



എൻ്റെ ജീവിത ലക്ഷ്യം എന്താണ് ?
മനുഷ്യൻ സ്വയം ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നാണിത്. നല്ല ജോലി, നല്ല കുടുംബം, സാമ്പത്തിക സുരക്ഷ എന്നിവ നേടിയാലും പലർക്കും ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്. "എനിക്ക് ചെയ്യേണ്ടത് ഇതാണോ?" എന്ന സംശയം പലപ്പോഴും മനസ്സിൽ ഉയരും. ജ്യോതിഷശാസ്ത്രം പറയുന്നത്, ഈ ചോദ്യത്തിനുള്ള ചില സൂചനകൾ നിങ്ങളുടെ ജാതകത്തിൽ തന്നെ ഒളിഞ്ഞിരിക്കുന്നുവെന്നാണ്.
ജനനജാതകം ഭാവി പ്രവചിക്കാൻ മാത്രമുള്ള ഒരു ഉപകരണമല്ല. നിങ്ങളുടെ സ്വഭാവം, കഴിവുകൾ, ജീവിതപാഠങ്ങൾ, ഈ ജന്മത്തിൽ നിങ്ങൾ പൂർത്തിയാക്കേണ്ട ദൗത്യം എന്നിവയെക്കുറിച്ചുള്ള സൂചനകളും അതിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ പുരാതന ജ്യോതിഷ ഗ്രന്ഥങ്ങൾ ജാതകത്തെ "ജീവിതത്തിന്റെ ഭൂപടം" എന്ന് വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തെ വേദങ്ങളുടെ നേത്രമായാണ് പറയുന്നത്. അത് സൂചിപ്പിക്കുന്നത് ജാതക പ്രവചനങ്ങളിലൂടെ നിങ്ങളുടെ ജീവിത ലക്ഷ്യത്തെ കാണിച്ചു തരുന്നുവെന്നാണ്.
ജ്യോതിഷത്തിൽ ലഗ്നം, ദശമഭാവം, നവമഭാവം, ആത്മകാരകഗ്രഹം, ചന്ദ്രൻ, യോഗകാരൻ, ശുഭ ദൃഷ്ടികൾ, യോഗങ്ങൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇവയെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ ഒരാളുടെ ജീവിതപാതയെക്കുറിച്ച് വിലപ്പെട്ട സൂചനകൾ കണ്ടെത്തുവാൻ സാധിക്കും.
ഉദാഹരണത്തിന്, ചിലരുടെ ജാതകത്തിൽ ഗുരുവിൻ്റെ സ്വാധീനം ശക്തമായിരിക്കും. അത്തരം ആളുകൾക്ക് അറിവ് പകരുക, പഠിപ്പിക്കുക, മാർഗനിർദേശം നൽകുക തുടങ്ങിയ കാര്യങ്ങളിൽ താൽപര്യം കൂടുതലായിരിക്കും. മറ്റുചിലരിൽ ശനിയുടെ സ്വാധീനം ശക്തമായാൽ സമൂഹസേവനം, ഉത്തരവാദിത്തമുള്ള ജോലികൾ, കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കൽ എന്നിവ ജീവിതത്തിൻ്റെ പ്രധാന ഭാഗമാകും.
ശുക്രൻ ശക്തമായവരിൽ കല, സൗന്ദര്യം, സൃഷ്ടിപരത എന്നിവ കൂടുതൽ പ്രകടമാകാം. ചൊവ്വയുടെ ശക്തി നേതൃപാടവം, ധൈര്യം, മത്സര മനോഭാവം എന്നിവ നൽകും. സൂര്യൻ ബലവാനാണെങ്കിൽ നേതൃപാടവം, അധികാരം, ആജ്ഞാശക്തി തുടങ്ങിയവ വളരെ പ്രകടമായിരിക്കും. ബുധൻ ശക്തനായ ജാതകൻ നല്ല ആശയവിനിമയ വിദഗ്ദ്ധനായിരിക്കും. കുജൻ ബലവാനാണെങ്കിൽ കായിക രംഗത്ത് ശോഭിക്കുക, സാഹസികമായ പ്രവൃത്തികൾ ചെയ്യുക, സൈന്യവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുക തുടങ്ങിയവയിൽ ശ്രദ്ധയമായ നേട്ടങ്ങൾ ഉണ്ടാക്കും
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ചിലർ ചെറുപ്പത്തിൽ തന്നെ തങ്ങൾ എന്താകണമെന്ന് വ്യക്തമായി തീരുമാനിക്കുന്നു. എന്നാൽ മറ്റുചിലർ വർഷങ്ങളോളം ജോലി മാറിയും മേഖല മാറിയും ആശയക്കുഴപ്പത്തിൽ തുടരുന്നു.
ജ്യോതിഷപ്രകാരം ഇതിന് പിന്നിൽ ഗ്രഹങ്ങളുടെ സ്ഥാനം, ദശാകാലങ്ങൾ, കർമ്മബന്ധങ്ങൾ എന്നിവയ്ക്ക് പങ്കുണ്ട്. ചിലർക്ക് ജീവിതലക്ഷ്യം നേരത്തെ തിരിച്ചറിയാനുള്ള യോഗം ഉണ്ടാകാം. മറ്റുചിലർക്ക് ജീവിതാനുഭവങ്ങളിലൂടെ മാത്രമേ അത് മനസ്സിലാകൂ.
അതുകൊണ്ടുതന്നെ ഒരേ വിദ്യാഭ്യാസവും അവസരങ്ങളും ലഭിച്ചാലും എല്ലാവരും ഒരേ രീതിയിൽ വിജയിക്കണമെന്നില്ല.
ജ്യോതിഷ വിദഗ്ധർ പറയുന്നത്, ജീവിതലക്ഷ്യത്തിൽ നിന്ന് അകന്നുപോകുമ്പോൾ ചില ലക്ഷണങ്ങൾ കാണാറുണ്ടെന്നാണ്.
ഇത്തരം സാഹചര്യങ്ങളിൽ പലരും ഭാഗ്യക്കുറവിനെ കുറ്റപ്പെടുത്തും. എന്നാൽ ചിലപ്പോൾ പ്രശ്നം ഭാഗ്യത്തിലല്ല, സ്വന്തം സ്വഭാവത്തിനും ജീവിതലക്ഷ്യത്തിനും യോജിക്കാത്ത വഴിയിലായിരിക്കും.
പല വിജയികളുടെയും ജീവിതം പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും. അവർ വിജയിച്ചത് മറ്റുള്ളവരെ അനുകരിച്ചതുകൊണ്ടല്ല; സ്വന്തം ശക്തികൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്.
ജ്യോതിഷവും അതുതന്നെയാണ് പറയുന്നത്. നിങ്ങളുടെ ജാതകത്തിൽ കാണുന്ന ശക്തികൾ, ദൗർബല്യങ്ങൾ, അവസരങ്ങൾ, വെല്ലുവിളികൾ എന്നിവ മനസ്സിലാക്കിയാൽ ജീവിതത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. ഏത് മേഖലയിലാണ് കൂടുതൽ നേട്ടം കൈവരിക്കാൻ കഴിയുക, ഏത് സമയത്താണ് വലിയ മുന്നേറ്റങ്ങൾ ഉണ്ടാകാൻ സാധ്യത, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ഒരോ മനുഷ്യനുംഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ജനിക്കുന്നതെന്ന് ജ്യോതിഷം വിശ്വസിക്കുന്നു. ചിലർക്ക് അറിവ് പകരാനായിരിക്കും, ചിലർക്ക് നേതൃത്വം നൽകാനായിരിക്കും, ചിലർക്ക് കലാസൃഷ്ടികൾ വഴി ലോകത്തെ സ്വാധീനിക്കാനായിരിക്കും, മറ്റുചിലർക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാനായിരിക്കും.
ചോദ്യം ഇതാണ്: നിങ്ങളുടെ ജീവിതലക്ഷ്യം എന്താണ്?
അതിൻ്റെ ഉത്തരം മറ്റാരുടെയും ജാതകത്തിലല്ല, നിങ്ങളുടെ സ്വന്തം സമ്പൂർണ്ണ ജാതകത്തിലാണ് ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ഗ്രഹനിലകളും ഭാവസ്ഥാനങ്ങളും ജീവിതകാലഘട്ടങ്ങളും വിശദമായി പരിശോധിച്ചാൽ, ഇതുവരെ മനസ്സിലാകാതെ പോയ പല കാര്യങ്ങൾക്കും പുതിയ അർത്ഥം കണ്ടെത്താൻ സാധിച്ചേക്കാം.