ഭാവ ചിന്ത
ജ്യോതിഷ വിഷയത്തില്‍ ഭാവ ചിന്തയുടെ പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. ഭാവ ചിന്തയിലൂടെ ആണ് ഒരു ജാതകം നാം മനസ്സിലാക്കുന്നത്. ഭാവ ചിന്തയിലൂടെ ആണ് ഇഹ ജീവിതത്തിലെ ഉയര്‍ച്ച, താഴ്ചകള്‍ മനസ്സിലാക്കുകയും അതിനു വേണ്ടുന്ന പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നത്. ഭൌതിക ജീവിതത്തില്‍ മനുഷ്യനെ നിയന്ത്രിക്കുന്നത് മിക്കവാറും ആഗ്രഹങ്ങള്‍ ആണ്. വളരെ കുറച്ചുപേര്‍ ആഗ്രഹങ്ങളെ മറികടന്നവരും ആണ്. യഥാര്‍ത്ഥത്തില്‍ ആഗ്രഹങ്ങളാണ് മുക്തിക്കു തടസ്സവും ആയിത്തീരുന്നത്. മുക്തി നേടണം എന്നതും ആഗ്രഹം ആകുന്നു .
എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാല്‍ അതിന്റെ ഫലം രണ്ടേ ഉണ്ടാവൂ. ഒന്നുകില്‍ സാധിക്കും അല്ലെങ്കില്‍ സാധിക്കില്ല. ഇതാണ് ഫലം എന്ന് എല്ലാവര്‍ക്കും അറിയുമെങ്കിലും ആഗ്രഹിക്കുമ്പോള്‍ ഫലത്തെപ്പറ്റി വേണ്ടത്ര ചിന്തിക്കുകയില്ല. കുഴപ്പം അവിടെ തുടങ്ങുകയായി.
എന്തുകൊണ്ട് വേണ്ടത്ര ചിന്തിച്ചില്ല? ചിന്തിക്കാനുള്ള എല്ലാ കഴിവും കിട്ടിയിട്ടും അതുണ്ടായില്ല. കാരണം നാം ഫലത്തിന്റെ നേട്ടത്തെ പറ്റി ചിന്തിച്ച അത്ര ബലത്തോടെ കോട്ടത്തെ പറ്റി ചിന്തിച്ചില്ല. ഇതൊരു അശ്രദ്ധ തന്നെയാണ്. ഈ അശ്രദ്ധ തന്നെയാണ് ജീവിതത്തിലെ പല പരാജയങ്ങള്‍ക്കും കാരണം ആകുന്നത്. ശ്രദ്ധയോടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കാതെ ഇരുന്നതുകൊണ്ടാണ് പലപ്പോഴും വളരെ ശ്രദ്ധയോടെ ശ്രാദ്ധം ചെയ്യേണ്ടി വരുന്നത്. ജീവിച്ചിരുന്ന സമയത്ത് ചെയ്യാതെ ഇരുന്നത് അതിനു ശേഷം ചെയ്തിട്ട് എന്ത് കാര്യം. ശരീരം ഉള്ള സമയത്ത് ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാനുണ്ട്, നമുക്ക് വേണ്ടിയും, മറ്റുള്ളവര്‍ക്ക് വേണ്ടിയും. ഒരു ഉദാഹരണം നാം എല്ലാവരും വയസ്സാവുമെന്നും അക്കാലത്ത് ശരീരത്തിന് അത്ര ആരോഗ്യം കാണില്ല എന്നും നമുക്ക് അറിയാവുന്നതാണ്. ആ അറിവ് ഇരിക്കെ തന്നെ നാം അശ്രദ്ധയോടെ മുന്നോട്ടു പോകുന്നു .ഫലം എന്താകുന്നു. ആരോഗ്യം ഉണ്ടായിരുന്ന കാലത്ത് അതില്ലതാകുന്ന കാലത്തിലേക്ക് വേണ്ടി ഒന്നും ചെയ്യാതെ ജീവിച്ചു ഒടുവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ വിലപിച്ചിട്ട് എന്ത് കാര്യം. മണ്ടത്തരം എന്നല്ലേ പറയേണ്ടത് .അത് തന്നയല്ലേ ഇപ്പോഴും നാം ചെയ്തു കൊണ്ടിരിക്കുന്നത് .
ഇതൊക്കെ പറയാന്‍ കാരണം ജ്യോതിഷ വിഷയങ്ങളില്‍, ജ്യോതിഷം നോക്കാന്‍ വരുന്ന ആളിലും ജ്യോതിഷ വിചിന്തനം നടത്തുന്ന ആളിലും ഇക്കാലത്ത് ആത്മീയത കുറയുന്നതായ് കാണുന്നു. പകരം ജ്യോതിഷം ഭൌതികതയില്‍ മാത്രം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നു. പരിഹാരങ്ങളില്‍ മാത്രം ആത്മീയതയും ക്ഷേത്രങ്ങളും വരുന്നു. നന്നായി ജീവിക്കുക എന്നത് ഭൌതിക ജീവിതം കൊണ്ട് മാത്രം കഴിയുമോ എന്തോ. നമുക്ക് അങ്ങനെ പറ്റുന്നില്ല. അതുകൊണ്ടാവും ഈ വേവലാതി എന്ന് കരുതണ്ട. ഗുരുക്കന്മാര്‍ ഉണ്ടാകി വച്ച സംസ്‌കാരങ്ങളില്‍ നിന്നും പുറകോട്ടു പോകുന്നത് നന്നല്ല എന്ന കാര്യം പറയാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ നാമും അശ്രദ്ധന്‍ തന്നെ .അതാവരുതല്ലോ.
ജാതകത്തിലെ ഭാവങ്ങളില്‍ ഭൌതികത മാത്രം വായിക്കാതെ, അതിനപ്പുറം ആ വ്യക്തിക്ക് ഉതകുന്ന ആത്മീയ വശം കൂടി, അതറിയനല്ല ആള്‍ വരുന്നതെങ്കില്‍ കൂടിയും പറയാന്‍ ജ്യോതിഷികള്‍ തയ്യാറായാല്‍, വരുന്ന ഒരു കാലം ജ്യോതിഷത്തിനു മുതല്‍ക്കൂട്ടായിരിക്കും. ഭാവങ്ങളില്‍ ആത്മീയത എന്ന് പറയുമ്പോള്‍ അഞ്ചും, ഒന്‍പതും ഭാവങ്ങളില്‍ മാത്രം ആണ് അതുള്ളത് എന്ന് ചിന്തിക്കരുത്. പന്ത്രണ്ടു ഭാവങ്ങളിലും ആത്മീയത ഉണ്ട്. "ജീവേ ജ്ഞാന സുഖേ" എന്നു പറയുമ്പോള്‍ വ്യാഴത്തില്‍ നിന്നും ജ്ഞാനം കിട്ടുമെന്നും ആ വ്യാഴം അനിഷ്ട സ്ഥാനങ്ങളില്‍ നിന്നാല്‍ ജ്ഞാന ലാഭത്തിനു കുറവുണ്ടാകുമെന്നും, അതെങ്ങനെ പരിഹരിക്കണം എന്നതുകൂടി പറഞ്ഞു കൊടുക്കുന്ന ബാധ്യത നമുക്ക് ഉണ്ടാകണം എന്ന് സാരം. ജ്യോതിഷിക്ക് അല്ലാതെ മറ്റൊരാള്‍ക്ക് അത്രയ്ക്ക് കഴിയില്ലല്ലോ. ഒരു പക്ഷെ ഈ ചിന്ത ചൊവ്വാ ദോഷം അടക്കമുള്ള ദോഷ പരിഹാര ചിന്തയില്‍ വളരെ ഗുണകരമായ മാറ്റം ഉണ്ടാക്കും വാദങ്ങള്‍ ഉണ്ടാകാം, പക്ഷെ ഞാന്‍ ഇല്ല. വാദോ ന ലംബ എന്നതാണ് അതിനു പ്രമാണം .
രുദ്രശങ്കരന്‍
ഫോണ്‍: 9061591290
rudrashankaran@gmail.com