വിവാഹം കഴിക്കുന്നതിന് വിവാഹ പൊരുത്തം നോക്കേണ്ട ആവശ്യമുണ്ടോ? പൊരുത്തം നോക്കി വിവാഹം കഴിച്ച പല ദമ്പതികളുടെയും ജീവിതം ഒരു പരാജയമായി തുടരുന്നു, എന്നാൽ ഒരു പൊരുത്തവും നോക്കാതെ വിവാഹം കഴിച്ച പല ദമ്പതികളും വിവാഹജീവിതം വലിയ പരിക്കുകൾ ഏൽക്കാതെ മുന്നോട്ടു കൊണ്ടു പോകുന്നു. ജ്യോതിഷശാസ്ത്രത്തിനു എക്കാലത്തും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന ഒരു വിഷയമാണ് വിവാഹ പൊരുത്തം.
വിവാഹം കഴിക്കുന്നതിനു സത്യത്തിൽ പൊരുത്തം നോക്കേണ്ട ആവശ്യമുണ്ടോ? ആധികാരിക ഗ്രന്ഥങ്ങൾ ഒന്നും വിവാഹം കഴിക്കുന്നതിനു പൊരുത്തം നോക്കണമെന്ന് നിഷ്കർഷിക്കുന്നില്ല. എന്നതു മാത്രമല്ല പരസ്പര അനുരാഗത്തിൽ ആണെങ്കിൽ പൊരുത്തം നോക്കേണ്ട ആവശ്യമില്ലയെന്നും പരാമർശിക്കുന്നുണ്ട്.
യസ്യാം മന:സമാസക്തം
താമേവ വിവഹേൽ, ബുധ്:
സർവാനുഗുനഭാഗേപി
മനോ നുഗുണതാധികാ
(പ്രശ്ന മാർഗ്ഗം 21- 64)
സാരാംശം: ഏതു സ്ത്രീയിലാണോ നിർവ്യാജമായ ആസക്തിയുള്ളത് ആ സ്ത്രീയെ തന്നെ വിവാഹം ചെയ്യേണ്ടതാണ്. ബാക്കിയെല്ലാ പൊരുത്തങ്ങളെക്കാളും ഈ ആസക്തിക്ക് ശ്രേഷ്ഠതയുണ്ട്.
വിവാഹത്തിന് മനപ്പൊരുത്തമാണ് ഏറ്റവും അധികം വേണ്ടത് എന്നതാണ് ഇതിൻറെ സാരം. ഇവിടെ അനുരാഗം എന്നതിൻ്റെ മാനദണ്ഡം എന്ത് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ആധുനിക കാലഘട്ടത്തിൽ പങ്കാളികളുടെ സാമ്പത്തിക ചുറ്റുപാടുകളും മറ്റു ജീവിതസാഹചര്യങ്ങളും മനസ്സിലാക്കി സ്നേഹബന്ധത്തിൽ ഏർപ്പെടുന്നവർ മേൽപ്പറഞ്ഞ നിയമത്തിൻ്റെ പരിധിയിൽ വരുന്നില്ലയെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ദമ്പതികൾ പരസ്പരം നക്ഷത്ര ജാതക പൊരുത്തങ്ങൾ പരിശോധിച്ചു വിവാഹം കഴിക്കുന്നതു തന്നെയാണ് ഭാവിയിൽ ഉണ്ടാകാനുള്ള കഷ്ടപ്പാടുകളുടെ തീവ്രത ലഘൂകരിക്കാൻ ഉപകരിക്കുന്നത്.
കുട്ടികൾ പ്രായപൂർത്തിയാകുന്നതു കൂടി രക്ഷിതാക്കൾ അവരുടെ ഗ്രഹനില ഒന്ന് പരിശോധിച്ച് വിവാഹത്തിന് അനുകൂലമായ ഒരു കാലഘട്ടത്തെ പറ്റി ഒരു ധാരണ ഉണ്ടാക്കി വെക്കുന്നത് ഗുണകരമാണ് .കാരണം പഠനത്തിൻ്റെ തിരക്കും ജോലി ലഭിക്കാനുള്ള കാത്തിപ്പും കാരണം ചിലപ്പോഴെങ്കിലും വിവാഹത്തിന് അനുകൂലമായ ഒരു കാലഘട്ടം കഴിഞ്ഞു പോയേക്കാം. വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു സംഗതിയാണ്. അത് ഉചിതമായ സമയത്ത് നടത്തിയാൽ ജീവിതത്തിൽ നേട്ടവും മറിച്ചായാൽ ദുരിതങ്ങളും സമ്മാനിക്കപ്പെ ട്ടേക്കാം.
ഒരു പുരുഷനും സ്ത്രീയും വിവാഹിതയാകുമ്പോൾ ഒരാളിനെ ജാതകത്തിലെ കുറവുകൾ മറ്റൊരാളുടെ ജാതകം വഴി പരിഹരിക്കപ്പെട്ടേക്കാം. ഇവിടെയാണ് നക്ഷത്ര ജാതക പൊരുത്തങ്ങളുടെ പ്രസക്തി. ധനയോഗം കുറവുള്ള ഒരു ജാതകത്തോടൊപ്പം ധനയോഗമുള്ളതും സന്താനയോഗം കുറവുള്ള ഒരു ജാതകത്തോടൊപ്പം സന്താനഭാഗ്യം ഉള്ളതുമായ ജാതകം ചേർക്കണം എന്ന് ശാസ്ത്രം അനുശാസിക്കുന്നു. പുരുഷജാതകത്തിൽ കർമ്മ ബല ഹാനിയുണ്ടെങ്കിൽ സ്വക്ഷേത്ര ബലവാനോ ഉച്ചനോ ആയ പത്താം ഭാവാധിപൻ്റെ ദശയിലാണ് സ്ത്രീ വിവാഹിതയാകുന്നുവെങ്കിൽ വിവാഹശേഷം ആ ദമ്പതികൾക്ക് തൊഴിൽപരമായ അഭിവൃദ്ധി ഉണ്ടാകും എന്ന് തീർച്ചയാണ്. മറിച്ചായാൽ ദുരിതങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം.
വിവാഹ പൊരുത്ത വിഷയത്തിൽ ദമ്പതികളുടെ നക്ഷത്രപ്പൊരുത്തം മാത്രം നോക്കി തീരുമാനം എടുക്കുന്ന രീതി പല സ്ഥലങ്ങളിൽ കണ്ടുവരുന്നു. സ്ത്രീപുരുഷന്മാരുടെ ഗ്രഹനിലകൾ കൂടി പരിശോധിച്ച് പാപസാമ്യവും ദശാസന്ധിയും ശുക്രൻ്റെ പാപമധ്യസ്ഥിതിയും ശുക്രൻ ചതുരശ്ര ദോഷവും കൂടി പരിഗണിച്ചാൽ 50 ശതമാനമെങ്കിലും ദമ്പതികൾ തമ്മിൽ ചേർച്ചയുണ്ടോ എന്ന് നിർണ്ണയിക്കുവാൻ സാധിക്കുന്നു. കൂടാതെ ഒരു വിവാഹ പ്രശ്നം കൂടി ചിന്തിച്ചാൽ മേൽപ്പറഞ്ഞ തീരുമാനത്തിന് കുറെക്കൂടി കൃത്യത ഉറപ്പാക്കാം. സർവ്വോപരി ദമ്പതികളുടെ വിട്ടുവീഴ്ചാമനോഭാവം ഈശ്വരാനുഗ്രഹവും കൂടി വിവാഹബന്ധത്തിൽ ദൃഢത കൂടുന്നുവെന്ന് എന്ന വസ്തുത കൂടി പ്രത്യേകം ഓർക്കേണ്ടതാണ്.
നക്ഷത്രപ്പൊരുത്തങ്ങളിൽ രാശിപ്പൊരുത്തം കൊണ്ട് വ്യക്തികളുടെ സ്വഭാവങ്ങൾ തമ്മിലുള്ള ചേർച്ചയും, രാശ്യാധിപപ്പൊരുത്തം കൊണ്ട് മാനസിക ചർച്ചയും വശ്യപൊരുത്തം കൊണ്ട് പരസ്പരം ആകർഷണവും, മാഹേന്ദ്രപ്പൊരുത്തം കൊണ്ട് വിവാഹശേഷം ഉണ്ടാകാനുള്ള സാമ്പത്തിക പുരോഗതിയും, ഗണപൊരുത്തം കൊണ്ട് സത്വ, രജു, തമോ ഗുണങ്ങൾ തമ്മിലുള്ള ചേർച്ചയും, യോനി പൊരുത്തം കൊണ്ട് ലൈംഗികമായ ചേർച്ചയും പരസ്പര ആകർഷണവും സന്തോഷപ്രദമായ ജീവിതവും ദിനപ്പൊരുത്തം കൊണ്ട് ആരോഗ്യവും ദീർഘായുസ്സും സ്ത്രീ ദീർഘപൊരുത്തം കൊണ്ട് ദീർഘ മംഗല്യവും സമ്പത്തും മറ്റു ഭൗതിക ഐശ്വര്യങ്ങളും, രജ്ജു പൊരുത്തം കൊണ്ട് ദീർഘമംഗല്യവും സന്താനഭാഗ്യവും വേധ പൊരുത്തം കൊണ്ട് പരസ്പര ഐക്യവും അർത്ഥമാക്കുന്നു
ക്രൂരേഷ്ടമേ വിധവതാ നിധനേശ്വരോംശേ
യസ്യ സ്ഥിതോ വയസി തസ്യ സമേപ്രദിഷ്ടാ
സൽസ്വർത്ഥഗേഷു മരണം സ്വയമേവ തസ്യാ:
കന്യാളിഗോഹരിഷു ചാല്പ സുതത്വ മിന്ദോ:
(ഹോര 22 - 14)
സാരംശം: പാപൻ എട്ടാം ഭാവത്തിൽ നിന്നാൽ വൈധവ്യം ഫലം. എപ്പോഴാണ് അങ്ങനെ വൈധവ്യം ഉണ്ടാവുക എന്നാൽ, അതു എട്ടാം ഭാവാധിപൻ്റെ അംശകാധിപൻ്റെ ദശാപഹാരാദികാലങ്ങളിലോ അഥവാ നിസർഗദശാകാലം കഴിഞ്ഞോ ആയിരിക്കും. പക്ഷെ എട്ടിൽ പാപനുണ്ടെങ്കിലും രണ്ടിൽ ശുഭനുണ്ടെങ്കിൽ അവൾ സുമംഗലിയായിത്തന്നെ മരിക്കും
സ്ത്രീയുടെ അഷ്ടമം പങ്കാളിയുടെ ആയുർഭാവമായതിനാൽ സ്ത്രീയുടെ അഷ്ടമ ശുദ്ധിയും കൂടി വിവാഹ വിഷയത്തിൽ പരിഗണിക്കേണ്ട ഒരു വിഷയമാണ്.
മേൽപ്പറഞ്ഞ വിഷയങ്ങൾ കൂടാതെ സ്ത്രീപുരുഷന്മാരുടെ ദശാസന്ധികൾ ഒരു ഒരുപോലെ വരാതെയും പരസ്പര ശത്രു ഗ്രഹങ്ങളുടെ ദശ വരാതെ ഇരിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്. ശത്രു ഗ്രഹങ്ങളുടെ സന്ധികൾ രണ്ടുപേർക്കും ഒരുപോലെ വന്നാൽ മരണതുല്യമായ അവസ്ഥ വരെ വന്നുചേരാം. ഇത്രയും നിഷ്കർഷയോടെ ചിന്തിക്കേണ്ട വിവാഹ വിഷയത്തെ തികച്ചും ലാഘവബുദ്ധിയോടെ സമീപിക്കുന്ന ഒരു ന്യൂന പക്ഷമെങ്കിലും ഇന്ന് ഉണ്ട് എന്നുള്ളത് ഒരു വസ്തുതയാണ്. മിക്കവാറും ദമ്പതികളുടെ പൊരുത്തം ചിന്തിക്കുന്നതിനു മുമ്പുതന്നെ ദമ്പതികളുടെ പരസ്പരം ഇഷ്ടങ്ങളും കുടുംബപശ്ചാത്തലവും സാമ്പത്തികസ്ഥിതിയും ആകൃഷ്ടരായി വിവാഹ തീരുമാനം എടുത്തിട്ട് തന്നെയാണ് ഒരു ചുരുങ്ങിയ പക്ഷം ആളുകളെങ്കിലും ദൈവജ്ഞനെ (ജ്യോത്സനെ) സമീപിക്കുന്നത്. പിന്നീട് ഈ ജാതകങ്ങൾ പരസ്പരം ചേർത്തു കൊടുക്കേണ്ടത് ജ്യോത്സൻ്റെ ബാധ്യതയാണ്. വിസമ്മതം അറിയിച്ചാൽ മാതാപിതാക്കൾ മറ്റൊരു ജ്യോത്സ്യനെ സമീപിക്കുന്നു. അങ്ങനെ എങ്ങനെയെങ്കിലും ആ വിവാഹം നടത്തുക എന്നത് ചിലരുടെയെങ്കിലും ആവശ്യമാണ്. അങ്ങനെ ഈ ശാസ്ത്രത്തിൽ വെള്ളംചേർത്ത് വിവാഹിതരാകുന്നു . വിവാഹം തകർന്നാൽ പഴി ശാസ്ത്രത്തിനും!!!
വേറെ ഒരു കൂട്ടർ ദൈവജ്ഞനെ നേരിട്ട് സമീപിക്കാതെ നവ മാധ്യമങ്ങൾ വഴി ബന്ധം ദമ്പതികളുടെ ജാതകം അയച്ചുകൊടുത്ത് അഭിപ്രായം തേടുന്നു. വർഷങ്ങളുടെ നിരന്തര സാധനയിൽ കൂടി സ്വാംശീകരിക്കുന്ന ദൈവജ്ഞൻ്റെ അറിവിനേയും ഈ ശാസ്ത്രത്തെയും മാനിക്കാതെ പിൻവാതിൽ ഫലപ്രവചനം ആഗ്രഹിക്കുന്നു. ഒരുകൂട്ടർ ഫലപ്രവചനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടി തൻ്റെ പുരോഗമന ചിന്താഗതിയുടെ മുഖംമൂടി അഴിഞ്ഞു വീഴുമോ എന്ന ആശങ്കയിൽ പരസ്യമായി ശാസ്ത്രത്തെ അംഗീകരിക്കാൻ വിമുഖത കാട്ടുന്നു.
നാ പൃഷ്ട കസ്യ ചിദ് ബ്രൂണfന്ത്യായേന ച
പൃച്ഛത പരമാർത്ഥ ഫലജ്ഞാനം യതോ
നൈവേഹ സിദ്ധ്യതി ഇതി
യഥാവിധി അല്ലാത്ത ഫലം ചോദിക്കുന്നവരോട് ദൈവജ്ഞൻ ഫലം പറയരുതെന്ന് ശാസ്ത്രം അനുശാസിക്കുന്നു. അങ്ങനെയുള്ളവനു ജ്യോതിഷത്തിൻ്റെ പരമമായ അറിവ് ലഭിക്കുകയില്ല. ഒരു വ്യക്തി തൻ്റെ കാര്യങ്ങൾ അറിയണമെന്ന്ആത്മാർത്ഥമായ ആഗ്രഹത്തോടെ ദൈവഞ്ജനെ സമീപിക്കുകയും ആ വ്യക്തിയുടെ മനസ്സും ദൈവജ്ഞൻ്റെ മനസ്സും ഒരുപോലെ ആ വിഷയത്തിൽ കേന്ദ്രീകരിക്കുകയും ദൈവാനുകൂല്യവും കൂടിച്ചേരുമ്പോഴാണ് ഫലസിദ്ധിയുണ്ടാകുന്നത്. വ്യക്തി വരുന്ന ദിവസത്തെ ആഴ്ചയും നക്ഷത്രവും തിഥിയും ആ സമയവും കൂടി ഫലപ്രവചനത്തെ സ്വാധീനിക്കുന്നുവെന്നത് കൂടി മനസ്സിലാക്കേണ്ടതാണ്. അന്ധകാരത്തിൽ നിൽക്കുന്നവന് ഒരു ദീപം എത്രതന്നെ വിലപ്പെട്ടതാണോ അതുപോലെയാണ് ഈ ശാസ്ത്രം. അത് എങ്ങനെ പ്രയോജനപ്പെടുത്തണം എന്നത് വ്യക്തിയിൽ നിക്ഷിപ്തമാണ്.
പ്രകാശ് വേണാട്
mob: 9037620420
email: prakashvenad@hotmail.com