വിദ്യന്തേ ധർമ്മോദയ പുരുഷാർത്ഥ :
യൈ തേ വേദ :
യാതൊരു വിദ്യ കൊണ്ടാണോ (അറിവ്) ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ നേടാനാകുന്നത് അതാണ് വേദം.
ജ്യോതി കല്പോ നിരുക്തം ച
ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചീതി രേതാനി
ഷഡംഗാനി വിധു ശ്രുതേ
വേദത്തിനു ആറു ശാസ്ത്രങ്ങൾ ഉണ്ട് . അതിലെ പ്രഥമ ശാസ്ത്രമാണ് ജ്യോതിഷം . വേദത്തിന്റെ കണ്ണാണ് ജ്യോതിഷമെന്നാണ് പറയുന്നത്.
ധർമ്മം , അർത്ഥം, കാമം എന്നീ പുരുഷാർത്ഥങ്ങളുമായാണ് ജ്യോതിഷത്തിനു ഏറെ ബന്ധം. മോക്ഷം ആത്മീയതയുടെ വഴിയാണല്ലോ.
പൂർവ്വ ജന്മകൃതം കർമ്മം
ശുഭം വാ യദിവാ ശുഭം
തസ്യ പംക്തി ഗ്രഹാ സർവ്വൈ
സൂചയന്തീഹ ജന്മനി
പൂർവ്വ ജന്മത്തിലെ കർമ്മങ്ങൾ ശുഭമാകട്ടെ അഥവാ അശുഭമാകട്ടെ അവയെ ഒരു വ്യക്തിയുടെ ഗ്രഹനില വഴി ഗ്രഹങ്ങൾ സൂചിപ്പിക്കുന്നുവെന്നാണ് പറയുന്നത്. സൂചിപ്പിന്നുവെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളൂ.
നമ്മുടെ ഗ്രഹനില ഒരു വ്യക്തി ജനിക്കുമ്പോൾ തയ്യാറാക്കപ്പെടുന്ന ഒരു ആകാശ ഘടികാരമാണ്. ഘടികാരത്തിന്റെ 7 ൽ അധികം സൂചികൾ വിവിധ ഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. ഭാരതീയ ഗ്രഹനിലയെ ഒരാൾക്കും ചോദ്യം ചെയ്യാനാവാത്തതാണ്. ഗ്രഹങ്ങൾ വച്ച് ഫലങ്ങൾ പറയുന്നതിനെ ചിലർ ചോദ്യം ചെയ്തേക്കാം. പക്ഷെ അവർക്കും ഗ്രഹനിലയെ ചോദ്യം ചെയ്യാനാവില്ല.
യത് പിണ്ഡേ യദ് ബ്രഹ്‌മാണ്ഡേ
ഈ ശരീരമെന്നത് പ്രപഞ്ചത്തിലെ തന്നെ മാതൃകയാണ്. പ്രപഞ്ചത്തിലെ വിവിധ ഗ്രഹങ്ങൾ ഇലക്ട്രോ മാഗ്നെറ്റിക് എനർജിയുടെ ശ്രോതസ്സുകളാണ്. മനുഷ്യരും ജീവികളും ഊർജ്ജവും തരംഗദൈർഘ്യവുമാണെന്ന് ശാസ്ത്രം പറയുന്നു.
ഒരു വ്യക്തിയുടെ ദേഹം, സൗഷ്ഠവം, സ്വാസ്ഥ്യം, കുടുംബം, കുടുംബസ്വത്ത്, സഹോദരങ്ങൾ, സഹായികൾ, സുഹൃത്തുക്കൾ, മാതാപിതാക്കൾ, അയാളുടെ വീട്, കുട്ടികൾ, വിദ്യാഭ്യാസം, മേധാശക്തി, പ്രതിഭ, കടബാധ്യതകൾ, വിവാഹബന്ധങ്ങൾ, അപ്രതീക്ഷത സംഭവങ്ങൾ, ഭാഗ്യങ്ങൾ, കർമ്മരംഗം, വരുമാനം, പതനങ്ങൾ ഇവയെല്ലാം അയാളുടെ ജീവിതത്തെ ബാധിക്കുന്നു. യഥാർത്ഥത്തിൽ ഒരാളുടെ മനസിനെയും ശരീരത്തെയുമൊക്കെ മേൽപ്പറഞ്ഞവ ബാധിക്കുന്നു. അപ്പോൾ ജ്യോതിഷം വ്യക്തിക്ക് ഭൗതികമായി ദൈനംദിന ജീവിതത്തിൽ നിന്നുണ്ടാകുന്ന അനുഭവങ്ങളെയും അതയാളെ എങ്ങനെ ബാധിക്കുമെന്നും അറിവു നൽകുന്നു.
ആത്മീയതയുടെ വഴി വിഭിന്നമാണ് . എന്തെല്ലാം സംഘർഷങ്ങൾ ഭൗതീക ജീവിതത്തിൽ ഉണ്ടായാലും അതെല്ലാം നേരിടുന്നത് ആ വ്യക്തിയുടെ മനസിനിനെയാണ്. നിരന്തരമായ ഉപാസന പ്രത്യേകിച്ച് ധ്യാനം വഴി വ്യക്തിയെ ഉയർത്തി ഏതു പ്രതിസന്ധികളിലും വികാരവിചാരങ്ങളുടെ മുകളിൽ എത്താൻ ആത്മീയത സഹായിക്കുന്നു.
അതുകൊണ്ട് ആത്മീയമായ ഉയർച്ച സംഘർഷങ്ങളെ നേരിടാനും സ്വയം വളരാനും നമ്മെ സഹായിക്കുന്നു. ഇതിനെയാണ് വിവേകാനന്ദൻ വിവരിച്ചത്
"Enhance the divinity already within you"
ജ്യോതിഷം ഭൗതീക ജീവിതത്തെപറ്റിയും അനുഭവങ്ങളെ പറ്റിയും വിശദമാക്കുമ്പോൾ, എല്ലാ അനുഭവങ്ങളുടെയും മുകളിൽ നിന്ന് സമത്വം അനുഭവിക്കുവാൻ ആത്മീയത പഠിപ്പിക്കുന്നു. ഏറ്റവും സംഘർഷഭരിത രംഗമായ യുദ്ധ ഭൂമിയിൽ നിന്നുകൊണ്ട് ഭഗവാൻ കൃഷ്‌ണൻ അർജ്ജുനനോട് കർമ്മയോഗം പഠിക്കുന്നത് എല്ലാവർക്കും അറിവുള്ളതാണല്ലോ.
ജ്യോതിഷത്തിനു നിത്യ ജീവിതത്തിലുള്ള പ്രാധാന്യം ഇതു കൊണ്ട് വ്യക്തമാണല്ലോ.
ശുഭം
ലേഖകൻ ജാതക അപഗ്രഥനം, മുഹൂർത്തം, രത്ന നിർദ്ദേശം, കർമ്മ മേഖലയെ കുറിച്ചുള്ള ഉപദേശങ്ങൾ, വിദ്യഭ്യാസ മേഖലയെ കുറിച്ചുള്ള ഉപദേശങ്ങൾ, വിവാഹ പൊരുത്തം തുടങ്ങിയ ജീവിതത്തിൻ്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജ്യോതിഷ ഉപദേശങ്ങൾ നൽകി വരുന്നു.