ജ്യോതിഷം

P: +91 6366920680, E: support@clickastro.com
Track Order

മുത്ത്


Pearl

മാനസിക രോഗം മാറും, ദീര്‍ഘായുസ്സും, മനസ്സുഖവും പ്രശസ്തിയും ലഭിക്കും.

മുത്ത് അഥവാ മുക്താഫലം ചന്ദ്രഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. ഇവ വെളുപ്പ്, മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ ലഭിക്കും. ഇതില്‍ ഏറ്റവും ഉത്തമമായിട്ടുള്ളത് വെള്ളയും ചുവപ്പുമാണ്. ഉരുണ്ട മുത്തുകളാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. എന്നാല്‍ ഇവ ലഭിക്കുക ദുര്‍ലഭമാണ്. ലഭിച്ചാലും നാച്യുറല്‍ ആണോ എന്നറിയുവാന്‍ പ്രയാസമാണ്. ധാരാളം കള്‍ച്ചേട് പേള്‍സ് ഇന്ന് ലഭ്യമാണ്.

മുത്ത് ധരിച്ചാല്‍ മന:സുഖം ലഭിക്കും, അമ്മയില്‍ നിന്ന് സന്തോഷമുണ്ടാകും, വിദ്യാഭ്യാസത്തില്‍ ഉയര്‍ച്ചയും, വീട്, വാഹനം, ഭൂമി എന്നിവയുടെ ലാഭവും ഉണ്ടാകും. ചോതി നക്ഷത്രത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ കടലിലെ ചിപ്പികളില്‍ പതിക്കുമ്പോള്‍ അവ മുത്തുകളായി മാറുന്നു എന്ന് സങ്കല്‍പ്പം. ശീതളവും നിര്‍മ്മലവുമാണ് മുത്തുകള്‍ എന്ന്ബൃ ഹത്സംഹിതിയില്‍ പറയുന്നു. സിഹളം, പാലൌകികം, സൌരാഷ്ട്രം, താമ്രപര്‍ണ്ണി, പാരശവം, കൌബേരം, പാണ്യവാടകം, ഹൈമം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലാണ് ഇതിന്റെ ഖനികള്‍ ഉള്ളതെന്ന്!.

നല്ല തേജസ്സോടു കൂടി വെളുത്ത് വളരെ കനമുള്ള പാരശവം എന്നിടത്തും കാനം കുറഞ്ഞും തൈരിന്റെ കാന്തിയുള്ളവ ഹൈമദേശത്തും ഉള്ളവയാകുന്നു. ഇവശ്രേഷ്ടവും മഹത്തരവും ആണ്. കറുത്ത നിറമോ, വെള്ളയോ ആയി തേജസ്സുള്ളവ കൌബേര ദേശത്തും വേപ്പിന്റെ അരിപോലുള്ളവ പാണ്ഡ്യപാടത്തിലും ഉണ്ടാകുന്നു.

ഇതില്‍ അഗശിയുടെ പൂപോലെ ശ്യാമ വര്‍ണ്ണമായ മുത്ത് വിഷ്ണുദൈവതവും ചന്ദ്രനോട് തുല്യമായത് ഇന്ദ്ര ദൈവതവും, അരിതാരം പോലിരിക്കുന്നത് വരുണ ദൈവതവും, കറുത്ത നിറമുള്ളവ യമ ദൈവതവുമാകുന്നു. ഇതേ പോലെ അനേകതരം മുത്തുകള്‍ ഉള്ളതായി വരാഹമിഹിരാചാര്യര്‍ പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ വിഷമമുള്ളതിനാല്‍ എല്ലാം ഇവിടെ പറയുന്നില്ല. വരാഹാസംഹിതിയില്‍ വീണ്ടും പറയുന്നു ഞായറാഴ്ചയോ, തിങ്കളാഴ്ചയോ വരുന്ന പൂയമോ, തിരുവോണമോ നക്ഷത്രത്തില്‍ ഐരാവത കുല ജാതരായി ജനിക്കുന്ന ആനയുടെയും, ഉത്തരായനത്തില്‍ സൂര്യഗ്രഹണമോ, ചന്ദ്രഗ്രഹണമോ സംഭവിക്കുന്ന സമയം ജനിക്കുന്ന ആനയുടെയും ദന്ത കോശങ്ങളിലും മസ്തക കുംഭങ്ങളിലും പല രൂപത്തിലും ശോഭയുള്ളതുമായ അനേകം മുത്തുമണികള്‍ ശോഭിക്കുമത്രേ. ഇത് വളരെ ശ്രേഷ്ടങ്ങളും ദ്വാരമുണ്ടാക്കുവാന്‍ സാധിക്കാത്തതും ആണ്. ഇതിന് വില നിശ്ചയിക്കുവാന്‍ പറ്റാത്ത വിധം അമൂല്യമാണ്. കൂടാതെ പന്നിയുടെ ദ്രംഷ്ടങ്ങളുടെ ചുവട്ടിലും ഇങ്ങനെ മുത്ത് രത്‌നങ്ങള്‍ ഉണ്ടത്രേ. ഇതും വളരെ ശോഭയുള്ളതും ശ്രേഷ്ടങ്ങളുമാണ് മേഘത്തില്‍ നിന്നും സര്‍പ്പങ്ങളുടെ ഫണങ്ങളുടെ അഗ്രഭാഗത്തും മുത്ത് മണികള്‍ ഉള്ളതായി സംഹിതിയില്‍ പറയുന്നു.

മുളയില്‍ നിന്നുണ്ടാകുന്ന മുത്ത് കര്‍പ്പൂരത്തിന്റെയും സ്പടികത്തിന്റെയും കാന്തിയോടു കൂടിയും ശംഖില്‍നിന്നുണ്ടാകുന്നവ ചന്ദ്രനെപ്പോലെ പ്രകാശമുള്ളതും മനോഹരവുമായിരിക്കും. ഇങ്ങനെ ലഭിക്കുന്ന മുത്തുകള്‍ ക്ഷതമേല്‍ക്കാത്തതും ലഭിക്കുക ദുര്‍ലഭമായതിനാല്‍ വിള നിശ്ചയിക്കാനാവാത്തതുമാണ്.

ദേവന്മാര്‍ ധരിക്കുന്ന മുത്തുമാലക്ക് ഇന്ദ്രച്ഛരുമെന്നുപേര്‍. ഇത് 1008 ഇഴയും 4 കോല്‍ നീളമുള്ളതുമാണ്. ഇങ്ങനെ ഇഴയുടെ ഏറ്റക്കുറവനുസരിച്ച് ദേവച്ചരും, ഹാരം, അര്‍ദ്ധഹാരം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്നു.

മുത്തുകള്‍ ധരിച്ചാല്‍ ദീര്‍ഘായുസ്സും ആരോഗ്യവുമുള്ള ശരീരത്തിന് ഉടമയാകും, ഹാരമായി ധരിക്കാവുന്നതാണ്, പേരും പ്രശസ്തിയും സല്‍പുത്ര ഭാഗ്യവുമുണ്ടാകും. ഉദ്യോഗവിജയം ഉണ്ടാകും. കഷ്ടകാലം മാറി ഭാഗ്യം കൊണ്ടുതരും. കലഹിച്ചു പിരിഞ്ഞിരിക്കുന്ന ദമ്പതിമാര്‍ രമ്യതയിലാകും.

പല അസുഖങ്ങളേയും സുഖപ്പെടുത്തുവാനുള്ള കഴിവ് മുത്തിനുണ്ട് റ്റി. ബി, മാനസിക രോഗം, ശ്വാസകോശ രോഗങ്ങള്‍ ചുമ എന്നിവ മാറും. കണ്ണിന്റെ അസുഖം മാറ്റും. മൂത്ര സംബന്ധ രോഗങ്ങളെ അകത്തും. നല്ല സുഖകരമായ ഉറക്കം ലഭിക്കും. ടെന്‍ഷന്‍ കുറയ്ക്കും. പ്രേതാബാധാതികളില്‍ നിന്ന് മോചനം ലഭിക്കും.

ലോഹങ്ങളുമായി ബന്ധപ്പെട്ട് ബിസ്സിനസ്സ് ചെയ്യുന്നവര്‍, ഗായകര്‍, വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, എന്‍ജീനീയറിംഗ് മേഖലയിലുള്ളവര്‍, കമ്പ്യൂട്ടര്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ മുത്ത് ധരിച്ചാല്‍ കര്‍മ്മപരമായി നേട്ടമുണ്ടാകും.

ആര്‍ക്കൊക്കെ ധരിക്കാം?
കര്‍ക്കിടകം, വൃശ്ചികം, മീനം ലഗ്‌നക്കാര്‍ക്ക് മുത്ത് ധരിക്കാവുന്നതാണ്. കര്‍ക്കിടകലഗ്‌നക്കാരുടെ ബര്‍ത്ത് സ്‌റ്റോണ്‍ മുത്താണ്. വൃശ്ചികലഗ്‌നക്കാര്‍ക്ക് ഭാഗ്യരത്‌നമായും മീന ലഗ്‌നക്കാര്‍ക്ക് പുത്ര ലബ്ധിക്കായും മന:സന്തോഷത്തിനായും മുത്ത് ധരിക്കാവുന്നതാണ്. മേട ലഗ്‌നക്കാരുടെ സുഖാധിപനായ ചന്ദ്രന്‍ ബലക്കുറവുണ്ടായാല്‍ അതിനു പരിഹാരമായി മുത്ത് ധരിച്ചാല്‍ വീട്, വാഹനം, ഉന്നത വിദ്യാഭ്യാസം, സുഖം എന്നിവ ലഭിക്കും. അതേ പോലെ തുലാം ലഗ്‌നത്തില്‍ കര്‍മ്മാധിപനാണ് ചന്ദ്രന്‍ ചന്ദ്രന്‍പക്ഷ ബലക്കുറവോ ബലഹീന സ്ഥാനത്തില്‍ നില്‍ക്കുകയോ ചെയ്താല്‍ കര്‍മ്മപുരോഗതിക്കായി മുത്ത് ധരിക്കേണ്ടാതാണ്. ചുരുക്കത്തില്‍ മുത്ത് അത്ര ദോഷകാരിയല്ല. മുത്തും മാണിക്യവും ഒന്നിച്ചു ധരിക്കാവുന്നതാണ്. സൂര്യചന്ദ്രന്മാര്‍ക്ക് അഷ്ടമാധിപത്യദോഷം പറയാറില്ലെങ്കിലും ധനു ലഗ്‌നക്കാര്‍ മുത്ത് ധരിക്കരുത്. മിഥുന കന്നി കുംഭം ലഗ്‌നക്കാരും മുത്ത് ധരിക്കാതിരിക്കുന്നതാണ് നല്ലത്.


നക്ഷത്ര പ്രകാരവും ജനന സംഖ്യാ പ്രകാരവും നാമ സംഖ്യാ പ്രകാരവും രത്‌നം ധരിക്കാം. എന്നാല്‍ നാല്‍പ്പതു മുതല്‍ അമ്പതു ശതമാനം വരെ ഗുണമേ ലഭിക്കൂ എന്ന് ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ. രാശി പ്രകാരം ധരിച്ചാലും അതെ ഫലം തന്നെയാണ് ഉണ്ടാവുക. കര്‍ക്കിടകം രാശിക്കാര്‍ക്ക് (പുണര്‍തം1/4, പൂയം, ആയില്യം.) ചന്ദ്രന്‍ ജന്മനക്ഷത്ര രാശ്യാധിപനായതിനാല്‍ മുത്ത് ധരിക്കാവുന്നതാണ്. എന്നാല്‍ ചന്ദ്രന്‍ അഷ്ടമാധിപന്‍ ആവരുത്. രോഹിണി, അത്തം, തിരുവോണം നക്ഷത്രക്കാരുടെ ജനനം ചന്ദ്ര ദശയിലായതിനാല്‍ മുത്ത് ധരിക്കാം. ചന്ദ്രബലം തീരെയില്ലാതിരിക്കുകയും 6, 8, 12 ല്‍ നില്‍ക്കുകയും ചെയ്താല്‍ ഈ നക്ഷത്രക്കാരും മുത്ത് ധരിച്ചാല്‍ പ്രയോജനമുണ്ടാകും. അമ്മയുടെ ആരോഗ്യം, പഠിത്തത്തില്‍ ശ്രദ്ധ, ധന സമൃദ്ധി, ജീവിത വിജയം, പേര്, പ്രശസ്തി എന്നിവ മുത്ത് ധരിക്കുന്നതിലൂടെ ഒരു പരിധിവരെ നേടാനാവും. 2,11,20,29, എന്നീ തീയതികളില്‍ വരുന്നവരും മുത്ത് ധരിക്കരുത്.

ചന്ദ്രന്റെ രത്‌നം മുത്തും ലോഹം വെള്ളിയുമാണ് അതിനാല്‍ മുത്ത് വെള്ളിയില്‍ പണിയുന്നതാണ് ഉത്തമം. മാലയായും ലോക്കറ്റായും ഉപയോഗിക്കാം. മുത്ത് വേഗം തേയുന്നതാണ് അതിനാല്‍ അധിക കാലം ഉപയോഗിക്കുവാന്‍ പറ്റില്ല, അതിനാല്‍ ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക, ശുദ്ധ മുത്ത് വേഗം തെയില്ല അത് സുലഭമല്ലതാനും, പേള്‍സ് മോതിരമാക്കി ധരിക്കുമ്പോള്‍ 2 - 3 carat വേണ്ടിവരും ചന്ദ്രന്‍ തീരെ ബലമില്ലാത്ത പക്ഷം 4 carat വരെ ധരിക്കുക. ഇടതോ വലതോ കൈയിലെ ചെറു വിരലില്‍ മുത്ത് ധരിക്കുക. ഹസ്ത രേഖാശാസ്ത്ര പ്രകാരം കൈപ്പത്തിയില്‍ ചെറു വിരലിന്റെ ഏറ്റവും താഴെയാണ് ചന്ദ്ര മണ്ഡലം സ്ഥിതി ചെയ്യുന്നത്. സൂര്യന്‍ ചന്ദ്രന്റെ ബന്ധുവായതിനാല്‍ മോതിര വിരലിലും മുത്ത് ധരിക്കാവുന്നതാണ്.

തിങ്കളാഴ്ച ഉദയശേഷം ഒരു മണിക്കൂറിനുള്ളില്‍ ഇത് ധരിക്കുക. വിശ്വാസ പ്രകാരം ക്ഷേത്രത്തിലോ വീട്ടിലോ പൂജിച്ചതിന് ശേഷം ധരിക്കുക. രാവിലെ കുളി കഴിഞ്ഞ് ധ്യാനിച്ചതിനു ശേഷം ധരിക്കുകയും ചന്ദ്ര മന്ത്രം ജപിക്കുകയും ചെയ്യുക ഒപ്പം ജാതകം വിശകലനം ചെയ്ത് ചന്ദ്ര സ്ഥിതി മനസ്സിലാക്കി ദേവി സ്‌തോത്രവും ജപിക്കേണ്ടതാണ്. ഫല സിദ്ധിക്ക് ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് നാമ ജപം.

ചന്ദ്ര സ്‌തോത്രം
ദധി ശംഖ തുഷാരംഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍ മകുട ഭൂഷണം.

 

ജ്യോതിഷ വാസ്തു ആചാര്യ വിജയാ മേനോന്‍
സ്വാതി, 25 A, കങ്ങാരപ്പടി
പുതിയ റോഡ്
വടകോട് പി ഓ
എറണാകുളം 682 021
ഫോണ്‍: 9447354306, 9447696190

Print
SocialTwist Tell-a-Friend
The views and opinions expressed in this article or comments on this site are those of the speakers or authors and do not necessarily reflect or represent the views and opinions held by Mathrubhumi Printing & Publishing Co. Ltd. or Astro-Vision Futuretech Pvt Ltd.

Other stories