ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യ വര്‍ദ്ദനവിനും പവിഴം


ഊര്‍ജ്ജസ്വലതയ്ക്കും ആരോഗ്യ വര്‍ദ്ദനവിനും പവിഴം

നവരത്‌നങ്ങളില്‍ ശീതളമായ പവിഴം ചൊവ്വയുടെ രത്‌നമായാണ് അറിയപ്പെടുന്നത്. നവരത്‌ന മോതിരത്തില്‍ പവിഴം തെക്ക് ഭാഗത്താണ് വരുന്നത്. ഇതിന് സംസ്‌കൃതത്തില്‍ പ്രവാളക്, ഭൗമരത്‌നം, അംഗാരക മണി തുടങ്ങിയ പേരുകളുണ്ട്. ഹിന്ദിയില്‍ മൂംഗായെന്നും പറയപ്പെടുന്നു.

ക്രിസ്തുവിന് മുമ്പ്, പൗരാണിക കാലം മുതല്‍ റോം, ഗ്രീക്ക് എന്നിവടങ്ങളിലെ ജനങ്ങള്‍ പവിഴം ധരിച്ചിരുന്നതായി ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. പവിഴം ധരിച്ചാല്‍ പ്രകൃതി ദുരന്തങ്ങള്‍ , ഭൂതപ്രേതപിശാചുക്കള്‍ തുടങ്ങിയവയുടെ ആക്രമണം ഉണ്ടാകില്ല എന്നു വിശ്വസിച്ചിരുന്നു. ധൈര്യത്തിന്റെയും യുദ്ധത്തിന്റെയും കാരകനായ ചൊവ്വയുടെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി സൈനികരും ഈ രത്‌നത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. കൂടാതെ ഇത് ധരിച്ചാല്‍ കുട്ടികള്‍ മിടുക്കരായി വളരും എന്ന് ധരിച്ചിരുന്നതു കൊണ്ടാകാം പല വലിയ കുടുംബങ്ങളിലും കുട്ടികള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളില്‍ പവിഴം കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നത്. ബുദ്ധമതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഏഴു നിധികളില്‍ ഒന്നായി പവിഴത്തെ പരാമര്‍ശിക്കുന്നുണ്ട്.

പവിഴത്തിന്റെ ശാസ്ത്രീയവശം
സമുദ്രത്തിന്റെ അടിത്തട്ടില്‍ അയിസിസ് നൊബാഇന്‍സ് എന്ന ജീവി തനിക്ക് താമസിക്കുന്നതിന് വേണ്ടി പാറയില്‍ ഉണ്ടാക്കുന്ന പുറ്റാണ് പവിഴപ്പുറ്റ്. സമുദ്രത്തിലെ തേനീച്ചയാണ് ഈ ജീവി എന്ന് പറയാം. കാരണം തങ്ങളുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്ന ഒരു തരം പശ കൊണ്ടാണ് ഇവ പുറ്റ് ഉണ്ടാക്കുന്നത്. ഈ വീടുകള്‍ ഇലയില്ലാത്ത ഒരു തരം വള്ളികള്‍ പോലെ പടര്‍ന്ന് പന്തലിക്കുന്നു. ഇവയ്ക്ക് സാധാരണ ഒരടി പൊക്കവും ഒരിഞ്ച് ഘനവും ഉണ്ടാകും. ഇതില്‍ തേനീച്ച കൂട്ടിലെ അറകള്‍ പോലെ കാണുന്ന അറകളിലാണ് ഈ ജന്തുക്കള്‍ താമസിക്കുന്നത്. സമുദ്രത്തിനടിയിലുള്ള ഓരോ പാറയിലും ഇതുപോലെ അനേകം പവിഴപ്പുറ്റുകള്‍ ഉണ്ടാകും. ഈ പുറ്റുകളെ യന്ത്രസഹായത്തോടെ വിവിധ ആകൃതികളില്‍ മുറിച്ചെടുത്ത് ചെത്തി മിനുക്കിയാണ് പവിഴം രത്‌നമുണ്ടാക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കെമിക്കല്‍സ് കാല്‍സിയം കാര്‍ബനേറ്റ് ആണ്. സമുദ്രത്തിന്റെ നിറഭേദമനുസരിച്ച് പല നിറത്തിലുമുള്ള പവിഴങ്ങള്‍ ലഭ്യമാണ്. എങ്കിലും കൂടുതലായി ലഭിക്കുന്നത് ചുമപ്പ്, കുങ്കുമചുവപ്പ്, കാവിചുവപ്പ്, വെള്ള, പിങ്ക് എന്നീ നിറങ്ങളാണ്. എല്ലാ സമുദ്രങ്ങളിലും ഇവ ലഭ്യമല്ല. മെഡിറ്റെറേനിയന്‍ , ഇന്‍ഡ്യന്‍ സമുദ്രങ്ങളിലെ പവിഴങ്ങള്‍ നല്ല ആകൃതിയുള്ളവയാണ്. ചൈന, ഇന്‍ഡോചൈന, ഫിലിപ്പൈന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ തീരങ്ങളില്‍ നിന്നും ലഭിക്കുന്നവയ്ക്ക് വീതി കുറവായിരിക്കും. ജപ്പാന്‍ തീരങ്ങളില്‍ നിന്നും ലഭിക്കുന്നവ കൂടുതല്‍ മനോഹരങ്ങളാണ്. അവയ്ക്ക് വീതിയും ആകൃതിയും കൂടുതലായിരിക്കും.

ശുദ്ധപവിഴം തിരിച്ചറിയാനുള്ള ചില ലക്ഷണങ്ങള്‍ താഴെ പറയുന്നു.
കൃത്രിമപവിഴത്തിന് സാധാരണ പവിഴത്തേക്കാള്‍ ഭാരം കൂടുതലായിരിക്കും. ശുദ്ധപവിഴത്തെ തറയില്‍ ഉരച്ചാല്‍ കണ്ണാടിയില്‍ ഉരയ്ക്കുന്നതു പോലെയുള്ള ശബ്ദം പുറപ്പെടുവിക്കും. ശുദ്ധമായ പവിഴത്തെ പശുവിന്‍ പാലിലിട്ടാല്‍ ചുവന്ന നിറത്തിലുള്ള പാട പോലെ കാണും. കൃത്രിമ പവിഴമെങ്കില്‍ യാതൊരു മാറ്റവും കാണാന്‍ കഴിയില്ല. ഇരുനിറമുള്ളവ, പൊട്ടലുള്ളവ, കുഴിയുള്ളവ, വെളുത്തതോ കറുത്തതോ ആയ പുള്ളികള്‍ , പുഴു അരിച്ചത് പോലുള്ളവ, കീറലുള്ളവ, അവിടവിടെ ദ്വാരമുള്ളവ, അരക്കിന്റെ നിറമുള്ളവ തുടങ്ങിയവയെല്ലാം ദോഷയുക്തങ്ങളായ രത്‌നങ്ങളാണ്.

അതിനാല്‍ വളരെ വിശ്വസിക്കാവുന്ന സ്ഥലങ്ങളില്‍ അഥവാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പവിഴം വാങ്ങുക. രത്‌നത്തിന് നിര്‍ദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്നും ഉറപ്പു വരുത്തണം. ഇവിടെ ലഭിക്കുന്ന പവിഴം നല്ലതാണോ അല്ലയോ എന്ന് അറിയാന്‍ കേരളത്തില്‍ രാസപരിശോധനശാലകള്‍ ഇല്ല. കരയില്‍ ഖനനം ചെയ്തു ലഭിക്കുന്ന ധാതുക്കളുടെ പരിശോധനക്കുള്ള ലാബുകള്‍ മാത്രമേ കേരളത്തില്‍ ഉള്ളൂ. മറ്റു രത്‌നങ്ങളെ അപേക്ഷിച്ച് വില കുറവായതുകൊണ്ട് കൃത്രിമ കല്ലുകളായിരിക്കില്ല ഇവിടെ ലഭിക്കുന്നതെന്ന് സമാധാനിക്കാനേ കഴിയുകയുള്ളൂ.

നിങ്ങളുടെ ഭാഗ്യ രത്നമേത് ?
ജാതകത്തിലെ ഗ്രഹസ്ഥാനങ്ങളും, യോഗ ദൃഷ്ടികളും അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭാഗ്യ രത്നം നിര്‍ദ്ദേശിക്കുന്നു

പവിഴത്തിന്റെ സ്വാധീനം
ചൊവ്വ ആഗ്നേയഗ്രഹമാണ്. അതിന് ആചാര്യന്‍ കൊടുത്തിട്ടുള്ളത് യമന്റെ ദിക്കായ തെക്കാണ്. കൂടാതെ നിറം ചുവപ്പും. കാരകത്വം ശ്രദ്ധിക്കൂ. അഗ്നികൊണ്ട് തേജസ്സ്, ധൈര്യം എന്നിവയും യമന്‍ വന്നതിനാല്‍ മരണവും, ചുവപ്പ് വന്നതിനാല്‍ രക്തവും. അതിനാല്‍ അഗ്നിയില്‍ നിന്നും അപകടങ്ങളില്‍ നിന്നു രക്ഷപ്പെടുവാനും അപകടങ്ങള്‍ വരുന്നത് മുന്‍കൂട്ടി കണ്ട് അതില്‍ നിന്നും ഒഴിവാകാനും ചെമന്ന പവിഴം ധരിച്ചാല്‍ കഴിയുന്നതാണ്.

വലാസുരന്‍ എന്ന അസുരന്റെ ശരീരഭാഗങ്ങളില്‍ നിന്നാണ് രത്‌നങ്ങള്‍ ഉണ്ടായതെന്നാണ് പുരാണം പറയുന്നത്. അസുരരാജാവിന്റെ ശരീരത്തില്‍ നിന്നും അടര്‍ന്നു വീണ മാംസങ്ങളാണ് ചെമന്ന പവിഴങ്ങളായി മാറിയത്. മനുഷ്യന്റെ സൗന്ദര്യവും ആരോഗ്യവും ശരീരപ്രകൃതിയിലാണ് കൂടുതലായും ദൃശ്യമായിരിക്കുന്നത്. അതിനാല്‍ സൗന്ദര്യ വര്‍ദ്ധനവിനും ശരീരശോഭയ്ക്കും ആരോഗ്യത്തിനും ചൊവ്വക്കും പവിഴത്തിനും ഒരേപോലെ പ്രാധാന്യമുണ്ട്. കൂടാതെ ചൊവ്വയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ - ചിക്കണ്‍ പോക്‌സ്, മസൂരി തുടങ്ങിയ അസുഖങ്ങള്‍ , ആര്‍ത്തവരോഗങ്ങള്‍ , ലൈംഗീകശേഷിക്കുറവ്, രക്തം സംബന്ധമായവ, അപകടങ്ങളാല്‍ ഉണ്ടാകുന്ന മുറിവ്, ചതവ് തുടങ്ങിയവ, നേത്രരോഗങ്ങള്‍ , തലയക്കുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവയ്ക്കും പവിഴം ധരിച്ചാല്‍ ശമനമുണ്ടാകും. ആലസ്യം മാറി ഉന്‍മേഷവും ധൈര്യവും വരും. ചുഴലി, ഹൃദ്രോഗം മുതലായവയെ തടയാനും ഇത് നല്ലതാണ്.

പെണ്‍കുട്ടികള്‍ക്ക് വേഗം വിവാഹം നടക്കുവാന്‍ , ചുറുചുറുക്ക് ഉണ്ടാവാന്‍ , ആരോഗ്യവര്‍ദ്ധനവ്, ലൈംഗീക ഉത്തേജനം, ധൈര്യം, വീര്യം, ഉന്‍മേഷം, പേടി മാറാന്‍ , ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയം, അപകടങ്ങളില്‍ പെടാതിരിക്കാന്‍ , രക്തശുദ്ധി, അന്തസ്സ്, ആഭിജാത്യം, ദീര്‍ഘായുസ്സ്, കായികവിനോദങ്ങള്‍ , സാഹസിക കാര്യങ്ങള്‍ , കിടുംബസമാധാനം തുടങ്ങി പല കാര്യങ്ങള്‍ക്കും പവിഴം ധരിക്കുന്നത് ഉത്തമമാണ്. ഒരു വീട്ടില്‍ പവിഴം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവിടെ ഭൂതപ്രേതാദികളുടെ ബാധ ഉണ്ടാവുകില്ലെന്ന് പറയപ്പെടുന്നു. ഗര്‍ഭിണിയുടെ വയറ്റില്‍ പവിഴം ബന്ധിച്ചാല്‍ സുഖപ്രസവം നടക്കുമെന്ന് പറയുന്നു. പവിഴം ധരിച്ചാല്‍ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുപോലും രക്ഷപ്പെടാമെന്ന് പണ്ടു കാലത്ത് വിശ്വസിച്ചിരുന്നു.

വിവിധ ലഗ്നക്കാര്‍ക്ക് പവിഴം
എല്ലാ ലഗ്നക്കാര്‍ക്കും പവിഴം ഗുണം ചെയ്യില്ല. ജാതകത്തില്‍ ചൊവ്വ അനുകൂല ഭാവാധിപന്‍ അല്ലെങ്കില്‍ ഈ കല്ല് ധരിക്കാന്‍ പാടില്ല. ധരിച്ചാല്‍ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാല്‍ താഴെ പറയുന്ന ലഗ്നങ്ങളില്‍ ജനിച്ചവര്‍ മാത്രം പവിഴം ധരിക്കുക.

മേടം - ചൊവ്വയുടെ സ്വന്തം ഗ്രഹമാണ് മേടം. അതിനാല്‍ പവിഴം ധരിച്ചാല്‍ ആരോഗ്യം, ദീര്‍ഘായുസ്സ്, സദ് വിചാരങ്ങള്‍ , ഭൗതിക സമ്പത്ത്, സൗന്ദര്യം, നല്ല പെരുമാറ്റം, മനസമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃത്വം , അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുക മുതലായവ അനുഭവപ്പെടും.

കര്‍ക്കിടകം - കര്‍ക്കിടകത്തിന്റെ അധിപനായ ചന്ദ്രനും ചൊവ്വയും ബന്ധുക്കളായതിനാല്‍ ഇവര്‍ പവിഴം ധരിക്കുന്നത് വളരെ നല്ലതാണ്. സന്താനലബ്ദി, സന്താനഗുണം, കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയം, സ്‌പോര്‍ട്ട്‌സില്‍ വിജയം, തൊഴില്‍ഗുണം, അന്തസ്സ്, ബുദ്ധിവികാസം, ഭാഗ്യോദയം, ഊഹക്കച്ചവടങ്ങളില്‍ വിജയം ഇവ ഫലമാകുന്നു.

ചിങ്ങം - ചിങ്ങത്തിന്റെ അധിപന്‍ രവിയും ചൊവ്വയും മിത്രങ്ങളാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം, സ്‌പോര്‍ട്ടില്‍ വിജയം, എന്‍ട്രന്‍സ് പരീക്ഷകളില്‍ വിജയം, സാങ്കേതിത അഭിരുചി, ഭാഗ്യം, നല്ല വീട് സ്ഥലം എന്നിവ, വിദേശയാത്ര, തൊഴില്‍ ഉയര്‍ച്ച, ചുറുചുറുക്ക്, ഭരണനൈപുണ്യം, ആത്മവിശ്വാസം എന്നിവ ഫലമാകും.

വൃശ്ചികം - വൃശ്ചികം രാശിയുടെ അധിപന്‍ ചൊവ്വയാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ ആരോഗ്യം, ദീര്‍ഘായുസ്സ്, സദ് വിചാരങ്ങള്‍, ഭൗതിക സമ്പത്ത്, സൗന്ദര്യം, നല്ല പെരുമാറ്റം, മനസമാധാനം, ക്ഷമ, ചുറുചുറുക്ക്, നേതൃതം, അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുക, ഗവേഷണ തല്പരത, ക്ഷമ, വശീകരണശ്ശക്തി മുതലായവ അനുഭവപ്പെടും.

ധനു - ധനുവിന്റെ അധിപന്‍ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ്. അതിനാല്‍ പവിഴം ധരിച്ചാല്‍ സന്താനാനുകൂല്യം, ബുദ്ധിവികാസം, ശരീരബലം, ആരോഗ്യം, വിദേശയാത്ര, ഊഹക്കച്ചവടങ്ങളില്‍ വിജയം എന്നിവ ഫലം.

മീനം - മീനം രാശിയുടെ അധിപന്‍ വ്യാഴവും ചൊവ്വയും മിത്രങ്ങളാണ് കൂടാതെ ചൊവ്വ ഭാഗ്യാധിപനുമാണ്. ഭാഗ്യവര്‍ദ്ധനവ്, സന്താനഗുണം, വിദേശയാത്ര, ഉയര്‍ന്ന വിദ്യാഭ്യാസം, നല്ല ഭാവനാശ്ശക്തി, തൊഴില്‍ ഉയര്‍ച്ച എന്നിവ ഫലമാകുന്നു.

രത്‌നത്തിന്റെ തൂക്കം, ധരിക്കേണ്ട സമയം, ലോഹം, വിരല്‍
വ്യാഴന്റെ രത്‌നമായ മഞ്ഞപുഷ്യരാഗം, രവിയുടെ രത്‌നമായ മാണിക്യം, ചന്ദ്രന്റെ രത്‌നമായ മുത്ത് എന്നിവ പവിഴത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്‌നങ്ങള്‍ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ പവിഴത്തോടൊപ്പം ധരിക്കാന്‍ പാടുള്ളതല്ല. പവിഴം മോതിരമായി വലതോ ഇടതോ കൈയ്യിലെ മോതിരവിരലിലോ, ലോക്കറ്റായോ ധരിക്കാവുന്നതാണ്. ഓരോ രത്‌നങ്ങള്‍ക്കും പ്രത്യേക ലോഹങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വയുടെ ലോഹം വെള്ളി ആണ്. എങ്കിലും സ്വര്‍ണവും ധരിക്കാം. ആദ്യമായി ധരിക്കുമ്പോള്‍ ചൊവ്വാഴ്ച രാവിലെ ചൊവ്വയുടെ കാലഹോരയില്‍ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറീനകം).

രത്‌നത്തിന്റെ തൂക്കം - പവിഴത്തിന് തൂക്കം അഥവാ കാരറ്റ് കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലര്‍ക്ക് ജാതകത്തില്‍ ചൊവ്വയ്ക്ക് ആവശ്യത്തിന് ബലം ഉണ്ടെങ്കില്‍ 2.00 കാരറ്റ് തൂക്കമുള്ള പവിഴം ധരിച്ചാല്‍ മതിയാകും. ചൊവ്വയ്ക്ക് ബലം കുറയുന്തോറും കാരറ്റ് വര്‍ദ്ധിപ്പിക്കണം. കഴിയുന്നതും 1.5 കാരറ്റിന് താഴെയുള്ള രത്‌നം ധരിച്ചിട്ട് കാര്യമില്ല. ആര്‍ത്തവ സംബന്ധമായ അസുഖങ്ങളുള്ള സ്ത്രീകള്‍ക്ക് വെള്ള പവിഴം ധരിക്കുന്നത് വളരെ ഗുണം ചെയ്യുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

ഉപരത്‌നങ്ങള്‍
മറ്റ് രത്‌നങ്ങളെ അപേക്ഷിച്ച് പൊതുവേ വില കുറഞ്ഞവയാണ് പവിഴം. അതുകൊണ്ട് തന്നെ പവിഴത്തിന്റെ ഉപരത്‌നങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. കോര്‍ണിലിയം, റെഡ് ജാസ്പര്‍ , ബ്‌ളഡ്‌സ്റ്റോണ്‍ , ആംബര്‍ എന്നിവയാണ് പവിഴത്തിന്റെ ഉപരത്‌നങ്ങള്‍. അവ നമ്മുടെ മാര്‍ക്കറ്റില്‍ അത്ര സുലഭവുമല്ല.

'ജ്യോതിഷ ആചാര്യ' ശിവറാം ബാബു കുമാര്‍ അസ്‌ട്രോവിഷന്‍ എന്ന ജ്യോതിഷസ്ഥാപനത്തിലെ ഗവേഷകനും ഉപദേഷ്ടാവുമാണ്. ഇന്റര്‍ നാഷണല്‍ പ്‌ളാനറ്ററി ജെമ്മോളജിസ്റ്റ് അസ്സോസിയേഷനില്‍ മെമ്പറായ ലേഖകന്‍ രത്‌നശാസ്ത്രത്തിലും ഡിപ്‌ളോമോ നേടിയിട്ടുണ്ട്. കൂടാതെ ''നവരത്‌നവിശേഷങ്ങള്‍ '' എന്ന ഒരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

Consult Sivaram Babukumar >>

ശിവറാം ബാബുകുമാര്‍
പ്രശാന്തി ,
നെടുമ്പ്രം ലെയിന്‍ ,
പേരൂര്‍ക്കട,
തിരുവനന്തപുരം
ഫോണ്‍ :- 0471 2430207, 98471 87116.
Email:jrastroservices@gmail.com,sivarambabu@hotmail.com

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories