രത്നങ്ങളിൽ വച്ചേറ്റവും കാഠിന്യമേറിയത് വജ്രമാണ്. അത് കഴിഞ്ഞാൽ കാഠിന്യം കൂടിയത് കൊറണ്ടം കുടുംബത്തിൽ വരുന്ന രത്നങ്ങളാണ്. കൊറണ്ടം കുടുംബത്തിൽപ്പെടുന്നവയാണ് മാണിക്യം അഥവാ റൂബി, പിങ്ക് പുഷ്യരാഗം അഥവാ സഫയർ (Pink Sapphire) തുടങ്ങിയ രത്നങ്ങൾ. കൊറണ്ടത്തിൽ ചുവന്ന നിറമുള്ളവയെ മാണിക്യം എന്നും പിങ്ക് നിറമുള്ളവയെ പിങ്ക് സഫയർ അഥവാ പിങ്ക് പുഷ്യരാഗം, മഞ്ഞയെ മഞ്ഞപുഷ്യരാഗമെന്നും (Yellow Sapphire), നീലയെ ഇന്ദ്രനീല മെന്നും (Blue Sapphire), വെള്ളയെ വെള്ള പുഷ്യരാഗമെന്നും (White Sapphire) അറിയപ്പെടുന്നു. ഇവയെല്ലാം ഒരു കുടുംബത്തിലെ രത്നങ്ങളാണ്. ഓക്സൈഡ് കലർന്നവയാണ് കൊറണ്ടം കല്ലുകൾ. അതിൽ അലുമിനിയം ഓക്സൈഡും ക്രോമിയവും കൂടുതൽ കലർന്നതിനാലാണ് ഇവയ്ക്ക് ചുവപ്പ്, റോസ്, പിങ്ക് എന്നീ മനോഹരങ്ങളായ നിറങ്ങൾ വരുവാൻ കാരണം. ഈ രത്നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ബ്ർമ്മ, ശ്രീലങ്ക , മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങ ളിലെ ഖനികളിൽ നിന്നാണ് വളരെ നല്ല പിങ്ക് പുഷ്യരാഗങ്ങൾ ലഭിക്കുന്നത്. ഇളം പിങ്ക്, കടും പിങ്ക് എന്നീ നിറങ്ങളിൽ ഇവ ലഭ്യമാണ്. കൃത്രിമ പിങ്ക് ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. അവ കൃത്രിമമാണോ യെന്ന് വ്യാപാരികൾക്ക് പോലും തിരിച്ചറിയാൻ കഴിയില്ല.
കൃതിമക്കല്ലുകൾ
ഇന്ന് കമ്പോളങ്ങളിൽ ലഭിക്കുന്ന രത്നങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ കൃത്രിമക്കല്ലുകൾ കണ്ടുവരുന്നത് റൂബിയിലും പിങ്ക് സഫയറിലും ഇന്ദ്രനീലക്കല്ലുകളിലുമാണ്. പെട്ടെന്ന് പ്രതികരിക്കുന്ന രത്നമാണ് റൂബി. പലരും പറഞ്ഞ് കേട്ടിട്ടുള്ള ഒരു വസ്തുതയാണ് റൂബി ധരിച്ച ശേഷം അവർക്ക് അപകടങ്ങളും പല കഷ്ട നഷ്ടങ്ങളും ഉണ്ടായിട്ടുണ്ടെന്നത്. ഇന്ന് പല ജ്യോതിഷികളും ഭയപ്പാടോടെ നിർദ്ദേശിക്കുന്ന രത്നമാണ് റൂബി, ലേഖകൻ അതിനെ കുറിച്ച് പഠനം നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് അത് ജ്യോതിഷിയുടെ തെറ്റല്ല എന്നാണ്. കാരണം ഇന്ന് കമ്പോളത്തിൽ ലഭ്യമായിരിക്കുന്ന രത്നങ്ങൾ കൂടുതലും ഒന്നുകിൽ കൃത്രിമക്കല്ലുകൾ അല്ലെങ്കിൽ കൊറണ്ടം കല്ലുകളിൽ കൃത്രിമമായി നിറം കടത്തിയവ ആണ്. കൃത്രിമക്കല്ലുകൾ ശുദ്ധമായ കല്ലുകളേക്കാൾ കാണാൻ വളരെ ഭംഗിയുള്ളവയാണ്. ഇവ കച്ചവടക്കാർക്കും മനസ്സിലാക്കാൻ കഴിയില്ല. ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന റൂബി അഥവാ മാണിക്യ കല്ലുകളിലധികവും കൃതിമമാണ്. അത് ടെസ്റ്റ് ചെയ്താൽ മാത്രമേ അറിയാൻ കഴിയുള്ളു. എന്നാൽ അതിനു പകരം ശുദ്ധ മാണിക്യ കല്ലുകളെക്കാൾ സുലഭമായി ലഭിക്കുന്നവയാണ് പിങ്ക് സഫയർ. പക്ഷെ ടെസ്റ്റ് ചെയ്ത ശുദ്ധമാണെങ്കിൽ മാത്രം ധരിക്കുക. വില പൊതുവെ കൂടുതലാണ് എന്ന് മനസ്സിലാക്കണം. മാണിക്യക്കല്ലിന്റെ എല്ലാ ഗുണങ്ങളുമുള്ളവയാണ്.
വളരെ വിശ്യാസനീയമായ സ്ഥാപനങ്ങളിൽ നിന്ന് മാത്രം രത്നം വാങ്ങാൻ ശ്രദ്ധിക്കണം. അതിനു നിർദ്ദേശിച്ചിരിക്കുന്ന തൂക്കം ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. കൂടാതെ ഗവ: സർട്ടിഫിക്കറ്റ് സഹിതം ലഭിക്കുന്ന രത്നം തന്നെ ധരിക്കാൻ ശ്രദ്ധിക്കണം. വ്യാജ രത്നം ധരിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല എന്ന് മാത്രമല്ല, വിപരീത ഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. തിരുവനന്തപുരം കേശവദാസപുരത്തു കേരളം സർക്കാരിന്റേജിയോളജിക്കൽ വകുപ്പ് സ്ഥിതി ചെയ്യുന്നുണ്ട്. അവരുടെ രത്നക്കല്ലു പരിശോധന ശാലയിൽ കല്ല് പരിശോധിച്ച് ശുദ്ധമാണെങ്കിൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. രത്നം ധരിച്ചിട്ടുള്ളവർക്കും അവിടെ പോയി അവർ ധരിച്ചിരിക്കുന്ന രത്നം ശുദ്ധമാണോ എന്നറിയാൻ കഴിയും.
ഗ്രഹരാജാവായ സൂര്യന്റെ കല്ലാണ് റൂബി. അതിനാൽ ഒരാളെ രാജാവാക്കുന്നതിനും ഈ കല്ലിന് കഴിവുണ്ട് ഇന്ന് എന്തായാലും രാജാ വാകാൻ കഴിയില്ലല്ലോ. അതിനാൽ അധികാരം, സ്വാതന്ത്ര്യം, ഉദ്യോഗ സ്ഥർക്ക് തൊഴിൽക്കയറ്റം, കച്ചവടക്കാർക്ക് കൂടുതൽ ലാഭം, ആത്മ ധൈര്യം, മനശക്തി, അനാവശ്യഭയങ്ങൾ ഇല്ലാതാകൽ, സമൂഹത്തിൽ മാന്യത എന്നിവയും ഹൃദയത്തിനും അസ്ഥിയ്ക്കും നല്ല ബലവും ലഭിക്കും.
കൂടാതെ പിങ്ക് സഫയറിനു മാത്രമായി മറ്റു ചില പ്രത്യേക ഗുണങ്ങൾ പറയുന്നുണ്ട്. നമ്മുടെ മനസ്സിന്റെ ചില പ്രത്യേക അവസ്ഥകളെ നിയന്ത്രിക്കാൻ ഇവക്കു കഴിവുണ്ട്. ഡിപ്രെഷൻ, പെട്ടെന്ന് ഭാവം അഥവാ മൂഡ് പെട്ടെന്ന് മാറുക, ദേഷ്യം നിയന്ത്രിക്കുക ഇവക്കു ഈ രത്‌നം ധരിച്ചാൽ വലിയ പ്രയോജനം ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ ചില പ്രത്യേക ശക്തിയുമുണ്ടെന്നു പറയപ്പെടുന്നു. ബുദ്ധി വർദ്ധനവ്, മനസ്സ് നിയന്ത്രിക്കുന്നതിനോടൊപ്പം നമ്മളിൽ ഉറങ്ങി കിടക്കുന്ന കഴിവുകൾ പുറത്തു കൊണ്ടുവരാനും, അനാവശ്യ ചിന്തകളെ ഒഴിവാക്കുന്നതിനും സഹായകമാണ്.
വിവിധ ലഗ്നക്കാർക്ക് പിങ്ക് പുഷ്യരാഗം
എല്ലാ ലഗ്നക്കാർക്കും പിങ്ക് രത്‌നം ഗുണം ചെയ്യില്ല. ജാതകത്തിൽ രവി അനുകൂല ഭാവാധിപൻ അല്ലെങ്കിൽ ഈ കല്ല് ധരിക്കാൻ പാടില്ല. ധരിച്ചാൽ വിപരീത ഫലങ്ങളാകും ഉണ്ടാവുക. അതിനാൽ താഴെ പറയുന്ന ലഗ്നങ്ങളിൽ ജനിച്ചവർ മാത്രം ഇവ ധരിക്കുക.
മേടലഗ്നം - രവിയുടെ രാശിയായ ചിങ്ങം അഞ്ചാം ഭാവമായി വരികയാൽ മേടലഗ്നക്കാർ മാണിക്യം ധരിക്കുന്നത് ഉത്തമമാണ്. വിദ്യാഭ്യാസം, ബുദ്ധിശക്തി, ജ്യോതിഷം, വൈദ്യശാസ്ത്രം, സന്താനം, കലാപരമായ കഴിവുകൾ, പൊതുവായ ആരോഗ്യം, മാനസികമായ സന്തോഷവും സമാധാനവും, മാനസികമായ ആരോഗ്യം എന്നിവ പിങ്ക് രത്‌നം ധരിച്ചാൽ ലഭിക്കുന്നതാണ്.
ചിങ്ങലഗ്നം - രവിയുടെ സ്വന്തം രാശിയാണ് ചിങ്ങം, അതിനാൽ ഈ രാശി ലഗ്നമായി ജനിക്കുന്നവർ ഈ കല്ല് ധരിച്ചാൽ അന്തസ്സ്, യശസ്സ്, സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ കഴിയുക, സ്വന്തം ശ്ശക്തി തിരിച്ചറിയുക, പൊതുവായ ആരോഗ്യം, എന്നിവ വർദ്ധിക്കും.
വൃശ്ചിക ലഗ്നം - വൃശ്ചികത്തിന്റെ പത്താം രാശ്യാധിപനും കുജൻബന്ധുവുമാണ് രവി. അതിനാൽ പിങ്ക് രത്‌നം ധരിച്ചാൽ തൊഴിലിൽ ഉയർച്ച, അന്തസ്സ്, സമൂഹത്തിന്റെ നേതൃത്വം, അധികാര കേന്ദ്രങ്ങളിൽ സ്വാധീനം എന്നിവ വർദ്ധിക്കുന്നതാണ്.
ധനു ലഗ്നം - ധനുവിന്റെ ഒമ്പതാം രാശിയാണ് ചിങ്ങം, അതിനാൽ ഭാഗ്യം, ആത്മീയ ചിന്ത, സന്താനസൗഖ്യം, വിദേശയാത്ര എന്നീ ഫലങ്ങൾ ലഭിക്കും.
രത്നത്തിന്റെ തൂക്കം, ധരിക്കേണ്ട സമയം, ലോഹം, വിരൽ
ചൊവ്വയുടെ രത്നമായ പവിഴം, വ്യാഴന്റെ രത്നമായ മഞ്ഞപുഷ്യരാഗം എന്നിവ പിങ്ക് പുഷ്യരാഗം രത്‌നത്തിന്റെ കൂടെ ധരിക്കാവുന്നതാണ്. മറ്റു രത്നങ്ങൾ പ്രത്യേകിച്ചും വജ്രം, മരതകം, ഇന്ദ്രനീലം എന്നിവ ഇതോടൊപ്പം ധരിക്കാൻ പാടുള്ളതല്ല. പിങ്ക് പുഷ്യരാഗം മോതിരമായി വലതോ ഇടതോ കൈയ്യിലെ മോതിര വിരലിൽ ധരിക്കാവുന്നതാണ്. ഓരോ രത്നങ്ങൾക്കും പ്രത്യേക ലോഹങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പിങ്കിന്റെ ലോഹം സ്വർണ്ണം ആണ് ആദ്യമായി ധരിക്കുമ്പോൾ ഞായറാഴ്ച രാവിലെ സൂര്യൻ കാലഹോരയിൽ ധരിക്കുന്നതാണ് ഉത്തമം (ഉദിച്ച് ഒരു മണിക്കൂറിനകം).
രത്നത്തിന്റെ തൂക്കം അഥവാ കാരറ്റ് - കൂടുന്തോറും വിലയും കൂടും. എങ്കിലും ജ്യോതിഷിയുടെ നിർദ്ദേശമനുസരിച്ച് തൂക്കം നിജപ്പെടുത്തുക. ചിലർക്ക് ജാതകത്തിൽ രവിക്ക് ആവശ്യത്തിന് ബലം ഉണ്ടെങ്കിൽ 2 - 3 കാരറ്റ് പിങ്ക് ധരിച്ചാൽ മതിയാകും. രവിക്ക് ബലം കുറയുന്തോറും കാരറ്റ് വർദ്ധിപ്പിക്കണം. എന്തായാലും 4 കാരറ്റിന് മുകളിൽ വേണ്ടിവരില്ല. കഴിയുന്നതും 1.5 കാരറ്റിന് താഴെയുള്ള രത്നം ധരിച്ചിട്ട് കാര്യമില്ല.
ശിവറാം ബാബു കുമാർ
അസ്ട്രോളജർ & ജെമ്മോളജിസ്റ്റ്
Mob: 9847187116
Email: sivarambabukumar1955@gmail.com