ഐശ്വര്യത്തിനും സന്താന ഭാഗ്യത്തിനും മഞ്ഞപുഷ്യരാഗം
നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ മഞ്ഞപുഷ്യരാഗം അഥവാ Yellow Sapphire വ്യാഴന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മഞ്ഞപുഷ്യരാഗം കുബേരന്റെ ദിക്കായ വടക്കാണ് വരുന്നത്. ഇവയക്ക് സംസ്‌കൃതത്തില്‍ പുഷ്പരാഗം, ഗുരുരത്‌നം, ഗുരുപ്രിയ, പുഷ്പരാജ് തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പുഖരാജ് എന്നും അറിയപ്പെടുന്നു.
പുരാണങ്ങളില്‍ വ്യാഴം പ്രതിനിധീകരിക്കുന്നത് ദേവഗുരുവായ ബ്രഹസ്പതിയെയാണ്. നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും സ്വാത്തികനും ഏറ്റവും ശ്രേഷ്ഠനും വ്യാഴമാണ്. അതിനാലാണ് മഞ്ഞപുഷ്യരാഗരത്‌നത്തിനും വലിയ പ്രാധാന്യം കൈവന്നത്. ഇത് ധരിച്ചാല്‍ വിദ്യ അഭ്യസിക്കുന്നവര്‍ക്കും വിദ്യ പകര്‍ന്നു കൊടുക്കുന്നവര്‍ക്കും ഒരു പോലെ അറിവ് വര്‍ദ്ധിക്കുമെന്ന് പറയപ്പെടുന്നു. ബൈബിള്‍ പുരാണം അനുസരിച്ച് ജറുസലേമിലെ ആദ്യ ദേവാലയങ്ങള്‍ സ്ഥാപിച്ച സോളമന്‍ ചക്രവര്‍ത്തിയുടെ കിരീടത്തിലും ആഭരണങ്ങളിലും അലങ്കരിച്ചിരുന്ന പ്രധാന രത്‌നം മഞ്ഞ പുഷ്യരാഗം ആയിരുന്നു. നവരത്‌ന മോതിരത്തില്‍ പുഷ്യരാഗത്തിന് കൊടുത്തിട്ടുള്ളത് ധന ദേവതയായ കുബേരന്റെ ദിക്കായ വടക്കാണ്. അതിനാല്‍ ഈ രത്‌നം ധരിച്ചാല്‍ വ്യാഴന്റെ മാത്രമല്ല കുബേരന്റെയും കൂടി അനുഗ്രഹം ലഭിക്കുകയും ധന പ്രവാഹത്തിന് കുറവും വരികയില്ല. ഈ രത്‌നം വളരെ പണ്ടു മുതലേ ധരിച്ചിരുന്ന മറ്റൊരു കൂട്ടര്‍ പൂജാരിമാരും സന്യാസിമാരുമായിരുന്നു. കാരണം ആത്മീയതയുടെ രത്‌നമാണ് മഞ്ഞപുഷ്യരാഗം. പുരാതന കാലം മുതലേ ഈ രത്‌നം ധരിച്ചാല്‍ ഭൂതപ്രേതപിശാചുക്കളുടെ ഉപദ്രവം ഉണ്ടാകില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. കൂടാതെ മുന്‍കോപം വരാതെ മനസ് നിയന്ത്രിക്കാനും, ബുദ്ധി വര്‍ദ്ദിപ്പിക്കാനും, മരണഭയം ഇല്ലാതാക്കാനും ഇതിന് ശക്തിയുണ്ട് എന്ന് വിശ്വസിച്ചിരുന്നു.
മഞ്ഞപുഷ്യരാഗത്തിന്റെ ശാസ്ത്രീയവശം
രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാല്‍ കാഠിന്യം കൂടിയത് കൊറണ്ടം കുടുംബത്തില്‍പ്പെടുന്ന രത്‌നങ്ങളാണ്. കൊറണ്ടം കുടുംബത്തില്‍പ്പെടുന്നവയാണ് മാണിക്യം അഥവാ റൂബി, പുഷ്യരാഗം അഥവാ സഫയര്‍ തുടങ്ങിയ രത്‌നങ്ങള്‍. കൊറണ്ടത്തില്‍ ചുവന്ന നിറമുള്ളവയെ മാണിക്യം എന്നും മഞ്ഞയെ മഞ്ഞപുഷ്യരാഗം (Yellow Sapphire), നീലയെ ഇന്ദ്രനീലമെന്നും (Blue Sapphire) , വെള്ളയെ വെള്ളപുഷ്യരാഗമെന്നും (White Sapphire) അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്‌നങ്ങളാണ്. ഓക്‌സൈഡ് കലര്‍ന്നവയാണ് കൊറണ്ടം കല്ലുകള്‍. അതില്‍ അലുമിനിയം ഓക്‌സൈഡ് കൂടുതല്‍ കലര്‍ന്നതിനാലാണ് ഇവയ്ക്ക് മഞ്ഞ, സ്വര്‍ണം, തേന്‍ എന്നീ നിറങ്ങള്‍ വരുവാന്‍ കാരണം. ഉഷ്ണപ്രകൃതമുള്ള ഈ രത്‌നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ബ്രസീല്‍, ബര്‍മ്മ, തായലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഖനികളില്‍ നിന്നാണ് വളരെ നല്ല പുഷ്യരാഗം ലഭിക്കുന്നത്. എങ്കിലും നല്ല നിറവും ശുദ്ധവുമായ മഞ്ഞപുഷ്യരാഗം ലഭിക്കുന്നത് ശ്രീലങ്ക, ബ്രസീല്‍ എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നുമാണ്.
ശുദ്ധമായ മഞ്ഞപുഷ്യരാഗം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.
ശുദ്ധമായ പുഷ്യരാഗം വെളുത്ത വസ്ത്രത്തില്‍ വച്ച് വെയിലത്ത് വച്ചാല്‍ മഞ്ഞ രശ്മികള്‍ പടരുന്നത് കാണാന്‍ കഴിയും. നല്ല തിളക്കമുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കുക. പലതരം പുള്ളികളുള്ളവ, പാലിന്റെ നിറമുള്ള പാട, കീറലുള്ളവ, മങ്ങിയ നിറമുള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ പുഷ്യരാഗങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലം ലഭിക്കില്ലെന്നു മാത്രമല്ല, ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
കൃത്രിമ കല്ലുകള്‍
മഞ്ഞപുഷ്യരാഗം പല നിറങ്ങളില്‍ ലഭ്യമാണ്. മഞ്ഞ, കടും മഞ്ഞ, ഇളം മഞ്ഞ, സ്വര്‍ണം, തേന്‍ തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്. പൊതുവേ വില കൂടിയ രത്‌നമായതിനാല്‍ കൃത്രിമ മഞ്ഞപുഷ്യരാഗം ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. മഞ്ഞ ക്രിസോലൈറ്റ്, ക്രിസ്റ്റല്‍, ഗോള്‍ഡന്‍ ടോപ്പാസ്, കടും മഞ്ഞ നിറമുള്ള ബാങ്കോക്ക് കല്ലുകള്‍, ടുര്‍മലൈന്‍, ഗ്‌ളാസ്സ്, കൃത്രിമമായി ലാബോറട്ടറികള്‍ ഉണ്ടാക്കുന്ന കല്ലുകള്‍ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് മേടിച്ച് മഞ്ഞ പുഷ്യരാഗം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. കൂടാതെ കൊറണ്ടം കല്ലുകളില്‍ കൃത്രിമമായി മഞ്ഞ നിറം കലര്‍ത്തിവയും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം കല്ല് / രത്‌നം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. കൂടാതെ ഗവ. സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കന്‍ ശ്രദ്ധിക്കണം. വ്യാജരത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല, വിപരീത ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരള സര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല് പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും.
മഞ്ഞപുഷ്യരാഗത്തിന്റെ സ്വാധീനം
വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ തൊലിയാണ് (skin) മഞ്ഞപുഷ്യരാഗക്കല്ലുകളായി മാറിയത്. അതിനാല്‍ ത്വക്ക് സംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ പുഷ്യരാഗക്കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും. കൂടാതെ പനി, പാണ്ഡുരോഗം, ശ്വാസം മുട്ടല്‍, അര്‍ശസ്സ്, കരള്‍ രോഗങ്ങള്‍, ആമാശയരോഗങ്ങള്‍, പാന്‍ക്രിയാസ് ഗ്രന്ഥി വൈകല്യം, പ്രമേഹം, വന്ധ്യത തുടങ്ങിയവ പരിഹരിക്കാനും ഈ രത്‌നം ഉത്തമമാണ്. വിഷജന്തുക്കള്‍ കടിച്ച മുറിപ്പാടില്‍ നല്ല പുഷ്യരാഗം വച്ചാല്‍ വിഷം പെട്ടെന്ന് ഇറങ്ങുമെന്ന് ആയുര്‍വേദം പറയുന്നു. കൃഷ്ടം എന്ന അസുഖം വരാതിരിക്കാനും ഈ രത്‌നം ധരിക്കുന്നത് ഉത്തമമാണ്. വ്യാഴം സന്താന കാരകനായതിനാല്‍ ഈ രത്‌നത്തിന് സന്താനഭാഗ്യം കൊടുക്കാനുള്ള കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
സാത്ത്വികഗ്രഹമായ വ്യാഴം രാജഗുരുവും, ആകാശത്തിലെ ഏറ്റവും വലിപ്പമേറിയ ഗ്രഹവുമാണ്. അതിനാല്‍ വ്യാഴനെ പുഷ്യരാഗം ധരിച്ച് കൂടുതല്‍ ഭജിച്ചാല്‍ ബലം, ബുദ്ധി, ആരോഗ്യം, ദീര്‍ഘായുസ്സ്, യശസ്സ്, കീര്‍ത്തി, ധനം, ഐശ്വര്യം എന്നിവ ലഭിക്കും. വിവാഹത്തിനുള്ള കാലതാമസം മാറുക, ഭൂതപ്രേതാധികളുടെ ഉപദ്രമില്ലാതാക്കുക, ഉന്‍മാദമില്ലാതാക്കുക, അമിതമായ കോപം മാറുക, മരണഭയമില്ലായ്മ എന്നീ ഫലങ്ങള്‍ ഉണ്ടാകും. ആത്മീയചിന്ത, സന്താനഭാഗ്യം, സന്താനങ്ങളാല്‍ അഭിമാനം, വിദേശയാത്ര, അധികാരം, സ്വാതന്ത്ര്യം, ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ക്കയറ്റം, കച്ചവടക്കാര്‍ക്ക് കൂടുതല്‍ ലാഭവും വികസനവും, ആത്മധൈര്യം, മനശക്തി, അനാവശ്യ ഭയങ്ങള്‍ ഇല്ലാതാകല്‍, സമൂഹത്തില്‍ മാന്യത തുടങ്ങിയവയും ലഭിക്കും.
വിവിധ ലഗ്നക്കാര്‍ക്ക് മഞ്ഞപുഷ്യരാഗം
എല്ലാ ലഗ്നക്കാര്‍ക്കും പുഷ്യരാഗം ഗുണം ചെയ്യില്ല. ജാതകത്തില്‍ വ്യാഴം അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം മഞ്ഞപുഷ്യരാഗം ധരിക്കുക.
മേടലഗ്നം - രാശിനാഥന്‍ ചൊവ്വ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ ധനു ഒമ്പതാം ഭാവമായി വരികയാലും മേടലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം, സന്താനസമ്പത്ത്, യശസ്സ്, ഭാഗ്യം, ലോട്ടറി വിജയം, ആത്മീയചിന്ത, മതത്തോടും മുതിര്‍ന്നവരോടുമുള്ള ബഹുമാനം, തൊഴില്‍ ഉയര്‍ച്ച, പൊതുവായ ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നതാണ്.
കര്‍ക്കിടകലഗ്നം - രാശിനാഥന്‍ ചന്ദ്രന്‍ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ മീനം ഒമ്പതാം ഭാവമായി വരികയാലും കര്‍ക്കിടകം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ഭാവനാശക്തി, ഉയര്‍ന്ന വിദ്യാഭ്യാസം, സന്താനസമ്പത്ത്, യശസ്സ്, ഭാഗ്യം, ലോട്ടറി വിജയം, ആത്മീയചിന്ത, തൊഴില്‍ ഉയര്‍ച്ച, പൊതുവായ ആരോഗ്യം എന്നീ ഗുണഫലങ്ങള്‍ ഉണ്ടാകും.
ചിങ്ങലഗ്നം - രാശിനാഥന്‍ രവി വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ ധനു ആഞ്ചാം ഭാവമായി വരികയാലും ചിങ്ങം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ബുദ്ധിശക്തി, സന്താനസമ്പത്ത്, സന്ധി സംഭാഷണങ്ങളില്‍ വിജയം, യശസ്സ്, ലോട്ടറി വിജയം, ആത്മീയചിന്ത, തൊഴില്‍ ഉയര്‍ച്ച, രോഗപ്രതിരോധശക്തി, പൊതുവായ ആരോഗ്യം എന്നിവയുണ്ടാകും.
വൃശ്ചികലഗ്നം - രാശിനാഥന്‍ ചൊവ്വ വ്യാഴന്റെ ബന്ധുവായതിനാലും വ്യാഴന്റെ രാശിയായ മീനം അഞ്ചാം ഭാവമായി വരികയാലും വൃശ്ചികം ലഗ്നക്കാര്‍ മഞ്ഞപുഷ്യരാഗം ധരിക്കുന്നത് ഉത്തമമാണ്. ബുദ്ധിശക്തി, സന്താനസമ്പത്ത്, സന്ധി സംഭാഷണങ്ങളില്‍ വിജയം, യശസ്സ്, ലോട്ടറി വിജയം, ആത്മീയചിന്ത, മതം മുതിര്‍ന്നവര്‍ എന്നിവരോടുള്ള ബഹുമാനം, തൊഴില്‍ ഉയര്‍ച്ച, രോഗപ്രതിരോധശക്തി, പൊതുവായ ആരോഗ്യം എന്നിവ ഫലങ്ങള്‍.
ധനുലഗ്നം - വ്യാഴന്റെ സ്വന്തം രാശിയാണ് ധനു. അതിനാല്‍ മഞ്ഞപുഷ്യരാഗം രത്‌നം ധരിക്കുന്നത് വളരെ ഉത്തമമായിരിക്കും. വാഹനയോഗം, യശസ്സ്, വിദേശയാത്ര, പൊതുവായ ആരോഗ്യം, കായികമായി വിജയം തുടങ്ങി വ്യാഴനും ലഗ്നാധിപനും പറഞ്ഞിട്ടുള്ള കാര്യങ്ങളിലെല്ലാം വിജയം ലഭിക്കുന്നതാണ്.
മീനലഗ്നം - വ്യാഴന്റെ സ്വന്തം രാശിയാണ് മീനം. അതിനാല്‍ മഞ്ഞപുഷ്യരാഗം രത്‌നം ധരിക്കുന്നത് വളരെ ഉത്തമമായിരിക്കും. നല്ല ഭാവനാശക്തി, സാഹിത്യവാസന, പുരാണങ്ങളിലെ അറിവ്, ആത്മീയചിന്ത, യശസ്സ്, വിദേശയാത്ര, പൊതുവായ ആരോഗ്യം, കായികമായി വിജയം തുടങ്ങി വ്യാഴനും ലഗ്നാധിപനും പറഞ്ഞിട്ടുള്ള കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കും.
രത്‌നത്തിന്റെ തൂക്കം ധരിക്കേണ്ട സമയം, ലോഹം, വിരല്‍
ചൊവ്വയുടെ രത്‌നമായ പവിഴം, ചന്ദ്രന്റെ രത്‌നമായ മുത്ത്/ചന്ദ്രകാന്തം, രവിയുടെ രത്‌നമായ മാണിക്യം എന്നിവ മഞ്ഞപുഷ്യരാഗരത്‌നത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ മാണിക്യം രത്‌നത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. പുഷ്യരാഗം മോതിരമായി വലതോ ഇടതോ കൈയ്യിലെ ചൂണ്ടുവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഞ്ഞപുഷ്യരാഗത്തിന്റെ ലോഹം സ്വര്‍ണവും ടിന്നും ആണ്. ആദ്യമായി ധരിക്കുമ്പോള്‍ വ്യാഴാഴ്ച രാവിലെ വ്യാഴന്റെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).
രത്‌നത്തിന്റെ തൂക്കം - മഞ്ഞപുഷ്യരാഗക്കല്ലിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ വ്യാഴന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 1.5 - 2.00 കാരറ്റ് തൂക്കമുള്ള കല്ല് ധരിച്ചാല്‍ മതിയാകും. വ്യാഴന് ബലം കുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. എന്തായാലും 4 കാരറ്റിന് മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 1.5 കാരറ്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല.
ഉപരത്‌നങ്ങള്‍
മഞ്ഞപുഷ്യരാഗം പൊതുവേ വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഉപരത്‌നമായ ഗോള്‍ഡന്‍/മഞ്ഞ ടോപ്പാസ് (Golden/Yellow Topaz) ധരിക്കാം. ഇവയും പ്രധാന രത്‌നങ്ങളെ പോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.
'ജ്യോതിഷ ആചാര്യ' ശിവറാം ബാബു കുമാര്‍ അസ്‌ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്. ഇന്റര്‍ നാഷണല്‍ പ്‌ളാനറ്ററി ജെമ്മോളജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്‌നശാസ്ത്രത്തിലും ഡിപ്‌ളോമോ നേടിയിട്ടുണ്ട്. കൂടാതെ ''നവരത്‌നവിശേഷങ്ങള്‍'' എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.
ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍:- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com