ഭാദ്രപദത്തിലെ പൂര്‍ണ്ണിമ (വെളുത്ത വാവ്) ദിവസം അനുഷ്ടിക്കേണ്ട വ്രതമാണ് ഉമാമഹേശ്വര വ്രതം. ഈ വര്‍ഷം ആ ദിവസം ആഗസ്റ്റ് 21 നാണ്. പാര്‍വ്വതീമഹേശ്വരന്മാരെയാണ് ഈ ദിവസം പൂജിക്കുന്നത്. പ്രഭാതത്തില്‍ കുളിച്ചു ശുദ്ധമായി മഹേശ്വരപ്രതിമയുണ്ടാക്കി വച്ച് അഭിഷേകം നടത്തണം. തുടര്‍ന്നു കൂവളത്തില, പുഷ്പങ്ങള്‍ മുതലായവ അര്‍പ്പിച്ചു ആരാധന നടത്തണം. പ്രാര്‍ത്ഥനയും നടത്താം. രാത്രി ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ട് ഉറക്കമിളയ്ക്കണം. ഈ വ്രതം തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം അനുഷ്ടിക്കണം. പൂജാവസാനം യഥാശക്തി ബ്രാഹ്മണഭോജനവും ദക്ഷിണയും നല്‍കണം. ഇതു നിമിത്തം എല്ലാ വിധ ദാമ്പത്യ ഐശ്വര്യവും ഉണ്ടാകും. ജീവിതത്തിലുടനീളം സമ്പത്തും സമാധാനവും ലഭിക്കും.
പല വ്രതങ്ങളും ഉത്തര ഇന്ത്യയില്‍ ആചരിക്കുന്നതായത് കൊണ്ട് കേരളീയര്‍ക്ക് ആചരിക്കുവാന്‍ പ്രയാസം നേരിടാറുണ്ട്. ഉദാഹരണത്തിനു കേരളീയര്‍ (ബ്രാഹ്മണര്‍ അല്ലാത്തവര്‍) പ്രതിമകളിലോ വിഗ്രഹങ്ങളിലോ അഭിഷേകവും പൂജയും നടത്താറില്ല. അത് കൊണ്ട് അതിനു പകരം കുളിച്ചു ശുദ്ധമായി ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധാരയ്ക്കും കൂവള മാലയ്ക്കും വഴിപാടു കഴിച്ചു പ്രാര്‍ത്ഥന നടത്തിയാലും മതി. ഒരിക്കല്‍ അരിഭക്ഷണം കഴിച്ചു ദിവസം മുഴുവന്‍ ഓം നമ ശിവായ ജപിക്കുന്നതും ശ്രേഷ്ഠകാരമാണ്. ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് പരസ്പര ബന്ധങ്ങള്‍ ദൃഡമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും ഈ വ്രതം നോക്കാവുന്നതാണ്.
ഇതു സംബന്ധമായ കഥയിതാണ്. ഒരിക്കല്‍ വിഷ്ണുഭഗവാന്‍ ദുര്‍വാസാവ് മഹര്‍ഷി ശിവന്‍റെ ഒരു മാല നല്‍കുകയുണ്ടായി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചു. ദുര്‍വാസാവ് മഹര്‍ഷി അതില്‍ കുപിതനായി പറഞ്ഞു "അല്ലയോ വിഷ്ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു. അത് കൊണ്ട് അങ്ങയുടെ അടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നുപോലും വിട്ടുമാറേണ്ടിവരും. ശേഷന്‍ സഹായിക്കുകയില്ല. ഇതുകേട്ട് വിഷ്ണു ഭഗവാന്‍ ദുര്‍വാസാവിനെ നമസ്ക്കരിച്ചുകൊണ്ട് ചോദിച്ചു: ഇതില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ടിക്കണം. അപ്പോള്‍ നഷ്ടമായ സകലതും കൈവരും.
വിഷ്ണു ഭഗവാന്‍ ഉമാമഹേശ്വരവ്രതം അനുഷ്ടിച്ചു. വ്രതത്തിന്‍റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുഭഗവാന് തിരിച്ചു കിട്ടി.
Smitha Kaimal