രോഹിണിയും ഞാവലും
ഞാവല്‍ ഡിസംബറില്‍ പൂക്കുകയും മാംസളമായ ഫലം നല്‍കുന്ന വൃക്ഷമാണ്. ഇതിനെ ഒരു മഹാ വൃക്ഷമായിട്ടാണ് കണക്കാക്കുന്നത്. മുന്‍കാലങ്ങളില്‍ സ്വാഭാവികമായി ധാരാളം ഞാവലുള്ള സ്ഥലത്തെ സ്വര്‍ണ നിക്ഷേപങ്ങളുള്ള സ്ഥലമായി കണക്കാക്കിയിരുന്നു. ഈ ഭാരത ഭൂമിക്ക് മുമ്പുണ്ടായിരുന്ന പേര് ജംബൂ (ഞാവല്‍) ദ്വീപ് എന്നായിരുന്നു.
രോഹിണി നക്ഷത്രം എന്നത് ചന്ദ്രന്റെ ഏറ്റവും ഉച്ചമായ സ്ഥാനം ആണ്. ഈ നക്ഷത്രക്കാര്‍ അല്പം സ്ത്രൈണസ്വഭാവമുള്ളവരും വളരെ നിഷ്കളങ്കരും സ്നേഹം നിറഞ്ഞവരുമായിരിക്കും. പ്രിയങ്കരമായ സ്വഭാവഗതിയുള്ള രോഹിണി നക്ഷത്രം പോലെതന്നെ മഹാനീയമാണ് ഞാവല്‍ വൃക്ഷം.
" നേത്രാതുര: കുലീന:
പ്രിയവാക് പാര്‍ശ്യോങ്കിതോ വിശുദ്ധമതി:
മാതുരനിഷ്ടസ്സുഭഗോ
രോഹിന്ന്യാം ജായതേ ധനീ വിദ്വാന്‍ "
രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്നവന്‍ നേത്രരോഗം വരാന്‍ സാധ്യതയുള്ളവനായും കുലശ്രേഷ്ഠനായും പാര്‍ശ്വഭാഗത്തില്‍ അടയാളമുള്ളവനായും ശുദ്ധമനസ്സായും സുന്ദരനായും ധനവാനയും വിദ്വാനായും ഭവിക്കും എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം. എല്ലാ നല്ല മുഹൂര്‍ത്തങ്ങള്‍ക്കും രോഹിണിയെ ഉപയോഗിക്കാവുന്നതാണ്. ശ്രീകൃഷ്ണന്റെ ജന്മ നക്ഷത്രമാണ് രോഹിണി.
വരാഹമിഹിരാചാര്യരുടെ ഹോരശാസ്ത്രത്തില്‍
" രോഹിന്യാം സത്യാശുചി പ്രിയം വദ സ്ഥിരമതി : സുരുപശ്ച " എന്ന് രോഹിണിയെ പെറ്റി പറഞ്ഞിരിക്കുന്നു.
(സിസീജിയം കുമിനി (ലിന്‍) സ്കീല്‍സ്, യൂജീനിയ ജംബോലാന.ലാംക്, സിസിജിയം ജാംബൊലോനം. ഡി.സി.,മിര്‍ട്ടസ് മിനി. ലിന്‍.,കുടുംബം : മിര്‍ട്ടേസി).
സംസ്കൃതം : ജാംബു, മഹാഫലം, ഫലേന്ദ്ര, സുരഭീപത്ര, നീലഫലം, മഹാസ്കന്ദ, നന്ദീ, രാജജംബു, കാലജാമ, ഹിന്ദി : ജാമുന്‍, ജാംഭാല്‍, ഗുജറാത്തി : ജാംബു, തമിഴ് : ഞാവല്‍, കന്നഡ : നേരലി, തെലുങ്ക് : നാ ഡു, നാരേലു, നാസേഡു, മറാഠി : ജാംഫല്‍, ഇംഗ്ലീഷ് : Jamum, Black Plum, Indian Cherry, Jaman Plum.
തണല്‍ ഇഷ്ടമുള്ള നിത്യഹരിത മരം. കോപ്പീസ് ചെയ്യും, ശൈത്യവും വരള്‍ച്ചയും സഹിക്കുകയില്ല. ഞാവലിന്റെ ഉപയോഗം, ഞാവല്‍ വെച്ച് പിടിപ്പിക്കുന്ന വിധം, മുതലായവ ബ്രഹാസംഹിതയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാട്ടാറുകളുടെ തീരവും അലൂവിയല്‍ മണ്ണുമാണ് കൂടുതലിഷ്ടം.
കാട്ടില്‍ പക്ഷികളും മൃഗങ്ങളും വഴി സ്വാഭാവിക പുനരുത്ഭവം നടക്കാറുണ്ട്. തടിക്കു ഈടും ഉറപ്പും കുറവാണ്. വിറകിനു കൊള്ളാം. വെള്ളത്തില്‍ കേടുകൂടാതെ ദീര്‍ഘനാള്‍ കിടക്കും. തൊലി, വിത്ത്, ഇല എന്നിവയ്ക്ക് ഔഷധ ഗുണമുണ്ട്. തൊലി ബന്ധനൗഷധമായി ഉപയോഗിക്കാം. കുട്ടികള്‍ക്ക് ഉണ്ടാകുന്ന വയറിളക്കത്തിന് പച്ചതൊലി ഇടിച്ചുപിഴിഞ്ഞ നീര് ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കൊടുക്കാം.ഫലങ്ങള്‍ക്ക് ഇരുണ്ട നീലലോഹിത വര്‍ണം. മധുരവും ചവര്‍പ്പും കലര്‍ന്ന രസമാണ്. തിന്നാം. വിത്തില്‍ ജാംബൊലിന്‍ എന്ന ഗ്ലൂക്കോസൈഡും അലൂജിക്കു എന്നാ അമ്ല വസ്തുവും മഞ്ഞ നിറത്തിലുള്ള സുഗന്ധ തൈലവും അടങ്ങിയിരിക്കുന്നു. ഫലത്തില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രെറ്റ്, ഖനിജദ്രവ്യം, വിറ്റാമിന്‍ എ, ബി, സി, ഗൈനിക്കമ്ലം എന്നിവയും അടങ്ങിയിട്ടുണ്ട്. ഞാവല്‍ തൊലിയില്‍ ബീറ്റാസിറ്റോസ്റ്റിറോള്‍, ബെറ്റുലിനിക് അമ്ലം, ടാനിന്‍, ഹൈലിക് അമ്ലം ഇവ ഉണ്ട്.
ഞാവല്‍ തൊലി 16 ഇരട്ടി വെള്ളത്തില്‍ കാഷായം വെച്ച് എട്ടിലൊന്നു ആക്കി വറ്റിച്ച്, ഈ കഷായം 25 മില്ലി ലിറ്റര്‍ വെള്ളത്തില്‍ വീതം അല്പം തേന്‍ ചേര്‍ത്ത് രാവിലെയും വൈകീട്ടും കുടിക്കാമെങ്കില്‍ അതിസാരം, പ്രവാഹിക (കഫവും രക്തവും കുടിക്കലര്‍ന്നു പല പ്രാവശ്യം അല്പാല്പമായി മലം പോകുന്ന അസുഖം) ഏവ ശമിക്കും. ഞാവല്‍ കുരു ഉണക്കി പൊടിച്ച പൊടി 1 ഗ്രാം മുതല്‍ 3 ഗ്രാം വരെ ദിവസം 3 ഗ്രാം എന്ന കണക്കില്‍ പാതിവായി കഴിച്ചാല്‍ പ്രമേഹം ശമിക്കും എന്നും കരുതപ്പെടുന്നു. ശരീരം തീ പൊള്ളിയാല്‍ ഞാവലിന്റെ ഇല സ്വരസവും കല്‍ക്കവുമാക്കി വിധി പ്രകാരം കടുകെണ്ണയില്‍ കാച്ചി തൊലി പുറത്തിട്ടാല്‍ ശമിക്കും. വെന്തു പോയ തൊലി വീണ്ടു ഉണ്ടാകും.
അന്യരുടെ ചിന്തകളില്‍ ഏറെ സ്വാധീനമുള്ളവാരാണ് രോഹിണി നക്ഷത്രക്കാര്‍. നിഷ്കളങ്കത കൊണ്ടും സാന്ത്വന സ്വഭാവം കൊണ്ടും ഇവര്‍ എല്ലാവര്‍ക്കും ഏറെ പ്രിയരായിരിക്കും. പൊതുവേ മധുരഭാഷികളായിരിക്കും. സ്നേഹം, വാത്സല്യം, ദയ, പരോപകാരപ്രവണത, മുഖശ്രീ ഇതൊക്കെ ഈ നക്ഷത്രക്കാരുടെ പ്രത്യേകതയാണ്.
എസ്. ഉണ്ണിക്കൃഷ്ണന്‍ (D F O)
(വേദാംഗജ്യോതിഷത്തില്‍ ജ്യോതിഷ ഭൂഷണം, പ്രശ്ന ഭൂഷണം)
www.sreeguruastrology.com എന്ന ജ്യോതിഷ വെബ്സൈറ്റിന്റെ മുഖ്യ ഉപദേശകന്‍
ഫോണ്‍ : 9447378660
Email:sreeguruastrology@yahoo.com