ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഉയര്‍ വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മരതകം


ഉയര്‍ വിദ്യാഭ്യാസത്തിനും ബിസിനസ്സിനും മരതകം

നവരത്‌നങ്ങളില്‍ ശ്രേഷ്ടമായ മരതകം അഥവാ എമറാള്‍ഡ് ബുധന്റെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ മരതകം വടക്ക് കിഴക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ മരതക്, സൗപര്‍ണാ, സൗമ്യാ തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ പന്നാ എന്നും പറയപ്പെടുന്നു. വസന്തകാലത്തിന്റെയും, പുനര്‍ജന്‍മത്തിന്റെയും, യ്യൗവനത്തിന്റെയും രത്‌നമായിട്ടാണ് മരതകം അറിയപ്പെടുത്. സൗന്ദര്യത്തിന്റെ പര്യായമായിരുന്ന ഈജിപ്ഷ്യന്‍ ചക്രവര്‍ത്തിനി ക്‌ളിയോപാട്ര മരതക രത്‌നങ്ങളുടെ ഒരു ആരാധികയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ക്രിസ്തുവിനുമുമ്പ് തന്നെ അറിയപ്പെടുന്ന മരതകം ആദ്യം ഖനനം ചെയ്തിരുന്നത് ഈജിപ്റ്റിലെ ഖനികളില്‍ നിന്നായിരുന്നു. പക്ഷെ അവിടെ ആവശ്യത്തിനുള്ള മരതകം ലഭ്യമായിരുന്നില്ല. സൗത്ത്ആഫ്രിക്കയിലെ ഖനികളില്‍ നിന്നുമായിരുന്നു ക്‌ളിയോപാട്രക്ക് മരതക രത്‌നം ലഭിച്ചിരുന്നത്. ഈജിപ്റ്റില്‍ അടക്കം ചെയ്യപ്പെട്ട മമ്മികളുടെ കഴുത്തില്‍ മരതകം പതിപ്പിച്ച ലോക്കറ്റുകള്‍ ധരിച്ചിരുന്നു. പുനര്‍ജന്‍മം കൊടുക്കാന്‍ കഴിവുള്ള മരതക രത്‌നം എന്നെങ്കിലും ഇവര്‍ക്ക് ജീവന്‍ കൊടുക്കുമെന്ന ധാരണയാകാം അതിന്‌ കാരണം. പച്ചനിറത്തെ മനുഷ്യന്‍ എന്നും ആരാധിച്ചിരുന്നു. പ്രകൃതിയുടെ നിറവും പച്ചയായതിനാലാകാം അത്. അതുകൊണ്ട് തന്നെ വസന്തകാലത്തിന്റെ രത്‌നമായും മരതകത്തെ വിശേഷിപ്പിക്കുന്നു. റോമിലെ രാജാവായിരുന്ന നീറോ ചക്രവര്‍ത്തി പ്രശസ്തമായ ഗ്‌ളാഡിയേറ്റര്‍ കളികള്‍ വീക്ഷിച്ചിരുന്നത് ശീതളമായ ഈ രത്‌നങ്ങളില്‍ കൂടിയായിരുന്നു. മുസ്‌ളീം മതക്കാരുടെ ഇഷ്ട നിറം വസന്തകാല നിറമായ പച്ചയാണ്. ഇന്‍ഡ്യ ഭരിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തിമാര്‍ മരതകരത്‌നത്തിന്റെ ആരാധകരായിരുന്നു.ലോകത്ത് കണ്ടെത്തിയിട്ടുള്ള തൂക്കം കൂടിയ മരതകം (217.8കാരറ്റ് ) രത്‌നത്തിന്റെ ഉടമ ഔറങ്ങസേബ് ചക്രവര്‍ത്തിയായിരുന്നു. അത് പില്‍ക്കാലത്ത് ഇംഗ്‌ളീഷുകാര്‍ കൊണ്ടുപോവുകയും 2001- ല്‍ ലണ്ടനില്‍ നടന്ന ഒരുലേലത്തില്‍ 2.2 മില്യന്‍ ഡോളറിനാണ് അത് വിറ്റു പോയത്.

മരതകത്തിന്റെ ശാസ്ത്രീയവശം

പ്രധാന രത്‌നങ്ങളില്‍ വച്ചേറ്റവും കാഠിന്യം കുറഞ്ഞ രത്‌നങ്ങളാണ് ഇവ. ഇവയുടെ കാഠിന്യം 7.5 - 8.0 ആയിരിക്കും. അതിനാല്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ബെറീലിയത്തിന്റെയും അലുമിനിയത്തിന്റെയും സിലിക്കേറ്റാണ് ഇവയില്‍ അടങ്ങിയിട്ടുള്ള ധാതു. കൊളംബിയന്‍ ഖനികളില്‍ നിന്നും ലഭിക്കുന്നവയാണ് ഏറ്റവും മനോഹരം. കൂടാതെ ആസ്‌ത്രേലിയ, ബ്രസീല്‍ , നോര്‍വ്വേ, റഷ്യ എന്നീ സ്ഥലങ്ങളില്‍ മരതകം കൂടുതലായി കാണപ്പെടുന്നു. മരതകം പച്ചയുടെ പല വകഭേദങ്ങളില്‍ ലഭ്യമാണ്. കടും പച്ച, ഇളം പച്ച, കിളി പച്ച തുടങ്ങിയ നിറങ്ങളിലും ലഭിക്കും. ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്.

ശുദ്ധ മരതകരത്‌നം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു

മരതകം സൂര്യപ്രകാശത്തിന് താഴെ പിടിച്ചാല്‍ ഭൂമിയില്‍ പച്ചനിറം വ്യാപിക്കുന്നതായി കാണാം. മരതകത്തെ നിര്‍മ്മലമായ വെള്ള വസ്ത്രത്തില്‍ വെച്ചാല്‍ വസ്ത്രത്തില്‍ പച്ചനിറം പകരുന്നതായി തോന്നും. ശുദ്ധ മരതകത്തെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നാല്‍ നേത്രങ്ങള്‍ക്ക് തിളക്കം കൂടുന്നതായിതോന്നും. കൂടാതെ കൈയിലെടുത്താല്‍ ഭാരക്കുറവും ഭംഗിയും അനുഭവപ്പെടും. കൃത്രിമ രത്‌നം നേത്രങ്ങളില്‍ വച്ചാല്‍ ചൂട് അനുഭവപ്പെടും, ആകാശത്തിലേക്ക് നോക്കിയാല്‍ ആകാശത്തിന്റെ നിറം മാറുന്നതായി കാണാന്‍കഴിയും. കൂടാതെ ഭാരക്കൂടുതലും അനുഭവപ്പെടും. ശുദ്ധമരതകത്തേക്കാള്‍ കൃത്രിമത്തിനു തിളക്കം കൂടുതലായിരിക്കും. കൂടാതെ ശോഭ മങ്ങിയവ, പുകയടഞ്ഞവയായിതോന്നുന്നവ, മലിനമായികാണുന്നവ, മുറിപ്പാടുകാണുന്നവ, രണ്ടുനിറം ഉള്ളതായി തോന്നുന്നവ, കുഴിവ്കാണുന്നവ തുടങ്ങിയവയെല്ലാം ദോഷയുക്തമായ രത്‌നങ്ങളാണ്. ഇവ ധരിച്ചാല്‍ ഫലംലഭിക്കില്ലെന്ന് മാത്രമല്ല ,ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

കൃത്രിമകല്ലുകള്‍

കൃത്രിമ മരതകം ഇന്നു സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോയെന്ന് വ്യാപാരികള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയില്ല. പൊതുവേ വിലകൂടിയ രത്‌നമാണ് മരതകം. അതിനാല്‍ തന്നെ അതിന്റെ കൃത്രിമകല്ലുകളും ധാരാളമായി മാര്‍ക്കറ്റില്‍ സുലഭമാണ്. പച്ചഗ്‌ളാസ്സ് കൊണ്ട് അതിവിദഗ്ദമായി നിര്‍മ്മിച്ച കല്ലുകള്‍ ലഭ്യമാണ് . തമിഴ് നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്തു നിന്നും ഖനനം ചെയ്‌തെടുക്കുന്ന പ്രത്യേകതരം വില കുറഞ്ഞ പച്ചക്കല്ലുകള്‍ മരതകം എന്ന പേരില്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്നുണ്ട് . ഉപരത്‌നമായ പച്ച ഒണിക്‌സ്, സിട്രിന്‍ ക്വാര്‍ട്ട്സ് തുടങ്ങിയ രത്‌നങ്ങളും ചിലവ്യാപാരികള്‍ അറിയാതെയോ അറിഞ്ഞുകൊണ്ടോ മരതകം എന്ന പേരില്‍ വില്‍ക്കുന്നുണ്ട്. അതിനാല്‍ വളരെ വിശ്വസനീയമായ സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം രത്‌നം/കല്ല് വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോ എന്നും ഉറപ്പുവരുത്തണം. കൂടാതെ ഗവ.സര്‍ട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്‌നം തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം. വ്യാജ രത്‌നം ധരിച്ചാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും. തിരുവനന്തപുരത്ത് കേശവദാസപുരത്ത് കേരളസര്‍ക്കാരിന്റെ ജിയോളജിക്കല്‍ വകുപ്പ്സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്‌നക്കല്‍ രാസപരിശോധനശാലയില്‍ കല്ല്‌ പരിശോധിച്ച് അതിന് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട് . രത്‌നം ധരിച്ചിട്ടുള്ളവര്‍ക്കും അവിടെ പോയി ധരിച്ചിരിക്കുന്ന രത്‌നം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയാന്‍ കഴിയും.

മരതകത്തിന്റെ സ്വാധീനം

വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണങ്ങള്‍ പറയുത്. അസുര രാജാവിന്റെ പിത്തനീരും പിത്താശയവുമാണ് മരതകക്കല്ലുകളായി മാറിയത്. അതിനാല്‍മൂത്രത്തില്‍ കല്ല്‌ , അര്‍ശ്ശസ്സ്, ജ്വരം, മൂത്രാശയരോഗങ്ങള്‍, തലവേദന, ചുമ, പിത്തജ്വരം, ഗ്രഹണീദോഷം, നാഡീരോഗം, അപസ്മാരം തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ മരതകകല്ല് ധരിക്കുത് ഉത്തമമായിരിക്കും.

ബുദ്ധി, വിദ്യ, കച്ചവടം എന്നിവയുടെ കാരകനായ ബുധന്റെ കല്ലാണ് മരതകം. അതിനാല്‍ ഒരാളെ ബുദ്ധിമാനും പണ്ഡിതനും മിടുക്കനുമാക്കുന്നതില്‍ മരതകത്തിന് കഴിവുണ്ട് . കൂടാതെ ഭാവനാശക്തി, വിദ്യാഭ്യാസം, മനോധൈര്യം, മനസമാധാനം, ഇണയെ വശീകരിക്കല്‍, ഓര്‍മ്മശക്തി, രോഗപ്രതിരോധശക്തി, ആരോഗ്യവും യൗവനവും കാത്തു സൂക്ഷിക്കല്‍, നല്ല കാഴചശക്തി, വിഷജന്തുക്കളില്‍ നിന്നും രക്ഷ, സന്താനഭാഗ്യം, പ്രേതബാധയില്‍ നിന്നും രക്ഷ, കമ്മ്യൂ ണിക്കേഷനുള്ള കഴിവ്, സമൂഹത്തില്‍ മാന്യതയും അംഗീകാരവും തുടങ്ങിയവയ്ക്കും മരതകം ധരിക്കുത് ഗുണം ചെയ്യും.

വിവിധലഗ്നക്കാര്‍ക്ക് മരതകം

എല്ലാ ലഗ്നക്കാര്‍ക്കും മരതകം ഗുണംചെയ്യില്ല . ജാതകത്തില്‍ ബുധന്‍ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല്‌ ധരിക്കാന്‍ പാടില്ല . ധരിച്ചാല്‍ വിപരീതഫലങ്ങളാകും ഉണ്ടാവുക. എടവം, മിഥുനം, കന്നി, തുലാം, മകരം എന്നീ ലഗ്നങ്ങളിലും രാശികളിലും ജനിച്ചവര്‍ക്ക് ഈ കല്ല്‌ വളരെ ഗുണം ചെയ്യും.

ശുക്രന്റെ രത്‌നമായ വജ്രം/വെള്ള സിര്‍ക്കോണ്‍/വെള്ള പുഷ്യരാഗം, ശനിയുടെ രത്‌നമായ ഇന്ദ്രനീലം എന്നിവ മരതകത്തിന്റെ കൂടെ ധരിക്കാവുതാണ്. മറ്റു രത്നങ്ങള്‍ പ്രത്യേകിച്ചും പവിഴം, മുത്ത്,മഞ്ഞപുഷ്യരാഗം എന്നിവ മരതകത്തോടൊപ്പം ധരിക്കാന്‍പാടുള്ളതല്ല. മരതകം മോതിരമായി വലതോ ഇടതോ കൈയ്യിലെ നടു / ചെറു വിരലിലോ,ലോക്കറ്റായോ ധരിക്കാവുതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മരതകത്തിന്റെ ലോഹം സ്വര്‍ണവും വെള്ളിയും ആണ്. ആദ്യമായി ധരിക്കുമ്പോള്‍ ബുധനാഴ്ച രാവിലെ ബുധന്റെ കാലഹോരയില്‍ ധരിക്കുതാണ് ഉത്തമം (ഉദിച്ച് ഒരുമണിക്കൂറീനകം). മരതകം തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ബുധന് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 1.5-2.00 കാരറ്റ് മതിയാകും. ബുധന് ബലംകുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. എന്തായാലും 4 കാരറ്റിനു മുകളില്‍ വേണ്ടിവരില്ല. കഴിയുന്നതും 1.5 കാരറ്റിനു താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല. മരതകം പൊതുവേ വില കൂടിയ രത്‌നമാണ്. അത് വാങ്ങി ധരിക്കാന്‍ കഴിയാത്തവര്‍, കുട്ടികള്‍ തുടങ്ങിയവര്‍ അക്വാമറൈന്‍, ജേഡ് , പെരിഡോട്ട് ,സിട്രിന്‍ ക്വാര്‍ട്ട്സ് തുടങ്ങിയ ഉപരത്‌നങ്ങള്‍ധരിക്കാം. പല ഉപരത്‌നങ്ങളും പ്രധാന രത്‌നങ്ങളെപോലെ ഫലം തരുന്നവയാണ്. തൂക്കം കൂടിയവ ധരിക്കാന്‍ ശ്രദ്ധിക്കുക.

'ജ്യോതിഷ ആചാര്യ' ശിവറാംബാബുകുമാര്‍ ആസ്‌ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്. ഇന്റര്‍നാഷണല്‍ പ്‌ളാനറ്ററി ജെമ്മോളജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്‌നശാസ്ത്രത്തിലും ഡിപ്‌ളോമോ നേടിയിട്ടുണ്ട്. കൂടാതെ ''നവരത്‌നവിശേഷങ്ങള്‍'' എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories