ക് കൂടുതല്‍ ഗുണഫലങ്ങള്‍ നല്‍കുന്ന വര്‍ഷമായതുകൊണ്ട് വ്യാപാരം, തൊഴില്‍ , ധന സമ്പാദനം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ സംരംഭങ്ങള്‍ക്ക്‌ സാധ്യത കാണുന്നു.

ഇടവം (കാര്‍ത്തിക മുക്കാല്‍ , രോഹിണി, മകീര്യം അര)

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം തീരെ അനുകൂലമല്ല. ദൈവാധീനക്കുറവു ഇവരെ കഷ്ടപ്പെടുത്തുന്നതോടൊപ്പം ഓഗസ്റ്റ്‌ മാസം വരെ മനക്ലേശവും ആത്മ വിശ്വാസക്കുറവും കര്‍മ്മത്തിന് വിഘ്നങ്ങളും നേരിടും. ജന്മ വ്യാഴം സ്ഥാന ഭ്രംശം, ധന നാശം, സ്വജന കലഹം , മനോവിഷമം തുടങ്ങിയ പ്രതികൂല അവസ്ഥകള്‍ സൃഷ്ടിക്കും. ഓഗസ്റ്റ്‌ മാസത്തില്‍ ശനി ആറില്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് കുറച്ചു അയവുവന്നേക്കാം. രോഗശാന്തി, ശത്രു നാശം, കാര്യവിജയം ഇവ ശനി നല്‍കുമെങ്കിലും ദൈവാധീനക്കുറവു അരിഷ്ടതകള്‍ തന്നേക്കും. മെയ്‌ മാസത്തില്‍ ദുഖങ്ങള്‍ അലട്ടുന്നതോടൊപ്പം സഞ്ചാര ക്ലേശം, ധന നഷ്ടം ഇവയുണ്ടാകും. പങ്കാളിയുടെ ഭാഗത്തുനിന്ന് അനുകൂലമായ പിന്തുണ നിങ്ങള്‍ക്ക് സ്വാന്തനം തരും. ജൂണ്‍ മാസത്തില്‍ ജന്മ വ്യാഴം കഴിഞ്ഞ കാലത്തേക്കാള്‍ അല്‍പ്പം ഭേദമായ നിലയില്‍ ഫലങ്ങള്‍ തരുമെങ്കിലും ബന്ധുക്കളോടും സുഹൃത്തുക്കളോടും കലഹം, ധനപരമായി അബദ്ധങ്ങള്‍ പിണയുക, മനസുഖ കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം.ജൂലൈ മാസം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വഞ്ചനയില്‍ പെടാതെ സൂക്ഷിക്കേണ്ടതാണ്. പുതിയ സംരംഭങ്ങളില്‍ നിന്നും, ജാമ്യം നില്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതിനോടൊപ്പം അകാരണമായ വാഗ്വാദങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഓഗസ്റ്റ്‌ മാസത്തില്‍ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെടും. വ്യാഴത്തിന്റെ വേധ സ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ വരുന്നതോടെ ദോഷഫലങ്ങള്‍ കുറയും. ആറിലെ ശനി ശത്രുനാശം, രോഗശാന്തി തുടങ്ങിയ കാര്യങ്ങളില്‍ അനുകൂലത തരും.കര്‍മ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. വിദേശങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രമോഷന്‍ ലഭിക്കുവാനോ പുതിയ പദവി ലഭിക്കുവാനോ സാധ്യത കാണുന്നു. സെപ്റ്റംബര്‍ മാസവും താരതമ്യേന ഗുണഫലങ്ങള്‍ തരും. ശത്രുക്കളുടെമേല്‍ വിജയം വരിക്കുവാന്‍ സാധിക്കും. ധനലാഭം പ്രതീക്ഷിക്കാം. ഒക്ടോബര്‍ മാസത്തില്‍ ഗുണഫലങ്ങള്‍ തുടരുമെങ്കിലും ഭാര്യാകലഹം, രോഗക്ലേശം , ശത്രു ശല്യം ഇവ അനുഭവപ്പെട്ടേക്കാം. നവംബര്‍ മാസത്തില്‍ കാര്യങ്ങളില്‍ അനുകൂലതയുടെങ്കിലും സൂര്യന്റെ നീചസ്ഥിതി ഗൃഹത്തില്‍ അശാന്തിയും വാഹനങ്ങള്‍ മുഖേന നഷ്ടങ്ങളും പ്രധാനം ചെയ്യും. ശത്രുക്കള്‍ക്കുമേല്‍ വിജയം ഉണ്ടാകുമെങ്കിലും ശത്രു ഭയം അനുഭവപെട്ടെക്കം. ഡിസംബര്‍ മാസത്തില്‍ ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. അഗ്നിമൂലം മുറിവുകള്‍ ഉണ്ടായേക്കാം. അപവാദങ്ങള്‍ കേള്‍ക്കാനും മനക്ലേശത്തിനും സാധ്യത കാണുന്നു. ജനുവരിയില്‍ കാര്യങ്ങള്‍ പ്രതികൂലമാകും. വളരെ ശ്രദ്ധപുലര്‍ത്തേണ്ട സമയമാണിത്. വാഹന യാത്രകള്‍ രാത്രികാലങ്ങളില്‍ ഒഴിവാക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രതികൂലാവസ്ഥ ഉണ്ടാകും. ഫെബ്രുവരി മാസത്തില്‍ കര്‍മ്മ രംഗത്ത് പുരോഗതി പ്രകടമാകുമെങ്കിലും അപഖ്യാതിക്ക് സാധ്യത കാണുന്നു. മാര്‍ച്ച്‌ മാസം താരതമ്യേന നല്ല മാസമാണ്. ജോലിയില്‍ ഉന്നത സ്ഥാനലബ്ധി, ധനലാഭം, കാര്യവിജയം ഇവ ഉണ്ടാകും. ഏപ്രില്‍ മാസത്തില്‍ ആരോഗ്യപരമായും കര്‍മ്മപരമായും വളരെയധികം ശ്രദ്ധിക്കേണ്ട മാസമാണ്.



മിഥുനം ( മകീര്യം അര, തിരുവാതിര, പുണര്‍തം മുക്കാല്‍ )

ഈ രാശിക്കാര്‍ക്ക് ആദ്യ നാലു മാസത്തിന് ശേഷം അത്യന്തം ദുഷ്‌കരമായിരിക്കും. പന്ത്രണ്ടില്‍ സഞ്ചരിക്കുന്ന ഗുരുവും അഞ്ചിലെ ശനിയും ദുരിതങ്ങളും ധനനഷ്ടവും കര്‍മ്മ വിഘ്‌നതയും ഉണ്ടാക്കും.എന്നിരുന്നാലും ഗുരുവിന്റെ വേധസ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ ഉളളത് കൊണ്ട് ദുരിതങ്ങള്‍ക്ക് അല്പം ശമനം പ്രതീക്ഷിക്കാം. മെയ് മാസത്തില്‍ സര്‍വ്വാഭീഷ്ടസിദ്ധി, ധനലാഭം, തൊഴലില്‍ ഉയര്‍ച്ച ഇവയുണ്ടാകുമെങ്കിലും ഭാരിയുമായ് അകന്നു താമസിക്കേണ്ടി വന്നേക്കാം. ജൂണ്‍ മാസത്തില്‍ സഞ്ചാരങ്ങള്‍ക്ക് സാധ്യതയുണ്ട്. മുന്‍പിന്‍ ആലോചിക്കാതെ ധനം നിക്ഷേപിച്ചാല്‍ നഷ്ടമായിരിക്കും ഫലം. ആരോഗ്യവും ശ്രദ്ധിക്കേണ്ട സമയമാണിത്. ജൂലൈ മാസത്തില്‍ ഗുരുവിന്റെ വേധ സ്ഥാനത്ത് നില്‍ക്കുന്ന ബുധന്‍ ദുരിതങ്ങള്‍ക്ക് കുറച്ച് ശമനം തന്നേക്കാം. ആഗസ്റ്റ് മാസത്തില്‍ അഞ്ചിലെത്തുന്ന ശനി മനോവ്യസനം, കര്‍മ്മ വിഘ്‌നത ഇവയും ദൈവാധിനത കുറവും ദുരിതങ്ങള്‍ കൂട്ടും. സെപ്തംബര്‍ മാസത്തില്‍ ബുധന്‍ ഉച്ചത്തില്‍ ആവുന്നുവെങ്കിലും ദൈവാധീനങ്ങളും ശനിയുടെ അഞ്ചിലെ സ്ഥിതിയും ഗുണഫലങ്ങളെ കുറെച്ചേക്കും. കര്‍മ്മ രംഗത്ത് നേരിയ പുരോഗതി ഉണ്ടായേക്കാം. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം തികച്ചും ഉപേക്ഷിക്കേണ്ട്താണ്. ഒക്‌ടോബര്‍ മാസത്തില്‍ സ്ഥിതിഗതികളള്‍ കുറച്ച് കൂടി മോശമായേക്കും. ധനപരമായ കാര്യത്തില്‍ വഞ്ചനയുണ്ടാകുവാനുളള സാധ്യതയുണ്ട്. ആരോഗ്യവും ശ്രദ്ധിക്കേണ്ട സമയമാണ്. നവംബര്‍ മാസത്തില്‍ ശത്രു ശല്യങ്ങള്‍ ഉണ്ടാകുവാനും പങ്കാളിയുമായ് ചേര്‍ച്ച കുറവുണ്ടാകുവാനും സാധ്യതയുണ്ട്. ഡിസംബര്‍ മാസത്തില്‍ കാര്യങ്ങള്‍ ചെറിയ രീതിയില്‍ മെച്ചപ്പെടുമെങ്കിലും ദൈനാധീനക്കുറവും മാനസിക പിരിമുറുക്കവും വിടാതെ പിന്‍തുടരും. ജനുവരിയില്‍ സന്ധിരോഗങ്ങളും പുറം വേദനകളും ശല്യപ്പെടുത്തുവാന്‍ സാധ്യതയുണ്ട്. പ്രണയ കാര്യങ്ങളില്‍ പരാജയങ്ങള്‍ നേരിടാനുളള സാധ്യതയുണ്ട്. സാഹിസിക പ്രവൃത്തികളില്‍ നിന്നു വിട്ട് നില്‍ക്കേണ്ടതാണ്. ഫെബ്രുവരിയില്‍ രാഹു ശനിയോടെ യോഗം ചെയ്യുന്നു. ഇത് കൂടുതല്‍ മനക്ലേശങ്ങള്‍ക്ക് കാരണമാകും. അസുഖങ്ങള്‍ക്കും സാദ്യതകാണുന്നു. മാര്‍ച്ചില്‍ കേസ്, കര്‍മ്മരംഗത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയവ അലട്ടുന്നതാണ്. കര്‍മ്മരംഗത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ഏപ്രില്‍ മാസത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുവാനാണ് സാധ്യത. ലഗ്നാധിപനായ ബുധന്‍ കര്‍മ്മത്തില്‍ നീചനായ് നില്‍ക്കുന്നതിനാല്‍ കര്‍മ്മരംഗത്തും ആത്മപ്രഭാവത്തിനും അഭിവൃദ്ധി കുറയും.

കര്‍ക്കിടകം (പുണര്‍തം കാല്‍ , പൂയ്യം, ആയില്യം)

ഈ രാശികാര്‍ക്ക് കുറച്ച് നല്ല ഒരു സമയമാണ് വരുന്നത്. കഴിഞ്ഞ കുറച്ച് കാലമായ് അനുഭവപ്പെടുന്ന കര്‍മ്മരംഗത്ത് ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയുണ്ടാകും. സ്ഥാനഗുണം, ഇഷ്ട സിദ്ധി, ധനലാഭം ഇവ എല്ലാം ഈ വര്‍ഷം അനുഭവത്തില്‍ വരും. മേയ് മാസത്തില്‍ കര്‍മ്മരംഗത്ത് തടസ്സങ്ങളുണ്ടാകുമെങ്കിലും വാഹനലാഭം, ധനലാഭം ഇവ പ്രതീക്ഷിക്കാം. ജൂണ്‍ മാസത്തില്‍ കാര്യങ്ങള്‍ വളരെ അനുകൂലമാകും. സര്‍വ്വാഭിഷ്ഠഭാവത്തിലേക്ക് വരുന്ന വ്യാഴം ധാരാളം ഗുണഫലങ്ങള്‍ പ്രദാനം ചെയ്യും. മൂന്നിലെ ശനിയും ഭാഗ്യം കൊണ്ടു തരും. നിക്ഷേപങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും അനുകൂലമായ സമയമാണിത്. ജൂലൈയില്‍ കാര്യങ്ങളൊക്കെ അനുകൂലമാണെങ്കിലും വിഭവ നാശം, ആയാസം, വൃഥാസഞ്ചാരം ഇവയ്ക്ക് സാധ്യത കാണുന്നു. സാഹസിക പ്രവൃത്തികളില്‍ നിന്നു വിട്ട് നില്‍ക്കണം. സഹേദരര്‍ക്കോ സഹോദരസ്ഥാനീയര്‍ക്കോ പ്രതികൂലവസ്ഥ. ആഗസ്റ്റില്‍ കണ്ടക ശനി തുടങ്ങുന്നു. വഞ്ചനയ്ക്ക് സാധ്യത കാണുന്നു. ശനിയുടെ വേധ സ്ഥാനത്ത് നില്‍ക്കുന്നത് കൊണ്ട് ദോഷഫലങ്ങള്‍ക്ക് കുറവ് ഉണ്ടാകും. സെപ്റ്റംബര്‍ മാസം ആരോഗ്യപരമായ് അത്ര ഗുണകരമല്ല. ചെറിയതോതില്‍ ജോലി ഭാരം ഏറുവാന്‍ സാധ്യതയുണ്ട്. ഒക്‌ടോബറില്‍ കുടുംബ കലഹത്തിന് സാധ്യത കാണുന്നു. സംസാരങ്ങളില്‍ മിതത്വം കാണിക്കേണ്ടതാണ്. തൊഴില്‍ സംബന്ധമായ വഞ്ചനയ്ക്ക് സാധ്യത കാണുന്നു. നവംബര്‍ മാസത്തില്‍ സ്ത്രീ വിരോധം, അനാരോഗ്യം, ബന്ധു ദ്വേഷം, അലച്ചില്‍ ഇവയ്ക്ക് സാധ്യത കാണുന്നു. വിദേശത്ത് ജോലി ചെയ്യുവര്‍ക്ക് അധികാരികളുടെ അപ്രീതിക്ക് പാത്രീഭൂതരായേക്കും. ഡിസംബറില്‍ ചിലവുകള്‍ കൂടുവാന്‍ സാധ്യതകാണുന്നു. ദൈവാനുകൂല്യം ഉളളത് കൊണ്ട് നിക്ഷേപങ്ങളില്‍ നിന്നു ലാഭമുണ്ടാക്കുവാന്‍ സാധിച്ചേക്കും. എന്നിരുന്നാലും ശത്രു ശല്യത്തിന് സാധ്യതയുണ്ട്. ജനുവരിയില്‍ ഭാര്യ കലഹത്തിനും ശത്രു ശല്യത്തിനും സാധ്യത കാണുന്നു. രാഹു നാലിലേക്ക് മാറുന്നത് അത്രക്ക് അനുകൂലമല്ല. ഫെബ്രുവരി മാസത്തില്‍ കാര്യങ്ങള്‍ക്ക് അനുകൂലതയുണ്ടെങ്കിലും ശത്രു പീഡ, സ്ത്രീ കലഹം, അലച്ചില്‍ ഇവ ഉണ്ടായേക്കാം. മാര്‍ച്ചില്‍ പങ്കാളിയുമായ് സ്വരച്ചേര്‍ച്ചയാകുമെങ്കിലും അപകടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ധനയോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ ഉദ്യോഗ കയറ്റം ഉണ്ടാകുവാനും ധന ലാഭമോ പ്രമോഷനോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ )

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ വര്‍ഷമാണിത്. ജോലി ചെയ്യന്നവര്‍ക്ക് ജോലിയില്‍ സ്ഥലമാറ്റം, ജോലികൂടുതല്‍, അധികാരികളുടെ അപ്രീതി ഇവ അനുഭവിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും മൂന്നിലേക്ക് മാറുന്ന ശനി വാഹനലാഭം, ധനസമൃദ്ധി, അഭീഷ്ട സിദ്ധി ഇവ തീര്‍ച്ചയായും പ്രദാനം ചെയ്യും. മേയ് മാസത്തില്‍ വ്യാഴം പത്തിലേയ്ക്ക് മാറുന്നു. മെയ് 18 വരെ കാര്യങ്ങള്‍ അനുകൂലമായിരിക്കും. ഉദ്യോഗ കയറ്റത്തിനും, ധനലാഭത്തിനും സാധ്യത കാണുന്നു. ജൂണില്‍ കര്‍മ്മ വിഘനം, ധന നഷ്ടം അപമാനം ഇവയ്ക്ക് സാധ്യതകാണുന്നു. ജൂലൈ മാസത്തില്‍ അധികാരികളുടെ ആനുകൂല്യം ലഭിച്ചേക്കും. തടഞ്ഞു വച്ചിരുന്ന അല്ലെങ്കില്‍ കിട്ടാനുളള ധനം തിരികെ ലഭിക്കും. ആഗസ്റ്റ് മാസത്തില്‍ ശനി മൂന്നിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് അനുകൂലമാകും. പക്ഷെ സാഹസിക പ്രവൃത്തികളില്‍ നിന്നു അകന്നു നില്‍ക്കേണ്ടതാണ്. സെപ്റ്റംബറില്‍ ദൈവാനുകൂല്യകുറവ് കണക്കിലെടുത്ത് ധന ഇടപാടുകളില്‍ മിതത്വം പാലിക്കണം . വഞ്ചനയ്ക്ക് സാധ്യതയുണ്ട്. 11 -ആം ഭാവാധിപനും രണ്ടാം ഭാവാധിപനുമായ ബുധന്‍ ഉച്ചത്തില്‍ വരുന്നത് ധന വര്‍ദ്ധനവിന് കാരണമാകും. ഒക്‌ടോബര്‍ മാസത്തില്‍ ഭാര്യാസുഖം, വസ്ത്ര ലാഭം, ഭക്ഷണ സുഖം ഇവയ്ക്ക് സാധ്യത കാണുന്നു. അല്പം ശ്രദ്ധിച്ച് നിക്ഷേപിച്ചാല്‍ ലാഭം ലഭിക്കുന്നതായിരിക്കും. നവംബര്‍ മാസത്തില്‍ ശത്രു ഭയമുണ്ടാകുമെങ്കിലും ശത്രു നാശത്തിന് സാധ്യത കാണുന്നു. കൂടാതെ അധികാരികളുടെ പ്രശംസ ലഭിക്കുവാനും സാധ്യതയുണ്ട്. ഡിസംബര്‍ മാസത്തില്‍ ചിലവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. ശത്രുക്കള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചടിക്കുവാനും സാധ്യത കാണുന്നു. ജനുവരിയില്‍ തൊഴില്‍പരമായ ഉയര്‍ച്ചക്കും ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്നു മോചനവും ഉണ്ടാകും. അധികാരികളുടെ പ്രശംസക്കും അംഗീകാരത്തിനും ഇടവരും. ഫെബ്രുവരിയില്‍ ഭാര്യ കലഹത്തിന് സാധ്യത കാണുന്നു. ആരോഗ്യവും ശ്രദ്ധിക്കേണ്ട സമയമാണിത്. മാര്‍ച്ച് മാസത്തില്‍ സ്ത്രീ ജനങ്ങളുടെ അനുകൂല്യമുണ്ടാകും. എന്നാലും ശുചിയില്ലാത്ത സാഹചര്യങ്ങളില്‍ നിന്നുളള ആഹാരങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഏപ്രീല്‍ മാസത്തില്‍ തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും. കൂടുതല്‍ അധികാരങ്ങളോ പദവികളോ വന്നു ചേരും.

കന്നി (ഉത്രം മുക്കാല്‍ , അത്തം, ചിത്തിര അര)

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം ഗുണ ദോഷ സമ്മിശ്രമായിരിക്കും. ഒമ്പതില്‍ വരുന്ന ഗുരു ദൈവാധീനം നല്‍കുമെങ്കിലും ഏഴര ശനിയുടെ ദോഷങ്ങള്‍ ശല്യം ചെയ്തേക്കും. കുറച്ചു കാലമായി അനുഭവിക്കുന്ന ഭാഗ്യക്കുറവു, ദുഖം, മരണഭയം ഇവയ്ക്ക് അറുതിവരികയും ധനലാഭം,കുടുംബസുഖം,പുണ്യക്ഷേത്രദര്‍ശനം ഇവയുണ്ടാകും. മെയ്‌ മാസത്തില്‍ എട്ടിലെ വ്യാഴത്തിന്റെയും ജന്മ ശനിയുടെയും ധുരിതങ്ങളുണ്ടാകും. സഞ്ചാര ക്ലേശം, ബന്ധുവിരോധം , വിഷാഗ്നി ഭയം ഇവ അനുഭവത്തില്‍ വരും. ജൂണില്‍ 9 - ല്‍ എത്തുന്ന വ്യാഴം ധനലാഭം, കാര്യഗുണം ഇവ പ്രധാനം ചെയ്യും, ധന ഗുണം, കര്‍മ്മസിദ്ധി, കാര്യവിജയം ഇവക്കും സാധ്യത ഉണ്ട്. ജൂലി മാസത്തില്‍ ലഗ്നത്തില്‍ എത്തുന്ന കുചന്‍ , ശനിയോട് അഗ്നി മാരുത യോഗം ചെയ്യുന്നത് അഗ്നിഭയം, മുറിവ് , പൊള്ളല്‍ ഇവയ്ക്ക് സാധ്യതയേറ്റുന്നു. ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണിത്. അധികാരികളുടെ പ്രശംസക്കും സ്ഥാന ലബ്ധിക്കും സാധ്യതയുണ്ട്. ഓഗസ്റ്റ്‌ മാസത്തില്‍ ശനി ഏഴര ശനിയും അവസാനത്തെ ഘട്ടത്തിലേക്ക് കടക്കുന്നു. ഈ സമയം ഗൃഹനിര്‍മ്മാണം, ലോണ്‍ ,കടം ഇവയ്ക്ക് സാധ്യത കാണുന്നു. കുടുംബ കലഹത്തിനും തസ്കര ഭയത്തിനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ മാസത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയിലാണ്. വൃഥാ സഞ്ചാരം , രോഗം, ബന്ധു കലഹം ഇവയ്ക്ക് സാധ്യത കാണുന്നു. ഒക്ടോബര്‍ മാസത്തില്‍ സ്നേഹ ബന്ധങ്ങളില്‍ നിന്ന് വഞ്ചനക്ക് സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് കൂടെയുള്ളവര്‍ പറ്റിക്കുവാന്‍ സാധ്യത ഏറെ ആണ്. നവംബര്‍ മാസത്തില്‍ ഭാര്യാസുഖം, ശയനസുഖം ഇവയുണ്ടാകുമെങ്കിലും ജാമ്യം നല്‍ക്കുക, ലോണ്‍ എടുക്കുക ഇവ ഒഴിവാക്കേണ്ടതാണ്. ഡിസംബര്‍ മാസത്തില്‍ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട സമയമാണ്. ശത്രുക്കളുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടരുത്. ജീവിതത്തില്‍ മിതത്വം പ്രദര്‍ശിപ്പിക്കണം. ധനവര്‍ദ്ധനവിനു സാധ്യത കാണുന്നു. ജനുവരിയില്‍ അസുഖങ്ങള്‍ മൂര്‍ച്ചിക്കുവാന്‍ സാധ്യത കാണുന്നു. ധനനഷ്ടം ഉണ്ടായേക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. ഫെബ്രുവരിയില്‍ ആരോഗ്യം മെച്ചപ്പെടും. കര്‍മ്മരംഗത്ത്‌ ശോഭിക്കുവാന്‍ സാധിക്കും. മാര്‍ച്ച്‌ ല്‍ ഉഷ്ണ രോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. സഞ്ചാരങ്ങള്‍ കഷ്ടപ്പെടുത്തും. ഏപ്രില്‍ മാസത്തില്‍ ധനനഷ്ടം അധികാരികളുടെ അപ്രീതി ഇവയ്ക്ക് സാധ്യത കാണുന്നു.

തുലാം (ചിത്തിര അര, ചോതി, വിശാഖം മുക്കാല്‍ )

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം തീരെ അനുകൂലമല്ല. എട്ടിലെ വ്യാഴവും ഏഴര ശനിയും ദുരിതങ്ങള്‍ ഉണ്ടാക്കും. ശനിയുടേയും വ്യാഴത്തിന്റേയും വേധ സ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ വരുമ്പോള്‍ ദുരിത ശമനങ്ങള്‍ പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനകളും വ്രതങ്ങളും നിങ്ങളെ ദുരിത കാഠിന്യത്തില്‍ നിന്നു കരകയറ്റും. മെയ് മാസത്തില്‍ ഗുരു ഏഴിലാണ്. അതിന്റെ ഗുണഫലങ്ങള്‍ ഉണ്ടാകുമെങ്കിലും ധന നഷ്ടം, അധികാരികളുടെ അനിഷ്ടം,അസുഖങ്ങള്‍ ഇവ ശല്യം ചെയ്‌തേക്കാം. ജൂണില്‍ വ്യാഴം ദുരിത സ്ഥാനത്തേക്ക് മാറുന്നു. ദൈവാധീനം കുറഞ്ഞ സമയമാണ്. വ്യാഴത്തിന്റെയും ശനിയുടേയും വേധ സ്ഥാനത്ത് കുജന്‍ നില്‍ക്കുന്നത് കൊണ്ട് ദുരിതങ്ങള്‍ കുറവായിരിക്കും. എങ്കിലും അപകടങ്ങളുണ്ടാവാതെ സൂക്ഷിക്കണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. ജൂലൈ മാസത്തില്‍ കര്‍മ്മ സിദ്ധി, കാര്യ വിജയം, ധനഗുണം ഇവയുണ്ടാകും. ജോലിയില്‍ അഭിവൃദ്ധിയുണ്ടാകും. ആഗസ്റ്റ് മാസത്തില്‍ ജന്മത്തിലെത്തുന്ന ശനി സഞ്ചാര ക്ലേശം, ബന്ധുനാശം, പ്രിയപ്പെട്ടവര്‍ക്ക് അസുഖങ്ങള്‍ തുടങ്ങിയവ തരുമെങ്കിലും കര്‍മ്മപരമായ് നല്ല സമയമായിരിക്കും. ഉന്നതസ്ഥാനീയരായ വ്യക്തികളില്‍ നിന്നു അംഗീകാരം ലഭിക്കുവാന്‍ അവസരമുണ്ടാകും. സെപ്റ്റംബര്‍ മാസത്തില്‍ നടുവിന് വേദന, ധനനഷ്ടം സ്ഥാനമാറ്റം ഇവയ്ക്ക് സാധ്യത കാണുന്നു. പ്രേമകാര്യത്തില്‍ വഞ്ചന അനുഭവിച്ചേക്കാം. ഒക്‌ടോബര്‍ മാസത്തില്‍ ജാമ്യം നില്‍ക്കുക, അധിക പലിശയുളള ലോണ്‍ എടുക്കുക എന്നിവ ചെയ്യരുത്. ധനപരമായകാര്യങ്ങളില്‍ നിന്നു അകന്നു നില്‍ക്കുന്നതായിരിക്കും നല്ലത്. നവംബറില്‍ നേത്ര രോഗങ്ങള്‍ക്ക് സാധ്യത കാണുന്നു. ധനപരമായ കാര്യത്തില്‍ വഞ്ചന സംഭവിക്കുവാനും സാധ്യതയുണ്ട്. ഡിസംബര്‍ മാസത്തില്‍ ആരോഗ്യ നില മെച്ചപ്പെടുകയും ശത്രു നാശം ഉണ്ടാവുകയും ചെയ്യും എന്നിരുന്നാലും സുഹൃത്തുക്കളില്‍ നിന്നോ ഭൃത്യന്‍മാരില്‍ നിന്നോ അനിഷ്ടകരമായ പെരുമാറ്റം ഉണ്ടായേക്കാം. ജനുവരിയില്‍ ബന്ധു ജനങ്ങളില്‍ നിന്നു പ്രത്യേകിച്ച് അമ്മയുടെ വീട്ടുകാരില്‍ നിന്ന് അഹിതങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകാം. സ്ത്രീകളില്‍ നിന്നു അപമാനകരങ്ങളായ പ്രതികരണങ്ങള്‍ ഉണ്ടായേക്കാം. ഫെബ്രുവരിയില്‍ അധികവ്യയത്തിന് സാധ്യത, രോഗക്ലേശം ഇവയുണ്ടായേക്കാം. ശത്രുക്കള്‍ കുടിലതകള്‍ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ട്. മാര്‍ച്ചില്‍ കാര്യ വിജയം, സ്ഥാനഗുണം ഇവയുണ്ടാകും. പുതിയ പദവികള്‍ ലഭിക്കും. ഏപ്രീല്‍ മാസത്തില്‍ കാര്യങ്ങള്‍ അനുകൂല്യമായിരിക്കില്ല. വൃഥാ സഞ്ചാരം, ഉദര സംബന്ധമായ അസുഖങ്ങള്‍ ഇവ ശല്യം ചെയ്‌തേക്കാം.



വൃശ്ചികം (വിശാഖം മുക്കാല്‍ , കാല്‍ , അനിഴം, തൃക്കേട്ട)

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം ഗുണദോഷ സമ്മിശ്രമാണെങ്കിലും ഗുണഫലങ്ങള്‍ ഏറിനില്‍ക്കും. ഏഴില്‍ എത്തുന്ന ഗുരു ധനലാഭവും , ഗൃഹസുഖം, സ്ഥാനലാഭം ഇവ നല്‍കും. ദൈവാനുകൂല്യം കൂടിയിരിക്കും. ഏഴര ശനി തുടങ്ങും എന്നതാണ് ഈ വര്‍ഷത്തെ പ്രതികൂലത. മെയ്‌ മാസത്തില്‍ അസുഖങ്ങള്‍ , കാര്യപരാജയം, ശത്രുപീഡ, എന്നിവ അനുഭവപ്പെടും. ജൂണ്‍ മാസത്തില്‍ ഏഴിലെത്തുന്ന ഗുരു ശുഭഫലങ്ങള്‍ തരും.എന്നിരുന്നാലും തൊഴിലില്‍ വഞ്ചനക്കും ദ്രവ്യ നാശത്തിനും സാധ്യത കാണുന്നു. ജൂലൈ യില്‍ കാര്യങ്ങള്‍ അനുകൂലമായി വരുമെങ്കിലും ചെറിയ അലച്ചിലിനും കഷ്ടപ്പാടിനും സാധ്യതയുണ്ട് . ഓഗസ്റ്റ്‌ മാസത്തില്‍ ശനി 12 - ല്‍ എത്തുന്നതോടെ ഏഴര ശനി തുടങ്ങുന്നു. എങ്കിലും ഈ മാസം തികച്ചും അനുകൂലമായിരിക്കും. കര്‍മ്മസിദ്ധി, ധനഗുണം, കാര്യവിജയം ഇവയുണ്ടാകും. പ്രമോഷന്‍ ലഭിക്കാന്‍ സാധ്യത ഉണ്ട് . സെപ്റ്റംബര്‍ മാസത്തില്‍ ഗുണനുഭവങ്ങള്‍ കൂടുതലായി അനുഭവിക്കുവാന്‍ സാധിക്കും. അധികാരികളുടെ പ്രത്യേകത പ്രശംസ, സ്ഥാന ലബ്ധി, കൂടാതെ അസുഖ ശമനം ഇവ അനുഭവിക്കും. സ്ത്രീകളുമായി കലഹത്തിനു സാധ്യത കാണുന്നു. ഒക്ടോബറില്‍ കര്‍മ്മപരമായി വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. അധികാരികളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഷ്ടപ്പെടേണ്ടി വന്നേക്കാം. നേത്രരോഗങ്ങള്‍ക്കും സാധ്യത കാണുന്നു. അഗ്നി, വൈദ്യുതി ഇവ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. നവംബര്‍ മാസത്തില്‍ ധനപരമായ വഞ്ചന ഉണ്ടാകാതെ സൂക്ഷിക്കണം. ഭ്രുത്യന്മാരില്‍ നിന്നോ സഹായികളില്‍ നിന്നോ അവിഹിതങ്ങള്‍ ആയ പരുഷവാക്കുകള്‍ കേള്‍ക്കേണ്ടി വന്നേക്കാം. ഡിസംബര്‍ മാസത്തില്‍ കാര്യങ്ങളില്‍ പുരോഗതി ഇല്ലെങ്കിലും ഭാര്യാസുഖം, ശയന സുഖം, ഭക്ഷണ സുഖം ഇവ അനുഭവിക്കുവാന്‍ സാധിക്കും. ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. ജനുവരി മാസത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും ശത്രുക്കളെ ഒതുക്കുവാന്‍ സാധിക്കുകയും പുതിയ പദവികള്‍ വന്നു ചേരുകയും ചെയ്യും. ഫെബ്രുവരി മാസത്തില്‍ ബന്ധു വിരോധത്തിന് പ്രത്യേകിച്ച് അച്ഛന്റെ ബന്ധുക്കളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്.ഉദരരോഗികള്‍ ആഹാരത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. മാര്‍ച്ച്‌ മാസത്തില്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. നിങ്ങളുടെ പ്രതാപം കാണിക്കുവാന്‍ ശ്രമിച്ചു ശത്രുത വിളിച്ചുവരുത്തിയേക്കാം. ഏപ്രില്‍ മാസം തികച്ചും അനുകൂലമാണ്. കാര്യവിജയം, സ്ഥാന കയറ്റം, ആരോഗ്യം ഇവ ഉണ്ടാകുകയും ചെയ്യും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ )

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ്‌ വരുന്നത്. ആറില്‍ എത്തുന്ന വ്യാഴം ദൈവാധീനം കുറയ്ക്കുകയും ധനനഷ്ടം, മനക്ലേശം, സുഖഹാനി ഇവ പ്രധാനം ചെയ്യുമെങ്കിലും പതിനൊന്നില്‍ എത്തുന്ന ശനി ഏറെ ഗുണഫലങ്ങള്‍ തരും. കണ്ടകശനിയുടെ കഷ്ടപ്പാടില്‍ നിന്ന് മോചനം തരുകയും ധന ധാന്യ ലാഭം, പ്രതാപ ശക്തി, ലൌകീക ജീവിതം ഇവ അനുഭവിക്കാന്‍ സഹായിക്കും. മെയ്‌ മാസത്തില്‍ കാര്യവിജയം, സ്ഥാന ഗുണം, ആരോഗ്യം ഇവ അനുഭവിക്കും. ശത്രുക്കളുടെ ശല്യത്തിന് സാധ്യതയുണ്ട്. ജൂണ്‍ മാസത്തില്‍ ഗുരു ആറില്‍ എത്തുന്നു. ദൈവാധീനകുറവും കണ്ടക ശനിയും ഉള്ള ഈ മാസം തീരെ അനുകൂലമല്ല. വൃഥാ സഞ്ചാരം, ഉദര വൈഷമ്യങ്ങള്‍ , കഷ്ടത ഇവ അനുഭവിക്കുവാന്‍ സാധ്യത ഉണ്ട്. ജൂലി മാസത്തില്‍ ധന നഷ്ടം, അസുഖങ്ങള്‍ ഇവ ശല്യം ചെയ്യും. പോലീസ് ചെറിയ കേസുകളില്‍ പിഴയിടുവാനും സാധ്യത കാണുന്നു. ഓഗസ്റ്റ്‌ മാസത്തില്‍ ശനി പതിനൊന്നില്‍ വരുന്നു. ഈ സമയം അനുകൂലമെങ്കിലും കഷ്ടപ്പാടുകളില്‍ നിന്ന് മുഴുവനായും മോചനം ലഭിക്കുകയില്ല. സെപ്റ്റംബര്‍ മാസത്തില്‍ കാര്യങ്ങള്‍ വളരെ അനുകൂലമാണ്. ജോലിയില്‍ അംഗീകാരം, ധനലാഭം, കാര്യവിജയം കൂടാതെ ഭാര്യാസുഖം ഇവ അനുഭവിക്കും. ഒക്ടോബര്‍ മാസത്തില്‍ ധന ലാഭം, തൊഴില്‍ അംഗീകാരം, അധികാരികളുടെ അംഗീകാരം ഇവക്ക് സാധ്യത. ധനപരമായ പുതിയ കാര്യങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. നവംബര്‍ യില്‍ കാര്യങ്ങള്‍ തീരെ അനുകൂലമല്ല. തൊഴിലില്‍ സ്ഥാനമാറ്റത്തിനു സാധ്യത കാണുന്നു. ദ്രവ്യ നഷ്ടത്തിനും കാര്യ തടസ്സവും ഉണ്ടാകും. ഡിസംബര്‍ - ല്‍ വൃഥാ സഞ്ചാരം, രോഗപീഡ, ഇവ അനുഭവിക്കും. ആഭരണങ്ങള്‍ ലഭിക്കുവാനുള്ള സാധ്യത ഉണ്ട്. ജനുവരിയില്‍ ധനപരമായ കാര്യത്തില്‍ വഞ്ചന ഉണ്ടായേക്കാം. ശത്രുക്കളുടെ ഉപദ്രവം ഉണ്ടായേക്കാം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പ്രകടിപ്പിക്കേണ്ടാതാണ്. ഫെബ്രുവരി - യില്‍ കാര്യങ്ങള്‍ നേര്‍വഴിയില്‍ വരുകയും ശത്രു നാശം, സ്വന്തം പദവി ഉപയോഗിക്കുവാന്‍ ഇടവരികയും ചെയ്യും. പങ്കാളിയുമായി സ്നേഹത്തോടെ ഉല്ലാസയാത്രക്കും സാധ്യത കാണുന്നു. മാര്‍ച്ച്‌ മാസത്തില്‍ അനാരോഗ്യം അലട്ടുകയും പിതൃ ബന്ധുക്കളുടെ വിരോധത്തിന് പാത്രീകരിക്കുകയും ചെയ്യും. ഏപ്രില്‍ മാസത്തില്‍ ചിലവ് കൂടുവാന്‍ സാധ്യത കാണുന്നു. ഉഷ്ണ രോഗങ്ങള്‍ ശല്യം ചെയ്തേക്കാം.

മകരം (ഉത്രാടം മുക്കാല്‍ , തിരുവോണം, അവിട്ടം അര)

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം വളരെ അനുകൂലമാണ്. നാളിലെ ഗുരു അഞ്ചില്‍ എത്തുമ്പോള്‍ ഗുണ ഫലങ്ങള്‍ക്ക് വര്‍ദ്ധനയുണ്ടാകും. ഒന്‍പതിലെ ശനി കണ്ടക ശനിയുടെ രൂപത്തില്‍ പത്തില്‍ വരുന്നത്. ഗുണഫലങ്ങളെ കുറച്ചേക്കാം. ആഗസ്റ്റ്‌ മാസം വരെ വളരെ നല്ല സമയമാണ്. നിക്ഷ്പങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും ഈ സമയം അനുകൂലമാണ്. മേയ് മാസത്തില്‍ ചെലവു കൂടുവാന്‍ സാദ്യതയുണ്ട്. ലഭിക്കുന്ന ധനം സൂക്ഷിച്ചു ചെലവാക്കെണ്ടതാണ്. ശത്രുക്കള്‍ അപവാദ പ്രചരണം നടത്തുവാന്‍ സാധ്യതയുണ്ട്. ജൂണ്‍ മാസത്തില്‍ അഞ്ചിലെ വ്യാഴം കൂടുതല്‍ ഗുണഫലങ്ങള്‍ തന്നു തുടങ്ങും. മെച്ചപ്പെട്ട ആരോഗ്യം, ജോലിയില്‍ ഉയര്‍ച്ച, കാര്യ വിജയം ഇവയുണ്ടാകും. കുടുംഭ ബന്ധത്തിന്റെ ഐക്യത്തിന് സംസാരത്തില്‍ മിതത്വം പ്രകടിപ്പിക്കുക. ജൂലയ്‌ മാസത്തില്‍ ഉദര രോഗങ്ങള്‍ വൃഥാ സഞ്ചാരം സ്ത്രീ ജനങ്ങളുമായ് അഭിപ്രായ ഭിന്നത ഇവക്കു സാധ്യതയുണ്ട്. ആഗസ്റ്റ്‌ മാസത്തില്‍ കണ്ടക ശനി തുടങ്ങുന്നു. ധന നഷ്ടം, ചീത്ത പേര്, പുതിയ നിര്‍ക്കാനം തുടങ്ങിയവയാണ് ഇതിന്റെ ഫലം. ഈ മാസം രോഗപീഡ ദ്രവ്യ നഷ്ടം, അധികാരികളുടെ അനിഷ്ടം ഇവയുണ്ടാകും. സെപ്റ്റംബര്‍ മാസത്തില്‍ അനിഷ്ടങ്ങളായ പല അനുഭവങ്ങളും ഉണ്ടാകും. അപകടത്തിനു സാധ്യതയുണ്ട്. മാനഹാനി, അസുഖങ്ങള്‍ ഇവയുണ്ടായെക്കാം. ഒക്ടോബര്‍ മാസത്തില്‍ ധന ലാഭാമുണ്ടാകാന്‍ സാധ്യതയുണ്ട്. കിട്ടാതിരുന്ന പണം കിട്ടുവാനും സാധ്യതയുണ്ട് . ജോലിയില്‍ സ്ഥാന കയറ്റം ലഭിക്കുവാന്‍ സാധ്യതയുണ്ട് . പങ്കാളിയുടെ സ്നേഹാദരങ്ങള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ ഒരന്തരീക്ഷം സംജാതമാകും. നവംബര്‍ മാസത്തില്‍ അധികാരികളുടെ പ്രശംസ ലഭിക്കും. നേത്ര രോഗങ്ങള്‍ വരാതെ സൂക്ഷിക്കന്നം. ധന ലാഭം, കുടുംബ സുഖം തുടങ്ങിയ ശുഭ ഫലങ്ങളും ഉണ്ടാകും. ഡിസംബറില്‍ കാര്യങ്ങള്‍ തീരെ അനുകൂലമല്ല. സ്ഥലമാറ്റം ഉണ്ടാകും. ധന നഷ്ടം, ദ്രവ്യ നഷ്ടം മുതലായവക്ക് സാധ്യതയുണ്ട്. ജനുവരിയില്‍ രാഹു പത്തിലേക്ക് എത്തുന്നത് അത്രയ്ക്ക് ശുഭകരമല്ല. കര്‍മ്മ രംഗത്ത് മ്ലാനതക്ക് സാധ്യത കാണുന്നു. അനാവശ്യ സഞ്ചാരങ്ങള്‍ , അസുഖങ്ങള്‍ എന്നിവക്കും സാധ്യതയുണ്ട്. ഫെബ്രുവരിയില്‍ ധനപരമായ കാര്യങ്ങളില്‍ വഞ്ചന ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അധികാരികളുടെ അപ്രീതിക്ക് പാത്രീഭവിക്കും. മാര്‍ച്ചില്‍ ശത്രു നാശം, തൊഴിലില്‍ പുതിയ പദവികള്‍ ലഭിക്കല്‍ മുതലായവയുണ്ടാകും. അസുഖങ്ങള്‍ക്ക് ശാന്തിയുണ്ടാകും. ഏപ്രില്‍ മാസത്തില്‍ ഉഷ്ണ രോഗങ്ങള്‍ ശല്യം ചെയ്തേക്കാം. ബന്ധു ജനങ്ങളില്‍ നിന്ന് അപ്രതീക്ഷിതങ്ങളായ എതിര്‍പ്പുകള്‍ ഉണ്ടായേക്കാം. ദുഷ്ടന്‍മാരുമായി കൂട്ട് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്.



കുംഭം (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാല്‍ )

ഈ രാശിക്കാര്‍ക്ക് വളരെക്കാലമായ് അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ട പ്പടുകളില്‍ നിന്ന് മോചനം ആകും. മൂന്നിലെ വ്യാഴം നാലിലേക്ക് വരുമ്പോള്‍ ദൈവാധീനം കൂടിയിരിക്കും. രോഗദായകനായ അഷ്ടമ ശനി ഒന്‍പതില്‍ എത്തുമ്പോള്‍ ഗുണ ഫലങ്ങള്‍ ഏറിയിരിക്കും. പൊതുവേ ശോഭനമായ ഒരു വര്‍ഷമാണിത്. മേയ് മാസത്തില്‍ അസുഖങ്ങള്‍ ശല്യപ്പെടുത്തി കൊണ്ടിരിക്കും. ബന്ധുകളില്‍ ചിലര്‍ ശത്രുക്കളായ് തീര്‍ന്നേക്കാം. ധന വരവ് ഉണ്ടാകുമെങ്കിലും ചെലവു ശ്രദ്ധിക്കേണ്ടതാണ് . ജൂണ്‍ മാസത്തില്‍ വ്യാഴം നാലില്‍ വരുന്നു. കാര്യ ജയം , പുതിയ ജോലി ലഭിക്കുക, ആരോഗ്യം വളരെ മെച്ചപ്പെടുക എന്നിവയുണ്ടാകും. ജൂലൈ മാസത്തില്‍ വൃഥാ സഞ്ചാരം, അലച്ചില്‍ ഇവയുണ്ടാകുമെങ്കിലും കര്‍മ്മ രംഗത്ത് ശ്രദ്ധിക്കപ്പെടും. ആഗസ്റ്റ്‌ മാസത്തില്‍ ശനി ഒന്‍പതില്‍ വരുന്നു. രോഗങ്ങള്‍ക്ക് ശമനവും ഉന്മേഷവും ഉണ്ടാകും. സഞ്ചാരങ്ങള്‍ കുറക്കെണ്ടതാണ്. സെപ്റ്റംബര്‍ മാസത്തില്‍ ദ്രവ്യ നഷ്ടത്തിനു സാധ്യത കാണുന്നു. ജോലിയില്‍ അധികാരികളുടെ അപ്രീതിക്ക് കാരണമായേക്കും. ഒക്ടോബര്‍ മാസത്തില്‍ അപകടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. ശത്രുക്കള്‍ നിമിത്തം അപവാദങ്ങള്‍ ഉണ്ടായേക്കാം. വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക. നവംബര്‍ മാസത്തില്‍ പുതിയ ജോലി കിട്ടുവാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ജോലിയില്‍ സ്ഥാന കയറ്റം ലഭിച്ചേക്കാം. ധന ഗുണവും ഇഷ്ട ലാഭവും ഉണ്ടാകും. ഡിസംബര്‍ മാസത്തില്‍ അധികാരികളുടെ പ്രശംസയും അംഗീകാരവും ലഭിക്കും. ധന ലാഭവും, കാര്യ സിദ്ധിയും ഉണ്ടാകും. ജനുവരി മാസത്തില്‍ പൊള്ളല്‍, മുറിവ മുതലായവ യുണ്ടാകാതെ സൂക്ഷിക്കേണ്ട സമയമാണിത്. ഗൃഹത്തില്‍ സന്തോഷമുണ്ടാവുമെങ്കിലും ദ്രവ്യ നഷ്ടം ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്. ഫെബ്രുവരി മാസത്തില്‍ ചെറിയ അസുഖങ്ങള്‍ ശല്യം ചെയ്തേക്കാം. ജോലിയില്‍ കഠിനത തോന്നിയേക്കാം. വൃഥാ സഞ്ചാരം ഒഴിവാക്കേണ്ടതാണ് . മാര്‍ച്ച് മാസത്തില്‍ സുഹൃത്തുകളില്‍ നിന്നോ പൊതു ജനങ്ങളില്‍ നിന്നോ വഞ്ചനയുണ്ടാകും. നേത്രരോഗങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് . ദ്രവ്യ നാശം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഏപ്രില്‍ മാസത്തില്‍ ആരോഗ്യം മെച്ചപ്പെടും പുതിയ പദവികളോ അധികാരങ്ങളോ ലഭിക്കും. ധന ലാഭം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി കാല്‍ , ഉത്രട്ടാതി, രേവതി)

ഈ രാശിക്കാര്‍ക്ക് ഈ വര്‍ഷം തീരെ അനുകൂലമല്ല. മൂന്നില്‍ വരുന്ന വ്യാഴവും അഷ്ടമത്തില്‍ എത്തുന്ന ശനിയും രോഗക്ലേശങ്ങള്‍ വര്‍ദ്ധിപ്പിക്കും. കഠിനമായ ദുഖങ്ങള്‍ അനുഭവിക്കേണ്ട അവസരങ്ങള്‍ വന്നേക്കാം. വ്യാഴത്തിന്റെയും ശനിയുടെയും വേധ സ്ഥാനങ്ങളില്‍ ഗ്രഹങ്ങള്‍ വരുമ്പോള്‍ ദോഷത്തിനു കുറവ് ഉണ്ടാകും. മേയ് മാസത്തില്‍ ആരോഗ്യം മെച്ചപ്പെടും. പ്രമോഷന്‍, സ്ഥാന കയറ്റം ഇവയുണ്ടാകും. എല്ലാ കാര്യത്തിലും ഒരു മനോദ്ധൈര്യം അനുഭവപ്പെടും. ജൂണില്‍ വ്യാഴം മൂന്നിലേക്ക് എത്തുന്നു. "മൂന്നിലെ ഗുരു മുറവിളി കൂട്ടും " എന്നാണ് പറയുക. അനാരോഗ്യം ഉണ്ടായേക്കാം. ബന്ധുക്കള്‍ അനാവശ്യമായ് നിങ്ങളെ കുറ്റപ്പെടുത്തുവാന്‍ സാധ്യതയുണ്ട്. ജൂലൈ മാസത്തില്‍ അമിതമായ ചെലവ് ഉണ്ടാകും. രോഗ ക്ലേശങ്ങള്‍ക്കും സാധ്യതയുണ്ട് . മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയവ ഈ കാലയളവില്‍ ആശ്വാസം ആയിരിക്കും. ആഗസ്റ്റ്‌ മാസത്തില്‍ ശനി എട്ടിലേക്ക് എത്തുന്നു. രോഗ ഭീതിയുണ്ടാകുവാന്‍ സാധ്യതയുണ്ട്. കാര്യ വിജയം ഉണ്ടാകും. പുതിയ സ്ഥാനങ്ങളോ അധികാരങ്ങളോ ലഭിച്ചേക്കാം. സെപ്റ്റംബര്‍ മാസത്തില്‍ വൃഥാ സഞ്ചാരം ഉണ്ടാകും. ഉദര രോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ശതുക്കളില്‍ നിന്ന് മാനഹാനി പ്രതീക്ഷിക്കാം. ഒക്ടോബര്‍ അധികാരികളുടെ അപ്രീതിക്ക് പാത്രമായെക്കാം. ശ്വാസ കോശ സംബന്ധ മായ അസുഖങ്ങള്‍ ശല്യം ചെയ്തേക്കാം. നവംബര്‍ മാസത്തില്‍ കാര്യങ്ങള്‍ തീരെ അനുകൂലമല്ല. അപ്രിയ സംഭവങ്ങള്‍ ഉണ്ടായേക്കാം. അപകടങ്ങള്‍ സംഭവിക്കുവാന്‍ സാധ്യതയുണ്ട്. ധനനഷ്ടത്തിനും ശത്രുകളുടെ അപവാദ പ്രചാരണങ്ങള്‍ക്കും സാധ്യതയുണ്ട് . ഡിസംബര്‍ മാസത്തില്‍ കാര്യങ്ങള്‍ അനുകൂലമാകും. ധന ഗുണം. കാര്യ വിജയം. കാര്യ സിദ്ധി ഇവയുണ്ടാകും. തൊഴിലില്‍ അധികാരികളുടെ അംഗീകാരം ലഭിക്കും. പ്രമോഷനും സാധ്യതയുണ്ട് . ജനുവരി മാസത്തില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ പുതിയ പദവികള്‍ ഏറ്റെടുക്കുകയോ ചെയ്യും. ആരോഗ്യ കാര്യത്തില്‍ വളരെ പുരോഗതി ദൃശ്യമാകും. ഫെബ്രുവരിയില്‍ ശരീരത്തിനു ചതവ്, മുറിവ് എന്നിവയു ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. ദൈവാനുകൂല്യം ഇല്ലെന്ന സത്യം മനസ്സിലാക്കി ജീവിക്കുന്നതാണ് ഉത്തമം. മാര്‍ച്ചു മാസത്തില്‍ രോഗങ്ങള്‍ ശല്യം ചെയ്യും. വൃഥാ സഞ്ചാരങ്ങള്‍ ഒഴിവാക്കുക. ശരീരത്തിനു ക്ഷീണം അനുഭവപ്പെട്ടെക്കും. ഏപ്രില്‍ മാസത്തില്‍ വഞ്ചനയുണ്ടാകാന്‍ സാധ്യതയുണ്ട്. ദൈവാധീനം ഇല്ലാത്തത് കൊണ്ടു ആവശ്യമില്ലാത്ത ധന ഇടപാടുകളില്‍ ഏര്‍പ്പെടരുത്.

Consult P.G.Nambiar >>

പി. ജി. നമ്പ്യാര്‍

Astro-Vision Futuretech Pvt.Ltd.
Office No. 44/1136 C-15,
1st Floor, Chammany Tower,
Kaloor, Cochin - 682 017
Kerala, India.
Phone: +91 484 2409298
Mob : 9447815288
Email : pgnambiar@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories