ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

അന്തസ്സിനും അംഗീകാരത്തിനും പ്രശസ്തിയ്ക്കും വജ്രം


അന്തസ്സിനും അംഗീകാരത്തിനും പ്രശസ്തിയ്ക്കും വജ്രം

നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ വജ്രം (Diamond) ശുക്രന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. ശുദ്ധമായ വെള്ള നിറത്തിലുള്ളവയാണ് ഏറ്റവും ശ്രേഷ്ട്രകരം. ചില ഖനികളില്‍ നിന്ന് മറ്റു നിറങ്ങളിലും (മഞ്ഞ, നീല, പിങ്ക് തുടങ്ങിയവ) ലഭിക്കുന്നുണ്ട്. നവരത്‌ന മോതിരത്തില്‍ വജ്രം കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ ഹീര, അഭേദ്യാ, ശ്രിദൂര്‍ , ഭാര്‍ഗ്ഗവപ്രിയാ തുടങ്ങിയ പേരുകളുണ്ട്. ഡയമണ്ട് എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ അഡാമസ് എന്ന വാക്കില്‍ നിന്നും എടുത്തതാണ്. അഡാമസ് എന്ന വാക്കിന്റെ അര്‍ത്ഥമാക്കുന്നത് അനശ്വരമായത് ,കീഴടക്കാന്‍ കഴിയാത്തത് എന്നൊക്കെയാണ്. ഈ വാക്കില്‍ നിന്നും തന്നെ രത്‌നരാജാവായ വജ്രത്തിന്റെ പ്രത്യേകത മനസ്സിലാക്കാന്‍ കഴിയും. പുരാതന കാലം മുതല്‍ രാജാക്കന്‍മാര്‍ ധരിച്ചിരുന്നതും വളരെ വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നതും വജ്രാഭരണങ്ങളായിരുന്നു. അതിനാല്‍ വജ്രം കീര്‍ത്തിയുടെയും, ധനത്തിന്റെയും പ്രതീകമായി കരുതപ്പെടുന്നു. അതിന്റെ ഒരു കാരണം വജ്രത്തിന്റെ തിളക്കത്തോടൊപ്പം അതിന്റെ മൂല്യവും വളരെ വലുതായതിനാലാകാം. പുരാണങ്ങളിലെ ഇന്ദ്രന്റെ വജ്രായുധം പ്രസിദ്ധമാണ്. വജ്രായുധം ഉണ്ടാക്കിയിരിക്കുന്നത് ദധീചി എന്ന മഹര്‍ഷിയുടെ ശരീരത്തിലെ എല്ലില്‍ നിന്നുമാണ്. ഈ ആയുധം കൊണ്ട് ദേവേന്ദ്രന്‍ പല അസുരന്‍മാരെയും കൊന്നൊടുക്കിയിട്ടുണ്ട്. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സ്യമന്തകമണിയാണ് ആദ്യത്തെ വജ്രം എന്ന് കരുതപ്പെടുന്നു.

വജ്രത്തിന്റെ ശാസ്ത്രീയവശം
രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. വജ്രത്തിന്റെ കാഠിന്യം 10 ആകുന്നു. കാര്‍ബണ്‍ എന്ന ധാതുവിന്റെ ക്രിസ്റ്റലൈന്‍ രൂപമാണ് വജ്രം. നൂറ്റാണ്ടുകളായി ഭൂമികുലുക്കം കൊണ്ടോ പ്രകൃതിയിലെ മറ്റു വ്യതിയാനങ്ങള്‍ കൊണ്ടോ ഭൂമിക്കടിയില്‍ അകപ്പെട്ട തടി, കരി എന്നിവ മര്‍ദ്ദം കൊണ്ടും താപം കൊണ്ടും രത്‌നമായി മാറുകയാണ് ചെയ്യുക. എത്രത്തോളം പഴയതാണോ അഥവാ എത്ര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അകപ്പെട്ട കരിയോ തടിയോ ആണെങ്കില്‍ അത്രത്തോളം ആ രത്‌നത്തിന്റെ തിളക്കവും വര്‍ദ്ധിച്ചിരിക്കും. ഇന്‍ഡ്യയിലാണ് ആദ്യം രത്‌നം ഖനനം ചെയ്തതെന്ന് പറയപ്പെടുന്നു. പ്രസിദ്ധമായ കോഹിനൂര്‍ രത്‌നം ഭാരതത്തില്‍ നിന്നും ഖനനം ചെയ്‌തെടുത്തതാണ്. ഇന്നും ഇന്‍ഡ്യയില്‍ വജ്രഖനികളുണ്ട്. എങ്കിലും കൂടുതലും വരുന്നത് സൗത്ത് ആഫ്രിക്കയിലെ ഖനികളില്‍ നിന്നുമാണ്. കൂടാതെ ബ്രസീല്‍ , ആസ്‌ത്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും വജ്രഖനികളുണ്ട്. അഷ്ടകോണ്‍ (hexagonal) ആകൃതിയിലാണ് കൂടുതലും വജ്രങ്ങള്‍ ലഭിക്കുന്നത്. പുരാതന കാലം മുതലേ വിദഗ്ദമായി വജ്രം മുറിക്കുന്നതില്‍ മിടുക്കരാണ് ഭാരതീയര്‍ . ലോകത്തിലെ പല പ്രധാന ഖനികളില്‍ നിന്നും ലഭിക്കുന്ന വജ്രങ്ങള്‍ ഇന്നും ഭംഗിയായി രൂപപ്പെടുത്തി അത് ആഭരണങ്ങളാക്കി മാറ്റുന്നതിന് മറ്റു രാഷ്ട്രങ്ങളിലൊള്ളവരും ആശ്രയിക്കുന്നത് ഇന്‍ഡ്യന്‍ പണിക്കാരെയാണ്.

വജ്രവിപണി വളരെ വലുതാണ്. ഒരു വര്‍ഷം ഏകദേശം 15 കോടി കാരറ്റ് വജ്രം വിപണിയില്‍ എത്തുന്നുണ്ട്. ഉദ്ദേശം 500 കോടി രൂപ മൂല്യം വരും. അതോടൊപ്പം ഒരു വര്‍ഷം ഏകദേശം 5000 കാരറ്റ് കൃത്രിമ വജ്രവും വിപണിയില്‍ വിറ്റഴിക്കപ്പെടുന്നു. സൗത്ത് ആഫ്രിക്കയിലെ 'ഡി ബിയേര്‍സ്' (De Beers) എന്ന കമ്പനിയാണ് ലോകത്തിലെ വജ്രവിപണി നിയന്ത്രിക്കുന്നത് എന്ന് പറയാം. കാരണം ലോകത്ത് വിറ്റഴിക്കപ്പെടുന്ന വജ്രങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇവരുടെ വജ്രങ്ങളാണ്.

ശുദ്ധവജ്രം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു
വജ്രം വെയിലത്തു വച്ചാല്‍ അത് വളരെ നന്നായി തിളങ്ങും. കുറച്ച് നേരം വെയിലത്തുവച്ച ശേഷം ആ വജ്രത്തെ ഇരുട്ടത്തു വച്ചാല്‍ അത് ജ്വലിക്കുന്നതു പോലെ തോന്നും. നെയ്യ് ചൂടാക്കി ഉരുക്കിയതില്‍ രത്‌നം ഇട്ടു നോക്കുക, സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ നെയ്യ് തണുത്താല്‍ അത് ശുദ്ധമായ വജ്രമായിരിക്കും. നല്ല വജ്രം കൊണ്ട് കണ്ണാടിയില്‍ വരച്ചാല്‍ പോറല്‍ വീഴും. കൃത്രിമ വജ്രത്തേക്കാള്‍ ശുദ്ധ വജ്രത്തിന് ഭാരക്കൂടുതല്‍ ഉണ്ടാകും. ശരീരത്തിന്റെ ചൂട്, വിയര്‍പ്പ് എന്നിവയാല്‍ നല്ല വജ്രത്തിന്റെ നിറം മങ്ങുകയില്ല. കൂടാതെ മങ്ങിയ പ്രഭയുള്ളവ, കട്ട് ചെയ്ത മെഷീന്റെ അഴുക്ക് പറ്റിയിരിക്കുക, കുഴികള്‍ കാണുന്നവ, കറുപ്പ്/ചെമപ്പ് തുടങ്ങിയ പുള്ളികള്‍ , വരകള്‍ തുടങ്ങിയവയുള്ളതെല്ലാം ദോഷയുക്തങ്ങളായ വജ്രങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീത ഫലം ഉണ്ടാവുകയും ചെയ്യും.

വജ്രത്തിന്റെ പരിശോധന രീതി
വജ്രങ്ങളുടെ ഗുണമേന്‍മയും പരിശുദ്ധിയും വിലയിരുത്തുന്നതിന് പരിശോധന ശാലകള്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും അംഗീകൃതമായത് അമേരിക്കയിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റൂട്ട് (Geological Institute of America) (GIA) ആണ്. ഇവര്‍ വജ്രത്തെ അതിന്റെ മേന്‍മ (Diamond grading -Cost of the diamond is based on '4 Cs'. they are clarity,color, cut and carat weight) അനുസരിച്ച് തരം തിരിക്കുന്നു. എന്നിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. സര്‍ട്ടിഫിക്കറ്റില്‍ കല്ലിന്റെ ഗുണമേന്‍മ രേഖപ്പെടുത്തുന്നത് പ്രത്യേക കോഡുകളിലാണ്. അത് ലോകം മുഴുവന്‍ അംഗീകരിച്ചവയാണ്. ഏറ്റവും നല്ലതിന് 'എഫ് എ.' എന്നും ഏറ്റവും മോശപ്പെട്ടതിന് 'ഐ' എന്നും ഗ്രേഡ് കൊടുക്കുന്നു. അതിന്റെ വിശദാംശം ഇങ്ങനെയാണ്. FL (Flawless), IF (Internally flawless),V VS1 and V VS2(Very Very slightly included), V S1and VS2 (Very slightly included), SI1and SI2 (slightly included, I1, I2, I3 (Included - inferior quality). സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്നവ കൂടുതലും വി. എസ്സ് തുടങ്ങിയ തരങ്ങളാണ്.

കൃത്രിമ കല്ലുകള്‍
പൊതുവേ വളരെ വില കൂടിയ രത്‌നമാണ് വജ്രം. അതിനാല്‍ തന്നെ അതിന്റെ കൃത്രിമ കല്ലുകളും ധാരാളമായി മാര്‍ക്കറ്റില്‍ സുലഭമാണ്. ഗ്‌ളാസ്സു കൊണ്ട് വിദഗ്ദമായി നിര്‍മ്മിച്ച കല്ലുകള്‍ ലഭ്യമാണ്. കൂടാതെ അമേരിക്കന്‍ ഡയമണ്ടും നന്നായി കട്ട് ചെയ്ത് വജ്രമാക്കി വില്‍ക്കപ്പെടുന്നു. സിന്തറ്റിക് വജ്രം നിര്‍മ്മിക്കുന്ന ധാരാളം ഫാക്ടറികള്‍ ഇന്ന് നിലവിലുണ്ട്. കൂടുതലും ആഭരണ മാര്‍ക്കറ്റിലാണ് വിറ്റഴിക്കുന്നത്. അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം വജ്രം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ. സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജരത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നു മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരള സര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല് പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി തങ്ങള്‍ ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും. പക്ഷെ അവിടെയും വജ്രത്തിന്റെ ഗ്രേഡ് അവര്‍ രേഖപ്പെടുത്താറില്ല. നാച്ചുറല്‍ ആണോയെന്ന് അറിയാന്‍ കഴിയും. പക്ഷെ കൂടുതല്‍ ഇന്‍ക്‌ളൂഷന്‍സ് ഉണ്ടെങ്കില്‍ അവരും സര്‍ട്ടിഫിക്കറ്റ് നല്‍കാറില്ല. ഇന്‍ഡ്യയില്‍ ഗ്രേഡ് രേഖപ്പെടുത്തുന്ന ലാബുകള്‍ (അമേരിക്കയിലെ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അംഗീകരിച്ചത്) ഉണ്ട്. അവിടെയും ഗ്രേഡ് കൊടുക്കുന്നത് കല്ലിന് മാത്രമാണ്. നമ്മുടെ ജൂവലറിയില്‍ നിന്നും ലഭിക്കുന്നത് വജ്രാഭരണങ്ങളാണ്. ആഭരണത്തില്‍ പതിപ്പിച്ച കല്ലുകള്‍ക്ക് ഗ്രേഡ് കൊടുക്കില്ല. അതുകൊണ്ട് ഗ്യാരന്റി തരുന്ന സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്നതാണ് ഉത്തമം. ചിലര്‍ക്ക് വജ്രം ധരിച്ചാല്‍ പല പ്രയാസങ്ങളും അനുഭവപ്പെട്ടെന്ന് വരും. കാരണം അത് ശുദ്ധമല്ലാത്തതാണ്. അതിനാല്‍ ജ്യോതിഷിയുടെ ഉപദേശം അനുസരിച്ച് മാത്രം ധരിക്കേണ്ട കല്ലാണ് ഇത്. പകരം വെള്ള സഫയര്‍ ധരിക്കാവുന്നതാണ്. വജ്രത്തിന്റെ എല്ലാ ഗുണങ്ങളും തരുന്ന കല്ലാണ് ഇത്.

വജ്രത്തിന്റെ സ്വാധീനം
ഇനി വജ്രത്തിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം. വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ എല്ലുകളാണ് വജ്രക്കല്ലുകളായി മാറിയത്. അതിനാല്‍ എല്ലു സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ വജ്രക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ ശുക്രന്റെ കാരകത്വങ്ങളായ വാതകഫങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ , ശുക്‌ളം, നേത്രങ്ങള്‍ , താടി, കവിള്‍ , മുഖം, മൂത്രാശയം, മൂത്രപിണ്ഡം, ലിംഗം, യോനി, ഗര്‍ഭാശയം, കുടലുകള്‍ , ശരീരശോഭ, ശരീരത്തിലെ ജലാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് വജ്രം ധരിച്ചാല്‍ ആശ്വാസം ലഭിക്കും.

കല, ധനം, സൗന്ദര്യം, ലൈംഗീകത എന്നിവയുടെ കാരകനായ ശുക്രന്റെ രത്‌നമാണ് വജ്രം. അതിനാല്‍ ഒരാളെ കലാകാരനും, ധനവാനും, സുന്ദരനും/സുന്ദരിയും ആക്കുന്നതിനും വജ്രത്തിന് കഴിവുണ്ട്. കൂടാതെ ഭാവനാശക്തി, പാണ്ഡിത്യം, യൗവ്വനവും സൗന്ദര്യവും കാത്തുസൂക്ഷിക്കല്‍ , നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, വീട്, ആഡംബരങ്ങള്‍ , വാഹനം, നല്ല ഭാര്യ/ഭര്‍ത്താവ്, പ്രണയത്തില്‍ വിജയം, പ്രേതബാധയില്‍ നിന്നും രക്ഷ, ശത്രുസംഹാരം, സമൂഹത്തില്‍ മാന്യതയും നേതൃത്വവും അംഗീകാരവും തുടങ്ങിയവ പ്രദാനം ചെയ്യാനും വജ്രത്തിന് കഴിയും. യുവത്വത്തിന്റെ രത്‌നമായ വജ്രം ധരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള ഒരു പ്രത്യേക കഴിവ് കൈവരുമെന്ന് പറയപ്പെടുന്നു. വജ്രം പല നിറങ്ങളില്‍ ലഭ്യമായതിനാല്‍ ഈ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ചില വേര്‍തിരിവുകള്‍ നില നിന്നിരുന്നു. അത് ഇപ്രകാരമാണ്. വെള്ള നിറമുള്ളവ ബ്രാഹ്മണര്‍ക്കും, ചുവപ്പും മഞ്ഞയും യോദ്ധാക്കളായ ക്ഷത്രിയര്‍ക്കും, പിങ്ക് കച്ചവടക്കാര്‍ക്കും, നീല മറ്റുള്ളവര്‍ക്കും. ഇന്നും തൊഴില്‍പരമായ ഉയര്‍ച്ചക്ക് ഏറ്റവും ഫലപ്രദമായ രത്‌നം നീലവജ്രമാണ്. അത് ലഭിക്കാന്‍ പ്രായാസമായതിനാല്‍ വില വളരെ കൂടും. രാഷ്ട്രീയക്കാര്‍ക്ക് അണികളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഏറ്റവും അനുയോജ്യം വജ്രമാണ്. ഇവിടത്തെ വിജയിച്ച പല രാഷ്ട്രീയക്കാരുടെയും വിരലുകളില്‍ ഇത് കാണാന്‍ കഴിയും. കൂടാതെ സിനിമാരംഗത്തുള്ളവര്‍ക്കും പ്രിയപ്പെട്ടത് വജ്രം തന്നെയാണ്. ഇന്ന് ധനനിക്ഷേപങ്ങളില്‍ സ്വര്‍ണം പോലെ ഒരു പ്രധാന പങ്ക് വജ്രത്തിനുമുണ്ട്.

വിവിധ ലഗ്നക്കാര്‍ക്ക് വജ്രം
എല്ലാ ലഗ്നക്കാര്‍ക്കും വജ്രം ഗുണം ചെയ്യില്ല. ജാതകത്തില്‍ ശുക്രന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം വജ്രം ധരിക്കുക.

എടവലഗ്നം - എടവം രാശിയുടെ ലഗ്നാധിപനാണ് ശുക്രന്‍ . അതിനാല്‍ ദീര്‍ഘായുസ്സ്, ആരോഗ്യം, ധനം, സൗന്ദര്യം, ആകര്‍ഷണശക്തി, അന്തസ്സ്, കലാസ്വാദനവും കലകളില്‍ താല്‍പ്പര്യവും തുടങ്ങിയവ വജ്രം ധരിച്ചാല്‍ വര്‍ദ്ധിക്കുന്നതാണ്. വിവാഹം കാലതാമസം കൂടാതെ നടക്കും. തൊഴിലില്‍ ഉയര്‍ച്ചയുണ്ടാകും.

മിഥുനലഗ്നം - മിഥുനം രാശിയുടെ അഞ്ചാം ഭാവാധിപനും രാശിനാഥനായ ബുധന്റെ മിത്രവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ വിവിധ കാര്യങ്ങള്‍ ഒരേ സമയത്ത് ചെയ്യാനും കമ്മ്യൂണിക്കേഷന്‍ രംഗത്ത് മിടുക്കനുമാകും. കൂടാതെ ആരോഗ്യം, നന്നായി സംസാരിക്കാനുള്ള കഴിവ് (പ്രഭാഷണം തുടങ്ങിയവ), സാഹിത്യവാസന, കലാരംഗങ്ങളില്‍ വിജയം, രോഗപ്രതിരോധശക്തി, ഉയര്‍ന്ന വിദ്യാഭ്യാസം, ഗൂഢശാസ്ത്രതത്പരത, പ്രശസ്തി, ആധുനിക ഉപകരണങ്ങളില്‍ താല്‍പര്യം, പ്രണയസാഫല്യം, സന്താനഗുണം, ലോട്ടറിവിജയം തുടങ്ങിയവ വജ്രം ധരിച്ചാല്‍ ലഭിക്കുന്നതാണ്.

കന്നിലഗ്നം - കന്നി രാശിയുടെ ഭാഗ്യാധിപനും രാശിനാഥനായ ബുധന്റെ മിത്രവുമാണ് ശുക്രന്‍. അതിനാല്‍ വജ്രം ധരിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം, വിദേശയാത്ര, പിതൃസുഖം, ഭാഗ്യം, അപ്രതീക്ഷിത ധനഭാഗ്യം, ആത്മീയചിന്ത, സമൂഹത്തില്‍ നേതൃത്വം എന്നിവ ലഭിക്കുന്നതാണ്.

തുലാം ലഗ്നം - ശുക്രന്റെ മൂലത്രികോണരാശിയാണ് തുലാം. രാശിയുടെ ലഗ്നാധിപനും കൂടിയാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പ്രശസ്തി, തൊഴില്‍ ഉയര്‍ച്ച, അപകടങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കുക തുടങ്ങിയ ഫലങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ വിദ്യാപരമായി വൈരാഗ്യത്തോടെ പഠിച്ച് മുന്നേറാനുള്ള കഴിവ്, സംഭാക്ഷണചാതുര്യം, സിനിമാസീരിയല്‍ മേഖലയില്‍ വിജയം, രാഷ്ട്രീയം, അഭിനയം, ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുക, പ്രണയ കാര്യങ്ങളില്‍ വിജയം, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നീ ഫലങ്ങളും ലഭിക്കുന്നതാണ്.

മകരലഗ്നം- മകരം രാശിയുടെ യോഗകാരകനും (5, 10 എ-ീ ഭാവങ്ങളുടെ അധിപന്‍) രാശിനാഥനായ ശനിയുടെ ബന്ധുവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പ്രശസ്തി, തൊഴില്‍ ഉയര്‍ച്ച, അഭിനയരംഗത്ത് വിജയം, വിദേശയാത്ര, ലോട്ടറി വിജയം, അപ്രതീക്ഷിത ധനഭാഗ്യം, ആത്മീയചിന്ത എന്നിവ ഗുണഫലങ്ങളാണ്. കൂടാതെ സന്താനഗുണം, ഉയര്‍ന്ന വിദ്യാഭ്യാസം, സന്ധിസംഭാഷണങ്ങളില്‍ വിജയം, സമൂഹത്തില്‍ നേതൃത്വം എന്നിവയും ലഭിക്കുന്നതാണ്.

കുംഭലഗ്നം- കുംഭം രാശിയുടെ യോഗകാരകനും (4, 9 ഭാവങ്ങളുടെ അധിപന്‍) രാശിനാഥനായ ശനിയുടെ ബന്ധുവുമാണ് ശുക്രന്‍ . അതിനാല്‍ വജ്രം ധരിച്ചാല്‍ പല കാര്യങ്ങളിലും പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. കൂടാതെ സന്താനഗുണം, ആരോഗ്യം, മനസമാധാനം, പ്രണയകാര്യങ്ങളില്‍ വിജയം, റിക്‌സ് എടുക്കുന്നതില്‍ വിജയിക്കുക, ആഡംബരപ്രിയം, വീട്, വാഹനം, നല്ല ഓര്‍മ്മശക്തി, രോഗപ്രതിരോധശക്തി തുടങ്ങിയവയും വജ്രം ധരിച്ചാല്‍ ലഭിക്കുന്നതാണ്.

രത്‌നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരല്‍
ശനിയുടെ രത്‌നമായ ഇന്ദ്രനീലം, ബുധന്റെ രത്‌നമായ മരതകം എന്നിവ വജ്രത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യകിച്ചും മഞ്ഞപുഷ്യരാഗം, പവിഴം, മുത്ത് എന്നിവ വജ്രത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. വജ്രം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വജ്രത്തിന്റെ ലോഹം വെള്ളി, സ്വര്‍ണം, വൈറ്റ് ഗോള്‍ഡ് എന്നിവയാണ്. ആദ്യമായി ധരിക്കുമ്പോള്‍ വെള്ളയാഴ്ച രാവിലെ ശുക്രന്റെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).

രത്‌നത്തിന്റെ തൂക്കം - വജ്രത്തിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വില വര്‍ദ്ധിക്കും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ശുക്രന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 10 അല്ലെങ്കില്‍ 15 സെന്റ് (0.15 കാരറ്റ്) വജ്രം ധരിച്ചാല്‍ മതിയാകും. ശുക്രന് ബലം കുറയുന്തോറും തൂക്കം വര്‍ദ്ധിപ്പിക്കണം. എന്തായാലും 40 സെന്റിന് മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 10 സെന്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല.

ഉപരത്‌നങ്ങള്‍
വജ്രം വളരെ വില കൂടിയ രത്‌നമാണ്. വജ്രം പോലെ തന്നെ ഫലം തരുന്നവയാണ് പ്രധാന രത്‌നങ്ങളില്‍പ്പെടുന്ന വെള്ള പുഷ്യരാഗം (വൈറ്റ് സഫയര്‍ ). അതും വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍ , കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉപരത്‌നങ്ങളായ വെള്ള സിര്‍ക്കോണ്‍ (White Zircon), ഓപ്പല്‍ (Opal), ടര്‍മലൈന്‍ (Tourmaline), റോക്ക് ക്രിസ്റ്റല്‍ (Rock Crystal ) എന്നിവ ധരിക്കാം. പല ഉപരത്‌നങ്ങളും പ്രധാന രത്‌നങ്ങളെ പോലെ തന്നെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

'ജ്യോതിഷ ആചാര്യ' ശിവറാം ബാബു കുമാര്‍ അസ്‌ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്. ഇന്റര്‍ നാഷണല്‍ പ്‌ളാനറ്ററി ജെമ്മോളജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്‌നശാസ്ത്രത്തിലും ഡിപ്‌ളോമോ നേടിയിട്ടുണ്ട്. കൂടാതെ ''നവരത്‌നവിശേഷങ്ങള്‍ '' എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories