ആഗോളതലത്തിൽ അതിസങ്കീർണ്ണമായ സാഹചര്യത്തിൽ കൂടി കടന്നു പോകുന്ന ഈ അവസരത്തിൽ ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശാസ്ത്രലോകവും ജനങ്ങളും സർക്കാരുകളും കിണഞ്ഞു പരിശ്രമിക്കുന്നതിനിടയിൽ അതിജീവന സിദ്ധാന്തമായ ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി കൊറോണ എന്ന മഹാമാരിയെന്ന വിശകലനം ചെയ്യാൻ ശ്രമിക്കാം.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഇത്രയും സങ്കീർണ്ണമായ ഒരു ഗ്രഹസ്ഥിതി ഉണ്ടായിട്ടില്ലയെന്നത് ഈ ശാസ്ത്രത്തെ വിശകലനം ചെയ്യുന്ന എല്ലാവർക്കും ഏകാഭിപ്രായമുള്ള വസ്തുതയാണ്. കാളസർപ്പയോഗവും, ഗുരു ചണ്ഡാല യോഗവും, വ്യാഴത്തിൻ്റെ അതിചാരവും ഒരുപോലെ ഉണ്ടായിട്ടുള്ള അവസരങ്ങൾ ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോയെന്നത് എന്നത് സംശയമാണ്.
വസുന്ധരായോഗത്തിനും കാളസർപ്പയോഗത്തിനും മാറ്റം സംഭവിക്കുകയും, ആത്മകാരകനും നിലനിൽപ്പിൻ്റെ കാരനുമായ സൂര്യൻ സ്വക്ഷേത്രമായ ചിങ്ങം രാശിയിൽ പ്രവേശിച്ചതു മുതൽ ജനങ്ങളുടെ ഇടയിൽ ഈ മഹാമാരിയെ പറ്റിയുള്ള ഭീതി കുറെയൊക്കെ ഒഴിവായി പഴയ ജീവിതത്തിലേക്ക് കടക്കുവാനുള്ള ഒരു ശ്രമം ഉണ്ടായി എന്നത് വസ്തുതയാണ്. സെപ്റ്റംബർ 24ൽ രാഹുകേതുക്കൾക്ക് കൂടി രാശിമാറ്റം സംഭവിക്കുന്നതോടെ ആത്മവിശ്വാസം കുറേക്കൂടി വർദ്ധിച്ച് ശ്രദ്ധയോടുകൂടി ഇതിനെ തരണം ചെയ്യാനുള്ള വഴികൾ തേടുമെന്ന് കാര്യം ഉറപ്പാണ്. കൊറോണ എന്ന മഹാമാരി കുറേക്കാലം കൂടി നമ്മോടൊപ്പമുണ്ടാകും എങ്കിലും ചിട്ടയായ പരിശ്രമത്തിൽ കൂടി നമ്മൾക്ക് ഇതിനെ തരണം ചെയ്യാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
കൊറോണയെ അതിജീവിച്ച് നാം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നാലും സാമ്പത്തിക രംഗത്ത് പ്രതിസന്ധി രൂക്ഷമാകും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കാരണം സാമ്പത്തികകാരകനായ വ്യാഴം നവംബർ 21 മുതൽ തൻ്റെ നീചക്ഷേത്രമായ മകരം രാശിയിലേക്ക് കടക്കും. വ്യാഴം എപ്പോഴൊക്കെ മകരം രാശിയിൽ കടന്നിട്ടുണ്ടോ അപ്പോഴൊക്കെ ഓഹരി വിപണി ശക്തമായി പ്രതികരിക്കുകയും രാജ്യം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തിട്ടുണ്ട്. 12 വർഷത്തിലൊരിക്കലാണ് വ്യാഴം സാധാരണ മകരം രാശിയിൽ പ്രവേശിക്കാറുള്ളത്. 1997, 2008 തുടങ്ങിയ വർഷങ്ങളിൽ ലോകത്താകമാനം ഉണ്ടായ സാമ്പത്തിക മാന്ദ്യം ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണ്. വ്യാഴം നീചാവസ്ഥ മാറി ഏപ്രിൽ മാസത്തോടു കൂടി കുംഭരാശിയിൽ പ്രവേശിക്കുമെങ്കിലും വീണ്ടും രണ്ട് രാശിമാറ്റം കൂടി അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകുമെന്നതിനാൽ സാമ്പത്തികരംഗം നല്ല കയറ്റയിറക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനുള്ള ഒരു സാധ്യത അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഉണ്ട്.
നമ്മുടെ രാഷ്ട്രം സ്വതന്ത്രമായ സമയത്തെ ഗ്രഹനില കൂടി പരിശോധിച്ചാൽ 2015 മുതൽ രാഷ്ട്രത്തിനു ചന്ദ്രദശയാണ്. ചന്ദ്രൻ ഉപചയരാശിയിൽ ആയതിനാൽ ഈ കാലഘട്ടം രാജ്യ പുരോഗതിയുടേതാണ്. എന്നാൽ 2020 മാർച്ച് മാസത്തോടെ ചന്ദ്രദശയിൽ ശനിയുടെ അപഹാരം തുടങ്ങി. ശനി മൗഢ്യം ആയതിനാലും ദശാനാഥൻ്റെ ശത്രുവും രണ്ടിൽ നിൽക്കുന്ന ചൊവ്വയുടെ ശത്രുവും ആയതിനാൽ രാജ്യത്തിൻറെ സാമ്പത്തിക പുരോഗതി ഒരു ചോദ്യചിഹ്നമാണ്. 2021ഒക്ടോബർ വരെ രാഷ്ട്രത്തിൻ്റെ സാമ്പത്തിക രംഗം വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നത് വസ്തുതയാണ്.
എന്നാൽ 2021 ഒക്ടോബറോടെ ചന്ദ്രദശയിൽ ബുധൻ്റെ അപഹാരം ആരംഭിക്കുകയും ചാരവശാൽ വ്യാഴം ബലം പ്രാപിക്കുകയും ചെയ്യുന്നതോടെ സാമ്പത്തിക രംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു സാധ്യത കാണുന്നു.
രണ്ടും അഞ്ചും ഭാവാധിപനായ ബുധൻ ലഗ്നാധിപൻ്റെ ബന്ധുവാണ്. മാത്രമല്ല പതിനൊന്നാം ഭാവാധിപനും രണ്ടാം ഭാവകാരകനുമായ വ്യാഴം രണ്ടാം ഭാവത്തിലേക്ക് ദൃഷ്ടി ചെയ്യുന്നു എന്നത് ശുഭസൂചകമാണ്. കൂടാതെ കഴിഞ്ഞ മൂന്നു വ്യാഴവട്ടക്കാലത്തെ വ്യാഴത്തിൻ്റെ നീചസ്ഥിതി മാറിയതിനു ശേഷം നടന്ന 10 വർഷ കാലം ഇന്ത്യയുടെ സാമ്പത്തികരംഗം കുതിച്ചുചാട്ടത്തിൻ്റേതായിരുന്നു എന്ന വസ്തുത കൂടി നാം ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്.
ലേഖകൻ,
പ്രകാശ് വേണാട്
Email: prakashvenad@hotmail.com
Mobile:9037904509